പടിയിറങ്ങുമോ ആണധികാരം?

ഏതാനും വര്‍ഷങ്ങളായി നമ്മുടെ സംസ്ഥാനത്ത് നിശ്ശബ്ദമായി ഒരു മാറ്റം സംഭവിക്കുന്നുണ്ട്.
പടിയിറങ്ങുമോ ആണധികാരം?

താനും വര്‍ഷങ്ങളായി നമ്മുടെ സംസ്ഥാനത്ത് നിശ്ശബ്ദമായി ഒരു മാറ്റം സംഭവിക്കുന്നുണ്ട്. സ്ത്രീ സമൂഹത്തില്‍ സംഭവിക്കുന്ന വലിയ ചലനമാണത്. നമ്മുടെ സ്ത്രീകള്‍ ക്രമേണയാണെങ്കിലും ആത്മബോധത്തിലേക്ക് ഉണര്‍ന്നുകൊണ്ടിരിക്കുന്നു. ആദ്യം ഇരിപ്പുസമരം, നഴ്സുമാരുടെ സമരം, പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ നടന്ന തോട്ടംതൊഴിലാളികളുടെ സമരം, ഒടുവില്‍ കന്യാസ്ത്രീകളുടെ സമരം. വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇത്തിരിവട്ടം മുറിച്ചുകടന്നു മുന്നോട്ടു നടന്ന പല  സമരങ്ങളുടേയും നേതൃത്വം സ്ത്രീകള്‍ക്കായിരുന്നു. സിസ്റ്റര്‍ ആലീസ് മുതല്‍ മയിലമ്മയുള്‍പ്പെടെയുള്ളവര്‍ നേതൃത്വം കൊടുത്ത നവസമരങ്ങളില്‍ വരെ അനിഷേധ്യമായ സ്ത്രീ നേതൃത്വമുണ്ടായി. ഗവണ്‍മെന്റ് മുന്‍കൈയില്‍ നടക്കുന്ന കുടുംബശ്രീ പോലുള്ള സാമൂഹ്യക്കൂട്ടായ്മകള്‍ വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ദൃഢപ്പെടുത്തിയപ്പോള്‍ സ്ത്രീകള്‍ നടത്തിയ സമരങ്ങള്‍ സാമൂഹ്യാന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കുകയും യാഥാസ്ഥിതിക വോട്ടുബാങ്കില്‍ കണ്ണുറപ്പിച്ച പുരോഗമന കക്ഷികളടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെ പിടിച്ചുലയ്ക്കുകയും ചെയ്തു. നമ്മുടെ സാമൂഹ്യാന്തരീക്ഷത്തില്‍ വലിയ ചലനങ്ങളാണ് ഇത്തരം സമരങ്ങള്‍ സൃഷ്ടിക്കുന്നത്. 

എന്നാല്‍, എന്താണ് ഈ സമരങ്ങളില്‍നിന്നു നമ്മുടെ സമൂഹം പൊതുവേയും വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്നതെന്നും ചോദിക്കേണ്ടുന്ന സമയം കൂടിയാണിത്. വിശേഷിച്ചും കന്യാസ്ത്രീകള്‍ നടത്തിയ സമരം ഫ്രാങ്കോ എന്ന കുറ്റാരോപിതന്റെ അറസ്റ്റില്‍ കലാശിച്ചതിന്റെ കൂടി പശ്ചാത്തലത്തില്‍. 
''ബിഷപ്പിനെതിരെ സമരം ചെയ്യാന്‍ ഏതാനും കന്യാസ്ത്രീകള്‍ രംഗത്തു വന്നത് ക്രൈസ്തവ സഭയ്ക്കുള്ളില്‍ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. അതിന്റെ അര്‍ത്ഥം മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള ആര്‍ജ്ജവം സഭാനേതൃത്വത്തിനുണ്ടെന്നും കരുതാം. കന്യാസ്ത്രീകള്‍ സമരം നടത്തിയതില്‍ തെളിഞ്ഞത് അവരുടെ ഇച്ഛാശക്തിയാണ്. സമരത്തില്‍ ഏര്‍പ്പെട്ട കന്യാസ്ത്രീകള്‍ നിയമലംഘനം നടത്തിയവരെ നിയമത്തിനു മുന്നില്‍ എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടിയായിരുന്നു രംഗത്തു വന്നത്. ഒരു ബിഷപ്പിനെതിരെ സ്വന്തം സഭയിലെ കന്യാസ്ത്രീ പൊലീസില്‍ പരാതിയുമായി എത്തിയതും അവര്‍ക്ക് പിന്തുണയുമായി നാല് കന്യാസ്ത്രീകള്‍ പ്രത്യക്ഷസമരത്തിനു വന്നതും സഭയില്‍ത്തന്നെ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്.

ഇത് മനസ്സിലാക്കി ആഭ്യന്തര ശുദ്ധീകരണം എങ്ങനെ വേണമെന്ന ആലോചന നടത്താനുള്ള കരുത്ത് ക്രൈസ്തവസഭയ്ക്കുണ്ടെന്നു ഞങ്ങള്‍ കരുതുന്നു. സന്മാര്‍ഗ്ഗ ജീവിതത്തില്‍നിന്നു വ്യതിചലിക്കുന്ന വൈദികര്‍ക്ക് താക്കീതും ശിക്ഷയും നല്‍കുന്നതിനും അവരെ നേര്‍വഴിക്ക് നയിക്കാന്‍ ഉപദേശവും കല്‍പ്പനയും പുറപ്പെടുവിക്കുന്നതിലും ക്രൈസ്തവസഭയുടെ ഇന്നത്തെ അധിപന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ധീരമായ നേതൃത്വമാണ് നല്‍കുന്നത്.'' ഫ്രാങ്കോയുടെ അറസ്റ്റിനെ തുടര്‍ന്നു സമരം അവസാനിപ്പിച്ചതിനുശേഷം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചതിങ്ങനെ. 
''കേരളം മുന്‍പ് കണ്ടിട്ടുള്ള കാഴ്ച അല്ല ഇത്. കേരള സമൂഹത്തില്‍ സ്ഥായിയായ മാറ്റം ഈ കന്യാസ്ത്രീകളുടെ സമരം ഉണ്ടാക്കും.'' കന്യാസ്ത്രീകളുടെ നിലപാടിനെ അസാമാന്യമായ ധീരതയെന്നു വിശേഷിപ്പിച്ച സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ഫേസ്ബുക്ക് പേജില്‍ കുറിച്ചതിങ്ങനെ. നേരത്തെ പല തവണ പല വേദികളില്‍ കാത്തലിക്ക് സഭയില്‍ നിലനില്‍ക്കുന്ന അധാര്‍മ്മിക  പ്രവണതകള്‍ക്കെതിരെ അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.

സ്ത്രീകളെ രണ്ടാംകിടക്കാരായ വിശ്വാസികളായി കണക്കാക്കുകയാണെന്നും ഈ കാഴ്ചപ്പാട് ഇന്നു മുന്‍പെന്നെത്തേക്കാളുമധികം ചോദ്യം ചെയ്യപ്പെട്ടുവരികയാണെന്നുമുള്ള അഭിപ്രായമുള്ളയാളാണ് ബേബി. പുരോഹിതരായും ബിഷപ്പുമാരായും മാര്‍പ്പാപ്പ തന്നെയായും സ്ത്രീകള്‍ വരുന്ന കാലം വിദൂരമല്ലെന്ന പ്രതീക്ഷയും അദ്ദേഹം വെച്ചുപുലര്‍ത്തുന്നുണ്ട്. വത്തിക്കാന്‍ സ്ത്രീകളുടെ ശ്രദ്ധേയവും പ്രസക്തവുമായ സാന്നിധ്യം ഉറപ്പുവരുത്താന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിലെ കാത്തലിക് സഭ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്നതിലും അവരെ അള്‍ത്താരകളില്‍നിന്ന് ഒഴിവാക്കി നിര്‍ത്തുന്നതിലുമാണ് ഗവേഷണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. 

കന്യാസ്ത്രീ സമരം ബാക്കിവച്ചതെന്ത്?
കേരളീയ സമൂഹത്തില്‍ സ്ഥായിയായ മാറ്റം സൃഷ്ടിക്കാന്‍ പോരുന്ന സമരമെന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടെങ്കിലും ഈ പ്രക്ഷോഭം നല്‍കിയ സൂചനകള്‍ സ്ഥായിയായിരിക്കുമോ എന്നു പറയാനായിട്ടില്ല. എങ്കിലും കൂടുതല്‍ ആഴത്തിലുള്ള പരിശോധനകള്‍ക്ക് ഈ സമരം ചുരുങ്ങിയ പക്ഷം സഭാമേധാവികളെയെങ്കിലും പ്രേരിപ്പിക്കുമെന്നു കരുതാന്‍ കഴിയുമോ? നിഷേധസ്വഭാവത്തിലുള്ള ഒരു മറുപടിയാണ് സമരത്തിനുശേഷം ബിഷപ്പുമാരുടെ സംഘടനയായ കേരള കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ (കെ.സി.ബി.സി) പ്രതികരണം പരിശോധിച്ചാല്‍ ലഭ്യമാകുക. ജലന്തര്‍ രൂപതാധികാരിയായിരുന്ന ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റില്‍ വേദന പ്രകടിപ്പിച്ച മെത്രാന്‍ സമിതി വഴിവക്കിലെ കന്യാസ്ത്രീ സമരം സഭാനടപടികള്‍ക്കു വിരുദ്ധമാണെന്നും കെ.സി.ബി.സി ആരോപിച്ചു. നേരത്തെ പല തവണ സഭാ അധികാരികളെ നേരിട്ടു കണ്ടും അല്ലാതേയും പരാതി സമര്‍പ്പിച്ചിട്ടും ഫലമില്ലാതെയാണ് പൊതുസമൂഹത്തിന്റെ പിന്തുണയോടെ കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയതെന്നു സമരസമിതിയും സമരം ചെയ്യുന്ന കന്യാസ്ത്രീകളും വ്യക്തമാക്കിയിട്ടും കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കിയെന്ന പല്ലവി ആവര്‍ത്തിക്കാനും കെ.സി.ബി.സി മറന്നില്ല. പല തവണ ബലാത്സംഗം ചെയ്യപ്പെട്ട ഇരയെക്കുറിച്ച് യാതൊരു വേവലാതിയും ആ സംഘടനയ്ക്കില്ല താനും. കേസിന്റെ മറവില്‍ സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണെന്ന കോടിയേരിയുടെ പ്രസ്താവനയുടെ പ്രതിദ്ധ്വനിയും അത് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കാണാം. സമരത്തെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ചിലര്‍ ശ്രമിച്ചെന്നും സഭയ്ക്കെതിരെ വിദ്വേഷപ്രചരണം നടത്താന്‍ ചില ശക്തികള്‍ സന്ദര്‍ഭം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും നേരത്തെ കോടിയേരി തന്നെ പറഞ്ഞിരുന്നു. എന്നാല്‍, സമരം സഭയ്ക്കോ സര്‍ക്കാരിനോ എതിരെയുള്ളതല്ലെന്നും നീതികിട്ടാന്‍ മാത്രമാണെന്നും സമരസമിതി പല തവണ പറഞ്ഞിരുന്നു. 


''കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കും ഫ്രാങ്കോയ്ക്കും എതിരെ ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മൗനം പാലിക്കുകയാണ് ഉണ്ടായത്. ഇപ്പോള്‍ ഫ്രാങ്കോയെ അറസ്റ്റു ചെയ്തതിനുശേഷവും കേരളത്തിലെ പുരോഹിത നേതൃത്വവും കെ.സി.ബി.സിയും ആത്മപരിശോധനയുടെ യാതൊരു ലക്ഷണവും കാണിക്കാതിരിക്കുമ്പോഴും അവരുടെ നിലപാട് മറിച്ചല്ല'' സമരസമിതി കണ്‍വീനറായ ഫാ. അഗസ്റ്റിന്‍ വട്ടോളി ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിനു മുന്‍പും അതിനുശേഷവും ലൈംഗികാക്രമണത്തിനിരയായ സ്ത്രീക്കൊപ്പമല്ല, മറിച്ച് അക്രമം നടത്തിയെന്ന് ആരോപിക്കപ്പെട്ടയാളുടെ കൂടെ നില്‍ക്കാനുള്ള താല്‍പ്പര്യമാണ് പുരോഹിതവൃന്ദം കാണിക്കുന്നത്. 
''സഭയുടെ ഉല്‍പ്പാദനപരമായ പ്രവര്‍ത്തനങ്ങളില്‍ സേവനമെന്ന നിലയ്ക്ക് വലിയ ഒരു ഭാഗം സംഭാവന ചെയ്യുന്നത് ഈ കന്യാസ്ത്രീകളാണ്. എന്നിട്ടും അവര്‍ രണ്ടാംകിടക്കാരായി കാണാന്‍ തന്നെയാണ് കത്തോലിക്കാസഭ താല്‍പ്പര്യപ്പെടുന്നത്'' സമരരംഗത്തുണ്ടായിരുന്ന അഡ്വ. മായാകൃഷ്ണന്‍ പറയുന്നു. 

ഫ്രാങ്കോ സംഭവത്തിനുശേഷം കെ.സി.ബി.സി മാത്രമല്ല, നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളും ഒരു മാറ്റത്തിനു സന്നദ്ധമാകുന്നതിന്റെ സൂചനകളൊന്നും കാണിക്കുന്നില്ല. ധാര്‍മ്മിക ജീര്‍ണ്ണതയ്ക്കെതിരെ പരിശുദ്ധാത്മാവ് നടത്തിയ സമരമായിരുന്നു യഥാര്‍ത്ഥത്തില്‍ കന്യാസ്ത്രീകളുടെ സമരം. സി.പി.ഐ.എം എം.എല്‍.എയും ആ പാര്‍ട്ടിയുടെ പാലക്കാട് ജില്ലയിലെ ഉയര്‍ന്ന നേതാവുമായ പി.കെ. ശശിക്കെതിരെ ലൈംഗികാക്രമണ ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഒരു ശബ്ദവും എതിരായി ഉയര്‍ന്നുകേള്‍ക്കുന്നില്ല. എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാകുമ്പോള്‍ ഇല്ലാതാകുക പ്രസ്ഥാനങ്ങള്‍ തന്നെയാണ്. നിരന്തരം നവീകരിച്ചുകൊണ്ടു മാത്രമേ പ്രസ്ഥാനങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ'' -ഫാ. അഗസ്റ്റിന്‍ വട്ടോളി ചൂണ്ടിക്കാട്ടുന്നു. 
''കാത്തലിക് സഭയില്‍ മാത്രമല്ല, രാഷ്ട്രീയപ്പാര്‍ട്ടികളിലും നിലനില്‍ക്കുന്നത് ആണ്‍ക്കോയ്മ തന്നെയാണ്. ഈ പുരുഷമേധാവിത്വം ലോകത്തൊരിടത്തും ചോദ്യം ചെയ്യപ്പെടുന്നത് ആണ്‍ക്കോയ്മയാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സംഘടനയും സഹിക്കുകയില്ല'' സമരസമിതി നേതാവായ സി.ടി. തങ്കച്ചന്‍ പറയുന്നു. 

പക്വമാകുന്ന ജനാധിപത്യം
ഒരു സമൂഹം എത്രമാത്രം പുരോഗതി ആര്‍ജ്ജിച്ചിട്ടുണ്ടെന്നു താന്‍ അളന്നറിയുക പ്രസ്തുത സമൂഹത്തിലെ സ്ത്രീകള്‍ ആര്‍ജ്ജിച്ച പുരോഗതിയുടെ തോതില്‍ നിന്നാണെന്നു ഭരണഘടനാ ശില്‍പ്പിയായ അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. ചാള്‍സ് ഫൗരിയറിനേയും കാള്‍ മാര്‍ക്‌സിനേയും സ്ത്രീ സമൂഹത്തെക്കുറിച്ചുള്ള ചിന്തകളില്‍ ആവര്‍ത്തിക്കുകയായിരുന്നു അംബേദ്കര്‍ ചെയ്തതെന്നും വ്യാഖ്യാനമുണ്ട്. എന്നിരുന്നാല്‍ പൊതുരംഗത്തെ സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന ദൃശ്യത നമ്മുടെ സമൂഹം ജനാധിപത്യപരമായി പരിപക്വമായിക്കൊണ്ടിരിക്കുന്നതിന്റെ സൂചനകളാണ് നല്‍കുന്നതെന്നു പറയാം. 

''ഇപ്പോഴുയര്‍ന്നുവരുന്ന സമരങ്ങള്‍ വിമോചനത്തെയോ വിപ്ലവത്തെയോ മുന്‍നിര്‍ത്തിയുണ്ടാകുന്നതല്ല. പൂര്‍ണ്ണമായും എംപയിറിക്കലായ കാഴ്ചപ്പാടില്‍നിന്ന് ഉയര്‍ന്നുവരുന്നവയാണ്. ഒരു വിപ്ലവത്തിനും ഈ കന്യാസ്ത്രീകള്‍ ഒരുമ്പെട്ടിറങ്ങിയതല്ല. പൂര്‍ണ്ണമായ പൊളിറ്റിക്കല്‍ കറക്ട്നെസ്സോ രാഷ്ട്രീയോദ്ദേശ്യമോ ഒന്നും അവകാശപ്പെടാന്‍ കഴിയുകയില്ല. എങ്കില്‍പ്പോലും അങ്ങേയറ്റം ആത്മാര്‍ത്ഥമായ ഇടപെടല്‍. ഒരു കുറിപ്പടിയുടേയും രാഷ്ട്രീയ പരിപാടിയുടേയും മുന്നുപാധികളില്ലാതെ നടന്ന സമരമായിരുന്നു അത്. തീര്‍ത്തും ജൈവികം. അതിന് അതിന്റേതായ ഒരു സമ്മര്‍ദ്ദമുണ്ട്. മഠത്തിനുള്ളിലാണ് അവരുടെ സമര്‍പ്പിത ജീവിതങ്ങള്‍. അതുകൊണ്ട് സമരപ്പന്തലില്‍നിന്നു നേരത്തെ എഴുന്നേറ്റുപോകേണ്ടതായി വരും. പലനിലയ്ക്കും അത്തരത്തില്‍ സാധാരണ സമരഭടന്മാരില്‍നിന്നു പ്രതീക്ഷിക്കാന്‍ കഴിയാത്ത രീതിയില്‍ പെരുമാറേണ്ടതായും വരും. എന്തൊക്കെയായാലും ഈ സമരം ഇനിയൊരു പരാജയമാണെന്നു വന്നാല്‍പ്പോലും അതൊരു ചലനം പൊതുസമൂഹത്തില്‍ സൃഷ്ടിച്ചിട്ടുണ്ടെന്നുതന്നെ വേണം പറയാന്‍.'' നിരൂപകയും സ്ത്രീ വിമോചനപ്രവര്‍ത്തകയുമായ ജി. ഉഷാകുമാരി പറയുന്നു. സ്വന്തം ഏജന്‍സിയില്‍നിന്നു തന്നെ നടത്തിയ ഇത്തരം സമരങ്ങള്‍ ആത്മബോധത്തിലേക്ക് ഒരു സമൂഹം വളരുന്നുവെന്നതിന്റെ സൂചന തന്നെയായിട്ടുവേണം കണക്കാക്കാന്‍. 


ആണ്‍ക്കോയ്മയ്‌ക്കെതിരെയുള്ള ഉണര്‍വും ആഗോളവല്‍ക്കരണവിരുദ്ധ സമരം
ഫാദര്‍. അഗസ്റ്റിന്‍ വട്ടോളി

തീവ്രപൗരുഷത്തെ (Machismo) ആഘോഷിക്കുന്ന ആഗോളവല്‍ക്കരണക്കാലത്ത് കന്യാസ്ത്രീ സമരമടക്കമുള്ള നമ്മുടെ മിക്ക സമരങ്ങളും സ്ത്രൈണതയെ ആഘോഷിക്കുന്നവയായി മാറുന്നത് ആഹ്ലാദകരമാണ്. അടുത്തകാലത്തായി ഉയര്‍ന്നുവന്ന എല്ലാ സമരങ്ങളിലും വര്‍ദ്ധിച്ച സ്ത്രീ പങ്കാളിത്തമോ സ്ത്രീ നേതൃത്വമോ ഉയര്‍ന്നുവരുന്നതായി കാണാം. മൂന്നാര്‍ സമരമായാലും പുതുവൈപ്പ് സമരമായാലും അതിജീവനത്തിനുള്ള ഏതു സമരത്തിലും വലിയ സ്ത്രീ പങ്കാളിത്തവും സ്ത്രീ നേതൃത്വവുമാണ് ദൃശ്യമായത്. വൈകാരികത സ്ത്രീക്കുള്ളതും ബുദ്ധിപരത പുരുഷനുള്ളതും എന്നൊരു തെറ്റിദ്ധാരണ നമുക്കുണ്ട്. ബുദ്ധിമാനും പ്രായോഗികവാദിയുമായ പുരുഷന്‍ കരയാന്‍ പാടില്ല. കരച്ചിലൊക്കെ സ്ത്രീകള്‍ക്കുള്ളതാണ് എന്നൊക്കെയാണ് നമ്മുടെ പൊതുധാരണ. എന്നാല്‍, കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ സമരവേദിയില്‍ അവര്‍ക്കൊപ്പം വിങ്ങിപ്പൊട്ടുന്ന പുരുഷന്മാരെ ഞാന്‍ കണ്ടു. സ്ത്രൈണതയും വൈകാരികതയും എന്തോ ഒരു കുഴപ്പമാണെന്ന രീതിയിലാണ് നമ്മുടെ ധാരണകള്‍. എന്തായാലും കന്യാസ്ത്രീ സമരമടക്കമുള്ള സമരങ്ങള്‍ തീര്‍ച്ചയായും ആണ്‍ക്കോയ്മയ്‌ക്കെതിരെയുള്ള ഉണര്‍വിന്റെ സൂചനകളാണ് നല്‍കുന്നത്. 

എന്നാല്‍, ഈ സമരത്തില്‍നിന്നു നമ്മുടെ സംഘടനകള്‍, സഭ, രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്തു പഠിച്ചുവെന്നു ചോദിച്ചാല്‍ ഉത്തരം നമുക്ക് നിരാശ തരും. കെ.സി.ബി.സി ഫ്രാങ്കോയുടെ അറസ്റ്റടക്കമുള്ള സംഭവവികാസങ്ങളോട് പ്രതികരിച്ചുകൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പുതന്നെ ഉദാഹരണം. ആത്മപരിശോധനയുടെ ഒരു കണികപോലും നമുക്കതില്‍ കാണാന്‍ കഴിയില്ല. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സമീപനത്തിന് കടകവിരുദ്ധമാണത്. ഗോ ടു ദ പെരിഫറീസ് എന്നാണ് അദ്ദേഹം സഭയോട് അദ്ദേഹം ആവശ്യപ്പെട്ടത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ദുര്‍ബലരുടേയും കൂടെയാണ് സഭ നില്‍ക്കേണ്ടത്, സഭ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അതാണ് പരിഹാരം എന്നാണ് മാര്‍പ്പാപ്പ പറഞ്ഞത്. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ അങ്ങനെയൊരു നീക്കം ഇവിടെ ഉണ്ടാകുന്നില്ല. 
സഭയ്ക്കുള്ളില്‍ ആന്തരിക ശുദ്ധീകരണത്തിനുള്ള അവസരമൊരുങ്ങുന്നു എന്നാണ് സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. സഭയ്ക്കുള്ളില്‍ മാത്രമാണോ ആന്തരിക ശുദ്ധീകരണം നടക്കേണ്ടത്? തീര്‍ച്ചയായും ശുദ്ധീകരണത്തിനുള്ള കടമ എല്ലാവര്‍ക്കുമുണ്ട്. ഒരു എം.എല്‍.എയ്ക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണത്തില്‍ സി.പി.ഐ.എമ്മിനുള്ളില്‍ അങ്ങനെ വല്ലതും നടന്നോ? ഞാന്‍ പുരോഹിതനാണ്. കാത്തലിക് സഭയില്‍ അംഗമാണ്. എന്നിട്ടും സഭയില്‍ ചില വ്യക്തികള്‍ തെറ്റു ചെയ്യുന്നതിനെതിരെ പ്രതികരിച്ചു. 

ജീര്‍ണ്ണത നമ്മുടെ സമൂഹശരീരത്തെ അങ്ങേയറ്റം ബാധിച്ചിരിക്കുന്നു. നമ്മുടെ 21 സംസ്‌കാരങ്ങളില്‍ 19 എണ്ണവും തകര്‍ന്നത് പുറമേ നിന്നുള്ള ആക്രമണങ്ങളല്ല, മറിച്ച് ആന്തരിക ജീര്‍ണ്ണത കൊണ്ടാണെന്ന് ആര്‍ണോള്‍ഡ് ടോയന്‍ബി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നമ്മുടെ സംസ്‌കാരങ്ങളെ തകര്‍ത്ത ആന്തരിക ജീര്‍ണ്ണത നമ്മുടെ സമൂഹത്തേയും തകര്‍ക്കും. പ്രബലന് ഒരു നീതി, ദുര്‍ബ്ബലന് മറ്റൊരു നീതി എന്നു വരുന്നത് നമുക്കിടയില്‍ അരാജകത്വം വളര്‍ത്തും. ഇത്തരമൊരവസ്ഥ മറികടക്കുന്നതിന് സഹായകമായി പ്രവര്‍ത്തിക്കേണ്ടതിനുള്ള കടമ കൂടുതലായും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കാണ്. മുഖ്യമായും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്. 
57-ലെ വിമോചനസമരത്തെ തുടര്‍ന്നു നമ്മുടെ മുഖ്യധാരാ പാര്‍ട്ടികള്‍ സഭയുടെ സ്വാധീനത്തെ വല്ലാതെ ഭയപ്പെടുന്നതായി തോന്നുന്നു. പശ്ചിമഘട്ട സംരക്ഷണം എന്ന മുദ്രാവാക്യത്തോടൊപ്പം നില്‍ക്കാന്‍ ബാധ്യസ്ഥപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സഭയോടൊപ്പം കൈകോര്‍ക്കുന്ന വിചിത്രമായ കാഴ്ചയാണ് നമ്മള്‍ കണ്ടത്. എന്നാല്‍, ഇവര്‍ സഭയിലെ ചില പ്രബലരെയാണ് സഭയെന്ന മട്ടില്‍ തെറ്റിദ്ധരിക്കുന്നത്. ആലഞ്ചേരിയുടെ ഭൂമി ഇടപാടിന്റെ കാര്യത്തിലും ഫ്രാങ്കോയുടെ ലൈംഗിക പീഡന കാര്യത്തിലും മടിച്ചും അറച്ചുമായിരുന്നു പ്രതികരണങ്ങള്‍. യഥാര്‍ത്ഥത്തില്‍ സഭയുടെ നേതൃത്വമെടുക്കുന്ന തെറ്റായ തീരുമാനങ്ങളെ തിരുത്തിക്കാന്‍ വിശ്വാസികള്‍ക്കു കഴിയും. മാനന്തവാടിയിലെ സിസ്റ്റര്‍ക്കെതിരെ നടപടിയെടുത്തതിനെതിരെ ഇടവകാംഗങ്ങള്‍ പ്രതികരിച്ചതും തീരുമാനം തിരുത്തിയതും നമ്മളൊക്കെ കണ്ടതാണ്. 
--------
രാഷ്ട്രീയപ്പാര്‍ട്ടികളിലും പുരുഷാധിപത്യം

സി.ടി. തങ്കച്ചന്‍ 
സേവ് അവര്‍ സിസ്റ്റേഴ്സ്

നമ്മുടെ സംസ്ഥാനത്ത് നടക്കുന്ന മിക്ക സമരങ്ങളിലും സ്ത്രീപങ്കാളിത്തം വര്‍ധിച്ചുവരുന്നതും അവ സ്ത്രീകളുടെ മുന്‍കൈയില്‍ നടക്കുന്നതും ഏറെ പ്രതീക്ഷയോടെ കാണേണ്ട ഒരു സംഭവവികാസമാണ്. സ്ത്രീകള്‍ സ്വത്വബോധത്തിലേക്ക് പതുക്കെയെങ്കിലും ഉണര്‍ന്നുവരുന്ന കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്. പെണ്ണുങ്ങള്‍ക്ക് കരയാന്‍ മാത്രമേ കഴിയൂ എന്നൊരു ധാരണയാണ് നമുക്കുള്ളത്. എന്നാല്‍, അവര്‍ക്ക് കരയാനും സഹിക്കാനും മാത്രമല്ല, സമരം ചെയ്യാനുമറിയാം എന്നു കുറേക്കാലങ്ങളായി നമ്മുടെ സ്ത്രീകള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. സഹനത്തിന്റേയും കാരുണ്യത്തിന്റേയുമൊക്കെ പര്യായപദമായി കരുതുന്ന, കര്‍ത്താവിന്റെ മണവാട്ടിമാരെന്നു മാത്രം വിശേഷിപ്പിക്കപ്പെടുന്ന കന്യാസ്ത്രീകള്‍ വരെ സമരമുഖത്തേയ്ക്കിറങ്ങുന്നു. ഭരണകൂടത്തെ വിറപ്പിച്ച ഒരു മത്സ്യത്തൊഴിലാളി സമരത്തിന് നേതൃത്വം കൊടുത്ത സിസ്റ്റര്‍ ആലീസിനെ ഈ സന്ദര്‍ഭത്തില്‍ നമുക്കോര്‍ക്കാം. ഒരു തുടക്കമായിരുന്നു അത്. 

സഭയില്‍ ആണ്‍ക്കോയ്മ ഉണ്ട്. എന്നാല്‍, ആണ്‍ക്കോയ്മ സഭയില്‍ മാത്രമല്ല, സമൂഹത്തിലെല്ലായിടത്തും ഉണ്ട്. സഭയെക്കാള്‍ ഒരുപക്ഷേ, ആണ്‍ക്കോയ്മ ഉള്ളത് രാഷ്ട്രീയപ്പാര്‍ട്ടികളിലായിരിക്കണം. കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ ചില വനിതാ നേതാക്കളൊക്കെ എത്തി. ബിന്ദുകൃഷ്ണയേയും ലതികാസുഭാഷിനേയും പോലെ ചിലര്‍. നല്ല കാര്യം. എന്നാല്‍, പാത്തും പതുങ്ങിയുമാണ് വന്നത്. അവരുടെ നേതൃത്വങ്ങളുടെ അറിവോടെയോ സമ്മതത്തോടെയോ അതിനു സാധിക്കുകയില്ല. സി.പി.ഐ.എമ്മില്‍നിന്നു സ്ത്രീ നേതാക്കളാരും വന്നില്ല. വരാന്‍ കഴിയുകയില്ല. കാരണം ആണധികാരം സമ്മതിക്കുകയില്ല. അതുകൊണ്ട് സഭയെക്കാള്‍ ആണ്‍ക്കോയ്മ സി.പി.ഐ.എം പോലുള്ള കേഡര്‍ പാര്‍ട്ടികളിലുണ്ടെന്നു വേണം പറയാന്‍. എന്നാല്‍, ഇതെല്ലാം മറികടന്നു രാഷ്ട്രീയബോധമാര്‍ജ്ജിച്ച സ്ത്രീകള്‍ സമരത്തിനെത്തി. 20 വര്‍ഷങ്ങള്‍ക്കു ശേഷം സ്വതന്ത്ര സ്വഭാവമുള്ള സ്ത്രീ സംഘടനയായ സ്ത്രീവേദിയുടെ പ്രവര്‍ത്തകര്‍ എറണാകുളത്തെ സമരപ്പന്തലില്‍ ഒന്നിച്ചുകൂടി. 
സി.പി.ഐ.എമ്മിന് ഇപ്പോഴും സഭയുടെ പുരോഹിത നേതൃത്വത്തെ പേടിയാണ്. എന്തുകാര്യത്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നു മനസ്സിലാകുന്നില്ല. 1957-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ താഴെയിറക്കാന്‍ സഭയ്ക്ക് കഴിഞ്ഞുവെന്നത് ശരിയാണ്. എന്നാല്‍, കാലം മാറി. ഇപ്പോള്‍ പള്ളീലച്ചന്‍ പറഞ്ഞാല്‍ കപ്യാരുവരെ കേള്‍ക്കാത്ത കാലമാണ്. പള്ളിയിലൊരു മണിയടി കേട്ടാല്‍ ഇടവകക്കാര്‍ ഓടിച്ചെല്ലും. കാര്യമെന്തെന്ന് അന്വേഷിക്കും. പുരോഹിതന്‍ പറയുന്നതില്‍ കാര്യമുണ്ടെങ്കില്‍ കേള്‍ക്കും. ഇല്ലെങ്കില്‍ പോകാന്‍ പറയും. വിശ്വാസികള്‍ ഇന്നത്തെ കാലത്ത് ജീവിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോഴും അമ്പത്തിയേഴിലാണ് ജീവിക്കുന്നത്. ആണധികാരത്തെ പതിയെ പതിയെ വിശ്വാസികള്‍ വരെ പടിക്കു പുറത്തുനിര്‍ത്താന്‍ മുതിരുന്നുണ്ട്. 
മറ്റൊരു കാര്യം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ അനുഭവപാഠമാണ്. സി.പി.ഐ.എം സ്ഥാനാര്‍ത്ഥിക്ക് പ്രതീക്ഷിച്ചതിലേറെ ക്രിസ്ത്യന്‍ വോട്ടുകള്‍ ലഭിച്ചു. അതൊക്കെ ഈ പള്ളീലച്ചന്മാര്‍ പറഞ്ഞിട്ടു കിട്ടിയതാണെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. എന്നാല്‍, രാജ്യത്ത് രൂപപ്പെട്ടുവന്ന ഒരു രാഷ്ട്രീയ പശ്ചാത്തലം നല്‍കിയ ആനുകൂല്യമാണത് എന്നവര്‍ മനസ്സിലാക്കുന്നില്ല. സൂസൈപാക്യം പറഞ്ഞാലേ അറസ്റ്റു ചെയ്യാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. സൂസൈപാക്യത്തിനെ ആര്‍ക്കാണ് പേടി? ഞങ്ങളുടെ ഒരു ബിഷപ്പിനെ, ഒരു സ്ഥാനത്തിരിക്കുന്നയാളെ അറസ്റ്റ് ചെയ്യാന്‍ പാടില്ല. സ്ഥാനത്തുനിന്നു നീക്കം ചെയ്താല്‍ ആലോചിക്കാമെന്നായിരുന്നു നിലപാട്. ഫ്രാങ്കോയുടെ കാര്യത്തില്‍ മാര്‍പ്പാപ്പയ്ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ട രണ്ടുപേര്‍ ഫ്രാങ്കോയ്ക്ക് അനുകൂലമായി നിലപാടെടുത്തു. അവസാനം ബോംബെ ആര്‍ച്ച് ബിഷപ്പ് ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഫ്രാങ്കോയെ ചുമതലകളില്‍നിന്നു വത്തിക്കാന്‍ നീക്കം ചെയ്തത്.

എന്നാല്‍, വോട്ടുബാങ്ക് മാത്രമാണ് രാഷ്ട്രീയപ്പാര്‍ട്ടികളെ നടപടികളില്‍നിന്നു പിന്‍തിരിപ്പിക്കുന്നതെന്നു വിശ്വസിക്കാനും പറ്റില്ല. ഇന്ന് ഈ സഭകളൊക്കെ വലിയ വലിയ ബിസിനസ്സ് സ്ഥാപനങ്ങള്‍ കൂടി നടത്തുന്നവയാണ്. തിയോളജിയെക്കാള്‍ ബിസിനസ്സ് മാനേജ്മെന്റ് പഠിക്കാനാണ് പുരോഹിതര്‍ക്ക് താല്‍പ്പര്യം. വാണിജ്യതല്‍പ്പരരായ ഈ പുരോഹിതര്‍ക്ക് തീര്‍ച്ചയായും ചില രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ കാണും. ഇവരുമായി ബിസിനസ്സ് ഇടപാടുകളും ഉണ്ടാകും. അതുകൊണ്ടുകൂടിയാണ് ഫ്രാങ്കോയെപ്പോലുള്ള പുരോഹിതര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ വൈകുന്നത്. 


-----
സമരങ്ങള്‍ സര്‍ഗ്ഗാത്മകമാകുന്നു

അഡ്വ. മായാകൃഷ്ണന്‍
ആക്ടിവിസ്റ്റ് 

കേരളത്തില്‍ കുറച്ചുകാലങ്ങളായി നടക്കുന്ന സമരങ്ങളില്‍ പലതും സ്ത്രീകളുടെ നേതൃത്വത്തിലുള്ളവയോ അല്ലെങ്കില്‍ വര്‍ദ്ധിച്ച സ്ത്രീപങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായവയോ ആണെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത് അങ്ങേയറ്റം ശുഭോദര്‍ക്കമാണ്. സ്ത്രീകളുടെ കര്‍ത്തൃത്വം വിലവെയ്ക്കാത്തവയാണ് നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍. എന്നാല്‍, രാഷ്ട്രീയപ്പാര്‍ട്ടികളുടെ മുന്‍കൈയിലല്ലാതെ നടക്കുന്ന ഈ സമരങ്ങള്‍ മിക്കവയും സ്ത്രീകളുടെ നിയന്ത്രണത്തിലുള്ളവയോ അവരുടെ സ്വാധീനത്തിലുള്ളവയോ ആണ്. സമരങ്ങളെ സര്‍ഗ്ഗാത്മകമായി വികസിപ്പിക്കാനാകുന്നു എന്നതാണ് വര്‍ദ്ധിച്ച സ്ത്രീ സാന്നിധ്യവം കൊണ്ടുള്ള ഗുണം. സമരം അനിശ്ചിതമായി നീളാതിരിക്കാന്‍ ഒരു ബസിനും കല്ലെറിയേണ്ടിവന്നില്ല. ഒരക്രമവും നടത്തേണ്ടിവന്നില്ല. പാട്ടും കലയുമായി സമരവേദി സര്‍ഗ്ഗവേദിയായി മാറുകയായിരുന്നു. നിരാഹാര സമരം അനിശ്ചിതമായി നീളാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് നിരാഹാരം കിടക്കേണ്ട 365 സമരസന്നദ്ധരുടെ പട്ടികവരെ തയ്യാറാക്കപ്പെട്ടിരുന്നു. ഇങ്ങനെയൊരു സമരം നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വനിതാ സംഘടനകളാണ് നടത്തിയിരുന്നതെങ്കില്‍ സ്ഥിതി എന്താകുമായിരുന്നെന്ന് ആലോചിക്കാവുന്നതാണ്. സ്ത്രീകള്‍ കൂടുതല്‍ സ്വത്വബോധമുള്ളവരായിക്കൊണ്ടിരിക്കുന്നുവെന്നതാണ് അടുത്തകാലത്തു നടന്ന സമരങ്ങളൊക്കെ തെളിയിക്കുന്നത്. ഇരിപ്പുസമരം, പെമ്പിളൈ ഒരുമൈ സമരം, നഴ്സുമാരുടെ സമരം ഇവയ്ക്കൊക്കെ സ്ത്രീകളുടെ അനിഷേധ്യമായ നേതൃത്വമാണ് ഉണ്ടായിരുന്നത്. സമരക്കാരെ പല നിലയ്ക്ക് അപഹസിക്കാനും മനോവീര്യം തകര്‍ക്കാനുമാണ് പൊതുവേ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഓരോ സമരത്തിലും ശ്രമിച്ചത്. എന്നാല്‍, ഈ സമരങ്ങളൊക്കെയും ദിവസങ്ങള്‍ കഴിയുന്തോറും കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നതാണ് കണ്ടത്. അവരുടെയൊന്നും ഏജന്‍സിയില്ലാതെ നടക്കുന്ന സമരങ്ങളെ അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. ഇവിടെ സമരം ചെയ്യാന്‍ ഞങ്ങള്‍ക്കേ അവകാശമുള്ളൂ, ഞങ്ങള്‍ ചെയ്യുന്ന സമരങ്ങളേ ശരിയാകൂ എന്ന കാഴ്ചപ്പാടിനൊന്നും ഇനി പ്രസക്തിയില്ല. ഓരോ വിഭാഗത്തില്‍പ്പെട്ടവരും സ്വന്തം പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും സമരങ്ങള്‍ ചെയ്യുകയും ചെയ്യും. അതില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിഷമിച്ചിട്ടു കാര്യമൊന്നുമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com