അഴിമതിക്ക് കൂട്ടുപിടിച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായാ നിര്‍മ്മിതിക്ക് പുഴുക്കുത്തായി മാറുകയാണ് സപ്ലൈകോയിലെ ക്രമക്കേട്.
അഴിമതിക്ക് കൂട്ടുപിടിച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്

കേരളത്തിലെ മൂന്നുകോടി ജനങ്ങള്‍ക്കു ഭക്ഷ്യസുരക്ഷയിലേയ്ക്കുള്ള കവാടമായി സ്വയം വിശേഷിപ്പിക്കുന്ന സപ്ലൈകോയില്‍ അഴിമതിക്കാര്‍ക്ക് ഉന്നതങ്ങളില്‍നിന്നു സുരക്ഷ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായാ നിര്‍മ്മിതിക്ക് പുഴുക്കുത്തായി മാറുകയാണ് സപ്ലൈകോയിലെ ക്രമക്കേട്. അഴിമതിക്ക് അന്ത്യം കുറിക്കും; സദ്ഭരണം ഉറപ്പാക്കും എന്നാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണി പ്രകടനപത്രിക പ്രഖ്യാപിച്ചത്. എന്നാല്‍, മുന്നണിയിലെ രണ്ടാം കക്ഷി സി.പി.ഐ ഭരിക്കുന്ന ഭക്ഷ്യ, പൊതുവിതരണവകുപ്പിന്റെ മുഖമായ സപ്ലൈകോയില്‍ അഴിമതിക്ക് കുടപിടിക്കുന്നത് ഭരണ, രാഷ്ട്രീയ നേതൃത്വം തന്നെ. തലസ്ഥാനത്തെ സപ്ലൈകോ പീപ്പിള്‍സ് ബസാറിലെ ക്രമക്കേടും ആരോപണ വിധേയര്‍ക്കു ലഭിക്കുന്ന സംരക്ഷണവും എല്‍.ഡി.എഫിലും സി.പി.ഐയിലും സര്‍ക്കാരിലും സപ്ലൈകോയിലും പുകയുകയാണ്. പക്ഷേ, അതൊരു പൊട്ടിത്തെറിയായി പുറത്തേയ്ക്കു വരാതെ അമര്‍ത്താന്‍ ഇടപെടലുകള്‍ സജീവം. 
സപ്ലൈകോയിലെ അഞ്ച് ഉദ്യോഗസ്ഥരെ മൂന്ന് ഉത്തരവുകളിലൂടെ വടക്കോട്ട് പായിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഇതെഴുതുന്നത്. ക്രമക്കേട് നടത്തിയതായി തെളിവുകള്‍ ഉള്‍പ്പെടെ ആരോപണം നേരിടുന്നവരെ മാത്രമല്ല, ക്രമക്കേട് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തയാള്‍ക്കും സ്ഥലം മാറ്റം. ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന യുവതിയുടെ ജോലി നഷ്ടപ്പെടുകയും ചെയ്തു. സംസ്ഥാന ഭക്ഷ്യ, പൊതുവിതരണ വകുപ്പിനു കീഴിലുള്ള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ചില്ലറവില്‍പ്പനശാലകളുടെ പേരുകേട്ട ബ്രാന്‍ഡായ സപ്ലൈകോയ്ക്ക് ചില്ലറയൊന്നുമല്ല അഴിമതിയുടെ പേരുദോഷം. അതില്‍ അവസാനത്തേതാണ് ഇപ്പോഴത്തെ ക്രമക്കേടും സ്ഥലംമാറ്റങ്ങളും. പക്ഷേ, ഏറ്റവും അവസാനത്തേതാകില്ല എന്നുറപ്പ്. അത്രയ്ക്കു വലിപ്പവും വ്യാപ്തിയുമുണ്ട് വീതംവെയ്പിന്റെ ഈ ശൃംഖലയ്ക്ക്. കാലങ്ങളായി ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോഴൊക്കെ ഈ വകുപ്പ് ഭരിക്കുന്ന സി.പി.ഐയും അവരുടെ തൊഴിലാളി സംഘടന എ.ഐ.ടി.യു.സിയും അഴിമതിക്കാരുടെ സംരക്ഷക വേഷത്തിലാണ്. അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ പോകുന്നുമുണ്ട്. അന്വേഷിച്ചാല്‍ അറ്റം ചെന്നെത്തുന്നത് വമ്പന്‍ സ്രാവുകളിലാകും എന്നതുകൊണ്ടാണ് ആരോപണവിധേയരെ മാറ്റി നിര്‍ത്തിയുള്ള അന്വേഷത്തിലേക്കോ മറ്റു കര്‍ശന നടപടികളിലേക്കോ പോകാതെ സ്ഥലം മാറ്റത്തില്‍ ഒതുക്കിയത്. 
50,000 രൂപയ്ക്കു മുകളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ആരോപണവിധേയരെ സസ്പെന്‍ഡ് ചെയ്യണമെന്നും അടിയന്തരമായി രേഖാമൂലം പൊലീസിന് പരാതി നല്‍കണമെന്നുമുള്ള നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം നടപ്പായില്ല. കാല്‍ക്കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടും പൊലീസില്‍ പരാതിപ്പെടാനോ ക്രമക്കേട് നടത്തിയവരെ സസ്പെന്‍ഡ് ചെയ്യാനോ മാനേജിംഗ് ഡയറക്ടര്‍ തയ്യാറാകുന്നില്ല. പ്രതിച്ഛായയ്ക്ക് കുഴപ്പമൊന്നുമില്ലാത്ത വനിതാ എംഡിക്ക് മുകളില്‍ നിന്നുള്ള കല്‍പ്പനകളെ മറികടക്കാന്‍ കഴിയാത്തതാണ് കാരണം. ജൂനിയര്‍ അസിസ്റ്റന്റ് കെ. അശോക് കുമാര്‍ (പൗഡിക്കോണം അശോകന്‍), ജൂനിയര്‍ അസിസ്റ്റന്റ് എ. അനില്‍ കുമാര്‍, അസിസ്റ്റന്റ് സെയില്‍സ്മാന്‍ കെ. ബിജു പ്രദീപ്, പീപ്പിള്‍സ് ബസാറിന്റെ നിലവിലെ ചുമതലക്കാരനായിരുന്ന എ. സജീവ് കുമാര്‍, തൊട്ടുമുന്‍പത്തെ ചുമതലക്കാരനായ എസ്. മാഹീന്‍ എന്നിവരെയാണ് മാറ്റിയത്. സപ്ലൈകോയുടെ വിജിലന്‍സ് ഓഫീസര്‍ വി. സുരേഷ് കുമാര്‍ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എം.ഡിയുടെ നിര്‍ദ്ദേശപ്രകാരം അഡീഷണല്‍ ജനറല്‍ മാനേജര്‍ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. എന്നാല്‍, സജീവ് കുമാര്‍ നടത്തിയ സ്റ്റോക്കെടുപ്പ് പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളാണ് ഈ അന്വേഷണത്തിലേക്ക് എത്തിച്ചത്. പക്ഷേ, മാറ്റം വന്നപ്പോള്‍ ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥനും അതില്‍പ്പെടുന്ന വിചിത്ര സ്ഥിതി. സജീവ് ഒഴികെയുള്ളവര്‍ക്ക് ഒരു മാസത്തിനകം തിരിച്ചു ഇവിടെത്തന്നെ നിയമനം നല്‍കാമെന്ന് ഉറപ്പ് ലഭിച്ചുവെന്ന പ്രചരണം ശക്തമാണ്. അതിനകം വീണ്ടും സ്റ്റോക്കെടുപ്പു നടത്താനും വിതരണക്കാരെക്കൊണ്ട് കുറവായ സാധനങ്ങള്‍ എത്തിച്ച് ക്രമക്കേട് 'ഇല്ലാതാക്കാനു'മാണ് നീക്കം. അതിനുശേഷം വീണ്ടും വിജിലന്‍സ് ഓഫീസര്‍ പരിശോധിച്ചാല്‍ കാര്യങ്ങളെല്ലാം ക്രമത്തിലായിരിക്കുകയും ചെയ്യും. അപ്പോള്‍പ്പിന്നെ സ്ഥലംമാറ്റിയവര്‍ക്ക് തിരിച്ചുവരാന്‍ തടസ്സമുണ്ടാകില്ല. 

ഞങ്ങള്‍ നിശ്ചയിക്കും
ജൂലൈ ആദ്യമാണ് സജീവ് കുമാര്‍ സിവില്‍ സപ്ലൈസ് വകുപ്പില്‍നിന്നു ഡെപ്യൂട്ടേഷനില്‍ സപ്ലൈകോയുടെ തിരുവനന്തപുരം ഫോര്‍ട്ടിലെ പീപ്പിള്‍സ് ബസാറില്‍ ചുമതലയേല്‍ക്കുന്നത്. എസ്. മാഹീന്‍ ആയിരുന്നു അവിടെ നിലവിലെ ചുമതലക്കാരന്‍. മാഹീന് ജൂനിയര്‍ മാനേജര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതുകൊണ്ടാണ് പകരം സജീവിനെ കൊണ്ടുവന്നത്. 80 ലക്ഷം രൂപയോളം വിലവരുന്ന 'നോണ്‍ മാവേലി' സാധനങ്ങളുടെ ശേഖരം ആ സമയത്ത് അവിടെയുണ്ടായിരുന്നു. സബ്സിഡിയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് മാവേലി സാധനങ്ങള്‍ എന്നും അല്ലാത്തവ നോണ്‍ മാവേലി എന്നുമാണ് പറയുന്നത്. രേഖയിലെ ശേഖരം യഥാര്‍ത്ഥത്തില്‍ അവിടെ ഇല്ല എന്ന സൂചനകള്‍ മനസ്സില്‍വച്ചാണ് സജീവെത്തുന്നത്. എന്നാല്‍, തൊട്ടുപിന്നാലെ ഓണം ഫെയര്‍ വന്നപ്പോള്‍ പുത്തരിക്കണ്ടം മൈതാനത്തെ ഫെയറിന്റെ മാനേജരായി സജീവിനെ താല്‍ക്കാലികമായി മാറ്റി. ഫെയര്‍ കഴിഞ്ഞ് ഓഗസ്റ്റ് അവസാനത്തോടെ തിരിച്ചെത്തിയ സജീവ് മുഴുവന്‍ ശേഖരവും എണ്ണിത്തിട്ടപ്പെടുത്താതെ ചുമതലയേല്‍ക്കില്ലെന്ന് അറിയിച്ചു.

രേഖയിലുള്ളതെല്ലാം അലമായിലും ഉണ്ടെന്ന് ഉറപ്പു വരുത്തുകയായിരുന്നു ലക്ഷ്യം. സ്റ്റോക്ക് നോക്കാതെ ചുമതലയെടുത്തുകൂടേ എന്ന ചോദ്യത്തിനു ജീവനക്കാര്‍ സാക്ഷികളാണ്. സ്വാഭാവികമായും അതിനു സജീവ് തയ്യാറായില്ല. ഇതോടെ അദ്ദേഹത്തെ മാറ്റണം എന്നു മുകളിലേക്ക് ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കൂടിയായ അശോകനും മറ്റുമാണ് ഇക്കാര്യത്തില്‍ ചരടുവലിച്ചത്. മാറ്റണം എന്നല്ലാതെ എന്തുകൊണ്ട് എന്ന ചോദ്യത്തിനു മറുപടിയുണ്ടായില്ല. സജീവിനെ മാറ്റണം, അത്രതന്നെ. അശോകന്‍ തീരുമാനിക്കുന്നതും പറയുന്നതുമാണ് സപ്ലൈകോയില്‍ നടക്കുന്നത് എന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ ഇടപെടല്‍. കാരണമില്ലാതെ മാറ്റാന്‍ ഡിപ്പോകളുടെ ചുമതലയുള്ള അസിസ്റ്റന്റ് മാനേജര്‍ വിസമ്മതിച്ചപ്പോള്‍ സി.പി.ഐയുടെ ജില്ലാ നേതൃത്വം നേരിട്ട് ഇടപെട്ടു. സജീവിനെ മാറ്റണം എന്നതുതന്നെ ആവശ്യം. മാഹീന്‍ സ്ഥാനക്കയറ്റം കിട്ടി പോകുമ്പോള്‍ പകരം ചുമതലയേല്‍ക്കേണ്ടത് സജീവാണ്. അതിനിടയില്‍ എന്തിനാണ് മാറ്റാന്‍ ഇത്രയ്ക്ക് സമ്മര്‍ദ്ദമെന്ന് അസിസ്റ്റന്റ് മാനേജര്‍ക്കു (എ.എം) മനസ്സിലായില്ല. അത് അദ്ദേഹം ചോദിക്കുകയും ചെയ്തു. ഉള്ളൂര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒഴിവുണ്ട്, അങ്ങോട്ടു മാറ്റിയാല്‍ മതി എന്നായിരുന്നു നിര്‍ദ്ദേശം. കുറച്ചു ദിവസം എ.എം പിടിച്ചുനിന്നു. അതിനു തുടര്‍ച്ചയായി എ.എമ്മിനു ഫോണിലൂടെ ലഭിച്ചത് ചീത്തവിളിയാണ്. മാറ്റിയില്ലെങ്കില്‍ താങ്കളും മാറാന്‍ തയ്യാറായിക്കോളൂ എന്ന ഭീഷണിയുമുണ്ടായി. അടുത്ത ദിവസം സജീവിനെ ഉള്ളൂര്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് മാറ്റി. 

ഇതിന്റെ തൊട്ടടുത്ത ദിവസം വഴുതക്കാട് ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് മാറ്റിയ മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലയേല്‍ക്കാന്‍ അവിടുത്തെ മാനേജരായ എ.ഐ.ടി.യു.സി ജില്ലാ നേതാവ് സമ്മതിക്കാതിരുന്ന സംഭവവും ഉണ്ടായി. ആ സ്ഥലംമാറ്റവും റദ്ദാക്കാന്‍ എ.ഐ.ടി.യു.സി-സി.പി.ഐ തലത്തില്‍ സമ്മര്‍ദ്ദം ഉണ്ടായി. അതിനിടെയാണ് പതിവ് പരിശോധനയ്ക്ക് പരിശോധനാ വിഭാഗം ജൂനിയര്‍ മാനേജരുടെ സന്ദര്‍ശനം. ഒപ്പം ക്വാളിറ്റി കണ്‍ട്രോളറുമുണ്ടായിരുന്നു. മേഖലാ മാനേജരുടെ ഓഫീസിന്റെ തൊട്ടുതാഴെയാണ് വഴുതക്കാട് ഹൈപ്പര്‍ മാര്‍ക്കറ്റ്. നോണ്‍ മാവേലി സാധനങ്ങളുടെ ഗോഡൗണ്‍ വൃത്തിഹീനമായിരുന്നു. പരിശോധനയില്‍ അതു കണ്ടെത്തിയാല്‍ നടപടി ഉറപ്പാകുന്നത്ര വൃത്തിയില്ലാത്ത സ്ഥിതി. പല സാധനങ്ങളും ഉപയോഗശൂന്യമായ നിലയിലുമായിരുന്നു. ക്വാളിറ്റി കണ്‍ട്രോളറുടെ ശ്രദ്ധ അവിടേയ്ക്ക് എത്തിയില്ലെങ്കിലും ഉള്ളില്‍നിന്നുതന്നെ ഈ വിവരം ചിത്രങ്ങളുള്‍പ്പെടെ മുകളില്‍ അറിയാനുള്ള സാധ്യത ഒഴിവാക്കുന്നതിനു പുതുതായി മാറിവന്ന ആളെ തല്‍ക്കാലത്തേക്കെങ്കിലും വേറെ ഡിപ്പോയിലേക്ക് മാറ്റാന്‍ ധാരണയുണ്ടാക്കി. സജീവ് കുമാറിനെ പീപ്പിള്‍സ് ബസാറിലേക്കു തിരികെ മാറ്റിക്കൊണ്ടായിരുന്നു ഈ ധാരണ. അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നതിനിടയിലും നിലപാടില്‍ മയം വരുത്താന്‍ തയ്യാറാകാതിരുന്ന സജീവ് കുമാര്‍ വിപുലമായ സ്റ്റോക്കെടുപ്പ് നടത്തി. സ്റ്റോക്കെടുക്കുന്നത് തടയാന്‍ ആരുടെയെങ്കിലും ഇടപെടല്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ. ഇരുപത്തിയൊന്നര ലക്ഷം രൂപയുടെ സാധനങ്ങളുടെ കുറവാണ് അതില്‍ കണ്ടെത്തിയത്. പക്ഷേ, രേഖയിലുള്ളത്ര സാധനങ്ങള്‍ സ്റ്റോക്കില്ല എന്ന സജീവ് കുമാറിന്റെ റിപ്പോര്‍ട്ട് ഏറ്റുവാങ്ങാന്‍ ഡിപ്പോ മാനേജര്‍ വിസമ്മതിച്ചു. അതിലും യൂണിയന്‍ നേതൃത്വത്തിന്റെ സമ്മര്‍ദ്ദം വ്യക്തമായിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരിശോധാനാ വിഭാഗം ജൂനിയര്‍ മാനേജര്‍ക്ക് കൈമാറിക്കൊണ്ടാണ് സജീവ് കുമാര്‍ ഇതു മറികടന്നത്. വാസ്തവം എന്താണെന്നു നേരിട്ടറിയാന്‍ പരിശോധനാ വിഭാഗം ജൂനിയര്‍ മാനേജരായ വനിതാ ഉദ്യോഗസ്ഥ പരിശോധന നടത്തി. സ്റ്റോക്കില്‍ കുറവു കണ്ടതില്‍നിന്നു 10 ഇനങ്ങളെടുത്ത് പൊതുവായ പരിശോധന നടത്തിയപ്പോള്‍ത്തന്നെ 1,17,000 രൂപ വിലവരുന്ന സാധനങ്ങളുടെ കുറവു കണ്ടു. ഏകദേശം രണ്ടായിരത്തോളം ഇനങ്ങളില്‍ പത്തെണ്ണം നോക്കിയപ്പോള്‍ത്തന്നെ കണ്ടെത്തിയ കുറവ് ക്രമക്കേടിന്റെ വ്യാപ്തിയെക്കുറിച്ചുള്ള വ്യക്തമായ സൂചനയായിരുന്നു. നേരത്തെ കണ്ടെത്തിയ ക്രമക്കേട് യഥാര്‍ത്ഥമാണെന്ന് മനസ്സിലാക്കാന്‍ വേറൊന്നും വേണ്ടിയിരുന്നില്ല. സി.പി.ഐ സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ പ്രവര്‍ത്തക കൂടിയായ പരിശോധനാ വിഭാഗം ജൂനിയര്‍ മാനേജര്‍ ഇതിനെക്കുറിച്ച് എം.ഡിക്കും മേഖലാ മാനേജര്‍ക്കും വിജിലന്‍സ് ഓഫീസര്‍ക്കും വിശദമായ റിപ്പോര്‍ട്ട് നല്‍കി. പക്ഷേ, മുകളില്‍നിന്ന് ഒരനക്കവുമുണ്ടായില്ല. 

ശിക്ഷയ്ക്കു പകരം രക്ഷ
സാധാരണഗതിയില്‍ ഇതിനെക്കാള്‍ വളരെക്കുറഞ്ഞ ക്രമക്കേട് കണ്ടെത്തിയാല്‍ പോലും നടപടിയുണ്ടാകേണ്ടതാണ്. എന്നാല്‍, നേതൃതലത്തിലെ പിടിയും സ്വയം നേതൃസ്ഥാനത്തുള്ളവരുടെ പങ്കാളിത്തവും കാരണമാണ് കാല്‍ക്കോടിയോളം രൂപയ്ക്കടുത്തു ക്രമക്കേട് കണ്ടെത്തിയിട്ടും കണ്ടില്ലെന്നു നടിച്ചത്. ഇതിനിടെ ശേഖരത്തില്‍ കുറവ് കണ്ടെത്തിയതും മറ്റും സപ്ലൈകോയിലെ ഒരു വിഭാഗം ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ വന്നിരുന്നു. അതിനു തുടര്‍ച്ചയായി പത്രങ്ങളിലും വന്നു. സപ്ലൈകോയിലെ സി.പി.ഐ-എ.ഐ.ടി.യു.സി മേധാവിത്വം മൂലം സി.ഐ.ടിയുക്കാരാണ് വാര്‍ത്തയാക്കിയത് എന്ന പ്രചാരണമുണ്ടായി. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പൊതുവിതരണ മന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ തിരക്കി. ഇടപെടണമെന്ന നിര്‍ദ്ദേശവും പോയി. ഭക്ഷ്യ, പൊതുവിതരണ മന്ത്രി പി. തിലോത്തമന് ഇരിക്കപ്പൊറുതി ഇല്ലാതെയായപ്പോള്‍ താഴേയ്ക്ക് നിര്‍ദ്ദേശങ്ങള്‍ പറന്നു. വിജിലന്‍സ് ഓഫീസറുടെ സാന്നിധ്യത്തില്‍ വീണ്ടും പരിശോധിക്കുക എന്നതായിരുന്നു അതില്‍ പ്രധാനം. അപ്പോഴേയ്ക്കും പത്തു ദിവസത്തോളം കഴിഞ്ഞിരുന്നു. ഫലത്തില്‍ പരിശോധനാ വിഭാഗം ജൂനിയര്‍ മാനേജര്‍ ക്രമക്കേട് കണ്ടെത്തിയതിനും വിജിലന്‍സ് ഓഫീസറുടെ സാന്നിധ്യത്തിലുള്ള പരിശോധനയ്ക്കും ഇടയില്‍ ആരോപണവിധേയര്‍ക്കു പത്തു ദിവസത്തോളം സാവകാശമാണ് ലഭിച്ചത്. വിതരണക്കാരേയും 'പറഞ്ഞാല്‍ കേള്‍ക്കുന്ന' ജീവനക്കാരേയും വച്ച് ശേഖരത്തിലെ കുറവ് പരിഹരിക്കാനുള്ള സാവകാശം. കിട്ടിയ സമയത്തിനു ഫലമുണ്ടായി. വിജിലന്‍സ് ഓഫീസറും ഓഡിറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നു തുടര്‍ച്ചയായി രണ്ടു ദിവസം നടത്തിയ സ്റ്റോക്കെടുപ്പില്‍ ക്രമക്കേട് ചെറുതായി മാറി. രേഖയിലും യഥാര്‍ത്ഥത്തിലുമുള്ള സാധനങ്ങളുടെ വ്യത്യാസം പതിനൊന്നര ലക്ഷമായാണ് കുറഞ്ഞത്. രണ്ട് ദിവസം സ്ഥാപനം അടച്ചിട്ടാണ് സ്റ്റോക്കെടുപ്പ് നടത്തിയത്. അതുവഴിയുള്ള നഷ്ടം വേറെ. പക്ഷേ, മറയ്ക്കാനാകാത്ത വിധം തെളിവുകള്‍ മുഴച്ചുനിന്നു. ജൂനിയര്‍ മാനേജരുടെ പരിശോധനയ്ക്കു ശേഷം എത്തിച്ച സാധനങ്ങളുടെ ഉല്‍പ്പാദനത്തീയതിയും ബാച്ച് നമ്പറുമൊക്കെ സ്വാഭാവികമായും വേറെ ആയിരുന്നു. അത് വിജിലന്‍സ് ഓഫീസര്‍ക്ക് ബോധ്യമായി. ഈ ദിവസങ്ങള്‍ക്കിടയില്‍ ചില സാധനങ്ങള്‍ മൊത്തമായി വിറ്റെന്നു കാണിക്കുന്ന ബില്ലുകളും ശ്രദ്ധയില്‍പ്പെട്ടു. അഞ്ചു ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ ഡിപ്പോയില്‍നിന്നു വാങ്ങിയത് തിരിച്ചയച്ചു എന്നായിരുന്നു മറ്റൊരു കൃത്രിമ രേഖ. തിരിച്ചയച്ചുവെന്ന് രേഖയുണ്ടാക്കിയ സാധനങ്ങള്‍ ഡിപ്പോയില്‍ എത്തിയിരുന്നില്ല. കടലാസില്‍ മാത്രമായിരുന്നു തിരിച്ചയയ്ക്കല്‍. ഇതെല്ലാം ചേര്‍ത്തു മാഹീന് വിജിലന്‍സ് ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തു. നേരത്തെ കണ്ടെത്തിയ ക്രമക്കേട് തള്ളിക്കളയാന്‍ പറ്റില്ലെന്നും നടപടിയും അന്വേഷണവും ആവശ്യമാണെന്നും വ്യക്തമാക്കുന്നതായിരുന്നു വിജിലന്‍സ് ഓഫീസര്‍ എം.ഡിക്ക് നല്‍കിയ റിപ്പോര്‍ട്ട്. പക്ഷേ, നടപടി മാത്രമില്ല. 
കനത്ത മൗനത്തിനൊടുവിലാണ് ഒക്ടോബര്‍ 11-ന് വൈകുന്നേരം സ്ഥലംമാറ്റ ഉത്തരവുകള്‍ എത്തുന്നത്. ഉത്തരവ് ഒന്ന്: കെ. അശോക് കുമാര്‍, ജൂനിയര്‍ അസിസ്റ്റന്റ് എ. അനില്‍ കുമാര്‍, അസിസ്റ്റന്റ് സെയില്‍സ്മാന്‍ കെ. ബിജു പ്രദീപ് എന്നിവര്‍ക്കു കോഴിക്കോട്ടേയ്ക്ക് മാറ്റം. പഴവങ്ങാടി സൂപ്പര്‍ മാര്‍ക്കറ്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതുകൊണ്ട് താല്‍ക്കാലികമായി പീപ്പിള്‍സ് ബസാറിലേക്കു മാറ്റിയ ആളാണ് ഇതിനിടയില്‍പ്പെട്ട അനില്‍ കുമാര്‍. ഉത്തരവ് രണ്ട്: എസ്. മാഹീന് സ്ഥാനക്കയറ്റത്തോടെ കോഴിക്കോട് പരിശോധനാ വിഭാഗം ജൂനിയര്‍ ഇന്‍സ്പെക്ടറായി നിയമനം. ഉത്തരവ് മൂന്ന്: എ. സജീവ് കുമാറിന് പാലക്കാട്ടേക്ക് മാറ്റം. പതിനഞ്ചോ ഇരുപതോ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മൂന്ന് ഉത്തരവുകളും ഇറങ്ങിയത്. പിറ്റേന്നുതന്നെ യൂണിയന്‍ വ്യത്യാസമില്ലാതെ വിവിധ വിഭാഗം ജീവനക്കാര്‍ മേഖലാ മാനേജരെ കണ്ട് ഈ സ്ഥലംമാറ്റങ്ങളിലെ അനീതിയെക്കുറിച്ചു പരാതിപ്പെട്ടു. ക്രമക്കേടിന് ഉത്തരവാദികളെ രക്ഷപ്പെടുത്തുന്ന വിധത്തില്‍ സ്ഥലം മാറ്റം മാത്രം നല്‍കുകയും കണ്ടുപിടിച്ച സജീവിനെക്കൂടി തെറിപ്പിക്കുകയും ചെയ്തത് സാമാന്യ നീതിക്ക് നിരക്കുന്നതല്ല എന്നാണ് അവര്‍ ചൂണ്ടിക്കാണിച്ചത്. പക്ഷേ, ഫലമൊന്നുമുണ്ടായില്ല. സ്റ്റോക്കെടുപ്പു ദിവസം സജീവ് കുമാറിനു നേരെ അശോകന്‍ നടത്തിയ ഭീഷണി കലര്‍ന്ന ആക്രോശത്തിന് ജീവനക്കാര്‍ സാക്ഷികളാണ്. അതിന്റെ വീഡിയോയും ഓഡിയോയും വാട്സ്സാപ് വഴി പ്രചരിക്കുന്നുമുണ്ട്. ''മന്ത്രിയാപ്പീസില്‍ എനിക്കുള്ള ഹോള്‍ഡ് നിനക്കറിഞ്ഞുകൂടാ. നിന്നെ എന്നു വേണമെങ്കിലും മാറ്റാന്‍ ഞാന്‍ തീരുമാനിച്ചാല്‍ നടക്കും...'' എന്നിങ്ങനെ നീളുന്ന ഡയലോഗുകളാണ് അതിലുള്ളത്. സ്റ്റോക്കില്‍ ഒരു കോടി രൂപ കുറവുണ്ടെങ്കിലും ഞാന്‍ അടയ്ക്കുമെന്നും എന്നെ ഒന്നും ചെയ്യാനില്ലെന്നും അശോകന്‍ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അശോകനേയും ബിജു പ്രദീപിനേയും രേണു എന്ന ജീവനക്കാരിയേയും നിലനിര്‍ത്തിക്കൊണ്ട് സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റില്ലെന്ന് സജീവ് കുമാര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് എം.ഡിക്കും മേഖലാ മാനേജര്‍ക്കും വിജിലന്‍സ് ഓഫീസര്‍ക്കും ഇ-മെയില്‍ അയയ്ക്കുകയും ചെയ്തു. രേണുവിനെ ഇനി സപ്ലൈകോയുടെ ഒരു സ്ഥാപനത്തിലും എടുക്കരുതെന്ന നിര്‍ദ്ദേശത്തോടെയാണ് മറ്റുള്ളവര്‍ക്കുള്ള സ്ഥലംമാറ്റ ഉത്തരവു വന്നത്. 

ഈ എപ്പിസോഡുകള്‍ക്കിടയില്‍ വിചിത്രമായ പലതും നടക്കുന്നുണ്ടായിരുന്നു. സജീവ് കുമാറിന്റെ നേതൃത്വത്തില്‍ സ്റ്റോക്കെടുപ്പ് നടന്ന ദിവസം രാത്രി അദ്ദേഹം പുതിയൊരു താഴിട്ട് പൂട്ടിയിട്ടാണ് പോയത്. ആരോപണവിധേയരുടെ പക്കലും നിലവിലെ താഴിന്റെ താക്കോലുള്ളതുകൊണ്ട് അവര്‍ രാത്രിയില്‍ തുറന്നു കയറി സ്റ്റോക്കില്‍ തിരിമറി നടത്തുമെന്ന ആശങ്കയായിരുന്നു കാരണം. പക്ഷേ, പിറ്റേന്നു രാവിലെ തുറക്കാനെത്തിയ സജീവ് കുമാര്‍ കണ്ടത് അതിനും മുകളില്‍ വേറെ താഴിട്ടു പൂട്ടിയിരിക്കുന്നതാണ്. പത്തു മണിയായിട്ടും പുതിയ താഴിന്റെ ഉടമകള്‍ താക്കോലുമായി വന്നുമില്ല, സജീവും മറ്റു ജീവനക്കാരും താഴ് പൊളിച്ച് അകത്തുകടക്കാന്‍ വിസമ്മതിച്ചു. പകരം ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അതേത്തുടര്‍ന്ന് വിജിലന്‍സ് ഓഫീസറുടെ സാന്നിധ്യത്തില്‍ താക്കോലുമായി ആളെത്തി. അത് ഇപ്പോള്‍ സ്ഥലംമാറ്റപ്പെട്ടവരില്‍ ഒരാളായിരുന്നു.
സപ്ലൈകോയിലെ ക്രമക്കേടിന്റേയും സംരക്ഷണത്തിന്റേയും വാദിയെ പ്രതിയാക്കുന്നതിന്റേയും നാള്‍വഴികള്‍ അവസാനിക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com