കവര്‍ന്നെടുത്ത കണ്ണും കരളും

ഇരു വൃക്കകള്‍, കോര്‍ണിയ, കരള്‍, ആന്തരികാവയവം, ഹൃദയം, പാന്‍ക്രിയാസ് എന്നിവയാണ് മണികണ്ഠന്റെ ശരീരത്തില്‍നിന്ന് ആശുപത്രി അധികൃതര്‍ എടുത്തത്.
ഫോട്ടോ : ദ്വാരകാനാഥന്‍
ഫോട്ടോ : ദ്വാരകാനാഥന്‍

ബില്ലടക്കാന്‍ കാശില്ലാതെ, മരുന്നു വാങ്ങാന്‍ വഴിയില്ലാതെ ആശുപത്രിയുടെ വരാന്തയില്‍ ആകുലതയോടെ നില്‍ക്കുന്ന നിസ്സഹായരായ മനുഷ്യരെ കണ്ടിട്ടുണ്ടോ? നൂറുരൂപയ്ക്കുപോലും ലക്ഷങ്ങളുടെ വിലയുണ്ടെന്നു തോന്നിപ്പിക്കുന്ന നിമിഷം. സേലത്തെ ആശുപത്രിയുടെ വരാന്തയില്‍ പാലക്കാട്ടെ പത്താംക്ലാസ്സുകാരന്‍ മഹേഷ് ഇതുപോലെ ഇരുന്നു, മണിക്കൂറുകളോളം. ഒപ്പം അവന്റെ സുഹൃത്തുക്കളും. അപകടത്തില്‍ പരിക്കേറ്റ സഹോദരന്റെ ലക്ഷങ്ങളോളം വരുന്ന ബില്ലടക്കാന്‍ മറ്റൊരു വഴിയും അവര്‍ക്കു മുന്നിലില്ലായിരുന്നു. ബില്ലടക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ആശുപത്രി മാനേജ്മെന്റും ഡോക്ടര്‍മാരും അതിനൊരു വഴി കണ്ടെത്തി. അപകടത്തില്‍ പരിക്കേറ്റയാളുടെ അവയവങ്ങള്‍ എടുക്കുക. ഒടുവില്‍ മൂന്നരലക്ഷം രൂപയ്ക്കു പകരമായി അവര്‍ കവര്‍ന്നെടുത്തത് ഏഴ് അവയവങ്ങളും.

പാലക്കാട് ജില്ലയിലെ തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ മീനാക്ഷിപുരത്തു നിന്ന് ചെന്നൈയിലേക്കു പോയ സംഘമാണ് സേലത്തുവെച്ച് മെയ് 18-ന് അപകടത്തില്‍പ്പെട്ടത്. ചെന്നൈയ്ക്കടുത്ത് മേല്‍മറവത്തൂരില്‍ ശിങ്കാരിമേളം കൊട്ടാന്‍ പോയതായിരുന്നു സംഘം. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടി ഡിവൈഡറിലിടിച്ചു മറിഞ്ഞ് അപകടമുണ്ടായി. ഗുരുതരമായി പരിക്കേറ്റ മീനാക്ഷിപുരം നെല്ലിമേട് സ്വദേശികളായ എ. മണികണ്ഠനേയും പി. മണികണ്ഠനേയും സേലത്തെ വിനായക മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലായിരുന്നു ഇരുവരും. രണ്ടു ദിവസത്തിനു ശേഷം മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്റര്‍ മാറ്റിയാല്‍ മരണം ഉറപ്പ്. ഇതുവരെയുള്ള ചികിത്സാച്ചെലവ് മൂന്നരലക്ഷം രൂപ. ഓരോ ദിവസവും ഐ.സി.യു. വാടക 12000 രൂപ. അങ്ങനെയാണ് പി. മണികണ്ഠന്റെ അവയവം എടുക്കുന്നതിലേയ്ക്ക് കാര്യങ്ങളെത്തിയത്. പണത്തിനു പകരം അവയവങ്ങളെടുത്ത് മണികണ്ഠന്റെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. നാട്ടിലെത്തി വിവരം നാട്ടുകാരും ജനപ്രതിനിധികളും അറിഞ്ഞതോടെയാണ് സംഭവത്തിന്റെ ഗൗരവം തിരിച്ചറിയപ്പെട്ടത്. ചിറ്റൂര്‍ എം.എല്‍.എ. കൃഷ്ണന്‍കുട്ടി വിവരമറിയിച്ചതു പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ചികിത്സയിലിരിക്കുന്ന എ. മണികണ്ഠനെ കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഒപ്പം പരിക്കേറ്റ മണികണ്ഠന്റെ സഹോദരന്‍ പമ്പാവാസനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും. 10 ദിവസത്തിനു ശേഷം എ. മണികണ്ഠനും മരിച്ചു.

മരണത്തിന്റെ ഞെട്ടലില്‍ പെരുമാട്ടി
രണ്ടു മരണങ്ങളുടെ ഞെട്ടലിലാണ് പെരുമാട്ടി പഞ്ചായത്തിലെ നെല്ലിമേട് ഇപ്പോഴും. ആദ്യം പോയത് അവയവങ്ങള്‍ പറിച്ചെടുത്ത മണികണ്ഠന്റെ വീട്ടിലേക്കായിരുന്നു. പനയോലകൊണ്ടു മേഞ്ഞ വരാന്തയിലിരുന്ന് അമ്മ ദേവിയും അച്ഛന്‍ പേച്ചിയപ്പനും സഹോദരങ്ങളായ മനോജും മഹേഷും മണികണ്ഠനെക്കുറിച്ചു പറഞ്ഞു. പത്താംക്ലാസ്സ് കഴിഞ്ഞതു മുതല്‍ കുടുംബം പുലര്‍ത്താനിറങ്ങിയ അധ്വാനിയായ മണികണ്ഠന്‍. ഒരു കൈ തളര്‍ന്നിരിക്കുന്ന പേച്ചിയപ്പന് പണിക്കു പോകാന്‍ കഴിയില്ല. അമ്മ കാട്ടില്‍ പണിക്ക് പോകും. തമിഴ്നാട്ടില്‍ ശിങ്കാരിമേളം കൊട്ടാന്‍ പോയാല്‍ 600 രൂപയാണ് കൂലി. മാസത്തില്‍ മൂന്നോ നാലോ പരിപാടി കിട്ടും.

അതിനിടയ്ക്കുള്ള ദിവസങ്ങളില്‍ കൂലിപ്പണിക്കു പോകും. തലേ ദിവസം നാഗര്‍കോവിലില്‍ പരിപാടി കഴിഞ്ഞെത്തിയ സംഘം പിറ്റേന്ന് ചെന്നൈയിലേക്ക് പുറപ്പെട്ടപ്പോള്‍ സഹോദരന്‍ മഹേഷും ഒപ്പം പോയിരുന്നു. രാവിലെ എട്ടുമുതല്‍ 12 വരെയായിരുന്നു വി.കെ.ജി. ആന്റ് ബോയ്സ് എന്ന ഇവരുടെ പതിനഞ്ച് പേരടങ്ങുന്ന ടീം കൊട്ടിയത്. തിരിച്ചുമടങ്ങുന്ന വഴി ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് എല്ലാം തകര്‍ത്ത് ആ അപകടം നടന്നത്. ആദ്യം അടുത്തുള്ള വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് ആംബുലന്‍സില്‍ 100 കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ''എല്ലാം വളരെ പ്ലാന്‍ ചെയ്തപോലെയായിരുന്നു, എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നുപോലും ഞങ്ങള്‍ക്കറിയില്ല. അവര്‍ തന്നെ ആംബുലന്‍സ് വരുത്തുന്നു, രോഗിയെ എടുക്കുന്നു കൊണ്ടുപോകുന്നു'' -മണികണ്ഠന്റെ ബന്ധു ഹരിദാസ് പറയുന്നു. 

തലയ്ക്ക് പരിക്കേറ്റ എ. മണികണ്ഠനേയും ഇടുപ്പിനു പരിക്കേറ്റ സഹോദരന്‍ പമ്പാവാസനേയും ഇതേ ആശുപത്രിയില്‍ത്തന്നെയാണ് പ്രവേശിപ്പിച്ചത്. അവയവം പറിച്ചെടുത്തതു വിവാദമായതോടെയാണ് രണ്ടു ദിവസത്തിനു ശേഷം ഇരുവരേയും അവിടെനിന്നു മാറ്റിയത്. മെയ് 30-ന് കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് മണികണ്ഠനും മരിച്ചു. തമിഴ്നാട് അതിര്‍ത്തിയില്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പുറമ്പോക്ക് ഭൂമിയിലാണ് എ. മണികണ്ഠന്റെ പനയോലകൊണ്ട് കെട്ടിയുണ്ടാക്കിയ ഒറ്റമുറി കുടില്‍. മരിക്കുന്നതിനു രണ്ടു മാസം മുന്‍പാണ് തമിഴ്നാട്ടില്‍നിന്നുള്ള നാഗജ്യോതിയെ കല്യാണം കഴിച്ചത്. ആ ഒറ്റമുറി കുടിലിലാണ് അച്ഛന്‍ ആറുച്ചാമിയും അമ്മ പാപ്പയും മണികണ്ഠനും ഭാര്യ നാഗജ്യോതിയും അനിയന്‍ പമ്പാവാസനും അനിയത്തി സാവിത്രിയും മറ്റൊരു സഹോദരിയുടെ മകള്‍ ആരാധനയും കഴിഞ്ഞിരുന്നത്. അച്ഛനും അമ്മയും മണികണ്ഠനും കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. കുടിലിന്റെ മുറ്റത്തെ ഇരുമ്പുകട്ടിലില്‍ നിസ്സഹായതയും ദൈന്യതയും നിറഞ്ഞ മുഖത്തോടെ ഇരുന്ന് നാഗജ്യോതി സംസാരിച്ചു. രണ്ടു മാസം മാത്രമുണ്ടായ ദാമ്പത്യം. മുന്നോട്ട് ഇനിയെന്ത് എന്നു ചിന്തിക്കാന്‍പോലും കഴിയാതെ ഒരു പെണ്‍കുട്ടി. ദാരിദ്ര്യം അത്രമേല്‍ കീഴ്പെടുത്തിയ ഒരു ദളിത് കുടുംബമാണിത്. സംഭവം

പി മണികണ്ഠന്‍
പി മണികണ്ഠന്‍

വിവാദമായിരുന്നില്ലെങ്കില്‍ എ. മണികണ്ഠന്റെ അവയവം കൂടി എടുക്കാനുള്ള ശ്രമത്തിലായിരുന്നു ആശുപത്രി അധികൃതരെന്നു വീട്ടുകാര്‍ പറയുന്നു. ഇടുപ്പെല്ലിനു പരിക്കേറ്റ ഇരുപതുകാരന്‍ പമ്പാവാസന്‍ ഒരു മാസത്തോളം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇപ്പോഴും ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. എന്നിട്ടും പെയിന്റ് കടയില്‍ ജോലിക്കു പോകുന്നുണ്ട് അവന്‍.

കവര്‍ന്നത് ഏഴ് അവയവങ്ങള്‍
ഇരു വൃക്കകള്‍, കോര്‍ണിയ, കരള്‍, ആന്തരികാവയവം, ഹൃദയം, പാന്‍ക്രിയാസ് എന്നിവയാണ് പി. മണികണ്ഠന്റെ ശരീരത്തില്‍നിന്ന് ആശുപത്രി അധികൃതര്‍ കവര്‍ന്നെടുത്തത്. ഉച്ചയ്ക്ക് അപകടം നടന്നയുടന്‍ എത്തിച്ച വില്ലുപുരത്തെ ആശുപത്രിയില്‍നിന്നു രാത്രിയോടെയാണ് സേലത്തേയ്ക്ക് മാറ്റിയത്. ഉടന്‍ തന്നെ ഐ.സി.യുവിലേക്ക് മാറ്റി. രണ്ടു ദിവസം പിന്നെ വിവരമൊന്നുമില്ല. ഒന്നും പറയാറായിട്ടില്ല എന്ന മറുപടി മാത്രം. പുറത്ത് ബന്ധുക്കളും സുഹൃത്തുക്കളും കാത്തിരുന്നു.

''മൂന്നാമത്തെ ദിവസമാണ് മസ്തിഷ്‌കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചത്. വെന്റിലേറ്ററില്‍നിന്നു മാറ്റിക്കഴിഞ്ഞാല്‍ മരണം ഉറപ്പാണെന്നും അറിയിച്ചു. ഓരോ ദിവസവും 12,000 രൂപയാണ് ഐ.സി.യു. വാടക. ചികിത്സാച്ചെലവ് എല്ലാം കൂടെ മൂന്നരലക്ഷം രൂപ ആശുപത്രിയില്‍ അടക്കണം. ഞങ്ങള്‍ക്ക് ചിന്തിക്കാന്‍പോലും കഴിയില്ല അത്രയും തുക. അപ്പോള്‍ ഡോക്ടര്‍മാരാണ് അവയവങ്ങള്‍ എടുക്കാനുള്ള സമ്മതപത്രത്തില്‍ ഒപ്പിടാന്‍ പറഞ്ഞത്. ആദ്യം വിസമ്മതിച്ചെങ്കിലും പൈസ കെട്ടാന്‍ വേറെ ഒരു വഴിയും കണ്ടില്ല. അവരാണെങ്കില്‍ എപ്പോഴും ഇതുതന്നെ വന്നു പറഞ്ഞോണ്ടിരുന്നു. വേറൊരു നാട്, വേറൊരു ഭാഷ, കയ്യില്‍ പൈസ ഇല്ല, ചേട്ടന്‍ പോയതിന്റെ സങ്കടം, എല്ലാം കൂടിയായപ്പോള്‍ ഒപ്പിട്ടുകൊടുത്തു'' -മണികണ്ഠന്റെ സഹോദരന്‍ മനോജ് പറഞ്ഞു.

ആശുപത്രിക്ക് പുറത്തുവെച്ചാണ് ഡോക്ടര്‍മാരും ഇടനിലക്കാരും ഇവരോട് സംസാരിച്ചത് മുഴുവനും. ഒപ്പിടുന്ന സമയത്ത് മാത്രമാണ് ഡോക്ടറുടെ മുറിയില്‍ കയറിയത്. ഒപ്പിട്ടുകൊടുത്ത പേപ്പര്‍ തമിഴിലായതിനാല്‍ ഇവര്‍ക്ക് വായിച്ചുനോക്കാനും കഴിഞ്ഞില്ല. ഏതൊക്കെ അവയവങ്ങള്‍ എടുക്കുന്നു എന്നുപോലും സംസാരിച്ചിട്ടുമില്ല. മെയ് 22-ന് മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. ഒരാഴ്ചയ്ക്കു ശേഷം മരണ സര്‍ട്ടിഫിക്കറ്റും പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റും ആശുപത്രി അധികൃതര്‍ കൊറിയറില്‍ അയച്ചുകൊടുത്തു. ഒപ്പം നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു കത്തും. ആശുപത്രിയുടെ സീലോ ഒപ്പോ ലെറ്റര്‍ പാഡോ ഒന്നുമില്ലാതെ ഒരു വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ നന്ദിക്കുറിപ്പ് മണികണ്ഠന്റെ അച്ഛന്‍ പേച്ചിയപ്പന്‍ കാണിച്ചുതന്നു.

സമ്മതപത്രം ഒപ്പിട്ടുകൊടുക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ആശുപത്രി അധികൃതരുടെ കയ്യില്‍ ഭദ്രമായി ഉണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ 'നിരപരാധിത്വം' തെളിയിക്കാന്‍ അവര്‍ കാണിക്കുന്നതും ഈ ദൃശ്യങ്ങളാണ്. ''അവര്‍ ഇതൊക്കെ മുന്‍കൂട്ടി കണ്ടതുകൊണ്ടായിരിക്കാം അതുവരെ ഞങ്ങളോട് സംസാരിച്ചതും സമ്മര്‍ദ്ദത്തിലാക്കിയതും. എല്ലാം ആശുപത്രിക്ക് പുറത്തുവെച്ചായിരുന്നു'' -ഹരിദാസ് പറയുന്നു.

ഇതിനിടയില്‍ പെരുമാട്ടി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. സുരേഷ് വിവരം ചിറ്റൂര്‍ എം.എല്‍.എ. കെ. കൃഷ്ണന്‍കുട്ടിയെ അറിയിച്ചു. അദ്ദേഹം വീട്ടിലെത്തി സംസരിച്ചപ്പോഴാണ് ഇതിനു പിന്നില്‍ നടന്ന ക്രൂരത പുറംലോകം അറിഞ്ഞത്. ഉടന്‍ മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ കളക്ടര്‍ക്കും സേലം ജില്ലാ കളക്ടര്‍ക്കും എം.എല്‍.എ. മെയിലയച്ചു. ചികിത്സയിലിരിക്കുന്ന എ. മണികണ്ഠനും മസ്തിഷ്‌ക മരണം സംഭവിച്ചതായി ഇതിനിടെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വീണ്ടും കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്ന ആശങ്കയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രിയെ വിവരമറിയിച്ചു. ഇതിനെത്തുടര്‍ന്ന് മണികണ്ഠനേയും പമ്പാവാസനേയും അവിടെനിന്നു മാറ്റി. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം തമിഴ്നാട് സര്‍ക്കാര്‍ ഒരു അന്വേഷണ കമ്മിഷനെ നിയോഗിച്ചു. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് തമിഴ്നാട് സര്‍ക്കാറിനു സമര്‍പ്പിച്ചതായാണ് അറിയുന്നതെന്നും മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുമെന്നും എം.എല്‍.എ. പറയുന്നു.

ഇനി ആവര്‍ത്തിക്കരുത് 
തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിനു സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. ദാരിദ്ര്യവും അറിവില്ലായ്മയും മുതലെടുത്തു നിര്‍ബ്ബന്ധിതമായി അവയവങ്ങള്‍ കവര്‍ന്നെടുത്തതാണെന്ന് പാലക്കാട് കളക്ടര്‍ കേരള സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് അറിയുന്നു. 
സംഭവം നടന്നു നാലുമാസം കഴിഞ്ഞിട്ടും അതിന്റെ ഞെട്ടലില്‍നിന്നും മീനാക്ഷിപുരത്തെ ആളുകള്‍ മോചിതരായിട്ടില്ല. അതിനുശേഷം തമിഴ്നാട്ടില്‍ ശിങ്കാരി മേളം കൊട്ടാന്‍ ആരും പോയില്ല. തഞ്ചാവൂര്‍, തിരിച്ചിറപ്പള്ളി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ കല്യാണത്തിനും കാതുകുത്തിനും മറ്റ് ആഘോഷ പരിപാടികള്‍ക്കും പാലക്കാട്ടെ ശിങ്കാരിമേളക്കാരെയാണ് കൂടുതലും വിളിക്കുന്നത്. മീനാക്ഷിപുരം, നെല്ലിമേട് ഭാഗത്തു മാത്രം അഞ്ച് സംഘങ്ങളുണ്ട്. അപകടങ്ങള്‍പോലും ആസൂത്രണം ചെയ്യുന്നതാണെന്നും ആംബുലന്‍സ് ഡ്രൈവര്‍ തൊട്ട് ആശുപത്രി വരെ നീളുന്ന വന്‍ മാഫിയ ഇതിനു പിന്നിലുണ്ടെന്നും പലരും പറയുന്നു. അതിന്റെ ഭീതിയിലാണ് ഇവിടുത്തുകാര്‍. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും തിരുത്തപ്പെട്ടേക്കാം എന്ന് ഇവിടുത്തെ ജനപ്രതിനിധികളടക്കം സംശയിക്കുന്നു. 

600 രൂപയ്ക്കുവേണ്ടി കൊട്ടാന്‍ പോയ ഇവര്‍ക്ക് നഷ്ടപ്പെട്ടത് രണ്ടു ജീവനുകളാണ്. രണ്ടു കുടുംബത്തിന്റെ കരുത്തും വരുമാനവുമാണ്. അതിനെക്കാള്‍ അതിഗൗരവമാണ് പണത്തിനുവേണ്ടി അവയവങ്ങള്‍ മുറിച്ചെടുക്കുന്ന ആശുപത്രികളുടെ ക്രൂരത. അതിര്‍ത്തി ഗ്രാമങ്ങളുടെ എല്ലാ പിന്നോക്കാവസ്ഥയുമുള്ള ഇവിടെ, പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളിലൂടെ മാത്രമാണ് ഈ കുടുംബം പോലും കേസിന്റെ മുന്നോട്ടുള്ള ഗതി അറിയുന്നത്. ക്രൂരമായ ഈ നടപടിയുടെ നീതി വൈകിക്കൂട.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com