ഇനിയും പെയ്‌തൊഴിയാത്ത കുഞ്ഞുമനസ്സുകള്‍

പ്രളയത്തില്‍ നടുങ്ങിപ്പോയ മലയാളത്തിന്റെ ആ കുട്ടിമനസ്സ് മുന്‍ സമാനതകളില്ലാത്തതാണ്.
ഇനിയും പെയ്‌തൊഴിയാത്ത കുഞ്ഞുമനസ്സുകള്‍

ത് കെടുതിയുടേയും ആദ്യ ഇരകള്‍ കുട്ടികളായിരിക്കും, അവസാനത്തേയും. കുത്തിയൊലിച്ച മലവെള്ളം കുഞ്ഞുമനസ്സുകള്‍ തരിപ്പണമാക്കി. പ്രളയത്തില്‍ നടുങ്ങിപ്പോയ മലയാളത്തിന്റെ ആ കുട്ടിമനസ്സ് മുന്‍ സമാനതകളില്ലാത്തതാണ്. സുനാമിയിലും ഓഖിയിലും പ്രകൃതിയുടെ ക്ഷോഭത്തെ മുഖാമുഖം കണ്ട കുഞ്ഞുമനസ്സുകള്‍ ഇന്നത്തെ വെള്ളപ്പൊക്കത്തിന്റെ ഇരകളില്‍നിന്നു വ്യത്യസ്തമായിരുന്നു. ചെറുതും വലുതുമായിരുന്നു നിരന്തരം ക്ഷോഭിക്കുന്ന കടലമ്മയുടെ മടിത്തട്ടില്‍ വളര്‍ന്നവര്‍, നീന്തലും അതിജീവനവും രക്തത്തിലുള്ളവര്‍, തുലാവര്‍ഷ പെരുമഴയിലൂടെ ആവര്‍ത്തിക്കപ്പെടുന്ന ക്യാംപ് ജീവിതം അന്യമല്ലാത്തവര്‍. എന്നാല്‍, റാന്നിയിലും കോഴഞ്ചേരിയിലും ചെങ്ങന്നൂരും മലപ്പുറത്തും പാലക്കാടും മൂന്നാറിലും വയനാട്ടിലുമുള്ള കുട്ടികള്‍ക്ക് ഇതു പുതിയ ദുരന്തമുഖമാണ്. അതിന്റെ ആഘാതത്തെ ചെറുതായി കാണുന്നത് വലിയ കുറ്റമാണ്.

ചിതറിപ്പോകുന്ന
മനസഞ്ചാരം

പ്രകൃതിക്ഷോഭങ്ങള്‍ ഇരയാക്കപ്പെടുന്ന കുട്ടികളുടെ മാനസികനില പല നിലയില്‍ ലോകമെങ്ങും പഠിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെ തായ്ലന്റില്‍ വെള്ളം കയറിയ ഗുഹയില്‍ പെട്ടു പോയ 12 കുട്ടികളെ രക്ഷപ്പെടുത്തിയ ശേഷം സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്ന കാര്യം നാം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. മുഴുവന്‍ കുട്ടികളുടേയും ശാരീരിക അവസ്ഥ വളരെ ആശ്വാസകരമാണ് എന്നാല്‍, അവരുടെ മനസ്സിനേറ്റ ആഘാതം വളരെ വലുതാണ്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പ്രക്രിയയിലൂടെ അതു നമുക്കു തിരിച്ചെടുക്കാനാവൂ. 

ആധുനിക മനഃശാസ്ത്രം എതിരില്ലാ തെ സമ്മതിക്കുന്ന ഒരു കാര്യമാണിത്. പ്രകൃതി ദുരന്തങ്ങള്‍ കുട്ടിമനസ്സുകളിലേല്‍പ്പിക്കുന്ന ആഘാതം പെട്ടെന്നു തിരിച്ചെടുക്കാനാവില്ല. അതിന്റെ പ്രധാന കാരണം ആഘാതത്തിന്റെ ലക്ഷണങ്ങള്‍ അവര്‍ ഉടന്‍ പ്രകടിപ്പിക്കുന്നില്ല എന്നതാണ്. ഇന്നു ക്യാംപുകളില്‍ ചിരിക്കുകയും കളിക്കുകയും ചെയ്യുന്നവര്‍ മാനസികാഘാതത്തില്‍നിന്നും മുക്തരായവരാണെന്നു നാം ധരിക്കേണ്ടതില്ല. നിശ്ശബ്ദരായിരിക്കുന്നവരുടെ മനസ്സ് ശാന്തമാണെന്നും നാം കരുതേണ്ടതില്ല. തൊട്ടടുത്ത നിമിഷം ദുരന്തമനുഭവിച്ചതിന്റെ ആഘാതലക്ഷണങ്ങള്‍ അവര്‍ കാണിച്ചേക്കാം. ചിലപ്പോഴത് ക്യാംപില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തി വെള്ളമെടുത്തുപോയ വീടവശിഷ്ടങ്ങളൊന്നില്‍ മനസ്സുടക്കുമ്പോഴാവാം, ചിലപ്പോള്‍ കൂട്ടുകാര്‍ അതേപ്പറ്റിയൊന്നു ചോദിക്കുമ്പോള്‍, അതുമല്ലെങ്കില്‍ ഒരു സ്വപ്നത്തിലെ ദൃശ്യമാവാം ആ മനസ്സ് തല്ലിയുടക്കുന്നത്. പൊതുവില്‍ ഇത് പോസ്റ്റ് ട്രോമ സ്ട്രെസ്സ് ഡിസോഡര്‍-ദുരന്ത ആഘാതാനന്തര ചിത്തഭ്രംശം എന്നാണറിയപ്പെടുന്നത്. 

അനന്തമായി നീളുന്ന അകാരണമായ ആശങ്ക, വിഷാദം അസ്ഥിരമായ വ്യക്തിത്വം, പൊരുത്തമില്ലാത്ത ചിന്തകളും പ്രവൃത്തികളുമൊക്കെ ഈ കുട്ടികള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നേക്കാം. ഇവയൊക്കെയും കാലങ്ങളോളം നിലനിന്നേക്കും. നഷ്ടങ്ങളും ദുരിതങ്ങളും പല നിലകളിലുള്ള കുട്ടികളെ പലതരത്തിലാണ് ബാധിച്ചിട്ടുള്ളതെന്നും മനസ്സിലാക്കാം. പത്തനംതിട്ടയിലെ വിവധ ക്യാംപുകളിലെ സന്ദര്‍ശനത്തില്‍നിന്നും ലഭിച്ച കുട്ടികളുടെ വ്യത്യസ്തമായ നഷ്ടബോധങ്ങള്‍ മലയാളിസമൂഹം ഇനിയും കാര്യമായി കൈകാര്യം ചെയ്തിട്ടില്ല.

ഒരു 13 വയസ്സുകാരിക്ക് താന്‍ വളര്‍ത്തിയ കോഴിക്കുഞ്ഞ് നഷ്ടപ്പെട്ടതിലായിരുന്നു സങ്കടം.  മറ്റൊരു 10 വയസ്സുകാരന് മഴ ഓര്‍ക്കുമ്പോഴേ പേടിയാണ്. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടത് വിഷമമായവരും അതു തുറന്നു പറയുന്നു.  
''എന്റെ അച്ഛന്‍ നേരത്തെ മരിച്ചുപോയി. അമ്മയും ഒരനിയനുമുണ്ട്. അമ്മ ആഴ്ചയില്‍ മൂന്നു ദിവസം വീട്ടുജോലിക്കു പോയാണ് ഞങ്ങളെ വളര്‍ത്തുന്നത്. വീട് മുഴുവനും വെള്ളത്തിലായി. ഇപ്പോള്‍ ക്യാംപ് കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് മടങ്ങി. പക്ഷേ, വീട് പൊളിഞ്ഞുവീഴുമോ എന്ന് പേടിയിലാണ് ഇപ്പോള്‍ കഴിയുന്നത്. രാത്രി ഉറക്കമില്ല. പുസ്തകങ്ങളും ഡ്രസ്സും നഷ്ടപ്പെട്ടു. ഇനിയങ്ങോട്ട് പഠിക്കാന്‍ പറ്റുമോ എന്നും പേടിയാണ്.''
ആറാം ക്ലാസ്സുകാരി പറയാന്‍ തുടങ്ങിയതു വെള്ളമിറങ്ങിപ്പോയ ചളിയില്‍ ചവിട്ടിനിന്നുകൊണ്ടാണെന്നോര്‍ക്കണം. എല്ലാ മതജാതി സാമ്പത്തിക വിഭാഗങ്ങളില്‍പ്പെടുന്നവരും ഒന്നിച്ച് ക്യാംപുകളില്‍ കുറച്ച് ദിവസമുണ്ടായിരുന്നു. അതു പക്ഷേ, കുറച്ച് ദിവസമേ ഉണ്ടായിരുന്നുള്ളു. അവനവന്റെ സാദ്ധ്യതകളനുസരിച്ച് അവര്‍ പിന്നീട് മാറിപ്പോയി. ഒരു സാദ്ധ്യതയും ഇല്ലാത്തവരാണ് ക്യാംപുകളില്‍ അവശേഷിക്കുന്നത്. തുടക്കത്തില്‍ ക്യാംപുകളില്‍ ഏതാണ്ട് ഉത്സവത്തിന്റെ പ്രതീതിയിലായിരുന്നു കുട്ടികള്‍. ഒരുമിച്ച് കളിക്കുകയും ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്തിരുന്നു. പക്ഷേ, അങ്ങനെ ആയിരുന്നപ്പോള്‍ തന്നെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്കാണ് ദുരന്തത്തെ തുടര്‍ന്ന വലിയ ആഘാതമുണ്ടായത്. അതിന്റെ പ്രധാന കാരണം അവനവന്റെ സൗകര്യങ്ങളായിരുന്നു. ഇഷ്ടമുള്ള മുറി, പുതപ്പ്, കുളിമുറി, വസ്ത്രം എന്നിങ്ങനെയുള്ള വലിയ കംഫര്‍ട്ട് സോണുകളുണ്ട്. 
ഇതൊക്കെ ഉണ്ടായിരുന്ന കുട്ടികളെ സംബന്ധിച്ച് ക്യാംപിലെ ജീവിതം എന്നതു രക്ഷപ്പെട്ടു വന്ന ഒന്നോ രണ്ടോ ദിവസത്തിനപ്പുറത്തേയ്ക്കു കൊണ്ടുപാകാന്‍ സാദ്ധ്യമല്ല. പക്ഷേ, കുറച്ചുകൂടി പിന്നോക്ക സാഹചര്യങ്ങളിലുള്ള കുട്ടികളെ സംബന്ധിച്ചു കാര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു. വീടിനേക്കാള്‍ മെച്ചപ്പെട്ടതായിട്ടാണ് അവര്‍ ക്യാമ്പിനെ കണ്ടത്. ഏതു പ്രകൃതിദുരന്തമുണ്ടായാലും വളരെ ഗുരുതരമായി ബാധിക്കാനിടയുള്ള പ്രദേശത്താണ് മിക്ക ദളിത് കോളനികളും. പൂശാത്ത വീടുകളാണ് അധികവും. പലവിധ ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയമായ സ്ഥാപനവാസികളായ കുട്ടികളില്‍ ബഹുഭുരിപക്ഷവും ദളിത് ആദിവാസി കുട്ടികളാണ്. വീട് നില്‍ക്കുന്ന പരിസരവും വീട് നല്‍കാത്ത സുരക്ഷിതത്വവും ഇതിനൊരു വലിയ ഘടകമാണെന്നതിനും തെളിവുകളേറെയുണ്ട്. അതാവാം അവര്‍ക്കു ക്യാംപുകള്‍ പ്രിയകരമാവാന്‍ കാരണം. നവകേരളം ഇവരുടെ നവീകരണം കൂടി മുന്‍നിര്‍ത്തിയുള്ളതാകാതെ വന്നാല്‍ ഇതുപോലൊരു പ്രളയത്തിനും നമ്മെയൊന്നും പഠിപ്പിക്കാനായില്ലെന്നു കരുതേണ്ടിവരും.
വെള്ളം ഇറങ്ങിയപ്പോള്‍ പലര്‍ക്കും വീടില്ല. വീട്ടില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാം ഉണ്ടാക്കണം. രക്ഷിതാവിനുള്ള ഈ സമ്മര്‍ദ്ദമെല്ലാം കുട്ടികളെ ബാധിക്കും. എല്ലാ കുട്ടികളും സ്‌കൂളില്‍ പോകുന്ന പ്രത്യേക സാഹചര്യമാണ് കേരളത്തിലുള്ളത്. സ്‌കൂളുകളൊക്കെ തുറന്നെങ്കിലും ചെറിയ ശതമാനം കുട്ടികള്‍ മാത്രമേ തിരികെ ക്ലാസ്സിലേക്ക് എത്തിയിട്ടുള്ളൂ. ഇനിയൊരു മഴ പെയ്യുമ്പോള്‍ പേടി തോന്നുന്ന അവസ്ഥ മുതിര്‍ന്നവര്‍ക്ക് പോലുമുണ്ട്. രണ്ട് മൂന്നു ദിവസം ഭക്ഷണം പോലും കിട്ടാതെ പേടിച്ചു കഴിയേണ്ടിവന്ന കുട്ടികളുണ്ട്. മൃതദേഹങ്ങള്‍ കണ്ട് ഭയപ്പെട്ട കുട്ടികളുണ്ട്. സ്വന്തം വളര്‍ത്തുമൃഗങ്ങള്‍ വെള്ളത്തില്‍ മുങ്ങിപ്പോകുന്നതു കണ്ട് ഭയന്ന കുട്ടികളുണ്ട്. അവരുടെ മനസ്സില്‍ എന്തൊക്കെയാണ് ഇപ്പോഴുള്ളത് എന്നു കണ്ടെത്തി അതിനെ പുറത്തുകൊണ്ടുവന്നു പ്രതിരോധിക്കാന്‍ ശക്തിയുള്ളവരാക്കി മാറ്റാന്‍ തക്കവണ്ണമുള്ള മന:ശാസ്ത്രപരമായ പ്രക്രിയയാണ് അടിയന്തരമായി നടക്കേണ്ടത്. 

എന്നാല്‍, ഇക്കാര്യത്തില്‍ കുട്ടിയെ മാത്രം ഫോക്കസ് ചെയ്തതുകൊണ്ടും മതിയാവില്ല. അവിടെയാണ് കുടുംബത്തിന്റേയും കൂട്ടായ്മയുടേയും പ്രസക്തി. ഓരോ കുട്ടിക്കും കുടുംബം കൊടുക്കുന്ന ഒരു വിശ്വാസമുണ്ട്. കുടുംബം കൊടുക്കുന്ന വിശ്വാസവും ബലവും വര്‍ദ്ധിക്കണമെങ്കില്‍ ആ കുടംബത്തിന് ഇപ്പോഴുണ്ടായിട്ടുള്ള നഷ്ടങ്ങളും കേടുപാടുകളും ഏറംക്കുറേ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉണ്ടാകുമെന്നൊരു ഉറപ്പ് വേണം. ദുരന്തമുണ്ടായാല്‍ ഘട്ടം ഘട്ടമായി ആണ് ഇതൊക്കെ നടപ്പിലാക്കുക. രക്ഷപ്പെടുത്തല്‍ കഴിഞ്ഞു ഇപ്പോള്‍ റിസര്‍ച്ചാണ് നടക്കുന്നത്. അതിനുശേഷമാണ് പുനരധിവാസത്തിലേക്ക് കടക്കുക. ഇതാണൊരു അന്താരാഷ്ട്ര ദുരന്താനന്തര രക്ഷാരീതി. പക്ഷേ, മറ്റു രാജ്യങ്ങളിലേയോ സംസ്ഥാനങ്ങളിലേയോ പോലും പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്കിടയില്‍ നടപ്പിലാക്കിയ പദ്ധതികളോ അവര്‍ക്കിടയില്‍ നടത്തിയ പഠനങ്ങളോ കേരളത്തിന് എത്രത്തോളം യോജിക്കുമെന്നു പറയാനാവില്ല, ആരെങ്കിലും രൂപപ്പെടുത്തിവെച്ചിരിക്കുന്ന ഒരു പാറ്റേണ്‍ ഇവിടെ പര്യാപ്തമല്ല എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലുമെന്നപോലെ ഒരു തനതു കേരള മാതൃക കുട്ടികളുടെ ദുരന്താനന്തര ജീവിതത്തിനുവേണ്ടി നാം നിര്‍മ്മിക്കേണ്ടതുണ്ട്.
ദുരന്തകാലം ആണ്‍കുട്ടികളെക്കാള്‍ ദുരിതപൂര്‍ണ്ണമായത് പെണ്‍കുട്ടികള്‍ക്കാണ്. കുളിമുറി, കക്കൂസ്, മറുതുണി, തുണിമാറാനുള്ള ഇടം തുടങ്ങിയ പലതിന്റേയും അഭാവം ക്യാമ്പുകള്‍ പെണ്‍കുട്ടികള്‍ക്ക് നരകതുല്യമാക്കി. അപരിചിതരുടെ മുന്നിലൂടെ നടന്നുപോയി മൂത്രവിസര്‍ജ്ജനം നടത്തുന്നത് ഒഴിവാക്കാനായി വെള്ളം കുടിക്കാതെ മണിക്കൂറുകള്‍ കഴിച്ചുകൂട്ടിയ പെണ്‍കുട്ടികള്‍, മറുവസ്ത്രവും നാപ്കിനുകളും ആഹാരത്തെക്കാള്‍ ആവശ്യമുണ്ടായിട്ടും ചോദിക്കാതിരുന്നവര്‍, പച്ചവെള്ളം കുടിക്കാന്‍ മടികാണിച്ച് ബോട്ടില്‍ മില്‍ക്കും മിനറല്‍ വാട്ടറും ശീലിച്ച അമുല്‍ബേബികളും പരിഹാസത്തെക്കാള്‍ അടിയന്തര പരിഗണന അര്‍ഹിക്കുന്നവരാണ്. ചെറുതും വലുതുമായ ലൈംഗിക ചൂഷണങ്ങളുടെ സാധ്യതകളേയും ക്യാംപുകളില്‍ തള്ളിക്കളയാനാവില്ല എന്ന ഒരു സ്‌കൂള്‍ കൗണ്‍സലറുടെ ശബ്ദം താഴ്ത്തിയുള്ള അഭിപ്രായവും ക്യാമ്പ് നല്‍കുന്ന സവിശേഷ പാഠമാണ്. 

ഒരുപക്ഷേ, ദുരന്തമുഖത്തുനിന്നു അവയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതോ വേണ്ടെന്നു വയ്ക്കുന്നതോ ആവാം. ഏതായാലും കുതിച്ചെത്തിയ വെള്ളം കൊണ്ടുവന്നത് മലയാളിക്ക് ഇതുവരെ അന്യമായിരുന്ന പാഠങ്ങള്‍ തന്നെ. ഇടുക്കിയില്‍ വലിയ മഴ തുടര്‍ച്ചയായി പെയ്തു. പെരിയാറിന്റെ തീരങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. ഇവിടെയൊരു വീടുണ്ടായിരുന്നു എന്നു പറയാന്‍ മാത്രം പറ്റുന്ന അവസ്ഥയിലേക്കായി കാര്യങ്ങള്‍. കുട്ടികള്‍ കുറേയൊക്കെ നേരത്തെ മറ്റു ജില്ലകളെക്കാള്‍ കൂടുതല്‍ ഇടുക്കിയിലെ കുട്ടികളെ വളരെ ഗുരുതരമായി ഈ ദുരന്തം ബാധിക്കാനുള്ള പ്രധാന കാരണം, ദുരന്തത്തിനു മുന്‍പുതന്നെ വളരെ പിന്നോക്കാവസ്ഥയിലുള്ള മനുഷ്യരാണ് ഇവിടെ ഏറിയപങ്കും എന്നുള്ളതുകൊണ്ടാണ്. കുട്ടികള്‍ പഠിക്കാന്‍ പോകുന്നതുതന്നെ വളരെയധികം വെല്ലുവിളികളെ തരണം ചെയ്താണ്. കിലോമീറ്ററുകളോളം നടന്നും മറ്റും ആണ് പലരും സ്‌കൂളുകളില്‍ എത്തുന്നത്. ഈ ദുരന്തത്തെ തുടര്‍ന്ന് ഇവരുടെ പാഠപുസ്തകങ്ങളും ബാഗുകളും വസ്ത്രങ്ങളും വീട്ടുസാധനങ്ങളുമൊക്കെ പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. ഇനി ഈ കുടുംബങ്ങളെല്ലാം പൂജ്യത്തില്‍നിന്നാണ് ആരംഭിക്കേണ്ടത്. കൂലിപ്പണിക്കാരും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവരോ ആണ് അധികവും. 
ഇവര്‍ വീണ്ടും ജോലിക്കുപോയി തുടങ്ങുമ്പോള്‍ അന്നന്നത്തെ

ഭക്ഷണത്തെക്കുറിച്ചാണ് ആദ്യം ചിന്തിക്കുക. അതു കഴിഞ്ഞാല്‍ വീട്ടുസാധനങ്ങള്‍ ആദ്യം മുതല്‍ വാങ്ങണം. അതിനിടയില്‍ മാറ്റി വെയ്ക്കാനാവുന്നത് എന്തെന്ന ചോദ്യം ഉണ്ടാവുമ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസമാകും മാറ്റിവെയ്ക്കുക. ചിലരൊക്കെ ഇപ്പോള്‍ത്തന്നെ അങ്ങനെ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. 
44 നദികള്‍, 650-ഓളം കിലോമീറ്റര്‍ നീളമുള്ള കടല്‍ത്തീരം, തടാകങ്ങളും ആറു കായലും കുളങ്ങളും വേറെ. ഈ ജലസമൃദ്ധമായ കേരളത്തില്‍ നീന്തലറിയാവുന്നവര്‍ എത്ര പേരുണ്ട്. എത്ര ശതമാനം കുട്ടികള്‍ക്ക് നീന്തല്‍ അറിയാം ആണിനെത്ര പെണ്ണിനെത്ര? ഇതു പ്രളയാനന്തരം ചോദിക്കേണ്ട ചോദ്യമാണ്. വിദ്യാഭ്യാസ സിലബസില്‍ നീന്തല്‍ പഠനം ഉറപ്പായും ചേര്‍ക്കേണ്ടതിന്റെ പ്രാധാന്യം കൂടി ഗൗരവകരമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. ഡ്രില്‍ കായികാദ്ധ്യാപകന്‍ ഒക്കെയുള്ളതും ഇല്ലാത്തതുമായ സ്‌കൂളുകള്‍ നമുക്കുണ്ട്. നീന്തല്‍ ആ ഗണത്തില്‍ പെടുന്നതേയില്ല. ഒരുപക്ഷേ, ഒരു നീന്തല്‍ക്കുളം നിര്‍മ്മിക്കുന്നതിന്റെ ചെലവായിരിക്കാം അതില്‍നിന്ന് കരിക്കുലത്തെ അകറ്റുന്ന പ്രധാന കാര്യം. എന്നാല്‍ അതിനും ബദലുണ്ട്. ഏത് സ്‌കൂളില്‍നിന്നും അധികം ദൂരെയല്ലാതെ ഒരു പുഴയോ കുളമോ ആറോ കാണും. തദ്ദേശീയമായി അതിന്റെയൊരു ഭാഗം നീന്തല്‍ പരിശീലനത്തിനു സജ്ജമാക്കുകയും അതിന്റെ സംരക്ഷണവും ചുമതലയും കുട്ടികള്‍ക്കും സ്‌കൂളിനും രക്ഷകര്‍ത്താക്കള്‍ക്കും കൊടുത്താല്‍, അതു കാര്യക്ഷമമായി തുടര്‍ന്നാല്‍ കേരളത്തില്‍ മണ്ണിന്റേയും പുഴയുടേയും സംരക്ഷണം ഇതിനേക്കാള്‍ ഭംഗിയായി ആര്‍ക്ക് നിര്‍വ്വഹിക്കാനാവും. അതിജീവനത്തിന്റേയും പ്രകൃതിസ്‌നേഹത്തിന്റേയും പുതിയ അദ്ധ്യായം തന്നെയായിരിക്കുമത്. സംശയമില്ല.

ഇപ്പോള്‍ പ്രാഥമികമായി ദുരന്തം അതീജിവിച്ചുവെങ്കിലും തകര്‍ന്നില്ലാതായ വീട്ടിലേക്ക് പെട്ടെന്നു ചെന്നുകയറുമ്പോള്‍ അതു താങ്ങാനാവാത്ത അനുഭവമായിരിക്കും. ഇരുട്ടില്‍ തപ്പുന്ന ഭീതി വളരെക്കാലം അതു കുട്ടികളേയും ബാധിച്ചേക്കാം. വീട് നഷ്ടപ്പെട്ടിട്ടില്ലാത്തവരുടെ കാര്യത്തിലും ആശയ്ക്കു വകയുണ്ടെന്നു കരുതേണ്ട. സര്‍വ്വതും പൂജ്യത്തില്‍നിന്നു തുടങ്ങേണ്ടിവരും. മാതാപിതാക്കളുടെ തൊഴില്‍സാഹചര്യങ്ങള്‍ നഷ്ടപ്പെടുന്നതു പ്രളയത്തില്‍ അകപ്പെട്ടതിനു സമാനമായ അവസ്ഥ തന്നെയാവും സൃഷ്ടിക്കുക. കൃഷി നശിച്ച കുടുംബങ്ങളെ സംബന്ധിച്ചു പെട്ടെന്നൊരു നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യം വലിയ ട്രോമയാണ് സൃഷ്ടിക്കുക. ലോണ്‍ എടുത്തു ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയവരെ സംബന്ധിച്ചിടത്തോളം പ്രളയത്തില്‍പ്പെട്ടില്ലെങ്കിലും ജീവിതസാഹചര്യങ്ങളില്‍ നേരിട്ടല്ലാതെ ദുരന്തം ബാധിക്കുമ്പോള്‍ ജീവിതം വഴിമുട്ടി പോയേക്കാം. 
ഓര്‍ക്കുക, അറിഞ്ഞായാലും അറിയാതെയായാലും ഇതു മുഴുവന്‍ ആ വീട്ടിലെ കുഞ്ഞുമനസ്സുകളെ ചവിട്ടിക്കുഴക്കും. മാതാപിതാക്കളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങള്‍ കുട്ടികളേയും ബാധിക്കും. ഇതൊക്കെ മാറണമെങ്കില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരും. പണത്തെക്കാളേറേ ശാസ്ത്രബോധമുള്ള വലിയ മനുഷ്യാദ്ധ്വാനവും കൂട്ടായ്മയുമാണ് ഇതിന് വേണ്ടിവരുക. ?

ഇടപെടലുകള്‍ വൈകരുത്, അവര്‍ നമ്മുടെ കുഞ്ഞുങ്ങളാണ്
സി.ജെ. ആന്റണി 
ബാലാവകാശ കമ്മിഷന്‍ ആക്ടിങ്ങ് ചെയര്‍മാന്‍
കേരളത്തിലെ ഓരോ പ്രദേശങ്ങള്‍ക്കും സവിശേഷമായ ഓരോ പ്രത്യേകതകളുണ്ട്. അതുകൂടി കണക്കിലെടുത്തു വേണം അതാതിടങ്ങളിലെ കുട്ടികളെ കൈകാര്യം ചെയ്യാന്‍. ഇപ്പോള്‍ എല്ലാ പഞ്ചായത്തുകളിലും ചൈല്‍ഡ് പ്രൊട്ടകക്ഷന്‍ കമ്മിറ്റികളുണ്ട്. പഞ്ചായത്ത് പ്രസിഡന്റും സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണും ഉള്‍പ്പെടെയുള്ളവരാണ്  സൂപ്പര്‍വൈസര്‍മാരായി  ഉള്ളത്. എന്തു തരം ഇടപെടലുകളാണ് നടത്തേണ്ടത് എന്നതു മനസ്സിലാക്കാന്‍ വേണ്ടുന്ന നൈപുണ്യം ചിലപ്പോള്‍ പഞ്ചായത്ത് കമ്മിറ്റികള്‍ക്കും ഉണ്ടാകണമെന്നില്ല. അതുകൊണ്ട് അവരെ അതിനു സഹായിക്കാന്‍ തക്കവണ്ണമുള്ള നടപടികളും ബോധന ശ്രമങ്ങളും വേണം. അതിനു വലിയ സമയമെടുക്കരുത്. ഇതു നമ്മുടെ കുട്ടികളുടെ കാര്യമാണ്, നാടിന്റെ ഭാവിയുടെ കാര്യമാണ് എന്ന ധാരണ വേണം. ജില്ലാ തലത്തിലുള്ള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ ഇതൊക്കെ കൃത്യമായി ഫോളോഅപ്പ് ചെയ്ത് നടത്തിയെടുക്കാന്‍ സാധിച്ചാല്‍ ഒരു പരിധിവരെ നമ്മള്‍ വിജയിച്ചേക്കാം .

തിരിച്ചുവരവിന്റെ ബാലപാഠങ്ങള്‍
അബിന്‍ 
പത്തനംതിട്ട ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ 
പത്തനംതിട്ടയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ മറ്റു പ്രദേശങ്ങളില്‍നിന്നു വ്യത്യസ്തമായി വെള്ളവുമായി അത്ര പരിചയമില്ലാത്ത അല്ലെങ്കില്‍ കുട്ടനാട്ടിലേയോ തീരപ്രദേശങ്ങളിലേയോ പോലെ വെള്ളത്തെ അടുത്തറിയാത്ത നിരവധി കുട്ടികളുണ്ട്. പലര്‍ക്കും നീന്തല്‍പോലും അറിയില്ല. അതിനെക്കാള്‍ ഉപരിയായി എന്‍.ആര്‍.ഐകള്‍ കൂടുതലുള്ള പ്രദേശം കൂടിയാണ്. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പ്രതിസന്ധിയെ തരണം ചെയ്യാന്‍ ബുദ്ധിമുട്ട് കുടുതലാണ്. സ്‌കൂളിലും വീടുകളിലുമൊക്കെ കൗണ്‍സിലര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി എല്ലാം കുട്ടികളുടേയും പ്രശ്‌നങ്ങള്‍ പഠിച്ചു വരികയാണ്. നഷ്ടപ്പെട്ട പുസ്തകങ്ങളൊക്ക കുട്ടികള്‍ക്ക് വൈകാതെ കിട്ടും. പക്ഷേ, വസ്ത്രങ്ങള്‍ ഇല്ലാത്തതാണ് കുട്ടികള്‍ സ്‌കൂളുകളില്‍ എത്താത്തതിനു പ്രധാന കാരണങ്ങളിലൊന്ന്. വീട് പോലും തകര്‍ന്ന അവസ്ഥയില്‍ പുതിയ വസ്ത്രങ്ങളെക്കുറിച്ച് ഇവര്‍ക്ക് ചിന്തിക്കാനാവില്ല. അതിനാണ് അടിയന്തര പരിഹാരം കാണേണ്ടത്. സ്പോണ്‍ര്‍ഷിപ്പിലൂടെ വസ്ത്രങ്ങളും സ്‌കൂള്‍ ബാഗുകളും സംഘടിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വീട് പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്ന വലിയ ബന്ധുബലമില്ലാത്ത കുട്ടികളുണ്ട്. ചില കുട്ടികള്‍ക്ക് അച്ഛനില്ല. അങ്ങനെയുള്ള കുട്ടികളെ താല്‍ക്കാലികമായി സ്ഥാപനങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും നടക്കുന്നുണ്ട്. സൈക്കോ സോഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ എന്ന തരത്തില്‍ പുതുതായി പത്തനംതിട്ട ജില്ലയില്‍ കുട്ടികളുടെ സുസ്ഥിരമായ മാനസികാവസ്ഥയിലേക്ക് തിരികെ എത്തിക്കാന്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്നു വന്ന കലകാരന്മാരേയും കൂടി ഉള്‍പ്പെടുത്തിയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ജില്ലാ ഭരണകൂടത്തിന്റെ പൂര്‍ണ്ണമായ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി പത്തനംതിട്ടയിലെ കുട്ടികള്‍ക്ക് പ്രത്യാശ പകരുന്നതാണ്.

കാലം ഉണക്കട്ടെ മുറിവുകള്‍
സൂസമ്മ മാത്യു 
സി.ഡബ്ലു.സി ചെയര്‍പേഴ്സണ്‍, പത്തനംതിട്ട 
അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം പ്രളയത്തിനുശേഷമുള്ള ഈ കാലം വലിയ ഉത്തരവാദിത്വത്തങ്ങളാണ് നിറവേറ്റാനുളളത്. ദുരന്തത്തെ അതീജിവിച്ച് മടങ്ങിയെത്തിയ കുട്ടികളുടെ മനസ്സ് ഇപ്പോഴും ശാന്തമായിട്ടില്ല. അവരുടെ ശ്രദ്ധ തിരികെ പഠനത്തിലേക്കു തിരിച്ചു വിടേണ്ടതുണ്ട്. കുടുംബത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളും സ്വന്തം കളിപ്പാട്ടങ്ങളോ പുസ്തകങ്ങളോ വസ്ത്രങ്ങളോ ഒക്കെ നഷ്ടപ്പെട്ടതിന്റെ വിഷമതകളും അവര്‍ക്കുണ്ടാകാം. അതുപോലെ തന്നെ ഒരു പക്ഷേ, ഈ പ്രളയത്തിനിടെ അവരുടെ മനസ്സിലേറ്റ ചില മുറിവുകള്‍ ആരോടും പറയാതെ രഹസ്യമാക്കി വെച്ചത് അവരെ വേദനിപ്പിക്കുന്നുണ്ടാകാം. പഠനത്തോടൊപ്പം അവരുടെ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കാനുള്ള ഉത്തരവാദിത്വമാണ് മുന്നിലുള്ളത്. പാഠ്യഭാഗങ്ങള്‍ കുട്ടികളില്‍ താല്‍പ്പര്യം ജനിപ്പിക്കത്തക്കവണ്ണം ലളിതവല്‍ക്കരിച്ചു പറഞ്ഞു കൊടുക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

ഇനിയും മുക്തരാവാത്ത കുട്ടിമനസ്സുകള്‍ 
ദുരന്തകാലം ആണ്‍കുട്ടികളെക്കാള്‍ ദുരിതപൂര്‍ണ്ണമായതു പെണ്‍കുട്ടികള്‍ക്കാണ്. കുളിമുറി കക്കൂസ്, മറുതുണി, തുണിമാറാനുള്ള ഇടം തുടങ്ങിയ പലതിന്റേയും അഭാവം ക്യാംപുകള്‍ പെണ്‍കുട്ടികള്‍ക്ക് നരകതുല്യമാക്കി. അപരിചിതരുടെ മുന്നിലൂടെ നടന്നുപോയി മൂത്രവിസര്‍ജ്ജനം നടത്തേണ്ടുന്ന ഒഴിവാക്കാനായി വെള്ളംകുടിക്കാതെ മണിക്കൂറുകള്‍ കഴിച്ചു കൂട്ടിയ പെണ്‍കുട്ടികള്‍, മറുവസ്ത്രവും നാപ്കിനുകളും ആഹാരത്തെക്കാള്‍ ആവശ്യമുണ്ടായിട്ടും ചോദിക്കാതിരുന്നവര്‍, പച്ചവെള്ളം കുടിക്കാന്‍ മടികാണിച്ച് ബോട്ടില്‍ മില്‍ക്കും മിനറല്‍ വാട്ടറും ശീലിച്ച അമുല്‍ ബേബികളും പരിഹാസത്തെക്കാള്‍ അടിയന്തര പരിഗണന അര്‍ഹിക്കുന്നവരാണ്. ചെറുതും വലുതുമായ ലൈംഗികചൂഷണങ്ങളുടെ സാധ്യതകളേയും ക്യാംപുകളില്‍ തള്ളിക്കളയാനാവില്ല എന്ന ഒരു സ്‌കൂള്‍ കൗണ്‍സിലറുടെ ശബ്ദം താഴ്ത്തിയുള്ള അഭിപ്രായവും ക്യാമ്പ് നല്‍കുന്ന സവിശേഷ പാഠമാണ്. ഒരുപക്ഷേ, ദുരന്തമുഖത്തുനിന്നു അവയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതോ വേണ്ടെന്നു വയ്ക്കുന്നതോ ആവാം. ഏതായാലും കുതിച്ചെത്തിയ വെള്ളം കൊണ്ടുവന്നത് മലയാളിക്ക് ഇതുവരെ അന്യമായിരുന്ന പാഠങ്ങള്‍ തന്നെ. ഇനിയും പ്രളയം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട് എന്ന പാഠവും അതിനൊപ്പം ചേര്‍ക്കാം. അതുകൊണ്ടുതന്നെ പേടിയുള്ള ഒരു അനുഭവം എന്നതിനെക്കാള്‍ നേരിടാനുള്ള പ്രാപ്തിയാണ് ഇനി ഉണ്ടാവേണ്ടത്. അതിനു തക്കവണ്ണ കുട്ടികള്‍ക്കു മേലുള്ള സാമൂഹ്യ മനഃശാസ്ത്രപരമായ ഇടപെടലുകളാണ്  ഉണ്ടാവേണ്ടത്.
ഇടുക്കിയില്‍ വലിയ മഴ തുടര്‍ച്ചയായി പെയ്തു. പെരിയാറിന്റെ തീരങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. ഇവിടെയൊരു വീടുണ്ടായിരുന്നു എന്ന പറയാന്‍ മാത്രം പറ്റുന്ന അവസ്ഥയിലേക്കായി കാര്യങ്ങള്‍. കുട്ടികള്‍ കുറേയൊക്കെ നേരത്തെ തന്നെ കുടുംബത്തോടൊപ്പം ക്യാംപുകളിലേക്ക് മാറിയിരുന്നു. അതേസമയം കുട്ടികളും വീട്ടുകാരും വീട് തകര്‍ന്നപ്പോള്‍ മരണപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മറ്റ് ജില്ലകളെക്കാള്‍ കൂടുതല്‍ ഇടുക്കിയിലെ കുട്ടികളെ വളരെ ഗുരുതരമായി ഈ ദുരന്തം ബാധിക്കാനുള്ള പ്രധാന കാരണം, ദുരന്തത്തിനു മുന്‍പുതന്നെ വളരെ പിന്നോക്കാവസ്ഥയിലുള്ള മനുഷ്യരാണ് ഇവിടെ ഏറിയപങ്കും എന്നുള്ളതുകൊണ്ടാണ്. കുട്ടികള്‍ പഠിക്കാന്‍ പോകുന്നതുതന്നെ വളരെയധികം വെല്ലുവിളികളെ തരണം ചെയ്താണ്. കിലോമീറ്ററുകളോളം നടന്നും മറ്റും ആണ് പലരും സ്‌കൂളുകളില്‍ എത്തുന്നത്. ഈ ദുരന്തത്തെ തുടര്‍ന്ന് ഇവരുടെ പാഠപുസ്തകങ്ങളും ബാഗുകളും വസ്ത്രങ്ങളും വീട്ടുസാധനങ്ങളുമൊക്കെ പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. ഇനി ഈ കുടുംബങ്ങളെല്ലാം പൂജ്യത്തില്‍നിന്നാണ് ആരംഭിക്കേണ്ടത്. കൂലിപ്പണിക്കാരും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവരോ ആണ അധികവും. ഇവര്‍ വീണ്ടും ജോലിക്കുപോയി തുടങ്ങുമ്പോള്‍ അന്നന്നത്തെ ഭക്ഷണത്തെക്കുറിച്ചാണ് ആദ്യം ചിന്തിക്കുക. അതുകഴിഞ്ഞാല്‍ വീട്ടുസാധനങ്ങള്‍ ആദ്യം മുതല്‍ വാങ്ങണം. അതിനിടയില്‍ മാറ്റി വെക്കാനാവുന്നത് എന്തെന്ന ചോദ്യം ഉണ്ടാവുമ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസമാകും മാറ്റിവെക്കുക. ചിലരൊക്കെ ഇപ്പോള്‍ തന്നെ അങ്ങനെ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. 

ആഴങ്ങളില്‍ വിഷാദത്തിന്റെ അലകള്‍
ഫാദര്‍ ജിജോ കുര്യന്‍
ഇടുക്കിയില്‍ കുട്ടികളെ നന്നായി ഈ ദുരന്തം ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നേരില്‍ കണ്ട കുട്ടികള്‍ പലരും ഇപ്പോഴും രാത്രികളില്‍ ഉറക്കത്തില്‍ ഞെട്ടി എഴുന്നേല്‍ക്കുകയും കരയുകയും ചെയ്യുന്നതായി രക്ഷിതാക്കള്‍ പറയുന്നുണ്ട്. ഇന്നും ഞാനൊരു കുട്ടിയ കണ്ടു. അവന്റെ കൂട്ടുകാരന്‍ തൊട്ട് അയല്‍പക്കത്ത് താമസമുണ്ടായിരുന്നു. ഉരുള്‍പൊട്ടലില്‍ അവന്റെ വീട് തകരുന്നത് ഇവന്‍ കണ്ടു. ആ കുട്ടിയും കുടുംബവും അതിനുള്ളില്‍പ്പെട്ടു പോയി എന്നാണ് അവന്‍ കരുതിയത്. യഥാര്‍ത്ഥത്തില്‍ ആ കുടുംബം രക്ഷപ്പെട്ടിരുന്നു. പക്ഷേ, ഈ കുട്ടി ഇപ്പോഴും ആ ഷോക്കില്‍നിന്നു മുക്തനായിട്ടില്ല. സംസാരം കുറവാണ്. രാത്രിയില്‍ കരയുകയും ഞെട്ടുകയുമൊക്കെ ചെയ്യുന്നതായി ആണ് മാതാപിതാക്കള്‍ പറയുന്നത്. ഇത്തരം ട്രോമകള്‍ നിരവധി കുട്ടികളെ ബാധിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാന്‍ അവര്‍ക്ക് വലിയ പിന്തുണ എത്രയും വേഗം ലഭ്യമാക്കേണ്ടതുമുണ്ട്. ടീനേജുകാരായ പെണ്‍കുട്ടികളാണ് യഥാര്‍ത്ഥത്തില്‍ ഇതിനെക്കാള്‍ വലിയ മാനസികസംഘര്‍ഷത്തിലൂടെ കടന്നുപോകുന്നത്. മാതാപിതാക്കള്‍ക്ക് ഇവരുടെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായാല്‍ ഇവരുടെ ഭാവി എന്താകുമെന്നാണ് ഭയം. ഇനി ജീവിതം മുന്നോട്ടുണ്ടോ എന്നുപോലും ഇവര്‍ ഭയക്കുന്നു. കൗമാരപ്രായം എന്നു പറയുമ്പോള്‍ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്ന പ്രായമാണ്. കൊച്ചുകുട്ടികളെപ്പോലെയല്ല. അതുകൊണ്ടുതന്നെ ഇവര്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷം വലുതാണ്. എല്ലാ ജില്ലകളിലേയും പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ അവസ്ഥ ഇതാണ്. 
കുട്ടികളുടെ പാഠപുസ്തകങ്ങളും ബാഗുകളും യൂണിഫോമുകളും ഒക്കെ നഷ്ടപ്പെട്ട സാഹചര്യത്തില്‍ അതൊക്കെ കൊടുക്കണം എന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നുണ്ടെങ്കിലും ബ്യുറോക്രസിയുടെ നൂലാമാലകളില്‍പ്പെട്ട് അവയൊന്നും ഇപ്പോഴും ഇവര്‍ക്ക് ലഭ്യമായിട്ടില്ല.ക്യാംപില്‍ നിന്ന് കിട്ടിയ ഒരു ജോഡി ഡ്രസ്സല്ലാതെ മറ്റൊന്ന് കൂടി അവര്‍ക്കില്ല. പലരും ഒരു ജോഡി ഡ്രസ്സ് കൂടി കിട്ടുമോ എന്നാണ് ചോദിക്കുന്നത്.എത്രയും നേരത്തെ വിദ്യാഭ്യാസവകുപ്പ് കാര്യങ്ങള്‍ ശരിയാക്കി എടുക്കേണ്ടതുണ്ട്. അവരുടെ വിദ്യാഭ്യാസം തടസ്സപ്പെടാന്‍ പാടില്ല. ഇനിയൊരു നല്ല ഭാവി സാധ്യമാകുമോ എന്നാണ് അവരുടെ ഭയം. ഇടുക്കിയിലെ ഭൂരിപക്ഷം പേരെയും സംബന്ധിച്ച് അവരുടെ ജീവിതകാലത്ത് ഇനിയൊരു വീട് പോലും കെട്ടിയുയര്‍ത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ഇനി അവരുടെ ഏക പ്രതീക്ഷ അവരുടെ മക്കളാണ്. കുട്ടികള്‍ പഠിച്ച് ഏതെങ്കിലും നിലയില്‍ എത്തിയാലെ അവര്‍ ആദ്യം ജീവിച്ച രീതിയിലേക്ക് മടങ്ങിയെത്താന്‍ സാധിക്കു. കാര്‍ഷിക മേഖല പൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നു. അതും വരും കാലങ്ങളില്‍ ജീവിതോപാധിയായി കാണാനാവില്ല.

ഹൈറേഞ്ചില്‍നിന്നു സ്വാഭാവികമായി വലിയൊരു കുടിയിറക്കം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അപ്പോഴും കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയുമാണ് തടസ്സപ്പെടുന്നത്.ഇടുക്കിയെ സംബന്ധിച്ചിടത്തോളം ഉള്‍മേഖലകളില്‍ അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയ കുട്ടികള്‍ അല്ലെങ്കില്‍ അവിഹിതബന്ധത്തിലുണ്ടായ കുട്ടികള്‍ എന്നൊക്കെ സമൂഹം കരുതുന്ന നിരവധി കുട്ടികളുണ്ട്. ഇന്നുതന്നെ അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയ മൂന്നു കുട്ടികളുടെ കാര്യം ഞാന്‍ നേരിട്ട് ഇടപെടുകയുണ്ടായി. അവര്‍ക്ക് ഇപ്പോള്‍ വീടില്ല. അവരൊക്കെ ബന്ധു വീടുകളിലും അയല്‍വീടുകളിലും മറ്റുമാണ് കഴിയുന്നത്. രണ്ട് മുറികളൊക്കെ മാത്രമുള്ള വീടുകളിലാണ് അവര്‍ അഭയം തേടിയത്. അവിടങ്ങളിലൊക്കെ ഈ കുട്ടികള്‍ എത്രമാത്രം സുരക്ഷിതരായിരിക്കും, ഇവരുടെ ഭാവി എന്താകും എന്നും ഇക്കാലത്ത് ഭയക്കണം. പ്രളയത്തിനു പിന്നാലെ കുടുംബത്തെ ഉപേക്ഷിച്ചുപോയ അച്ഛന്മാര്‍ പോലുമുണ്ട്. ഇന്നു ഞാന്‍ വളരെ നന്നായി പഠിക്കുന്ന രണ്ട് കുട്ടികളെ കണ്ടിരുന്നു. പ്ലസ് വണ്‍ പ്ലസ് ടുവില്‍ പഠിക്കുന്ന അവരെ ഇനി തുടര്‍ന്നു പഠിപ്പിക്കണമൊ എന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഒരു തീരുമാനത്തിലെത്താന്‍ സാധിക്കുന്നില്ല. കാരണം അവര്‍ക്ക് അതു താങ്ങാനാവില്ല. ഇടുക്കിയില്‍ അടിമാലി ഭാഗത്തൊക്കെ താരതമ്യേന ഭേദപ്പെട്ട സാമ്പത്തികാവസ്ഥയിലുള്ളവരും ദുരന്തത്തിനിരകളായിട്ടുണ്ട്. പക്ഷേ, അവരുടെ കുട്ടികള്‍ പാവപ്പെട്ട കുട്ടികലുടെ അവസ്ഥയെക്കുറിച്ചാണ് ചിന്തിക്കുന്നത്. എന്റെ അച്ഛനും അമ്മയ്ക്കും ജോലിയുണ്ട്. ഞങ്ങള്‍ക്ക് ഇനിയും എല്ലാം നേരെയാക്കാനാകും. പക്ഷേ, എന്റെ കൂട്ടുകാരന്റെ അവസ്ഥ മോശമാണ്. അവനുവേണ്ടി എന്തെങ്കിലും ചെയ്യാനാകുമോ എന്നു ചിന്തിക്കുന്ന കുട്ടികളുമുണ്ട്.

മലയാളിയുടെ നല്ലതും ചീത്തയുമായ പലതും കവര്‍ന്നെടുത്ത പച്ചവെള്ളത്തിന്റെ പാച്ചില്‍ ഇപ്പോഴും തര്‍ക്കിച്ചും പഠിച്ചും ബഹളം വെച്ചും സൂക്ഷ്മമായി നിരീക്ഷിച്ചും കൂടുതല്‍ ആഴങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, കുഞ്ഞുമനസ്സുകളില്‍ അതേല്‍പ്പിച്ച ആഘാതം ഭാവി കേരളത്തിന്റെ നിര്‍മ്മിതിയെ ആവും ബാധിക്കുക. ആ കുഞ്ഞുമനസ്സുകള്‍ അടങ്ങിക്കഴിഞ്ഞു എന്നു കരുതരുത്. അടുത്ത നിമിഷം അതൊരു പുതുമഴയായി, പേമാരിയായി പെയ്തിറങ്ങാം. കാണാതായ നോട്ടബുക്കോ തിരിച്ചു കിട്ടിയ നോട്ട്ബുക്കിലെ മയില്‍പീലി തുണ്ടോ ആ മനസ്സുകളില്‍ ഉരുള്‍പൊട്ടലുകള്‍ സൃഷ്ടിച്ചേക്കാം. മറ്റെന്തിനേയും കാള്‍ പ്രധാന്യത്തോടെ ഇവ ഇഴകീറി പരിശോധിക്കുകതന്നെ വേണം. വര്‍ത്തമാനദുരിതത്തിന്റെ അതിജീവനത്തിനും വരുകാല സൃഷ്ടികളെ ഭയക്കാതിരിക്കാനും നവകേരള സൃഷ്ടിക്ക് സാധുത നല്‍കാനും അത് അത്യാവശ്യമാണ്.

അവരുടെ നഷ്ടങ്ങളെ നിസാരവല്‍ക്കരിക്കരുത്
ഡോ. സി.ജെ. ജോണ്‍ മാനസികരോഗ വിദഗ്ധന്‍, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍
ദുരന്തം നേരിട്ട് അനുഭവിച്ച കുട്ടികളും വാര്‍ത്തകളിലൂടെ അറിഞ്ഞ കുട്ടികളും ഒരുപോലെ ഭയത്തിന് അടിമപ്പെടാം. കുട്ടികളുടെ വ്യക്തിത്വ രൂപീകരണ ഘട്ടത്തില്‍ വരുന്ന ആഘാതമാണിത് എന്നതു കൊണ്ടു തന്നെ ഇതിനെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന കുട്ടികളെപ്പോലെതന്നെ ഇവരുടെ പ്രശ്‌നങ്ങളും ഗൗരവത്തോടെ കാണേണ്ടതുണ്ട്. ചെറിയ ശബ്ദങ്ങള്‍പോലും പേടിപ്പിക്കുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്ന കുട്ടികളുണ്ടാവാം. ഒരുപക്ഷേ, ഇനിയങ്ങോട്ട് മഴയെപ്പോലും അകാരണമായി ഭയക്കുന്ന കുട്ടികളും ഉണ്ടായേക്കാം. മഴയും ഇപ്പോഴത്തെ ആഘാതവും തമ്മിലുള്ള ബന്ധം അതിലേക്കൊക്കെ എത്തിച്ചേക്കാം.
മാതാപിതാക്കള്‍ക്ക്  ഉണ്ടായിട്ടുള്ള ധനനഷ്ടം ബാധിക്കുന്ന കുട്ടികളും ഉണ്ടായേക്കാം. പക്ഷേ, ആ നഷ്ടങ്ങളെ കുട്ടികളുടെ മനോവികാസത്തിന്റെ തലത്തില്‍നിന്നു വേണം മനസ്സിലാക്കാന്‍. മുതിര്‍ന്നവര്‍ കാണുന്ന പലതുമാവില്ല കുട്ടികളെ ബാധിക്കുക. എന്റെ മുന്നില്‍ വന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവള്‍ അമ്പലപറമ്പുകളില്‍നിന്നു പലപ്പോഴായി വാങ്ങികൂട്ടിയ വളകള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള സങ്കടത്തിലാണ്. കഷ്ടിച്ച് പത്ത് വയസ്സുള്ള അവളെ പോലെയുള്ള കുട്ടികളുടെ നഷ്ടങ്ങള്‍ അവരുടെ മാനസികവികാസത്തിന്റെ തലത്തില്‍നിന്നുകൊണ്ടു വേണം മനസ്സിലാക്കാന്‍. അവരുടെ നഷ്ടങ്ങള്‍ എന്താണെന്നു തിരിച്ചറിയുകയും അത് അവരുടെ പ്രായത്തില്‍ സ്വാഭാവികമാണെന്നും ആ നഷ്ടമാണ് അവരെ വേദനിപ്പിക്കുന്നത് എന്നും മുതിര്‍ന്നവര്‍ മനസ്സിലാക്കണം. അമ്പലപ്പറമ്പില്‍നിന്നു നിസ്സാര വിലയ്ക്ക് കിട്ടുന്ന കുറച്ച് വള പോയതല്ല, കാറില്‍ വെള്ളം കയറിയതോ ടി.വി കേടായതോ ഫ്രിഡ്ജ് കേടായതോ ആണ് വലുത് എന്നു ചൂണ്ടിക്കാട്ടി അതിനെ നിസ്സാരവല്‍ക്കരിക്കരുത്. മുതിര്‍ന്നവര്‍ അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കങ്ങള്‍ കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. കാരണം കേരളീയ സാഹചര്യത്തില്‍ നമ്മളാരും സാമ്പത്തിക ഞെരുക്കങ്ങളനുസരിച്ച് കുട്ടികളുടെ ആവശ്യങ്ങള്‍ ചുരുക്കാന്‍ അവരെ പഠിപ്പിക്കാറില്ല.
ഒരുപാട് പ്രതികൂല സാഹചര്യങ്ങളില്‍ക്കൂടി കടന്നുപോയ കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ഉള്‍ക്കരുത്ത് കുറച്ചുകൂടി കൂടുതലായിരിക്കാം. ഭൂമിശാസ്ത്രപരമായി എല്ലാവര്‍ഷവും പ്രകൃതിയുടെ തല്ലലും ബുദ്ധിമുട്ടുകളും സഹിച്ച വളരുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് കുറച്ചുകൂടി മനസ്സൊരുക്കം ഉണ്ടായേക്കാം. കേരളത്തിലെ പ്രത്യേക വളര്‍ത്തല്‍ ശൈലികളും സ്വഭാവവുമുള്ള മദ്ധ്യവര്‍ഗ്ഗത്തിലെ കുട്ടികളിലായിരിക്കാം ഇപ്പോഴത്തെ ആഘാതം കൂടുതലായി വരുക. നമ്മള്‍ മാതാപിതാക്കള്‍ ഉണ്ടാക്കുന്ന ഒരു അണിത സംരക്ഷണത്തിന്റെ തോടാണ് ഈ ജലം പൊട്ടിച്ചെറിഞ്ഞത്. കുട്ടികള്‍ ചിലപ്പോള്‍ ഒറ്റക്കിരിക്കാന്‍ പേടി കാണിച്ചേക്കാം, അകാരണമായി ഭയക്കാം, ഉറക്കത്തില്‍ ഞെട്ടാം, പെട്ടെന്നു വിഷാദം വരാം. ഇതില്‍ പലതും ഒരു മാസത്തിനുള്ളില്‍ മാറിയേക്കാം. പക്ഷേ, ഒരു മാസം കഴിഞ്ഞും മാറാതെ നില്‍ക്കുകയാണെങ്കില്‍ ആ മുറിവ് കുറേക്കൂടി ഗൗരവമുള്ളതാണെന്നു തിരിച്ചറിയണം. കുട്ടികളുടെ മുന്നില്‍ വല്ലാതെ തുറന്നു വ്യാകുലപ്പെടുകയും വല്ലാതെ മനോസംഘര്‍ഷം പ്രകടിപ്പിക്കുകയുമൊക്കെ ചെയ്യുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്കാണ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവുക.അത് കൊണ്ടാണ് മുറിവുണക്കുന്നതും ഒരു കൂട്ടായ്മയിലൂടെ തന്നെ വേണം എന്ന് പറയുന്നത്. മുതിര്‍ന്നവര്‍ ഒന്നു സമചിത്തത തിരികെ പിടിക്കുന്ന ഘട്ടമാകുമ്പോള്‍ കുട്ടികള്‍ക്ക് ആത്മബലം കൊടുക്കയും അവര്‍ക്കു മുന്നില്‍ ആത്മവിശ്വാസം കൈവിടാതെയിരിക്കുകയും വേണം. പ്രകൃതിയെക്കുറിച്ച് പറഞ്ഞ് കൊടുക്കുകയും മറ്റും ചെയ്ത് എത്രയും വേഗം അവരുടെ സഹജമായ കളികളിലേക്കും കഥകളിലേക്കും പാട്ടുകളിലേക്കും ഒക്കെ തിരിച്ച് എത്തിക്കണം. അവരുടെ ഭയങ്ങളേയും ആശങ്കകളേയും പ്രകടിപ്പിക്കാന്‍ അനുവദിക്കുക.വീട് പോയവര്‍ക്ക് മാത്രമല്ല പ്രശ്‌നം. ഓണത്തിന് നല്ല കച്ചവടം പ്രതീക്ഷിച്ച് ലോണ്‍ എടുത്ത് കാറ്ററിംഗ് ബിസിനസ്സിന് തയ്യാറെടുത്ത ഒരു കുടുംബം വെള്ളം കയറി സാധനങ്ങളെല്ലാം നഷ്ടപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ എന്റെ അടുത്തെത്തി. ഇതുപോലെ മാതാപിതാക്കള്‍ സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുമ്പോള്‍ കുട്ടികളെ പരിപാലിക്കുന്നതിലും പ്രശ്‌നങ്ങളുണ്ടാവാം. സാമ്പത്തികമായ അരക്ഷിതാവസ്ഥ എങ്ങിനെ കൈകാര്യം ചെയ്യണം എന്നറിയാതെ കുഴയുമ്പോള്‍ അവര്‍ തമ്മില്‍ കലഹിച്ചേക്കാം. ഇതു കുട്ടികളേയും ബാധിക്കും. കുറഞ്ഞ പക്ഷം കുട്ടികള്‍ക്ക് മുന്നില്‍ എങ്കിലും നിങ്ങള്‍ നിങ്ങളായിരിക്കുക എന്നതാണ് ഇതിനൊരു പോംവഴി. നിങ്ങളുടെ നഷ്ടങ്ങളും ദുഃഖവും ഞങ്ങള്‍ മനസ്സിലാക്കുന്നു; പക്ഷേ, നിങ്ങളുടെ കുട്ടികള്‍ക്ക് മുന്നില്‍ മനസ്സ് തകര്‍ന്ന മാതാപിതാക്കള്‍ ആവാതെ ആത്മധൈര്യം പകരുന്ന മാതാപിതാക്കളാകാന്‍  ശ്രദ്ധിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com