കുട്ടനാട്ടുകാരുടെ ജലജീവിതം

കൈനകരി കുട്ടമംഗലത്തെ ലിയ എന്ന 11-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടേയും രഞ്ജിത് എന്ന പ്രധാനാധ്യാപകന്റേയും വാക്കിലും നോക്കിലുമുണ്ട് മഹാപ്രളയത്തിന്റെ വെള്ളം ഇനിയുമിറങ്ങാത്ത കുട്ടനാടിന്റെ വിങ്ങലത്രയും.
ചിത്രങ്ങള്‍ - സതീഷ് ബി. പണിക്കര്‍
ചിത്രങ്ങള്‍ - സതീഷ് ബി. പണിക്കര്‍

കൈനകരി കുട്ടമംഗലത്തെ ലിയ എന്ന 11-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടേയും രഞ്ജിത് എന്ന പ്രധാനാധ്യാപകന്റേയും വാക്കിലും നോക്കിലുമുണ്ട് മഹാപ്രളയത്തിന്റെ വെള്ളം ഇനിയുമിറങ്ങാത്ത കുട്ടനാടിന്റെ വിങ്ങലത്രയും. ലിയയ്ക്ക് സ്‌കൂളില്‍ പോയിത്തുടങ്ങാന്‍ ഇനിയും ദിവസങ്ങളോ ആഴ്ചകളോ കാത്തിരിക്കണം; സ്വന്തം വീട്ടിലൊന്നു കയറിയിരിക്കാന്‍പോലും എത്ര ദിവസങ്ങള്‍ കൂടി വേണ്ടിവരുമെന്ന് എത്തുംപിടിയുമില്ല. ഞങ്ങള്‍ കാണുമ്പോള്‍ അരയ്‌ക്കൊപ്പം വെള്ളത്തില്‍നിന്നു വീട് വൃത്തിയാക്കാന്‍ ശ്രമിക്കുന്ന അച്ഛന്‍ തോമസിനെ ഏതുവിധമെങ്കിലും സഹായിക്കാനൊരുങ്ങി അമ്മയ്‌ക്കൊപ്പം നില്‍പ്പാണ്. ദുരിതാശ്വാസ ക്യാമ്പ് നിര്‍ത്തിയപ്പോള്‍ പുന്നപ്ര പറവൂരിലെ ബന്ധുവീട്ടിലേയ്ക്ക് മാറിയതാണ് മത്സ്യത്തൊഴിലാളിയായ തോമസും കുടുംബവും. മൂന്നു പെണ്‍മക്കളില്‍ രണ്ടാമത്തേതാണ് ലിയ. ഇളയ മകള്‍ ഏഴിലും മൂത്ത മകള്‍ പാരാമെഡിക്കല്‍ കോഴ്സും പഠിക്കുന്നു. വീട് വൃത്തിയാക്കി താമസം മാറാന്‍ പറ്റുമോന്നു നോക്കാന്‍ മൂന്നുപേര്‍ മാത്രം വന്നതാണ്. നോക്കുമ്പോള്‍ ഒരു രക്ഷയുമില്ല. എല്ലാം ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നു. എട്ട് വര്‍ഷമായി ഇവിടെ താമസിക്കുന്നു. ''വീട് പഴയതായിരുന്നു. പക്ഷേ, ജീവിച്ചുപോകാമായിരുന്നു. ഇതിപ്പോള്‍ ഭിത്തികള്‍ മുഴുവനും പൊട്ടി. കക്കൂസ് കണ്ടില്ലേ, ഇടിഞ്ഞു കിടക്കുന്നു. കൊച്ചുങ്ങളുടെ പുസ്തകങ്ങളും നമ്മുടെ എല്ലാ സാധനങ്ങളും മാത്രമല്ല, ഇതിന്റെ ആധാരം പോലും അകത്താണ്. വീടിന്റെ അകത്തൊന്നു കയറണമെങ്കില്‍പ്പോലും ഇപ്പോള്‍ നടക്കില്ല. അകത്ത് എന്തൊക്കെ ജീവികളുണ്ടെന്ന് അറിയില്ലല്ലോ'' തോമസ് പറയുന്നു. ക്യാമ്പ് നിര്‍ത്തിയപ്പോള്‍ വേറെ ക്യാമ്പില്‍ സൗകര്യം ചെയ്തുകൊടുക്കാമെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു. പക്ഷേ, ഏതുവിധവും വീടൊന്നു വൃത്തിയാക്കിയെടുക്കാന്‍ പറ്റുമോന്ന് ശ്രമിക്കാന്‍ തീരുമാനിച്ചതുകൊണ്ട് പെണ്‍കുട്ടികളേയും ഭാര്യയേയും അടുത്ത ക്യാമ്പിലേക്ക് വിടാതെ ബന്ധുവീട്ടിലേയ്ക്കു മാറ്റുകയായിരുന്നു. പാടത്തെ വെള്ളം മോട്ടോര്‍ വച്ച് പമ്പു ചെയ്തു കളഞ്ഞാല്‍ മാത്രമേ ഈ വീടുകളിലെയൊക്കെ വെള്ളം ഇറങ്ങൂ. പക്ഷേ, സമയമെടുക്കും. അത് അവര്‍ക്കറിയാം. ആശ്വാസധനം പതിനായിരം രൂപയും കിട്ടിയിട്ടില്ല. കൈനകരി നോര്‍ത്ത് വില്ലേജ് ഓഫീസുമായി ബന്ധപ്പെടണമെന്നാണ് പറഞ്ഞത്. ക്യാമ്പ് വിട്ടപ്പോള്‍ എല്ലാവര്‍ക്കും കൊടുക്കുന്നുവെന്നു പറഞ്ഞ കിറ്റും കിട്ടിയില്ല. അതില്‍ പരാതിപ്പെടുന്നില്ല തോമസ്. ''പോകാനുള്ളതെല്ലാം പോയില്ലേ, അതിനിടയില്‍ ഒരു കിറ്റിനെക്കുറിച്ചു വേവലാതിപ്പെട്ടിട്ടെന്തിനാ'' എന്നാശ്വസിക്കാനാണ് ശ്രമം. അതു പറഞ്ഞ് തോമസ് ചിരിച്ചപ്പോള്‍ അതിലെ കണ്ണീര്‍ നനവ് അറിയാവുന്നതുകൊണ്ട് അമ്മയും മകളും മറ്റുള്ളവരും നിശ്ശബ്ദരായി. മക്കളൊന്നും ഒരിടത്തുമെത്തിയില്ല, ആദ്യം മുതല്‍ തുടങ്ങാനുള്ള പ്രായവുമില്ല എന്ന് തോമസ്.

നെടുമുടിക്കാരന്‍ ബി. രഞ്ജിത് കൈനകരി കുട്ടമംഗലം എസ്.എന്‍.ഡി.പി. എച്ച്.എസ്.എസ്സ് പ്രധാനാധ്യാപകന്‍. അകത്തുനിന്നു വെള്ളമിറങ്ങാത്ത മുറ്റത്തുകൂടി വാരിയെടുത്തുകൊണ്ടുവന്ന സ്‌കൂള്‍ രേഖകള്‍ ഉണക്കാനുള്ള ശ്രമത്തിനിടെയാണ് ഞങ്ങള്‍ കണ്ടത്. 1938-ല്‍ സ്ഥാപിച്ച സ്‌കൂള്‍ ഇത്ര വലിയ വെള്ളത്തിലാകുന്നത് ഇതാദ്യം. അഞ്ച് മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയാണുള്ളതെങ്കിലും സമീപത്തെ ഗവണ്മെന്റ് എല്‍.പി സ്‌കൂളിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതുകൊണ്ട് അധ്യയനവര്‍ഷത്തുടക്കം മുതല്‍ അവിടുത്തെ കുട്ടികളും ഇവിടെയാണ്. ഫലത്തില്‍ ഒന്നു മുതല്‍ 12 വരെയുണ്ട്. വിശാലമായ പരുത്തുവളവ് പാടശേഖരത്തോടു ചേര്‍ന്നാണ് സ്‌കൂള്‍ പരിസരം തുടങ്ങുന്നത്. ഇപ്പോള്‍ പക്ഷേ, വെള്ളം കയറി കായല്‍പോലെയായി മാറിയ പാടശേഖരത്തിന്റെ തന്നെ ഒരറ്റത്തെ ചില കെട്ടിടങ്ങള്‍പോലെ തോന്നിക്കും സ്‌കൂള്‍ കണ്ടാല്‍. മുന്നിലെ ബണ്ടില്‍നിന്നു നോക്കുമ്പോള്‍ കാണുന്നതിലും അമ്പരപ്പിക്കുന്നതാണ് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍നിന്നുള്ള കാഴ്ച. വലിയൊരു സ്‌കൂളാകെ വെള്ളത്തില്‍. എണ്ണൂറോളം കുട്ടികളുള്ള സ്‌കൂള്‍ ജൂലൈ 17 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഒന്നര മാസത്തിലേറെക്കാലം. ഇടയ്‌ക്കൊന്നു തുറന്നെങ്കിലും അടുത്ത ദിവസം വീണ്ടും വെള്ളം മൂലം അടയ്‌ക്കേണ്ടിവന്നു. പത്താം ക്ലാസ്സിനു മാത്രമായി എസ്.എന്‍.ഡി.പിയുടെ തന്നെ മറ്റൊരു കെട്ടിടത്തിന്റെ ഒരു ഭാഗത്ത് താല്‍ക്കാലിക ക്ലാസ്സുകള്‍ സെപ്റ്റംബര്‍ മൂന്നിനു തുടങ്ങി. പക്ഷേ, ഉച്ചവരെയേ ഉള്ളു. കുട്ടികള്‍ക്ക് ശൗചാലയ സൗകര്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് വൈകുന്നേരം വരെ ക്ലാസ്സുകള്‍ നടത്താന്‍ പറ്റില്ല. എല്ലാ ക്ലാസ്സുകളും തുടങ്ങാന്‍ ഇനിയും വൈകും. ''ഇത്രയും വലിയൊരു വെള്ളപ്പൊക്കം പ്രതീക്ഷിച്ചില്ല. അതാണ് പറ്റിയത്.'' സ്‌കൂള്‍ രേഖകളൊക്കെ നനഞ്ഞതിനെക്കുറിച്ച് രഞ്ജിത് പറഞ്ഞു. സാധാരണ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വിധത്തില്‍ എല്ലാം പൊക്കിവച്ചിരുന്നതാണ്. അതിനും മുകളിലായപ്പോള്‍ കൈവിട്ടുപോയി. സ്‌കൂളിനു മുന്നിലെ ബണ്ടില്‍ ഒന്നരയടി വെള്ളമുണ്ടായിരുന്നു. 

ഇതു മാത്രമല്ല, കൈനകരി സെന്റ് മേരീസ് എച്ച്.എസ്. ഹൈസ്‌കൂള്‍, കുപ്പപ്പുറം ഗവണ്‍മെന്റ് എച്ച്.എസ് സ്‌കൂള്‍, ഹോളി ഫാമിലി എച്ച്.എസ്. സ്‌കൂള്‍ എന്നിവയും തുറന്നിട്ടില്ല. ഓഫീസിനുള്ളിലും ക്ലാസ്സ് മുറികളിലും വെള്ളം. എസ്.എസ്.എല്‍.സി ബാച്ച് മാത്രമായി ഇവരെല്ലാം പലയിടത്തു നടത്തുന്നു; പ്രളയം പത്താം ക്ലാസ്സിന്റെ കടമ്പ മുക്കിക്കളയാതിരിക്കാന്‍. ദൂരെ കണിച്ചുകുളങ്ങര ദുരിതാശ്വാസ ക്യാമ്പില്‍നിന്നു വരെ കുട്ടികള്‍ എസ്.എസ്.എല്‍.സി ക്ലാസ്സിനു വരുന്നുണ്ട്. പ്രധാനാധ്യാപകന്റെ വാക്കുകളില്‍ കുട്ടികളുടെ നിസ്സഹായാവസ്ഥ: ''കുട്ടികളിലേറെയും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അവര്‍ക്ക് വീടുകളിലേക്ക് വരാനുള്ള സാഹചര്യം ഇപ്പോഴും ആയിട്ടില്ല.''

പനയ്ക്കച്ചിറക്കാരുടെ ജീവിതം
സുനിലിന്റെ വീട്ടിലേയ്ക്ക് കയറണമെങ്കില്‍ അരയോളം വെള്ളത്തില്‍ നീന്തണം. പത്തില്‍ പഠിക്കുന്ന മകന്റെ പുസ്തകങ്ങള്‍ മുഴുവനും നനഞ്ഞുപോയി. പുസ്തകങ്ങള്‍ ബണ്ടില്‍ ഉണങ്ങാനിട്ടിരിക്കുന്നു. പിരിച്ചുവിട്ട ദുരിതാശ്വാസ ക്യാമ്പില്‍നിന്നു തിരിച്ചുവന്നിട്ട് ഒരാഴ്ചയായി. പക്ഷേ, വീട്ടില്‍ താമസിക്കാന്‍ പറ്റാത്തതുകൊണ്ട് പൂങ്കാവിലെ ബന്ധുവീട്ടിലാണ്. ഇതിനപ്പുറവും ഇപ്പുറവുമായി പത്തോളം വീടുകള്‍ ഇതേ അവസ്ഥയിലുണ്ട്. ചിലര്‍ സുനിലിനെപ്പോലെ വന്നു വീടു നോക്കിയൊക്കെ നില്‍ക്കുന്നു. ചിലര്‍ വന്നുപോയി. മറ്റു ചിലര്‍ ഇങ്ങോട്ടു വരാതെ ഏതൊക്കെയോ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നു. പാടശേഖരസമിതി മോട്ടോര്‍ വച്ച് വെള്ളം പമ്പു ചെയ്ത് നീക്കും; അപ്പോഴേയ്ക്ക് വെള്ളമിറങ്ങും എന്ന് പൊതുവേ പറയാനല്ലാതെ എന്നത്തേക്ക് അതൊക്കെ നടക്കും എന്നറിയില്ല. മോട്ടോറുകള്‍ വെള്ളം കയറിയതുമൂലം നന്നാക്കിയെടുക്കാന്‍ കരാറുകാര്‍ വലിയ തുക ചോദിക്കുന്നു എന്നതുള്‍പ്പെടെ അഭ്യൂഹങ്ങള്‍ക്കും നടുവിലാണ് ഇവര്‍. നാനൂറോളം പാടശേഖരങ്ങളിലായി ആയിരത്തിയഞ്ഞൂറിലധികം മോട്ടോറുകളും വെള്ളത്തിലാണ് കുട്ടനാട്ടില്‍. പഞ്ചായത്തില്‍നിന്ന് ഉദ്യോഗസ്ഥര്‍ വന്നിട്ട് കൈമലര്‍ത്തി തിരിച്ചുപോയി. സുനില്‍ ഹോട്ടലില്‍ പാചകക്കാരനാണ്. ഹോട്ടല്‍ തുറക്കാന്‍ പറ്റാത്തതുകൊണ്ട് ജോലിയില്ല. സ്വന്തമായി പാചകം ചെയ്യാന്‍ ഒന്നുമില്ല താനും.

മടവീണ് പുരയ്ക്കകത്ത് വെള്ളം കയറിയത് ഇനിയും ഇറങ്ങാത്തതു നോക്കി എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന സ്ത്രീയെ കണ്ടു. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും മകന്റെ കുഞ്ഞിന് പ്രളയം കണ്ട് പേടിച്ച് പനി വന്നതുകൊണ്ട് ആശുപത്രിയും അതുകഴിഞ്ഞു മകന്റെ വീടുമൊക്കെയായി കഴിയുകയായിരുന്നു. അത് അക്കരെയാണ്. അവരുടെ വീട്ടിലും വെള്ളം കയറിയപ്പോള്‍ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറി. ഇപ്പോള്‍ വീടൊന്നു നോക്കി സ്ഥിതി അറിയാന്‍ വന്നതാണ്. തൊട്ടടുത്ത് പൊന്നപ്പന്റെ വീടും വെള്ളത്തില്‍. പൊന്നപ്പനും കുടുംബവും വന്നിട്ടില്ല. ക്യാമ്പില്‍നിന്നു പോന്നെങ്കിലും വീട്ടിലേയ്ക്ക് വരാന്‍ പറ്റാതെ മറ്റെവിടെയോ. കറന്റില്ല, കുടിവെള്ളമില്ല. തലേന്ന് മന്ത്രി ജി. സുധാകരന്‍ വന്നിരുന്നു. എത്രയും വേഗം വെള്ളം വറ്റിച്ചുകൊടുക്കാമെന്ന് അദ്ദേഹം ഉറപ്പ് കൊടുത്തു. അതില്‍ പ്രതീക്ഷ വച്ചിരിക്കുന്നു അവര്‍. ''മന്ത്രി സ്പീഡാക്കിയിട്ടാ പോയത് പക്ഷേ, ഇവരല്ലേ ചെയ്യേണ്ടത്'' എന്ന് ഉദ്യോഗസ്ഥരെ ഉദ്ദേശിച്ച് സുനില്‍ പറയുന്നു. ഇങ്ങനെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്ന നിരവധി പേരെ കണ്ടു. സര്‍ക്കാര്‍ അടിയന്തര സഹായമായി അനുവദിച്ച 10,000 രൂപ, ക്യാമ്പില്‍നിന്നു മടങ്ങുമ്പോഴത്തെ കിറ്റ് ഇതൊന്നും ലഭിക്കാത്തവര്‍. ''ഞങ്ങള്‍ക്ക് മുഖം പുറത്തുകാണിച്ചു പറയാന്‍ പറ്റില്ല. നമ്മള് ഭരിക്കുമ്പോ അങ്ങനെ പറയാനും പാടില്ല'' എന്നു പറഞ്ഞയാളുള്‍പ്പെടെ. 

ലൈലാമ്മയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പേ മരിച്ചു. ''മൂന്നു കുഞ്ഞുകുഞ്ഞുങ്ങളുമായി പത്തുപന്ത്രണ്ട് കൊല്ലം മുന്‍പ് പനയ്ക്കച്ചിറേ കേറിയതാ.'' വെള്ളപ്പൊക്കം എപ്പോഴും ദുരിതമാണെങ്കിലും ഇതുവരെ അനുഭവിച്ചതിലുമൊക്കെ വലിയ ദുരിതത്തിന്റെ അമ്പരപ്പ് മാറിയിട്ടില്ല അവര്‍ക്ക്. സ്വന്തം വീട് മാത്രമല്ല, ആളുകള്‍ തിരിച്ചെത്താത്ത അയല്‍വീടുകളുടെ ദുരവസ്ഥയും കാണിച്ചും പറഞ്ഞും തന്നു. ''മടവീണപ്പോ ഞങ്ങളെ സ്ഥലവും പോയി, പെരേം പോയി. നാല് ജീവന്‍ മാത്രം രക്ഷപ്പെട്ട് കിട്ടി'' എന്ന് ലൈലാമ്മ. മുന്‍പ് മടവച്ചിരുന്നത് ഇവിടയാണ്. തൂമ്പുങ്കുഴി ഇപ്പോഴും കിടക്കുന്നു. മുന്‍പ് തൂമ്പിനടിയില്‍ക്കൂടി ഉറവ കയറിയപ്പോള്‍ പാടശേഖര സമിതിക്കാര്‍ വന്നു കുറച്ചു മുളയടിച്ചിട്ടു പോയി. കട്ട ഇറക്കിയില്ല.

വീടിനുള്ളില്‍ എല്ലാം നനഞ്ഞുപോയി. ജനലൊക്കെ വിജാഗിരി വിട്ടിരിക്കുന്നു. കുപ്പപ്പുറം പാടശേഖരത്തിന്റെ ഭാഗമാണ് ഇവിടം. ''പേടിച്ച് എല്ലാം ഇട്ടെറിഞ്ഞ് പോയിരിക്കുവാ ആളുകള്. വെള്ളം എത്ര ഉയരത്തിലായിരുന്നെന്ന് അറിയാവോ. ആ വര കാണുന്നകണ്ടോ, അവിടെ വരെയുണ്ടായിരുന്നു.'' ഒരാള്‍ ജലനിരപ്പുയര്‍ന്നതിന്റെ അടയാളം കാണിച്ചുതന്നു. നിലമോ കൃഷിയോ ഇല്ലാത്തവരാണ് ഇവരൊക്കെ. അന്നന്നത്തെ ജോലിയും കൂലിയുംകൊണ്ട് ജീവിക്കുന്നവര്‍. ഇപ്പോള്‍ ജോലിയുമില്ല കൂലിയുമില്ല, കേറിക്കിടക്കാന്‍ ഇടവുമില്ല. വെള്ളം പുറത്തേയ്ക്ക് പോകാന്‍ ഒരു വഴിയുമില്ലാത്തതാണ് കുട്ടനാടിന്റെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. പുഴയിലെ ജലനിരപ്പ് താണിട്ടും തൊട്ടപ്പുറത്തെ വീടുകളുടെ മുറ്റങ്ങളിലേയും പറമ്പുകളിലേയും വെള്ളം താഴുന്നില്ല. കരാറുകാരന്‍ കല്ലുകെട്ടാതെ കട്ടമാത്രംകൊണ്ട് വരമ്പുകെട്ടിയത് കാണിച്ചുതന്നു ഒരാള്‍. ഈ അവസ്ഥയ്ക്കു കരാറുകാര്‍ക്ക് വലിയ ഉത്തരവാദിത്വമാണുള്ളത്. അവര്‍ക്കു ലാഭത്തിനുവേണ്ടി അവര്‍ ചെയ്ത പണികള്‍ കുട്ടനാട്ടുകാര്‍ക്ക് ശാപമായി.'' ഇത് ഒരാള്‍ മാത്രം പറയുന്നതല്ല; പലരുടേയും വാക്കുകള്‍. ''ഇപ്പോള്‍ സ്ഥലമുള്ളതും കുഴിയായി, പെരേം കുഴിയായി. അകത്തോട്ട് കേറാനൊക്കത്തില്ല. സ്ഥലത്തിനും പെരയ്ക്കും എന്തെങ്കിലുമൊരു തീരുമാനമുണ്ടാകുവായിരിക്കും.'' ദുരിതം പറഞ്ഞ് സഹതാപം തേടുകയല്ല, പ്രതീക്ഷിക്കുകയാണ് അവര്‍. ദിവസങ്ങളോളം ആളുകള്‍ക്കു പകരം വെള്ളവും ചെളിയും നിറഞ്ഞ സ്ഥലത്ത് പാമ്പുകള്‍. 

പ്രവര്‍ത്തനം അവസാനിപ്പിച്ച ക്യാംപുകളില്‍നിന്ന് ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ദൂരെയുള്ള ക്യാമ്പുകളിലേക്ക് പോകുന്നതിനു പകരം നേരേ സ്വന്തം വീട്ടിലേക്ക് വന്ന പലരും നെഞ്ചു തകര്‍ന്നാണ് തിരിച്ചുപോയത്. ''ഒന്നേന്നു തുടങ്ങണം, എല്ലാം. കുഞ്ഞുങ്ങടെ പുസ്തകങ്ങളൊക്കെ നനഞ്ഞ് കൊള്ളാതെ കിടക്കുന്നതു കണ്ട് സഹിക്കാമ്പറ്റുന്നില്ല. അവരത് പൊന്നുപോലെ സൂക്ഷിച്ചിരുന്നതല്ലേ.''

ജ്ഞാനശീലത്തിലെ പുസ്തകങ്ങള്‍
പനയ്ക്കല്‍ ശിവക്ഷേത്രത്തിലേക്കു പോകുന്ന വഴിയാണിത്. അധികം അപ്പുറത്തല്ലാതെ ക്ഷേത്രം വെള്ളത്തില്‍. തൊട്ടപ്പുറത്ത് ക്ഷേത്രം ഭരണസമിതി വക ശ്രീശൈലം ഓഡിറ്റോറിയം. പരിസരത്തും അകത്തും വെള്ളമാണ് ഇപ്പോഴും. നന്നായി പണിത ഓഡിറ്റോറിയത്തിന്റെ തന്നെ ഒരു ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന ജ്ഞാനശീലം പുസ്തകശാലയിലും വെള്ളം നിറഞ്ഞുതന്നെ കിടക്കുന്നു. ഒരു പുസ്തകം പോലും തിരിച്ചുകിട്ടാന്‍ ഇടയില്ലാത്തവിധം. നോക്കുമ്പോള്‍ വെള്ളം ഇറങ്ങിയ ജനലില്‍ നനഞ്ഞു ദ്രവിച്ച ഒരു പുസ്തകം കുടുങ്ങിക്കിടക്കുന്നു. പുസ്തകശാലയുടെ ബോര്‍ഡ് വെള്ളത്തില്‍ ഒഴുകിപ്പോയി. കൈനകരി പഞ്ചായത്തിലെ ഒരുപാടാളുകളെ വായിപ്പിച്ചിരുന്ന ലൈബ്രറിയാണിത്. ഏതൊക്കെ പുസ്തകങ്ങള്‍ ആരൊക്കെ വായിക്കാന്‍ കൊണ്ടുപോയിരിക്കുന്നു എന്നു രേഖപ്പെടുത്തിവയ്ക്കുന്ന രജിസ്റ്റര്‍ ഉള്‍പ്പെടെ വീണ്ടെടുക്കാനാകില്ല. അല്ലെങ്കില്‍ത്തന്നെ പുസ്തകങ്ങള്‍ വായിക്കാന്‍ കൊണ്ടുപോയവരുടെയൊക്കെ വീടുകള്‍ വെള്ളം കയറിയതുകൊണ്ട് അതെല്ലാം നഷ്ടപ്പെട്ടിരിക്കാനാണ് സാധ്യത. നാട്ടുകാരും സന്നദ്ധസംഘടനകളുമൊക്കെ പലപ്പോഴായി സമ്മാനിച്ച നിരവധി പുസ്തകങ്ങള്‍. കുട്ടികളും മുതിര്‍ന്നവരുമൊക്കെയായി നിരവധി അംഗങ്ങളുള്ള ലൈബ്രറിയുടെ ഭാരവാഹികള്‍ ക്ഷേത്രഭരണസമിതി തന്നെയാണ്. 

ഓഡിറ്റോറിയത്തിനും ലൈബ്രറിക്കും അപ്പുറത്തേക്ക് വീടുകളുടെ സ്ഥിതി എന്താണെന്നു നോക്കാന്‍ ഒരു വഴിച്ചാലുപോലുമില്ല. വെള്ളം പൊങ്ങിക്കിടക്കുന്നു. അഞ്ചാറ് വീടുകളുണ്ട് അവിടെ. വെളളം ഇറങ്ങി ഒന്നു വെയിലുറച്ചാല്‍ ഓഡിറ്റോറിയവും ലൈബ്രറിയും ഉള്‍പ്പെടുന്ന കെട്ടിടം നിലംപൊത്തിയേക്കാം എന്നു ക്ഷേത്രം ഭരണസമിതി സെക്രട്ടറി അംജിത്ത് വി. ആശങ്ക പ്രകടിപ്പിച്ചു. ശരിയാണ്. 1996-ല്‍ മാത്രം നിര്‍മ്മിച്ച കാല്‍ നൂറ്റാണ്ട് പ്രായമില്ലാത്ത കെട്ടിടം ദിവസങ്ങളോളം മുഴുവന്‍ വെള്ളത്തിലായിരുന്നതിന്റെ അടയാളങ്ങളോടെ പാതിവെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് കണ്ടാല്‍ അതു മനസ്സിലാകും. അപ്പോള്‍പ്പിന്നെ അതിലും പഴക്കമുള്ളതും അത്രയും ബലമില്ലാത്തതുമായ കൊച്ചുകൊച്ച് വീടുകളുടെ കാര്യമോ.

മോനിച്ചന്‍, രതീഷ്, ദിവാകരന്‍, സജി
മോനിച്ചന്‍, രതീഷ്, ദിവാകരന്‍, സജി

ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും പാത്രങ്ങളുമൊക്കെ മുങ്ങിക്കിടക്കുന്നു. എത്രത്തോളം വെള്ളമുണ്ടെന്നു മനസ്സിലാക്കിത്തരാന്‍ സുനില്‍ ഇറങ്ങി. അരയ്ക്കു മുകളിലാണ് വെള്ളം. അംജിത്തിന്റെ വീട്ടിലും വെള്ളം കയറിയോ എന്ന ചോദ്യത്തില്‍ കാര്യമില്ല. ഒമ്പതു മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടുന്ന കുടുംബം ക്യാമ്പ് വിട്ടു, വീട്ടിലേക്ക് താമസം മാറ്റാറായിട്ടില്ല. ബന്ധുവീട് തന്നെ ശരണം. വീടും ക്ഷേത്രവും ലൈബ്രറിയുമൊന്നും ഇട്ടിട്ടു പോകാന്‍ പറ്റാത്തതുകൊണ്ട് ഇവിടെ വന്നു ചുറ്റിപ്പറ്റിയൊക്കെ നില്‍ക്കും. വീട് വൃത്തിയാക്കല്‍ തുടങ്ങിവച്ചു. ''എല്ലാരും പറയും വെള്ളമിറങ്ങി, ഇനി കുഴപ്പമില്ല എന്നൊക്കെ. പക്ഷേ, ഇവിടെ വെള്ളം മുഴുവനായി ഇറങ്ങണമെങ്കില്‍ ഇനിയും ഒരു മാസമെടുക്കും'' അംജിത്ത് പറയുന്നു. ആ പാടശേഖരത്തിലെ മൂന്ന് മോട്ടോറുകളും പുറത്തുനിന്നുകൊണ്ടുവരുന്ന മോട്ടോറും വച്ച് പമ്പു ചെയ്യണം. അതിനിയും തുടങ്ങിയിട്ടുമില്ല. 
കുറച്ചെങ്കിലും വെള്ളമിറങ്ങിയ വീടുകളില്‍ കയറി ആളുകള്‍ എടുത്ത വസ്ത്രങ്ങള്‍ വേലികളില്‍ നീളെ ഉണങ്ങാനിട്ടിരിക്കുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിന്റെ തുടക്കമാണ് അത്.

വിജയമ്മയും ശിവനും
വിജയമ്മയും ശിവനും

ബോട്ടുകടവിലെ പകല്‍ ക്യാംപ് 
കുട്ടനാട്ടിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളില്‍പ്പെട്ട കുട്ടമംഗലത്തെ ബോട്ടുകടവില്‍ ടാര്‍പ്പായ വലിച്ചുകെട്ടിയിരിക്കുന്നു. കുറേയാളുകളുണ്ട്. ബെഞ്ചും ഡസ്‌കുമൊക്കെയുണ്ട്. ദുരിതാശ്വാസ ക്യാംപുകള്‍ വിട്ടുവന്നവരുടെ താല്‍ക്കാലിക 'ക്യാംപ്' ആണ് അത്. കടവിനപ്പുറത്ത് വലിയ തോട്; ഇരുവശത്തും വെള്ളം ഇറങ്ങാത്ത വീടുകള്‍. ''അകത്തോട്ട് ഒരുപാട് വീടുകളുണ്ട്. ഏതാണ്ട് എഴുപതോളം വീടുകള്‍. പക്ഷേ, അവിടെ താമസിക്കാന്‍ പറ്റില്ല. അതുകൊണ്ട് ഞങ്ങളൊക്കെ ഈ ബണ്ടില്‍ വന്ന് ഇരിക്കും.'' കര്‍ഷകത്തൊഴിലാളി രതീഷ് പറഞ്ഞു. അവിടെ കുറേപ്പേരുണ്ട്, മോനിച്ചന്‍, സജി, മനോഹരന്‍, ദിവാകരന്‍. കുട്ടമംഗലം നമ്പര്‍ 1673 സഹകരണ സംഘത്തിനടുത്ത്. ''മറ്റുള്ളിടത്തൊക്കെ വെള്ളപ്പൊക്കം നില്‍ക്കുന്നതിന്റെ ഇരട്ടിയോളം ദിവസങ്ങള്‍ ഇവിടെ നിലനില്‍ക്കും'' അവര്‍ പറയുന്നു.

മട വീണ് വെള്ളം പൊങ്ങിയപ്പോള്‍ ആദ്യം ഇവിടെത്തന്നെ ദുരിതാശ്വാസ ക്യാമ്പുണ്ടായിരുന്നു. അരിയും മറ്റു സാധനങ്ങളും വില്ലേജ് ഓഫീസില്‍നിന്ന് എത്തിച്ചു കൊടുക്കുമായിരുന്നു. അത് രണ്ടു നേരത്തേക്കായി പാചകം ചെയ്യും. പാര്‍ട്ടി ഓഫീസിലും എസ്.എന്‍.ഡി.പി ഓഫീസിലും രാത്രി കിടക്കുകയും ചെയ്യും. പക്ഷേ, വെള്ളം അപ്പോഴത്തെക്കാള്‍ പൊങ്ങുകയും ക്യാംപുള്‍പ്പെടെ മുങ്ങുകയും ചെയ്തപ്പോഴാണ് വലിയ ക്യാംപുകളിലേക്ക് മാറിയത്. ''അവിടന്ന് കഴിഞ്ഞ ദിവസം പറഞ്ഞുവിട്ടു. എന്നുവച്ചാല്‍ ക്യാംപ് പിരിച്ചുവിട്ടു. പക്ഷേ, എന്റെ വീട്ടില്‍ കയറണമെങ്കില്‍ ഇത്രേം വെള്ളമുണ്ട്. ഞങ്ങളെങ്ങനെ അവിടെ താമസിക്കാനാ?'' നെഞ്ചിനു മുകളില്‍ കൈവച്ച് ജലനിരപ്പിന്റെ അടയാളം കാണിച്ച് ദിവാകരന്‍ ചോദിക്കുന്നു. രണ്ട് പെണ്‍മക്കളും വിവാഹിതരായതുകൊണ്ട് ദിവാകരനും ഭാര്യയും മാത്രമേയുള്ളു. ഭാര്യ ബന്ധുവീട്ടിലാണ്. ബണ്ടിലൊക്കെ പകല്‍ കഴിച്ചുകൂട്ടും. ചിലപ്പോള്‍ ആഹാരം കഴിക്കും, ചിലപ്പോള്‍ കഴിക്കില്ല. ഏതെങ്കിലും ഒരിടത്തു കഴിക്കാന്‍ വല്ലതും ഉണ്ടാക്കിയാല്‍ ഉള്ളതിന്റെ പങ്ക് എല്ലാവര്‍ക്കും കിട്ടും. ദുരിതക്കയത്തില്‍ ആണ്ടുപോകാതെ കുട്ടനാടിനെ നിലനിര്‍ത്തുന്ന കൂട്ടായ്മയിലാണ് വിശപ്പിന് പരിഹാരം. പക്ഷേ, ആശ്വാസധനം 10,000 രൂപ അന്നും അവര്‍ക്ക് കിട്ടിയിട്ടില്ല. തൊട്ടുതലേന്നു പ്രദേശത്തു വന്ന ധനമന്ത്രി തോമസ് ഐസക്കിനോട് പറഞ്ഞപ്പോള്‍ തനിക്കതു വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ''പണമൊക്കെ സര്‍ക്കാര്‍ അനുവദിച്ചതാ. പക്ഷേ, ഉദ്യോഗസ്ഥന്മാര്‍ സമയത്തു തരുന്നില്ല.'' മനോഹരന്‍ പറയുന്നു. രതീഷിന്റേയും സിംലയുടേയും മകന്‍ ബ്രൂട്ടോയെ കണ്ടു. നാലാം ക്ലാസ്സിലാണ് പഠിക്കുന്നത്. വലതു കൈപ്പത്തിയില്ല. പഠിക്കാന്‍ മിടുക്കന്‍. പക്ഷേ, സ്‌കൂള്‍ തുറന്നിട്ടില്ല. അച്ഛന്റേയും സുഹൃത്തുക്കളുടേയും കൂടെ താല്‍ക്കാലിക ക്യാംപിലും ബണ്ടിലുമൊക്കെയായി അവനുണ്ട്. ക്യാംപിലായിരുന്നപ്പോള്‍ ക്ഷേമ പെന്‍ഷന്‍ അവിടെ എത്തിച്ചുകൊടുത്തതിന്റെ ആശ്വാസം അവരില്‍ മിക്കവരും മറച്ചുവച്ചില്ല. താല്‍ക്കാലിക ക്യാമ്പില്‍ വീണ്ടും അരിയും മറ്റും കൊടുക്കാന്‍ തുടങ്ങുമെന്ന് വില്ലേജോഫീസില്‍നിന്ന് അന്നു രാവിലെ അറിയിച്ചിരുന്നു. റേഷന്‍ കാര്‍ഡുമായി ചെല്ലണം, അര്‍ഹത നിശ്ചയിക്കാന്‍. അപ്പുറത്തുകൂടി ബോട്ടില്‍ പോകുമ്പോള്‍പ്പോലും തോന്നും ഇവിടെ വെള്ളം ഇറങ്ങിയെന്ന്. പക്ഷേ, അടുത്തു കാണുമ്പോള്‍ സ്ഥിതി അതല്ല. രാത്രിയാകുമ്പോഴത്തെ ഭീകരാന്തരീക്ഷത്തെക്കുറിച്ചും അവര്‍ പറഞ്ഞു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്തതുകൊണ്ട് എല്ലായിടത്തും ഇരുട്ട്. പ്രധാന ലൈനില്‍ വൈദ്യുതി വന്നിരിക്കുന്നു. പക്ഷേ, വീടുകളില്‍ കിട്ടിത്തുടങ്ങിയില്ല. വെള്ളമിറങ്ങി മീറ്ററും സ്വിച്ചുകളുമൊക്കെ ശരിയാക്കാതെ അതു നടക്കുകയുമില്ല. അല്ലെങ്കില്‍ വലിയ അപകടം വേറെ വരും. നിറഞ്ഞുകിടക്കുന്ന വെള്ളം, ഇഴജന്തുക്കള്‍, ഇരുട്ട്... ഇതിനെല്ലാം പുറമേ വിശപ്പും അനിശ്ചിതത്വവും. പറഞ്ഞുപോകുന്നതിലും അപ്പുറമാണ് കാര്യങ്ങള്‍.

ഉണക്കാന്‍ വെച്ചിരിക്കുന്ന വിവാഹ ആല്‍ബം
ഉണക്കാന്‍ വെച്ചിരിക്കുന്ന വിവാഹ ആല്‍ബം

അലച്ചിലിന്റെ സങ്കടം
കുട്ടമംഗലത്തുതന്നെയാണ്. മുറ്റത്തെ വെള്ളം നീന്തിച്ചെന്നു ഭാര്യയും മൂന്നു മക്കളും താമസിച്ചിരുന്ന വീട് മോനിച്ചന്‍ തുറന്നു. അപ്പോള്‍ത്തന്നെ അടച്ചു. അകത്തെ ഇരുട്ടില്‍ വെള്ളം നിറഞ്ഞുകിടക്കുന്നു. പേടിയും സങ്കടവും തോന്നി. രണ്ടാം ദിവസം ശുചീകരണത്തിനു വന്നവര്‍ക്കൊപ്പം പോയി തുറന്നു കസേരകളും മറ്റും എടുത്തു പുറത്തിട്ടു. അത്രതന്നെ. തുറന്നപ്പോള്‍ പൊളിഞ്ഞുപോയ വാതില്‍ പഴന്തുണി ചരടാക്കിക്കെട്ടി വച്ചിട്ട് മോനിച്ചന്‍ പുറത്തു നില്‍ക്കുന്നതു കണ്ടു. വെള്ളം ഇറങ്ങാതെ ഒന്നും ചെയ്യാനില്ല. ഭാര്യയേയും മക്കളേയും ബന്ധുവീട്ടിലാക്കിയിരിക്കുന്നു. ഇതിലും മോശപ്പെട്ട അവസ്ഥയിലുള്ള വീടുകള്‍ കാണിച്ചുതരാം എന്നു പറഞ്ഞ് മോനിച്ചന്‍ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ വിചാരിച്ചതിലും ദയനീയമായ കാഴ്ചകളാണ് കാത്തിരുന്നത്. തോടിന്റെ കരയിലൂടെ നടക്കുമ്പോള്‍ അരികിലൊരിടത്ത് ഉണങ്ങാന്‍ തുറന്നുവച്ചിരിക്കുന്ന കല്യാണ ആല്‍ബം. നനഞ്ഞ ചിത്രങ്ങള്‍. ഓരോ പേജിനും ഇടയില്‍ ചെറിയ കല്ലെടുത്തുവച്ച് വെയില്‍കൊള്ളാന്‍ പാകത്തിനു വിടര്‍ത്തി വച്ചിരിക്കുന്നു. ''കളയാമ്പറ്റുവോ, മോടെ കല്യാണത്തിന്റെയല്ലേ'' എന്നു പറഞ്ഞുകൊണ്ട് ഒരു സ്ത്രീ വന്നു. വെള്ളം കുറച്ചൊക്കെ ഇറങ്ങിയ വീട്ടില്‍നിന്നു കിട്ടിയ സാധനങ്ങള്‍ ഉണക്കുന്ന തിരക്കിലാണ്. 

തോമസും ഭാര്യയും
തോമസും ഭാര്യയും

മുറ്റത്തേയും പറമ്പിലേയും അരയ്‌ക്കൊപ്പം വെള്ളം നീന്തിച്ചെന്നു തുറന്നപ്പോള്‍ സങ്കടപ്പെടുത്തിയ വീടിനു മുന്‍പിലാണ് എഴുപതുംചിറ വീട്ടിലെ ശിവന്‍-വിജയമ്മ ദമ്പതികളെ കണ്ടത്. മകന്‍ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ''സാധനങ്ങളൊക്കെ അകത്തുതന്നെ കിടക്കുകയാണ്. പക്ഷേ, ടി.വി തകര്‍ന്നു ദേണ്ടേ കിടക്കുന്നു. വലിയ വെള്ളത്തില്‍ ഒലിച്ചു വന്നതായിരിക്കും.'' തകര്‍ന്നു കിടക്കുന്ന പഴയ ടി. വി ചൂണ്ടി ശിവന്‍ പറഞ്ഞു. ''വെള്ളം പൊങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് കുറച്ചുകൂടി മകന്‍ ആഗ്രഹിച്ച് എറണാകുളത്തുനിന്ന് പുതിയ ഒരു ടി.വി വാങ്ങിയിരുന്നു. വലിയ വെള്ളം വരുന്നതിനു മുന്‍പ് മറുകരയിലെ ബന്ധുവീട്ടില്‍ അതു കൊണ്ടുവച്ചു. അവിടെ അപ്പോള്‍ മടവീണിട്ടില്ലായിരുന്നു. പക്ഷേ, മഹാപ്രളയത്തില്‍ വീട് ഉപേക്ഷിച്ച് അവരും പോയപ്പോള്‍ അതും നശിച്ചു.   അകത്ത് അലമാരയും മേശയുമെല്ലാം തകിടം മറിഞ്ഞു കിടക്കുകയാണ്. പുറത്തോട്ട് ഇറക്കിയിട്ടും എന്തു ചെയ്യാനാണ്. ഇറങ്ങിയിട്ടും ഈ വെള്ളമല്ലേ'' എന്ന് വിജയമ്മ. ജനലിനു മുകളിലെ അടയാളം ചൂണ്ടിക്കാണിച്ചു; മഹാപ്രളയത്തിന്റെ അടയാളം. ജനലിനു താഴെ വരെയേ ഏതു വലിയ വെള്ളപ്പൊക്കത്തിലും വെള്ളം എത്തിയിരുന്നുള്ളു. ജനല്‍ പൊക്കത്തിലുണ്ടാക്കിയത് അതു മനസ്സിലാക്കിയാണ്. പക്ഷേ, ഇത്തവണ കണക്കുകൂട്ടലുകളൊക്കെ തെറ്റി. 13 വര്‍ഷമായി ഇവര്‍ ഇവിടെ താമസിക്കുന്നു. ''ഈ പെര വച്ചിട്ട് ഇപ്പോള്‍ അഞ്ച് വെള്ളമായി. എപ്പഴും മട വീഴുന്ന സ്ഥലമാ'' എന്നു പറഞ്ഞിട്ട് വിജയമ്മ കരയാന്‍ കൂട്ടാക്കാതെ ഒന്നുകൂടി ചേര്‍ത്തു: ''മൂന്നു മാസമായിട്ട് അലഞ്ഞുനടക്കുകയാ, പലയിടത്തായിട്ട്. മൂന്നു പേര്‍ക്കും ഒന്നിച്ചുനില്‍ക്കാന്‍ പറ്റിയിട്ടില്ല. മൂന്നും മൂന്നു സ്ഥലത്താണ്.''

ബ്രൂട്ടോ
ബ്രൂട്ടോ

സജിക്ക് രണ്ട് പെണ്‍മക്കളാണ്. പതിനൊന്നിലും എട്ടിലും പഠിക്കുന്നു. വീടിനു ചുറ്റിലും വെള്ളം. തൊട്ടടുത്തുള്ള വീടും പറമ്പും കടന്നുവേണം അങ്ങോട്ടു ചെല്ലാന്‍. അവിടെയൊക്കെ കഴുത്തറ്റം വെള്ളം. അതുകൊണ്ട് തോട്ടിലേയും പറമ്പിലേയും വെള്ളത്തിനിടയിലെ ബണ്ടില്‍ നിന്നുകൊണ്ട് സജി വീട് ചൂണ്ടിക്കാണിച്ചു തന്നു. ആ പാവം മനുഷ്യന്റെ മുഖത്തെ ക്ഷീണവും സങ്കടവും കണ്ട് കൈയിലൊന്നു പിടിച്ചപ്പോള്‍ തല ഉയര്‍ത്തി നോക്കാന്‍ ശ്രമിച്ചിട്ട് വേണ്ടെന്നുവച്ചു. ''ഓ, ഇതൊക്കെ ഇങ്ങനങ്ങ് പോകും'' എന്നു സ്വയം ആശ്വസിപ്പിക്കുന്നതുപോലെ പറയുകയും ചെയ്തു. ഭാര്യയും മക്കളും കലവൂരിലെ ബന്ധുവീട്ടിലാണ്. വന്നത് വീടൊന്നു നോക്കി സ്ഥിതി അറിഞ്ഞു പോകാനാണ്. അത് അങ്ങനെതന്നെയായി; ഒന്നു നോക്കിപ്പോകാനല്ലാതെ വേറൊന്നുമില്ല ചെയ്യാന്‍. വലിയതുരുത്ത് പാടശേഖരത്തിന്റെ ബണ്ടിലെ പാലുകാരന്‍ വാര്‍ഡിലാണ് അത്. ''ഞങ്ങള്‍ക്കിവിടെ കുറേ വീട്ടുകാര്‍ക്കു താമസം തുടങ്ങണമെങ്കില്‍ ഇനിയും ഒരു മാസമെങ്കിലും എടുക്കും'' സജി പറയുന്നു. അതിനടുത്തൊരു വീട് തുറന്നുകിടക്കുന്നു, ആരുമില്ല. മഹാപ്രളയത്തില്‍ വീട് പൂട്ടി ഉപേക്ഷിച്ചു പോയതാണ്. വെള്ളം ഇറങ്ങിയപ്പോള്‍ വാതില്‍ തനിയേ തുറന്നു പോയതാകാം എന്ന് സജി പറഞ്ഞു. അതൊന്ന് അടയ്ക്കാമെന്നു വച്ചാല്‍ മുറ്റത്തേയും പറമ്പിലേയും ഇനിയും ഇറങ്ങാത്ത വെള്ളത്തില്‍ നിറയെ പായല്‍ വന്നു നിറഞ്ഞിരിക്കുന്നു. അതിനടിയില്‍ എന്തൊക്കെ ഉണ്ടെന്നറിയാന്‍ പറ്റില്ല.
അതിനടുത്തുള്ള വീടിന്റെ വശത്തെ വാതില്‍ തുറന്ന് അരയ്ക്കു മുകളില്‍ വെള്ളത്തിലൂടെ പെട്ടെന്ന് ഒരാള്‍ ഇറങ്ങി വന്നു. വീട് വൃത്തിയാക്കാന്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം വന്ന തോമസ്. തോടിനരികില്‍ വീടിനു മുന്നില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയാണ് അച്ഛന്റെ പേര് പറഞ്ഞുതന്നത്. പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുന്ന ലിയ. അപ്പോഴേയ്ക്കും മറുവശത്തെ വെള്ളത്തില്‍നിന്ന് തോമസിന്റെ ഭാര്യയും കയറിവന്നു. 

വെള്ളം ഇറങ്ങാത്ത കൂടുതല്‍ വീടുകള്‍ കണ്ട് തിരിച്ചുവരുമ്പോള്‍ അച്ഛനും അമ്മയും ലിയയും വരമ്പിലിരുന്ന് ഒരു പൊതിയില്‍നിന്നു കഴിക്കുന്നു.
എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് പോകാന്‍ നടക്കുമ്പോഴാണ് വൃദ്ധ ദമ്പതികള്‍ സുധാകരനും പൊന്നമ്മയും ഒരു ചെറുവള്ളത്തില്‍ വന്നത്. വീട്ടിലേയ്ക്കു പോകാന്‍ കഴിയാത്തവിധം വെള്ളമാണ്. ക്യാമ്പീന്നു പോരികയും ചെയ്തു. കുടിവെള്ളം പോലും കിട്ടാതെ വന്നപ്പോള്‍ പുളിങ്കുന്നിലെ പൊലീസുകാരാണ് കുപ്പിവെള്ളം എത്തിച്ചുകൊടുത്തത്. ഒന്നുകൂടി വീടിന്റെ സ്ഥിതി നോക്കാന്‍ വന്നതാണ്. മുറ്റത്തു വെള്ളമില്ല. പക്ഷേ, പിന്നില്‍ വെള്ളക്കെട്ട്, അടുക്കളയിലും വെള്ളം. ''വച്ചുകുടിക്കാന്‍ പാത്രങ്ങളൊന്നുമില്ലായിരുന്നു. ക്യാമ്പീന്ന് 1000 രൂപേടെ പാത്രങ്ങള്‍ തന്നത് ഉപകാരമായി'' എന്ന് പൊന്നമ്മ. പക്ഷേ, വീട്ടിലേക്ക് കയറി താമസം തുടങ്ങാന്‍ പറ്റണം. 

12 പാടശേഖരങ്ങളാണ് കുട്ടമംഗലം ഭാഗത്തുള്ളത്. വിതച്ച് ആദ്യത്തെ വളം ഇടേണ്ട സമയമാണെന്ന് മനോഹരന്‍. കര്‍ഷകത്തൊഴിലാളികള്‍ക്ക് ജീവിതംതന്നെ കൃഷിയാകുമ്പോള്‍ വിതയ്ക്കാനും വളമിടാനും കൊയ്യാനുമൊക്കെയുള്ള കാലമാകുമ്പോള്‍ അവരോര്‍ക്കുന്നത് ആ നഷ്ടങ്ങളെക്കുറിച്ചു കൂടിയാണ്: ''ഈ മാസം അവസാനത്തോടുകൂടി അടുത്ത കൃഷി തുടങ്ങണം- മേടക്കൃഷി.''
അതെ, അടുത്ത കൃഷി മാത്രമല്ല, അടുത്ത മഴയും അടുത്ത വെള്ളപ്പൊക്കവുമൊക്കെ കുട്ടനാടിനു പരിചിതം. പക്ഷേ, മഹാപ്രളയം ഇനിയും അവരില്‍ നിരവധി പേരെയും മുക്കിപ്പിടിച്ചിരിക്കുകയാണ് ഇപ്പോഴും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com