ഹൃദയം കൊണ്ട് ഓര്‍മ്മിക്കേണ്ട മുഖം

അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ചര്‍ച്ച ചെയ്ത രക്ഷാപ്രവര്‍ത്തനമായിരുന്നു മലപ്പുറത്തെ ജെയ്സലിന്റേത്.
ഹൃദയം കൊണ്ട് ഓര്‍മ്മിക്കേണ്ട മുഖം

ന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ചര്‍ച്ച ചെയ്ത രക്ഷാപ്രവര്‍ത്തനമായിരുന്നു മലപ്പുറത്തെ ജെയ്സലിന്റേത്. പ്രളയം ഞെരുക്കിയ ആ നാളുകളില്‍ ആളുകള്‍ക്ക് ആത്മവിശ്വാസവും ഊര്‍ജ്ജവും നല്‍കിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഒരു പ്രതീകമായി വളരെ പെട്ടെന്ന് കെ.പി. ജെയ്സല്‍ എന്ന മുപ്പത്തിരണ്ടുകാരന്‍  മാറി.

നിറഞ്ഞുയരുന്ന വെള്ളത്തിനു നടുവില്‍ പകച്ചുപോയ മനുഷ്യരെ സ്‌നേഹവും കരുത്തും കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച നിരവധി പേരുണ്ട്. ഹൃദയം കൊണ്ടുമാത്രം ഓര്‍ക്കപ്പെടേണ്ടവര്‍. അവരിലൊരാളാണ്  ജെയ്സലും.
വേങ്ങരയിലായിരുന്നു ജെയ്സലും കൂട്ടരും അന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുതലമാട് ദുരന്തനിവാരണ സേനയ്ക്കുപോലും

എത്തിപ്പെടാനാവാതെ ഒറ്റപ്പെട്ടുപോയ വീടുകളിലായിരുന്നു രക്ഷാപ്രവര്‍ത്തനം. പോകാന്‍ പറ്റുന്നിടത്തോളം സേനയുടെ ബോട്ടില്‍ പോയി ബാക്കി ദൂരം നീന്തിയും നിരങ്ങിയുമാണ് വീടുകളിലെത്തിയത്. പ്രായമായ സ്ത്രീകളെയടക്കം രക്ഷിച്ച് ബോട്ടിനടുത്തെത്തിച്ചു. ഉയരക്കൂടുതല്‍ കാരണം ബോട്ടിലേക്കു കയറാന്‍ കഴിയാത്ത സ്ത്രീകള്‍ക്കായി വെള്ളത്തില്‍ കമിഴ്ന്ന് കിടന്ന് ജെയ്സല്‍ അവര്‍ക്ക് ചവിട്ടുപടിയായി. ആരോ എടുത്ത വീഡിയോ മാധ്യമങ്ങളില്‍ പ്രചരിച്ചതൊന്നുമറിയാതെ ജെയ്സലടങ്ങുന്ന സംഘം തൃശൂരിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി നീങ്ങിയിരുന്നു. പിന്നീടാണ് തന്റെ വീഡിയോ വൈറലായതായി ജെയ്സല്‍ അറിയുന്നത്. 

ആ അനുഭവം പറയുമ്പോഴും അസാധാരണമായ ഒരു കാര്യം ചെയ്തു എന്ന് ജെയ്സലിനു തോന്നുന്നേയില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ സാങ്കേതിക പരിശീലനം നേടിയ ആളാണ്. ''ഒരു സ്ത്രീ ബോട്ടില്‍ കയറാനെടുക്കുന്ന സമയം പോലും ഞങ്ങള്‍ക്ക് നിശ്ചയമുണ്ട്. പെട്ടെന്നു കയറാനുള്ള സൗകര്യം ചെയ്തു കൊടുത്താല്‍ കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയും. ഒന്നോ രണ്ടോ മിനുട്ട് എടുക്കുന്നതു കുറച്ചുകൂടി വേഗത്തില്‍ ചെയ്താല്‍ ബോട്ടുമായി വീണ്ടും വന്ന് ആളുകളെ എടുക്കാം. അതുമാത്രമാണ് അപ്പോള്‍ ആലോചിച്ചത്. ഞങ്ങളൊക്കെ പരിശീലനം കിട്ടിയ ആളുകളാണ്''  -ജെയ്സല്‍ പറയുന്നു. 

ട്രോമകെയറിലെ രക്ഷകര്‍
മലപ്പുറം ജില്ലാ ട്രോമകെയര്‍ യൂണിറ്റിലെ വളണ്ടിയറാണ് ജെയ്സല്‍. അപകടത്തില്‍ പെടുന്നവരെ രക്ഷപ്പെടുത്താനായി 2005-ല്‍ തുടങ്ങിയ കൂട്ടായ്മയാണ് ട്രോമകെയര്‍. ഒരു കൂട്ടം ചെറുപ്പക്കാരുടെ ആശയത്തിന് ജില്ലാ ഭരണകൂടവും ആരോഗ്യ, പൊലീസ് വകുപ്പുകളും

സഹകരണവുമായെത്തിയതോടെ രൂപം കൊണ്ടതാണ് ഈ കൂട്ടായ്മ. മലപ്പുറം ജില്ലയില്‍ 30,000-ത്തോളം വളണ്ടിയര്‍മാര്‍ ഇപ്പോഴുണ്ട്. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ്, കോസ്റ്റ് ഗാര്‍ഡ്, പൊലീസ്, ആര്‍.ടി.ഒ., ആരോഗ്യവിഭാഗം എന്നിവയില്‍നിന്നു കൃത്യമായ പരിശീലനം വളണ്ടിയര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. 35 വയസ്സുവരെ പ്രായമുള്ള ആരോഗ്യമുള്ള യുവാക്കള്‍ക്ക് സേനയ്ക്കു നല്‍കുന്ന തരത്തിലുള്ള കൃത്യമായ കായിക-ശാരീരിക പരിശീലനവും നല്‍കുന്നു. ഇത്തരത്തില്‍ പരിശീലനം കിട്ടിയ ആളാണ് ജെയ്സലും. 2009 മുതല്‍ യൂണിറ്റില്‍ അംഗമാണ്. പ്രളയബാധിത മേഖലകളില്‍ ട്രോമകെയറിന്റെ 250-ലധികം വളണ്ടിയര്‍മാരാണ് രാപ്പകല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. തുടക്കം റോഡപകടങ്ങളില്‍ പെടുന്നവരെ രക്ഷപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് മറ്റ് അപകടങ്ങളും പ്രകൃതി ദുരന്തവും നേരിടാനുള്ള പരിശീലനവും ഇവര്‍ക്കു നല്‍കിയിരുന്നു. പ്രത്യേക യൂണിഫോമും ഇവര്‍ക്കുണ്ട്. ദുരന്തനിവാരണ സേനയ്ക്ക് സമമായി പ്രദേശവാസികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം മറ്റിടങ്ങളിലും മാതൃകയാക്കേണ്ടതാണ്. പ്രളയ രക്ഷാപ്രവര്‍ത്തനത്തിലെ  ജെയ്സലടക്കമുള്ളവരുടെ ഇടപെടല്‍ അത് തെളിയിക്കുന്നുണ്ട്.

കടലിനൊപ്പം
താനൂര്‍ ചാപ്പപ്പടിയിലാണ് ജെയ്സലിന്റെ വീട്. ഒന്‍പതാം ക്ലാസ്സ് പഠനം കഴിഞ്ഞപ്പോള്‍ മത്സ്യത്തൊഴിലിനായി കടലിലേക്കിറങ്ങി. വെള്ളവും വള്ളവും കടലും അത്രമേല്‍ പരിചിതം. മീനിനായി പോയാല്‍ ഒന്നില്‍ കൂടുതല്‍ ദിവസം കടലില്‍ ചെലവഴിക്കേണ്ടിവരുന്ന ദിവസങ്ങളുമുണ്ടാകും. വളരെ ചെറുപ്രായത്തില്‍ത്തന്നെ നേടിയ ഈ കരുത്തും ആത്മവിശ്വാസവും തന്നെയാണ് ദുരന്തനേരത്തും വളരെ പ്രായോഗികമായി സഹജീവികളോട് പെരുമാറാന്‍ അദ്ദേഹത്തിനു കൂട്ടായത്. 25 പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് ജെയ്സലിനൊപ്പം ഉണ്ടായിരുന്നത്.

ജെയ്‌സലിന്റെ കുടുംബം/കടപ്പാട്: മാതൃഭൂമി
ജെയ്‌സലിന്റെ കുടുംബം/കടപ്പാട്: മാതൃഭൂമി

ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കുമൊപ്പം പരപ്പനങ്ങാടി ആവില്‍ ബീച്ചിലെ ഒറ്റമുറി വീട്ടിലാണ് നന്മയുടെ പ്രതീകമായി സമൂഹം വാഴ്ത്തുന്ന ഈ മനുഷ്യന്‍ കഴിയുന്നത്. എല്ലാ ദുരന്തങ്ങളോടും പൊരുതിക്കൊണ്ടുള്ള ഒരു ജീവിതം. ''പ്രളയമുണ്ടാകുന്നതിനു തൊട്ടുമുന്‍പ് താനൂരിലുണ്ടായ കടലാക്രമണത്തില്‍ എന്റെ ബോട്ട് തകര്‍ന്നു നഷ്ടപ്പെട്ടിരുന്നു. ജോലിക്ക് പോയിട്ട് രണ്ടു മാസത്തോളമായി. രക്ഷാപ്രവര്‍ത്തനത്തിലായതിനാല്‍ ബോട്ടിന്റെ കാര്യങ്ങളൊന്നും നോക്കാന്‍ ഇതുവരെ സമയം കിട്ടിയിട്ടില്ല'' - ജെയ്സല്‍ പറയുന്നു. ഒരു ദിവസത്തെ വരുമാനംപോലും അതിപ്രധാനമായ ഒരു കുടുംബത്തില്‍നിന്നാണ് ദിവസങ്ങളോളം യാതൊരു പ്രതിഫലവും മോഹിക്കാതെ മനുഷ്യരെ സഹായിക്കാന്‍ ജെയ്സല്‍ എത്തുന്നത്. ജെയിസലിനെപ്പോലെ മത്സ്യത്തൊഴിലാളികളായ  ഏറെ പേരും.

പ്രളയശേഷം ജീവിതം
പ്രളയം ഇദ്ദേഹത്തിന്റെ ജീവിത്തേയും ഏറെ മാറ്റിയിട്ടുണ്ട്. വര്‍ഷങ്ങളായി നിശ്ശബ്ദം ചെയ്തു കൊണ്ടിരുന്ന സേവനപ്രവര്‍ത്തനങ്ങള്‍ ഒറ്റ ദിവസം കൊണ്ട് രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചചെയ്യപ്പെട്ടു. പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രതീകമായി മാറി. നേവിക്കും സേനയ്ക്കും അപ്പുറം നാട്ടുകാര്‍ എങ്ങനെ രക്ഷകരാവുന്നു എന്നതിന്റെ മാതൃകാചിത്രമായി.

പ്രളയത്തിനുശേഷം ജെയ്സലിന്റെ ജീവിതവും തിരക്കുകളിലേക്ക് മാറി. കേരളത്തിലങ്ങോളമിങ്ങോളം രക്ഷാപ്രവര്‍ത്തനത്തിന്റെ പ്രതീകമായി ജെയ്സല്‍ ആദരിക്കപ്പെടുകയാണ്. ദിവസത്തില്‍ മൂന്നും നാലും സ്വീകരണങ്ങളും അനുമോദനങ്ങളുമായി വലിയ തിരക്കിലാണിപ്പോള്‍. എല്ലാവര്‍ക്കും കൊടുക്കുന്ന സമയം തെറ്റാതെ നോക്കാനുള്ള ചുമതല സുഹൃത്ത് അഫ്സലും ഏറ്റെടുത്തു. എന്‍.ഡി.ആര്‍.എഫ് പ്രത്യേക പരിശീലനം കഴിഞ്ഞയാളാണ് അഫ്സലും. സ്‌നേഹിതന്‍ അഫ്സലാണ് ഇപ്പോള്‍ പരിപാടികളും സമയവും സ്ഥലവും കുറിച്ചുവെക്കുന്നത്. ഇതിനിടയില്‍ നിരന്തരം മാധ്യമപ്രവര്‍ത്തകരുടെ വിളിയും. ഒപ്പം ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നുള്ള അനുമോദനവും.

''യാത്രയും സ്വീകരണവും കഴിഞ്ഞ് വീട്ടില്‍ ചെലവഴിക്കാന്‍ കിട്ടുന്നത് വളരെ ചുരുങ്ങിയ മണിക്കൂറുകളാണ്. ദുരന്തത്തിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോഴേക്കും ഈ തിരക്കിലേക്ക് വന്നതുകൊണ്ട് പിന്നീട് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടമുണ്ട്. വീടുകള്‍ വൃത്തിയാക്കാനും റോഡുകള്‍ ഗതാഗതയോഗ്യമാക്കാനും ഒക്കെയായി ഒരുപാട് പണികള്‍ ഇനിയുമുണ്ട്. അതിലൊന്നും ചേരാന്‍ കഴിഞ്ഞില്ല എന്ന സങ്കടമുണ്ട്. ട്രോമകെയര്‍ യൂണിറ്റിലെ മറ്റ് അംഗങ്ങളെല്ലാം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്വീകരണത്തിനു വിളിക്കുന്ന ആരോടും വരില്ലാന്നു പറയാന്‍ എനിക്ക് കഴിയില്ല. വിളിക്കുന്നിടത്തൊക്കെ ചെല്ലുന്നുണ്ട്. ഇന്നലെ കൊച്ചിയില്‍ ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തുന്നതിന്റെ ഷൂട്ടിങ്ങിലായിരുന്നു. സത്യത്തില്‍ ഉറങ്ങാന്‍ പോലും അധികം സമയം കിട്ടാറില്ല'' വയനാട് മാനന്തവാടിയിലെ സ്വീകരണത്തില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടയില്‍ ജെയ്സല്‍ പറഞ്ഞു.

സ്വീകരണസ്ഥലങ്ങളിലൊക്കെ എന്താണ് സംസാരിക്കുന്നത് എന്ന ചോദ്യത്തിനു നിഷ്‌കളങ്കമായി ജെയ്സല്‍ പറഞ്ഞു: ''എനിക്ക് അങ്ങനെ സംസാരിക്കാനൊന്നും അറിയില്ല. പ്രത്യേകിച്ചും മൈക്കിലാണെങ്കില്‍ തീരെ കഴിയില്ല. നമുക്കതൊന്നും ശീലമില്ല. അതുകൊണ്ട് സംസാരം വളരെ കുറവാണ്. ഷര്‍ട്ടില്‍ കുത്തിവെക്കുന്ന മൈക്കാണെങ്കില്‍ കുറച്ചുകൂടി പറയാന്‍ പറ്റാറുണ്ട്. അല്ലാതെ മൈക്ക് പിടിച്ചു പറയാന്‍ ഇപ്പോഴും ബുദ്ധിമുട്ടാണ്.''
ഇത്രയും സ്‌നേഹമുള്ള മനുഷ്യരെയല്ലാതെ വേറെയാരെയാണ് നമ്മള്‍ ആദരിക്കേണ്ടത്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com