പൂഴി ക്രിക്കറ്റ്: ബിജു സിപി എഴുതിയ കഥ

80 കിലോയുള്ള കേക്കു വേണോന്ന് ഒരേ വാശിയാരുന്ന് കരിമുള്ളാ സെയ്ദിന്.
ചിത്രീകരണം : സുധീഷ് കോട്ടേമ്പ്രം
ചിത്രീകരണം : സുധീഷ് കോട്ടേമ്പ്രം

80 കിലോയുള്ള കേക്കു വേണോന്ന് ഒരേ വാശിയാരുന്ന് കരിമുള്ളാ സെയ്ദിന്. ഹെന്റെ കരിമുള്ളാ നെനക്കിതെന്തിന്റെ കേടേണ്! 80 കിലോത്തിന്റെ കേക്കേ... എട്ട് കിലോനാവാം. എട്ട് കിലോന്‍ ന്ന് പറഞ്ഞാ എട്ട് കിലോന്‍. നിന്റെ ചത്തുപോയ പറങ്കിത്തന്ത വന്ന് കൊടുക്കുവോ 80 കിലോത്തിന്റെ കേക്കിന് കാശ്... കൊടക്കമ്പി സുലൈമാന് ദേഷ്യം.

കപ്പിത്താന്‍ ബര്‍ണാഡിന്റെ 80-ാം ബര്‍ത്ത് ഡേയ്ക്കാണ് കേക്ക്. കബ്രാള്‍ ഗ്രൗണ്ടിന്റെ നടുക്ക് മേശയിട്ട് അതിന്റെ ചുറ്റും 80 മെഴുകുതിരി കത്തിച്ചുവെക്കും. ചെറ്യേ മെഴ്തിരി മതി. അതിന്റെ നടുക്ക് കേക്ക് വെക്കും. കപ്പിത്താന്‍ ബര്‍ണാഡിന്റെ ഒരു എമണ്ടന്‍ പപ്പാഞ്ഞി എണ്ടാക്കി ബോയിക്കപ്പിത്താന്റെ പ്രതിമേടെ നേരേ അങ്ങേപ്രത്ത് കബ്രാള്‍ ഗ്രൗണ്ടിന്റെ മറ്റേവശത്ത് വെക്കണം. കബ്രാള്‍ ഗ്രൗണ്ടില് പന്തലിട്ട് കായിക്കാന്റെ ബിരിയാണി വെളമ്പും ബര്‍ത്ത് ഡേ പാര്‍ട്ടിക്ക്. ഉമ്പായി പാടാന്‍ വന്നോളും. മെഹബൂന്‍ പണ്ടേ പോയേക്കണേണല്ലാ. ഇല്ലെങ്കി മെഹബൂന്‍ എഴുതിയേനേ പാട്ട്. മെഹബൂന്‍ പാടുകേം ചെയ്‌തേനേ. ഉമ്പായി വരും. വരാണ്ടിരിക്കുകേല. കാര്യം ഫ്രെഡ്ഡിക്കപ്പിത്താന്‍ ചത്തപ്പം കൊച്ചനാര്‍ന്നേലും അമരാവതി ടീമിന്റേം പനയപ്പിള്ളി ടീമിന്റേം കൂടെയെക്കെ ക്രിക്കറ്റ് കളിക്കാണ്ടെങ്ങനേണ് ഉമ്പായി കൊച്ചീന്ന് പോണത്. മേപ്പിള്ളി ബാലനും പി.എ. കാസിമും എക്കെയാരുന്നു വേണ്ടത്. ഇപ്പ ഇഞ്ഞി ആരേണ് കൊച്ചീടെ പാട്ടെക്കെ പാടാനിരിക്കണത്! പാപ്പുക്കുട്ടി അപ്പാപ്പനാ? ഏശുദാസാ! നല്ല കോളാണ്! അങ്ങാട് ചെന്നേക്കാമ്പറഞ്ഞ്! ഷെഫീക്കും കൂടി ചത്ത് പോയി. ലോറാപ്പീനോട് വന്നൊര് പാട്ട് പാടാന്‍ പറയണം. മ്മടെ എമ്മെം ലോറന്‍സില്ലേ. ആ... പുള്ളിക്കാരന്‍ തന്നെ. ലോറാപ്പി വരും. കപ്പിത്താന്‍ ബര്‍ണാഡിന്റെ പരുപാടിയാന്ന് പറയണ്ട, ബോയിക്കപ്പിത്താന്റെ ബര്‍ത്ത് ഡേയാന്ന് പറഞ്ഞാ മതി. ലോറാപ്പി വരും. പാട്കേം ചെയ്യും. ബാന്റ് മേളാ? അത് പിന്നെ പറയാനെണ്ടാ? പരുപാടിയൊന്നെണക്കി പന്തലൊന്നിട്ട് കിട്ടിയോ! ബാന്റ് മേളം എപ്പ തൊടങ്ങീന്ന് കേട്ടാ മതി.

കാര്യം, പറേമ്പം ചത്തെന്ന് കേക്കാന്‍ ഇനീം എട്ടൊമ്പത് പേരെക്കയെണ്ട്. പക്ഷേങ്കി, കാര്യം നടക്കണോങ്കി കരിമുള്ളേം കൊടക്കമ്പി സുലൈമാനും തന്നെ ഓടണം. ബോയിക്കപ്പിത്താന്റെ ടീമിലൊണ്ടാര്‍ന്നതില് ഇത് രണ്ടെണ്ണേ ഇനി കൊച്ചീല് ബാക്കിയൊള്ള്. എറണാകൊളത്ത് ആരാണ്ടെക്കെയെണ്ട്! എവട കെടക്കണ്ന്ന് ആര്‍ക്കറിയാം! ചെമ്മീന്‍ പാദുവേനോടൊന്ന് ചെന്ന് പറയാമ്പറ്റിയാ കാശ് എന്നാ വേണേലും കിട്ടിയേനേ! ആര് ചെന്നട്ട് അറീക്കാനേണ്! ചിന്നന്‍ പിടിച്ച് അപ്പനേതാ പട്ടിയേതാന്നറിയാണ്ട് നടക്കണേണ് ചെമ്മീമ്പാദുവാ. 

ബോയിക്കപ്പിത്താന്റെ പ്രതിമ പണിയണോന്ന് പറഞ്ഞപ്പം കാശെറക്കീത് പാദുവയേണ്. ഫ്രെഡ്ഡീടെ പ്രതിമ ഒരു കപ്പിത്താന്‍ കൊച്ചനേക്കൂട്ട് പണിതൊണ്ടാക്കാമ്പോണയാണ്ന്ന് പറഞ്ഞപ്പം ചെമ്മീമ്പാദുവാ ഒരു നോട്ടവാണ് നോക്കീത്. എന്നേച്ചും പറഞ്ഞ് എങ്ങനെയാ പണിയണ്ടേന്ന് പറഞ്ഞാ മതീ, മ്മടെ തട്ടാശ്ശേരി അവരാച്ചനെക്കൊണ്ട് ഞാനങ്ങ് കൊത്തിച്ച് വെച്ചേക്കാന്ന്. പണിയെക്കെ അവരാച്ചന്‍ പണിതോളും. കൊച്ചീടെ കൊത്ത്കാരനേണല്ലാ അവരാച്ചന്‍! പാദുവയങ്ങനെ ഒറ്റയ്ക്ക് പണിയണ്ട, പൊട്ടും പൊടീം എക്കെയാണേലും എല്ലാരും കൂടി കൊറേശ്ശേ കാശെടുത്തട്ടേ പ്രതിമ കൊത്തണൊള്ളന്ന് അന്ന് പറഞ്ഞതും ഈ കൊടക്കമ്പീം കരീമുള്ളേം തന്നേണ്. പ്രതിമ വെക്കാന്‍ കബ്രാള്‍ ഗ്രൗണ്ടിന്റെ നേരേ നേരേ ഒന്നര സെന്റ് സ്ഥലം വിട്ടട്ടേ കപ്പിത്താന്‍ ബര്‍ണാഡ് മതില് കെട്ടിയൊള്ള്. ഫ്രെഡ്ഡിക്കപ്പിത്താന്റെ കാര്യത്തിനാന്ന്ം പറഞ്ഞ് ചെന്നാ കാശിനാണോ വെഷമം!

ചാകണോടം വരെയേ ഒണ്ടാര്‍ന്നൊള്ള് ഫ്രെഡ്ഡിക്ക് കാശിന് കൊറവ്. ചത്തേപ്പിന്നെ ഫ്രെഡ്ഡിക്കാന്നും പറഞ്ഞ് കൊച്ചീലോട്ട് എറങ്ങിയാ മതിയേര്‍ന്ന് കാശിന്റെ ചാകരയ്ക്ക്. കൊല്ലം പത്തെഴുപതായില്ലേ! അന്നീ ഫ്രെഡ്ഡീം ബെര്‍ണാഡുവൊന്നും വെല്യേ കമ്പിനിക്കാരൊന്നുവല്ലാരുന്ന്. പാദുവേം ഫ്രെഡ്ഡീമാര്‍ന്ന് ഒറ്റ നൂലേ കോര്‍ത്ത പോലെ കെടന്നേച്ചത്. ബെര്‍ണാഡ്, കരിമുള്ളാ, കൊടക്കമ്പി സുലൈമാന്‍, കാലന്‍ തിമോത്തി, പറങ്കിക്കാഷ്യസ്സ് എക്കെയാരുന്ന് ഫോര്‍ട്ട് കൊച്ചീടെ ടീമില്. 

ഫ്രെഡ്ഡിക്കപ്പിത്താന്‍, പാദുവാ, നെയ്മീന്‍ ഷേണായി, ലഡു രാമപ്പന്‍, പരുന്ത് ഇഗ്‌നേഷ്യസ്, ടോമപ്പന്‍ എക്കെ മട്ടാഞ്ചേരീല്. കണ്ണമാലിക്കാര്ടെ ടീമില് എജുഡിസ്, ഫെര്‍ണാണ്ടന്‍, ഗോണ്‍സാല്‍വസ്, ക്ലേ, കൃഷ്ണപ്പന്‍ എക്കെയാര്‍ന്ന്. ആ ഫെര്‍ണാണ്ടനേണ് പിന്നെ മലേഷ്യേപ്പോയി വെല്യേ കാശും പത്രാസുവെക്കെയായട്ട് വന്നത്. അവന്റെ ചെക്കനേണ് ഇപ്പം വെല്യേ, കണ്ണിന്റെ ഡോക്ടറെക്കെയായട്ട് ആറു മാസം എറണാകൊളത്തും ആറുമാസം അമേരിക്കേലുവായിട്ട് പറന്ന് നടക്കണത്.

വാത്തുരുത്തിക്കാര്ടെ ഒര് ടീമൊണ്ടാര്ന്ന്. കച്ചറേന്ന് പറഞ്ഞാ പോര. കച്ചറേട കച്ചറ. ഐലന്റുകാര് പുള്ളേരേണ് സൈക്കള് ടീം. അഞ്ചാറേഴ് സൈക്കളേലേണ് എക്കെയെണ്ണോം കൂടി കടപ്പൊറത്ത് വന്ന് കേറണത്. അവമ്മാര്ടെ സൈക്കള് വന്നാ പിന്നെ എക്കെയെണ്ണത്തിനും അതുമ്മേലൊന്ന് കേറി ചവുട്ടണം. എന്നട്ടേ കളിയൊള്ള്. സൈക്കളും ചവിട്ടി എക്കെയെണ്ണോം കായലിലോട്ടും കൂടി ചെല്ലും. നമ്മടെ പുള്ളേരെടെ കൂട്ടത്തി കൈവിട്ട് സൈക്കള് ചവുട്ടണത് ഫ്രെഡ്ഡി മാത്രോര്‍ന്ന്. 
പിന്നെ പനയപ്പള്ളി പുള്ളേര്, ബ്രദേഴ്സ് അമരാവതി... ടീമുകള് അന്ന് എത്രയേര്‍ന്ന് കൊച്ചീല്! അമരാവതീടെ ക്യാപ്റ്റനാര്‍ന്നേച്ച അള്‍സോന്റെ മകനേണ് ചൈനേലെക്കെ പോയി പട്ടം പറപ്പിച്ച് വെല്യേ കപ്പ് എക്കെ അടിച്ചത്. 

വൈപ്പിങ്കരേ ചെന്ന് ബോട്ടു പെരേന്നാണ് എല്ലാരും ബാറ്റൊണ്ടാക്കണത്. അറ്റം പൊട്ടീട്ടും കൈയൊടിഞ്ഞട്ടുവെക്കെ കടപ്പൊറത്ത് ഇട്ടേച്ചും പോണ നയമ്പ് വെട്ടിച്ചെറുതാക്കിയാ നല്ല കിണ്ണംകാച്ചി ബാറ്റ് ആയി. പൊട്ടീട്ടും പൊളിഞ്ഞട്ടും ഒരു നൂറ്റമ്പതു നയമ്പ് കാണും ബോട്ട് പെരേല്. ബാറ്റ് എല്ലാര്‍ക്കും വേണോല്ലാ. എന്നാലും പ്രെശ്‌നയില്ല. പക്ഷേങ്കി ബോളിനേര്‍ന്ന് പാട്. കാര്യം ഒന്നാ രണ്ടാ ബോള് മതി. എന്നാലും പാടേര്‍ന്ന്. 

ക്രിക്കറ്റ് ന്ന് പറഞ്ഞാ ഇങ്ങനെയെണ്ടാ ക്രിക്കറ്റ്! കായലരികത്ത്, കൊച്ചീടെ വെളി ഇങ്ങനെ പൊടീം പിടിച്ച് പരന്നങ്ങ് കെടക്കണയാണല്ലാ. ബോള് അടിച്ചാ നീങ്ങുവോ! റണ്‍സെടുക്കാന്‍ ഓടിയാ നീങ്ങുവോ! അപ്പിടി കടപ്പൊറത്തെ പൂഴിയല്ലേ. അവടെ കെടന്നേച്ചാണ് ഈ കളിയെക്കെ. വെള്ക്കുമ്പം തൊടങ്ങും. വെള്ക്കണേന് മിന്നം കടലീ പോണ വലക്കാര് വൈന്നേരം വരുമ്പം വലമീന്‍ പെറക്കാന്‍ പോണം പുള്ളേര്‍ക്ക്. അന്നേരോം വരെ കളി തന്നെ കളി. ക്രിക്കറ്റായ കാരണോന്നു വെച്ചാ എന്തോരം നേരം വേണേലും കളിക്കാല്ലോ. പന്ത്കളി പോലെ, തൊടങ്ങുമ്പം മൊതല് തീരണോടം വരെ ചത്തുകെടന്ന് ഓട്ടോം മറിച്ചിലുവൊന്നും വേണ്ട. ഇച്ചിരി നേരം എറിയണം. ഇച്ചിരി നേരം അടിക്കണം. എടയ്ക്കെടയ്ക്ക് എന്നാങ്കിലുവെക്കെ ചെയ്‌തോണ്ടിരുന്നേച്ചാ മതി. അതിന്റെയെടേക്കൂടി കളിയങ്ങ് പൊക്കോളും. വലമീന്‍ പെറക്കണപോലെ ഇങ്ങനെ ഓരേ ഓരേ റണ്‍സെക്കെ പെറക്കി പെറക്കി കൂട്ടിക്കൂട്ടിവെച്ച് വെച്ചാണ് കളീടെ ജെയം. ഓരേ പന്തും വരുമ്പളേ പറയാമ്പറ്റുവൊള്ള് അതെക്കെ എങ്ങനെയാ വന്നേ, എവടേട്ടാ വന്നേ, ന്നൊക്കെ. അവനോന്റെ കുറ്റീം കോലും തെറിക്കല്ലേന്നൊരൊറ്റ വിചാരത്തില് കണ്ണും പൂട്ടി ഒരൊറ്റയടിയല്ലേ. ചെലപ്പം ബോള് അടിച്ച് കായലിലോട്ട് പറപ്പിക്കും. ചെലപ്പഴാണെങ്കി, ഇപ്പം ബോള് ദേ കായലീ പോവുന്നോര്‍ത്ത് ഒര് കിനുത്ത് കിന്ത്തിയേച്ചും നോക്കുമ്പം ക്ടിം ന്നും പറഞ്ഞ് നമ്മടെ കുറ്റീം കോലും നടുക്കനെ ഒടിഞ്ഞേക്കണയാരിക്കും. 
ബാറ്റടീന്ന് പറഞ്ഞാ, ഫ്രെഡ്ഡിയേര്‍ന്ന് അന്ന് കൊച്ചീ വെളീലെ എക്കേലും വെല്യേ

ബാറ്റടിക്കാരന്‍. ആള് ന്ന് പറഞ്ഞാ... ആകപ്പാടെ ബാറ്റിനേക്കാലും ഇച്ചിരീം കൂടിയേ ഒള്ളേര്‍ന്ന്. എന്നും വെച്ച് അത് വല്ലോം പ്രെശ്‌നവാണോ! പന്ത് പറ പറക്കും. ഏറിന് പക്ഷേ, ഫ്രെഡ്ഡി അത്രേം പോരാര്‍ന്ന്. എടയ്ക്ക് ഫോര്‍ട്ടുകൊച്ചി ഇലവന്‍സ് ആയട്ട് തൃപ്പൂണിത്തറേലൊക്കെ കളിക്കാന്‍ പോയട്ടെണ്ട്. അവടെ ചെന്നാലും ബാറ്റടീല് ഫ്രെഡ്ഡി ഒര് സംഭവം തന്നേര്‍ന്ന്. ഏറും ബാറ്റടീം പന്തു പെറക്കലും എക്കേം കൂടി നോക്കിയാ ബെര്‍ണാഡേര്ന്ന് കൊച്ചീടെ ക്രിക്കറ്റ്കാരന്‍. എന്നു വെച്ചാ, ഫോര്‍ട്ടുകൊച്ചി ഇലവന്‍സില് ക്യാപ്റ്റനല്ലേ ബെര്‍ണാഡ്. ക്രിക്കറ്റ് കളിക്കാന്‍ പോകുമ്പം മാത്രേ ബെര്‍ണാഡിനെ ക്യാപ്റ്റാ ന്ന് വിളിക്കാറൊള്ള്. അല്ലാത്തപ്പഴെക്കെ ക്യാപ്റ്റന്‍ ഫ്രെഡ്ഡിയാര്ന്ന്. അതെന്നാ ന്ന് വെച്ചാ, ഫ്രെഡ്ഡിക്ക് ഒരൊറ്റ വിചാരവേ ഒണ്ടാരുന്നൊള്ള്. കൊച്ചീ പോര്‍ട്ടിലെ ഒര് കപ്പലേലെ ക്യാപ്റ്റനാകണോന്ന് ഒറ്റ വിചാരം. ക്യാപ്റ്റനാകാനായട്ട് മാത്രോണ് ഫ്രെഡ്ഡി പള്ളിക്കൂടത്തിപ്പോലും പോയേച്ചത്. ആരെയെങ്കിലും കുത്തിക്കൊന്നട്ടാണേലും ഈ ഫ്രെഡ്ഡി ഒര് കപ്പലിന്റെ ക്യാപ്റ്റനാകുവെടാ ന്നും പറഞ്ഞോണ്ടാ ഫ്രെഡ്ഡീടെ നടപ്പ്. കുത്തിക്കൊന്നാ ക്യാപ്റ്റനാകാമ്പറ്റുവോ! എന്റെ ഫ്രെഡ്ഡീ എന്നാ നീ വല്ലോ കൊള്ളക്കാര്‍ക്കെടെ കപ്പലേലും പൊക്കോന്നു പറയും പുള്ളേര്. അതൊന്നുവൊര് പ്രെശ്‌നോയില്ല. കൊള്ളക്കാര്ടെ കപ്പലേലാണേലും ഫ്രെഡ്ഡിക്ക് ക്യാപ്റ്റനായേച്ചാ മതി.

എട്ടാം ക്ലാസ്സിലെ വെല്യേ പരീക്ഷ കഴിഞ്ഞൊള്ള വെല്യേ അവധിക്കാരുന്ന്. കണ്ണമാലീന്നും മുണ്ടംവേലീന്നും ഫോര്‍ട്ടുകൊച്ചീന്നും തോപ്പുംപടീന്നും എക്കെ വെല്യേ വെല്യേ കുരിശും ചൊമന്നോണ്ട് എല്ലാരും മലയാറ്റൂരേക്കു പൊക്കോണ്ടിരിക്കുവാരുന്ന്. വലക്കാര് പകുതിപ്പേരും കടലീപ്പോക്കൊന്നുവില്ലാത്ത സമയന്‍. വലമീന്‍ പെറക്കാനും കൂടി പോകാണ്ട് സന്ധ്യരാത്രി വരെ ക്രിക്കറ്റ് കളിയേണ്. ഫ്രെഡ്ഡിയങ്ങനെ ബാറ്റടിച്ച് പറപ്പിക്കണേണ് എല്ലാരേം. ഒന്നും രണ്ടും ദെവസിയല്ലന്ന്. കൊച്ചീ വെളീലോട്ട് ഫ്രെഡ്ഡി ബാറ്റും കൊണ്ടെറങ്ങിയാ പിന്നെയങ്ങാട്ടൊര് പറപ്പിക്കലേണ്. ഏറ്കാരെക്കെ ഊമ്പിയടിച്ച് നിക്കണേണ്. എന്നാ ഇനി തൃപ്പൂണിത്തറേലോട്ട് കളിക്കാന്‍ പോകുമ്പം ഫ്രെഡ്ഡീനെ ക്യാപ്റ്റനാക്കാന്ന് പറഞ്ഞ് പുള്ളേര്. ബെര്‍ണാഡ് ഒന്നും മിണ്ടീല്ല. എങ്ങനേണ് മിണ്ടണത്. പറ പറപ്പിക്കുവല്ലേ ഫ്രെഡ്ഡി എല്ലാരേം! 

ഒരു ദെവസിയൊണ്ട്, അപ്പറത്തെ സ്റ്റമ്പും കുറ്റീടടുത്ത് പാദുവേം ഇപ്പറത്തെ കുറ്റീമ്മേല് ഫ്രെഡ്ഡീം. പാദുവാ ബാറ്റടിയൊന്നൂ ഇല്ലാ. ഇങ്ങനെ മുട്ടി മുട്ടി നിക്കണേണ്. ഫ്രെഡ്ഡിക്ക് ബാറ്റടിക്കാന്‍ കിട്ടണോന്നേയൊള്ള് പാദുവായ്ക്ക്. അതിന് ചെലപ്പം അവന്‍ ഓടാണ്ടിരിക്കും. അല്ലെങ്കി വായുപിടിച്ച് കെടന്ന് ഓടും. എങ്ങനെയെക്കെയാണേലും അടുത്ത ബോള് വരുമ്പം ബാറ്റടിക്കാന്‍ ഫ്രെഡ്ഡിക്ക് തന്നെ കിട്ടും. അതുക്കൂട്ട് കളിയേണ് പാദുവേടെ. 

ബെര്‍ണാഡ് ഏറ് തൊടങ്ങി - ബൗളിങ്ങ്. ഏറില് കേമന്‍ ബെര്‍ണാഡ് തന്നേര്‍ന്ന്. അന്നാണേലും ഇച്ചിരീം കൂടെ തണ്ടും തടീം എക്കെയൊണ്ട്. കൊച്ചീ വെളീലെ പൂഴിപ്പൊറത്തായ കാരണം ക്രിക്കറ്റ്കാര് എറിയണപോലെ ബൗള് ചെയ്താ പന്ത് അങ്ങോട്ട് എത്തുകേല. പൂഴിപ്പൊറത്ത് ചെന്ന് കുത്തിയാ പിന്നെ പന്ത് അങ്ങനെ കാര്യായട്ട് നീങ്ങണയല്ല. കായലരികത്തെ കളീന്ന് പറഞ്ഞാ അതൊര് മാതിരി പൂഴിക്കളിയാ. ഏറാണേ കുറ്റീടെ മൂട്ടിലേക്ക് എറിയണം. ഓട്ടവാണേ പൂഴീ കെടന്ന് തൊഴഞ്ഞ് തൊഴഞ്ഞ് ഓടിക്കേറണം. ബെര്‍ണാഡിന്റെ ആദ്യത്തെ മൂന്ന് ഏറും അടിച്ച് പറപ്പിച്ച് ഫ്രെഡ്ഡി. മട്ടാഞ്ചേരിപ്പുള്ളേരെല്ലാം കൂടി ബെര്‍ണാഡിനെ കൂവി. നാലാമത്തെ ഏറിന് എന്നതാണോ പറ്റിയേ. നോക്കുമ്പയൊണ്ട് ഫ്രെഡ്ഡി നെലത്ത് കെടന്ന് പെടപെടയ്ക്കണേണ്. കണ്ണും പിരികോം എക്കേം കൂടി പൊട്ടിപ്പൊളിഞ്ഞ് അതിനകത്തോട്ടപ്പിടി പൂഴീം കൂടി കേറി... ചോരയ്ക്കാത്ത് പൂഴിയങ്ങനെ കൊഴഞ്ഞ്... ഓഹ്...

വെളി ആയ കാരണം ആള്‍ക്കാരെണ്ടേര്‍ന്ന് ഇഷ്ടം പോലെ. അപ്പം തന്നെ എട്ത്ത് കരുവേലിപ്പടീല് ആശൂത്രീ കൊണ്ട് ചെന്ന്. അവരേതാണ്ട് ഇച്ചിരി വെള്ളോക്കെയൊഴിച്ചൊന്ന് കഴ്കിയേച്ചും എറണാകൊളത്തോട്ട് കൊണ്ടോക്കോളാന്‍ പറഞ്ഞ്. നേരേ കേറ്റി ബോട്ടേട്ട്. പുള്ളേര് കമ്പ്ളീറ്റുവെണ്ട് പൊറകേ. ബോട്ട് ജെട്ടീലെറക്കിയേച്ചും നേരേ ജനറലാശൂത്രീലോട്ട് ചൊമന്നോണ്ട് ചെന്ന്. കൊറേ പുള്ളേരല്ലാണ്ട് കാര്യപ്പെട്ട ആരെങ്കിലുവെണ്ടാ കൂടെ? എവടേട്ട്. ഈ കൊച്ചിക്കേടെ ആള്‍ക്കാരാരെങ്കിലുവെണ്ടാന്ന് ഡോക്ടറ് ചോദിച്ചപ്പം ബെര്‍ണാഡ് പറഞ്ഞ് എന്റെ അനിയങ്കൊച്ചനാന്ന്. ഫ്രെഡ്ഡീടപ്പനാര്‍ന്നേ വെല്യേ കുരിശും ചൊമന്നോണ്ട് നടന്ന് പോയേക്കണേണ് മലയാറ്റൂര്‍ക്ക്. 

എന്നതാണേലും കണ്ണ് പോകൂന്ന് പറഞ്ഞ് ഡോക്ടറ് ബെര്‍ണാഡിനോട്. ബെര്‍ണാഡിന്റെ മോന്തയൊന്ന് കാണണാര്‍ന്ന് അന്നേരം. ഡോക്ടറും കൂടി ഞെട്ടിപ്പോയി. അലറി വിളിച്ച് ഒരൊറ്റ കരച്ചിലേര്‍ന്ന് ബെര്‍ണാഡ്. രണ്ട് ദെവസി കഴിഞ്ഞപ്പഴാ ഫ്രെഡ്ഡിക്കൊര് അനക്കം വെച്ചത്. ഇട്ടോണ്ടു പോയേച്ച നിക്കറും ബെനിയനും മാറുവോം കൂടി ചെയ്യാണ്ട് ബെര്‍ണാഡ് ആശൂത്രീ തന്നെ നിന്നേച്ച്. ബെര്‍ണാഡിന്റെ അപ്പനും അമ്മേം ഫ്രെഡ്ഡീടെ അമ്മേം എക്കെ ആശൂത്രീ തന്നേര്‍ന്ന്. 

അന്നത്തോടെ കൊച്ചീ വെളീലെ ക്രിക്കറ്റ് നിന്ന്. രാവിലത്തെ ബോട്ടേല് പുള്ളേരെക്കേം കൂടി എറണാകൊളത്തോട്ട് ചെല്ലും. അന്നെക്കെ ജെനറലാശൂത്രീടെ മിറ്റത്ത്ന്ന് കായലിലോട്ടെറങ്ങാം. സന്ധ്യ രാത്രിവരെ കറങ്ങി തിരിച്ച് എറണാകൊളത്തോടെ നടന്നേച്ച് പുള്ളേരെല്ലാം കൊച്ചീലോട്ട് ബോട്ടു കേറും. എന്നേച്ചും പിന്നെ കൊറേ നേരം ഫോര്‍ട്ടുകൊച്ചീവെളീല് ചുമ്മാ ചെന്നിരിക്കും. എന്നേച്ചും വേണം പിന്നെ മട്ടാഞ്ചേരീലോട്ടും മുണ്ടംവേലീലോട്ടും പനയപ്പള്ളീലോട്ടും തോപ്പുംപടീലോട്ടും എക്കെ ചെന്ന് വീട്ടിക്കേറാന്‍. 

ബെര്‍ണാഡിന്റെ മമ്മാ കൊണ്ട്ചെന്ന നുറുക്കരി കഞ്ഞി ഫ്രെഡ്ഡിക്ക് കോരി കൊടുത്തത് ബെര്‍ണാഡേര്‍ന്ന്. ഒരാഴ്ചേം കൂടി കഴിഞ്ഞാ കൊച്ചീലോട്ട് പോകാന്നോര്‍ത്തോണ്ടിരുന്നപ്പഴാ ഫ്രെഡ്ഡിക്ക് പനിപിടിച്ചത്. അന്നേരവാ ബെര്‍ണാഡിന്റെ കൈയേ പിടിച്ചോണ്ട് ഫ്രെഡ്ഡി പറഞ്ഞത് അവനെ അടക്കം ചെയ്യുമ്പം ഒര് കപ്പിത്താന്റെ യൂണിഫോറം ഇടീക്കണോന്ന്. അന്നേരം കരഞ്ഞില്ല ബെര്‍ണാഡ്. ഒരാഴ്ച കെടന്നില്ല ഫ്രെഡ്ഡി. ആ വെല്യേ ബുധനാഴ്ച ഫ്രെഡ്ഡി മരിച്ച്. പിറ്റേന്ന് പെസഹായായ കാരണം തെരക്ക് പിടിച്ചാര്ന്ന് ശവാടക്ക്. 

പള്ളീന്ന് പോന്നേച്ചും കടപ്പൊറത്തിരിക്കുമ്പഴാ ബെര്‍ണാഡ് പറയണത്. രാത്രീ ശവക്കോട്ടേ കേറി ഫ്രെഡ്ഡീടെ കുഴി മാന്തി ശവം പൊക്കാന്‍ പോകണേണന്ന്. കേട്ടപ്പം മുള്ളിപ്പോയി പുള്ളേര്. കരിമുള്ള പേടിച്ച് നൊലോളിച്ചോണ്ട് എണീച്ച് ഒരോട്ടം വെച്ചു കൊടുത്ത്. കുഴി മാന്തി ഫ്രെഡ്ഡീടെ ശവം പൊക്കിയെട്ത്ത് ശവക്കോട്ടയ്ക്കടുത്തൊള്ള കുറ്റിക്കാട്ടില് വേറൊരു കുഴിയെട്ത്ത് അതില് ഒളിച്ച് വെക്കാനേണ് ബെര്‍ണാഡിന്റെ പരുപാടി. തോപ്പുംപടീന്ന് എടക്കൊച്ചീലേക്ക് ശകലം മാറിയാ അവടെയൊര് കപ്പിത്താന്റെ വീടൊണ്ട്. എടയ്ക്കെടയ്ക്ക് കപ്പലേല് കപ്പിത്താനായട്ടും എടയ്ക്കെടക്ക് ഐലന്റില് പോര്‍ട്ടിലെ വെല്യേ ആപ്പീസറായട്ടും ജോലി ചെയ്യണയാളാ. പെണ്ണൊന്നും കെട്ടീട്ടില്ല. മൂപ്പിലേടെ വീട്ടിച്ചെന്നേച്ചും ക്യാപ്റ്റന്റെ പഴേ ഒര് യൂണിഫോറം തരാവോന്ന് ചോദിക്കണം. എന്നേച്ചും അത് തുന്നല്റാഫീനെക്കൊണ്ട് വെട്ടി ചെറുതാക്കിക്കണം. അതു കൊണ്ടെച്ചെന്ന് ഫ്രെഡ്ഡീടെ ശവത്തേല് ഇടീക്കണം. എന്നട്ട് ശവം പിന്നേം ശവക്കോട്ടേലെ ആദ്യത്തെ കുഴീല് കൊണ്ടെച്ചെന്ന് കുഴിച്ചിടണം. അതാണ് ബെര്‍ണാഡിന്റെ പ്ലാന്‍. ഒരാളും കൂടി വേണം. ആരാടാ കൂടത്തി വരണത്ന്ന ചോദിച്ച് ബെര്‍ണാഡ്. 

കാര്യോക്കെ ഇങ്ങനെ പതുക്കനെ പതുക്കനെ പറഞ്ഞട്ട് ബെര്‍ണാഡ് തിരിഞ്ഞ് നോക്കുമ്പം സുലൈമാന്‍ പൂഴിക്കാത്ത് കെടന്നോണ്ട് കരയണൊണ്ട്. പുള്ളേര് വേറേ ഒരൊറ്റയെണ്ണവില്ല. എക്കെയെണ്ണോം പേടിച്ച് കരഞ്ഞോണ്ട് പെരേലോട്ട് ഓടി. 

നോക്കുമ്പം ബെര്‍ണാഡിന്റപ്പന്‍ സ്രാങ്കാന്റണി പതുക്കനെ പതുക്കനെ വന്നേക്കണ്. ആരാണ്ടെക്കെ പുള്ളേര്, ഏതാണ്ടെക്കെ ചെന്ന് പറഞ്ഞേക്കണയേണ്. നോക്കുമ്പം കരിമുള്ളാ നൊലോളിച്ചോണ്ട് പൊറകേ വന്നേക്കണ്. ബെര്‍ണാഡിന്റപ്പന്‍ സ്രാങ്കാന്റണി കൊച്ചേ... ന്ന്ം പറഞ്ഞ് വിളിച്ച്. അപ്പന്‍ ബെര്‍ണാഡിന്റെ അടുത്ത് മണലേല് ഇര്ന്ന്. അപ്പന്‍ ബെര്‍ണാഡിനെ പിടിച്ച്. കൊച്ചേന്നും പറഞ്ഞ് കുലുക്കിക്കുലുക്കി ബെര്‍ണാഡിനെ വിളിച്ച്. കായലേട്ട് ഇടിമിന്നല് വീഴണ കണ്ടട്ടെണ്ടാ. അതുമ്മണ്ണം ഒര് കരച്ചിലേര്ന്ന് ബെര്‍ണാഡ്. 
സന്ധ്യരാത്രിയായപ്പഴാ എല്ലാരും കൂടി ഫ്രെഡ്ഡീടെ വീട്ടിലോട്ട് പോണത്. അപ്പന്‍ ബെര്‍ണാഡിനെ പിടിയേന്ന് വിട്ടില്ല. പിറ്റേ ദെവസി ദുഃഖവെള്ളിയല്ലേ. ഈസ്റ്ററും കൂടി കഴിഞ്ഞപ്പം പിന്നെ ബെര്‍ണാഡും കരിമുള്ളേം സുലൈമാനും പാദുവേം എക്കേം കൂടി കാര്യത്തിനൊര് തീരുമാനമാക്കണേണ്. ഫ്രെഡ്ഡിക്കൊര് കപ്പിത്താന്റെ യൂണിഫോറം മേടിക്കണം. അത് ഫ്രെഡ്ഡീടെ മമ്മയ്ക്ക് കൊണ്ടെ കൊടുക്കണം. 

ക്യാപ്റ്റന്റെ യൂണീഫോറം എവടുന്നേണ് മേടിക്കണേന്നറിയാന്‍ തോപ്പുംപടീലെ ക്യാപ്റ്റന്റെ വീട്ടിലോട്ട് ചെന്ന് കേറാന്‍ തൊടങ്ങീതും വെല്യേ ഒര് പൂടപ്പട്ടി ചാടി കൊരച്ചോണ്ട് ചെന്ന്. നൊലോളിച്ചോണ്ട് ഓടി എക്കെയെണ്ണോം കൂടി. ക്യാപ്റ്റനെണ്ടാ അവടെയെങ്ങാന്‍. എവടേട്ട്! കപ്പലേലെ ക്യാപ്റ്റന്‍ പെരയ്ക്കാത്തിരിക്കുവാണോ! ബാക്കിയെക്കെ എങ്ങനെയെങ്കിലും ഒപ്പിക്കാം. തൊപ്പി എവടന്ന് കിട്ടും. ക്യാപ്റ്റന്മാര്‍ക്കെടെ നെഞ്ചുമ്മേ കുത്തണ ബാഡ്ജ് എവടന്ന് കിട്ടും! ബെര്‍ണാഡ്, പാദുവാ, കരിമുള്ളാ, സുലൈമാന്‍, ക്ലേ, രാമപ്പന്‍... പുള്ളേര് കൊറച്ച് പേരേണ്ടാര്‍ന്ന്. 

നോക്കുമ്പയൊണ്ട് ഒര് ദെവസി കരിമുള്ളാ ഒര് തൊപ്പീം ബാഡ്ജും കൊണ്ടോന്നേക്കണ്. കരിമുള്ളേടെ വീടിനടുത്ത് നസറേത്ത് കവലേലൊള്ളയൊര് തള്ളയേണ് ക്യാപ്റ്റന്റെ വീട്ടില് പണിക്കെക്കെ നിക്കണത്. അവര് ക്യാപ്റ്റന്റെ വീട്ടീന്ന് എട്ത്തോണ്ടെ കൊടുത്തേക്കണയേണ്. കട്ടെട്ത്തേക്കണയാരിക്കും. ഫോര്‍ട്ടുകൊച്ചീലെ കുമാര്‍ ടാക്‌സിക്കമ്പനീലെ ഡ്രൈവറുമ്മാര്‍ക്കെടെ യൂണിഫോറം എക്കെ തയ്ക്കണത് തുന്നല്റാഫിയേണ്. അതുക്കൂട്ട് പഴേയൊര് തുണി വെട്ടി ശെരിപ്പെട്ത്തി ഒര് ക്യാപ്റ്റന്റെ യൂണിഫോറം പുള്ളേര്‍ക്കെടെ പാകത്തിന് തയ്ച്ച് തരാന്ന് തുന്നല്റാഫി സമ്മതിച്ച്. തുണീടേം തുന്നലിന്റേം കൂടി കാശ് എവുടുന്ന് കൊട്ക്കാനേണ് റാഫിക്ക്! കാശ് ഞാനെണ്ടാക്കിക്കോളാന്ന് പറഞ്ഞ് ബെര്‍ണാഡ്. കാശൊണ്ടാക്കാന്‍ എന്നതേര്‍ന്ന് പരുപാടീന്നറിയണേ കേട്ടോ- സ്മഗ്ലിങ്ങ്. പോര്‍ട്ടില് വരണ കപ്പലേന്ന് വാച്ച് മേടിച്ച് മട്ടാഞ്ചേരീല് ഉബൈദിന് കൊണ്ടെ കൊടുക്കണം. നാലു തോണ വാച്ച് എടുത്ത് കൊണ്ടെ കൊടുത്തട്ടും കാശ് കിട്ടാണ്ട് വന്നപ്പളേണ് കരിമുള്ളേനോടും സുലൈമാനോടും പാദുവേനോടുവെക്കെ പ്രെശ്‌നം പറേണത്. എന്നാ ചെയ്യണേണ്! കരിമുള്ളേം പാദുവേം കൂടെ നേരേ ഉബൈദിന്റെ കടേലോട്ട് ചെന്ന്. ബെര്‍ണാഡിന്റെ കാശിങ്ങ് വെക്കണോന്ന് പറഞ്ഞ്. ഉബൈദ് കാശ് കൊടുക്കണയേണാ! എവടേട്ട്! നോക്കുമ്പയെണ്ട് വൈന്നേരം രണ്ട് പൊലീസ് കാര് വന്നേച്ച് കരിമുള്ളേനേം പാദുവേനേം കൂടി ഫോര്‍ട്ടുകൊച്ചീലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടോയേക്കണ്.

ഓടിക്കതച്ച് പൊലീസ് സ്റ്റേഷനിലോട്ട് ചെന്ന് ബെര്‍ണാഡിന്റപ്പന്‍ സ്രാങ്കാന്റണി. പൊലീസുകാര്‍ക്കെല്ലാര്‍ക്കും സ്രാങ്കാന്റണീനെ അറിയാര്‍ന്നല്ലോ. പൊലീസുകാര് പുള്ളേരെ വിട്ട്. ഉബൈദ് ഇച്ചിരി കാശ് പുള്ളേര്‍ക്കും കൊട്ത്ത്. ഇച്ചിരി കാശ് പൊലീസിനും കൊടുത്ത്. അങ്ങനെ ഇച്ചിരി കാശിന് ഉബൈദിന് ഇച്ചിരി സ്മഗ്ലിങ്ങ് നടന്ന്. അങ്ങനേണ് കരിമുള്ളേം പാദുവേം ഉബൈദിന് സാധനങ്ങള് എട്ത്ത് കൊടുക്കാന്തൊടങ്ങീത്. ആ ലൈന്‍ പിടിച്ചേണ് പാദുവാ പിന്നെ മംഗലാപുരത്തിനും ബോംബേക്കും എക്കെ പോണത്. അവുടുന്ന് വന്നട്ടേണ് പാദുവാ ചെമ്മീന്‍ കമ്പനി തൊടങ്ങണത്. അങ്ങനേണ് ചെമ്മീമ്പാദുവായായത്. ഐസ് കമ്പിനീം ചെമ്മീന്‍ കമ്പിനീം ചെമ്മീന്‍ കേറ്റിക്കൊണ്ടുപോണ വെല്യേ കപ്പലും വൈപ്പിങ്കരേ കൊറേ ചെമ്മീന്‍ കെട്ടും... ഇപ്പം ഫോര്‍ട്ടുകൊച്ചി അപ്പിടീം കൂടി മേടിക്കണങ്കി അതിനും കൂടി പറ്റണ കാശെണ്ട് പാദുവായ്ക്ക്. 

ഗോവേന്ന് വന്നയൊര് പറങ്കിപ്പെണ്ണിന്റെ കൂടത്തി പോയതേണ് കരിമുള്ളാ. പളുങ്കണ്ടി കരിമുള്ളേന്നേര്‍ന്ന് പുള്ളേര് വിളിച്ചോണ്ടിര്ന്നത്. എല്ലാര്‍ക്കെടേം ശുണ്ണി കറത്തല്ലേ ഇരിക്കണത്. കരിമുള്ളേടെ ശുണ്ണി നല്ല പളുങ്കിനേക്കൂട്ടാര്‍ന്ന്. അതാ പളുങ്കണ്ടീന്ന് വിളിച്ചത്. വയിസ്സ് 20 തെകയണേന് മിന്നം പളുങ്കും കൊണ്ട് ഗോവക്കാരീടെ പോറകേ പോയ കരിമുള്ള പോയേനേക്കാട്ടിലും സ്പീഡില് കൊച്ചീലോട്ട് പോന്ന്. ആറുമാസോം കൊണ്ട് പളുങ്ക് ചീഞ്ഞ കാളാമുണ്ടനേക്കൂട്ട് ആയി. മണി വീങ്ങി കരിമുള്ള ആശൂത്രീലായി. കരിമുള്ള എറണാകൊളത്ത് ജെനറലാശൂത്രീ കെടന്നപ്പം ബെര്‍ണാഡ് മഹാരാജാസി പഠിക്കണേണ്. 20 വയിസ് തെകയണേന് മിന്നം പടുത്തോം കൂടി കളഞ്ഞേച്ച് ബെര്‍ണാഡ് കപ്പലേ കേറി. മര്‍ച്ചന്റ് നേവീല്. 20 വയിസ് തെകഞ്ഞട്ടാണേ കപ്പലേല് എടുക്കുകേലാര്‍ന്ന്. കേഡറ്റായിട്ടാ കേറീത്. പത്തിരുപത് കൊല്ലം കഴിയണം ക്യാപ്റ്റനാകണോങ്കി! ആറുമാസം കപ്പലേ പോയാ ആറുമാസം ലീവാ. ബെര്‍ണാഡ് കാണാത്ത കടലും കരേമെണ്ടാ എങ്ങാനും! എവടേട്ട്! 

ഹോങ്കോങ്ങിലെങ്ങാണ്ട് കപ്പലേ ചെന്നപ്പം അവടെ വെല്യേ പട്ടം പറപ്പിക്കല് നടക്കണ്. കപ്പല് കാരെക്കേം കൂടി പട്ടം പറപ്പിക്കല് കാണാന്‍ ചെന്നട്ട് നോക്കുമ്പം ദേ പറക്കണ് നമ്മടെ കൊച്ചീക്കാര്‍ക്കെടെ പരുന്ത് പട്ടം. കപ്പടിച്ചത് ആര്‍ക്കാന്ന് നോക്കുമ്പം നമ്മക്കടെ അമരാവതീലെ അള്‍സോന്റെ കൊച്ചന്‍. 
ആറാമ്മാസം ലീവാന്ന് പറഞ്ഞാലും കപ്പലേ കേറിപ്പോയാ എറങ്ങണോങ്കി കൊല്ലം ഒന്നും രണ്ടും പിടിക്കും. കരേലെറങ്ങിയേച്ചും പെണ്ണമ്പുള്ളേടെ മണോം പുള്ളേര്‍ക്കടെ കളീം ചിരീം പെരേ കിട്ടണ മീങ്കറീം എക്കേം കൂടിയായാ പിന്നെ കപ്പലേലോട്ട് ചെല്ലണോന്ന് തോന്നുകേല. 
സുലൈമാന്‍ മൂന്നാല് ചീനവലയെട്ത്ത്, പോര്‍ട്ടില് ചെമ്മീനെട്ത്ത്... ചെലപ്പം കാശ് ഇഷ്ടം പോലെ. ചെലപ്പം പട്ടിണീന്ന് പറഞ്ഞാ പട്ടിണി. പുള്ളേര് രണ്ടും മിടുക്കരാ. രണ്ടെണ്ണത്തിനും പോര്‍ട്ടില് ബിസിനസെണ്ട്. 

കബ്രാള്‍ ഗ്രൗണ്ടിന്റങ്ങേപ്പൊറത്ത് അരയേക്കറ് വീടും പറമ്പും വിക്കാന്‍ കെടക്കണേണന്ന് സുലൈമാനാ ബെര്‍ണാഡിനോട് പറഞ്ഞത്. വെലയൊന്നും ചോദിക്കാമ്പോയില്ല. ബെര്‍ണാഡ് അത് മേടിച്ച്. പഴേ വീടൊണ്ടാരുന്നത് കരിമുള്ളാ പൊളിപ്പിച്ച്. അതേന്ന് കൊള്ളാവുന്നതെക്കെ സുലൈമാന്‍ വീടുപണിയാനെടുത്ത്. കരിമുള്ളയേണ് ബെര്‍ണാഡിനായട്ട് വീട് പണീപ്പിച്ചത്. രണ്ടു മൂന്നു കൊല്ലം കൊണ്ടാ വീട് പണിതത്. പണി തീര്‍ന്നപ്പഴത്തേക്കും സ്രാങ്ക് ആന്റണിം ബെര്‍ണാഡിന്റ മമ്മേം ചത്തു പോയാര്‍ന്ന്. വേറെ ആരാ അവടെ താമസിക്കണത്! വെല്യക്കാട്ടന്‍ വീട്. അത് അടച്ചിട്ടേച്ച്. കരിമുള്ളയാ അവടത്തെ മാനേജറ്. ഒരു തോണെ വന്നേച്ചും പോയപ്പം സുലൈമാനാ ബെര്‍ണാഡിനോട് പറഞ്ഞത് വീട് ഹോംസ്റ്റേയായട്ട് കൊടുക്കാന്‍. മോളില്‍ത്തെ നെല മാത്രേ കൊടുക്കണൊള്ള്. കരിമുള്ളയാ അത് നോക്കണേ. കബ്രാള്‍ ഗ്രൗണ്ടിന് കോര്‍പ്പറേഷന്‍കാര് മതില് കെട്ടീപ്പം ശെരിക്കും ബെര്‍ണാഡിന്റെ വീടിന്റെ വെല്യേ ഒരു മിറ്റം പോലെയായി ഗ്രൗണ്ട്. 

ഒന്നും രണ്ടും കൊല്ലം കൂടിയേച്ചേ ബെര്‍ണാഡ് വരാറൊള്ള്. വന്നാ പഴേ ടീമുകാര് എല്ലാരും കൂടും. രാത്രീ ഇല്ലാ പകലൂ ഇല്ലാ. ലെണ്ടനിലെങ്ങാണ്ട് ഒര് രാജകുമാരന്റെ പ്രതിമയില്ലേ ബെര്‍ണാഡേന്ന് ചോദിച്ച് പാദുവാ. അന്നേരം ബെര്‍ണാഡ് ചിരിച്ച്. ബെര്‍ണാഡിന് ചിരി കൊറവാര്‍ന്നല്ലാ. എടാ പൊട്ടാ അതൊര് കഥേലാ. സ്വര്‍ണോം കൊണ്ടൊള്ള രാജകുമാരന്റെ പ്രതിമ. അതിന്റെ ഹൃദയോം കൂടി കൊടുത്ത് എല്ലാരേം സന്തോഷിപ്പിക്കാന്‍ നോക്കിയ ഹാപ്പിരാജകുമാരന്റെ പ്രതിമ. ബെര്‍ണാഡ് തന്നെയാ പറഞ്ഞേ, നമ്മക്ക് നമ്മടെ ഫ്രെഡ്ഡീടെയൊരു പ്രതിമ ഈ കബ്രാള്‍ ഗ്രൗണ്ടില് പണീപ്പിച്ചാലോന്ന്. പ്രതിമ വെക്കാനൊള്ള സ്ഥലം ഞാന്‍ തരാം. നിങ്ങള് പ്രതിമ കൊത്തിക്കാവോന്ന് ചോദിച്ച്. തട്ടാശ്ശേരി അവരാച്ചനേക്കൊണ്ട് പ്രതിമ ഞാന്‍ കൊത്തിച്ചോളാന്ന് പറഞ്ഞ് പാദുവാ. അന്നേരാ സുലൈമാനും കരിമുള്ളേം കൂടി പറഞ്ഞത് ഇച്ചിരി കമ്പീം കല്ലുവെക്കെയാണേലും ഞങ്ങളും എന്നതെങ്കിലും എക്കെ എണ്ടാക്കി തരാം. എല്ലാരും കൂടി പണീപ്പിക്കാം പ്രതിമാന്ന്. 

കണ്ണമാലി ടീമിലെ ക്ലേ ടെ കൊച്ചന്‍ തൃപ്പൂണിത്തറ കോളേജില് ശില്പം കൊത്ത് പഠിച്ചതാ. ഇപ്പം പടം വരപ്പാ പണി. അവനോടൊന്ന് പ്ലാന്‍ ചെയ്യാന്ന് പറഞ്ഞ് കരിമുള്ള. കരിമുള്ളയ്ക്ക് കണ്ണമാലീല് ഇച്ചിരിയൊര് ചിറ്റിക്കളിയെക്കെ പണ്ടേ ഒള്ളതാ. കരിമുള്ള കണ്ണമാലീന്ന് പറഞ്ഞപ്പത്തന്നെ എല്ലാരും ചിരിച്ച്. ബെര്‍ണാഡ് പിന്നേം ചിരിച്ച്. വീക്കോം വന്ന് മണീം ചെത്തീട്ടും കണ്ണമാലീപ്പോക്ക് നിര്‍ത്തീല്ലേടാ കരിമുള്ളേന്ന് ചോദിച്ച് ബെര്‍ണാഡ്. പാദുവായ്ക്ക് അന്നേരം ബെര്‍ണാഡിന്റെ കളിക്കാര്യങ്ങള് അറിഞ്ഞേ പറ്റുവൊള്ള്. കളി കളീന്ന് പറഞ്ഞാ ക്രിക്കറ്റാ കളീന്ന് പറഞ്ഞ് ബെര്‍ണാഡ്. കൊറച്ചു നേരം എറിയണം, കൊറച്ചു നേരം ബാറ്റടിക്കണം, കൊറച്ച് നേരം പന്ത് പെറക്കണം... അതിന്റെ എടേക്കൂടി കളിയങ്ങനെയങ്ങ് നടന്നോളും. അല്ലാണ്ട് തൊടങ്ങുമ്പം മോതലേ പരക്കം പാഞ്ഞ് ഗോളടിക്കണേ ഗോളടിക്കണേന്നൊര് ഒറ്റ വിചാരോവായിട്ട് മരണവെപ്രാളം പിടിക്കണ കളി എന്നാ കളിയാ ഹാ ഹാ ഹാ... ബെര്‍ണാഡ് അമറി അമറി ചിരിച്ചോണ്ടിരുന്ന്. 
ജയിക്കാനും തോക്കാനും വേണ്ടീട്ടല്ലടാ, കളിക്കാന്‍ വേണ്ടീട്ട് കളിക്കണം. അതുക്കൂട്ട് കളി കളിക്കാമ്പറ്റണവരാടാ കളിക്കാര്... സമനെലേ തീരണ കളി... ചിരി തീര്‍ന്നപ്പം ബെര്‍ണാഡ് പറഞ്ഞ്.

വരുമ്പം സ്‌കോച്ചെക്കെ കൊണ്ടോരും ബെര്‍ണാഡ്. പക്ഷേങ്കി, കുടിക്കണത് റമ്മേ ഒള്ള്. ഇംഗ്ലീഷ്‌കാര് സായിപ്പുമ്മാര്‍ക്കേ ക്രിക്കറ്റൊള്ളന്ന് പറഞ്ഞ് ബെര്‍ണാഡ്. അവര്‍ക്കടെ കളി അതുമ്മണ്ണവാ. അവര് കളിക്കാം വേണ്ടിയാ കളിക്കണേ. അല്ലാണ്ട് ജയിക്കാം വേണ്ടിയല്ല. അവര്ടെ കളീല് ചെലപ്പം നമ്മടെ ടീം ജയിച്ചെന്നിരിക്കും. ചെലപ്പം മറ്റേ ടീം ജയിച്ചെന്നിരിക്കും. മിക്ക കളീലും കളി മാത്രേ ഒണ്ടാകുവോള്ള്. ഒര് ടീമും തോക്കണയല്ല. ഒര് ടീമും തോക്കാത്ത കളീന്ന് പറഞ്ഞാ എല്ലാരും ജയിക്കണ കളിയാ. അങ്ങനത്തെ ഒര് കളിയേ ഒള്ള്... ഹാ ഹാ ഹാ... ബെര്‍ണാഡ് പിന്നേം അമറി അമറി ചിരിച്ച്. എന്നട്ട് ദേ... ഒരൊറ്റ നെലോളിയാ. നമ്മടെയെക്കെ ജീവിതോന്ന് പറഞ്ഞാ എല്ലാര്ം തോക്കണ കളിയല്ലേടാ കരിമുള്ളാ... ന്നും പറഞ്ഞ് അമറിക്കെടന്ന് ഒര് നൊലോളി. പാദുവേനേം കൊണ്ട് വരണ ഡ്രൈവറ് നെലോളി കേട്ടോണ്ട് ഓടിക്കേറി അകത്തോട്ട് വന്ന്. എറങ്ങിപ്പോടാന്ന്ം പറഞ്ഞ് പാദുവാ അവനെ ഓടിച്ച്. എന്നേച്ചും ബെര്‍ണാഡിനേം കെട്ടിപ്പിടിച്ചോണ്ട് ഒരേ കരച്ചില്. ബെര്‍ണാഡും പാദുവേം കൊറേ നേരം കരഞ്ഞ്. കരിമുള്ളയ്ക്കും സുലൈമാനും കരയണോന്നെണ്ടാര്‍ന്നേലും കരച്ചില് വന്നില്ല. തിമോത്തീം കാഷ്യസും ക്ലേയുവെക്കെ എങ്ങനേങ്കിലും ഒന്ന് രക്ഷപെട്ടാ മതീന്നോര്‍ത്ത്. കുടിച്ച കള്ളപ്പിടി വെള്ളവായിപ്പോയല്ലോന്നൊര് കലിപ്പാരുന്ന് തിമോത്തിക്ക്.

അന്നാ പക്ഷേങ്കി, കാര്യത്തിലൊര് തീരുമാനങ്ങളായത്. ക്ലേടെ കൊച്ചന്‍ പിറ്റേ ദെവസി വന്ന്. ബെര്‍ണാഡിന്റെ വീടിന്റെ നേരേ മുമ്പീന്ന് ശകലം തെക്കോട്ട് മാറി കബ്രാള്‍ ഗ്രൗണ്ടിന്റെ നേരേ മുമ്പില് ഫ്രെഡ്ഡീടെ പ്രതിമ പണിയും. പത്തടി പൊക്കത്തില് അഞ്ചടി വട്ടത്തില് വെല്യേ ഒര് സിമന്റ് പീഠം. അതിന്റെ മോളില് എട്ടടി പൊക്കത്തില് ഫ്രെഡ്ഡീടെ പ്രതിമ. കപ്പിത്താന്റേക്കൂട്ട് യൂണീഫോമിട്ട് തൊപ്പിയെക്കെ വെച്ച് ബാഡ്ജ് എക്കെ കുത്തി ഒര് ബോയിക്കപ്പിത്താന്റെ പ്രതിമ. ബോയിക്കപ്പിത്താന്‍ന്ന് ആദ്യം പറഞ്ഞത് ക്ലേടെ കൊച്ചനാ. അവന്‍ ഈ പറഞ്ഞ സകല സാധനോം പടം വരച്ച് കാണിച്ച്. ബെര്‍ണാഡ് അപ്പളേ സമ്മതിച്ച്. കാര്യങ്ങളെക്കെ നിങ്ങള് നോക്കിക്കോ കാശ് ഞാന്‍ തന്നേക്കാന്ന് പറഞ്ഞ് പാദുവാ. പ്രതിമ കൊത്തീത് അവരാച്ചനാ. കൊച്ചീടെ കൊത്തുകാരനേണല്ലാ തട്ടാശ്ശേരി അവരാച്ചന്‍.
പിറ്റോ തോണ ബെര്‍ണാഡ് കപ്പലെറങ്ങീപ്പം പ്രതിമേടെ ഉല്‍ഘാടനോം കഴിച്ച്. ഒര് പെസഹാ വ്യാഴാഴ്ചേടെ തലേന്ന്. ഫ്രെഡ്ഡീടെ ഓര്‍മ്മദിവസം. അതീപ്പിന്നെയല്ലേ, ഫോര്‍ട്ടുകൊച്ചീലോട്ട് വരണ സകമാന ആള്‍ക്കാരും ബോയിക്കപ്പിത്താന്റെ പ്രതിമേടെ മുമ്പില് കബ്രാള്‍ ഗ്രൗണ്ടിന്റെ മതിലേലിരുന്ന് ഫോട്ടോയും പിടിച്ചട്ടേ പോകുവൊള്ളൂന്നായത്. ഫോര്‍ട്ടുകൊച്ചീന്ന് പറഞ്ഞാ അപ്പ കാണാം ചീനവലേടെ ഫോട്ടോയും ബോയിക്കപ്പിത്താന്റെ പ്രതിമേടെ പടോം. ബെര്‍ണാഡിന്റെ പെരേല്, മേളിലത്തെ മുറീലിരുന്നാ നേരേ നേരേ കാണാം ബോയിക്കപ്പിത്താന്റെ പ്രതിമ. ആ മുറിക്കൊര് ബാല്‍ക്കെണിയൊണ്ട്. പൊറത്ത്ന്ന് ആ ബാല്‍ക്കെണിയേട്ട് കേറാം. അവടെയിരുന്നോണ്ടാ ബെര്‍ണാഡിന്റെ റമ്മുകുടി. കായലേന്ന് കാറ്റ് നരെ അങ്ങാട് കേറിവരും. എഴുന്നേറ്റ് നിന്നാ കായലും ചീനവലേം എക്കേം കാണാമ്പറ്റും. അവടെ ചെന്നിരുന്നോണ്ട് കൊച്ചീടെ പാട്ട് പാടാത്ത പാട്ടുകാര് കാണുകേല. ഏശുദാസുങ്കൂടി ചെന്ന് പാടീട്ടൊണ്ട് അവടെ, ചെറുപ്പം കാലത്ത്. മെഹബൂനെക്കെ സ്ഥിരവല്ലാര്ന്നോ. പാര്‍ട്ടീം പരുപാടീം കഴിഞ്ഞ് പോണ വഴിക്ക് പാട്ടുകേക്കുമ്പം ലോറാപ്പി അവടെക്കേറുവാര്ന്ന് സ്ഥിരം.

പ്രതിമേം കൂട്ടി ഫോട്ടോയെടുക്കാനായട്ട് ഇരിക്കാമ്പാകത്തിന് കബ്രാള്‍ ഗ്രൗണ്ടിന്റെ മതിലേല് പടീം കൂടി പണിത് കോര്‍പ്പറേഷന്‍കാര്. എങ്ങനെയാ പണിയാണ്ടിരിക്കണേ ബോയിക്കപ്പിത്താന്റെ പ്രതിമ കാണാന്‍ ടൂറിസ്റ്റ്കാര് വന്നട്ട് കോര്‍പ്പറേഷന് എന്നാ വരുമാനാ വന്നേക്കണത്! അമേരിക്കേലേം റഷ്യേലേം ജപ്പാനിലേം ജെര്‍മനീലേം ഉഗാണ്ടേലേം എക്കെ സകല പത്രത്തിലും മാസികേലും വന്നട്ടൊണ്ട് ബോയിക്കപ്പിത്താന്റെ പ്രതിമേടെ പടോം കഥേം വാര്‍ത്തേയെക്കെ. 

ക്യാപ്റ്റന്‍ ബെര്‍ണാഡ് റിട്ടയറായേപ്പിന്നെ ലോകത്തെങ്ങാനും ഏതെങ്കിലും മൂലേലെ പത്രത്തിലായാലും ബോയിക്കപ്പിത്താന്റെ വാര്‍ത്ത വന്നാ ആ പത്രം തപ്പിപ്പിടിക്കും ബെര്‍ണാഡ്. അങ്ങനത്തെ വാര്‍ത്തേം പടോം എല്ലാം കൂടി വെല്യേ ഒര് മൊറത്തിന്റത്രോം വെല്യേ ഒര് പുസ്തകം ഒണ്ടാക്കി വെച്ചേക്കണൊണ്ട് ബെര്‍ണാഡ്. 

മൂത്രക്കൊഴല് ചുങ്ങീട്ട്, മുള്ളിയാ പോകാണ്ട് ബെര്‍ണാഡ് ഒരു മാസം കെടന്ന് എറണാകൊളത്തെ ആശൂത്രീല്. കരിമുള്ളേം സുലൈമാനുവാരുന്ന് ആശൂത്രീല് തൊണയാളായട്ട് നിന്നത്. ബെര്‍ണാഡിനെ നോക്കാന്‍ മാത്രായിട്ട് ഒര് നഴ്സിനെ രാപകല് നിര്‍ത്തിയേര്‍ന്നതാ. എന്നാലും സുലൈമാനും കരിമുള്ളേം മുറീന്ന് മാറീല്ല. അപ്പഴത്തേക്കും പാദുവാ ചിന്നന്‍ പിടിച്ച് നടപ്പായിപ്പോയില്ലേ. മക്കളെക്കേം കൂടി ഒരു മുറീ പൂട്ടി ഇട്ടേക്കുവാ. 

ഒരു ദെവസി ബെര്‍ണാഡാ പറഞ്ഞത് ഈ ഈസ്റ്ററ് കഴിഞ്ഞാ അടുത്ത ദെവസിയാ ബെര്‍ണാഡിന്റെ ബര്‍ത്ത് ഡേന്ന്. എമ്പതാം പെറന്നാള്. കരിമുള്ളയ്ക്ക് അവന്റെ ബെര്‍ത്ത്ഡേടെ കാര്യം ഓര്‍മ്മയേ ഇല്ലാരുന്ന്. ഉമ്മച്ചി മയ്യത്തായേ പിന്നെ ബെര്‍ത്ത് ഡേടെ കാര്യം ഓര്‍ത്തട്ടേയില്ലന്ന് പറഞ്ഞ് സുലൈമാന്‍.
കാര്‍ണിവെലിന് കൂടണേക്കൂട്ട് കമ്മറ്റിയെക്കെ കൂടി ബെര്‍ണാഡിന്റെ ബെര്‍ത്ത് ഡേ ആഘോഷിക്കാന്‍. കൗണ്‍സിലര്‍മാരും എമ്മെല്ലെയും എക്കെ വന്നുകൂടി ബെര്‍ണാഡിന്റെ വീട്ടില്. ചത്തുകഴിഞ്ഞാ പിന്നെ ബെര്‍ണാഡിന്റെ വീടും പറമ്പുവെക്കെ സര്‍ക്കാര് ഏറ്റെടുത്തട്ട് ഫോര്‍ട്ടുകൊച്ചീടെ ഒര് മ്യൂസിയം തൊടങ്ങട്ടേന്ന് ചോദിച്ച് എമ്മെല്ലേ. ചത്തട്ട് പോരേ കുഴിച്ചിടാന്‍ ന്ന് ചോദിച്ചട്ട് ബെര്‍ണാഡ് ഒര് ചിരി ചിരിച്ച്. 

നമ്മക്ക് റ്റൊന്റീ റ്റൊന്റീ പോലെയൊര് ക്രിക്കറ്റ് ടൂര്‍ണമെന്റ് വെച്ചാലോന്ന് ചോദിച്ച് പുള്ളേര്. അന്നേരം ബെര്‍ണാഡ് പറയുവാ എല്ലാ കളീം ഡ്രോ ആകണ ടൂര്‍ണമെന്റ് വെച്ചാ മതീന്ന്. ആരും ജയിക്കുകേം തോക്കുകേം ചെയ്യാത്തേക്കൂട്ട് കളി. കളി മാത്രം മതി ആര്‍ക്കും ജയോം വേണ്ട തോല്‍വീം വേണ്ടാന്ന്. അങ്ങനെയെണ്ടാ ഒര് കളീന്നും ചോദിച്ച് പുള്ളേര് ചിരിക്കണേണ്. അന്നേരം ബെര്‍ണാഡ് പറയണേണ്... ജയോന്നും തോല്‍വീന്നുവെക്കെ പറയണത് ചുമ്മാതെയാ. കളി മാത്രേയൊള്ള് കാര്യം ന്ന്. ക്രിക്കറ്റിലേയൊള്ള് അങ്ങനെ ജയിക്കലും തോക്കലും ഇല്ലാണ്ട് കളി മാത്രവായട്ടൊള്ള കാര്യം ന്ന്. ഓ! സമനെലേ തീര്‍ക്കാനാണെങ്കി പിന്നെ കളിയെന്തിനേണ് എന്നും പറഞ്ഞ് പുള്ളേര് ടൂര്‍ണമെന്റിന്റെ കേസ് വിട്ട്.

കബ്രാള്‍ ഗ്രൗണ്ട്ന്നല്ല ഫോര്‍ട്ടുകൊച്ചി മുഴുവനും ഡെക്കറേഷനും ഇല്യൂമനേഷന്‍ ബള്‍ബും എക്കെയിട്ട് തെളതെളാന്ന് തെളങ്ങി ബെര്‍ണാഡിന്റെ ബെര്‍ത്ത് ഡേയ്ക്ക്. കബ്രാള്‍ ഗ്രൗണ്ടില് മൊത്തോം കൂടി പന്തലാ. ബോയിക്കപ്പിത്താന്റെ പ്രതിമ പെയിന്റെക്കെയടിച്ച് കുട്ടപ്പനാക്കി. പ്രതിമേടെ നേരേ അങ്ങേപ്രത്ത് കബ്രാള്‍ ഗ്രൗണ്ടിന്റെ മറ്റേയറ്റത്ത് കായലിനോട് ചേര്‍ന്ന് ക്യാപ്റ്റന്‍ ബെര്‍ണാഡിന്റെയൊര് പപ്പാഞ്ഞിയൊണ്ടാക്കി. ക്ലേടെ കൊച്ചനേര്‍ന്ന് അതെക്കെ ഡിസൈന്‍ ചെയ്തത്. 

രാവിലെ സുലൈമാനും കരിമുള്ളേം കൂടി ക്ലേടെ കൊച്ചന്റെ കൂട്ടത്തിലൊള്ള കൊറച്ച് പുള്ളേരെ കേക്ക് എടുക്കാന്‍ പറഞ്ഞ് വിട്ട്. 80 കിലോത്തിന്റെ കേക്ക്. ബെര്‍ണാഡ് ബാല്‍ക്കെണീലിരുന്ന് റമ്മ് കുടിക്കണൊണ്ടാര്‍ന്ന്. ഞെട്ടിപ്പോയി മനുഷ്യമ്മാരായ മനുഷ്യമ്മാരെക്കെ. പട പട പടേന്ന് വെടി വന്ന് കൊണ്ടട്ട് ബോയിക്കപ്പിത്താന്റെ തല മൊതല് പ്രതിമ നിന്നേച്ച പീഠോം കൂടി പൊളിഞ്ഞുപോയി. നോക്കുമ്പം വെല്യേ പീരങ്കി പോലത്തെയൊര് തോക്കും പിടിച്ചോണ്ട് ബെര്‍ണാഡ് നിക്കണ് ബാല്‍ക്കെണീല്. ഓടാനൊന്നും പറ്റുകേലാര്‍ന്ന് സുലൈമാനും കരിമുള്ളയ്ക്കും. ക്ലേടെ കൊച്ചനും പുള്ളേരെക്കേം കൂടി പറന്ന് കേറി ബെര്‍ണാഡിന്റെ പെരയ്ക്കാത്തോട്ട്. ചക്കുക്കുരു അടുപ്പിലിട്ട് പൊട്ടിക്കണ പോലെയൊര് ഒച്ച കേട്ട്. ഒര് കുഞ്ഞിക്കാട്ടി തോക്കും കൊണ്ട് ചെവിക്കാത്തോടെ ഒര് വെടീം പൊട്ടിച്ച് തലേം പൊട്ടിച്ച് ചത്തു കെടക്കണേണ് ക്യാപ്റ്റന്‍ ബെര്‍ണാഡ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com