വേട്ടക്കാരന്‍: വി. ദിലീപ് എഴുതുന്ന കഥ

ശിശിരകാലത്തിന്റെ പുക പടര്‍ന്ന പ്രഭാതം. ജയിലില്‍ താന്‍കൂടി ചേര്‍ന്ന് നിര്‍മ്മിച്ച സാമാന്യം ഭംഗിയുള്ള പൂന്തോട്ടത്തിനരികെ നിന്ന് മിലന്‍ എന്ന നാല്പതുകാരന്‍ ഒരു സ്വപ്നം വിഭാവനം ചെയ്തു. 
ചിത്രീകരണം: സുരേഷ് കുമാര്‍ കുഴിമറ്റം
ചിത്രീകരണം: സുരേഷ് കുമാര്‍ കുഴിമറ്റം

ശിശിരകാലത്തിന്റെ പുക പടര്‍ന്ന പ്രഭാതം. ജയിലില്‍ താന്‍കൂടി ചേര്‍ന്ന് നിര്‍മ്മിച്ച സാമാന്യം ഭംഗിയുള്ള പൂന്തോട്ടത്തിനരികെ നിന്ന് മിലന്‍ എന്ന നാല്പതുകാരന്‍ ഒരു സ്വപ്നം വിഭാവനം ചെയ്തു. 
വളരെ ഗംഭീരമായ സംഭവവികാസങ്ങള്‍ നിറഞ്ഞ സ്വപ്നമായിരുന്നു. ആരും കണ്ണുവെച്ചേക്കാവുന്ന ഒന്ന്.  ഏറെ വലിയ ഒരു വീട്ടില്‍ വളരെ സൗന്ദര്യമുള്ള പെണ്‍കുട്ടിയും താനുമൊത്തുള്ള തീവ്രവും ഉദ്വേഗഭരിതവുമായ അതിലെയൊരു രംഗം മിലന്‍ ഓര്‍മ്മയില്‍ വരുത്തി. ആകെയൊരു ഉന്മേഷം തോന്നി. പുറകെ അതിനടുത്ത മറ്റൊരു രംഗം കൂടി കടന്നുവന്നപ്പോള്‍ പരിസരബോധമുണ്ടായി. താനറിയാതെ മറ്റൊരാള്‍ ഇപ്പോള്‍ ഈ സ്വപ്നത്തിലേക്കു തലയെത്തിച്ചു നോക്കിയാല്‍...

മിലന്‍ ജാള്യത്തോടെ തിരിഞ്ഞുനോക്കി. ഏയ്, പ്രശ്‌നമില്ല. ഓര്‍മ്മ വേരറ്റംവെട്ടിപ്പോയ ഒരു തടവുപുള്ളി പ്രായപൂര്‍ത്തിയാകാത്ത ജമന്തിച്ചെടിയുടെ കാലുകളില്‍ മൂത്രമൊഴിക്കുന്നതിനിടെ ഇങ്ങോട്ടു തുറിച്ചുനോക്കുന്നുണ്ട്. അതിനെന്ത്! എത്രനോക്കിയാലും അയാള്‍ക്ക് ഇനി ഏറെയൊന്നും മനസ്സിലാകാന്‍ പോകുന്നില്ല.
ഐപ്പാന്‍ എന്നാണ് അയാളുടെ പേര്. പ്രമാദമായ രാഷ്ട്രീയ കൊലപാതകക്കേസിലെ മുഖ്യപ്രതിയാണ് താനെന്ന് ആരെങ്കിലും വല്ലപ്പോഴും ഓര്‍മ്മിപ്പിച്ചാല്‍ നന്ദിസൂചകമായി കൈകള്‍കൂപ്പുന്ന വെറുമൊരു ആള്‍. 
അന്ന് ഉച്ചയോടെ മിലന്റെ ജയില്‍മോചനമാണ്. 

അടുത്ത കൂട്ടുകാരനെ കൊന്നതിന്റെ പേരിലാണ് മിലന്‍ ജയിലിലെത്തിയത്. ചെറിയൊരു വാക്കുതര്‍ക്കം.  പക്ഷേ, പിന്നെ സംഭവിച്ചതൊരു കയ്യബദ്ധമായിരുന്നു. കൂട്ടുകാരന്‍ കത്തിയുമായി ഇങ്ങോട്ടാഞ്ഞപ്പോള്‍,  ഒഴിഞ്ഞുമാറാന്‍ നോക്കിയതാണ്. പക്ഷേ, അവനതില്‍ വെറുതേ കോര്‍ത്തുപോയി. മരിച്ചുകൊണ്ടിരിക്കെ കൂട്ടുകാരന്‍ ദയനീയമായി പറഞ്ഞു: ''സത്യായും ഞാന്‍ മരിക്കുവാടാ...ജീവിതം കണ്ട് കൊതി തീര്‍ന്നില്ലെടാ...''
അതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കെ അവന്റെ കൃഷ്ണമണികള്‍ മുകളിലേക്കു മറിയുകയും സാധാരണ കാഴ്ചയില്‍ അവന്‍ മരിക്കുകയും ചെയ്തു. എന്നാല്‍ പകുതി തുറന്ന കണ്ണുകളോടെ മണ്ണില്‍ തലചെരിച്ചു കിടക്കുന്നതായാണ് മിലന് തോന്നിയത്. എന്തോ ഒന്ന് പറയാന്‍ ശ്രമിക്കുന്നതു പോലെയും. ഒരുപക്ഷേ, തലയല്പം ഉയര്‍ത്തിവെച്ചുകൊടുത്താല്‍ അതവന്‍ പറഞ്ഞേക്കും? ഏയ്, വേണ്ട. തന്റെ ഇടപെടലില്ലാതെ പറയുന്നെങ്കില്‍ ആകട്ടെ. അല്ലെങ്കില്‍ അതെന്തായാലും നഷ്ടമാകട്ടെ.
പൊലീസ് എത്തുന്നതുവരെ മിലന്‍ അവിടെത്തന്നെ ഇരുന്നു.
വന്നെത്തിയ പൊലീസുകാരന്‍ മിലന്റെ കയ്യില്‍നിന്നും കത്തി സൂക്ഷ്മതയോടെ വാങ്ങിയിട്ട്: ''വാ... വന്നു ജീപ്പില്‍കേറ്...''
''അവന്‍ പറഞ്ഞുതീര്‍ന്നില്ല. നമുക്കല്പം കാത്തിരിക്കാം.''
മിലന്‍ പറഞ്ഞു.
''ആര്, എന്ത് പറയുന്ന കാര്യം?''
''ഓ... ദാ... ആ കുത്തുകൊണ്ടു കിടക്കുന്നവന്‍. അവനിപ്പം പറയും...''
പൊലീസുകാരന്‍ മിലനെ മിഴിച്ചുനോക്കി. 
''ഏയ്... നിങ്ങളിങ്ങനെ മിഴിച്ചുനോക്കേണ്ട യാതൊരു കാര്യവുമില്ല... സത്യമായും അവനെന്തോ ഒന്ന് പറയാന്‍ നോക്കുന്നുണ്ട്. അല്പം കൂടി കാത്തിരുന്നാല്‍ അതു കൂടി കേട്ടിട്ട് നമുക്ക് എളുപ്പം പോകാമല്ലോ...''
മിലന്‍ ആയാസരഹിതമായി പറഞ്ഞപ്പോള്‍ പൊലീസുകാരന്‍ ബൂട്സ് നിലത്തുരച്ചു. അയാള്‍ മിലന്റെ അരികിലേക്ക് കുനിഞ്ഞുകൊണ്ട്:
''അവന്‍ എന്തു പറയുമെന്നാണ് നീ കരുതുന്നത്?''
മിലന്‍ പറഞ്ഞു: ''അതെന്ത് എന്നതിന് പ്രസക്തിയില്ല. എന്തുതന്നെയായാലും പറയാന്‍  ഇനിയവന് ഭൂമിയില്‍ മറ്റൊരവസരമില്ല.''
''അതിനവന്‍ ചത്തില്ലേ? നീയല്ലേടാ മൈരേ... ഈ കത്തികൊണ്ടവനെ കൊന്നത്?''
''ഓ... ഒരാവശ്യവുമില്ലാത്ത ചോദ്യവും തെറിയും... നിങ്ങള്‍ കുറച്ചൊന്ന് ക്ഷമിക്കൂ... ദാ... അവന്‍ തലയിളക്കുന്നു... ഇപ്പം പറയും...''
മിലന്‍ പറഞ്ഞപ്പോള്‍ പൊലീസുകാരന്‍ ഏറെ ദേഷ്യത്തോടെ മിലനെ വലിച്ചെഴുന്നേല്പിച്ചു.
''തെണ്ടിത്തരം ചെയ്തിട്ട് ഭ്രാന്ത് പുലമ്പുന്നവനേ... കേറെടാ... വണ്ടീല്... പുല്‍കെടാ വണ്ടിക്കുള്ളിലെ ഇരുട്ട്...''
മറ്റു രണ്ടുപൊലീസുകാര്‍ കൂടി വന്ന് എളുപ്പത്തില്‍ മിലനെ കീഴടക്കി, ജീപ്പിനുള്ളിലേക്കു തട്ടി. ജീപ്പില്‍ കോടിക്കിടന്ന് മിലന്‍ കൂട്ടുകാരനെ നോക്കി. കുത്തുകൊണ്ടതിന്റെ വേദന കടിച്ചമര്‍ത്തിക്കൊണ്ട് അവന്‍ പറയുകയാണ്:
''മിലാ... നീയെന്നെ കുത്തി. ഞാന്‍ നിന്നെ വെറുക്കുന്നില്ല. കാര്യങ്ങള്‍ നിന്റെ കയ്യില്‍ നിന്നുപോയതാണെന്നു എനിക്കറിയാം. പക്ഷേ... മിലാ... ജീവിതത്തില്‍ ഞാന്‍ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. അതെല്ലാം ചെയ്യാതെ മരിച്ചാല്‍ എനിക്ക് ഒരു സമാധാനവുമുണ്ടാകില്ല...''
''ഇത്രേം കാലമുണ്ടായിട്ട് ഇപ്പോഴാണോ നിനക്ക് ഈ വിചാരമുണ്ടായത്...''
മിലന്‍ അല്പം അത്ഭുതത്തോടെ ചോദിച്ചു.
''ഓ... എന്റെ എടാ... മനുഷ്യരടെ കാര്യമല്ലേ... അതെല്ലാം അങ്ങനെ കിടക്കും. നീയെന്നോട് തര്‍ക്കിക്കല്ലേ...''
''ഇല്ലെടാ... കാര്യം പറഞ്ഞോ...''
മിലന്‍ ശാന്തനായി.
''പറഞ്ഞല്ലോ... ഒത്തിരി കാര്യങ്ങള്‍ ഈ ജീവിതത്തില്‍ ചെയ്തുതീര്‍ക്കാനുള്ള തിക്കുമുട്ട് ഇപ്പോ അറിയുന്നുണ്ട് ഞാന്‍. അതെല്ലാം ചെയ്തുതീര്‍ക്കാന്‍ എന്നതായാലും എനിക്കിനിയാവില്ല. ഈയൊരവസ്ഥേല് അതേതൊക്കെയെന്ന് നിന്നെ പറഞ്ഞുകേള്‍പ്പിക്കാന്‍ കഴിയുകയുമില്ല... എങ്കിലും... ഇപ്പോ... മരണം എന്റെ തോളില്‍ക്കൊണ്ടുവന്ന് കൈവെച്ച നേരത്ത് അതിലൊന്നുമാത്രം  ഞാന്‍ പറയട്ടെ...''
''പറഞ്ഞോടാ... എന്തായാലും നീ പറ... വേഗത്തില്‍ വേണമെന്നു മാത്രം...''
മിലന്‍ അക്ഷമനായി. നിലത്തുകിടക്കുന്ന മിലന്റെ പുറത്ത് പൊലീസുകാരന്‍ കാല്‍മുട്ടുകൊണ്ട് താങ്ങുന്നുണ്ട്. ജീപ്പ് ഗിയറില്‍ നിര്‍ത്തിയിട്ട് പൊലീസ് ഡ്രൈവര്‍ തൊട്ടടുത്ത കടയില്‍നിന്ന് ഒരു സോഡ കുടിക്കുന്നു. ഇടയ്ക്ക് ജീപ്പിനെ നോക്കുന്നുണ്ട്. മുരളുന്നുണ്ട്. ജീപ്പ് തിരിച്ചും.
''വേഗം പറഞ്ഞോ... അയാള്‍ ഇപ്പോ സോഡ തീര്‍ക്കും.''
മിലന്‍ പറഞ്ഞു.
''എന്തെടാ... ഞൊടിയണത്...?''
പൊലീസുകാരന്‍ മിലനെ നോക്കി, ഒന്നുകൂടി മുരണ്ടു.
''ഓ... നിങ്ങളോടല്ല... നിങ്ങള്‍ അറിയേണ്ട ഒരു കാര്യവുമല്ല...''
''നിന്റെയൊരറിവ്... സ്റ്റേഷനിച്ചെന്നിട്ട് മുട്ടുകാല് കേറ്റണിണ്ട്... ഒരുത്തനെ കുത്തിക്കൊന്നിട്ട്... അവന്റെ പ്രസംഗം...''
മിലന്‍ തിടുക്കപ്പെട്ട് കൂട്ടുകാരനെ നോക്കി. അവന്‍ എന്തോ ആലോചിക്കുകയാണ്. പറയാനുള്ളത്  എത്രയും വേഗം  പറഞ്ഞുതീര്‍ക്കാനുള്ളതിനുപകര... നശിച്ചവന് അങ്ങെത്തിയിട്ട് എത്രവേണമെങ്കിലും ആലോചിച്ചുകൂടേ?
''മിലാ... നീ കരുതുന്നുവോ... ഞാന്‍ ജാന്‍സിയെ സ്‌നേഹിച്ചിരുന്നില്ലയെന്ന്...''
കൂട്ടുകാരന്റെ തണുത്ത സ്വരം മിലന്‍ കേട്ടു.
ജാന്‍സി  അവന്റെ ഭാര്യയാണ്. ചാവാന്‍പോണവന്‍ വൈകാരികമായി ഇങ്ങനെയെന്തെങ്കിലും പറഞ്ഞുവെച്ചിട്ട് പോകുന്നത് പൊതുവേ ഒരു നാട്ടുനടപ്പാണ്. പക്ഷേ... ഇതു കേള്‍ക്കാന്‍ ജാന്‍സി ഇവിടെയില്ലല്ലോ... പിന്നെന്ത് പ്രയോജനം... പിന്നെന്തിനിവന്‍ മെനക്കെടുന്നു!
''ജാന്‍സിയെ നീയതു ബോധ്യപ്പെടുത്തണം... എനിക്കുവേണ്ടി...''
''ഞാനോ...?''
മിലന്‍ എടുത്തുചോദിച്ചു.
''ആങ്... നീ... പിന്നെ എന്റെ അപ്പനമ്മമാരേയും... നീ... നീ...''
''ഓ... പറ്റുമ്പോലെ ഞാനിതൊക്കെ ചെയ്‌തോളാമെടാ... ഇപ്പോ നീ സമാധാനമായി മരി...''
ഈയവസ്ഥയില്‍ തര്‍ക്കം വേണ്ടയെന്ന് വിചാരിച്ച് മിലന്‍ പറഞ്ഞു.
''ഉം... ഇനി നീയുമായി ബന്ധപ്പെടുന്ന ഒരു കുഞ്ഞുകാര്യമൊണ്ട്. എന്റെ അനിയന്‍ എല്‍ദോയെ നിനക്കറിയാലോ... അവനാ ഇനി കുടുബത്തിനാശ്രയം. അവനാണെങ്കി... കണ്ണുകീറീട്ടുപോലുമില്ല... എങ്ങനേലും അവനൊരു ജോലി... നിന്റെ മരക്കമ്പനീല്  ജോമിമൊതലാളിയോടൊന്ന് നല്ലനേരം നോക്കിപ്പറഞ്ഞാല്...''
''പറഞ്ഞേക്കാമെടാ... വാക്ക്...''
മിലന്‍ പറഞ്ഞു.
''സമാധാനായളിയാ... ന്റെ സംഭ്രമം ഒന്നടങ്ങിയപോലെ...''
കൂട്ടുകാരന്‍ ക്ഷീണത്തോടെ നിശ്വസിച്ചു.
അപ്പോള്‍ സോഡ കുടിച്ചു നിന്ന പൊലീസുകാരന്‍ നെടുനീളത്തില്‍ ഒരു  വളിയിട്ടു. ആ സമയത്ത് ഒട്ടും പ്രസക്തമല്ലാത്ത ഒന്ന്. 
മിലന് ചിരി വന്നു. അവന്‍ ഉറക്കെ ചിരിച്ചു.
മിലനെ മുട്ടുവെച്ചു താങ്ങിക്കൊണ്ടിരുന്ന പൊലീസുകാരനും ചിരിച്ചു. നോക്കുമ്പോള്‍ കുത്തുകൊണ്ട കൂട്ടുകാരനും  മെല്ലെ ചിരിക്കുന്നു...
''ഭൂമിയില്‍ ഉള്ള കാലമത്രയും മറ്റൊരാളില്‍നിന്ന് ഇതു കേട്ടപ്പോഴൊക്കെയും ഞാന്‍ ചിരിച്ചിട്ടുണ്ട്. ഇതെന്റെ അവസാനത്തെ ചിരി...''
കൂട്ടുകാരന്‍ പറഞ്ഞു.


ചാവാന്‍ നാഴികയെണ്ണുന്നവന്റെ വളിസ്തുതി! 
''ഇനിയും വല്ലതും പറയാനുണ്ടെങ്കി പറ ദുരന്തമേ...''
മിലന്‍ സ്വന്തം ചിരി മായ്ചിട്ട് ഒച്ചയിട്ടു.
''പറഞ്ഞകാര്യം തന്നെയാ... എന്റെ അപ്പനേമമ്മേം  നീ ബോധ്യപ്പെടുത്തണം... ശരിക്കും  അവര്‍ക്ക് ബോധ്യമാവണം...''
മിലന്‍ കണ്ണുതുറുപ്പിച്ചു.
''ഞാനവരെ സ്‌നേഹിച്ചിരുന്നുവെന്ന് അവര്‍ക്ക് കൃത്യമായി ബോധ്യപ്പെടണം... എങ്ങനെയും... നീയത്... ഓ...മിലാ...ദേ...മരണം എന്റെ കഴുത്തില്‍...ചുണ്ടില്‍ കൈ ...ഗ്...ഗ്...ഗ്...മ്...മ്...''
കൂട്ടുകാരന്റെ ശബ്ദമടങ്ങി.
അവന്‍ ശരിക്കും മരിച്ചതായി മിലനറിഞ്ഞു.
അവന്‍ തലകുനിച്ച് ഇരുന്നു. 
സോഡ കുടിച്ച പൊലീസുകാരന്‍ വന്ന് ജീപ്പെടുത്തു. 
''എന്നാ വളിയായിര്ന്ന്...''
മുട്ടുതാങ്ങിപ്പൊലീസ് കളിയാക്കി.
''ഓ... അയിനുമുണ്ടാവില്ലേ പൊറംലോകത്തൂടെ ചെറകില്ലാണ്ടെ ഒന്നു പറക്കണന്ന് ആഗ്രഹം...?'' 
സോഡാപ്പൊലീസ് ഒരു ഏമ്പക്കം വിട്ടിട്ട് ജീപ്പെടുത്തു. 
കുലുങ്ങിക്കുലുങ്ങി ജീപ്പ് നീങ്ങവെ മിലന്‍ ഓര്‍ത്തുകൊണ്ടിരുന്നു. ഇനിയെന്തു ചെയ്യും താന്‍? എന്തൊരു നാശം പിടിച്ച ഉത്തരവാദിത്വം തലയില്‍ കെട്ടിവെച്ചുകൊണ്ടാണാ ലക്ഷണം കെട്ടവന്‍ ഭൂമിയില്‍നിന്നു മായ്ഞ്ഞത്... ചത്തുപോയവന്റെ സ്‌നേഹം താനിനി ആരെ എങ്ങനെ ബോധ്യപ്പെടുത്താനാണ്...
വളവുകളും തിരിവുകളും കടന്ന് ജീപ്പ് ചരല്‍ക്കല്ലുവിരിച്ച റോഡിലേക്കു കടന്നു.
പൊലീസ്റ്റേഷന്റെ മുമ്പിലെത്തി, ജീപ്പ് നിന്നു.
മുട്ടുതാങ്ങിപ്പൊലീസ് ധൃതിയോടെ ചാടിയിറങ്ങി. പുറകുവശത്തെ ഡോര്‍ തുറന്ന് മിലനെ വലിച്ചിറക്കുമ്പോഴും അത്യാര്‍ത്തിയോടെ അവന്റെ മേല്‍ ഇടി തുടങ്ങുമ്പോഴുമെല്ലാം... ''ഓ... എന്നാ ആര്‍ത്തിയാ... കിതപ്പൊണ്ടേല്‍ ആറ്റിയിട്ട് ഇടിച്ചാല്‍ പോരായോ...'' എന്ന് ചോദിച്ചുവെങ്കിലും മിലന്റെ മനസ്സ് ശാന്തമായിരുന്നില്ല.
ഒരൊറ്റ ചോദ്യം... ഒരേയൊരു ചോദ്യം... അതവന്‍ തന്റെ നേരെ ചുഴറ്റിവീശി. അതില്‍ സ്വയം കോര്‍ക്കുകയും ചെയ്തു: 
സ്വര്‍ഗ്ഗസ്ഥന്റെ സ്‌നേഹം... ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരെ ഒരു വഴിപോക്കന്‍ എങ്ങനെ അനുഭവിപ്പിക്കും? 
അറസ്റ്റും തൊണ്ടിശേഖരണവും കേസ്വിസ്താരവുമൊക്കെ കഴിഞ്ഞ്  ജയിലിലെത്തിയ ദിനം മുതല്‍ മിലനില്‍ ഈ ചോദ്യം വെച്ചുകുത്തിയ വിരലില്‍ ചോരയെന്നതുപോലെ കല്ലിച്ചു കിടന്നു.
പലവിധ കുറ്റങ്ങള്‍ ചെയ്തതിന്റെ കയ്പും പേറി, പല നാടുകളില്‍ നിന്നെത്തിയവരാല്‍ ലോകത്തില്‍ വര്‍ഷിക്കപ്പെട്ട നന്മതിന്മകളുടെ വിസ്താരങ്ങള്‍  പേര്‍ത്തുംപേര്‍ത്തും നടന്ന ജയില്‍രാത്രികളില്‍ മിലന്‍ ഉറക്കമില്ലാതെ കിടന്നു. ജയില്‍ എന്ന വേവുനിലത്തില്‍ പലതും തിളച്ചുമറിയുകയും പരിച്ഛേദം വറ്റുകയും ചെയ്യുന്നത് അവന്‍ ശ്രദ്ധിച്ചു. 
ഒടുവില്‍ മിലന്‍ ചോദ്യം മറന്നു.
കണ്ടെത്തേണ്ടതായ ഉത്തരവും.
''അതങ്ങനാടാ ഉവ്വേ... ആദ്യത്തെ മൂച്ചടങ്ങുമ്പോ... നമ്മളു വിചാരിക്കുമ്പോലെ, ഇന്നാ പിടിച്ചോയെന്ന് കാര്യങ്ങള് നടന്നു കിട്ടുകേലാന്ന് മൂന്നുവട്ടം ഒറപ്പായാ...നമ്മളറിയാതെ പത്തി താഴും. താണു വരും. അങ്ങനാ മനുഷ്യചരിത്രം തന്നെ... അന്നേരപ്പോ... ഏത് ശീലാവതിയും താനേ കാലുകളകത്തും. ഏതു സത്യവാനും രാത്രീല് അയലോക്കക്കാരന്റെ മച്ചുപൊളിക്കും...''
സെല്ലിലെ മുതിര്‍ന്ന അന്തേവാസിയായ രാമന്‍നായര്‍ പറഞ്ഞു. ഇരട്ടക്കൊലപാതകം കഴിഞ്ഞെത്തിയവനാണ്. കെട്ടിയോളെയും ജാരനേയും. 
''ഇപ്പോ... ഓര്‍ക്കുമ്പോ തോന്നുന്ന് ചെയ്തത് മഹാബോറായിപ്പോയെന്ന്... ഓരോരുത്തന്റെ  ജന്മമോഹങ്ങള് അടക്കാന്‍ ഓരോരുത്തരും നോക്കും. അതീ പറയുന്ന ഞാനായാലും. നോക്കീട്ടൊണ്ട്. എന്നിട്ട് ... ആങ്... പറ്റിപ്പോയി... പറഞ്ഞിട്ടെന്നാ കാര്യം...''
രാമന്‍നായര്‍ കണ്ണടച്ച് അശാന്തിയുടെ കൊടുംവളവുകള്‍ താണ്ടി ഒരുറക്കം വരുന്നുണ്ടോയെന്ന് നോക്കി വിശാലമായ രാത്രിയുടെ ഒത്തമധ്യത്തിലേക്ക് ഇറങ്ങിനില്‍ക്കും. വെറുതെ കൈവീശും.
സ്വാതന്ത്ര്യം കിട്ടുന്നതിന്റെ തലേരാത്രിയില്‍ മിലനും ഒരു തുള്ളിയുറങ്ങിയില്ല. ഏറെ കാലങ്ങളോളം തന്റെ മുന്നുപിന്നും ഇടംവലവുമായി നിന്ന ചുമരുകളെ അവന്‍ ഒന്നിനുപിറകെ ഒന്നായി തൊട്ടു. തപ്തജന്മങ്ങളുടെ മനോവ്യാപാരങ്ങള്‍ക്ക്, തൃഷ്ണകള്‍ക്ക്, ഏറ്റുപറച്ചിലുകള്‍ക്ക്, ശ്വാസനിശ്വാസങ്ങള്‍ക്ക് കാവല്‍ നിന്ന ചുമരുകള്‍. അതിലൊന്നിലെ  വിള്ളലുകളില്‍നിന്നും മെല്ലെ ജീവന്റെ തലപ്പുയര്‍ത്തിത്തുടങ്ങിയിരുന്ന സസ്യത്തെ മണത്തു. കമ്പിയഴികളില്‍ ചിറകുരസിപ്പറന്ന പുല്‍ച്ചാടിക്ക് സ്തുതി കൊടുത്തു. താന്‍ വന്നകാലം മുതല്‍ വളരെ ധൃതിയില്‍ മാത്രം കാണപ്പെട്ട ജയില്‍വെരുക് ഔദാര്യപൂര്‍വ്വം മിലനുവേണ്ടി തന്റെ ഒരു ചുവട് വൈകിപ്പിച്ചു. 
എപ്പോഴോ മിലനുറങ്ങി.
''സ്വപ്നം കാണുവാര്‍ന്നു...?''
ഐപ്പാന്‍ ചോദിച്ചു.
''ഓ... ചുമ്മാ...''
മിലന്‍ പറഞ്ഞു.
''നിയ്യ് പേടിക്കണ്ടടാ ഉവ്വേ... നല്ല ബോധമൊണ്ടേലും നെന്റെ സ്വപ്നത്തില് ഞാന്‍ ഒളിഞ്ഞുനോക്കേല... ഒളിഞ്ഞുനോട്ടം പാപമാടാ... അതിലുംഭേദം കൊലപാതകാ... ഹഹഹഹ...''
''എന്ത് ഹഹഹഹ...ഇന്ന് ഉച്ചയോടെ ഞാനെറങ്ങും...''
''നിയ്യ് ഇനി എന്നാ വര്വാ...''
''എടയ്ക്കെടക്ക് വന്നേക്കാം. കെട്ട്യോളടെ വീടാണല്ലോ...''
ഐപ്പാന്‍ തലകുലുക്കിക്കൊണ്ട് പിന്തിരിഞ്ഞു നടന്നു. 
ബാഗും തോളില്‍ തൂക്കി ജയിലിന്റെ പടി കടന്നപ്പോള്‍ ഒന്നു തിരിഞ്ഞുനോക്കിയാല്‍ അതിലൊരു ഇതുണ്ടാകുമെന്ന് മിലന് തോന്നി. സിനിമയിലൊക്കെ അങ്ങനുണ്ടല്ലോ. പക്ഷേ, അതുവേണ്ട. എന്നാ കാര്യത്തിന്...
പ്രത്യേകിച്ച് തിരക്കുകളൊന്നുമില്ല. ബാഗില് ആവശ്യത്തിന് കാശിരിപ്പുണ്ട്. നല്ല ദാഹമുണ്ട്. കണ്ടു തീര്‍ന്ന ഒരു സ്വപ്നം ബാക്കിയുമുണ്ട്. എല്ലാ അലവലാതികളും കാണുന്നതാണേലും അതിനൊരു ചന്തമുണ്ട്. 
പെട്ടെന്നാലോചിച്ചപ്പോ മിലനു തോന്നി;  എന്തു ചന്തം? ഭൂമിയില്‍ ജീവിക്കുന്ന നിമിഷങ്ങളെക്കാള്‍ നെറിവും കാമ്പുമുണ്ടോ, മനതാരില്‍ വെറും ഭാവനകള്‍കൊണ്ടു വീര്‍പ്പിച്ചുണ്ടാക്കിയ സ്വപ്നത്തിന്? ഒരു മനുഷ്യന് വേട്ടയാടിപ്പിടിച്ച് സ്വന്തമാക്കാന്‍ മാത്രം എന്തു മഹത്വമുണ്ടതില്‍?
ആ സ്വപ്നത്തെ കുത്തിക്കൊല്ലാന്‍ മിലന്‍ തീരുമാനിച്ചു. 
''മിലന്‍ചേട്ടായീ... ടൗണിലോട്ടാന്നോ...''
ബൈക്ക് തൊട്ടരികെ ചേര്‍ത്ത് നിര്‍ത്തിയിട്ട് ഒരുവന്റെ ലോഹ്യം. ഹെല്‍മറ്റ് മാറ്റിയപ്പോ ആളെ കിട്ടി.
എല്‍ദോ.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് കാണുകയാണ്. നല്ല മാറ്റമൊണ്ട്. എങ്കിലും നിക്കറിട്ട ഒരു എല്‍ദോയുടെ രൂപം കണ്ണില്‍ കോര്‍ത്തുകിടപ്പുണ്ട്. അതുമതിയല്ലോ ആളെ കിട്ടാന്‍. 
''എല്‍ദോയേ... നീയെന്നതാ ഇവിടെ... ഇപ്പോ...''
''ഓ... ഞാനീ വഴി എടയ്ക്ക് പോണതല്ലേ... ചേട്ടായി ടൗണിലോട്ടാന്നോ... ആന്നേല് കേറിക്കോ...''
''എപ്പം കേറീന്നു ചോദിച്ചാ മതി...''
മിലന്‍ ഓടിച്ചെന്ന് എല്‍ദോയുടെ പുറകില്‍ കയറി.
''എന്നാലും നീയിത് കൃത്യസമയത്തു തന്നെയാണല്ലോടാ... എല്‍ദോയേ...''
''എനിക്കറിയാരുന്നു ഇന്നാണെന്ന്...''
''പിന്നേ... എന്റെ എടാ... നിനക്കെന്നോട്  പെണക്കമുണ്ടാകുവോന്ന് ഞാന്‍ സംശയിച്ചാരുന്നു. അല്ല... ഒണ്ടാവണ്ടതാണ്. അറിയാതെയാണേലും നെന്റെ കൂടപ്പിറപ്പിനെ എന്റെയീ കയ്യോണ്ട്...''
ബൈക്ക് നിന്നു. എല്‍ദോ പുറകോട്ട് തല ചെരിച്ചുനോക്കിയിട്ടു പറഞ്ഞു:
''ചേട്ടായി പറഞ്ഞതു ശരിയാ... പെണക്കം ഒണ്ടാവണ്ടതാണ്. ഒണ്ടായിരുന്നു താനും... പിന്നെപ്പിന്നെ അതിന്റെയൊരു മൂച്ച് കൊറഞ്ഞ് തീരെ ഇല്ലാതായി... എല്ലാം ഇച്ചായന്റെ യോഗം... അല്ലാണ്ടെന്നാ... ആങ്... ഇത്രേം വര്‍ഷങ്ങളു കഴിഞ്ഞിട്ട് ഇനിയിപ്പോ... അതൊക്കെ ഓര്‍ത്തോണ്ട്... ആര്‍ക്കെന്നതാ മെച്ചം. പോയതൊട്ട് തിരിച്ചു വരത്തുമില്ല... പിന്നെ... ഓ... എന്നാത്തിന്...''
''നീയിപ്പോ എന്നതാ... ജോലി...?''
''എന്തോന്ന് ജോലി... ആരെങ്കിലും കൂടെ നിര്‍ത്തണ്ടേ? എന്നുംവെച്ച് ജീവിക്കാണ്ടെ വയ്യല്ലോ... ആര്‍ക്കെങ്കിലും വേണ്ടി ചെറിയ തല്ലും വഴക്കുമൊണ്ടാക്കി അതുകൊണ്ട് കിട്ടണത് വെച്ച് അങ്ങനെ... അപ്പനും അമ്മയ്ക്കും കഞ്ഞികൊടുക്കേണ്ടായോ?''


മിലന്‍ അന്നേരം ജയിലിലെ ഒരു നിമിഷമോര്‍ത്തു. വില്‍ഫ്രഡ് എന്നോ മറ്റോ പേരുള്ള അന്യസംസ്ഥാനത്തൊഴിലാളിയുണ്ടായിരുന്നു സെല്ലില്‍. ജീവിതത്തിലെ ശരിതെറ്റുകളെ കുറിച്ച് പറയുന്ന ഒരു മറാത്തിക്കവിത അവന്‍ ഏതുനേരവും ചൊല്ലിനടക്കും. കേട്ടുകേട്ട് താനുമത് കുറേ നാള്‍ ഓര്‍ത്തുവെച്ചു. മിലന്‍ ഓര്‍മ്മയില്‍നിന്നു പിറുപിറുത്തു:  ''ഗുര്‍ജാര്‍ ഗാന്ധിമാല ഭേതലഹോതാ...''
''എന്നതാ ചേട്ടായി...?''
''ഓ... ഒന്നുമില്ലെടാ ഉവ്വേ... ഗാന്ധീടെ ഏതാണ്ട് കാര്യം ഓര്‍ത്തതാ... പിന്നെ വീട്ടില് അപ്പനുമമ്മേമൊക്കെ... ഓ... എന്നാ നെറികെട്ട ചോദ്യാ എന്റെ... നീ വണ്ടിവിട്ടോടാ...''
എല്‍ദോ വീണ്ടും ബൈക്കെടുത്തു.
ടൗണിലെത്തി. 
ഓരോ ചായ കുടിച്ച് ഇരുവരും പിരിഞ്ഞു.
വൈകിട്ട് പള്ളിസെമിത്തേരിയില്‍ ചെന്ന് അപ്പന്റേമമ്മേടേം മുമ്പില്‍ അല്പം നേരം നിന്നു. കൂട്ടുകാരന്‍ അവന്റെ അപ്പനമ്മമാരോട് പറയാനേല്പിച്ച കാര്യം പിന്നെയും ഓര്‍മ്മ വന്നു. അതിവിടെ പറഞ്ഞു:
അപ്പാ... അമ്മേ... നിങ്ങളെ ഞാന്‍ ഒത്തിരി സ്‌നേഹിച്ചാര്‍ന്നു...
അവരുടെ ഭാഗത്തുനിന്ന് പ്രത്യേകിച്ച് അനക്കമില്ല. ജീവനുള്ള കാലത്ത് അപ്പന്റെ പ്രധാന തലവേദന താനായിരുന്നു. അപ്പന്റെ പണം അറിഞ്ഞും അറിയാതെയും ധൂര്‍ത്തടിച്ചതിനു കണക്കില്ല. അന്നെങ്ങാന്‍ അപ്പന്റെ മുമ്പിച്ചെന്ന് നിന്ന് ഇങ്ങനെയൊരു വര്‍ത്തമാനം പറഞ്ഞിരുന്നേല്‍ കരണക്കുറ്റി പുകഞ്ഞേനെ. 
രാത്രിയോടെ  ആവശ്യത്തിന് മദ്യവും ഭക്ഷണവും വാങ്ങിയിട്ട്, മിലന്‍ തന്റെ വീട്ടില്‍ ഒറ്റയ്ക്കു ചെന്നു കയറി.  ഏറെ കാലമായി അടഞ്ഞുകിടക്കുന്നതുകൊണ്ട് പുരാതനമായ ഒരിടത്തേക്കു കയറുംപോലെ തോന്നി. നിറയെ മാറാലയും വൃത്തികേടുകളും. 
ആളനക്കമില്ലാത്ത അകത്തളം.


പക്ഷേ, എവിടെനിന്നൊക്കെയോ അടക്കിപ്പിടിച്ച ശകാരങ്ങളും തേങ്ങലുകളും കേള്‍ക്കും പോലെ. എന്നാലും നീയത് ചെയ്തല്ലോടാ...ആ കണക്ക് നീ എവിടെച്ചെന്ന് വീട്ടുമെടാ... കര്‍ത്താവിനെ മറന്ന് നീ ഓരോന്നൊപ്പിച്ചു കൂട്ടിയല്ലോടാ... നാറീ... കുരുത്തംകെട്ടോനേ... തറവാടിന്റെ ശാപമേ... അന്തകവിത്തേ...
വെട്ടുഗ്ലാസ്സില്‍ പകര്‍ന്ന റം ഒറ്റവലിവലിച്ചു. അപ്പോള്‍ നിവര്‍ന്ന് നിന്ന് ആരോടെങ്കിലുമൊക്കെ, എന്തെങ്കിലുമൊക്കെ സംസാരിക്കാമെന്നായി. വീട് പൂട്ടാന്‍പോലും നിന്നില്ല; നേരെ പെന്‍ടോര്‍ച്ചും മിന്നിച്ച് ഇറങ്ങി. 
കണ്ടം വഴിയേ ഒരെളുപ്പവഴിയുണ്ട്. അല്ലെങ്കില്‍ അരക്കിലോമീറ്റര്‍ ചുറ്റേണ്ടിവരും. അയല്‍വക്കത്തെ രണ്ടു കയ്യാലകള്‍ ചാടിക്കടന്ന്, കണ്ടംവഴിയെ ധൃതിവെച്ച് നടന്നു. മെതി കഴിഞ്ഞ കണ്ടമാണ്. ഏറെ വിഷമുള്ള പാമ്പുകള്‍ ഇണചേരുന്ന വരമ്പുകളിന്മേല്‍ കാലടികള്‍ പതിപ്പിച്ച് മിലന്‍ നടന്നു.
''നീയെപ്പോ എറങ്ങി? എന്നതാ ഈ പാതിരായ്ക്ക്?''
ജോമിമുതലാളി ചോദിച്ചു.
''കമ്പനീല് ഒരു ജോലി വേണം... എനിക്ക് വേണ്ടപ്പെട്ട ഒരാള്‍ക്ക്... അതൊടനേ വേണം... നാളെത്തന്നെ... വേണം...''
''നെന്നെത്തന്നെ ഇനിയവടെ നിര്‍ത്തണകാര്യം ഞാനങ്ങോട്ട് പറയാനിരിക്കായിരുന്നു. പക്ഷേ, കൊറച്ച് കാശ് ആനുകൂല്യമായിട്ട് നിനക്ക് തരണമല്ലോ... അല്ലേല്‍ നിന്റെയാ യൂണിയന്‍കാര് അലമ്പുകളേം കൂട്ടി നീ വരുവല്ലോ... ആ ഒരൊറ്റകാര്യമില്ലായിരുന്നേല്... ഹും... അപ്പോഴാ നീ...''
''എന്റെ ജോലി വിട്ടേരേ ...എനിക്ക് ജീവിക്കാന്‍ ഈ ലോകത്തില്‍ വേറെ എന്തോരം വഴികളൊണ്ട്... ഇല്ലെങ്കി, ഇല്ലാത്ത വഴിയൊണ്ടാക്കാനൊള്ള ധൈര്യമെനിക്കൊണ്ട്.''
''അതെന്നാ അത്രേം ധൈര്യം...?''
''ഇരുട്ട് തന്ന ധൈര്യമാ അത്... നിങ്ങള്‍ക്കിപ്പോ എത്ര പറഞ്ഞാലും അതൊന്നും മനസ്സിലാകില്ല. അതുപോട്ടെന്ന്. പിന്നെ... നിങ്ങള് തരാനൊള്ള കാശൊന്നും എനിക്ക് തരണ്ട. പകരം ഞാന്‍ കൊണ്ടരണ ആള്‍ക്ക് അതുകൊടുക്കണം... ഞാന്‍ നാളെ ആളേം കൊണ്ടുവരാം...''
'ഇതൊക്കെ... ഇങ്ങനെ നിന്ന് പറയണ്ട കാര്യല്ലല്ലോടാ... നീ ചെല്ല്... നമക്ക് നാളെ കാണാം...''


ജോമി വീടിനകത്തേക്കു കയറി വാതിലടയ്ക്കുന്നതിനു മുന്നെ തിരിഞ്ഞുനിന്ന് ഇത്രകൂടി പറഞ്ഞു: ''ആദ്യായിട്ടാണല്ലോടാ നീ മറ്റുള്ളോരെക്കുറിച്ചൊക്കെ ചിന്തിക്കണത്... ഇതെന്നാ പറ്റി? എന്നാ പുതുമയാ...''
''ഓ... ഇങ്ങനെയൊക്കെ ചോദിച്ചാ... എന്നാ ഉത്തരം പറയാനാ... പിന്നേ...''
ഇത് മഞ്ഞുകാലാ... കുളിരുമ്പോ കൊടുക്കാത്ത കമ്പിളി പിന്നെയാര്‍ക്കും  കൊടുത്തേക്കര്ത്... നിങ്ങളത് മാത്രം ഇപ്പോ ഓര്‍ത്താ മതി...''
''പോയി ഒറങ്ങ്യേടാ... നാളെ കാണാം...''
അല്പം കൂടി വിശദീകരിക്കാന്‍ മിലന്‍ തയ്യാറായിരുന്നു. അവസരം ലഭിക്കാത്തതുകൊണ്ട് പിന്‍വാങ്ങി. 
തിരിച്ച് വീട്ടിലേക്ക് പ്രധാന നിരത്തിലൂടെ അവന്‍ നടന്നു. ആകാശത്തിന്റെ അതലങ്ങളില്‍ നിന്നും അന്നേരം ഭൂമിയിലേക്ക് നിലാവ് തുള്ളീശ്ശെ ഇറ്റുന്നുണ്ടായിരുന്നു.  പ്രപഞ്ചം വളരെ നേര്‍ത്ത, ചിലന്തിവലകളോളം നേര്‍ത്ത എന്തോ കൊണ്ട് നെയ്ത വിശേഷവസ്ത്രമാണെന്ന് മിലന് തോന്നി. വളരെ സൂക്ഷിച്ച് ഉടുത്തില്ലെങ്കി പിഞ്ഞിക്കീറിപ്പോകും.
മിലന് നിലാവോടും പ്രപഞ്ചത്തോടും ആദ്യമായി സ്‌നേഹം തോന്നി.
അപ്പോള്‍ നിലാവിന് ഓരം ചേര്‍ന്ന് നിഴലനക്കം പോലെ ഒരാള്‍ നില്പുണ്ടായിരുന്നു.
എല്‍ദോ.
''എല്‍ദോയേ...''
കുഴഞ്ഞ ശബ്ദത്തില്‍ മിലന്‍ വിളിച്ചു.
എല്‍ദോ കയ്യില്‍ എന്തോ ഒന്ന് ഒളിപ്പിച്ചു പിടിച്ചിട്ടുണ്ട്. എല്‍ദോ തന്നെ അതു വെളിച്ചപ്പെടുത്തി.
''കത്തിയോ? എന്നെ കുത്താനാന്നോടാ...?''
മിലന്‍ ചോദിച്ചു.
''അതിപ്പോ... അങ്ങനെ ചോദിച്ചാ... എന്നായാലും കുത്തണം. അതിനുവേണ്ടി ഒരുങ്ങിയെറങ്ങ്യോനാ ഞാന്‍... അതിന്നുവേണോ നാളെ വേണോയെന്ന സംശയേ ഒള്ളു. ഇന്നിപ്പോ ഇത്രേം തഞ്ചത്തിന് ചേട്ടായിയെ കിട്ടിയിട്ട് കുത്തിയില്ലേല് ഞാന്‍ ആണല്ലാതായിപ്പോവത്തില്യോ...?''
''ഓ... നീയിതെന്നാ പറച്ചിലാ പറേണെ... അപ്പോ നിനക്ക് തന്നെ ഒറപ്പില്ലേ അക്കാര്യത്തില്? ...ആണുങ്ങളിങ്ങനെ പറയാമോടാ...?''
അതു പറയുന്നതിനിടെ മിലന്റെ കാലുകള്‍ വേച്ചു. നിരത്തിനോട് ചേര്‍ന്ന തേക്കുമരത്തില്‍ അവന്‍ വീഴാതെ ചാരിനിന്നു.
''നിന്റേലിത്തിരി വെള്ളം ഇരിപ്പൊണ്ടോ...?''
മിലന്‍ ചോദിച്ചു.
''ഇല്ല.''
ചുറ്റിനും നോക്കുന്നതിനിടെ എല്‍ദോ പറഞ്ഞു.
''നീയിതെങ്ങോട്ടാടാ നോക്കണേ... മുത്തേ...?''
മിലന്‍ ചോദിച്ചു തീര്‍ന്നതും എല്‍ദോ മിലന്റെ വയറ്റില്‍ അവിദഗ്ദ്ധമായി കത്തിയാഴ്ത്തി. എങ്കിലും അതവിടെ ശരിക്കും ആഴ്ന്നു. കത്തി തിരിച്ചെടുക്കാന്‍ എല്‍ദോ ശ്രമിക്കും മുമ്പ് മിലന്‍ തടഞ്ഞു: 
''വേണ്ടെടാ... ഉവ്വേ... അതവിടെ ഇരുന്നോട്ടെ... കൊടല് മുറിഞ്ഞിട്ടൊണ്ട്... എന്നതായാലും കാര്യം നടക്കുമെന്നൊറപ്പായെ. എങ്ങനെ കൂട്ടിയാലും നേരം വെളുക്കണേന് മുന്നെ ചോരപോയിത്തീര്‍ന്നോളും. എന്നാലും എന്റെ എടാ... നീയിത് ചെയ്തതുകൊണ്ട് വല്ല ഗുണോം ഒണ്ടായോ നിനക്ക്?''
''മുമ്പ് നിങ്ങളുമിതു ചെയ്തതല്ലേ...?''
എല്‍ദോ കണ്ണുമിഴിച്ചു ചോദിച്ചു:
''മണ്ടത്തരം പറയാതെടാ. അതൊരു കയ്യബദ്ധമായിരുന്നെന്ന് അറിയാത്തോനല്ല നീ... ആ പോട്ടെ... നിനക്കിപ്പോ ഇതു ചെയ്തല്ലേ പറ്റൂ? എന്നാലും നീ ഇത് കേള്‍ക്ക്... അന്ന് മരിക്കണേന് ഇത്തിരി കൂടി മുന്നെ  നിന്റെ ചേട്ടന്‍ എനിക്കിട്ടൊരു ചോദ്യം എറിഞ്ഞാര്ന്ന്... അതിന്റെ ഉത്തരം ഈ ജന്മത്ത് കിട്ടില്ലാന്നറിഞ്ഞിട്ടും അതിനു പൊറകേ ഞാനൊന്നു വേട്ട നടത്തിനോക്കി... ഇനിയിപ്പോ  ഞാനാ ചോദ്യം നിനക്ക് തന്നേക്കാം...''
''എന്നതാ ആ ചോദ്യം...?''
എല്‍ദോ മിലനരികെയിരുന്ന് ആകാംക്ഷയോടെ ചോദിച്ചു.
''അത്... ഓ... അല്ലെങ്കി ഒന്നുമില്ലെടാ ഉവ്വേ... ചോരേം വികാരോമൊള്ള സാധാരണ മനുഷ്യര് അതൊന്നുമെടുത്ത് തലേല് വെക്കാതിരിക്കാ നല്ലത്... ഒന്നാമത് പൊങ്ങത്തില്ല... പിന്നെ... ഓഹ്... ഒന്നുമില്ല... പറയാന്‍ എനിക്ക് സൗകര്യമില്ല... മനുഷ്യനേ... സമാധാനമാ പ്രധാനം... അതിപ്പോ ചാവാന്‍ പോണോനായാലും... നീ നേരം കളയാതെ എങ്ങോട്ടേലും ഓടിപ്പോകാന്‍ നോക്കെടാ ചെറുക്കാ...''
എല്‍ദോ എങ്ങോട്ടോ ഓടി.
''...പിന്നല്ല...!'' എന്നുകൂടി പറഞ്ഞ് മിലന്‍ കണ്ണുകളടച്ചു. 
ഇരുട്ട് വിശേഷപ്പെട്ട ഒരു നിശാവസ്ത്രമായി  മിലനെ പൊതിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com