മിച്ചസമയം -പ്രിയ എഎസ് എഴുതിയ കഥ

​തിരക്കില്ലാത്ത റെസ്റ്റോറന്റ് മതി എന്നു പറഞ്ഞതവളാണ്. ഒഴിഞ്ഞ മൂല മതി എന്നു പറഞ്ഞതയാളും.
ചിത്രീകരണം : സുരേഷ് കുമാര്‍ കുഴിമറ്റം
ചിത്രീകരണം : സുരേഷ് കുമാര്‍ കുഴിമറ്റം

തിരക്കില്ലാത്ത റെസ്റ്റോറന്റ് മതി എന്നു പറഞ്ഞതവളാണ്. ഒഴിഞ്ഞ മൂല മതി എന്നു പറഞ്ഞതയാളും. ചായയ്ക്ക് കാത്തിരിക്കവേ അയാള്‍, അവളുടെ വാച്ചുപിടിച്ച് സമയം നോക്കി.
വാച്ചിലെ സമയത്തില്‍  അയാള്‍  കണ്ണുചേര്‍ക്കുമ്പോള്‍ അവള്‍ പറഞ്ഞു: ഇത് ഒരുപാടൊരുപാട് പഴയതാണ്. പിന്നെ ഒന്നുനിര്‍ത്തി തുടര്‍ന്നു, പണ്ടത്തെയാള്‍ തന്നത്... പുതിയതുപോലെയിരിക്കുന്നു എന്നയാള്‍ ചതുരഡയലിനുള്ളിലെ പന്ത്രണ്ടരമണിയിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു.
ചിലപ്പോഴെങ്കിലും വാച്ചുകള്‍, സമയമല്ല കഥകളാണ് പറയുക അല്ലേ എന്ന് അയാള്‍ ചോദിക്കുന്നതിനിടെ അവളുടെ നീണ്ട തലമുടിയിഴകളില്‍ രണ്ടുമൂന്നെണ്ണം പറന്ന് അയാളുടെ മുഖത്തേയ്ക്കു വീണു. അവള്‍ വീണുപോയതോ, വളരെ പഴയ ചില സമയവിവരങ്ങളുടെ കണക്കുകളിലേക്ക്.

പണ്ടത്തെയാള്‍ ഒരു ഫെലോഷിപ്പ് കിട്ടി അയര്‍ലന്‍ഡില്‍ പോയപ്പോള്‍ ചതുരഡയലുള്ള ഒരു പെണ്‍വാച്ച് വാങ്ങിവരണം എന്നു പറഞ്ഞേല്‍പ്പിച്ചത്, അയാളുടെ കൈയിലെ ഫെലോഷിപ്പ് തുകയുടെ മിച്ചംവയ്ക്കലുകളിലൊതുങ്ങാതെ അന്നാട്ടിലെ ചതുരഡയലുകള്‍ അരസികത്തം കാണിച്ചത്, തിരികെ നാട്ടില്‍ എത്തിയതും  എയര്‍പോര്‍ട്ടില്‍ നിന്നുള്ള വഴിയെ തന്നെ അയാള്‍  ടൈറ്റനില്‍നിന്ന്  ഒരു ചതുരഡയല്‍ മുങ്ങിത്തപ്പിയെടുത്ത് വന്നത്, മെലിഞ്ഞ സ്ട്രാപ്പുള്ള ഒതുങ്ങിയ ചതുരഡയലിലൊതുങ്ങാതെ കാലം പിന്നെ അവരുടെ രണ്ടാളുടേയും കൈപ്പിടിയില്‍ നിന്നൂര്‍ന്നുപോയത് ഒക്കെ അവളോര്‍ത്തെടുത്തുകൊണ്ടേ ഇരുന്നു. ഇന്നാള്‍ ഒരിക്കല്‍ യാദൃച്ഛികമായി തമ്മില്‍ കണ്ടതും എന്തെങ്കിലും ചിലത് മിണ്ടാന്‍ പറ്റും വിധം രണ്ടാള്‍ക്കുമിടയില്‍നിന്ന് വൈരാഗ്യം, പക, വെറുപ്പ് ഒക്കെ നേര്‍ത്തുമാഞ്ഞത്  അപ്പോള്‍ രണ്ടാളും തിരിച്ചറിഞ്ഞതും കടലാസ്സില്‍ പതിഞ്ഞ വേര്‍പിരിയലിന്റെ ഒപ്പുവയ്ക്കലുകള്‍ക്കപ്പുറമിപ്പുറം നിന്ന് വെറും ചില കുശലപ്രശ്‌നങ്ങള്‍ പരസ്പരം നടത്തിയതും അന്ന്  അവളുടെ കൈത്തണ്ടയിലേക്കെപ്പോഴോ  നോട്ടം പതിഞ്ഞപ്പോള്‍ ''ഇതുവരെ കളഞ്ഞില്ല അല്ലേ'' എന്നയാള്‍  ചതുരഡയലില്‍  ഒരു നിമിഷം ഉറഞ്ഞുപോയതും പിന്നെ അവള്‍ പറഞ്ഞു. ചായക്കപ്പിലേക്ക് കുടഞ്ഞിടാന്‍ പഞ്ചസാരപ്പാക്കറ്റ് കൈയിലെടുത്തുകൊണ്ട് അയാള്‍ ചിരിച്ചുപറഞ്ഞു. കഥ പറയുന്ന വാച്ചുകളൊക്കെ ഞാന്‍ തിരിച്ചു കൊടുത്തു.

ആര്‍ക്ക് എന്ന ചോദ്യചിഹ്നം പോലെ  അവള്‍ മുഖമുയര്‍ത്തിയപ്പോള്‍ അയാള്‍ തുടര്‍ന്നു: ഞാന്‍ പറഞ്ഞിട്ടില്ലേ, എല്ലാ പിറന്നാളിനും അവള്‍ എനിക്കു തന്നിരുന്നത് വാച്ചുകളാണ്. വാച്ചുകളല്ലാതെ എനിക്ക് തരാന്‍ പറ്റിയതായി  ഈ ലോകത്ത് വേറൊന്നുമില്ലേ എന്നു  ഞാന്‍ ചിരിക്കുകയും ഒന്നിനും സമയമില്ലാത്ത ആള്‍ക്ക് കുറച്ചു സമയമല്ലാതെ ഞാനെന്തു തരാന്‍ എന്ന് അവളെന്റെ നെറ്റിയില്‍ ചുണ്ടുരുമ്മുകയും ചെയ്തിരുന്നു അന്നെല്ലാം. പക്ഷേ, പെട്ടെന്നാണ് ചിരിയുടേയും ചുണ്ടുരുമ്മലിന്റേയും സമയം എന്നേയ്ക്കുമായി നിലച്ചത്. അവളുടെ ഉടുപ്പുകള്‍, സാരികള്‍ ഒക്കെ പാക്ക് ചെയ്തയയ്ക്കാന്‍ അവള്‍ പറഞ്ഞപ്പോള്‍ പാക്കിങ് കെയ്സിന് ഏറ്റവും മീതെ ഞാനാ വാച്ചുകള്‍ വച്ചു. സ്‌നേഹത്തില്‍നിന്ന് പുറംതള്ളപ്പെട്ട  ഒരാള്‍ക്ക് എന്തു വാച്ച് എന്തു സമയം, എന്തു കാലം? പിന്നെ...പിന്നെ  ഞാന്‍ വാച്ചു കെട്ടിയിട്ടേയില്ല.

അയാളുടെ ഒഴിഞ്ഞ കൈത്തണ്ടയിലെ നരച്ച രോമങ്ങള്‍ക്കിടയിലൂടെ അവള്‍ ഒരു ചതുരഡയല്‍വര കോറിയിട്ടപ്പോള്‍ അയാള്‍, അവളുടെ പാറ്റിപ്പറന്ന മുടിയിഴ പുറകോട്ടൊതുക്കി വച്ചു. 
നിന്റെ ആദ്യത്തെയാളെ ഞാന്‍ കണ്ടിട്ടില്ലെന്നേയുള്ളൂ എന്നു പറഞ്ഞ് ഒരു ദോശപ്പൊട്ടെടുത്തയാള്‍ അവളുടെ വായില്‍ വച്ചുകൊടുത്തു. അവളുടെ കുഞ്ഞിവായയില്‍ കൊള്ളാതെ പുറത്തുചാടിയ  ആ ദോശപ്പൊട്ടിന്റെ പൊട്ടിനെ തന്റെ വിടര്‍ത്തിയ കൈ കൊണ്ട്  അയാള്‍ താഴെ വീഴാതെ പിടിച്ചപ്പോള്‍, നെറ്റിയില്‍ കുസൃതിച്ചുളിവുകള്‍ വരുത്തി  അവള്‍, അയാളെ നോക്കി. അയാളപ്പോള്‍, അയാള്‍ കാണാത്ത രംഗങ്ങളോരോന്നോരോന്നായി അവിടെ  വരച്ചിട്ടു അയാള്‍ നിന്റെ ചെറിയമ്മയുടെ  വീട്ടില്‍ വന്നതായിരുന്നില്ലേ? ആരാവും മുകളിലെ നിലയില്‍ ലാല്‍ഗുഡിജയരാമനെ കേള്‍ക്കുന്നതെന്നാലോചിച്ച് അയാള്‍ മുഖമുയര്‍ത്തി നോക്കി ഒരു നിമിഷം. അതുകണ്ട്,  ഏട്ടന്റെ മകളാണ്, കണ്ടിട്ടില്ല അല്ലേ എന്നു പറഞ്ഞു ചെറിയമ്മ വിളിച്ചുവരുത്തിയ പാവാടക്കാരി.  പക്ഷേ, അയാളാദ്യം കണ്ടത് നിന്നെയല്ല, കോണിപ്പടിയിലൂടെ ഇറങ്ങിവരുന്ന പച്ചപ്പാവാടപ്പച്ചപ്പാണ്. പിന്നെ ഒരു വയലറ്റ് പൂമരത്തിന്റെ ചുവട്ടില്‍ നില്‍ക്കുമ്പോള്‍, വയലറ്റ് പൂക്കളുടെ ഇടയിലൂടെ മരപ്പച്ചയും ആകാശനീലയും നിങ്ങളെ നോക്കി 'പ്രണയത്തിലാണല്ലേ' എന്നു ചോദിച്ചതും ഒറ്റരൂപാത്തുട്ടുകള്‍ കഴിയുന്നത്ര സംഭരിച്ച് ചെങ്ങന്നൂരുനിന്ന് വണ്ടികയറിവന്ന ഒരാളുടെ നാണയങ്ങളൊക്കെ എറണാകുളത്തെ ടെലിഫോണ്‍ ബൂത്തുകളില്‍ ആവിയായിപ്പോയതുമൊക്കെ  കണ്ടുനിന്ന  ഏതോ ഒരാളാണ് ഞാനെന്നാണ്  നീ ഇക്കഥകളെല്ലാം പറയുമ്പോള്‍ എനിക്ക് തോന്നാറ്. നിനക്കിഷ്ടമുള്ള കാഡ്ബറീസ് ഫ്രൂട്ട് ആന്റ് നട്ടീസ് ചോക്കലേറ്റ് ഉള്ള കടകള്‍, ഒറ്റരൂപാത്തുട്ടിട്ട് വിളിക്കാവുന്ന ടെലഫോണ്‍ ബൂത്തുകള്‍... അതെല്ലാമായിരുന്നു അന്നയാള്‍ക്ക് എറണാകുളം എന്നും എനിക്കറിയാം.

അയാളങ്ങനെയൊക്കെ പറയുമ്പോള്‍, അവള്‍ പ്ലേറ്റില്‍നിന്നു മുഖം തിരിച്ച് എന്തോ പറയാനായും പോലെ അയാളെ ഒന്നു നോക്കി. അപ്പോഴാണയാള്‍ നിന്റെ കണ്ണിലെ മഷി പടര്‍ന്നിരിക്കുന്നു എന്നു പറഞ്ഞത്. ബാഗില്‍നിന്ന് ടിഷ്യു പേപ്പറെടുക്കുന്നതിനിടെയാണ് ''ഓ, നിന്നെ കാണിക്കാന്‍ മറന്നു'' എന്നു പറഞ്ഞ്   അവള്‍ ഒരു ചെപ്പെടുത്തതും ചെറിയ ഒറ്റനീലക്കല്ലു വച്ച മോതിരം അതില്‍നിന്നെടുത്തതും. പിന്നെ പെട്ടെന്ന് ''അപ്പൂന്റെ കല്യാണത്തിന് കൊടുക്കാന്‍ വാങ്ങിയതാണ്. നീ ഒന്നിട്ടുനോക്കൂ'' എന്നു പറഞ്ഞ് അവളത് അയാളുടെ വിരലില്‍ ഇടീക്കുകയും അത് പാകമാണെന്നു കണ്ട് ''സമാധാനമായി, ഇത്രയൊക്കെ വണ്ണമേ കാണൂ അപ്പൂന്റെ വിരലിനും'' എന്നു ചിരിക്കുകയും ചെയ്തു.

എന്റെ മോതിരക്കഥ ഞാന്‍ പറഞ്ഞിട്ടുണ്ടോ നിന്നോട് എന്ന് അപ്പോഴയാള്‍ അവളോട് ചോദിക്കുകയും പിന്നെ അക്കഥയോര്‍ത്താവും കുടുകുടെ ചിരിക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയായി, നീ ഇങ്ങനെ ചിരിച്ചുകാണുന്നത് അപൂര്‍വ്വമാണ് എന്നവള്‍ ആ കണ്ണിലെ ചിരിയുടെ തിളക്കത്തില്‍ മുങ്ങിനിവര്‍ന്നു. എന്നിട്ട് അയാളുടെ മോതിരക്കഥ കേട്ടു.  വീടിനു മുന്നില്‍ ഒരു വലിയ മൈതാനമായിരുന്നു. അവിടെ സര്‍ക്കസ്സുകാരും പാമ്പാട്ടികളും കൈനോട്ടക്കാരും ഒക്കെ വന്നുപോകുമായിരുന്നു. ഒരിക്കല്‍ വന്നത് സൈക്കിള്‍ യജ്ഞക്കാരാണ്. അടഞ്ഞ ഗേറ്റിനപ്പുറം  വാ പൊളിച്ചുനിന്ന് കുഞ്ഞു ഞാന്‍ അവരുടെ കസര്‍ത്തുകളൊക്കെ കണ്ടു. എനിക്കവരോട് സ്‌നേഹം വന്നിട്ട് വയ്യായിരുന്നു. സൈക്കിളോടിക്കുന്ന അച്ഛന്റെ തോളില്‍ എണീറ്റുനിന്ന് ഒരു പന്തെടുത്ത് അമ്മാനമാടി, പന്തോ അവളോ താഴെ വീഴാതെ കളിച്ചുനിന്ന പെണ്‍കുട്ടിയുടെ ഉടുപ്പിലെ ചില്ലുകഷണങ്ങളില്‍ സൂര്യന്‍ വീണു തിളങ്ങിയപ്പോള്‍, അച്ഛന്‍ പറഞ്ഞുതന്ന അറബിക്കഥയിലെ രാജകുമാരിയാണ് അവളെന്നെനിക്കു തോന്നി. കളരിയിലെ നിലത്തെഴുത്തിന് ഒരു രസവുമില്ല അച്ഛാ, അവരടെ കൂടെ സൈക്കിള്‍യജ്ഞം പഠിക്കാന്‍ പൊക്കോട്ടെ എന്ന് അച്ഛന്‍ വൈകിട്ടു വരുമ്പോള്‍ ചോദിക്കണം എന്ന് തീരുമാനിച്ചു നിന്നപ്പോഴാണ്, ആ ചില്ലുടുപ്പുകാരി മൂക്കിലെ വളയത്തിലെ മൂന്നു മുത്തുമണികളും കിലുക്കിക്കിലുക്കിയും  അവളുടെ കൈയിലെ പൂവാകൃതിപ്പാത്രത്തിലെ ചില്ലറത്തുട്ടുകള്‍ കുലുക്കിക്കുലുക്കിയും  എന്റടുത്തുവന്നു നിന്നത്. അവള്‍ക്ക് കൊടുക്കാന്‍ സ്വന്തമായി ഒന്നുമില്ലാത്ത ഞാന്‍ ആദ്യം ഒന്നു പകച്ചു. പിന്നെ കുഞ്ഞുവിരലിലെ ഉരുളന്‍ സ്വര്‍ണ്ണമോതിരം ഊരി മങ്ങിയ വെള്ളിനിറച്ചില്ലറകളുടെ നടുവിലേക്ക്  ഗേറ്റിന്റെ അഴികള്‍ക്കിടയിലൂടെ എത്തിവലിഞ്ഞ് കൈനീട്ടി നിക്ഷേപിച്ചു. വെള്ളിനക്ഷത്രങ്ങളുടെ നടുക്ക് പൊന്നമ്പിളിമാമനെപ്പോലെ മോതിരം ചിരിക്കുന്നത് നോക്കിനില്‍ക്കെ അവള്‍ ചിരിച്ചുകൊണ്ടോടിപ്പോയി. അന്നു വൈകുന്നേരം കോലിറയത്തുനിര്‍ത്തി ഇളം ചൂടുവെള്ളം കോരിയൊഴിച്ച്  അമ്മ എന്നെ മേലുകഴുകിക്കുമ്പോള്‍, വെള്ളത്തുള്ളികള്‍ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിച്ചിരിക്കുന്നതു നോക്കി ഞാന്‍ കിലുകിലാ എന്നു ചിരിച്ചു. എന്റെ ചിരി നോക്കി അമ്മയും ചിരിച്ചു. എന്റെ ചുക്കുമണിയിലെ കൊട്ടക്കണക്കിനു മണ്ണൊക്കെ എവിടുന്നു വന്നു എന്നമ്മ കളിദേഷ്യത്തില്‍ ചോദിച്ചപ്പോള്‍, ശരിയാണല്ലോ, ഈ മണ്ണായമണ്ണൊക്കെ ഞാനറിയാതെങ്ങനെ കേറിപ്പറ്റി എന്ന് ഞാനും ആലോചിച്ചു. അപ്പോഴാണ് നടുവിലെ വിരലില്‍ പിടിച്ചമ്മ ചോദിച്ചത് കുഞ്ഞാ മോതിരമെവിടെ? എല്ലാ വിരലും തിരിച്ചും മറിച്ചും നോക്കി ''അറിഞ്ഞൂടാ അമ്മേ'' എന്നു പറഞ്ഞ് ഞാന്‍ നിന്നു. മൈതാനത്തോടിക്കളിച്ചപ്പോഴോ വൈക്കോല്‍ത്തുറുവില്‍നിന്ന് കാളിക്കൊപ്പം ഊര്‍ന്നുകളിച്ചപ്പോഴോ കളഞ്ഞുപോയത് മോതിരം എന്നു വിചാരിച്ച് അമ്മ, തിരച്ചിലുകാരെ വിട്ടു. കാലുകൊണ്ട് മൈതാനത്തെ മണ്ണില്‍ പരതിയും വൈക്കോല്‍ത്തുറുവിന് പ്രദക്ഷിണം വച്ചും മോതിരം തപ്പലുകാര്‍ നടക്കുന്നതും നോക്കി ഞാന്‍ കോലിറയത്ത് നനഞ്ഞ കുഞ്ഞിത്തോര്‍ത്തുമുടുത്തുനിന്നു. സൂര്യന്‍ ആ ചില്ലുടുപ്പുകാരിയുടെ വളയമൂക്കുത്തിപോലെ എന്നെ നോക്കിനിന്നു. പിന്നെ... പിന്നെ എനിക്കൊരിക്കലും മോതിരമുണ്ടായിട്ടില്ല.


കഥ കേട്ട് അവളയാളെ വാത്സല്യത്തോടെ നോക്കി. അയാളുടെ നരക്കാന്‍ തുടങ്ങുന്ന മീശയും കാഴ്ചകള്‍ കണ്ട് പഴകിക്കൂമ്പിയ കണ്ണുകളും അവള്‍ക്ക് തടസ്സമായില്ല, കറുത്ത അരഞ്ഞാണച്ചരടും കെട്ടി ഗേറ്റില്‍ പിടിച്ചുനിന്ന് മൈതാനക്കാഴ്ച കണ്ടു ഹരം പിടിച്ച ആ കുട്ടിയെ കൊത്തിയെടുക്കാന്‍ നേരം. അപ്പോ നിന്റെ കല്യാണമോതിരമോ എന്നു ചോദിച്ചു അവള്‍. എന്റേത് ഒരലങ്കോലക്കല്യാണമായിരുന്നില്ലേ, എനിക്ക് മോതിരമൊന്നുമുണ്ടായിരുന്നില്ല എന്നു പറഞ്ഞയാള്‍ വിരലിലെ ഞൊട്ടയൊടിക്കാനും പറയാനും തുടങ്ങി. കല്യാണനിശ്ചയം ചെയ്തുവയ്ക്കാം  ജോലി കിട്ടി ബോംബെയ്ക്ക് പോകും മുന്‍പ് എന്നാണ്  ഞാന്‍ കരുതിയത്. ഹാളിന്റെ വാടക കേട്ടപ്പോള്‍, എന്നാല്‍പ്പിന്നെ കല്യാണം കഴിച്ച് അവളേയും കൂട്ടി പോകുന്നതാവും നല്ലതെന്നു തോന്നി.

പിന്നെ കുറച്ചുനേരം അയാള്‍ നിശ്ശബ്ദനായി. അവളപ്പോള്‍ അയാളുടെ കൈത്തലത്തില്‍ കൈ ചേര്‍ത്തുവയ്ക്കുകയും ഉള്ളിലെ ഉരുകലിന്റെ പെരുപ്പില്‍ അയാളാ കൈ മുറുകെ പിടിക്കുകയും ചെയ്തു.
അവളെ കല്യാണം കഴിക്കേണ്ടതു മാത്രമായിരുന്നില്ലല്ലോ  എന്റെ ചുമതല എന്നയാള്‍ പതിയെ വീണ്ടും പഴങ്കാലത്തിലേക്കു പോയി. താലിയും അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട വയലറ്റ്  കാഞ്ചീവരം സാരിയും വാങ്ങേണ്ടിയിരുന്നതും അവള്‍ക്ക് അവളുടെ ചെറിയമ്മയുടെ വീട്ടില്‍നിന്ന് ചെറിയമ്മയ്ക്കൊപ്പം കല്യാണമണ്ഡപത്തിലേക്കിറങ്ങിവരാനുള്ള സൗകര്യം ചെയ്തു കൊടുക്കേണ്ടിയിരുന്നതും തുടങ്ങി സര്‍വ്വതും ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നല്ലോ. അവളെ ഞാന്‍ ഇടീക്കേണ്ട മോതിരം, അത്  ഞാന്‍ വാങ്ങിവച്ചു, പക്ഷേ, അവളെന്നെ ഇടീക്കേണ്ട മോതിരം, അങ്ങനൊന്ന് വേണമെന്ന് ഞാന്‍ മറന്നുപോയി. ആരും ഓര്‍മ്മിപ്പിച്ചതുമില്ല. പക്ഷേ, മണ്ഡപത്തില്‍ നില്‍ക്കുമ്പോള്‍ ഇതങ്ങനെയല്ല, അതങ്ങനെയല്ല  എന്നു ആരൊക്കെയോ പറഞ്ഞു. ഞാനവരെയൊക്കെ ഒന്നു കണ്ണുകൂര്‍പ്പിച്ചു നോക്കി. അതോടെ കല്യാണമണ്ഡപത്തിലെ ഇല്ലാത്ത നാദസ്വര അകമ്പടി പോലെ എല്ലാവരും നിശ്ശബ്ദരായി. 

അപ്പുവിനായി വാങ്ങിയ ആ നീലക്കല്ലുമോതിരം ഊരി  അവളെ തിരികെ ഏല്‍പ്പിക്കുന്നതിനൊപ്പം പഴയ ഏതോ കാലങ്ങളിലേക്ക് സമയപ്പടവുകള്‍ ഇറങ്ങിപ്പോയിക്കൊണ്ടേയിരിക്കുന്ന അയാളെ നോക്കി അവള്‍ ബില്ലിനൊപ്പം വന്ന പെരുംജീരകം കൊറിച്ചു. പിന്നെ ആ പടവുകളില്‍ നിന്നയാളെ തിരിച്ചുവിളിക്കാന്‍ വേണ്ടിമാത്രം   അവള്‍ പറഞ്ഞു: ഞാനെന്റെ കല്യാണമോതിരമൂരി ശിവനു കൊടുത്തു. ഏത് ശിവന് എന്ന അയാളുടെ അമ്പരപ്പു കണ്ട് അവള്‍ ചിരിച്ചുപോയി. പിന്നെയവള്‍ കഥപ്പെയ്|ത്തായി  വിരലില്‍നിന്നൂരിയെടുത്ത് അഘോരമൂര്‍ത്തിയുടെ നടയ്ക്കു മുന്നിലെ ഭണ്ഡാരത്തിലേക്ക് ആ മോതിരമിടുമ്പോള്‍, കരച്ചിലിന്റെ വക്കത്തുനിന്നുകൊണ്ടു തട്ടിക്കൂട്ടിയെടുത്ത ഒരു ചിരിയോടെ  ഞാന്‍ മനസ്സാ പറഞ്ഞു. നോക്ക്, എന്നെക്കൊണ്ടിത് സൂക്ഷിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍  അത് നിനക്കു മാത്രമാണ്. പറ്റുമോന്ന് നോക്ക്. അതു വീണതിന്റെ ക്ലിങ് ഒച്ച എനിക്കിപ്പോഴും കേള്‍ക്കാം. പക്ഷേ, പുള്ളിക്കാരന്‍, നിര്‍മ്മയന്‍ നിരാമയനായി ഒരു വെറും പുള്ളിക്കാരന്‍ മാത്രമായി ഒരു ചുമ്മാ ഇരിപ്പിരിക്കാനാണ് ഇഷ്ടപ്പെട്ടത്. പുള്ളിക്കാരന്റെ വിചാരങ്ങളെന്തായിരുന്നുവെന്ന്  ആ... ആര്‍ക്കറിയാം. നീര്‍ത്തിയ കൈ കുത്തനെ 'താ, താ' എന്നുള്ള പതിവ് മട്ടില്‍ മലര്‍ത്തിപ്പിടിച്ച്, എന്റെ തലയുടെ മുകളിലേക്കു നോക്കി ഒരിരുപ്പ്... അവള്‍ പറഞ്ഞുനിര്‍ത്തി. മുകളില്‍ എന്നു ഞാന്‍ പറയുമ്പോഴൊക്കെ മേളില്‍ എന്നു തിരുത്തുമായിരുന്നു എന്റെ ആദ്യത്തെയാള്‍ എന്ന്  കുറച്ചു നേരത്തെ മൗനത്തിനുശേഷം, അവളുടെ കണ്ണില്‍ പിന്നെ ഒരോര്‍മ്മത്തുണ്ട് തിളങ്ങി.

 നിറം മാറിത്തുടങ്ങിയ നാണയത്തുട്ടുകള്‍ക്കിടയിലേക്ക്  തന്നെ നിന്റെ മോതിരവും പൊന്നമ്പിളിപോലെ, അതേ ക്ലിങ് ഒച്ചയോടെ വീണു അല്ലേ എന്നു മാത്രം അയാള്‍ ചോദിച്ചു. അതു ശരിയാണല്ലോ, എന്തൊരു സാമ്യം എന്നവള്‍ അത്ഭുതപ്പെട്ടു. പിന്നെ ആ പഴയ മൈതാനമോതിരക്കുട്ടിയെ ഒന്നുകൂടി ഓര്‍ത്തെടുത്തവള്‍ ചിരിച്ചു.

നിനക്കെന്നല്ല, അഘോരമൂര്‍ത്തിക്കുപോലും മോതിരം സൂക്ഷിക്കല്‍ വലിയ പാടാണ് എന്നു തോന്നിയതുകൊണ്ടാണോ നീയ് പിന്നെ താലിയും മോതിരവും ഒപ്പിടലും ഒന്നുമില്ലാതെ ഇപ്പോഴത്തെ കുട്ടികളെപ്പോലെ ഇപ്പോഴത്തെയാളുമായി വെറുതെ കൂടിച്ചേര്‍ന്നു താമസിക്കാന്‍ തുടങ്ങിയത്  എന്നു പിന്നെ അയാള്‍ ആരോടെന്നില്ലാതെ ചോദിച്ചു. അവളതിന് മറുപടി പറയാതെ, വര്‍ണ്ണവരകള്‍കൊണ്ട് മോടി പിടിപ്പിച്ച ലാംപ് ഷെയ്ഡില്‍ നോക്കിയിരുന്നു. നീ നിന്റെ മോതിരക്കല്യാണത്തിന് എന്നെ വിളിച്ചതേയില്ല എന്നയാളും അതിന് നീ, നിന്റെ മോതിരമില്ലാ വയലറ്റുനിറക്കല്യാണത്തിന് എന്നെ വിളിച്ചായിരുന്നോ എന്നവളും പിന്നെ പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി പരാതി പറഞ്ഞു. എപ്പോഴും നമുക്കിടയില്‍  ആരെങ്കിലും ഒരാള്‍ അല്ലേ എന്നു ചോദിച്ചയാള്‍ പിന്നെ കണ്ണ് മാറ്റി.

മൈതാനത്തിനപ്പുറമുള്ള വീട്ടിലെ താമസക്കാരിയായി വന്ന പെണ്‍കുട്ടിയെ കാണാന്‍ ഇത്രനാളെടുത്തു എന്നു ഖിന്നനായയാള്‍  അവളുടെ ചോപ്പുസാരിത്തുമ്പെടുത്തു  വെറുതേ വിരലില്‍ ചുറ്റി. അവളപ്പോള്‍ അയാള്‍ക്ക് മുഖം കൊടുക്കാതെ പറഞ്ഞു. അവിടെ എത്തിപ്പെട്ട അന്നുമുതല്‍ എന്നും ഞാന്‍  നിന്നെ  കണ്ടിരുന്നു; പക്ഷേ നീ,  ഞാന്‍ നിന്ന ദിശയിലേക്ക് ഒരിക്കലും നോക്കിയിരുന്നില്ല. നീ  എപ്പോഴും കാളിക്കൊപ്പം വൈക്കോല്‍ത്തുറുക്കളികളിലായിരുന്നു. അങ്ങനെ പറഞ്ഞുനിര്‍ത്തുമ്പോള്‍ അവളുടെ കണ്ണില്‍ ഒരീറന്‍മയം കണ്ടു എന്നയാള്‍ക്കു തോന്നി.
നിനക്ക് ഏറ്റവും നന്നായി ചേരുന്നത് ഈ തീനിറമാണ് എന്നു പിന്നെ അയാള്‍ വിഷയം മാറ്റി. പഴയതാണിത്, വളരെ പഴയത് എന്നവള്‍ പറയുകയും  ഇതോ പഴയതോ എന്നയാള്‍ ചോദിക്കുകയും ചെയ്തു. ആദ്യത്തെയാള്‍  അനിയത്തിക്കുട്ടിയുടെ കല്യാണത്തിന് ഉടുക്കാം എന്നു പറഞ്ഞ് അനിയത്തിയുടെ പഠനം പോലും കഴിയും മുന്‍പ് ഒരു കാഞ്ചീവരം യാത്രയില്‍ വാങ്ങിത്തന്നതാണ്. രസമെന്താണെന്നുവച്ചാല്‍ അവളുടെ കല്യാണം പോലും ഞാന്‍ അറിഞ്ഞില്ല. ആരും ഒന്നിനും വിളിക്കാത്ത ഒരാളായി ഞാനപ്പോഴത്തേക്ക് മാറിക്കഴിഞ്ഞിരുന്നു. എല്ലാ വേണ്ടപ്പെട്ടവരുടേയും മനസ്സില്‍നിന്ന് ഞാന്‍ നാടുകടത്തപ്പെട്ടിരുന്നു. ഒരു കാഞ്ചീവരം സാരിക്കും രണ്ടുവര്‍ഷത്തിനുമിടയില്‍ ജീവിതത്തിന്റെ നെയ്ത്തുതറികള്‍ തന്നെ കാണാതായിപ്പോകുമെന്നു  എന്നെങ്കിലും വിചാരിച്ചിട്ടുണ്ടാവുമോ ആ സാരിനെയ്ത്തുകാര്‍ എന്നവള്‍ ചിരിച്ചു.

ഏതെല്ലാം ഭാഷകള്‍ പറയിച്ചും കേള്‍പ്പിച്ചും  എത്രയെത്ര ചന്തങ്ങളിലൂടെ പടര്‍ത്തിയും അടര്‍ത്തിയും ജീവിപ്പിച്ചത് ഒടുക്കം പഴയ മൈതാനത്തില്‍ത്തന്നെ എത്തിക്കാനാണെന്ന് അറിയില്ലായിരുന്നു എന്നയാള്‍ എവിടേക്കോ നോക്കി പറഞ്ഞപ്പോള്‍, അവള്‍ക്കെങ്ങനെയെന്തു പറയണം എന്നറിയാതെയായി. വെയിറ്റര്‍  തിരികെക്കൊണ്ടുവരുന്ന  പൈസ ബാക്കിക്കായി കാത്തിരിക്കുമ്പോള്‍, അയാള്‍ ചോദിച്ചു നീ എനിക്കൊരു വാച്ച് വാങ്ങിത്തരുമോ?
അവള്‍ എന്തോ പറയാനാഞ്ഞ് പിന്നെ വേണ്ടെന്നു വച്ചു. ഞാന്‍ വെറുതേ, വെറുതേ ചോദിച്ചതാണ്  എന്നു പറഞ്ഞ് അയാള്‍ ചിരിച്ചു. സ്‌നേഹത്തിലേക്ക് വീണ്ടും ചില കോണിപ്പടികള്‍ ആരോ പണിതുവച്ചുതരുമ്പോള്‍, സമയത്തെ കൈപ്പിടിയിലാക്കാന്‍ ഒരു കൊതി, വീണ്ടും എനിക്ക് എന്നയാള്‍ പറയുമ്പോള്‍ അവള്‍  അയാളെ ചാരിയിരുന്നു. 

അയാളുടെ നരച്ച നീലനിറഷര്‍ട്ടിലേക്ക് അവളുടെ തീനിറം പറന്നുവീഴുകയും അതിലാരുടേയോ ചുണ്ടില്‍ ഒരുമ്മ വിതുമ്പുകയും ചെയ്തപ്പോള്‍  പെട്ടെന്ന് സമയം നിശ്ചലമായി...
ബില്‍ത്തുകബാക്കിയുമായി വെയിറ്ററും വന്നുപോയശേഷം പരസ്പരം തൊട്ടുതൊട്ടവര്‍ കോറിഡോറിലൂടെ പുറത്തേക്ക്  നടക്കുമ്പോള്‍,  ഇഷ്ടികഭിത്തിയില്‍ പതിഞ്ഞിരിക്കുന്ന  ചിത്രഫ്രെയിമിലെ കടും നീലവളയരൂപത്തില്‍  അമൂര്‍ത്തമായി ഒളിച്ചിരുന്ന്  ആരോ മൂന്നുകണ്ണുകൊണ്ടും നോക്കുന്നുവെന്ന് പെട്ടെന്നവള്‍ക്കു തോന്നി. മോതിരം സൂക്ഷിപ്പുകാരാ, സമയക്കണക്കുകാരാ എന്ന് പുള്ളിക്കാരനെ വിളിക്കാനവള്‍ക്ക് തോന്നിയ അതേ നിമിഷത്തില്‍ തന്നെയാണ് അയാള്‍ക്കവളെ ചുറ്റിപ്പിടിക്കാന്‍ തോന്നിയത്. നിന്റെ മോതിരം കൊണ്ടുപോയ  ആ പഴയ ചില്ലുടുപ്പുകാരി ഞാനാണ് എന്നവള്‍ക്ക് പറയാന്‍ തോന്നിയതും അപ്പോള്‍ത്തന്നെ. വൈക്കോല്‍ത്തുറുവിലൂടെ ഊര്‍ന്നിറങ്ങുന്നതിലെ കനമില്ലായ്മയുടെ രസം എത്രനാള്‍കൂടി അറിയുകയാണ്  എന്നയാള്‍ക്കു തോന്നിയതും അപ്പോള്‍ത്തന്നെ.
അയാള്‍ ഒന്നുകൂടി  അവളുടെ വാച്ചുപിടിച്ച് സമയം നോക്കി. കാഞ്ചീവരത്തിലെ നെയ്ത്തുകാരുടെ തറിയില്‍ സമയം നെയ്തുകൊടുക്കുന്നുണ്ടാകുമോ എന്ന്  ഒരു നിമിഷം അവളാലോചിച്ചുപോയി..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com