പേടിപരിണാമം: വേണു ബാലകൃഷ്ണന്റെ കഥ

ക്രൂരന്‍ ആ നാട്ടിലെ ഒരു പേടിത്തൊണ്ടന്റെ മകനായിരുന്നു. പേടിത്തൊണ്ടന്‍ നേരത്തേ മരിച്ചുപോയി.
പേടിപരിണാമം: വേണു ബാലകൃഷ്ണന്റെ കഥ

രാള്‍ വെറും പാവമായിരുന്നു. മറ്റേയാള്‍ മഹാക്രൂരനും. അവര്‍ ശത്രുക്കളല്ല. അവര്‍ തമ്മില്‍ പരിചയവുമില്ല. അവര്‍ രണ്ടിടത്ത് ജനിച്ചു. രണ്ടിടത്ത് വളര്‍ന്നു. ഒരാള്‍ പാവവും മറ്റേയാള്‍ ക്രൂരനുമായിത്തീര്‍ന്നു. അവര്‍ വളര്‍ന്നു കഴിഞ്ഞപ്പോള്‍, അവര്‍ ആരാകണോ അതായിത്തീര്‍ന്നപ്പോള്‍ പാവമായിരുന്നയാള്‍ ഒരുപാട് ദുരിതം അനുഭവിച്ചു. ക്രൂരന്‍ ഒരുപാടു പേരെ ദ്രോഹിച്ചു. ക്രൂരതയും പാവത്തരവും ഈ ലോകത്തിനു വേണം എന്നുള്ളതുകൊണ്ടായിരുന്നു അതെല്ലാം. 
എന്നാലും പാവമാണോ ക്രൂരനാണോ എന്നു പറയാന്‍ കഴിയാത്തവണ്ണം മനുഷ്യന്‍ ഒരു കലര്‍പ്പാണ്. ഇത് അത്തരം മനുഷ്യരെപ്പറ്റിയുള്ള കഥയല്ല. ഒരു കലര്‍പ്പുമില്ലാത്ത ശുദ്ധരില്‍ ശുദ്ധനായ ഒരു പാവത്താനേയും കൊടുംക്രൂരതകള്‍ കാട്ടിയ ഒരു മഹാക്രൂരനേയും പറ്റിയുള്ള കഥയാണ്.
ആദ്യം ക്രൂരന്റെ കഥ.
ക്രൂരന്‍ ആ നാട്ടിലെ ഒരു പേടിത്തൊണ്ടന്റെ മകനായിരുന്നു. പേടിത്തൊണ്ടന്‍ നേരത്തേ മരിച്ചുപോയി. പേടി കാരണം ജീവിതത്തിലെ പല കാര്യങ്ങളും ചെയ്യാന്‍ അയാള്‍ തുനിഞ്ഞില്ല. തോട്ടിനു കുറുകേയുള്ള പാലം കടക്കാന്‍ പലവട്ടം ആലോചിക്കും. പാമ്പിനെ കണ്ടാല്‍ പറമ്പ് തന്നെ വേണ്ടെന്നുവെയ്ക്കും. അതിന് അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പേടി പോലെ മനുഷ്യനെ തനിച്ചാക്കുന്ന മറ്റെന്തുണ്ട്. ഒന്നാലോചിച്ചാല്‍ പേടിയുടെ ഭാഗത്തും ന്യായമുണ്ട്. പേടികള്‍ക്കും വേണ്ടേ ഒരാള്‍.
ഇപ്പൊത്തന്നെ അയാള്‍ ആ തോട്ടുവക്കത്ത് നില്‍ക്കുകയാണ്. അയാള്‍ക്ക് ആ പാലത്തില്‍ കയറി അപ്പുറത്തേക്കങ്ങു പോയാല്‍ പോരേ. ചെയ്യില്ല. വേണോ. അയാള്‍ ആലോചിക്കും. എത്രയോ കാലമായി ഒരേ കിടപ്പ് കിടക്കുന്ന തടിയാ. പൂതലിച്ചിട്ടുണ്ടാവില്ലേ. കയറുന്ന നേരത്താണ് അതിന് ഒടിയാന്‍ തോന്നുന്നതെങ്കിലോ.
പിന്നെ പരിഭവിക്കും. എന്തൊരു കഷ്ടമാണിത്. ഒരു കയര്‍ പോലും ആരും കുറുകേ കെട്ടിയിട്ടില്ല. പാലം കടക്കുമെന്ന് എന്തൊരുറപ്പാണ് മനുഷ്യര്‍ക്ക്.
ഇങ്ങനെയെല്ലാം ഓര്‍ത്തുകൊണ്ട് അയാള്‍ വിഷണ്ണനായി തോട്ടുവക്കത്ത് തന്നെ നില്‍ക്കും. മുന്നില്‍ രണ്ട് കരകളുടെ ഇടയില്‍ പെട്ടുപോയ പളുങ്കുപോലത്തെ വെള്ളം. അതിനു താഴെ പാലം കടക്കുന്നവരെ നോക്കിക്കിടക്കുന്ന മണ്ണ്.
പേടിത്തൊണ്ടന്‍ ഒരു കാലെടുത്ത് പാലത്തില്‍ വെച്ചു. അപ്പോള്‍ മ്യാവൂ എന്നൊരു ശബ്ദം. വീട്ടിലെ പൂച്ച പിന്നില്‍ നില്‍ക്കുന്നു. അതിനും പാലം കടക്കണം. ഗൃഹനാഥന്‍ പോയിട്ടാകാമെന്ന് മാന്യനായ ആ വഴിപോക്കന്‍ കരുതിക്കാണും. അതവിടെ ചുറ്റിപ്പറ്റി നിന്നു. അല്ലെങ്കിലും മൃഗങ്ങള്‍ക്ക് എന്ത് ധൃതി.
പേടിത്തൊണ്ടന്‍ വേഗം വഴിമാറിക്കൊടുത്തു. പൂച്ച അത് പ്രതീക്ഷിച്ചില്ല. അത് മ്യാവൂ മ്യാവൂ എന്ന് ഒന്നുരണ്ടു തവണ കൂടി യജമാനഭക്തി കാട്ടി. പിന്നെ അതിന്റെ പാടുനോക്കി പോയി.
പിന്നില്‍നിന്ന് ആ കാഴ്ച കാണുകയായിരുന്നു പേടിത്തൊണ്ടന്‍. കൂസലില്ലാത്ത ഭാവം. അപ്പുറത്ത് എത്തിയിട്ടുവേണം എന്തോ തേടിപ്പിടിക്കാനെന്ന നിശ്ചയദാര്‍ഢ്യം. പെരുച്ചാഴിയേയാകും.
പൂച്ചയ്ക്കുവേണ്ടി മനുഷ്യന്‍ വഴിമാറിക്കൊടുക്കുന്നത് ആ പാലത്തില്‍ അതാദ്യമായിരുന്നു. കാലുകള്‍ കരുക്കള്‍പോലെ മുന്നോട്ടു നീക്കി പൂച്ച തോട് കടക്കുന്നു. പളുങ്കു ജലത്തിന്റെ താഴെക്കിടന്ന മണ്ണ് ആ പോക്കുകണ്ട് ചിരിക്കുന്നു.
ആ സന്തോഷത്തിന് അധികം ആയുസുണ്ടാവില്ല. പേടിത്തൊണ്ടന്‍ വൈകാതെ മരിക്കും. ക്രൂരന്റെ കാലത്ത് അയാള്‍ ആ തോട് മൂടും. പേടിത്തൊണ്ടന്‍  അച്ഛനെപ്പറ്റിയുള്ള നാണക്കേട് മാറ്റാന്‍. പാലം കടക്കുന്ന പൂച്ചയ്ക്ക് അന്ന് പെരുച്ചാഴിയെ കിട്ടുന്നുണ്ടെങ്കിലും മക്കളെ പെറാതെ അത് ചത്തുപോകും. അങ്ങനെ അവിടെ ഈ നിമിഷത്തിലുള്ള ആരും ബാക്കിയുണ്ടാവില്ല.
നിരത്തിയടിക്ക്. ഒരു പുഴ മൂടാനുള്ളത്ര മണ്ണും കൊണ്ട് നിരനിരയായി വന്ന ലോറികളെ നോക്കി ക്രൂരന്‍ ആക്രോശിച്ചു. ലോറികളില്‍ വന്നതിന്റെ പാതിപോലും മണ്ണ് വേണ്ടായിരുന്നു ആ കൊച്ച് തോട് മൂടാന്‍. അത് ക്രൂരനും അറിയാം. എന്നിട്ടും വലിയ മണ്‍കൂനകള്‍ ആനക്കൂട്ടത്തെപ്പോലെ അവിടെ വന്നു നില്‍പ്പായി. ഒഴിഞ്ഞ വയറുമായി ലോറികള്‍ മടങ്ങിയപ്പോള്‍ ക്രൂരന്റെ ചീഫ് ഓഫ് സ്റ്റാഫ് ചിങ്ങന്‍ ചോദിച്ചു. എന്തിനാ ക്രൂരാ ഇത്രയധികം മണ്ണ്. ക്രൂരന്‍ കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു:
പാലം ഉണ്ടെങ്കിലല്ലേ കുറുകേ കടക്കേണ്ടിവരുള്ളൂ. കുറുകേ കടക്കേണ്ടവര്‍ ഉണ്ടെങ്കിലല്ലേ മുന്‍പ് കടന്നവരും ഉള്ളൂ. മുമ്പ് കടന്നവരുണ്ടെങ്കിലല്ലേ കടക്കാന്‍ മടിച്ചുനിന്ന എന്റെ പേടിത്തൊണ്ടന്‍ അച്ഛനും ഉള്ളൂ. കാര്യങ്ങള്‍ അങ്ങനെ പാലം പോലെ നേരേ കിടക്കണ്ട. അതുകൊണ്ടാ ഞാന്‍ പറഞ്ഞെ. നിരത്തിയടിക്കെന്ന്. മണ്ണഞ്ചേരി പിടിക്കാന്‍ ഞാന്‍ ഇറങ്ങിയ നാള്‍ മുതല്‍ എന്റെ നിഴലായി നിന്ന നീ ഇനി പറയ്. ക്രൂരന് തെറ്റിയോ. ഇത്രയും ലോഡ് മണ്ണ് കൂടുതലായിരുന്നോ.
അല്ല. പാകം. 
എന്നാ വാ പോകാം.
അവര്‍ ബംഗ്ലാവിന്റെ മട്ടുപ്പാവിലേയ്ക്ക് നടന്നു. വേലക്കാര്‍ മണ്ണ് നിരത്താന്‍ തുടങ്ങി. രാത്രിയോടെ അവര്‍ക്കു പിന്നില്‍ ഭൂതകാലമില്ലാത്ത ഒരു പറമ്പിന്‍കുഞ്ഞ് ജനിച്ചു.
ക്രൂരന്‍ മണ്ണിട്ടു മൂടിക്കളഞ്ഞ പേടിത്തൊണ്ടന്‍ വീണ്ടും ജനിച്ച് ഒരു ഓന്തായിത്തീര്‍ന്നു. ഓന്താകാന്‍ തുനിഞ്ഞത് അയാളുടെ ഇഷ്ടപ്രകാരമാണ്. പൂച്ചയ്ക്ക് വഴിമാറിക്കൊടുത്തപ്പോലെ അയാള്‍ ഇത്തവണയും ഒതുങ്ങിനിന്നു. മനുഷ്യനാകാന്‍ ആര്‍ത്തിപൂണ്ട് നടന്ന ഒരു കടുവ അയാളുടെ തൊട്ടുപിന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ആഗ്രഹം മൂത്തുമൂത്ത് അവനില്‍നിന്ന് മനുഷ്യന്റെ മണം തന്നെ പ്രസരിച്ചു തുടങ്ങിയിരുന്നു. കിട്ടിയ തക്കം നോക്കി അവന്‍ മുന്നോട്ടു കയറിനിന്നു.
അവന് എഴുന്നേറ്റുനില്‍ക്കാനും ഉടുപ്പുകള്‍ മാറിമാറിയിടാനും തന്നെമാത്രം നോക്കുന്ന ഒരുത്തിയോടൊപ്പം ജീവിക്കാനും ആഗ്രഹം ഉണ്ടായിരുന്നു. അവളില്‍ മക്കള്‍ ജനിക്കാനും അവരെ കാഴ്ചബംഗ്ലാവില്‍ കൊണ്ടുപോയി നാനാതരം കാട്ടുമൃഗങ്ങളെ കാണിച്ചുകൊടുക്കാനും കടുവയുടെ കൂട്ടിലെത്തുമ്പോള്‍  ദാ മക്കളേ കടുവ എന്നു പറയാനും അവന്‍ മോഹിച്ചു.
അവന്റെ മോഹം പിന്നീട് സാധിക്കുന്നുണ്ട്. സര്‍ക്കാരുമായി ഇടഞ്ഞ ക്രൂരന്റെ ആളുകള്‍ ആ കാഴ്ചബംഗ്ലാവിന് തീവെച്ചു കളയുന്നതിന്റെ തലേന്ന്. ആ കടുവയും അതില്‍ വെന്തുമരിക്കുന്നുണ്ട്. അഴികള്‍ക്കപ്പുറത്തുനിന്ന് അയാള്‍ കടുവയെ മക്കള്‍ക്ക് കാണിച്ചു കൊടുക്കുമ്പോള്‍ ആ കടുവ അയാളെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പുറത്തുകടന്നല്ലേ എന്നു ചോദിക്കുന്നുണ്ട്. കടുവ ഗൃഹസ്ഥനെ തിരിച്ചറിഞ്ഞതില്‍ ഒരു അത്ഭുതവുമില്ല. കടുവ അവനെപ്പോലെതന്നെ അവന്റെ പരിസരവും ശ്രദ്ധിക്കുന്ന മൃഗമാണ്. മനുഷ്യനാകാന്‍ നടന്ന കടുവയെപ്പോലെ ഓന്താകാന്‍ ഒതുങ്ങിനിന്ന പേടിത്തൊണ്ടനും ഒരു ഉദ്ദേശ്യം ഉണ്ടായിരുന്നു. പേടിച്ചരണ്ട ഭാവമാണെങ്കിലും ഓന്തിന് പുറമേ മാത്രം കാട്ടാനുള്ളതാണ് പേടി. അതാണ് പേടിത്തൊണ്ടനെ ഏറ്റവുമധികം സന്തോഷിപ്പിച്ചത്. പേടി ഉള്ളില്‍ കൊണ്ടുനടന്ന് വലഞ്ഞ അയാള്‍ക്ക് ഓന്തായതിന്റെ ആശ്വാസം പറഞ്ഞറിയിക്കാവുന്നതായിരുന്നില്ല.
പച്ചനിറത്തിനിടയില്‍ ചെന്നിരുന്നാല്‍ പച്ചയാകും. കഴുത്തിനു മുകളിലേക്ക് നോക്കിയാല്‍ തവളതന്നെ. അടിമുടി നോക്കിയാല്‍ അണ്ണാന്റെ അനുജന്‍. ദൂരെനിന്നു നോക്കിയാലോ പല്ലിയുടെ കളറ് പടം. ഓന്താള് കൊള്ളാം. ഈ ഓന്തിന്റെ ഉള്ളിലിരുന്നു വേണം അയാള്‍ക്ക് ആ തോട്ടുവക്കത്തേക്ക് ഒരിക്കല്‍ക്കൂടി പോകാന്‍. പേടികൂടാതെ പാലം കടക്കാന്‍. ക്രൂരന്റെ അച്ഛന്‍ പതുക്കെ ഇഴയാന്‍ തുടങ്ങി. മരത്തില്‍ മുറുക്കെപ്പിടിച്ചിരിക്കുന്ന ഇലകള്‍ അയാള്‍ക്ക് വഴി പറഞ്ഞു കൊടുത്തു.
ബംഗ്ലാവിനു ചുറ്റും പൂന്തോട്ടമാണ്. അച്ചടക്കത്തോടെ വളരുന്ന ചെടികള്‍. ചിട്ടയായ പരിപാലനം. ഒരു കള കണ്ടാല്‍ മതി, തോട്ടക്കാരന്റെ പണി പോകാന്‍. ഓന്ത് ബംഗ്ലാവിന്റെ പരിസരത്ത് എത്തി. ക്രൂരന്‍ ശിങ്കിടികളുമായുള്ള ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങുകയായിരുന്നു.
മണ്ണഞ്ചേരിയും തണ്ണീര്‍മുക്കവും മുഹമ്മയും കോമളപുരവും ചുങ്കവും ചേര്‍ത്തലയുമെല്ലാം ക്രൂരന്റെ അധീനതയിലുള്ള പ്രദേശങ്ങളാണ്. അവിടെ അയാള്‍ പറയുന്നതാണ് നിയമം. തൊണ്ടുതല്ലിയും ചകിരി പിരിച്ചും കയറ് പിന്നിയും ജീവിതം ഉന്തിത്തള്ളുന്ന തൊഴിലാളികളാണ് അവിടെയുള്ളത്. തുച്ഛമായ കൂലി. നടുവൊടിക്കുന്ന പണി. അതാണ് ക്രൂരന്‍സ് കൊയര്‍ കമ്പനി. കണ്ണില്‍ ചോരയില്ലാത്തവനാണ് ക്രൂരനെന്ന് അവരെല്ലാം പറയും. നേര്‍ക്കുനേര്‍ കണ്ടാലോ, ഒരുത്തനും മിണ്ടില്ല. വാലും ചുരുട്ടി മാറിനില്‍ക്കും. ക്രൂരന്‍ വന്ന് കസേരയില്‍ ഇരുന്നുകഴിഞ്ഞാല്‍ പിന്നെ മത്സരമാണ്. കരിക്കിട്ടു കൊടുക്കാന്‍. കയറ് പണി നിര്‍ത്തി ആണുങ്ങള്‍ പറമ്പിലേക്കോടും. അവരില്‍ ആരോടെങ്കിലും പ്രീതി തോന്നിയാല്‍ ക്രൂരന്‍ ചോദിക്കും:
എന്താ നിന്റെ പേര്.
സ്യമന്തകന്‍.
ഏതാ പുരയിടം.
പണ്ടാരപ്പാട്ടം.
ചിങ്ങാ ഇവനെ നോക്കിവെച്ചോ. മുപ്പതുവെളിയിലെ വേലപ്പന്റെ കാലം കഴിഞ്ഞാല്‍ ഇവന്‍ നോക്കട്ടെ അവിടുത്തെ കണക്കും കാര്യവും. ചിങ്ങന്‍ തലയാട്ടും. അതോടെ സ്യമന്തകന്റെ ഭാഗ്യം തെളിഞ്ഞു. പണിക്കാര്‍ക്കിടയില്‍ അവന് പിന്നെ പ്രത്യേക സ്ഥാനമാണ്.
വായ കുഴഞ്ഞപോലെ കിടക്കുന്ന പാക്കള്ളിയിലെ പൂഴിമണ്ണില്‍ ഇരുന്നാണ് ഈ സംഭാഷണമെല്ലാം. ക്രൂരന് ഇരിക്കാനുള്ള വലിയ കസേരയും കൊണ്ട് ഒന്നാം വേലക്കാരന്‍ നാരപ്പന്‍ ആദ്യം ഓടിവരും. എന്നിട്ട് രണ്ടുവശത്തായിരുന്ന് കയറ് പിന്നുന്ന പെണ്ണുങ്ങളോട് പറയും. ഒന്ന് വേഗം പിന്നെടീ പെണ്ണുങ്ങളേ. അങ്ങുന്ന് വരുന്നുണ്ട്.
പിന്നെയും വരും നാലഞ്ചു പേരടങ്ങുന്ന പിണിയാള്‍ സംഘം. അതും കഴിഞ്ഞേയുള്ളൂ ക്രൂരന്റെ വരവ്. അവന്മാര്‍ അവിടമെല്ലാം അരിച്ചുപെറുക്കും. കയറ് ചായം മുക്കി ഉണക്കാനിടുന്നവരെയാണ് അവന്മാര്‍ക്ക് സംശയം. വല്ലവന്റെയും ഇടുപ്പില്‍ വല്ല കത്തിയോ പാരയോ ഉണ്ടാകുമോ. കൂലി കൂടുതല്‍ ചോദിക്കുന്ന കാലമാണ്. നയാപ്പൈസ കൂട്ടില്ലെന്ന് ക്രൂരനും പറഞ്ഞിട്ടുണ്ട്. അതിന്റെ പക തീര്‍ക്കാന്‍ ആരും ഇറങ്ങിപ്പുറപ്പെടില്ലെന്ന് പിണിയാള്‍ സംഘമാണ് ഉറപ്പു വരുത്തേണ്ടത്.
എന്താടാ തിമ്മാ നിന്റെ മുഖത്തൊരു കനം. പിണിയാളന്മാര്‍ പരിശോധനയ്ക്കിടെ ചോദിക്കും. ഒന്നുമില്ല പിണിയാളേ. ങാ. അങ്ങനെ നോക്കിയും കണ്ടുമൊക്കെ നിന്നോ. ആലപ്പുഴയില്‍നിന്ന് ചിലരൊക്കെ നിങ്ങളെ കാണാന്‍ വരുന്നുണ്ടെന്ന് അങ്ങുന്നിന് അറിയാം. വെറുതേ വേണ്ടാതീനമൊന്നും കാട്ടണ്ട.
ആ മുന്നറിയിപ്പ് തിമ്മനു മാത്രമുള്ളതല്ല. ടൗണിലെ കയര്‍ കമ്പനിയില്‍നിന്ന് ചിലരെല്ലാം അവിടെ വരുന്ന വിവരം ചിങ്ങന്‍ ക്രൂരനെ അറിയിച്ചിട്ടുണ്ട്. കൂലി കൂടുതല്‍ ചോദിപ്പിക്കുന്നതിനു പിന്നില്‍ അവരാണ്. ക്രൂരന്‍ അതു കേട്ടപ്പോള്‍ അമര്‍ത്തിയൊന്നു മൂളി. എന്നിട്ടു പറഞ്ഞു:
ചിങ്ങാ അവന്മാരെയങ്ങു പറഞ്ഞുവിട്ടേക്ക്.
അതു വേണോ. തടുക്ക് പണിയാന്‍ മിടുക്കന്മാരാ.
ആ തടുക്ക് നമുക്ക് വേണ്ട.
അതോടെ ആ സംഭാഷണം അവസാനിച്ചു.
എന്നാല്‍ ക്രൂരന്റെ പിരിച്ചുവിടല്‍ നടപടിയില്‍ പ്രതിഷേധമിരമ്പി. പലയിടത്തും പ്രകടനങ്ങള്‍ നടന്നു. തിമ്മനുള്‍പ്പെടെയുള്ളവര്‍ അതില്‍ പങ്കെടുത്തു. മുഹമ്മയിലും ചേര്‍ത്തലയിലും തൊഴിലാളികള്‍ സംഘം ചേര്‍ന്ന് ക്രൂരനെതിരെ മുദ്രാവാക്യം മുഴക്കി. ക്രൂരന്റെ പട അവരെ ഓടിച്ചിട്ടു തല്ലി. എന്നിട്ടും തൊഴിലാളികള്‍ പിരിഞ്ഞുപോയില്ല. അതിന്റെ ആവേശത്തില്‍ ബോട്ട് ക്രൂ ഹാളില്‍ ഒരു സമ്മേളനം വിളിച്ചുകൂട്ടാന്‍ പണി പോയവര്‍ തീരുമാനിച്ചു. എല്ലാവരും വന്നുചേരണമെന്ന് നോട്ടീസടിച്ച് അഭ്യര്‍ത്ഥിച്ചു.
ആരൊക്കെ പോകും. ക്രൂരന്‍ ചിങ്ങനോട് ചോദിച്ചു. മണ്ണഞ്ചേരി ഒഴികെ എല്ലായിടത്തുനിന്നും ഒഴുക്കുണ്ടാകും. തലകുനിച്ച് ചിങ്ങന്‍ പറഞ്ഞു. ചീഫ് ഓഫ് സ്റ്റാഫാണ്. കലാപം മണത്തറിഞ്ഞ് മുളയിലേ നുള്ളേണ്ടവന്‍. കഴിഞ്ഞില്ല. ക്രൂരന്‍ ഒന്നു നീട്ടി മൂളുക മാത്രം ചെയ്തു.
ആ സമ്മേളനം നടന്നില്ല. മുന്‍സിപ്പല്‍ ചെയര്‍മാനെ ബംഗ്ലാവില്‍ വിളിച്ചു സല്‍ക്കരിച്ച് ക്രൂരന്‍ അതു പൊളിച്ചു. ബോട്ട് ക്രൂ ഹാള്‍ അറ്റകുറ്റപ്പണിക്കായി അടച്ചെന്ന് മുന്‍സിപ്പാലിറ്റി പിറ്റേന്ന് അവിടെ നോട്ടീസ് പതിപ്പിച്ചു.
എന്നിട്ടും ക്രൂരന്‍ അകമേ രോഷാകുലനായിരുന്നു. ഇന്നലെവരെ മുണ്ടുമുറുക്കി നടന്നവന്മാര്‍ ഇന്നയാളെ വെല്ലുവിളിക്കുന്നു. കൂലി കൂട്ടിയില്ലെങ്കില്‍ കാണിച്ചുതരാമെന്നു പറയുന്നു. എന്തോന്നു കാണിക്കാന്‍. ക്രൂരന്‍ പല്ലിറുമ്മി. 
അല്പം കഴിഞ്ഞ് ചിങ്ങന് മാത്രം മുട്ടാതെ കയറിച്ചെല്ലാവുന്ന സ്വകാര്യ അറയിലേക്ക് ക്രൂരന്‍ ശിങ്കിടികളെ വിളിപ്പിച്ചു. പ്രകടനത്തില്‍ പങ്കെടുത്തവന്മാരുടെ കണക്ക് നാളെത്തന്നെ കിട്ടണമെന്ന് ഉത്തരവിട്ടു. ഒരു നിമിഷം പാഴാക്കാനില്ലാത്തതുകൊണ്ട് അവര്‍ തിടുക്കപ്പെട്ടിറങ്ങി. ക്രൂരന്‍ അവരെ പടിവരെ ചെന്നു യാത്രയാക്കി. അങ്ങനെയൊരു പതിവ് ഇല്ലാത്തതാണ്.
വണ്ടിയില്‍ കയറി ഇരുന്നിട്ട് എങ്ങോട്ടു പോകണമെന്ന് ചിന്തപൂണ്ട ശിങ്കിടികളുടെ നേര്‍ക്ക് മുറ്റത്തുനിന്ന് ക്രൂരന്‍ അലറി.
വേഗം.
അടുത്ത നിമിഷം ശിങ്കിടികളുടെ പൊടിപോലും അവിടെ കണ്ടില്ല. ബംഗ്ലാവിലെ പൂന്തോട്ടത്തിലുണ്ടായിരുന്ന ഓന്തും അതുകേട്ട് നടുങ്ങി. പടര്‍പ്പിലൂടെ അത് ഒളിഞ്ഞുനോക്കി. പൂമുഖത്തിന്റെ ഉത്തരത്തില്‍ ഞാത്തിയിട്ടിരിക്കുന്ന ഫ്രെഞ്ച് വിളക്കിന്റെ മായിക പ്രഭയില്‍ കുളിച്ചു നില്‍ക്കുന്നു ക്രൂരന്‍. കനകോജ്ജ്വല ഭാവം. ഓന്തിന്റെ കണ്ണഞ്ചിപ്പോയി.


ശിങ്കിടികള്‍ നല്‍കിയ റിപ്പോര്‍ട്ട് ചീഫ് ഓഫ് സ്റ്റാഫ് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. കണക്ക് കൃത്യമാണ്. പേരും പുരയിടവുമൊന്നും തെറ്റിയിട്ടില്ല. ക്രൂരന്‍ അതിലൂടെ കണ്ണോടിച്ചു. അയാള്‍ സംശയിച്ച പലരും അതിലുണ്ടായിരുന്നു. ഒരിക്കലും സംശയിക്കാത്തവരും. രണ്ടില്‍ നിന്നും ഓരോരുത്തരെ വീതം അയാള്‍ തിരഞ്ഞെടുത്തു. ചുവന്ന മഷികൊണ്ട് ആ പേരുകള്‍ വെട്ടി.
ഒരാള്‍ തൊണ്ട് ചീയാനിടുന്ന പൊട്ടക്കുളത്തില്‍ ചത്തുപൊങ്ങി. മറ്റേയാള്‍ വെട്ടുകൊണ്ട് കഴുത്ത് വേര്‍പെട്ട നിലയിലും.
ആ ഇരട്ടക്കൊലപാതകം ക്രൂരന്റെ അടിത്തറ തോണ്ടി. ക്രൂരന്‍സ് കൊയര്‍ കമ്പനിയിലും ചാപ്രയിലും പണിമുടക്കമായി. വൈകിട്ട് കണക്ക് കാണിക്കാന്‍ വന്നവര്‍ രജിസ്റ്ററുമായി ക്രൂരന്റെ മുന്നില്‍ കുഴങ്ങിനിന്നു. ഭയം കാരണം അവര്‍ ഒന്നും തെളിച്ചു പറഞ്ഞില്ല. പിറ്റേന്നും രജിസ്റ്റര്‍ ഒഴിഞ്ഞു കിടന്നു. പണിക്കെത്താത്തതുകൊണ്ട് അതില്‍ ആരുടെയും ഒപ്പില്ല. ഇരമ്പിവരുന്ന ഒരു രോഷത്തിന്റെ പൊട്ടിപ്പുറപ്പെടലായിരുന്നു അത്. മുഹമ്മയില്‍നിന്നോ തണ്ണീര്‍മുക്കത്തുനിന്നോ ആകും അതിന്റെ തുടക്കമെന്ന് ചിങ്ങന്‍ വൈകി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്ണഞ്ചേരി മാത്രം ദുര്‍ഗ്ഗം പോലെ ഒപ്പം നില്‍ക്കുമെന്നും.
പിറ്റേന്ന് കമ്പനി ഗേറ്റിനു മുന്നില്‍ ഒരു മഞ്ഞ പ്ലിമത്ത് കാറില്‍ ക്രൂരന്‍ വന്നിറങ്ങി. ക്രൂരന്‍ തന്നെയാണ് അത് ഓടിച്ചത്. പിന്‍സീറ്റില്‍ ഡോബര്‍മാന്‍. ചിങ്ങനും പരിവാരങ്ങളും സുരക്ഷയൊരുക്കി കാത്തുനിന്നു.
ക്രൂരന്റെ ഇത്തരം പതനങ്ങള്‍ ചിങ്ങന് പുത്തരിയല്ല. ഇതിലും വലുത് അയാള്‍ കണ്ടിട്ടുണ്ട്. കോമളപുരം പിടിക്കാന്‍ പോയപ്പോഴായിരുന്നു അത്. ഫോര്‍ട്ടുകൊച്ചിയില്‍നിന്ന് ഇറക്കിയ കൂട്ടരുമായാണ് അന്ന് ക്രൂരന്റെ പട പോരടിച്ചത്. ചോര കണ്ട് അറപ്പുതീര്‍ന്നവന്മാരുമായി പട പിന്നാക്കം പോയപ്പോള്‍ എവിടെനിന്നെന്ന് അറിയില്ല ഒരു മഞ്ഞ പ്ലിമത്ത് അങ്ങോട്ട് പാഞ്ഞുവന്നു. കള്ളിച്ചെടികള്‍ മാത്രമുള്ള വെളിമ്പ്രദേശത്തേയ്ക്ക്. അവിടെങ്ങനെ കാറോടിയെത്തും. എല്ലാവരും അതിശയിച്ചു. 
ഡോര്‍ തുറന്ന് ക്രൂരന്‍ പുറത്തിറങ്ങി. ആര്‍ക്കാടാ എന്നെ വേണ്ടത്. ഫോര്‍ട്ടുകൊച്ചി സംഘത്തിലുണ്ടായിരുന്ന ഏതാനും മട്ടാഞ്ചേരിക്കാര്‍ ക്രൂരനെ തിരിച്ചറിഞ്ഞു. അവന്മാര്‍ കയ്യിലുള്ള ടൂള്‍സുമായി ക്രൂരനെ വളഞ്ഞു. പിന്നെ പൊരിഞ്ഞ പോരാട്ടമായിരുന്നു.
പൂഴിമൈതാനത്തിനപ്പുറത്ത് നില്‍ക്കുന്നവരെ നേരിടുകയായിരുന്ന ചിങ്ങന്‍ വന്നപ്പോഴേയ്ക്കും ക്രൂരന്‍ മട്ടാഞ്ചേരിക്കാരുടെ കഥ കഴിച്ചിരുന്നു. ക്രൂരന്റെ കഴുത്തില്‍ നല്ല ആഴത്തില്‍ ഒരു വടിവാള്‍ കുത്തിയിറക്കിയിട്ടാണ് അതിന്റെ തലവന്‍ ചത്തു മലച്ചത്. വെട്ടിന്റെ ആഘാതത്തില്‍ ഞരമ്പുകള്‍ തളര്‍ന്ന് ക്രൂരന്‍ കുഴഞ്ഞുവീണു. ചിങ്ങന്‍ ഓടിവന്ന് ക്രൂരനെ താങ്ങിയെടുത്തു.
ചത്തെങ്കിലും അവന്മാരുടെ ഏറ്റുമുട്ടലും മോശമായിരുന്നില്ല ചിങ്ങാ. കണ്ടോ ഊരാന്‍ പറ്റാത്തപോലാ വടിവാളുകൊണ്ടുള്ള പണി. ചിങ്ങന്റെ മടിയില്‍ കിടന്ന് ബോധം പോകുന്നതിനു തൊട്ടുമുന്‍പ് ക്രൂരന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ചിങ്ങനും ദേഹമാസകലം മുറിവേറ്റിരുന്നു. പക്ഷേ, ആ ഓരോ മുറിവും ക്രൂരനു വേണ്ടിയാണ് വേദനിച്ചിരുന്നത്. വടിവാളിന്റെ വെട്ടാണ് അയാള്‍ക്കായി വേദനിച്ചത്. അതുകൊണ്ടത് അയാള്‍ക്കല്ലെങ്കിലും.
കമ്പനിയും പരിസരവും ചുറ്റിനടന്ന ശേഷം ഒഴിഞ്ഞ രജിസ്റ്ററുകളിലേക്ക് ഒന്നു നോക്കുകപോലും ചെയ്യാതെ ക്രൂരന്‍ പുറത്തേക്കു വന്നു. ചിങ്ങന്‍ ഓടിച്ചെന്നു.
ചിങ്ങാ. മേല്‍ക്കൂരയിലെ ഒന്നുരണ്ട് ഓട് മാറ്റണം. പഴകിയിരിക്കുന്നു. പിന്നെ പിയേഴ്‌സ് ലസ്ലിയില്‍ ഉപയോഗിക്കുന്ന ആ ജര്‍മ്മന്‍ യന്ത്രമില്ലേ അത് നമ്മക്കും വേണം. അതിനൊരു ഓര്‍ഡര്‍ കൊടുക്കണം.
പണിക്കാര്‍ ഇനി തിരിഞ്ഞു നോക്കുമോ എന്ന് എല്ലാവരും ആശങ്കപ്പെടുമ്പോഴായിരുന്നു ക്രൂരന്റെ ഈ പറച്ചില്‍. പിന്നെ കമ്പനി വളപ്പില്‍ മണത്തു നടന്ന ഡോബര്‍മാനെ ചൂളം കുത്തി വിളിച്ചിട്ട് പ്ലിമത്തില്‍ കേറി ഒറ്റപ്പറക്കല്‍. ചിങ്ങന് രോമാഞ്ചം വന്നു. 
ക്രൂരന്‍ കയര്‍ കമ്പനിക്കാരുടെ രഹസ്യയോഗം വിളിച്ചു. ബോള്‍ഗാട്ടിയില്‍ അവര്‍ ഒത്തുകൂടി. ഡാറാസ് മെയിലിന്റെയും വില്യം ഗുഡേക്കറുടെയും പിയേഴ്‌സ് ലസ്ലിയുടെയും കോംകാര്‍ഡിന്റെയും നടത്തിപ്പുകാര്‍ യോഗത്തിനെത്തി. ക്രൂരന് ഒരു ഉറപ്പ് മതിയായിരുന്നു. തന്റെ പണിക്കാരെ എടുക്കരുത്. പട്ടിണി കിടന്ന് ചാകാറാകുമ്പൊ എല്ലാവനും പാട്ടിനു വന്നോളും. കമ്പനി മേധാവിമാര്‍ തലകുലുക്കി ക്രൂരനോട് യോജിച്ചു.
മടക്കയാത്രയില്‍ വണ്ടി പൂങ്കാവിലെത്തിയപ്പോള്‍ ഒരു ചെറുസംഘം പ്ലിമത്ത് വളഞ്ഞു. ചിങ്ങന്‍
അവരെ വെട്ടിച്ച് മുന്നോട്ട് കുതിച്ചപ്പോള്‍ ക്രൂരന്‍ ആക്രോശിച്ചു. ഇടിച്ചിടെടാ ആ നാറികളെ. ഒരുത്തനെയേ ഒത്തുകിട്ടിയുള്ളൂ. ചിങ്ങന്‍ അവന്റെ അരക്കെട്ടിലേക്ക് വണ്ടിയിടിച്ചു കയറ്റി. അവനെ ഒന്നിനും കൊള്ളാത്തവനാക്കി.
ഇരട്ടക്കൊലപാതകത്തിനു പിന്നാലെ നടന്ന പൂങ്കാവ് സംഭവത്തോടെ ക്രൂരനെ എല്ലാവരും കൈവിട്ടു. ഇനി സഹായിച്ചാല്‍ ജനം ഇളകുമെന്ന് ജില്ലാധികാരികള്‍ക്ക് മനസ്സിലായി. സഹായിക്കുന്നവനെ കൊന്നുകളയുമെന്ന മുന്നറിയിപ്പുമായി അവരില്‍ പലര്‍ക്കും ഊമക്കത്ത് കിട്ടി. അതോടെ ബംഗ്ലാവിലേക്ക് ആരും വരാതായി. ക്രൂരന്റെ കഥ കഴിക്കാന്‍ എപ്പോള്‍ വേണമെങ്കിലും അക്രമികള്‍ ഇരച്ചുവന്നേക്കാമെന്നു കേട്ടറിഞ്ഞ വേലക്കാര്‍ പേടിച്ചോടി. ശിങ്കിടികള്‍ക്കും പിണിയാളന്മാര്‍ക്കും പുറത്തിറങ്ങിയാല്‍ തല്ല് കിട്ടുന്ന സ്ഥിതിയായി. അതോടെ അവറ്റകളും മറുകണ്ടം ചാടി. ചിങ്ങനെപ്പറ്റി മാത്രം ഒരു വിവരവും ഉണ്ടായില്ല. ബംഗ്ലാവിന്റെ മുറ്റത്ത് ഡോബര്‍മാനും പ്ലിമത്തും മാത്രമായി.
രാത്രിയായാല്‍ ബംഗ്ലാവിന്റെ പുറത്തെ വിശാലമായ തുറസുകളില്‍ വലിയ സ്‌ഫോടനശബ്ദം കേള്‍ക്കും. രാത്രികള്‍ ചെല്ലുന്തോറും പൊട്ടിത്തെറിയുടെ ശബ്ദം അടുത്തടുത്തു വന്നു. ക്രൂരന്‍ ഏതു വിധത്തിലാകും തിരിച്ചടിക്കുക എന്ന രൂപമില്ലാത്തതുകൊണ്ടായിരുന്നു ഇത്തരം സാമ്പിള്‍ പ്രയോഗങ്ങള്‍. ഒരു ദിവസം ഉഗ്രശേഷിയുള്ള ഒരു ഗ്രനേഡ് വീണ് പ്ലിമത്ത് ചാരമായി. അതോടെ ഡോബര്‍മാന്റെ സ്ഥാനം ക്രൂരന്റെ കാല്‍ക്കീഴിലായി.
എന്നിട്ടും ക്രൂരന്‍ അനങ്ങാഞ്ഞപ്പോള്‍ അക്രമികള്‍ ഇതെന്ത് തന്ത്രമെന്ന് അതിശയിച്ചു. എന്നാല്‍പ്പിന്നെ പുകച്ച് പുറത്തുചാടിക്കാമെന്നായി ചിലര്‍. ബംഗ്ലാവിലേക്കുള്ള ഇലക്ട്രിക് ലൈനുകളെല്ലാം അവര്‍ താറുമാറാക്കി. ടാങ്കില്‍ വിഷം കലക്കി.
ഏഴ് ദിവസമായി അയാളും ആ പട്ടിയും എന്തെങ്കിലും കഴിച്ചിട്ട്. തുള്ളി വെള്ളം കുടിച്ചിട്ട്. പട്ടിയുടെ കാര്യമായിരുന്നു കഷ്ടം. അത് എല്ലും തോലുമായി. ഏഴാം നാള്‍ ശൗര്യത്തോടെ അവസാനമായി ഒന്നു കുരച്ചിട്ട് അത് മരണത്തിന് പിടിച്ചുകൊണ്ടു പോകാന്‍ പാകത്തില്‍ നിലം പറ്റിക്കിടന്നു.
ക്രൂരന്‍ അതിനെ ഒന്നു നോക്കുകപോലും ചെയ്തില്ല. അയാള്‍ മട്ടുപ്പാവിലിരുന്ന് വാനനിരീക്ഷിണിയുടെ കാചം ചെറുതും വലുതുമാക്കി നക്ഷത്രങ്ങളെ നോക്കുന്നെന്ന വ്യാജേന ബംഗ്ലാവിലേക്ക് ആരെങ്കിലും വരുന്നുണ്ടോ എന്ന് നിരീക്ഷിച്ചുകൊണ്ടിരുന്നു.
ഒരു രാത്രി കഴുത്തിനു പിന്നില്‍ ആരുടെയോ ശ്വാസം തട്ടിയപ്പോള്‍ ക്രൂരന്‍ തലവെട്ടിത്തിരിച്ചു. നേര്‍ത്ത നിലാവിനെ മറച്ചു നിന്നിരുന്ന രൂപത്തെ അയാള്‍ തിരിച്ചറിഞ്ഞു.
ചിങ്ങന്‍!
നീ വരുമെന്ന് എനിക്കറിയാമായിരുന്നു ചിങ്ങാ.
ഇപ്പൊ ഇറങ്ങണം.
എങ്ങോട്ട്.
മണ്ണഞ്ചേരിക്ക്. ബാക്കിയെല്ലാം വീണു.
അത് കേട്ടപാടേ ക്ഷീണം മാറ്റിവച്ച് ക്രൂരന്‍ എഴുന്നേറ്റു. ചിങ്ങന്‍ നാലുപാടും വെടിവെച്ച് ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബംഗ്ലാവ് പിടിക്കാന്‍ നില്‍ക്കുന്നവര്‍ക്ക് ആശയക്കുഴപ്പമായി. ആ തക്കം നോക്കി ചിങ്ങനും ക്രൂരനും സ്വകാര്യ അറയുടെ താഴത്തെ കിടങ്ങിലൂടെ ജീവനും കൊണ്ടോടി.
മണ്ണഞ്ചേരിയില്‍ ഒരു ലൈറ്റ് ഹൗസിന്റെ ആവശ്യമില്ല. യാനങ്ങള്‍ക്ക് വഴികാട്ടാന്‍ മണ്ണഞ്ചേരിക്ക് സ്വന്തമായി കടലുണ്ടായിരുന്നില്ല. അതിനാണ് ആലപ്പുഴയിലെ ലൈറ്റ് ഹൗസ്. എന്നിട്ടും മണ്ണഞ്ചേരി പിടിച്ച പടയോട് ക്ഷീണം മാറാന്‍ പോലും നില്‍ക്കാതെ ലൈറ്റ് ഹൗസിന്റെ പണി തുടങ്ങാന്‍ ക്രൂരന്‍ നിര്‍ദ്ദേശിച്ചു. യുദ്ധം കഴിഞ്ഞിട്ടും വീടുപിടിക്കാന്‍ പറ്റാഞ്ഞവര്‍ ആ നിരാശയില്‍ പണിഞ്ഞതുകൊണ്ടാകാം ലൈറ്റ് ഹൗസിന് ഒരു വളവുണ്ടായിരുന്നു. അതവിടെ ചതുപ്പ് മൂടിക്കിടന്നു.
പണ്ടൊരു മഴക്കാലത്ത് ആ ചതുപ്പിലേക്ക് ഒരു പശു നടന്നു ചെന്നു. പാടത്തുനിന്ന് കെട്ടഴിഞ്ഞു
പോന്നതാണ് ആ പശു. അതിന് ആ വിജനത നന്നേ പിടിച്ചു. വെള്ളത്തില്‍ തൊടാന്‍ അതിന്റെ കുളമ്പുകള്‍ക്ക് മോഹം തോന്നി. പാടത്തിന്റെ ദീര്‍ഘചതുരത്തില്‍ എവിടെയെങ്കിലും കെട്ടിയിടപ്പെടുന്ന ഒരു ജന്തുവായി ഇങ്ങനെ എത്രകാലം. പരപ്പ് മാത്രം കണ്ട്, ആഴം അറിയാതുള്ള ജീവിതം തന്നെ വ്യര്‍ത്ഥമാണെന്ന് പശു മോഹഭംഗപ്പെട്ടു. പൂര്‍വ്വികരുടെ കഴുത്തില്‍നിന്ന് അഴിച്ച് പശുപരമ്പരകളെ കെട്ടിക്കൊണ്ടേയിരിക്കുന്ന കയറിനോട് അതിന് വല്ലാത്ത വെറുപ്പ് തോന്നി.
അത് വെള്ളം വലയം ചെയ്തുകൊണ്ടിരുന്ന ചതുപ്പിലേയ്ക്കിറങ്ങി. മഴ കനത്തു. ഇരുട്ടും കനത്തു. കുളമ്പുകള്‍ പശുവിനെ പിന്നെയും പിന്നെയും മുന്നോട്ടു കൊണ്ടുപൊയ്‌ക്കൊണ്ടിരുന്നു. കൂടുതല്‍ ആഴങ്ങള്‍ കാട്ടിക്കൊടുക്കാന്‍. ജലസസ്യങ്ങളുടേയും ഇഴജീവിതങ്ങളുടേയും പുഴുക്കളെപ്പോലെ എണ്ണമറ്റ ഏഴജാതികളുടേയും പാരാവാരത്തില്‍നിന്ന ആ നാല്‍ക്കാലിക്ക് കുളമ്പുകള്‍ ഇനി എന്തിനാണെന്നു തോന്നാന്‍ തുടങ്ങി. വെള്ളം താഴേയ്ക്ക് പിടിച്ചുകൊണ്ടു പോവുകയാണല്ലോ. വെള്ളത്തിന്റെ കരുത്തുറ്റ സ്‌നേഹം ഒരിക്കല്‍ അനുഭവിച്ചവര്‍ക്ക് അതറിയാം.
പിറ്റേന്ന് പശുവിനെ തിരഞ്ഞു നടന്നവര്‍ ചതുപ്പിലുമെത്തി. കരയില്‍ അതിനെ കെട്ടിയിട്ടിരുന്നതിന്റെ ഓര്‍മ്മകളുള്ള കയര്‍ മാത്രം അവിടെ കിടക്കുന്നു. ചതുപ്പിലിറങ്ങി അതെടുക്കാന്‍ ആരും തുനിഞ്ഞില്ല.
വര്‍ഷങ്ങള്‍ക്കു ശേഷം അതിലേയ്ക്കിറങ്ങാന്‍ മുതിര്‍ന്നത് ക്രൂരനാണ്. കിടങ്ങ് യാത്രയുടെ ഒടുക്കം ചതുപ്പിന്റെ തുടക്കത്തില്‍ എത്തിനില്‍ക്കുകയായിരുന്നു ചിങ്ങനും ക്രൂരനും. പാഴായ ആ അധ്വാനത്തിന്റെ വെറും വലിപ്പത്തെ ചൂണ്ടിക്കാട്ടി ചിങ്ങന്‍ പറഞ്ഞു:
ക്രൂരാ ഇതേയുള്ളൂ ഞാന്‍ നോക്കിയിട്ട് ഒരിടം. ചുറ്റും ചതുപ്പാണ്. വേഷം മാറിക്കിടക്കുന്ന വെമ്പാല വരെയുണ്ട്. ആരും വരില്ല. പൊയ്‌ക്കോ.
അപ്പോള്‍ നീ.
ഞാന്‍ മുഹമ്മയ്ക്ക് പോകും. അവിടെവെച്ച് പിടികൊടുക്കും. ക്രൂരന്‍ കടല്‍ കടന്നെന്നു പറയും.
അവര്‍ നിന്നെ വെച്ചേക്കില്ല ചിങ്ങാ.
അതിനു മറുപടിയെന്നോണം ചിങ്ങന്‍ ക്രൂരനെ ആലിംഗനം ചെയ്തുകൊണ്ടു പറഞ്ഞു:
തിരിച്ചു വരണ്ടേ. ഞാനില്ലെങ്കിലും.
ക്രൂരന്റെ കണ്ണുകള്‍ അപ്പോള്‍ നിറയുന്നില്ലെങ്കിലും പിന്നീടയാള്‍ കരയുന്നുണ്ട്. അച്ഛന്റെ മുഖമുള്ള ഒരു ഓന്തിനെ തിന്നുകൊണ്ടിരിക്കെ. സൂര്യന് കാര്യമായി പരിക്കുപറ്റിയ വൈകുന്നേരമായിരുന്നു അത്. വാനനിരീക്ഷിണിയുടെ കാചം വലുതാക്കി  ക്രൂരന്‍ ചികിത്സ കിട്ടാതെയുള്ള ആ മരണം കണ്ടുകൊണ്ടിരിക്കുകയാണ്. ആകാശം മുഴുവന്‍ ചോരവാര്‍ന്നു കിടക്കുന്നു. മരിച്ചെന്ന് ഉറപ്പായപ്പോള്‍ ക്രൂരന്‍ നിരീക്ഷിണി അടച്ച് ലൈറ്റ് ഹൗസിന്റെ കിളിവാതില്‍പ്പടിയില്‍ വെച്ചു.
വന്ന ദിവസം മുതല്‍ ലൈറ്റ് ഹൗസിന്റെ ഏറ്റവും മുകളിലത്തെ അറയിലാണ് ക്രൂരന്റെ ഇരിപ്പ്. ചിലപ്പോള്‍ ഒരു ഒച്ചിനെ കിട്ടും. കല്‍ക്കെട്ടിനോട് ചേര്‍ന്ന് രഥത്തിന്റെ ഊരിപ്പോയ ചക്രം പോലെ
കിടക്കുന്ന അതിനെ തിന്നാല്‍ ഒരു ദിവസം കഴിച്ചുകൂട്ടാം. അല്ലാത്തപ്പോള്‍ ആശ്രയം പുഴുക്കളെത്തന്നെ.
ഒരു ദിവസം വൈകുന്നേരമായിട്ടും ഒന്നും കിട്ടിയില്ല. വാനനിരീക്ഷിണികൊണ്ട് അറയാകെ തിരഞ്ഞപ്പോള്‍ ഇണചേരുന്ന രണ്ട് മണ്ണിരകളെ കണ്ടു. ആര്‍ത്തിയോടെ ഒന്നിനെ വിഴുങ്ങി. അടുത്തതിനെ ചവച്ചുകൊണ്ടിരിക്കെ ആദ്യത്തേത് മൂക്കിലൂടെ പുറത്തേയ്ക്കു വന്നു. നീട്ടിക്കാണിച്ച നാവിന്റെ പാലത്തിലിട്ട് അതിനെ വീണ്ടും പിടികൂടി. വയറ് നിറഞ്ഞതിന്റെ സംതൃപ്തിയില്‍ പൊടിമണ്ണില്‍ മലച്ചു കിടന്നുറങ്ങി.
ഏഴ് ദിനം തീറ്റയും കുടിയും ഇല്ലാതെ ബംഗ്ലാവില്‍ നരകിച്ചു കിടന്നിട്ട് ചതുപ്പിലെത്തിയപ്പോഴും ക്രൂരന്റെ കയ്യില്‍ തിന്നാന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒരു മാസം കൂടി അയാള്‍ പിടിച്ചുനിന്നു. പിന്നെ ഒരുനാള്‍ ഈര്‍പ്പമുള്ള മണ്ണിലേക്ക് അതുവരെയില്ലാത്ത ഒരു നോട്ടം ചെന്നുവീണു. ആ നോട്ടം ഒരു ഒച്ചിന്റെ ദേഹത്തു ചെന്നു നിന്നു. കണ്ണല്ല അന്നങ്ങനെ നോക്കിയത്. കണ്ണല്ല ഒച്ചിനെ കണ്ടുപിടിച്ചതും. വയറിന് കണ്ണുകാണാമെന്ന് അന്നാണ് ക്രൂരന് മനസ്സിലായത്. പിന്നെ അത് ശീലമായി. മനുഷ്യനെപ്പോലെ കഴിഞ്ഞാലേ മനുഷ്യനെപ്പോലെ വിശക്കൂ എന്ന് ആറുമാസം കൊണ്ട് ക്രൂരന്‍ പഠിച്ചു.
ഇനി പാവത്താന്റെ കഥ.
പാവം പാവത്താന്‍. അയാളുടെ കഥ തുടങ്ങിയിടത്തുതന്നെ നില്‍ക്കുകയായിരുന്നു. പാവങ്ങളോട് എന്തുമാകാമല്ലോ. പാവത്താന്‍ ഒരു പട്ടിണിക്കാരന്‍ കൂടിയായിരുന്നു. എന്നുവെച്ച് ഒച്ചിനെ തിന്നുന്നത്ര ഗതികേടില്ല. അച്ഛന്‍ പൊലീസായിരുന്നു. പാറാവ് നില്‍ക്കുമ്പൊ കുഴഞ്ഞുവീണ് മരിച്ചു.
ശവത്തേയും വെറുതെ വിടാത്ത നീചന്മാര്‍ കോട്ടയം ഭാഗത്ത് അക്കാലത്ത് രാത്രിയാകുമ്പോള്‍ പുറത്തിറങ്ങിയിരുന്നു. അടക്ക് കഴിഞ്ഞ പെണ്ണുങ്ങളുടെ കുഴിമാടം തോണ്ടാന്‍. മരിച്ചവരുടെ ദേഹം കൊണ്ട് ജീവിച്ചിരിക്കുന്നവന്മാര്‍ക്ക് ഇങ്ങനൊരു നേട്ടമുണ്ടെന്ന് അതുവരെയുള്ള ക്രൈം റെക്കോഡുകളില്‍ ഒരിടത്തും പറയുന്നുണ്ടായിരുന്നില്ല. പരാതിക്കാര്‍ ഏറിയതോടെ പട്ടണത്തിലെ പള്ളിസെമിത്തേരികള്‍ക്ക് ഇടതടവില്ലാതെ പാറാവിടാന്‍ ജില്ലാ മേധാവി ഉത്തരവിട്ടു. പാവത്താന്റെ അച്ഛനും സെമിത്തേരി ഡ്യൂട്ടി കിട്ടി. അങ്ങനൊരു പാറാവ് രാത്രിയിലാണ് ഡ്യൂട്ടി മുഴുമിക്കാതെ ആള് കാലിയായത്. ആ ഒഴിവില്‍ പാവത്താനെ പൊലീസില്‍ എടുത്തു. അമ്മയ്ക്കും പെങ്ങന്മാര്‍ക്കും അതൊരു ആശ്വാസമായി.
പോയത് പോയി. ഇവളുമാരുടെ കെട്ടുകഴിയാതെ എന്റെ ആധി തീരില്ല. ആ തള്ള പറയും. ബെന്നിയേ ഏമാന്മാര്‍ എന്തു പറഞ്ഞാലും എന്റെ മോന്‍ ചെയ്യണം. പാറാവിട്ടാല്‍ മുഴുമിക്കണേടാ. അല്ലാണ്ട് നിന്റപ്പനെപ്പോലെ...
ശരി അമ്മച്ചീ. ഒട്ടും ഇഷ്ടമില്ലാത്ത പണിയായിട്ടും പാവത്താന്‍ അമ്മയോട് മറുത്ത് പറഞ്ഞില്ല.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ബെന്നിക്ക് ആലപ്പുഴയിലേയ്ക്ക് സ്ഥലം മാറ്റമായി.
ആലപ്പുഴ ആകെ മാറിയിരുന്നു. ക്രൂരന്റെ കമ്പനിയും ചാപ്രയും നാട്ടുകാര്‍ തീവെച്ചുകളഞ്ഞിരിക്കുന്നു.
പൂങ്കാവ് സംഭവം കഴിഞ്ഞ് ഏതാനും നാളുകള്‍ക്കുള്ളിലായിരുന്നു തീവെപ്പ്. അധികാരികളെല്ലാം ക്രൂരനെ കൈവിട്ടെന്ന ബോധ്യത്തിലായിരുന്നു ആ നിയമം കയ്യിലെടുക്കല്‍. ഒരാളുടെ പേരിലും പൊലീസ് കേസ് എടുത്തില്ല. ക്രൂരന്‍ ബംഗ്ലാവിലിരുന്ന് എല്ലാം അറിയുന്നുണ്ടായിരുന്നു. മേലാവിലുള്ള പലരും അയാള്‍ തുരുതുരാ ഫോണ്‍ വിളിച്ചിട്ടും എടുക്കാന്‍ കൂട്ടാക്കിയില്ല. എടുത്ത ചിലര്‍ ക്രൂരന്റെ ശബ്ദം കേട്ടപാടേ കട്ട് ചെയ്തു. എന്നാല്‍, നിന്നെയും കത്തിക്കുമെടാ എന്ന് അട്ടഹസിച്ച് ക്രൂരന്‍ ഫോണെടുത്ത് ദൂരെയെറിഞ്ഞു. പിറ്റേന്ന് പിണിയാള്‍ സംഘത്തെ വിട്ട് കാഴ്ചബംഗ്ലാവിന് തീയിട്ടു. 
നാടിനെ വിറപ്പിക്കുന്ന ഉത്തരവുകള്‍ ഇട്ടിരുന്ന ആ കെട്ടിടം ഇപ്പോള്‍ മുന്നിലൂടെ പോകുന്നവര്‍ക്കുപോലും കാണാന്‍ കഴിയില്ല. അത്രകണ്ട് കാട് പിടിച്ചിരിക്കുന്നു. കാഴ്ചബംഗ്ലാവ് കത്തിച്ചതിന്റെ നഷ്ടപരിഹാരം ആ പറമ്പും കെട്ടിടവും ആര്‍ക്കെങ്കിലും വിറ്റ് ഈടാക്കാന്‍ കോടതി വിധിച്ചു. അതിന് കാവല്‍ കിടക്കലായിരുന്നു ആലപ്പുഴയില്‍ എത്തിയ ഉടന്‍ ബെന്നിക്കു കിട്ടിയ ഡ്യൂട്ടി.
ഡെന്നീസ് എന്ന പുത്തന്‍ പണക്കാരന്‍ കയര്‍ കമ്പനി തുടങ്ങി പച്ചപിടിച്ചുവരുന്ന കാലം കൂടിയായിരുന്നു അത്. ക്രൂരന്റെ തലസ്ഥാനം ലേലത്തിനു പിടിച്ച് ഡെന്നീസ് സര്‍ക്കാരിനു മുതല്‍ക്കൂട്ടി. അതോടെ അധികാരികള്‍ക്ക് അയാള്‍ വേണ്ടപ്പെട്ടവനായി. ഡെന്നീസിന്റെ മാളികയിലേക്കായി പിന്നെ സര്‍ക്കാര്‍ വാഹനങ്ങളുടെ സഞ്ചാരം.
ഒരു ദിവസം ഡെന്നീസ് അധികാരികള്‍ക്കു മുന്നില്‍ തന്റെ ആവശ്യം നിരത്തി. ക്രൂരനെ കണ്ടുപിടിക്കണം. ജില്ലാ പൊലീസ് മേധാവിയടക്കം സല്‍ക്കാരത്തില്‍ പങ്കുകൊണ്ട എല്ലാവരും പരസ്പരം മിഴിച്ചുനോക്കി.
അതിനവന്‍ കടല്‍ കടന്നില്ലേ ഡെന്നീസേ.
ക്രൂരനോ. കടല്‍ കടക്കാനോ. ഡെന്നീസ് തിരിച്ചടിച്ചു.  അവന്‍ ഇവിടെത്തന്നെയുണ്ട് സാറന്മാരേ. എനിക്കുറപ്പാ. ക്രൂരനെ നിങ്ങള്‍ക്കറിയില്ല.
ഉദ്യോഗസ്ഥരാരും അത് ഗൗരവത്തില്‍ എടുത്തില്ല. എന്നാല്‍ പിന്നീടും പല സന്ദര്‍ഭങ്ങളിലായി ഡെന്നീസ് തന്റെ ആവശ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒടുവില്‍ പൊലീസ് മേധാവിക്ക് ഒരു വല്യ തുക അത്യാവശ്യമായി വന്നപ്പോള്‍ അയാള്‍ ഡെന്നീസിന്റെ പടിക്കലേക്ക് ഓടിവന്നു. ഡെന്നീസ് പറഞ്ഞു. പണം ഞാന്‍ തരാം. തിരിച്ചു തരികയും വേണ്ട.
ഉദ്യോഗസ്ഥന് താന്‍ കേട്ടതു ശരിതന്നെയോ എന്ന് സംശയമായി. ഡെന്നീസിന് അത് മനസ്സിലാവുകയും ചെയ്തു. സംശയിക്കണ്ട സാറേ. ചത്ത അപ്പന്‍ തലയ്ക്കു മുകളില്‍ നിന്നു കേള്‍ക്കെത്തന്നെ ഞാന്‍ പറയുവാ. പണം എനിക്ക് തിരിച്ചു വേണ്ട. പക്ഷേ, മുന്‍പ് ഒരു ചെവിയില്‍ക്കൂടി കേട്ട് മറ്റേ ചെവിയില്‍ക്കൂടി വിട്ട എന്റെ ഒരപേക്ഷയുണ്ട്. സാറ് അതൊന്ന് പൊടിതട്ടിയെടുക്കണം.
ഉദ്യോഗസ്ഥന്‍ അതേത് അപേക്ഷ എന്നന്വേഷിച്ചു. 
ക്രൂരന്റെ കേസ്.
ഡെന്നീസ് അത് മറന്നില്ലേ. 
നമുക്കത് മറക്കാന്‍ പറ്റുമോ സാറേ. ക്രൂരന്‍ തിരിച്ചു വന്നാല്‍ പിന്നെ ഡെന്നീസ് ഇല്ലല്ലോ.
ഉദ്യോഗസ്ഥന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. താനാള് കൊള്ളാം. ഇന്നുതന്നെ ഞാന്‍ മുകളിലേക്ക് വിളിക്കാം. സ്‌പെഷ്യല്‍ സംഘത്തെയും ഉണ്ടാക്കാം. എന്നിട്ട് അവനെ നമുക്ക് പുകച്ച് പുറത്തു ചാടിക്കാം. പോരേ.
ഡെന്നീസ് ചിരിച്ചുകൊണ്ട് പണപ്പെട്ടി ഇരിക്കുന്ന മുറിയിലേക്ക് പോയി.
ഉദ്യോഗസ്ഥന്‍ വാക്ക് പാലിച്ചു. ക്രൂരനുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരെ ആയിരുന്നു സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ബംഗ്ലാവിന് കാവല്‍ നിന്നതിന്റെ പേരില്‍ പാവത്താന്‍ ബെന്നിയും സംഘത്തില്‍ പെട്ടു. അയാളുടെ മുട്ടിടിച്ചു. ക്രൂരനെ വേട്ടയാടിപ്പിടിക്കാനുള്ള സംഘത്തില്‍ താനോ. ജോലി പോയാലും ആ തീക്കളിക്കില്ല. അമ്മച്ചിയോട് എങ്ങനെ പറയുമെന്നായി പാവത്താന്റെ ആധി. ഗത്യന്തരമില്ലാതെ ഒടുക്കം പറയാന്‍ തീരുമാനിച്ചു. അയല്‍പക്കത്തെ വീട്ടില്‍ വിളിച്ച് അമ്മച്ചിയോട് വന്ന് കാത്തിരിക്കാന്‍ പറഞ്ഞേല്പിച്ചു. വീണ്ടും വിളിച്ചപ്പൊ ആളെ കിട്ടി.
നെടുവീര്‍പ്പിട്ടുകൊണ്ടാണ് പറഞ്ഞുതുടങ്ങിയതെങ്കിലും ക്രൂരനെപ്പറ്റി കേട്ടറിഞ്ഞ കാര്യങ്ങള്‍ അമ്മച്ചിയോട് പറഞ്ഞപ്പൊ ബെന്നിക്ക് കരച്ചില്‍ പൊട്ടി. പറഞ്ഞുകഴിഞ്ഞപ്പോള്‍ അങ്ങേത്തലയ്ക്കല്‍ നിശ്ശബ്ദത. അമ്മച്ചിയുടെ മനസ്സലിഞ്ഞോ.
എന്റെ ബെന്നിയേ... നീ എന്നാ വര്‍ത്തമാനമാടാ ഈ പറയുന്നെ. മനുഷ്യനെയല്ലേ നീ പിടിക്കാന്‍ പോകുന്നെ. കടുവായേ ഒന്നുമല്ലല്ലോ. നീ ഒറ്റയ്ക്കുമല്ല. എന്റെ മോന്‍ പുറകിലെങ്ങാനും നിന്നാല്‍ മതി. നീ എന്തായാലും പോയേച്ചും വാ.
അമ്മച്ചി ഫോണും വെച്ച് ഒറ്റപ്പോക്ക്. നിന്ന ഇടം കുഴിച്ചിറങ്ങിപ്പോയാലോ എന്നു തോന്നി ബെന്നിക്ക്. അവന്‍ നേരേപോയി കടലില്‍ ചാടി. കടല്‍ ഇല്ലാത്ത കോട്ടയത്തുകാരെന്തിനാ ഇവിടെ വന്നു ചാടുന്നെ. അവിടെ സൗകര്യത്തിന്  മീനച്ചിലാറില്ലേ. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ എസ്.പിയുടെ ചോദ്യത്തിന് പൊലീസ് പാര്‍ട്ടി ഉത്തരം പറഞ്ഞില്ല. വലിയ വായില്‍ നിലവിളിച്ചുകൊണ്ട് അമ്മച്ചി വന്ന് കാര്യം പറഞ്ഞപ്പൊഴാണ് അവരും അറിഞ്ഞത്. എസ്.പി മൂക്കത്ത് വിരല്‍വെച്ചുപോയി.
എന്തായാലും അവന് കുഴപ്പമൊന്നും പറ്റിയില്ലല്ലോ. അമ്മച്ചി സങ്കടപ്പെടാതെ പൊയ്‌ക്കോ. ഞാന്‍
വേണ്ടതു ചെയ്യാം എന്നു പറഞ്ഞ് എസ്.പി അവരെ സമാധാനിപ്പിച്ച് അയച്ചു.
പിറ്റേന്ന് എസ്.പി ഓഫീസില്‍നിന്ന് സ്റ്റേഷനിലേക്ക് അയച്ച ഓര്‍ഡറിലെ തിരുത്ത് വായിച്ച് പൊലീസ് പാര്‍ട്ടി അമ്പരന്നു. ഹണ്ടിംഗ് ക്രൂരന്‍ മിഷനിലെ ആദ്യനിരയില്‍ നില്‍ക്കേണ്ട റഹീമിനെ മാറ്റി ഉത്തരവ് തിരുത്തുന്നു. പകരം ബെന്നിയെ നിര്‍ത്തണം. എന്‍കൗണ്ടര്‍ ഉണ്ടായാല്‍ ആദ്യം പൊസിഷന്‍ എടുക്കേണ്ടതും ബെന്നി തന്നെ.
സ്പെഷല്‍ സംഘത്തലവന്‍ ഇംതിയാസ് ഓര്‍ഡറിന്റെ കോപ്പി ബെന്നിക്ക് വായിക്കാന്‍ കൊടുത്തു. കടലിനുപോലും നിന്നെ വേണ്ട. എന്നാപ്പിന്നെ ധൈര്യമായിട്ട് വാടോ. ഇംതിയാസ് ബെന്നിയുടെ തോളില്‍ത്തട്ടി പറഞ്ഞു.
ക്രൂരനുവേണ്ടി കാടിളക്കിയുള്ള തിരച്ചിലാണ് പിന്നീട് നടന്നത്. പക്ഷേ, ഒരു തുമ്പും കിട്ടിയില്ല. ഓരോ ദിവസവും ഡെന്നീസിന് വിവരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. ഒടുവില്‍ മിഷന്‍ നിര്‍ത്തുമെന്ന ഘട്ടമെത്തി. സദ്ദാം ഹുസൈനെ ഒരു ബങ്കറില്‍നിന്ന് അമേരിക്കന്‍ സേന പിടിച്ചു പുറത്തുകൊണ്ടുവരുന്ന വാര്‍ത്ത കണ്ടുകൊണ്ടിരിക്കുമ്പോഴാണ് മിന്നായം പോലൊരു ചിന്ത ഡെന്നീസിന്റെ തലയ്ക്കകത്തുകൂടി പോയത്.  
ഇംതിയാസിനെ ഫോണില്‍ കിട്ടിയപ്പോള്‍ ഡെന്നീസ് പറഞ്ഞു:
നിങ്ങള്‍ മണ്ണഞ്ചേരി ഒന്നുകൂടി തപ്പ് സാറേ.
രണ്ടു തവണ തപ്പിയതാ. അയാള്‍ അതിന് മറുപടി നല്‍കി.
ചതുപ്പില്‍ ഇറങ്ങിത്തപ്പിയോ.
ചതുപ്പിലോ. ഇല്ല.
ഡെന്നീസിന് പ്രതീക്ഷ ഇരട്ടിച്ചു. അയാള്‍ ആവേശത്തോടെ പറഞ്ഞു. എന്നാല്‍ സംശയിക്കേണ്ട.
ക്രൂരന്‍ അവിടെയുണ്ട്.
ഡെന്നീസ് എന്തൊക്കെയാ പറയുന്നെ. ചതുപ്പിലും മാളത്തിലുമൊക്കെ പുള്ളികള്‍ ഒളിച്ചിരിക്കാറുണ്ട്.
ഏറിയാല്‍ ഒന്നോ രണ്ടോ ദിവസം. ഇതങ്ങനാണോ. മാസം ആറ് കഴിഞ്ഞില്ലേ. ഡെന്നീസ് ഫോണ്‍ വെയ്ക്ക്.
ചതുപ്പെന്ന് വെച്ചാല്‍ വെറും ചതുപ്പല്ല സാറേ. അതിന്റെ അറ്റത്ത് ക്രൂരന്‍ പണ്ട് പണിയിച്ച ഒരു ലൈറ്റ് ഹൗസുണ്ട്. ചുറ്റും കാടും വിഷപ്പാമ്പുകളുമാ. ക്രൂരന്‍ അവിടെ ഉണ്ടാകുമെന്ന് എന്റെ മനസ്സ് പറയുന്നു. സാറിന് ഒന്നു നോക്കിക്കൂടേ. നടന്നാല്‍ സാറിന്റെ ട്രാന്‍സ്ഫറും ഓകെ.
ഉം. ആ ഓഫറില്‍ ഇംതിയാസ് വീണു. അയാള്‍ ഫോണ്‍ കട്ട് ചെയ്തു. മണ്ണഞ്ചേരിയുടെ മാപ്പ് കൊണ്ടുവരാന്‍  ടീം അംഗത്തോട് പറഞ്ഞു. മാര്‍ക്ക് ചെയ്തിരിക്കുന്ന ഓരോ ഊടുവഴികളും ഇംതിയാസ് ശ്രദ്ധയോടെ പിന്തുടര്‍ന്നു. ഒരു മൂലയില്‍ പച്ചനിറത്തിലുള്ള മാര്‍ക്കിംഗ് കണ്ണില്‍ പെടാതെ കിടക്കുന്നു. ഡെന്നീസ് പറഞ്ഞത് ആ സ്പോട്ടിനെപ്പറ്റിയാകും. എല്ലാവരോടും സജ്ജരായി നില്‍ക്കാന്‍ ഇംതിയാസ് ഉത്തരവിട്ടു. രണ്ട് ജീപ്പുകളിലായി സംഘം പുറപ്പെട്ടു.
വിവിധതരം പച്ചപ്പുകള്‍ ദീര്‍ഘകാലമായി വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന ഒരിടത്ത് നിറഞ്ഞ രാത്രിയില്‍ എത്തിച്ചേരുക. അത്യാവശ്യത്തിനു മാത്രം നെറ്റിവിളക്ക് കത്തിച്ച് ആ വാഹിനിയുടെ അറ്റം തേടിപ്പോവുക. കഠിനമായ ഒരു ഉല്‍ക്കണ്ഠ മണിക്കൂറുകളോളം തൊണ്ടയില്‍ വറ്റാതിരിക്കുക. ആ ജലലക്ഷ്യം അങ്ങനെയാണ് മുന്നേറിയത്.
ഒരു കുഞ്ഞ് കണ്ണ് തുറക്കും പോലെ വെളിച്ചം ഉണര്‍ന്നു വരാന്‍ തുടങ്ങുമ്പോഴേക്ക് അവര്‍ മറുകരയോട് ഏതാണ്ട് അടുത്തിരുന്നു. അവിടെനിന്ന് അവരത് കണ്ടു. ഒരു ആനക്കൊമ്പ് കുത്തനെ നിര്‍ത്തിയപോലെ ആകാശത്തേക്ക് വളഞ്ഞുനില്‍ക്കുന്ന ലൈറ്റ് ഹൗസ്. മണ്ണഞ്ചേരി താലൂക്കിലെ എണ്ണമറ്റ ജൈവപരമ്പരകളുമായി തളം കെട്ടി നില്‍ക്കുന്ന ചതുപ്പില്‍, നെഞ്ചോളം വെള്ളത്തില്‍ നില്‍ക്കുന്ന പൊലീസ് സംഘം എന്തും നേരിടുന്നതിന് തയ്യാറെടുത്തു.
ഇംതിയാസ് കണ്ണുകൊണ്ട് ബെന്നിക്ക് അടയാളം കാണിച്ചു ആ പാവത്താന്‍ മുന്നോട്ടു നീങ്ങി. താന്‍ ഈ ലോകത്തുനിന്നു തന്നെ പോവുകയാണെന്ന മട്ടില്‍ ചതുപ്പില്‍നിന്നു കയറിക്കഴിഞ്ഞാല്‍ ഒരു ഉയര്‍ന്ന തിട്ടയാണ്. തിട്ടയിലേക്ക് കയറാന്‍ പടികളുണ്ട്. അതു ചവിട്ടി മുകളില്‍ എത്തിയപ്പോള്‍ ബെന്നി പൊലീസ് സംഘത്തെ വീണ്ടും തിരിഞ്ഞുനോക്കി. അകത്തേക്ക് കയറിക്കൊള്ളാന്‍ ഇംതിയാസ് അടുത്ത നിര്‍ദ്ദേശം നല്‍കി. അയാള്‍ വാതില്‍ കടന്ന് അകത്തേക്ക് മറഞ്ഞു. 
അതുവരെ കൂടെയുണ്ടായിരുന്നവര്‍ ഒപ്പമില്ലെന്ന തോന്നല്‍ അയാളെ വേദനിപ്പിച്ചു. പരിണാമഘട്ടം വരച്ചു കാണിക്കുന്ന ചിത്രത്തിന്റെ ഇങ്ങേയറ്റത്ത് അഞ്ചാമതായി നില്‍ക്കുന്ന ആദിമനുഷ്യന്റെ മുന്നിലെ ശൂന്യത അയാള്‍ക്ക് ഓര്‍മ്മവന്നു. എല്ലാ മനുഷ്യര്‍ക്കു മുന്നിലും അങ്ങനെയൊരു ശൂന്യത ഒരിക്കല്‍ വന്നുനില്‍ക്കുമെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ആ ശൂന്യത ഇപ്പോള്‍ത്തന്നെയാണ് തേടിവന്നിരിക്കുന്നതെന്നും നായാടി ജീവിക്കാന്‍ വിധിക്കപ്പെട്ട ആ നഗ്‌നരൂപിയെപ്പോലെ ബയണറ്റ് മുന്നിലേക്ക് ചൂണ്ടി താനും നില്‍ക്കുന്നു. മനുഷ്യന്‍ പരിണമിച്ചെന്നൊക്കെ പറയുന്നത് വെറുതെയാണെന്ന് ബെന്നിക്കു തോന്നി. 
അയാള്‍ പതുക്കെ പതുക്കെ പിരിയന്‍ ഗോവണി കയറിത്തുടങ്ങി പിരിഞ്ഞു പിരിഞ്ഞ് ഉയരത്തിലേക്ക് കയറിക്കൊണ്ടിരുന്ന അയാള്‍ ഏതു നിമിഷവും ഒരു വെടിയൊച്ച പ്രതീക്ഷിച്ചിരുന്നു. ഒരു പക്ഷിയെപ്പോലെ തന്റെ പ്രാണന്‍ പറന്നുപോകുന്നതും.
നിമിഷങ്ങള്‍ക്ക് കനം കൂടിക്കൂടി വന്നു. അയാള്‍ ലൈറ്റ് ഹൗസിന്റെ മുകളിലത്തെ നിലയിലേക്ക് എത്തുകയാണ്. ഇനി ഏഴോ എട്ടോ പടികള്‍ കൂടി കാണും. ഈര്‍പ്പം പിടിച്ച മണ്ണിന്റെ മണം മൂക്കിലേക്ക് വന്നു. പടികള്‍ വൃത്താകൃതിയിലുള്ള മുകളിലത്തെ നിലയില്‍ ചെന്ന് അവസാനിച്ചു. ഹൃദയം എന്ന ഒന്നില്ലെന്ന മട്ടില്‍ അയാള്‍ ശരീരത്തെ നിശ്ചലമാക്കി അകത്തേക്ക് കണ്ണോടിച്ചു. 
അവിടെ ആരുമില്ല!
ക്രൂരന്‍ അവിടെ ഉണ്ടാകുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഹണ്ടിംഗ് മിഷന്‍ സ്പെഷ്യല്‍ സംഘത്തിന് അവസാനിപ്പിക്കാം. കുറച്ചുനേരമായി ഉള്ളിലേക്ക് വലിച്ചുനിര്‍ത്തിയിരുന്ന ശ്വാസം ബെന്നി ആ മുറിയിലേക്ക് തന്നെ ഇറക്കിവിട്ടു. അയാളില്‍നിന്ന് അയാള്‍ തന്നെ പുറത്തേക്കു വന്നതിന്റെ ആശ്വാസമായിരുന്നു അപ്പോള്‍. 
അപ്പോഴാണ് ഒരു മൂലയില്‍ ആരോ മടക്കിവച്ചിരിക്കുന്ന ഒരു കാലന്‍ കുട അയാളുടെ ശ്രദ്ധയില്‍ പെട്ടത്. ഇവിടെ അങ്ങനൊരു കുട ആര് കൊണ്ടുവന്നു വെയ്ക്കാനെന്ന് അയാള്‍ക്ക് സംശയമായി. ബെന്നി ആ കുടയുടെ അടുത്തേക്കു ചെന്നു. അത് തീരെ ചെറുതായിപ്പോയ ഒരു മനുഷ്യന്റെ രൂപമായിരുന്നു. പിടിയുടെ അത്ര വലിപ്പമേ തലയ്ക്ക് ഉണ്ടായിരുന്നുള്ളു. മൂലയില്‍ അയാള്‍ കുന്തിച്ചിരിക്കുകയായിരുന്നു. കണ്ണുകള്‍ അടുത്തെങ്ങും നേടാന്‍ ഇടയില്ലാത്ത ഒരു ലക്ഷ്യത്തിലേക്ക് പ്രതീക്ഷ വറ്റാതെ ഉറപ്പിച്ചു നിര്‍ത്തിയിരുന്നു. ദ്രവിച്ചു തുടങ്ങിയ പെരുവിരലുകള്‍ക്കിടയില്‍ മെതിയടിയുടെ മൊട്ടുകള്‍പോലെ രണ്ട് വെളുത്ത കൂണുകള്‍ വിടര്‍ന്നു നിന്നിരുന്നു. 

ചിത്രീകരണം- അനുരാഗ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com