നൂലേണി: വിജെ ജയിംസ് എഴുതിയ കഥ

മേജര്‍ സെമിനാരിയിലെ ഏഴാം വര്‍ഷം തിയോളജി പാഠ്യവിഷയമായി വരുന്ന കാലത്തായിരുന്നു ബ്രദര്‍ ജോവിയലിന്റെ സോളിറ്ററി ഡേ. 
ചിത്രീകരണം- അര്‍ജുന്‍ കെ. ലക്ഷ്മണ്‍
ചിത്രീകരണം- അര്‍ജുന്‍ കെ. ലക്ഷ്മണ്‍

മേജര്‍ സെമിനാരിയിലെ ഏഴാം വര്‍ഷം തിയോളജി പാഠ്യവിഷയമായി വരുന്ന കാലത്തായിരുന്നു ബ്രദര്‍ ജോവിയലിന്റെ സോളിറ്ററി ഡേ. 
''നാല്‍പ്പത് പകലും നാല്‍പ്പത് രാത്രീം പട്ടിണി കെടന്ന ശേഷമാ മനുഷ്യപുത്രന്‍ സാത്താന്റെ മൂന്നു പ്രലോഭനങ്ങളെ അതിജീവിച്ചത്. ഇവ്ടെനെന്നോട് ഒരേയൊര് പകലിന്റെ ഉപവാസമേ ആവശ്യപ്പെട്ണൊള്ളൂ.'' അക്വാഫിനയുടെ ലേബലിനുള്ളില്‍ കിണര്‍ രുചി നിറച്ച പ്ലാസ്റ്റിക്ക് കുപ്പി നീട്ടി ആബേലച്ചന്‍ ബ്രദര്‍ ജോവിയലിനോട് പറഞ്ഞു. ''രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഒരു ലിറ്റര്‍ വെള്ളം കൊണ്ടു മാത്രം ആത്മാവിനെ പിടിച്ചുനിര്‍ത്തണം. അറിയാല്ലോ പന്ത്രണ്ട് മണിക്കൂര്‍ നീളണ ഉപവാസം ആകാശങ്ങളിലര്‍പ്പിച്ചേ മലയെറങ്ങാമ്പാട്ള്ളൂ.''

സോളിറ്ററി ഡേ അനുഷ്ഠിച്ചിട്ടുള്ള ഇതര വൈദിക വിദ്യാര്‍ത്ഥികളില്‍നിന്നു പലവട്ടം കേട്ടിട്ടുള്ളതായതിനാല്‍ ആബേലച്ചന്റെ വാക്കുകളില്‍ ബ്രദര്‍ ജോവിയലിനു പുതുമയൊന്നും അനുഭവപ്പെട്ടില്ല. ഏകാന്തതയിലേക്ക് ക്ഷണിക്കുന്ന ഒരു കുന്ന് അതിന്റെ ഗര്‍വ്വധികാരങ്ങളില്‍ അഭിരമിച്ച് പടിഞ്ഞാറുനിന്നെത്തുന്ന ശെമ്മാശ്ശനേയും കിഴക്കുനിന്നു വരാനുള്ള സൂര്യനേയും കാത്തിരിക്കുന്നുണ്ടായിരുന്നു. നോട്ട്ബുക്കും വെള്ളക്കുപ്പിയും ഏറ്റുവാങ്ങി ആശ്രമത്തിന്റെ പിന്‍പുറത്തേയ്ക്ക് നടക്കുമ്പോള്‍ ജനാല തുറന്ന് ബ്രദര്‍ എഡ്വിനോ മുഖം പ്രത്യക്ഷപ്പെടുത്തി.
''ഓള്‍ ദ ബെസ്റ്റ്. ഞാമ്പറഞ്ഞതൊന്നും മറക്കണ്ട.''

ഹവ്വയെ പിഴപ്പിക്കാന്‍ വന്ന പാമ്പിന്റെ ഹിസ് ഹിസ് കേട്ടതായാണ് ബ്രദര്‍ ജോവിയലിനു തോന്നിയത്. അസ്ഥിയില്‍നിന്ന് അസ്ഥിയും മാംസത്തില്‍നിന്നു മാംസവും ആയവള്‍ക്ക് പിഴപ്പിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, വയനാടന്‍ ചുരമിറങ്ങിവന്ന എഡ്വിനോയ്ക്ക് കുട്ടനാടന്‍ പശിമയുള്ള ജോവിയലിന്റെ മനസ്സും ശരീരവും ഇളക്കാന്‍ എന്തവകാശമാണ് ഉള്ളതെന്നു തിരുവെഴുത്തുകള്‍ വെളിപ്പെടുത്തിയിട്ടില്ല. അത് പാപത്തിന്റെ ഉടലവകാശമല്ലാതെ മറ്റൊന്നുമല്ല. ഉരുക്കിയ വെണ്ണ കോരിയൊഴിച്ച് മനസ്സിനെ തീപ്പിടിപ്പിക്കാന്‍ പോന്ന ചിത്രങ്ങള്‍, വേണ്ടെന്നു വയ്ക്കാന്‍ തോന്നുന്ന സ്പര്‍ശങ്ങള്‍, ഉവ്വ്, ഏദനിലെ പാമ്പിന്റെ ഭൂമിയിലെ വക്താവാണ് എഡ്വിനോ. പാമ്പ് വെറും രൂപകമല്ല, തനി ഉടല്‍രൂപം തന്നെ. 

ഏഴ് ദിവസം മുന്‍പായിരുന്നു ബ്രദര്‍ എഡ്വിനോയുടെ സോളിറ്ററി ഡേ. ഏകാന്തത്തില്‍ സമയം ചെലവിട്ടതിന്റെ വിശദാംശങ്ങള്‍ റൂംമേറ്റായ ജോയലുമായി പങ്കുവയ്ക്കപ്പെടുകയും ചെയ്തിരുന്നു. വിശപ്പും കാമവും പ്രകൃതി തന്നതാണെന്നും അതിനെതിരെയുള്ള പിറുപിറുപ്പല്ല ആത്മീയാന്വേഷണമെന്നും പുതുകാലത്തിന്റെ പ്രവാചകനെപ്പോലെ എഡ്വിനോ പലവട്ടം ആവര്‍ത്തിച്ചിരുന്നു.
''നെറേ ഫലവൃക്ഷങ്ങള്ള്ളൊര് തോട്ടത്തില്‍ വിശന്നും ദാഹിച്ചുമിരുന്നാല്‍ ഒര് ദൈവോം പ്രീതിപ്പെടില്ലെടാ. പഴുത്ത പേരയ്ക്കാ, ചാമ്പയ്ക്ക, നല്ല കശുമാങ്ങ. പപ്പായ... ശരിക്കും ഏദന്‍പോലെ പരന്നുകെടക്ക്വല്ലേ ഏക്കര്‍കണക്കിന്. ഞാന്‍ ആവശ്യം പോലെ പറിച്ചുകഴിച്ചു.''


വിലക്കപ്പെട്ടവയില്‍ കൈവച്ചുകൊണ്ട് ന്യായപ്രമാണം തെറ്റിച്ചവനെ ബ്രദര്‍ ജോവിയല്‍ അല്പവിശ്വാസിയെ എന്നവണ്ണം നോക്കിനിന്നു. ചാക്കുടുത്തും ചാരം പൂശിയും  ഉപവസിച്ചാല്‍കൂടി മായുകയില്ലാത്ത പാപക്കറയാണിത്.
അവധാനത പുലര്‍ത്തണമെന്ന് ആബേലച്ചന്‍ പറഞ്ഞത് വെറുതെയല്ല. മനസ്സാക്ഷി മാത്രം കാവല്‍ നില്‍ക്കുന്ന ദിനമാണ് സോളിറ്ററി ഡേ. പകല്‍ കെടുവോളം ആരോടും മിണ്ടാനില്ലാതെ സൃഷ്ടി സ്രഷ്ടാവിനോട് മാത്രം സംവദിച്ച് മലയുടെ ചരിവില്‍ പാറ നിര്‍മ്മിച്ച മേല്‍ക്കൂരയ്ക്ക് കീഴെ കഴിയണം. അത്യാവശ്യത്തിനു വെള്ളം കുടിക്കാം. അതും ലുബ്ധോടെ ഉപയോഗിച്ചാല്‍ നന്ന്. മൗനം പുറത്തുനിന്ന് അകത്തേയ്‌ക്കൊരു പ്രളയവഴി കണ്ടെത്തുംവരെ ഏകാന്തതയില്‍ ആണ്ടിറങ്ങണം. മൗനത്തിലൂടെയാണ് ദൈവമൊരു പാലം കെട്ടി ഉലാത്താനിറങ്ങുന്നത്. ഉള്‍ക്കാത് തുറന്നിരിക്കുന്നവര്‍ മാത്രം അവന്റെ സ്വരം പിടിച്ചെടുക്കും. കൈയിലൊരു നോട്ട് ബുക്കുള്ളതില്‍ അത് പകര്‍ത്തിവയ്ക്കണം. വൈകുന്നേരം നോട്ട് ബുക്ക് ആബേലച്ചനെ ഏല്പിക്കണം.
എഡ്വിനോയുടെ ദിനസരി വായിച്ച നേരം ആബേലച്ചന്റെ മുഖത്ത് പ്രസാദവരം ഇരമ്പിക്കയറിയിരുന്നു. ഒരു വാക്കും പറഞ്ഞില്ല. പുറത്ത് തട്ടി അനുമോദിച്ചു. ദൈവവേലയ്ക്ക് ഒരു പ്രതിപുരുഷനെ കരുതിവയ്ക്കുന്നതിന്റെ സാര്‍ത്ഥകതയായിരുന്നു ആബേലച്ചന്റെ ആകെ ഭാവം. 
രാത്രിയില്‍ സഹമുറിയനോട് ബ്രദര്‍ ജോവിയല്‍ രഹസ്യമായി തിരക്കി. 
''സത്യായിട്ടും നെനക്ക് ആത്മീയാനുഭവോണ്ടായോ. ദൈവത്തെ കേട്ടോ നീ. എന്തൊര് സന്തോഷാര്‍ന്നു ആബേലച്ചന്റെ മുഖത്ത്.''
ദൈവാത്മാവ് തൊട്ടവനെപ്പോലെ ബ്രദര്‍ എഡ്വിനോ മതിമറന്നു ചിരിച്ചു. 
''എല്ലാരും കൂടെ പറഞ്ഞൊണ്ടാക്ക്ണ സ്റ്റാണിഷ്ടാ ആത്മീയാനുഭവം. ഭാവനയുടെ കല്ലടുക്കിവച്ച് ഞാനൊരു വാസസ്ഥലം പണിഞ്ഞു. പാവം ആബേലച്ചന്‍ അത് വിശ്വസിച്ച് സംഭ്രമിക്കുകേം ചെയ്തു. ദേ നല്ല മധുരമുണ്ടവ്ടുത്തെ പേരയ്ക്കയ്ക്ക്.''

പതിനഞ്ച് മിനിറ്റോളം ഒറ്റപ്പെട്ട ഇടങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ ചൊകചൊകെയുള്ള കനികള്‍ ജോവിയലിനു മുന്നിലും പ്രത്യക്ഷപ്പെട്ടു. ദീര്‍ഘദര്‍ശിയായ ഒരു പുരാതന പിതാവ് കുന്നുള്‍പ്പെടെ വാങ്ങിയിട്ട ആയിരത്തി ഇരുന്നൂറേക്കര്‍ സ്ഥലത്തിന്റെ അങ്ങേത്തലയ്ക്കലേക്കാണ് യാത്ര. മൊത്തം മുള്ളുവേലി കെട്ടി അതിരു തിരിച്ചിരിക്കുന്നതിനാല്‍ പുറത്തുനിന്നുള്ള കടന്നുകയറ്റങ്ങള്‍ പതിവില്ല. കിഴക്ക് ദിക്കില്‍ ആര്‍ത്തുപിടിച്ചുനില്‍ക്കുന്ന അതിരുമരങ്ങളും നീരൊഴുക്കുള്ള പെരിയാറുമുള്ളതിനാല്‍ അവ താണ്ടിയാലേ അധിനിവേശം സാദ്ധ്യമാവൂ. അവിടെ മാത്രം ആകാശപ്പൊക്കമുള്ള കല്‍മതില്‍ കെട്ടിപ്പൊക്കി മീതെ കുപ്പിച്ചില്ല് പാകിയിട്ടുണ്ട്. വളക്കൂറുള്ള മണ്ണ് തിന്ന്  വിളകള്‍ മദംപിടിച്ച് കുളച്ചുകിടക്കുന്നു. ആശ്രമത്തിലേയ്ക്ക് വേണ്ടുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് അരിയൊഴികെ മറ്റൊന്നിനും പുറത്ത് പോവേണ്ടതില്ല. കോഴി, പോത്ത്, ആട് എല്ലാം ഉള്ളില്‍ത്തന്നെ വളര്‍ന്നു പരുവമാകുകയും കുശിനിയില്‍ നെയ്രുചിയോടെ പാകപ്പെടുകയും ചെയ്യുന്നു. ഇടയ്ക്ക് കാണുന്ന ഓടിട്ട കൂര പന്നികളുടെ പേറ്റിടമാണ്. തിന്നുകൊഴുത്ത് രതിയിലേര്‍പ്പെട്ട് നൂറുകണക്കിനു കുഞ്ഞുങ്ങളെ അവ പെറ്റിടുന്നു. കുട്ടിയാനയോളം പോന്ന പെണ്‍പന്നിയൊന്ന് വീര്‍ത്ത മുലകളുമായി സുഖാലസ്യത്തില്‍ മയങ്ങുന്നതും മുലകുടിച്ച് മതിവന്നവയും പാതികുടിച്ച് മയങ്ങിപ്പോയവയും തള്ളയുടെ ചൂടുപറ്റി കിടക്കുന്നതും ജോവിയല്‍ കണ്ടു. അല്‍പ്പപ്രാണികളായ സാധു മുയലുകള്‍ കല്‍ഗങ്ങള്‍ക്കൊപ്പം മരണഭയമില്ലാതെ ഓടിനടക്കുന്നത് വിശേഷ ദിവസങ്ങളില്‍ തീന്മേശ അലങ്കരിക്കാന്‍ വേണ്ടിയാണ്. മള്‍ഗോവയും ബങ്കനപ്പള്ളിയും അല്‍ഫോന്‍സയുമുള്‍പ്പെടെ മാവുകള്‍ പലയിനം അവയുടെ ജാതിഭേദങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ചുറ്റുമുണ്ട്. റമ്പൂട്ടാനും ജാമ്പയും ഓറഞ്ചും കൂടാതെ ഒന്നുരണ്ട് ആപ്പിള്‍ മരം പോലുമുണ്ട്. ഈ സമൃദ്ധികള്‍ക്കിടയിലാണ് ഭക്ഷണം വെടിഞ്ഞും ജലപാനം പരിമിതപ്പെടുത്തിയും വാക്കിനെ അടക്കിയും ആത്മാവുമായി ഭാഷണത്തിലേര്‍പ്പെടേണ്ടത്. 

''നിന്റെ പ്രവൃത്തി ചിതമായില്ല എഡ്വിനോ. നീ ഫലങ്ങള്‍ കഴിക്കര്‍താര്‍ന്നു.'' 
കുഞ്ഞാടിന്റെ നിഷ്‌കളങ്കതയോടെ ജോവിയല്‍ കുറ്റമാരോപിച്ചപ്പോള്‍ ഒട്ടും പശ്ചാത്താപമില്ലാതെ എഡ്വിനോ ചിരിക്കുകയാണുണ്ടായത്. എങ്കിലീ ന്യായപ്രവാചകനെ ഒന്ന് ചൊടിപ്പിച്ചു കളയാമെന്ന് ഉന്നം വച്ച് എഡ്വിനോ പറഞ്ഞു.
''എന്റാത്മാവ് പക്ഷേ, വിലക്കീല്ലല്ലോ. ജീവിതം പിടിച്ചെടുക്കാന്‍ ഒരു ചവിട്ടുപടി, അതാണെനിക്ക് ആശ്രമം. അത്രത്തോളം എന്നോട് ഞാന്‍ സത്യസന്ധനുമാ. ഇവ്ടെ ചേര്‍ന്ന കാരണത്താല്‍ സൗജന്യായിട്ട് പഠിക്കാമ്പറ്റ്ണ്ണ്ട്... തിന്നാന്‍ കിട്ട്ണ്ണ്ട്. പി.ജി. വരെ ഞാന്‍ ശെമ്മാശ്ശനായിരിക്കും. പിന്നെ അവസാനം നമക്കൊര് തെരഞ്ഞെടുപ്പ് തരുമ്പോ ഞാമ്പറയും എനിക്ക് ദൈവവിളി ലഭിച്ചിട്ടില്ല, അച്ചനാകാന്‍ യോഗ്യനല്ലെന്ന്.''


''വഞ്ചനയാണിത്.'' ബ്രദര്‍ ജോവിയല്‍ അസ്വസ്ഥനായി ഉരുവിട്ടു. ''കളവിനോട് സഖ്യം കൂടുന്നതില്‍ ഭേദം മരണമാണ്.''
അതുകേട്ട് എഡ്വിനോയ്ക്ക് പിന്നെയും ചിരിവന്നു.
''സര്‍വ്വജ്ഞനായ ദൈവത്തിനറ്യാര്‍ന്നെടാ സൃഷ്ടിച്ച മനുഷ്യന്‍ ജീവവൃക്ഷത്തിന്റെ കനി പറിച്ചു തിന്നുവെന്നും പറുദീസയ്ക്ക് പൊറത്താകുമെന്നും. നന്മേടേം ശുദ്ധീടേം മാത്രമായി ഏതേലും കാലം വേദപുസ്തകത്തിലൊണ്ടായിട്ട്ണ്ടോ. പിന്നെയോ കലികാലത്തില്‍.''

ചവിട്ടി നില്‍ക്കുന്ന പാദം പൊള്ളുന്നതായും നിവര്‍ന്നു നില്‍ക്കുന്ന ദേഹം നീറുന്നതായും അനുഭവപ്പെട്ടു ജോവിയലിന്.
''നീയെന്നെ ഒറ്റ്കൊടുക്കുമോ?'' എഡ്വിനോ ചോദിച്ചു. 
''സത്യം വെളിപ്പെടുത്തേണ്ട സഹാചര്യം വന്നാല്‍ തീര്‍ച്ചയായും...''
''അങ്ങ്നൊര് സാഹചര്യം വന്നാല്‍ ഞാന്‍ കൊലപാതകിയാകുവെന്നും തീര്‍ച്ച.''
അതു പറയുമ്പോള്‍ എഡ്വിനോയുടെ മുഖത്തൊരു ചിരി ഉണ്ടായിരുന്നെങ്കിലും മാലാഖയില്‍നിന്നു പിശാചിലേക്കുള്ള ദൂരം എറുമ്പിനും ചാടിക്കടക്കാനാവുന്നത്ര ചെറുതാണെന്ന് ജോവിയലിനു തോന്നി. നല്ല ദൈവമേ, എന്തിനാണിവനെ എനിക്ക് മുറി പങ്കിടാന്‍ തന്നതെന്ന് ഇടയ്ക്കൊക്കെ ജോവിയല്‍ സ്വര്‍ഗ്ഗത്തോട് കലഹിച്ചിരുന്നു. അവന്റെ സാമീപ്യം പ്രലോഭനത്തിന്റേതാണ്. ഒളിച്ചും പാത്തും പങ്കിടപ്പെടേണ്ട പാപസാഹചര്യത്തിന്റേതാണ്. അതില്‍ പക്ഷേ, ഒരു ഗൂഢസുഖമുണ്ടെന്നു പറഞ്ഞ് ജോവിയലിനെ ചില രാത്രികളില്‍ അവന്‍ ഇളക്കിയിരുന്നു. 
''തീനും കുടീം ദേഹസുഖോം തള്ളിക്കളയേണ്ടതല്ല. ആനന്ദത്തിന്റെ ഇരിപ്പിടമത്രേ ഉടല്‍.''

അശക്തമായ എതിര്‍പ്പുകളെ മറികടന്ന് ഉടലാനന്ദത്തിന്റെ വഴികള്‍ തൊട്ടുണര്‍ത്തപ്പെടുമ്പോള്‍ ആകാശത്തു നിന്നിപ്പോള്‍ തീയും ഗന്ധകവും ഇറങ്ങുമെന്ന് ജോവിയലിനു പേടി തോന്നി. 
''പൊട്ടന്‍'' എഡ്വിനോ ചിരിച്ചു. ''ശരിക്കുവൊര് കുഞ്ഞാട് തന്നെ നീ. ദുഃഖവെള്ളിയാഴ്ച പ്രസംഗിക്കാന്‍ ഞങ്ങടെ പള്ളീല്‍ വന്ന പാതിരിയാ അള്‍ത്താരബാലനാര്‍ന്ന എനിക്ക് ദൈവവിളിയൊണ്ടെന്ന് ആദ്യം പറഞ്ഞത്. നല്ല കുമ്പസാരം കഴിക്കണംന്ന് തോന്നിയാ ഞാനിപ്പഴും കാഞ്ഞിരപ്പള്ളിക്ക് വണ്ടികേറും.''

ജീസസ്, ജീസസ് എന്ന് ജപമുരുവിട്ടുകൊണ്ട് ബ്രദര്‍ ജോവിയല്‍ ആശ്രമവളപ്പിന്റെ തെക്കേ മുനമ്പില്‍ ചെറുപാറക്കൂട്ടത്തിലേയ്ക്ക് കയറി. അവിടെനിന്നു നോക്കിയാല്‍ ആ പ്രദേശം മുഴുവന്‍ കാണാം. മതിലിന് മീതെക്കൂടിയുള്ള കാഴ്ചയില്‍ പെരിയാറിന്റെ വളവും വെട്ടിത്തിരിയലും. വിജനതയുടെ ആഘോഷമാണെങ്ങും. ഏകാന്തതയില്‍ ആത്മം നിക്ഷേപിക്കാന്‍ പറ്റിയ ഇടമാണ് സോളിറ്ററി ഡേയ്ക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ടത്. 
നടന്നുകയറിയതിന്റെ ക്ഷീണമാറ്റാന്‍ ബ്രദര്‍ ജോവിയല്‍ അക്വാഫിനയുടെ കുപ്പിയില്‍നിന്ന് ഒരു കവിള്‍ കിണര്‍ജലം കുടിച്ചു. വൈകുന്നേരം വരെ ലുബ്ധിച്ച് ഉപയോഗിക്കേണ്ടതു് ഈ പഞ്ചഭൂതാംശം. കുറച്ചു നേരം ശരീരത്തെ വെറുതെ വിട്ട് പ്രപഞ്ചത്തിലേയ്ക്ക് നോക്കിയിരിക്കാമെന്നു വിചാരിച്ചു. ഏതവസ്ഥയിലും സംസാരിച്ചുകൂടെന്ന നിയമം ഓര്‍ത്തപ്പോള്‍ എന്തെങ്കിലുമൊന്നു പിറുപിറുക്കാനുള്ള പ്രേരണയുണ്ടായി. നിയമം ലംഘനത്തിനുള്ള പ്രേരണക്കുറ്റമാകുന്നു.

പാറയില്‍ ചാരിയിരുന്നു പച്ചപ്പിലേയ്ക്ക് നോട്ടമയച്ചപ്പോള്‍ നനവിന്റെ ഭാരം വന്നു കണ്‍പോളകള്‍ കനപ്പിക്കാന്‍ തുടങ്ങി. മയക്കത്തിനു പ്രത്യേകിച്ചൊരു വിലക്ക് പറഞ്ഞിട്ടില്ലാത്തതിനാല്‍ ഊറിവരുന്ന ആലസ്യത്തില്‍ കണ്ണുകള്‍ക്കെതിരെ ബലം പ്രയോഗിക്കാതെ സുഖം പിടിച്ചു തുടങ്ങിയപ്പോഴാണ് ഭാരപ്പെട്ടതെന്തോ ഭൂമിയില്‍ പതിക്കുന്ന ശബ്ദം കേട്ടത്. 
നോക്കുമ്പോള്‍ മതിലിനു മീതേകൂടി അകത്തേയ്ക്ക് വീഴുന്നൊരു ചാക്കുകെട്ട്. പിന്നാലെ മതിലില്‍ തത്തിപ്പിടിച്ച് മറുവശത്തു നിന്ന് ആദ്യം രണ്ട് മെലിഞ്ഞ കൈകള്‍, തുടര്‍ന്നൊരു തല എന്നിവ പ്രത്യക്ഷപ്പെട്ടു. അടുത്ത നിമിഷങ്ങള്‍ മതിലിലേയ്ക്ക് വലിഞ്ഞു കയറിയ ഒരു രൂപത്തെ പ്രത്യക്ഷപ്പെടുത്തി. അതൊരു പെണ്‍കുട്ടിയായിരുന്നു. മറുവശത്തുനിന്നു കുപ്പിച്ചില്ല് പാകിയ പൊക്കത്തില്‍ അവള്‍ വലിഞ്ഞു കേറിയതെങ്ങനെന്ന് ജോവിയല്‍ അതിശയപ്പെട്ടു. ഓരംപറ്റിയൊഴുകുന്ന പെരിയാറും താണ്ടിയാണവള്‍ എത്തിയതെന്നു നനഞ്ഞ ദേഹവും ഉടുപ്പും തെളിവ് നല്‍കുന്നുണ്ടായിരുന്നു. നനവില്‍ തൂവലൊട്ടിയ പക്ഷിപോലുണ്ടായിരുന്നു അവളെ കണ്ടാല്‍.

മതിലില്‍ ഇരുന്നുകൊണ്ടുതന്നെ വളപ്പിലേക്കവള്‍ പക്ഷിനോട്ടം പായിക്കുന്നത് ജോവിയല്‍ കണ്ടു. രഹസ്യനീക്കം ഒളിച്ചുകാണുന്നതിന്റെ ജാഗ്രതയുണ്ടായി. അവളാകട്ടെ. പാറയോട് താദാത്മ്യപ്പെട്ടിരിക്കുന്ന നിരീക്ഷകനെ കാണുന്നുണ്ടായിരുന്നില്ല. അപകടമില്ലെന്ന് ഉറപ്പാക്കിയ ശേഷം മതിലില്‍ നിന്നവള്‍ താഴേക്ക് ചാടി. ഉല്‍ക്കപോലെ ഒന്നു നിലംതൊടുന്നതും വീഴ്ചയുടെ ആഘാതത്തില്‍ ഒരു നിലവിളി ഉയരുന്നതും ബ്രദര്‍ ജോവിയല്‍ കേട്ടു. 
മുറ്റിവളര്‍ന്ന കുറ്റിച്ചെടികള്‍ ആ ഭാഗം മറച്ചുപിടിച്ചിരുന്നതിനാല്‍ പിന്നെയൊന്നും വ്യക്തമായിരുന്നില്ല. അവിടെനിന്ന് അടക്കിപ്പിടിച്ചൊരു ഞരക്കം മാത്രം പുറപ്പെട്ടുകൊണ്ടിരുന്നു. 

ഏത് പ്രകോപനത്തിലും മനസ്സ് ചഞ്ചലപ്പെടരുതെന്ന ആബേലച്ചന്റെ വാക്കുകള്‍ ജോവിയലിനെ സ്വസ്ഥാനത്തുതന്നെ പിടിച്ചിരുത്തി. 
ആരാണാ പെണ്‍കുട്ടിയെന്നോ എന്താണവളുടെ ഉദ്ദേശമെന്നോ മനസ്സിലാകാതിരിക്കേണ്ട ഞരക്കം അസ്വസ്ഥമാംവിധം ഉച്ചത്തിലായി. മനസ്സ് കുറച്ചുനേരം പിന്നോട്ട് പിന്നോട്ട് വലിച്ചിട്ടും കാലുകള്‍ അനുസരണക്കേടിനു മുതിര്‍ന്നു. തിടുക്കപ്പെട്ട് പാറയിറങ്ങി ബ്രദര്‍ ജോവിയല്‍ മതിലിനടുത്ത് പെണ്‍കുട്ടി വീണുകിടക്കുന്നിടത്തെത്തി.

മതിലില്‍നിന്നുള്ള ചാട്ടത്തില്‍ അവളുടെ കാല്‍മുട്ട് നിലത്തിടിച്ച് ചോരപൊടിയുന്നുണ്ടായിരുന്നു. കാവിളോഹ ധരിച്ച രൂപത്തേയ്ക്ക് പെണ്‍മുഖത്തൊരു ഭീതി ഇരമ്പിക്കയറി. വെപ്രാളപ്പെട്ട് എണീറ്റോടാന്‍ ആഞ്ഞെങ്കിലും ആവതില്ലാതെ അങ്ങനെ തന്നെ തുടരാനേ അവള്‍ക്കായുള്ളൂ.
പതിനാലോ പതിനഞ്ചോ വയസ്സ് പ്രായം തോന്നിക്കുന്ന മെലിഞ്ഞ പെണ്‍കുട്ടി. പുല്‍ക്കൂട്ടില്‍ തൂക്കാറുള്ള ഉടലില്ലാ മാലാഖയുടെ മുഖസാദൃശ്യമുണ്ടായിരുന്നു അവള്‍ക്ക്. നനഞ്ഞൊട്ടിയ ഉടുപ്പ് അവളുടെ അല്പമാത്രമായ നെഞ്ച് തെളിച്ചുകാട്ടിയിരുന്നു. പാവാട മുട്ടോളം കയറ്റിവച്ച് മുട്ടിലെ മുറിവ് ഊതിയാറ്റുകയാണ് മാലാഖ. അരുതാത്തതു നോക്കിപ്പോയപോലെ ബ്രദറിനപ്പോള്‍ പരിഭ്രമമുണ്ടായി. 

''ആരാ... ആരാ കുട്ടി?'' എന്നു ചോദിക്കാന്‍ മുതിര്‍ന്ന നാവിനെ, ഇരുളുവോളം ഉരിയാടിക്കൂടാ എന്ന അലംഘിത നിയമമോര്‍മ്മിപ്പിച്ച് ജോവിയല്‍ അടക്കി. 
''ഒന്നും ചെയ്യര്‍ത്. ഞാന്‍... ഞാമ്പൊക്കോളാം.''
പാരവശ്യത്തോടെ പെണ്‍കുട്ടി യാചിച്ചു. മരണം ളോഹയിട്ട് മുന്നിലെത്തിയപോലെ അവളെ ഭയപ്പാട് തീണ്ടിയിരുന്നു.
എഴുന്നേല്‍ക്കാനാവുമോ എന്ന് ബ്രദര്‍ ജോവിയല്‍ ആംഗ്യം കൊണ്ട് ചോദിച്ചു. അതിനായി വീണ്ടുമവള്‍ ശ്രമിച്ചപ്പോള്‍ നിലതെറ്റി വീഴാന്‍ തുടങ്ങിയതും എത്തിപ്പിടിച്ച് ബ്രദര്‍ അവളെ നേരെ നില്‍ക്കാന്‍ സഹായിച്ചു. മൃദുവും ബലം കുറഞ്ഞതുമായിരുന്നു അവളുടെ മെലിഞ്ഞ കൈകള്‍. 
''നീയെന്തിനാ മതില്‍ ചാടീത്?''


ചോദിച്ച് പോയതും മിണ്ടാവ്രതം തെറ്റിയതോര്‍ത്ത് ബ്രദര്‍ ജോവിയലിന്റെ നെഞ്ചിനു കുറുകെ ഒരു വിലക്കം പാഞ്ഞു. ഓ ജീസസ് എന്നുരുവിട്ടുകൊണ്ട് വിലക്കത്തിനു ചുറ്റും ജോവിയല്‍ ഒരു കുരിശ് വരഞ്ഞിട്ടു. ചകിതമായ അവളുടെ നോട്ടം ബ്രദറിന്റെ മുഖത്തും പിന്നെ വിളമൂത്തു കിടക്കുന്ന പേരകളിലും മാവുകളിലും കൊരുത്തു. ഉയിര്‍പ്പിനു വറുത്തുകോരാന്‍ വളര്‍ത്തുന്ന മുയല്‍ക്കുഞ്ഞുങ്ങളെപ്പോലെ അവളുടെ ശ്വാസനിരക്ക് അത്യധികം പെരുകിയിരുന്നു. വ്രതം മുറിഞ്ഞുപോയ സ്ഥിതിക്ക് ചോദ്യം ചെയ്യാനുള്ള അവസരത്തെ ഇനി വിനിയോഗിക്കാതിരിക്കുന്നതില്‍ കഴമ്പില്ലെന്ന് ബ്രദറിനു തോന്നി.
''മോഷണമാണല്ലേ?''
ആണെന്നോ അല്ലെന്നോ പറയാതെ മിണ്ടാമഠത്തിലെ അന്തേവാസിയുടെ മട്ട് നിന്നതേയുള്ളവള്‍. കണ്ടാല്‍ തോന്നും അവളാണ് ശരിക്കും സോളിസിറ്ററി ഡേ അനുഷ്ഠിക്കുന്നതെന്ന്.  കറുത്ത ചരടുകൊണ്ടുള്ള വെന്തിങ്ങയൊന്നു കഴുത്തില്‍ പറ്റിച്ചേര്‍ന്നു കിടന്നിരുന്നു. ഒരു ചതുരത്തില്‍ വ്യാകുല മാതാവിന്റേയും മറുചതുരത്തില്‍ തൂങ്ങപ്പെട്ടവന്റേയും ചിത്രങ്ങള്‍ മെഴുക്കുപിടിച്ചിരിക്കുന്നത് നോക്കി ബ്രദര്‍ ജോവിയല്‍ ചോദിച്ചു.
''നീ ക്രിസ്ത്യാന്യാണോ?''
''ഊം'' അവള്‍ തലയാട്ടി.

''ഏഴാം പ്രമാണം ലംഘിക്കണത് പാപവാന്ന് സണ്‍ഡേ ക്ലാസ്സില്‍ പഠിച്ചിട്ടില്ലേ?''
''അപ്പോള്‍ ആറു വരേള്ളതും ഏഴിനു ശേഷോള്ളതും ലംഘിക്കാംന്നാണോ ബ്രദര്‍?''
അതുവരെ മൗനം പിടിച്ചു നിന്നവളില്‍നിന്ന് അങ്ങനൊരു പ്രതികരണം ബ്രദര്‍ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. 
''ഒര് പ്രമാണോം ലംഘിച്ചൂടാ. വേദപാഠം കൂടാത്തേന്റെ കൊഴപ്പവാ നെനക്ക്.''
''ഏഴാം ക്ലാസ്സ് വരെ സണ്‍ഡേക്ലാസ്സില്‍ സമ്മാനോണ്ടാര്‍ന്ന് എനിക്ക്. പിന്നെ ഞായറാഴ്ചേം വെലക്കപ്പെട്ട വേല ചെയ്യാണ്ട് വഴീല്ലാണ്ടായപ്പോ പള്ളിസ്‌കൂളിലെ പഠിത്തം കൂടി നിര്‍ത്തേണ്ടിവന്നു.''
ഉള്ളിലെവിടെയോ ഉരഞ്ഞുപോറിയത് മറച്ചുവച്ചുകൊണ്ട് ജോവിയല്‍ പറഞ്ഞു:
''ഇവ്ട മോഷണം നടക്കാര്‍ണ്ടെന്ന് ആശ്രമത്തില്‍ പരാതി കേട്ടിട്ട്ണ്ട്. നീയാണെന്നു ഞാന്‍ ചെന്ന് പറയും.''
''അപ്പോ സോളിറ്ററി ഡേ തെറ്റിപ്പോവൂല്ലേ...''
''നെനക്കെങ്ങ്നറ്യാം സോളിറ്ററി ഡേയെക്കുറിച്ച്.''
''അറ്യാം.''

ഒഴുക്കന്‍ മറുപടിയെ കൂട്ടുപിടിച്ചതല്ലാതെ കൂടുതല്‍ വിശദീകരണത്തിന് മുതിര്‍ന്നില്ലവള്‍. ഇപ്പോള്‍ കാല്‍മുട്ടിന്റെ വേദനയ്ക്ക് കുറച്ചൊരു ശമനമുണ്ട്.
''ഞാമ്പൊക്കോളാം. ആദ്യായിട്ടാ ഒന്നും മോഷ്ടിക്കാണ്ട് മടങ്ങ്ണെ. നിങ്ങ്ടെ ആശ്രമത്തിന് ഏദന്‍ന്നല്ലേ പേര്.''
''അതേ.''
''ഏദനില്‍ ആരും ആര്‍ടേം മോഷ്ടിക്കണ്ടാര്‍ന്നല്ലോ. എല്ലാം എല്ലാര്‍ടേമാര്‍ന്നില്ലേ.''
''ശരിക്കും നീ മതിലുചാട്ടക്കാരി തന്നെ. ഉല്‍പ്പത്തി പുസ്തകം വച്ച് മോഷണത്തെ ന്യായീകരിക്കാന്‍ നോക്കുന്നോ?''
''ഏയ്. മരിക്ക്ണേനു മുന്‍പെന്റെ വല്ല്യമ്മച്ചി പറഞ്ഞിട്ടൊണ്ട്, ഈ മണ്ണില്‍ ഞങ്ങക്കും അവകാശോണ്ടെന്ന്.''
''എന്തവകാശം?''
''അപ്പനപ്പൂപ്പമ്മാര്‍ടെ മുന്‍തലമൊറ ഇവിടത്തെ കുടികെടപ്പുകാരാര്‍ന്നു. ഇവിടം അടങ്കല്‍ വാങ്ങി വേലികെട്ടി ഏദന്ന്ന് പേരിട്ടപ്പോ പൊറത്തായതാ ഞങ്ങള്‍.''
''വിലയ്ക്ക് വാങ്ങുമ്പം അത് ആശ്രമത്തിന്റേതല്ലേ. പ്രമാണോണ്ടല്ലോ.''
''മനുഷ്യന്റെ പ്രമാണം പക്ഷേ, ദൈവപ്രമാണോന്ന്വല്ലല്ലോ. ഈ പറമ്പിലൊള്ള പെരുച്ചാഴികള്‍ടേം പാമ്പുകളുടേം കൈയില്‍ പ്രമാണോണ്ടോ. പക്ഷികള്‍ടെയോ?''
''നീയൊര് വിപ്ലവകാരിയാണല്ലേ?''
''ഞാനല്ല. എന്റപ്പനാര്‍ന്നു. അതോണ്ടല്ലേ അപ്പന് തെമ്മാടിക്കുഴി കിട്ടീത്. വിശപ്പിനേക്കാള്‍ വല്ല്യ വിപ്ലവോന്നൂല്ല ബ്രദറേ. ഞാമ്പോട്ടെ, മൂന്ന് എളേതുങ്ങള്‍ നദിക്കരേല് എന്നേം കാത്ത് നിപ്പൊണ്ട്.''
പുറത്താക്കപ്പെട്ടവന്റെ ദുരിതജീവിതത്തിലൂടെയാണല്ലോ വേദപുസ്തകം തുടങ്ങുന്നതെന്ന് ബ്രദറിനപ്പോള്‍ ഓര്‍മ്മവന്നു. മനുഷ്യന്‍ കടക്കാതിരിക്കാന്‍ ഏദനില്‍ കാവല്‍നിര്‍ത്തിയ കെരൂബുകളിലൊന്നായി തീരുന്നതില്‍ ബ്രദറിന് വിമ്മിഷ്ടം തോന്നി.

''നെനക്കീ വയ്യാത്ത കാലുകൊണ്ട് ഇന്യെങ്ങനാ മരത്തുമ്മേ കേറാമ്പറ്റ്വാ?''
''വീണൂകെടന്ന് പാഴാവണത് തന്നെ ഒരുപാട്ണ്ടിവിടെ. പെറുക്കിക്കിട്ടണതേ ധാരാളം. മക്കള്‍ടെ മേശേന്ന് വീഴണത് തിന്ന് നായ്ക്കളും ജീവിക്കുന്നെന്ന് വേദപുസ്തകത്തി വായിച്ചുകേട്ടിട്ടണ്ട്, പള്ളീല്.''
അടുത്തുകണ്ട കമ്യൂണിസ്റ്റ് പച്ചയുടെ ഇല ഞെരടി നാലഞ്ചുതുള്ളി ബ്രദര്‍ മുറിവില്‍ ഇറ്റിച്ചപ്പോള്‍ അവള്‍ നീറ്റലോടെ കാല് പിന്‍വലിച്ചു. തൊട്ടപ്പുറം പേരമരത്തില്‍ വിളഞ്ഞുനില്‍ക്കുന്ന മാംസളതകള്‍ ജോവിയല്‍ കണ്ടു. ചെറുപ്പത്തില്‍ മരം കയറുന്നതിനിടെ താഴേക്ക് വീണ് മുട്ടുപൊട്ടിയതില്‍ പിന്നെ വൃക്ഷത്തിന്റെ പൊക്കത്തെ ദൂരെനിന്ന് ആദരിച്ചിട്ടേ ഉള്ളു. വീണ്ടും ഒരു ചെറുപ്പം വന്നു മരംകേറാന്‍ ക്ഷണിച്ചപ്പോള്‍ ഒട്ടും മടിക്കാതെ ബ്രദര്‍ ജോവിയല്‍ ളോഹ മാടിക്കുത്തി. ഇരുകൈകളും ചേര്‍ത്ത് പേരമരത്തെ ചുറ്റിപ്പിടിച്ച് ഒരു ചുംബനം കൊടുത്ത് വശത്താക്കി. മുകളിലേക്കുള്ള കവരങ്ങള്‍ മരം ചായ്ചു കൊടുത്തു. പഴുത്തുവീഴാന്‍ നില്‍ക്കുന്ന കനിയൊന്നു പറിച്ച് താഴേക്കിട്ട് ഏഴാം പ്രമാണത്തെ ഒന്നാമത് ലംഘിച്ചു. അതിനുശേഷം മറ്റൊന്ന്. പിന്നാലെ പിന്നാലെ വീണവ പാവാടയുടെ ചുവടറ്റം നിവര്‍ത്തി താഴെ വീഴാതെ അവള്‍ ശേഖരിച്ചു. കൊണ്ടുവന്ന പഴഞ്ചാക്കില്‍ മാങ്ങയും റമ്പൂട്ടാനും പപ്പായയും പുറജാതികളെപ്പോലെ ഒന്നുപെട്ട് കിടന്നു.

അവള്‍ കൊതിയോടെ ചുവന്ന ദശയുള്ള പേരയ്ക്ക കടിച്ച ശേഷം ഒന്ന് ബ്രദറിനും നീട്ടി. ചോരച്ചൊകപ്പുള്ള അതിന്റെ ഉള്ള് തിരുനിണം വാര്‍ന്ന വിലാപ്പുറത്തിന് സദൃശമായിരുന്നു. കൈനീട്ടി വാങ്ങി അത് കടിക്കാനാഞ്ഞതും പെട്ടെന്നെന്തോ ഓര്‍ത്ത് തിരികെ നല്‍കിക്കൊണ്ട് ബ്രദര്‍ പറഞ്ഞു:
''ഇന്നത്തെ ദെവസം ഇതെനിക്ക് വിലക്കപ്പെട്ട കനിയാ.''
''അപ്പോ കളവിന് കൂട്ടുനിന്നതോ. ഏഴാം പ്രമാണം തെറ്റിയില്ലേ?''
''അത് ഞാന്‍ കുമ്പസാരിച്ച് വീട്ടിക്കൊള്ളാം.''
'''നമ്മള്‍ ക്രിസ്ത്യാന്യോള്‍ടയൊര് സൗകര്യമേ. എന്തപരാധോം കുമ്പസാരിച്ച് വീട്ടാം. പിന്നേം ചെയ്യാം പിന്നേം വീട്ടാം. ഉള്ളില്‍ത്തട്ടാത്ത കള്ളക്കുമ്പസാരം കഴിച്ച് എളുപ്പം പറ്റിക്കാവ്ന്ന മണ്ടനാണോ ബ്രദര്‍ ദൈവം.''
''ദേ പെങ്കൊച്ചേ ദൈവദൂഷണം പറേണ്ടട്ടോ.''
ദൈവദൂഷണം എന്നൊക്കെ കേട്ടാല്‍ ഒരു സാധാരണ ക്രിസ്ത്യാനി ഭയപ്പെടേണ്ടതായിട്ടുകൂടി അവളുടെ മുഖത്ത് ഒരു ചിരി വിടര്‍ന്നുവരുന്നത് ജോവിയല്‍ കണ്ടു.


''ബ്രദര്‍ ശരിക്കും ദൈവത്തെ കണ്ടിട്ട്‌ണ്ടോ?''
'''ഇല്ല.''
''ആബേലച്ചനോ ബിഷപ്പോ ആരേലും കണ്ടിട്ട്ള്ളതായ് പറഞ്ഞിട്ട്‌ണ്ടോ?''
''ഇല്ല.''
''മുന്‍പി വന്ന് നിന്നാലും കാണില്ലാരും.''
''നീയെന്താ വല്ല്യ ദൈവശാസ്ത്രജ്ഞേപ്പോലെ സംസാരിക്കണെ.''
''അതിന് ദൈവശാസ്ത്രവറിയേണ്ട കാര്യവെന്ത്. ഞാന്‍ നഗ്‌നനാര്ന്നു, നീയെന്നെ ഉടുപ്പിച്ചില്ല. ഞാന്‍ വിശക്കുന്നോനാര്ന്നു, നീയെനിക്ക് ഭക്ഷണം തന്നില്ല. ഞാന്‍ പരദേശിയാര്ന്നു നീയെന്നെ സ്വീകരിച്ചില്ല എന്നല്ലേ വിധിദിവസം കര്‍ത്താവ് പറേക. ഈ എളിയവരില്‍ ഒരുവന് ചെയ്യാഞ്ഞപ്പോ നീ എനിക്കാണ് ചെയ്യാഞ്ഞതെന്ന് കുറ്റംവിധിക്കുവോളം ആരുടേം കണ്ണില്‍ കര്‍ത്താവ് പെടില്ല ബ്രദറേ.''
ഉത്തരം മുട്ടി ബ്രദര്‍ നിന്നുപോവുമ്പോള്‍ സമീപത്തെ നൊയ്യണം വള്ളികളില്‍ ഒരനക്കമുണ്ടായി. നോക്കുമ്പോള്‍ ഇഴഞ്ഞുകയറുന്നൊരു നാഗം പറുദീസയിലെ പ്രലോഭകനെപ്പോലെ. പാമ്പിനെ കണ്ട് ബ്രദര്‍ ജോവിയല്‍ അയ്യോ എന്ന് വിളിച്ചുപോയി. ലവലേശം പേടിയില്ലാതെ പെണ്‍കുട്ടി അതുകണ്ട് ചിരിച്ചു. 
''ഇപ്പ്ഴാ ശരിക്കും ഏദനായെ.''
'''നെനക്ക് പേടീല്ലേ പാമ്പിനെ'' ഇഴഞ്ഞുനീങ്ങുന്ന ഉരഗത്തില്‍നിന്നു ദൃഷ്ടിമാറ്റാതെ ജോവിയല്‍ ചോദിച്ചു. 
''പേടിക്കാനെന്ത്. പറമ്പിലിപ്പോ നമ്മള് മൂന്നാള് മാത്രം. ഞാന്‍ ഹവ്വ. ബ്രദര്‍ ആദം. പിന്നെയാ പാമ്പും. എന്റെ കയ്യില്‍ പാതികടിച്ച പേരയ്ക്ക. നമ്മള്‍ നഗ്‌നരല്ലെന്ന വ്യത്യാസവേള്ളൂ. ഇത്രകാലം കഴിഞ്ഞിട്ടും പാമ്പുകളെന്താ നമ്മ്ളെപ്പോലെ തുണീടുക്കാത്തതെന്നാ എനിക്ക് മനസ്സിലാവാത്തെ. ശരിക്കും മനുഷ്യര്‍ക്കും അങ്ങനെ പോരാര്‍ന്നോ.''
''ഛേ'' ബ്രദറിനാ വര്‍ത്തമാനത്തില്‍ ഒരു നഗ്‌നതയനുഭവപ്പെട്ടു. ''നാണോല്ലേ നെനക്ക്?''
''പാപമാണ് നാണം. നാണമാണ് വസ്ത്രം. സണ്‍ഡേ സ്‌കൂളീന്ന് അവസാനമായ് ഞാങ്കേട്ട പാഠം അതാര്‍ന്നു.''
തിരികെ പോകാനായി അവള്‍ മതിലിനടുത്തോളം എത്തിയിരുന്നു. ഉടലൊളിപ്പിക്കാന്‍ പറ്റിയ മാളമൊന്ന് പാമ്പും കണ്ടെത്തിക്കഴിഞ്ഞിരുന്നു. മടങ്ങും മുന്‍പ് അവള്‍ ചോദിച്ചു:
''ഇന്യെന്നാ സോളിറ്ററി ഡേ. അന്നു ഞാമ്പരാം.''
''അയ്യോ'' ബ്രദര്‍ ജോവിയല്‍ പരിഭ്രാന്തനായി വിളിച്ചു: ''ജീസസ്.''
''എന്താ എന്താ'' അവള്‍ ചോദിച്ചു.
''മൗനം മറന്നു. എഴുതാന്‍ മറന്നു. എല്ലാം മറന്നു.''
''ഹഹഹ'' അവള്‍ ചിരിച്ചു. ''ചിലര്‍ക്ക് വിഷയ ദാരിദ്ര്യം. ചിലര്‍ക്ക് ഭക്ഷണ ദാരിദ്ര്യം. എഴുത്തിന്റെ മാലാഖേ കൂട്ടുവിളിച്ചാല്‍ പറപറാ പറന്നുവരും അക്ഷരങ്ങള്‍. ബ്രദറിനറ്യോ ഞാനീ മതില്‍ ചാടുമ്മുമ്പ് കാവല്‍മാലാഖേ ഒപ്പം കൂട്ടീര്‍ന്നു.''
''കള്ളം.''
''എല്ലാര്‍ക്കുവൊപ്പം കാവല്‍മാലാഖയൊണ്ടെന്ന് സണ്‍ഡേക്ലാസ്സില്‍ പഠിച്ചിട്ടില്ലേ ബ്രദര്‍?''
അല്‍മായ പെണ്‍കുട്ടിയൊരുവള്‍ ശെമ്മാശ്ശനെ ഓര്‍മ്മപ്പെടുത്തേണ്ട വിഷയമല്ല അതെന്നോര്‍ത്ത് ബ്രദര്‍ ജോവിയലിന് ഷെയിം തോന്നി. ക്രിസ്മസിന് ഫാന്‍സിഡ്രസ്സ് മാലാഖയായി പണ്ട് പള്ളിയങ്കണത്തില്‍ വേഷമിട്ടുനിന്നതാണ് ഓര്‍മ്മ വന്നത്.
മതിലിനെ മുട്ടിയുരുമ്മുന്ന വഴന മരത്തിന്റെ ശിഖരത്തില്‍ ചവിട്ടിയായിരുന്നു ഇതിനു മുന്‍പവള്‍ പറമ്പില്‍ പ്രവേശിച്ചതും തിരിച്ചു പോയതും. ആ ചെറുസാമ്രാജ്യം ചെമ്പന്‍ ചെല്ലി കുത്തി കരിഞ്ഞുപോയതിനാല്‍ പൊക്കമുള്ള മതിലില്‍ കയറാനുള്ള അവളുടെ ശ്രമം വിജയിച്ചില്ല. പോരെങ്കില്‍ ചാക്കിന്റെ കനവും. മെലിഞ്ഞ ദേഹഭാരം താങ്ങാന്‍ പോന്ന ചുമലുകള്‍ തനിക്കുണ്ടെന്ന തിരിച്ചറിവില്‍ ബ്രദര്‍ ജോവിയല്‍ തന്നെ ഒടുവില്‍ ഒരു പോംവഴി കണ്ടെത്തി. സങ്കീര്‍ത്തനം ചൊല്ലുമ്പോള്‍ പതിവുള്ളപോലെ മണ്ണില്‍ മുട്ടുകുത്തി തോള് താഴ്ത്തിക്കൊടുത്തുകൊണ്ട് ബ്രദര്‍ പറഞ്ഞു:
''ചവിട്ടിക്കേറിക്കോളൂ.''
''അയ്യോ'' അവള്‍ അന്ധാളിച്ചു. ''ദൈവപുരുഷന്റെ തോളില്‍ ചവിട്ടാനോ. പാപം കിട്ടും.''

അങ്ങനെ പറഞ്ഞെങ്കിലും ബ്രദറിന്റെ നിര്‍ബന്ധത്താലും മറ്റൊരു നിര്‍വ്വാഹവും കാണാതെയും മണ്ണുപുരണ്ട പാദം അവള്‍ ളോഹയിട്ടവന്റെ തോളില്‍ വച്ചു. മെല്ലെ എഴുന്നേറ്റ് ബ്രദര്‍ അവളെ മതില്‍പ്പൊക്കത്തിലേക്ക് ഉയര്‍ത്തുന്ന നേരം രസം കയറി പെണ്‍കുട്ടി പറഞ്ഞു:
''സ്വര്‍ഗ്ഗത്തിലേക്കുള്ള നൂലേണി കേറുംപോലുണ്ട്.''
മതിലിനപ്പുറത്തുനിന്ന് അവളുടെ നേര്‍ക്ക് ''ചേച്ചീ'' എന്ന കുഞ്ഞുവിളികള്‍ എത്തുന്നത് ഇപ്പറുത്ത് നില്‍ക്കുന്നയാളിന് കേള്‍ക്കാനായി.
''ശ്ശോ, എനിക്കവരെ നേരില്‍ കാണാമ്പറ്റ്ണില്ലല്ലോ.'' ബ്രദര്‍ ജോവിയലിനു സങ്കടമുണ്ടായി. 

''ഒരൂസം മതിലിനും മീതെ പെരിയാറ് പൊന്തിവരുമാരിക്കും. അപ്പോ അതിരില്ലാണ്ടാവും.'' അവള്‍ ചിരിച്ചു. ശേഷം കൈവീശി അവള്‍ ഉറക്കെപ്പറഞ്ഞു.
''ഈശോമിശിഹായ്ക്ക് സ്തുതിയാരിക്കട്ടെ ശെമ്മാശ്ശാ.''
ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ എന്നു പ്രതിവന്ദനം പറയുമ്പൊഴേക്കും അതിരിനപ്പുറത്തെ അജ്ഞേയതയിലേക്ക് അവള്‍ ചാടിക്കഴിഞ്ഞിരുന്നു. അവളുടെ പേര് ചോദിക്കാന്‍ വിട്ടുപോയല്ലോ എന്ന് അപ്പോഴാണ് ബ്രദര്‍ ഖേദത്തോടെ ഓര്‍ത്തത്. ചോദിച്ചാലും അവള്‍ കാവല്‍ മാലാഖയെന്നോ മറ്റോ കളിപറഞ്ഞ് ചിരിക്കുമായിരുന്നു വെന്നോര്‍ത്ത് തോളില്‍ പുരണ്ട പാദധൂളികള്‍ ബ്രദര്‍ കൈകൊണ്ട് തുടച്ചുകളഞ്ഞു. 
 തിരികെ വീണ്ടും പാറയിലേക്ക് കയറുമ്പോള്‍ ലംഘിക്കപ്പെട്ടുപോയ പ്രമാണങ്ങള്‍ എണ്ണിയെണ്ണി ഓര്‍മ്മപ്പെടുത്തി മനസ്സാക്ഷി ബ്രദറിനെതിരെ പിറുപിറുപ്പു തുടങ്ങി. സംസാരിച്ചുകൂടാ എന്ന നിയമം തെറ്റിച്ചിരിക്കുന്നു. സ്ത്രീയുടെ ഉടലില്‍ തൊട്ടിരിക്കുന്നു. മോഷണപാപത്തില്‍ പങ്കാളിയായതുകൂടാതെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തിരിക്കുന്നു. എല്ലാറ്റിനുമുപരി ധ്യാനം തവിടുപൊടിയായിരിക്കുന്നു.
ഡയറിയില്‍ എന്തെഴുതുമെന്ന ആകുലതയോടെ പേനയും കൈയില്‍ പിടിച്ച് ബ്രദര്‍ ജോവിയല്‍ പാറയുടെ പരുപരുപ്പിലിരുന്നു. 
വൈകിട്ട് പതിവിലും വൈകിയെത്തിയ ബ്രദറിന്റെ ഡയറി തുറന്ന് അതിലെഴുതിയ വചനങ്ങള്‍ ആബേലച്ചന്‍ വായിച്ചു.
''എന്റെ മൗനം മുറിഞ്ഞുപോയി. പ്രാര്‍ത്ഥനയും. ഒന്നുമെനിക്ക് എഴുതാന്‍ കഴിഞ്ഞില്ല.''

ആബേലച്ചന്‍ അര്‍ത്ഥഗര്‍ഭമായൊന്ന് നോക്കി. അധികം മിണ്ടുന്ന സ്വഭാവക്കാരനല്ല പണ്ടേ. ആകെയിപ്പോള്‍ വേണ്ടത് അപരാധിക്കുള്ള ശിക്ഷ വിധിച്ച് ദൈവനീതി നടപ്പാക്കുക മാത്രം.
നിര്‍മമനായി അത് നിര്‍വ്വഹിച്ച ശേഷം ഉറങ്ങും മുന്‍പുള്ള ജപങ്ങള്‍ പൂര്‍ത്തിയാക്കാനായി റോമില്‍ നിന്നെത്തിച്ച കൊന്തയും കയ്യിലേന്തി ആബേലച്ചന്‍ മേടയിലേക്ക് മടങ്ങി. ''ഞാന്‍ പിഴയാളി'' എന്നു ചോക്കുകൊണ്ടെഴുതിയ പൊട്ടിയ കലത്തിന്റെ വാവട്ടം കഴുത്തിലണിഞ്ഞുകൊണ്ട് എല്ലാ ശെമ്മാശ്ശന്മാര്‍ക്കും അത്താഴം വിളമ്പിക്കൊടുക്കുന്നേരം ഉള്ളിലൊരു ആകാശം പരക്കുന്നതനുഭവപ്പെട്ടു ബ്രദര്‍ ജോവിയലിന്. സകലരുടെയും ഉച്ഛിഷ്ടം പറ്റിയ പ്ലേറ്റുകളത്രയും കഴുകിത്തീര്‍ത്തപ്പോള്‍ പാതിരയായിരുന്നു. ശേഷം പൂര്‍ണ്ണ ഉപവാസത്തില്‍ ബ്രദര്‍ ജോവിയല്‍ മുറിയിലെത്തിയപ്പോള്‍ ആരും കാണാതെ ഒളിപ്പിച്ച് കൊണ്ടുവന്നൊരു വാഴപ്പഴം ബ്രദര്‍ എഡ്വിനോ നീട്ടി. 
''നാലുമണിച്ചായയ്ക്ക് കഴിക്കാന്‍ കിട്ടീതാ. എനിക്കറിയാര്ന്നു നീയിന്ന് പട്ടിണിയാവുംന്ന്.''
''വേണ്ടെനിക്ക്. എങ്ങ്നെ തോന്നി പട്ടിണിയാവുംന്ന്.''
''നീതിമാന്റെ വിധി എക്കാലോം ഒന്ന്തന്നെ.''
കഴുത്തിലെ മണ്‍ക്കലവട്ടത്തില്‍ സ്പര്‍ശിച്ചുകൊണ്ട് ബ്രദര്‍ ജോവിയല്‍ മുള്‍മുടി ചൂടിയവന്റെ ഫോട്ടോയ്ക്ക് നേരെ മന്ദഹസിച്ചു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ദേഹത്ത് കൈചുറ്റിയ എഡ്വിനോയും സ്വന്തം ശരികളോട് കലഹിക്കാന്‍ നില്‍ക്കാത്ത കാവല്‍മാലാഖ തന്നെയെന്ന് ബ്രദര്‍ ജോവിയലിനിപ്പോള്‍ ഉറപ്പായിരുന്നു. എന്തെന്നാല്‍, ആകാശത്തുറപ്പിച്ച ഹൈമാസ്റ്റ് വിളക്ക് ഭൂമിയിലേക്കിറ്റിക്കുന്ന നീലവെളിച്ചത്തില്‍ താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നൊരു നൂലേണി കാണ്മാനുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com