ഉന്മൂലന സിദ്ധാന്തം: പ്രകാശ് മാരാഹി എഴുതുന്നു

ഉന്മൂലന സിദ്ധാന്തം: പ്രകാശ് മാരാഹി എഴുതുന്നു

അപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അരിപ്പ ഭൂസമരപ്പന്തലില്‍നിന്നുമാണ് കടുത്ത ആസ്ത്മ വകവയ്ക്കാതെ തുരുതുരാ ബീഡി പുകച്ചും കൊരച്ചുതുപ്പിയുമുള്ള ടിയാന്റെ വരവ്.   

കേട്ടെഴുത്ത് സാഹിത്യത്തിന് മലയാളത്തില്‍ ഇടക്കാലത്ത് നല്ല വായനക്കാരുണ്ടായതോടുകൂടിയാണ് സമൂഹത്തിന്റെ പുറമ്പോക്കുകളിലും മുഖ്യധാരയുടെ അരികുകളിലുമായി ജീവിക്കുന്ന പല തീക്ഷ്ണാനുഭവക്കാരുടെയും ജീവചരിത്രവും ആത്മകഥയും മറ്റും പുറംലോകമറിയാന്‍ തുടങ്ങിയത്. വെറുതെ ജീവിച്ചുതീര്‍ക്കുക എന്നതില്‍നിന്നു മാറി വൈവിധ്യപൂര്‍വ്വമായി അവരെന്തൊക്കെ ചെയ്തുതീര്‍ത്തു എന്ന വിസ്മയത്തിലേക്കാണ് അത്തരം ജന്മലക്ഷ്യങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടതെന്ന് പൊതുബോധത്തിന് അങ്ങനെ തിരിച്ചറിയാനായി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ലോകങ്ങളില്‍നിന്നുള്ള അനേകം വ്യതിരിക്ത ശബ്ദങ്ങള്‍ അങ്ങനെ മലയാളത്തില്‍ പ്രതിസ്ഥാപിതമാവുകയും ചെയ്തു. എന്തുകൊണ്ടോ, അത്തരക്കാരുടെ ശ്രദ്ധയില്‍പ്പെടാതെപോയ ഒരു വിമുക്തവിപ്ലവകാരിയെയും അയാളുടെ ചില തീക്ഷ്ണാനുഭവങ്ങളേയും ഈയിടെ എനിക്ക് അഭിമുഖീകരിക്കേണ്ടിവന്നു. അതോര്‍ക്കുമ്പോള്‍ ഞാനിപ്പൊഴും അകാരണമായി ഭയക്കുന്നുണ്ട്.   

 മാത്യൂസ് മുറിയോടിത്തറ എന്നാണ് ആഖ്യാതാവിന്റെ പേര്. ഏതാണ്ട് എണ്‍പതു വയസ്സായിട്ടുണ്ടാകും. മെലിഞ്ഞുണങ്ങി ശുഷ്‌കിച്ച ദേഹത്തെ പൊതിഞ്ഞുകൊണ്ട് കോറത്തുണിയുടെ നീളന്‍ ജുബ്ബയും കാവിമുണ്ടുമാണ് വേഷം. അണയാന്‍ കൂട്ടാക്കാത്ത കനല്‍ ഇപ്പോഴും അവശേഷിപ്പിക്കുന്നതാണ് ആ കണ്ണുകളുടെ തീക്ഷ്ണത. അപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അരിപ്പ ഭൂസമരപ്പന്തലില്‍നിന്നുമാണ് കടുത്ത ആസ്ത്മ വകവയ്ക്കാതെ തുരുതുരാ ബീഡി പുകച്ചും കൊരച്ചുതുപ്പിയുമുള്ള ടിയാന്റെ വരവ്.   
ഒരുച്ചയ്ക്കാണ് ഞങ്ങളുടെ പത്രമോഫീസില്‍ ഇയാള്‍ പ്രത്യക്ഷപ്പെടുന്നത്. അനുവാദമോ പരിചയപ്പെടുത്തലോ ഒന്നുമില്ലാതെതന്നെ റിസപ്ഷനില്‍പ്പോലും പേരു രേഖപ്പെടുത്താതെ മരക്കോണികേറി പൊടുന്നനെ നേരെ എന്റടുത്തേക്ക് വരികയായിരുന്നു. എന്നിട്ട്, കയ്യിലിരുന്ന വീര്‍ത്തുന്തിയ ഒരു ഡയറി എന്റെ മേശപ്പുറത്തേക്ക് നിക്ഷേപിച്ച്, താല്പര്യരഹിതമായ എന്റെ തുറിച്ചുനോട്ടത്തെ അവഗണിച്ചുകൊണ്ടുതന്നെ അയാള്‍ നിന്നു. 

പല നിറത്തിലുള്ള മഷിയില്‍ പല കാലങ്ങളിലായി കുത്തിക്കുറിച്ചിട്ട തന്റെതന്നെ ആത്മകഥാ ഭാഗങ്ങളാണ് അവയെന്ന് അയാള്‍ എന്നോട് പറഞ്ഞപ്പോള്‍ ആരുടെയോ ആജ്ഞയിലെന്നോണം യാന്ത്രികമായിത്തന്നെ ഞാനതെടുത്ത് മറിച്ചുനോക്കിയിട്ട് തിരിച്ചുവെച്ചു. അടുക്കും ചിട്ടയുമൊന്നുമില്ലെങ്കിലും എളുപ്പം വായിക്കാനാവുന്നവിധം ചെറിയ ചെറിയ കുറിപ്പുകള്‍ നമ്പറിട്ട് തിരിച്ച നിലയിലായിരുന്നു ആ ഡയറിയിലെ എഴുത്ത്.   
സൂര്യവെളിച്ചത്തിന്റെ തുണ്ട് കരിഞ്ഞൊട്ടിയ അയാളുടെ കഷണ്ടിത്തലയില്‍നിന്ന് അപ്പോള്‍ എന്റെ നിരുന്മേഷത്തെ ആളിപ്പടര്‍ത്താനായി നീരാവിയുടെ ചെറിയൊരലയുയര്‍ന്നു. 
''സഖാവ് മുറിയോടിത്തറ എന്നു പറഞ്ഞാല്‍ നാലാളറിയും.''
അയാള്‍ പറഞ്ഞു.
നക്സലൈറ്റുകളുടെ ചരിത്രം പറയുന്ന പുസ്തകങ്ങളിലെങ്ങാനും അങ്ങനെയൊരാളെക്കുറിച്ചുള്ള സൂചനയെന്തെങ്കിലുമുണ്ടായിരുന്നോ എന്ന് ഞാനോര്‍ത്തുനോക്കി. ഒരു പിടിയും കിട്ടുന്നില്ല. 
''ചരിത്രത്തിന് അങ്ങനെയൊരു കൊഴപ്പുണ്ട് സാറെ. ഏത് സംഭവവികാസങ്ങള്‍ക്കിടയിലും ചെലര്ടെ ജീവിതം മനപ്പൂര്‍വ്വം മണ്ണിട്ട് മറച്ച്കൊണ്ടായിരിക്കും പല ചരിത്രവും എഴ്തപ്പെട്ടിരിക്കുകയെന്ന് പറഞ്ഞ്കേട്ടിട്ടുണ്ട്. നിഴല്‍പോലെ ജീവിച്ച് മാഞ്ഞുപോയവര്‍.''
ചെമ്മണ്ണു പുരണ്ട ഡയറിയെ മലഞ്ചരുവിലെ തിണര്‍ത്ത ചരല്‍മണ്ണില്‍നിന്ന് പിടിച്ചെടുത്ത ഒരു വെള്ളാമയെ എന്നപോലെ മലര്‍ത്തിയിട്ട നിലയില്‍ അപ്പോള്‍ ഞാന്‍ സങ്കല്‍പ്പിച്ചു നോക്കി. നിലനില്‍പ്പിനായി അത് നാലു കാലും ഇളക്കിക്കൊണ്ട് നിവരാനാവാതെ മേശമേല്‍ അതേ കിടപ്പു തുടര്‍ന്നു. 
''60-കളുടെ അവസാനം നക്സലൈറ്റ് വിപ്ലവത്തിലേക്കെടുത്തെറിയപ്പെട്ട അന്നത്തെ ക്ഷുഭിതയൗവ്വനങ്ങളില്‍ ഇന്നു ബാക്കിയായവര്‍ വളരെ വിരളമാണ്. ഫിലിപ്പ് എം. പ്രസാദും കെ. വേണുവും പി.ടി. തോമസ് സാറും അജിതയും പിന്നെ ഞാനും മാത്രമേ കാണൂ. ഞാനൊഴിച്ച് മറ്റവരൊക്കെ രാഷ്ട്രീയത്തില്‍നിന്നൊളിച്ചോടിപ്പോയി. ഞാനെവിടെയും പോയില്ല. ഞാനിപ്പൊഴും കുടിയേറ്റമേഖലകളില്‍ പട്ടിണിപ്പാവങ്ങള്‍ക്കായി പൊരുതിക്കൊണ്ടിരിക്കുന്നു, അടിയാളരുടെ പെരുമനെപ്പോലെ. പില്‍ക്കാല വേണുവിനെപ്പോലെ ഞാന്‍ ആദര്‍ശം ആര്‍ക്കും തൂക്കിവിറ്റില്ല. ഫിലിപ്പിനെപ്പോലെ പള്ളിവരാന്തയില്‍ അഭയം തേടിയതുമില്ല. വിപ്ലവകാലങ്ങളില്‍, ചെറുപ്പത്തിന്റെ ചില ബലഹീനതകള്‍, പ്രത്യേകിച്ച് ലൈംഗികകാര്യങ്ങളിലുണ്ടായ തൃഷ്ണയൊഴിച്ചാല്‍ മറ്റെല്ലാം മറികടക്കാനായിട്ടുണ്ടെന്നാണ് എന്റെ എളിയ വിശ്വാസം.''
ശ്വാസം ഉള്ളിലേക്കാഞ്ഞുവലിച്ച് കയ്യിലിരുന്ന പുകഞ്ഞുതീരാന്‍ വിധിക്കപ്പെട്ട മുറിബീഡി നിലത്തിട്ട് ചവിട്ടിയരച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
ആ വാക്കുകളില്‍ തെളിഞ്ഞുകണ്ട നൈരാശ്യവും പ്രതിഷേധവും ഒരുപക്ഷേ, തന്നോടുതന്നെയുള്ള ഏകവിശ്വാസത്തിന്റെ ചുവപ്പുമഷി പടര്‍ന്ന സത്യവാങ്മൂലമായിരിക്കണം.

എന്റെ കര്‍ത്താവെ, ഇതേത് അവതാരം? എന്ന് ഉള്ളില്‍ ഉരുവിട്ടുകൊണ്ട് ബഹുമാനപൂര്‍വ്വം ഇരുന്നിടത്തുനിന്നെണീച്ചുപോയി ഞാന്‍. പഴയ വിപ്ലവകാരികളെ പൊതുവെ വിലവെയ്ക്കുന്ന ഒരു കാലത്തൊന്നുമല്ല നമ്മള്‍ ജീവിക്കുന്നതെങ്കിലും ആ ഗണത്തില്‍പ്പെടുത്താവുന്ന ഒരാളെ തിരിച്ചറിഞ്ഞതിലുള്ള കൗതുകംകൊണ്ടായിരുന്നു ആ ബഹുമാനം.
ഇരിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും അയാളിരുന്നില്ല.
എന്നോടെന്തോ തുടര്‍ന്നു പറയാന്‍ ശ്രമിച്ചെങ്കിലും അയാളുടെ വാക്കുകള്‍ ഉള്ളിലെ ചുഴലിയില്‍പ്പെട്ട് ശിഥിലമായിപ്പോകുന്നത് ഞാനറിഞ്ഞു.
അതില്‍പ്പിന്നെ ഒരു തവണകൂടി അയാള്‍ തന്റെ ആത്മകഥാ ഭാഗങ്ങള്‍ വായിച്ചുനോക്കിയോ, പ്രസിദ്ധീകരണ യോഗ്യമാണോ എന്നൊക്കെ അന്വേഷിച്ചുകൊണ്ട് പത്രമോഫീസില്‍ വന്നു. ഉച്ചതെറ്റിയ നേരത്തുതന്നെയാണ് അന്നും വന്നത്. അതിരാവിലെ മേല്‍മുറി എന്ന ഹൈറേഞ്ച് പ്രദേശത്തിനടുത്തുനിന്ന് പുറപ്പെട്ടെത്തുന്ന ആദ്യത്തെ ബസ് ഇവിടെയെത്തുമ്പോള്‍ ഉച്ചതെറ്റുന്നതുകൊണ്ടാണ് ഈ സമയത്തു വന്ന് ബുദ്ധിമുട്ടിക്കുന്നതെന്ന മുഖവുരയോടെ. 
ഇങ്ങനെ എടയ്ക്കിടെ വന്നു ബുദ്ധിമുട്ടണമെന്നില്ലെന്നും മാറ്റര്‍ വായിച്ചുനോക്കിയിട്ട് വിവരം വൈകാതെ ഫോണില്‍ വിളിച്ചറിയിക്കാമെന്നു ഞാന്‍ പറഞ്ഞിട്ടും അയാള്‍ക്ക് തൃപ്തി വന്നില്ലെന്നു തോന്നി. പിന്നീടൊരു ദിവസം വരാമെന്നും പ്രസിദ്ധീകരണ യോഗ്യമല്ലെങ്കില്‍ മാറ്റര്‍ അന്ന് തിരിച്ചുവാങ്ങിച്ചോളാമെന്നും അതുവരെ ഇതിവിടിരിക്കട്ടെ സാറെ എന്നും പറഞ്ഞാണ് അന്നയാള്‍ മടങ്ങിപ്പോയത്.

പിന്നീട് കുറേ ദിവസത്തേക്ക് അയാളുടെ പൊടിപോലും കണ്ടില്ല. ഒരു ദിവസം, ദേശീയ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്രത്തില്‍ തുടരാനായി കൊടുക്കേണ്ടിയിരുന്ന കുറേ സ്‌കൂപ്പുകള്‍ ഫയലില്‍വെച്ചു കഴിഞ്ഞപ്പോള്‍ പഴയ രാഷ്ട്രീയകാര്യങ്ങള്‍ പ്രതിപാദിക്കുന്ന മാത്യൂസ് മുറിയോടിത്തറയുടെ ആത്മകഥാ ഭാഗങ്ങള്‍ എനിക്കോര്‍മ്മവന്നു. അയാള്‍ അതന്വേഷിച്ചു വരാതായിട്ട് അന്നേക്ക് പത്തുമുപ്പത് ദിവസമെങ്കിലും കഴിഞ്ഞിട്ടുണ്ടായിരിക്കണം. ഉച്ചമയക്കത്തിന്റെ ആലസ്യം മാറാനായി അപ്പോള്‍ മറ്റൊന്നും ചെയ്യാന്‍ തോന്നാത്തതുകൊണ്ടുതന്നെ ഞാന്‍ ആ ഡയറി തുറന്ന് കിട്ടിയ പേജെടുത്ത് മെല്ലെ വായിച്ചുതുടങ്ങി...  

                      ഫിബ്രവരി 1, 1970

സംഭവരഹിതമായ ഒരാഴ്ച പിന്നിട്ടപ്പോള്‍ മഫ്തിവേഷത്തില്‍ രണ്ട് പൊലീസുകാര്‍ എന്നെ അന്വേഷിച്ച് വൈത്തിരിയിലുള്ള സഖാവ് കൊച്ചുകുഞ്ഞിന്റെ വീട്ടിലെത്തി. 
ഞാനപ്പോള്‍ ആ വീടിന്റെ ഉമ്മറത്തിണ്ണയില്‍ വിരിച്ചിട്ട പുല്ലുപായില്‍ കിടന്ന് സ്റ്റാലിന്‍ എഴുതിയ സി.പി.എസ്.യുവിന്റെ ചരിത്രം രണ്ടാംഭാഗത്തിന്റെ കരട് വായിക്കുകയായിരുന്നു. അപ്പോഴേക്കും കൊച്ചുകുഞ്ഞിന്റെ ചാച്ചനും അമ്മച്ചിയും ഫാമിലെ പണികഴിഞ്ഞ് വന്നിരുന്നു. കൂരയുടെ പിന്നിലെ ചായ്പില്‍ കിടന്നിരുന്ന കൊച്ചുകുഞ്ഞിന്റെ ഉന്മാദച്ചിരി ഒരു തവണ കേട്ടു. ചീങ്കണ്ണിപ്പാറയ്ക്കടുത്തുവെച്ചു രണ്ടുവര്‍ഷം മുന്‍പുണ്ടായ പൊലീസ് വേട്ടയില്‍ തലയ്ക്കടിയേറ്റ് വെളിവു നഷ്ടപ്പെട്ടിരുന്നു കൊച്ചുകുഞ്ഞിന്. ഇപ്പോഴിപ്പോള്‍ ഏറെക്കുറെ നഗ്‌നവും അക്രമാസക്തവുമായുള്ള ഒരു ജീവിതമാണ് കൊച്ചുകുഞ്ഞിന്റേതെന്ന് അറിഞ്ഞപ്പോഴാണ് ഞാന്‍ ഒരു മാസം മുന്‍പ് വീണ്ടും വൈത്തിരിയിലെത്തിയത്.
എതിര്‍പ്പൊന്നും കൂടാതെതന്നെ ഞാന്‍ വേഗം പൊലീസുകാരോടൊപ്പം ഇറങ്ങി. കൊച്ചുകുഞ്ഞിന്റെ ചാച്ചനും അമ്മച്ചിയും നിസ്സംഗരായി ആ കാഴ്ച കണ്ടുനിന്നു.
നാലും കൂടിയ കവലമുക്കില്‍ എത്തുന്നതുവരെ പൊലീസുകാരൊന്നും പറഞ്ഞില്ല. പൊലീസ് ജീപ്പിന്റെ അടുത്തെത്തിയപ്പോള്‍ മാത്രം ''കേറ് കൂത്തിച്ചിമോനേ'' എന്ന് അതിലൊരാള്‍ ചീറി.
എന്റെ കയ്യില്‍ ആമം വെച്ചിട്ടില്ലായിരുന്നു. എനിക്ക് കുറച്ചെങ്കിലും അഭിമാനക്ഷതമേറ്റത് അതുകൊണ്ടുമാത്രമല്ല, തലവെട്ടി തോലുരിച്ച ഒരു പന്നിയെ തൂക്കിയിട്ട അയമുവിന്റെ ഇറച്ചിക്കടയില്‍നിന്നും കിട്ടേട്ടന്റെ അനാദിക്കടയില്‍നിന്നും ഇറങ്ങിവന്ന കുറച്ചാളുകള്‍ ഈ രംഗം വീക്ഷിച്ചതോടെയാണ്. പുല്ല്... ജീപ്പിനടുത്തുനിന്ന കൂര്‍മ്പന്‍ തൊപ്പിവെച്ച പൊലീസുകാരന്റെ കയ്യില്‍ ഉണ്ടനിറച്ച ഒരു നീളന്‍തോക്ക് ഉണ്ടായിരുന്നു. അത് കയ്യിലുള്ള ആളാകട്ടെ, വളരെ അധീരനായി കാണപ്പെട്ടു. അപമാനഭാരത്തില്‍ ഓടിച്ചെന്ന് ആ തോക്ക് തട്ടിപ്പറിച്ച് സ്വയം വെടിവച്ചു മരിക്കാനാണ് എനിക്കപ്പോള്‍ തോന്നിയത്.

                             ഫിബ്രവരി 16    

രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനുശേഷവും എന്നെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുള്ളില്‍ ഹാജരാക്കേണ്ടതാണ്. അവന്മാരത് ചെയ്തില്ല. സ്റ്റേഷനാക്രമണം പ്രസ്ഥാനത്തിന് ഭയങ്കര തിരിച്ചടി നേരിട്ട സംഭവമായിരുന്നതുകൊണ്ട് സഖാക്കളാരും ആവഴി തിരിഞ്ഞുനോക്കിയില്ല. സ്റ്റേഷനിലെ ലോക്കപ്പില്‍ എന്നെക്കൂടാതെ മറ്റൊരു തടവുപുള്ളിയുമുണ്ടായിരുന്നു. 
പഴുതാരമീശയും ആകര്‍ഷകമായി തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു ചെറുപ്പക്കാരന്‍. അയഞ്ഞ ഒരു പുള്ളിട്രൗസറു മാത്രമാണ് വേഷം. 
അവന്റെ കാല്‍മുട്ടുകള്‍ മടക്കിവെയ്ക്കാനാവാത്തവിധം അടികൊണ്ട് വീങ്ങിക്കെട്ടിയിട്ടുണ്ട്. എല്ലിച്ച നെഞ്ചിന്‍കൂടിനും ചോരചത്ത് കല്ലിച്ചുകിടന്നു. എവിടെയോ കണ്ടുമറന്ന മുഖമാണെന്നെനിക്കു തോന്നി. എവിടെയാണ്? എത്ര ആലോചിച്ചിട്ടും ഒരു പിടുത്തവും കിട്ടിയില്ല. അന്നു രാത്രി വെളുക്കുന്നതിന് മുന്‍പ് തന്നെ ചെറുപ്പക്കാരനെ വലിച്ചിഴച്ചു ജീപ്പിലിട്ട് എങ്ങോട്ടോ കൊണ്ടുപോകുകയും ചെയ്തു.

                             ഫിബ്രവരി 20   

പിറ്റേന്ന് രാവിലെ പോരാന്‍ നേരമാണ് എനിക്കൊപ്പമുണ്ടായിരുന്ന പഴുതാരമീശക്കാരന്‍ നക്സലൈറ്റ് നേതാവ് സഖാവ് വര്‍ഗ്ഗീസായിരുന്നെന്ന് പാറാവുകാരന്‍ പറഞ്ഞ് ഞാനറിയുന്നത്. 
രണ്ടു ദിവസത്തിനിടയ്ക്ക് ലോക്കപ്പില്‍വെച്ച് ഒറ്റൊരു ചോദ്യമേ അവനെന്നോടു ചോദിച്ചുള്ളൂ: കൊച്ചുകുഞ്ഞ് എവിടെയുണ്ടെന്ന്! 
അറിയാതിരിക്കാന്‍ മേലാ. കാരണം വൈത്തിരിയില്‍ വിപ്ലവപ്രസ്ഥാനത്തിന്റെ ഒരു ഘടകം രഹസ്യമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് കൊച്ചുകുഞ്ഞിന്റെ നേതൃത്വത്തിലായിരുന്നല്ലോ. പക്ഷേ, ഇതിയാന് കൊച്ചുകുഞ്ഞിന് പൊലീസ് വെടിവെയ്പില്‍ തലയ്ക്കു പരിക്കേറ്റതും പിരിലൂസായിപ്പോയതും അറിയാന്‍മേലേ?
''കൊച്ചുകുഞ്ഞിനെ അറിയാവോ?''
ഞാന്‍ തിരിച്ചു ചോദിച്ചപ്പോള്‍ ഒരു മന്ദഹാസമായിരുന്നു അതിനു അവന്റെ മറുപടി. കൊച്ചുകുഞ്ഞിന്റെ കൂട്ടത്തിലൊന്നും ഇതേവരെ ഞാനിയാളെ കണ്ടിരുന്നില്ലെന്നുള്ളത് നേരാണ്. പുല്‍പ്പള്ളി പൊലീസ് വെടിവയ്പിനു മുന്‍പു നടന്ന ചീങ്കണ്ണിപ്പാറയിലെ ഫ്രാക്ഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ ആളുടെ മുഖം മങ്ങിയ ഒരു റാന്തല്‍വെട്ടത്തില്‍ അവ്യക്തമായി കണ്ടതോര്‍മ്മയുണ്ട്. അന്ന് ശബ്ദം മാത്രമേ മുഴങ്ങിക്കേട്ടുള്ളൂ. അങ്ങേരായിരുന്നോ ഇത്? ആ, ആര്‍ക്കറിയാം?
രണ്ടുപേരുടെയും ചോദ്യങ്ങള്‍ ലോക്കപ്പിലെ ജീര്‍ണ്ണിച്ച വായുവില്‍ രണ്ടു ഗൗളികളെപ്പോലെ ഉത്തരം കിട്ടാതെ മുഖാമുഖം നോക്കിനിന്നു. ഞാന്‍ ഒരു മൂലയില്‍ ചുരുണ്ടുകൂടി ഉറങ്ങാന്‍ ശ്രമിക്കുമ്പൊഴും അവന്‍ അതേ ഇരിപ്പിരുന്ന് പതുക്കെ എന്തോ തന്നോടുതന്നെ ഉരുവിട്ടുകൊണ്ടിരുന്നു.
വര്‍ഗീസ് തിരുനെല്ലിയില്‍വെച്ച് കൊല്ലപ്പെട്ട വിവരവും പിന്നീട് ഞാനറിഞ്ഞു, പുല്‍പ്പള്ളിയില്‍ ആദിവാസികളുടെ നേതൃത്വത്തില്‍ നടക്കുന്ന പൊലീസ് സ്റ്റേഷന്‍ പിക്കറ്റിങ്ങില്‍ പങ്കെടുക്കണമെന്നുള്ള രഹസ്യ അറിയിപ്പ് പിന്നെയും രണ്ടു ദിവസം കഴിഞ്ഞ് കിട്ടിയപ്പോള്‍. ആ വാര്‍ത്ത കാട്ടുതീപോലെ പെട്ടെന്നു പടര്‍ന്നുപിടിച്ചു. 

ലോക്കപ്പില്‍ ഒരു രാത്രി കൂടെയുണ്ടായ ആളെക്കുറിച്ചുള്ള ഓര്‍മ്മ എന്നെയാകെ ഇതിനകം തകിടംമറിച്ചിരുന്നു. വര്‍ഗീസിനെ ഞാനാദ്യമായി മുഖാമുഖം കാണുകയായിരുന്നല്ലോ. ചോരപൊടിഞ്ഞ ആ മുഖത്തപ്പോള്‍ നിലാവുപോലെ ഒരു മന്ദഹാസം വിടര്‍ന്നു. അതോര്‍ത്തപ്പോള്‍ ഒരു വിറയല്‍ എന്റെയുള്ളില്‍ക്കടന്ന് രക്തക്കുഴലുകള്‍തോറും പ്രകമ്പനംകൊള്ളിച്ചുകൊണ്ട് പുളഞ്ഞോടാന്‍ തുടങ്ങി. 
പിറ്റേന്ന് ഞാന്‍ പുറത്തേക്കൊന്നും ഇറങ്ങിയില്ല. പുല്‍പ്പള്ളിയിലേക്കും പോയില്ല. വീടിന്റെ ചായ്പിനു പിന്നില്‍ കൊച്ചുകുഞ്ഞിനെ ഒരു വളര്‍ത്തുമൃഗത്തെപ്പോലെ വെറും കയറുകൊണ്ട് ബന്ധിച്ചിരുന്നിടത്ത് പോയി അവന്‍ കരികൊണ്ടു വരച്ചിട്ട അജ്ഞാതലിപിയിലുള്ള പഴയ ലഘുലേഖകളും നോക്കി കുറേ നേരമിരുന്നു. മരുന്നും മന്ത്രവും മുടക്കമില്ലാത്ത ചില ദിവസങ്ങളില്‍ സ്വബോധത്തോടെയവന്‍ സംസാരിക്കാറുണ്ടെന്ന് അമ്മച്ചി പറഞ്ഞതോര്‍മ്മയുള്ളതുകൊണ്ട് പ്രതീക്ഷയോടെ ഞാനവനെ ഉറ്റുനോക്കി. തിരിച്ചറിവിന്റെ ഒരു നിമിഷം കൈവന്നു എന്നു തോന്നിപ്പിക്കുമാറ് ആ നോട്ടത്തിനൊടുവില്‍ അവനിലൊരു ചിരി മിന്നി. ഒരുപക്ഷേ, കൊച്ചുകുഞ്ഞ് മറ്റെന്തോ രൂപത്തിലായിരിക്കുമോ എന്നെ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്? മനുഷ്യനായോ പറവയായോ അതല്ല ഒരു നാല്‍ക്കാലിമൃഗമായോ? 
''ഇതു ഞാനാടാ, നിന്റെ മാത്തുക്കുട്ടി'' എന്നു വട്ടിളകിയതുപോലെ തെല്ലുറക്കെത്തന്നെ ഞാനവനോട് അപ്പോള്‍ വിളിച്ചുപറഞ്ഞു. 
''കൊച്ചുകുഞ്ഞെ, നിന്നെ ഒറ്റൊരാളെ വിശ്വസിച്ചാ ഞാനിറങ്ങിപ്പൊറപ്പെട്ടത്. ആ വിശ്വാസാ നീ തെറ്റിച്ചത്. ഇനി ഞാനെവിടെപ്പോവും? തിരിച്ചു വീട്ടില്‍ച്ചെല്ലാനൊക്കത്തില്ല. വിപ്ലവക്കാരുടെ കൂടെക്കൂടി തലതിരിഞ്ഞുപോയി എന്നുപറഞ്ഞ് അപ്പനെന്നെ വീട്ടീന്നും പുറത്താക്കി. അവിടെയിനി കേറിച്ചെല്ലാനൊക്കുകേല. ഇനി ഒരു തെമ്മാടിക്കുഴിയും വാ തുറന്ന് എന്നെ കാത്തുനില്‍ക്കുന്നില്ലെന്ന് നീ മനസ്സിലാക്കണം.''
ഒരിടര്‍ച്ചയിലാണ് എന്റെ പതംപറച്ചില്‍ ചെന്നൊടുങ്ങിയത്. എന്നിട്ടും കൂസലില്ലാതെ ഏതോ വര്‍ഗ്ഗശത്രുവിനെ കണ്ടപോലെ കൊച്ചുകുഞ്ഞ് കണ്ണുരുട്ടിക്കാട്ടി എനിക്കു നേരെ ഒച്ചവെച്ചപ്പോള്‍ ഞാന്‍ തിരിച്ചുപോന്നു. പിന്നെ, ഉച്ചതെറ്റുന്നതുവരെ തിണ്ണയില്‍ കിടന്നുറങ്ങി.

                               ഫിബ്രവരി 26

കൈക്കും കാലിനുമുണ്ടായിരുന്ന കട്ടുകഴപ്പിന് അല്‍പ്പം ശമനം വന്നപ്പോഴാണ് പിന്നെ ഞാനൊരു തീരുമാനത്തിലെത്തിയത്. ഒന്നു രണ്ട് പുസ്തകങ്ങളും കുറിപ്പുകളെഴുതുന്ന ഡയറിയും ഒരു ജോഡി പഴകിയ ഷര്‍ട്ടും മുണ്ടും പൊതിഞ്ഞുകെട്ടി ഒരു ബാഗിലിട്ട് ചാച്ചനോട് തോട്ടത്തിലെ പണിക്കെന്നു നുണയും പറഞ്ഞ് വൈത്തിരിയില്‍നിന്ന് അതിരാവിലെ പുറപ്പെട്ടു. 
ആ നേരത്ത് രണ്ട് ചെറുപ്പക്കാരായ സഖാക്കള്‍ എന്നെ കാണാനെത്തി. ആ ഭാഗത്തൊന്നും അവരെ ഇതിനുമുന്‍പ് കണ്ടതായി ഓര്‍ക്കുന്നില്ല. ഒന്നൊരു മെലിഞ്ഞ് ഊശാന്‍താടിക്കാരനും മറ്റേതൊരു ഇടതുകാലിനു അല്‍പ്പം മുടന്തുള്ള, തലയും മുഖവും ക്ഷൗരം ചെയ്തിട്ടാണോ എന്നറിയില്ല, പാടെ രോമരഹിതനും. 
ഞങ്ങള്‍ മുഖാമുഖം നിന്ന വഴിയില്‍ ഒരു ജീവജന്തുവിന്റേയും സാമീപ്യമില്ലെന്നുറപ്പാക്കിയതിനു ശേഷം ഊശാന്താടിക്കാരന്‍ ശബ്ദം കുറച്ച് എന്നോട് പറഞ്ഞു: 
''നമ്മുടെ പ്രസ്ഥാനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വളരെ ശക്തമായിത്തന്നെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് സഖാവിനറിയാമല്ലോ.''
ആണെന്നോ അല്ലെന്നോ ഉത്തരം പറയാതെ ഒരു നിമിഷം, കഴിഞ്ഞ രണ്ടു ദിവസം പൊലീസ് സ്റ്റേഷനില്‍ അതിന്റെ പേരില്‍ ഞാനനുഭവിച്ച കൊടിയ ഭേദ്യത്തെക്കുറിച്ചോര്‍ത്തു ഞാന്‍ പുളകിതനായി.
എന്റെ അരക്ഷിതാവസ്ഥ കണ്ടിട്ടാവണം രോമരഹിതനായ ചെറുപ്പക്കാരന്‍ തുടര്‍ന്നു പറഞ്ഞു: ''ഈയൊരവസ്ഥ കണക്കിലെടുത്ത് പാര്‍ട്ടിയുടെ സംഘടനാക്രമത്തിന് ഇപ്പോള്‍ ചില വ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് മൂന്ന് വിഭാഗമായാണ്. ഇതിലൊന്നാമത്തെ വിഭാഗം അധിനിവേശാനന്തര പ്രതിസന്ധികളടക്കം പ്രത്യയശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിങ്ങാണ്. രണ്ടാമത്തെ വിഭാഗം മുഴുവന്‍സമയ സായുധവിപ്ലവകാരികള്‍. മൂന്നാമത്തെ വിഭാഗം പാര്‍ട്ടിക്ക് സാമ്പത്തിക സ്രോതസ്സുകളായി പ്രവര്‍ത്തിക്കുന്ന ചെറുകിട കച്ചവടക്കാരോ അനുഭാവികളോ ആണ്. സെന്‍ട്രല്‍ കമ്മിറ്റിയുടെ നിരീക്ഷണം സഖാവിന്റെ സേവനം പാര്‍ട്ടിക്ക് ഒരു മുതല്‍ക്കൂട്ടാവുമെന്നുതന്നെയാണ്. കഴിഞ്ഞ പാര്‍ട്ടി ഫ്രാക്ഷനില്‍ സഖാവിന്റെ പ്രകടനം ചര്‍ച്ചചെയ്തിരുന്നതുമാണ്. അതുകൊണ്ട് മാത്തുക്കുട്ടി മുഴുവന്‍സമയ പ്രവര്‍ത്തനത്തിലേക്കു വരണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. അതുപ്രകാരം ഏത് ഘടകവും സഖാവിന് തെരഞ്ഞെടുക്കാം. മേല്‍പ്പറഞ്ഞില്‍ ഏത് വിഭാഗത്തില്‍ പ്രവര്‍ത്തിക്കാനാണ് സഖാവിന് താല്പര്യം?''


അപരിചിതരായ അവരെ രണ്ടുപേരെയും ആദ്യമായി കണ്ടപ്പോഴുള്ള അന്ധാളിപ്പ് മാറാതെതന്നെ ഞാന്‍ അവരുടെ ചോദ്യം കേട്ട് കുറച്ചുനേരം മിണ്ടാതിരുന്ന് ഒടുക്കം താത്ത്വികമായിത്തന്നെ മനസ്സില്‍ ഒരവലോകനം ചെയ്തുനോക്കി. 
പ്രത്യയശാസ്ത്രം കൈകാര്യം ചെയ്യുന്നവരെന്നാല്‍ പാര്‍ട്ടി സംഘടന കെട്ടിപ്പടുക്കുകയും അണികള്‍ക്ക് പാര്‍ട്ടിക്ലാസ്സുകളിലൂടെ രാഷ്ട്രീയവിദ്യാഭ്യാസം നല്‍കുന്നവരെന്നുമാണ്. രണ്ടാമത്തെ വിഭാഗം പാര്‍ട്ടിപരിപാടിയായ ഉന്മൂലനവും പൊലീസ് സ്റ്റേഷനക്രമണവും അടക്കം പ്രത്യേകം ആക്ഷനുകള്‍ നടത്തുന്നവരാണ്. 
മൂന്നാമത്തെ വിഭാഗത്തിലുള്ളവരാകുമ്പോള്‍ ലെവിയോ പരിപാടികള്‍ക്കുള്ള ധനസഹായമോ മതിയാകും. തൊല്ലയുണ്ടാകില്ല. എന്തെങ്കിലുമേറ്റെടുത്ത് നടത്താനുള്ള വൈമുഖ്യമുള്ളതുകൊണ്ടുതന്നെ അവരെ ഞാന്‍ മൂന്നു വിരലുകളുയര്‍ത്തിക്കാട്ടി.
അപ്പോള്‍ രണ്ടാമന് മൂത്രശങ്ക തോന്നിയതിനാലാകണം ഉടുത്തിരുന്ന മുണ്ടും പൊക്കി മണ്‍തൂക്കിനു നേരെ പോയി. അവന്‍ നടന്നുപോകുമ്പോള്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു, അവന്റെ മുണ്ടിനടിയില്‍ ഒളിപ്പിച്ചിരുന്ന ഏതോ ഒരായുധം മുഴച്ചുനില്പുള്ളത്. കഠാരയോ വടിവാളോ?
ഊശാന്താടിയില്‍ ഒന്നുരണ്ടാവര്‍ത്തി ഉഴിഞ്ഞുകൊണ്ട് അതേ താളത്തില്‍ ഒന്നാമന്‍ തുടര്‍ന്നു പറഞ്ഞു:
''എന്നാലും മാത്തുക്കുട്ടിയെ ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. പാര്‍ട്ടി ചെയ്യാന്‍ നിശ്ചയിച്ചിരുന്ന കാര്യം താന്‍ ഒറ്റയ്ക്ക് ചെയ്യാന്‍ നോക്കിയല്ലോ, മിടുക്കന്‍. ആട്ടെ, ഞങ്ങളറിയാതെ എവിടുന്ന് കിട്ടി ആ ബോംബും മറ്റും?''
''അയ്യോ, അത് ബോംബും കോപ്പുമൊന്നുമല്ല. വെറും പന്നിപ്പടക്കമാ. കപ്പമാന്തുന്ന തൊരപ്പനേം പന്നിയേം പേടിപ്പിക്കാന്‍ അന്ത്രയോസ് മൊതലാളീടെ തോട്ടത്തില്‍കൊണ്ടുപോയി പൊട്ടിക്കാന്‍ കൊച്ചുകുഞ്ഞിന്റെ ചാച്ചന്‍ വെച്ചിരുന്നതില്‍നിന്ന് ഒരെണ്ണം അടിച്ചുമാറ്റിയതാ. നാശം, വരാനുള്ളത് വഴീല്‍ തങ്ങുകേലല്ലോ. അന്നങ്ങിനെയെല്ലാം സംഭവിച്ചുപോയി സഖാവെ.''
ഞാന്‍ ഉറക്കെ പറഞ്ഞു.
''ശ് ശ്'' രോമരഹിതന്‍ തിരിച്ചുവന്നുകൊണ്ട് ഞങ്ങളിരുവര്‍ക്കും നേരെനോക്കി മിണ്ടരുതെന്ന് ചൂണ്ടുവിരലാംഗ്യം കാട്ടി.
മണ്‍തൂക്കിനു കീഴെയുള്ള നടപ്പാതയിലൂടെ അപ്പോള്‍ താഴെനിന്ന് ആരൊക്കെയോ വര്‍ത്തമാനം പറഞ്ഞ് കേറിവരുന്ന ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.  
രണ്ടു ചെറുപ്പക്കാരും എന്നെയും ഒഴിവാക്കി ഓടി മണ്‍തൂക്ക് തുടങ്ങുന്നിടത്തെ വയണമരത്തിനുമപ്പുറത്തുപോയി മറഞ്ഞുനിന്നു. ഇതെന്തൊരതിശയം, വിപ്ലവകാരികളായ ഇവന്‍മാരിത്രയും ഭീരുക്കളോ? 
ഞാന്‍ വഴിമാറിയില്ല. ഒരു ബീഡീം പുകച്ച് ആരെയോ കാത്തുനില്‍ക്കുവാന്ന ഭാവത്തില്‍ അതേ നില്‍പ്പുനിന്നു. 
തണ്ണിക്കുഴിഡാമില്‍ തലേന്ന് വൈകീട്ട് ഏതോ ഒരുത്തന്റെ ശവം പൊന്തിയെന്നും അത്രേം നേരം കഴിഞ്ഞിട്ടും പൊലീസുകാരൊന്നും തിരിഞ്ഞുനോക്കാത്തതുകൊണ്ട് ആരൊക്കെയോ ചേര്‍ന്ന് ബോഡിയെടുത്ത് കരക്ക് കുഴിച്ചിട്ടെന്നും പറഞ്ഞ് ഒരു വാര്‍ത്ത കാലത്ത് ചാച്ചന്‍ പറഞ്ഞറിഞ്ഞിരുന്നു. ആരെയോ തല്ലിക്കൊന്നിട്ടതാണെന്നുള്ള ശ്രുതിയുണ്ടായിരുന്നു. ചത്തവന്റെ ലക്ഷണം പലതരത്തില്‍ അവതരിപ്പിക്കുന്നതറിഞ്ഞ് പലരുടേയും ചങ്കലച്ചു. മാവോവാദിയായ ഒരു വരത്തനെ കാട്കേറീന്നുംപറഞ്ഞ് ആയിടയ്ക്ക് പൊലീസുകാര്‍ പിടിച്ചിരുന്നത് പത്രത്തിലുണ്ടായിരുന്നു. അവനെപ്പറ്റി പിന്നീട് ഒരു വിവരവും പുറത്തറിഞ്ഞിരുന്നില്ല. ഇനി അവനാമറ്റോ ആന്നോ? മ്ലാവിനെയോ മറ്റോ വെടിവെക്കാന്‍ പട്ടണത്തില്‍നിന്നു വന്നവരില്‍ കാട്ടില്‍ വഴിതെറ്റിയലഞ്ഞ ഒരാളാണെന്നും ചാച്ചന്‍ കൂട്ടിച്ചേര്‍ത്തു. നാട്ടിലില്ലാത്തവരുടേയും കുറേക്കാലമായി ഒളിവില്‍ കഴിയുന്നവരുടേയും വിദൂരച്ഛായ പങ്കിട്ടുകൊണ്ട് അപ്പോള്‍ ഇടവകയിലെ യോന കപ്യാരും സംഘവും ഞങ്ങളെ കടന്നുപോയി. 
''പ്ലാവേലില്‍ അഗസ്തീസിന്റെ മോന്‍ വീട്ടീന്ന് പെണങ്ങിപ്പോയിട്ട് ഒരാഴ്ചയായില്ല്യോ?''
കപ്യാര് പിന്നിലുള്ള ആളോട് ചേദിച്ചു.
''ആര്, ആ തലമുറിയന്‍ പ്രാഞ്ചീസോ?''
''അവനേതോ ഒരുത്തിയെ അടിച്ചോണ്ട് പോയതാന്നും അന്ത്രയോസ് മൊതലാളി പറഞ്ഞ് കേട്ടാര്ന്ന്.''
അത് പറഞ്ഞത് ശോശയാണ്. 
കര്‍ത്താവെ, ഈ ശോശാ ഇതെന്തും കല്പിച്ചാ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്? അല്ലെങ്കില്‍ മൂന്നുനാലു ആണുങ്ങള്‍ക്കൊപ്പം തണ്ണിപ്പുഴ ഡാമുവരെ നടന്നുപോകാനുള്ള സാഹസത്തിന് അവള്‍ പുറപ്പെടുന്നതിന്റെ ഉദ്ദേശ്യമെന്തായിരിക്കും?  എനിക്കൊരെത്തും പിടിയും കിട്ടിയില്ല.
ശോശ, മണ്‍തൂക്ക് മറയുന്നതിനു മുന്‍പ് ചിരിച്ചുകൊണ്ട് എന്നെയൊന്ന് തിരിഞ്ഞുനോക്കി കണ്ണിറുക്കിക്കാട്ടി. എനിക്ക് തുണിയുരിഞ്ഞതുപോലെയായി. 
കപ്യാരും സംഘവും കണ്‍വെട്ടത്തുനിന്നു മറഞ്ഞതിനുശേഷമാണ് രണ്ടു വിപ്ലവകാരികളും വയണമരത്തിന്റെ മറവില്‍നിന്നു പതുക്കെ പുറത്തുവന്നത്.
''ചത്തവന്റെ വല്ല സൂചനയും കിട്ടിയാരുന്നോ?''
വന്നപാടെ ഊശാന്താടിക്കാരന്‍ ജിജ്ഞാസുവായി.
ഞാന്‍ കൈമലര്‍ത്തി.
''നമ്മളല്ലാതെ നമ്മള്‍ടെ കൂട്ടത്തില്‍നിന്നു അങ്ങനെയാരും അടുത്ത സമയത്ത് കാടുകേറീട്ടില്ലെന്നുറപ്പാണ്.''
രോമരഹിതന്‍ ആത്മഗതംപോലെ പറഞ്ഞു.   
    
                              മാര്‍ച്ച് 6    

ബഹുജനലൈന്‍, സൈനികലൈന്‍ എന്നിങ്ങനെ രണ്ടുലൈന്‍ സമരത്തിലൂടെയും ജനകീയ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങളിലൂടെയും കേരളാപാര്‍ട്ടി പുനഃസംഘടിപ്പിക്കുന്ന സമയമായിരുന്നു അത് എന്നാണ് പൊലീസ് സ്റ്റേഷനാക്രമണം ആസൂത്രണം ചെയ്യുന്ന കാലത്ത് കൊച്ചുകുഞ്ഞ് എന്നോട് പറഞ്ഞിരുന്നത്. അതില്‍പ്പിന്നെ പാര്‍ട്ടി രണ്ടു ചേരിയായി. അതില്‍ ഏതു ചേരിയെക്കുറിച്ചും കാര്യമായുള്ള വിവരം എനിക്കില്ലാത്തതുകൊണ്ടുതന്നെ ആ സമയത്ത് കൊച്ചുകുഞ്ഞിന്റെ വാലില്‍ത്തൂങ്ങാന്‍ തന്നെയായിരുന്നു എന്റെ മനസ്സിലിരുപ്പ്. ആസൂത്രണംചെയ്ത പദ്ധതിയാണേ പരാജയപ്പെട്ടു. വെടികൊണ്ടതും കുറേപ്പേര്‍ക്ക് സ്ഥിരബോധം നഷ്ടപ്പെട്ടതും മിച്ചം. അന്നെടുത്ത സ്റ്റേഷനാക്രമണശ്രമം തെറ്റായിരുന്നവെന്ന് പക്ഷേ, ഞാന്‍ പുറത്തുപറഞ്ഞില്ല. പേടികൊണ്ട്. കാരണം നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമല്ലോ.
എന്നാല്‍, അടിസ്ഥാനപരമായി പ്രത്യയശാസ്ത്ര തിരുത്തലുകളുടേയും സംഘടനാപരമായ പുനര്‍ക്രമീകരണത്തിന്റേയും അഭാവത്തില്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന രണ്ടു നേതൃത്വത്തിനു കീഴിലായിരുന്നു പാര്‍ട്ടിയെന്ന് എനിക്കേതാണ്ട് മനസ്സിലായിരുന്നു. വൈരുദ്ധ്യങ്ങളുടെ പരിഹാരത്തിന് അത്യന്തികമായി സ്വീകരിക്കാവുന്ന മാര്‍ഗ്ഗം ചാരു മജുംദാര്‍ ലൈനായതിനാല്‍ തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന സൊഫോക്ലിസിന്റെ വാള്‍പോലെയുള്ള ഭരണകൂട ഭീകരതയെ ചെറുക്കലല്ലാതെ മറ്റൊരു പോംവഴിയുമില്ല എന്നാണ് കീഴടങ്ങിയ സ്വരത്തില്‍ കൊച്ചുകുഞ്ഞ് വെളിവുകെടുന്നതിനു മുന്‍പ് എന്നെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.
പ്രത്യയശാസ്ത്രവിശപ്പ് ഊശാന്താടിക്കാരന്റെ ഗിരിപ്രഭാഷണത്തോടെയും ആമാശയവിശപ്പ് രാവിലെ അമ്മച്ചി തന്ന ചെണ്ടക്കപ്പ പുഴുങ്ങിയത് കാന്താരിച്ചമ്മന്തികൂട്ടിക്കഴിച്ചപ്പൊഴും ഒരുവിധം അടങ്ങിയെങ്കിലും അരക്കെട്ടിന്റെ ഭാരം പൊടുന്നനെ കനത്തുവന്നു. ശരീരം മൊത്തം വില്ലുപോലെ വിജൃംഭിച്ചു. നിലാവത്ത് കുറുക്കന്‍ ഓരിയിടുന്നതുപോലെ ഓടിപ്പോയി പാറപ്പുറത്തുകയറി വെറുതെ ഒന്നുറക്കെ കൂക്കിവിളിക്കാന്‍ എനിക്കപ്പോള്‍ തോന്നി. 
ഒരു മനുഷ്യന്റെ യഥാര്‍ത്ഥത്തിലുള്ള വിശപ്പ് എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞപാടെ മണ്‍തൂക്കിനും താഴെയുള്ള വളഞ്ഞുപുളഞ്ഞ ചരല്‍പ്പാതയിലൂടെ തേങ്ങാപ്പൂള്‍നിലാവില്‍ തപ്പിത്തടഞ്ഞും കല്ലു കപ്പണയിലൂടെ ഇടറിത്തെറിച്ചും ഞാന്‍ അന്ത്രയോസ് മുതലാളിയുടെ വീടിനു പിന്നാമ്പ്രത്തെത്തിയിരുന്നു.                                                                  
''നീയെന്തു കന്നത്തരമാടാ കാട്ടിയത്?''
പട്ടിക്കൂടിനും വെപ്പുപുരയ്ക്കുമിടയില്‍ റബ്ബര്‍ ഷീറ്റടിക്കാന്‍ പണിതിട്ട എഞ്ചിന്‍മുറിയില്‍ എന്നെ പിടിച്ചപിടിയാലെ ബന്ദിയാക്കി തള്ളിയിട്ടുകൊണ്ട് ശോശ ചോദിച്ചു:
''നീ മൊതലാളിയെ ബോംബെറിഞ്ഞു കൊല്ലാന്‍ നോക്കിയതും പോരാഞ്ഞ് അവിടത്തന്നെ മോട്ടിക്കാനും കേറുന്നോടാ? നിനക്ക് പൊലീസുകാരില്‍നിന്ന് നല്ല മുട്ടനിടി കിട്ടിയതൊന്നും പോരാരുന്നോടാ?''
''ഞാന്‍ മോട്ടിക്കാനൊന്നും കേറിയതല്ല.''
''പിന്നെ?''
''നിന്നെയൊന്ന് പോകുന്നേനു മുമ്പ് കാണണമെന്നു തോന്നി.''
'ഓ, എന്നാ ഒരു സ്‌നേഹം. ഞാന്‍ കയ്യോ കാലോ കാണിക്കുമ്പോഴൊക്കെ പാര്‍ട്ടി-വിപ്ലവം ന്നൊക്കെ പറഞ്ഞ് തിരിഞ്ഞുനടന്നിട്ട് പാതിരയ്ക്ക് കേറിവന്നിരിക്കുവാ സ്രിങ്ങരിക്കാന്‍...''
ശോശ മുഖമടച്ചാട്ടാഞ്ഞത് ഭാഗ്യം.


കുറച്ചു നേരത്തേക്ക് നാറുന്ന ഷീറ്റുകള്‍ക്കു മീതെ ചത്തതുപോലെ കിടന്ന ഞാന്‍ പിന്നെ വീണേടത്തുനിന്നു ചാടിയെണീറ്റ് അവളെ വട്ടം കെട്ടിപ്പിടിച്ചപ്പോള്‍ എന്റെ കൈ കൊറേശ്ശെ നൊന്തെങ്കിലും ശോശ കീഴടങ്ങി. നല്ല സൈസ് ഉരുപ്പടിയാണ്. റാത്തലുകണക്കിനു തൂങ്ങും. പക്ഷേ, സാധാരണ തടിച്ചിപ്പെണ്ണുങ്ങള്‍ക്കുണ്ടാകാറുള്ള മുശ്ക് മണമൊന്നുമില്ല. നല്ല പുല്‍ത്തൈലത്തിന്റെ വാസന.
ഞാനാദ്യം കരുതിയത് പണി പാളിയെന്നാ. മതില്‍ക്കെട്ടിനകത്ത് ചാടിക്കേറിച്ചെന്ന എന്റെ അപരിചിത മണം പിടിച്ചെടുത്തെന്നോണം കൂട്ടില്‍ക്കിടന്ന് പട്ടി തുടലുപൊട്ടിക്കാന്‍ ശ്രമിച്ചുകൊണ്ട് കൊരക്കുന്നുണ്ടായിരുന്നു. പട്ടിയെ അത്താഴം കഴിഞ്ഞാല്‍ സാധാരണ മതില്‍ക്കെട്ടിനുള്ളില്‍ അഴിച്ചുവിടാറുള്ളതാണത്രേ. അന്ന് സന്ധ്യയ്ക്കു മുന്നേ അതിനെ പൂട്ടിയിട്ടു. മുതലാളിക്ക് ഭീഷണിയുണ്ടായിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍മാരും കുറേ സില്‍ബന്ധികളും വന്ന് കണ്ടേച്ച് പോയേപ്പിന്നെ പട്ടിയുടെ കൂട് തുറക്കാനൊന്നും ശോശ പോയതുമില്ലെന്നു പറഞ്ഞു. നല്ല പുത്തിയുള്ള എനമാ. പട്ടിക്ക് തലേന്ന് രാത്രി അവിടെ നടന്ന കാര്യങ്ങളെല്ലാം ഏതാണ്ട് മനസ്സിലായെന്ന് തോന്നുന്നു. പിറ്റേന്ന് പകല്‍നേരത്ത് ഒരു രണ്ടു തവണ അവളെ നോക്കി അന്ത്രയോസ് മൊതലാളിയുടെ മാതിരി അതൊരു തരം ആക്കിയ മൂളല്മൂളിയെന്ന് ശോശ പറഞ്ഞപ്പോള്‍ എന്റെ അരക്കെട്ടിന് ഒരിക്കല്‍ക്കൂടി ചൊരത്താന്‍ തോന്നി. 

                               മാര്‍ച്ച് 8

അന്നു വൈകുന്നേരമാണ് എനിക്ക് അവിടുന്നിറങ്ങാന്‍ പറ്റിയത്. കൂപ്പ് ലേലത്തില്‍ പിടിച്ചതിന്റെ ആഘോഷം നടക്കുകയായിരുന്നു അന്ന്. അതിനെപ്പറ്റി നേരത്തെ ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാനാ സാഹസത്തിന് മുതിരില്ലായിരുന്നു. എഞ്ചിന്‍മുറിയില്‍, കെണിയില്‍വീണ കൂറ്റന്‍നരിയെപ്പോലെ ഞാന്‍ തലങ്ങും വിലങ്ങും നടന്നു.  പകലിറങ്ങേണ്ടെന്നും ഉച്ചയ്ക്കുള്ള ഭക്ഷണം പട്ടിക്കു തീറ്റകൊടുക്കുന്ന നേരത്ത് ജനാലയ്ക്കല്‍ ആരും കാണാതെ കൊണ്ടുവച്ചോളാമെന്നും പറഞ്ഞ് ശോശ കൊച്ചുവെളുപ്പാന്‍കാലത്ത് എഞ്ചിന്‍മുറിയില്‍നിന്ന് എണീറ്റുപോയി. അവള്‍ പറഞ്ഞപോലെത്തന്നെ ചെയ്തു. തലേന്നാളത്തെ എന്റെ സുഖപ്പീര് ഓര്‍ത്തിട്ടായിരിക്കണം ആരും കാണാതെ ശോശ അതില്‍ക്കൂടുതലും ചെയ്തു. ഉച്ചയ്ക്ക്, പോത്തെറച്ചി കുരുമുളകില്‍ വരട്ടിയതും നെയ്മീന്‍ കറിയുംകൂട്ടി ഒരു കിണ്ണം ചോറ് പിടിപ്പിച്ചപ്പോള്‍ത്തന്നെ രണ്ടു ദിവസത്തെ പട്ടിണിയുടെ ക്ഷീണം പമ്പകടന്നു. പോരാത്തതിന് മൊതലാളിയോ മറ്റോ ബാക്കിവെച്ച കുറച്ചു ബ്രാണ്ടിയും ഉണ്ടായിരുന്നു. അതു ഒരു ഗ്ലാസ്സിലൊഴിച്ചു തരുമ്പോള്‍ ശോശയും കുറച്ചുകാലമായി കുടിക്കാറുണ്ടെന്നു പറഞ്ഞു. ഇപ്പോഴിപ്പോള്‍ കിടന്നിട്ടുറക്കം വരണമെങ്കില്‍ അത്താഴത്തോടൊപ്പം രണ്ടോ മൂന്നോ കവിള്‍ ചാരായം വേണമെന്നായിട്ടുണ്ടെന്നും അവള്‍ മനസ്സു തുറന്നു.  
മുമ്പൊരു വട്ടം ശോശയുടെ കല്യാണം കഴിഞ്ഞിട്ടുള്ളതാണെന്ന് കേട്ടിരുന്നു. അതും പത്തില്‍ തോറ്റതിന്റെ ട്യൂഷനോ മറ്റോ പഠിക്കുമ്പോള്‍. അപ്പോഴേക്കും അവള്‍ മണിമണിപോലെ സാഹിത്യം പറയും. ഒരു സാഹിത്യപ്രേമിയുടെ ചതിയില്‍പ്പെട്ടതാണ്. ഒന്നു പെറുകയും ചെയ്തിട്ടുണ്ടെന്നും കരക്കമ്പിയുണ്ട്. അതൊക്കെ ചേപ്പാറയില്‍നിന്ന് ഇവിടെ വരുന്നതിനു മുന്‍പായതുകൊണ്ട് ഞാനൊന്നും ശോശയോട് ചോദിക്കാന്‍ പോയില്ല. ജീവിക്കാന്‍ പാടുപെടുന്ന, രണ്ടാനപ്പന്റെയോ രണ്ടാനമ്മയുടെയോ ഈഷണി നേരിടുന്ന ഇക്കാലത്തെ ഏതു യുവതികള്‍ക്കും കാണും ഇമ്മാതിരി ദുരനുഭവങ്ങള്‍. അത്തരം അനുഭവങ്ങളില്‍നിന്നുള്ള മറികടക്കല്‍ സമര്‍ത്ഥമായി നിര്‍വ്വഹിക്കാന്‍ പ്രകൃതിപോലും അപ്പോഴേക്കും അവരെ സജ്ജമാക്കിയിരിക്കും. അല്ലെങ്കില്‍പ്പിന്നെ ജീവിതമുണ്ടോ, മനുഷ്യകുലംതന്നെ നിലനില്ക്കുമോ? ഹൊ! എന്റൊരു കാര്യം. ഫിലോസഫിക്കലായി ഞാനും ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.
''അതിയാന് വെള്ളമടിച്ചാലെ സ്ത്രീസമ്പര്‍ക്കം സാധ്യമാകൂ എന്നാണ് കൂടക്കൂടെ പറയാറ്. പിന്നെപ്പിന്നെ എനിക്കും അതേ അവസ്ഥയായെന്റെ മാത്തുക്കുട്ടീ. ഒരുമാതിരിപ്പെട്ടതൊന്നും കേറിയാല്‍ ഇപ്പൊ ഏശാതെയായി.''
ഉറക്കം നടിച്ച എന്നെ തോണ്ടി വിളിച്ചിട്ട് ശോശ തുടര്‍ന്നു: ''എന്നോടുള്ള ഇഷ്ടംകൊണ്ടല്ല നിങ്ങളെന്നെ വളച്ചതെന്ന് എനക്കറിയാം. ബംഗ്ലാവില്‍ കേറിപ്പറ്റാനുള്ള ഒരു കുറുക്കുവഴിമാത്രം. അല്ലേ?''
അപ്പൊഴും ഞാനൊന്നും മിണ്ടിയില്ല.
''നിങ്ങളത് തീര്‍ച്ചപ്പെടുത്തിയോ?''
അവള്‍ എന്റെ കാതില്‍ മന്ത്രിക്കുന്നതുപോലെ ചോദിച്ചു.
''ഉം.'' ഞാന്‍ പറഞ്ഞു.
''വിപ്ലവം ജയിക്കട്ടെ.''
ശോശ, അതും പറഞ്ഞ് ആസക്തിയുടെ വെള്ളിലകള്‍ തളിരിട്ട ഒരു മുള്‍ച്ചെടിയായി എന്റെ ദുര്‍ബ്ബലമായ ശരീരത്തിലേക്കു മെല്ലെ പടര്‍ന്നുകയറാന്‍ തുടങ്ങി. അപ്രതീക്ഷിതമായി ഛര്‍ദ്ദിക്കാനാണ് എനിക്കപ്പോള്‍ തോന്നിയത്. 
ശോശയുടെ കയ്യും തട്ടിമാറ്റി ഞാന്‍ എണീറ്റോടി.
അന്ത്രയോസ് മൊതലാളിയുടെ പിന്‍മതിലും ചാടിക്കടന്ന് ഇരുട്ടുന്നേനു മുമ്പ് ഞാന്‍ കൊച്ചുകുഞ്ഞിന്റെ വീട്ടില്‍ തിരിച്ചുകേറി.

                              ഏപ്രില്‍ 13

അന്ത്രയോസ് മൊതലാളിയുടെ ചോരപുരണ്ട തലയ്ക്ക് മതിലിലെ രണ്ട് കല്‍സിംഹങ്ങള്‍ കാവല്‍നിന്ന പ്രഭാതത്തിന് ഞാന്‍ സാക്ഷിയായിരുന്നില്ല. വൈത്തിരിയില്‍നിന്ന് ഞാന്‍ പലരുടേയും നിര്‍ബന്ധം കാരണം ഒളിവിലേക്കു മാറിയിരുന്നു. തണ്ണിക്കുഴി ഡാമിനുമപ്പുറത്തെ കാട്ടില്‍. സൂര്യപ്രകാശം മണ്ണില്‍ത്തട്ടാത്ത ഇരുണ്ട ഒരു വനസ്ഥലി. കാട്ടുമരങ്ങള്‍ വകഞ്ഞുണ്ടാക്കിയ വഴി. ഏതു നേരത്തും കോടമഞ്ഞിറങ്ങുന്നതുകൊണ്ട് ഒരേമ്മാന്‍മാരും ആ ഭാഗത്തു വരാറില്ലെന്ന് വെടിക്കാരന്‍ വേലായി പറഞ്ഞു. അയാളുടെ ജാഗയാണ് ഞങ്ങളുടെ അപ്പോഴത്തെ താല്‍ക്കാലിക ടെന്റ്. ഞാനും വിപ്ലവകാരികളും അവിടെ ചെന്നെത്തുമ്പോള്‍ മറ്റ് രണ്ടുപേര്‍ അവിടെ വെച്ചുണ്ടുകഴിയുന്നവരായി നേരത്തേയുണ്ട്. മൊടന്തുള്ള സഖാവ് ആക്ഷനില്‍ നേരിട്ട് പങ്കടുത്തിരുന്നില്ല. എങ്കിലും, അയാളും ഞങ്ങളോടൊത്ത് ഒളിവില്‍ വന്നു. അയാളുടെ കണ്ണിലപ്പോഴും തലേന്നാള്‍ രാത്രി നടന്ന സംഭവത്തിന്റെ പേടി ഒരു കാട്ടുമുയല്‍ക്കുഞ്ഞിനെപ്പോലെ തത്തിക്കളിക്കുന്നതായി തോന്നി.
വേലായിക്ക് വിപ്ലവകാരികളെ ഭയങ്കര കാര്യമാണ്. അതയാള്‍ പൊടിപ്പും തൊങ്ങലുംവെച്ച് ഇടയ്ക്കിടയ്ക്ക് കാച്ചും. 
''നമ്മടെ ഈ പ്രദേശത്ത് പണിയെടുത്താല്‍ കൃത്യമായി കൂലി കിട്ടാന്‍ തൊടങ്ങിയത് ആര് കാരണമാ?  ചെറ്റ പൊക്കുമെന്നു പേടിക്കാതെ കൂരയില്‍ കെടന്നൊറങ്ങാന്‍ നമ്മളെ പെണ്ണുങ്ങക്ക് തെറംവന്നതെങ്ങ്നെയാ?''  അമ്മാതിരി പല ചോദ്യങ്ങളും വേലായി ചോദിക്കും. ഉത്തരം ആരും പറയണമെന്നില്ല. അതാസ്വദിക്കുന്നവിധം കേട്ടിരുന്നാല്‍മാത്രം മതി. പുള്ളിക്കാരന്റെ മനസ്സില്‍ത്തന്നെ അതുണ്ടാകും.

 ഇടയ്ക്ക് പഴയ നീളന്‍ കള്ളത്തോക്കുമായി കാടുകേറിയാല്‍ രണ്ടുമൂന്നു ദിവസം കഴിഞ്ഞേ മൂപ്പര് തിരിച്ചുവരൂ. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ശരീരത്തില്‍ ചേര്‍ത്തുവെച്ച നിലയിലായിരിക്കും തോക്ക്. തന്റെ തന്നെ ശരീരത്തിലെ ഒരവയവം എന്നപോലെ. ഉണ്ട നിറച്ച തോക്ക് കഴുത്തിനും അരക്കെട്ടിനും മദ്ധ്യേവെച്ച് കെട്ടിപ്പിടിച്ചുള്ള കാവല്‍കിടപ്പുകണ്ടാല്‍ കാണുന്നവര്‍ പേടിച്ചുപോകും. ഉറക്കത്തില്‍ കൈവിരലറിയാതെ ആ കാഞ്ചിയിലോ മറ്റോ അമര്‍ത്തിത്തന്നെയാകും വെടിക്കാരന്‍ വേലായിയുടെ അന്ത്യവും എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് പിന്നീടൊരു ദിവസം സത്യമായിത്തീരുമെന്നു അന്നു ഞാന്‍ ദീര്‍ഘവീക്ഷണം ചെയ്തിരുന്നോ?  

                             ആഗസ്റ്റ് 22

കൊച്ചുകുഞ്ഞ് ഒരു പട്ടിയെപ്പോലെ പുഴുത്ത് മരിച്ചത് ഞാനറിഞ്ഞത് കോഴിക്കോട്ടുവെച്ച് രണ്ടാമതും പൊലീസ് പിടിയിലായതിനു ശേഷമാണ്. അന്നേക്ക് എട്ടൊമ്പത് മാസം ജയിലില്‍ കഴിഞ്ഞിരുന്നു. നോട്ടപ്പുള്ളിയായതുകൊണ്ട് വൈത്തിരിയില്‍ച്ചെന്ന് അവസാനമായി അവനെ ഒരു നോക്കുകാണാനൊത്തില്ല. അതില്‍പ്പിന്നെ കൊച്ചുകുഞ്ഞിന്റെ ചാച്ചനും അമ്മച്ചിക്കും എന്തു സംഭവിച്ചെന്നും അറിയില്ല. ശോശ പെണ്ണുങ്ങളുടെ ജയിലില്‍ റിമാന്റിലാണെന്ന് ആരോ പറഞ്ഞറിഞ്ഞു. അന്ത്രയോസ് മൊതലാളിയെ കൊലയാളികള്‍ക്ക് ഒറ്റുകൊടുത്തതിനാലാണത്രേ.
വിപ്ലവസംഘടനകളുടെ പരാജയം രുചിച്ചറിഞ്ഞത് ആ റിമാണ്ട് കാലത്താണ്. പലര്‍ക്കും കോടതിയില്‍നിന്ന് ജാമ്യമനുവദിച്ചെങ്കിലും എന്റെ കാര്യത്തില്‍ വക്കാലത്തുപറയാനോ വാദിക്കാനോ ആരുമുണ്ടായിരുന്നില്ല. ഊശാന്‍താടിക്കാരനേയും മൊടന്തുകാലുള്ള സഖാവിനേയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി പിന്നെയും പിളര്‍ന്നതിനാല്‍ രണ്ടാളും രണ്ടു ഗ്രൂപ്പിലായിപ്പോയി. അവസാനം, ഒറ്റയ്ക്കു വാദിച്ചെങ്കിലും രക്ഷകിട്ടിയില്ല. വിചാരണക്കാലാവധി പിന്നെയും നീണ്ടുനീണ്ടുപോയി.
അവരുടെ ആശയങ്ങള്‍ രക്തവും മാംസവും കടിച്ചുപറിച്ചെടുത്തു ബാക്കിയായ വെറും എല്ലിന്‍കഷണങ്ങളാണെന്ന് തിരിച്ചറിയാന്‍ വൈകിപ്പോയിരുന്നു. അതു തടുത്തുകൂട്ടിവെച്ചാല്‍ ഒരിക്കലും ഒരു ജീവിയേയും പുനഃസൃഷ്ടിക്കാന്‍ കഴിയില്ലല്ലോ.

                                                        *

വര്‍ഗീസ് മുറിയോടിത്തറയെ പിന്നെ അതുവഴി കണ്ടതേയില്ല. അയാളെ ബന്ധപ്പെടാനുള്ള മേല്‍വിലാസമോ ഫോണ്‍ നമ്പറോ വാങ്ങിവെച്ചിരുന്നില്ലല്ലോ. ഡയറിയിലും അത്തരം സൂചനകളൊന്നും കണ്ടില്ല. വെറുതെ പേരെഴുതിയിട്ടിരുന്നു പല പേജുകളിലും. അരിപ്പ ഭൂസമരപ്പന്തലില്‍നിന്നാണ് രണ്ടു തവണയും വരുന്നതെന്നു പറഞ്ഞിരുന്നതുകൊണ്ട് സ്ഥലത്തെക്കുറിച്ച് അറിയാം. അരിപ്പയുടെ അടുത്ത പ്രദേശമായ 12-ാം മൈലിലെ മേല്‍മുറിയിലാണ് ഇപ്പോളയാള്‍ താമസിക്കുന്നതെന്നു പറഞ്ഞതായി ഞാനോര്‍ക്കുന്നുണ്ട്. 
പത്രം, പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ അരനൂറ്റാണ്ടു കാലത്തിന്റെ ചലനങ്ങള്‍ പ്ലാന്‍ ചെയ്തപ്പോള്‍ ആ ആത്മകഥാ ഭാഗങ്ങള്‍കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതുകൊണ്ട് എനിക്ക് കഥാപുരുഷനെ കാണാതിരിക്കാനാവാത്ത സ്ഥിതിവന്നു. 


12-ാം മൈലില്‍ പോകാന്‍ തീരുമാനിക്കുന്നതങ്ങനെയാണ്. 
പിറ്റേ ദിവസം, ആളാന്‍ തുടങ്ങിയ കോട്ടയത്തെ ചൂടില്‍നിന്ന് നല്ല കുളിരുന്ന ഒരവസ്ഥയിലേക്ക് ബൈക്കില്‍ ഞാന്‍ 12-ാം മൈലില്‍ ചെന്നിറങ്ങി.
പട്ടണമെന്നു പറഞ്ഞുകൂടാ. ഒന്നോ രണ്ടോ ബസുകള്‍ വന്നു തിരിയുന്ന ഒരു ഇട്ടാവട്ടം. പലചരക്കുകളും അലുമിനിയപ്പാത്രങ്ങളും കമ്പിളിത്തുണികളും മറ്റും വില്പനയ്ക്കുവെച്ചിരുന്ന നാലഞ്ചു കടമുറികള്‍. അടുത്തുതന്നെയുള്ള ഏതോ ഒരു വെള്ളച്ചാട്ടത്തിന്റെ നിലയ്ക്കാത്ത ഇരമ്പം കുത്തനെയുള്ള ആ മലയോരപ്രദേശത്തെ സജീവമാക്കി നിലനിര്‍ത്തുന്നുണ്ടെന്ന് തോന്നി. 
അടുത്തുകണ്ട മുറുക്കാന്‍കടക്കാരനോട് അവിടത്തെ പൊതുവെയുള്ള രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചു വെറുതെ ചോദിച്ചുകൊണ്ട് ഒരു സിഗരറ്റ് വാങ്ങി ഞാന്‍ തീകൊളുത്തി. 
''ഓ, ഇവടെന്നാ രാഷ്ട്രീയമാ സാറെ. സന്ധ്യയായാ അരക്കൊടം കള്ളും കുടിച്ച് തമ്മീത്തമ്മീ തെറിപറഞ്ഞ് കത്തിയൂരുന്നതാ ഇവ്ടത്തെ രാഷ്ട്രീയം.''
മുറുക്കാന്‍കടക്കാരന്‍ പറഞ്ഞു.
പഴയ നക്സലൈറ്റ് നേതാവ് മാത്യൂസ് മുറിയോടിത്തറ എന്നയാളെ  അറിയുമോ എന്നു ഞാനിടയ്ക്കിടക്ക് ചോദിച്ചെങ്കിലും അയാള്‍ ആ ചോദ്യം കേട്ടതായി ഭാവിക്കാതെ അടയ്ക്കയുടെ ചൂളി ഒരു പേനാക്കത്തികൊണ്ട് ഉരച്ചുകളയാന്‍ തുടങ്ങി.  
കരിങ്കല്ലുപാതയിലൂടെ ആള്‍പ്പാര്‍പ്പുള്ള ദിക്കുനോക്കി നടക്കുമ്പോള്‍ എതിരെ വന്ന മറ്റൊരാളോടും ഞാന്‍ മാത്യൂസ് മുറിയോടിത്തറയെപ്പറ്റി അന്വേഷിച്ചു. ആദ്യമൊന്നല്‍പ്പം അമ്പരന്നെങ്കിലും എന്നോട് സംസാരിക്കാനയാള്‍ തയ്യാറായി. അയാളുടെ ഓര്‍മ്മയിലും അങ്ങനെയൊരു നക്സലൈറ്റ് നേതാവില്ല. വെള്ളേം വെള്ളേം മാത്രം ഉടുത്തുകൊണ്ട് പഴയൊരു സ്‌കൂള്‍ മാഷ് മേല്‍മുറി ഭാഗത്ത് തനിച്ച് താമസിക്കുന്നതറിയാം. അയാള് പക്ഷേ, നക്സലൈറ്റായിരുന്നോന്നറിയില്ല. രാഷ്ട്രീയകാര്യങ്ങളിലൊക്കെ എടപെട്ടിരുന്ന ഒരാള്‍ അയാളാണ്. കക്ഷിയെ പുറത്തു കണ്ടിട്ടുതന്നെ കുറേക്കാലമായി. ഇപ്പോ ജീവിച്ചിരിപ്പുണ്ടോന്ന്തന്നെ ഒറപ്പില്ല. മന്ഷ്യര്ടെ കാര്യല്ലേ.''
അയാള്‍ കഷ്ടം ഭാവിച്ചുകൊണ്ട് എന്നെ നോക്കി. 
ഉദ്ദേശിച്ച ആ മാഷ് താമസിക്കുന്ന മേല്‍മുറിയിലേക്ക് പോകേണ്ട വഴിപറഞ്ഞുതരാന്‍ അയാള്‍ തയ്യാറായി.
അതാരുതന്നെയായാലും സ്‌കൂള്‍മാഷായിരുന്ന സ്ഥിതിക്ക് പഴയ നക്സലൈറ്റ് നേതാവടക്കമുള്ള ഇവിടത്തെ മറ്റാളുകളെപ്പറ്റി അയാള്‍ക്കെന്തെങ്കിലും അറിയാതിരിക്കില്ല. ഇവിടംവരെ എടുത്തുചാടി വന്ന സ്ഥിതിക്ക് അയാള്‍ സൂചിപ്പിച്ച ആളെ കാണാന്‍തന്നെ ഞാന്‍ തീര്‍ച്ചയാക്കി. അതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നും അപ്പോള്‍ എന്റെ മുന്നിലുണ്ടായിരുന്നില്ലല്ലോ. 
കാടിന്റെ അതിരോളം ചെന്നാണ് ആ വീട് ഒടുക്കം ഞാന്‍ കണ്ടുപിടിച്ചത്. 
കുറേ നാളായി നടപ്പും മെയ്യനക്കവും കുറഞ്ഞതുകൊണ്ട് കയറ്റംകയറി ആ വീട്ടുമുറ്റത്തെത്തുമ്പോഴേക്ക് കിതച്ച് തളര്‍ന്നവശനായിരുന്നു ഞാന്‍.
ഇരുണ്ട പച്ചപ്പുനിറമാര്‍ന്ന കാട്ടുചെടികള്‍ ചുറ്റും പടര്‍ന്നു പന്തലിച്ച് ആ വീടിനെ വിഴുങ്ങാനോങ്ങി നിന്നിരുന്നു. പുറംതിണ്ണയിലെ മണ്‍കട്ടച്ചുമര് ചെറുതായി നനഞ്ഞ് ദ്രവിച്ചിടിഞ്ഞും ഏതു നിമിഷവും മൂക്കുകുത്തി വീഴാം എന്ന കണക്കെ ഉമ്മറക്കൊട്ടിലും കാണപ്പെട്ടു. അവിടെ കുറേക്കാലമായി ആള്‍പ്പെരുമാറ്റം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. 
മുറ്റത്ത്, ഒരു മരക്കൂട്ടില്‍ തളച്ചിട്ടിരുന്ന വിശേഷപ്പെട്ട മൃഗം, ഞാനാദ്യം കണ്ടപ്പോള്‍ കരുതിയത് ഒരു പുലിക്കുട്ടിയോ മറ്റോ ആണെന്നാണ്. പക്ഷേ, അതൊരു കൂറ്റന്‍ വളര്‍ത്തുപൂച്ചയായിരുന്നു. പൂച്ചയെ അങ്ങനെയാരും കൂട്ടിലിട്ടു വളര്‍ത്തുകയില്ലല്ലോ. കുറേക്കാലമായി തുടലിലിട്ടതുകൊണ്ടായിരിക്കണം ഇടയ്ക്കിടെ അത് ശൗര്യത്തോടെ അപരിചിതനായ എന്നെ നോക്കി മ്യാവോയ്ക്കു പകരം പുലി അമറുന്നതുപോലെ ചീറിക്കൊണ്ടിരുന്നു. 
''പേടിക്കേണ്ട, അത് വെറുമൊരു പൂച്ചയാ.''
വീട്ടിനുള്ളില്‍ നിന്നാണോ പിന്നിലെ കാട്ടില്‍നിന്നാണോ എന്നൊന്നും എനിക്ക് വ്യക്തമായില്ല. ശബ്ദംകേട്ട് നോക്കുമ്പോള്‍ സാക്ഷാല്‍ മാത്യൂസ് മുറിയോടിത്തറതന്നെ ബീഡിപ്പുകയുടെ പരിവേഷവുമായി എന്റെ മുന്നില്‍ വന്നുനിന്ന് ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. 
''ഞങ്ങളെപ്പോല്ള്ളവര്‍ നിങ്ങളെപ്പോല്ള്ള പത്രക്കാരെ ഇമ്മാതിരി സ്ഥലത്തൊക്കെ എങ്ങനെ പ്രതീക്ഷിക്കാനാണ് സഖാവെ. വരിക, വരിക...''
വരാന്തയിലേക്ക് ക്ഷണിച്ചുകൊണ്ട് അയാള്‍ എനിക്കിരിക്കാനായി അവിടെയാകെയുള്ള ഒരു നാല്‍ക്കാലി എടുത്തിട്ടു.
മെലിഞ്ഞതെങ്കിലും ദൃഢമായ അയാളുടെ ശരീരത്തിലെ വിയര്‍പ്പില്‍ ചോരപോലെ ചരല്‍മണ്ണും കരിയിലകളും പറ്റിപ്പിടിച്ചിരുന്നു.
''പുതിയൊരു കുഴിയെടുത്തിട്ടൊണ്ട്. അവ്ടെ ഞാന്‍ കൊറച്ച് കാച്ചില്‍നടാനുള്ള ശ്രമത്തിലായിരുന്ന്. അപ്പഴാ സാറിന്റെ വരവ്.''
അയാള്‍ കൊത്തും കിളയുമൊന്നും സമീപകാലത്ത് നടന്നിട്ടില്ലാത്ത വീടിന്റെ പടിഞ്ഞാറെ ഭാഗത്തേക്ക് കൈചൂണ്ടി. അയാളുടെ വിരല്‍നീണ്ടിടത്തോളം ചെന്ന എന്റെ കണ്ണുകളില്‍ ഇരുട്ടുകയറി. 
''സഖാവിന്റെ ആത്മകഥാ ഭാഗം ഞങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. അതു പറയാനാ ഇത്രടംവരെ വരേണ്ടിവന്നത്. നിങ്ങളെ ബന്ധപ്പെടാന്‍ മറ്റൊരു മാര്‍ഗ്ഗവും കണ്ടില്ല.''
ഒരു വിധം ഞാന്‍ പറഞ്ഞൊപ്പിച്ചു.
'ഓ, അതോ. അതു വേണ്ട സാറെ. സത്യത്തില്‍ അതെന്റെ ആത്മകഥാ ഭാഗങ്ങളൊന്നുമല്ല. വേറൊരാള്ടേതാ. അതിലെ മാത്തുക്കുട്ടിച്ചായന്റേം എന്റേം പേര് ഒന്നായിപ്പോയെന്നുമാത്രം.''
അയാളുടെ പറച്ചില്‍ കേട്ട നിമിഷം എന്റെ കൈ തരിച്ചതാണ്. ഞാനതടക്കിപ്പിടിച്ച് അയാള്‍ തുടര്‍ന്നു പറയുന്നതും കേട്ടിരുന്നു.
''അതെഴുതിയ മാത്തുക്കുട്ടിച്ചായന്‍ മരിച്ചുപോയിട്ട് ഇന്നേക്ക് പത്തുവര്‍ഷം കഴിഞ്ഞു, സാറെ. ഇതുപോലൊരു ഞാറ്റുവേല സമയത്തായിരുന്ന്. എന്റെ വകയിലൊരു കാരണവരുകൂടിയാ ഇപ്പറഞ്ഞ മാത്യൂസ് മുറിയോടിത്തറ. മാത്തുക്കുട്ടിച്ചായന്‍ന്ന് പറഞ്ഞ മൊതലാളിമാര് കിടുകിടെ വെറക്ക്ന്ന ഒരു കാലമൊണ്ടായിര്ന്ന് സാറെ. പുള്ളിക്കാരന്റെ വീരകഥകള്‍ കേട്ടാ ഞങ്ങളൊക്കെ ചെറുപ്പം മൊതല് വളര്‍ന്ന് വന്നത്. വീട്ടുകാരും നാട്ടുകാരും ഒടുക്കം പാര്‍ട്ടിക്കാരും ഒറ്റപ്പെടുത്തിയ അങ്ങേരെ അവസാനകാലത്ത് ഞാനാ കൂടെക്കൂട്ടിയത്. കോഴിക്കോട്ടെ ഒരു ലോക്കപ്പില് കെടന്നാ അവസാനം ചത്തത്. കോരിച്ചൊരിയുന്ന മഴയത്ത്, ദാ ആ കാണുന്ന മണ്‍തൂക്കിലാ ഞാനീ കൈകൊണ്ട് അങ്ങേരെ ഒറ്റയ്ക്ക് അടക്കംചെയ്തത്. അതിനുമീതെ വളര്‍ന്നു നിപ്പ്ള്ള മരങ്ങള് അങ്ങോരുടെ ചോരയൂറ്റിക്കുടിച്ചാ തടി വണ്ണംവെപ്പിക്കുന്നെ.''
കുറേ നേരം കഴിഞ്ഞ് ശബ്ദം താഴ്ത്തി അയാള്‍ തുടര്‍ന്നു:
''അക്കാലത്ത് ഒരുമാതിരിപ്പെട്ടവര്‍ക്കൊന്നും അരാജകവാദിയാകാന്‍ അത്ര എളുപ്പല്ലായിര്ന്നെന്ന് കൂടക്കൂടെ മാത്തുക്കുട്ടിച്ചായന്‍ പറയായിര്ന്ന്. പെറ്റിബൂര്‍ഷ്വകളെ ഉന്മൂലനം ചെയ്യണന്നും. ഞാനിന്നുമതേ പ്രത്യയശാസ്ത്ര വിശ്വാസക്കാരനാ.''
മരവിച്ച മനസ്സോടെ അയാള്‍ പറയുന്നതെല്ലാം കേട്ട് തലയാട്ടി ഞാനതേയിരിപ്പിരുന്നു, ഒരക്ഷരം മറുത്തുപറയാനാവാതെ.
''അഥവാ ഇനി ഞാന്‍ തന്നെയാണാ മാത്യൂസ് മുറിയോടിത്തറ എന്നു വിശ്വസിക്കാന്‍ സാറിനാവ്വ്വങ്കില് അത് പ്രസിദ്ധീകരിക്കണം എന്ന് തന്നെയാണെന്റെ ആഗ്രഹം. ഇതും പറഞ്ഞ് ഒരിക്കല്‍ക്കൂടി അങ്ങട്ട് വരാന്‍ എന്റെ മനസ്സനുവദിച്ചില്ല. അതിനുള്ള അവസരം ഇപ്പൊ നിങ്ങള് തന്നെ സൃഷ്ടിക്കുകേം ചെയ്തല്ലോ. ഇനി ആത്മാര്‍ത്ഥായി സാറിനോട് ഒരു ചോദ്യം ചോദിക്കട്ടെ, ഞാന്‍ സഖാവ് മാത്യൂസ് മുറിയോടിത്തറ അല്ലെന്ന് പറയാന്‍ ഇതിന് മുന്നെ മാത്തുക്കുട്ടിച്ചായനേയോ എന്നെയോ സാറ് കണ്ടിട്ടുണ്ടോ,  ഉവ്വോ?''
അയാളുടെ ശബ്ദം അവിചാരിതമായുയര്‍ന്നപ്പോള്‍ കൂട്ടില്‍ക്കിടന്ന മൃഗം തുടലുപൊട്ടിക്കാനെന്നോണം ചാടിത്തുള്ളി മരപ്പട്ടകളില്‍ മുതുകടിച്ച് മുരളാന്‍ തുടങ്ങി. ഒരു മഴക്കോളിന്റെ വരവറിയിച്ചുകൊണ്ട് കൊമ്പുലയ്ക്കുന്ന കാറ്റിന്റെ ഇരമ്പവും അപ്പോള്‍ കേട്ടുതുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com