ജനി: ഷീബ ഇകെ എഴുതിയ കഥ

പാതിമാത്രം തെളിച്ചമുള്ള അവന്റെ തലച്ചോറില്‍ സന്തോഷം മാത്രമേ ഉണ്ടാവാറുള്ളൂ.
ചിത്രീകരണം-ചന്‍സ്
ചിത്രീകരണം-ചന്‍സ്

കുന്നുകയറിവരുന്ന ജീപ്പിന്റെ വെട്ടത്തില്‍ കേരിയിലെ മനെകള്‍(1) വെളിച്ചപ്പെട്ടു.
''ഏറല്ല ബറദ്''(2) 
മുദ്യപ്പ മങ്ങിയ കണ്ണുകള്‍ വിടര്‍ത്തി സുക്ഷിച്ചു നോക്കി.
''ബിറ്ന്ത്ക്കാറ്...''(3) ബസവ ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു. പാതിമാത്രം തെളിച്ചമുള്ള അവന്റെ തലച്ചോറില്‍ സന്തോഷം മാത്രമേ ഉണ്ടാവാറുള്ളൂ. നായാട്ടിനുള്ള മറക്ഡ്ഢിയും കായ്ബില്ലും(4) മിനുക്കിക്കൊണ്ട് മനെയുടെ മുറ്റത്തിരിക്കുകയായിരുന്നു അവന്‍. വെട്ടവും ശബ്ദവും കണ്ട് ഇരിണ്ടിയും ചമ്മിണിയും കുട്ടികളുമെല്ലാം മനെകളില്‍നിന്നു പുറത്തേയ്ക്കിറങ്ങി. നായാട്ടിനെത്തുന്നവരുടെ വഴികാട്ടിയായിപ്പോകാറ് ബസവനാണ്. അതിനു പകരമായി അവര്‍ തീനി, ബീഡി ഒക്കെ കൊടുക്കും. ബസവന്റെ വായിലപ്പോഴും ഹോഗെ(5 ) ചവക്കുന്നതിന്റെ മണമുണ്ടായിരുന്നു.

മൊതലിക്ക് ഇഷ്ടമില്ല നാട്ടുകാരെ. നായാട്ടിന് വന്ന് അവര്‍  കാടു നശിപ്പിക്കുകയാണെന്നാണ് മൊതലി പറയാറ്. കേരിയിലുള്ളവര്‍ നായാടാന്‍ പോകാറുണ്ട്. കൃഷിപ്പണിയൊന്നും അവര്‍ക്ക് വശമില്ല. കാടുവെട്ടിത്തെളിച്ച് വിത്തിടാന്‍ അവര്‍ക്കറിയില്ല. ഓര്‍മ്മവെച്ച കാലം മുതല്‍ കാടും കാട്ടുമുതലുകളും തന്നെയാണ് കേരിക്കാര്‍ക്ക് എല്ലാം.
ജേനു, ഗാസ്, മീന്, ഹണ്ണ്, ബേര്, ബാഡ്(6). കാട് എല്ലാം തരും. മൊതലി അങ്ങനെയാണ് പറഞ്ഞുതന്നിട്ടുള്ളത്. ആവശ്യത്തിനു മാത്രം എടുക്കുക. ബാക്കി കാടിനു തന്നെ വിട്ടുകൊടുക്കണം. അതാണ് കേരിക്കാരുടെ പതിവ്. കാരമരക്കമ്പ് ചെത്തിക്കൂര്‍പ്പിച്ച് നുറെ ഗാസ്(7) പറിക്കുമ്പോള്‍പ്പോലും സൂക്ഷിക്കണമെന്നാണ് ദൊസ്സവര്(8) പറയുക. കുറച്ച് അകലത്തില്‍ക്കുഴിച്ച് ചെടിക്കു വളരാന്‍ ആവശ്യമുള്ളത്ര ഭാഗം ബാക്കിവെച്ചേ പറിക്കാവൂ. തേനെടുക്കുമ്പോഴും അങ്ങനെത്തന്നെ. തേനീച്ചകളെ കൊല്ലാതെ തീയും പുകയും കാണിച്ച് മാറ്റിനിര്‍ത്തി അട പറിച്ചെടുക്കും. മുള കീറി തേനീച്ചക്കുഞ്ഞുങ്ങളെ അതില്‍ത്തന്നെ വെച്ചിട്ടു പോരും. ഇല്ലെങ്കില്‍ പിന്നെച്ചെന്നു നോക്കുമ്പോള്‍ തേനും കൂടുമുണ്ടാവില്ല. നാട്ടില്‍നിന്നു നായാടാന്‍ വരുന്നവര്‍ അങ്ങനെയൊന്നുമല്ല. വേണമെങ്കിലും വേണ്ടെങ്കിലും കണ്ണില്‍ക്കണ്ടതിനെയെല്ലാം നശിപ്പിക്കും. ചിലപ്പോള്‍ വെടിയിറച്ചി മുഴുവന്‍ കേരിയില്‍ വിതരണം ചെയ്യാറുമുണ്ട്. എല്ലാവര്‍ക്കും നിറയെ കള്ളു കുടിക്കാനും തരും. പിന്നെ മനെകളില്‍ എന്തു നടന്നാലും അറിയില്ല. ആകെ തല പെരുത്തിട്ടുണ്ടാവും.
അങ്ങനെയൊരു രാത്രിയാണ് കാട് മാരയുടെ കരച്ചില്‍ കേട്ടു വിറങ്ങലിച്ചത്.
ദൈവപ്പുരയുടെ പിന്നില്‍ കൂനിക്കൂടിയിരിക്കുകയായിരുന്നു മാര. ജീപ്പിന്റെ വെട്ടം കുന്നുകയറിത്തുടങ്ങിയപ്പോള്‍ത്തന്നെ അവളുടെ കാലുകള്‍ വിറച്ചു. മാറ് കനത്തു വിങ്ങി തെരുതെരെയടിച്ചു. അടിവയര്‍ കനം വെച്ചു. തുടകള്‍ പൊള്ളി. കണ്ണിറുക്കെപ്പൂട്ടി അവള്‍ ദുര്‍ബ്ബലമായ കൈകള്‍ കൊണ്ട് സ്വയം ചുറ്റിവരിഞ്ഞു.
'അവ ഇല്ലികാണി.'(9)

ഔവ്വയുടെ പരിഭ്രമിച്ച ശബ്ദം ചിതറി തന്നെ തിരഞ്ഞുപോകുന്നതറിഞ്ഞ് മാര തണുത്തു വിറച്ചു. ദൈവപ്പുരയുടെ പിന്നാമ്പുറത്തിരുന്നാല്‍ കാട്ടുകൂവയിലകള്‍ക്കിടയിലൂടെ നിര്‍ത്തിയിട്ട നീല ജീപ്പ് കാണാം. അവന്‍ കേരിയിലേക്ക് ആദ്യം വന്നതും ഈ ജീപ്പിലായിരുന്നു. അന്നവന്റെ കൂടെ കൂട്ടുകാരും തോക്കുമുണ്ടായിരുന്നു. ബസവനെക്കൂട്ടി നൂറാന്‍ മലയിലേക്കു അവര്‍ നടക്കുമ്പോള്‍ ചുള്ളിവിറകുമായി കാട്ടുപാതയിലൂടെ കേരിയിലേക്കു വരികയായിരുന്നു മാര. നടത്തത്തിന്റെ വേഗം കുറച്ച് അവനും കൂട്ടുകാരും ചുഴ്ന്നു നോക്കിയപ്പോള്‍ അവള്‍ ഭയപ്പാടോടെ വേഗം നടന്നു. നാട്ടുകാരുടെ മുന്നില്‍ച്ചെന്നു നില്‍ക്കാന്‍ മൊതലി സമ്മതിക്കാറില്ല. കേരിയിലെ സ്‌കൂള്‍ പൂട്ടുന്നതുവരെ മാരയും പോകുമായിരുന്നു. നര്‍ദമൊദെ(10)ക്കു മുന്‍പെ സ്‌കൂള്‍ പൂട്ടിപ്പോയി. പിന്നെയാണ് ബദല്‍ സ്‌കൂളും വിമല ടീച്ചറുമൊക്കെ വന്നത്. അപ്പോഴേക്കും അവള്‍ ഔവ്വക്കൊപ്പം കാട്ടില്‍പ്പോയി ശീലിച്ചിരുന്നു.
ജീപ്പിന്റെ പിന്നാമ്പുറത്തുനിന്ന് അവന്‍ എന്തൊക്കെയോ സാധനങ്ങള്‍ പുറത്തേക്കിറക്കി വെച്ചു. ബസവനും ചേമ്പിയും ഔവ്വയും അപ്പയുമെല്ലാം ചുറ്റും കൂടി നില്‍ക്കുന്നുണ്ട്. തുടരെയുള്ള സന്ദര്‍ശനങ്ങളില്‍ നല്ല വാക്കുകള്‍കൊണ്ടും സമ്മാനങ്ങള്‍ കൊണ്ടും അവന്‍ എല്ലാവരേയും മയക്കിയെടുത്തിരിക്കുന്നു. മൊതലിപോലും ഇപ്പോള്‍ അവനെ വിശ്വസിക്കുന്നുണ്ട്. ഇലയുടേയും ഹോഗെയുടേയും വലിയ കെട്ടുകള്‍, തീനി, ബെല്ലം, പൗഡര്‍ ടിന്‍... എല്ലാ തവണയും അവന്‍ വരുമ്പോള്‍ സമ്മാനങ്ങള്‍കൊണ്ട് മനെകളുടെ അകം നിറഞ്ഞു. കേരിക്കാരുടെ മുഖങ്ങളില്‍ ചിരി വിടര്‍ന്നു. മാര മാത്രം ഓരോ തവണയും മനെയുടെ ഉള്ളില്‍ നിന്നിറങ്ങി നീരുവന്നു വീര്‍ത്ത കാലുകളുമായി പുറത്തേക്കോടിയിറങ്ങി. ദൈവപ്പുരയുടെ പിന്നിലോ ആലെയിലോ ചിലപ്പോള്‍ തീണ്ടാരിപ്പുരയില്‍ വരെ ഒളിച്ചിരുന്നു. ജീപ്പിന്റെ വെട്ടം കുന്നിറങ്ങിയില്ലാതാവുന്നതു വരെ ചീവീടിന്റെ കരച്ചിലിനൊപ്പം നെഞ്ചിടിപ്പോടെ കാത്തുനിന്നു.
ആദ്യമാദ്യം അവന്‍ വരുമ്പോള്‍ അപ്പയും ഔവ്വയും കലിപ്പോടെ പ്രാകുമായിരുന്നു.
മറആട്ട(11) നടന്ന ദിവസം എല്ലാവര്‍ക്കും നിറയെ കള്ളും ഹോഗെയും കൊടുത്തുമയക്കി അവന്‍ വരുമ്പോള്‍ ഉറക്കപ്പിച്ചോടെ മനെയിലേക്കു നടക്കുകയായിരുന്നു മാര. വഴിയില്‍ അവളെ കണ്ടപ്പോള്‍ അവന്റെ മുഖത്ത് വല്ലാത്തൊരു ചിരിയുണ്ടായിരുന്നു. നായാട്ടിനു പോകുമ്പോഴത്തെ തിളക്കം കണ്ണിലും.


ടീച്ചറമ്മയില്‍നിന്നു കേട്ട് നാട്ടുഭാഷ മാരയ്ക്ക് നന്നായി മനസ്സിലാകും.
''പെണ്ണേ, നിന്നെത്തേടിയാ ഞാന്‍ വന്നത്.''
മുരണ്ടുകൊണ്ട് അവളുടെ ഇരുണ്ടു കനത്ത മാറിടത്തില്‍ അവകാശത്തോടെ വിരലമര്‍ത്തി. കേരികളില്‍ പുറത്തുനിന്നുള്ള ആണുങ്ങളോട് ഇടപഴകാന്‍ പെണ്‍കുട്ടികളെ സമ്മതിക്കാറില്ല. നര്‍ദമൊദെ കഴിഞ്ഞാല്‍ മിക്കവാറും പേരുടെ കല്യാണം കഴിയും. ആണിന്റെ അപ്പയും ഔവ്വയും ദൊസ്സവരും കണ്ട് ബോധ്യപ്പെട്ടാല്‍ മാത്രമേ ചെറുക്കന്‍ വന്നു കാണാറുള്ളൂ. മാര വെറുപ്പോടെ കൈ തട്ടിമാറ്റിയെങ്കിലും അവന്‍ അവളെ വരിഞ്ഞുമുറുക്കി. അന്നേരമാണവള്‍ ഉറക്കെയുറക്കെ നിലവിളിച്ചത്. ആരും ഒന്നുമറിഞ്ഞില്ല. മാറില്‍ കത്തി തറച്ചതുപോലെ നഖങ്ങളാഴ്ന്നു. തുടയിലൂടെ തീവെള്ളമൊഴുകി. വിയര്‍പ്പു ചൂരും തുപ്പലുമൊട്ടിപ്പിടിച്ച്  പനിച്ച് പിച്ചും പേയും പറഞ്ഞു തളര്‍ന്നുകിടന്ന മാരയെ പുലര്‍ച്ചെ കാട്ടുവഴിയില്‍ ആദ്യം കണ്ടത് ടീച്ചറമ്മയായിരുന്നു. എന്തു പ്രശ്‌നമുണ്ടായാലും കേരിയിലേക്കോടി വരുന്നത് അവരാണ്.
അവര്‍ തന്നെയാണ് പൊലീസിനേയും ഡോക്ടറേയും ഒക്കെ വിളിച്ചുവരുത്തിയത്. പൊലീസുകാരികള്‍ സഹതാപത്തോടെ ചിരിച്ച് പേടിക്കേണ്ടെന്നു കണ്ണുകാട്ടി. അവരെന്തൊക്കെയോ ചോദിച്ചു. എവിടെയൊക്കെയോ വിരലടയാളം വാങ്ങിച്ചു. അവനേയും കൂട്ടുകാരേയും ഒക്കെ പൊലീസ് പിടിച്ചുവെന്നു പത്രത്തിലുണ്ടായിരുന്നതായി ടീച്ചറമ്മ കാണിച്ചുതന്നു. പിന്നെ കുറേക്കാലത്തേയ്ക്ക് നായാട്ടുകാരുടെ ശല്യമില്ലായിരുന്നു. മാരയാവട്ടെ, കുറേ രാത്രികളില്‍  പനിക്കുകയും പിച്ചും പേയും പറയുകയും ചെയ്തു. അപ്പ ബുരുഡെയെടുത്ത് ദൈവപ്പുരയിലിരുന്നു കരഞ്ഞു വിളിച്ചിട്ടും മാര പനിച്ചു തുള്ളിക്കൊണ്ടിരുന്നു.
പിന്നെ തൂളക്കാറ വന്നു(12) ദൈവപ്പുരയുടെ മുന്നില്‍ ഉറഞ്ഞു തുള്ളി. ആത്മാക്കളുടെ അപ്രീതി മാറാന്‍ കര്‍മ്മങ്ങള്‍ ചെയ്യിച്ചു. അതിന്റെ മൂന്നാം ദിവസം നുറക്കിഴങ്ങു പറിക്കാന്‍ പോയപ്പോള്‍ ഇളവെയിലില്‍ മാര തലകറങ്ങി വീണു.
അവന്‍ ജീപ്പിന്റെ മുന്‍പില്‍ കാല്‍ കയറ്റിവെച്ച് ബസവനോടെന്തോ പറഞ്ഞു ചിരിക്കുകയാണ്. മാരയുടെ മുലകള്‍ കടഞ്ഞു... ദേഹം മുഴുവന്‍ അവന്റെ വിയര്‍പ്പു ചൂരും തുപ്പല്‍ മെഴുക്കും പറ്റിപ്പിടിച്ചതായി അവള്‍ക്കപ്പോള്‍ തോന്നി.
''മകാ... നീന് എല്ലിഗ ഹോയിരിച്ചിദേ...''(13)
ഔവ്വയുടെ ഒച്ച പൊന്തി. അവള്‍ക്കു പനിക്കുന്നുണ്ടായിരുന്നു. ഒപ്പം അടിവയര്‍ വല്ലാതെ വേദനിക്കുകയും ചെയ്തു. പ്രസവം നേരത്തെയാവാന്‍ സാധ്യതയുണ്ടെന്നും ആശുപത്രിയില്‍ വരണമെന്നുമൊക്കെ ഹെല്‍ത്ത് സെന്ററില്‍നിന്നു വന്ന ഡോക്ടര്‍ പറഞ്ഞതാണ്. കുറെ മരുന്നുകളും തന്നു.
പ്രസവം കേരിയില്‍ വലിയ ആഘോഷമായാണ് നടത്താറ്. കുട്ടിയുണ്ടായി ഒരു മാസം കഴിഞ്ഞാല്‍ മനെയിലേക്ക് കൂട്ടിക്കൊണ്ടുവരും. കേരിയില്‍ ഇതുവരെ കല്യാണം കഴിയാതെ ഗര്‍ഭിണിയായത് ചീതയും തുളസിയുമാണ്. ചീത ആറ്റില്‍ച്ചാടി ചത്തു. തുളസിയെ നാട്ടുകാരാരോ വന്നു വീട്ടുവേലക്കു കൊണ്ടുപോയി. അവളുടെ കുട്ടി അനാഥാലയത്തില്‍ വളരുന്നുണ്ട്.
കേരിയുടെ പുറത്ത് കല്യാണം കഴിക്കാതെ അമ്മമാരാവുന്ന പെണ്ണുങ്ങള്‍ കൂടി വരികയാണെന്നാണ് ക്ലാസ്സെടുക്കാന്‍ വന്ന സാറന്മാര്‍ പറഞ്ഞത്. ഇവിടെ മൊതലിമാര്‍ക്കെല്ലാം നാട്ടുകാര് കയറുന്നതിനോട് എതിര്‍പ്പായിരുന്നു. പക്ഷേ, പുതിയ കാലത്തെ കുട്ടികള്‍ പഠിക്കാനും കൂലിപ്പണിക്കുമായി പുറത്തു പോകാന്‍ തുടങ്ങിയപ്പോഴാണ് നാട്ടുകാരായ ചെറുപ്പക്കാര്‍ ഇവിടെയും കേറിനിരങ്ങാന്‍ തുടങ്ങിയത്... കാടു കൊണ്ടുമാത്രം ജീവിച്ചു പോകാനാവാത്ത അവസ്ഥ കേരിക്കാര്‍ക്കുമുണ്ട്. മഴക്കാലത്താണ് ആകെ പ്രയാസം. മഴ കനത്താല്‍ കാട്ടില്‍പ്പോയി ഒന്നും എടുക്കാന്‍ പറ്റില്ല.
''മകാ, നന്നെ നാന് ഹൊള്ളനോഡ്ഡായ് നോഡിദേ.''(14)
കഴിഞ്ഞയാഴ്ച അവന്‍ വന്നപ്പോഴും അപ്പ അതുതന്നെ പറഞ്ഞു. പൊന്ന് ഇതുവരെ കണ്ടിട്ടില്ല. കാട്ടുമുള്ളുകളാണ് കാതിലിടുന്നത്. ഉത്സവത്തിന് കിട്ടുന്ന മുത്തുമാലകളും കുപ്പിവളയും ഉടയും വരെ അതുണ്ടാകും. പൊന്നിന് അതിനേക്കാളൊക്കെ തിളക്കമുണ്ടെന്ന് ചിക്കൊവ്വ(15) മാരയോടു പറഞ്ഞിട്ടുണ്ട്.
''മെദെ കളിസാക്കും അവന് അദ് ഹേളിദാദ്.''(16)
ഔവ്വ പതുക്കെപ്പറഞ്ഞു.
''മാരാ... ചെരിഞ്ഞു കിടക്ക്... നിന്റെ വയറ്റില്‍ കുഞ്ഞു വളരുന്നുണ്ട്.''
തലകറങ്ങി വീണതിന്റെ പിറ്റേ ആഴ്ച ടീച്ചര്‍ മനെയില്‍ വന്നപ്പോള്‍ മാര കമിഴ്ന്നു കിടക്കുകയായിരുന്നു. അവര്‍ അവളുടെ കണ്ണുകള്‍ തുറന്നു പരിശോധിച്ചു. നല്ല വിളര്‍ച്ചയുണ്ട്. 
കല്യാണം കഴിക്കാതെ എങ്ങനെ കുഞ്ഞുണ്ടായി എന്ന് ആലോചിക്കുകയായിരുന്നു മാരയപ്പോള്‍. കല്യാണം കഴിച്ചവര്‍ ഉള്‍ക്കാട് കയറുന്നത് അവള്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ തേനെടുക്കാന്‍ പാറപ്പൊത്തില്‍ വലിഞ്ഞുകയറിയപ്പോള്‍ താഴെ നിന്ന് ഏങ്ങലും കിതപ്പും കേട്ട് ഭയപ്പാടോടെ നോക്കിയപ്പോള്‍ ചെമ്പിയും അവളുടെ ചെറുക്കനും കിടക്കുന്നത് കണ്ട് അന്തം വിട്ടു പോയിട്ടുണ്ട്. എന്തുപാവം പെണ്ണായിരുന്നു ചെമ്പി. അവളവന്റെ അരയില്‍ കൈ ചുറ്റുകയും ചെവിയില്‍ കടിക്കുകയുമൊക്കെ ചെയ്യുന്നതു കണ്ടപ്പോള്‍ മാരയുടെ ഉടലാകെ കുളിര്‍ത്തു കയറി. പാറപ്പൊത്തില്‍നിന്നു പിടിവിട്ട് പോയേക്കുമെന്നു ഭയന്നു കണ്ണുചിമ്മാനാവാതെ അവളാ കാഴ്ച മുഴുവന്‍ കണ്ടു. എടുത്ത തേന്‍ പാറപ്പൊത്തില്‍ വച്ചു മറന്നു പോരുന്നേരം ഉടലാകെ വിറച്ചു തുള്ളി. അതില്‍പ്പിന്നെ അതുപോലൊരു ചെറുക്കന്‍, കരുത്തുള്ള ചുമലുകളും ബലമുള്ള കാലുകളുമുള്ളവന്‍ വന്നു  വീട്ടില്‍ വന്നു പെണ്ണു ചോദിക്കുന്നതും അവന്റെ കൂടെ കാടിന്റെ മാറില്‍ക്കിടന്നു മയങ്ങുന്നതും അവളിടക്കിടെ സ്വപ്നം കണ്ടു തുടങ്ങി.
മറആട്ടത്തിന്റെ ആ ദിവസംപോലും മാര അതെല്ലാം സ്വപ്നം കണ്ടിരുന്നു. അതിനിടയിലാണ് അവന്‍ പെട്ടെന്ന്  അവളെ വരിഞ്ഞുമുറുക്കിയതും കാട്ടുവഴിയിലൂടെ ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചതും. ചെമ്പിയുടെ ചെറുക്കന്‍ എന്തു സ്‌നേഹത്തോടെയാണവളുടെ കാലുകള്‍ അകത്തിയതും ചേര്‍ന്നു കിടന്നതും. ഇവന്‍ പക്ഷേ, അവളുടെ കാലുകള്‍ ഞെരിക്കുകയും ഉള്ളിലേക്ക് തീവെള്ളം കുടഞ്ഞെറിയുകയുമായിരുന്നു. ആ രാത്രി മുതല്‍ മാര ആണിനെ ഭയന്നു. അവന്റെ വിയര്‍പ്പൂ ചൂരും തുപ്പലൊട്ടലും അവള്‍ എന്നെന്നേക്കുമായി വെറുത്തു.
കാട്ടിലേക്ക് പിടിച്ചുവലിച്ചു കൊണ്ടുപോകുമ്പോള്‍ അവളുടെ ഉപ്പൂറ്റി പാറക്കെട്ടിലിടിച്ചു പൊട്ടി. കൈമുട്ടിലാകെ കാരമുള്ളിന്‍ കോമ്പല തറച്ചു. ചോര പൊടിയുന്നത് തൊട്ടറിയുമ്പോഴേക്ക് അവന്‍ ചേല പറിച്ചെറിഞ്ഞ് കാലകത്തിയിരുന്നു. പിന്നെ തീ പോലെ തുടകള്‍ക്കിടയില്‍ പൊള്ളി.
അന്നേരം മരിച്ചുപോകുമെന്നു മാര പേടിച്ചിരുന്നു..
ഗര്‍ഭിണി കൂടി ആയതിനാല്‍ കേസ് ഗൗരവമായിത്തന്നെ മുന്നോട്ടു പോകുന്നുണ്ടെന്നു ടീച്ചറമ്മ പറഞ്ഞിരുന്നു. അതിനിടയില്‍ അവനു ജാമ്യം കിട്ടിയത് ടീച്ചര്‍ പ്രതീക്ഷിക്കാതെയായിരുന്നു. സൂക്ഷിക്കണം എന്നവര്‍ അപ്പയോട്  പറയുന്നുണ്ടായിരുന്നു.
എല്ലാ രാത്രിയും ബസവ മറക്ഡ്ഢിയും കായ്ബില്ലും മൂര്‍ച്ച കൂട്ടി കൂട്ടുകാര്‍ക്കൊപ്പം കാവലിരുന്നു. പക്ഷേ, അവന്‍ വന്നത് വെളുക്കെ ചിരിച്ചുകൊണ്ടായിരുന്നു. എല്ലാവരോടും മാപ്പു പറഞ്ഞ് ചെയ്ത കുറ്റത്തിനു പരിഹാരമായി മാരയെ കല്യാണം കഴിച്ചോളാമെന്നവന്‍ പറഞ്ഞപ്പോള്‍ മൊതലിയടക്കം നിശ്ശബ്ദനായിപ്പോയി. തന്തയില്ലാത്തൊരു കുഞ്ഞിനെ പേറുന്നതിനെക്കാള്‍ നല്ലത് കല്യാണം തന്നെയല്ലേ എന്ന് ദൈവപ്പുരയില്‍ കൂടിയ നാട്ടുകൂട്ടവും തീരുമാനിച്ചു. അവന്റെ കൂടെ പ്രമാണിമാര്‍ പലരും വന്നിരുന്നു. അവര്‍ മൊതലിയുടെ മുന്നില്‍ വിനീതരായി നിന്നു. കേസും കൂട്ടവുമൊന്നും വേണ്ട കല്യാണം നടത്താമെന്ന്  ഒടുവില്‍ എല്ലാവരും തീരുമാനിച്ചപ്പോഴാണ് മാര നിശ്ശബ്ദയായിത്തീര്‍ന്നത്.
''ഈ ഹെണ്ണിതതേണ പറ്റിദാദ് ഹെണ്ണ് പൊട്ടത്തായി ഹോദവ''(17) ഔവ്വ നിലവിളിച്ചിട്ടും  മാര വാ തുറന്നില്ല.
ടീച്ചറമ്മ മാത്രം അരികെ വന്നിരുന്നു സമാധാനിപ്പിച്ചു.
''നിന്റെ ഇഷ്ടത്തിനെതിരായി ഒന്നും നടക്കില്ല. സമാധാനമായിരിക്ക് മാരാ...''
ലേഡി ഡോക്ടര്‍ തുണിയുരിഞ്ഞു പരിശോധിച്ചപ്പോഴും അവര്‍ മാത്രമാണ് സമാധാനിപ്പിച്ചത്. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ക്കു മുന്‍പില്‍ പകച്ചു നിന്നപ്പോഴും അവര്‍ തുണ വന്നു.


മാരയും അവനും തമ്മിലിഷ്ടത്തിലാണെന്ന് അവന്‍ പൊലീസിനോടു പറഞ്ഞിരുന്നുവത്രെ. മാരയ്ക്ക് അതു മനസ്സിലായതേയില്ല.
ഉടല്‍ തഴുകുമ്പോള്‍ കെട്ടിയവന്റെ നെഞ്ചില്‍ക്കിടന്ന ചേമ്പിയുടെ ചിരി. ചുണ്ടുകളുരുമ്മുമ്പോള്‍ അവര്‍ക്കിടയില്‍ നിന്നുയര്‍ന്ന സീല്‍ക്കാരം. അതായിരുന്നു അവള്‍ കണ്ട ഇഷ്ടം. നഖമുനകള്‍ കീറിയ മുലഞെട്ടുകളും മുള്ളിന്‍ കോമ്പലകള്‍ക്കു മീതെ അമര്‍ത്തിക്കിടത്തിയ മൃഗത്തിന്റെ അമര്‍ച്ചയും... അതിനെ ഇഷ്ടമെന്നു വിളിക്കാന്‍ അവള്‍ക്കറിയില്ലായിരുന്നു. 
കേസ് പിടുത്തം വിട്ടുപോകുമെന്നു പത്രക്കാരും ടീച്ചറമ്മയും പറഞ്ഞു കേട്ടപ്പോഴാണ് ഇഷ്ടക്കാരന്റെ ജീപ്പ് കല്യാണക്കാര്യം പറഞ്ഞ് പുല്‍ത്തലപ്പുകളെ ഇളക്കിമറിച്ചു വരുന്നത്.
മാരയുടെ പെരുവിരല്‍ മുതല്‍ വേദന വന്നുനിറഞ്ഞ ദിവസമായിരുന്നു അത്.
കല്യാണം. ഇനിയും അതേ വിയര്‍പ്പു ചൂരും തുപ്പല്‍പ്പശയും. തുടയിടുക്കിലിനിയും അതേ തീപ്പൊള്ളല്‍.
മാരയെ വെട്ടി വിറച്ചു. അവള്‍ക്ക് വീണ്ടും പനിച്ചു.
''രാമാലെക്കിണി രാമാലെ 
സെമ്പഗ തോട്ടഗെ ഹോഭവളെ
സെമ്പക ഹൂ കുയിതവളെ''(18)
സമനില തെറ്റിയവളെപ്പോലെ അവള്‍ പനിക്കിടക്കയില്‍ വിറച്ചു പാടി.
''ബേഡാ... ബേഡാ...''(19) വയറ്റിനുള്ളില്‍ നിന്നവളുടെ കുഞ്ഞ് കൈകാലിട്ടടിച്ചു നിലവിളിച്ചു.
''ഹവന് പറ്റിച്ചിദാദ്''(20 ) പൊക്കിള്‍ക്കൊടിയില്‍ തൂങ്ങിക്കിടന്ന് അവന്‍ കരഞ്ഞു പറയുന്നു.
തുടകള്‍ക്കിടയിലൂടെ ഇളംചൂടുള്ള വെള്ളം വഴുതിയിറങ്ങി. അവന്‍ പൊക്കിള്‍ക്കൊടിയിളക്കി. തണ്ടെല്ല് പൊടിഞ്ഞു പോകുമാറ് അടിവയര്‍ പിളര്‍ന്നു  മിന്നല്‍ പാഞ്ഞു. ദൈവപ്പുരയുടെ പിന്നില്‍ നിന്നവള്‍ എഴുന്നേറ്റു. നീരു വച്ച കാലുകള്‍ ഭാരത്തോടെ അമര്‍ത്തിച്ചവിട്ടി മനെയുടെ മുറ്റത്തേക്കെത്തുമ്പോള്‍ ഔവ്വയും അപ്പയും പാഞ്ഞുവന്നു.
''മകാ നീ എല്ലിഹോഗിദേനു നങ്കല്ലാരു നിന്ന നോഡിദാദ്''(21)
ബെല്ലക്കാപ്പി കുടിച്ച്  ഉമ്മറത്തിരിക്കുന്നവന്‍ ആര്‍ത്തിച്ചുണ്ടുകള്‍ കൊണ്ട് മാരയുടെ കനം വച്ച മുലകളിലേക്കു തുറിച്ചു നോക്കി.
പട്ടുസാരിയുടെ മടക്കുകള്‍ വിടര്‍ത്തി ഔവ്വ അവളെ ഉടുപ്പിക്കാന്‍ നോക്കി.
കാട്ടുതുവ്വകള്‍ തട്ടി അവളുടെ ദേഹമാകെ തിണര്‍ത്തിരുന്നു. ചേലയുടെ പിന്‍ഭാഗം ജനി ജലം വീണു നനഞ്ഞിരുന്നു
''നന്ന മകാ...''(22.) ആന്തലോടെ ഔവ്വ അവളെ താങ്ങിപ്പിടിച്ചു.
അവന്‍ കൊണ്ടുവന്ന സാധനങ്ങള്‍ ഉമ്മറത്തു കൂട്ടിവച്ചിരുന്നു.
അമ്മയുടെ പിടിയില്‍നിന്നു വഴുതി അവള്‍ അവന്റെയടുത്തെത്തി. വേച്ചുവിറച്ച് മടവാളെടുത്ത് അവള്‍ അവന്‍ കൊണ്ടുവന്നതൊക്കെയും വെട്ടിയരിഞ്ഞു മുറ്റത്തേക്കിട്ടു.
''ഉസ്ച്നായ്...(23) ബേഡാ...''
എല്ലാവരും പകപ്പോടെ നോക്കിനില്‍ക്കുമ്പോള്‍ അവന്‍ ഭീതിനിറഞ്ഞ മുഖത്തോടെ മുറ്റത്തേക്കിറങ്ങി. ബെല്ലക്കാപ്പി നിലത്തു തട്ടിത്തൂവി.
വിറക്കുന്ന വിരലുകളോടെ ജീപ്പിന്റെ താക്കോല്‍ തപ്പിപ്പിടിച്ച് അവനോടി. കാട്ടുപുല്ലുകളെ വകഞ്ഞുമാറ്റി ജീപ്പിന്റെ വെളിച്ചം ആടിയുലഞ്ഞ് വേഗമേറുന്നതും നോക്കിനില്‍ക്കുമ്പോള്‍ ജനിജലത്തില്‍ കുളിച്ച്  അവളുടെ മകന്‍ വരവറിയിച്ചു കരഞ്ഞു.
''ന്നീ നന്ന മാത്ര മ്ങ്ങ.''(24)
മാര അവന്റെ ചെവിയില്‍ മന്ത്രിച്ചു. കാടോളം തണുത്തൊരു കാറ്റ് അവരെ പുതപ്പിച്ചു.
                    .........................................

1. കോളനി വീടുകള്‍
2. ആരൊക്കെയാണ് വരുന്നത്?
3. വിരുന്നുകാര്‍
4. വടി, വില്ല്
5. പുകയില
6. തേന്‍, കിഴങ്ങ്, പഴങ്ങള്‍, വേര്, ഇറച്ചി
7. നൂറക്കിഴങ്ങ്
8. കാരണവന്മാര്‍
9. അവള്‍ ഇവിടെയില്ല
10. തിരണ്ടു കല്യാണം
11. ഒരു കലാരൂപം
12. വെളിച്ചപ്പാട്
13. മോളേ... ഇന്നേരത്ത് നീയിതെവിടെപ്പോയി
14. മകളേ നിന്നെ അവന്‍ പൊന്നുപോലെ നോക്കാമെന്ന്
15. ചിറ്റമ്മ
16. കല്യാണം കഴിക്കാനാണ്. അവന്‍ അതാ പറയുന്നത്
17. ഈ പെണ്ണിനെന്തു പറ്റി. ഊമയായിപ്പോയോ
18. വിവാഹ ആഘോഷങ്ങള്‍ക്കു പാടുന്ന പാട്ട്
19. വേണ്ട
20. അവന്‍ ചതിക്കും വേണ്ട.
21. മോളെ നീയെവിടെയായിരുന്നു. ഞങ്ങളെല്ലാവരും നിന്നെത്തിരയുകയായിരുന്നു. 
22. എന്റെ മകളേ
23. പേപ്പട്ടി
24. അമ്മയുടെ മാത്രം മകനാണ് നീ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com