എഴുത്തുമുത്തച്ചന്‍: ജിബിന്‍ കുര്യന്‍ എഴുതുന്ന കഥ

വര്‍ക്കിച്ചേട്ടന്റെ വെപ്രാളച്ചോദ്യം കേള്‍ക്കാന്‍ അപ്പോളവിടെ ആരുമുണ്ടായിരുന്നില്ല. അയാള്‍ പള്ളിയിലേക്കോടി. വികാരിയച്ചന്‍ രോഗശാന്തി പ്രാര്‍ത്ഥനയുമായി വിദേശസഞ്ചാരത്തിലാണ്.
എഴുത്തുമുത്തച്ചന്‍: ജിബിന്‍ കുര്യന്‍ എഴുതുന്ന കഥ

  
കൊച്ചുവള്ളത്തിന്റെ കൊതുമ്പില്‍ എഴുതിക്കൂട്ടിയ പേപ്പറുകളെല്ലാം കുത്തിനിറച്ച ചാക്കുകെട്ടുകളടുക്കിവച്ച് കുടയമ്പുപോലെ പാഞ്ഞുപോയ എഴുത്തുമുത്തച്ചന്റെ പ്രേതത്തെ ചൂണ്ടക്കൊളുത്തില്‍ വിരകേറ്റിനിന്ന വര്‍ക്കിച്ചേട്ടനാണ് ആദ്യം കാണുന്നത്. തുഴയാതെതന്നെ വള്ളം അത്രമേല്‍ പായുന്നതു കണ്ടതുകൊണ്ടു മാത്രമാണ് മുത്തച്ചന്‍ പ്രേതമായി മാറിയെന്ന് വര്‍ക്കിച്ചേട്ടനു തോന്നലുണ്ടായത്. പള്ളവീര്‍ത്ത വരാലൊരെണ്ണം ചൂണ്ടയില്‍ കയറിയെങ്കിലും അതിന്റെ കണ്ണുകളിരിക്കുന്ന ഭാഗം ശൂന്യമാണെന്നു കണ്ടതോടെ ചേട്ടന്‍ കൂടുതല്‍ പരുങ്ങി. 

''എഴുത്തുമുത്തച്ചന്‍ മരിച്ചുപോയോ...''
വര്‍ക്കിച്ചേട്ടന്റെ വെപ്രാളച്ചോദ്യം കേള്‍ക്കാന്‍ അപ്പോളവിടെ ആരുമുണ്ടായിരുന്നില്ല. അയാള്‍ പള്ളിയിലേക്കോടി. വികാരിയച്ചന്‍ രോഗശാന്തി പ്രാര്‍ത്ഥനയുമായി വിദേശസഞ്ചാരത്തിലാണ്.  കാര്യമറിഞ്ഞപ്പോള്‍ ഞങ്ങളിലും ജിജ്ഞാസയുടെ ചിറപൊട്ടി. 
പള്ളിസ്‌കൂളിന്റെ പടിഞ്ഞാറെ വരാന്തയിലും മുറ്റത്തും തോട്ടുവക്കിലും അമ്മച്ചിമാവിന്റെ ചുവട്ടിലുമൊന്നും അയാള്‍ ഇത്രനാള്‍ ജീവിച്ചിരുന്നതിന്റെ ഒരു തുള്ളി തെളിവുപോലും അവശേഷിപ്പിച്ചിട്ടില്ല. 
പിരിയന്‍ ലൂക്കാ ഒഴിച്ച് മറ്റാര്‍ക്കും വായിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ആ എഴുത്തുകുത്തുകളോടൊപ്പം അയാള്‍ സ്വര്‍ഗ്ഗത്തിലേക്കോ അതുമല്ലെങ്കില്‍ പാതാളത്തിലേക്കോ തിരോഭവിച്ചതാകാനും വഴിയുണ്ട്. അങ്ങനെ ഒരു കഥ നാട്ടില്‍ പ്രചരിച്ചു തുടങ്ങിയിരിക്കുന്നു.
പിരിയന്‍ ലൂക്കായെ കണ്ടെത്തിയാല്‍ കാര്യങ്ങള്‍ക്കൊരു തീര്‍പ്പാകുമെന്നു കരുതാന്‍ ന്യായമില്ല. പട്ടാളത്തില്‍നിന്ന് പറഞ്ഞുവിട്ടതിനുശേഷം തെണ്ടിയും കട്ടും കള്ളക്കഥകള്‍ പറഞ്ഞും വീടുകള്‍ തോറും കയറിയിറങ്ങി നടപ്പാണ് അയാള്‍. 
പാല്‍ക്കാരന്‍ സോളമന്റെ അമ്മ ത്രേസ്യാച്ചേടത്തി പറയുന്നത് എഴുത്തുമുത്തച്ഛന്റെ ചാക്കുകെട്ടുകളില്‍ നിറയെ പ്രേമലേഖനങ്ങളാണെന്നാണ്. പത്തുപറ കണ്ടവും പഴയ പാല്‍പ്പാത്രങ്ങളും വിറ്റ കാശുമായി സോളമന്‍ ഗള്‍ഫിന് പോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. പശുക്കളെ വില്‍ക്കാന്‍ ചേടത്തിക്ക് മനസ്സില്ല. പിടികിട്ടാപ്രശ്‌നങ്ങളെ ഭാവനയുടെ സഹായത്തോടെ തെളിച്ചെടുത്ത് സ്വയം ആശ്വസിക്കുകയും മറ്റുള്ളവരെ ആശ്വസിപ്പിക്കുകയും ചെയ്യാന്‍ മിടുക്കിയാണ് ത്രേസ്യാച്ചേടത്തി. 

അയാള്‍ക്ക് പ്രേമമുണ്ടായിരുന്നു. ഒന്നല്ല, ഒരുപാട്. ആ കഥയൊക്കെ എനിക്ക് നന്നായിട്ടറിയാം. സെമിനാരി ജീവിതം പാതിവഴി വിട്ടുകളഞ്ഞ് പാടവരമ്പിലൂടെ തെന്നിത്തെറിച്ച് നടന്നുവന്ന അവനെ അവന്റെ അമ്മയാണ് ആദ്യം കാണുന്നത്. തലയിലൊരു പെട്ടിയും മുഷിഞ്ഞ ജുബ്ബായില്‍ നിറയെ പടര്‍ന്നുപിടിച്ച മഷിയും കാലുനിറയെ ചെളിയും... കണ്ടപാടെ കയ്യിലിരുന്ന മീന്‍ചട്ടി താഴെയിട്ട് അമ്മ ഓടിച്ചെന്നു. അമ്മയുടെ വെളുത്ത ചട്ടയിലും നിറയെ മഷിയായി. പിന്നെ അപ്പന്റെ ഉടുപ്പിടാത്ത നെഞ്ചത്തും കൊന്തയിലും നരച്ച താടിമീശകളിലുമെല്ലാം മഷി പടര്‍ന്നുകയറി. ചെറുക്കനെ കടവിലേക്ക് കുളിക്കാന്‍ വിട്ടിട്ട് അപ്പനുമമ്മയും പെട്ടി തുറന്നു. പെട്ടി നിറയെ എഴുത്തുകളാണ്. എഴുത്തുകള്‍ മാത്രം. പല കയ്യക്ഷരങ്ങളില്‍, പല പെണ്‍പേരുകളില്‍. 

കുളികഴിഞ്ഞ് കയറിവന്ന അവനോട് എത്ര പെണ്ണുങ്ങളെയാണ് ഒരേസമയം പ്രേമിക്കുന്നതെന്ന് അപ്പന്‍ ചോദിച്ചു. കുറച്ചു സാവകാശം തരികയാണെങ്കില്‍ ഡയറിയില്‍ നോക്കിയിട്ട് കൃത്യമായ എണ്ണം പറഞ്ഞുതരാം എന്നായിരുന്നു അവന്റെ മറുപടി. എണ്ണത്തിന്റെ കാര്യത്തില്‍ ഓരോ ദിവസവും വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നതുകൊണ്ട് ഡയറി നോക്കിയിട്ടും കൃത്യമായ കണക്ക് കിട്ടിയില്ല എന്ന് സന്ധ്യയ്ക്ക് കഞ്ഞി വാരിക്കുടിക്കുന്നതിനിടയില്‍ അവന്‍ അപ്പനോടു പറഞ്ഞു

പിറ്റേന്നു രാവിലെ എഴുന്നേറ്റ് മോന്ത കഴുകാന്‍ കടവിലെത്തിയ അവന്‍ കാണുന്നത് തോടു മുഴുവന്‍ നീല നിറത്തില്‍ കിടക്കുന്നതാണ്. എഴുത്തുകളെല്ലാം പെട്ടിയോടെ എടുത്ത് തോട്ടിലെറിഞ്ഞിരിക്കുന്നു. 
അവന്‍ വീടുവിട്ടിറങ്ങി; നാട്ടില്‍നിന്ന് പോയതുമില്ല. പകല്‍ സമയങ്ങളില്‍ പള്ളിയിലും പരിസരത്തും വായനശാലയിലുമായി അലഞ്ഞുനടക്കും. രാത്രിയില്‍ മോണ്ടളത്തില്‍ കിടന്നുറങ്ങും. സ്‌കൂള് വന്നതിനു ശേഷം അതിന്റെ പടിഞ്ഞാറെ തിണ്ണയിലായി കിടപ്പ്. 

അവന്‍ എഴുത്തുകള്‍ എഴുതി പോസ്റ്റു ചെയ്യും. പള്ളിയഡ്രസ്സില്‍ ഒരുപാട് എഴുത്തുകള്‍ കിട്ടിക്കൊണ്ടുമിരുന്നു. ആദ്യമെല്ലാം അവന്റെ കാമുകിമാര്‍ പരസ്പരം മത്സരിച്ച് കത്തുകള്‍ അയച്ചതായിരിക്കണം. ചില കത്തുകള്‍ സാമാന്യത്തിലധികം വലിപ്പമുള്ളവയാണ്. അവളുമാരുടെ വളപ്പൊട്ടുകള്‍, മാലമുത്തുകള്‍, മുടിയിഴകള്‍ എന്നിവയൊക്കെ അതിലുണ്ടായിരുന്നിരിക്കാം. ചില കവറുകളില്‍ പൂക്കളും പലതരം വര്‍ണ്ണരേഖകളും അവര്‍ വരച്ചു ചേര്‍ത്തിരുന്നു. സ്വര്‍ണ്ണമീനുകളും വെള്ളിനക്ഷത്രങ്ങളും ചുവന്ന പൂക്കളും ഇടകലര്‍ന്ന ഒരു എഴുത്തുകവര്‍ അയാളുടെ കയ്യിലിരിക്കുന്നതു ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. കത്തുകളൊന്നും പകല്‍സമയത്ത് വായിക്കില്ല. പാതിരാത്രിയില്‍ സെമിത്തേരിക്കു നടുവിലെ കുന്തിരിക്കച്ചുവട്ടില്‍ മെഴുകുതിരിവെട്ടവും ആളനക്കവും കണ്ട് പലരും പേടിച്ചിട്ടുണ്ട്. അവന്‍ കത്തുകള്‍ വായിക്കുന്നതായിരുന്നു അത്. 

സെമിനാരിയില്‍നിന്നു പഠിച്ച വിലക്കുവിദ്യകളുണ്ട് അവന്റെ കയ്യില്‍. അക്ഷരങ്ങളേയും വാക്കുകളേയുമൊക്കെ മറ്റാരുടേയും കണ്ണില്‍പ്പെടാതെ പൂട്ടിയിടാന്‍ അവനറിയാം. ഇത്തരം വിദ്യകള്‍ പഠിക്കാന്‍വേണ്ടി മാത്രമാവണം അവന്‍ സെമിനാരിയില്‍ പോയത്. ഇടവകക്കാര്‍ക്കാര്‍ക്കും വായിക്കാന്‍ പറ്റാത്ത രീതിയില്‍ ബൈബിളിലെ ചില അധ്യായങ്ങള്‍ അങ്ങനെ പൂട്ടിയിട്ടിട്ടുണ്ട് നമ്മുടെ ഏലക്കുന്നേലച്ചന്‍. അവര്‍ ഒരുമിച്ചു സെമിനാരിയില്‍ ഉണ്ടായിരുന്നവരാ.
കുമ്പസാരത്തിനു ശേഷം ഏലക്കുന്നേലച്ചന്‍ കൊടുക്കുന്ന പ്രായശ്ചിത്ത പ്രാര്‍ത്ഥനകളുടെ എണ്ണം തീരെ കുറവാണെന്നു തോന്നുന്നതുകൊണ്ട് ത്രേസ്യാച്ചേടത്തിതന്നെ അതിന്റെ എണ്ണമങ്ങു കൂട്ടാറുണ്ട്. സ്വര്‍ഗ്ഗസ്ഥനായ പിതാവും നന്മനിറഞ്ഞ മറിയവുമൊക്കെ ആവര്‍ത്തിച്ചു ചൊല്ലി പാടവരമ്പത്തും പറമ്പിലുമെല്ലാം പശുവിന് പുല്ലുചെത്തി പനറ്റിനടക്കുന്നതു കാണാം. അപ്പോഴെല്ലാം കടുംഞെട്ടോടുകൂടിയ ഒന്നരത്തുണ്ടം പുകയില ഞെരടി മോണയില്‍ തിരുകിയിട്ടുമുണ്ടാകും.  ത്രേസ്യാച്ചേടത്തി ഇതുവരെ അറിഞ്ഞിട്ടില്ലാത്ത മറ്റൊരു കാര്യമുണ്ട്. ചെത്തുകാരന്‍ രമേശന്റെ ഒറ്റമകള്‍ പാറുക്കുട്ടിയുമായി സോളമനുണ്ടായിരുന്ന നീണ്ടകാല പ്രേമത്തെ നിര്‍വ്വീര്യമാക്കിയത് എഴുത്തുമുത്തച്ചനും ഏലക്കുന്നേലച്ചനും ചേര്‍ന്നാണ്.
പിണ്ടികുത്തി തിരുന്നാളിന്റന്നു വെളുപ്പിനെ ഓടേറ്റിപ്പാടത്തിന്റെ ഇഞ്ചന്‍തറയില്‍ മടവലയിട്ടുനിന്ന സോളമനെ ഏലക്കുന്നേലച്ചന്‍ കൈയോടെ പൊക്കി. സോളമന്റെ കയ്യിലുണ്ടായിരുന്ന അര ബക്കറ്റ് കാരിയും കല്ലിടമുട്ടിയും അച്ചന്‍ തോട്ടിലേക്കു കമഴ്ത്തി. അവന്റെ ഉടുമുണ്ടിനു കുത്തിപ്പിടിച്ച് അച്ചന്‍ പള്ളിയിലേക്ക് പാഞ്ഞു. ഒരു ദുഷ്ട വിഗ്രഹത്തിന്റെയെന്നവണ്ണം എഴുത്തുമുത്തച്ചന്റെ മുമ്പില്‍ കൊണ്ടുചെന്ന് അവനെ നെടുങ്ങനെ നിര്‍ത്തി. കാറ്റില്ലാതേയും പാറിയാടുന്ന നീണ്ടുനരച്ച താടിരോമങ്ങള്‍. തിമിരപ്പാട വിങ്ങിനിന്ന കണ്ണുകളില്‍ വിരക്തിയുടെ പുളപ്പ്. മുഖത്തെ ദയയറ്റ തൊലിച്ചുളിവുകളില്‍ നീലയും കറുപ്പും ചുവപ്പും നിറത്തിലുള്ള മഷി ഉണങ്ങിയ പാടുകള്‍. അയാളുടെ കയ്യിലിരുന്ന ലോഹനിര്‍മ്മിതമായ പരുക്കന്‍ പേന തന്റെ നേരെ നീണ്ടുവരുന്നതായി സോളമനു തോന്നി. അവനതില്‍ തൊട്ടു. മീനുളുമ്പിനെക്കാള്‍ കെട്ട മണമുള്ള ഏതോ ദ്രാവകം തലച്ചോറില്‍നിന്ന് മൂക്കിലേക്കും വായിലേക്കും ഒലിച്ചിറങ്ങുന്നതായി അവനറിഞ്ഞു. അവന്‍ ഓക്കാനിച്ചു. നിലത്തു കുത്തിയിരുന്നു. മുന്നില്‍ കെട്ടുചിതറിക്കിടക്കുന്ന പേപ്പറുകളിലെ അക്ഷരങ്ങള്‍ ഇഴയുകയും നാക്കുനീട്ടുകയും നിറം മാറുകയും ചെയ്യുന്നതുപോലെ സോളമനു തോന്നി. 

ഈ സമയം ഏലക്കുന്നേലച്ചന്‍ പള്ളിക്കകത്തു കയറിക്കഴിഞ്ഞിരുന്നു. അള്‍ത്താരവിരിപ്പുമാറ്റി സക്രാരി തുറന്ന് കാലിക്കാസ കയ്യിലെടുത്തു. ബലിപീഠത്തില്‍ വച്ച് അതില്‍ പൊടിച്ച കുന്തിരിക്കവും ഹന്നാന്‍ വെള്ളവും ചേര്‍ത്ത് മെഴുകുതിരിയിട്ട് കലക്കി ഒരു മിശ്രിതമുണ്ടാക്കി. അതില്‍ ചെറുവിരല്‍ മുക്കി ഓസ്തിയില്‍ ചില പുണ്യവചനങ്ങള്‍ കോറി. മാരക ശക്തിയുള്ള ചില വിചിത്ര അക്ഷരങ്ങള്‍ അതിലുണ്ടായിരുന്നു. വീഞ്ഞുകുപ്പിയെടുത്ത് അഞ്ചാറു കവിള്‍ കുടിച്ച് മേലോട്ട് കണ്ണുകളുയര്‍ത്തി വെളിപാടു പുസ്തകത്തിലെ ഏതാനും വാക്യങ്ങള്‍ ഉരിയാടി. കയ്യിലിരുന്ന ഓസ്തിയിലേക്ക് രണ്ടുതുള്ളി വീഞ്ഞ് കുടഞ്ഞു. അതുമായി വെളിയില്‍ ഇറങ്ങി. എഴുത്തുമുത്തച്ചനു മുമ്പില്‍ അവശനായി കിടന്ന സോളമന്റെ അണ്ണാക്കിലേക്ക് ഓസ്തി തിരുകി. സോളമന്‍ ചെറുതായി ഒന്നു പിടച്ചിട്ട് ബോധം കെട്ടുപോയി. എഴുത്തുമുത്തച്ചന്റെ മുഖം ശാന്തമായി. കവിള്‍ തുടുത്തു. ഏലക്കുന്നേലച്ചന്റെ കനംകുറഞ്ഞ പുരികക്കൊടികളിലും ചുവന്ന ചുണ്ടുകളിലും ശൃംഗാരം നിറഞ്ഞു. 

പിറ്റേന്ന് ബോധം തെളിഞ്ഞപ്പോള്‍ സോളമന്‍ തന്റെ പശുക്കൂട്ടിലെ പുല്ലുമെത്തയിലാണ്. കൊച്ചുകുട്ടിയെപ്പോലെ അവന്‍ കൈകാലിട്ടടിച്ചു.  പശുക്കള്‍ രണ്ടും സോളമനെ വാത്സല്യത്തോടെ നോക്കി. അവന്‍ അല്‍പ്പം ചാണകം വാരി നെറ്റിയില്‍ പൊത്തി. തലയുടെ മരവിപ്പ് ക്രമേണ വിട്ടൊഴിഞ്ഞുപോയി. അവന് എഴുന്നേറ്റുനില്‍ക്കാമെന്നായി. കാടിപ്പാത്രത്തില്‍ മൂത്രം ശേഖരിച്ച് തുളസിനീരും പിഴിഞ്ഞ് ഒറ്റവലിക്ക് കുടിച്ചു. അവന്റെ കണ്ണു തെളിഞ്ഞു. അവന്‍ മൂരിനിവര്‍ന്നു. ഒന്ന് തുള്ളിച്ചാടി. ഉന്മേഷവാനായി. പുത്രതുല്യമായ സ്‌നേഹവായ്പോടെ അവന്‍ പശുക്കളെ നോക്കി. 


പക്ഷേ, വീടിനു പുറകിലെ തൊണ്ടില്‍ രാത്രികാലങ്ങളില്‍ പാറുക്കുട്ടിയെ ഉമ്മവച്ചു കിടക്കാറുണ്ടായിരുന്നതും അപ്പനറിയാതെ അവള്‍ ചോറ്റുപാത്രത്തിലാക്കി കൊണ്ടുവരുന്ന അന്തിക്കള്ള് പങ്കുവച്ച് കുടിച്ചിരുന്നതും അമ്മയറിയാതെ സോളമന്‍ പാലുകറന്ന് സ്ഥിരമായി പാറുക്കുട്ടിയെ കുടിപ്പിക്കാറുണ്ടായിരുന്നതും അവന്‍ പൂര്‍ണ്ണമായും മറന്നുപോയി. മാസങ്ങള്‍ക്കുശേഷം അവള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത അറിഞ്ഞപ്പോള്‍ മറ്റുള്ളവരെപ്പോലെ സോളമനും ഞെട്ടി. അവളെ വല്ല പ്രേമത്തിലും അകപ്പെടുത്തി ആരെങ്കിലും ചതിച്ചിട്ടുണ്ടാകും എന്ന് നാട്ടുകാര്‍ സംശയിച്ചപ്പോള്‍ അതു ശരിയായിരിക്കാം എന്നു സോളമനും തോന്നി. വീട്ടുപറമ്പിലെ മൂവാണ്ടന്റെ ഇളംകൊമ്പില്‍ ഗതികെട്ട ആശ്ചര്യചിഹ്നം പോലെ തൂങ്ങിനിന്ന അവളെ കാണാന്‍ അവനും പോയി. നാട്ടുകാര്‍ക്കെല്ലാം സങ്കടം. സോളമനും സങ്കടം. 

ഇതൊന്നുമറിയാതെയാണ് ത്രേസ്യാച്ചേടത്തി എഴുത്തുമുത്തച്ചനെക്കുറിച്ചുള്ള കാല്‍പ്പനിക കഥകള്‍ നാടുമുഴുവന്‍ പറഞ്ഞുനടക്കുന്നത്. എഴുത്തുമുത്തച്ചന്റെ എണ്ണമറ്റ കാമുകിമാരില്‍ ഒരാളായിരുന്നു താനും എന്നു വെളിപ്പെടുത്തിക്കൊണ്ട് പറഞ്ഞുവന്ന കഥയ്ക്ക് വ്യക്തതയും വിശ്വാസ്യതയും വരുത്തുവാന്‍ ത്രേസ്യാച്ചേടത്തി ശ്രമിച്ചുകൊണ്ടേയിരുന്നു. ഗള്‍ഫിലുള്ള സോളമന്റെ സങ്കടവും ഭീഷണിയും വകവയ്ക്കാതെ ഈ കഥ കാണുന്നവരോടെല്ലാം പറഞ്ഞുനടക്കുന്നതില്‍ എന്തെന്നില്ലാത്ത ആനന്ദം ത്രേസ്യാച്ചേടത്തിക്കനുഭവപ്പെട്ടു.

ത്രേസ്യാച്ചേടത്തിയുടെ പ്രണയകഥയ്ക്ക് മറുകഥയുമായി വായനശാലയുടെ അരണ്ട വെളിച്ചത്തില്‍ നിന്ന് കട്ടിക്കണ്ണട ധരിച്ച മത്തായിമാഷ് പുറത്തേക്ക് തലനീട്ടി. വലിയ പുസ്തകസ്‌നേഹിയും സഖാവും സഹൃദയനുമാണ് മാഷ്. പുസ്തകങ്ങളിലെ അശ്ലീലസ്പര്‍ശമുള്ള വായനാഭാഗങ്ങള്‍ കറുപ്പിച്ചുകളയുകയോ അപൂര്‍വ്വം ചില അവസരങ്ങളില്‍ കീറിക്കളയുകതന്നെയോ ചെയ്യാന്‍ മത്തായിമാഷ് മടിക്കാറില്ല. വിശുദ്ധന്മാരുടേയും വിപ്ലവകാരികളുടേയും ജീവചരിത്രങ്ങളും ശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങളും മാത്രമാണ് ഈ ആക്രമണത്തില്‍നിന്ന് ഭാഗികമായെങ്കിലും രക്ഷപ്പെട്ടിട്ടുള്ളത്. 

ഈ ത്രേസ്യാമ്മയെപ്പോലുള്ളവര്‍ പറയുന്നത് തീര്‍ത്തും വസ്തുതാരഹിതവും വൈരുദ്ധ്യാത്മകവുമായ കാര്യങ്ങളാണ്. വൈയക്തിക ഭാവനകളെ ചരിത്രസത്യം എന്ന മട്ടില്‍ ആവിഷ്‌കരിച്ചാല്‍ നാളെ ചരിത്രംതന്നെ അവരെ കുറ്റക്കാരിയെന്നെണ്ണും. ത്രേസ്യാമ്മ ഈ നാട്ടിലേക്ക് കെട്ടിക്കേറി വരുമ്പോള്‍ എഴുത്തുമുത്തച്ചന്‍ എന്നു നിങ്ങള്‍ വിളിക്കുന്ന മഹാന്റെ മാതാപിതാക്കള്‍ മരിച്ച് മണ്ണടിഞ്ഞിരുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ എഴുത്തുജീവിതം പരിവര്‍ത്തനവിധേയമായ ഘട്ടവുമായിരുന്നു അത്. അദ്ദേഹം സെമിനാരിയില്‍ ചേര്‍ന്നത്, അവിടെനിന്ന് പുറത്തിറങ്ങിയത്, അതിനുള്ള കാരണങ്ങള്‍, അദ്ദേഹം നാട്ടിലെത്തിയതിനു ശേഷം നടന്ന സംഭവവികാസങ്ങള്‍ എന്നിവയെ സംബന്ധിച്ച് വിശദീകരണം നല്‍കുവാനോ പ്രസ്താവനകളിറക്കുവാനോ യാതൊരു യോഗ്യതയും ത്രേസ്യാമ്മയ്ക്കില്ല എന്നാണ് ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം. 

പ്രണയമെന്ന വികാരം അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പര്‍ശിച്ചിട്ടില്ല എന്ന് ഞാന്‍ പറയില്ല. വാസ്തവത്തില്‍ അദ്ദേഹത്തിന് പ്രണയം ഉണ്ടായിരുന്നു. അത് വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നില്ലെന്നുമാത്രം.  അദ്ദേഹത്തിന്റെ പ്രണയം മനുഷ്യവര്‍ഗ്ഗത്തോടു മുഴുവനുമായിരുന്നു. വ്യക്തമായി പറഞ്ഞാല്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തോട്. ആദ്യം അദ്ദേഹം സെമിനാരിയില്‍ ചേര്‍ന്നു. പിന്നീട് വിപ്ലവ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി. വര്‍ഗ്ഗരഹിത സമൂഹം യാഥാര്‍ത്ഥ്യമാകാന്‍ ആയുധമെടുത്തു. അനേകം വിപ്ലവ മുന്നേറ്റങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. 

പൊതുമണ്ഡലത്തില്‍ നിന്നുകൊണ്ടുള്ള പ്രവര്‍ത്തനം അസാധ്യമെന്ന് തോന്നിയ സമയത്ത് പശ്ചിമഘട്ട വനമേഖലയിലേക്ക് ഉള്‍വലിഞ്ഞു. അവിടെവച്ചാണ് അദ്ദേഹം വിപുലമായ പഠനമനനങ്ങളില്‍ ഏര്‍പ്പെടുന്നത്. കാടിന്റെ വന്യതയും ആദിവാസി ഗുരുക്കന്മാരുമായുള്ള സഹവാസവുംകൂടി ആയപ്പോള്‍ അദ്ദേഹത്തിന്റെ ചിന്താധാരകള്‍ വീണ്ടും പരിണമിച്ചു തുടങ്ങി. വിപിനാന്തരങ്ങളില്‍ ഏകാന്ത തപസ്വിയായി അലഞ്ഞുനടന്നു. ജലപാനാദികള്‍ പോലും വര്‍ജ്ജിച്ച് ദിവസങ്ങളായുള്ള അലച്ചിലിനൊടുവില്‍ കാടകങ്ങളിലെങ്ങോ ബോധരഹിതനായി വീണ അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ തേടി കണ്ടുപിടിച്ച് നാട്ടിലെത്തിക്കുകയായിരുന്നു. 

പുറംലോകവുമായുള്ള ബന്ധം തല്‍ക്കാലത്തേക്കു വിച്ഛേദിച്ച് അദ്ദേഹം നടത്തുന്ന ഈ തപസും എഴുത്തുകളും ആത്യന്തികമായി ലക്ഷ്യമാക്കുന്നത് മനുഷ്യവര്‍ഗ്ഗത്തിന്റെ സുവര്‍ണ്ണ ഭാവിയാണ്. മറ്റൊരു കാര്യം, വര്‍ഗ്ഗവിഭജനത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യനെ നോക്കിക്കാണുന്നതിന്റെ പരിമിതി ലോകത്തില്‍ ആദ്യം മനസ്സിലാക്കിയ വ്യക്തിയും അദ്ദേഹമാണ്..! സമയമാകുമ്പോള്‍ അദ്ദേഹംതന്നെ താന്‍ എഴുതിക്കൂട്ടി ചാക്കുകെട്ടുകളില്‍ നിറച്ചുവച്ചിരിക്കുന്ന വിജ്ഞാനനിധി ലോകത്തിനു സമര്‍പ്പിക്കും. എന്നെപ്പോലെ നിങ്ങളും കാത്തിരിക്കാന്‍ മനസ്സുകാട്ടണം. അല്ലാതെ ആ പിരിയന്‍ ലൂക്കായെപ്പോലെ വെപ്രാളം പിടിക്കരുത്. അവനത് അദ്ദേഹത്തിന്റെ അനുവാദമില്ലാതെ വായിക്കാന്‍ ശ്രമിച്ചു. നിങ്ങള്‍ക്കറിവുള്ളതാണല്ലോ. അവനൊരു ഉന്മാദിയായി മാറിയത് അതിനുശേഷമാണ്. 

അവസാനം പറഞ്ഞുനിര്‍ത്തിയ കാര്യത്തില്‍ മത്തായിമാഷിന്റെ രേഖീയയുക്തിക്ക് പുളവു സംഭവിച്ചു എന്ന് കുറ്റപ്പെടുത്തിക്കൊണ്ട് അതുവരെ പത്രത്തില്‍ മുഖം പൂഴ്ത്തിയിരുന്ന പരിഷത്ത് തോമ ചാടിയെഴുന്നേറ്റു. തര്‍ക്കം വഴക്കിലേക്ക് വഴുതുന്നതു കണ്ട് ഞാന്‍ സ്ഥലം കാലിയാക്കി.

അല്‍പ്പം നാടകീയമായി, പിരിയന്‍ ലൂക്കായെ ഞാന്‍ കാണുകതന്നെ ചെയ്തു. ചെറിയൊരു മോഷണത്തിന് ലൂക്കായെ കയ്യോടെ പിടികൂടാന്‍ കഴിഞ്ഞു. ലൂക്കാ ഒരു വിചിത്ര മോഷ്ടാവാണ്. മോഷണമുതലൊന്നും  അയാള്‍ സ്വന്തമായി ഉപയോഗിക്കാറില്ല. രാവിലെ മുതല്‍ പല വീടുകളിലും കയറിച്ചെന്ന് പഴമ്പുരാണങ്ങളും കെട്ടുകഥകളും പറഞ്ഞ് പ്രതിഫലമായി വീട്ടുകാര്‍ നല്‍കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ കഴിച്ചാണ് അയാള്‍ ജീവിക്കുന്നത്. ഒരു വീട്ടില്‍നിന്ന് മറ്റൊന്നിലേക്കുള്ള യാത്രയില്‍ ആദ്യവീട്ടില്‍നിന്ന് ദാനമായി ലഭിച്ച ആഹാരത്തിനു പുറമേ ഒരു മോഷണമുതലുകൂടി കാണും. ഒരു ദിനപ്പത്രം, അല്ലെങ്കില്‍ ഒരു ചാമ്പത്തൈ, കൊട്ടത്തേങ്ങ, പുഴുക്കനെല്ല്, ഉണക്കപ്പുളി...
സോളമന്‍ വിലയ്ക്കുവാങ്ങി കുഴിച്ചുവച്ച മുരിങ്ങത്തൈ കിളിര്‍ത്തുകയറിയതു അയല്‍പക്കത്തെ ലളിതടീച്ചറിന്റെ മുറ്റത്താണ്. രാധികച്ചേച്ചിക്ക് ആരാധകര്‍ അയച്ച പല കത്തുകളും തുറന്നു നോക്കി വായിക്കാന്‍ അവസരം കിട്ടിയത് കരിസ്മാറ്റിക് കുഞ്ഞച്ചന്റെ ഇളയ മകള്‍ക്കായിരുന്നു. എന്റെ വീട്ടില്‍നിന്ന് ലൂക്കായുടെ കയ്യില്‍ അകപ്പെട്ടത്  'പോത്തച്ചന്റെ സുവിശേഷം' എന്ന നിരോധിക്കപ്പെട്ട പുസ്തകത്തിന്റെ ഫോട്ടോപ്പകര്‍പ്പാണ്. അത് അയലത്തെ അന്തോണി മാപ്പിളയുടെ വീട്ടിലെത്തിയാലുള്ള പുകില് ഓര്‍ക്കാന്‍കൂടി കഴിയില്ല. ഇരുപത്തിനാലു മണിക്കൂറും കൊന്തചൊല്ലി നടക്കുന്ന അന്തോണി മാപ്പിളക്ക് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല ആ സുവിശേഷം. 
ഭാഗ്യത്തിന് വഴിയില്‍വച്ചുതന്നെ ലൂക്കായെ ഓടിച്ചിട്ടു പിടിച്ചു. നരച്ച താടിരോമങ്ങള്‍ക്കിടയില്‍ വിരലുകള്‍ തിരുകി ചൊറിഞ്ഞ് ലൂക്കാ നാണിച്ചുനിന്നു. നോക്കി നോക്കി നില്‍ക്കെ അയാളുടെ കണ്ണുകള്‍ക്കകം ഏതോ പ്രാചീനവും ദുരൂഹവുമായ പ്രേതലോകങ്ങളെ ഉള്ളടക്കിയിട്ടുണ്ടെന്ന് തോന്നിപ്പോയി. 

എന്റെ കൂട്ടുകാരനാരുന്നു. ഒരേ ക്ലാസില്‍, ഒരേ ബഞ്ചില്‍, ഒരുമിച്ച്... എനിക്കും അവനും ഒരേ പ്രായമാണ്. ഞാന്‍ പട്ടാളത്തില്‍ ചേരാന്‍ പോയ അന്നുതന്നെ അവനു ദൈവവിളി കിട്ടി. കുറേ നാള്‍ എനിക്ക് എഴുത്തുകള്‍ അയച്ചിരുന്നു. ദക്ഷിണേന്ത്യയിലെ സാത്താന്‍ സേവക്കാരുടെ ആസ്ഥാനം തകര്‍ക്കുവാന്‍ അവന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയിട്ടുണ്ട്. ഒരിക്കല്‍ ഒരു പെണ്ണ് കുര്‍ബാനയപ്പം കയ്യില്‍ വാങ്ങിയിട്ട് കഴിക്കാതെ പുറത്തേക്കു കൊണ്ടുപോയി. അവനതിന്റെ പുറകെ പോയി. ഒത്തിരി പോകേണ്ടിവന്നു. അങ്ങു ഗോവവരെ. അവിടെയൊരു പഴകിയ ബംഗ്ലാവില്‍. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുടെ പള്ളിക്കടുത്ത്. കറുത്ത കുര്‍ബാനക്കുള്ള സജ്ജീകരണങ്ങള്‍. ആ കത്തുകള്‍ ഒന്നര വര്‍ഷം കഴിഞ്ഞാണ് ഞാന്‍ കാണുന്നത്. ഞാന്‍ ബോധമില്ലാതെ കിടപ്പിലായിരുന്നു. 1971-ല്‍. അതിര്‍ത്തിയില്‍വച്ച് എന്റെ തലയ്ക്ക് വെടികൊണ്ടിരുന്നു. അവനെ സാത്താന്‍ സേവക്കാര്‍ പിടികൂടിയിരിക്കാം. അല്ലെങ്കില്‍ അവന്‍ സ്വയം അവരുടെ ആളായിത്തീര്‍ന്നിരിക്കാം.

പിന്നീട് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞങ്ങള്‍ പരസ്പരം മറന്നുകഴിഞ്ഞിരുന്നു. ആരോടും മിണ്ടാതെ അയാള്‍ ഇവിടെ ഇരുന്ന് എഴുതിക്കൂട്ടുന്നതെന്താണ്. അറിയാന്‍ പലര്‍ക്കും ആഗ്രഹമുണ്ടായിട്ടുണ്ട്. എനിക്കും... ഒരു ദു:ഖവെള്ളിയാഴ്ച രാത്രിയില്‍... 

പള്ളിക്കു മുമ്പിലെ അന്തോണീസു പുണ്യാളന്റെ കുരിശടിയില്‍ വെട്ടമുണ്ട്. പുണ്യാളനും അയാളുടെ ആളാ. എന്നെ കാട്ടിക്കൊടുത്തെന്നിരിക്കും. അതുകൊണ്ട് പുറകിലൂടെ പോയി. സിമിത്തേരി വഴി. കുന്തിരിക്കച്ചൊവിടുകഴിഞ്ഞ് പത്തടി വച്ചുകാണും. കാലിലെന്തോ തടഞ്ഞു. കാലു കുടഞ്ഞ് താഴേക്കു നോക്കുമ്പോള്‍ ഒരു വള്ളിച്ചെടിയാണ്. അതിന്റെ ചൊവിട് അവന്റെ അപ്പന്റെ കുഴിമാടത്തിലായിരുന്നു. എന്നെ തടയാന്‍ നോക്കുവാണ്. പാവം, അവനോടിപ്പോഴും സ്‌നേഹം മാത്രമേയുള്ളു അവന്റെ അപ്പന്. ചെടി പറിച്ചെറിഞ്ഞ് ഞാന്‍ വേഗം നടന്നു. അവന്‍ അവിടെയുണ്ട്. സ്‌കൂള്‍വരാന്തയുടെ പടിഞ്ഞാറെ മൂലയില്‍. കൂര്‍ക്കംവലി കേള്‍ക്കാം. ചെരിപ്പൂരി കയ്യില്‍ പിടിച്ച് പമ്മിനടന്നു. കൂര്‍ക്കംവലിക്ക് കടുപ്പമേറുന്നുണ്ട്. മൂലയില്‍ അവന്റെ ചാക്കുകെട്ടുകള്‍ ഇരിക്കുന്നു. ഞാന്‍ ചെരിപ്പുകള്‍ അരയില്‍ തിരുകി. പതിയെ ചാക്കിനടുത്തെത്തി. ചാക്കോടെ കൊണ്ടുപോയാലോ... പൊങ്ങുന്നില്ല. നല്ല ഭാരം. ചാക്കിന്റെ വായ തുറന്ന് എതാനും പേപ്പര്‍ വാരിയെടുത്ത നിമിഷം ഒരു കാര്യം മനസ്സിലായി. അവന്‍ അവിടെയില്ല. ഉള്ളത് ഈ ചാക്കുകെട്ടുകളും അപാരമായ കൂര്‍ക്കംവലി ശബ്ദവും മാത്രം....
കണ്ടത്തിനു നടുവില്‍ ഇരയെടുത്ത് അനക്കമറ്റു കിടക്കുന്ന മുട്ടന്‍ റോഡ്. കയ്യിലിരുന്ന പേപ്പറിന് കനം കൂടിവരുന്നുണ്ട്. എന്തായിരിക്കും അതില്‍. നിലാവില്‍ ഒന്നും വ്യക്തമല്ല. മലയാളവും ഇംഗ്ലീഷും അതിലുണ്ടെന്ന് പെട്ടെന്നു മിന്നിയ കൊള്ളിയാന്‍ വെട്ടത്തില്‍ കണ്ടു. കുറേ വരികള്‍ മലയാളവും താഴെ അത്രത്തോളം തന്നെ വരികള്‍ ഇംഗ്ലീഷും. ഒരേ കാര്യം തന്നെ രണ്ടു ഭാഷയില്‍ എഴുതിയതായിരിക്കാം. ചിലപ്പോള്‍ അയാള്‍ ഒരു വിവര്‍ത്തകനാണെന്നും വരാം. എഴുത്തുകാരെല്ലാം ശരിക്കും വിവര്‍ത്തകര്‍ മാത്രമാണല്ലോ. 
കട്ടനിലാവുതട്ടി തൊലിയെല്ലാം പൊള്ളാന്‍ തുടങ്ങി. വഴിക്കിരുപുറവും വിളഞ്ഞുനില്‍ക്കുന്ന നെല്‍ച്ചെടികളില്‍ കഞ്ചാവു പൂത്തപോലെ മണം പരന്നു. ചീവീടുകള്‍ മത്സരിച്ച് ചിറകിട്ടുരക്കുന്നത് എന്റെ ശരീരത്തിലാണോ... ചാവാലിപ്പട്ടികളുടെ വായില്‍നിന്ന് നുര പതഞ്ഞൊഴുകി വഴിയിലെല്ലാം തളംകെട്ടി കിടന്നു. അവയെല്ലാം ചവിട്ടിത്തെറിപ്പിച്ച് ഞാന്‍ നടന്നു. അല്ല ഓടി. അതോ, ഞാന്‍ അനങ്ങാനാവാതെ, ശ്വാസം പോലും വിടാനാകാതെ വായുവില്‍ ഉയര്‍ന്നു നില്‍ക്കുകയാണോ... 

ഇതു വായിക്കാന്‍ എനിക്കു കഴിയില്ലേ? അയാള്‍ എന്നെ പിന്തുടരുന്നതുപോലെ...  തന്റെ എഴുത്തുകള്‍ വായിക്കുവാനുള്ള യോഗ്യത മറ്റുള്ളവര്‍ക്കില്ലെന്ന് അവന്‍ കരുതുന്നുണ്ടായിരിക്കും. അത് നീതിയാണോ? 
നക്ഷത്രങ്ങളുടെ ചെറുവെളിച്ചങ്ങള്‍ സൂചിമഴയായി എന്നില്‍ പെയ്തുകയറുന്നു. പുറകില്‍ ആരോ ഉണ്ട്. അതിന്റെ ചൂടുശ്വാസം കഴുത്തില്‍, കൊരവള്ളിക്കു പുറകിലായി ഞാന്‍ അറിയുന്നു... പെട്ടെന്ന് ഉച്ചസൂര്യനെപ്പോലെ ചന്ദ്രന്‍ പ്രകാശിക്കാന്‍ തുടങ്ങി, വെട്ടം..! പകലുപോലെ എല്ലാം കാണാം. താങ്ങാവുന്നതിലധികം ഭാരത്തോടെ പേപ്പര്‍ എന്റെ കയ്യിലിരുന്നു വിറച്ചു. അതു വായിക്കുകതന്നെ. ഇരു കൈകള്‍കൊണ്ടും ഞാന്‍ അതുയര്‍ത്തി. 
ആ പേപ്പറുകള്‍, അതൊരു കലഹഭൂമിയാണ്..! വാക്യങ്ങളില്‍നിന്ന് വാക്കുകളും വാക്കുകളില്‍നിന്ന് അക്ഷരങ്ങളും അഴിഞ്ഞു ചിതറുകയാണ്. ഇരുഭാഷകളിലേയും അക്ഷരങ്ങള്‍ കൂടിക്കലര്‍ന്ന് തമ്മിലടിക്കാന്‍ തുടങ്ങി. 'ആ'യുടെ തുമ്പിക്കയ്യില്‍ ഒരുകൂട്ടം ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഞെരിഞ്ഞ് ചാകാന്‍ തുടങ്ങുന്നു. 'ന്ദ' അതിന്റെ സര്‍വ്വശക്തിയുമെടുത്ത് 'ന്ത'യെ തല്ലിയോടിക്കുന്നു.  എത്തിമൊടന്തിയും ചട്ടിച്ചടന്തിയും പല അക്ഷരങ്ങളും പേപ്പറില്‍നിന്ന് ഉരുണ്ടുപിടഞ്ഞ് റോഡിലേക്ക് വീണുകൊണ്ടേയിരുന്നു. റോഡില്‍ തലയടിച്ച് അപ്പോള്‍ത്തന്നെ അവ ചിന്നിച്ചിതറി. 

ചോര, പേപ്പറില്‍, എന്റെ കയ്യില്‍, റോഡില്‍, നിലാവില്‍...
പെട്ടെന്നൊരു നിമിഷം, കൂടുതല്‍ ശക്തമായി ചൂടു നിശ്വാസം എന്റെ ഉച്ചിയില്‍ പതിഞ്ഞു. ''ഞാന്‍ നിന്റെ കൂട്ടുകാരനാടാ...'', ''നമ്മളൊന്നിച്ചു പഠിച്ചതാടാ...'' എന്നൊക്കെ ഉറക്കെ വിളിച്ചുപറയണമെന്നു തോന്നി. പക്ഷേ, കൊരവള്ളിയില്‍ ആണിപോലെയെന്തോ തറയുന്നത് ഞാനറിഞ്ഞു. മരണസമാനമായ ലഹരി എല്ലാവിധ ആസക്തിയോടുംകൂടി എന്നിലേക്ക് ആഴ്ന്നിറങ്ങി...
കഥ പറഞ്ഞുതീരുന്നതിനു മുമ്പേ പിരിയന്‍ ലൂക്ക ഞാന്‍ പോലുമറിയാതെ അടുത്തുനിന്ന വേലിപ്പടര്‍പ്പുകളില്‍ തഴുകി, തോട്ടുവെള്ളത്തില്‍ ഓളമുണ്ടാക്കി, പോളപ്പൂക്കളുടെ ചെറുമണവും അപഹരിച്ച് അന്തോണിമാപ്പിളയുടെ കൊന്തചൊല്ലലിലേക്ക് ഊളിയിട്ടുകഴിഞ്ഞിരുന്നു. എല്ലാ കഥകളും ജീവിതംപോലെതന്നെ പൂര്‍ണ്ണമാകുവാന്‍ വിധിക്കപ്പെട്ടിട്ടുള്ളതല്ലാത്തതുകൊണ്ട് എഴുത്തുമുത്തച്ചന്റെ പൊരുളഴിച്ചെടുക്കുവാനുള്ള അലച്ചില്‍ ഞങ്ങളില്‍ പലരും നിര്‍ത്തി. 

ഇരുകണ്ണുകളുമില്ലാത്ത പള്ളവീര്‍ത്ത വരാലുകള്‍ മാത്രം നിരന്തരമായി ചൂണ്ടയില്‍ കയറാന്‍ തുടങ്ങിയതോടെ ഇനി എഴുത്തുമുത്തച്ചനെ തേടി കണ്ടുപിടിക്കാതെ ചൂണ്ടയിടില്ലെന്നു പ്രതിജ്ഞചെയ്ത് വര്‍ക്കിച്ചേട്ടന്‍ തന്റെ കൊച്ചുവള്ളത്തില്‍ തോടുകളായ തോടുകളെല്ലാം ചുറ്റിനടന്നു. പാതിരാത്രി കഴിയുമ്പോള്‍ തോട്ടിലൂടെ തെക്കോട്ട് പാഞ്ഞുപോകുന്ന ഒരു കൊച്ചുവള്ളത്തിന്റെ സ്വരം എല്ലാവരും പതിവായി കേള്‍ക്കാറുണ്ടെങ്കിലും അത് വര്‍ക്കിച്ചേട്ടനോ അതോ എഴുത്തുമുത്തച്ചനോ എന്ന് പലര്‍ക്കും സംശയമുണ്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com