നമ്പ്യാര്‍സ് ബ്ലേക്ക് മാജിക്: വി സുരേഷ് കുമാര്‍ എഴുതുന്നു

ഉദയംകുന്ന് തറവാട്ടിലെ വിവേക് നമ്പ്യാരെ അവന്റെ അച്ഛന്‍ (റിട്ടയേര്‍ഡ് മിലിട്ടറി ക്യാപ്റ്റന്‍) കൃഷ്ണന്‍ നമ്പ്യാര്‍ എം.ബി.എ. കഴിഞ്ഞയുടന്‍ ദുബായിലേക്ക് പറഞ്ഞു വിട്ടു.
ചിത്രീകരണം-കന്നി എം.
ചിത്രീകരണം-കന്നി എം.

ദയംകുന്ന് തറവാട്ടിലെ വിവേക് നമ്പ്യാരെ അവന്റെ അച്ഛന്‍ (റിട്ടയേര്‍ഡ് മിലിട്ടറി ക്യാപ്റ്റന്‍) കൃഷ്ണന്‍ നമ്പ്യാര്‍ എം.ബി.എ. കഴിഞ്ഞയുടന്‍ ദുബായിലേക്ക് പറഞ്ഞു വിട്ടു.
ക്യാപ്റ്റനെ സംബന്ധിച്ച് ദുബായ് ഭാര്യവീടുപോലെ പരിചിതവും പരിഗണനയുള്ള സ്ഥലമായതിനാല്‍ മോനെ, അല്ല സ്വന്തം ഓളെ അയച്ചാലും (അതു പാതിരാത്രിക്ക് ആണെങ്കിലും) തന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് പതിവിലും മൂന്ന് പെഗ്ഗ് കൂടുതല്‍ കഴിച്ച് സുഖമായി കിടന്നുറങ്ങും.
മൂന്നാമത്തെ പെഗ്ഗോടെ തുടങ്ങുകയും അവസാനിക്കുകയും ചെയ്യാറുള്ള ക്യാപ്റ്റന്റെ സ്ഥിരം മുദ്രാവാക്യമായ ''നേതൃത്വശേഷി, അതിജീവനം, കീഴടക്കല്‍ ഇവ പ്രതികൂല സാഹചര്യങ്ങളിലൂടെ മാത്രം ഒരു മനുഷ്യനില്‍ ഉണര്‍ന്നു വരുന്നതും എന്നാല്‍, ഭാവിയിലേക്ക് ആവശ്യം വേണ്ടുന്നതുമായ സവിശേഷ ഗുണവിശേഷങ്ങളുമാണ്'' എന്നത്, അന്നത്തെ രാത്രി രണ്ടു പ്രാവശ്യം ആവര്‍ത്തിച്ചു. ക്യാപ്റ്റന്റെ സ്ഥിരമായുള്ള മൂന്നാമത്തെ പെഗ്ഗിലും അധികം കഴിച്ച ആറാമത്തെ പെഗ്ഗിലും.
ദുബായിലെ രണ്ടു വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനുശേഷം വിവേക് നമ്പ്യാര്‍ നേരെ അമേരിക്കയിലേയ്ക്ക് പറന്നു. നമ്മുടെ പ്രധാനമന്ത്രി തിരക്കിട്ട് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സമയം - അമേരിക്കയിലെ വ്യവസായികളുമായും നേതൃത്വവുമായും നീണ്ട ചര്‍ച്ചകള്‍ നടക്കുന്നു.
ഈ സമയം ദുബായില്‍നിന്നും അമേരിക്കയിലേക്കുള്ള വഴിമധ്യേ വിവേക് നമ്പ്യാര്‍ തന്റെ ഫേസ് ബുക്കില്‍ ഇങ്ങനെ കുറിച്ചു:
''പി.എം.ജിയുടെ യാത്ര ലക്ഷ്യം കണ്ടു തുടങ്ങി. അമേരിക്കയുടെ വാതിലുകള്‍ തുറക്കുന്നു. പ്രിയരെ, ഞാന്‍ അമേരിക്കയിലേക്ക് പോവുകയാണ്. അതെ, ലോകത്തിന്റെ തലസ്ഥാനത്തിലേക്ക്...''
അമേരിക്കയിലെത്തി രണ്ടു വര്‍ഷത്തിനകം വിവേക് നമ്പ്യാര്‍ ലോകപ്രശസ്ത മദ്യ ബ്രാന്‍ഡായ 'ഗ്രിഗറീസ് ബ്ലേക്ക് മാജിക്കി'ന്റെ മാര്‍ക്കറ്റിംഗ് വിഭാഗം മാനേജരായി ഉയര്‍ന്നു.
ജീവിതം അമേരിക്കയിലാണെങ്കിലും വിശ്വാസത്തിലും വിവാഹത്തിലും നമ്പ്യാര്‍ ഒരു തനി മലയാളി നാട്ടിന്‍പുറത്തുകാരനായി ജീവിച്ചു മാതൃക കാണിച്ചു. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമായി അനേകം പേര്‍ പരിചയത്തിലുണ്ടെങ്കിലും വിവേക് നമ്പ്യാര്‍ വിവാഹം കഴിച്ചത് 'നമ്പ്യാര്‍ മാര്യേജ് ബ്യൂറോ വഴി കുറ്റിക്കാട്ടൂരിലെ ഒരു തനി നാടന്‍ നമ്പ്യാര്‍ പെണ്ണിനെ. പെണ്ണിന്റെ അച്ഛന് സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളും നമ്പ്യാര്‍ മാങ്ങ കൊണ്ട് മാത്രം അച്ചാറുണ്ടാക്കുന്ന നമ്പ്യാര്‍ പിക്കിള്‍സ് എന്ന കമ്പനിയും ഉണ്ടെങ്കിലും കല്യാണം ഉറച്ചത് വിവേകിന്റെ ജാതകം, മായയുടെ ജാതകവുമായി 'മാമ്പഴ പുളിശ്ശേരി' പോലെ തിരിച്ചറിയാനാവാത്ത വിധം കുഴഞ്ഞ് മറിഞ്ഞ് ഒന്നായതിനാല്‍ മാത്രമാണ്.
മരുമകനായി വിവേക് നമ്പ്യാര്‍ പറമ്പില്‍ കാലെടുത്ത് വെച്ചതു മുതല്‍ നമ്പ്യാര്‍ മാവുകള്‍ മുഴുവനും ഒരു മാങ്ങപോലും കരിയാതെ കായ്ച്ചെന്നും നമ്പ്യാര്‍ പിക്കിള്‍സിനു വെച്ചടി വെച്ചടി കയറ്റമായെന്നും 'പുതിയ വീട്ടില്‍ രാജശേഖരന്‍ നമ്പ്യാര്‍' എന്ന അച്ചാര്‍ നമ്പ്യാര്‍ ആരോടും തുറന്ന് പറയും. എല്ലാറ്റിനും കാരണം അവന്റെ ഒടുക്കത്തെ മാര്‍ക്കറ്റിംഗ് ബുദ്ധിയിലാണ്...! അവന്‍ പറഞ്ഞത് ചെയ്തപ്പോള്‍ എല്ലാ പരസ്യങ്ങളും ക്ലിക്കായി.
''മാങ്ങകളില്‍ അതിവിശിഷ്ടം നമ്പ്യാര്‍ മാങ്ങ. നമ്പ്യാര്‍ മാങ്ങകളില്‍ ഉന്നതം ആര്‍.എസ്. നമ്പ്യാര്‍ പിക്കിള്‍സും'' നേരത്തെ പതിച്ചിരുന്ന ലോഗോയും എഴുത്തും അവന്‍ വന്നയുടന്‍ മാറ്റുകയും പകരം 'ആര്‍.എസ്. നമ്പ്യാര്‍ പിക്കിള്‍സ്' എന്നത് വലുതാക്കുകയും ചെയ്തു.
പഴക്കവും പാരമ്പര്യവും എത്രത്തോളം ഉപയോഗിക്കാമോ. അത്രത്തോളം നമ്മള്‍ നമ്മുടെ ഉല്‍പ്പന്നങ്ങളില്‍ ചേര്‍ക്കണം. ആ കാരണം കൊണ്ട് മാത്രം ബിസിനസ്സ് നന്നായി ബൂസ്റ്റ് ചെയ്യപ്പെടും. അച്ചാര്‍, മോര്, സാമ്പാര്‍ എന്നിവയ്ക്ക് എപ്പോഴും ഒരു സവര്‍ണ്ണ രുചിയാണ് മലയാളിക്ക് ഇഷ്ടം. ഉണക്കമീന്‍, ചെമ്മീന്‍, ഉപ്പ് എന്നിവയ്‌ക്കൊക്കെ താണ ആ മറ്റേ പേരും അതിനൊത്ത രുചിയും...!
ആര്‍.എസ്. നമ്പ്യാര്‍ ഇടയ്ക്കിടെ മരുമകന്റെ ക്ലാസ്സ് കേള്‍ക്കാന്‍ മാത്രം അമേരിക്കയിലേക്ക് വിളിക്കും.
കല്യാണം കഴിഞ്ഞ് അഞ്ചാമത്തെ ദിനം (ലീവ് കഴിഞ്ഞ് പോകുന്നതിന്റെ രണ്ടു ദിനം മുന്നേ) വിവേക് നമ്പ്യാര്‍ ഓളുടെ വീട്ടിലേക്ക് നില്‍ക്കാനായി വന്നു. 'മായ' വിശേഷങ്ങള്‍ പറയാന്‍ അമ്മയുടേയും അമ്മായിയുടേയും അരികിലേയ്ക്ക് ഓടിയതും വിവേക് അവരുടെ നീണ്ടുനിവര്‍ന്നു കിടക്കുന്ന പറമ്പിലേക്കിറങ്ങി.
നോക്കെത്താ ദൂരത്തോളം മാവുകളും മാങ്ങകളും. അവ പെറുക്കുകയും മുറിക്കുകയും ഉണക്കുകയും ചെയ്യുന്ന പെണ്ണുങ്ങള്‍. വിവേകിനെ കണ്ടപ്പോള്‍ എല്ലാവരും എഴുന്നേറ്റു.
പഴുത്ത് വീണ മാങ്ങകള്‍ തിന്നാനായി പറമ്പിലേക്ക് വന്ന അനേകം പക്ഷികളും കാക്കളും വലിയ ഒച്ചയോടെ മരത്തിലേക്കും ആകാശത്തിലേക്കും പറന്നു.
വിവേക് നമ്പ്യാര്‍ കാക്കകളേയും പല പക്ഷികളേയും ഓടിക്കുവാനായി ഒരു കല്ലെടുത്ത് ആകാശത്തിലേക്ക് ഓങ്ങി. അപ്പോള്‍, നിറയെ മാങ്ങകളുള്ള മാവില്‍ കറുത്ത് വയസ്സനായ ഒരു മനുഷ്യന്‍ തൂങ്ങി ആടുന്നത് കണ്ടു.
വിവേക് അയാളെ നോക്കി.
അയാള്‍ മാത്രമല്ല,
അയാള്‍ ഉടുത്ത മുണ്ടും ബനിയനും മാവിന്റേയും മാങ്ങയുടേയും പശയും കറയും പുരണ്ട് അയാളെക്കാളും ഇരുണ്ടിരുന്നു.
ഉടുത്ത മുണ്ടിനു പുറമെ കഴുത്തിലൂടെ, അരയിലേക്ക് മറ്റൊരു മുണ്ടുകൂടി കെട്ടിയതിനാല്‍ അതിന്റെ രണ്ടു ഭാഗവും കാറ്റില്‍ വവ്വാലിന്റെ ചിറകുപോലെ ഇളകിയാടി.
കയ്യിലുള്ള നീളന്‍ കൊക്കകൊണ്ട് വളരെ വേഗതയോടെ അയാള്‍ ഓരോ മാങ്ങയേയും കൊളുത്തിവലിച്ചു. മാങ്ങ ഒക്കെയും മറ്റെല്ലാ വഴിയും അടഞ്ഞതുപോലെ അയാളുടെ മുണ്ടിലേയ്ക്ക് മാത്രം ക്രമം തെറ്റാതെ വീണു. മാവിലെ മുഴുവന്‍ മാങ്ങയും പറിച്ചതോടെ അയാള്‍ ആ മാവില്‍നിന്നും മറ്റൊരു മാവിലേക്ക് കൊമ്പുകള്‍ വഴി ഊര്‍ന്നിറങ്ങുന്നതും കയറുന്നതും അദ്ഭുതത്തോടെ വിവേക് നമ്പ്യാര്‍ നോക്കിനിന്നു.
അപ്പോഴേക്കും ആര്‍.എസ്. നമ്പ്യാര്‍, വിവേക് വന്ന വിവരം അറിഞ്ഞ് എവിടുന്നോ ഓടിക്കിതച്ച് എത്തിയിരുന്നു.
''ഇതേതാണീ പുതിയ തരം വവ്വാല്‍..! മരത്തമ്മല് എന്തൊരു അഭ്യാസി...'' വിവേക് അന്തംവിട്ട് ചോദിച്ചു.
''ഓ... അതാ... അത് നമ്മുടെ മരത്തനാണ്... ആര്‍.എസ്. പറഞ്ഞു. പറമ്പിലെ മാങ്ങ മൊത്തം പറിക്കല് ഓനാ... ഇതൊക്കെയും ഓനേ ശരിയാവൂ... ഏത് ഉറുമ്പിന്‍ കൊട്ടയുള്ള മാവിലും കയറും. ഒരൊറ്റ മാങ്ങയും നിലത്തിടാതെ പറിക്കുകയും ചെയ്യും. ഓനും ഓന്റെ അച്ഛനുമൊക്കെ ഈ പറമ്പിലാണ് വളര്‍ന്നത്. നമ്മള് എന്തു പറഞ്ഞാലും കേള്‍ക്കും. മരത്തമ്മല് കയറാന്‍ 'മരത്തന്‍' തന്നെ ബെസ്റ്റ് എന്നൊരു മൂളിപ്പാട്ടോടെ നമ്പ്യാര്‍ ഒച്ചത്തില്‍ ചിരിച്ചു.
കൂലിയൊക്കെ എത്ര കൊടുക്കണം?
മരത്തന് 300. പെണ്ണുങ്ങള്‍ക്ക് 150...
ഇതുകൂടി കേട്ടതോടെ വിവേകിന്റെ മുഖം നല്ല മൂത്ത നമ്പ്യാര്‍ മാങ്ങപോലെ തെളിഞ്ഞു.
രാത്രി, ഭക്ഷണമൊക്കെ കഴിച്ചതിനുശേഷം അവര്‍ വീട്ടിലുള്ള ആള്‍ക്കാരെ വെച്ച് 'നമ്പ്യാര്‍ സഭ' ചേര്‍ന്നു.
വിവേക് നമ്പ്യാരുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ തുടര്‍ച്ച കേള്‍ക്കാന്‍ മാത്രം ആര്‍.എസ്. നമ്പ്യാര്‍ ഒരുങ്ങിയിരുന്നു.
പ്രൊഡക്റ്റും കഥകളും തമ്മിലുള്ള ബന്ധം ഞാന്‍ പറഞ്ഞിരുന്നല്ലോ... ഓരോ പ്രൊഡക്റ്റിന്റേയും സ്വഭാവത്തിനും മാര്‍ക്കറ്റിനും ചേരുന്ന കഥകളാണ് നമ്മള്‍ ഉണ്ടാക്കേണ്ടത്. ആ കഥകളില്‍ ചതിയും ക്രൂരതയും കണ്ണീരും നന്നായി ചേര്‍ക്കണം. ഏതൊരു വിജയിച്ച മുതലാളിയുടെ ചതിയും ക്രൂരതകളും അയാളുടെ കഴിവും ഗുണവുമായാണ് പില്‍ക്കാലം ജനങ്ങള്‍ വാഴ്ത്തിപ്പാടുക... ആ മുതലാളി ആളൊരു മിടുക്കനാണ്. പരിശ്രമശാലിയാണ്... ഇതിന്റെയൊക്കെ ഒരു ക്ലാസ്സിക് ഉദാഹരണമാണ് ഞങ്ങളുടെ ജോര്‍ജ് വില്ല്യംസിന്റേയും 'ഗ്രിഗറി ബ്ലേക്ക് മാജിക്കിന്റേ'യും കഥ.
ആര്‍.എസ്. നമ്പ്യാര്‍ മുതലാളിയുടെ ആകാംക്ഷയില്‍നിന്നും കഥ കേള്‍ക്കാനുള്ള ഒരു കുഞ്ഞിന്റെ കൗതുകത്തോടെ കണ്ണും കാതും വിവേക് നമ്പ്യാറിലേക്ക് കൂര്‍പ്പിച്ചു.
200 വര്‍ഷങ്ങള്‍ക്കു മുന്നേ ആഫ്രിക്കയില്‍നിന്ന് കയ്യും കണക്കുമില്ലാതെ നീഗ്രോകളെ പിടിച്ചുകൊണ്ടുവരുന്നത് അമേരിക്കയിലെ വെള്ളക്കാരന്റെ അവകാശം ആയിരുന്നു. നീഗ്രോകള്‍ വെള്ളക്കാരന്റെ തോട്ടങ്ങളിലും വ്യവസായശാലകളിലും രോഗങ്ങളേയും വന്യമൃഗങ്ങളേയും തീയിനേയും തണുപ്പിനേയും വിശപ്പിനേയും ഒരുപോലെ ഭയന്ന് രാവും പകലും അധ്വാനിച്ചും അടിമകളുടെ യാതനകള്‍ക്ക് അവസാനം തീര്‍പ്പുണ്ടാ്കുന്നതിനുള്ള അവകാശം മരണത്തിന് മാത്രമായി. വെള്ളക്കാരന്റെ വലിയ ക്വാളിറ്റി അതാണ്, ഒരു ഉദ്യമം തുടങ്ങിയാല്‍ അത് വിജയിപ്പിച്ച് എടുക്കാന്‍ ഏതറ്റം വരെയും പോകും.
ഞങ്ങളുടെ ഗ്രിഗറീസിന്റെ സ്ഥാപക സായിപ്പ് ജോര്‍ജ് വില്ല്യംസും അങ്ങനെ ഒരാള്‍ ആയിരുന്നു.
ജോര്‍ജ് വില്ല്യംസ് ആഫ്രിക്കയില്‍നിന്നും കൊണ്ടുവന്ന നൂറുക്കണക്കിനുള്ള നീഗ്രോകളില്‍ ഒരാള്‍ മാത്രമാണ് ഗ്രിഗറീസ്.


ഒപ്പം വന്നവരില്‍ പകുതിയില്‍ അധികം പേരും കുറഞ്ഞ കാലം കൊണ്ട് മരിച്ചു കഴിഞ്ഞിട്ടും ഗ്രിഗറി ചിരിക്കുകയോ കരയുകയോ ചെയ്യാതെ അപ്പൂപ്പന്‍ താടിപോലെ തോട്ടത്തിലൂടെ പറന്നു. അന്ന് തൊഴിലാളികള്‍ക്കുള്ള ഉറക്കസമയം രണ്ടു മണിക്കൂര്‍ മാത്രമായിരുന്നു. ആ കുറച്ചു നേരവും ഗ്രിഗറി കാട്ടിലൂടെ അലഞ്ഞു. ആര്‍ക്കും വേണ്ടാത്ത ചില കാട്ടുപഴങ്ങളും ഇലകളും ശേഖരിച്ചു. എന്നിട്ട് അതൊക്കെയും ഗ്രിഗറിക്ക് മാത്രം അറിയാവുന്ന ചില 'കൂട്ടു'കള്‍ ചേര്‍ത്ത് ഇളം തീയില്‍ വേവിച്ചു. വേവിക്കുമ്പോള്‍ അതില്‍നിന്നും അരിച്ചിറങ്ങുന്ന നീരാവിത്തുള്ളികളെ ഗ്രിഗറി ചെറിയ അരിപ്പക്കുഴലിലൂടെ മരക്കുപ്പികളിലാക്കി ജോലി ചെയ്യാനുള്ള തോട്ടത്തിന്റെ വിവിധ ഇടങ്ങളില്‍ ആരുടേയും കണ്ണെത്താത്തവിധം ഒളിപ്പിച്ചു.
കൃത്യം രണ്ടു മണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും അടിമകളെ ഉണര്‍ത്താന്‍ പട്ടാളക്കാര്‍ എത്തും.
അപ്പോഴേയ്ക്കും അന്നത്തെ രാത്രിയിലെ ജോലിയൊക്കെ കഴിഞ്ഞ് പോകാനുള്ള തയ്യാറെടുപ്പോടെ ഗ്രിഗറി അവരെ കാത്തുനില്‍ക്കും. ഇതെന്തൊരു അദ്ഭുത ജന്തു. ഉറക്കം പോലും ഇല്ലാത്തവന്‍. ഇവനെ എന്നാണ് ഇനി ബൂട്ടുകൊണ്ട് ചവിട്ടിക്കൂട്ടാന്‍ പറ്റുക എന്ന നിരാശയോടെ പട്ടാളക്കാര്‍ പരസ്പരം നോക്കും.
തൊഴിലാളികളുടെ മേല്‍നോട്ട ചുമതലയുള്ള മാനേജര്‍ക്കും ഗ്രിഗറി ഒരു അദ്ഭുതമായി മാറി. ആനയെ തലയില്‍ കയറ്റിക്കൊടുത്താലും ചുമന്ന് നടക്കുന്നവന്‍. വികാരങ്ങളൊന്നുമില്ലാത്ത വലിയൊരു പാറയോ മരമോ ആണ് ഇയാളെന്ന് മാനേജര്‍ക്ക് ഉറപ്പായും തോന്നിയിരുന്നു. ഇതുപോലുള്ള ഒരു നാലഞ്ച് എണ്ണത്തിനെ കിട്ടിയാല്‍ ജോര്‍ജ് വില്ല്യംസിന് ലോകം തന്നെ അമേരിക്കയുടെ കാല്‍ച്ചുവട്ടില്‍ കൊണ്ടു വെക്കുവാന്‍ കഴിയും. മാനേജര്‍ ഗ്രിഗറിയെ ഇങ്ങനെ നോക്കി നില്‍ക്കവേ. ഗ്രിഗറി തോട്ടത്തിന്റെ മുക്കിലും മൂലയിലും എന്തോ പരതിനടക്കുന്നത് മാനേജര്‍ കണ്ടു. പിന്നെ തിരിഞ്ഞും മറിഞ്ഞും നോക്കിയതിനുശേഷം ഒരു ചെറിയ മരക്കുപ്പിയില്‍നിന്നും എന്തോ എടുത്ത് തിടുക്കത്തോടെ കുടിക്കുന്നതും. ശേഷം ഗ്രിഗറി മേഘം പോലെ ഉയര്‍ന്ന് പൊങ്ങുന്നതും ജോലികള്‍ അതിവേഗത്തില്‍ തീര്‍ക്കുന്നതും അന്ധാളിപ്പോടെ മാനേജര്‍ നോക്കിനിന്നു.
മാനേജര്‍ പെട്ടെന്നുതന്നെ മുറിയില്‍നിന്നും പുറത്തിറങ്ങി. ഗ്രിഗറി പണി ചെയ്യുന്ന ദിക്കിലേക്ക് നടന്നു. ഗ്രിഗറി കുന്നോളം വലിപ്പമുള്ള വലിയൊരു പാറയുമായി മാനേജരുടെ നേരെ നടക്കുന്നു. ഒരു നര്‍ത്തകന്റേതുപോലെ എപ്പോഴും ഇളകുന്ന അവന്റെ കാലുകള്‍ ഇപ്പോള്‍ തീരെ നിലം തൊടുന്നില്ലെന്നും ഗ്രിഗറി ആ വലിയ പാറയോടെ ഉരുണ്ടുക്കെട്ടി തന്റെ തലയിലേക്ക് വീഴുമെന്നും ഭയത്തോടെ മാനേജര്‍ തൊട്ടടുത്ത ഒരു കുഴിയിലേക്ക് എടുത്തു മറിഞ്ഞു.
ഗ്രിഗറി നേരെ വരുമ്പോഴൊക്കെ  മാനേജര്‍ക്ക് മരണഭയം തോന്നിത്തുടങ്ങി. ഒന്നുകില്‍ ഗ്രിഗറി ആഫ്രിക്കയിലെ ഒരു കൊടും മന്ത്രവാദിയാകും അല്ലെങ്കില്‍ അദ്ഭുത മരുന്ന് കുടിച്ച് മനുഷ്യരൂപം എടുത്തണിഞ്ഞ കൊടും പിശാച്...! രണ്ടില്‍ ആരായാലും അയാള്‍ ഇന്നല്ലെങ്കില്‍ നാളെ എന്നെ കൊല്ലും, മാനേജര്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു.
മാനേജര്‍ അന്നു രാത്രിതന്നെ ജോര്‍ജ് വില്ല്യംസിന്റെ മുന്നില്‍ ഗ്രിഗറിയെ സംബന്ധിച്ച മുഴുവന്‍ റിപ്പോര്‍ട്ടും കൊടുത്തു.
അപ്പോള്‍ത്തന്നെ ജോര്‍ജ് വില്ല്യംസ് തന്റെ ഭടന്മാരെ വിളിച്ചുവരുത്തി.
''ഗ്രിഗറിയെ നാളെ ഇതേ സമയത്തിനു മുന്നേ, അവന്‍ കുടിക്കുന്ന ആ മരുന്നോടെയും മന്ത്രത്തോടെയും എന്റെ  മുന്നില്‍ എത്തിക്കണം.''
പത്തോളം സൈനികരും മാനേജരും യോഗം ചേര്‍ന്ന് ഗ്രിഗറിയെ പിടികൂടുവാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു.
രാവിലെ മുതല്‍ അടിമകളൊക്കെ ചേര്‍ന്ന് ഒരു ഘോരവനം വെട്ടിവെളുപ്പിക്കുന്ന തിരക്കിലായിരുന്നു. വന്മരങ്ങള്‍ കാട്ടില്‍നിന്നും വലിയ പാറകള്‍ മണ്ണില്‍നിന്നും കൂട്ടത്തോടെ ജന്മഗൃഹം നഷ്ടപ്പെട്ടവന്റെ നിലവിളിയോടെ വീണുതുടങ്ങി. ഓരോ മരം വീഴുമ്പോഴും ഗ്രിഗറി വേദനയോടെ അവരെ നോക്കിനിന്നു. തൂക്കുമരത്തിലേക്ക് കൊണ്ടുപോകുന്ന ഏറ്റവും അടുത്ത കൂടപ്പിറപ്പിനോടെന്നപോലെയുള്ള ഒരു വിഷാദം ഗ്രിഗറിയെ ആകമാനം മൂടുന്നുണ്ടായിരുന്നു.
തന്നെ ആരും കാണുന്നില്ലായെന്ന ഉറപ്പില്‍, ഗ്രിഗറി രാത്രിയില്‍ ഒളിപ്പിച്ചുവെച്ച കുപ്പികള്‍ക്കായി പറമ്പില്‍ പരതി.
ഗ്രിഗറിയെ കയ്യോടെ പിടികൂടുവാനായി ഭടന്മാര്‍ പല സ്ഥലത്തായി രാവിലെ മുതലേ മറഞ്ഞിരിക്കുന്നുണ്ടായിരുന്നു.
ഗ്രിഗറി തന്റെ മരക്കുപ്പിയിലേക്ക് കൈ തൊട്ടതും ഭടന്മാര്‍ നാലു ഭാഗത്തുനിന്നായി അവനെ വളഞ്ഞു. സൈനികര്‍ കയ്യില്‍ മരക്കുപ്പിയുമായി ഗ്രിഗറിയെ പറമ്പു മുഴുവന്‍ നടത്തിച്ചു. അവിടെനിന്നും  നാലോ അഞ്ചോ മരക്കുപ്പികള്‍ അവര്‍ കണ്ടെത്തുകയും ചെയ്തു.
പറഞ്ഞ സമയത്തിനും മുന്നേ, തെളിവുകളോടെ സൈനികര്‍ ഗ്രിഗറിയെ ജോര്‍ജ് വില്ല്യംസിന്റെ മുന്നില്‍ എത്തിച്ചു.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ബോധ്യത്തില്‍ ഗ്രിഗറി ചങ്ങലയില്‍ ബന്ധിച്ച കൈകളാല്‍ വില്ല്യംസിനെ ദയനീയമായി നോക്കി.
സൈനികരുടേയും മാനേജരുടേയും കൈവശമുള്ള കുപ്പികള്‍ ഓരോന്നായി ജോര്‍ജ് വില്ല്യംസ് തുറക്കുകയും മെല്ലെ തന്റെ മൂക്കിനോട് ചേര്‍ക്കുകയും ചെയ്തു. നിറയെ പൂക്കളുള്ള ഒരു കാട്ടിലേക്ക് നിലാവ് പെയ്യുന്നതും നിലാവ് പൂക്കളുടെ കടുംമണത്തോടെ ഒന്നാകെ ഇളകി തന്റെ മുറിയിലേയ്ക്ക് കയറുന്നതും ശേഷം അവയോടൊപ്പം താനും ഒഴുകുന്നതായും വില്ല്യംസിനു തോന്നി. അയാള്‍ മേശയിലേയ്ക്ക് കൈകള്‍ ഊന്നിനിന്നു.
ചെറിയ വിറയലോടെ ദ്രാവകം ജോര്‍ജ് വില്ല്യംസ് ഓരോ ഗ്ലാസ്സിലേയ്ക്ക് പകര്‍ന്നു. മാനേജര്‍ക്കും സൈനികര്‍ക്കും കുടിക്കാന്‍ നല്‍കി. മാനേജരും സൈനികരും വലിയൊരു കരച്ചിലിന്റെ മുഖഭാവത്തോടെ കണ്ണുകളടച്ച്, നെറ്റിചുളിച്ച് അതു മെല്ലെ മെല്ലെ ഇറക്കി.
ഗ്രിഗറി ഞാവല്‍ പഴത്തിന്റെയത്രയും തുറന്ന കണ്ണുകളോടെ അവരെ ഉറ്റുനോക്കി.
ഒരേ ഒരു നിമിഷം കഴിഞ്ഞതും മാനേജരും സൈനികരും ഒരു മാന്ത്രികക്കല്ല് വയറ്റില്‍നിന്നും പൊട്ടിച്ചിതറുംപോലെ ചിരിക്കാന്‍ തുടങ്ങി. വെയിലും മഞ്ഞും മഴയും കൊണ്ടത് പോലെ ഒരേ സമയം അവര്‍ വിയര്‍ക്കുകയും കുളിരുകയും നനയുകയും ചെയ്തു. ഇതിനിടയില്‍ തലയില്‍നിന്നും ഒരു കിളി ആകാശത്തിലേയ്ക്ക് പറന്നുപോയതായും അവര്‍ക്കു തോന്നി.
അവരുടെ കളിയും ചിരിയും മുഖഭാവങ്ങളും കണ്ടതോടെ എല്ലാവര്‍ക്കും മുഴുത്ത ഭ്രാന്തിളകിയതായി വില്ല്യംസ് ഉറപ്പിച്ചു. ഗ്രിഗറിയെ അടക്കം എല്ലാറ്റിനേയും ഒറ്റവെടിക്ക് തീര്‍ക്കാനായി അയാള്‍ യന്ത്രത്തോക്കിനായി കണ്ണു പായിച്ചു.
എന്നാല്‍ അടുത്ത നിമിഷം സൈനികരും മാനേജരും യൂണിഫോമിന്റെ ഇന്‍സൈഡ് അഴിക്കുകയും വിയര്‍പ്പില്‍ മുങ്ങിയ തൊപ്പി താഴ്ത്തി ജോര്‍ജ് വില്ല്യംസിന്റെ അരികിലേയ്ക്ക് ചെന്നു കാര്യങ്ങള്‍ ലളിതമായി പറയുകയും ചെയ്തു. പറയുന്നതിനിടയില്‍ സൈനികര്‍ ഗ്രിഗറിയെ നോക്കുകയും ചിരിക്കുകയും മാനേജര്‍ മാത്രം ഇടയ്ക്ക് കണ്ണിറുക്കുകയും ചെയ്തു.
സംഗതി വേറൊരു ലെവലാണെന്നു ബോധ്യപ്പെട്ട വില്ല്യംസ് കൂടുതല്‍ വിശദീകരണത്തിനൊന്നും നില്‍ക്കാതെ കുപ്പിയില്‍നിന്നും പാനീയം നേരെ തന്റെ ചുണ്ടിനോട് ചേര്‍ത്തു മൂന്നാമത്തെ സിപ്പ് വലിച്ചതോടെ ജോര്‍ജ് വില്ല്യംസ് ഗ്രിഗറിയെ ചേര്‍ത്തുപിടിച്ചു. എല്ലാവരും കേള്‍ക്കേ ഉത്തരവിട്ടു. ഗ്രിഗറി ഇനി മുതല്‍ ഒരു ജോലിയും ചെയ്യേണ്ടതില്ല. ഗ്രിഗറിയെ ഞാന്‍ എല്ലാ സുഖസൗകര്യങ്ങളോടെയും എന്റെ അണ്ടര്‍ഗ്രൗണ്ടിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണ്. ഗ്രിഗറി, ഗ്രിഗറിക്ക് ഇഷ്ടമുള്ള ജോലി മാത്രം ചെയ്യാം. അതില്‍ ഗ്രിഗറിയെ സഹായിക്കാന്‍ രണ്ടുപേരും ഉണ്ടാകും.
ഗ്രിഗറിയെ പിന്നെ ആരും ജീവനോടെ കണ്ടില്ല. ഗ്രിഗറി എന്ന നീഗ്രോ ഒന്നില്‍നിന്നും നൂറായി ജനിച്ചു. അനേകം കുപ്പികളില്‍ ഒട്ടിച്ച ചിത്രം ആയി. 'ഗ്രിഗറീസ് ബ്ലേക്ക്  മാജിക്ക്'. രണ്ടാം ലോകമഹായുദ്ധം കഴിയുമ്പോഴേയ്ക്കും ഗ്രിഗറീസ് ബ്ലേക്ക് മാജിക് ലോകം മുഴുവന്‍ വ്യാപിക്കുകയും ജോര്‍ജ് വില്ല്യംസ് നമ്പര്‍ വണ്‍ മദ്യ രാജാവുമായിത്തീര്‍ന്നു. ഗ്രിഗറി എവിടെ ജീവിച്ചു. എങ്ങനെ മരിച്ചു? എന്നത് ചരിത്രത്തിന് ആവശ്യമില്ലാത്ത ഒരു ചോദ്യമായതിനാല്‍ ഉത്തരം ജോര്‍ജ് വില്ല്യംസ് എന്ന കഥകളും ഉപകഥകളും ഉള്ള വലിയൊരു ഗ്രന്ഥത്തിന്റെ പേരായി.
വിവേക് നമ്പ്യാര്‍ ഒരു മാനേജ്‌മെന്റ് അധ്യാപകനെപ്പോലെ ശരീരം മുഴുവന്‍ ഉത്തേജിപ്പിച്ചും ഒച്ച കൂട്ടിയും പറഞ്ഞു: ബിസിനസ്സ് അതാണ് യഥാര്‍ത്ഥ മാജിക്. ചിലതിനെ കാണാതാക്കിയും മറ്റു ചിലതിനെ കാണിച്ചും ചെയ്യേണ്ടുന്ന കല. ആ കലയുടെ പിതാവായിരുന്നു ഞങ്ങളുടെ ജോര്‍ജ് വില്ല്യംസ്. കറുപ്പും വെളുപ്പും ഉണ്ടെങ്കില്‍ മാത്രമേ ലോകവും ബിസിനസ്സും നിലനില്‍ക്കൂ. അതായത് ആര്‍.എസ്. നമ്പ്യാരുടെ മാങ്ങയ്ക്ക് പകരം മറ്റൊരു മാങ്ങയില്ല. ഉണ്ടാകാനും പാടില്ല.
ആര്‍.എസ്. നമ്പ്യാര്‍ എഴുന്നേറ്റ് ഉച്ചത്തില്‍ കയ്യടിച്ചു. കൂടെ മറ്റുള്ളവരും.
കഥയൊക്കെ കഴിഞ്ഞ് കിടക്കാനായി മുറിയിലേയ്ക്ക് കയറുമ്പോള്‍ ആര്‍.എസ്. നമ്പ്യാര്‍ക്ക് താനൊരു രാജാവാണെന്നും തന്റെ ചുറ്റുപാടും ജോര്‍ജ് വില്ല്യംസിനുള്ളതുപോലെ അനേകം അംഗരക്ഷകര്‍ ഉണ്ടെന്നും തോന്നിത്തുടങ്ങി. തന്റെ മാങ്ങകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പറക്കുന്നതും ആളുകള്‍ അവയെ 'ആര്‍.എസ്. നമ്പ്യാര്‍ മാങ്ങകള്‍' എന്ന് ഉച്ചത്തില്‍ വിളിക്കുന്നതും കേട്ടാണ് അയാള്‍ ഉറക്കത്തിലേയ്ക്ക് വീണതും ഞെട്ടിയതും ഉണര്‍ന്നതും.
****
രാവിലെ എഴുന്നേറ്റതും വിവേക് നമ്പ്യാര്‍ പറമ്പിലേക്ക് നടന്നു.
എല്ലാവരും പതിവുപോലെ ജോലി തുടങ്ങിയിരുന്നു.
നടന്ന്, നടന്ന് വിവേക് പറമ്പിന്റെ അതിരിനരികില്‍ എത്തി. പതിവുപോലെ വലിയ മാവില്‍നിന്നും മരത്തന്‍ മാങ്ങകളെ തന്റെ മാന്ത്രികക്കൊട്ടയിലേയ്ക്ക് നിറച്ചു തുടങ്ങിയിരുന്നു.
''മോനിന്ന് പോവ്വല്ലേ... അമേരിക്കാന്ന് അടുത്ത തവണ വരുമ്പോള്‍ മോന്റെ കമ്പനീന്റെ ഒരു കുപ്പി എനിക്ക് തരണം.''
വിവേക് നമ്പ്യാര്‍ മരത്തനോട് ചിരിച്ചു.


മരത്തന്‍ തന്റെ ശരീരത്തിലേയ്ക്ക് നിറഞ്ഞ മാങ്ങകള്‍ ഒരു റോപ്പ് വേയിലൂടെന്നപോലെ മെല്ലെ താഴ്ത്തി. താഴെ നിലം തൊടുമ്പോഴേയ്ക്കും നാലഞ്ച് പെണ്ണുങ്ങള്‍ വന്ന് നിലം മുട്ടാതെ കൊണ്ടുപോയി.
വിവേക് മുന്നോട്ട് നടക്കുന്നതിനിടയില്‍ 'ശ്മശാനം' പോലെ കാടുമൂടിയ സ്ഥലം കണ്ടു. വിവേക് മരത്തനെ നോക്കി. ''ഇതു നമ്മുടെ പറമ്പില്‍ പെടുന്നതല്ലേ?''
മരത്തന്‍ താഴേയ്ക്ക് നോക്കാതെ മാങ്ങ പറിക്കുന്നതിനിടയില്‍ ഉത്തരം പറഞ്ഞു:
''ഞാന്‍ കാണും മുതലേ ആടം അങ്ങനെയാണ്. പണ്ടെപ്പോ ആട വീണ മാങ്ങ എടുത്ത് തിന്ന ആള് തിന്നു കഴിയുമ്പോഴേയ്ക്കും ചോര ഛര്‍ദ്ദിച്ച് വീണിന്... അങ്ങനെ ഒരാളും രണ്ടാളുമല്ല... ആ മാവും മാങ്ങയും ദൈവാ...? അതില്‍പ്പിന്ന അങ്ങോട്ട് ആരും അധികം കേറാറില്ല.''
തിരിച്ചു നടക്കുന്നതിനിടയില്‍ വിവേക് നമ്പ്യാര്‍ ചിന്തിച്ചു അടുത്ത വരവില് ആ കാടും പടലും ജെ.സി.ബി കൊണ്ടുവന്ന് നിരപ്പാക്കണം. എന്നിട്ട് പറമ്പില്‍ എല്ലാവരും കാണുന്ന വിധത്തില്‍ 'ആര്‍.എസ്. നമ്പ്യാര്‍ നാച്ചുറല്‍ അഗ്രിക്കള്‍ച്ചറല്‍ ഫാം' എന്ന ബ്രാന്‍ഡിംഗ് നടത്തണം.
***
വിവേക് നമ്പ്യാരും മായയും വിമാനത്താവളത്തിലേക്ക് കയറുമ്പോള്‍ മാംഗോ ജ്യൂസിനുവേണ്ടി കരഞ്ഞ് വാശിപിടിച്ച് രക്ഷിതാക്കളെ വട്ടം കറക്കുന്ന ഒരു കുഞ്ഞിനെ കണ്ടു. ഒരു മാങ്ങ കച്ചവടക്കാരന്‍ എന്ന നിലയില്‍ വിവേകിന് അഭിമാനം തോന്നി. വിമാനത്തിനുള്ളില്‍ വെച്ച് ആ കാര്യം മായയോട് പറഞ്ഞ് ഏറെ നേരം അവര്‍ ചിരിച്ചു.
നാട്ടില്‍നിന്നും അമേരിക്കയിലേക്ക് തിരിച്ച് എത്തിയപ്പോഴേയ്ക്കും അമേരിക്ക കീടബാധയേറ്റ ഒരു മാങ്ങപോലെ നിറം മങ്ങിയിരുന്നു. പുറമേ കാണാന്‍ പരിക്കുകളൊന്നും ഇല്ലാതിരുന്നിട്ടും അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ 'ജനറല്‍ ബാങ്ക്' തകര്‍ന്നതായിരുന്നു പ്രശ്‌നങ്ങളുടെ മൂലകാരണം. റോഡില്‍ കാറുകളും മറ്റു വാഹനങ്ങളും മെല്ലെ മാത്രം നീങ്ങി. ഹോട്ടലുകളും ബാറുകളും നേരത്തെ അടച്ചു. വിവേക് നമ്പ്യാരുടെ ഗ്രിഗറീസില്‍നിന്നും നൂറോളം പേരെ പിരിച്ചുവിട്ടു.
''ലോകത്തുള്ള ദരിദ്രരില്‍നിന്നും പതിനായിരം പേര്‍ പുതുതായി സമ്പന്നര്‍ ആകുന്നതിലും ഭേദം, നിലവിലുള്ള സമ്പന്നരുടെ സമ്പത്തില്‍നിന്നും ഒരു തരിപോലും കുറയാതെ നോക്കുന്നതിലാണ് കാര്യം. സമ്പന്നരുടെ കോടികളിലാണ് ഇന്നത്തെ ലോകത്തിന്റെ താളവും ലയവും അതില്ലാതായാല്‍ സകലതും ഇല്ലാതാകും.'' വിവേക് നമ്പ്യാര്‍ ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോഴാണ് ബാത്ത്‌റൂമില്‍നിന്നും മായാ നമ്പ്യാര്‍ ഓക്കാനിക്കുന്ന ശബ്ദം വിവേക് കേട്ടത്. പെട്ടെന്ന്, ഓഹരിയുടെ താഴെ രേഖയില്‍നിന്നും ഒരു മിന്നല്‍ മുകളിലേക്ക് കയറിയ അമ്പരപ്പ് വിവേകിലുണ്ടായി. ആദ്യത്തേത് വന്ന വഴിയില്‍ത്തന്നെ താഴ്ന്നുപോയിരുന്നു. ഇതെങ്കിലും നമ്പ്യാര്‍ അവളെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചു. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ഗൈനക്കോളജി ആശുപത്രിയില്‍നിന്നും ഡോക്ടറെ കണ്ട് പുറത്തിറങ്ങിയതും വിവേക് മായയോട് പറഞ്ഞു:
''നീ നല്ല ഒന്നാന്തരം നമ്പ്യാര്‍ മാവ് തന്നെ... ആദ്യത്തെ പൂവ് മുഴുവന്‍ കൊഴിച്ച്, രണ്ടാമത്തേതില്‍ മാത്രം ഫലം തരുന്ന ഒറിജിനല്‍ നാടന്‍ നമ്പ്യാര്‍ മാവ്...''
കല്യാണം കഴിഞ്ഞതിനുശേഷം അന്ന് ആദ്യമായി മായയ്ക്ക് വിവേകിനോട് സമ്പന്നനായ, ബുദ്ധിമാനായ ഭര്‍ത്താവ് എന്നതിലപ്പുറം ഒരു പെണ്ണിന് ആണിനോട് തോന്നുന്ന യഥാര്‍ത്ഥ സ്‌നേഹം തോന്നി.
ഒരു മാങ്ങയുടെ കൊരട്ടയടക്കം അവസാന നീരുവരേയും നുണയാനുള്ള തീവ്രമായ ആഗ്രഹവും അവളില്‍ ഉണ്ടായി.
മോളുടെ വിശേഷം അറിഞ്ഞതും ആര്‍.എസ്. നമ്പ്യാര്‍ സന്തോഷത്തിലായി. ഞാന്‍ ഇത്രയും ദിവസം ഭയങ്കര പ്രയാസത്തിലായിരുന്നെന്നും ചൂട് കൂടിയിട്ടോ മറ്റോ മാങ്ങകളൊക്കെ വല്ലാതെ കൊഴിഞ്ഞുവീഴുന്നെന്നും... ഇതാണിപ്പോള്‍ ശരിക്കും ഒരു ആശ്വാസമായതെന്നും മറ്റും അയാള്‍ ഫോണിലൂടെ പറഞ്ഞു.
നാട്ടില്‍നിന്നും വന്നത് മുതല്‍ ഗ്രിഗറീസില്‍ മീറ്റിംഗുകളുടെ പരമ്പര ആയിരുന്നു. ഓരോ ദിനവും കൂടിവരുന്ന സാമ്പത്തിക ബാധ്യതകളും അവ കുറയ്ക്കാനുള്ള വഴികളും നഷ്ടത്തിലായ യൂണിറ്റുകള്‍ പൂട്ടാനുള്ള തീരുമാനങ്ങളും മാനേജ്‌മെന്റ് ജീവനക്കാരോട് അക്കമിട്ട് അവതരിപ്പിച്ചു. പോകുന്നവര്‍ക്ക് ഇപ്പോഴാണെങ്കില്‍ കമ്പനിയുടെ യാത്രയയപ്പോടെ പോകാം. കുറച്ച് കഴിഞ്ഞാല്‍ അതും സംശയമാണ്.
കമ്പനി ആയാലും മാങ്ങ ആയാലും ഉയരങ്ങളിലേക്ക് പോകുംതോറും വീഴ്ചയുടെ ആഴവും കൂടും. വിവേക് നമ്പ്യാര്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതിനിടയില്‍ വീട്ടില്‍നിന്നും ആയയുടെ ഫോണ്‍ വന്നു. മായ ബോധം മറഞ്ഞുവീണെന്നും ബ്ലീഡിംഗ് ഉണ്ടെന്നും അവര്‍ തിടുക്കത്തോടെ പറഞ്ഞു ഫോണ്‍ വെച്ചു.
ആശുപത്രിയിലെ സ്ട്രെച്ചര്‍ ഓട്ടോമാറ്റിക് ആയിരുന്നിട്ടും വിവേക് നമ്പ്യാര്‍ അതു വേഗതയോടെ തള്ളി. സ്ട്രെച്ചറും മായയും ഡോക്ടറുടെ മുറിയിലേയ്ക്ക് കയറിയതും വിവേക് പുറത്തായി.
താന്‍ ഇവിടെ ഒറ്റയ്ക്കാണെന്നും കുറേ നേരമായി ഈ നില്‍പ്പെന്നും തിരിച്ചറിയുമ്പോഴേയ്ക്കും വിവേകിന്റെ മൊബൈലിലേക്ക് ഡോക്ടറുടെ പരിശോധനാ ഫലം വന്നു.
''അബോര്‍ട്ടാണ്. കാരണമൊന്നും ഞങ്ങള്‍ക്ക് ഇപ്പോള്‍ കണ്ടെത്താന്‍ പറ്റുന്നില്ല.''
ആശുപത്രിയില്‍ അഡ്മിറ്റായ രണ്ടു ദിനവും വിവേകിനെ ആര്‍.എസ്. നമ്പ്യാര്‍ വിളിച്ചുകൊണ്ടേയിരുന്നു. ''മരുന്ന് തളിച്ചിട്ടും കൊഴിച്ചില്‍ നില്‍ക്കാത്ത മാങ്ങകളുടെ കാര്യം അറിയിക്കാനായിരുന്നു അത്.''
ഡിസ്ചാര്‍ജായ മൂന്നാം ദിവസം എല്ലാ മിസ്സ് കാളിനും കൂടി വിവേക് ആര്‍.എസ്. നമ്പ്യാരെ തിരിച്ചു വിളിച്ചു, ഒറ്റശ്വാസത്തില്‍ കാര്യങ്ങള്‍ പറഞ്ഞുതീര്‍ത്തു.
നിങ്ങളുടെ മാങ്ങ മാത്രമല്ല... നിങ്ങളെ മൊത്തം പ്രശ്‌നാണ്... അവിടെ കാലു കുത്തിയത് മുതല്‍ ഞാനും താഴോട്ടാണ്. ഞാന്‍ മാത്രമല്ല, എന്റെ കമ്പനിയും അമേരിക്ക പോലും..!
പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ അറിയാന്‍ വിവേക് 'ഗൂഗിളി'ലും മറ്റും കുറേ അന്വേഷിച്ചെങ്കിലും ഗൂഗിളില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഒറ്റ ഉത്തരത്തില്‍ച്ചെന്ന്  അവസാനിച്ചു. ജെ.പി. പൊതുവാള്‍ എന്ന ചിരിക്കുന്ന മുഖം. വിവേക് ജെ.പിയുടെ മുഖം നോക്കി ഡബിള്‍ ക്ലിക്ക് ചെയ്തു. ജെ.പി. പൊതുവാള്‍ ആസ്‌ട്രോളജര്‍, ഫോര്‍മര്‍ സീനിയര്‍ എന്‍ജിനീയര്‍ മൈക്രോ സോഫ്റ്റ്. പിന്നെ താഴെ താഴെ ആയി. ജ്യോതിഷത്തിലെ പല ബിരുദങ്ങള്‍, ബഹുമതികള്‍, പ്രശസ്തരോടൊപ്പമുള്ള അനേകം സെല്‍ഫികള്‍.
താഴെ ബുക്ക് ചെയ്യാനുള്ള ചതുര കോളം.
വിവേക് പണം അടച്ച് തീയതി ഉറപ്പിച്ചു.
വിവേക് നമ്പ്യാര്‍-32 വയസ്സ്-ചോതി നക്ഷത്രം.
ഉടന്‍ മറുപടി-അപ്പോയിന്‍മെന്റ് റെഡി. സമയം-ബുധന്‍ രാവിലെ ഏഴ് മണി മുതല്‍ എട്ട് മണി വരെ.
പൊതുവാളിന്റെ 'ഫ്യൂച്ചര്‍ പ്ലസ്സ്' എന്ന ആഫീസ് സമുച്ചയത്തിലെത്തിയതും ഒരു പഴയ കൊട്ടാരത്തില്‍ കയറിയ ഫീല്‍ ആയി വിവേകിന്.
അതിഥികള്‍ക്ക് ഇരിക്കാനുള്ള മുറിയുടെ നാലു ഭാഗത്തും കംപ്യൂട്ടര്‍ സ്‌ക്രീന്‍. അതില്‍ അന്നത്തെ ദിനത്തിലെ നക്ഷത്രഫലങ്ങള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ചെയ്യേണ്ടുന്ന പൂജകള്‍ ഇടവിട്ട് തെളിഞ്ഞുവന്നു.
കൃത്യം ഏഴു മണിക്ക് വിവേകിന്റെ പേരും നക്ഷത്രവും സ്‌ക്രീനില്‍.
വിവേക് ഉള്ളിലേയ്ക്ക് കയറി.


പൊതുവാള്‍ വലിയ നിലവിളക്ക് തൊഴുതും ശ്ലോകം ചൊല്ലി. 
തന്റെ മേശമേലുള്ള പ്രത്യേകം തയ്യാറാക്കിയ പലകയിലെ '12' സമചതുരങ്ങളിലായി കിടക്കുന്ന വിവേക് നമ്പ്യാരുടെ ത്രികാലത്തിലേക്ക് പൊതുവാള്‍ സൂക്ഷ്മതയോടെ ഉറ്റു നോക്കി.
ഒരു നിമിഷം കണ്ണുകളടച്ച് ധ്യാനിച്ചു. പൊതുവാള്‍ മെല്ലെ പറഞ്ഞു തുടങ്ങി.
''കാരണവന്മാരുടേയും ഗുരുഭൂതരുടേയും നിഴല് പോലും എവിടെയും കാണുന്നില്ല. നിങ്ങള്‍ അവരെ പൂര്‍ണ്ണമായും മറന്നുപോയിരിക്കുന്നു. എല്ലാ പ്രശ്‌നങ്ങളുടേയും മൂല കാരണം അവിടെനിന്നാണ് തുടങ്ങിയത്. നട്ടാല്‍ ആയിരമായി മുളയ്ക്കുന്ന സ്വര്‍ണ്ണം അനന്തര തലമുറയെ ഏല്‍പ്പിച്ചാണ് കാരണവര്‍ ഭൂമി വിട്ടത്.
വിവേക് നമ്പ്യാര്‍ അന്തവും കുന്തവും ഇല്ലാതെ കണ്ണുമിഴിച്ചു.
അന്‍പത് വര്‍ഷത്തിലധികമായി പൂജാദി കര്‍മ്മങ്ങള്‍ മുടങ്ങിയിട്ട്. സര്‍വ്വനാശത്തിന്റെ സൂചനകളാണ് ഇപ്പോള്‍ കണ്ടത്. വേരുകള്‍ മുഴുവന്‍ ഇളകിത്തുടങ്ങി. ഇനി ഓരോന്നായി വീണുതുടങ്ങും. ചെറുതായി ചെയ്തു തീര്‍ക്കാവുന്ന സമയം കഴിഞ്ഞിരിക്കുന്നു. ഇനി കാര്യങ്ങള്‍ ഒന്ന് നേരെ ആകണമെങ്കില്‍ ആദ്യം മുതല്‍ തുടങ്ങണം.
ഭാര്യയുടെ ഗര്‍ഭം രണ്ടാമതും അലസി, ഡോക്ടര്‍മാര്‍ നോക്കിയിട്ടും കാരണമൊന്നും കാണുന്നില്ല. അതിനാണ് ഞാനിപ്പോള്‍...? 
വിവേക് വന്ന കാര്യം വ്യക്തമാക്കി.
പൊതുവാള്‍ ഒന്നു ചിരിച്ചു. ''അമേരിക്കയിലെ ഡോക്ടര്‍ നോക്കിയാല്‍ കുറ്റിക്കാട്ടൂരിലേയോ ചെറുകുന്നിലേയോ കാര്യങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയില്ല. പൊതുവാള്‍ ഗൂഗിള്‍ മാപ്പില്‍ കുറ്റിക്കാട്ടൂര്‍ എന്ന സ്ഥലത്ത് വെച്ച് മൗസ് ഉറപ്പിച്ചു.
നിറയെ മാവും മാങ്ങകളും. ഇവിടെയാണ് പ്രശ്‌നം, അതിവിടെത്തന്നെ തീര്‍ക്കണം. നമ്പ്യാര്‍ മാങ്ങ, എങ്ങനെയാണ് ഉണ്ടായെതെന്ന് വല്ല പിടുത്തവും ഉണ്ടോ? പൊതുവാള്‍ വിവേകിനെ നോക്കി. വിവേക് നമ്പ്യാര്‍ മുകളിലോട്ടും.
നമ്പ്യാര്‍ പിക്കിള്‍സ് എന്ന സ്ഥാപനവും ഗ്രിഗറി ബ്ലേക്ക് മാജിക്കും കയ്യിലെത്തിയ കഥയല്ലാതെ മാങ്ങ ഉണ്ടായ കഥയൊന്നും...
പൊതുവാള്‍ ഒന്ന് അനങ്ങി ഇരുന്നു കുറേക്കൂടി ഗൗരവത്തിലായി. ഒരു നൂറ് വര്‍ഷം പുറകിലോട്ട് പോകേണ്ടിവരും. അതായത് ഈ പ്രശ്‌നം കൊണ്ട് ഇവിടെ തീര്‍ക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ കൃത്യമായി വിശകലനം ചെയ്യാന്‍ 'സ്വര്‍ണ്ണ പ്രശ്‌നം' ചെയ്യേണ്ടി വരും. സ്വര്‍ണ്ണ പ്രശ്‌നം, പ്രശ്‌നങ്ങളുടെ ഒരു ഉയര്‍ന്ന തലമാണ്. അതിന് വേറെ ചാര്‍ജും വേറെ ബുക്കിംഗും ആണ്. ഞാനത് എന്റെ 'ക്ഷേത്രം' എന്ന ഔട്ട്ഹൗസുണ്ട്, അവിടെയാണ് അതിന്റെ കാര്യങ്ങള്‍. താല്‍പ്പര്യം ഉണ്ടെങ്കില്‍, പ്രശ്‌നങ്ങള്‍ തീര്‍ന്ന് സുഖമായ ജീവിതം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒഴിവ് നോക്കി ഇപ്പോള്‍ത്തന്നെ ബുക്ക് ചെയ്യാം.''
വിവേക് ഉടന്‍ പണം അടച്ച് റിസീറ്റ് മേടിച്ചു. നാളെ വൈകുന്നേരം ആറ് മണി.
വീട്ടിലെത്തിയപ്പോള്‍ വിവേക് നമ്പ്യാര്‍ക്ക് ചുരുണ്ടുകൂടി കിടക്കുന്ന മായയെ കണ്ടപ്പോള്‍ ഒരു ചീഞ്ഞ മാങ്ങ കണ്ടത്രയും അറപ്പും വെറുപ്പും തോന്നി.
പിറ്റേന്ന് ഉച്ചയോടെ തന്നെ വിവേക് ക്ഷേത്രത്തിലെത്തി. വലിയൊരു കുന്നിന്‍ മുകളില്‍ ആയിരുന്നു പൊതുവാളിന്റെ ഔട്ട്ഹൗസ്. സന്ധ്യ ആയതോടെ നാലു ഭാഗത്തും വിളക്ക് കത്തി. വലിയൊരു തറവാട് മുറ്റം പോലെയുള്ള ഭാഗം കസേലകളും മറ്റും ഒരുക്കിയിട്ടുണ്ട്. അതിന്റെ മുന്നില്‍ കസവു മുണ്ടൊക്കെ ചുറ്റി പൊതുവാള്‍. കൂടെ രണ്ട് അസിസ്റ്റന്റ് ജ്യോതിഷന്മാരും.
അവര്‍ സ്വയം ചോദ്യങ്ങള്‍ ചോദിച്ചും തര്‍ക്കിച്ചും ഉത്തരം പറഞ്ഞു. 
നൂറ് വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്ക് പോയി. അവസാനം കാര്യങ്ങള്‍ ഒരു വ്യക്തതയിലായി.
പുതിയ വീട്ടിലെ ചിണ്ടന്‍ നമ്പ്യാര്‍ മാവുക്കാട്ട് രാജാവിന്റെ കാര്യസ്ഥനും മുഖ്യ പടയാളിയും ആയിരുന്നു. മാവുക്കാട്ട് രാജാവും തൊട്ടടുത്ത ചാവക്കാട്ട് രാജാവും തമ്മില്‍ പൊരിഞ്ഞ യുദ്ധം നടക്കുകയും അതില്‍ മാവുക്കാട്ട് രാജാവ് ദയനീയമായി കൊല്ലപ്പെടുകയും ചെയ്യുന്നു. ചാവക്കാട്ട് രാജാവിന് ഏറ്റവും വൈരാഗ്യം തോന്നിയ ചിണ്ടന്‍ നമ്പ്യാരേയും ബന്ധുക്കളേയും അടിമകളാക്കുകയും സ്ഥലവും സ്വത്തും കണ്ടുകെട്ടുകയും ചെയ്തു. രാജാവിന്റെ രോഷം നേരിട്ട് ഏറ്റുവാങ്ങിയ ഒരാളെന്ന നിലയില്‍ ചിണ്ടന്‍ നമ്പ്യാരുടെ സ്ഥിതി വളരെ ദയനീയമായി. രാജാവും ആള്‍ക്കാരും രാവും പകലുമില്ലാതെ നമ്പ്യാരെ ദ്രോഹിച്ചു. പറമ്പിലെ തേങ്ങ, കുരുമുളക് പറിക്കുക, കാലികളെ മേയ്ക്കുക, പറമ്പ് കിളക്കുക, മറിക്കുക. യുദ്ധത്തില്‍ മരണപ്പെട്ടവരൊക്കെ ഭാഗ്യവാന്മാര്‍ എന്ന സ്ഥിതിയിലായി ചിണ്ടന്‍ നമ്പ്യാര്‍ക്ക് കാര്യങ്ങള്‍.
തലയും ഉടലും ക്ഷീണിച്ച ഒരു നട്ടുച്ചയില്‍ ചിണ്ടന്‍ നമ്പ്യാര്‍ പറമ്പില്‍ കിടന്ന കിടപ്പില്‍ ഉറങ്ങിപ്പോകുന്നു. അതേ നേരം അതുവഴി വന്ന നാടുവാഴി ചിണ്ടന്‍ നമ്പ്യാരുടെ എല്ലാം മറന്നുള്ള ഉറക്കം കാണുകയും നമ്പ്യാരെ ചാട്ടവാര്‍കൊണ്ട് അടിച്ച് എഴുന്നേല്‍പ്പിക്കുകയും ചെയ്തു.
ക്രോധം കയറിയ തമ്പുരാന്‍ ചുറ്റുപാടും നോക്കവേ. ദൂരെ ആകാശത്തോളം വളര്‍ന്ന ഒരു ഒറ്റ മാവിന്റെ തുമ്പത്ത് ഒരു പഴുത്ത മാങ്ങ കാണുകയും ചിണ്ടന്‍ നമ്പ്യാരോടായി അതിപ്പോള്‍ത്തന്നെ എനിക്ക് വേണമെന്നും ഉടന്‍ കയറി പറിക്കണമെന്നും ഉത്തരവിട്ടു.
അണലിപ്പാമ്പിന്റെ കൊത്ത് കിട്ടിയതുപോലെ ശരീരം പുളഞ്ഞ ചിണ്ടന്‍, തമ്പുരാന്റെ കാല്‍ക്കല്‍ വീണ് തന്റെ അവസ്ഥ വിവരിക്കുന്നു.
എന്നാല്‍, തമ്പുരാന്‍ ചിണ്ടന്‍ മാങ്ങ പറിക്കുന്നത് വരെയും ചാട്ട അടിക്കാനായി നാലു മല്ലന്മാരെ വിളിച്ചുവരുത്തി.
നാലു ഭാഗത്തുനിന്നും ചാട്ടവാറടി തുടങ്ങിയതോടെ വേദനകൊണ്ട് പുളഞ്ഞ ചിണ്ടന്‍, വേച്ച് വേച്ച് മാവിലേക്ക് നടന്നു. മാവിന്റെ തടിയോട് തന്റെ ശരീരം ചേര്‍ത്തുവെച്ച് മെല്ലെ ഊര്‍ന്നുകയറി. മാവിന്റെ മുരപ്പുകളില്‍ കൊണ്ട് ചിണ്ടന്റെ ശരീരം മുഴുവന്‍ ഉരഞ്ഞ് പൊട്ടുകയും മുറിവിലേക്ക് അടുത്ത പറമ്പില്‍നിന്നുപോലും ഉറുമ്പുകള്‍ വന്ന് കൂട്ടത്തോടെ കടി തുടങ്ങുകയും ചെയ്തു.
ആകാശം മുട്ടാന്‍ പോയ മരക്കൊമ്പിലെ മാങ്ങയുടെ അരികിലേക്ക് നിരങ്ങിയും നീന്തിയും ചിണ്ടന്‍ എത്തി. മരണവെപ്രാളത്തോടെ ചിണ്ടന്‍ മാങ്ങയിലേക്ക് കൈ തൊട്ടു.
താഴെ തമ്പുരാനും അനുയായികളും ഒച്ചത്തില്‍ ആര്‍പ്പുവിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നു.
മാങ്ങ പറിച്ചതും ചിണ്ടന്‍ നമ്പ്യാരുടെ കൈകള്‍ കൊമ്പില്‍നിന്നും പിടിവിട്ടു. വലത്തെ കയ്യില്‍ സ്വര്‍ണ്ണഗോളം പോലെ തിളങ്ങുന്ന മാങ്ങയും മുറുകെപിടിച്ച് ഒരു മഹാമാന്ത്രികനെപ്പോലെ ചിണ്ടന്‍ നമ്പ്യാര്‍ ഭൂമിയിലേക്ക് പറന്നു.
ചിണ്ടന്‍ നമ്പ്യാരുടെ മുഖവും ശരീരവും കമിഴ്ന്നടിച്ച് മണ്ണിലേയ്ക്ക് വീണു. എല്ലാവരും നോക്കിനില്‍ക്കെ വലത്തേ കൈയും മാങ്ങയും മണ്ണിലേക്ക് താഴ്ന്നുപോകുന്നു.
ചിണ്ടന്‍ നമ്പ്യാരുടെ ജീവന്‍പോയ നിമിഷം മുതല്‍ വലത്തെ കയ്യിലെ മാങ്ങയില്‍നിന്നും ഒരു പുതിയ മാവ് അവിടെ മുളച്ച് പൊന്തി. നിമിഷങ്ങള്‍ക്കകം മാവ് വളര്‍ന്നു.
തമ്പുരാനും ആള്‍ക്കാരും ഭയന്ന് നിലവിളിച്ച് ദൂരേയ്ക്ക് ഓടി.
അന്നു മുതല്‍ ഭ്രാന്ത് കയറി കിടപ്പിലായ തമ്പുരാന്‍ അഞ്ചാം ദിനം മരിച്ചു. ഒപ്പം ഉണ്ടായിരുന്നവര്‍ ഏഴാം ദിനത്തിലും. എന്നാല്‍, ജീവന്‍ വെടിയുന്നതിനു തൊട്ടുമുന്നേ തമ്പുരാന്‍ നോര്‍മലാവുകയും സകലരേയും അടുത്ത് വിളിച്ച് കുറേ കാര്യങ്ങള്‍ പറയുകയും ചെയ്തു.
ചിണ്ടന്‍ നമ്പ്യാര്‍, മാവുക്കാട്ട് വീരന്‍ തെയ്യമായി പുനര്‍ജനിച്ചെന്നും എന്നെ വന്നു കണ്ട് അനുഗ്രഹം തന്നെന്നും പറഞ്ഞു. ആ സ്ഥലവും മാങ്ങയും മാവും ഒക്കെ ഇനി മുതല്‍ ചിണ്ടന്‍ നമ്പ്യാരുടെ കുടുംബക്കാര്‍ക്ക് അവകാശപ്പെട്ടതാകുന്നു. ആ മാവില്‍നിന്നും മുളച്ച് പൊന്തിയ മാവ് ഇനി നമ്പ്യാര്‍ മാവ് എന്നറിയപ്പെടും. ചിണ്ടന്‍ നമ്പ്യാരുടെ മുഴുവന്‍ കുടുംബങ്ങളേയും ബന്ധുക്കളേയും ജയിലില്‍നിന്നും അടിമപ്പണിയില്‍നിന്നും മോചിപ്പിച്ചതായും ഞാന്‍ അറിയിക്കുന്നു എന്ന് പറഞ്ഞതും തമ്പുരാന്റെ ജീവന്‍ ആരോ കൊത്തിപ്പറിച്ച് കൊണ്ടുപോയി.
ഈ ചിണ്ടന്‍ നമ്പ്യാരുടെ, മാവുക്കാട്ട് വീരന്റെ അനന്തര തലമുറയാണ് നിന്റെ ആര്‍.എസ്. നമ്പ്യാരും മായയും. ഇപ്പോള്‍ കാര്യങ്ങളൊക്കെ ഏകദേശം ധാരണ ആയില്ലേ. കാരണവരുടെ ശാപം തീര്‍ക്കണം, അതു മാത്രമാണ് ഇനിയുള്ള വഴി. തീര്‍ത്തില്ലെങ്കില്‍ മാവും മാങ്ങയും മാത്രമല്ല, അമേരിക്ക പോലും അടപടലം തകര്‍ന്ന് പോകും. അമേരിക്ക അത് ഏതെങ്കിലും വഴിയില്‍ അറിഞ്ഞാല്‍ പിന്നെ നിങ്ങളുടെ പൊടിപോലും ബാക്കിയും ഉണ്ടാകില്ല..!
ഞാനെനി എന്താണ് ചെയ്യേണ്ടത്..? വിവേക് വെപ്രാളത്തോടെ നിലവിളിച്ചു.
മാവുക്കാട്ട് വീരനെ കെട്ടി ആടിക്കണം. അതു മാത്രമാണ് പരിഹാരം.
ആ മാവും കാടും ഇപ്പോഴും അവിടെ ഉണ്ട്. പിന്നെ വളരെ പ്രധാന കാര്യം ആ മാവില്‍ തെയ്യമല്ലാതെ മറ്റൊരാളും ഒരു കാലവും തൊടാന്‍ പാടില്ല. ഒരുവിധപ്പെട്ട ആര്‍ക്കും ആ  മാവില്‍ തൊടാനോ കയറാനോ കഴിയില്ല.
പൊതുവാള്‍ ഒരു ആഴമുള്ള കിണറില്‍നിന്നും കയറിയപോലെ ഒന്നനങ്ങി ശ്വാസം കഴിച്ച് പറഞ്ഞു:
ഒരു ബലി നടത്താന്‍ പറ്റുമെങ്കില്‍ ഉത്തമം ആയി.
നൂറു വര്‍ഷത്തെ പാപവും അതോടെ തീരും. കേരളത്തില്‍ ആയതോണ്ട് അതൊക്കെ ബുദ്ധിമുട്ടാകും. നമുക്കൊരു കാര്യം ചെയ്യാം. ഒരു നൂറ്റമ്പത് നാടന്‍ പൂവന്‍ കോഴിയെ കൊന്ന് രക്തം അര്‍പ്പിക്കാം. എന്തായാലും ഇതൊക്കെ കഴിയുന്നതോടെ നിങ്ങള്‍ക്ക് വെച്ചടി വെച്ചടി കയറ്റമാകും. മാങ്ങ മാത്രം വിറ്റും കയറ്റി അയച്ചും നിങ്ങള്‍ കോടീശ്വരനാകും. അടുത്ത മാസം മേടം മാവുക്കാട്ട് വീരന്റെ സമയം. മേടത്തില്‍ കെട്ടി ആടിക്കണം.
വിവേക് എഴുന്നേറ്റ് ദക്ഷിണ വെച്ച് തൊഴുതു മടങ്ങി.
വിവേക് നമ്പ്യാര്‍  നാട്ടിലെത്തിയതും കാര്യങ്ങള്‍ ചടപടാന്ന് സ്പീഡിലായി.
നാടൊട്ടുക്കും അനൗണ്‍സ്മെന്റ് ജീപ്പ് പറന്നു. എങ്ങും പരസ്യബോര്‍ഡുകളും ഫ്‌ലക്‌സും നിറഞ്ഞു. എല്ലാറ്റിലും ആര്‍.എസ്. നമ്പ്യാര്‍സ് പിക്കിള്‍സിന്റെ പരസ്യവും ചേര്‍ത്തിരുന്നു.
തെയ്യത്തിന്റെ ദിനമിറങ്ങിയ പത്രങ്ങളില്‍ മുഴുവന്‍ മാവുക്കാട്ട് വീരന്റെ ഫുള്‍ പേജ് പരസ്യവും വന്നു. അതില്‍ പുതിയ വീട്ടില്‍ ചിണ്ടന്‍ നമ്പ്യാര്‍ മാവുകാട്ട് വീരന്‍ തെയ്യം ആയി പുനര്‍ജനിച്ചതിന്റേയും നമ്പ്യാര്‍ മാങ്ങ ഉണ്ടായതിന്റേയും പുതിയ വീട്ടിലെ പറമ്പിലെ നമ്പ്യാര്‍ മാങ്ങകളുടെ അദ്ഭുത സിദ്ധികളുടേയും കഥകള്‍ ചിത്രങ്ങള്‍ അടക്കം വിസ്തരിച്ച് കൊടുത്തു.
തെയ്യം കെട്ടുന്ന പെരുവണ്ണാനും ആള്‍ക്കാരും രാവിലെ വന്ന് കുളിച്ച് തൊഴുത് ഒരുക്കങ്ങളിലേക്ക് കടന്നു.
ചെണ്ടക്കാര്‍ ഉച്ചകഴിയുമ്പോഴേയ്ക്കും എത്തി. വിവേക് നമ്പ്യാര്‍ ഇതിനിടയിലൂടെ മാവുക്കാട്ട് വീരന്‍ തെയ്യം കെട്ടി ആടുന്ന അനീഷ് പെരുവണ്ണാനെ സ്വകാര്യമായി കണ്ടു. രണ്ടായിരം രൂപ ചുരുട്ടി അദ്ദേഹത്തിന്റെ കയ്യിലേക്ക് വെച്ചു. ''തെയ്യം പരമാവധി ഉശാറാക്കണമെന്നും അമേരിക്കയില്‍നിന്നും മറ്റും കുറെ ചെങ്ങായിമാരും ബന്ധുക്കളും കാണാന്‍ ഉണ്ടാകും'' നമ്പ്യാര്‍ പറഞ്ഞു.
തെയ്യം നന്നായാല്‍ കോളും ഞാന്‍ ഉശാറാക്കും.
അനീഷ് പെരുവണ്ണാന്‍ വിവേക് നമ്പ്യാരുടെ മുന്നില്‍ ഭവ്യനായി. വിവേക്, അമേരിക്കയിലെ ജ്യോത്സ്യര്‍ പറഞ്ഞ മുഴുവന്‍ കഥയും വീണ്ടും പറഞ്ഞ് പെരുവണ്ണാനെ ഒന്നുകൂടി ഉഷാറാക്കി.
150 കോഴിയൊക്കെ അറുക്കുമ്പോഴേയ്ക്കും തന്നെ തെയ്യത്തിന്റെ ലെവല് മാറും. ആള്‍ക്കാരുടേയും. അനീഷ് പെരുവണ്ണാന്‍ വിവേക് നമ്പ്യാരുടെ കാല് തൊട്ട് വന്ദിച്ച് തെയ്യം കെട്ടാനായി അണിയലത്തിലേക്ക് നടന്നു.
സന്ധ്യ ആയതും മുറ്റവും പന്തലും ആള്‍ക്കാരെക്കൊണ്ട് നിറഞ്ഞു.
മാവുക്കാട്ട് വീരന്റെ തോറ്റം തുടങ്ങി.
ചിണ്ടന്‍ നമ്പ്യാരില്‍നിന്നും മാവുക്കാട്ട് വീരനിലേക്കുള്ള യാത്രയോടൊപ്പം ചെണ്ടമേളം ഉയരുകയും താഴുകയും ചെയ്തു.
വിവേക് നമ്പ്യാര്‍ തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തിലേക്ക് നോക്കവേ തോറ്റത്തിലേക്ക് മാത്രം നോക്കിയിരിക്കുന്ന ഒരു കറുത്ത രൂപം കണ്ടു.
കുളിച്ച് കുറിയൊക്കെ തൊട്ട്-ഉജ്വാല മുക്കിയ വെള്ള ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ച് ഒരാള്‍. അയാളുടെ ശരീരത്തിന്റെ കറുപ്പിനെ അയാള്‍ ധരിച്ച വെള്ളയും ചുറ്റും പടരുന്ന വെളിച്ചവും വീണ്ടും കറുപ്പിച്ചു.
വിവേകിന് എത്ര ആലോചിച്ചിട്ടും അയാള്‍ ആരാണെന്ന് മാത്രം ഓര്‍മ്മയിലേക്ക് വന്നില്ല.
കുറേ നേരത്തിനുശേഷം വിവേകിലേക്ക് അയാളുടെ പേര് വന്നു-'മരത്തന്‍'. വിവേക് അന്തം വിട്ടു.
മരത്തന് അധികം പ്രായം ആയില്ലെന്നും അതിലും അപ്പുറം മരത്തന് എല്ലാവരേയും പോലെ സാധാരണ കൈകാലുകള്‍ മാത്രമേ ഉള്ളുവെന്നും വിവേക് നമ്പ്യാര്‍ തിരിച്ചറിഞ്ഞു.
തോറ്റം കഴിയുമ്പോഴേയ്ക്കും ഇരുട്ട് കൂരാക്കൂരിരുട്ടിലേക്ക് മാറി മരത്തന്റെ വെള്ള മുണ്ടും ഷര്‍ട്ുടം മാത്രം അവശേഷിപ്പിച്ച് ശരീരം ആ ഇരുട്ടിലേയ്ക്ക് ലയിച്ചു.
ബലിക്കായി പലയിടത്തുനിന്നും കൊണ്ടുവന്ന കോഴികള്‍ മരണവെപ്രാളത്തോടെ നിലവിളിച്ചു തുടങ്ങി.
ഇരുന്ന ഇരുപ്പില്‍ ഉറങ്ങിപ്പോയ മരത്തനെ വിവേക് നമ്പ്യാര്‍ തട്ടി ഉണര്‍ത്തി.
മരത്തന്‍ ഞെട്ടി എഴുന്നേറ്റു.
വിവേക് നമ്പ്യാര്‍ മുന്നിലും മരത്തന്‍ പിന്നിലും ആയി നടന്നു.
അവര്‍ മാങ്ങ പറിച്ചും ഉണക്കിയും സൂക്ഷിക്കുന്ന ചായ്പിലെത്തി. ആ ഇരുട്ടിലും ചായ്പിലെ അയയില്‍ മരത്തന്റെ കറയും പശയും പുരണ്ട ലുങ്കിയും ബനിയനും തൂങ്ങി ആടുന്നത് വിവേക് തെളിഞ്ഞുകണ്ടു.
വിവേക് തന്റെ അരയില്‍ കരുതിയ ഗ്രിഗറീസ് ബ്ലേക്ക് മാജിക്കിന്റെ ഫുള്‍ ബോട്ടില്‍ മരബെഞ്ചിലേക്ക് എടുത്തുവെച്ചു.
ജോര്‍ജ് വില്ല്യംസിന്റെ മുന്നില്‍ 150 വര്‍ഷങ്ങള്‍ക്ക് അപ്പുറം പേടിയോടെ നിന്ന ഗ്രിഗറീസിന്റെ അതേ ആ ഭാവം ഈ നിമിഷവും ഗ്രിഗറീസിന്റെ കുപ്പിയിലെ ചിത്രത്തിനു പോലും ഉണ്ടെന്ന് വിവേക് നമ്പ്യാര്‍ക്ക് തോന്നി.
വിവേക് നമ്പ്യാര്‍ പെട്ടെന്ന് കുപ്പി തുറന്ന് ഒരു പെഗ്ഗ് കഴിച്ചു. ഒരു പെഗ്ഗ് മറ്റൊരു ഗ്ലാസ്സില്‍ മരത്തനും കൊടുത്തു.
മരത്തന്‍ വിവേകിന്റെ മുന്നില്‍ നില്‍ക്കാനും ഇരിക്കാനും പറ്റാതെ ഒറ്റക്കാലില്‍ എന്ന പോലെ ഒരു വശത്തേയ്ക്ക് തല ചെരിച്ച് ഒറ്റവലിക്ക് അത് അകത്താക്കി.
വിവേക് നമ്പ്യാര്‍ മരത്തന്റെ ചുമലില്‍ കൈവെച്ച് പറഞ്ഞു: ''ഈ വര്‍ഷം നമുക്ക് വിളവ് നന്നേ മോശമായിരുന്നു.''
''ഒക്കെ ശരിയാവും മോനേ. ഇതോടെ എല്ലാ ദോഷവും മാറില്ലേ.''
''എല്ലാം ശരിയാകണം. എല്ലാറ്റിലും മരത്തന്‍ എന്റെ കൂടെ നിക്കണം.''
വിവേക്, ഗ്രിഗറീസിന്റെ രണ്ടാമത്തെ പെഗ്ഗും മരത്തന് കൊടുത്തു.
''മോന്റെ ഒക്കെ ഈ ഒരു സ്‌നേഹം കാണുമ്പോഴാണ്. ജീവിതത്തില്‍ ആദ്യമായിട്ട് വല്ലാത്തൊരു സന്തോഷമൊക്കെ വരുന്നത്.'' മരത്തന്‍ ഇരുട്ടിലേക്ക് നോക്കി കണ്ണ് തുടച്ചു.
വിവേക് തന്റെ പേഴ്‌സില്‍നിന്നും അഞ്ഞൂറ് രൂപ എടുത്ത് മരത്തന്റെ പോക്കറ്റിലേക്ക് വെച്ചു. നല്ലൊരു ദിവസം അല്ലേ. ഇതു മരത്തന്റെ കയ്യില്‍ വെച്ചോ.
വിവേക് രണ്ടു ഗ്ലാസ്സിലേക്കും ഓരോ പെഗ്ഗ് കൂടി ഒഴിച്ചു.
ഗ്രിഗറി അപ്പോഴും വിവേകിനെ നോക്കി യാചനയോടെ കൈകള്‍ കൂപ്പി.
വിവേക് ഗ്രിഗറിയെ കാണാത്തവിധം കുപ്പി ഇരുട്ടിലേയ്ക്ക് തിരിച്ചുവെച്ചു. ഒറ്റവലിക്ക് ഗ്ലാസ്സ് തീര്‍ത്തു.
വിവേക് കുറച്ചും നേരത്തെ നിശ്ശബ്ദതയ്ക്കുശേഷം മരത്തനെ നോക്കി ഗൗരവത്തോടെ പറഞ്ഞു:
''തെയ്യം പുറപ്പെട്ടാല്‍ മരത്തന്‍ ഒരു കാര്യം ചെയ്യണം. ഈ വെള്ള മുണ്ടും ഷര്‍ട്ടുമൊക്കെ അഴിച്ചുവെച്ച് നമ്മുടെ ആ ആരും കേറാത്ത മാവിലൊന്ന് കേറണം. ഒരു മാങ്ങയെങ്കിലും പറിക്കണം. അതുകൂടി ഉണ്ടെങ്കിലെ ആചാരം പൂര്‍ത്തിയാകൂ. നമുക്ക് ഐശ്വര്യം വരൂ.''
വിവേക് ഗ്രിഗറിയില്‍നിന്നും ഒരു പെഗ്ഗ് കൂടി എടുത്ത് മരത്തന് കൊടുത്തു. മരത്തന്‍ ഇരുട്ടിലായിരുന്നു. ഇരുട്ടില്‍നിന്നുതന്നെ അതു കുടിച്ചു.
മരത്തന്‍ ഇരുട്ടിലൂടെ നടന്ന്, തന്റെ തൂവെള്ള ഷര്‍ട്ടും മുണ്ടും അഴിച്ച് ചായ്പിന്റെ മൂലയിലേയ്ക്ക് വലിച്ചെറിഞ്ഞു. ശേഷം തന്റെ ശരീരത്തിന്റെ തോലുപോലെ ഒട്ടിയ കറുത്ത ബനിയനും മുണ്ടും തിടുക്കത്തോടെ എടുത്തിട്ടു. ഒപ്പം രണ്ടു ഭാഗത്തേയ്ക്കും പറക്കുന്ന വവ്വാലിന്റെ ആ ചിറകുകളും.
അപ്പോഴേയ്ക്കും ഓലച്ചൂട്ടകളുടെ തീക്ഷ്ണ വെളിച്ചം ചായ്പിലേക്ക് പടര്‍ന്നുകയറിയിരുന്നു.
വിവേക് നമ്പ്യാര്‍ നോക്കിനില്‍ക്കേ. മരത്തനും മരത്തന്റെ നിഴലും ആ തീ വെളിച്ചത്തിലൂടെ പുറത്തേയ്ക്ക് നടന്നിരുന്നു.
വിവേക് അവസാനത്തെ പെഗ്ഗിനായി ഗ്രിഗറീസിന്റെ കുപ്പി വെളിച്ചത്തിലേക്ക് നീക്കിവെച്ചു.
കുപ്പിയിലെ ചിത്രത്തില്‍ ഗ്രിഗറി ഉണ്ടായിരുന്നില്ല.
വിവേക് പുറത്തെ വെളിച്ചത്തിലേക്ക് നോക്കി. മരത്തന്റെ നിഴല്‍ വല്ലാതെ അനങ്ങുന്നതായും തീരെ ഉറയ്ക്കാത്ത ആ കാലുകള്‍ നൃത്തം ചെയ്യുന്നതായും വിവേക് കണ്ടു.
വീണ്ടും വീണ്ടും നിഴലിലേയ്ക്ക് ആ നൃത്തം തന്നെ നോക്കി നില്‍ക്കവേ. പെട്ടെന്ന്
എവിടുന്നോ അതിവേഗതയില്‍ പറന്നുവന്ന ഒരു വവ്വാല്‍ വിവേകിന്റെ തലയ്ക്കു മുകളില്‍ വട്ടം കറങ്ങി, ചായ്പിന്റെ കഴുക്കോലിലേക്ക് തൂങ്ങിയാടി നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com