സാമുദായിക വികാരമില്ലാതെ ഒരു കോണിപ്പടിയും കയറാന്‍ ആവതുണ്ടാവില്ല, ഈ പാര്‍ട്ടിക്ക് 

മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ പേരില്‍ അലമുറയിടുകയും തെരുവിലിറങ്ങുകയും ചെയ്താല്‍ കോണ്‍ഗ്രസ്സുമായുള്ള ലീഗിന്റെ ചങ്ങാത്തം അവസാനിക്കുകയും കേരള മന്ത്രിസഭയില്‍നിന്നു ആ പാര്‍ട്ടി പുറത്തുപോകേണ്ട സ്ഥിതി സംജാതമ
സാമുദായിക വികാരമില്ലാതെ ഒരു കോണിപ്പടിയും കയറാന്‍ ആവതുണ്ടാവില്ല, ഈ പാര്‍ട്ടിക്ക് 

 ഫലിതം പൊട്ടിക്കുന്ന കാര്യത്തില്‍ വര്‍ത്തമാനകാല ലീഗ് നേതാക്കള്‍ ഒട്ടും മോശക്കാരല്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി പദത്തില്‍ അവരോധിക്കപ്പെട്ട പി.കെ. കുഞ്ഞാലിക്കുട്ടി ഫെബ്രവുരി 27-ന് സ്വവസതിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞതു നോക്കൂ: രാജ്യത്തു മതേതര കൂട്ടായ്മയുടെ പുതിയ വേദിയുണ്ടാക്കുകയാണ് ലീഗിന്റെ ലക്ഷ്യം എന്നത്രേ അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ആ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനു ദളിത്-ന്യൂനപക്ഷ നേതൃത്വങ്ങളുമായി മുസ്‌ലിം ലീഗ് ഒത്തുചേരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 
അമേരിക്കയുടെ പ്രസിഡന്റായി ജനുവരിയില്‍ അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപ് ഒരു പുതിയ സോഷ്യലിസ്റ്റ് സഖ്യമുണ്ടാക്കുകയാണ് തന്റെയും തന്റെ പാര്‍ട്ടിയുടെയും ലക്ഷ്യമെന്നു പറഞ്ഞാല്‍ എങ്ങനെയിരിക്കും?  നെതര്‍ലന്‍ഡ്‌സില്‍ മാര്‍ച്ച് 15-ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച അതിവലതുപക്ഷ, തീവ്രദേശീയ പാര്‍ട്ടിയുടെ നേതാവായ ഗീര്‍റ്റ് വില്‍ഡേഴ്‌സ് തന്റെ പാര്‍ട്ടി ഉന്നമിടുന്നതു കുടിയേറ്റാനുകൂലവും ബഹുസ്വരാധിഷ്ഠിതവുമായ ഭരണമാണെന്നു അവകാശപ്പെട്ടാല്‍ കേള്‍വിക്കാര്‍ക്ക് എന്താണ് തോന്നുക? കപടത നിറഞ്ഞുനില്‍ക്കുന്ന ഒന്നാന്തരം വീണ്‍വാക്ക് എന്നുതന്നെ. കുഞ്ഞാലിക്കുട്ടിയുടെ നാവില്‍നിന്നുതിര്‍ന്ന മതേതര കൂട്ടായ്മ എന്ന പ്രയോഗം ശ്രോതാക്കളില്‍ ഉളവാക്കുന്ന പ്രതികരണവും മറ്റൊന്നാവില്ല. 
മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ ഏറ്റവും ചുരുങ്ങിയത് ആ പദത്തിന്റെ അര്‍ത്ഥകല്‍പ്പന എന്തെന്നു അരനിമിഷമെങ്കിലും ആലോചിക്കേണ്ടതല്ലേ? മതവികാരത്തിന്റേയോ സമുദായവികാരത്തിന്റേയോ പിന്‍ബലമൊട്ടുമില്ലാതെ നീണ്ടുനിവര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന പാര്‍ട്ടിയേ മതേതര പാര്‍ട്ടിയാകൂ. ഇസ്‌ലാം മതവികാരവും മുസ്‌ലിം സാമുദായിക വികാരവും മാറ്റിനിര്‍ത്തിയാല്‍ എന്താകും ലീഗിന്റെ അവസ്ഥ? ആ രണ്ടു ഘടകങ്ങളുമില്ലെങ്കില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് തല്‍ക്ഷണം കമിഴ്ന്നടിച്ചു വീഴും. പിന്നെ ഒരു കോണിപ്പടിയും കയറാന്‍ ആ പാര്‍ട്ടിക്ക് ആവതുണ്ടാകില്ല. 
മത-സമുദായ വികാരങ്ങള്‍ മാത്രമാണ് മുസ്‌ലിം ലീഗിനു മജ്ജയും മാംസവും നല്‍കുന്നതെന്നു കേള്‍ക്കുന്ന മാത്രയില്‍ അപ്പുറത്തുനിന്നു പുറപ്പെടുന്ന മറുപടി ഇങ്ങനെയാവും: ''ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ സംയമനം പാലിച്ച പാര്‍ട്ടിയാണ് ലീഗ്, ആ പാര്‍ട്ടിയുടെ മൂലധനം മത-സമുദായ വികാരങ്ങളാണെന്നു വിലയിരുത്തുന്നതിനേക്കാള്‍ വലിയ പാതകം മറ്റെന്തുണ്ട്?'
ശരിയാണ്. 1992 ഡിസംബറില്‍ ഹിന്ദുത്വശക്തികള്‍ ബാബറി മസ്ജിദ് നിലംപരിചാക്കിയ നാളുകളില്‍ ജമാഅത്തെ ഇസ്‌ലാമി, സിമി, മഅ്ദനിയുടെ ഐ.എസ്.എസ്, മജ്‌ലിസെ, ഇത്തിഹാദുല്‍, മുസ്‌ലിമീന്‍ തുടങ്ങിയ  സംഘടനകളെല്ലാം ഉറഞ്ഞുതുള്ളിയപ്പോള്‍ മുസ്‌ലിം ലീഗ് മിതത്വം പാലിച്ചിട്ടുണ്ട്. അതിനു പക്ഷേ, പ്രത്യേക കാരണമുണ്ടായിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സും കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ലീഗ് കൂടി ഉള്‍പ്പെട്ട യു.ഡി.എഫും അധികാരത്തിലിരിക്കെയാണ് മസ്ജിദ് തകര്‍ക്കപ്പെടുന്നത്. ആ സംഭവത്തിന്റെ പേരില്‍ അലമുറയിടുകയും തെരുവിലിറങ്ങുകയും ചെയ്താല്‍ കോണ്‍ഗ്രസ്സുമായുള്ള ലീഗിന്റെ ചങ്ങാത്തം അവസാനിക്കുകയും കേരള മന്ത്രിസഭയില്‍നിന്നു ആ പാര്‍ട്ടി പുറത്തുപോകേണ്ട സ്ഥിതി സംജാതമാവുകയും ചെയ്യുമായിരുന്നു. 
അധികാരം കൈവിട്ടുള്ള കളി വേണ്ടെന്നു സുലൈമാന്‍ സേട്ട് ഒഴികെയുള്ള അന്നത്തെ ലീഗ് നേതൃത്വം തീരുമാനിച്ചതിന്റെ ഫലശ്രുതിയായിരുന്നു മസ്ജിദ് നശീകരണവേളയില്‍ ലീഗ് സ്വീകരിച്ച സംയമന നയം. നേരേമറിച്ച്, ആ കാലയളവില്‍ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്നില്ലെങ്കില്‍, ബാബറി വികാരം കത്തിജ്വലിപ്പിക്കുന്നതില്‍ മുന്‍നിരയിലുണ്ടാവുക ലീഗാവുമായിരുന്നു എന്നതു തര്‍ക്കമറ്റ വസ്തുതയാണ്. സേട്ടിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പുതിയ പാര്‍ട്ടിയുടെ പിറവി ഒഴിവാക്കപ്പെടുകയും ചെയ്യുമായിരുന്നു. 
ഐ.യു.എം.എല്ലിന്റെ പുതിയ ദേശീയ സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തില്‍ മതേതരത്വ പ്രണയത്തിനു പുറമെ ദളിത് പ്രേമവും കവിഞ്ഞൊഴുകുന്നുണ്ട്്. ഏതാനും വര്‍ഷങ്ങളായി മുസ്‌ലിം വര്‍ഗ്ഗീയ പാര്‍ട്ടികളെല്ലാം അവയുടെ ളോഹയില്‍ എടുത്തണിയുന്ന ബാഡ്ജാണ് ദളിത് പ്രേമം. ജമാഅത്തെ ഇസ്‌ലാമിയുടെ എന്‍.ഡി.എഫ് എന്ന പോപ്പുലര്‍ ഫ്രന്റുമൊക്കെ ആ ബാഡ്ജ് കുപ്പായത്തില്‍ തുന്നിപ്പിടിപ്പിച്ചിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ കോട്ടിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നു ആ മുദ്ര. ദളിതരേയും കൂടെക്കൂട്ടിയാണത്രേ ലീഗ് മതേതര കൂട്ടായ്മയുടെ നവവേദിയുണ്ടാക്കാന്‍ പോകുന്നത്. 
മുകളില്‍ കുറിച്ച ഏറ്റവും ഒടുവിലിത്തെ വരി വായിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിയെപ്പോലുള്ളവര്‍ ഇങ്ങനെ വിളിച്ചുപറയുമെന്ന് ഉറപ്പ്: ''ലീഗിന്റെ ദളിത് സ്‌നേഹം പുതിയ കാര്യമല്ല. പണ്ടേ ഞങ്ങള്‍ ദളിതരെ സ്‌നേഹിച്ചുപോന്നിട്ടുണ്ട്. കെ.പി. രാമന്‍, യു.സി. രാമന്‍ തുടങ്ങിയവരെ എം.എല്‍.എ പദവിയിലെത്തിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്.'
ശരിയാണ്. ലീഗിനു ലഭിക്കുന്ന സംവരണ സീറ്റില്‍ മത്സരിപ്പിക്കാന്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ചിലരെ ആ പാര്‍ട്ടി 'അക്കമൊഡെയ്റ്റ്' ചെയ്തിട്ടുണ്ട്. പക്ഷേ, ചില ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുന്നു. മുസ്‌ലിം ലീഗ് അതിന്റെ ഇത:പര്യന്തമുള്ള ചരിത്രത്തില്‍ എന്നെങ്കിലും പ്രസിഡന്റും സെക്രട്ടറിയും പോയിട്ട് ഒരു ദളിതനെ ജില്ലാക്കമ്മിറ്റിയുടെയെങ്കിലും വൈസ് പ്രസിഡന്റോ ജോയിന്റ് സെക്രട്ടറിയോ ആക്കിയിട്ടുണ്ടോ? പാര്‍ട്ടിയുടെ ഹൈപ്പവര്‍ കമ്മിറ്റിയിലോ ലോ പവര്‍ കമ്മിറ്റിയിലോ വല്ല പ്രാതിനിധ്യവും ദളിത് വിഭാഗത്തില്‍പ്പെട്ട വല്ലവര്‍ക്കും ഇന്നേവരെ നല്‍കിയിട്ടുണ്ടോ? വിദ്യാഭ്യാസ-തൊഴില്‍ തുറകളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ദളിത് സംവരണത്തെ അനുകൂലിക്കുന്ന പാര്‍ട്ടി സ്വന്തം നിയന്ത്രണത്തിലുള്ള വല്ല സ്ഥാപനങ്ങളിലും ദളിതര്‍ക്കു സംവരണമേര്‍പ്പെടുത്തിയിട്ടുണ്ടോ? പാര്‍ട്ടിപ്പത്രമായ 'ചന്ദ്രിക'യില്‍ എത്ര ദളിത് സമുദായാംഗങ്ങള്‍ക്കു തൊഴില്‍ നല്‍കിയിട്ടുണ്ട് കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടി? ലീഗുകാര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ എത്ര ദളിതരുണ്ട് അദ്ധ്യാപക-അനദ്ധ്യാപക തസ്തികകളില്‍?
ദളിത് സ്‌നേഹത്തില്‍ ലീഗിന്റെ മാത്രം അവസ്ഥയല്ല ഇത്. പത്തിരുപതു വര്‍ഷമായി ദളിത് ക്ഷേമവിഷയത്തില്‍ ലോഭമൊട്ടുമില്ലാതെ അധരസേവ നടത്തിവരുന്ന ജമാഅത്തെ ഇസ്‌ലാമി പോലുള്ള മുസ്‌ലിം മതമൗലിക കക്ഷികളുടെ സ്ഥിതിയും ഇതുതന്നെയാണ്. ജമാഅത്തിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പത്രമാസികകളിലോ ചാനലിലോ ആ കക്ഷി എത്ര ദളിതസമുദായാംഗങ്ങള്‍ക്കു ജോലി നല്‍കിയിട്ടുണ്ട് എന്നു പരിശോധിക്കുമ്പോഴാണ് മൗദൂദിസ്റ്റുകളുടെ ദളിത് സ്‌നേഹത്തിന്റെ തനിനിറം പുറത്തുവരിക. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ജമാഅത്ത് അനുഭാവികളായ മുസ്‌ലിങ്ങളെ ലഭിച്ചില്ലെങ്കില്‍ മാത്രം അപരസമുദായക്കാരെ പരിഗണിക്കുന്ന ആ സംഘടന സ്വന്തം സ്ഥാപനങ്ങളില്‍ ദളിതരെ പ്രവേശിപ്പിക്കുന്നതില്‍ എക്കാലത്തും വൈമുഖ്യം കാട്ടിപ്പോന്ന ചരിത്രമാണുള്ളത്.
ജമാഅത്തില്‍നിന്നു നമുക്ക് ലീഗിലേക്കു തിരിച്ചുപോവുക, മതേതര കൂട്ടായ്മയെക്കുറിച്ചു വാചാലനാകുന്ന ദേശീയ സെക്രട്ടറി നയിക്കുന്ന ലീഗില്‍ ജനസംഖ്യയുടെ പാതിവരുന്ന സ്ര്തീകളുടെ സ്ഥാനമെന്താണ്? വനിതാ ലീഗ് എന്ന പേരില്‍ ഒരു പെണ്‍സംഘടന ലീഗിനുണ്ടെന്നതു ശരിതന്നെ. പക്ഷേ, കഴിഞ്ഞ ഏഴു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇന്നേവരെ ഒരു സ്ര്തീയെപ്പോലും നിയമസഭയിലേക്കോ ലോകസഭയിലേക്കോ മത്സരിപ്പിക്കാന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് മുന്നോട്ടു വന്നിട്ടില്ലെന്ന ഇരുണ്ട യാഥാര്‍ത്ഥ്യം കാണാതിരുന്നുകൂടാ. ഖമറുന്നിസമാരും നൂര്‍ബിനമാരും മറിയുമ്മമാരും കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നതു മാത്രം മിച്ചം. ഇപ്പോള്‍ ഇ. അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്നു ഒഴിവുവന്ന മലപ്പുറം ലോകസഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന്റെ മകള്‍ ഡോ. ഫൗസിയ ഷെര്‍സാദ് ആഗ്രഹം പ്രകടിപ്പിച്ചിട്ടും നേതൃത്വം വഴങ്ങിയില്ല. സീറ്റ് കുഞ്ഞാലിക്കുട്ടി റാഞ്ചി. ഇനി വേങ്ങരയില്‍ വല്ല മജീദുമാരുമാകും സീറ്റ് കൊത്തിയെടുക്കുക. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മെയ്ല്‍ മുസ്‌ലിം ലീഗ് (Indian Union Male Muslim League) ആണെന്ന സത്യം ആ പാര്‍ട്ടിക്കു വോട്ട് ചെയ്യുന്ന പെണ്ണുങ്ങള്‍ തിരിച്ചറിയേണ്ട കാലം വൈകി. 
തന്റെ ഉപര്യുക്ത പത്രസമ്മേളനത്തില്‍, എന്തിനാണ് മുസ്‌ലിം ലീഗ് പുതിയ മതേതര കൂട്ടായ്മയുണ്ടാക്കുന്നതെന്നു കുഞ്ഞാലിക്കുട്ടി വിശദീകരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യയ്ക്കു വേണ്ടി വാദിക്കുന്ന പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വര്‍ഗ്ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നുവെന്നും അതിന്റെ പ്രതിരോധമാണ് ലീഗുണ്ടാക്കുന്ന മതേതര കൂട്ടായ്മയുടെ ലക്ഷ്യമെന്നുമാണ് വിശദീകരണം. ലക്ഷ്യം മഹത്തരം തന്നെ. പക്ഷേ, മാര്‍ഗ്ഗമോ? ബി.ജെ.പിയുടെ വര്‍ഗ്ഗീയതയെ ചെറുക്കാനുള്ള മാര്‍ഗ്ഗം വര്‍ഗ്ഗീയതയില്‍ ജനിച്ചു വര്‍ഗ്ഗീയതയില്‍ ജീവിക്കുന്ന ഒരു പാര്‍ട്ടിയുടെ കാര്‍മ്മികത്വത്തില്‍ രൂപപ്പെടുന്ന 'മതേതര കൂട്ടായ്മ'യാണോ? തലയില്‍ വെളിച്ചത്തിന്റെ ഒരു കീറെങ്കിലും ബാക്കിയുള്ളവരാരും വര്‍ഗ്ഗീയതയെ തടയാന്‍ മറ്റൊരു വര്‍ഗ്ഗീയതയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയ്ക്കു കഴിയുമെന്നു കരുതുകയില്ല.  
മുസ്‌ലിം ലീഗിനു മാത്രമല്ല, മുസ്‌ലിം സമുദായത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു വര്‍ഗ്ഗീയ കക്ഷികള്‍ക്കും ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രതിരോധിക്കണമെന്നുണ്ടെങ്കില്‍ അവര്‍ ആദ്യം ചെയ്യേണ്ടത് തങ്ങളുടെ പാര്‍ട്ടികള്‍ പിരിച്ചുവിടുകയാണ്. നാട്ടിലെ ഏതെങ്കിലും മതേതര പാര്‍ട്ടികളുടെ ഭാഗമാകാന്‍ അവര്‍ക്കു കഴിയണം. ന്യൂനപക്ഷ വര്‍ഗ്ഗീയതയുള്ളിടത്തു ഭൂരിപക്ഷ വര്‍ഗ്ഗീയത ശമിപ്പിക്കുക സാധ്യമല്ല. സ്വന്തം വര്‍ഗ്ഗീയത നിലനിര്‍ത്തി അപരരുടെ വര്‍ഗ്ഗീയത ഇല്ലാതാക്കിക്കളയാം എന്നതു വ്യാമോഹം മാത്രമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com