അതിരപ്പിള്ളിയും മതികെട്ടാനും മുതല്‍ മൂന്നാര്‍ വരെ

അതിരപ്പിള്ളി പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയും മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്ന കാലത്ത് പഠിക്കേണ്ടതാണ്, കാട് എന്താണെന്നും അത് എന്തിനു വേണ്ടി കാ
അതിരപ്പിള്ളിയും മതികെട്ടാനും മുതല്‍ മൂന്നാര്‍ വരെ

(അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൃത്യമായ ഇടവേളകളില്‍ എന്നോണം സജീവമാവുകയും മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്ന കാലത്ത് പഠിക്കേണ്ടതാണ്, കാട് എന്താണെന്നും അത് എന്തിനു വേണ്ടി കാത്തു വയ്ക്കണമെന്നും. മതികെട്ടാന്‍ വനകൈയേറ്റ കാലത്ത് പ്രൊഫ. എംകെ പ്രസാദ് എഴുതിയ തകരുന്ന ഇക്കോവ്യൂഹം എന്ന ഈ ലേഖനം അതിലേക്കൊരു ചുവടുവയ്പാണ്.)
 

എത്ര പുതിയ നിയമങ്ങള്‍ നമ്മളുണ്ടാക്കി? എത്രയെത്ര പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ നാം കണ്ടു? എത്രയെത്ര കയ്യേറ്റങ്ങളുടെ കഥകള്‍ നാം വായിച്ചു? എത്രയെത്ര ലോകദിനങ്ങള്‍ നാം ആചരിച്ചു? ലോകജലദിനം, ലോകവനദിനം, ലോകഭൂമിദിനം; ലോക പരിസരദിനം, ലോക ശാശ്വതവികസന സമ്മിറ്റ്-അങ്ങനെ എത്രയെത്ര ബോധവല്‍ക്കരണ പരിപാടികള്‍! എല്ലാറ്റിലും കാടിന് ഒരു സ്ഥാനമുണ്ട്. ഇന്ത്യ മുഴുവന്‍ സ്‌കൂളുകളില്‍ കഴിഞ്ഞ കൊല്ലം സര്‍ക്കാര്‍ നേതൃത്വത്തില്‍ ആരംഭിച്ച ഇക്കോ ക്‌ളബ്ബുകളുടേയും പ്രധാന വിഷയം കാട് സംരക്ഷണം തന്നെ. 
എന്താണിപ്പോള്‍ മതികെട്ടാന്‍ വനത്തെപ്പറ്റി പറയാന്‍ കാരണമെന്നല്ലേ? ഇതൊരു ചോലവനമാണെന്നതാണ് കാരണം. ഇംഗ്‌ളീഷില്‍ ഷോല  (shola) എന്നതാണ് നമ്മുടെ ചോലവനം. മതികെട്ടാന്‍ചോല, ചോലവനമാണോ എന്നറിയാന്‍ ഞാന്‍ കുറേ ശ്രമിച്ചു. അതു ഷോലയല്ല, വെറും നിത്യഹരിത വനമാണ്. എന്നാലും നശിപ്പിക്കാതെ പരിരക്ഷിക്കപ്പെടേണ്ടതാണ് എന്ന ഒരു ഉപദേശം കിട്ടി. വനശാസ്ത്രജ്ഞന്മാര്‍ പറയുന്നത് 1000-1500 മീറ്റര്‍ ഉയരമുള്ള മലകളുടെ ഇടുക്കുകളില്‍ വര്‍ത്തിക്കുന്ന നിത്യഹരിതവനങ്ങളെയാണ് ഷോല/ചോലവനങ്ങളെന്നാണ്. അവയ്ക്കു ചില പ്രത്യേകതകളുണ്ട്. ജി.എസ്. പുരി, മെഹ്ര്‍ ഹോംജി മുതലായവര്‍ എഴുതിയ പുസ്തകത്തില്‍  (Forest Ecology Vol.I 1983)  ഷോല-മോണ്‍ടേണ്‍ ഫോറസ്റ്റ് എന്നാണ് പ്രയോഗം. ഇതു നിത്യഹരിത വനങ്ങളില്‍പ്പെട്ടതാണെന്നും. മലമടക്കുകളിലും മലയിടുക്കുകളിലും കാണുന്നു. ചുറ്റും പുല്‍മേടുകള്‍, 1000-1500 മില്ലിമീറ്റര്‍ മഴ കിട്ടുന്ന പ്രദേശം. മരങ്ങള്‍ കുള്ളന്മാരാണ്. പരമാവധി ഉയരം 25 മീറ്ററില്‍ താഴെ. തടിയിലും കൊമ്പുകളിലും മോസ്, ലൈക്കന്‍, പന്നച്ചെടികള്‍, ഓര്‍ക്കിഡുകള്‍ എന്നിവ പൊതിഞ്ഞിരിക്കുന്നു. എന്നാല്‍, യഥാര്‍ത്ഥ മഴക്കാടുകളില്‍ കാണുന്ന തട്ടുകള്‍ ഇതിലില്ല. മരങ്ങളുടെ തലപ്പുകള്‍ ഉരുണ്ട ആകൃതിയില്‍, ഇലകള്‍ ചെറുതും തുകല്‍പോലെ കട്ടിയുള്ളതും. കാടിന്റെ തറയില്‍ ഔഷധികളും കുറ്റിച്ചെടികളും നിറഞ്ഞിരിക്കും. ഈ ചോലവനങ്ങള്‍ക്കു പ്രകൃതിയിലെ ജലചക്രനിയന്ത്രണത്തില്‍ വലിയ പങ്കുണ്ട്. വനമണ്ണില്‍ ഈര്‍പ്പം എന്നും നിലനില്‍ക്കും. കാട്ടിനുള്ളില്‍ തണുപ്പായിരിക്കും. പൂജ്യം ഡിഗ്രി സെന്റിഗ്രേഡ് മുതല്‍ -9 ഡിഗ്രി സെന്റിഗ്രേഡ് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സസ്യ-ജന്തുവൈവിധ്യം പ്രത്യേതയാണ്.

പശ്ചിമഘട്ട പ്രദേശത്തെ മുഴുവന്‍ അറിയുന്ന ഡോ. സതീഷ് പറയുന്നതു മതികെട്ടാന്‍ ചോല കാര്‍ഡമം ഹില്‍ റിസര്‍വ്വിന്റെ ഇന്നവശേഷിക്കുന്ന അവസാനത്തെ തുണ്ടാണെന്നാണ്. മലമടക്കുകളിലല്ല, കുന്നിന്റെ മുകളിലുള്ള ലംബമായി അമര്‍ത്തപ്പെട്ട ഒരു നിത്യഹരിതവനമാണിതത്രെ. മരങ്ങള്‍ക്കു പൊക്കം കുറവാണ്. കാറ്റിന്റെ ഫലമാണിത്. തടികളും കൊമ്പുചില്ലകളും ചെറുസസ്യങ്ങളെക്കൊണ്ട് ആവൃതമാണ്. കാടിനു തട്ടുകളില്ല. സസ്യസമൂഹത്തിന്റെ ഘടന ചോലവനത്തിന്റേതുതന്നെ. കുന്നിന്‍ചെരിവുകളിലെ ജലലഭ്യതയെ ഈ കാടാണ് നിയന്ത്രിക്കുന്നത്. ഇവിടം വെട്ടിവെളുപ്പിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് ഡോ. സതീശിന്റെ അഭിപ്രായം. ഭൂമിയിലെ ഏറ്റവും സമ്പന്നവും സങ്കീര്‍ണ്ണവുമായ ജൈവസമൂഹമാണ് നിത്യഹരിത വനം. അക്കൂട്ടത്തില്‍പ്പെട്ട ഒരു ഇക്കോവ്യൂഹമാണ് മതികെട്ടാന്‍ ചോലയും. അതിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. ഇതിനോടൊപ്പം നശിക്കാന്‍ പോകുന്നതാണ് മന്നവന്‍ചോലയും.
മഴക്കാടുകള്‍ എന്നറിയപ്പെടുന്ന നിത്യഹരിതവനങ്ങളുടെ പ്രാധാന്യം നിര്‍ണ്ണയിക്കപ്പെടുന്നത് അവയില്‍നിന്നുള്ള മുതലെടുപ്പു നോക്കിയാവരുത്. താഴ്‌വരകളുടേയും സമതലപ്രദേശങ്ങളുടേയും നിലനില്‍പ്പ് മഴക്കാടുകളുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. കാലവര്‍ഷ കാര്‍മേഘങ്ങള്‍ സഹ്യാദ്രിയുടെ മുകളിലെത്തിയാല്‍ പെട്ടെന്നു തണുത്തു മഴയായി വീഴുന്നു. ഇങ്ങനെ അവ തണുക്കാന്‍ വേണ്ട ഈര്‍പ്പവും താഴ്ന്ന താപനിലയും നിലനിര്‍ത്തുന്നതു മഴക്കാടുകളാണ്. ലക്ഷക്കണക്കിനു ചതുരശ്ര കിലോമീറ്റര്‍ വിസ്താരം വരുന്ന, തട്ടുകളായുള്ള, വൃക്ഷവിതാനത്തിലെ പത്രപ്രതലത്തില്‍നിന്നു പുറപ്പെടുന്ന സ്വേദനജലമാണീ ഈര്‍പ്പത്തിന്റെ രഹസ്യം. സ്വന്തം നിലനില്‍പ്പിന് ഏറ്റവുമധികം വര്‍ഷപാതം വേണ്ട മഴക്കാടുകള്‍ ഏറ്റവും കൂടിയ മഴയ്ക്കു കാരണമാകുന്നു. വനനശീകരണവും അശാസ്ത്രീയ വനപരിപാലനവും നമ്മുടെ നാട്ടിലെ വര്‍ഷപാത-ആവര്‍ത്തനരൂപത്തെ മാറ്റിയിരിക്കുന്നു. നിത്യഹരിതവനത്തില്‍നിന്നുള്ള വാര്‍ഷികാദായം കൂട്ടാനുള്ള വ്യഗ്രതയില്‍ വനം വകുപ്പുകാര്‍ പുതിയ ഒരു ഉപയോഗവും പുതിയ തടിയിറക്കല്‍ പ്രയോഗങ്ങളും കണ്ടെത്തി (സര്‍ക്കാര്‍ തടിവെട്ടുന്നില്ല, വീണതും വീണ് അയല്‍ജീവികള്‍ക്കു നാശമുണ്ടാക്കാനിടയുള്ളവയുമായ മരങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യലാണ് പുതിയ വിദ്യ). പാട്ടാദായം വര്‍ദ്ധിപ്പിക്കാന്‍ റിസര്‍വ്വ് വനങ്ങളില്‍ ഏലക്കൃഷി അനുവദിച്ചു. ഏലക്കൃഷി മഴക്കാടിന്റെ സ്വഭാവം മാറ്റിമറിക്കുമെന്ന് അറിയാതെയല്ല. ഒരിക്കല്‍ നശിച്ചാല്‍പ്പിന്നെ മഴക്കാടുകള്‍ക്കു പുനര്‍ജീവനമില്ല. പോയാല്‍ പോയതുതന്നെ. 
വര്‍ഷപാതം സംരക്ഷിക്കുന്നതിനു പുറമെ മണ്ണൊലിപ്പും വെള്ളപ്പൊക്കവും നിയന്ത്രിക്കുന്നതും കാടുകളാണ്. തീരക്കടലിലെ മത്സ്യസമ്പത്തിന്റെ നിലനില്‍പ്പുപോലും വനങ്ങളെ ആശ്രയിക്കുന്നു എന്നതാണ് സത്യം. ഒരു ജൈവിക കലവറയെന്ന നിലയിലും മഴക്കാടുകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഭൂമുഖത്ത് ഒരേ സ്ഥാനത്ത് മൊത്തം അളവിലും വൈവിധ്യത്തിലും ഏറ്റവുമധികം ജീവവസ്തു നിലനില്‍ക്കുന്നതു മഴക്കാട്ടിലാണ്. ലോകത്താകെയുള്ള സസ്യങ്ങളില്‍ 10 ശതമാനം സ്പീഷീസും ഇന്‍ഡോ-മലയന്‍ മഴക്കാടുകളിലാണ്. ഈ വനങ്ങളിലെ സസ്യജനസ്സുകളില്‍ 49 ശതമാനവും ലോകത്തു മറ്റൊരിടത്തും ഇല്ലാത്തതാണ്. ജന്തുക്കളെ സംബന്ധിച്ചും ഇതു ബാധകമാണ്. 
മഴക്കാടുകളെ സംബന്ധിച്ച ഒരു പ്രത്യേകത, കാട്ടിലെ മണ്ണില്‍ പോഷകങ്ങള്‍ വളരെ കുറവാണെന്നതാണ്. പോഷകങ്ങള്‍ മണ്ണില്‍ വെറും 10 ശതമാനമാണെങ്കില്‍ ബാക്കി മുഴുവനും സസ്യശരീരങ്ങളിലാണ്. മരങ്ങള്‍ പോയാല്‍ തീര്‍ന്നു മണ്ണിന്റെ ഗുണമെല്ലാം. കാടുകേറി കൃഷിചെയ്യുന്നവര്‍ അറിയാത്ത രഹസ്യം ഇതാണുതാനും. മഴക്കാടിന്റെ മറ്റൊരു പ്രത്യേകത ജീവജാലങ്ങളുടൊ മത്സരാധിഷ്ഠിത ജീവിത രീതിയാണ്. വൈവിധ്യമാര്‍ന്ന സാഹചര്യ പ്രേരണകളേയും മറ്റ് ഇല്ലായ്മകളേയും അതിജീവിക്കുന്ന മഴക്കാടു ജീവികള്‍ക്ക് അതിനുള്ളതെല്ലാമുണ്ട്. ജീവികള്‍ തമ്മിലുള്ള ബന്ധമാണിതിനു സഹായം. പ്രകൃതിയിലെ അക്രമികളെ അകറ്റാന്‍ കഴിവ് മഴക്കാടിനുണ്ട്. കളകള്‍ മഴക്കാടില്‍ വളരില്ല. പക്ഷേ, കാടുതെളിച്ചാല്‍ വളരും. കുമിള്‍ രോഗമോ പുഴുശല്യമോ മഴക്കാടന്‍ ചെടികളെ ശല്യം ചെയ്യില്ല. 
ജൈവവൈവിധ്യമാണ് കാടിന്റെ പ്രത്യേകതയെന്നു മുന്‍പു സൂചിപ്പിച്ചുവല്ലോ? സ്വാഭാവിക വനങ്ങളിലെ വിവിധ സസ്യ-ജന്തുസമ്പത്തിനെപ്പറ്റിയുള്ള സമഗ്രമായ പഠനം മൂലം അറിവായിട്ടുള്ള ചില വസ്തുതകള്‍ നോക്കൂ. പുതിയ ധാന്യങ്ങള്‍, ഫലമൂലാദികള്‍, പച്ചക്കറികള്‍, പുതിയ ആഹാരസസ്യങ്ങള്‍, പുതിയ ഔഷധ സസ്യങ്ങള്‍, പുതിയതരം പശകള്‍, മരക്കറകള്‍, സുഗന്ധദ്രവ്യങ്ങള്‍, കീടനാശിനികള്‍, വര്‍ണ്ണപദാര്‍ത്ഥങ്ങള്‍. നമ്മുടെ കാര്‍ഷികവിളകളുടെ പ്രാകൃത ചാര്‍ച്ചക്കാരായ പല കാട്ടുചെടികളും പ്രാധാന്യമര്‍ഹിക്കുന്നു. ഈ വിഭവങ്ങളെ നാം ഉപയോഗിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. ഇന്നും നാം ഉപയോഗിച്ചുവരുന്ന ഇന്ധനം തീരുകയോ സാധാരണ ഭക്ഷ്യധാന്യങ്ങള്‍ക്ക് ഓര്‍ക്കാപ്പുറത്തു ശോഷണം വരികയോ ചെയ്താല്‍ തീര്‍ച്ചയായും നാം കാട്ടുചെടികളിലേയ്ക്കു തിരിയാതിരിക്കില്ല.
ലോക മുഴുവന്‍ ഭയപ്പെടുന്ന ഭൗമതാപനം നിയന്ത്രിക്കാനും കാടുകള്‍ക്ക് കഴിയുമെന്നോര്‍ക്കണം. അന്തരീക്ഷ വായുവിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുക വഴി ആ വാതകത്തിന്റെ അന്തരീക്ഷ സാന്ദ്രത കൂടാതെ നോക്കുന്നു കാടുകള്‍. കണക്കില്‍ക്കവിഞ്ഞ ഈ വാതകത്തിന്റെ സാന്ദ്രത കുറക്കാന്‍ വനവല്‍ക്കരണമാണ് ഒരു മാര്‍ഗം. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനു പുറമേ മറ്റു പല മലിനീകരണകാരികളായ വാതകങ്ങളേയും ഖരപദാര്‍ത്ഥങ്ങളേയും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നുണ്ട് വനങ്ങള്‍. പുക, പുകക്കറ, പൊടി എന്നിവയെ അരിച്ചുമാറ്റാന്‍ കാടിനു കഴിവുണ്ട്.
മനുഷ്യന്റെ നിലനില്‍പ്പിനു കാരണമായ കാടിന്റെ നിലനില്‍പ്പ് അവന്റെ ദയാദാക്ഷിണ്യത്തിലാണിന്ന്. എന്നാല്‍, ഈ ജൈവമണ്ഡലത്തിന്റെ നിലനില്‍പ്പില്‍ അവന്റെ പ്രസക്തിയെന്തെന്നു മനുഷ്യന്‍ അറിയുന്നില്ല. പക്ഷേ, ഇനി അറിഞ്ഞേ പറ്റൂ. ആദിവാസികളെ കുടിയിരുത്താനായാലും വനേതര പദ്ധതി പ്രവര്‍ത്തനത്തിനായാലും കാട് എന്ന ഇക്കോവ്യൂഹത്തിനെ അവയെങ്ങനെ ബാധിക്കുമെന്നു കൃത്യമായി അറിയാന്‍ ശ്രമിക്കേണ്ടതാണ് ഇന്നിന്റെ ആവശ്യം. ഇനിയുള്ള കാടെങ്കിലും നമുക്കു നിലനിര്‍ത്തുക.

(2002ല്‍ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com