ഇന്ദ്രപ്രസ്ഥത്തില്‍ പടര്‍ന്ന തീജ്വാലകള്‍

ഉരുക്കുവനിതയെന്നറിയപ്പെട്ട ഇന്ദിരാഗാന്ധിയുടെ വധവും സിഖ് കൂട്ടക്കൊലയും ഉള്ളിലുണര്‍ത്തിയ നടുക്കം വാക്കുകളില്‍ പുനരാവിഷ്‌കരിക്കകയാണ് ലേഖകന്‍
ഇന്ദ്രപ്രസ്ഥത്തില്‍ പടര്‍ന്ന തീജ്വാലകള്‍

                    
ഉരുക്കുവനിതയെന്നു പേരുകേട്ട  ഇന്ദിരാ ഗാന്ധി ഭരണസാരഥ്യം വഹിച്ചിരുന്ന 1984 കാലത്താണ് പാനിപ്പത്തിനും കുരുക്ഷേത്രയ്ക്കും ഇടയിലുള്ള അംബാല കന്റോണ്‍മെന്റില്‍ നങ്കൂരമിട്ടിരുന്ന ആര്‍ട്ടിലറി ബറ്റാലിയനില്‍നിന്നും ഇന്ദ്രപ്രസ്ഥത്തിലെ സേനാഭവനിലുള്ള ഡിസിപ്‌ളിന്‍ ആന്റ് വിജിലന്‍സ് ഡയറക്ടറേറ്റിലേക്ക് എന്നെ പറിച്ചുനട്ടത്. തോളില്‍ നക്ഷത്രങ്ങളും നെഞ്ചില്‍ വാര്‍മുദ്രകളും തിളങ്ങുന്ന സൈനിക കമാന്റര്‍മാരുടെ ആസ്ഥാനങ്ങളില്‍ ചെറിയൊരു ശിഖരം മാത്രമാണ് ഡി&വി ഡയറക്ടറേറ്റ്. ഇരുപതോളം വരുന്ന ക്‌ളാര്‍ക്കുമാരെ നയിക്കാന്‍ ഒരു ബ്രിഗേഡിയറും ഒരു കേണലുമടക്കം നാലഞ്ച് മേജര്‍മാരും രണ്ടു സിവിലിയന്‍മാരും. 

സേനാഭവനോടു ചേര്‍ന്ന നിരത്തിലൂടെ എന്നും കാലത്ത് പത്തുമണിക്ക് ഔദ്യോഗികവസതിയില്‍നിന്ന് സൗത്ത് ബേ്‌ളാക്കിലെ തന്റെ ചേംബറിലേക്ക് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കാറില്‍ പോകുന്നത് തുറന്നിട്ട ജനല്‍പ്പൊഴിയിലൂടെ ഞാന്‍ കണ്ടുനില്‍ക്കുമായിരുന്നു. വെളുത്ത അംബാസഡറായിരുന്നു അക്കാലത്ത് വി.ഐ.പികളുടെ വാഹനം. മുന്‍പിലും പിന്നിലും അകമ്പടിയായി വേറെ ഓരോ കാറുകളുമുണ്ടാവും. തന്റെ കാറിന്റെ പിന്‍സീറ്റില്‍ പ്രധാനമന്ത്രിയെ തനിച്ചേ കണ്ടിരുന്നുള്ളു. അന്നേരം വീഥി വിജനമായിരിക്കും. ഓരോ അമ്പതടി ദൂരങ്ങളിലും സിവിലിയന്‍ വേഷമിട്ട സെക്യൂരിറ്റിക്കാര്‍ മാത്രം ജാഗരൂകരായി നില്‍ക്കുന്നുണ്ടാവും. 

1971–ല്‍  ഇന്ത്യയും പാകിസ്താനും അതിര്‍ത്തിയിലെ യുദ്ധമുനമ്പുകളില്‍ വെടിയുണ്ടകള്‍ തൊടുത്തുനിന്നിരുന്ന നാളുകളില്‍ ജലന്ധര്‍ കന്റോണ്‍മെന്റില്‍ വിന്യസിച്ച ഞങ്ങളുടെ ബറ്റാലിയന്‍ സന്ദര്‍ശിച്ച് യുദ്ധം വിജയിക്കേണ്ടതിനെപ്പറ്റി ആവേശകരമായി സംസാരിച്ച പ്രധാനമന്ത്രി ഇന്ദിരയെക്കുറിച്ച് അപ്പോഴൊക്കെ ഞാനോര്‍ക്കുമായിരുന്നു. അന്നവര്‍ മുന്‍നിരയിലിരിക്കുന്ന ഏതാണ്ടെല്ലാ ശിപായികള്‍ക്കും ഹസ്തദാനം നല്‍കി 'യു ആര്‍ ഗ്രേറ്റ് വാരിയേഴ്‌സ് ആന്റ് ഐ പ്രൗഡ് ഓഫ് യു' എന്നൊക്കെ ഗൗരവത്തോടെയും എന്നാല്‍ സുസ്‌മേരവദനയായും ആംഗലത്തില്‍ മൊഴിഞ്ഞു. മഗ്ഗിലേക്ക് പകര്‍ന്ന ചായ ശിപായികളോടൊപ്പം അവര്‍ ചുണ്ടോടുചേര്‍ത്തു. സൈനികരുടെ നേരെ കൈവീശിക്കൊണ്ട് വേസ്റ്റേണ്‍ കമാന്റര്‍–ഇന്‍–ചീഫ് ലെഫ്റ്റനന്റ് ജനറല്‍ കെ.പി. കണ്ടോത്ത് ഡ്രൈവ് ചെയ്യുന്ന ജീപ്പില്‍ കയറി വിടവാങ്ങിയപ്പോള്‍ ഒരേ താളത്തില്‍ ഞങ്ങളെല്ലാവരും അവര്‍ക്ക് സല്യൂട്ട് ചെയ്തു. 

അവസാനം ഇന്ദിരാഗാന്ധിയെ ജീവനോടെ കണ്ടത് അതേ വര്‍ഷം തണുപ്പുള്ളൊരു ഒക്‌ടോബര്‍ സന്ധ്യയിലായിരുന്നു; ഏഷ്യന്‍ ഗയിംസ് വില്ലേജിലെ സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ പണ്ഡിറ്റ് രവിശങ്കറിന്റെ സിത്താര്‍ കച്ചേരിയും അനുബന്ധപരിപാടികളും ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍. അന്ന് ഇരുപത്തഞ്ചുരൂപയുടെ ടിക്കറ്റെടുത്ത് ഞാനും അകത്തു കയറി. രണ്ടായിരത്തിഅഞ്ഞൂറ് പേര്‍ക്കിരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയത്തിന്റെ ഗംഭീരമായ പണിത്തരം കണ്ട് എനിക്ക് അദ്ഭുതം തോന്നി. 

ഇന്ദിരയുടെ അന്ത്യനാളുകള്‍     

കേന്ദ്രസാഹിത്യ അക്കാദമിയുടെ നേതൃത്വത്തിലായിരുന്നു അന്നത്തെ കലാപരിപാടികള്‍. കൃത്യം ഏഴുമണിക്ക് സിത്താര്‍ സംഗീതം. അതുകഴിഞ്ഞ് സിനിമാതാരം വൈജയന്തിമാലയുടെ ഭരതനാട്യം. അടുത്ത ദിവസം കേരളകലാമണ്ഡലം ട്രൂപ്പിന്റെ കഥകളിയും സാഹിത്യസദസ്‌സും. 
നേരം ഏഴുമണിയാവാറായി. ഓഡിറ്റോറിയത്തില്‍ കനത്ത നിശ്ശബ്ദത വിങ്ങിനിന്നിരുന്നു. എവിടെയൊക്കെയോ മഫ്ടി വേഷമിട്ട പാറാവുകാര്‍ ജാഗരൂകരായി നില്‍ക്കുന്നതുപോലെ  തോന്നി. അപ്പോഴതാ, യാതൊരു മുന്നറിയിപ്പുമില്ലാതെ ഞാനിരിക്കുന്ന സീറ്റിനടുത്തുള്ള ചുവന്ന പരവതാനി വിരിച്ച നടപ്പാതയിലൂടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടന്നുപോകുന്നു! അവര്‍ നടന്നടുത്തതും സ്റ്റേജിലെ ചുവന്ന സില്‍ക്ക് കര്‍ട്ടന്‍ ഉയര്‍ന്നു. സ്റ്റേജിലെത്തിയതും ഔപചാരികതകളൊന്നുമില്ലാതെ ശിരസ്സുയര്‍ത്തിനിന്ന് ഉദ്ഘാടനപ്രസംഗം ആരംഭിച്ചു. അഞ്ചുമിനിട്ടു നീണ്ട പ്രസംഗം അവസാനിപ്പിച്ച് പരിവാരസമേതം അവര്‍ മുന്‍നിരയില്‍ത്തന്നെ ഉപവിഷ്ടയായി. നിമിഷങ്ങള്‍ക്കകം പട്ടുമെത്തയിലിരുന്നിരുന്ന പണ്ഡിറ്റ് രവിശങ്കറിന്റെ സിത്താറില്‍നിന്നും നാദമയൂഖങ്ങള്‍ ചിറകടിച്ചു പറക്കാന്‍ തുടങ്ങി. സ്വര്‍ഗ്ഗീയമായ സംഗീതധാര അരമണിക്കൂര്‍ ആസ്വദിച്ചതിനുശേഷം അവര്‍ യാത്രയായി. 

ഇന്ദ്രപ്രസ്ഥത്തില്‍ ജോലിചെയ്യുമ്പോള്‍ കഌസ്സിക് നൃത്തങ്ങളും വി.ഐ.പി.കള്‍ പങ്കെടുക്കുന്ന പരിപാടികളും ആസ്വദിക്കാമെന്ന് അവിടെനിന്നും ബറ്റാലിയനിലെത്തിയ ചിലരൊക്കെ പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. ആ അറിവില്‍ ദില്ലിയിലെത്തിയ എന്റെ കണ്ണുകള്‍ പത്രത്തിലെ 'ഇന്നത്തെ പരിപാടി'കള്‍ തിരഞ്ഞു. കാമനി ഒഡിറ്റോറിയത്തില്‍, രവീന്ദ്രഭവനില്‍, ആന്ധ്രാ, ഹിമാചല്‍, ദേശ്മുഖ് ആസാദ് ഭവനുകളില്‍, കഥക്–കഥകളി കേന്ദ്രങ്ങളില്‍ നൃത്തവും സംഗീതവും അരങ്ങേറുന്നുണ്ടോ എന്നു തിരക്കി. കഌസ്സിക് നൃത്തം എത്ര കണ്ടാലും മതിവരാത്ത കൂട്ടത്തിലായിരുന്നു ഞാനും ദില്ലി ഓഫീസില്‍ കൂട്ടു കിട്ടിയ ഹവില്‍ദാര്‍ സെബാസ്റ്റിനും. എന്നും ഏതെങ്കിലും തരത്തിലുള്ള കലാവിരുന്ന് അരങ്ങേറുന്ന 'പ്രകൃതി മൈതാന'ത്തിലും ഞങ്ങള്‍ പതിവുകാരായിരുന്നു. 

അക്കൊല്ലം ആഗസ്റ്റ് ഇരുപത്, ഞായറാഴ്ച. ഹിമാചല്‍ഭവനില്‍ ഏഷ്യന്‍ ബുദ്ധിസ്റ്റ് സമ്മേളനം. ഹാളില്‍ തിബത്തന്‍ അഭയാര്‍ത്ഥികള്‍ തിങ്ങിനിറഞ്ഞിരുന്നു. ആത്മീയാചാര്യന്‍ ദലൈലാമയായിരുന്നു അദ്ധ്യക്ഷന്‍.  റഷ്യയില്‍നിന്നും ഒരു ബിഷപ്പും, മംഗാളിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍നിന്നും ബുദ്ധസന്ന്യാസിമാരും പ്രഭാഷകരായി എത്തിയിരുന്നു. അന്നാണ് ഇരുണ്ട കാവിവസ്ര്തമുടുത്ത, ആപ്പിള്‍ചുവപ്പുള്ള തിബത്തന്‍ സുന്ദരികളെയും സുന്ദരന്മാരെയും കാണാനിടയായത്. 

ശ്രീബുദ്ധന്റെ കരുണമന്ത്രങ്ങള്‍ പിറന്നുവീണ ഭാരതത്തേയും, നീതിരഥം തെളിച്ചു മുന്നോട്ടുപോകുന്ന ദില്ലി ഭരണകൂടത്തേയും പ്രകീര്‍ത്തിച്ചുകൊണ്ട് ദലൈലാമ ശാന്തസ്വരത്തില്‍ അദ്ധ്യക്ഷപ്രസംഗം ആരംഭിച്ചു:  ചൈനയുടെ പീനനത്തില്‍ വീര്‍പ്പുമുട്ടുകയാണ് തിബത്തന്‍ സമൂഹം. തിബത്തന്‍ സംസ്‌കാരത്തിന്റെ അടിക്കല്ലിളക്കുന്ന നയം ഉപേക്ഷിച്ച് ചൈന ശാന്തിയുടേയും കരുണയുടേയും വഴി സ്വീകരിക്കുകയാണ് വേണ്ടത്. തിബത്ത് സ്വാതന്ത്ര്യം അന്വേഷിക്കുന്ന മനുഷ്യവംശത്തിന്റെ അഭയസ്ഥാനമാണ്. തിബത്തില്‍ സ്വന്തം തത്ത്വശാസ്ത്രം ബലമായി ഇറക്കുമതി ചെയ്യാനാണ് ചൈന ശ്രമിക്കുന്നത്.  ബുദ്ധഭിക്ഷുക്കളുടെ  ആകുലതകളും നോവുകളും അറിയാത്ത കമ്യൂണിസ്റ്റ് ചൈനയ്ക്ക് മനുഷ്യമുഖം നഷ്ടപ്പെട്ടിരിക്കുന്നു. ബൗദ്ധപുരോഹിതര്‍ക്ക് തിബത്തില്‍ സഞ്ചാരസ്വാതന്ത്ര്യമില്ല. ബൗദ്ധസ്തൂപങ്ങളും ആശ്രമങ്ങളും നിര്‍മിക്കാന്‍ അനുവാദമില്ല. ചൈന തിബത്തില്‍ ജനനനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു... റഷ്യന്‍ മെത്രാനും മറ്റു ബുദ്ധസന്ന്യാസിമാരും അവരുടെ ഭാഷയിലാണ് ആശംസ അര്‍പ്പിച്ചത്. ശ്രദ്ധയോടെ ഞങ്ങളതു കേട്ടിരുന്നു. അവരുടെ പ്രഭാഷണങ്ങള്‍ സംഗീതസാന്ദ്രവും മന്ദസ്ഥായിയിലുള്ളതുമായിരുന്നു.

പിന്നീട്, 1984 നവംബര്‍ ഒന്നിന് ഇന്ദിരാ ഗാന്ധിയുടെ ജഡമാണ് ഞങ്ങള്‍ അടുത്തുകണ്ടത്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു താമസിച്ചിരുന്ന തീന്‍മൂര്‍ത്തി ഭവനിലായിരുന്നു ജഡം അന്ത്യാഭിവാദനത്തിനു കിടത്തിയിരുന്നത്. രാഷ്ട്രപതിഭവനില്‍നിന്ന് നേരെ തെക്കുഭാഗത്താണ് തീന്‍മൂര്‍ത്തീഭവന്‍. രക്തത്തില്‍ നനഞ്ഞ വസ്ത്രാഞ്ചലംകൊണ്ട് ശിരസ്സ് മൂടി മിഴികള്‍പൂട്ടി കിടക്കുന്ന ഇന്ദിരാ ഗാന്ധിയുടെ ശവശരീരത്തെ മാര്‍ച്ച് ചെയ്തു ചെന്ന സൈനികസംഘത്തോടൊപ്പം സല്യൂട്ട് ചെയ്തപ്പോള്‍ ഹൃദയം വിറക്കുന്നതുപോലെ തോന്നി. ജീവനറ്റ അവരുടെ മുഖത്തപ്പോഴും ദൃഢനിശ്ചയത്തിന്റെ അരുണകാന്തി പടര്‍ന്നുകിടന്നിരുന്നു. 

1984ലെ സിഖ് കൂട്ടക്കൊലയുടെ ഇര
1984ലെ സിഖ് കൂട്ടക്കൊലയുടെ ഇര

ദില്ലിയപ്പോള്‍ കത്തിയെരിയുകയായിരുന്നു.
ഓരോ മൊഹല്ലകളിലും അമര്‍ഷവും പ്രതിഷേധവും ഉയരുന്നുണ്ടായിരുന്നു. ഓരോ മുഖങ്ങളിലും വിഷാദം വീണുകിടന്നിരുന്ന ആ ഉച്ചനേരത്ത് ഓഫീസുവിട്ട് ഞങ്ങള്‍ ലീവിംഗ് ബാരക്കിലെത്തി. നഗരം സംഘര്‍ഷഭരിതമാണെന്നും ആരും പുറത്തിറങ്ങരുതെന്നും ബാരക്ക് കമാന്റര്‍ ഞങ്ങള്‍ക്കു മുന്നറിയിപ്പു തന്നു. യൂണിഫോം അഴിക്കാതെ കവിടിപ്‌ളേറ്റും മഗ്ഗുമായി ഞാനും സെബാസ്റ്റിനും മെസ്സിലേക്കു നടന്നു. ഭക്ഷണം കഴിച്ചെന്നു വരുത്തി വേഗം ബാരക്കില്‍ തിരിച്ചെത്തി റേഡിയോ വാര്‍ത്ത കേള്‍ക്കാനിരുന്നു. വാര്‍ത്തകളില്‍ മുഴുകിയിരിക്കുമ്പോള്‍ അധികാര ലഹരിയില്‍ ജീവിതം ആഘോഷമാക്കി മാറ്റിയ ഇന്ദിരാഗാന്ധിയുടെ ലോലശരീരത്തിലേക്ക് ബുള്ളറ്റുകള്‍ തൊടുത്ത സ്വന്തം സുരക്ഷാഭടന്മാരെ ശപിക്കുകയായിരുന്നു. വേദനയും പ്രതിഷേധവും ഓരോ മനസ്സിലും കത്തിനിന്നിരുന്നു.

സ്വന്തം കുടുംബത്തിലെ ഒരാള്‍ നഷ്ടപ്പെട്ടാലെന്നപോലെ ദു:ഖത്തോടെ ഇരിക്കുന്ന ഞങ്ങള്‍ കേള്‍ക്കാനായി ബാരക്ക് കമാന്റര്‍ പറയുന്നതുകേട്ടു: ''ദുരന്തങ്ങളാണ് ദില്ലി നഗരത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്നത്. സിക്ക് സോള്‍ജേഴ്‌സ് ആരും പുറത്തിറങ്ങാതെ ബാരക്കിനകത്തുതന്നെ ഉണ്ടായിരിക്കണം. നമ്മള്‍ പതിവിലും അധികം ജാഗരൂകരായിരിക്കേണ്ട സമയമാണിത്.' 
ഞാനും സെബാസ്റ്റിനും പുറത്ത് പുരാനകിലയുടെ മുന്നിലെ ഇരട്ടപ്പാതയില്‍ കേള്‍ക്കുന്ന ആരവങ്ങളിലേക്ക് എത്തിനോക്കി. വെയില്‍ച്ചൂടും മഴയുമേറ്റ് വികൃതമായ കിലയുടെ അകത്തളങ്ങളിലെ പുല്‍മൈതാനത്താണ് ഞാനും കൂട്ടുകാരും സൊറ പറഞ്ഞിരിക്കാറുള്ളത്. കമിതാക്കള്‍ക്കു സ്വകാര്യം പറഞ്ഞിരിക്കാവുന്ന ഏകാന്തശാന്തമായ മുക്കും മൂലകളും ഒരുപാടുണ്ട്. പഞ്ചപാണ്ഡവന്മാരുടെ പേരിലറിയപ്പെടുന്ന പുരാനകിലയില്‍.
എന്റെ വാക്കുകളെ ഖണ്ഡിച്ചുകൊണ്ട് സെബാസ്റ്റിന്‍ ഇന്ദിരാഗാന്ധിയെപ്പറ്റി പറഞ്ഞുതുടങ്ങി. എല്ലരിച്ച ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ കഴിയുന്ന ഗരീബികളെ ഇന്ദിരാ ഗാന്ധി അവഗണിച്ചു. മഹാനഗരത്തിന്റെ വര്‍ണ്ണപൂരങ്ങളിലായിരുന്നു എന്നും അവര്‍ക്കു താല്‍പ്പര്യം. മഹാത്മാ ഗാന്ധിയുടെ ചര്‍ക്കയിലും ഖാദിയിലും അവര്‍ക്കു പ്രതിപത്തിയുണ്ടായിരുന്നില്ല. പുരോഗമന ചിന്താതിക്കാരനായ സെബാസ്റ്റ്യന്‍ കുറ്റപ്പെടുത്തി.
മതഭ്രാന്തനായ സ്വന്തം സുരക്ഷാഭടന്റെ വെടിയുണ്ടകള്‍ക്കിരയായ ഇന്ദിരാ ഗാന്ധിയെപ്പറ്റി ചീത്തയായതെന്തെങ്കിലും ചിന്തിച്ചും പറഞ്ഞും രസിക്കേണ്ട സമയമല്ലിത്, ഞാന്‍ പറഞ്ഞു: ''ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ അവരുടെ മരണത്തെയോര്‍ത്ത് വിലപിക്കുമ്പോള്‍ കുറ്റങ്ങളും കുറവുകളും ചികയാതെ ഭാവിയെപ്പറ്റി ഉല്‍ക്കണ്ഠപ്പെടുകയാണ് വേണ്ടത്!'

നാട്ടുരാജാക്കന്മാര്‍ക്ക് നല്‍കിയിരുന്ന പ്രിവിപേഴ്‌സ് അവസാനിപ്പിച്ചതും ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചതും അവര്‍ നടപ്പാക്കിയ ധീരമായ നടപടിയായിരുന്നെന്ന് ഞാന്‍ സെബാസ്റ്റിനോടു  പറഞ്ഞു. എന്നെ നിരാകരിച്ചുകൊണ്ട്, അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച് ഒരുപാട് സ്വാതന്ത്ര്യസമരനേതാക്കന്മാരെ കല്‍ത്തുറങ്കിലടച്ച ഭരണാധികാരിയെ നീതീകരിക്കരുതെന്ന് എന്റെ സുഹൃത്ത് വീണ്ടും തന്റെ നിലപാട് വ്യക്തമാക്കി. 
യമുനയുടെ തീരത്ത് ഇന്ദിരാ ഗാന്ധിക്കു ചിതയൊരുക്കം. രാജ്ഘട്ടിനും ശാന്തിഘട്ടിനും അരികെ നവംബര്‍ മൂന്നിന് വെള്ളിയാഴ്ച സായാഹ്നത്തില്‍ ലോകം ദുഃഖമിഴികളോടെ നോക്കിനില്‍ക്കേ ഇന്ദിരാ പ്രിയദര്‍ശിനിയുടെ കൃശശരീരം ചന്ദനച്ചീളുകള്‍കൊണ്ട് പൊതിഞ്ഞു. അഗ്നിനാളങ്ങള്‍ ആളിപ്പടരാന്‍ തുടങ്ങി. ഇന്ത്യയുടെ ഉരുക്കുവനിത ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു.

യമുനയുടെ തീരങ്ങളില്‍നിന്ന് ദൂരെ ഇന്ദ്രപ്രസ്ഥത്തിന്റെ ഗലികളില്‍ ''ചോരയ്ക്ക് പകരം ചോര' എന്നലറിക്കൊണ്ട് വേട്ടമൃഗങ്ങള്‍ അപ്പോഴും ഇരകളെത്തേടി പാഞ്ഞുനടക്കുന്നുണ്ടായിരുന്നു. 
എന്റെ ഓഫീസില്‍ രണ്ട് സിക്കുകാരുണ്ടായിരുന്നു.  കഌസ്സ് വണ്‍ സിവിലിയന്‍ ഓഫീസര്‍ ഹര്‍ണാംസിങ്ങും. ഓഫീസ് സൂപ്രണ്ട് ഹര്‍കിഷന്‍ സിങ്ങും.

ഹര്‍കിഷന്‍ മകളുടെ വിവാഹ കാര്യങ്ങള്‍ക്കുവേണ്ടി രണ്ടാഴ്ചയായി ലീവിലായിരുന്നു. സിക്കുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന ജലന്ദറിലെ ഗ്രാമത്തില്‍ വടിവാളും കഠാരയും കത്തുന്ന ടയറുകളുമായി ഇന്ദിരാ ഗാന്ധി അമര്‍ രഹേ... ഖൂണ്‍ ക ബത്‌ല ഖൂണ്‍... എന്നു ചീറിക്കൊണ്ട് വേട്ടക്കാര്‍ക്കവിടെ കടന്നുചെല്ലാന്‍ കഴിഞ്ഞില്ല. ഇങ്ങ് ദില്ലിയിലായിരുന്നെങ്കില്‍, ''വന്‍മരങ്ങള്‍ വീണ് ഭൂമി കുലുങ്ങിയപ്പോള്‍' അഞ്ചരമീറ്റര്‍ തുണികൊണ്ട് ഞൊറിയിട്ടുകെട്ടിയ അയാളുടെ തലപ്പാവ് അഴിഞ്ഞുവീഴുമായിരുന്നു. മണ്ണെണ്ണ മണക്കുന്ന അഗ്നി ആ ഭാരശരീരത്തെ വാരിവിഴുങ്ങുമായിരുന്നു.
നവംബര്‍ നാലിനും അഞ്ചിനും ഹര്‍ണാംസിങ്ങ് ഓഫീസിലെത്തിയില്ല. ഓഫീസിലുള്ള ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം എന്തോ ചോദിക്കാന്‍ തുടങ്ങി. യമുനക്കക്കരെയുള്ള  മയൂര്‍ വിഹാറില്‍ മദിച്ചുനടന്ന ഫാസിസ്റ്റുകളുടെ കൊലക്കത്തിക്ക്  ഹര്‍ണാംസിങ്ങ് ഇരയായിത്തീര്‍ന്നിരിക്കുമോ? 
ഏറ്റവുമധികം വംശഹത്യ നടന്നത് മയൂര്‍വിഹാറിലും ത്രിലോക്പുരിയിലുമാണെന്നാണ് പറഞ്ഞുകേട്ടത്. 
ഞങ്ങളുടെ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഭാനുപ്രകാശ് പഥക് സാഹിബ്ബിന്റെ നിര്‍ദ്ദേശപ്രകാരം രണ്ടു ക്‌ളാര്‍ക്കുമാര്‍ മയൂര്‍ വിഹാറിലേക്കു പുറപ്പെട്ടു. തിരിച്ചുവന്ന അവരുടെ മുഖം വാടി വിളറിയിരുന്നു. ഹര്‍ണാംസിങ്ങ് മാത്രമല്ല, അയാളുടെ കുടുംബം മുഴുവന്‍ അഗ്നിക്കിരയായ കഥ അവര്‍ വിതുമ്പലോടെ പറഞ്ഞു. 

ബ്രിഗേഡിയറുടെ അധ്യക്ഷതയില്‍ ഡയറക്ടറേറ്റിലെ  മുഴുവന്‍ സ്റ്റാഫും പിറ്റേന്നു കാലത്ത് ഒത്തുകൂടി ഹര്‍ണാംസിങ്ങിന് ദുഃഖാഞ്ജലികള്‍ അര്‍പ്പിച്ചു. കൂട്ടത്തില്‍ പഥക്‌സാഹിബ് മാത്രം ഏതാനും ദുഃഖമൊഴികള്‍ ഉരുവിട്ടു. നീണ്ട മൗനപ്രാര്‍ത്ഥനയ്ക്ക്‌ശേഷം ഞങ്ങള്‍ പിരിഞ്ഞു. 
അന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. 

ഇങ്ങനെയൊന്നും സംഭവിക്കരുതായിരുന്നു. ഇന്ദിര ആരെക്കാളും വിശ്വസിച്ച അംഗരക്ഷകനായിരുന്നു ബിയാന്ത്‌സിങ്ങ്. പിതാവിനെപ്പോലെ സിക്ക് വംശജരെ ഏറെയിഷ്ടപ്പെട്ട ഇന്ദിര  രാവിലെ തൊഴുകൈകളോടെയാണ് അംഗരക്ഷകരുടെ മുന്നിലേക്കു വന്നത്. പുഞ്ചിരിക്കുന്ന ആ പുഷ്പത്തിന്റെ നേര്‍ക്കാണ് ബിയാന്ത്‌സിങ്ങ് വെടിയുതിര്‍ത്തത്. നിമിഷനേരംകൊണ്ട് അവര്‍ കടുംചോരയായി നിലത്തുവീഴുകയായിരുന്നു.
ബിയാന്ത്‌സിങ്ങ് അതു ചെയ്യരുതായിരുന്നു. ഇന്ദ്രപ്രസ്ഥം കത്തിയെരിയരുതായിരുന്നു. സൗമ്യനായിരുന്ന എന്റെ ഓഫീസര്‍ ഹര്‍ണാംസിങ്ങിന്റെ കഴുത്തില്‍ മൂര്‍ച്ചയേറിയ മഴു പതിയരുതായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com