കോണ്‍ഗ്രസ്സ് വിരുദ്ധതയ്ക്ക് ഇനി പ്രസക്തിയുണ്ടോ?

ഇന്നത്തെ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ ഭാഗവത്-മോദി-ഷാ ത്രയം ആഗ്രഹിക്കുന്നിടത്തു രാജ്യം പിടിച്ചുകെട്ടപ്പെടും എന്ന ആശങ്ക അടിസ്ഥാനരഹിതമല്ല. 
കോണ്‍ഗ്രസ്സ് വിരുദ്ധതയ്ക്ക് ഇനി പ്രസക്തിയുണ്ടോ?

ഇന്നത്തെ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ ഭാഗവത്-മോദി-ഷാ ത്രയം ആഗ്രഹിക്കുന്നിടത്തു രാജ്യം പിടിച്ചുകെട്ടപ്പെടും എന്ന ആശങ്ക അടിസ്ഥാനരഹിതമല്ല. എന്നിട്ടും സി.പി.എം. എന്ന ഇടതു പാര്‍ട്ടി അതിന്റെ പൂര്‍വ്വകാല കോണ്‍ഗ്രസ്സ് വിരോധം അതേപടി നിലനിര്‍ത്തി ഹൈന്ദവ ഫാസിസത്തെക്കുറിച്ചുള്ള വായ്ത്താരിയില്‍ അഭിരമിക്കുകയാണ്- ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു.

ന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിനു ആധുനിക മതേതര ഇന്ത്യയുടെ സംസ്ഥാപനാഖ്യാനവുമായി അഭേദ്യബന്ധമുണ്ട്. ഹിന്ദു ദേശീയത, മുസ്‌ലിം ദേശീയത എന്നീ സങ്കുചിത പരികല്‍പ്പനകളെ കഴുത്തുപിടിച്ചു പുറന്തള്ളി ഇന്ത്യന്‍ ദേശീയത അഥവാ സങ്കര ദേശീയത എന്ന വിശാല പരികല്‍പ്പന ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടിയാണത്. ഏകസ്വരതയിലൂന്നുന്ന മതദേശീയതയ്ക്കു പകരം ബഹുസ്വരതയിലൂന്നുന്ന മതേതര ദേശീയതയുടെ പന്ഥാവിലൂടെ വേണം രാജ്യത്തെ നയിക്കേണ്ടതെന്ന് ആ പാര്‍ട്ടി കരുതി. 'ഹിന്ദു ഇന്ത്യ' എന്ന ഇടുക്കത്തിലേയ്ക്കു വഴുതാതെ മതേതര ഇന്ത്യ എന്ന വിശാലതയില്‍ നിലയുറപ്പിക്കാന്‍ രാജ്യത്തിനു സാധിച്ചത് അതുകൊണ്ടാണ്.
ഇച്ചൊന്ന വിശാലത കാണെക്കാണെ പിന്‍വലിയുന്ന അസുഖകരമായ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. 2014-ല്‍ ബി.ജെ.പി ലോക്‌സഭയില്‍ 282 സീറ്റും ദേശീയ വോട്ടില്‍ 31 ശതമാനവും നേടിയപ്പോള്‍ കോണ്‍ഗ്രസ്സിനു ലഭിച്ചത് 44 സീറ്റും 19.3 ശതമാനം വോട്ടും മാത്രമാണ്. പിന്നീട് നിയമസഭ തെരഞ്ഞെടുപ്പു നടന്ന ഡല്‍ഹിയിലും (2015) ആസാമിലും (2016) യു.പിയിലും ഉത്തരാഖണ്ഡിലും (2017) കോണ്‍ഗ്രസ്സ് ദയനീയമായി പരാജയമടഞ്ഞു. പഞ്ചാബില്‍ മാത്രം ജയിച്ചു കയറിയ ആ പാര്‍ട്ടിക്ക് മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ കക്ഷി എന്ന പദവി ലഭിച്ചിട്ടും സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചതുമില്ല. രാജ്യത്തെ ജനസംഖ്യയുടെ കഷ്ടിച്ച് ഏഴ് ശതമാനത്തെ മാത്രം പ്രതിനിധീകരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മാത്രമേ ഇന്നു കോണ്‍ഗ്രസ്സ് ഭരണത്തിലുള്ളു. ബി.ജെ.പിയാകട്ടെ, ജനസംഖ്യയുടെ 64 ശതമാനത്തെ പ്രതിനിധീകരിക്കുന്ന 15 സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുകയാണ്.
ഈ സിനാറിയോ ബി.ജെ.പിക്ക് ആഹ്‌ളാദം പകരുമെങ്കിലും മതേതര ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒട്ടും ശുഭസൂചകമല്ല അത്. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ പ്രിയങ്കര മുദ്രാവാക്യം തന്നെ 'കോണ്‍ഗ്രസ്സ് മുക്ത ഭാരതം' എന്നാണ്. കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്നതിനു മതനിരപേക്ഷതാ മുക്ത ഭാരതം എന്ന അര്‍ത്ഥം കൂടിയുണ്ട് എന്ന കാര്യം മറന്നുകൂടാ. കോണ്‍ഗ്രസ്സിന്റെ കഥ കഴിഞ്ഞാല്‍ മറ്റൊരു പാര്‍ട്ടിയേയും തങ്ങള്‍ക്കു ഭയക്കേണ്ടതില്ല എന്നും ഇന്ത്യയെ തങ്ങളുടെ വിഭാവനയിലുള്ള ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്ന കൃത്യം പിന്നെ നിരായാസം പൂര്‍ത്തീകരിക്കാമെന്നും ആര്‍.എസ്.എസ്സും ബി.ജെ.പിയും കണക്കു കൂട്ടുന്നു.
ബീഹാറിലെ മഹാസഖ്യം പൊളിച്ചടുക്കി നിതീഷ് കുമാറിന്റെ ജെ.ഡി.യു ബി.ജെ.പിയുമായി കൈകോര്‍ത്തു മന്ത്രിസഭയുണ്ടാക്കിയ വസ്തുത ഈ ഘട്ടത്തില്‍ സ്മരിക്കപ്പെടണം. ജെ.ഡി.യു ഉള്‍പ്പെടെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, അധികാര ദുര്‍മോഹം ബാധിച്ച ചെറിയ പാര്‍ട്ടികളെ തങ്ങളോടൊപ്പം നിര്‍ത്താന്‍ കഴിയുമെന്നു മോദിക്കും അമിത് ഷായ്ക്കുമറിയാം. പിന്നെയുള്ളത് ഇടതുപക്ഷ പാര്‍ട്ടികളാണ്. അവയ്ക്കാകട്ടെ, രണ്ടുമൂന്നു സംസ്ഥാനങ്ങളിലുണ്ടായിരുന്ന സ്വാധീനം കൂടുകയല്ല, കുറയുകയാണ് ചെയ്തിട്ടുള്ളത്. ചുരുക്കത്തില്‍, നിലവിലെ രാഷ്ട്രീയ പരിതഃസ്ഥിതിയില്‍ ഗാന്ധിസമില്ലാത്ത, നെഹ്‌റുയിസമില്ലാത്ത, സോഷ്യലിസമില്ലാത്ത, സെക്യുലറിസമില്ലാത്ത, പ്‌ളൂരലിസമില്ലാത്ത ഹിന്ദു ഇന്ത്യ എന്ന തങ്ങളുടെ മോഹനസ്വപ്നം സാക്ഷാല്‍ക്കരിക്കാവുന്നതിന്റെ വക്കില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു എന്നു സംഘപരിവാര്‍ ശക്തികള്‍ക്കു തോന്നിത്തുടങ്ങിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ആര്‍.എസ്.എസ് ശാഖകളില്‍ മുഴങ്ങിക്കേട്ട 'ഹിന്ദുസ്ഥാന്‍ ഹിന്ദു കാ, നഹി കിസി കെ ബാപ് കാ' എന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യത്തിലേയ്ക്കു പരാവര്‍ത്തനം ചെയ്യാന്‍ ഇനി ഏറെ നാളുകള്‍ വേണ്ടിവരില്ല എന്നിടത്താണ് ഹൈന്ദവ വലതുപക്ഷത്തിന്റെ നില്പ്.
ഇന്നത്തെ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ ഭാഗവത്-മോദി-ഷാ ത്രയം ആഗ്രഹിക്കുന്നിടത്തു രാജ്യം പിടിച്ചുകെട്ടപ്പെടും എന്ന ആശങ്ക അടിസ്ഥാനരഹിതമല്ല. എന്നിട്ടും സി.പി.എം. എന്ന ഇടതുപാര്‍ട്ടി അതിന്റെ പൂര്‍വ്വകാല കോണ്‍ഗ്രസ്സ് വിരോധം അതേപടി നിലനിര്‍ത്തി ഹൈന്ദവ ഫാസിസത്തെക്കുറിച്ചുള്ള വായ്ത്താരിയില്‍ അഭിരമിക്കുകയാണ്. സംഘപരിവാറിന്റെ സങ്കല്‍പ്പത്തിലുള്ള ഹിന്ദുരാഷ്ട്രമായി ഇന്ത്യ പരിവര്‍ത്തിപ്പിക്കപ്പെടാതിരിക്കാന്‍ ഇടതുപക്ഷം ആഗ്രഹിക്കുന്നുവെങ്കില്‍, അതിനു ഫാസിസ്റ്റ് വിരുദ്ധ പ്രസംഗം മാത്രം മതിയാവില്ല. രാഷ്ട്രീയതലത്തില്‍ (പാര്‍ലമെന്ററി തലത്തില്‍) ബി.ജെ.പിക്കു മൂക്കുകയറിടാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. അതിനാകട്ടെ, അംഗബലത്തില്‍ ഇടിവു സംഭവിച്ചിട്ടുണ്ടെങ്കിലും ദേശീയ തലത്തില്‍ ഇപ്പോഴും സാന്നിധ്യമുള്ള കോണ്‍ഗ്രസ്സുമായി രാഷ്ട്രീയ സഖ്യത്തിലേര്‍പ്പെടാന്‍ ഇടതുപക്ഷം സന്നദ്ധമായേ മതിയാവൂ.
പക്ഷേ, വിചിത്രമെന്നു പറയണം, മുന്‍കാലങ്ങളില്‍ സി.പി.എം. പിന്തുടര്‍ന്ന കോണ്‍ഗ്രസ്സ് വിരുദ്ധ നിലപാട് തന്നെയാണ് ആ പാര്‍ട്ടി ഇപ്പോഴും അനുവര്‍ത്തിക്കുന്നത്. തൊണ്ണൂറുകളിലേയും പുതിയ നൂറ്റാണ്ടിന്റെ പ്രഥമ ദശകത്തിലേയും ബി.ജെ.പിയല്ല ഇന്നത്തെ ബി.ജെ.പി. ഹിന്ദു ദേശീയതയില്‍ വ്യാപാരം നടത്തുന്ന ആ പാര്‍ട്ടിയെപ്പോലെത്തന്നെ അകറ്റിനിര്‍ത്തപ്പെടേണ്ട രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്സ് എന്ന സമീപനം വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാത്തതാണ്. 
മതസംഘടനകളുടെ ഫനാറ്റിസിസം പോലെ വര്‍ജ്ജിക്കപ്പെടേണ്ടതാണ് ഇടതുപാര്‍ട്ടികളുടെ ഡോഗ്മാറ്റിസം എന്ന സിദ്ധാന്തവാശിയും. രാജ്യം വര്‍ഗ്ഗീയശക്തികളുടെ പിടിയിലമരുകയും സ്വാതന്ത്ര്യസമര നാളുകളില്‍ ഉയര്‍ന്നുവന്നതും ഭരണഘടനയിലൂടെ ഉറപ്പിക്കപ്പെട്ടതുമായ ജനാധിപത്യ, മതേതര, ബഹുസ്വര മൂല്യങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടുന്ന അവസ്ഥാവിശേഷം രാജ്യത്തെ തുറിച്ചുനോക്കുകയും ചെയ്യുമ്പോള്‍ വര്‍ഗ്ഗീയ ബി.ജെ.പി. പോലെ മതേതര കോണ്‍ഗ്രസ്‌സും അകറ്റിനിര്‍ത്തപ്പെടേണ്ടതാണെന്ന സമീപനം കൈക്കൊള്ളാന്‍ മതനിരപേക്ഷതയോടു പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്നു എന്നു പറയുന്ന ഇടതുപാര്‍ട്ടികള്‍ക്ക് എങ്ങനെ കഴിയും? പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ രാജ്യസഭയിലേയ്ക്കു മത്സരിക്കരുതെന്നു ശഠിച്ചവര്‍ മിതമായി പറഞ്ഞാല്‍ സിദ്ധാന്തവാശിയുടെ തടവുകാരാണ്.
ഒരാള്‍ മൂന്നാമതും എം.പിയാകുന്നതും ജനറല്‍ സെക്രട്ടറി പാര്‍ലമെന്ററി പദവി വഹിക്കുന്നതും പാര്‍ട്ടി ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടുന്നവര്‍ ഒരു കാര്യം വിസ്മരിക്കുന്നു: പാര്‍ട്ടിക്കാരന്‍ എന്ന മേല്‍വിലാസത്തില്‍ വല്ലവരും പാര്‍ലമെന്റില്‍ പോയിരുന്നിട്ടു കാര്യമേതുമില്ല. നാടിനേയും നാട്ടാരേയും ബാധിക്കുന്ന നാനാമുഖ വിഷയങ്ങള്‍ സൂക്ഷ്മമായും സുവ്യക്തമായും സുശക്തമായും അവതരിപ്പിക്കാന്‍ കഴിവുള്ള ആളാവണം പാര്‍ലമെന്റില്‍ എത്തേണ്ടത്. അത്തരക്കാര്‍ ഏറെയൊന്നും സി.പി.എം ഫോള്‍ഡില്‍ ഇന്നില്ല. യെച്ചൂരിക്കുതാഴെ വൃന്ദാകാരാട്ട്, പി. രാജീവ് എന്നിവരെക്കൂടി ചേര്‍ക്കാം. ആ പആര്‍ട്ടിയിലെ ഒന്നാമന്‍ സീതാറാം യെച്ചൂരി ആയിരുന്നിട്ടും കേരളത്തിലെ സി.പി.എമ്മുകാര്‍ അദ്ദേഹത്തിന്റെ പേര് ചുവന്ന മഷികൊണ്ടു വെട്ടി.
മോദിയുടേയും അമിത് ഷായുടേയും നേതൃത്വത്തില്‍ ബി.ജെ.പി അടിക്കടി വളരുകയും രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ആ പാര്‍ട്ടിയുടെ വേരുകള്‍ പടര്‍ന്നുകയറുകയും ചെയ്യുമ്പോഴും കോണ്‍ഗ്രസ്സിനെ തീണ്ടാപ്പാടകലെ നിര്‍ത്തുന്നതിനു സി.പി.എം ഉന്നയിക്കുന്ന ന്യായീകരണമാണ് പരമ വിചിത്രം. കോണ്‍ഗ്രസ്സിന്റേയും ബി.ജെ.പിയുടേയും സാമ്പത്തികനയം ഒന്നാണത്രേ. ഇരുപാര്‍ട്ടികളും പിന്തുടരുന്നതു നവലിബറല്‍ സാമ്പത്തിക നയമാണെന്നു പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.
സംഗതി ശരിയാണ്. മോദിയുടെ പാര്‍ട്ടിയും സോണിയയുടെ പാര്‍ട്ടിയും നവലിബറല്‍ നയങ്ങളാണ് അനുവര്‍ത്തിക്കുന്നത്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്റെ സ്ഥിതിയെന്താണ്? അവര്‍ നവലിബറല്‍ രഥ്യയില്‍നിന്നു വഴിമാറി നടക്കുന്നവരാണോ? പശ്ചിമ ബംഗാളില്‍ നന്ദിഗ്രാമും സിംഗൂരും സംഭവിച്ചത് സി.പി.എമ്മിന്റെ വാഴ്ചക്കാലത്താണ്. കേരളത്തില്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ ഉള്‍പ്പെടെ സകല തുറകളിലും സ്വകാര്യവല്‍ക്കരണത്തിനു ചൂട്ടുപിടിച്ചവരുടെ കൂട്ടത്തില്‍ യു.ഡി.എഫ് മാത്രമല്ല, എല്‍.ഡി.എഫുമുണ്ട്. ഇപ്പോള്‍ ഇടതുമുന്നണി കേരളം ഭരിക്കുമ്പോഴും സ്വാശ്രയ വ്യാപാരികളും ആരോഗ്യ വ്യവസായികളും ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന ദുഃസ്ഥിതി നിര്‍ബാധം തുടരുകയാണ്. പ്രസംഗത്തില്‍ നവ ഉദാരനയങ്ങളെ എതിര്‍ക്കുമ്പോഴും പ്രവൃത്തിയില്‍ ആ നയങ്ങളെ തഴുകിയും തലോടിയുമാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി സി.പി.എമ്മും സഞ്ചരിച്ചിട്ടുള്ളത്.
എന്നുവെച്ചാല്‍, സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ പ്രയോഗപരമായി കോണ്‍ഗ്രസ്സും സി.പി.എമ്മും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ആ രണ്ടു പാര്‍ട്ടികളും മതദേശീയതയ്‌ക്കെതിരും മതേതര ദേശീയതയ്ക്കനുകൂലവുമാണ് താനും. ഇരുവിഭാഗവും പങ്കുവെയ്ക്കുന്ന ഇന്ത്യ എന്ന ആശയം മതഭേദമെന്യേ എല്ലാവരേയും ഉള്‍ക്കൊള്ളല്‍ എന്ന തത്ത്വത്തില്‍ അധിഷ്ഠിതവുമാണ്. ആധുനിക ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനുപേക്ഷണീയമായ ആ തത്ത്വം അറുത്തെറിയാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബഹുസ്വര ഭാരതത്തെ ഏകസ്വര ഭാരതമാക്കാനുള്ള തീവ്രയത്‌നത്തിലാണവര്‍. ആ യത്‌നത്തെ പ്രതിരോധിക്കാന്‍ ദുര്‍ബലമായ ഇടതുപക്ഷത്തിനു മാത്രമായി സാധിക്കില്ല. രാജ്യത്തെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ്സുമായി ചേര്‍ന്നു മാത്രമേ അതു നിര്‍വ്വഹിക്കാനാവൂ. ഈ യാഥാര്‍ത്ഥ്യം കണ്‍മുന്‍പിലിരിക്കെ, കോണ്‍ഗ്രസ്സ് വിരുദ്ധതയ്ക്ക് ഇനിയും പ്രസക്തിയുണ്ടോ എന്നു സി.പി.എം. ആലോചിക്കേണ്ടതുണ്ട്-ഒരു വട്ടമല്ല, മൂന്നു വട്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com