മാധ്യമസ്വാതന്ത്ര്യം പ്രതിക്കൂട്ടിലാവുമ്പോള്‍

ഇന്ത്യയില്‍ ഭരണഘടനാപരമായി മാധ്യങ്ങള്‍ക്കു പൗരനുള്ളതില്‍പ്പരം അഭിപ്രായ സ്വാതന്ത്ര്യമില്ല. എന്നാല്‍, മാധ്യമങ്ങളുടെ  സ്വാതന്ത്ര്യം പൗരന്റെ അഭിപ്രായ പ്രകടനത്തിനുമുള്ള മൗലികാവകാശത്തേക്കാള്‍ ഒട്ടും കുറവല്ല
മാധ്യമസ്വാതന്ത്ര്യം പ്രതിക്കൂട്ടിലാവുമ്പോള്‍

ഇന്ത്യയില്‍ ഭരണഘടനാപരമായി മാധ്യങ്ങള്‍ക്കു പൗരനുള്ളതില്‍പ്പരം അഭിപ്രായ സ്വാതന്ത്ര്യമില്ല. എന്നാല്‍, മാധ്യമങ്ങളുടെ  സ്വാതന്ത്ര്യം പൗരന്റെ അഭിപ്രായ പ്രകടനത്തിനുമുള്ള മൗലികാവകാശത്തേക്കാള്‍ ഒട്ടും കുറവല്ല താനും.  രശ്മിത ആര്‍. ചന്ദ്രന്‍ എഴുതുന്നു

''യാഥാര്‍ത്ഥ്യങ്ങളൊന്നും അപകീര്‍ത്തിപരമാവുന്നില്ല, സര്‍' -വില്ല്യം ഷേക്‌സ്പിയര്‍, റോമിയോ ആന്‍ഡ് ജൂലിയറ്റ്, 4.1(159-56). 


രാജ്യം സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ട് പിന്നിടുമ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ ഒരു കണക്കെടുപ്പ് അനിവാര്യമാവുകയാണ്. ഇതു മാധ്യമങ്ങള്‍ക്കു പ്രത്യേകമായി എന്തെങ്കിലും വൈശിഷ്ട്യമുള്ളതുകൊണ്ടല്ല, മറിച്ചു ലോര്‍ഡ് Donaldson പറഞ്ഞതുപോലെ അവ പൊതുജനത്തിന്റെ കണ്ണും കാതും ആവുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഒരു ജനാധിപത്യത്തില്‍ പൗരന് അറിയാനുള്ള അവകാശത്തിന്റെ അളവുകോല്‍ മാധ്യമങ്ങള്‍ക്കു പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം തന്നെയാണ്.


മാധ്യമസ്വാതന്ത്ര്യത്തില്‍ ഇന്ത്യ   

2017 ജനുവരി മാസത്തില്‍ Reporters without Borders എന്ന സംഘടന, ലോകത്തെ 180 രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തെ വിലയിരുത്തുമ്പോള്‍ നമ്മുടെ രാജ്യം പട്ടികയില്‍ 136-ാം സ്ഥാനത്തായിരുന്നു. നമുക്കു ചുറ്റുമുള്ള ചെറുരാഷ്ട്രങ്ങളായ ഭൂട്ടാന്‍, നേപ്പാള്‍, ബര്‍മ്മ തുടങ്ങിയ രാജ്യങ്ങള്‍ നമുക്ക് ഏറെ മുന്നില്‍ 84, 100, 131 എന്നീ ക്രമത്തിലാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. മൗലികവാദികള്‍ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്നു എന്നു നാം വിശ്വസിക്കുന്ന അഫ്ഘാനിസ്ഥാന്‍ പോലും പട്ടികയില്‍ 120-ാം സ്ഥാനത്തു സ്ഥാനം പിടിച്ചിട്ടുണ്ട്. ജീവപര്യന്തമടക്കമുള്ള ശിക്ഷകള്‍ക്കു വിധേയമാക്കാവുന്ന രാജ്യദ്രോഹ മുള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തപ്പെടാം എന്ന ഭയം മൂലം ഇന്ത്യയിലെ മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പ്രേരിതമാവുന്നു എന്നു പട്ടികയ്‌ക്കൊപ്പമുള്ള ലഘുവിവരണം സൂചിപ്പിക്കുന്നു. 2014 സെപ്റ്റംബര്‍ മാസത്തില്‍ വിഘടനവാദബന്ധം ആരോപിച്ചു അസ്‌സാം പൊലീസ് അറസ്റ്റ് ചെയ്ത ജയിഖ്‌ലോങ്ങ് ബ്രഹ്മയും 2011-ല്‍ മാവോവാദിബന്ധം ആരോപിച്ചു UAPA ചുമത്തി മൂന്നു വര്‍ഷം തടങ്കലില്‍ പാര്‍പ്പിച്ച സുധീര്‍ ധവലേയും ഈ ലഘുവിവരണത്തെ സാധൂകരിക്കാന്‍ പര്യാപ്തമായ ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുള്ള മാധ്യമപ്രവര്‍ത്തകരാണ്. 

ഭരണഘടനയും മാധ്യമ സ്വാതന്ത്ര്യവും 

ഇന്ത്യയില്‍ ഭരണഘടനാപരമായി മാധ്യമങ്ങള്‍ക്കു പൗരനുള്ളതില്‍പ്പരം അഭിപ്രായസ്വാതന്ത്ര്യമില്ല. എന്നാല്‍, മാധ്യമങ്ങളുടെ സ്വാതന്ത്ര്യം പൗരന്റെ അഭിപ്രായ പ്രകടനത്തിനും ആശയപ്രകാശനത്തിനുമുള്ള മൗലികാവകാശത്തെക്കാള്‍ ഒട്ടും കുറവല്ലതാനും. അതുകൊണ്ടുതന്നെയാണ് രാജ്യത്തിന്റെ അടിത്തറ ഇളക്കുന്നതോ രാജ്യത്തെ ഉന്മൂലനം ചെയ്യുന്നതോ ആയ രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ അഭിപ്രായസ്വാതന്ത്ര്യത്തെ ഭരണകൂടം നിയന്ത്രിക്കാവൂ എന്നു 'ക്രോസ്‌റോഡ്' പത്രത്തിന്റെ വിതരണം മദ്രാസില്‍ നിരോധിച്ച ഉത്തരവിനെ റദ്ദുചെയ്തുകൊണ്ടുള്ള വിധിന്യായത്തില്‍ (രൊമേഷ് ഥാപ്പര്‍ കേസ്, 1950) സുപ്രീംകോടതി അസന്ദിഗ്ദ്ധം പറഞ്ഞുവച്ചത്. തുടര്‍ന്നു വന്ന പല ഹൈക്കോടതി വിധികളും ഥാപ്പര്‍ വിധിക്കനുസൃതമായി മാധ്യമങ്ങളുടേയും പൗരന്റേയും അഭിപ്രായസ്വാതന്ത്ര്യത്തിനൊപ്പം നിന്നപ്പോള്‍, അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കു വിധേയം ആക്കേണ്ടതാണെന്നു ഭരണകൂടം തീരുമാനിച്ചുറപ്പിച്ചു. അങ്ങനെ 1951-ല്‍ കേവലം 16 മാസം പിന്നിട്ട ഭരണഘടനയെ ആദ്യത്തെ ഭേദഗതിക്കു വിധേയമാക്കിക്കൊണ്ട് 'പൊതുവ്യവസ്ഥയ്ക്ക്' ഹാനികരമായേക്കാവുന്ന അഭിപ്രായപ്രകാശന സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തി.
'പൊതുവ്യവസ്ഥയ്ക്ക്' ഹാനികരമായേക്കാവുന്ന, 'പൊതുതാല്പര്യത്തിനു വിരുദ്ധമായ' തുടങ്ങിയ തികച്ചും ആപേക്ഷികവും അവ്യക്തവുമായ തലങ്ങളില്‍ അഭിപ്രായപ്രകാശനം നിഷേധിക്കപ്പെടുമ്പോള്‍, ഇന്ത്യന്‍ മാധ്യമങ്ങള്‍ നിരന്തരമായ അരക്ഷിതാവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കേവലമായ നിയമലംഘനങ്ങളൊക്കെയും പൊതുവ്യവസ്ഥയെ ഹനിക്കുകയോ പൊതുതാല്പര്യത്തിനു വിരുദ്ധമായി നില്‍ക്കുകയോ ചെയ്യുന്നില്ല എന്നു പരമോന്നത നീതിപീഠം ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണെന്ന കാര്യം ഇവിടെ പ്രസ്താവ്യമാണ് (കനു ബിശ്വാസ് കേസ്, 1972; കിഷോരി മോഹന്‍ കേസ്, 1973). എന്നാല്‍, 'പൊതു' എന്നതിന്റെ മാനം കാലാകാലങ്ങളില്‍ വരുന്ന ഭരണകൂടത്തിനു അനുസൃതമായി മാറുന്നു. 'ജനഗണമന'യ്ക്കും പശുക്ഷേമ വൃത്താന്തങ്ങള്‍ക്കും അപ്പുറത്തേയ്ക്കു തൂലികയും നാവും ചലിപ്പിക്കുന്ന രാജ്യത്തെ ഓരോ മാധ്യമപ്രവര്‍ത്തകനും 'വിശുദ്ധ പശുക്കളുടെ' നിയമം വഴിയും നേരിട്ടുമുള്ള അക്രമങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. NDTV-ക്കെതിരെയുള്ള നിയമനടപടിയും സമകാലീക നമലയാളത്തിന്റെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് ആവശ്യപ്പെട്ടുള്ള പൊലീസ് നിര്‍ദ്ദേശവും ഇത്തരുണത്തില്‍ രണ്ടായി കാണാന്‍ കഴിയില്ല.

153 A IPC-യും സെന്‍കുമാര്‍ കേസും

വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ അഭിപ്രായ പ്രകടനം നടത്തുന്നവര്‍ക്കെതിരെ കുറ്റം ചുമത്തുന്നതാണ് ഇന്ത്യന്‍ പീനല്‍ക്കോഡിലെ സെക്ഷന്‍ 153 എ. ഇവിടെ കുറ്റാരോപിതനായ വ്യക്തി സംസ്ഥാനത്തിന്റെ തന്നെ നിയമഭദ്രതയുടെ മുഴുവന്‍ ചുമതലയും ഉണ്ടായിരുന്ന മുന്‍ പൊലീസ് മേധാവിയും. ഒരു മുന്‍ പൊലീസ് മേധാവി ഇത്രയേറെ അബദ്ധജടിലമായ മുന്‍ധാരണകള്‍ ഒരു വിഭാഗം ജനതയെക്കുറിച്ചു വച്ചുപുലര്‍ത്തിയിരുന്നു എന്ന അറിവ് ഞെട്ടിക്കുന്നതാണ്. രാഷ്ട്രീയ ഭിക്ഷാംദേഹികളായി വിരമിച്ച ഉദ്യോഗസ്ഥര്‍ (അതിനി വിരമിച്ച ജഡ്ജിമാര്‍ മുതല്‍ ഉന്നത പൊലീസ് മേധാവിവരെ ആരായാല്‍പ്പോലും) മാറുന്ന വര്‍ത്തമാനകാലക്കാഴ്ചകളില്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍, ഔദ്യോഗിക കാലയളവില്‍ ഇവര്‍ ഈ അഭിപ്രായത്തെ സാധൂകരിക്കുന്ന രീതിയില്‍ പദവിയെ ദുരുപയോഗം ചെയ്തിരുന്നോ എന്നു കൂടെ സംശയിക്കാന്‍ പൊതുസമൂഹത്തെ പ്രേരിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേയ്ക്കു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ ചെയ്തിരിക്കുന്നതു പൊതുതാല്പര്യ ഹര്‍ജിക്കാരന്‍ കോടതിക്കു മുന്നില്‍ കൊണ്ടുവരുന്ന വ്യവഹാരവിഷയത്തിനു തുല്യമായ വസ്തുതകളാണ്. സ്വന്തമായ താല്പര്യങ്ങളോ ലഭേച്ഛയോ അല്ല പൊതുതാല്പര്യം മാത്രമാണ് പൊതുതാല്പര്യ ഹര്‍ജികള്‍ക്കു പിന്നിലെ പ്രേരണ. അതുപോലെതന്നെ ജനാധിപത്യത്തിലെ പരമാധികാരിയായ 'electorate'നു മുന്നില്‍ വ്യവസ്ഥിതിയുടെ നാലാംതൂണായ മാധ്യമപ്രവര്‍ത്തകന്‍ സമര്‍പ്പിക്കുന്ന പൊതുതാല്പര്യ ഹര്‍ജിയാണ് ഇതുപോലെയുള്ള ഓരോ റിപ്പോര്‍ട്ടും. അന്നം തേടിയുള്ള അലച്ചിലില്‍ അരമന രഹസ്യങ്ങള്‍ തേടാന്‍ പാങ്ങില്ലാത്ത ഒരു ദരിദ്ര ജനത, തനിക്കുവേണ്ടി ഭരണം നടത്താന്‍ ജനാധിപത്യത്തിന്റെ കാവലാളുകളെ അയ്യഞ്ചു വര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുക്കുന്നതിനു മുന്‍പു തന്റെ തെരഞ്ഞെടുപ്പിനു പ്രധാനമായും ആധാരമാക്കുന്നതു മാധ്യമങ്ങള്‍ അവനു മുന്‍പില്‍ വയ്ക്കുന്ന ഇത്തരം 'ഇന്റലിജെന്‍സ് റിപ്പോര്‍ട്ടു'കളെയാണ്. അടിയന്തരാവസ്ഥയ്‌ക്കെതിരെ വിധിയെഴുതിയപ്പോഴും അഴിമതിയില്‍ ആടിയുലഞ്ഞ മൂന്നാം യു.പിയേയെ നാമമാത്രമായ സീറ്റുകളോടെ പ്രതിപക്ഷത്തിരുത്തിയപ്പോഴും സാധാരണക്കാരന്‍ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളെ ഗവണ്‍മെന്റുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ആക്കി മാറ്റുന്നത് എങ്ങനെയെന്നു നാം കണ്ടതാണ്. അതുകൊണ്ടുതന്നെ, രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് അഭ്യൂഹം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍ പൊലീസ് മേധാവി നടത്തിയ അഭിമുഖം പൊതുജനങ്ങള്‍ അറിയേണ്ടത് അനിവാര്യതയും എത്തിക്കേണ്ടതു മാധ്യമധര്‍മ്മവും മാത്രമാകുന്നു. 


ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന ആളുടെ സമ്മതത്തോടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സുപ്രീംകോടതി അംഗീകരിച്ചിട്ടുള്ളതാണ് (1982-ലെ പ്രഭു ദത്ത് കേസ്). ഉന്നതനായ മുന്‍ പൊലീസ് മേധാവിയുടെ ഇന്റര്‍വ്യൂ സമ്മതമില്ലാതെ റെക്കോര്‍ഡ് ചെയ്യുമെന്നു സാമാന്യത്തില്‍ താഴെ ബുദ്ധിയുള്ളവര്‍പോലും വിശ്വസിക്കില്ല. അടുത്തതു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച മാധ്യമത്തിനു IPC  സെക്ഷന്‍ 153 എ ബാധകമാവുമോ എന്ന കാര്യമാണ്. IPC  സെക്ഷന്‍ 153 എ പ്രകാരം ഉള്ള കുറ്റംതെളിയിച്ചിട്ടുണ്ടോ എന്നു തീരുമാനിക്കാന്‍ അതേ കോഡിന്റെ സെക്ഷന്‍ 124 എയുടെ മാനദണ്ഡങ്ങള്‍ തന്നെയാണ് കോടതികള്‍ അവലംബിക്കാറുള്ളത്. അതായതു രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്പര്‍ദ്ധ ഉണ്ടായതായി തെളിയിക്കപ്പെടണം. എന്നാല്‍, മുന്‍ പൊലീസ് മേധാവിയുടെ സമ്മതത്തോടെ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഇന്റര്‍വ്യൂവിന്റെ മേലുള്ള റിപ്പോര്‍ട്ട് രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ ഉണ്ടാക്കി എന്നൊരു കേസ് ഇതുവരെയും ഇല്ല. അപ്പോള്‍, എല്ലാ തെളിവുകളും ലഭിച്ചതുകൊണ്ട് മുന്‍ പൊലീസ് മേധാവിക്ക് അന്നേയ്ക്കന്നു ജാമ്യം കൊടുക്കാം എന്നു നിലപാടെടുത്ത പൊലീസ്, അതിനുശേഷം തെളിവെടുപ്പെന്നു പറഞ്ഞു മാധ്യമസ്ഥാപനത്തിലെ ഹാര്‍ഡ് ഡിസ്‌ക്‌പോലും കൈക്കലാക്കി പുതിയ തെളിവുകള്‍ ചമയക്കാന്‍ കാണിക്കുന്ന വ്യഗ്രത, മുന്‍ മൂപ്പനോട് വിധേയത്വം കാട്ടാനുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഉദ്യോസ്ഥ ദുഷ്പ്രഭുത്വത്തിനു ഉത്തമോദാഹരണമാണ്.


ഇവിടെയാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ ഉത്സാഹത്തോടെ മുന്‍കരുതലുകള്‍ എടുക്കേണ്ടത്. ഇല്ലെങ്കില്‍, ജനാധിപത്യ വിരുദ്ധരായ, സ്ത്രീ വിരുദ്ധരായ, ന്യൂനപക്ഷ വിരുദ്ധരായ ഉദ്യോഗസ്ഥ ഓന്തുകള്‍ തക്കംപാര്‍ത്തിരിക്കും, അടിത്തൂണ്‍പറ്റുന്നതിനു പിറ്റെന്നാള്‍ രാഷ്ട്രീയ പച്ചപ്പുകളിലേയ്ക്കു നിറം മാറ്റി ചേക്കേറാന്‍. അതിനായി അവര്‍ വഹിച്ചിരുന്ന ലാവണങ്ങളില്‍ മുന്‍കൂട്ടി വിട്ടുവീഴ്ചകള്‍ നടത്തിയിട്ടുണ്ടോ എന്നു ജനം ശങ്കിക്കുമ്പോള്‍ ഉത്തരം പറയേണ്ടിവരുന്നതു ജനായത്ത സര്‍ക്കാരായിരിക്കും. അതുകൊണ്ടുതന്നെ ആദ്യം പറഞ്ഞത് ആവര്‍ത്തിയ്ക്കുന്നു, ''ഒരു ജനാധിപത്യത്തില്‍ പൗരനു അറിയാനുള്ള അവകാശതിന്റെ അളവുകോല്‍ മാധ്യമങ്ങള്‍ക്കു പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം തന്നെയാണ്.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com