തലകള്‍ കുനിയുക തന്നെ വേണം, സോണിയാ ഗാന്ധിക്കു മുന്നില്‍

അങ്ങനെയൊരു തിരിച്ചറിവിന്റെ കാലത്തേക്ക്, ഈ രാഷ്ട്രീയ പ്രസ്ഥാനത്തെ കെട്ടുപോവാതെ കാത്തുവച്ചതില്‍ സോണിയ ഗാന്ധി നിര്‍വഹിച്ച പങ്ക് ചെറുതല്ല
തലകള്‍ കുനിയുക തന്നെ വേണം, സോണിയാ ഗാന്ധിക്കു മുന്നില്‍

SONIA DOES A GANDHI. കരഞ്ഞുകലങ്ങിനിന്ന കോണ്‍ഗ്രസ് നേതൃയോഗത്തെ കഠിനസ്‌നേഹത്തോടെ തള്ളിമാറ്റി സോണിയ പ്രധാനമന്ത്രി പദം വേണ്ടെന്നുവച്ചതിനെപ്പറ്റി ഒരു ദേശീയ ദിനപത്രം എഴുതിയത് ഇങ്ങനെയാണ്. സോണിയ ഡസ് എന്ന ഗാന്ധി. നമ്മുടെ അറിവില്‍ ഒരു ഗാന്ധിക്കു മാത്രം ചെയ്യാന്‍ പറ്റുന്നതായിരുന്നു അത്. അങ്ങനെയൊരു സ്ഥാനത്യാഗത്തിലൂടെ അധികാരത്തെ പൂര്‍ണമായും അവര്‍ അകറ്റിനിര്‍ത്തിയോ എന്ന ചര്‍ച്ച വേറെയാണ്. ലോകത്തെ ഏറ്റവും വലുത് എന്നു വിശേഷിപ്പിക്കപ്പെടുന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണസാരഥ്യത്തില്‍ പ്രത്യക്ഷത്തില്‍ അവരുണ്ടായിരുന്നില്ല എന്ന യാഥാര്‍ഥ്യത്തില്‍ നിന്നുകൊണ്ടുമാത്രമേ ആ ചര്‍ച്ചയിലേക്കു കടക്കാനാവൂ. അധികാരത്തിലേക്കു വെട്ടുകിളികളെപ്പോലെ പാറിവീഴുന്ന രാഷ്ട്രീയക്കാരുള്ള നാട്ടില്‍ അതൊരു അസാധാരണത്വം തന്നെയായിരുന്നു. 

'ഞാനെന്റെ ഉള്‍വിളിയെ അനുസരിക്കുന്നു'- അങ്ങനെയാണ് പ്രധാനമന്ത്രിപദം സ്വീകരിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അവര്‍ പറഞ്ഞത്. രാഷ്ട്രീയത്തില്‍ അത്തരം വാക്കുകള്‍ അപരിചിതമായിരുന്നതുകൊണ്ടാവണം, അതു നമ്മളില്‍ അത്രമേല്‍ അമ്പരപ്പുളവാക്കിയത്. എന്നാല്‍ സോണിയയുടെ ജീവചരിത്രത്തിലെ ഏടുകള്‍ മറിച്ചുനോക്കുക. ഓരോന്നിലും മുഴങ്ങിനില്‍ക്കുന്നുണ്ട്, അതേ വാക്കുകള്‍.

ഭംഗിയുള്ള ജീവിതരേഖയാണ് സോണിയ ഗാന്ധിയുടേത്. ഇറ്റലിയിലെ കൊച്ചുഗ്രാമമായ ഒര്‍ബാസനയില്‍നിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അധികാരകേന്ദ്രമായിരുന്ന പത്താം നമ്പര്‍ ജന്‍പഥിലേക്കുള്ള അവരുടെ സഞ്ചാരത്തില്‍ മനുഷ്യജീവിതത്തിന്റെ എല്ലാ അനിശ്ചിതത്വവും അപ്രതീക്ഷിതത്വവുമുണ്ട്. ചെറിയ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടമയായിരുന്നു സോണിയ മൈനോയുടെ പിതാവ്. കേംബ്രിഡ്ജിലെ ബെല്‍ സ്‌കൂള്‍ ഒഫ് ലാംഗ്വജസില്‍ ഇംഗ്ലീഷ് പഠിക്കാനയച്ചതാണ് മകളെ. വാഴ്‌സിറ്റി കഫേയില്‍ വെയ്ട്രസ് ആയി ജോലി നോക്കിയാണ് കേംബ്രിഡ്ജില്‍ സോണിയ ഉപജീവനം കണ്ടെത്തിയത്. അവിടെ വച്ചാണ് മെക്കാനിക്കല്‍ എന്‍ജിനിയറിങ് പഠിക്കാനെത്തിയ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നാണ് സോണിയ ഇതേക്കുറിച്ചു പറഞ്ഞത്. രാജീവിനൊപ്പം ജീവിക്കാനൊരുങ്ങുമ്പോള്‍ ഇന്ത്യയെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു, സോണിയയ്ക്ക്; ഭൂപടത്തില്‍ ഇന്ത്യ എവിടെയെന്നു പോലും. പാമ്പുകളും ആനകളുമുള്ള കാട്ടു പ്രദേശം എന്ന കേട്ടറിവു മാത്രമേ ഇന്ത്യയെക്കുറിച്ച് ഉണ്ടായിരുന്നുവെന്ന് അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട് സോണിയ. പിന്നീട് കാര്യങ്ങള്‍ വിശദമായി മനസിലാക്കിയപ്പോള്‍ ചെറിയ ഭീതിയും. നെഹ്‌റുഗാന്ധി കുടുംബം. സ്വതന്ത്ര ഇന്ത്യയുടെ അധികാര കേന്ദ്രം. ഇന്ദിര എന്ന ഉരുക്കുവനിത. എല്ലാം പക്ഷേ, വിദഗ്ധമായി കൈകാര്യം ചെയ്തു ആ ഇരുപത്തിരണ്ടുകാരി. 1968ല്‍ ഇന്ദിരയുടെ മരുമകളായി മിനി സ്‌കര്‍ട്ടിട്ടു വന്ന് നമ്മുടെ നെറ്റി ചുളിപ്പിച്ച സോണിയ ഇന്ദിരയുടെ തന്നെ സാരിചുറ്റി ഇന്ത്യയുടെ സ്‌നേഹം പിടിച്ചുവാങ്ങി. അധികാരത്തിരക്കുകള്‍ക്കു തൊട്ടടുത്ത് അവയെ തൊടാതെ സാദാ വടക്കേ ഇന്ത്യന്‍ കുടുംബിനിയെപ്പോലെ ഒതുങ്ങിക്കൂടി അവര്‍.

1980ല്‍ സഞ്ജയ് വിമാനാപകടത്തില്‍ മരിക്കുമ്പോള്‍ സോണിയയുടെ ഇന്ത്യന്‍ ജീവിതം വ്യാഴവട്ടം പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. അതിനു നാലാം വര്‍ഷമാണ് ഇന്ദിര വധിക്കപ്പെട്ടത്. 1992ല്‍ രാജീവും. ഒന്നിനു പിറകേ ഒന്നായി വന്ന ഈ ദുരന്തങ്ങളാണ് നെഹ്‌റു കുടുംബത്തിന്റെ കാരണവത്വം സോണിയയില്‍ കൊണ്ടെത്തിച്ചത്. അതിലൂടെ വന്നുചേര്‍ന്ന നേതൃപദവി വേണ്ടെന്നുവയ്ക്കുകയായിരുന്നു സോണിയ. 1991 മുതല്‍ 1997വരെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കണ്‍വെട്ടങ്ങളില്‍ എവിടെയും ഇല്ലായിരുന്നു സോണിയ ഗാന്ധി.

സോണിയ മാറിനിന്നപ്പോഴും കോണ്‍ഗ്രസ് പക്ഷേ സോണിയയ്ക്ക് ഒപ്പം തന്നെയുണ്ടായിരുന്നു എന്നു പറയുന്നതാവും ശരി. നിരന്തരമായ അഭ്യര്‍ഥനകള്‍, നിര്‍ബന്ധങ്ങള്‍. അങ്ങനെയാണ് സോണിയ സീതാറാം കേസരിയുടെ പിന്‍ഗാമിയായി കോണ്‍ഗ്രസ് അധ്യക്ഷപദത്തില്‍ എത്തിയത്. അലുക്കുകള്‍ വിട്ടുപോയ പുസ്തകം പോലെ താറുമാറായ കോണ്‍ഗ്രസിനെ പൂര്‍വരൂപത്തിലെത്തിക്കുന്നതില്‍ സോണിയ വഹിച്ച പങ്ക് ചരിത്രപരമാണ്. തകര്‍ച്ചയുടെ പടുകുഴിയില്‍നിന്നൊരു തിരിച്ചുവരവായിരുന്നു അത്. കുലപതികള്‍ കുറ്റിയറ്റുപോയ കോണ്‍ഗ്രസില്‍ തമ്മില്‍ത്തല്ലുന്ന യദുകുലത്തിന്റെ ജീനുകള്‍ വല്ലാതെ പ്രകടമായിരുന്നു. അപ്പുറത്താണെങ്കില്‍ തീവ്രദേശീയതയുടെയും വര്‍ഗീയതയുടെയും ക്ഷുദ്ര രാഷ്ട്രീയം ചുഴലി പോലെ ശക്തവും. ആ കാറ്റിലാണ് സോണിയ കോണ്‍ഗ്രസിനെ കെടാതെ പിടിച്ചത്. 

ഒരു നേതാവ് ഒരു പാര്‍ട്ടിയെ 'വളര്‍ത്തുക'യും തിരിച്ച് പാര്‍ട്ടി നേതാവിനെ വളര്‍ത്തുകകയും ചെയ്യുന്ന കൊടുക്കല്‍ വാങ്ങല്‍ രാഷ്ട്രീയമായിരുന്നു സോണിയയുടേതും കോണ്‍ഗ്രസിന്റേതും. ഒഴുക്കോടെ ഹിന്ദി പറയാന്‍ അറിയാത്ത, ഒരു ഭാഷയിലും നന്നായി പ്രസംഗിക്കാന്‍ വശമില്ലാത്ത, പരിചിത ശീലങ്ങള്‍ക്കു പുറത്തുനില്‍ക്കുന്ന ശരീരഭാഷ കൊണ്ടു തങ്ങളെ ക്ലേശിപ്പിച്ച ഈ നേതാവിനു കോണ്‍ഗ്രസുകാര്‍ നല്‍കിയ പിന്തുണ സമാനതകളില്ലാത്തതാണ്. നെഹ്‌റുവിനുള്ള ചിരപരിചിത്വമോ ഇന്ദിരയുടെ കമാന്‍ഡിങ് പവറോ രാജീവിന്റെ കരിസ്മയോ ഇല്ലാതിരുന്ന സോണിയയ്ക്ക് അതെല്ലാം കല്‍പ്പിച്ചു നല്‍കിയത് അവരായിരുന്നു, ഇന്നാട്ടിലെ സാധാരണ കോണ്‍ഗ്രസുകാര്‍. സമീപകാല ഇന്ത്യന്‍ ചരിത്രത്തില്‍ ഏതു നേതാവിനെയാണ് അണികള്‍ ഇത്രമാത്രം വളര്‍ത്തിയിട്ടുണ്ടാവുക? സോണിയയ്ക്കു കീഴില്‍ കോണ്‍ഗ്രസും കോണ്‍ഗ്രസുകാരും സ്വയം ഉണരുകയായിരുന്നു. ആ ഉണര്‍വ് കോണ്‍ഗ്രസിനെ ഭരണത്തില്‍ തിരിച്ചെത്തിച്ചു. അതിന്റെ മുഴുവന്‍ ക്രെഡിറ്റും സ്വന്തം പേരിലിരുന്നിട്ടും ഇന്ത്യ എന്ന വലിയ രാജ്യത്തിന്റെ ലോകം ശ്രദ്ധിക്കുന്ന ഭരണസാരഥ്യം വേണ്ടെന്നുവച്ച സോണിയയോട് ആദരവും അടുപ്പവും ഏറിയതേയുള്ളൂ, കോണ്‍ഗ്രസുകാര്‍ക്കും കോണ്‍ഗ്രസിനു പുറത്തുള്ളവര്‍ക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഉള്‍പ്പെടെ സോണിയയുടെ സ്വപനപദ്ധതികള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട യുപിഎ ഭരണനടപടികളില്‍ ഇന്ത്യന്‍ ജനസാമാന്യത്തിന്റെ ക്ഷേമം നിറഞ്ഞുനിന്നപ്പോള്‍ ആ അടുപ്പം പിന്നെയും കൂടി. അങ്ങനെയൊരു അടുപ്പം ബാക്കിവച്ചുതന്നെയാണ് സോണിയ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമരത്തുനിന്നു പടിയിറങ്ങുന്നത്. 

വിമര്‍ശനങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്, തിരിച്ചടികളും. സോണിയയ്ക്കു കീഴില്‍ തന്നെയാണ് കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത്. എന്നാല്‍ സോണിയ ഗാന്ധി എന്ന നേതാവിന്റെ ഔന്നത്യത്തെ ചോദ്യം ചെയ്യാന്‍ അവ മതിയാവാതെ വരും. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്തിനു നിലനില്‍ക്കണം എന്ന ചോദ്യത്തില്‍ രാജ്യത്തിന്റെ സമകാല രാഷ്ട്രീയം ശ്രദ്ധിക്കുന്ന ആര്‍ക്കെങ്കിലും സംശയമുണ്ടാവുമെന്നു തോന്നുന്നില്ല. അങ്ങനെയൊരു തിരിച്ചറിവിന്റെ കാലത്തേക്ക്, ഈ രാഷ്ട്രീയ പ്രസ്ഥാനത്തെ കെട്ടുപോവാതെ കാത്തുവച്ചതില്‍ സോണിയ ഗാന്ധി നിര്‍വഹിച്ച പങ്ക് ചെറുതല്ല. തൊപ്പികള്‍ അഴിച്ചുവച്ച് തലകുനിച്ചുകൊണ്ടുതന്നെ വേണം സോണിയാ ഗാന്ധിയുടെ വിശ്രമജീവിതത്തിനു മംഗളം പറയാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com