നസ്രാണി കത്തോലിക്ക സഭയിലെ ധനവും കടവും; ഡോ. സ്‌കറിയ സക്കറിയ എഴുതുന്നു 

ഇന്ന് നടക്കുന്നത് ചക്കളത്തിലെ പോരാണ്. ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ മെത്രാന്മാരും പുരോഹിതരും തിരശ്ശീലക്ക് പിന്നിലേക്ക് പിന്‍വാങ്ങും. അതോടെ മാധ്യമങ്ങള്‍ നിശബ്ദമാകും.
നസ്രാണി കത്തോലിക്ക സഭയിലെ ധനവും കടവും; ഡോ. സ്‌കറിയ സക്കറിയ എഴുതുന്നു 


സിറോ മലബാര്‍ സഭയുടെ കീഴിലുള്ള ഭൂമികള്‍ ചുളുവിലയ്ക്ക് വിറ്റഴിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാതലത്തില്‍ എഴുത്തുകാരനും ചിന്തകനുമായ ഡോ.സ്‌കറിയ സക്കറിയ എഴുതുന്നു.

"വ്യത്യസ്ത അഭിപ്രായമുള്ളവരെ ഭരണ വലയത്തിന് പുറത്തു നിര്‍ത്തി ദൈവരാജ്യം സ്ഥാപിക്കാനാണ് മെത്രാന്‍മാരും വൈദികരും സഭാസ്‌നേഹികളായ അല്മായരും തത്രപ്പെടുന്നത്. സുതാര്യതയല്ല രഹസ്യാത്മകതയാണ് അവര്‍ക്ക് വിശിഷ്ട സുകൃതം."
 

മാധ്യമങ്ങളില്‍ കാണുന്നതനുസരിച്ചാണെങ്കില്‍ സീറോ മലബാര്‍ സഭയില്‍/നസ്രാണി കത്തോലിക്ക സമുദായത്തില്‍ വലിയൊരു സംഘര്‍ഷം രൂപപ്പെടുകയാണ്.ഈ ധാരണ വിശദമായ പരിശോധനയും വ്യാഖ്യാനവും അര്‍ഹിക്കുന്നു. ഇത്തരം കൊടുങ്കാറ്റുകള്‍ ഇതിനു മുമ്പും സുറിയാനി കത്തോലിക്കരുടെയിടയില്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ കുറ്റം ചാര്‍ത്തപ്പെടുന്നവര്‍ മങ്ങൂഴത്തിലാവുന്നതോ അച്ചടക്ക നടപടിക്ക് വിധേയരാവുന്നതോ കണ്ടിട്ടുമുണ്ട്. എന്നാല്‍ അത്തരം സമ്മര്‍ദ്ദങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് സത്യസന്ധമായ ഒരു വിവരണം കിട്ടാറില്ല. വിഷയം മറിയക്കുട്ടി കൊലപാതകമോ ധനാപഹരണമോ ബാലപീഡനമോ എന്തുമാകാം. വിചാരണയോ വിശദീകരണമോ ഇല്ലാതെ അത്തരം സംഭവങ്ങളും വ്യക്തികളും മറവിയുടെ ഇരുട്ടുകുഴിയിലേക്ക് തള്ളപ്പെടുന്നു. ഇപ്പോള്‍ നടക്കുന്ന തീവ്ര വിവാദത്തിനും ഇതു തന്നെ സംഭവിക്കും എന്ന് ഭയപ്പെടുന്നു.

മറിച്ചാണെങ്കില്‍ സഭാ നിയമങ്ങളും രാജ്യത്തിന്റെ നിയമങ്ങളും കൃത്യമായി പിന്തുടര്‍ന്ന് വസ്തുതകള്‍ കണ്ടെത്തി സുതാര്യത സഭയിലുണ്ടാക്കണം. മലര്‍ന്ന കിടന്ന് തുപ്പരുത് എന്ന ന്യായം പറഞ്ഞ് കുറ്റവാളികളെ ഒളിപ്പിക്കരുത്. ചരിത്രത്തിലുടനീളം ഇത്തരം സംഭവങ്ങള്‍ കേരള ക്രൈസ്തവ സമൂഹത്തില്‍ അരങ്ങേറിയിട്ടുണ്ട്. അരങ്ങേറുന്നുമുണ്ട്.ഇതില്‍ സാധാരണ വിശ്വാസികള്‍ക്കും വൈദികര്‍ക്കും മെത്രാന്മാര്‍ക്കും വ്യക്തമായ പങ്കുണ്ട്. സഭാ വക സ്ഥാപനത്തില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ എല്ലാം ന്യായികരിക്കുന്നതിനാണ് ദൈവരാജ്യം പ്രതിഫലമായി ലഭിക്കുകയെന്ന വിശ്വാസം വ്യാപകമാണ്. മോഷണവും ധൂര്‍ത്തും സുകൃതങ്ങളായി മാറുന്നതെങ്ങനെ? നികുതി വെട്ടിപ്പും കോഴയും സഭാ സ്‌നേഹമായി വാഴ്ത്തപ്പെടുന്നത് എത്രയോ സന്ദര്‍ഭത്തില്‍ കേട്ടിട്ടുണ്ട്. കോടിക്കണക്കിന് രൂപ മുടക്കി മഹാദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ മാത്രമല്ല കണക്കു ചോദിക്കാതെ കണക്കറ്റ ധനം നല്‍കുന്നവരും ഈ പാപകര്‍മ്മത്തില്‍ പങ്കാളികളാണ്.

ഈ അപകടം പലപ്പോഴും സഭയിലെ ചുരുക്കം ചില മെത്രാന്മാരും വൈദികരും തിരിച്ചറിയുന്നു.സാമ്പത്തിക ക്രമക്കേട് കാട്ടിയവരെ ഫ്രാന്‍സിസ് പാപ്പ പുറത്താക്കിയത് മറന്നു കൂടാ.ബാലപീഡകരെ ഔദാര്യ പൂര്‍വം മാറ്റി നിര്‍ത്തുക മാത്രമേ അദ്ദേഹം ചെയ്‌തൊള്ളു. ഇത്തരം ധാരാളം വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്ന സഭാ സംവിധാനത്തില്‍ വീണ്ടുവിചാരത്തിനുള്ള ഒരു ശബ്ദവും ഒരിടത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുന്നില്ല. പള്ളി പണത്തിനും വസ്തുവകകള്‍ക്കും കണക്കു വയ്ക്കണം എന്ന് പറയുന്നതില്‍ യാതൊരു പുതുമയുമില്ല. കണക്കു പറയാനും കണക്കു ചോദിക്കാനും തത്വ നിഷ്ഠമായി ചര്‍ച്ച ചെയ്യാനും സുതാര്യമായി തീരുമാനമെടുക്കാനും കഴിയുന്ന സംവിധാനങ്ങള്‍ ഉണ്ടാകണം.

മര്‍ത്തോമ്മ നസ്രാണികള്‍ക്കാണ് ഇക്കാര്യത്തില്‍ അനന്യമായ പാരമ്പര്യമുള്ളത്. സഭയുടെ സാമ്പത്തിക കാര്യങ്ങളിലെ നടത്തിപ്പും പള്ളിയോഗമെന്ന സംവിധാനത്തിന്റെ ചുമതലയായിരുന്നു. ഇന്നും പളളിയോഗമുണ്ട് പക്ഷേ അതിന് വെറും ഉപദേശക സമിതിയുടെ സ്ഥാനം മാത്രം നല്‍കി ചരിത്രാവശിഷ്ടമായി സൂക്ഷികുന്നു. ഇത്തരം ചര്‍ച്ചകളിലേക്ക് കേരള ക്രൈസ്തവ സമുദായം ഉണരേണ്ട സന്ദര്‍ഭമാണിത്.മറിച്ച് പ്രദേശിക സംഘര്‍ഷമായോ ആരാധനക്രമ വിവാദമായോ ഏതാനും പുരോഹിതരുടെ വഴിപിഴച്ച പോക്കായോ ഇതിനെ ലഘുകരിച്ച് കാണരുത്. ഇത് സംവിധാനപരമായ പിഴയാണ്. സംവിധാനങ്ങള്‍ പൊളിച്ച് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി സുതാര്യത നഷ്ടപ്പെടുത്താതെ പള്ളിവക സ്വത്തുക്കളുടെ നടത്തിപ്പ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണം. ഇതാണ് കേരള ക്രൈസ്തവ  പാരമ്പര്യം.മറിച്ച് ഇന്ന് നടക്കുന്നത് ചക്കളത്തിലെ പോരാണ്. ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ മെത്രാന്മാരും പുരോഹിതരും തിരശ്ശീലക്ക് പിന്നിലേക്ക് പിന്‍വാങ്ങും.അതോടെ മാധ്യമങ്ങള്‍ നിശബ്ദമാകും. യഥാര്‍ത്ഥ കാരണങ്ങളിലേക്ക് കടന്ന് ചെല്ലാന്‍ പലരും ആഗ്രഹിക്കുന്നില്ല. വ്യത്യസ്ത അഭിപ്രായമുള്ളവരെ ഭരണ വലയത്തിന് പുറത്തു നിര്‍ത്തി ദൈവരാജ്യം സ്ഥാപിക്കാനാണ് മെത്രാന്‍മാരും വൈദികരും സഭാസ്‌നേഹികളായ അല്മായരും തത്രപ്പെടുന്നത്. സുതാര്യതയല്ല രഹസ്യാത്മകതയാണ് അവര്‍ക്ക് വിശിഷ്ട സുകൃതം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com