മന്തന്മാര്‍ മന്ത്രവാദം പഠിച്ചപോലെ....!

ആരുടെയും ഗതികേടില്‍നിന്ന് ആരും മുതലെടുക്കുന്നില്ല എന്ന് ഉറപ്പു വരുത്തുകയാണ് ജനായത്തഭരണത്തിന്റെ ഒന്നാമത്തെ ചുമതല.

മിശ്രസമ്പദ്‌വ്യവസ്ഥ എന്നാല്‍, മണ്ണാങ്കട്ടയും കരിയിലയും സഹകരിച്ചു കാശിക്കു പോയി സുഖമായി തിരിച്ചെത്തിയ കഥയല്ല. വാഴയുടെയും മുള്ളിന്റെയും കഥയാണ്. വാഴ മുള്ളില്‍ വീണാലും മുള്ള് വാഴയില്‍ വീണാലും പാവം വാഴതന്നെ തുലയുന്ന കഥ.
ഇതിനു കാരണം തേടി ഏറെ ദൂരമൊന്നും പോകാനില്ല. എന്തുകൊണ്ടെന്നാല്‍, ഈ പ്രപഞ്ചത്തില്‍ മനുഷ്യന്‍ മാത്രമാണ് സ്വസമൂഹത്തിലെ ഇതരാംഗങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലത്തില്‍നിന്ന് ഇരതേടുന്ന ഏകജീവി. കള്ളന്മാരും കൊള്ളക്കാരും ഒരു മറയും നാണവും ഇല്ലാതെ ഇതു ചെയ്യുന്നു. മഹാഭൂരിഭാഗവും കുറേക്കൂടി വലിയ കള്ളന്മാരായതിനാല്‍, സേവനമെന്ന പേരിലാണ് വിളയാടുന്നതെന്നു മാത്രമെ അന്തരമുള്ളൂ. അത്യാവശ്യങ്ങളും സുഖസൗകര്യങ്ങളും ആര്‍ഭാടങ്ങളുമായി ഏറെ കാര്യങ്ങള്‍ സാധിക്കാനുള്ളതിനാല്‍ മനുഷ്യര്‍ക്കിടയില്‍ കൊള്ളക്കൊടുക്കകള്‍ അനിവാര്യമായുമിരിക്കുന്നു. ആരുടെയും ഗതികേടില്‍നിന്ന് ആരും മുതലെടുക്കുന്നില്ല എന്ന് ഉറപ്പു വരുത്തുകയാണ് ജനായത്തഭരണത്തിന്റെ ഒന്നാമത്തെ ചുമതല. ദുസ്‌സാമര്‍ത്ഥ്യമുള്ളവനു സമൂഹത്തെ പിഴിയാന്‍ അവസരം കൊടുത്താലേ പുരോഗതിയും വികസനവും വരൂ എന്ന ധാരണ ഈ ചുമതലയുടെ വേരു മാന്തുന്നു. ദൗര്‍ഭാഗ്യവശാല്‍ ഈ ധാരണയാണ് കുറച്ചിടയായി നമ്മെ ഭരിക്കുന്നത്.
മദ്യം ഒരു ഉദാഹരണം. വില്‍ക്കുന്നതു സര്‍ക്കാറായേ പറ്റൂ എന്നു സര്‍ക്കാരിനു നിര്‍ബ്ബന്ധം. പക്ഷേ, ഉണ്ടാക്കുന്നതു വേറെ ആരെങ്കിലുമാവണം! സാധനത്തിന്റെ ഗുണം പോകട്ടെ, അതില്‍ വിഷമില്ല എന്ന് ഉറപ്പുവരുത്താനെങ്കിലും നല്ലത് അതു സര്‍ക്കാര്‍ തന്നെ ഉണ്ടാക്കുകകൂടി ചെയ്യുന്നതല്ലേ? അല്ല! കാരണമോ? അതു വെളിയില്‍ പറയാന്‍ കൊള്ളില്ല! ആരോഗ്യത്തിനു ഹാനികരം എന്നു പുറത്തെഴുതിയ സാധനം കച്ചവടം ചെയ്യുന്നതു നിര്‍ത്താന്‍ പറയുകയേ അരുത്. കാരണം, അതു നിര്‍ത്തിയാല്‍ സര്‍ക്കാര്‍ എന്ന വണ്ടി കട്ടപ്പുറത്തായിപ്പോവും!
ഉദാഹരണം രണ്ട്, ആരോഗ്യം. മരുന്നുവില ഉല്പാദകര്‍ ഏകപക്ഷീയമായി നിശ്ചയിക്കും. അതേപോലെ, സ്വകാര്യ ആതുരാലയങ്ങളുടെ ഉടമസ്ഥര്‍ ചികിത്സാനിരക്കുകളും നിശ്ചയിക്കും. ആവശ്യത്തിനു സര്‍ക്കാര്‍ ആശുപത്രികളില്ല, ഒരിക്കലും. ചെലവ് താങ്ങാനാവില്ല എന്നാണ് ന്യായം. നീതിപൂര്‍വ്വം നിരക്കുകള്‍ നിശ്ചയിച്ചു സര്‍ക്കാര്‍ ആശുപത്രിക്കും എന്തുകൊണ്ടു പുലര്‍ന്നുകൂടാ? നിസ്വരെ തിരിച്ചറിഞ്ഞു സൗജന്യം കൊടുക്കുകയല്ലേ വേണ്ടൂ?
പഞ്ചനക്ഷത്ര ആതുരാലയങ്ങളില്‍പ്പോലും ജീവനക്കാരില്‍ മഹാഭൂരിപക്ഷത്തിന്റെയും വേതനം സര്‍ക്കാറിലുള്ളതിന്റെ നാലിലൊന്നുപോലും ഇല്ല. ജീവിക്കാനാവശ്യമായ വേതനം എന്ന നിലയിലാണല്ലോ സര്‍ക്കാര്‍ ശമ്പളം നിശ്ചയിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ ശമ്പളം എല്ലാ ആശുപത്രികളിലും നല്‍കണം എന്നു നിഷ്‌കര്‍ഷിക്കരുതോ? ജോലിക്കാരെയും രോഗികളെയും ഒരേ സമയം പറ്റിക്കാന്‍ അവസരവും അവകാശവും നല്‍കിയില്ലെങ്കില്‍ ആരോഗ്യരംഗം തകര്‍ന്നുപോകുമെന്നാണോ?
കൂലി കൊടുക്കാതെ ലാഭമുണ്ടാക്കുന്ന വിദ്യ പഴഞ്ചനാണെങ്കിലും സര്‍ക്കാര്‍ അത് എല്ലാ തുറകളിലും നിശ്ശബ്ദം അനുവദിക്കുന്നു. പ്രൈവറ്റ് ബസ്‌സുകളിലെ കിളി, കണ്ടക്ടര്‍, ഡ്രൈവര്‍ എന്നിവരുടെയൊക്കെ വേതനവും ജോലിസമയവും ഏതളവിലാണെന്നു തിരക്കിയാല്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ വണ്ടികള്‍ നഷ്ടത്തിലോടുന്നതെന്നു മനസ്‌സിലാവില്ലേ? യോഗ്യതയോ പരിചയമോ ഇല്ലാത്തവരെ വണ്ടി ഓടിക്കാനും നടത്താനും നിശ്ചയിക്കുന്നത് അനുവദിക്കണോ? അപകടങ്ങള്‍ ഒഴിവാക്കാനായിട്ടെങ്കിലും വേണ്ടേ കൂടുതല്‍ നിഷ്‌കര്‍ഷ?
സ്വാശ്രയശീലം ജോലിക്കാരെയും ഉപഭോക്താക്കളെയും ഒരുപോലെ പിഴിയുന്ന മറ്റൊരു രംഗം വിദ്യാഭ്യാസം. ഒരുകാലത്ത് അദ്ധ്യാപകന് അരവയര്‍ നിറയാന്‍ പഴുതില്ലായിരുന്നു. അതു പരിഹരിച്ചതു മഹാനേട്ടമാണെന്നാലും അദ്ധ്യാപകനെ നിയമിക്കാനുള്ള അവകാശം വെറും കച്ചവടക്കാര്‍ക്കു നല്‍കിയതില്‍പ്പിന്നെ ആ മഹനീയ ജോലി ലേലം വിളിച്ചു വില്‍ക്കപ്പെടുന്നു. ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പരിഷ്‌കാരമെന്നല്ല, അടിസ്ഥാന സൗകര്യംപോലും ഇല്ലെന്നിരിക്കെ, കുട്ടികള്‍ പല ഭ്രമങ്ങളിലും അകപ്പെടുന്ന രക്ഷിതാക്കളുടെ മണ്ടത്തം കാരണം അപ്പുറത്തുള്ള സ്വാശ്രയത്തില്‍ വന്‍തുക തലവരി നല്‍കി ചേരുന്നു. അവിടെ പഠിപ്പിക്കുന്നവര്‍ ശരിയായ അടിസ്ഥാനയോഗ്യതപോലും ഇല്ലാത്തവര്‍! അവര്‍ക്കു കൊടുക്കുന്ന ശമ്പളമോ പുറത്തു പറയാന്‍ കൊള്ളാത്തതും!
ഒരു വശത്തു കഴിവും യോഗ്യതയുമുള്ള അദ്ധ്യാപകര്‍ സര്‍ക്കാറില്‍നിന്നു ശമ്പളം വാങ്ങി പഠിപ്പിക്കാന്‍ കുട്ടികളില്ലാതെ പ്രൊട്ടക്ടായും അണ്‍പ്രൊട്ടക്ടായും കഴിയുന്നു. മറുവശത്തു പഠിപ്പിക്കാന്‍ അറിഞ്ഞുകൂടാത്തവര്‍ മിനിമം കൂലിപോലും ഇല്ലാതെ കുട്ടികളെ മാനേജ് ചെയ്തു ദിവസം കഴിച്ചുകൂട്ടുന്നു. ഇതൊന്നും നേരെയാക്കാനാവില്ലെങ്കില്‍ എന്തിനാണ് നമുക്കൊരു വിദ്യാഭ്യാസവകുപ്പും ജോലിക്കാരും നയവും നിയമങ്ങളുമൊക്കെ? ഒരു വിദ്യാലയവും ഫീസല്ലാതെ ഒരു പൈസയും ഒരു കുട്ടിയോടും വാങ്ങരുതെന്നും ആ ഫീസിനു കൃത്യമായ നിരക്കുകള്‍ വേണമെന്നും അദ്ധ്യാപകര്‍ക്കു സര്‍ക്കാര്‍ നിരക്കില്‍ ശമ്പളം നല്‍കണമെന്നും ശഠിക്കാന്‍ എന്താണ് തടസ്‌സം? സര്‍ക്കാര്‍ സ്‌കൂളിലും രക്ഷകര്‍ത്താക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇളവുകളോടെ ഫീസു വാങ്ങരുതോ?
പ്രൊഫഷണല്‍ കോളേജുകളിലും ഇതേ രീതി ആയിക്കൂടെ? കച്ചവടം എന്തിന് അനുവദിക്കണം? സ്വിറ്റ്‌സര്‍ലന്റ് പോലെയുള്ള ഒരു മുതലാളിത്ത രാജ്യത്ത് ഒരു സ്‌കൂളും കോളേജും ആശുപത്രിയും പൊതുഗതാഗത സംവിധാനവും എന്തിന്, കൃഷിയിടംപോലും സ്വകാര്യമേഖലയില്‍ ഇല്ല. എല്ലാം സര്‍ക്കാറിന്റേയാണ്. നിലവിലുള്ള നിബന്ധനകള്‍ക്കു വിധേയമായി ഇതില്‍ മിക്കതും ആര്‍ക്കും വാടകയ്‌ക്കെടുത്തു നടത്താം.
ഇവിടെ സ്വാശ്രയത്തിന്റെ പേരില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ കാണുമ്പോള്‍ സങ്കടവും നാണവും സഹിക്ക വയ്യ. ലോ അക്കാദമി ആയാലും നെഹ്‌റു, റ്റോംസ് കോളേജുകള്‍ ആയാലും കഷ്ടംതന്നെ. അഭിരുചിയില്ലാത്തവര്‍ പഠിക്കാന്‍ വരുന്നു, അലമ്പുണ്ടാക്കുന്നു. പഠിപ്പിക്കാന്‍ കഴിവും യോഗ്യതയുമില്ലാത്തവര്‍ കുറഞ്ഞ ദിവസക്കൂലിക്കു ക്‌ളാസെ്‌സടുക്കുന്നു. പരീക്ഷ നാമമാത്രം. ഇന്റേണല്‍ അസസ്‌മെന്റ് വളരെ സൗകര്യം. യൂണിവേഴ്‌സിറ്റികളുടെ പരീക്ഷാവിഭാഗങ്ങള്‍ അഴിമതിയിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നു. സ്വന്തമായ യൂണിവേഴ്‌സിറ്റിതന്നെ ഉള്ള സ്വാശ്രയങ്ങളും ഉണ്ടായിരിക്കുന്നു! ആരോടും ചോദിക്കാനില്ല, പുട്ടു കുത്തിയെന്നപോലെ ആയിരക്കണക്കിനു പ്രൊഫഷണലുകള്‍ വര്‍ഷാവര്‍ഷം ആവി പറത്തി പിറക്കുന്നു. ഇതൊന്നും നേെരയാക്കാന്‍ ഒക്കില്ല എന്നൊരു നിസ്‌സഹായ മട്ടാണ് ഇവിടെ മാറിമാറിവരുന്ന ഭരണാധികാരികള്‍ക്ക്. തെരഞ്ഞെടുത്ത ജനങ്ങള്‍ ഇതൊക്കെയാണ് ആഗ്രഹിക്കുന്നതെന്ന് അറിയാഞ്ഞാവുമോ? ആവില്ല, കാരണം, ജനനേതാക്കളും ഇവിടെത്തന്നെയാണല്ലോ ജീവിക്കുന്നത്? ഒന്നുകില്‍ ആരെയൊ ഭയന്ന്, അല്ലെങ്കില്‍ കഴിവില്ലാഞ്ഞ്. രണ്ടായാലും കഷ്ടം. വിദ്യാര്‍ത്ഥി പ്രസ്ഥാനവും ആകെമൊത്തം അവസ്ഥയോടു സൃഷ്ടിപരമായി പ്രതികരിക്കുന്ന പതിവില്ല. വശീകരിക്കപ്പെട്ട് ഏതെങ്കിലും താല്പര്യങ്ങളുടെ പുറകെ പോകുന്ന വെറും എലികളോ ആടുകളോ ആയി അവര്‍ നിരാശ്രയരാവുന്നു. കല്ലെറിഞ്ഞും തല്ലിത്തകര്‍ത്തും കത്തിച്ചും കുറേ പൊതുമുതല്‍ നശിപ്പിച്ചും സ്വന്തം കൈകാലുകളും ദേഹവും ജീവനും ആഹൂതി ചെയ്തും ഏതാനും പേരെ നേതാക്കന്മാരായി അവരോധിച്ചാല്‍ അണികളുടെ പണികഴിഞ്ഞു.
എന്റെ കുട്ടിക്കാലത്ത് എങ്ങുനിന്നോ ഒരു മന്ത്രവാദി ഞങ്ങളുടെ ഗ്രാമത്തില്‍ വന്നു. ചുട്ട കോഴിയെ പറപ്പിക്കുമെന്ന ഖ്യാതി അതിവേഗം ചുറ്റുവട്ടത്തു പരന്നു. അദ്ദേഹത്തിനു കുറഞ്ഞ കാലംകൊണ്ടു പതിനേഴു ശിഷ്യന്മാരുണ്ടായി. എന്തിനുമേതിനും ആര്‍ക്കെതിരെയും പ്രയോഗിക്കാവുന്ന പരിഹാരമില്ലാക്രിയകള്‍ അദ്ദേഹം പഠിപ്പിക്കുന്നെന്നു പറയപ്പെട്ടു. പത്രങ്ങളും ടെലിവിഷനും റേഡിയോയും അവയിലൂടെയുള്ള പരസ്യങ്ങളും ഒന്നുമില്ലാത്ത ആ കാലത്തും ഇതൊക്കെ അത്ര വേഗം നാട്ടില്‍ പാട്ടായതാണ് അത്ഭുതം.
അങ്ങനെ ഇരിക്കെ ഒരു ദിവസം അദ്ദേഹത്തെ കാണാനില്ലാതായി എന്നതാണ് അടുത്ത അത്ഭുതം. വിസ്മയകരമായ തിരോധാനവിദ്യ! ചാരായക്കടയില്‍നിന്ന് ഇറങ്ങി വയല്‍വരമ്പില്‍ കയറുന്നതു കണ്ടവരുണ്ട്. രാത്രിയിലായിരുന്നു. വാണംപോലെ ഒന്നു വയലില്‍നിന്നു കുത്തനെ ആകാശത്തേക്ക് ഉയരുന്നതു കണ്ടവരും ഉണ്ട്. പതിനേഴു ശിഷ്യരുടേയും അമ്മമാരുടേയും പെങ്ങന്‍ന്മാരുടേയും മുഴുവന്‍ ആഭരണവും അദ്ദേഹത്തോടൊപ്പം കാണാതായി എന്നതായിരുന്നു അതിലേറെ വലിയ അത്ഭുതം! എല്ലാം ഗുരു ഫീസായും നിരതദ്രവ്യമായും വാങ്ങിയിരുന്നു. എത്രയാണ് നഷ്ടപ്പെട്ടതെന്ന് ആരും വെറെ ആരോടും പറയാത്തതിനാല്‍ പൊലീസന്വേഷണമോ കൃത്യമായ കണക്കെടുപ്പുപോലുമോ ഒരിക്കലും നടന്നുമില്ല.
നാട്ടിന് ആകെ കിട്ടിയ മിച്ചം മന്തന്‍മാര്‍ മന്ത്രവാദം പഠിച്ചപോലെ എന്നൊരു ചൊല്ലാണ്.    
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com