ലോ അക്കാദമിയോ ലോലെസ്‌സ് അക്കാദമിയോ?

വിദ്യാര്‍ത്ഥിവര്‍ഗ്ഗ വഞ്ചകരുടെ ധര്‍മ്മം നിര്‍വ്വഹിച്ചവര്‍ എന്ന നിലയിലായിരിക്കും സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുക.
ലോ അക്കാദമിയോ ലോലെസ്‌സ് അക്കാദമിയോ?

അര നൂറ്റാണ്ടായി പേരൂര്‍ക്കടയില്‍ പ്രവര്‍ത്തിക്കുന്ന 'കേരള ലോ അക്കാദമി ലോ കോളേജ്’ പേരു വച്ചു നോക്കിയാല്‍ വിദ്യാര്‍ത്ഥികളെ നിയമം പഠിപ്പിക്കുന്ന സ്ഥാപനമാണ്. പക്ഷേ, നാളിതുവരെ ആ സ്ഥാപനം സ്വയം ഒരു നിയമവും പാലിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ഒരു മാസമായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചു സംസ്ഥാനത്തു നിലവിലുള്ള സര്‍വ്വനിയമങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കാനുള്ള 'സൗഭാഗ്യം’ ലോ അക്കാദമിക്കു കൈവന്നു. ക്ഷമിക്കണം, ആ സൗഭാഗ്യം കേരളത്തിലെ വ്യത്യസ്ത രാഷ്ട്രീയ നേതൃത്വം കാലാകാലങ്ങളില്‍ ആ സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ക്കു തളികയില്‍ വച്ചുകൊടുത്തു എന്നു പറയുന്നതാവും ശരി.
കേരള യൂണിവേഴ്‌സിറ്റിയുടെ മൂക്കിനു താഴെ പ്രവര്‍ത്തിക്കുന്ന ലോ അക്കാദമിക്ക് യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷന്‍ ഉണ്ടെന്നും ഇല്ലെന്നും പറയുന്നു. അഫിലിയേഷനുണ്ടെങ്കില്‍ അതിന്റെ രേഖകള്‍ യൂണിവേഴ്‌സിറ്റിയില്‍ കാണണം. കാണുന്നില്ലെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നത്. അഫിലിയേഷന്‍ രേഖകളില്ലാത്ത കോളേജ് എങ്ങനെയാണ് അഫിലിയേറ്റഡ് കോളേജ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചുപോന്നത്? വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികളില്‍പ്പെട്ട പ്രമുഖര്‍ പലരും ചുളുവില്‍ (എന്നുവച്ചാല്‍ ക്‌ളാസ്‌സില്‍ ഹാജരാകാതേയും മറ്റു നിബന്ധനകള്‍ പാലിക്കാതേയും) നിയമബിരുദം സമ്പാദിച്ച കോളേജിനു അഫിലിയേഷനെന്തിന്, രേഖയെന്തിന്?
അഫിലിയേഷന്‍ തെളിയിക്കുന്ന കടലാസുകളില്ലാത്തതു മാത്രമല്ല പ്രശ്‌നം. അഞ്ചു ദശകം മുന്‍പ് ലോ അക്കാദമിക് സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ 11.49 ഏക്കര്‍ ഭൂമിയുടെ അവകാശ രൂപാന്തരത്തെക്കുറിച്ചും ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നു. 1968-ല്‍ സി.പി.ഐയുടെ അന്നത്തെ മുഖ്യമന്ത്രി എം.എന്‍. ഗോവിന്ദന്‍ നായരാണ് ആറു വര്‍ഷത്തെ പാട്ടത്തിനു അക്കാദമിക് ഭൂമി നല്‍കിയത്. റവന്യു മന്ത്രി കെ.ആര്‍. ഗൗരി അറിയാതെയായിരുന്നു ആ നടപടി. റവന്യു വകുപ്പറിയാതെ സര്‍ക്കാര്‍ ഭൂമി എങ്ങനെ കൃഷിവകുപ്പു പാട്ടത്തിനു നല്‍കി എന്ന ചോദ്യം നിലനില്‍ക്കെത്തന്നെ 1975-ല്‍ സി.പി.ഐക്കാരനായ സി. അച്യുതമേനോന്‍ മുഖ്യമന്ത്രി പദത്തിലിരിക്കുമ്പോള്‍ പാട്ടക്കാലാവധി മുപ്പതു വര്‍ഷമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
പാട്ടത്തിനു നല്‍കപ്പെട്ട ഭൂമി 1984-ല്‍ ലോക്കു അക്കാദമിക്കു പതിച്ചു നല്‍കുന്ന വൈചിത്ര്യമാണ് പിന്നീടു കാണുന്നത്. കോണ്‍ഗ്രസ്‌സുകാരനായ കെ. കരുണാകരന്‍ മുഖ്യമന്ത്രിയും കേരള കോണ്‍ഗ്രസ്‌സുകാരനായ പി.ജെ. ജോസഫ് റവന്യു മന്ത്രിയുമായിരിക്കെയായിരുന്നു ഈ പതിച്ചു നല്‍കല്‍. അക്കാലത്തെല്ലാം അധികാരികള്‍ പറഞ്ഞതു ലോ അക്കാദമി ഒരു സ്വകാര്യ സ്ഥാപനമല്ലെന്നായിരുന്നു. ഗവര്‍ണര്‍ മുഖ്യരക്ഷാധികാരിയും മുഖ്യമന്ത്രി രക്ഷാധികാരിയും വിദ്യാഭ്യാസമന്ത്രി, റവന്യു മന്ത്രി, മൂന്നു ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ അംഗങ്ങളുമായ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ലോ അക്കാദമി എന്നു വിശദീകരിക്കപ്പെട്ടു. പക്ഷേ, കാലം മുന്നോട്ടു പോയപ്പോള്‍ കഥയാകെ മാറി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതെന്നു വിശേഷിപ്പിക്കപ്പെട്ട നിയമവിദ്യാഭ്യാസ സ്ഥാപനം ഫലത്തില്‍ ഒരു കുടംബത്താല്‍ നിയന്ത്രിക്കപ്പെടുന്ന ട്രസ്റ്റിന്റെ കീഴിലമര്‍ന്നു.
അക്കാദമിയിലെ കുടുംബവാഴ്ച മാത്രമല്ല, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍പ്പെട്ട നേതാക്കളെ തരാതരം കൂട്ടുപിടിച്ചു സ്വന്തമാക്കിയ സര്‍ക്കാര്‍ ഭൂമി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു മാത്രമല്ല വിനിയോഗിക്കപ്പെടുന്നതെന്ന വസ്തുത കൂടി വിമര്‍ശകര്‍ എടുത്തുകാട്ടുന്നുണ്ട്. നിയമവിദ്യാഭ്യാസത്തിന്റേയും സര്‍വ്വകലാശാലയുടേയും ഭാഗമായ ചില നേതാക്കളേയും ഉദ്യോഗസ്ഥരേയും സ്വാധീനിച്ചു തങ്ങളുടെ ഹിതം നടപ്പാക്കുന്നതിലും സാമ്പത്തികവും അക്കാദമികവുമുള്‍പ്പെടെയുള്ള തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിലും ലക്ഷ്മി നായരുടെ അച്ഛന്‍ നാരായണന്‍ നായരും കുടുംബാംഗങ്ങളും വിജയിച്ചിരിക്കുന്നു എന്നു ചുരുക്കം.
പ്രിന്‍സിപ്പലിന്റെ കസേരയിലിരുന്ന ലക്ഷ്മി നായരുടെ വിദ്യാഭ്യാസ യോഗ്യതയും സംശയത്തിന്റെ കരിനിഴലിലാണ്. ശ്രീമതി നായരുടെ എല്‍.എല്‍.ബി. പ്രവേശനം തന്നെ നിയമവിരുദ്ധമായിരുന്നു എന്നത്രേ 'മാതൃഭൂമി’ (5-2-2017) വ്യക്തമാക്കുന്നത്. ബിരുദം നേടിയവര്‍ക്കു കേരള സര്‍വ്വകലാശാല, ബാര്‍ കൗണ്‍സിലിന്റെ അംഗീകാരം തേടാതെ, പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായി ചേരാന്‍ അനുമതി നല്‍കി. ചട്ടവിരുദ്ധമായ ഈ ലാറ്ററല്‍ എന്‍ട്രി സംവിധാനം സര്‍വ്വകലാശാല പിന്നീടു പിന്‍വലിച്ചെങ്കിലും ആ സംവിധാത്തിന്റെ ബലത്തില്‍ ലോ അക്കാദമിയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായി ചേര്‍ന്നാണ് ലക്ഷ്മി നായര്‍ നിയമബിരുദം ഒപ്പിച്ചത്. തന്നെയുമല്ല, നിയമബിരുദ വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ അവര്‍ ആന്ധ്രയിലെ വെങ്കടേശ്വര സര്‍വ്വകലാശാലയുടെ എം.എ. (ചരിത്രം) പരീക്ഷ എഴുതുകയും ചെയ്തു. ഒരേ സമയം രണ്ടു കോഴ്‌സിനു പഠിക്കുന്നതു നിയമവിരുദ്ധമാണ്. അങ്ങനെ വരുമ്പോള്‍ ലക്ഷ്മി നായരുടെ എല്‍.എല്‍.ബി ബിരുദം നിയമസാധുതയില്ലാത്തതാണെന്നു പറയേണ്ടിവരും.
ലോ അക്കാദമിയില്‍ പ്രിന്‍സിപ്പല്‍ പദവിയിലിരുന്ന ശ്രീമതി നായര്‍ ജാതിശ്രേണിയില്‍ താഴെ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ, വിശേഷിച്ച് ദളിത് വിഭാഗത്തില്‍പ്പെട്ടവരെ ജാതിയുടെ പേരില്‍ അവഹേളിക്കുകയും ദ്രോഹിക്കുകയും ചെയ്തു എന്ന ആരോപണവും ഉയരുകയുണ്ടായി. വൈകിയാണെങ്കിലും പട്ടികജാതി അതിക്രമം തടയല്‍ നിയമപ്രകാരം അവര്‍ക്കെതിരെ പൊലീസ് കേസെ്‌സടുത്തിട്ടുണ്ട്. പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ജാമ്യമില്ലാ വകുപ്പില്‍ വരുന്ന കേസാണെങ്കിലും ഭരണത്തിന്റെ അത്യുന്നതങ്ങളില്‍ അതിരുവിട്ട സ്വാധീനമുള്ള ലക്ഷ്മി നായര്‍, 'നല്ല മനശ്ശക്തി’യോടെ ഇപ്പോഴും പൊതുസമൂഹത്തില്‍ വിരാജിക്കുന്നു.
ലോ അക്കാദമിയെ ഫലത്തില്‍ ലോലെസ്‌സ് അക്കാദമിയാക്കുകയും തനിക്കിഷ്ടമില്ലാത്ത വിദ്യാര്‍ത്ഥികളെ ഇന്റേണല്‍ മാര്‍ക്ക് എന്ന ആയുധംഉപയോഗിച്ചും അല്ലാതെയും പല മട്ടില്‍ ദ്രോഹിക്കുകയും ചെയ്യുന്ന പ്രിന്‍സിപ്പലെ ആ പദവിയില്‍നിന്നു എന്നന്നേയ്ക്കുമായി നീക്കം ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ സമരമാരംഭിച്ചത്. സമരത്തില്‍ പിന്നീടു ചേര്‍ന്ന എസ്.എഫ്.ഐ., പാര്‍ട്ടി മേലാളരുടെ ഉത്തരവു പ്രകാരം വഴിക്കുവച്ചു സമരത്തില്‍നിന്നു പിന്മാറി. എങ്കിലും എ.ഐ.എസ്.എഫ്., കെ.എസ്.യു. എ.ബി.വി.പി., എം.എസ്.എഫ്. എന്നീ വിദ്യാര്‍ത്ഥിസംഘങ്ങള്‍ ഇതെഴുതുമ്പോഴും പ്രക്ഷോഭരംഗത്തു തുടരുകയാണ്. അതേ സമയം സര്‍ക്കാര്‍ അക്കാദമിക്ക് നല്‍കിയ ഭൂമിയുടെ വിനിയോഗത്തില്‍ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിട്ടും അതേപ്പറ്റി യാതൊരു അന്വേഷണവും നടത്തുകയില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രിന്‍സിപ്പലുടെ രാജി ആവശ്യപ്പെടില്ലെന്ന നിലപാടില്‍ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥും ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.
മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസ മന്ത്രിയുടേയും നിലപാടുകള്‍ സൂചിപ്പിക്കുന്നത് ഇടതുമുന്നണി സര്‍ക്കാരിനെ നയിക്കുന്ന സി.പി.ഐ.എം ലോ അക്കാദമി വിഷയത്തില്‍ വിദ്യാര്‍ത്ഥികളോടൊപ്പമല്ല, അക്കാദമിയെ ഭരിക്കുന്ന കുടുംബത്തോടൊപ്പമാണെന്നാണ്. 
മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന മാര്‍ക്‌സിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദനല്ല, അതിനപ്പുറമുള്ളവര്‍ പറഞ്ഞാലും ലക്ഷ്മി നായരേയും കുടുംബത്തേയും കൈവിടാന്‍ സി.പി.ഐ.എം നേതൃത്വത്തിനു സാധിക്കില്ലെന്നിടത്താണ് കാര്യങ്ങളുടെ കിടപ്പ്. പാര്‍ട്ടിയില്‍ പരിധിവിട്ട സ്വാധീനം നേടിയെടുത്തവര്‍ക്കു യാതൊരു നിയമവും ബാധകമല്ലെന്നും അവരെ ഏതെങ്കിലും വിധത്തില്‍ വേദനിപ്പിക്കുന്ന ഒരു നടപടിയും സ്വീകരിക്കാന്‍ സി.പി.ഐ.എം തയ്യാറല്ല എന്നുമാണതിനര്‍ത്ഥം. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ രോഹിത് വെമുലയ്ക്കുവേണ്ടിയും ജൈ.എന്‍.യുവിലെ കനയ്യകുമാറിനുവേണ്ടിയും പോര്‍മുഖമൊരുക്കിയവര്‍ ഇങ്ങു തങ്ങള്‍ ഭരിക്കുന്ന കേരളത്തില്‍ ഞങ്ങള്‍ക്കു വേണ്ടപ്പെട്ടവര്‍ ദളിത് വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോള്‍ പോരിനും വീരിനും മനഃസാക്ഷിക്കുത്തേതുമില്ലാതെ അവധി നല്‍കുന്നു!
എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ അവസ്ഥയാണ് പരമദയനീയം. 'സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ്’ എന്ന മുദ്രാവാക്യം ദിഗന്തം പൊട്ടുമാറുച്ചത്തില്‍ വിളിച്ചു വളര്‍ന്ന സംഘടനയാണത്. ലോ അക്കാദമി പ്രക്ഷോഭത്തില്‍നിന്നു പാതിവഴിയില്‍ പിന്തിരിഞ്ഞ അവര്‍ തങ്ങളുടെ 'സ്വാതന്ത്ര്യ’ത്തില്‍ ദളിതരുടെ സ്വാതന്ത്ര്യമോ തങ്ങളുടെ 'ജനാധിപത്യ’ത്തില്‍ ദളിതരുടെ ജനാധിപത്യാവകാശങ്ങളോ തങ്ങളുടെ 'സോഷ്യലിസ’ത്തില്‍ ദളിതരുടെ സ്ഥിതിസമത്വമോ ഉള്‍പ്പെടുകയില്ലെന്ന സുവ്യക്ത സന്ദേശമാണ് നല്‍കിയത്. ആ പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥിവര്‍ഗ്ഗ വഞ്ചകരുടെ ധര്‍മ്മം നിര്‍വ്വഹിച്ചവര്‍ എന്ന നിലയിലായിരിക്കും സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com