അഖില(ഹാദിയ) സംഭവവും പോപ്പുലര്‍ ഫ്രണ്ടും

അഖില ഹാദിയ ആയാല്‍ കുഴപ്പമെന്ത്? ഒരു കുഴപ്പവുമില്ല. പക്ഷേ, പേര് മാത്രമല്ല അഖില മാറ്റിയത്. തന്റെ മതവും മാറ്റി. ഹിന്ദുവായിരുന്ന അഖില മുസ്‌ലിമായി. അതില്‍ വല്ല തെറ്റുമുണ്ടോ?
അഖില(ഹാദിയ) സംഭവവും പോപ്പുലര്‍ ഫ്രണ്ടും


ന്നര വര്‍ഷം മുന്‍പാണ് സംഭവം. വൈക്കം ടി.വി. പുരം സ്വദേശി അഖില ഹാദിയയായി. അഖില ഹാദിയ ആയാല്‍ കുഴപ്പമെന്ത്? ഒരു കുഴപ്പവുമില്ല. പക്ഷേ, പേര് മാത്രമല്ല അഖില മാറ്റിയത്. തന്റെ മതവും മാറ്റി. ഹിന്ദുവായിരുന്ന അഖില മുസ്‌ലിമായി. അതില്‍ വല്ല തെറ്റുമുണ്ടോ? ഒരു തെറ്റുമില്ല. മുസ്‌ലിമായി മാറിയ ശേഷം അഖില എന്ന ഹാദിയ 2016 ഡിസംബര്‍ 19-ന് കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍ എന്ന മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചു. അതില്‍ എന്തെങ്കിലും ശരികേടുണ്ടോ? ഒരു ശരികേടുമില്ല. കാരണം, ഇന്ത്യയുടെ ഭരണഘടനയനുസരിച്ച് മതം മാറാനും പേരു മാറാനും നിര്‍ദ്ദിഷ്ട പ്രായമെത്തിയാല്‍ ഇഷ്ടപ്പെട്ടയാളെ വേള്‍ക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം പൗരന്മാര്‍ക്കുണ്ട്. 

എന്നിട്ടും കേരള ഹൈക്കോടതി ഹാദിയ-ഷഫിന്‍ വിവാഹത്തിനു നിയമസാധുതയുണ്ടെന്നു സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. ഡിവിഷന്‍ ബെഞ്ച് മെയ് 24-ന് പുറപ്പെടുവിച്ച വിധിയില്‍ വിവാഹം അസാധുവാണെന്നു വ്യക്തമാക്കുകയും അഖില എന്ന ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വാഭീഷ്ടപ്രകാരം വിവാഹം ചെയ്യാമെന്നിരിക്കെ ഹാദിയയുടെ വിവാഹം കോടതി അംഗീകരിക്കാതിരുന്നത് അന്യായവും മൗലികാവകാശനിഷേധവുമാണെന്ന ആരോപണം ചില കേന്ദ്രങ്ങളില്‍നിന്നുയരാന്‍ താമസമുണ്ടായില്ല. 

ആരോപകരുടെ മുന്‍നിരയില്‍ കാണുന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ കൂട്ടായ്മകളേയുമാണ്. അവയും കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ പോലുള്ള സംഘടനകളുമടങ്ങുന്ന മുസ്‌ലിം ഏകോപനസമിതി കോടതിവിധിയില്‍ പ്രതിഷേധിച്ച് മെയ് 29-ന് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തുകയുണ്ടായി. പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള പത്രമാസികകളില്‍ വിധിക്കെതിരെ മുഖപ്രസംഗങ്ങളും ലേഖനങ്ങളും പ്രത്യക്ഷപ്പെടുകയും ചെയ്തു. ഡിവിഷന്‍ ബെഞ്ചിന്റെ വിധിന്യായത്തില്‍ ഹിന്ദുത്വപക്ഷപാതവും മുസ്‌ലിം വിരുദ്ധതയുമൊക്കെയാണ് പി.എഫ്.ഐക്കാര്‍ ഉള്‍പ്പെടെയുള്ള വിമര്‍ശകര്‍ കണ്ടെത്തുന്നത്. 

കോടതിയെ അടച്ചാക്ഷേപിക്കുന്നതിനു മുന്‍പ് ആരോപകര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

ഒന്ന്: അഖിലയുടെ അച്ഛന്‍ അശോകന്‍ 2016 ജനുവരി 19-ന് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ആദ്യത്തെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം കേട്ട ന്യായാസനം അഖിലയോട് മെഡിക്കല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി സ്വയം പര്യാപ്തയാകാന്‍ ആവശ്യപ്പെട്ടു. ആ യുവതിയുടെ താല്‍പ്പര്യപ്രകാരം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സൈനബ എന്ന സാമൂഹിക പ്രവര്‍ത്തകയോടൊപ്പം പോകാന്‍ കോടതി അനുവദിക്കുകയും ചെയ്തു. അതേസമയം, കോടതിയുടെ കസ്റ്റഡിയിലായിരിക്കും താനെന്നു അഖില എന്ന ഹാദിയയെ ബോധ്യപ്പെടുത്തുകയും ചെയ്തു നീതിപീഠം. പക്ഷേ, കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായി മഞ്ചേരിയിലെ മതപരിവര്‍ത്തന കേന്ദ്രത്തില്‍ ഇസ്‌ലാംപഠനത്തിനു പോവുകയും 2016 ഡിസംബര്‍ 19-ന് ഷഫിന്‍ ജഹാനെ വിവാഹം കഴിക്കുകയുമാണ് ഹാദിയ ചെയ്തത്. കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയുള്ള യുവതിയുടെ നീക്കങ്ങളും വിവാഹവും ന്യായാധിപരില്‍ സംശയം ജനിപ്പിക്കുക സ്വാഭാവികമാണ്. 

രണ്ട്: മുസ്‌ലിം ഏകോപന സമിതിക്കാര്‍ ഷഫിന്‍-ഹാദിയ വിവാഹം ഇസ്‌ലാമികമായി നിലനില്‍ക്കുന്നതാണോ എന്നു പരിശോധിക്കണം. ഇസ്‌ലാം മതവിശ്വാസികളുടെ വിവാഹം (നിക്കാഹ്) വരനും വധുവിന്റെ പിതാവും തമ്മിലുള്ള കരാറാണ്. പിതാവ് തന്റെ പുത്രിയെ വരനു നിക്കാഹ് ചെയ്തുകൊടുക്കുന്നു. പിതാവ് ജീവിച്ചിരിപ്പില്ലെങ്കില്‍ വധുവിന്റെ സഹോദരനോ മറ്റേതെങ്കിലും അടുത്ത പുരുഷ ബന്ധുവോ വേണം നിക്കാഹ് ചെയ്തുകൊടുക്കാന്‍. ഹാദിയ-ഷഫിന്‍ വിവാഹത്തില്‍ അതുണ്ടായില്ല. ഹാദിയയുടേയോ ഷഫിന്റേയോ ബന്ധുവല്ലാത്ത സൈനബയുടെ വീട്ടില്‍വച്ചാണ് നിക്കാഹ് നടന്നത്. ഷഫിന്റെ വീട്ടില്‍വച്ച് നിക്കാഹ് നടത്താമായിരുന്നിട്ടും അതുണ്ടായില്ല. വധുവിന്റെ ഏറ്റവും അടുത്ത ബന്ധുക്കളെ മാറ്റിനിര്‍ത്തിയുള്ള നിക്കാഹ് ഇസ്‌ലാമിക വിധികള്‍ക്കു വിരുദ്ധമാണ്. കോടതിക്കല്ല, ഹാദിയയ്ക്കും ഷഫിനും അവരുടെ നിക്കാഹിനു കൂട്ടുനിന്നവര്‍ക്കുമാണ് യഥാര്‍ത്ഥത്തില്‍ തെറ്റുപറ്റിയത്. 

മൂന്ന്: ഇസ്‌ലാം മതവിശ്വാസികളായിട്ടും ആ മതത്തിന്റെ ചട്ടങ്ങള്‍ പാലിക്കാതെ നടന്ന വിവാഹത്തിലെ അസ്വാഭാവികതയ്ക്കു പുറമെ അഖില (ഹാദിയ)യുടെ അച്ഛന്‍ പ്രകടിപ്പിച്ച ആശങ്കകളും കോടതി കണക്കിലെടുത്തിട്ടുണ്ടാവണം. മറ്റു മതങ്ങളില്‍നിന്നു പരിവര്‍ത്തനം ചെയ്ത് മുസ്‌ലിങ്ങളായ ചില യുവതികള്‍ ഐ.എസ്. പോലുള്ള ഭീകരപ്രസ്ഥാനങ്ങളുടെ വലയിലകപ്പെട്ട സംഭവങ്ങള്‍ നേരത്തെയുണ്ടായിട്ടുണ്ട്. ഇസ്‌ലാമിനുവേണ്ടി ജിഹാദ് നടത്താനെന്ന പേരില്‍ രാജ്യം വിട്ടുപോവുകയും സിറിയയിലോ അഫ്ഗാനിസ്ഥാനിലോ മറ്റോ ഉള്ള ഭീകരവാദ ക്യാമ്പുകളില്‍ എത്തിപ്പെടുകയും ചെയ്യുന്ന ഒരുപിടിയാളുകളുടെ കൂട്ടത്തില്‍ കേരളീയരുമുണ്ടെന്ന വസ്തുത നാം അറിഞ്ഞുകഴിഞ്ഞതാണ്. അഖിലയുടെ മാതാപിതാക്കള്‍ ഇത്തരം ആശങ്കകള്‍ പ്രകടിപ്പിക്കുന്ന ചുറ്റുപാടില്‍ കൂടിയാവാം ഹൈക്കോടതി ആ യുവതിയെ രക്ഷിതാക്കളോടൊപ്പം വിടാന്‍ ഉത്തരവിട്ടത്. 

കോടതിവിധിയുടെ ന്യായാന്യായതയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. പക്ഷേ, വിധിക്കെതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും മതപരിവര്‍ത്തന സ്വാതന്ത്ര്യത്തിനുവേണ്ടി ഘോരഘോരം വാദിക്കുകയും ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ടുകാരും മുസ്‌ലിം ഏകോപനസമിതിയുടെ ഭാഗമായ മറ്റുള്ളവരും മറുപടി നല്‍കേണ്ട ഒരു ചോദ്യമുണ്ട്. ഇതാണത്: മതപരിവര്‍ത്തന സ്വാതന്ത്ര്യം പൗരന്മാരുടെ മൗലികാവകാശങ്ങളില്‍പ്പെടുന്നുവെന്നും അതു നിഷേധിക്കപ്പെട്ടുകൂടെന്നും പെരുമ്പറയടിക്കുന്ന പി.എഫ്.ഐക്കാരടക്കമുള്ളവര്‍ മുസ്‌ലിങ്ങളുടെ മതപരിവര്‍ത്തന സ്വാതന്ത്ര്യം അംഗീകരിക്കുന്നുണ്ടോ? അഖിലമാര്‍ക്ക് ഹാദിയമാര്‍ ആവാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ഉച്ചത്തില്‍ ശബ്ദിക്കുന്ന അവര്‍ ഹാദിയമാര്‍ക്ക് അഖിലമാരാകാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി പതുക്കെയെങ്കിലും സംസാരിക്കുമോ?

ഈ ചോദ്യം ഉന്നയിക്കാന്‍ പ്രത്യേക കാരണമുണ്ട്. ഇസ്‌ലാം മതം ഉപേക്ഷിക്കുന്ന വ്യക്തിയെ വധിക്കണം എന്നാണ് ഇസ്‌ലാം മതശാസന എന്നു സിദ്ധാന്തിക്കുന്ന  മുസ്‌ലിം മതസംഘടനകള്‍ രാജ്യത്തിനകത്തും പുറത്തുമുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ മാതൃപ്രസ്ഥാനമെന്നു പറയാവുന്ന ജമാഅത്തെ ഇസ്‌ലാമി തന്നെ മികച്ച ഉദാഹരണം. ആ സംഘടനയുടെ പരമസ്ഥാനീയ ഗുരു ഇസ്‌ലാം മതത്തില്‍നിന്നു മാറുന്നവനെ കൊല്ലണമെന്നതാണ് ഇസ്‌ലാമിക ചട്ടം എന്നു സ്ഥാപിക്കാന്‍ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ഉറുദുവില്‍ രചിക്കപ്പെട്ട ആ പുസ്തകത്തിന്റെ ശീര്‍ഷകം 'മുര്‍ത്തദ് കി സസ ഇസ്‌ലാമി കാനൂന്‍ മെ' (ഇസ്‌ലാമിക നിയമത്തില്‍ മതപരിത്യാഗിയുടെ ശിക്ഷ) എന്നാണ്. ഇസ്‌ലാമില്‍നിന്നു പരിവര്‍ത്തനം ചെയ്യുന്നവര്‍ക്കു നല്‍കേണ്ടത് വധശിക്ഷയാണെന്നത്രേ മൗദൂദി ആ കൃതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

ചില ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചകമൊഴികളും ആദ്യത്തെ നാലു ഖലീഫമാരുടെ നടപടികളും തന്റെ വാദസമര്‍ത്ഥനത്തിനുപയോഗിച്ച ജമാഅത്ത് ഗുരു ഇസ്‌ലാം മതത്തില്‍നിന്നു മാറുന്നവനെ (മുര്‍ത്തദ്ദിനെ) വധിക്കണമെന്നു മാത്രമല്ല പറയുന്നത്. ഇസ്‌ലാമിക ഭരണം നിലനില്‍ക്കുന്ന ദേശങ്ങളില്‍ അന്യമതങ്ങളുടെ പ്രചാരണം അനുവദിക്കാവതല്ലെന്നുകൂടി അദ്ദേഹം വ്യക്തമാക്കുന്നു. മുപ്പത്തിയെട്ട് വര്‍ഷം മുന്‍പ് അന്തരിച്ച മൗദൂദി മാത്രമല്ല, ഇപ്പോള്‍ ഖത്തറില്‍ ജീവിക്കുന്ന ദേഹവും ആഗോളതലത്തില്‍ അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനുമായ യൂസുഫുല്‍ ഖറദാവിയും ഇതേ ആശയക്കാരന്‍ തന്നെ. മുസ്‌ലിങ്ങളുടെ മതപരിവര്‍ത്തനം സംബന്ധിച്ച് അവര്‍ സ്വീകരിച്ച നിലപാടുകള്‍ തെറ്റാണെന്നും അവയോട് തങ്ങള്‍ യോജിക്കുന്നില്ല എന്നും പോപ്പുലര്‍ ഫ്രണ്ടോ മുസ്‌ലിം ഏകോപന സമിതിക്കാരോ ഈ നിമിഷം വരെ പറഞ്ഞിട്ടില്ല. 

അതിനര്‍ത്ഥം മൗദൂദിയേയും ഖറദാവിയേയും പോലെ പോപ്പുലര്‍ ഫ്രണ്ടും അതിന്റെ പോഷകസംഘടനകളും മതം മാറുന്ന മുസ്‌ലിമിനെ കൊല്ലണമെന്ന പ്രാകൃതനിയമം അംഗീകരിക്കുന്നു എന്നല്ലേ? മറിച്ചാണെങ്കില്‍ അക്കാര്യം അവര്‍ തുറന്നു പറയണം. ഇസ്‌ലാം ഉപേക്ഷിച്ചവനെ വധിക്കണമെന്ന തത്ത്വവും ഇസ്‌ലാമിക ഭരണം നിലവിലുള്ളിടത്ത് അപരമത പ്രചാരണം അനുവദനീയമല്ല എന്ന വിലക്കും ജനാധിപത്യവിരുദ്ധവും വീക്ഷണബഹുത്വനിരാസപരവുമായതിനാല്‍ തിരസ്‌കരിക്കപ്പെടേണ്ടതാണെന്നു അവര്‍ പ്രഖ്യാപിക്കണം. എന്നിട്ടു പോരേ അഖിലമാരുടെ മതപരിവര്‍ത്തന സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള എഴുത്തും കുത്തും പോര്‍വിളിയുമൊക്കെ?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com