ഈ കോടതി വിധി നീതിപൂര്‍വകമായ പരിഹാരം കൊണ്ടുവരില്ല

ലോകനീതിയില്‍ മാത്രമല്ല, ദൈവനീതിയില്‍ കൂടി അധിഷ്ഠിതമായ ശാശ്വതമായ സമാധാനം മലങ്കര സഭയില്‍ ഉണ്ടാവണം. സുപ്രീം കോടതിവിധിയില്‍ യാക്കോബായ സഭയുടെ നിലപാട് വ്യക്തമാക്കുകയാണ് ലേഖകന്‍
ഈ കോടതി വിധി നീതിപൂര്‍വകമായ പരിഹാരം കൊണ്ടുവരില്ല

ലോകനീതിയില്‍ മാത്രമല്ല, ദൈവനീതിയില്‍ കൂടി അധിഷ്ഠിതമായ ശാശ്വതമായ സമാധാനം മലങ്കര സഭയില്‍ ഉണ്ടാവണം. സുപ്രീം കോടതിവിധിയില്‍ യാക്കോബായ സഭയുടെ നിലപാട് വ്യക്തമാക്കുകയാണ് ലേഖകന്‍ 


കേരളത്തില്‍ മണ്‍സൂണ്‍ കാലഘട്ടം പോലെ അല്പം കാലം തെറ്റിയാണെങ്കിലും ഏറ്റക്കുറച്ചിലുകളോടെ പ്രത്യക്ഷപ്പെടുന്ന ഒന്നാണ് മലങ്കര സഭാ തര്‍ക്കങ്ങളും ബന്ധപ്പെട്ട വ്യവഹാരങ്ങളും തല്‍ഫലമായി ഉത്ഭവിക്കുന്ന സംഘട്ടനങ്ങളും മറ്റും. ഇത് ഒരു മതബഹുലവും മതേതരവുമായ ഒരു സമൂഹത്തില്‍ ഉളവാക്കിയ/ഉളവാക്കിക്കൊണ്ടിരിക്കുന്ന പ്രതിസാക്ഷ്യം വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സഭാവഴക്കും തര്‍ക്കങ്ങളും പതിറ്റാണ്ടുകള്‍ നീളുന്ന കോടതി വ്യവഹാരങ്ങളില്‍ക്കൂടി കടന്നു പോയി. ഒരു കോടതി വിധിക്കും ഈ തര്‍ക്കങ്ങള്‍ക്കു പരിഹാരമുണ്ടാക്കി മലങ്കര സഭയില്‍ ശാശ്വത സമാധാനം സംജാതമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതു പകല്‍പോലെ വ്യക്തമായ സത്യമാണ്. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വൈയക്തികവും വൈകാരികവും കൂടി ആയതിനാല്‍ അത്തരം തര്‍ക്കങ്ങള്‍ക്കു കോടതി വിധി വഴി ശാശ്വതപരിഹാരം ഉണ്ടാക്കാന്‍ പരിമിതികളുണ്ട് എന്നുള്ളതിന് അയോധ്യ ഉള്‍പ്പെടെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പില്‍ ഉണ്ട്. അതേ കാരണത്താല്‍ത്തന്നെ, 2017 ജൂലൈ മൂന്നിനു ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച കോടതി വിധി വഴിയും മലങ്കര സഭാ തര്‍ക്കങ്ങള്‍ ഇരുവിഭാഗത്തിനും യോജിച്ച വിധത്തില്‍ തീര്‍ക്കാന്‍ സാധിക്കും എന്നു കരുതാന്‍ ന്യായമില്ല. ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഉഭയ ചര്‍ച്ചകള്‍ വഴിയോ മദ്ധ്യസ്ഥശ്രമങ്ങള്‍ വഴിയോ മാത്രമേ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം സാദ്ധ്യമാകൂ.

അല്പം ചരിത്ര പശ്ചാത്തലം

മലങ്കര സഭയും അന്ത്യോഖ്യന്‍ പാത്രിയര്‍ക്കേറ്റും തമ്മിലുള്ള അഭേദ്യ ബന്ധം എന്നു തുടങ്ങി എന്ന കാര്യത്തില്‍ ഇരുവിഭാഗങ്ങള്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും മലങ്കര അന്ത്യോഖ്യാ ബന്ധത്തിനു നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട് എന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. അന്ത്യോഖ്യന്‍ പാത്രിയര്‍ക്കേറ്റിന്റെ ഭാഗമായി നിലനിന്ന മലങ്കരയിലെ സഭയില്‍ ആദ്യമായി ഒരു വിഭജനം നടക്കുന്നതു 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെ വരവോടെ ഇവിടുത്തെ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയെ റോമന്‍ സഭയുടെ കീഴിലാക്കാന്‍ ശ്രമിച്ചപ്പോഴാണ്. ഈ നീക്കത്തെ ചെറുത്ത സഭ 1653-ല്‍ കൂനന്‍ കുരിശ് സത്യത്തില്‍ കൂടി അന്ത്യോഖ്യന്‍ പാരമ്പര്യത്തില്‍ ഉറച്ചു നില്‍ക്കും എന്നു പ്രഖ്യാപിച്ചു. പിന്നീട്, പത്തൊന്‍പതാം നൂറ്റാണ്ടില്‍ മലങ്കര സഭയിലെ ഒരു വിഭാഗം പ്രോട്ടസ്റ്റന്‍ഡ് സഭകളുടെ നവീകരണ സ്വാധീനത്തിലായപ്പോഴും തര്‍ക്കമുണ്ടാകുകയും അതു കോടതി വ്യവഹാരത്തിലേക്കു നീങ്ങുകയും ചെയ്തു. 'സെമിനാരി കേസ്' എന്നറിയപ്പെടുന്ന ഈ കോടതി വ്യവഹാരത്തിന്റെ അന്തിമ വിധി 1889-ല്‍ വന്നതു നവീകരണ വിഭാഗത്തിന് എതിരായിരുന്നു. ഈ വിധിയില്‍ മലങ്കര സഭയുടെ ആത്മിക പരമമേലധ്യക്ഷന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ആണെന്നും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ മേലധ്യക്ഷത അംഗീകരിക്കാത്തവര്‍ക്കു സഭാ സ്വത്തുക്കളില്‍ അവകാശം ഇല്ല എന്നും കണ്ടെത്തിയതിനാല്‍ നവീകരണ വിഭാഗം പള്ളികളും സ്വത്തുക്കളും ഉപേക്ഷിച്ചു വഴിപിരിഞ്ഞു. (യാക്കോബായ സഭയും മര്‍ത്തോമ സഭയും രണ്ടായെങ്കിലും വ്യവഹാരങ്ങള്‍ ഇല്ലാതെ പരസ്പരം ആദരിച്ചു സഹോദരി സഭകള്‍ ആയി ഇന്നും വര്‍ത്തിക്കുന്നു). മുളന്തുരുത്തി സൂന്നഹദോസിലെ തീരുമാനങ്ങളാണ് സെമിനാരി കേസിലെ വിധിയിലേക്കു നയിച്ചത്. മുളന്തുരുത്തി സൂന്നഹദോസ് അനുസരിച്ച് മലങ്കര സഭയില്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഛിദ്രങ്ങളില്‍നിന്നു രക്ഷ ലഭിക്കാന്‍ മാവേലിക്കര പടിയോല പ്രകാരം പരിശുദ്ധ അന്ത്യോഖ്യ സിംഹാസന വിധേയത്വം ഉറപ്പിക്കുന്ന ഉടമ്പടികള്‍ രജിസ്റ്റര്‍ ചെയ്തു സൂക്ഷിക്കണമെന്നു തീരുമാനിച്ചു. ഇതുവഴി മലങ്കര സഭ അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അവിഭാജ്യ ഘടകമാണെന്നും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ മേലധ്യക്ഷ സ്ഥാനം ചോദ്യം ചെയ്യുന്നവര്‍ക്ക് മലങ്കര സഭയുടെ പള്ളികളിലും സ്വത്തുക്കളിലും അവകാശം ഉണ്ടാവില്ല എന്നും അസനിഗ്ദ്ധമായി വ്യക്തമാക്കപ്പെട്ടു. (സെമിനാരി കേസില്‍ അന്നു കോടതി സ്ഥിരീകരിച്ച ഈ കാര്യങ്ങളാണ് 2017 ജൂലൈ മൂന്നിലെ വിധി ഒരര്‍ത്ഥത്തില്‍ അസ്ഥിരമാക്കിയിരിക്കുന്നത്). 

നവീകരണ സഭയുടെ വിഭജനത്തിനു ശേഷം വീണ്ടും മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയില്‍ വിഘടനവാദം ഉയര്‍ന്നു. ഇത്തവണ അതിനു കാരണഭൂതനായത് വട്ടശേ്ശരില്‍ മല്പാന്‍ ആയിരുന്നു, അേന്ത്യാഖ്യ മലങ്കര അഖണ്ഡതയും അന്ത്യോഖ്യ പാത്രിയര്‍ക്കീസിന്റെ ആത്മിക മേലധ്യക്ഷതയും ചോദ്യം ചെയ്ത് മലങ്കര സഭയില്‍ വീണ്ടും വിഭാഗീയതയ്ക്കുവിത്തു പാകിയത്. 1912-ല്‍ അന്ന് അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് സ്ഥാനത്തുനിന്നു നിഷ്‌കാസിതനായിരുന്ന അബ്ദുല്‍ മശിഹയെ രഹസ്യമായി ക്ഷണിച്ചു റിട്ടയര്‍ ചെയ്തിരുന്ന മുറിമറ്റത്തില്‍ പൗലൂസ് മാര്‍ ഈവാനിയോസിനെ നിര്‍ബന്ധിച്ച് കാതോലിക്കയായി വാഴിച്ച് മലങ്കരയില്‍ 1912-ല്‍ ഒരു സമാന്തര സഭ ഉണ്ടാക്കി. (2017-ലെ കോടതി വിധി സമാന്തര സഭാ സംവിധാനം അനുവദിക്കാന്‍ കഴിയില്ല എന്നു പറയുമ്പോള്‍ മലങ്കരയിലെ ആദ്യത്തെ സമാന്തര സഭാ നീക്കം 1912-ലെ ഈ കാതോലിക്ക വാഴ്ച ആയിരുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം). 1912-ല്‍ സമാന്തര സഭ ഉണ്ടായെങ്കിലും പിന്നീടു രണ്ടു പ്രാവശ്യം പരിശുദ്ധ അന്ത്യോഖ്യ പാത്രിയര്‍ക്കീസ് ബാവ ഇടപെട്ട് മലങ്കര സഭയില്‍ യോജിപ്പ് ഉണ്ടാക്കി. എന്നാല്‍, രണ്ടു പ്രാവശ്യവും ഈ യോജിപ്പ് നീണ്ടുനിന്നില്ല. 1964 മുതല്‍ 1970 വരെ സമാധാനം നിലനിന്നു എങ്കിലും 1972-ല്‍ വീണ്ടും മലങ്കര സഭയുടെ സ്വയം ശീര്‍ഷക സ്വഭാവ വാദവും പാത്രിയര്‍ക്കീസും കാതോലിക്കയും സമശീര്‍ഷരായ തുല്യ സ്ഥാനികളാണെന്നുമുള്ള വാദവും അവതരിപ്പിച്ച് മലങ്കര സഭയില്‍ വീണ്ടും വിഭാഗീയത ഉണര്‍ത്തി കോടതി വ്യവഹാരങ്ങളുടെ ഒരു പരമ്പരതന്നെ വിഘടിത വിഭാഗം തീര്‍ത്തു. 

1912-ല്‍ കാതോലിക്കേറ്റ് സ്ഥാപിച്ചതോടെ പാത്രിയര്‍ക്കീസിന്റെ അധികാരങ്ങള്‍ ഇല്ലാതായി എന്നും ഇവര്‍ വാദിച്ചു. എന്നാല്‍, 1980-ല്‍ ജസ്റ്റിസ് ചന്ദ്രശേഖരമേനോന്‍ ഈ വാദങ്ങള്‍ തിരസ്‌കരിച്ചു വിധി പ്രസ്താവിച്ചു. 1990-ല്‍ ഡിവിഷന്‍ ബഞ്ച് 1934-ലെ ഭരണഘടന ബാധകമാക്കിയെങ്കിലും മലങ്കര സഭയുടെ ആത്മിക മേലധ്യക്ഷ സ്ഥാനത്തു പാത്രിയര്‍ക്കീസ് തുടരുന്നു എന്നും കണ്ടെത്തി. ഈ വിധിയിലെ ചില നിഗമനങ്ങള്‍ക്ക് യാക്കോബായ സഭ സമര്‍പ്പിച്ച അപ്പീലില്‍ വിധി വന്നപ്പോള്‍ മലങ്കര സഭ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അവിഭാജ്യ ഘടകമാണെന്നും മലങ്കരസഭയുടെ ആത്മിക പരമമേലധ്യക്ഷന്‍ അന്ത്യോഖ്യ പാത്രിയര്‍ക്കീസ് ആണെന്നും മലങ്കര സഭ സ്വയം ശീര്‍ഷകം (autocephalous) അല്ലെന്നും ഇടവകകള്‍ സ്വതന്ത്രമാണെന്നും വിധിച്ചു. എന്നാല്‍, ഈ കണ്ടെത്തലുകള്‍ നിരാകരിക്കുന്നതാണ് 2017 ജൂലൈ മൂന്നിനു പ്രസ്താവിച്ച ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി.

പുതിയ വിധിയും യാക്കോബായ സഭയും

ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന വരിക്കോലി, കോലഞ്ചേരി, മണ്ണത്തൂര്‍ എന്നീ മൂന്നു ദേവാലയങ്ങള്‍ സംബന്ധിച്ച കേസില്‍ യാക്കോബായ സഭ നല്‍കിയ അപ്പീലിലാണ് മലങ്കര സഭയിലെ എല്ലാ ദേവാലയങ്ങള്‍ക്കും ബാധകം ആകുന്ന അനുരണനങ്ങള്‍ ഉള്ള ഈ വിധി വന്നിരിക്കുന്നത്. യാക്കോബായ സഭയ്ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള ധാരാളം വിവക്ഷകള്‍ അടങ്ങിയ ഈ വിധിക്കു ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ട്. 1995-ലെ വിധി സ്ഥിരപ്പെടുത്തുന്നു എന്നു പറയുന്ന ഈ വിധിയില്‍ പക്ഷേ, 1995-ലെ വിധിയിലെ കണ്ടെത്തലുകളെ പ്രത്യക്ഷമായോ പരോക്ഷമായോ അസ്ഥിരപ്പെടുത്തുന്ന നിഗമനങ്ങള്‍ ഉണ്ടെന്നു സംശയിച്ചാല്‍ അതിന് അടിസ്ഥാനമുണ്ട്. യാക്കോബായ സഭയ്ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള ചില സുപ്രധാന കാര്യങ്ങള്‍ മാത്രം ഇവിടെ സൂചിപ്പിക്കാം.

അന്ത്യോഖ്യ പാത്രിയര്‍ക്കീസിന്റെ ആത്മിക മേലധ്യക്ഷ സ്ഥാനം

1995-ലെ വിധി ഉള്‍പ്പെടെ കഴിഞ്ഞ കാലത്തെ സുപ്രധാന വിധികള്‍ എല്ലാം മലങ്കര സഭയുടെ ആത്മിക പരമാദ്ധ്യക്ഷന്‍ അന്ത്യോഖ്യ പാത്രിയര്‍ക്കീസ് ആണെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, 2017 വിധിയില്‍ പാത്രിയര്‍ക്കീസിന്റെ അധികാരം അസ്തമന ബിന്ദുവില്‍ എത്തിയിരിക്കുന്നു എന്നു കണ്ടെത്തിയിരിക്കുന്നു. യാക്കോബായ സഭയെ സംബന്ധിച്ചിടത്തോളം അന്ത്യോഖ്യ പാത്രിയര്‍ക്കീസിന്റെ മേലധ്യക്ഷ സ്ഥാനം വിശ്വാസപരമായ കാര്യമാണ്. ഈ വിധി അംഗീകരിക്കുന്ന 1934-ലെ ഭരണഘടന പാത്രിയര്‍ക്കീസിന്റെ സ്ഥാനം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന രീതിയിലാണ് പ്രതിപാദിച്ചിട്ടുള്ളത്. ഈ ഭരണഘടനയുടെ ആദ്യ അനുച്‌ഛേദങ്ങളില്‍ മലങ്കര സഭ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമാണെന്നും പാത്രിയര്‍ക്കീസ് മലങ്കര സഭ ഉള്‍പ്പെടുന്ന ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ആത്മിക പരമ മേലധ്യക്ഷനാണെന്നും പറയുമ്പോള്‍ത്തന്നെ, അടുത്ത അനുച്‌ഛേദത്തില്‍ മലങ്കര സഭയുടെ പരമമേലധ്യക്ഷന്‍ കാതോലിക്കയാകുന്നു എന്നു പറയുന്നു. പുതിയ വിധി ഈ കാഴ്ചപ്പാട് ശരിവക്കുകയും ചെയ്യുന്നു. ഇത് അംഗീകരിച്ചാല്‍ മലങ്കര സഭയും ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയും രണ്ടു സഭകളാണെന്നും മലങ്കര സഭ സ്വയം ശീര്‍ഷക സഭയാണെന്നും പാത്രിയര്‍ക്കീസും കാതോലിക്കയും തുല്യ അധികാര സ്ഥാനങ്ങളാണെന്നും അംഗീകരിക്കലാകും. ഇത് യാക്കോബായ സഭയുടെ വിശ്വാസത്തിനും സഭാ വിജ്ഞാനീയത്തിനും കടകവിരുദ്ധമാകും. സ്വയം ശീര്‍ഷക സഭ എന്നത് ബൈസന്‍ടയിന്‍ പാരമ്പര്യത്തിലെ ചിന്തയാണ്. ഇത് സുറിയാനി ഓര്‍ത്തഡോക്‌സ് സഭയും അതിന്റെ അവിഭാജ്യ ഭാഗമായ മലങ്കരയിലെ യാക്കോബായ വിശ്വാസികളും അംഗീകരിക്കുന്നില്ല. യാക്കോബായ സഭ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമായതിനാല്‍ ഒരു സഭയാണെന്നും ആയതുകൊണ്ട് ഒരു സഭയ്ക്കു രണ്ടു പരമാധ്യക്ഷന്മാര്‍ പാടില്ല എന്നതും സുറിയാനി സഭയുടെ അടിസ്ഥാന സഭാ വിജ്ഞാനീയ പ്രഖ്യാപനമാണ്. ഇതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ല. മറുവിഭാഗത്തിനു സമാധാനസ്ഥാപനത്തിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ 1934 ഭരണഘടന ഭേദഗതി ചെയ്ത് (പുതിയ വിധി അവസാന നിഗമനത്തില്‍ ഭരണഘടന ഭേദഗതി ചെയ്യാം എന്നു പറയുന്നുമുണ്ട്). അന്ത്യോഖ്യ പാത്രിയര്‍ക്കീസ് മലങ്കര സഭയുടെ ആത്മിക പരമമേലധ്യക്ഷനാണെന്നും കാതോലിക്ക, പാത്രിയര്‍ക്കീസിന്റെ ആത്മിക അധികാരത്തിന്‍ കീഴുള്ള മലങ്കര സഭയുടെ പ്രാദേശിക മേലധ്യക്ഷന്‍ മാത്രമാണെന്നും മലങ്കര സഭ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ വിഭജിക്കാന്‍ കഴിയാത്ത ഭാഗമാണെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സുവ്യക്തമാക്കട്ടെ. സഭാവിജ്ഞാനീയപരമായ ഈ കാര്യം യാക്കോബായ സഭയ്ക്കു വെള്ളം ചേര്‍ക്കാന്‍ കഴിയാത്ത വിശ്വാസമാണ്. നിര്‍ഭാഗ്യവശാല്‍ പുതിയ കോടതി വിധി ഈ കാര്യത്താല്‍ അനുരഞ്ജനത്തിനു സഹായകമല്ല. 1995-ലെ വിധി സ്ഥിരപ്പെടുത്തുന്നു എന്നു പറയുന്ന 2017 വിധി, 1995-ലെ വിധി പാത്രിയാര്‍ക്കീസ് ആത്മികമായി കാതോലിക്കയ്ക്കു മുകളില്‍ ആണ് എന്നു പറഞ്ഞതു വിട്ടുപോയി. ഈ കാര്യത്തില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയാണ് നിലപാട് വ്യക്തമാക്കേണ്ടത്.

ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണം

2017 വിധിയിലെ ചില നിഗമനങ്ങള്‍ മലങ്കര സഭയിലെ ജനാധിപത്യ സംവിധാനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ഇടര്‍ച്ചയും ന്യൂനതയും വരുത്തും എന്ന സന്ദേഹം ഉണര്‍ത്തുന്നുണ്ട്. ഉദാഹരണത്തിന് 1995 വിധി അനുസരിച്ച് ഇടവകപ്പള്ളികള്‍ ഇടവക ജനങ്ങളുടേതാണ് എന്നും ആ അര്‍ത്ഥത്തില്‍ ഇടവകപ്പള്ളികള്‍ സ്വതന്ത്രമാണെന്നും പ്രസ്താവിച്ചിരുന്നു. ഇതു നിരാകരിക്കുന്ന വിധിയാണ് 2007-ലെ വിധി. സ്വന്തം പണവും അധ്വാനവും വ്യയം ചെയ്തു നിര്‍മ്മിച്ച ദേവാലയങ്ങളുടെ മേല്‍ ആ ജനങ്ങള്‍ക്ക് ഉടമസ്ഥാവകാശം ഇല്ല എന്നു വന്നാല്‍ അതു ജനാധിപത്യ മൂല്യങ്ങളുടെ നിരാകരണമായി മാറും. ഭൂരിപക്ഷത്തിന് അവരുടെ തീരുമാനം നടപ്പാക്കാന്‍ സാധിക്കില്ല എന്ന നിഗമനവും ആശങ്കയുണ്ടാക്കുന്നതാണ്. ഓരോ ദേവാലയവും നിര്‍മ്മിച്ചതിന്റെ പിന്നില്‍ ആ വിശ്വാസിജനസമൂഹത്തിന്റെ സ്ഥാപന ഉദ്ദേശ്യം ഉണ്ട്. യാക്കോബായ സഭയുടെ ദേവാലയങ്ങളുടെ സ്ഥാപന ലക്ഷ്യം അന്ത്യോഖ്യ സിംഹാസനത്തിന്‍ കീഴില്‍ സുറിയാനി സഭയുടെ സത്യവിശ്വാസത്തില്‍ ആരാധിക്കാന്‍ കഴിയുക എന്നതാണ്. ഈ സ്ഥാപന ലക്ഷ്യം വ്യക്തമാക്കുന്ന രാജ്യത്തിന്റെ നിയമം അനുസരിച്ചു രജിസ്റ്റര്‍ ചെയ്ത ഉടമ്പടികള്‍ ഈ പള്ളികള്‍ക്ക് ഉണ്ട്. അവയ്ക്കു സാധുത ഇല്ല എന്നും രജിസ്റ്റര്‍ ചെയ്യാത്ത 1934 ഭരണഘടനയാല്‍ എല്ലാ പള്ളികളും ഭരിക്കപ്പെടണം എന്നുമുള്ള കണ്ടെത്തലും ജനാധിപത്യ സംഹിതയില്‍ തങ്ങള്‍ വിശ്വസിക്കുന്ന രീതിയില്‍ ആരാധിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന ഭാരതത്തിന്റെ ഭരണഘടനാ മൂല്യങ്ങളുമായി നിരക്കുന്നതാണോ എന്ന ചോദ്യം ന്യായമായും ഉയരുന്നു. ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനും തീരുമാനത്തിനും പള്ളികളില്‍ വിലയില്ലാതെ വരുന്ന സാഹചര്യം ജനാധിപത്യ സംവിധാനത്തിന് അഭികാമ്യമാവുകയില്ല എന്ന കാര്യത്തില്‍ ഇരുപക്ഷം ഉണ്ടാകാന്‍ സാധ്യത വിരളമാണ്. 2017 വിധിക്ക് ആസ്പദമായ മൂന്നു പള്ളികളിലും ബഹുഭൂരിപക്ഷവും യാക്കോബായ വിശ്വാസികള്‍ ആണ് എന്നുള്ളതു നിഷ്പക്ഷര്‍ പോലും സമ്മതിക്കും. അവരുടെ പൂര്‍വ്വികര്‍ ഏതു ലക്ഷ്യത്തോടെ ഈ പള്ളികള്‍ സ്ഥാപിച്ചുവോ ആ ആത്മാവില്‍ ആരാധിക്കാനുള്ള സ്വാതന്ത്ര്യവും സ്വന്തം ഇടവക മേലുള്ള ഉടമസ്ഥാവകാശവുമാണ് ഈ വിധി മൂലം ഭൂരിപക്ഷ വിശ്വാസ സമൂഹത്തിനു നഷ്ടമാകുന്നത്. ഭരണാധികാരികള്‍ ഈ യാഥാര്‍ത്ഥ്യവും വികാരവും ഗൗരവമായി എടുക്കും എന്ന് യാക്കോബായ സഭയ്ക്കു പ്രതീക്ഷ ഉണ്ട്. 

ശാശ്വത സമാധാനം: സാധ്യതകള്‍?

ഒരു നൂറ്റാണ്ടിനുമേല്‍ പ്രായമുള്ള മലങ്കര സഭാ കലഹങ്ങളും പതിറ്റാണ്ടുകള്‍ താണ്ടിയ കോടതി വ്യവഹാരങ്ങളും ഇരുകൂട്ടര്‍ക്കും ഉണ്ടാക്കിയ അവമതിപ്പും അതുവഴി സമൂഹത്തിനു സമ്മാനിച്ച എതിര്‍ സാക്ഷ്യവും വളരെ വലുതാണ്. അതുകൊണ്ടുതന്നെ, ഈ പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. 2017 വിധി ഒരു വിഭാഗത്തിന് ഏതാണ്ടു പൂര്‍ണ്ണമായും പ്രതികൂലമായിരിക്കുന്ന സാഹചര്യത്തില്‍ ആ വിധിയുടെ തീര്‍പ്പുകള്‍ പരിഹാര ശ്രമങ്ങളുടെ അടിസ്ഥാനമായാല്‍ അതു നീതിപൂര്‍വ്വമായ പരിഹാരമാവില്ല എന്നതു വ്യക്തമാണ്. മേല്‍സൂചിപ്പിച്ച വിശ്വാസപരവും ദൈവശാസ്ത്രപരവും വൈകാരികവുമായ വിഷയങ്ങളില്‍ ഇപ്പോഴും ഭിന്നത തുടരുന്ന സാഹചര്യത്തില്‍ സമീപഭാവിയില്‍ കരണീയമായിട്ടുള്ളത് ഇരുസഭകളും തമ്മില്‍ സമാധാനപരമായ സഹവര്‍ത്തിത്വം എന്ന ആശയമാണ്. ആധുനിക കാലത്തെ എക്യൂമെനിക്കല്‍ ചിന്തകളും ഘടനാപരമായ സഭാ ഐക്യത്തെയല്ല മുന്നോട്ടുവയ്ക്കുന്നതു മറിച്ചു വ്യത്യസ്തകള്‍ നിലനിര്‍ത്തിയുള്ള പരസ്പര സഹവര്‍ത്തിത്വത്തിന്റെ ഐക്യമാണ്. ഒരു നൂറ്റാണ്ട് തര്‍ക്കവും കലഹിച്ചും യോജിച്ചും വീണ്ടും പിരിഞ്ഞും വീണ്ടും കലഹിച്ചും നില്‍ക്കുന്ന രണ്ടു സഭകള്‍ക്കിടയില്‍ വിശ്വാസാധിഷ്ഠിതമായ വൈരുദ്ധ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ആ വ്യത്യസ്ത നിലപാടുകളെ പരസ്പരം മാനിച്ച് ഇരു സഭകളായി കലഹങ്ങളും വ്യവഹാരങ്ങളും അവസാനിപ്പിച്ചു പരസ്പര ആദരവോടെ വര്‍ത്തിക്കുക എന്നതു മാത്രമാണ് നിലവില്‍ സാധ്യമാകുന്ന ഐക്യം. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ ഈ വിധി വരുന്നതിന് മുന്‍പുതന്നെ പ്രഥമ മലങ്കര സന്ദര്‍ശനവേളയിലും ഈ രീതിയിലുള്ള ശാശ്വത സമാധാനത്തിനുവേണ്ടി ആഹ്വാനം ചെയ്യുകയും യാക്കോബായ സഭയുടെ ഭാഗത്തുനിന്ന് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഒരു സമിതിയെ നിയോഗിച്ചിട്ടുമുണ്ട്. എന്നാല്‍, നാളിതുവരെ മറുവിഭാഗം ഒരു സമിതിയെ നിയോഗിച്ച് ഈ സമാധാന ശ്രമവുമായി സഹകരിച്ചിട്ടില്ല. 2017 വിധി വന്നതിനുശേഷവും യാക്കോബായ സഭാ നേതൃത്വം സമാധാനപരമായ സഹവര്‍ത്തിത്വം ലക്ഷ്യമാക്കിയുള്ള ചര്‍ച്ചകള്‍ക്കു തയ്യാറാണെന്നു പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ഇതിനോടു മറ്റു വിഭാഗം അനുകൂലമായി പ്രതികരിക്കും എന്നു പ്രതീക്ഷിക്കുന്നു. അതും സാധിക്കുന്നില്ല എങ്കില്‍, യാക്കോബായ സഭ എക്കാലത്തും വ്യക്തമാക്കിയിട്ടുള്ളതുപോലെ ഗവര്‍മെന്റൊ ഇതര മത/സഭാ മേലധ്യക്ഷന്മാരോ സമൂഹത്തിലെ ഉന്നതശീര്‍ഷരോ കേരളത്തിലെ സഭകളുടെ ഐക്യവേദിയോ മറ്റു സഭാ ഐക്യ പ്രസ്ഥാനങ്ങളോ നടത്തുന്ന മദ്ധ്യസ്ഥ ശ്രമങ്ങള്‍ വഴി കലഹങ്ങളും വ്യവഹാരങ്ങളും എന്നെന്നേക്കുമായി അവസാനിപ്പിച്ചു പരസ്പരം സഹകരിച്ചും ആദരിച്ചും സഹോദരി സഭകളായി ക്രൈസ്തവ സാക്ഷ്യം അര്‍ത്ഥവത്തായി നിര്‍വ്വഹിക്കുവാന്‍ സാഹചര്യം ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. അടിസ്ഥാന വിശ്വാസപ്രമാണങ്ങളെ ബലികഴിച്ചുകൊണ്ട് അടിയറവിലൂടെയുള്ള 'സമാധാന'ത്തിന് യാക്കോബായ സഭയ്ക്കു ചിന്തിക്കാന്‍പോലും കഴിയില്ല. നിയമനീതിക്കു മുകളിലുള്ള ദൈവനീതിയിലും 1934-ല്‍ ഭരണഘടനയ്ക്കും മുകളിലുള്ള വേദപുസ്തകത്തിലും അടിസ്ഥാനമുള്ള ശാശ്വത സമാധാനം മലങ്കരസഭയില്‍ ഉണ്ടാകട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com