മായാത്ത മഹാശബ്ദം

ജീവിതത്തിലും സാഹിത്യത്തിലും സാമൂഹ്യപ്രവര്‍ത്തനത്തിലും നിരന്തരമെന്നോണം വിഗ്രഹഭഞ്ജനം നടത്തിയ മഹാശ്വേത ദേവി കടന്നുപോയിട്ട് ഒരു വര്‍ഷം.
മായാത്ത മഹാശബ്ദം

ജീവിതത്തിലും സാഹിത്യത്തിലും സാമൂഹ്യപ്രവര്‍ത്തനത്തിലും നിരന്തരമെന്നോണം വിഗ്രഹഭഞ്ജനം നടത്തിയ മഹാശ്വേത ദേവി കടന്നുപോയിട്ട് ഒരു വര്‍ഷം.


സാഹിത്യത്തിന്റെയും ആക്ടിവിസത്തിന്റെയും ഇന്ത്യന്‍ ഭൂപടം പരിശോധിച്ചാല്‍ അതില്‍ തെളിഞ്ഞുകിടക്കുന്ന ബഹുരൂപിയായ ഒരു ഊര്‍ജ്ജ പ്രവാഹിനിയെ കാണാം. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലമായി അണമുറിയാ പ്രവാഹത്തോടെ നിലകൊണ്ട ആ മഹാനദിയുടെ പേരാണ് മഹാശ്വേത. ജീവിതത്തിലും സാഹിത്യത്തിലും സാമൂഹ്യപ്രവര്‍ത്തനത്തിലും നിരന്തരമെന്നോണം വിഗ്രഹഭഞ്ജനം നടത്തിയാണ് ദീദി നിലകൊണ്ടത്. ജീവിതവും എഴുത്തും ഇത്രയേറെ ഇഴചേര്‍ത്തു നിര്‍ത്തിയ ഇന്ത്യന്‍ എഴുത്തുകാരനോ എഴുത്തുകാരിയോ നമുക്കു ചൂണ്ടിക്കാണിക്കാനില്ല. കഥപോലെ വായിച്ചുതീര്‍ക്കാവുന്ന ഒന്ന്.

ദീദിയുടെ ജനിതകവഴികളില്‍ത്തന്നെ അക്ഷരങ്ങളുടെ അണയാത്ത ജ്വാല ഉണ്ടായിരുന്നു. കവിയും എഴുത്തുകാരനുമായിരുന്നു അച്ഛന്‍ മനീഷ് ഘട്ടക്. അമ്മ ധരിത്രി ദേവി സാമൂഹ്യപ്രവര്‍ത്തകയും. ഇന്ത്യന്‍ ചലച്ചിത്രരംഗത്തു സര്‍്ഗാത്മകതയുടെ വേറിട്ട വിസ്‌ഫോടനം തീര്‍ത്ത ഋത്വിക്ക് ഘട്ടക് മഹാശ്വേതയുടെ ഇളയച്ഛനായിരുന്നു. ഭര്‍ത്താവ് ബിജന്‍ ഭട്ടാചാര്യ നടനും നാടകരചയിതാവും മകന്‍ നബാരുണ്‍ ഭട്ടാചാര്യ 'ഹെര്‍ബര്‍ട്ട്' പോലുള്ള ശ്രദ്ധേയ നോവലുകള്‍ എഴുതിയ എഴുത്തുകാരനുമായിരുന്നു. 

സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരെ എന്നും ശബ്ദിക്കുകയും ഇടതടവില്ലാതെ ചലിക്കുകയും ചെയ്ത തൂലികയായിരുന്നു മഹാശ്വേത ദേവിയുടേത്. അനീതിയും അനാചാരവും ശ്രദ്ധയില്‍പ്പെട്ടപ്പോഴൊക്കെ ദീദി കടുത്ത ഭാഷയില്‍ പ്രതികരിച്ചു. സമൂഹത്തെ ഒന്നാകെ ബാധിക്കുന്ന വിഷയങ്ങളില്‍ ഒരുമിച്ചു നില്‍ക്കേണ്ട എഴുത്തുകാര്‍ കുറ്റകരമായ മൗനം പാലിച്ചപ്പോഴൊക്കെ ദീദി അവരെ തീക്ഷ്ണമായ വാക്കുകളില്‍ മുഖം നോക്കാതെ ശകാരിച്ചു. 
കല്‍ക്കത്ത സര്‍വ്വകലാശാലയില്‍നിന്ന് ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി കൊല്‍ക്കത്തയുടെ പ്രാന്തപ്രദേശത്ത് കോളേജ് അദ്ധ്യാപികയായി ജീവിതമാരംഭിച്ച മഹാശ്വേത ദേവി എണ്‍പതുകളിലാണ് പൂര്‍്ണസമയ എഴുത്തുകാരിയായി മാറിയത്. സമാന്തരമായി സാമൂഹികപ്രവര്‍ത്തനത്തിലും അവര്‍ പങ്കാളിയായി. പ്രാദേശിക പത്രപ്രവര്‍ത്തകയെന്ന നിലയില്‍ ദീദിയെഴുതിയ കുറിപ്പുകള്‍ ബംഗാള്‍ ഗ്രാമങ്ങളിലെ ദുരിതപൂര്‍്ണ ജീവിതത്തിന്റെ വാങ്മയരേഖകളായി മാറി. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയില്‍ സമൂഹം ഭ്രഷ്ട് കല്പിച്ച് അകറ്റിനിര്‍ത്തിയ, ജന്മനാ കുറ്റവാസനയുള്ളവര്‍ എന്ന് ബ്രിട്ടീഷുകാര്‍ മുദ്രകുത്തിയ സബര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസി സമൂഹത്തോടൊപ്പം ഉണ്ടുറുങ്ങി നിരവധി വര്‍ഷങ്ങളാണ് ദീദി പ്രവര്‍ത്തിച്ചത്. 1980-ല്‍ അവര്‍ക്കിടയില്‍ നിന്നുള്ള ക്രിയാത്മകതയെ പ്രോത്സാഹിപ്പിക്കാന്‍ 'ബര്‍ത്തിക' എന്ന ത്രൈമാസിക സ്വന്തം പത്രാധിപത്യത്തില്‍ ദീദി ആരംഭിച്ചു. ഇന്നും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്ന വംഗഭാഷയിലെ സമാന്തര പ്രസിദ്ധീകരണങ്ങളില്‍ ഒന്നാണ് 'ബര്‍ത്തിക.'

ലക്ഷക്കണക്കിനു വരുന്ന ബംഗാളിലെയും ഇതര സംസ്ഥാനങ്ങളിലെയും  അസംഘടിതരും അസ്പൃശ്യരുമായ ആദിവാസികളുടെ ദുരിതപൂര്‍്ണമായ ജീവിത ജാതകം സാരമായി തിരുത്തി എഴുതുന്ന തരത്തിലേക്ക് ദീദിയുടെ ഇടപെടല്‍ വളര്‍ന്നതു വളരെ പെട്ടെന്നായിരുന്നു. കേവലം 'പേജ് ത്രീ' വാര്‍ത്താ ചിത്രങ്ങള്‍ക്കു വേണ്ടിയുള്ള വിനോദോപാധിപോലെ സാമൂഹിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സെലിബ്രിറ്റികള്‍ക്കും അവരോടൊപ്പം ലെന്‍സിനുള്ളില്‍ തിക്കിക്കയറാന്‍ വെമ്പല്‍ കൂട്ടുന്ന സാമൂഹിക പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കും പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ മഹാശ്വേതയെന്ന സാമൂഹിക പ്രവര്‍ത്തക എന്നും വേറിട്ടുനിന്നു. ബംഗാളിലെ വിവിധ ആദിവാസി സമൂഹങ്ങള്‍ക്കുവേണ്ടി പലപ്പോഴായി പശ്ചിമ ബംഗാള്‍ ഒറോണ്‍ വെല്‍ഫയര്‍ സൊസൈറ്റി, അഖിലേന്ത്യാ തലത്തില്‍ വന്തുവ ലിബറേഷന്‍ മോര്‍ച്ച, ഡി-നോട്ടിഫൈഡ് ആന്റ് നൊമാഡിക് ട്രൈബ്‌സ് റൈറ്റ്‌സ് ആക്ഷന്‍ ഗ്രൂപ്പ് എന്നീ സംഘടനകള്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ അതിനു കാര്‍മ്മികത്വം വഹിച്ചവരില്‍ ദീദിയും ഉണ്ടായിരുന്നു. കാരണം എന്നും ഇരകളുടെ പക്ഷത്തായിരുന്നു ദീദി നിലയുറപ്പിച്ചിരുന്നത്. അവരുടെ നിലവിളികള്‍ക്കാണ് രാഹുകാലം നോക്കാതെ കാതോര്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത്. 
നീതി നിഷേധിക്കപ്പെട്ട അവസരങ്ങളില്‍ ബംഗാളിലെ സാധാരണക്കാരായ ജനങ്ങള്‍ പലപ്പോഴും സമീപിച്ചത് മഹാശ്വേത ദേവിയെയായിരുന്നു. അപ്പോഴൊക്കെ ദീദിയുടെ ഫോണ്‍വിളികളും ഭരണകര്‍ത്താക്കള്‍ക്കു സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തുകളും നീതിന്യായക്കോടതികളായി മാറി. പാളം തെറ്റിക്കിടക്കുന്ന ജനാധിപത്യം വിചാരണ ചെയ്യപ്പെട്ടു. ഒരേ പേനത്തുമ്പില്‍നിന്നും പൊടിച്ചിറങ്ങിയ വാക്കുകള്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി സാന്ത്വനത്തിന്റെ മെഴുകുതിരി വെട്ടമായും പ്രതിഷേധത്തിന്റെ തീപ്പന്തമായും സമവായത്തിന്റെ ദീപശിഖയായും മാറുന്നതിനു കാലം സാക്ഷ്യം വഹിച്ചു. അത്രയും നിശ്ചയദാര്‍ഢ്യത്തോടെയാണ് തീര്‍ത്തും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ രക്ഷാകര്‍ത്തൃത്വം സ്വന്തം ചുമലിലേക്ക് ദീദി ഏറ്റുവാങ്ങിയത്. 

സ്വന്തം ജീവിതാനുഭവങ്ങള്‍ തന്നെയാണ് ദീദി എഴുത്തില്‍ വിന്യസിച്ചത്. സമാനതകളില്ലാത്ത പോരാട്ടവീര്യം സാഹിത്യത്തിലേക്കു പകര്‍ന്നപ്പോള്‍ അവ കൂടുതല്‍ വശ്യമാക്കാന്‍ ചേരുവകളില്‍ മഹാശ്വേത ദേവി എന്ന എഴുത്തുകാരി കൃത്രിമത്വം കാട്ടിയില്ല. അതുകൊണ്ടുതന്നെ ചാരിക്കിടന്ന് ആസ്വദിച്ചു വായിച്ചാലും വായനക്കാരെ ഉലച്ചുകളയുന്നത്ര തീവ്രതയായിരുന്നു ദീദിയുടെ കഥകളുടെയും നോവലുകളുടെയും ഇതിവൃത്തങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും. ചുട്ടുപൊള്ളിക്കുന്ന വാക്കുകളില്‍ തന്റെ അനുഭവലോകത്തെ സാഹിത്യത്തില്‍ ആവിഷ്‌കരിച്ചപ്പോള്‍ അതു പലപ്പോഴും ഭരണകൂടങ്ങളുടെ ചെത്തിമിനുക്കിയ പ്രതിച്ഛായയ്ക്കു കനത്ത പോറലുകള്‍ വീഴ്ത്തി. ദീദിയുടെ മൂര്‍ച്ചയേറിയ വാക്കുകളിലൂടെ കടന്നുപോയപ്പോഴൊക്കെ വായനക്കാര്‍ക്കും ക്ഷതമേറ്റു. 

കാലക്രമേണ കലണ്ടറിലെ അക്കങ്ങള്‍ ഒന്നൊന്നായി പൊഴിഞ്ഞുതീരുമ്പോള്‍ മഹാശ്വേത ദേവിയെപ്പോലൊരാള്‍ ഇതുവഴി ജീവിച്ചു കടന്നുപോയി എന്നറിയുമ്പോള്‍ കാലവും ചരിത്രവും അതിശയിക്കും. മഹാശ്വേതയെന്ന ഭൗതിക സത്യം അറ്റുവീണെങ്കിലും നിലനില്‍ക്കുന്ന നൂറുകണക്കിനു ഗ്രന്ഥങ്ങളിലൂടെ, കാലങ്ങളോളം മുന്നില്‍നിന്നു നയിച്ച പ്രസ്ഥാനങ്ങളിലൂടെ ദീദി മരണമെന്ന വാക്കിനെ മറികടക്കുന്നു. വിശ്വകവി രവീന്ദ്രനാഥ ടാഗോറാണ് ദീദിയെ 'മഹാശ്വേത' എന്നു പേരിട്ടു വിളിച്ചത്. പിന്നീട് ശിഷ്യയെന്ന നിലയില്‍ കവി ഗുരുവിന്റെ പരിലാളനകള്‍ ഏറ്റുവാങ്ങി മഹാശ്വേത ദേവി ഒരു മഹാവൃക്ഷമായി മാറി. ഒടുവില്‍ കാലത്തിന്റെ അനിവാര്യമായ മഹാപ്രവാഹത്തില്‍ മറയുമ്പോഴും ദീദി പകര്‍ന്ന തണലില്‍ത്തന്നെയാണ് എണ്ണിത്തീര്‍ക്കാനാവാത്ത സാധാരണക്കാരും വായനക്കാരും. മൃത്യുഞ്ജയം എന്നു മാത്രമെ അതിനെ ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാനാവൂ. 

ജീവിക്കുന്ന കഥാപാത്രങ്ങള്‍

ഒരിക്കലും അസ്തമിക്കാത്ത, ശമിക്കാത്ത സമരവീര്യമായിരുന്നു മഹാശ്വേത ദേവിയുടെ ജീവിതത്തിനും എഴുത്തിനും. സ്വാഭാവികമായും ദീദിയുടെ വിരല്‍ത്തുമ്പില്‍ നിന്നൂര്‍ന്നിറങ്ങിയ കഥാപാത്രങ്ങളുടെ സിരകളിലും അതേ ചോരതന്നെയാണ് ഒഴുകിയത്. ഇതിഹാസ സമാനമായ ജീവിതം നയിച്ച ഒട്ടനവധി എഴുത്തുകാരുടെ സര്‍ഗസാന്നിധ്യത്താല്‍ അടയാളപ്പെട്ട മണ്ണാണ് ബംഗാളിന്റേത്. അവര്‍ ഉയര്‍ത്തിപ്പിടിച്ച ഔന്നത്യത്തിന്റെ ഏറ്റവും ഒടുവിലത്തെ പതാകാവാഹകയെന്ന് മഹാശ്വേതയുടെ എഴുത്തു ജീവിതത്തെ വിശേഷിപ്പിക്കാം. കാലാതിവര്‍ത്തിയായ സാമൂഹ്യപ്രതിബദ്ധതയാണ് മഹാശ്വേത ദേവിയുടെ രചനകളുടെ മുഖ്യ സവിശേഷത. 

1956-ല്‍ 'ഝാന്‍സി റാണി' എന്ന ചരിത്രനോവല്‍ രചിച്ചുകൊണ്ടാണ് മഹാശ്വേത ദേവി എന്ന എഴുത്തുകാരിയുടെ രംഗപ്രവേശം. കാലാകാലങ്ങളായി തുടര്‍ന്നുവന്ന, ഒരേ അച്ചില്‍ വാര്‍ത്തെടുക്കുന്ന ശൈലിയില്‍നിന്നു വ്യതിചലിച്ച് പുതിയ ആഖ്യാനരീതി അവലംബിച്ചുകൊണ്ട് എഴുതിയ 'ഝാന്‍സി റാണി' ബംഗാളി നോവലില്‍ അതുവരെ ഉണ്ടായിരുന്ന നടപ്പുശീലങ്ങളില്‍നിന്നുള്ള പ്രകടമായ വ്യതിയാനമായിരുന്നു. 

ഝാന്‍സിയില്‍ ചെന്ന് ഏറെക്കാലം അവിടെ താമസിച്ച് ഏറെ കാര്യങ്ങള്‍ പഠിച്ചതിനൊടുവിലാണ് നോവലെഴുതിയതെന്നും എന്നാല്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയ നോവലിന്റെ പ്രാഗ്‌രൂപം തൃപ്തികരമല്ലെന്നു തോന്നിയപ്പോള്‍ അതു കീറിക്കളഞ്ഞു വീണ്ടും എഴുതിയാണ് 'ഝാന്‍സി റാണി' പൂര്‍ത്തിയാക്കിയതെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തില്‍ എത്തിയപ്പോള്‍ നടത്തിയ അഭിമുഖ സംഭാഷണമദ്ധ്യേ ദീദി പറയുകയുണ്ടായി. ആദ്യ രചനയിലൂടെതന്നെ ബംഗാളി വായനക്കാരുടെ ആസ്വാദനക്ഷമതയെ ഉടച്ചുവാര്‍ക്കുന്നതില്‍ ദീദി വിജയം കണ്ടു. എന്നാല്‍, പലപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ തന്നെയായിരുന്നു ദീദിക്കു എഴുത്തിനേക്കാള്‍ ഗൗരവമേറിയ വിഷയം. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നു തിരസ്‌കൃതരായ മനുഷ്യരും അവരുടെ ദയനീയ ജീവിതവുമായിരുന്നു മഹാശ്വേത ദേവിയുടെ ഒട്ടനവധി രചനകളുടെ മുഖ്യ അസംസ്‌കൃത വസ്തു. 

ഹിംസയുടെ പര്യായപദമായി പൊലീസ് മാറിയ എഴുപതുകളില്‍ ദീദിയുടെ വാക്കുകള്‍ വാള്‍ത്തലപ്പിന്റെ മൂര്‍ച്ചയാര്‍ജിച്ചു. ഭരണകൂട ഭീകരതയ്‌ക്കെതിരെ സധൈര്യം പോരാടാനുള്ള ഇച്ഛാശക്തി പ്രകടിപ്പിച്ച നിരവധി കഥാപാത്രങ്ങളാണ് മഹാശ്വേത ദേവിയുടെ എഴുത്തിലൂടെ ജീവന്‍ വച്ചുണര്‍ന്നത്. വായനക്കാര്‍ക്ക് മഹാശ്വേതയുടെ രചനകള്‍ സമ്മാനിച്ചതു തൊട്ടുതലോടലായിരുന്നില്ല, നേരറിവുകളുടെയും തിരിച്ചറിവുകളുടെയും വൈദ്യുതാലിംഗനങ്ങളായിരുന്നു. തിളച്ചുമറിയുന്ന ലോഹലായനി പോലെ അവ ബംഗാളി വായനക്കാരുടെ സെന്‍സിബിലിറ്റിയെ പൊള്ളിക്കുകയാണ് ചെയ്തത്. 

1973-ല്‍ വെളിച്ചം കണ്ട 'ഹജാര്‍ ചുരാസീര്‍ മാ' എന്ന നോവലിലൂടെയാണ് സ്വാതന്ത്ര്യാനന്തര ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ ചോരക്കറ വീഴ്ത്തിയ നക്‌സല്‍ കാലത്തെ മഹാശ്വേത ദേവി സാഹിത്യത്തിലേക്ക് ആവാഹിക്കുന്നത്. അന്നുവരെ പിന്തുടര്‍ന്നിരുന്ന ആഖ്യാനശൈലിയില്‍നിന്ന് ഒരു ചുവടുമാററം സംഭവിക്കുന്നതും 'ഹജാര്‍ ചുരാസീര്‍ മാ' എന്ന നോവലിലൂടെയാണ്. പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും കനല്‍പ്പാതയിലൂടെ ദീദിയുടെ സാഹിത്യസഞ്ചാരം ആരംഭിക്കുന്നതും ഈ നോവലിലൂടെയാണ്. പിന്നീട് പ്രാകൃതമായ ജാതിവ്യവസ്ഥയും ജമീന്ദാരിയും പട്ടിണിയും പിന്നോക്കാവസ്ഥയും അന്ധവിശ്വാസങ്ങളും നിയമരാഹിത്യവും കൂടിക്കുഴഞ്ഞുകിടക്കുന്ന ബംഗാളിന്റെ ഏറെ സങ്കീര്‍്ണത നിറഞ്ഞ മണ്ണില്‍നിന്ന് ഒന്നൊന്നായി കഥകളെയും കഥാപാത്രങ്ങളെയും മഹാശ്വേത ദേവി കൈപിടിച്ചു കയറ്റി.
 
ബംഗാളിലെ നക്‌സല്‍ പ്രക്ഷോഭത്തിന്റെ ഏറ്റവും സൂക്ഷ്മവും വൈകാരികവുമായ ആഖ്യാനമാണ് 'ഹജാര്‍ ചുരാസീര്‍ മാ'. പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിനു വിധേയനായി മരണപ്പെട്ട ബ്രതി ചാറ്റര്‍ജി എന്ന യുവാവിന്റെയും അവന്റെ മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് മോര്‍ഗിലെത്തുന്ന ബാങ്കുദ്യോഗസ്ഥയായ സുജാതയെന്ന അമ്മയുടെയും കഥ പറഞ്ഞ 'ഹജാര്‍ ചുരാസീര്‍ മാ' (ആയിരത്തി എണ്‍പത്തിനാലിന്റെ അമ്മ) ബംഗാളികള്‍ വികാരവായ്‌പോടെയാണ് വായിച്ചു തീര്‍ത്തത്. അസമത്വവും അടിമത്തവും അടക്കിവാണിരുന്ന ബംഗാള്‍ ഗ്രാമങ്ങളില്‍നിന്ന് മഹാശ്വേത ദേവി കണ്ടെടുത്ത കഥാപാത്രങ്ങള്‍ അനവധിയാണ്. അവരില്‍ പലരും അനീതിക്കും അനാചാരങ്ങള്‍ക്കുമെതിരെ മരണം വരെ പോരാടിയ യുവതുര്‍ക്കികളായിരുന്നു. നല്ല നാളെകളെ ആത്മവിശ്വാസത്തോടെ സ്വപ്നം കണ്ടവരായിരുന്നു മഹാശ്വേത ദേവിയുടെ കഥാപാത്രങ്ങളില്‍ ഏറെയും.

കാട്ടിലെ മണ്ണും കാറ്റിന്റെ ഗതിയും ആകാശവും നോക്കി ഭാവി പ്രവചിക്കാന്‍ കഴിവുണ്ടായിരുന്ന ബിര്‍സാ മുണ്ഡ എന്ന വിപ്‌ളവകാരിയുടെ കഥ പറയുന്ന 'ആരണ്യത്തിന്റെ അധികാരം' മഹാശ്വേത ദേവിയുടെ ശ്രദ്ധേയ രചനകളില്‍ ഒന്നായി മാറിയത് അത് ഉന്നയിച്ച പരിസ്ഥിതി രാഷ്ട്രീയംകൊണ്ടു കൂടിയാണ്. അരിയാഹാരം സ്വപ്നങ്ങളില്‍ മാത്രം കണ്ടിരുന്ന ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയായ ബിര്‍സാ 'ഉല്‍ഗുലാന്‍' എന്നായിരുന്നു വിപ്‌ളവത്തെ പേരിട്ടു വിളിച്ചത്. അരി പാചകം ചെയ്തു എന്ന തെറ്റിന്റെ പേരിലാണ് വീരസ കുറ്റവാളിയാകുന്നത്. 

''രാവിലെ എട്ടുമണിക്ക് വീരസ രക്തം ഛര്‍ദ്ദിച്ചു ബോധം കെട്ടു. അപ്പോള്‍ തുടങ്ങി റാഞ്ചി ജയിലിലെ മറ്റു തടവുമുറികളില്‍ നിര്‍ത്താതെ കരച്ചില്‍. ജയില്‍ സൂപ്രണ്ട് കേട്ട ഭാവം നടിച്ചില്ല. വീരസ മരിക്കുമെന്ന് അദ്ദേഹത്തിനറിയാം. ലഫ്റ്റനന്റ് ഗവര്‍ണറെ എന്തു വിവരമാണ് അറിയിക്കേണ്ടത്, എങ്ങനെയാണ് എഴുതി അറിയിക്കേണ്ടത് എന്നൊക്കെയാണവിടെ ചിന്ത. ഇടയ്ക്കിടെ വാച്ചിലേക്ക് നോക്കുന്നുണ്ട്. ഇവന്റെ ശരീരത്തിന് ഇത്ര ശക്തിയുണ്ടല്ലോ എന്നാണ് സൂപ്രണ്ടിന്റെ ആശ്ചര്യം. മെയ് മാസം മുതല്‍ക്ക് കിടന്നു സഹിക്കുന്നു. ഒറ്റയ്ക്ക് ഒരു സെല്ലിലാണ്. ഫെബ്രുവരിക്കു മുമ്പോ? കാട്ടിലും മലമുകളിലുമായി എത്ര ഓടിനടന്നതാണ്! ഭക്ഷണമെന്തെങ്കിലും കഴിക്കാറുണ്ടോ എന്ന് വീരസയ്ക്കു മാത്രമേ അറിയാവൂ. ശരീരത്തിന് ഉടവില്ല. അവന്‍ മരിക്കുന്നില്ല. ഇപ്പോള്‍ മരിക്കേണ്ടത് ആവശ്യമായിരിക്കുന്നു. അല്ലെങ്കില്‍ വീരസ 'ഭഗവാനാ'ണെന്നു തെളിയും. ഭഗവാനല്ലെങ്കില്‍ ഇത്രയും ദിവസങ്ങള്‍ക്കകം മരിച്ചുപോകേണ്ടതായിരുന്നു.'
(ആരണ്യത്തിന്റെ അധികാരം വിവര്‍ത്തനം- ലീല സര്‍ക്കാര്‍) 

1979-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് മഹാശ്വേത ദേവിക്കു നേടിക്കൊടുത്ത നോവലാണ് ആരണ്യത്തിന്റെ അധികാരം. ഇതേ നോവലിന്റെ മലയാള പരിഭാഷയ്ക്കാണ് ലീല സര്‍ക്കാരിന് വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. 

നോവലിലെന്നപോലെ കഥകളിലും മഹാശ്വേത ദേവിയുടെ കഥാപാത്രങ്ങള്‍ പ്രതിനിധീകരിച്ചത് തിരസ്‌കൃത സമൂഹത്തെയാണ്. കൃഷിഭൂമിയെ ചൊല്ലി തുടങ്ങിയ തര്‍ക്കം കലാപബാധിതമാക്കി മാറ്റിയ നന്ദിഗ്രാമില്‍നിന്നുപോലും മഹാശ്വേത ദേവി സാഹിത്യശില്പങ്ങള്‍ നിര്‍മ്മിച്ചു. 'ആറാം നമ്പറിന്റെ വല്യച്ഛനും' 'അഥവ'യുമൊക്കെ നന്ദിഗ്രാം പശ്ചാത്തലത്തില്‍ എഴുതപ്പെട്ട കഥകളാണ്. 

''നന്ദിഗ്രാമില്‍ ലങ്കാദഹനം നടക്കുന്നതിനു മുന്‍പുതന്നെ കൊലപാതകങ്ങള്‍ക്കു തുടക്കമിട്ടിരുന്നു. ഓര്‍ക്കാപ്പുറത്തെന്നപോല്‍ ബോംബേറും വെടിയൊച്ചയുമെല്ലാം ഗ്രാമത്തിന്റെ നിശ്ശബ്ദതയെ കളങ്കപ്പെടുത്തിയിരുന്നു. അത്തരമൊരു ബോംബ് സ്‌ഫോടനത്തിലാണ് രസ്‌രാജിന്റെ സഹോദരപുത്രന്‍ അമല്‍ കൊല്ലപ്പെട്ടത്. അമലിനൊപ്പം മറ്റു നിരവധിപേരും അന്ന് കൊല്ലപ്പെട്ടിരുന്നു. നിരത്തിക്കിടത്തിയ ശവങ്ങളെല്ലാം ബന്ധുക്കള്‍ തിരിച്ചറിഞ്ഞ് ഏറ്റെടുത്തു. പക്ഷേ, ആറാം നമ്പര്‍ ശവം മാത്രം വിവാദമായി...' (ആറാം നമ്പറിന്റെ വല്യച്ഛന്‍) നന്ദിഗ്രാം പ്രക്ഷോഭത്തില്‍ രക്തസാക്ഷിയായ സ്വന്തം സഹോദരപുത്രന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടും അതുള്‍ക്കൊള്ളാന്‍ സാധിക്കാതെ നിസ്‌സഹായനായി മാറുന്ന രസ്‌രാജ് മണ്ഡല്‍ എന്ന കഥാപാത്രത്തെ ഉള്ളുലയ്ക്കുംവിധം തീവ്രതയോടെയാണ് മഹാശ്വേത ദേവി 'ആറാം നമ്പറിന്റെ വല്യച്ഛ'നില്‍ ആവിഷ്‌കരിച്ചത്. 

തന്റെ നോവലുകള്‍ക്കും കഥാസമാഹാരങ്ങള്‍ക്കും അവതാരിക എഴുതുന്നത് മഹാശ്വേത ദേവിയുടെ ശീലമായിരുന്നു. സ്വന്തം എഴുത്തിന്റെ രാഷ്ട്രീയമാണ് അതില്‍ എല്ലായ്‌പോഴും ദീദി വായനക്കാരുമായി പങ്കുവച്ചത്. മലയാളത്തിന്റെ പ്രിയ നോവലിസ്റ്റ് ആനന്ദ് വിവര്‍ത്തനം ചെയ്ത മഹാശ്വേത ദേവിയുടെ 'കവി ബന്ദ്യ ഘടി ഗായിയുടെ ജീവിതവും മരണവും' എന്ന നോവല്‍ പ്രതിപാദിക്കുന്നതും അതിജീവനത്തിന്റെ ഗാഥയാണ്. തികച്ചും നിരാശാജനകമായ ജീവിതാവസ്ഥകളില്‍നിന്നു സ്വന്തമായൊരു ലോകം പണിതുയര്‍ത്താന്‍ മോഹിച്ച യുവാവിന്റെ സ്വപ്നങ്ങളെ സമൂഹം നിര്‍ദ്ദയം തല്ലിക്കൊഴിക്കുന്ന കഥയാണ് ഈ നോവല്‍ പറയുന്നത്. പാരിസ്ഥിതിക വെല്ലുവിളികളെ ഉയര്‍ത്തിപ്പിടിക്കുന്ന 'മുകുന്ദന്റെ താളിയോലകള്‍' എന്ന നോവലിലും ദീദി പകര്‍ത്തിവയ്ക്കുന്നതു കാടിന്റെ മക്കളുടെ മോഹവും മോഹഭംഗവുമാണ്.
 
നോവലുകളില്‍ എന്നപോലെ കഥകളിലും മഹാശ്വേത ദേവി പകര്‍ത്തിയതു പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയായിരുന്നു. 'ദ്രൗപദി' എന്ന കഥയിലെ ദോപ്ദി മേത്‌ധെന്‍ എന്ന സ്ത്രീ കഥാപാത്രം അതിന്റെ പൗരുഷം കൊണ്ടാണ് ഇന്ത്യന്‍ സാഹിത്യത്തിലെ ശ്രേഷ്ഠ കഥാപാത്രങ്ങളുടെ ഒന്നാം നിരയിലേക്കു നടന്നുകയറിയത്. 
''ദ്രൗപദിയുടെ കറുത്ത ശരീരം സേനാനായകന്റെ അടുത്തേക്കു വന്നു. ദ്രൗപദി പറഞ്ഞാല്‍ കേള്‍ക്കാത്തവളായി. സേനാനായകന്റെ അടുത്തുനിന്നു നിയന്ത്രിക്കാനാവാത്ത അദമ്യമായ ചിരി ചിരിച്ചു വിറച്ചുകൊണ്ടിരുന്നു. ചിരിക്കാന്‍ ശ്രമിച്ചപ്പോള്‍ മുറിഞ്ഞ ചുണ്ടുകളില്‍നിന്നു രക്തമൊഴുകാന്‍ തുടങ്ങി, കൈകൊണ്ട് അതു തുടച്ചു. വനത്തില്‍ ഉറക്കെ ശബ്ദിച്ചു സന്ദേശമറിയിക്കുന്ന അത്രയും ഉച്ചത്തില്‍ അവള്‍ സേനാനായകനോട് ചോദിച്ചു: ''വസ്ര്തമെന്തിനാണ്? വസ്ത്രമോ? തുണിയഴിച്ചു നഗ്നയാക്കാനല്ലേ നിനക്കു കഴിയൂ! തുണി ഉടുപ്പിക്കാനറിയോ? എങ്ങനെ ഉടുപ്പിക്കും? ആണല്ലേ നീ?'
രക്തം കലര്‍ന്ന തുപ്പല്‍ നാലുവശത്തേക്കും തുപ്പി. സേനാനായകന്റെ ഷര്‍ട്ടിന്മേലും വേണ്ടത്ര തുപ്പിയശേഷം പറഞ്ഞു: ''ഇവിടെ പുരുഷന്മാര്‍ ആരെങ്കിലുമുണ്ടോ? ഞാനെന്തിനു നാണിക്കണം? എന്നെ തുണിയുടുക്കാന്‍ അനുവദിക്കാത്തവരാണ്! എന്തു ചെയ്യും? നിയെന്തു ചെയ്യും? ന്നാ, വന്നോ, കൗണ്ടര്‍ ചെയേ്താ, ന്നാ... കൗണ്ടര്‍ ചെയ്യ്...!'ദ്രൗപദി തന്റെ സ്തനങ്ങള്‍കൊണ്ട് സേനനായകനെ തള്ളിക്കൊണ്ടിരുന്നു. ഒരു അസ്ര്തവുമില്ലാത്ത ടാര്‍ഗറ്റിനു മുന്‍പില്‍ അന്നാദ്യമായി സേനാനായകന്‍ ഭയന്നുവിറച്ചു...' (ദ്രൗപദി വിവര്‍ത്തനം- ലീല സര്‍ക്കാര്‍).

മഹാശ്വേത ദേവിയുടെ ഏറെ പ്രശസ്തമായ 'ഓപ്പറേഷന്‍ ബഷായ് ടുഡു' എന്ന നോവല്‍ പ്രതിപാദിക്കുന്നതും ആദിവാസികളുടെ അതിജീവനത്തിന്റെ കഥയാണ്. മണ്ണിന്റെ രാഷ്ട്രീയമാണ്. ബഷായ് ടുഡു എന്ന പോരാളിയായ യുവാവിന്റെ കഥ പറയുമ്പോള്‍ ഭരണകൂടത്തെയാണ് ദീദി പ്രതിസ്ഥാനത്തു നിര്‍ത്തുന്നത്. സമരമുഖങ്ങളില്‍ വച്ച് പരിചയപ്പെട്ട ഒരു ചെറുപ്പക്കാരനെയാണ് ബഷായ് ടുഡു എന്ന കഥാപാത്രത്തിലേക്ക് ദീദി സന്നിവേശിപ്പിച്ചത്. തന്റെ പ്രിയപ്പെട്ട രചനകളില്‍ ഒന്നാണ് 'ഓപ്പറേഷന്‍ ബഷായ് ടുഡു' എന്ന് മഹാശ്വേത ദേവി പറഞ്ഞിട്ടുണ്ട്. 

''പൊലീസ് ജീപ്പുകളില്‍നിന്നും വാനുകളില്‍നിന്നും ഒരുമിച്ച് ഉയര്‍ന്ന സൈറണ്‍ കേട്ട് മേഘങ്ങള്‍ ചിതറിയകന്നു. എന്നാല്‍, അവയെ ഒന്നടങ്കം വിഴുങ്ങുമാറുച്ചത്തില്‍ ബഷായ് അലറി: ''മാ... ഹോ...! വയലില്‍ പോയി ഒളിക്ക്... നമുക്ക് തിരിച്ചടിക്കണം!'
'മാ...ഹോ' എന്ന ബഷായിയുടെ യുദ്ധകാഹളം വൈദ്യുതി തരംഗം പോലെ അവിടെയാകെ പ്രസരിച്ചു. അതിന്റെ ആഘാതത്തില്‍ ചാടിയെഴുന്നേറ്റ രാമേശ്വറിന്റെ കഴുത്തില്‍ ബഷായിയുടെ കുന്തം തുളഞ്ഞുകയറി. വയലുകളിലേക്ക് ചിതറിയോടിയ സന്താളികള്‍ക്കു നേരെ വെടിയുണ്ടകള്‍ പാഞ്ഞു. അതിനു മറുപടിയെന്നോണം വയലുകളില്‍നിന്ന് അമ്പുകള്‍ പ്രകാശവേഗത്തില്‍ പറന്നെത്തി. നെല്‍ക്കതിരുകളില്‍ തീയാളിപ്പടര്‍ന്നു. മൂര്‍ച്ചയേറിയ അരിവാളിന്റെ വെട്ടേറ്റ് എസ്.ഐ കുഴഞ്ഞുവീണു. തോക്കുകള്‍ വീറോടെ വെടിയുണ്ടകള്‍ തുപ്പിക്കൊണ്ടിരുന്നു. ഡി.വൈ.എസ്.പിയെ ഉന്നമിട്ട് ബഷായ് എയ്ത ത്രിശൂലം അയാളുടെ അടിവയറ്റില്‍ തുളച്ചുകയറി. ഒരു വെടിയുണ്ട ബഷായിയുടെ കാലില്‍ തറച്ചു. ഒരു ബയണറ്റ് അയാളുടെ വയറ്റില്‍ തുളഞ്ഞു. മറ്റൊന്ന് മുഖത്തായിരുന്നു തറച്ചത്. ഗുരുതരമായ പരിക്കേറ്റു വികൃതമായ മുഖവും ചോരയിറ്റുന്ന ശരീരവുമായി ബഷായ് അലറി: ''ഞാന്‍ വിടില്ല. തന്തയ്ക്കു പിറക്കാത്ത ചെറ്റകളേ... ധൈര്യമുണ്ടെങ്കില്‍ അടുത്തുവാടാ...! അതുപറഞ്ഞ് ഏറെ നേരം കഴിയുന്നതിനു മുന്‍പുതന്നെ ബഷായ് കുഴഞ്ഞുവീണു' (ഓപ്പറേഷന്‍ ബഷായ് ടുഡു, വിവര്‍ത്തനം- സുനില്‍ ഞാളിയത്ത്).

കഥാകാരിയെപ്പോലെ പോര്‍മുഖങ്ങളില്‍ പതറാതെ പോരാടുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ മഹാശ്വേത ദേവിക്കു മാത്രം അവകാശപ്പെട്ടതാണ്. അക്ഷരങ്ങളിലൂടെ തങ്ങളെ ആവാഹിച്ച സ്രഷ്ടാവിന്റെ വിയോഗത്തിനൊടുവിലും സ്വന്തം നട്ടെല്ലിന്റെ കരുത്തില്‍ അവര്‍ വായനക്കാരുടെ മനസ്‌സുകളെ മുഖരിതമാക്കിക്കൊണ്ട് നിലനില്‍ക്കുക തന്നെ ചെയ്യും. 

ചില ഓര്‍മച്ചിത്രങ്ങള്‍

ജീവിതത്തില്‍ ഉടനീളം തികച്ചും സാധാരണക്കാരിയായി ജീവിക്കുകയും അസാധാരണ സര്‍്ഗ സപര്യയാല്‍ വായനക്കാരെ ത്രസിപ്പിക്കുകയും ഭരണകൂടങ്ങളെ ചൊടി്പ്പിക്കുകയും  ഭാഷയെ പുരസ്‌കൃതമാക്കുകയും ചെയ്ത എഴുത്തുകാരിയാണ് മഹാശ്വേതാ ദേവി. ഒരിക്കലും ആരാധകരും അനുയായികളും അനുവാചകരും വേണമെന്ന് ദീദി ആഗ്രഹിച്ചില്ല. ചില്ലുമേടയിലിരുന്നു സാഹിത്യം രചിച്ചില്ല. അവാര്‍ഡുകളുടെയും അംഗീകാരങ്ങളുടെയും കിരീടവും ചെങ്കോലും തന്നിലേക്കെത്തിച്ചേരാന്‍ ചരടുകള്‍ വലിച്ചില്ല. അതിനായി വാക്കിലും പെരുമാറ്റത്തിലും എണ്ണയും വെണ്ണയും പുരട്ടിയില്ല. ഒരുപക്ഷേ, സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ദീദിയെപ്പോലെ ഇത്രയേറെ രാഷ്ര്ടീയവിഷയങ്ങള്‍ക്ക് എഴുത്തിലൂടെ  ഊടും പാവും നല്‍കിയ എഴുത്തുകാര്‍ വിരളമാണ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ദീദിയുടെ കഥാപാത്രങ്ങളില്‍ പലരും ചോരയും മാംസവും ഉള്ള പച്ചമനുഷ്യര്‍ തന്നെയായിരുന്നു.  ദീദിയെ പോലെ!

കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്നു തവണയാണ് ദീദി കേരളത്തില്‍ വന്നുമടങ്ങിയത്. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജോഷി ജോസഫുമായി ദീദി പുലര്‍ത്തിയിരുന്ന ആത്മബന്ധമാണ് ആ സന്ദര്‍ശനങ്ങള്‍ക്കു വഴിതെളിച്ചത്. മൂന്നു തവണയും ദീദിയെ കാണാനും അഭിമുഖം നടത്താനും സാധിച്ചു (കടപ്പാട് - ജോഷി ജോസഫ്). എഴുത്തുജീവിതത്തിലെ അപൂര്‍വ്വ സൗഭാഗ്യങ്ങളില്‍ ഒന്നായി ഞാനിതിനെ കാണുന്നു. 

എറണാകുളത്തെ മൂലമ്പിള്ളിയില്‍ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ട നിസ്സഹായരായ ഗ്രാമീണരെ നേരില്‍ കാണാനും അവരുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരാനും വേണ്ടിയാണ് ദീദിയെത്തിയത്. ചിറ്റൂര്‍ ഫെറിയില്‍നിന്നു ബോട്ടില്‍ ജോഷിയോടൊപ്പം മൂലമ്പിള്ളിയില്‍ വന്നിറങ്ങുമ്പോള്‍ ഒരു ഗ്രാമം മുഴുവനും അവിടെ ദീദിയെ കാത്തുനിന്നു. അവരോടൊപ്പം ഞാനും. അന്ന് മൂലമ്പിള്ളിയിലെ പൊതുയോഗം കഴിഞ്ഞശേഷം കടമക്കുടിയിലേക്കു യാത്രചെയ്യവെ ഒരു ഹൗസ് ബോട്ടിലിരുന്നാണ് ആദ്യാഭിമുഖം നടത്തിയത്. 2008 മെയ് മാസമായിരുന്നു ആ കൂടിക്കാഴ്ച. അക്കുറി സ്വന്തം സാഹിത്യജീവിതത്തെക്കുറിച്ചാണ് ദീദി ഏറെയും സംസാരിച്ചത്. ഒപ്പം സാധാരണക്കാരുടെ വികാരം മനസ്സിലാക്കാതെ വികസനത്തിനു പച്ചക്കൊടി വീശുന്ന ഭരണകര്‍ത്താക്കളെ നന്നായി വിമര്‍ശിക്കുകയും ചെയ്തു. കേരളത്തിലെ  എഴുത്തുകാരുടെ മൗനം തന്നെ പേടിപ്പെടുത്തുന്നതായി ദീദി പറഞ്ഞത് എനിക്കനുവദിച്ച ആദ്യത്തെ അഭിമുഖത്തിലായിരുന്നു. 

കേരള സാഹിത്യ അക്കാദമിയുടെ ക്ഷണം സ്വീകരിച്ച് തകഴി ജന്മശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് രണ്ടാംകുറി ദീദിയെത്തിയത്. അന്ന് ടി.പി. ചന്ദ്രശേഖരന്‍ വധം കേരളത്തെ പിടിച്ചുലച്ച നാളുകളായിരുന്നു. തകഴി അനുസ്മരണം കഴിഞ്ഞതും ദീദി ആലപ്പുഴയില്‍നിന്ന് തിരുവനന്തപുരം വഴി നേരെ പോയത് ടി.പിയുടെ വീട്ടിലേക്കായിരുന്നു. അവിടെനിന്ന് എറണാകുളത്തു തിരിച്ചെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ചയുടെ രണ്ടാമൂഴം. 2011 ജൂണിലായിരുന്നു അത്.  അത്തവണ എറണാകുളത്തെ ഭാരത് ടൂറിസ്റ്റ് ഹോമില്‍ വച്ച് നടന്ന സംഭാഷണത്തില്‍ ബംഗാള്‍ മാറ്റം ആഗ്രഹിക്കുന്നു എന്ന് ദീദി പറഞ്ഞു.  ആ പ്രവചനം അച്ചട്ടായി. അത്തവണ മൂന്നര പതിറ്റാണ്ടിലേറെ കാലം ബംഗാള്‍ ഭരിച്ച ഇടതുമുന്നണിയെ തോല്‍പ്പിച്ച മമത ബാനര്‍ജി ബംഗാളില്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.  'മലയാളം' വാരികയാണ് ആ രണ്ടു അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചത്.

2012 ഡിസംബറില്‍ ആയിരുന്നു ഏറ്റവും ഒടുവില്‍ കേരളം സന്ദര്‍ശിച്ചത്. സ്വന്തം നോവലുകളില്‍ ദീദിക്ക് ഏറെ പ്രിയപ്പെട്ട 'ഓപ്പറേഷന്‍ ബഷായ് ടുഡു' ഞാന്‍ വിവര്‍ത്തനം ചെയ്യുന്ന സമയമായിരുന്നു.  ആ നോവലിലെ പ്രധാന കഥാപാത്രത്തെ  മുന്‍നിര്‍ത്തി എറണാകുളത്തെ ഗവണ്‍മെന്റ്് ഗസ്റ്റ്് ഹൗസില്‍ വച്ചു നല്‍കിയ അഭിമുഖത്തിനിടെ ഞാന്‍ ചോദിച്ച ഒരു ചോദ്യത്തിന് ഉത്തരമെന്നോണം ദീദി പറഞ്ഞു: ''ഞാന്‍ എന്റെ കഥാപാത്രങ്ങളെ കണ്ടെടുക്കുന്നത് ചുറ്റുപാടുകളില്‍ നിന്നാണ്.'  കൊല്‍ക്കത്തയില്‍ മടങ്ങിയെത്തിയ ശേഷം ഒരു സന്ധ്യയ്ക്ക് ജോഷി വിളിച്ചു. പിന്നെ ദീദിക്ക് ഫോണ്‍ കൈമാറി. നോവലിന്റെ വിവര്‍ത്തനം പുരോഗമിക്കുന്നുണ്ടോ എന്നും വൈകാതെ പൂര്‍ത്തിയാക്കണം എന്നും ആവശ്യപ്പെട്ടു. പിന്നീട് കൊല്‍ക്കത്തയില്‍ പോയപ്പോഴൊക്കെ കാണണമെന്നു കരുതിയെങ്കിലും നടന്നില്ല.  ഒടുവില്‍ കുറെ ഓര്‍മ്മച്ചിത്രങ്ങള്‍ മാത്രം ബാക്കിയാവുന്നു.

(മഹാശ്വേത ദേവിയുടെ മരണത്തെത്തുടര്‍ന്ന് സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച ലേഖനം)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com