ചിദംബര സ്മരണ; ചുള്ളിക്കാടിനെക്കുറിച്ച് എസ്.ജയചന്ദ്രന്‍ നായര്‍ എഴുതുന്നു

ഉദ്വേഗജനകമായ നോവല്‍ വായിക്കാന്‍ കാത്തിരിക്കുന്നവരെപ്പോലെ, അച്ചടിച്ചുവന്ന അതിനായി വായനക്കാര്‍ കാത്തിരിക്കുമെന്നു തീര്‍ച്ചയായും ബാലന്‍ കരുതിയിരുന്നില്ല. എന്നാല്‍, അതു സംഭവിച്ചു
ചിദംബര സ്മരണ; ചുള്ളിക്കാടിനെക്കുറിച്ച് എസ്.ജയചന്ദ്രന്‍ നായര്‍ എഴുതുന്നു

ഇന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അറുപതാം പിറന്നാള്‍.മലയാളത്തിന്റെ പ്രിയപ്പെട്ട കവിയുടെ ചിദംബര സ്മരണകള്‍ എന്ന കൃതി സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച സമയത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് എസ്.ജയചന്ദ്രന്‍ നായര്‍

ദ്യസാഹിത്യത്തില്‍ പവിഴപ്പുറ്റായി വിശേഷിപ്പിക്കപ്പെടുന്നതാണ് ബാലനെഴുതിയ ചിദംബര സ്മരണകള്‍. അത് അച്ചടിക്കുന്നതിനു മുന്‍പ്, ഓരോ അദ്ധ്യായവും ആവര്‍ത്തിച്ച് വായിച്ച് അതിലെ പൊട്ടും പൊടിയും തൂത്തുകളഞ്ഞു വൃത്തിയാക്കുന്നതില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ച സൂക്ഷ്മതയും ശ്രദ്ധയും അസാധാരണമായിട്ടുള്ളതായിരുന്നു. അതിന്റെ പ്രസിദ്ധീകരണം 'സമകാലിക മലയാള'ത്തില്‍ തുടങ്ങി എല്ലാ ദിവസവും സന്ധ്യയോടെ ബാലന്‍ വരുന്നതു കാത്തിരിക്കുമായിരുന്നു എം.വി. ബെന്നി. മറ്റാരും ആ സന്ദര്‍ശനം കാണരുതെന്നും അറിയരുതെന്നും ബാലനു നിര്‍ബന്ധമുണ്ടായിരുന്നു. പതുക്കെ, ഒച്ചയുണ്ടാക്കാതെ വന്ന് ബെന്നിയുടെ മേശയ്ക്കരികെയിരുന്നു കമ്പോസ് ചെയ്ത അദ്ധ്യായം വായിച്ചു തിരുത്തി ശരിയാക്കുന്നതില്‍ ബാലന്‍ ചെലവിട്ട മണിക്കൂറുകള്‍. അതിനായി തിരക്കുകള്‍ മറന്ന ദിവസങ്ങള്‍. 

ഉദ്വേഗജനകമായ നോവല്‍ വായിക്കാന്‍ കാത്തിരിക്കുന്നവരെപ്പോലെ, അച്ചടിച്ചുവന്ന അതിനായി വായനക്കാര്‍ കാത്തിരിക്കുമെന്നു തീര്‍ച്ചയായും ബാലന്‍ കരുതിയിരുന്നില്ല. എന്നാല്‍, അതു സംഭവിച്ചു. അദ്ദേഹം രചിക്കപ്പെട്ടത് ഗദ്യസാഹിത്യചരിത്രത്തില്‍ പുതിയൊരു അദ്ധ്യായമായിരുന്നു. 
ഗദ്യരചനയില്‍ മാതൃകകളായി ചൂണ്ടിക്കാണിക്കാറുള്ള മാരാരുടേയും ഭാസ്‌ക്കരന്‍ നായര്‍ സാറിന്റേയും ഗുപ്തന്‍നായര്‍ സാറിന്റേയും രചനകള്‍ ചിദംബരം സ്മരണകള്‍ക്കു എത്രയോ പിന്നിലാണെന്നു മലയാളം തിരിച്ചറിഞ്ഞു. കഥയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോവുകയോ ഭേദിക്കപ്പെടുകയോ ചെയ്യുന്നതായിരുന്നു ആ രചന. മറ്റൊരര്‍ത്ഥത്തില്‍ അതൊരു കണ്ടെത്തല്‍ കൂടിയായി. ഈശ്വരനെ നഷ്ടപ്പെട്ടവര്‍ ഈശ്വരനെ വീണ്ടും കണ്ടെത്തുന്നതുപോലെ. 

ചിദംബരം സ്മരണകള്‍ എഴുതുമ്പോള്‍ കവിതയെ ഉപേക്ഷിക്കുകയായിരുന്നില്ല ബാലന്‍ ചെയ്തത്. എപ്പോള്‍ വേണമെങ്കിലും തന്റെ ഇച്ഛയ്ക്കനുസരിച്ചു ജീവിതവ്യസനങ്ങള്‍ രേഖപ്പെടുത്താനുള്ള ഫലപ്രദമായ ഉപകരണമാണ് കവിതയെന്ന് അദ്ദേഹം അനുഭവിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കവിതയിലേക്കുള്ള യാത്ര അദ്ദേഹം സ്വയം പരിമിതപ്പെടുത്തിയിരുന്നു. 

അറുപതുകളിലും എഴുപതുകളിലുമാണ് ബാലന്‍ ഉള്‍പ്പെടെയുള്ള കവികള്‍ കാലത്തിന്റെ തടവറകള്‍ ഭേദിച്ചു സ്വതന്ത്രമായ തുറസ്സിലേക്ക് എടുത്തുചാടിയത്. ലോകപ്രശസ്തമായ സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റി കൈയടക്കി അധികാരത്തിന്റെ മൂക്കുമുറിച്ച പാരീസ് വിദ്യാര്‍ത്ഥി കലാപകാരികള്‍ അക്കാലത്ത് അവര്‍ക്കൊരു മാതൃകയായിരുന്നു. ക്ഷുഭിത യൗവ്വനം എന്നു വിശേഷിപ്പിക്കപ്പെട്ട മലയാളത്തിലെ ആ തലമുറ വിശ്വാസം നഷ്ടപ്പെട്ടവരായിരുന്നു. മുകളിലേക്കോ മുന്നിലേക്കോ നോക്കാന്‍ അവര്‍ക്കൊന്നുമില്ലായിരുന്നു. അതുണ്ടാക്കിയ അനിശ്ചിതത്വത്തിനെതിരായി നടത്തിയ കലഹത്തിലൂടെ പുതിയൊരു വ്യാകരണം അവര്‍ മലയാളത്തിനു നല്‍കി. ഛന്ദസ്സിനെ ഭേദിച്ചു ലാവണ്യത്തിന്റെ പുതിയ തലങ്ങള്‍ അതുവഴി അവര്‍ സ്വന്തമാക്കി. അങ്ങനെ അവര്‍ കുടുസ്സുമുറികളില്‍നിന്നു കവിതയെ മോചിപ്പിച്ചു ജനസദസ്സുകള്‍ക്കു മദ്ധ്യേ സ്ഥാപിച്ചു. ആ മോചനത്തിനിടയില്‍ കവിത വലിച്ചെറിഞ്ഞ കൈയാമങ്ങള്‍ അധികാരത്തെ വിറകൊള്ളിക്കാതിരുന്നില്ല എങ്കിലും ആ യൗവ്വനം വഴിക്കുവച്ച് ജീവിത പ്രാരാബ്ധങ്ങളില്‍പ്പെട്ട് ഉഴലുകയുണ്ടായി.

''നോക്കൂ 
ദഹിച്ച മെഴുതിരി
ശ്മശാന വസ്ത്രം 
പിശാചു ബാധിച്ച കസേരകള്‍
മോഹങ്ങള്‍. ശവദാഹം കഴിഞ്ഞിരുന്നു 
ഞാന്‍ മുറിയുപേക്ഷിക്കുന്നു.'

നിരാശയില്‍ നിന്നുയര്‍ന്ന, അഭിലാഷങ്ങള്‍ കരിഞ്ഞുപോയതില്‍നിന്നുണ്ടായ വിലാപമായിരുന്നു അത്. യാഥാര്‍ത്ഥ്യങ്ങളില്‍ മുട്ടിത്തട്ടി ഉണ്ടായ മുറിവുകളില്‍നിന്നുള്ള വേദനയുടെ ഒച്ചയായിരുന്നു ബാലനെഴുതിയ ആ വരികളില്‍ പ്രതിധ്വനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com