സഭ ഓര്‍ക്കണം, സമൂഹം ശ്രദ്ധിക്കുന്നുണ്ട്

നന്മ ചെയ്യുമ്പോള്‍ ആനുപാതികമല്ലാത്ത വിധം അതിനെ ആഘോഷിക്കുന്നവര്‍ക്ക്, തിന്മ ചെയ്യുമ്പോള്‍ അതിരൂക്ഷമായി ആക്രമിക്കാനും അവകാശമുണ്ട്. അതാണ് കൊട്ടിയൂര്‍ സംഭവത്തെ തുടര്‍ന്നു നടന്നു വരുന്നത് എന്നു കണ്ട് ആശ്വസ
സഭ ഓര്‍ക്കണം, സമൂഹം ശ്രദ്ധിക്കുന്നുണ്ട്

ഫ്‌ലവേഴ്‌സ് ചാനലിന്റെ കോമഡി പരിപാടിയില്‍ ഒരു ദിവസം അതിഥിയായി വന്നത് ഫാ.ഡേവീസ് ചിറമേലാണ്. സിനിമാതാരങ്ങളെ പോലുള്ള സെലിബ്രിറ്റികളാണ് ഈ പരിപാടിയില്‍ ഗസ്റ്റുകളായി വരാറുള്ളത്. സ്വന്തം കിഡ്‌നി കൊടുത്ത് കിഡ്‌നി ഫൗണ്ടേഷന് അടിത്തറയുണ്ടാക്കിയ, കത്തോലിക്കാ പുരോഹിതനായ ചിറമേലച്ചനെ മാധ്യമലോകം സെലിബ്രിറ്റിയായി കാണുന്നു എന്നര്‍ത്ഥം. അതേ ചാനലിലാണെന്നു തോന്നുന്നു, ക്രിസ്മസിനു നടന്‍ പ്രജോദ് അഭിമുഖം നടത്തിയത് ഫാ.ജോസഫ് പുത്തന്‍പുരയുമായാണ്. നര്‍മ്മം നിറഞ്ഞ ധ്യാനപ്രസംഗങ്ങളിലൂടെ മതഭേദമില്ലാതെ ഏവരുടെയും പ്രിയങ്കരനായി മാറിയിരിക്കുന്ന പുരോഹിതനാണ് പുത്തന്‍പുരയച്ചന്‍. എഴുത്തുകാരനായ ഫാ.ബോബി ജോസും മോഹന്‍ലാലുമായുള്ള സംഭാഷണം മാതൃഭൂമിയിലാണെന്നു തോന്നുന്നു വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടതു കണ്ടു. 
പുരോഹിതരുടെ വൃക്കദാനം പോലുള്ള മനുഷ്യസ്‌നേഹപ്രവര്‍ത്തനങ്ങളെ കുറിച്ചെഴുതപ്പെട്ടിട്ടുള്ള ഫീച്ചറുകള്‍ക്കു കൈയും കണക്കുമില്ല. 
പുരോഹിതനാണ് എന്നു വെളിപ്പെടുത്തിയിരിക്കുന്ന, എന്തെങ്കിലും കഴമ്പുള്ള വ്യക്തിത്വങ്ങള്‍ക്കെല്ലാം സോഷ്യല്‍ മീഡിയായിലും വലിയ ആദരവു ലഭിക്കുന്നുണ്ട്.
ചാവറയച്ചനെയും അല്‍ഫോന്‍സാമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചപ്പോള്‍ അതു തത്സമയം സംപ്രേഷണം ചെയ്യാന്‍ കേരളത്തിലെ ചാനലുകള്‍ മാധ്യമസംഘങ്ങളെ റോമിലേയ്ക്ക് അയച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മൃതസംസ്‌കാരചടങ്ങുകള്‍ പോലും കേരളത്തിലെ മാധ്യമങ്ങള്‍ വന്‍പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു, തത്സമയം പ്രക്ഷേപണം ചെയ്തു.
ഭിക്ഷാടകരുടെ പുനരധിവാസത്തിനായി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന താപസവര്യനായ ഫാ.ജോര്‍ജ് കുറ്റിക്കലിനെ, ഗോവിന്ദച്ചാമി വിഷയത്തില്‍ കരി തേയ്ക്കാന്‍ നോക്കിയ ചില വിഷജന്തുക്കളെ പൊളിച്ചടുക്കിയതു പൊതുസമൂഹമാണ്, സഭയല്ല.
ആനുപാതികമായിരുന്നില്ല ഇക്കാര്യങ്ങളിലൊന്നും കേരളസമൂഹം കത്തോലിക്കാസഭയ്ക്കു നല്‍കിയ ഇടവും നേരവും പ്രാധാന്യവും എന്നതാണു സത്യം. 


മൂന്നര കോടി കേരളീയരില്‍ പത്തു ശതമാനം കഷ്ടി വരുന്ന സീറോമലബാര്‍ സഭയിലെ ചാവറയച്ചനെയും അല്‍ഫോന്‍സാമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന മതചടങ്ങ് റോമില്‍ പോയി ഒരു പകല്‍ മുഴുവനുമെടുത്ത് നിരവധി ചര്‍ച്ചകളുമായി തത്സമയം സംപ്രേഷണം ചെയ്യുന്നതെന്തിനു ചാനലുകള്‍? അതിനും മാത്രം അതിലെന്തിരിക്കുന്നു എന്ന് സഭയ്ക്കു പുറത്തുള്ളവര്‍ക്കു തീര്‍ച്ചയായും ചോദിക്കാമായിരുന്നു. ചിലരെല്ലാം ചോദിച്ചെങ്കിലും അതു നടന്നു എന്ന വസ്തുത അവശേഷിക്കുന്നു.
(നൂറോ ഇരുനൂറോ വൈദികര്‍ അംഗങ്ങളായ ചില സന്യാസസമുഹങ്ങള്‍ക്കു പുതിയ അധികാരികള്‍ നിയമിക്കപ്പെടുമ്പോള്‍ പത്രങ്ങള്‍ ജെനറല്‍ എഡിഷനില്‍ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത നല്‍കുന്നതു കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. കത്തോലിക്കര്‍ക്കു പോലും വലിയ പിടിപാടില്ലാത്ത സന്യാസസഭകളുടെ വാര്‍ത്തകളാണ്, അവര്‍ പുരോഹിതന്മാരാണ് എന്ന കാരണത്താലാകണം, ഇങ്ങിനെ നല്‍കി വരുന്നത്.)
കേരളത്തിലെ കത്തോലിക്കാസഭ വളരെ പ്രബലവും സന്പന്നവുമായ ഒരു സമുദായമായി പരിഗണിക്കപ്പെടുന്നു എന്ന കാര്യം അറിയാത്തത് ആ സമുദായത്തിലെ തന്നെ ചില ആളുകള്‍ക്കാണെന്നു തോന്നുന്നു. ധാരാളം പാവങ്ങള്‍ അംഗങ്ങളായി ഉണ്ടെങ്കിലും ഒരു സ്ഥാപനം/സമുദായം എന്ന നിലയില്‍ സഭ വളരെ ശക്തമായ നിലയിലാണു ഇന്നിവിടെയുള്ളത്.
അതുകൊണ്ട് പൊതുസമൂഹത്തിന്റെ സവിശേഷമായ ശ്രദ്ധ സഭയ്ക്കു മേലുണ്ട്. സഭയിലെ പുരോഹിതര്‍ എന്തെങ്കിലും നന്മ ചെയ്താല്‍ മറ്റാരു ചെയ്യുന്നതിനേക്കാളും അധികമായി അത് ആഘോഷിക്കപ്പെടുന്നു. സമുദായത്തിനുള്ളില്‍ നടക്കുന്ന തികച്ചും മതപരമായ ചടങ്ങുകള്‍ പോലും മതേതര പൊതുസമൂഹത്തിനു മുന്‍പിലേയ്ക്ക് പൊതുമാധ്യമങ്ങള്‍ വന്‍പ്രാധാന്യത്തോടെ എത്തിച്ചുകൊടുക്കുന്നു.
കൊട്ടിയൂര്‍ സംഭവത്തില്‍ സഭയ്‌ക്കെതിരെയും പുരോഹിതര്‍ക്കെതിരെയും ഭീകരമായ ആക്രമണം നടക്കുന്നതില്‍ ചില സഭാംഗങ്ങള്‍ ദുഃഖിതരാണെന്നു കാണുന്നു. സ്വാഭാവികമാണ്. പക്ഷേ, നന്മ ചെയ്യുമ്പോള്‍ ആനുപാതികമല്ലാത്ത വിധം അതിനെ ആഘോഷിക്കുന്നവര്‍ക്ക്, തിന്മ ചെയ്യുമ്പോള്‍ അതിരൂക്ഷമായി ആക്രമിക്കാനും അവകാശമുണ്ട്. അതാണ് കൊട്ടിയൂര്‍ സംഭവത്തെ തുടര്‍ന്നു നടന്നു വരുന്നത് എന്നു കണ്ട് ആശ്വസിക്കുക.
ശക്തിസ്വാധീനങ്ങളുടെ പേരില്‍ പൊതുമാധ്യമലോകങ്ങളിലേയ്ക്കു ഇട്ടിരിക്കുന്ന പാലത്തിലൂടെ അങ്ങോട്ടു മാത്രമല്ല ഇങ്ങോട്ടും കടക്കാം, സ്തുതി മാത്രമല്ല നിന്ദയും വരാം. അത് നിങ്ങളെന്തു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നു മാത്രം.
സ്തുതി മാത്രം മതിയോ?
എങ്കില്‍ നല്ലതു മാത്രം ചെയ്യുക.

(മാധ്യമപ്രവര്‍ത്തകനായ ഷിജു ആച്ചാണ്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com