ലജ്ജിക്കുക ജനാധിപത്യമേ, ഈ ജനവിധിയില്‍

പോരാട്ടങ്ങള്‍ക്ക്, സ്വയം വേണ്ടെന്നുവച്ച് അതിനായി ഇറങ്ങിത്തിരിച്ചവര്‍ക്ക് ജനാധിപത്യത്തിന്റെ ഈ ഒന്നാംകളരിയില്‍ ഇടമില്ലന്നു തന്നെയാവണം ഈ തെരഞ്ഞെടുപ്പു ഫലം നമ്മോടു പറയുന്നത്. 
ലജ്ജിക്കുക ജനാധിപത്യമേ, ഈ ജനവിധിയില്‍

പതിനാറു വര്‍ഷം നീണ്ട പട്ടിണി സമരത്തിനു ശേഷമായിരുന്നു ജനാധിപത്യത്തിന്റെ കളരിയില്‍ ഇറോം ശര്‍മിളയുടെ പോരാട്ടം. തികച്ചും പ്രതീകാത്മകം എന്നു വിലയിരുത്തപ്പെട്ട ആ പോരാട്ടത്തിന്റെ ഫലം പുറത്തുവരുമ്പോള്‍ ലജ്ജിച്ചു തലതാഴ്‌ത്തേണ്ടിവരിക ജനാധിപത്യം എന്ന, നമ്മളെല്ലാം കൊട്ടിഘോഷിക്കുന്ന ഭരണ സമ്പ്രദായം തന്നെയാവണം. ഇത്തരം പോരാട്ടങ്ങള്‍ക്ക്, സ്വയം വേണ്ടെന്നുവച്ച് അതിനായി ഇറങ്ങിത്തിരിച്ചവര്‍ക്ക് ജനാധിപത്യത്തിന്റെ ഈ ഒന്നാംകളരിയില്‍ ഇടമില്ലന്നു തന്നെയാവണം ഈ തെരഞ്ഞെടുപ്പു ഫലം നമ്മോടു പറയുന്നത്. 

പതിനാറു വര്‍ഷം മണിപ്പൂരിന്റെ മുഖ്യമന്ത്രിയായിരുന്ന ഒക്രാം ഇബോബി സിങ്ങിനെതിരെ ഇറോം അദ്്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് മണിപ്പൂരിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഏകദേശ ധാരണയുള്ള ആരുംതന്നെ പ്രതീക്ഷിച്ചുകാണില്ല. എങ്കില്‍പ്പോലും രണ്ടക്ക വോട്ടുകളില്‍ ഒതുങ്ങേണ്ടതായിരുന്നില്ല ഇറോം ശര്‍മിള തുടങ്ങിവച്ച പുതിയ പോരാട്ടം. ഇബോബി സിങ്ങിനെതിരായ ഇറോമിന്റെ മത്സരം 90 വോട്ടുകളിലാണ് ഒടുങ്ങിയത്. 18,649 വോട്ടു നേടിയ, മണിപ്പുര്‍ രാഷ്ട്രീയത്തിലെ അതികായന് മുന്‍ തവണത്തേക്കാള്‍ അനായാസവിജയം. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥി എല്‍ ബസന്ത നേടിയത് 8179 വോട്ടാണ്.

പതിനാറു വര്‍ഷം മുമ്പ് സൈക്കിള്‍ ചവിട്ടി നടന്ന വഴികളിലൂടെ സൈക്കിളില്‍ തന്നെയായിരുന്നു പ്രചാരണകാലത്ത് ഇറോം ശര്‍മിളയുടെ സഞ്ചാരം. ഈ സൈക്കിള്‍ സവാരി പുതിയൊരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ സവാരിയാണെന്നാണ് അന്ന് ഇറോം പറഞ്ഞത്. വലിയ കാറുകളില്‍, ശബ്ദഘോഷങ്ങളും കോലാഹലങ്ങളുമായി വോട്ടര്‍മാരെ കാണാനെത്തുന്ന പണക്കൊഴുപ്പിന്റെ രാഷ്ട്രീയത്തിന് ഒരു ബദല്‍. അങ്ങനെയൊന്നാണ് മുന്നോട്ടുവയ്ക്കുന്നതെന്നും ജനങ്ങളില്‍നിന്ന് നല്ല പ്രതികരണമാണ് അതിനു ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഇറോം പറഞ്ഞിരുന്നു. എന്നാല്‍ വിജയിക്കുന്നത് പണക്കൊഴുപ്പിന്റെ രാഷ്ട്രീയം തന്നെയാണെന്ന, ഒട്ടും ആശാവഹമല്ലാത്ത സന്ദേശം പുറത്തുവിടുന്നുണ്ട് ഇന്നത്തെ തെരഞ്ഞെടുപ്പു ഫലം. പണക്കൊഴുപ്പിന്റെ രാഷ്ട്രീയം വിജയിക്കുന്നു എന്നതിനേക്കാള്‍ അതിനെതിരെ മുന്നോട്ടുവയ്ക്കുന്ന, രാഷ്ട്രീയത്തിന്റെ ലളിതരൂപങ്ങള്‍ക്ക് നോട്ടയുടെ വില പോലും കിട്ടുന്നില്ല എന്ന അപകടകരമായ സൂചകം കൂടി അതിലുണ്ട്.

ജനിച്ചു വളര്‍ന്ന സ്വന്തം നാട്ടിലായിരുന്നില്ല ഇറോമിന്റെ കന്നി തെരഞ്ഞെടുപ്പ് അങ്കം. മണിപ്പൂരില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള തൗബാല്‍ മണ്ഡലത്തിലായിരുന്നു മത്സരം. എന്നാല്‍ അതുകൊണ്ടു മാത്രം സാധാരണമായി കാണാനാവില്ല, ഇറോം ശര്‍മിളയ്ക്കു കിട്ടാതെ പോയ വോട്ടുകളെ. ഇറോം ശര്‍മിള പോരിനിറങ്ങിയത് മണിപ്പൂരി ജനതയ്ക്കു വേണ്ടിയാണ്. കാട്ടാള നിയമം എന്ന് വിശേഷിപ്പിക്കപ്പെട്ട അമിതാധികാര നിയമങ്ങള്‍ക്കെതിരെയാണ്. സ്വ്പനങ്ങള്‍ നിറംപിടിച്ചുതുടങ്ങുന്ന, ജീവിതത്തിന്റെ പതിനാറു വര്‍ഷമാണ് അതിനായി അവര്‍ മാറ്റിവച്ചത്. നമുക്കു നടത്താനാവാത്ത ആ സമരത്തിന്റെ പേരിലാണ് നമ്മള്‍ അവരെ മണിപ്പൂരിന്റെ ഉരുക്കുവനിതയെന്നു വിളിച്ചത്. ആ ഉരുക്കുവനിതയ്ക്കു പിന്നില്‍ മണിപ്പുര്‍ എത്രത്തോളം നിന്നു എന്ന ചോദ്യമാണ് ഈ തെരഞ്ഞെടുപ്പു ഫലം ഉയര്‍ത്തിവിടുന്നത്.

അപമാനകരമായ പരാജയം എന്നാണ് ചില മാധ്യമങ്ങള്‍ ഇറോം ശര്‍മിളയുടെ തെരഞ്ഞെടുപ്പു ഫലത്തിനു തലക്കെട്ടു നല്‍കിയത്. അപമാനകരം തന്നെയാണത്. ആ അപമാനം പക്ഷേ ജനാധിപത്യത്തിനല്ലാതെ മറ്റൊന്നിനുമാവാന്‍ വഴിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com