വിനായകന്മാര്‍ കുറയുകയും മോഹന്‍ലാലുമാര്‍ കൂടുകയും ചെയ്യുന്ന സമൂഹത്തില്‍ ആദിത്യനാഥുമാര്‍ മുഖ്യമന്ത്രിമാരാവും

വിനായകന്മാര്‍ കുറയുകയും മോഹന്‍ലാലുമാര്‍ കൂടുകയും ചെയ്യുന്ന സമൂഹത്തില്‍ ആദിത്യനാഥുമാര്‍ മുഖ്യമന്ത്രിമാരാവും

1960 കള്‍. രണ്ടാം ലോകമഹായുദ്ധത്തിലെ യുദ്ധ കുറ്റവാളികളുടെ വിചാരണ നടക്കുന്ന സമയം. അതില്‍ കേണല്‍ അഡോള്‍ഫ് എയ്കമാന്റെ വിചാരണ ലോക മാദ്ധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ച ഒന്നാണ്. ഹോളോകോസ്റ്റിന്റെ സൂത്രധാരന്‍ എന്ന പേരില്‍ കുപ്രസദ്ധി ആര്‍ജ്ജിച്ച എയ്ക്മാന്‍ ജറുസലേമിലാണ് വിചാരണ നേരിട്ടത്. എയ്ക്മാന്റെ വാദം; അദ്ദേഹം മുകളില്‍ നിന്നുള്ള ഉത്തരുവുകള്‍ അനുസരിക്കുക മാത്രമേ ചെയ്തുള്ളു എന്നതാണ്. മറ്റു യുദ്ധകുറ്റവാളികളുടെയും വാദങ്ങളും ഇത് തന്നെയായിരുന്നു.
മൈലുകള്‍ അകലെ, ഇങ്ങ് കണക്ടിക്കറ്റിലെ യെയില്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ സ്റ്റാന്‍ലി മില്‍ഗ്രിമിനെ ഈ വാദങ്ങള്‍ ആകര്‍ഷിച്ചു. മറ്റുള്ളവരുടെ ആജ്ഞയ്ക്ക് ഒരു മനുഷ്യന്റെ സ്വതന്ത്ര മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുമൊ എന്ന് മില്‍ഗ്രിം അത്ഭുതപ്പെട്ടു !!. ഇത് തെളിയിക്കാനായി അദ്ദേഹം ഒരു പരീക്ഷണം നടത്തി. 635 പേരെ പങ്കെടുപ്പിച്ചു നടത്തിയ പരീക്ഷണമാണ് മില്‍ഗ്രിം എക്‌സപിരിമെന്റ് എന്ന പേരില്‍ പ്രസിദ്ധമായത്.
ഇതിലെ പരീക്ഷണാര്‍ത്ഥി ഒരു വളണ്ടിയറാണ്. അയാളാണ് പരീക്ഷണത്തിലെ ടീച്ചറുടെ റോള്‍. വിദ്യാര്‍ത്ഥിയും, ടീച്ചറുടെ മേലധികാരിയുടെ വേഷം ഇടുന്ന എകസ്പിരിമെന്ററും (അതോറിറ്റി ഫിഗര്‍) മില്‍ഗ്രിം ഏര്‍പ്പാടാക്കിയ നടന്‍മാരാണ്. പരീക്ഷണം ഇത്രയേ ഉള്ളു. വിദ്യാര്‍ത്ഥിയെ ഒരു ഇലക്ട്രിക് ചെയറില്‍ കെട്ടിയിടും. വിദ്യാര്‍ത്ഥിയ്ക്ക് ഹൃദസ്ഥമാക്കാന്‍ ചില പദ ദ്വയങ്ങള്‍ (Word pairs) നല്‍കും. ടീച്ചര്‍ പദം ചോദിക്കുമ്പോള്‍ വിദ്യാര്‍ത്ഥി അതിനെതിരെ കുറിച്ച പദം ഉത്തരമായി പറയണം. തെറ്റിയാല്‍ ടീച്ചര്‍ ഒരു സ്വിച് അമര്‍ത്തും. വിദ്യാര്‍ത്ഥിക്ക് ഷോക്കടിക്കും. ഒരോ തെറ്റിനും 15് വീതം കൂട്ടും. അങ്ങനെ മാക്‌സിമം 450് വരെ പോകും.
ഈ ഇലക്ട്രിക് കസേര ഒറിജിനലല്ല. പക്ഷെ വളണ്ടിയറായ ടീച്ചറെ ആദ്യം കസേരയുടെ പ്രവര്‍ത്തനം വിവരിച്ചു കൊടുക്കുന്ന സമയത്ത് ഒരു ചെറിയ ഷോക് അടുപ്പിക്കും. ടീച്ചര്‍ക്ക് കസേര ഒറിജനലാണെന്ന് ബോദ്ധ്യപ്പെടാന്‍. അതിനു ശേഷം വിദ്യാര്‍തഥിയെ (നടന്‍) കസേരയില്‍ ബന്ധിക്കും. ടീച്ചറും (വളണ്ടിയര്‍), എക്‌സപിരിമെന്ററും (നടന്‍) വേറൊരു മുറിയിലേയ്ക്ക് പോകും. ടീച്ചര്‍ക്ക് വിദ്യാര്‍ത്ഥിയെ കാണാന്‍ സാധിക്കില്ല. പക്ഷെ മറ്റെ മുറിയില്‍ നിന്നുള്ള ശബ്ദങ്ങള്‍ കേള്‍ക്കാം. ഒരോ തെറ്റിനും 15 വോള്‍ട്ട് ഇന്‍ക്രിമെന്റിലുള്ള സ്വിച്ചുകളും സ്ഥാപിച്ചിട്ടുണ്ട്. ടീച്ചര്‍ ചോദ്യം ചോദിച്ചാല്‍ വിദ്യാര്‍ത്ഥി (നടന്‍) മനപ്പൂര്‍വ്വം തെറ്റിക്കും. ടീച്ചര്‍ ഷോക് നല്‍കും. അഥവാ ടീച്ചര്‍ ഷോക് നല്‍കാന്‍ വിസ്സമ്മതിച്ചാല്‍ എക്‌സപിരിമെന്റര്‍ (നടന്‍, അതോറിറ്റി ഫിഗര്‍) ടീച്ചര്‍ ഷോക് നല്‍കിയെ പറ്റു എന്ന് വ്യക്തമായും ശക്തമായ ഭാഷയിലും ഓര്‍മ്മിപ്പിക്കും.
ഈ പരീക്ഷണത്തിന്റെ റിസള്‍ട് മില്‍ഗ്രിമിനെ ഞെട്ടിച്ചു. 65% പേരും 450് വരെ ഷോക് നല്‍കാന്‍ വിമുഖത കാണിച്ചില്ല. അതോറിറ്റി ഫിഗര്‍ ആയ എക്‌സപിരിമെന്ററുടെ ആജ്ഞയ്ക്ക് അനുസൃതമായി ഭൂരിപക്ഷം പേരും മറ്റൊരു സഹ ജീവിയെ ദ്രോഹിക്കാന്‍ വൈമനസ്യം കാണിച്ചില്ല.
സോഷ്യല്‍ സൈക്കോളജിയിലെ ഒരു വഴിത്തിരുവായിരുന്നു മില്‍ഗ്രിമിന്റെ പരീക്ഷണം.
ഈ പരീക്ഷണത്തിന്റെ വിവിധ വേരിയേഷനുകള്‍ കഴിഞ്ഞ 60 കൊല്ലത്തില്‍ പലരും നടത്തി. എല്ലാപ്പഴും റിസള്‍ട്ടുകള്‍ ഒരേ പോലെ. ഈ പരീക്ഷണത്തിന്റെ വെളിച്ചത്തില്‍ ഒരു കാര്യം അസന്ദിഗ്ദ്ധമായി പറയാം. മനുഷ്യന്‍ ഒരു അതോറിറ്റി ഫിഗറില്‍ നിന്ന് ആജ്ഞ സ്വീകരിക്കുമ്പോള്‍ സഹജീവികളോട് യാതൊരു അനുകമ്പയും പ്രകടിപ്പിക്കില്ല.
ഈ പരീക്ഷണം ടോട്ടലിറ്റേറിയന്‍ സ്റ്റേറ്റിലെ മനുഷ്യരുടെ മനോഗതികള്‍ പഠിക്കാനുള്ള ഒരു ടൂളായി സോഷ്യല്‍ സയിന്റിസ്റ്റുകള്‍ ഉപയോഗിച്ചു. ഇവിടങ്ങളിലെ ജനങ്ങള്‍ ആജ്ഞകള്‍ അനുസരിക്കാന്‍ വെമ്പുന്ന കൂട്ടര്‍ മാത്രമല്ല, അധികാരികള്‍ ആവശ്യപ്പെടാതെ തന്നെ അനുസരണ പ്രകടിപ്പിക്കാന്‍ തയ്യാറാകും. ഈസ്റ്റ് ജര്‍മ്മനിയിലെ കമ്യൂണിസ്റ്റ് ഭരണത്തിലും, ഗള്‍ഫിലെ രാജ വാഴ്ചയുള്ള ജനവിഭാഗങ്ങളിലും ഇത്തരം ശീലം പ്രകടമാണ്. അധികാരികള്‍ ആവശ്യപ്പെടാതെ അവരാഗ്രഹിക്കുന്നത് നല്‍കാന്‍ വെമ്പുന്ന ഈ പ്രവണതയെ ആണ് Pre-emptive obediance എന്ന് വിളിക്കുന്നത്.
യു.പി ഇലക്ഷന്‍ റിസള്‍ട്ടും ഈ Pre-emptive obediance ലേയ്ക്ക് വീണു പോയ ജനത്തിന്റെ വികാരമായെ കാണാന്‍ പറ്റു. ഇലക്ഷനില്‍ ബി.ജെ.പി അവലംബിച്ച തന്ത്രം FUD എന്ന് വിളിക്കും. Fear, Uncertaintiy, Death. മാര്‍ക്കെറ്റിങ്ങിലെ ഏറ്റവും എളുപ്പമുള്ള സങ്കേതമാണ് FUD. ഇന്‍ഡ്യയില്‍ 80% വരുന്ന മജോറിറ്റി ഹിന്ദുക്കളെ തങ്ങള്‍ രാജ്യത്ത് യതാര്‍ത്ഥത്തില്‍ മൈനോരിറ്റിയാണെന്ന് ധരിപ്പിക്കുകയാണ് Fear വഴി സാധിച്ചത്. പത്തൊഅമ്പതൊ കൊല്ലത്തിനു ശേഷം ഇന്‍ഡ്യ മുസ്ലീം രാജ്യമായി മാറുമെന്ന് പറഞ്ഞ് ഫലിപ്പിച്ചതിലൂടെ Uncertaintiy യും ഉണ്ടാക്കി. ജിഹാദികള്‍ നിങ്ങളെ കൊല്ലാന്‍ വരുന്നു എന്ന് ധരിപ്പിച്ചതോടെ Death എന്ന വികാരവും മുതലെടുക്കാന്‍ പറ്റി. അങ്ങനെ FUD ന്റെ അനന്ത സാദ്ധ്യതകളെ ബി.ജെ.പി യു.പിയില്‍ ചൂഷണം ചെയ്തു. ഇതിലെ രസം FUD എന്നത് ഹിന്ദുക്കള്‍ക്ക് മാത്രമല്ല, മുസ്ലീം സമുദായത്തിലേയ്ക്കും പടര്‍ന്നു. ഇവരെ തിരഞ്ഞെടുക്കുന്നതാണ് തങ്ങള്‍ക്കും നല്ലതെന്ന് അവര്‍ക്കും തോന്നി. അവരിലും പ്രവര്‍ത്തിച്ചത് ഈ FUD ന്റെ പ്രതിഫലനമാണ്. ദിയോബന്ദ് പോലെ 70% മുസ്ലീങ്ങളുള്ള നിയോജകമണ്ഡലത്തിലും ബി.ജെ.പി ജയിച്ചു എന്നത് എഡഉ ന്റെ ഇഫക്ടീവ്‌നസ്സിന്റെ ദൃഷ്ടാന്തമാണ്. അധികാരമില്ലാത്ത ബി.ജെ.പിയാണ് അവര്‍ക്ക് അപകടം എന്ന് അവര്‍ക്ക് മനസ്സിലാവുന്നുണ്ട്. അതിനാല്‍ മനുഷ്യ സഹജമായ Pre-emptive obedience അവര്‍ കാണിച്ചു. ബി.ജെ.പി ജയിച്ചു കയറി.
ഇത് വളരെ നാളത്തെ ഒരു സോഷ്യല്‍ എഞ്ചിനീറിങ്ങിലൂടെ ബി.ജെ.പി കൈവരിച്ച നേട്ടമാണ്. 1998 ല്‍ പൊഖ്രാന്‍ സ്‌ഫോടനത്തിനു ശേഷം നടന്ന ഇലക്ഷന്‍ ഓര്‍ക്കുക. നിലവിലുള്ള ബി.ജെ.പി സര്‍ക്കാരുകള്‍ക്ക് ഭരണം നഷ്ടപ്പെട്ട വര്‍ഷമാണ്. എല്ലാ അനുകൂല ഘടകങ്ങളുണ്ടായിട്ടും ബി.ജെ.പി തോറ്റത് ഒറ്റ കാരണം കൊണ്ടാണ്. ഉള്ളി വില. ഉള്ളി വില മാത്രമാണ് ആ ഇലക്ഷന്റെ റിസള്‍ട്ടില്‍ പ്രതിഫലിച്ചത്. ജനങ്ങള്‍ക്ക് ആലോചിക്കാന്‍ കഴിവില്ലെന്ന് വിചാരിക്കുന്നത് മണ്ടത്തരമാണ്. പക്ഷെ 2017 ല്‍ ഡീമോണിറ്റൈസേഷന്റെ ബുദ്ധിമുട്ടുകള്‍, വിലവര്‍ദ്ധന ഒന്നും ഇലക്ഷനില്‍ പ്രതിഫലിച്ചില്ല. അതിനര്‍ത്ഥം ജനങ്ങള്‍ Pre-emptive obedience ന് സജ്ജരാക്കുന്ന രീതിയിലുള്ള സോഷ്യല്‍ എഞ്ചിനീറിംഗ് ഫലിച്ചു എന്നര്‍ത്ഥം.
Pre emptive obedience ന്റെ ഉദാഹരണം തേടി യു.പി വരെ പോകണ്ട. മോഹന്‍ലാലിന്റെ അടുത്ത കാലത്തെ നിലപാടുകള്‍ ശ്രദ്ധിച്ചാല്‍ മതി. മോഹന്‍ലാല്‍ എന്ന വ്യക്തി ഒരു സംഘ പരിവാര്‍ ആരാധകനാണെന്ന് തോന്നുന്നില്ല. പക്ഷെ അദ്ദേഹം ഒരു ടോട്ടലിറ്റേറിയന്‍ ഗവണ്മെന്റിലെ പ്രജകളില്‍ സ്വതസിദ്ധമായി കണ്ടു വരുന്ന Pre-emptive obedience കാണിച്ചു തുടങ്ങി എന്നേ ഉള്ളു. മോഹന്‍ലാല്‍ ഒരു വ്യക്തി അല്ല. ഒട്ടുമിക്ക മദ്ധ്യഉപരിവര്‍ഗ്ഗ ശ്രേണിയിലെ പ്രജകളിലും ഈ അനുസരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ആള്‍ക്കാരെ കാണാം. ഇവിടെയാണ് വിനായകന്റെ പ്രസക്തി. വിനായകന്റെ ഇന്റര്‍വ്യുവില്‍ മുഴച്ച് നിന്നത് അനുസരണക്കേടാണ്. സ്റ്റാറ്റസ് ക്വോയോടുള്ള ബഹുമാനമില്ലായ്മയാണ് നമ്മള്‍ കേട്ടത്.
സമൂഹത്തില്‍ വിനായകന്‍മ്മാര്‍ കുറയുന്നതും മോഹന്‍ലാല്‍മാര്‍ കൂടുന്നതുമാണ് ടോട്ടലിറ്റേറിയന്‍ സ്റ്റേറ്റിന്റെ ആദ്യ ലക്ഷണം. അവിടങ്ങളിലാണ് യോഗി ആദിത്യാനന്ദയെ പോലുള്ളവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്ന അവസ്ഥ വരുന്നത്. ഇപ്പോള്‍ തന്നെ ഭാവിയിലേയ്ക്ക് ഒരു പ്രവചനം നടത്താനും ഞാന്‍ തയ്യാറാണ്. 2024 ലെ ഇലക്ഷനില്‍ യോഗി ആദിത്യാനന്ദ ആയിരിക്കും ഇന്‍ഡ്യന്‍ പ്രധാനമന്ത്രി. ഇതൊരു അതിശയോക്തി അല്ല. യാതാര്‍ത്ഥ്യമാണ്.

(രഞ്ജിത് മാമ്പിള്ളി ഫെയ്ബുക്കില്‍ കുറിച്ചത്)
പോസ്റ്റ് ഇവിടെ:
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com