ബി.ആര്‍.പി. ഭാസ്‌കര്‍ എഴുതുന്നു-മുഖ്യമന്ത്രിക്കു മുന്നിലുണ്ട് ബംഗാള്‍ പാര്‍ട്ടിയുടെ ദുരനുഭവം

പാര്‍ട്ടി ബന്ധമുള്ളവരും അല്ലാത്തവരുമായ നിരവധി ഉപദേഷ്ടാക്കള്‍ ഉണ്ടായിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയില്‍നിന്നു മുഖ്യമന്ത്രിയുടെ തലത്തിലേക്കു പരിണമിക്കാന്‍ അദ്ദേഹത്തിനായിട്ടില്ലെന്നു കാണാം
ബി.ആര്‍.പി. ഭാസ്‌കര്‍ എഴുതുന്നു-മുഖ്യമന്ത്രിക്കു മുന്നിലുണ്ട് ബംഗാള്‍ പാര്‍ട്ടിയുടെ ദുരനുഭവം

►ഉമ്മന്‍ ചാണ്ടിയുടെ ആദ്യ മന്ത്രിസഭയുടെ കാലത്ത് കേരളത്തിലെ രാഷ്ര്ടീയരംഗം വിലയിരുത്തുമ്പോള്‍ ഓരോ മുന്നണി സര്‍ക്കാരും അതിനു മുന്നിലത്തേതിനെക്കാള്‍ മോശമാണെന്നു ഞാന്‍ നിരീക്ഷിക്കുകയുണ്ടായി. വരും നാളുകളില്‍ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയോടെയാണ് ആ വാക്കുകള്‍ കുറിച്ചത്. പിന്നീട് മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദനെ  രണ്ട് കൈകളും കൂട്ടിക്കെട്ടിയാണ് പാര്‍ട്ടി കസേരയില്‍ ഇരുത്തിയത്. ''ഒന്നും ചെയ്യാന്‍ അനുവദിക്കുന്നില്ല, അല്ലേ?' സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ വി.എസിനോട് ചോദിച്ചു. എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയുള്ളിടത്തോളം ഇവിടെയുണ്ടാകും എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.

പരിമിതികള്‍ക്കിടയിലും മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ പോലെ ചിലതു ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചു. പക്ഷേ, പാര്‍ട്ടി അദ്ദേഹത്തെ തോല്‍പ്പിച്ചു. ഇതിലും മോശമായ സര്‍ക്കാര്‍ ഉണ്ടാകില്ലെന്നോ മറ്റോ ആണ് നിരവധി സര്‍ക്കാരുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ അവസരം ലഭിച്ച ഡോ. ഡി. ബാബു പോള്‍ എന്ന മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അന്ന് രേഖപ്പെടുത്തിയത്. പക്ഷേ, തുടര്‍ന്നുവന്ന ഉമ്മന്‍ ചാണ്ടി അതു തിരുത്തിക്കുറിച്ചു. മുന്‍പൊരിക്കലുമുണ്ടായിട്ടില്ലാത്തത്ര അഴിമതി കഥകളാണ്  അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ കാലത്തുണ്ടായത്.

അവസരം കിട്ടുമ്പോഴൊക്കെ ഭരിക്കുന്ന മുന്നണിയെ പുറത്താക്കി എതിര്‍ മുന്നണിയെ അധികാരത്തിലേറ്റുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. അതിനാല്‍ തെരഞ്ഞെടുപ്പുകളില്‍ തീരെ അനിശ്ചിതത്വമില്ല. ഭരണമാറ്റം ജനങ്ങളില്‍ വലിയ പ്രതീക്ഷ ഉണര്‍ത്താറുമില്ല.

എന്നാല്‍, പിണറായി വിജയന്റെ സ്ഥാനാരോഹണം അനുയായികളില്‍ മാത്രമല്ല, മറ്റുള്ളവരിലും പ്രതീക്ഷയുണര്‍ത്തി. കാരണം, അതികായന്‍ എന്ന പ്രതിച്ഛായയോടെ ഒരാള്‍ ആദ്യമായാണ് സംസ്ഥാനത്ത് മുഖ്യമന്ത്രിയാകുന്നത്.  മിക്ക മുഖ്യമന്ത്രിമാര്‍ക്കും സ്വന്തം പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നു. അതുകൊണ്ട് തോളിനു മുകളിലൂടെ സദാ കണ്ണോടിച്ചുകൊണ്ടേ അവര്‍ക്കു മുന്നോട്ടു പോകാന്‍ കഴിഞ്ഞിരിന്നുള്ളൂ. സംസ്ഥാന സി.പി.എമ്മിനുമേല്‍ സമ്പൂര്‍ണ്ണാധിപത്യമുള്ള പിണറായി വിജയനു  കാര്യമായ എതിര്‍പ്പു കൂടാതെ നയപരിപാടികള്‍ നടപ്പാക്കാന്‍ കഴിയുമെന്നു രാഷ്ട്രീയ എതിരാളികളും കരുതി.

പക്ഷേ, പിണറായി  സര്‍ക്കാര്‍ ഒന്നിനു പിറകെ ഒന്നായി നിരവധി പ്രതിസന്ധികള്‍ നേരിട്ടു. അവയിലോരോന്നും മുഖ്യമന്ത്രിയുടെ നേതൃപാടവത്തെ പരീക്ഷിച്ചു. സര്‍ക്കാര്‍ ഒരു കൊല്ലം പൂര്‍ത്തിയാക്കുമ്പോള്‍  17 കൊല്ലം ഇരുമ്പു മുഷ്ടിയോടെ പാര്‍ട്ടിയെ നയിച്ചുകൊണ്ട് പിണറായി വിജയന്‍ നിര്‍മ്മിച്ചെടുത്ത പ്രതിച്ഛായ തകര്‍ന്നുകിടക്കുന്നു.

പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പൊലീസ്, വിജിലന്‍സ് വകുപ്പുകള്‍ നിഷേധിച്ച പിണറായി വിജയന്‍  രണ്ടും സ്വന്തം കൈകളില്‍ വയ്ക്കുകയും തനിക്കു സ്വീകാര്യരായ ഐ.പി.എസ് ഉദ്യോഗസ്ഥരെ തലപ്പത്തു വയ്ക്കുകയും ചെയ്തു. പക്ഷേ, സംഗതികള്‍ നേരെ ചൊവ്വേ പോയില്ല. മുഖ്യമന്ത്രിക്ക്, 'പൊലീസിനു വീഴ്ചപറ്റിയെന്ന്!' പല തവണ പരസ്യമായി പറയേണ്ടിവന്നു.

തെരഞ്ഞെടുപ്പുകാലത്ത് ജിഷ കൊലക്കേസ് അന്വേഷണം സംബന്ധിച്ച സംശയങ്ങള്‍ യു.ഡി.എഫിനെതിരെ എല്‍.ഡി.എഫ് ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ആ കേസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നതാണ് യു.ഡി.എഫ് കാലത്ത് ഡി.ജി.പിയായ ടി.പി. സെന്‍കുമാറിനെ മാറ്റി ലോകനാഥ് ബെഹ്‌റയെ പൊലീസ് മേധാവി ആക്കുന്നതിനു പിണറായി വിജയന്‍ പറഞ്ഞ കാരണങ്ങളിലൊന്ന്. എന്നാല്‍, യു.ഡി.എഫ് കാലത്ത് പൊലീസ് കണ്ടെത്തിയ അന്യസംസ്ഥാന തൊഴിലാളി അല്ലാതെ മറ്റൊരു പ്രതിയെ ബെഹ്‌റയുടെ പൊലീസും  കണ്ടെത്തിയില്ല. ലോ അക്കാദമിയിലെയും പാമ്പാടി നെഹ്‌റു കോളേജിലെയും വിദ്യാര്‍ത്ഥിസമരങ്ങള്‍ സര്‍ക്കാരിനും പൊലീസിനും വെല്ലുവിളികളുയര്‍ത്തി. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളുടെ മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ലോ കോളേജില്‍ സമരത്തിനിടയാക്കിയത്.

എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണമാണ് പാമ്പാടി ക്യാംപസ് അസ്വസ്ഥമാക്കിയത്. നിസാരമായ ആരോപണങ്ങളുടെ പേരില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ നിയമപ്രകാരം കേസേടുക്കുന്നതുപോലുള്ള സംഭവങ്ങളുമുണ്ടായി. ഡി.ജി.പിയെ കാണാന്‍ പൊലീസ് ആസ്ഥാനത്തെത്തിയ ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെയുണ്ടായ അതിക്രമവും അവര്‍ക്കു പിന്തുണ നല്‍കാനെത്തിയ പൊതുപ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തതും സര്‍ക്കാരിന് ഏറെ ദുഷ്‌പേരുണ്ടാക്കി. 

ചില പ്രധാനപ്പെട്ട കേസുകള്‍  അന്വേഷണത്തിലിരിക്കെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിജിലന്‍സില്‍നിന്ന് അഗ്നിസേനയിലേക്കും പിന്നീട് ഒരു പൊതുമേഖലാ സ്ഥാപനത്തിലേക്കും സ്ഥലം മാറ്റിയ ജേക്കബ് തോമസിനെ പിണറായി സര്‍ക്കാര്‍ വിജിലന്‍സിന്റെ തലപ്പത്തു തിരികെ കൊണ്ടുവന്നു. അഴിമതിക്കെതിരെ ശക്തമായ നടപടികളെടുക്കാനുള്ള സന്നദ്ധതയുടെ സൂചനയായി ജനങ്ങള്‍  അതിനെ കണ്ടു.

നേരത്തെ തുടങ്ങിയ അന്വേഷണങ്ങള്‍ പരിസമാപ്തിയിലെത്തിക്കുന്നതിനു പകരം ആ ഉദ്യോഗസ്ഥന്‍ പുതിയ കേസുകള്‍ കണ്ടെത്തുന്നതിനു മുന്‍ഗണന നല്‍കി. ചില മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ അദ്ദേഹം ലക്ഷ്യമിട്ടത് ആ വിഭാഗത്തിന്റെ എതിര്‍പ്പ് വിളിച്ചുവരുത്തി. ആദ്യം വിജിലന്‍സ് മേധാവിക്ക് ഉറച്ച പിന്തുണ നല്‍കിയ  മുഖ്യമന്ത്രി പിന്നീട് അദ്ദേഹത്തെ കൈവിട്ടു. ഒടുവില്‍ ഒരു നേട്ടവും എടുത്തുകാണിക്കാനില്ലാതെ ജേക്കബ് തോമസിനു പടിയിറങ്ങേണ്ടിവന്നു.

അനുഭവസമ്പന്നരും മോശമല്ലാത്ത പ്രതിച്ഛായ ഉള്ളവരും മുഖ്യമന്ത്രിക്കു പൂര്‍ണ്ണവിശ്വാസമുള്ളവരുമായ ഉദ്യോഗസ്ഥന്മാരെ വച്ചിട്ടും എല്ലാം ശരിയാകാഞ്ഞതെന്തുകൊണ്ട് എന്ന ചോദ്യം ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ നയപരിപാടികള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. 'ചിലര്‍ അങ്ങനെ  ചെയ്യുന്നില്ലെന്ന്' മുഖ്യമന്ത്രി പരസ്യമായി കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പൊലീസ് മേധാവിയോ വിജിലന്‍സ് മേധാവിയോ അക്കൂട്ടത്തില്‍ പെടുന്നില്ല. ആ നിലയ്ക്ക് അവരുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകളുടെ കാരണം തേടേണ്ടത്  സര്‍ക്കാരിന്റെ സമീപനത്തിലും നയപരിപാടികളിലുമാണ്.

വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ ബന്ധുവും പി.കെ. ശ്രീമതി എം.പിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ ഒരു​ പൊതുമേഖലാ സ്ഥാപനത്തിന്റെ ചുമതലക്കാരനാക്കിയതിനെ അംഗീകരിക്കാന്‍ പിണറായി വിജയന്‍ വിസമ്മതിച്ചത് ഒരു പുതിയ തുടക്കത്തിന്റെ നാന്ദി ആയാണ് പലരും കണ്ടത്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന ശ്രീമതി മകന്റെ ഭാര്യയെ പേഴ്‌സണല്‍ സ്റ്റാഫില്‍ താഴ്ന്ന തലത്തിലെടുത്ത ശേഷം ഉയര്‍ന്ന തസ്തികയില്‍ മാറ്റി നിയമിച്ചിരുന്നു. ആ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. പാര്‍ട്ടി  സെക്രട്ടറി എന്ന നിലയില്‍  ഇടപെടാന്‍  കഴിയുമായിരുന്ന പിണറായി വിജയന്‍ എന്തുകൊണ്ടോ അതിനു തുനിഞ്ഞില്ല.

സുധീര്‍ നമ്പ്യാരുടെ കാര്യത്തില്‍ എടുത്ത നിലപാട് മുഖ്യമന്ത്രി വിജയന്‍ പാര്‍ട്ടി സെക്രട്ടറി വിജയനില്‍നിന്ന് വ്യത്യസ്തനാകുമെന്ന പ്രതീതി ജനിപ്പിച്ചു. എന്നാല്‍  കാതലായ പ്രശ്‌നങ്ങളിലൊന്നും അദ്ദേഹത്തിന്റെ സമീപനത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്ന് നിരവധി സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വകാര്യ മാനേജ്‌മെന്റുകളെ പ്രീണിപ്പിക്കുന്ന സമീപനമാണ് എളുപ്പം പരിഹരിക്കാന്‍ കഴിയുമായിരുന്ന സ്വാശ്രയ കോളേജ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയത്. എസ്.എഫ്.ഐ യെ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ പിളര്‍ത്താന്‍ നടത്തിയ ശ്രമം ''കക്ഷിതാല്‍പ്പര്യത്തിനപ്പുറം ചിന്തിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഇപ്പോഴുമില്ലെന്ന്!' വ്യക്തമാക്കി.

ജയരാജന്‍ രാജിവെച്ച ഒഴിവില്‍ മന്ത്രിയായി നിയമിക്കപ്പെട്ട എം.എം. മണി  മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെ അതിരപ്പള്ളി പദ്ധതി കുത്തിപ്പൊക്കാന്‍ ശ്രമിച്ചു. ഇതില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ടത് സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ സ്വീകരിച്ച  നവലിബറല്‍ സമീപനമാണ് പിണറായി വിജയനെ ഇപ്പോഴും നയിക്കുന്നതെന്നാണ്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി പ്രൊഫ. ഗീതാ ഗോപിനാഥിനെ നിയമിച്ചത് ഇതിനെ സ്ഥിരീകരിക്കുന്നു. നിലവിലുള്ള സാഹചര്യങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം തീര്‍ച്ചയായും ചുരുക്കുന്നുണ്ട്. അതേസമയം ബംഗാള്‍ പാര്‍ട്ടിയുടെ ദുരനുഭവത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാതെ മുന്നോട്ടു പോകുന്നത് അപകടകരമാണ്.

പിണറായി വിജയന്റെ പാര്‍ട്ടിഭരണത്തിന്റെ തുടര്‍ച്ച പ്രകടമാകുന്ന മറ്റൊരിടം മൂന്നാര്‍ ആണ്. അവിടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍  സി.പി.ഐക്കാരനായ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ എടുത്ത നടപടികള്‍ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. ഒരു കയ്യേറ്റ സംഘം സ്ഥാപിച്ച കുരിശ് ഉദ്യോഗസ്ഥര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു പിഴുതുമാറ്റിയതിനോട് ക്രൈസ്തവസഭകളില്‍നിന്നോ സമൂഹത്തില്‍നിന്നോ കാര്യമായ എതിര്‍പ്പുണ്ടായില്ല. അവര്‍ അതിനെ കണ്ടത് മതചിഹ്നം ഉപയോഗിച്ചു കയ്യേറ്റം നടത്തുന്ന ഹീനപ്രവൃത്തിക്കെതിരായ നടപടിയായാണ്. അത് ക്രൈസ്തവ മതവികാരത്തെ വ്രണപ്പെടുത്തിയില്ലെങ്കിലും മുഖ്യമന്ത്രിയുടെ രാഷ്ര്ടീയവികാരത്തെ ബാധിച്ചു.

പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ ന്യൂനപക്ഷ വോട്ടു ബാങ്കുകളില്‍ കണ്ണു നട്ടുകൊണ്ട്  അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ക്കു തടസ്സമാകുമെന്ന ഭയമാണ് ആ പ്രതികരണത്തിനു പിന്നില്‍. പരമ്പരാഗതമായി ഇടതുപക്ഷത്തെ പിന്തുണച്ചിരുന്ന ദളിത് പിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക്  മറികടക്കാന്‍ ന്യൂനപക്ഷ പിന്തുണ വര്‍ദ്ധിപ്പിക്കുന്ന സമീപനം അദ്ദേഹം കൈക്കൊണ്ടിരുന്നു. അതു ഫലം ചെയ്യുന്നുണ്ടെന്നു തെരഞ്ഞടുപ്പ് കണക്കുകള്‍ കാണിക്കുന്നുണ്ട്. എന്നാല്‍, അതിനായി സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നല്ല രീതിയിലുള്ളവയാകണം.  
പിണറായി വിജയന്റെ ആദ്യ വര്‍ഷ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ പാര്‍ട്ടി ബന്ധമുള്ളവരും അല്ലാത്തവരുമായ നിരവധി ഉപദേഷ്ടാക്കളുടെ സേവനം ഉണ്ടായിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയില്‍നിന്നു ജനാധിപത്യ വ്യവസ്ഥയിലെ മുഖ്യമന്ത്രിയുടെ തലത്തിലേക്കു പരിണമിക്കാന്‍ അദ്ദേഹത്തിനായിട്ടില്ലെന്നു കാണാം.

താന്‍ പറയുന്നതു പോലെ ചെയ്തില്ലെങ്കില്‍ ഉദ്യോഗസ്ഥന്മാരെ വീട്ടിലിരുത്തും എന്ന തരത്തിലുള്ള വിലകുറഞ്ഞ ഭീഷണികള്‍ ഒരു ഭരണാധികാരിയില്‍നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ല.  വീട്ടിലിരുത്താന്‍  ശ്രമിച്ച പൊലീസ്  മേധാവി കോടതിയില്‍നിന്ന് അനുകൂല വിധി നേടി തിരിച്ചുവന്നത് അദ്ദേഹം മറക്കരുത്. ഇനിയും നീണ്ട നാലു വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ മുന്നിലുണ്ട്. മനോഭാവത്തിലും ശൈലിയിലും വഹിക്കുന്ന സ്ഥാനത്തിനു അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോയാല്‍ അദ്ദേഹത്തിനു നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനാകും. ഡി.ജി.പി ആപ്പീസിലെ ജൂനിയര്‍ സൂപ്രണ്ടുമാര്‍ ആരൊക്കെയായിരിക്കണം തുടങ്ങിയ കൊച്ചുകാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കു വിട്ടുകൊണ്ട് കേരളം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാവശ്യമായ നയപരിപാടികള്‍ ആവിഷ്‌കരിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com