സുരക്ഷാ സംഘത്തില്‍നിന്ന് സിഖുകാരെ ഒഴിവാക്കിയപ്പോള്‍ ഇന്ദിര ചോദിച്ചു, 'നിങ്ങള്‍ക്ക് എങ്ങനെയിതു തോന്നി?'

ബാങ്ക് ദേശസാല്‍ക്കരണം സോഷ്യലിസത്തിലേയ്ക്കുള്ള ചെറിയൊരു ചുവടുവയ്പ്പായിരുന്നു
സുരക്ഷാ സംഘത്തില്‍നിന്ന് സിഖുകാരെ ഒഴിവാക്കിയപ്പോള്‍ ഇന്ദിര ചോദിച്ചു, 'നിങ്ങള്‍ക്ക് എങ്ങനെയിതു തോന്നി?'

തൊഴുകൈകളോടെയാണ് രാവിലെ അവര്‍ അംഗരക്ഷകരുടെ മുന്നിലേക്ക് വന്നത്, 'നമസ്‌തേ' എന്ന് പറയുന്നതോടെ ബിയാന്ത് വെടിവച്ചിരുന്നു. മുരളിയുടെ എഴുത്ത്‌

രു ഗ്രീക്ക് ദുരന്തനാടകത്തിലെ നായികയുടെ ജീവിതം ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഇന്ദിരാഗാന്ധിയുടെ ജീവിതം. ഇത്രദാരുണമായ ഒരു നാടകം ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലുണ്ടാവില്ല. വിനാശകാലത്ത് വിപരീത ബുദ്ധിയുണ്ടാകും പോലൊരു അടിയന്തരാവസ്ഥവന്നതോടെ കോണ്‍ഗ്രസ്സുകാര്‍ വരെ അവരെ 'ഭാരതയക്ഷി'യെന്ന് വിളിച്ചു. അതിനും മുന്‍പ് ഉള്ള കഥ ഓര്‍ക്കുക. നെഹ്‌റുവിന്റെ പ്രിയപ്പെട്ട ഇന്ദുവിനെ ചെമ്പനീര്‍പ്പൂവ് എന്നാണ് വിളിച്ചിരുന്നത്. സുന്ദരമായ ഇന്ദിരയുടെ മുഖം ഓര്‍ക്കുക. ബാപ്പുവിന്റെ അരികില്‍, നെഹ്‌റുവിന്റെചാരത്ത്, ഓര്‍മ്മയില്ലേ ആ ചിത്രങ്ങള്‍. ഈ ഇന്ദു എങ്ങനെ അടിയന്തരാവസ്ഥയിലെ ഇന്ദിരാഗാന്ധിയായി. പലരും എഴുതിയ കഥകളാണ് അവയൊക്കെ. കെ.എ. അബ്ബാസും പുപുല്‍ ജയ്കറും കാതറിന്‍ ഫ്രാങ്കും തുടങ്ങി എത്ര പേരാണ്ഇന്ദിരയുടെ കഥകള്‍ എഴുതിയത്. അടിയന്തരാവസ്ഥ കഴിഞ്ഞപ്പോള്‍ ഇന്ദിരാഗാന്ധി ഫാസിസത്തിന്റെ പ്രതിരൂപമായി ചിത്രീകരിക്കപ്പെട്ടത് സ്വാഭാവികം. സ്റ്റാലിനിസവും ഫാസിസവും കൊണ്ടാടിയ കമ്യൂണിസ്റ്റുകാര്‍ക്കുപോലും ഇന്ദിരാഗാന്ധിഫാസിസ്റ്റായി എന്നതാണ് തമാശ. ഹിറ്റ്‌ലറുടെ വംശീയതയെ രാഷ്ട്രീയ ആയുധമാക്കി വളര്‍ന്നുവന്ന വലതുപക്ഷത്തിനും ഇന്ദിര ഫാസിസ്റ്റായിരുന്നു. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഇന്ദിരയുടെ ഫാസിസം കണ്ട് ഞെട്ടി പാര്‍ട്ടി വിട്ടു. അടിയന്തരാവസ്ഥയിലെ കൊടുംക്രൂരതകള്‍അത്രയേറെ ഭയാനകമായിരുന്നു. ആ ഇരുട്ട് വീഴുന്നതിന്റെ കാരണങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
എന്നാല്‍, ആ ഇരുട്ടിന് മുന്‍പ് വലിയ വെളിച്ചമുണ്ടായിരുന്നു, സാന്ധ്യശോഭയുംനിലാവുമുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് മുന്‍പുള്ള ഇന്ദിരയെ ഇന്ത്യ ഇഷ്ടപ്പെട്ടിരുന്നു. അന്ന് സഞ്ജയന്‍ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. അടിയന്തരാവസ്ഥയ്ക്കുശേഷം തിരികെ വരുമ്പോള്‍ സഞ്ജയനുണ്ടായിട്ടും ജനങ്ങള്‍ അവരെ ഇഷ്ടപ്പെട്ടു. നെഹ്‌റുവിന്റെ സ്വപ്‌നങ്ങളൊക്കെആ ഇന്ദിരക്ക് പകര്‍ന്നുകിട്ടിയിരുന്നു.കോണ്‍ഗ്രസ്സിലെ ഉപജാപകര്‍ ക്രമേണഅവരെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു, നിങ്ങള്‍ ഏകാകിയും നിസ്സഹായയുമായ ഒരു സ്ത്രീയാണെന്ന്. ശത്രുക്കളെക്കാള്‍വലിയ ഉപജാപകവൃന്ദം അവരെ അസ്വസ്ഥയാക്കി. എല്ലാ നന്മകളില്‍നിന്നും അവര്‍ ഒറ്റപ്പെടുകയായിരുന്നു. എല്ലാ തിന്മകളും അവരെ വാരിപ്പുണര്‍ന്നു, ഇന്ദിര ഇന്ത്യയായി ഇന്ത്യ ഇന്ദിരയും. ഉപജാപകരായിരിക്കാം ആദ്യം ആ മുദ്രാവാക്യം മുഴക്കിയത്. അന്ന് ആ മുദ്രാവാക്യത്തിനുള്ളില്‍ സ്‌നേഹവാത്സല്യങ്ങള്‍ നിറഞ്ഞിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മറ്റാര്‍ക്കുവേണ്ടിയും അത്രയും വികാരാവേശത്തോടെ ജനങ്ങള്‍ മുദ്രാവാക്യം വിളിച്ചിട്ടുണ്ടാവില്ല. പാവങ്ങളുടെ പ്രതീക്ഷാഭരിതമായ കണ്ണുകളില്‍ ഒരു വിഗ്രഹം തെളിയുകയായിരുന്നു. ചരിത്രംഎത്ര അവിശ്വസനീയമാണെന്ന് നോക്കുക. അടിയന്തരാവസ്ഥയില്‍ അവര്‍ പശ്ചാത്തപിച്ചുവെന്നും ഇല്ലെന്നുമുള്ള കഥകളുണ്ട്. എങ്കിലും അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിര മറ്റൊരാളായി. വലിയഅസ്വസ്ഥതയും ഈര്‍ഷ്യയും ആയിരുന്നുഅവര്‍ക്ക്. സഞ്ജയന്‍ മരിക്കുന്നതോടെഅവര്‍ മാറേണ്ടതായിരുന്നു. അതായിരുന്നു സ്വാഭാവികമായ മാറ്റം, പഴയ ഇന്ദുവിലേക്ക് തിരികെപ്പോകാന്‍ കഴിയാത്തവണ്ണം അവര്‍ മാറിപ്പോയി. ചരിത്രവും സൈദ്ധാന്തികതകളും അവിടെ നില്‍ക്കട്ടെ. അസാധാരണയായ ഒരു സാധാരണസ്ത്രീയെക്കുറിച്ച് മാത്രം ഓര്‍മ്മിച്ചു നോക്കാം. നല്ലവനായ മനുഷ്യന്‍ രാഷ്ട്രീയശാസ്ത്രത്തിന്റെ അവസാനമായിരിക്കുമെന്ന് പറഞ്ഞത് അരിസ്‌റ്റോട്ടിലല്ലേ.
പുപുല്‍ ജയ്കറിന്റേതാകാം ഒരുപക്ഷേ, ഇന്ദിരയെക്കുറിച്ചുള്ള ഏറ്റവും സത്യസന്ധവും മനോഹരവുമായ ജീവിതരേഖ.കെ.എ. അബ്ബാസിന്റെ 'ദാറ്റ് വുമണ്‍' എന്ന പുസ്തകത്തില്‍നിന്ന് ഒരു കഥ കുറിക്കാം.പാകിസ്ഥാന്‍ മിലിട്ടറി ഭരണാധികാരിയായിരുന്ന യാഹ്യാഖാന്റെ ഒരു പ്രസംഗമാണ് ആ തലക്കെട്ട്. ഇന്ത്യ ഇന്ദിരയെ ഇഷ്ടപ്പെട്ട ഏഴ് വര്‍ഷത്തെ ഭരണകാലമാണ് അബ്ബാസ് വിവരിക്കുന്നത്. ചെമ്പനീര്‍പൂവിന്റെ മടങ്ങിവരവ് എന്ന ആദ്യപുസ്തകത്തിന്റെ ഒരു തുടര്‍ച്ചയാണിത്. നെഹ്‌റുവിനോടും ഇന്ദിരയോടും അഗാധമായസ്‌നേഹവായ്പ് നിറച്ചുവച്ചിരിക്കുന്നു. 'ഇന്ത്യയോളം വലിപ്പമുള്ള ഒരു അടുക്കള'എന്ന നാലാം അദ്ധ്യായം നല്ല ഭരണാധികാരിയെക്കുറിച്ചുള്ള കൗടില്യന്റെ ഒരു നിര്‍വ്വചനത്തോടെയാണ് തുടങ്ങുന്നത്.

അബ്ബാസും മുന്നയും

1954 ആഗസ്റ്റ് മാസത്തിലെ ഒരുസന്ധ്യ. രാഷ്ട്രപതി ഭവനിലെ ഓഡിറ്റോറിയത്തില്‍ പ്രധാനമന്ത്രി നെഹ്‌റുവിനുംകുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമായി അബ്ബാസ് തന്റെ പ്രസിദ്ധ ചലച്ചിത്രമായ 'മുന്ന' പ്രദര്‍ശിപ്പിച്ചു. പാട്ടില്ലാത്ത ആദ്യത്തെ ഹിന്ദിസിനിമ. ചിത്രത്തില്‍ നിറഞ്ഞുനിന്ന ബാലതാരത്തെ നെഹ്‌റുവിന് പരിചയപ്പെടുത്തുമ്പോള്‍, ആഹ്ലാദത്തോടെ റോമിയെ തലോടിയ നെഹ്‌റു അബ്ബാസിനോടു പറഞ്ഞു, നാളത്തെ പ്രാതലിന് ഇവനെ തീന്‍മൂര്‍ത്തിയില്‍ കൊണ്ടുവരിക. അബ്ബാസ് ഉടനെ ചോദിച്ചു, ഭഭബാക്കിയുള്ളവരോ?' ഭമുന്ന'യില്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റുകളും പിന്നണിയില്‍ പ്രവര്‍ത്തിച്ച ടെക്‌നീഷ്യന്മാരുമൊക്കെയായി ഒരു ബസ്സിലധികംപേര്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നു.അവരെ ചൂണ്ടിയാണ് അബ്ബാസ് ചോദിച്ചത് 'റോമിയോടൊപ്പം ആ ബഹുമതിപങ്ക് വയ്ക്കാന്‍ ഇവര്‍ക്കും ഇഷ്ടമാണ്?'നെഹ്‌റു 'ശരി' എന്നു പറഞ്ഞില്ല. പകരം ഇന്ദിരയോടു ചോദിച്ചു: 'ഇന്ദു, ഇവര്‍ക്കൊക്കെ പ്രാതല്‍ നല്‍കാന്‍ വേണ്ടിയുള്ള പരിപ്പും മുട്ടയും ഉണ്ടാകുമോ?' ഇന്ദിര ഉടനെ മറുപടി പറഞ്ഞു, 'ഉണ്ടാകും നമുക്കത് സാധിച്ചേക്കും...' പിറ്റേദിവസം പ്രാതല്‍ സമയത്ത് അബ്ബാസ് ഇന്ദിരയോട് തിരക്കി. പ്രധാനമന്ത്രി ഇന്നലെ പരിപ്പിനേയും മുട്ടയേയും കുറിച്ച് തിരക്കിയത് തമാശയായിട്ടായിരുന്നോ? ഇന്ദിര നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി, എന്നിട്ട്പറഞ്ഞു 'ഈ വീട് നടത്തിക്കൊണ്ടുപോവുക ഒരു തമാശയല്ല, പ്രത്യേകിച്ച് അഥിതി സല്‍ക്കാരം ഇഷ്ടപ്പെടുന്ന വലിയഹൃദയമുള്ള എന്റെ അച്ഛന് ലഭിക്കുന്നശമ്പളംകൊണ്ട്...' പലപ്പോഴും വീട്ടുകാര്യങ്ങള്‍ക്ക് ശമ്പളം തികയാതെ വരും, പലവ്യഞ്ജനക്കടയില്‍ കടം പറയേണ്ടിവരും, വര്‍ഷാവസാനം വിദേശപ്രസിദ്ധീകരണക്കാരില്‍നിന്ന് റോയല്‍റ്റി കിട്ടുമ്പോഴാകും അത്തരം കടങ്ങള്‍ വീട്ടുക. സ്വന്തം വീട്ടില്‍നിന്ന് അങ്ങനെ 'കമ്മിധനകാര്യം' പഠിച്ച ഇന്ദിര പിന്നെ ഇന്ത്യയുടെ ധനകാര്യവകുപ്പും വിദഗ്ദ്ധമായി കൈകാര്യം ചെയ്തു.

ബാങ്ക് ദേശസാത്കരണം

രാജ്യത്തോളം വലിപ്പമുള്ള അടുക്കളയുടെ കാര്യങ്ങള്‍ നന്നായി മനസ്സിലായപ്പോഴാണ് അവര്‍ ബാങ്ക് ദേശസാല്‍ക്കരണത്തിന് തയ്യാറായത്. മൊറാര്‍ജി ദേശായിയില്‍ നിന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ധനകാര്യവകുപ്പ് ഏറ്റെടുത്തു. അവര്‍ പറഞ്ഞു: പണം സ്വകാര്യബാങ്കുകളില്‍ കൂട്ടി വയ്ക്കുന്നതില്‍ കാര്യമില്ല.ദേശീയ വിഭവങ്ങള്‍ ജനങ്ങള്‍ക്ക് ഉപയോഗപ്പെടണമെങ്കില്‍ ബാങ്കുകള്‍ പൊതുമേഖലയില്‍ വരണം. അത് 1969 ജൂലൈ 19 ആയിരുന്നു. പാര്‍ലമെന്റില്‍ അവര്‍ പ്രസംഗിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിപൊട്ടിത്തെറിയുടെ വക്കിലായിരുന്നു. ബാങ്ക് ദേശസാല്‍ക്കരണ പ്രഖ്യാപനംകോണ്‍ഗ്രസ്സിലെ സിന്‍ഡിക്കേറ്റുകള്‍ക്കും ഇന്ത്യന്‍ വലതുപക്ഷത്തിനും ഞെട്ടലുണ്ടാക്കി. ജനങ്ങള്‍ ആഹ്ലാദത്തോടെ ആ തീരുമാനത്തെ വരവേറ്റു.
ഒറ്റ പ്രഖ്യാപനത്തിലൂടെ ഇന്ത്യയിലെ പാവങ്ങളുടെ സ്വപ്‌നങ്ങളെ ഇന്ദിര വാനോളം ഉയര്‍ത്തുകയായിരുന്നു. ഇടതുപക്ഷവും ചെറുപ്പക്കാര്‍ ഉള്‍പ്പെടുന്ന മഹാഭൂരിപക്ഷവും ഇന്ദിരയോടൊപ്പം നിന്നു.വളരെ പ്രായോഗികവും താത്വികവുമായ സമീപനമായിരുന്നു അത്. ആ തീരുമാനത്തിന് പിന്നിലുണ്ടായിരുന്ന അപ്രതീക്ഷിതമായ വേഗത എതിരാളികളെ ഞെട്ടിച്ചു. മാത്രമല്ല ഇന്ദിരയുടെ ചടുലമായ ഭരണനീക്കങ്ങളുടെ ആരംഭമായിരുന്നു അത്. പതിനാല് ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചുകൊണ്ട് ഇന്ദിര വെല്ലുവിളിച്ചത് ഇന്ത്യയിലെ വലിയ ബിസിനസ്സ് കുടുംബങ്ങളെ ആയിരുന്നു. ടാറ്റമാര്‍ നടത്തിയിരുന്ന സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബിര്‍ലമാരുടെ യുനൈറ്റ്‌സ് കൊമേര്‍ഷ്യല്‍ ബാങ്ക്, ഡാല്‍മിയ-ജയിന്‍മാരുടെ പഞ്ചാബ് നാഷണല്‍ ബാങ്ക്, ഗുജറാത്തീ ബിസിനസ്സുകാരുടെ ദേനാ ബാങ്ക്. ഇവയില്‍ അടിഞ്ഞുകൂടുന്ന പണം പൊതുതാല്പര്യങ്ങള്‍ക്കു വേണ്ടിയല്ല വിനിയോഗിക്കപ്പെടുന്നതെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടുകള്‍ തെളിയിച്ചതാണ്. പൊതുജനങ്ങളുടെ പണമെടുത്ത് കുടുംബ ബിസിനസ്സ് നടത്തപ്പെടുകയായിരുന്നു. ബാങ്കുകളില്‍ കുന്നുകൂടിയിരുന്ന ധനം ജനങ്ങളുടേതാണെന്ന് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചു, അത് ഉപയോഗിക്കേണ്ടത് കര്‍ഷകരും തൊഴിലെടുത്തു ജീവിക്കുന്നവരുമാണ്. അതു മാത്രമല്ല ഈ സ്വകാര്യബാങ്കുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന കള്ളപ്പണത്തിന്റെ തോത് സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുമെന്ന മുന്നറിയിപ്പും ഉണ്ടായി.
ബാങ്ക് ദേശസാല്‍ക്കരണം സോഷ്യലിസത്തിലേയ്ക്കുള്ള ചെറിയൊരു ചുവടുവയ്പ്പായിരുന്നു. എന്നാല്‍, അത് വിജയിക്കണമെങ്കില്‍ അടിസ്ഥാനപരമായ ഭൂപരിഷ്‌കരണം ഉണ്ടാകണമെന്ന കാഴ്ചപ്പാട് മിസ്സിസ് ഗാന്ധിക്ക് ഉണ്ടായിരുന്നു.പക്ഷേ, ഭരണഘടനാപരമായി ഭൂപരിഷ്‌കരണച്ചുമതല സ്‌റ്റേറ്റ് നിയമസഭകള്‍ക്കും സ്‌റ്റേറ്റ് മന്ത്രിസഭകള്‍ക്കും ഉള്ളതാണ്.അതുവരെ ഉണ്ടായിരുന്ന സംസ്ഥാനകോണ്‍ഗ്രസ്സ്് നേതൃത്വങ്ങളൊക്കെ അതാത് സംസ്ഥാനങ്ങളിലെ 'കുലാക്കു'കളുടെനിയന്ത്രണത്തിലായിരുന്നു. മിക്ക കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങളും ജന്മിമാരുടെ താല്പര്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്നവയായിരുന്നു. അതുകൊണ്ടുതന്നെ ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ഗുണം ഭൂപരിഷ്‌കരണത്തിലൂടെ ഗ്രാമീണ കര്‍ഷകരില്‍ എത്തിക്കാന്‍ കഴിയാതെപോയി.
ഇന്ന് മാവോയിസത്തെപ്പറ്റി വേവലാതിപ്പെടുന്നവര്‍ മിസ്സിസ് ഗാന്ധി നടപ്പാക്കാന്‍ ശ്രമിച്ച പദ്ധതിയുടെ വിപ്ലവ സ്വഭാവം മനഃപൂര്‍വം മറക്കുന്നവരാണ്. ബാങ്ക്‌ദേശസാല്‍ക്കരണ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അവര്‍ ഡല്‍ഹിയില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ചുകൂട്ടി. ഭൂപരിഷ്‌കരണം നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും, പരിധിയില്ലാത്ത ഭൂമി കൈവശം വച്ചിരിക്കുന്നവരില്‍ നിന്ന് അത് പിടിച്ചെടുത്ത് വിതരണംചെയ്യലും അത്യന്താപേക്ഷിതമെന്ന് അവര്‍ പറഞ്ഞു. ഹരിതവിപ്ലവത്തിന്റെ ഗുണഫലങ്ങള്‍ ഒരു വിഭാഗത്തില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് അവര്‍ഓര്‍മ്മിപ്പിച്ചു. ഗ്രാമീണര്‍ക്ക് മുഴുവന്‍ അതിന്റെ മെച്ചം കിട്ടണമെങ്കില്‍ ഭൂപരിഷ്‌കരണം ഉണ്ടാകണം. ഇന്ദിരയുടെ ആ കാലത്തായിരുന്നു കേരളത്തില്‍ അച്യുതമേനോന്റെ ഗവണ്‍മെന്റ് ഭൂപരിഷ്‌കരണത്തിന് വേഗതകൂട്ടിയതും കേസ്സുകളില്‍നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി ഒന്‍പതാം ഷെഡ്യൂളില്‍ അത് ഉള്‍പ്പെടുത്തിയതും. പക്ഷേ, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പഴയതുപോലെ അനങ്ങാപ്പാറകളായി തുടര്‍ന്നു. ഇന്ദിരയെ അവര്‍ പരിപൂര്‍ണ്ണമായി അംഗീകരിച്ചുവെങ്കിലും ഭൂപരിഷ്‌കരണത്തെ തൊട്ടില്ല. കോണ്‍ഗ്രസ്സിന്റെയും ഇന്ത്യയുടെയും പില്‍ക്കാല ചരിത്രത്തില്‍അതൊരു ദുരന്തമായി മാറി.
നെഹ്‌റുവിനെപ്പറ്റി പറയാറുള്ളത്, അദ്ദേഹത്തിന് മികച്ച വിദേശനയമുണ്ടായിരുന്നു, കൃഷ്ണമേനോനെപ്പോലെ പ്രഗല്‍്ഭരായവരുടെ ഉപദേശങ്ങളുമുണ്ടായിരുന്നു.വ്യവസായിക മേഖലയില്‍ ഒരു സോവിയറ്റ് മോഡല്‍ പ്ലാനിങ് ഉണ്ടായി. പക്ഷേ, ഗ്രാമീണമേഖലയിലെ ഭൂപരിഷ്‌കരണ കാര്യത്തില്‍ ഉപദേശിക്കാന്‍ ഒരാളുമുണ്ടായില്ല. ഇന്ത്യക്കാര്‍ക്ക് അദ്ദേഹം നല്‍കിയത്‌വെറും സ്വപ്‌നങ്ങളായിരുന്നുവെന്ന് പറയുന്നത് കടന്ന വിമര്‍ശനമാകാം, പക്ഷേ, അതില്‍ ഭൂപരിഷ്‌കരണത്തെക്കുറിച്ചുള്ള നെഹ്‌റുവിന്റെ നിശ്ശബ്ദത എങ്ങനെ ഓര്‍ക്കാതിരിക്കാന്‍ കഴിയും. ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചുകൊണ്ടുള്ള വലിയ ചുവടുവയ്പ് നടത്തുമ്പോള്‍ ഇന്ദിരാഗാന്ധിഭൂപരിഷ്‌കരണ നിര്‍ദ്ദേശം മുഖ്യമന്ത്രിമാരുടെ മുന്നില്‍വച്ചത് വലിയ ലക്ഷ്യങ്ങളോടെയായിരുന്നു. ഇന്ത്യന്‍ സാമ്പത്തിക ജീവിതത്തെ അടിമുടി മാറ്റിയ ആ ദേശസാല്‍ക്കരണത്തിന്റെ ഗുണം, ഇപ്പോള്‍ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ ഉഴലുമ്പോള്‍ നാം തിരിച്ചറിയുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്ന രാഷ്ട്രങ്ങളിലെ മൂലധനശക്തികള്‍ക്കും സ്വകാര്യ ബാങ്കിങ്ങ് മേഖലകള്‍ക്കുമുണ്ടായ തളര്‍ച്ചയും തകര്‍ച്ചയും പഠിക്കുന്നവര്‍ മിസ്സിസ് ഗാന്ധി തെളിച്ചിട്ട ഇന്ത്യയുടെപാത ഇന്ന് ഉയര്‍ത്തിക്കാട്ടുന്നത് അതുകൊണ്ടാണ്. സംസ്ഥാന കോണ്‍ഗ്രസ്സുകളിലെ സെമിന്ദാരീ വിധേയത്വമായിരുന്നു ബാങ്ക് ദേശസാല്‍ക്കരണത്തില്‍ വലിയതടയായത്. എല്ലാ മഹത്തായ പദ്ധതികളിലും ഇത്തരം ചതിക്കുഴികളുണ്ടാവാം.അല്ലെങ്കില്‍ ഓര്‍ത്തുനോക്കുക, ഇന്ത്യന്‍ ജീവിതത്തിന്റെ മറ്റു മേഖലകളെയാകെ ചൈതന്യവത്കരിച്ച ദേശസാല്‍ക്കരണത്തിന് എന്തുകൊണ്ട് അടിസ്ഥാന വര്‍ഗത്തിന്റെ മോചനത്തിന് ശക്തിപകരാന്‍കഴിഞ്ഞില്ല.
ഗാന്ധിയുടെ വലിയ സ്വപ്‌നം മറന്ന് ഇന്ദിരയുടെ പദ്ധതിയെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ്സിന് ചരിത്രം നല്‍കുന്ന മറുപടിയാണ് മാവോയിസം. ദേശസാല്‍ക്കരണ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ബോംബെയില്‍ ജഗജീവന്‍ റാമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഐ.ഐ.സി.സി.സമ്മേളനത്തില്‍ ഭൂപരിഷ്‌കരണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് രാജ്യമെമ്പാടുനിന്നും എത്തിയ താഴേക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ സന്ദേശമാണ് അവര്‍ നല്‍കിയത്. കോണ്‍ഗ്രസ്സിന്റെ പത്തിന സാമ്പത്തിക പരിപാടിയില്‍ ഏറ്റവും പ്രധാനം ഭൂപരിഷ്‌കരണമാണെന്നും അതോടൊപ്പം നഗരഭൂമിക്കും പരിധിയേര്‍പ്പെടുത്തുക, കയറ്റുമതി-ഇറക്കുമതികള്‍ ദേശസാല്‍ക്കരിക്കുക, കുത്തകകള്‍ അവസാനിപ്പിക്കുക എന്നൊതൊക്കെ അടിയന്തരമായി ചെയ്യണമെന്ന് പാര്‍ട്ടി മുഖ്യമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും അവര്‍ നിര്‍ദ്ദേശം കൊടുത്തു. വ്യക്തമായ സോഷ്യലിസ്റ്റ് ചായ്‌വ് പ്രകടിപ്പിച്ചുകൊണ്ട് കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷത്തിന്റെ കൈയടിവാങ്ങിയ അവര്‍ പക്ഷേ, സമ്മിശ്ര സാമ്പത്തിക സമീപനത്തെ തള്ളിക്കളയാനും തയ്യാറായില്ല. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍, സമ്മിശ്ര സമ്പദ്‌വ്യവസ്ഥയെപൂര്‍ണ്ണമായി തള്ളിക്കളയാന്‍ കഴിയില്ലെന്ന് ക്ഷമാപണത്തോടെയാണ് അവര്‍ ഐ.ഐ.സി.സി. സമ്മേളനത്തിലെ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
ഈ ദേശസാല്‍ക്കരണം ഉണ്ടാകും മുന്‍പുള്ള വലിയ പ്രതിസന്ധിയുടെ പശ്ചാത്തലം ഓര്‍മ്മിക്കുമ്പോഴേ മിസ്സിസ്ഗാന്ധി രാഷ്ട്രീയമായി നടത്തിയ ചുവടുമാറ്റത്തിന്റെ അര്‍ത്ഥവും അടവും മനസ്സിലാവുകയുള്ളു. നെഹ്‌റുയുഗം കഴിഞ്ഞ് അതിരൂക്ഷമായി തീര്‍ത്ത സാമ്പത്തിക മേഖല, യുദ്ധവും വരള്‍ച്ചയും കൂടി വന്നപ്പോള്‍ വിലപിടിച്ചു നിറുത്താന്‍ കഴിയാതായി. ഭക്ഷ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട അവസ്ഥ വന്നു. 1966-ല്‍ മിസ്സിസ് ഗാന്ധി അധികാരത്തില്‍ വരുമ്പോള്‍സ്ഥിതി ഇതായിരുന്നു. ഉപദേഷ്ടാക്കള്‍ മിസ്സിസ് ഗാന്ധിയോടു പറഞ്ഞു, ഇനി അമേരിക്കന്‍ സഹായം വാങ്ങിയാലേ മുന്നോട്ടുപോകാന്‍ കഴിയൂ. അമേരിക്കന്‍ലോബിയുടെ സമ്മര്‍ദ്ദങ്ങള്‍ ഏറി. സഹായ അഭ്യര്‍ത്ഥന നടത്തിയ ഇന്ത്യാഗവണ്‍മെന്റിനു മുന്നില്‍ അവര്‍ കര്‍ക്കശമായ ചില നിര്‍ദ്ദേശങ്ങള്‍ വച്ചു: 'രൂപയുടെ മൂല്യം കുറയ്ക്കണം, ഇറക്കുമതിഉദാരവത്കരിക്കണം.' ഇന്ദിരയ്ക്ക് അമേരിക്കന്‍ ലോബിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടിവന്നു. നെഹ്‌റുവിന്റെ സമീപനത്തില്‍നിന്ന് അവരെ മാറ്റാന്‍ കോണ്‍ഗ്രസ്സിലെ വലതുപക്ഷത്തിനായി. അവരുടെ നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് രൂപയുടെ ഡിവാല്യൂഷന്‍ നടത്തിയത്. ഭഞമുല ീള രൗൃൃലിര്യ' എന്നാണ് കൃഷ്ണമേനോന്‍ അതിനെ വിശേഷിപ്പിച്ചത്. ഡിവാല്യൂ ചെയ്താല്‍ അമേരിക്കയില്‍നിന്ന് ഇഷ്ടംപോലെ സഹായം കിട്ടുമെന്നായിരുന്നു ഉപദേഷ്ടാക്കള്‍ പറഞ്ഞത്, പക്ഷേ, പ്രതീക്ഷിച്ച സഹായം കിട്ടിയില്ല. ഇന്ദിരയുടെ പ്രതിച്ഛായയ്ക്ക് ഏറ്റആദ്യത്തെ തിരിച്ചടിയായിരുന്നു അത്.
കാമരാജ് ഉള്‍പ്പെടെയുള്ളവര്‍ അവര്‍നല്ല ഭരണാധികാരി അല്ലെന്ന് വിധിയെഴുതി. അതോടെയാണ് കോണ്‍ഗ്രസ്സില്‍ സിന്‍ഡിക്കേറ്റ് ശക്തമാകുന്നത്, മിസ്സിസ്ഗാന്ധി ദുര്‍ബലയാകുന്നതും. പാര്‍ലമെന്റിലും പുറത്തും ഒരുപാട് ഒച്ചപ്പാടുണ്ടായി. ഇന്ദിരയാകെ പതറി. ആ പതര്‍ച്ചയില്‍ നിന്ന് അവര്‍ തിരിച്ചുവരികയായിരുന്നു ദേശസാല്‍ക്കരണത്തിലൂടെ. അപ്പോള്‍ ആക്ഷേപങ്ങള്‍ ശക്തമായി, കോണ്‍ഗ്രസ്സിലെ സിന്‍ഡിക്കേറ്റ്, വലതുപക്ഷത്തെ സ്വതന്ത്രപാര്‍ട്ടിയും ജനസംഘവും അവര്‍ക്കെതിരെ ആഞ്ഞടിച്ചു. ഇന്ദിരാഗാന്ധി മാര്‍ക്‌സിസ്റ്റുകാരുടെസഹായത്തോടെ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിന് ശ്രമിക്കുകയാണെന്ന് അമേരിക്കന്‍ ലോബി പ്രചാരണം അഴിച്ചുവിട്ടു. ഭരണഘടനാനുസൃതമായി സോഷ്യലിസത്തിലേക്കുള്ള പാതയാണ് താന്‍ വെട്ടിയൊരുക്കുന്നതെന്നതായിരുന്നു അവരുടെ മറുപടി. സാമ്പത്തിക സാമൂഹ്യ രംഗങ്ങളിലെ അസമത്വങ്ങള്‍ മാറ്റാന്‍ ഇതേ വഴിയുള്ളൂ. ഇതിന് ബദലായ വഴിവിപ്ലവത്തിന്റേതാണ്. ജനങ്ങളുടെ ക്ഷമയ്ക്ക് അതിരുണ്ടെന്ന് അവര്‍ വിമര്‍ശകരെ ഓര്‍മ്മിപ്പിച്ചു. നക്‌സല്‍ബാരിയില്‍ ഭൂസമരം ആരംഭിച്ച കാലവുമായിരുന്നു അത്. ബംഗാളിലെ 'വസന്തത്തിന്റെ ഇടിമുഴക്കം' ഭരണാധികാരികള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് അവര്‍ പറഞ്ഞു. ദേശസാല്‍ക്കരണം വഴി പാവങ്ങള്‍ക്ക് പരമാവധി സഹായം എത്തിച്ചില്ലെങ്കില്‍ എല്ലാം കൈവിട്ടുപോകുമെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു, എങ്കിലും നക്‌സല്‍ബാരിയിലെ ഭൂസമരത്തിന്റെ അക്രമസ്വഭാവത്തെഅവര്‍ തള്ളിക്കളഞ്ഞു. ഭരണഘടനാപരമായി, സമാധാനത്തോടെയുള്ള മാറ്റങ്ങള്‍ മാത്രമേ സ്ഥായിയായി ഗ്രാമീണജനതയ്ക്ക് വളരാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കൂവെന്ന നിലപാട് പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചു. ഭൂപരിഷ്‌കരണ സമരങ്ങള്‍ ശക്തമായ ആ കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ കുറെ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ നാല് ഏക്കര്‍ വരുന്ന ഒരു ചെറിയ കൃഷിയിടം പ്രതീകാത്മകമായി വളഞ്ഞുവച്ചു. അത് ഇന്ദിരാഗാന്ധിയുടെ പേരിലുണ്ടായിരുന്ന കൃഷിയിടമായിരുന്നു. പ്രതീകാത്മകമായ അത്തരം സമരങ്ങള്‍ ഭൂപരിഷ്‌കരണത്തിന്റെ ആവശ്യകതകള്‍ കൂടുതല്‍ കൂടുതല്‍ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.

പ്രിവി പഴ്‌സുകള്‍ നിറുത്തലാക്കിയ നടപടി

ദേശസാല്‍ക്കരണത്തെയും ഭൂപരിഷ്‌കരണത്തെയും പരസ്പരം ബന്ധപ്പെടുത്തി ഗ്രാമീണജീവിതം അഴിച്ചുപണിയണമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ച ആ കാലത്തുതന്നെയാണ് പ്രിവി പഴ്‌സുകള്‍ നിറുത്തലാക്കുന്ന പ്രഖ്യാപനവും നടത്തിയത്. സോഷ്യലിസ്റ്റ് സമൂഹ നിര്‍മ്മിയില്‍ ഇത്തരം പ്രിവിലേജുകള്‍ ജനങ്ങളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്ന് അവര്‍പറഞ്ഞു. ജനങ്ങളുടെ നൂറുകണക്കിന് കോടി രൂപ ഇങ്ങനെ പഴയ രാജാക്കന്മാര്‍ക്ക് വാരി വിതറുന്നത് നികുതിദായകരോടുള്ള ഉത്തരവാദിത്വരാഹിത്യമാണെന്നായിരുന്നു ഇന്ദിരയുടെ കാഴ്ചപ്പാട്. ജനസംഘത്തിന്റെ വാജ്‌പേയ് പാര്‍ലമെന്റില്‍ ഇന്ദിരയുടെ മുഖത്തുനോക്കി പറഞ്ഞു, നിങ്ങള്‍ കമ്മ്യൂണിസ്റ്റുകാരുടെ സമ്മര്‍ദ്ദത്തിലാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്.ഇന്ദിരയുടെ മറുപടി: 'ബഹുമാനപ്പെട്ടഅംഗങ്ങള്‍ക്കറിയാം, കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമല്ല ഇത്തരം പരിഷ്‌കരണങ്ങളെമുന്നോട്ടുവയ്ക്കുന്നത്. പല പാര്‍ട്ടികളുംഇതിനെ പിന്തുണയ്ക്കുന്നുണ്ട്, അവരെല്ലാം കമ്മ്യൂണിസ്റ്റുകളല്ല...'
ശരിയായ ഒരു രാഷ്ട്രീയ അടവും സാമൂഹ്യ സമത്വത്തിനോടുള്ള അനുതാപവുംപ്രകടമാകുന്ന വാക്കുകളും നടപടികളുമായിരുന്നു അവയൊക്കെ. പക്ഷേ, പ്രിവി പഴ്‌സ് നിറുത്തലാക്കുന്നത് സുപ്രീംകോടതി അസാധുവാക്കിയപ്പോള്‍ ജനങ്ങളെസമീപിക്കാനാണ് ഇന്ദിര തീരുമാനിച്ചത്. നിലവിലുള്ള പാര്‍ലമെന്റും ജുഡീഷ്യറിക്കും ജനങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് വിഘാതങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് വ്യക്തമായിരുന്നു. ദേശസാല്‍ക്കരണവും പ്രിവി പഴ്‌സ് നിറുത്തലാക്കലും ജനങ്ങളില്‍ സൃഷ്ടിച്ച മോഹങ്ങള്‍ ഇന്ദിരാഗാന്ധി ഏറ്റെടുത്തു. ജനങ്ങള്‍ക്ക് ഇന്ദിര ആവേശമായി മാറി. അവര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 'ഫലപ്രദമായിസോഷ്യലിസ്റ്റ് മതേതരപരിപാടികള്‍ നടപ്പാക്കാന്‍' വ്യക്തമായ അധികാരം തരണമെന്ന അവരുടെ അപേക്ഷ ജനങ്ങള്‍സ്വീകരിച്ചു. കണക്കുകൂട്ടിയുള്ള ആ രാഷ്ട്രീയനീക്കം വിജയിച്ചതോടെ ഇന്ദിര ഇന്ത്യയായി. ധാരാളം വിലയിരുത്തലുകള്‍ ഉണ്ടായതാണ് ആ തെരഞ്ഞെടുപ്പ്. കണക്കുകൂട്ടി അധികാരം പിടിച്ചെടുക്കുകയായിരുന്നോ? ഒരു നേതാവും ജനതയും തമ്മില്‍ വളര്‍ന്നുവന്ന അസാധാരണമായ സ്‌നേഹവാത്സല്യങ്ങളുടെ വിനിമയമായിരുന്നോ സംഭവിച്ചത്? സോഷ്യലിസമെന്ന ആശയത്തോടുള്ള ജനകീയ ആവേശമായിരുന്നോ അത്? ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിടാന്‍ സാധാരണ മനുഷ്യര്‍ പകര്‍ന്ന് നല്‍കിയ ആത്മവിശ്വാസവും കരുത്തുമായിരുന്നോ? എന്തായാലും ജനങ്ങളുടെ ശക്തി ഇത്രയേറെ ചാര്‍ജുചെയ്യപ്പെട്ട മറ്റൊരു തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിന് ശേഷമുണ്ടായില്ല. തെരഞ്ഞെടുപ്പില്‍നിന്ന് ഇത്രയുമേറെ ശക്തി മറ്റൊരു നേതാവിനും കിട്ടിയിട്ടുമുണ്ടാവില്ല. 'ഇന്ദിരാ ഹഠാവോ' എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം. എന്താണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന പ്രശ്‌നം എന്ന് ചോദിച്ച പത്രലേഖകരോട് ഇന്ദിരാഗാന്ധി പറഞ്ഞു, 'ക മാ വേല ശൗൈല.' സത്യത്തില്‍ അതായിരുന്നു ശരി, ഇന്ത്യന്‍ വലതുപക്ഷത്തിനും ബിഗ്ബിസിനസ്സിനും ഇന്ദിരയെ ഇല്ലാതാക്കണമായിരുന്നു. 'ഗരീബീ ഹഠാവോ' എന്ന വിപ്ലവകരമായ സന്ദേശത്തിന് പ്രതിപക്ഷം നല്‍കിയ മറുപടി ആയിരുന്നു 'ഇന്ദിര ഹഠാവോ.'

ബംഗ്ലാദേശിന്റെ ജനനം

തെതെരഞ്ഞെടുപ്പിന്റെ കാഹളങ്ങള്‍ ഉയരുന്നതിനിടെ, 71 ഫെബ്രുവരിയില്‍, റായ്ബറേലിയില്‍ നോമിനേഷന്‍ പേപ്പറുകള്‍ പൂരിപ്പിച്ചുകൊണ്ടിരിക്കവെ ഒരു വാര്‍ത്ത വന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഒരു ഫോക്കര്‍ ഫ്രണ്ട്ഷിപ്പ് വിമാനം ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഹൈജാക്ക് ചെയ്യപ്പെട്ട് ലാഹോറില്‍ ഇറക്കിയെന്ന്. ഇന്ത്യ-പാക്ക് സംഘര്‍ഷങ്ങള്‍ ഗുരുതരമായി, യുദ്ധവും ബംഗ്ലാദേശിന്റെ ജനനവും. ഇന്ത്യ ആവേശം കൊണ്ട് ജ്വലിച്ചുനില്‍ക്കുകയായിരുന്നു. യാഗ്യാഘാന് പിന്നില്‍ പ്രവര്‍ത്തിച്ച അമേരിക്കന്‍ താല്പര്യങ്ങളെ നിശിതമായി ഇന്ദിര ആക്രമിച്ചു.എന്താണ് കിഴക്കന്‍ പാകിസ്ഥാനില്‍ നടക്കുന്നത്, ജനാധിപത്യത്തെപ്പറ്റി ഒരുപാട് വായ്ത്താരികള്‍ ഇറക്കുന്നവര്‍ എന്തുകൊണ്ട് കിഴക്കന്‍ പാകിസ്ഥാനില്‍ ജനങ്ങളെ കൊന്നൊടുക്കുന്നത് കാണുന്നില്ല. എത്ര പൈശാചികമായാണ് ജനാധിപത്യം വലിച്ച് കീറപ്പെടുന്നത്. മിലിട്ടറി ഭരണാധികാരിയെ സംരക്ഷിക്കാന്‍ ജനാധിപത്യത്തിന്റെ കശാപ്പും കൂട്ടക്കുരുതികളും കണ്ടില്ലെന്ന് നടിക്കുന്ന പടിഞ്ഞാറന്‍ രാഷ്ട്രങ്ങളെ അവര്‍ കണക്കിന് പരിഹസിച്ചു. വ്യക്തമായി തന്നെ കിഴക്കന്‍ പാകിസ്ഥാനുള്ള ഇന്ത്യയുടെ സഹായവും പിന്തുണയും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തില്‍ വന്ന ഉടന്‍ പ്രിവിപഴ്‌സ് നിറുത്തലാക്കി. താന്‍ എങ്ങോട്ടാണ് ലക്ഷ്യം വയ്ക്കുന്നതെന്ന സന്ദേശം നല്‍കിക്കൊണ്ട് അവര്‍ ഇന്ത്യോ-സോവിയറ്റ് സമാധാനക്കരാറില്‍ ഒപ്പുവച്ചു. ഈ രാഷ്ട്രീയ നീക്കത്തിലെ അപകടം പടിഞ്ഞാറിന് മനസ്സിലായി. അമേരിക്കന്‍ ലോബി വീണ്ടും ശക്തമായി അവരെ ആക്രമിച്ചു. തെരഞ്ഞെടുപ്പില്‍ കണ്ട ജനവിധിയും ബംഗ്ലാദേശ് യുദ്ധത്തിനോട് ജനങ്ങള്‍ പ്രദര്‍ശിപ്പിച്ച ആവേശവും കണ്ട് അമേരിക്കന്‍ ലോബി ഞെട്ടി. ബംഗ്ലാദേശില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കവെയാണ് ഇന്ത്യയെ വിരട്ടാനായി അമേരിക്കന്‍ നേവിയുടെ ഏഴാം കപ്പല്‍പ്പട (സെവന്‍ത് ഫ്‌ളീറ്റ്) ബംഗാള്‍ സമുദ്രത്തിലേക്ക് വന്നത്. കിഴക്കന്‍ ബംഗാള്‍ മോചിപ്പിക്കുന്നതില്‍നിന്നും ഇന്ത്യന്‍ സേനയെ തടയുകയായിരുന്നു ലക്ഷ്യം. പക്ഷേ, മിസ്സിസ് ഗാന്ധി കുലുങ്ങിയില്ല. ആ കാലത്തെ ഇന്ദിരയെ ഹെന്റ്രി കിസ്സിംഗര്‍ വിശേഷിപ്പിച്ചത്, 'വേശ െഹമറ്യ ംമ െരീഹറയഹീീറലറ മിറ ീtuഴവ' എന്നാണ്. അമേരിക്കന്‍ പട മാത്രമായിരുന്നില്ല ബംഗാള്‍ സമുദ്രത്തില്‍,അവര്‍ക്ക് പിന്നാലെ സോവിയറ്റ് യുദ്ധക്കപ്പലുകളുമുണ്ടായിരുിന്നു. ഇന്ദിരാഗാന്ധിയുടെ അസാധാരണമായ ധൈര്യവും നേതൃത്വവും ലോകത്തിന് ബോദ്ധ്യപ്പെടുത്തിയതായിരുന്നു കിഴക്കന്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ഇടപെടല്‍. സോവിയറ്റ് റഷ്യയുമായുണ്ടായ സൈനിക സഹകരണ കരാറിലൂടെ ഇന്ത്യയ്ക്കകത്തുള്ള അമേരിക്കന്‍ താല്പര്യങ്ങളെ മാത്രമായിരുന്നില്ല ഇന്ദിരാഗാന്ധി ലക്ഷ്യം വച്ചിരുന്നതെന്ന് ബംഗ്ലാദേശ് യുദ്ധം തെളിയിച്ചു. ഇന്ത്യന്‍ പട്ടാളം കിഴക്കന്‍ പാകിസ്ഥാനില്‍ കടന്നത് യു.എന്‍. നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഉടന്‍ പിന്‍വാങ്ങണമെന്നും പറഞ്ഞ അമേരിക്കയോട് മിസ്സിസ് ഗാന്ധി പറഞ്ഞു, പാകിസ്ഥാന്റെ സൈനിക സാഹസങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണെന്ന്. ജീവനും സ്വാതന്ത്ര്യത്തിനും സന്തോഷത്തിനുംവേണ്ടി ഒരുജനത നടത്തുന്ന സ്വാതന്ത്ര്യസമരത്തെ ഭൂമുഖത്താര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന അവരുടെ ഉറച്ചനിലപാട് നിക്‌സന്റെ അമേരിക്കന്‍ ഭരണകൂടത്തെ അമ്പരപ്പിച്ചു.
1971 ഡിസംബര്‍ 16 പതിവുപോലെ ഡല്‍ഹിയില്‍ തണുപ്പായിരുന്നു. നേരം പുലരുന്നതിന് മുന്‍പ് ഇന്ദിരാഗാന്ധി ഉറക്കമെഴുന്നേറ്റു. സന്തോഷത്തോടെ ബ്രേക്ഫാസ്റ്റ് കഴിച്ചു. പത്രങ്ങള്‍ വായിക്കുകയും റേഡിയോ കേള്‍ക്കുകയും ചെയ്യുന്നതിനിടയിലാണ്, ജനറല്‍ മനേക്ഷായുടെ വെടിവെയ്പ് പോലുള്ള വാക്കുകള്‍ അവര്‍ കേട്ടത്: 'യുദ്ധം നിറുത്തൂ, കീഴടങ്ങൂ.' ജനറല്‍ നിയാസിക്കുള്ള അന്ത്യശാസനമായിരുന്നു അത്. അമേരിക്കന്‍എമ്പസിവഴിയാണ് വെടിനിറുത്തലിനുള്ള ആഗ്രഹം നിയാസി അറിയിച്ചത്. ഇന്ദിരാഗാന്ധി മന്ദഹസിച്ചതേയുള്ളൂ. അമേരിക്കന്‍ ഏഴാം കപ്പല്‍പടയും ഇരുപത് സോവിയറ്റ് യുദ്ധക്കപ്പലുകളും ബംഗാള്‍ സമുദ്രത്തില്‍ യുദ്ധസജ്ജരായി നില്‍ക്കെ ഡിസംബര്‍ 16-ന് നിയാസി ഇന്ത്യന്‍ പട്ടാളത്തിനു മുന്നില്‍ കീഴടങ്ങി. നിറഞ്ഞുകവിഞ്ഞ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എത്തി, പാക്‌സൈന്യം കീഴടങ്ങിയ വിവരം അറിയിക്കുമ്പോള്‍, 1947 ആഗസ്റ്റ് 14 അര്‍ദ്ധരാത്രിയില്‍ 'വിധിയുമായുള്ള സമാഗമ'ത്തിനായി ത്രിവര്‍ണ്ണപതാകഉയര്‍ത്തി ജവഹര്‍ലാല്‍ നെഹ്‌റു സൃഷ്ടിച്ച അതേ വികാരപ്രളയമായിരുന്നു.
ആ യുദ്ധം പാകിസ്ഥാനോടുള്ള ഏറ്റുമുട്ടലായിരുന്നില്ല, അമേരിക്കന്‍ സൈന്യത്തോടുള്ള ഏറ്റുമുട്ടലായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പിന്നീടൊരിക്കലും ഇത്രയേറെ ദേശാഭിമാനപ്രേരിതമായൊരു വികാരപ്രളയമുണ്ടായിട്ടില്ല. ഇന്ത്യയെന്ന ദാരിദ്ര്യം പിടിച്ച രാജ്യം ലോകഭൂപടത്തില്‍ ശ്രദ്ധേയമാവുകയായിരുന്നു. വെടിനിറുത്തല്‍ പ്രഖ്യാപനം നടത്തിക്കൊണ്ട് ഇന്ദിരാഗാന്ധി ലോകസമൂഹത്തോട് പറഞ്ഞു, 'ഞങ്ങള്‍ അവര്‍ക്ക് ഉറപ്പ് നല്‍കട്ടെ, ഞങ്ങള്‍ക്ക് അവരോട് ശത്രുതയില്ല, ഞങ്ങളെ പരസ്പരം അകറ്റുന്നതിനേക്കാള്‍ അധികം ഒരുമിപ്പിക്കുന്ന ഘടകങ്ങളാണ് പൊതുവില്‍ ഞങ്ങള്‍ക്കിടയിലുള്ളത്...' വിജയാഹ്ലാദത്തില്‍ പാര്‍ലമെന്റംഗങ്ങള്‍ വിളിച്ചുപറഞ്ഞു: 'നമ്മുടെ പ്രധാനമന്ത്രി ചരിത്രം സൃഷ്ടിക്കുക മാത്രമല്ല, ഭൂമിശാസ്ത്രവും രചിക്കുകയാണ്.' ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം, പാകിസ്ഥാന്‍ ജയിലറയില്‍നിന്ന് മോചിതനായഷേക് മുജീബുര്‍ റഹ്മാന്‍ ഡാക്കയിലേക്ക് പോകുംമുന്‍പ് ഡല്‍ഹിയില്‍ ഇറങ്ങി, അദ്ദേഹം പറഞ്ഞു: 'എന്റെ രാജ്യത്ത് എത്തും മുന്‍പ് നിങ്ങളുടെ മഹത്തായ രാജ്യത്തിന്റെ ചരിത്രപ്രസിദ്ധമായതലസ്ഥാനത്ത് ഇറങ്ങിയത് എന്റെ ജനതയുടെ ആദരവും നന്ദിയും നേരിട്ട് അറിയിക്കാനാണ്, ഞാനത് അറിയിക്കട്ടെ, നിങ്ങളോടും നിങ്ങളുടെ ഉജ്ജ്വലയായ പ്രധാനമന്ത്രിയോടും, അവര്‍ മനുഷ്യരുടെ മാത്രം നേതാവല്ല, മനുഷ്യരാശിയുടെ മുഴുവന്‍ നേതാവാണ്...' ഭരണഘടനാ പരിമിതികള്‍ക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുന്നഒരു പ്രധാനമന്ത്രിയില്‍നിന്ന് അവര്‍ ഉയര്‍ത്തപ്പെടുകയായിരുന്നു, ഒരു ആശയമായും ഇതിഹാസമായും തന്റെ തന്നെ ജീവിതകാലത്ത്. ജോന്‍ ഓഫ് ആര്‍ക്ക് ആയിരുന്നു കുട്ടിക്കാലത്തെ അവരുടെ വിഗ്രഹം. അവര്‍ തന്റെ കണ്ണുകളില്‍ ആ വിഗ്രഹത്തെ കണ്ടു, കണ്ണാടിയില്‍ അവര്‍ ജോന്‍ ഓഫ് ആര്‍ക്കായി ക്രമേണ വളര്‍ന്നു. അവസാനം അവിശ്വസനീയമായി അവര്‍ക്കു തന്നെ ജോന്‍ ഓഫ് ആര്‍ക്കാണ് താനെന്ന് മനസ്സിലാവുക, എത്ര അസാധാരണമായാണ് ഈ കഥ, ഈ കഥയില്‍ ഇനിയും ഇഴകളുണ്ട്. ചരിത്രം ഇങ്ങനെയൊക്കെയാണെന്ന് നമ്മുടെ തലമുറയെ പഠിപ്പിച്ചതാണ് ഇന്ദിരയുടെ കഥ.അഗ്നിവീഥികളിലൂടെ ലോകത്തിന്റെ നെറുകയിലേക്ക് ഓടിക്കയറുക, ഇതാ ലോകം എന്റെ കൈപ്പിടിയിലാണെന്ന് അവര്‍വിളിച്ചു പറഞ്ഞില്ല, ഒരുപക്ഷേ, മനസ്സില്‍ അങ്ങനെ തോന്നിയിട്ടുണ്ടാകാം. വിജയത്തില്‍ ഒറ്റയാനും അഹങ്കാരിയുമാവുക, മനുഷ്യസഹജം. അടിയന്തരാവസ്ഥയുടെആ പശ്ചാത്തലം ഒരുപാട് എഴുതിയതാണ്. എന്തൊരു പതനമായിരുന്നു. അടിയന്തരാവസ്ഥയില്‍ അവര്‍ അസ്വസ്ഥയായിരുന്നു. സഞ്ജയന്‍ പ്രധാന കാരണമായിരുന്നു.

പുത്രസ്‌നേഹത്തിന്റെ തിക്താനുഭവം

സഞ്ജയനെ ഒഴികെ മറ്റാരെയും അവര്‍ക്ക് വിശ്വസിക്കാനായില്ല. അധികാരവും പുത്രസ്‌നേഹവും അവരെ ആകെ മാറ്റിക്കളഞ്ഞു. ധൈഷണികരംഗത്തും കലാരംഗത്തും ഒക്കെ ഉണ്ടായിരുന്ന അവരുടെ സുഹൃത്തുക്കള്‍ അസ്വസ്ഥരായി. പി.എന്‍. ധറും, ഹക്‌സറും ടി.എന്‍. കൗളും ശേഷനുമൊക്കെ അകലാന്‍ തുടങ്ങി. മേരിസ്വറ്റനെയും ഡോറോത്തി നോര്‍മനെയും പോലുള്ള അവരുടെ ആരാധകര്‍ അദ്ഭുതംകൂറി. 1953 മുതല്‍ മുപ്പത് വര്‍ഷക്കാലം അവരുടെ സാഹായിയായും സുഹൃത്തായും ഉപദേശകയായും ഊഷ്മളമായ കുടുംബബന്ധം പുലര്‍ത്തിയ ഉഷാഭഗത് അടിയന്തരാവസ്ഥയിലെ അകല്‍ച്ചകളെക്കുറിച്ച് എഴുതിയിരിക്കുന്നത് നോക്കൂ: ഒരുദിവസം രമേഷ് ഥാപ്പര്‍ ഉഷയ്ക്ക്‌ഫോണ്‍ ചെയ്തു, തനിക്ക് മിസ്സിസ് ഗാന്ധിയെ കാണണം. അപ്പോള്‍ ഇന്ദിര രാജീവിനോടും സഞ്ജീവനോടുമൊപ്പം ഡൈനിങ്ങ് ടേബിളിന് മുന്നില്‍ ഇരിക്കുകയായിരുന്നു. രമേഷിന്റെ അപേക്ഷ ഇന്ദിരയെ അറിയിച്ച ഉടന്‍ രാജീവ് പറഞ്ഞു, 'തീര്‍ച്ചയായും' ഉടന്‍ സഞ്ജയന്‍ 'തീര്‍ച്ചയായും വേണ്ട.' ഇന്ദിര ഒന്നും മിണ്ടിയില്ല, രാജീവും. രമേഷിന് ഷോക്കായി, ഇന്ദിരയുമായി വലിയ സൗഹൃദം സൂക്ഷിച്ച പത്രാധിപരും ബുദ്ധിജീവിയുമായിരുന്നു രമേഷ്. വിദേശകാര്യങ്ങളില്‍ ഉള്‍പ്പെടെ അവര്‍ രമേഷിനോട് ഉപദേശം ചോദിച്ചിരുന്നു, മാത്രമല്ല എപ്പോഴും അവരെ കാണാനുള്ള അനുവാദവും ഉണ്ടായിരുന്നു, പക്ഷേ, സഞ്ജയന്റെ പ്രവര്‍ത്തികളെ അതിനിശിതമായി രമേഷ് വിലയിരുത്തിയിരുന്നു. ഇടതുപക്ഷത്തേയ്ക്കുള്ള ഇന്ദിരയുടെ വലിയ ചാനലായിരുന്ന രമേഷിനെ സഞ്ജയന് ഇഷ്ടമായില്ല. ഥാപ്പര്‍ കുടുംബവുമായി ഇന്ദിര അകന്നപ്പോള്‍ മിസ്സിസ് ഥാപ്പര്‍ എഴുതി: 'ഞങ്ങള്‍ക്ക് തെറ്റുപറ്റി. മാറ്റത്തിന്റെ രാസത്വരകമാണ് ഇന്ദിര എന്നു ഞങ്ങള്‍ കരുതിയത് തെറ്റായിരുന്നു. അവര്‍ക്ക് അതിനുള്ള ശക്തിയില്ല.ചരിത്രത്തില്‍ മാറ്റങ്ങള്‍ക്ക് വഴിവച്ചവരെപ്പറ്റി എഴുതിയിട്ടുണ്ട്, അവര്‍ക്കൊക്കെ പക്ഷേ, തങ്ങള്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് നല്ല ധാരണകള്‍ ഉണ്ടായിരുന്നു. ഇന്ദിരയ്ക്ക് അതില്ല...'

കെ.എന്‍. രാജിന്റെ  ഓര്‍മ്മയില്‍

ആ അടിയന്തരാവസ്ഥക്കാലത്ത് മിസ്സിസ് ഗാന്ധിയെ കണ്ട ഡോ. കെ.എന്‍.രാജ് തന്റെ അനുഭവം പറയുന്നത് കേള്‍ക്കൂ: 'ജയപ്രകാശിന്റെ സമ്പൂര്‍ണ്ണവിപ്ലവം നടക്കുന്ന കാലത്ത് ഒരു ദിവസം എന്നെ വിളിപ്പിച്ചു. ഒരുപാട് നാളുകള്‍ക്കുശേഷമുള്ള കൂടിക്കാഴ്ചയാണ്. അവര്‍ വല്ലാതെ പതറിയിരുന്നു. ഏതാണ്ട് ഒന്നരമണിക്കൂര്‍ എന്നോട് സംസാരിച്ചു. എന്തുകൊണ്ടാണ് ജെ.പിയോടൊപ്പം ഇത്രയേറെ ആള്‍ക്കാര്‍എന്ന് ചോദിച്ചു. ജനങ്ങള്‍ തന്നില്‍നിന്ന് അകലുന്നത് അവരെ വിഷാദിപ്പിച്ചിരുന്നു. ഞാന്‍ പറഞ്ഞു, നിങ്ങളുടെ ഗവണ്‍മെന്റ് അഴിമതിക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ മകന്‍ രാഷ്ട്രീയത്തില്‍ തോന്ന്യാസങ്ങള്‍ കാണിക്കുന്നു. ജനങ്ങള്‍ ഇതൊന്നും ഇഷ്ടപ്പെടുന്നില്ല, അതുകൊണ്ടാണ് ജെ.പിയുടെ പിന്നില്‍ അവര്‍ അണിനിരക്കുന്നത്. ജയപ്രകാശിന്റെ രാഷ്ട്രീയത്തെപ്പറ്റി എന്റെ അഭിപ്രായം ചോദിച്ചു. ഞാന്‍പറഞ്ഞു, എനിക്ക് ജയപ്രകാശിന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ല. പണ്ടു മുതലേ വ്യക്തമായ അഭിപ്രായങ്ങള്‍ ഇല്ലാത്ത ആളാണ് അദ്ദേഹം. ഇത്തരം പ്യൂരിറ്റന്‍ പൊളിറ്റിക്‌സിന് ഞാന്‍ എതിരാണ്. ജെ.പിയോടൊപ്പം നില്‍ക്കുന്നവരില്‍ പലരെയും വിശ്വസിക്കാന്‍ കൊള്ളില്ല...അഭിപ്രായം തുറന്നുപറയുമ്പോഴും അപ്രിയങ്ങളായ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോഴും അവര്‍ അസഹിഷ്ണുത കാണിച്ചിരുന്നില്ല. എങ്കിലും അവര്‍ക്ക് എങ്ങനെ ഈ പതനമുണ്ടായി. എല്ലാ വിയോജിപ്പുകള്‍ക്കിടയിലും ഞാന്‍ അവരെ ഇഷ്ടപ്പെട്ടു, ധൈര്യമുള്ള സ്ത്രീയായിരുന്നു അവര്‍...'
നെഹ്‌റുവിനോടും ഇന്ദിരയോടും അഗാധമായ സ്‌നേഹവായ്പുകള്‍ പുലര്‍ത്തിയിരുന്ന ഡോ. രാജ് അടിയന്തരാവസ്ഥയെ തുറന്ന് എതിര്‍ത്തപ്പോഴും ഇന്ദിരയെഇഷ്ടപ്പെട്ടിരുന്നു. ആ ഇഷ്ടം സ്വാതന്ത്ര്യാനന്തര സമൂഹത്തില്‍ ആഴത്തില്‍ വേരോടി നിന്നൊരു രാഷ്ട്രീയ കാല്പനികത മാത്രമായിരുന്നില്ല. ഇന്ത്യയിലെ പാവങ്ങളില്‍ അലിയാനും ഹിമാലയത്തോളം ഉയരാനുംനെഹ്‌റുവിനും ഇന്ദിരയ്ക്കും കഴിഞ്ഞിരുന്നു. ജനങ്ങള്‍ അവരെ ഇഷ്ടപ്പെട്ടു.അതുകൊണ്ടാണ് ഇന്ദിര തിരികെ വരില്ലെന്ന് പലകുറി എഴുതിയ രാഷ്ട്രീയ പണ്ഡിതന്മാരെ അമ്പരപ്പിച്ചുകൊണ്ട് അവര്‍ തിരിച്ചുവന്നത്. ജനതാപാര്‍ട്ടി എന്ന ദുരന്തം മാത്രമായിരുന്നില്ല കാരണം, ഇന്ദിരയുടെ പോരായ്മകള്‍ മറക്കാന്‍ പാവങ്ങള്‍ തയ്യാറായിരുന്നു. ഓര്‍ത്തുനോക്കുക ആ കാലം. ജനത അധികാരത്തില്‍ വന്നപ്പോള്‍ ഡല്‍ഹിയിലെ ധൈഷണികലോകം ഇന്ദിരയെ മറന്നു, പത്രക്കാര്‍ അവരെ കാണാതായി. ചരണ്‍സിങ്ങിന്റെ പൊലീസ് അകമ്പടിയോടെ അവര്‍ കോടതിയിലേക്ക് പോകുന്ന ആ രംഗം ഓര്‍ത്തുനോക്കൂ. വഴിവക്കില്‍, ലെവല്‍ക്രോസിനടുത്ത്, തീവണ്ടി കടന്നുപോകാനായി കാറ് നിറുത്തുന്നു. മുന്നിലും പിന്നിലും പൊലീസ് വാഹനങ്ങള്‍. ഇന്ദിര കാറില്‍നിന്നിറങ്ങി നിരത്തോരത്തെ പാലത്തില്‍ഏകയായി ഇരിക്കുന്നു. ഓര്‍മ്മിക്കുക, മോത്തിലാലിന്റെ കൊച്ചുകള്‍, നെഹ്‌റുവിന്റെമകള്‍, ആനന്ദഭവനില്‍നിന്ന്, തീന്‍മൂര്‍ത്തിയില്‍നിന്ന് സഫ്ദര്‍ജങ് റോഡില്‍നിന്ന്, വെല്ലിങ്ടണ്‍ ക്രസന്റിലെ 12-ാം നമ്പര്‍ വീട്ടില്‍നിന്ന് ജയിലഴികളിലേക്ക് പോവുകയാണ്. മക്കളില്ല, പരിവാരങ്ങളില്ല. ഒറ്റയ്ക്ക്, പൊലീസ് വണ്ടികളുടെ അകമ്പടിയില്‍. പൂന്താനത്തിന്റെ വരികള്‍, 'മാളിക മുകളിലേറ്റുന്നതും...', അല്ലെങ്കില്‍ ഗീതയോ, ബൈബിളോ, ഏത് ഫിലോസഫി ഉപയോഗിച്ചും നിങ്ങള്‍ക്ക് വിലയിരുത്താം. ഒരുപാട് ചരിത്രാവലോകനങ്ങള്‍ നടത്തി, മനസ്സില്‍ ഇങ്ങനെ കുറിച്ചിട്ട് മൂകരാകാം, 'അധികാരത്തിന് ഇത്രയേ ആയുസ്സുള്ളൂ.'
ജനതാപാര്‍ട്ടി യഥാര്‍ത്ഥത്തില്‍ മണ്ടത്തരം കാണിക്കുകയായിരുന്നു. അവരെ അറസ്റ്റ് ചെയ്തതോടെ ഇന്ദിര എന്ന വികാരം വീണ്ടും കത്തിജ്വലിക്കുകയായിരുന്നു. അടിയന്തരാവസ്ഥയുടെ കുറ്റബോധം. സഞ്ജയന്റെ ചെയ്തികള്‍, അവര്‍ റിട്ടയര്‍ ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു, ഒരുപക്ഷേ ജനതാപാര്‍ട്ടി ഈ അറസ്റ്റ് നാടകം അരങ്ങേറ്റിയിരുന്നില്ലെങ്കില്‍ ഇന്ദിര രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലായിരുന്നു. കാതറിന്‍ ഫ്രാങ്ക് എഴുതിയിരിക്കുകയാണ്, അവരുടെ രാഷ്ട്രീയ ജീവിതം മുഴുവന്‍ ഇത്തരം ആകസ്മികതകളായിരുന്നു. മനസ്സ്് തണുത്ത്, തിരികെ നടക്കാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്ന് മുന്നിലൊരു പ്രകോപനം വന്നു വീഴുക. എങ്കില്‍ ഇതിനെ നേരിടുക തന്നെ. അവര്‍ യുദ്ധത്തിന് തയ്യാറാകുന്നു. ഇന്ദിര സ്വയം ഇറങ്ങിപ്പുറപ്പെടുകയല്ല, സഞ്ജയന്‍ മരിച്ചപ്പോഴും ഇതായിരുന്നു സ്ഥിതി. ജീവിതത്തിലെ ഏറ്റവും മാരകമായ ആ സംഭവം അവരുടെ മനോശക്തിയെ ഉലച്ചുകളഞ്ഞു. സഞ്ജയന്‍ എന്ന ദുരന്തം കണ്ട് അകന്നുപോയ പഴയ ആത്മസുഹൃത്തുക്കളൊക്കെ സ്‌നേഹ സാന്ത്വനങ്ങളുമായി അവര്‍ക്ക് അരികിലെത്തി. എങ്കിലും ഇന്ദിരയുടെ മനസ്സ് നഷ്ടപ്പെട്ടിരുന്നു.വളരെ നിരാശാജനകമായൊരു രാഷ്ട്രീയമായിരുന്നു തുടര്‍ന്നുണ്ടായത്. സഞ്ജയന്റെ മരണം ഇന്ദിര എന്ന അമ്മയ്ക്ക് ഏല്പിച്ച ആഘാതം വലുതായിരുന്നു, വീണ്ടും താന്‍ ഒറ്റപ്പെട്ടുവെന്ന ചിന്ത. എങ്കിലും ജനങ്ങള്‍ ആ മരണത്തില്‍ ആശ്വസിച്ചു. പഴയ ഇന്ദിരയെ തിരിച്ചുകിട്ടുമല്ലോ എന്നവര്‍ കരുതി. വളരെ വര്‍ഷങ്ങള്‍ക്കുശേഷം ഇന്ദിരയുടെ അമ്മാവനായ ബി.കെ. നെഹ്‌റു തുറന്നു പറഞ്ഞു,'വേല യലേെ വേശിഴ വേമ േംീൃഹറ വമുുലി ീേ കിറശമ.'തീര്‍ച്ചയായും സഞ്ജയന്റെ മരണം കഴിഞ്ഞപ്പോള്‍ ഇന്ദിര അടിയന്തരാവസ്ഥയിലൂടെ സംഭവിച്ച തെറ്റുകള്‍ തിരുത്തുമെന്ന് എല്ലാവരും കരുതി.
ധവാനെയും ധീരേന്ദ്ര ബ്രഹ്മചാരിയേയും പോലുള്ള കോക്കസ്സിനെ ഒഴിവാക്കി, പി.എന്‍. ഹക്‌സറും, രമേഷ് ഥാപ്പറും, ഐ.കെ. ഗുജറാളുമൊക്കെ മടങ്ങിവരുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഇന്ദര്‍ മല്‍ഹോത്രയും ശാരദാ പ്രസാദും മുന്‍കൈയെടുത്ത് വിളിച്ചുകൂട്ടിയ എഡിറ്റര്‍മാരുടെ സമ്മേളനത്തില്‍, എന്തുകൊണ്ട് പഴയധൈഷണികരേയും പേരുകേട്ട സീനിയര്‍ബ്യൂറോക്രാറ്റുകളെയും അവിശ്വസിക്കുന്നുവെന്ന് അവര്‍ വിശദീകരിച്ചു. 'അവര്‍ ചെറിയ വിരല്‍പോലും എനിക്ക് അനുകൂലമായി ഉയര്‍ത്തിയില്ല. ആ സന്ദര്‍ഭത്തിലാണ് നിര്‍ണ്ണായക സ്ഥാനങ്ങളില്‍ എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നവരെ ഞാന്‍ ഇരുത്തിയത്, ഒരുപക്ഷേ, അവര്‍ മികച്ചവരായിരുന്നിരിക്കില്ല. നിങ്ങള്‍ പറയുന്ന പഴയ ആള്‍ക്കാരും സീനിയര്‍ ബ്യൂറോക്രാറ്റുകളും ഒന്നുകില്‍ അമേരിക്കന്‍ താല്പര്യം സംരക്ഷിക്കുന്നവര്‍ അല്ലെങ്കില്‍ സോവിയറ്റ് സ്വാധീനത്തിന് ശ്രമിക്കുന്നവര്‍...'അവരുടെ പ്രകോപിതമായ മനസ്സില്‍ സഞ്ജയന്റെ മരണത്തോടെ അടിയന്തരാവസ്ഥയുടെ 'ഹാങ് ഓവര്‍' കൂടുതല്‍ ശക്തമാകുന്നുവെന്ന് കരുതിയവരുണ്ട്. സ്വന്തം കുടുംബത്തിലുള്ളവരെ അല്ലാതെ മറ്റാരെയും വിശ്വസിക്കുകയില്ല എന്ന അവസ്ഥയിലേക്കുള്ള പതനം. അധികാരത്തെ അത്രയേറെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒക്കെ സംഭവിച്ചുപോകുന്ന മാനസികാവസ്ഥയാണിത്. 1982 ജൂലൈ അവസാനം അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവന്നശേഷം അവര്‍ പുപുല്‍ ജയ്കറോട് പറഞ്ഞു: 'ഞാന്‍ ആകെ തളര്‍ന്നിരിക്കുന്നു. കഴിഞ്ഞ പല മാസങ്ങളായി, ഞാന്‍ നല്ലവണ്ണം ഒന്ന് ഉറങ്ങിയിട്ടില്ല. ദുഃസ്വപ്‌നങ്ങള്‍കണ്ട് രാത്രി രണ്ട് മണിയാകുമ്പോള്‍ ഞെട്ടി ഉണരുന്നു...' എന്നിട്ട് രഹസ്യം പറയുംപോലെ അവര്‍ ജയ്കറോട് പറയുകയാണ്: 'എനിക്കെതിരെ മന്ത്രവാദങ്ങളും കൂടോത്രങ്ങളും നടക്കുന്നതിന്റെ രഹസ്യറിപ്പോര്‍ട്ടുകള്‍ എനിക്ക് കിട്ടുന്നുണ്ട്, എന്നെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ്...' ജയ്കര്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിന്നു, അമിത യാത്രകളും അമിത ജോലികളും സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളാണിതൊക്കെയും പരമാവധിവിശ്രമിക്കുകയെന്നുമൊക്കെ ഉപദേശിച്ചിട്ടും ഇന്ദിരയ്ക്ക് അറിയേണ്ടിയിരുന്നത്, താന്ത്രിക-മാന്ത്രിക പ്രവര്‍ത്തികളിലൂടെ എതിരാളികളെ നശിപ്പിക്കാന്‍ കഴിയുമോ എന്നതായിരുന്നു. ജയ്കര്‍ നിസ്സഹായതയോടെ അതൊക്കെ കേട്ടിരുന്നു. ഇന്ദിര പരോനിയക്കാകുകയായിരുന്നു. തീര്‍ച്ചയായും ഇന്ദിര കിടപ്പിലാകണമെന്ന് ആഗ്രഹിച്ചവരുണ്ടാകും, പക്ഷേ, അവര്‍ ഭയന്നത് അതീന്ദ്രിയ ശക്തികളിലൂടെ തന്നെ നശിപ്പിക്കാന്‍ ആരൊക്കയോ ശ്രമിക്കുന്നുവെന്നാണ്.

ഇന്ധിരയുടെ അന്ധവിശ്വാസങ്ങള്‍

സഞ്ജയന്റെ മരണം കഴിഞ്ഞ് നാലാംദിവസമാണ്, അവര്‍ അമേരിക്കന്‍ പ്രൊഫസറായ ഫ്രാന്‍സിസ് ഫ്രാങ്കിളിന് ഒരുഇന്റര്‍വ്യൂ നല്‍കുന്നത്. മുന്‍കൂട്ടി തീരുമാനിച്ച ഇന്റര്‍വ്യൂ ആയിരുന്നെങ്കിലും സഞ്ജയന്റെ മരണം കാരണം അത് ക്യാന്‍സല്‍ ചെയ്യപ്പെടുമെന്നാണ് കരുതിയത്. പക്ഷേ, ഇന്ദിര ഇന്റര്‍വ്യൂ അനുവദിച്ചു. 'എന്‍സൈക്ലോപീഡിയാ ബ്രിട്ടാനിക്ക'യ്ക്കുവേണ്ടി ഒരു ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുകയായിരുന്നു ഫ്രാങ്കലിന്റെ ഉദ്ദേശം. മുന്‍പ് പലപ്രാവശ്യം ഇന്ദിരയെ ഇന്റര്‍വ്യൂ ചെയ്തിട്ടുള്ള ഫ്രാങ്കല്‍, മകന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ ഇത്തരമൊരു ഇന്റര്‍വ്യൂ എന്ന അസംബന്ധം ഓര്‍ത്തുവെങ്കിലും ഇന്ദിര ഇന്റര്‍വ്യൂ നല്‍കി. മനോനില നഷ്ടപ്പെടാതെ അവര്‍ ഉത്തരങ്ങള്‍ പറഞ്ഞു. അവസാനം ഫ്രാങ്കല്‍ ചോദിച്ചു, 'ഏതുകാര്യത്തിലാണ്, താങ്കള്‍ ഏറ്റവുമധികം ഓര്‍ക്കപ്പെടാന്‍ ആഗ്രഹിക്കുന്നത്...?' ഇന്ദിര ഒരുനിമിഷം ഫ്രാങ്കലിനെ നോക്കി, എന്നിട്ട് അസഹ്യതയോടെ പറഞ്ഞു, 'ഒന്നിന്റെപേരിലും ഓര്‍ക്കപ്പെടാന്‍ ഞാന്‍ആഗ്രഹിക്കുന്നില്ല.'
നെഹ്‌റുവിന്റെ മകള്‍ എങ്ങനെ അവിശ്വാസത്തിന്റെ തടവുകാരിയായി, അന്ധവിശ്വാസങ്ങള്‍ എങ്ങനെ അവരെ വന്നുപൊതിഞ്ഞു. മുത്തശ്ശിയായ സ്വരൂപ് റാണിയിലെ അന്ധവിശ്വാസങ്ങള്‍ ഇന്ദിരയില്‍ പുനര്‍ജ്ജനിക്കുകയായിരുന്നുവെന്ന് ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. തീന്‍മൂര്‍ത്തിയില്‍ ഒട്ടനവധി പ്രാവശ്യംഇന്ദിരയുടെ അന്ധവിശ്വാസങ്ങള്‍ കണ്ട് നെഹ്‌റുവിന് ഈര്‍ഷ്യ തോന്നിയിട്ടുണ്ടത്രേ. ഏത് ചടങ്ങിനും അവര്‍ നല്ല സമയംനോക്കി, നല്ല ദിവസവും. ബ്രഹ്മചാരിയെപ്പോലെയുള്ള 'സെലിബ്രിറ്റി ഗുരു'ക്കന്മാര്‍ ഇത്തരം ബലഹീനതകളെ ചൂഷണംചെയ്തു. സഞ്ജയന്‍ മരിക്കുന്നതിന് മുന്‍പ് ബ്രഹ്മചാരി അവരെ പേടിപ്പിച്ചിരുന്നു, ശത്രുക്കള്‍ കൂടോത്രങ്ങള്‍ നടത്തി ഇന്ദിരയുടെ കുടുംബത്തില്‍ അന്തഃഛിദ്രങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന്. പരിഹാരക്രിയകള്‍ ചെയ്യാനും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനും തന്റെ കാര്‍മ്മികത്വത്തില്‍ പൂജകള്‍ ചെയ്യാനും നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. തീന്‍മൂര്‍ത്തിയിലെ ഈ റാസ്പുട്ടിന്‍ ഇന്ദിരയെന്ന സാധുസ്ത്രീയുടെ ബലഹീനതകള്‍ ചൂഷണംചെയ്യുകയായിരുന്നു. സഞ്ജയന്റെ മരണം ബ്രഹ്മചാരിയുടെ സ്വാധീനം ഇരട്ടിപ്പിച്ചു. ഉറ്റവരുടെ ഉപദേശങ്ങളെക്കാള്‍ ബ്രഹ്മചാരിയുടെ കൗശലങ്ങളില്‍ അവര്‍ വീണുപോയി. രാജീവ് രാഷ്ട്രീയത്തിലേക്ക് വരികയും, തീന്‍മൂര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ബ്രഹ്മചാരി പുറത്താകുന്നത്. പഞ്ചാബില്‍ സുവര്‍ണ്ണക്ഷേത്രം ആക്രമിച്ച് ബിന്ദ്രന്‍വാലയെ പിടിക്കാന്‍ സര്‍വസന്നാഹങ്ങളും ഒരുങ്ങിയപ്പോഴും അവര്‍പേടിച്ചു. അദ്ഭുതം സംഭവിച്ച് ആക്രമണം ഒഴിവായി കിട്ടുമെന്ന് അവസാന നിമിഷം വരെ അവര്‍ വിശ്വസിച്ചു. രാജീവിനോടും അരുണ്‍ നെഹ്‌റുവിനോടും അവര്‍ തന്റെ ഭീതി പങ്കിട്ടു, നമുക്ക് അല്പംകൂടി കാത്തിരിക്കാം. അവര്‍ നിരന്തരം പൂജകള്‍ നടത്തി, പക്ഷേ, ഒരു അദ്ഭുതവും സംഭവിച്ചില്ല. ഇന്ദിരയുടെ രാഷ്ട്രീയജീവിതത്തില്‍ അടിയന്തരാവസ്ഥയ്ക്ക്‌ശേഷം നടന്ന വലിയ മണ്ടത്തരം 'ബ്ലൂസ്റ്റാര്‍' ഓപ്പറേഷനായി.
ചെറിയ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കുവേണ്ടി ഇന്ദിര വളര്‍ത്തിയ ബിന്ദ്രന്‍വാലദേശീയ വിരുദ്ധനായി കേന്ദ്രാധിശ്വത്വത്തെനിരാകരിച്ചപ്പോള്‍ തീവ്രവാദത്തെ നേരിടാനുള്ള സമാധാനത്തിന്റെ മാര്‍ഗ്ഗങ്ങള്‍പരാജയപ്പെടുകയായിരുന്നുവോ? ഒട്ടനവധി വിലയിരുത്തലുകള്‍ ഉണ്ടായതാണ് ഭബ്ലൂസ്റ്റാര്‍' ഓപ്പറേഷനെ ആധാരമാക്കി.ഇന്ദിര അതിനുശേഷം വളരെ നിര്‍വ്വികാരയായതായി ജീവചരിത്രകാരന്മാര്‍ പറയുന്നു. അവരുടെ പ്രവര്‍ത്തികളിലൊന്നും ടെന്‍ഷനുണ്ടായിരുന്നില്ല. എങ്കിലും 'ബഌസ്റ്റാര്‍' ഒരു നിഴല്‍പോലെ പിന്നാലെ കൂടി. രാജീവിനോടും സോണിയയോടും അവര്‍ ഭീതി പങ്കിട്ടു, താന്‍ വധിക്കപ്പെട്ടേക്കും. രാഹുലും പ്രിയങ്കയും വീട്ടിലെ തടവുകാരായി. പുറത്തിറങ്ങാന്‍ കുട്ടികള്‍ക്ക് വിലക്കായി. ഒരുദിവസം ബി.കെ. നെഹ്‌റുവിനോടും ജോസഫ് ഫ്രയിസ്മാനോടും ഒപ്പം അത്താഴം കഴിക്കുകയായിരുന്നു.ഫ്രയിസ്മാന്‍ ചോദിച്ചു, 'പഞ്ചാബും, കാശ്മീരും കത്തിനില്‍ക്കെ, പ്രധാനമന്ത്രിക്ക് എങ്ങനെ ടെന്‍ഷനില്ലാതെ ഇത്ര ഫ്രീയായി കാര്യങ്ങള്‍ നടത്താന്‍ കഴിയുന്നു,' ഇന്ദിര പറഞ്ഞു'"Tension is swithin, Onenever wears it on one's sleeve..."' ഉള്ളില്‍വലിയ സംഘര്‍ഷമായിരുന്നു, അവര്‍പക്ഷേ, പുറത്തു സുസ്‌മേരവദനയായിഅഭിനയിച്ചു. ഓര്‍ത്തുനോക്കുക, ആ അവസ്ഥയിലെ ജീവിതം. 'ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍' കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രിയുടെ അംഗരക്ഷകരില്‍നിന്ന് സിക്കുകാരെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം വന്നു. അത ്‌നടപ്പാക്കുകയും ചെയ്തു. എന്നാല്‍, ഏതാനും ആഴ്ചകള്‍ക്കുശേഷം ഇന്ദിര പറഞ്ഞു; എന്റെ അംഗരക്ഷകരില്‍ സിക്കുകാരും വേണം. നാല് വര്‍ഷക്കാലം പ്രധാനമന്ത്രിയുടെ സെക്യൂരിറ്റിയിലുണ്ടായിരുന്ന അംഗരക്ഷകനാണ് ബിയാന്ത് സിങ്. രണ്ട് പ്രാവശ്യം വിദേശയാത്രകളില്‍ അയാള്‍ ഇന്ദിരയെ അനുഗമിച്ചിട്ടുണ്ട്. ഇപ്പോഴത്തെ യാത്രകളില്‍ ഒരു സിക്കുകാരന്‍ സുരക്ഷിത സേനയില്‍ ഉണ്ടാകുന്നത് അപകടമല്ലേ എന്ന് ചോദിച്ച ഒരുവിദേശ പത്രപ്രവര്‍ത്തകന്, ബിയാന്ത്‌സിങ്ങിനെ നോക്കി, എത്ര വിശ്വസ്തനാണ് ഇയാളെന്ന് അറിയുമോ എന്നായിരുന്നു ഇന്ദിരയുടെ മറുപടി. സിക്കുകാരെപ്പറ്റി രഹസ്യാന്വേഷണ വിഭാഗത്തിനുണ്ടായിരുന്ന സംശയങ്ങള്‍ ഇന്ദിരക്കുണ്ടായില്ല. അമൃതസറിലെ പട്ടാള ഓപ്പറേഷനുശേഷം ഇന്ദിര ആദ്യം സന്ദര്‍ശിച്ചസ്ഥലം ലേ ആയിരുന്നു. പ്രധാനമന്ത്രി എത്തും മുന്‍പ് അവിടെ സൈന്യത്തിലുണ്ടായിരുന്ന മുഴുവന്‍ സിക്കുകാരെയും ഒഴിവാക്കി.  ഇന്ദിര പൊട്ടിത്തെറിച്ചു, 'നിങ്ങള്‍ക്ക് എങ്ങനെ ഇത് തോന്നി...'യെന്ന് അവര്‍ സെക്യൂരിറ്റി ചീഫിനോട് ചോദിച്ചു.
ഇന്ദിര ഒരിക്കലും സുഹൃത്തുക്കളുടെ മുന്നറിയിപ്പുകള്‍ കാര്യമാക്കിയില്ല. ശത്രുക്കള്‍ അവസരം കാത്തിരിക്കുന്നത് അവര്‍ അറിഞ്ഞിരുന്നു. തൊഴുകൈകളോടെയാണ് രാവിലെ അവര്‍ അംഗരക്ഷകരുടെ മുന്നിലേക്ക് വന്നത്, 'നമസ്‌തേ' എന്ന് പറയുന്നതോടെ ബിയാന്ത് വെടിവച്ചിരുന്നു.'എന്താണ് നിങ്ങള്‍ ചെയ്യുന്നതെന്ന്' ചോദിച്ച് അവര്‍ മുഖംപൊത്തുകയായിരുന്നു. ഒരു നിമിഷം കൊണ്ട് ഇന്ദിര ഒരു കുടംചോരയായി ചരിത്രമെന്ന മഹാസാഗരത്തില്‍ ലയിച്ചു. ഏത് ഗ്രീക്ക് ട്രാജഡിയിലാണ് ഇതിന് സമാനമായൊരു കഥയുണ്ടാവുക.

(2009 ഒക്ടോബര്‍ ലക്കം സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com