ആ മരണം ശത്രുക്കള്‍ പോലും ആഗ്രഹിച്ചുകാണില്ല

ജനം ഇരുന്നു. വണ്ടിക്ക് കടന്നുപോകാനുള്ള വഴി തെളിഞ്ഞു: 'ഇന്ദിരാഗാന്ധി സിന്ദാബാദ്' ജനലക്ഷങ്ങള്‍ ആര്‍ത്തിരമ്പി.'
ആ മരണം ശത്രുക്കള്‍ പോലും ആഗ്രഹിച്ചുകാണില്ല

ഇന്ദിര പറഞ്ഞു: പാര്‍ലമെന്റിന്റെ ഏതു തീരുമാനവും ശിരസാവഹിക്കും. പക്ഷേ, ഞാന്‍ ഇങ്ങോട്ടു കടന്നുവന്ന പാര്‍ലമെന്റിന്റെ മുന്‍വാതിലിലൂടെ മാത്രമേ പുറത്തേയ്ക്കു പോവുകയുള്ളൂ- സി.കെ. ചന്ദ്രപ്പന്‍ എഴുതിയ ലേഖനം

1971-ല്‍ ഞങ്ങളൊക്കെ ആദ്യമായി പാര്‍ലമെന്റിലേക്ക് കടന്നുവരുമ്പോള്‍ ഒരുവലിയ പോരാട്ടത്തില്‍ വിജയിച്ചു, വെന്നിക്കൊടിപാറിയ ഇന്ദിരാഗാന്ധിയെയാണ് കണ്ടത്. ബാങ്കുദേശ സാല്‍ക്കരണത്തിനും നാട്ടുരാജാക്കന്മാരുടെ പ്രിവിപേഴ്‌സും പ്രത്യേകാവകാശങ്ങളും എടുത്തുകളയുന്നതിനുമുള്ള നിയമങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്, സ്വന്തം പാര്‍ട്ടി വലിയൊരു പിളര്‍പ്പിനെ ഈ പ്രശ്‌നത്തില്‍ നേരിട്ടപ്പോഴും അവര്‍ ജനപക്ഷത്തുനില്‍ക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ട് 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യത്തിലൂടെ ജനഹൃദയങ്ങളില്‍ വലിയൊരു സ്ഥാനം പിടിച്ച ഇന്ദിരാഗാന്ധി, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയത് വലിയൊരു ചരിത്രസംഭവമായിരുന്നു.
ജനങ്ങളോട് ചെയ്ത വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായി 42-ാം ഭരണഘടനാഭേദഗതി കൊണ്ടുവന്ന് പാര്‍ലമെന്റിന്റെ പ്രാമുഖ്യം അവര്‍ വീണ്ടെടുത്തു. ബാങ്കുദേശസാല്‍ക്കരണവും, രാജാക്കന്മാരുടെ പ്രിവിപേഴ്‌സ് എടുത്തുകളഞ്ഞതും വഴി നമ്മുടെ രാഷ്ട്രീയജീവിതത്തില്‍ ഒരു പുതിയ അദ്ധ്യായം അവര്‍ എഴുതിച്ചേര്‍ത്തു.
ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സ് നടപ്പിലാക്കുന്നതിലൂടെ സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന നിയമങ്ങള്‍ക്ക് കോടതി ഇടപെടലില്‍നിന്ന് പരിരക്ഷ നല്‍കിയത്, സ്വത്ത് മൗലികാവകാശമാണ് എന്ന് വാദിച്ചുകൊണ്ട് ഭൂനിയമങ്ങളെയും ദേശസാല്‍ക്കരണ നിയമങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതിന് പൂര്‍ണ്ണവിരാമമിട്ടുകൊണ്ട്, മൗലികാവകാശത്തിന്റെ പട്ടികയില്‍നിന്നും സ്വത്തവകാശത്തെ എടുത്തുമാറ്റിയത് തുടങ്ങി എത്രയോ ചരിത്രപരമായ തീരുമാനങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കി.
അമേരിക്കയുടെ ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കാതെ ബംഗ്ലാദേശിന്റെ വിമോചനസമരത്തിനു നല്‍കിയ പിന്തുണ, ചരിത്രപ്രസിദ്ധമായ ചേരിചേരാ രാഷ്ട്രങ്ങളുടെ ഡല്‍ഹി ഉച്ചകോടി നടത്തി ഫിഡല്‍ കാസ്‌ട്രോയില്‍ നിന്നും ചേരിചേരാ പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷപദവി ഏറ്റെടുത്തുകൊണ്ട് ഇന്ദിര ഇന്ത്യയുടെ വിദേശനയത്തിന്റെ സാമ്രാജ്യവിരുദ്ധ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു. സമാധാനത്തിന്റെയും ചേരിചേരായ്മയുടേയും വക്താവായി ഇന്ത്യയെ നിലനിര്‍ത്തി.
സമൂഹത്തിലുള്ള സ്ത്രീകളുടെ സ്ഥാനം, അവര്‍ സമൂഹത്തില്‍ നേരിടുന്ന സാമൂഹ്യ അവശതകള്‍ എന്നിവയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും, അതിന്റെ അടിസ്ഥാനത്തില്‍ ആ രംഗത്ത് സുപ്രധാനമായ നടപടികള്‍ സ്വീകരിച്ചതും ഇന്ദിരയുടെ കാലത്താണ്.
ഇന്ത്യയെ ആണവശക്തിയായി വളര്‍ത്തുകയും, ആണവ ഊര്‍ജ്ജം സാമൂഹ്യവികസനത്തിനുതകുംവിധം നയരൂപീകരണം നടത്തിയതും ഇന്ദിരാ ഭരണത്തിന്‍കീഴിലാണ്. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെ പുതിയ ഉയരങ്ങളിലെത്തിച്ചതിനുപുറമെ, നമ്മുടെ പെട്രോളിയം പര്യവേഷണത്തിനു പുതിയ മാനങ്ങള്‍ നല്‍കിയതും മറ്റാരുമല്ല.
സഞ്ജയ് ഗാന്ധി ഇന്ദിരയുടെ ദൗര്‍ബല്യമായിരുന്നു; അദ്ദേഹത്തെയാണവര്‍ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി കണ്ടതും. സഞ്ജയ് ഗാന്ധിയെ രാഷ്ട്രീയത്തില്‍ എന്തെങ്കിലുമൊന്നാക്കാനുള്ള പരിശ്രമത്തില്‍ മറ്റെല്ലാം അവര്‍ വിസ്മരിച്ചു. സഞ്ജയനെ എതിര്‍ക്കുന്നവരെല്ലാം തന്റെയും എതിരാളികള്‍ എന്നൊരു നിലയിലെത്തി അവര്‍. ഈ യാത്ര അവരെ നല്ല രാഷ്ട്രീയ ബന്ധുക്കളില്‍ നിന്നകറ്റി. ഒറ്റപ്പെട്ടുള്ള ആ യാത്ര ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലും എത്തിച്ചു കാര്യങ്ങള്‍.

ഭൂപേഷ് ഗുപ്തയുടെ ഓര്‍മ്മകളില്‍

മകനോടുള്ള അപാരമായ വാത്സല്യത്തില്‍ മറ്റെല്ലാം മറന്ന, ആ അമ്മ എപ്പോഴും മകനെ ന്യായീകരിച്ചു; മറ്റുള്ളവരില്‍ കുറ്റം കണ്ടെത്തി. വിമാനാപകടത്തില്‍ മകന്‍ മരിച്ചു കഴിഞ്ഞപ്പോള്‍ തികഞ്ഞ ആത്മസംയമനത്തോടെ അവര്‍ ആ നഷ്ടം നേരിട്ടു.
ഇംഗ്ലണ്ടില്‍ പഠിച്ചുകൊണ്ടിരുന്ന കാലംമുതലുള്ള ഏറ്റവും നല്ല സുഹൃദ്ബന്ധം ഇന്ദിരയുമായി പുലര്‍ത്തിയിരുന്നു കമ്യൂണിസ്റ്റ് നേതാവായ ഭൂപേഷ് ഗുപ്ത. അവര്‍ തമ്മിലുള്ള അടുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങളില്‍ അവര്‍ ഭൂപേഷിന്റെ അഭിപ്രായം തേടുമായിരുന്നു. ഫിറോസ് ഗാന്ധിയും ഭൂപേഷിന്റെ ഏറ്റവും നല്ല സ്‌നേഹിതനായിരുന്നു. സഞ്ജയന്റെ വിമാനാപകടത്തെയും മരണത്തെയും കുറിച്ചറിഞ്ഞ്, അനുശോചനം രേഖപ്പെടുത്തുന്നതിനായി ഇന്ദിരയെകണ്ട കഥ ഭൂപേഷ് പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
സഹിക്കാനാവാത്ത ദുഃഖം അനുഭവിക്കുമ്പോഴും ആത്മസംയമനം കൈവിടാതെ ഇന്ദിര ഭൂപേഷിനെ സ്വീകരിച്ചു. നടക്കുന്നതിനും പടികയറുന്നതിനുമൊക്കെ പ്രയാസമുള്ള ഭൂപേഷ് നടന്നു ചെല്ലുന്നതുകണ്ട ഇന്ദിരാഗാന്ധി, അവരുടെ കൂടെയുള്ളവരെ പറഞ്ഞുവിട്ട് ഭൂപേഷിനെ സഹായിച്ചു, നടക്കാനും പടികയറാനുമൊക്കെ.
തന്റെയടുത്തൊരു കസേരയിട്ട് ഭൂപേഷിനെ അവിടെയിരുത്തി. എന്നിട്ടവര്‍ ചോദിച്ചു: 'ഭൂപേഷ് നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നില്ലേ ഫിറോസ്, പിന്നെ ഞാനും.' ഞങ്ങളുടെ മകനെ നിങ്ങള്‍ സ്വന്തം മകനെപ്പോലെ കണക്കാക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. അവന്‍ തെറ്റ് ചെയ്യുന്നുവെന്ന് തോന്നിയാല്‍ അവനെ ശാസിക്കാനും, തെറ്റുതിരുത്തിപ്പിക്കാനും നിങ്ങള്‍ക്ക് ചുമതലയില്ലേ. ഉണ്ട് എന്നാണ് ഞാന്‍ എന്നും കരുതിയത്. എന്റെ മകനും നിങ്ങളോട് സ്‌നേഹവും ബഹുമാനവുമായിരുന്നു.'
'പക്ഷേ, നിങ്ങളവനെ ശാസിച്ചില്ല. തെറ്റുതിരുത്താന്‍ പ്രേരിപ്പിച്ചില്ല. നിങ്ങളും എല്ലാ രാഷ്ട്രീയക്കാരെയും പോലെ അവനെതിരെ രാഷ്ട്രീയ പ്രചാരവേല നടത്തുകയാണ് ചെയ്തത്.'
ഒന്നു നിര്‍ത്തിയിട്ടവര്‍ തുടര്‍ന്നു: 'ഭൂപേഷ് ഈ ദുരന്തത്തില്‍ നിങ്ങള്‍ ഉത്തരവാദിയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ചെയ്തിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു.'
ഈ സംഭവത്തെപ്പറ്റി ഭൂപേഷ് പിന്നീട് പറഞ്ഞു: 'എനിക്ക് വളരെ പ്രയാസം തോന്നി. ഇതുകേട്ട് ഞാന്‍ കരഞ്ഞുപോകുമോ എന്ന് എനിക്കു തന്നെ സംശയംതോന്നി. വളരെ പ്രയാസപ്പെട്ട് സ്വയം നിയന്ത്രിച്ചു. പിന്നീടധികം അവിടെ ഇരുന്നില്ല. വിഷമിച്ച് യാത്ര പറഞ്ഞ് പടി ഇറങ്ങിയ ഭൂപേഷ് ഇതിനിടയില്‍ തന്റെ ചെരുപ്പെടുക്കാന്‍ മറന്നു. നടന്നു നീങ്ങുന്ന ഭൂപേഷിനെ നോക്കിനിന്ന ഇന്ദിര അത് ശ്രദ്ധിച്ചു. അവരുടെ സില്‍ബന്ധികളെ വിളിച്ച് അവര്‍ വേഗം ചെരുപ്പുകള്‍ ഭൂപേഷിന്റെ കാറിലെത്തിച്ചു. ഭൂപേഷ് പറഞ്ഞു: 'ഞാന്‍ ഉരുകിപ്പോകുന്നതുപോലെനിക്കുതോന്നി.'

ഇന്ദിര എപ്പോഴും ബഹുമാനിച്ചിരുന്ന കമ്യൂണിസ്റ്റ് നേതാവാണ് ഹിരണ്‍ മുഖര്‍ജി. അവര്‍ അദ്ദേഹത്തെ 'ഹിരണ്‍ ബാബു' എന്നു വിളിച്ചിരുന്നു. അച്ഛന്റെ സുഹൃത്ത് എന്ന നിലയില്‍ വലിയ ബഹുമാനമായിരുന്നു അദ്ദേഹത്തോട്. മറിച്ച് അദ്ദേഹത്തിന് ഇന്ദിരയോട് വലിയ വാത്സല്യവും. അദ്ദേഹം എത്ര ശക്തിയായി അവരെ വിമര്‍ശിക്കുമ്പോഴും അതില്‍ വാത്സല്യത്തിന്റെ മൃദുത്വമുണ്ടായിരുന്നു.
അന്നൊക്കെ ഒരു പതിവുണ്ടായിരുന്നു. ചെറിയ ഗ്രൂപ്പുകളായി എം.പിമാരെ ഡിന്നറിനു പ്രധാനമന്ത്രി വിളിക്കുന്ന പതിവ്. ഒരിക്കല്‍ അത്തരം ഒരു ക്ഷണം വന്നപ്പോള്‍ സി.പി.ഐയില്‍ നിന്നും ഹിരണ്‍ ബാബു പിന്നെ ഞാനും ഡിന്നറിനു പോയി.എല്ലാ ടേബിളിലും മൂന്ന് പേരിരിക്കും, നാലാമത്തെ കസേരയില്‍ ആളുണ്ടായില്ല. ഈ പാര്‍ട്ടി നടക്കുന്ന സമയത്ത് എപ്പോഴെങ്കിലും ഒഴിഞ്ഞ കസേരയില്‍ ഇന്ദിര വന്നിരുന്ന് മറ്റുള്ളവരോട് സംസാരിക്കും. അതാണ്പതിവ്.
ഞങ്ങളുടെ ടേബിളില്‍ ഇന്ദിര വന്നു. ഞങ്ങള്‍ക്കറിയാം, ഹിരണ്‍ ബാബുവുള്ളതുകൊണ്ട് പതിവില്‍ കൂടുതല്‍ സമയം അവിടെ അവര്‍ ചെലവഴിക്കുമെന്ന്. അന്ന് സഞ്ജയന്റെ പ്രശ്‌നം തീക്ഷ്ണമായി ചര്‍ച്ച ചെയ്യപ്പെടുന്ന സന്ദര്‍ഭമാണ്.
ഹിരണ്‍ ബാബു പെട്ടെന്നു ചോദിച്ചു.'ഇന്ദൂ, എന്തുകൊണ്ടാണ് ഈ സഞ്ജയനെക്കുറിച്ചിത്രയേറെ വിവാദങ്ങളുണ്ടാകുന്നത്. ഇതു ശ്രദ്ധിക്കേണ്ടതല്ലേ.'
മറുപടി: 'ഹിരണ്‍ ബാബു. ഇതെന്നോടു നേരിട്ടു ചോദിച്ചത് നന്നായി. പലരുംപുറകിലൂടെ കുശുകുശുക്കയല്ലേയുള്ളൂ' അവന്‍ രാഷ്ട്രീയത്തില്‍ വരരുതെന്ന് ഞാനാഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഇംഗ്ലണ്ടില്‍ വിട്ട് അവന് താല്പര്യമുള്ള വിഷയം പഠിക്കാന്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തത്.'
'അവനെ പഠിക്കാനയച്ചതും വിവാദമായി. അവനെവിടെനിന്നും പണം കിട്ടുംഇംഗ്ലണ്ടില്‍ പഠിക്കാന്‍മാത്രം.'
'ഞാന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകളാണ് എന്നതുപോലും വിസ്മരിച്ചുകൊണ്ടല്ലേ ഹിരണ്‍ ബാബൂ, ഇവരിതുപറയുന്നത്. മറ്റൊന്നുമില്ലെങ്കിലും അച്ഛന്റെ പുസ്തകങ്ങളുടെ റോയല്‍റ്റി കിട്ടുന്നതുമാത്രം, ഇതിനാവശ്യമുള്ളതിനേക്കാള്‍ എത്രയധികം, എന്നിട്ടും വിവാദം തുടര്‍ന്നു.'
''പഠിച്ചു തിരിച്ചെത്തിയ മകന്‍ എന്നോടു പറഞ്ഞു ഞാന്‍ സ്വന്തമായി ഒരു തൊഴില്‍ ചെയ്തു ജീവിക്കണമെന്നുദ്ദേശിക്കുന്നു.' 'നല്ലകാര്യം ഞാന്‍ പറഞ്ഞു' അവന്‍ മാരുതിക്കാറിന്റെ നിര്‍മ്മാണത്തിലേര്‍പ്പെട്ടു. എനിക്കാശ്വാസമായി. അവന്‍ അവന്റെ കാര്യം നോക്കി നടന്നുകൊള്ളുമല്ലോ?'

ഹിരണ്‍ ബാബുവിന്റെ സങ്കടം

'പക്ഷേ, അതിനും അവര്‍ സമ്മതിച്ചില്ലല്ലോ. അവന്റെ വ്യവസായ സംരംഭത്തെക്കുറിച്ച്, ആരോപണങ്ങള്‍, ആക്ഷേപങ്ങള്‍, പരാതികള്‍ പ്രധാനമന്ത്രിയുടെ മകന്‍ അമ്മയുടെ പദവിയുപയോഗിച്ചു പണമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഈ ആരോപണങ്ങളൊക്കെ വളരെ ശബ്ദായമാനമായപ്പോള്‍ അവന്‍ എന്നോടു പറഞ്ഞു. അവര്‍ എന്നെ സ്വതന്ത്രമായി വ്യവസായം ചെയ്യാന്‍ സമ്മതിക്കുകയില്ല. ഇതിനെ നേരിടാന്‍ ഒരേയൊരു വഴിയേയുള്ളൂ. ഞാനും രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. ഞാനൊന്നും പറഞ്ഞില്ല. പിന്നെ ഞാന്‍ കണ്ടത് അവനും അവന്റെ കൂട്ടുകാരുടെ സംഘവും ചേര്‍ന്ന് രാഷ്ട്രീയ രംഗത്തുനിലയുറപ്പിക്കുന്നതാണ്.'
'എനിക്ക് സങ്കടം തോന്നി' അവര്‍പറഞ്ഞുനിറുത്തി. 'ഹിരണ്‍ ബാബുപറയൂ ഞാനെന്തു ചെയ്യണമായിരുന്നു? അവനെന്തു ചെയ്യണം?' ഹിരണ്‍ ബാബു മറുപടി പറഞ്ഞില്ല. അവര്‍ തുടര്‍ന്നു. 'അറിഞ്ഞോ ഹിരണ്‍ ബാബൂ, ഇപ്പോഴത്തെ വര്‍ത്തമാനം എനിക്ക് ക്യാന്‍സര്‍ ആണ് എന്നാണ്. എത്ര ഹൃദയശൂന്യമായപ്രചാരണം.'
'പിന്നെ പറയുന്നു, ഒരു വിമാനം എപ്പോഴും തയ്യാറായി ഒരു രഹസ്യകേന്ദ്രത്തില്‍ നിലയുറപ്പിച്ചിരിക്കുന്നുവെന്ന്. എന്തിനെന്നറിയാമോ ഹിരണ്‍ബാബു, ഇവിടെ എനിക്കധികാരം നഷ്ടപ്പെട്ടു നില്‍ക്കാനിടയില്ലാതെവരും. അപ്പോള്‍ ഞാനും കുടുംബവും ആ വിമാനത്തില്‍ കയറി നാടുവിട്ടോടിപ്പോകും. അവരുടെ പ്രചാരണമാണ്.'
ഹിരണ്‍ ബാബു നിശ്ശബ്ദനായി, ദുഃഖിതനായി കാണപ്പെട്ടു. അദ്ദേഹം പറഞ്ഞു: 'രാഷ്ട്രീയത്തില്‍ ഇത്ര മൂല്യശോഷണമുണ്ടാകാമോ.'
ഇന്ദിര കൂട്ടിച്ചേര്‍ത്തു.'ഞാനും പറയുന്നതതുതന്നെ 'ഇന്ദിരാഗാന്ധി ഒരുപാട് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അപവാദങ്ങള്‍ക്കും,ആരോപണങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. അതൊക്കെ ശരിതന്നെ. തന്റേടമുള്ള ഭരണാധികാരിയായിരുന്നു അവര്‍. അവര്‍ക്ക് ശരി എന്നു തോന്നുന്ന കാര്യം ധീരമായി ചെയ്യുമായിരുന്നു അവര്‍. ഇന്ത്യയിലെ സാമാന്യജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവരെ എന്നും അലട്ടിയിട്ടുണ്ട്. പരിഹാരങ്ങള്‍ കാണാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
സഞ്ജയനോടുള്ള അതിരുകടന്ന വാത്സല്യവും, അവരുടെ ചുറ്റും കൂടിനിന്ന സേവകന്മാരുടെ പുകഴ്ത്തലുകളും, പാഴ്‌വാക്കുകളും ഒരു ഘട്ടത്തില്‍ അവരുടെമേല്‍ സ്വാധീനം ചെലുത്തി. അറിയാതെ പാളംതെറ്റി ഫലം അടിയന്തരാവസ്ഥയും പരാജയവും.
എന്നാല്‍, തിരിച്ചുവരല്‍ അതുപോലെതന്നെ നാടകീയവും സുശക്തവുമായിരുന്നു. സഞ്ജയന്റെ കാലശേഷം നൈരാശ്യത്തോടെ ആ അമ്മ രാജീവ്ഗാന്ധിയുടെ തോളില്‍ തലചായ്ച്ചു. രണ്ടാമത് അധികാരത്തിലേക്ക് തിരിച്ചുവന്ന ഇന്ദിരയില്‍രാജീവിന്റെ സ്വാധീനം തെളിഞ്ഞുകാണാമായിരുന്നു. ഇന്ദിര വധിക്കപ്പെട്ടു. അവരുടെ ശത്രുക്കള്‍പോലും അതാഗ്രഹിച്ചുകാണുകയില്ല.
നിറപ്പകിട്ടും വൈവിദ്ധ്യവും നിറഞ്ഞ കരുത്തുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഇന്ദിരാഗാന്ധി. തനിക്ക് ബോദ്ധ്യപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിന് അവര്‍ക്കുണ്ടായിരുന്ന തന്റേടവും ചാതുര്യവും അപാരമായിരുന്നു. സ്‌നേഹിക്കുന്നവരോട് നന്നായി സ്‌നേഹിക്കാനും, ശത്രുക്കളോട് വിട്ടുവീഴ്ചയില്ലാതെ പോരാടാനും അവര്‍ക്ക് കഴിയുമായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും കഴിവുറ്റ ഭരണാധികാരികളില്‍ ഇന്ദിരാഗാന്ധിയുടെ സ്ഥാനം മുന്‍പന്തിയിലായിരുന്നു. ഒരു സ്ത്രീ എന്ന നിലയില്‍ നല്ല ശരീര വടിവും സൗന്ദര്യവുമുള്ള ഇന്ദിരാഗാന്ധി ഏറ്റവും കലാബോധത്തോടെ, എന്നാല്‍ ലളിതവും അന്തസ്സുറ്റതുമായ വിധത്തില്‍ വസ്ത്രധാരണംചെയ്യുമായിരുന്നു.
ഇന്ത്യ കണ്ട ഏറ്റവും കടുത്ത ഒരു രാഷ്ട്രീയ പ്രതിസന്ധിയായിരുന്നു കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ആദ്യത്തെകോണ്‍ഗ്രസ് ഇതര സര്‍ക്കാരിന്റെ ദയനീയമായ പതനവും, തുടര്‍ന്ന് ഇന്ദിരാഗാന്ധിയുടെ പിന്തുണയോടെ ചരണ്‍സിങ്മന്ത്രിസഭ രൂപീകരിച്ചതും. തികച്ചും അപ്രതീക്ഷിതമായി ഇന്ദിരാഗാന്ധി ചരണ്‍സിങ്ങിനു നല്‍കിയ പിന്തുണ പിന്‍വലിച്ചുകൊണ്ട് സൃഷ്ടിച്ച കരകാണാത്ത രാഷ്ട്രീയ അനിശ്ചിതത്വം. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചരണ്‍സിങ്ങിന് പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍പോലും അവസരം ലഭിച്ചില്ല.
ചരണ്‍സിങ്, മന്ത്രിസഭ രൂപീകരിച്ചതിനെത്തുടര്‍ന്ന് വിളിച്ചുകൂട്ടിയ പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയപ്പോള്‍, ട്രഷറിബഞ്ചിലിരിക്കാന്‍ ആളില്ലാത്ത അത്യപൂര്‍വമായ സ്ഥിതിവിശേഷം. ഇന്ദിരാഗാന്ധി, പിന്തുണ പിന്‍വലിച്ചതോടെ നിലംപതിച്ച പ്രധാനമന്ത്രി, സഭ സമ്മേളിക്കുമ്പോള്‍രാജിവച്ചു കഴിഞ്ഞിരുന്നു.
ഇനി എന്ത് എന്ന ആശങ്ക എല്ലാവരിലും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. എം.പിമാരും, രാഷ്ട്രീയ നേതാക്കളും, പത്രപ്രവര്‍ത്തകരും ഒക്കെ ഇനി എന്ത്, എങ്ങനെ എന്ന് ആവേശത്തോടെ ചര്‍ച്ച ചെയ്യുകയാണ്.
പെട്ടെന്ന് സെന്‍ട്രല്‍ ഹാളിന്റെ പോഡിയത്തില്‍ ഇന്ദിരാഗാന്ധി പ്രത്യക്ഷപ്പെടുന്നു. രാജ്യസഭാ ലോബിയിലൂടെ നടന്ന്, അവിടെയെത്തിയ ഇന്ദിരാഗാന്ധിയെ പെട്ടെന്നു കണ്ടവരൊക്കെ അന്ധാളിച്ചു.എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയ ഇന്ദിര വിജയശ്രീലാളിതയായി അവിടെനിന്ന ആ നില്പ് ഒരിക്കലും മറക്കാനാവുകയില്ല. സെന്‍ട്രല്‍ ഹാള്‍ നിശ്ശബ്ദമായി.ഇന്ദിര കൈ ഉയര്‍ത്തി എല്ലാവരേയും അഭിവാദ്യം ചെയ്തു. കൈ ഉയര്‍ത്തി വിരലുകള്‍കൊണ്ട് 'വി' അടയാളം കാണിച്ച് ഹൃദ്യമായവര്‍ പുഞ്ചിരിച്ചു. ഒരക്ഷരം പറയാതെ വന്ന വഴിക്കുതന്നെ അവര്‍ തിരിച്ചുപോയി. നിമിഷങ്ങള്‍ക്കകം പാര്‍ലമെന്റ്പിരിച്ചുവിട്ടു എന്ന പ്രസിഡന്റിന്റെ പ്രഖ്യാപനവും വന്നു. ഇന്ദിരാഗാന്ധിയുടെ തിരിച്ചുവരവ് അവിടെ ആരംഭിച്ചു.

അടിയന്തരാവസ്ഥയ്ക്കു ശേഷം

അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ലെ പൊതുതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്സ് തകര്‍ന്നു. ഇന്ദിരയും സഞ്ജയനുമൊക്കെതോറ്റു തുന്നം പാടി. രണ്ട് ദശാബ്ദക്കാലത്തെ കോണ്‍ഗ്രസ്സിന്റെ ഭരണക്കുത്തക അവിടെ തര്‍ന്നുവീണു.
ഒരു പുതിയ പ്രഭാതം പൊട്ടിവിടരുകയായിരുന്നു, ഒരു വലിയ രാഷ്ട്രീയ പരീക്ഷണത്തിന്റെ തുടക്കം. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള സമ്പൂര്‍ണ്ണ വിപ്ലവം ഇന്ത്യന്‍ രാഷ്ട്രീയത്തെ പൊളിച്ചെഴുതി. എന്തൊരു പ്രതീക്ഷയായിരുന്നു. എന്തൊക്കെ സ്വപ്‌നം കണ്ടു. ജയപ്രകാശ് പ്രക്ഷോഭണത്തില്‍ ചേര്‍ന്ന ജനസംഘം ഉള്‍പ്പെടെ എല്ലാ കക്ഷികളും സ്വയം പിരിച്ചുവിട്ടുകൊണ്ട്, ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കു രൂപം നല്‍കി 'ജനതാപാര്‍ട്ടി' മൊറാര്‍ജി പ്രധാനമന്ത്രി, ചരണ്‍സിങ് ഉപപ്രധാനമന്ത്രി, വാജ്‌പേയി വിദേശകാര്യ മന്ത്രി, ജോര്‍ജ്‌ഫെര്‍ണാണ്ടസ് വ്യവസായമന്ത്രി, എല്‍.കെ. അദ്വാനി വാര്‍ത്താവിതരണ മന്ത്രി, രാജ് നാരായണന്‍ ആരോഗ്യമന്ത്രി അങ്ങനെ പോകുന്നു.
സമരത്തിലും ഭരണത്തിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജയപ്രകാശിനോടൊപ്പവും മൊറാര്‍ജിയോടൊപ്പവും നിന്നു. ഭരണത്തില്‍പങ്കാളിയാകാതെ, പിന്തുണ നല്‍കിക്കൊണ്ട്. എത്ര പെട്ടെന്നാണ് അന്തരീക്ഷം കലുഷിതമായത്. ജനതാപാര്‍ട്ടിയില്‍ തുടക്കം മുതലേ ചേരിതിരിവും, പടലപ്പിണക്കവും, കലാപങ്ങളും. അതായിരുന്നു അതിന്റെ മുഖമുദ്ര. രാജ്‌നാരായണ്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നിയമംലംഘിച്ചു പ്രകടനം നടത്തുന്നു. പ്രകടനത്തെ അടിച്ചു പിരിച്ചുവിടാനുള്ള നിര്‍ദ്ദേശം പൊലീസ് നടപ്പാക്കി. രാജ് നാരായണനെ പൊലീസ് നീക്കം ചെയ്തു.
പിറ്റേദിവസം പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞു, നിയമം ലംഘിച്ച് ആരു പ്രകടനം നടത്തിയാലും, ബലംകൊണ്ട് അതിനെ നേരിടുമെന്നും, വെടിവയ്പാവശ്യമായാല്‍ അത് ചെയ്യാനും മടിക്കുകയില്ല എന്നും മൊറാര്‍ജി പറഞ്ഞപ്പോള്‍, ഒരു ചോദ്യം വന്നു, രാജ് നാരായണ്‍ ഇനിയും വന്നാലോ. മൊറാര്‍ജി പറഞ്ഞു: ശക്തമായി നേരിടും, ആവശ്യമെങ്കില്‍ വെടിവയ്ക്കും. വെടിവയ്പില്‍ രാജ് നാരായണ്‍ മരിച്ചാലോ. മൊറാര്‍ജി പറഞ്ഞു: നിങ്ങളുടെ ഓമനയായ വളര്‍ത്തു പട്ടിക്ക് പേയിളകിയാല്‍ എന്തുചെയ്യും. ദുഃഖമുണ്ടെങ്കിലും വെടിവച്ചുകൊല്ലുക എന്നതല്ലേ മാര്‍ഗ്ഗമുള്ളൂ.  ജനതാപാര്‍ട്ടി കുഴപ്പങ്ങളില്‍നിന്നും പുതിയകുഴപ്പങ്ങളിലേക്ക് വഴുതിവീഴുകയായിരുന്നു.
അവസാനം ആര്‍.എസ്.എസ്. എന്ന കരിമ്പാറയില്‍ തട്ടി ജനതാപാര്‍ട്ടി ദയനീയമായി തകര്‍ന്നു.
മൊറാര്‍ജി സര്‍ക്കാരിനെതിരെ വന്ന അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുമ്പോള്‍തന്നെ ജനതാപ്പാര്‍ട്ടിയില്‍നിന്നും പടലോടെ മെമ്പര്‍മാര്‍ കൂറുമാറി. ശക്തിയായി മൊറാര്‍ജി സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ടുള്ള തന്റെ ഗംഭീരമായ പ്രസംഗം പൂര്‍ത്തിയാക്കാന്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന് കഴിയും മുന്‍പേ, വൈകുന്നേരം, സഭ പിരിഞ്ഞു. പിറ്റേദിവസം രാവിലെ പ്രസംഗം തുടങ്ങേണ്ടതിനുപകരം രായ്ക്കു രാമായനം കൂറുമാറി. പ്രസംഗത്തിന്റെ രണ്ടാംഭാഗം അവിശ്വാസപ്രമേയത്തെ ശക്തിയായി പിന്തുണയ്ക്കുന്നതാക്കി മാറ്റിയപ്പോള്‍ സഭ ദര്‍ശിച്ചത് വരാനിരിക്കുന്ന വന്‍തകര്‍ച്ച എത്ര ഭീകരമാണ് എന്ന സത്യമാണ്
ആ ചര്‍ച്ച അവസാനിച്ചില്ല. മൊറാര്‍ജിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് വ്യക്തമായി. അദ്ദേഹം രാജി പ്രഖ്യാപിച്ചു.
ജനതാപാര്‍ട്ടി തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. അപ്പോഴാണ് ചിക്കമംഗലൂരിലെ ഉപതെരഞ്ഞെടുപ്പ്. ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടു. (ഇതില്‍ പ്രതിഷേധിച്ചാണ് നമ്മുടെ എ.കെ. ആന്റണി കേരള മുഖ്യമന്ത്രിപദം വലിച്ചെറിഞ്ഞത് എന്നും ഇവിടെ ഓര്‍ക്കുക)
അത്യുജ്ജ്വലമായ വിജയം നേടിക്കൊണ്ട് ഈ തെരഞ്ഞെടുപ്പിലൂടെ ഇന്ദിരാഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നടുത്തളത്തിലേക്ക് അതിശക്തമായി തിരിച്ചുവരവ് നടത്തി.
ക്യൂബന്‍ വിപ്ലവ വാര്‍ഷികാഘോഷം പ്രമാണിച്ച് ഡല്‍ഹിയില്‍ അശോകാഹോട്ടലില്‍ നടക്കുന്ന ക്യൂബന്‍ എംബസിയുടെ വന്‍ വിരുന്നു സല്‍ക്കാരം. വിദേശകാര്യമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിലെയും ഭരണകക്ഷിയിലെയും പ്രമുഖര്‍, ഉദ്യോഗസ്ഥവൃന്ദം, നയതന്ത്ര പ്രതിനിധികളുടെ ഒരു വലിയ പട, രാഷ്ട്രീയ നേതാക്കള്‍, വ്യവസായ പ്രമുഖര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ജീവിതത്തിന്റെഎല്ലാ തുറകളിലും നിന്നുള്ള പ്രമുഖരടങ്ങുന്ന ആയിരത്തോളം അതിഥികള്‍ വിരുന്നുസല്‍ക്കാരത്തില്‍ ഉല്ലാസകരമായി പങ്കെടുക്കുകയാ്ണ്. വാജ്‌പേയിയുടെ നായകത്വത്തില്‍ പെട്ടെന്ന് എന്തോ ഒന്ന് അപ്രതീക്ഷിതമായി സംഭവിച്ചിരിക്കുന്നു. നയതന്ത്രപ്രതിനിധികളുള്‍പ്പെടെ എല്ലാവരും ഒരിടത്തേയ്ക്ക് ഓടിയടുക്കുന്നു എന്താണ്; എല്ലാ കണ്ണുകളും ഉല്‍ക്കണ്ഠയോടെഅങ്ങോട്ടു തിരിഞ്ഞു. അതാവരുന്നു. ഇന്ദിരാഗാന്ധി. ചിക്ക് മംഗലൂരില്‍നിന്ന് വിജയംകൈവരിച്ച ഇന്ദിരാഗാന്ധിയുടെ പുതിയ തിരിച്ചു വരവ്. നയതന്ത്ര പ്രതിനിധികളും, പത്രപ്രവര്‍ത്തകരും അവരെ പൊതിഞ്ഞു. ചിരിച്ച് സന്തുഷ്ടയായി, തെരഞ്ഞെടുപ്പിന്റെ ശാരീരിക ക്ഷീണമുണ്ടെങ്കിലും, ഒരു പുതിയ പോരാളിയുടെ കരുത്തോടെ അവിടെ കടന്നുവന്ന ഇന്ദിരാഗാന്ധി ആ വിരുന്നു സല്‍ക്കാരത്തിന്റെ കേന്ദ്രമായി മാറി. എന്നൊരാത്മവിശ്വാസവും എത്ര തന്റേടവുമായിരുന്നു അവരുടെ ഓരോ നോക്കിലും, ചലനങ്ങളിലും; ഒരു പോരാളിയുടെ വലിയൊരു തിരിച്ചുവരവായിരുന്നു അത്.
തെരഞ്ഞെടുക്കപ്പെട്ട ഇന്ദിരാഗാന്ധി പാര്‍ലമെന്റില്‍ വന്നു, മെമ്പറെന്ന നിലയില്‍ ഇന്ദിരയെ നേരിട്ടു കണ്ടിട്ടില്ലാത്തവരും, അടുത്തു പരിചയമില്ലാത്തവരുമായിരുന്നു ആ പാര്‍ലമെന്റിലെ ഭൂരിപക്ഷവും. ഏകാധിപതി, സമഗ്രാധിപത്യത്തിന്റെ പ്രതീകം എന്നൊക്കെ മാത്രം ഇന്ദിരയെക്കുറിച്ചു മനസ്സിലാക്കിയ പുതിയ മെമ്പര്‍മാര്‍ക്ക് ഒരു അദ്ഭുതമായിരുന്നു ഇന്ദിര. കുലീനയും സുന്ദരിയുമായ ഇന്ദിര! അവര്‍ക്കദ്ഭുതമായിരുന്നു. അവരെ ഒരു നോക്കു നന്നായി കാണാനുള്ള തിരക്കായിരുന്നു ആ ദിവസങ്ങളില്‍.
പാര്‍ലമെന്റില്‍ തിരിച്ച് എത്തിയ ഇന്ദിര, പരസ്പരം കലഹിച്ചു നിന്ന ജനതാപാര്‍ട്ടിയെ ഒന്നിപ്പിക്കാന്‍ സഹായിച്ചു; ഇന്ദിരയെ നേരിട്ടെതിര്‍ക്കുന്ന കാര്യത്തിലുള്ള ആ ഒരുമിപ്പ്.

വികാരങ്ങള്‍ നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍

പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ദിര സഞ്ജയഗാന്ധിയുടെ മാരുതികാര്‍ വ്യവസായ സ്ഥാപനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താന്‍ ശ്രമിച്ച, ഉദ്യോഗസ്ഥന്മാരെ, തന്റെ പദവിയുപയോഗിച്ച്, കൃത്യനിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിച്ചുവെന്ന കുറ്റാരോപണം ഉണ്ടായി. ഇത് പരിശോധിച്ച പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റി ഇന്ദിര കുറ്റക്കാരിയെന്നുവിധിച്ചു.
അതിനുള്ള ശിക്ഷ എന്ത് എന്ന് ഒരു പ്രമേയം വഴി പാര്‍ലമെന്റ് തീരുമാനിക്കണം. ആ ചര്‍ച്ച, ജനതാ സര്‍ക്കാരിന്റെ പിടിപ്പില്ലായ്മയും കഴിവുകേടും എടുത്തുകാട്ടി. ഇന്ദിരയുടെ സാമര്‍ത്ഥ്യവും തന്റേടവും, കാര്യശേഷിയും വിളിച്ചറിയിച്ചതോടൊപ്പം രാഷ്ട്രീയ ചതുരംഗം കളിയില്‍തന്നെ വെല്ലാന്‍ ആരുമില്ല എന്നും തെളിയിക്കുകയുണ്ടായി.
ഇന്ദിരയെ തിഹാര്‍ ജയിലില്‍ തടവിലിടാനും, പാര്‍ലമെന്റംഗത്വത്തില്‍ നിന്ന് അവരെ ഡിസ്മിസ് ചെയ്യാനുമാണ് അന്നത്തെ സഭ വോട്ടിനിട്ട് തീരുമാനിച്ചത്. മണിക്കൂറുകള്‍കൊണ്ട് പാസാക്കാന്‍ കഴിയുമെന്നു കരുതി ജനതാപാര്‍ട്ടി കൊണ്ടുവന്ന പ്രമേയം ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്കു വഴിവച്ചു.
ചര്‍ച്ചയിലുടനീളം തന്റെ സാന്നിദ്ധ്യംകൊണ്ട് കോണ്‍ഗ്രസ് ബഞ്ചിന് ആവേശംപകര്‍ന്ന് ഇന്ദിരയെ, മികവുറ്റ പാര്‍ലമെന്ററി പ്രകടനത്തിലൂടെ അന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്ന സി.എം. സ്റ്റീഫന്റെ ഡിഫന്‍സ് അവിസ്മരണീയവും, അതുല്യവുമായിരുന്നു.ഇഞ്ചോടിഞ്ചു പൊരുതുക എന്നത് യഥാര്‍ത്ഥത്തില്‍ കണ്ടത് അന്നാണ്. സന്ധ്യയോടെ ഇന്ദിരയെ ജയിലിലടയ്ക്കാനും,പാര്‍ലമെന്റംഗത്വത്തില്‍നിന്നും ഡിസ്മിസ് ചെയ്യാനും ഉള്ള പ്രമേയം പാസാക്കി എങ്കിലും തുടര്‍ന്നു സൃഷ്ടിക്കപ്പെട്ട വികാരാധീനമായ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളുടെ മുന്‍പിന്‍ മറുപടിയില്ലാതെ, ജനതാപ്പാര്‍ട്ടി ഉഴലുകയായിരുന്നു.
ആര്, എങ്ങനെ ഇന്ദിരയ്ക്കു വാറണ്ട് നല്‍കും, ആര് കസ്റ്റഡിയിലെടുക്കും, ഏത് ഗെയ്റ്റിലൂടെ അവരെ ഇറക്കിക്കൊണ്ടുപോകും? എങ്ങോട്ടുകൊണ്ടുപോകും? തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് മറുപടി കാണാതെ മണിക്കൂറുകള്‍ മുന്നോട്ടുനീങ്ങി.സ്റ്റീഫന്‍ പാറപോലെ ഉറച്ചുനിന്നു സമര്‍ത്ഥമായി വാദമുഖങ്ങള്‍ ഒന്നൊന്നായി നിരത്തി. അതിന്റെ മുന്നില്‍ മറുപടിയില്ലാതെ അന്തംവിട്ട സ്പീക്കര്‍, സഭ പിരിഞ്ഞതായി പ്രഖ്യാപിച്ചു.
എല്ലാ മെമ്പര്‍മാരും, എന്തിന് മിക്കവാറും എല്ലാ മന്ത്രിമാരും അവരവരുടെ സീറ്റുകളില്‍തന്നെയിരുന്നു. പ്രസ് ഗാലറിയില്‍നിന്നു പത്രക്കാര്‍ പിരിഞ്ഞുപോയില്ല.
സന്ദര്‍ശക ഗാലറിയില്‍നിന്ന് സന്ദര്‍ശകരെ സെക്യൂരിറ്റിക്കാര്‍ ഇറക്കിവിട്ടു. അവര്‍ പുറത്തുവരുമ്പോള്‍ കണ്ട കാഴ്ച പാര്‍ലമെന്റിന്റെ കോമ്പൗണ്ടു നിറയെ, ചുറ്റുമുള്ള എല്ലാ റോഡുകളിലും പതിനായിരങ്ങള്‍, ജനസമുദ്രം, ഉല്‍ക്കണ്ഠയോടെ തീരുമാനമറിയാന്‍ കാത്തുനില്‍ക്കുന്നു.
പാര്‍ലമെന്റിന്റെ പിന്‍വാതിലിലൂടെ ഇന്ദിരയെ പൊലീസിന്റെ കസ്റ്റഡിയില്‍ ഇറക്കിക്കൊണ്ടുപോകാമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്‍പോട്ടു വച്ചു. സ്റ്റീഫന്‍ പറഞ്ഞു ഞങ്ങളുടെ മെമ്പര്‍മാര്‍ അതിനെ തടയും. ഇന്ദിര പറഞ്ഞു: പാര്‍ലമെന്റിന്റെ ഏതു തീരുമാനവും ശിരസാവഹിക്കും. പക്ഷേ, ഞാന്‍ ഇങ്ങോട്ടു കടന്നുവന്ന പാര്‍ലമെന്റിന്റെ മുന്‍വാതിലിലൂടെ മാത്രമേ പുറത്തേയ്ക്കു പോവുകയുള്ളൂ. അതേ നടക്കൂ എന്ന് സ്റ്റീഫനും കോണ്‍ഗ്രസ് അംഗങ്ങളും.
ഇത്രയുമൊക്കെ ആയപ്പോള്‍ സഭാതലം അലങ്കോലപ്പെട്ടു. രാജ്യസഭയിലെ അംഗങ്ങള്‍ ലോക്‌സഭയിലേക്കു കയറിവന്നു. ചിലര്‍ സ്പീക്കര്‍ ഇരുന്ന കസേരയില്‍ കയറിയിരുന്നു. ഇന്ദിര അവരെ ശാസിച്ച് അവിടെനിന്നിറക്കി. സഭയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഒന്നും ചെയ്യരുത് എന്ന് അവരഭ്യര്‍ത്ഥിച്ചു.
ഇതിനിടയില്‍ പാര്‍ലമെന്റിന്റെ സെക്യൂരിറ്റി സംവിധാനങ്ങളൊക്കെ തകര്‍ന്നു. അക്ഷമരായ പൊതുജനങ്ങളില്‍ കുറെപ്പേര്‍ ലോക്‌സഭയുടെ ചേമ്പറിലേക്കു കടന്നുവന്നു. അങ്ങനെ കടന്നുവന്നവരില്‍ മേനക ഗാന്ധിയും ഉണ്ടായിരുന്നു. ഒരിക്കലും സംഭവിക്കാത്തത് അന്ന് സംഭവിച്ചു. ഇത്രയുമായപ്പോള്‍ പ്രസ് ഗാലറിയിലിരുന്ന പത്രക്കാര്‍ ഇന്ദിരയോട് ചോദ്യങ്ങള്‍ ചോദിച്ചു; അസാധാരണമായൊരു പത്രസമ്മേളനത്തിന് കളമൊരുങ്ങുകയാണ്. പക്ഷേ, ഇന്ദിര അതിനെ പ്രോത്സാഹിപ്പിച്ചില്ല. അവര്‍ ചുറ്റും നിന്ന പാര്‍ലമെന്റംഗങ്ങളോട് പറഞ്ഞു: 'സഭയുടെ അവകാശം ലംഘിച്ചതിന് ഞാന്‍ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്' ശിക്ഷ ശിരസാവഹിക്കുന്നു. സഭയുടെ അന്തസ്സുകെടുത്തുന്ന ഒരു കാര്യവും ഞാന്‍ ചെയ്യുകയില്ല. അവര്‍ പ്രഖ്യാപിച്ചു.
മണിക്കൂറുകള്‍ക്ക് ശേഷം സ്പീക്കര്‍ വാറണ്ട് നല്‍കി! അര്‍ദ്ധരാത്രിയോടെ ഇന്ദിരയെ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അംഗങ്ങളുടെ അകമ്പടിയോടെ പാര്‍ലമെന്ററികാര്യമന്ത്രി രവീന്ദ്രവര്‍മ്മ പാര്‍ലമെന്റിന്റെ മെയിന്‍ ഗേറ്റിലൂടെ പുറത്തുകൊണ്ടുവന്നു.
കോമ്പൗണ്ട് നിറഞ്ഞുകവിഞ്ഞ ജനാവലി ഇന്ദിരയ്ക്ക് സിന്ദാബാദ് വിളിച്ച് ഇന്ദിരയെ അറസ്റ്റു ചെയ്തുകൊണ്ടുപോകാന്‍അവര്‍ സമ്മതിക്കുകയില്ല എന്നു പ്രഖ്യാപിച്ചു. സന്ദര്‍ഭത്തിനൊത്തുയര്‍ന്ന മന്ത്രി രവീന്ദ്രവര്‍മ്മ ഇന്ദിരയോടഭ്യര്‍ത്ഥിച്ചു. 'ഇവരെ ശാന്തമാക്കുന്നതിന് സഹായിക്കണം.' മൈക്കിലൂടെ ജനങ്ങളോട് സംസാരിക്കാന്‍ അദ്ദേഹം ഇന്ദിരയോടഭ്യര്‍ത്ഥിച്ചു.
പാര്‍ലമെന്റ് തടവുശിക്ഷ വിധിച്ച്, കസ്റ്റഡിയിലായ തനിക്ക് മൈക്കിലൂടെ സംസാരിക്കാന്‍ അവകാശമുണ്ടോ' അവര്‍ചോദിച്ചു രവീന്ദ്രവര്‍മ്മയോട്.
'പാര്‍ലമെന്റിന്റെ ശിക്ഷ നടപ്പിലാക്കുന്നതിനെ സഹായിക്കാനാണ് ഇപ്പോള്‍ മൈക്കിലൂടെ സംസാരിക്കേണ്ടത്' അതില്‍ കുഴപ്പമൊന്നുമില്ല.

ഓര്‍മ്മപുതുക്കലിന്റെ ആവശ്യം

ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള വാര്‍ത്താ, മാദ്ധ്യമപ്രവര്‍ത്തകരുടെ മുന്നിലാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നോര്‍ക്കണം! ഇന്ദിര വിജയിച്ചുകഴിഞ്ഞിരിക്കുന്നു. ജനങ്ങള്‍ അവരോടൊപ്പമായി. ഇന്ദിര ജനങ്ങളോട് പറഞ്ഞു: 'എന്നെശിക്ഷിച്ചിരിക്കുന്നത് പാര്‍ലമെന്റാണ്. ജനങ്ങളുടെ സൃഷ്ടിയാണ് പാര്‍ലമെന്റ്. പാര്‍ലമെന്റിന്റെ തീരുമാനം ഒരുതരത്തിലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല. ഞാന്‍ പാര്‍ലമെന്റിന്റെ തീരുമാനം ശിരസാവഹിച്ച് തടവറയില്‍ പോകാന്‍ തയ്യാറായിനില്‍ക്കുകയാണ്.'
'നിങ്ങള്‍ സഹകരിക്കണം' ഇടിമുഴക്കം പോലെ ജനം പ്രതികരിച്ചു. 'ഇന്ദിരാഗാന്ധി സിന്ദാബാദ്' 'ഞങ്ങള്‍ ഈ തീരുമാനം അംഗീകരിക്കുകയില്ല.'  ഇന്ദിര പറഞ്ഞു: 'പാടില്ല. നിങ്ങള്‍ സഹകരിക്കണം. ഇത് എന്റെ അഭ്യര്‍ത്ഥനയാണ്.' നിങ്ങള്‍ എല്ലാം എന്നെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന വണ്ടിക്ക് പോകാന്‍ വഴി നല്‍കിക്കൊണ്ട് നിലത്തിരിക്കണം. ഇരുന്നേ പറ്റൂ. പാര്‍ലമെന്ററി തീരുമാനം നടത്തിയേ ഒക്കൂ!
ജനം ഇരുന്നു. വണ്ടിക്ക് കടന്നുപോകാനുള്ള വഴി തെളിഞ്ഞു: 'ഇന്ദിരാഗാന്ധി സിന്ദാബാദ്' ജനലക്ഷങ്ങള്‍ ആര്‍ത്തിരമ്പി.' ഇന്ദിര വിജയിച്ചു. ജനം അവര്‍പറഞ്ഞതനുസരിച്ചു. അതൊരു തുടക്കമായിരുന്നു. ഒരു വലിയ ചരിത്രപരമായ തിരിച്ചുവരവിന്റെ തുടക്കം. ജനതാപാര്‍ട്ടിയുടെ തകര്‍ച്ചയുടെ തുടക്കവും ഇവിടെ ആരംഭിച്ചു.
സോവിയറ്റ് യൂണിയനുമായി ഉറ്റ സൗഹൃദം പടുത്തുയര്‍ത്തിയ, ഇന്ദിര ഒരു പുതിയ ലോക സാമ്പത്തിക ശ്രമത്തിനുവേണ്ടി ചേരിചേരാപ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. നവസ്വതന്ത്ര രാജ്യങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാക്കണമെങ്കില്‍ പഴയ കോളനി മേധാവികളായ വികസിതരാജ്യങ്ങളുമായി വികസ്വര രാജ്യങ്ങള്‍ ഒരു കണക്കുപറയേണ്ട കാലമായി എന്നവര്‍ നിര്‍ഭയം പ്രഖ്യാപിച്ചു.
നൂറ്റാണ്ടുകളായി കോളനികളെ നിരങ്കുശം ചൂഷണം ചെയ്തും കൊള്ളചെയ്തും മോഷ്ടിച്ചും കൊണ്ടുപോയ സമ്പത്തില്‍നിന്നാണ് വികസിത രാജ്യങ്ങള്‍ സൗഭാഗ്യങ്ങള്‍ കെട്ടിപ്പടുത്തത്. കണക്കുപറയുമ്പോള്‍ അവര്‍ നമ്മളില്‍ നിന്നും കൊള്ളയടിച്ച സമ്പത്ത് നമുക്കുതിരിച്ചുകിട്ടണം. അവര്‍ നമുക്ക് തന്ന വായ്പകളൊന്നും നാം തിരിച്ചുകൊടുക്കേണ്ട കാര്യമില്ല. ഇന്ദിര സംശയലേശമെന്യേ പറഞ്ഞു. അന്തര്‍ദേശീയ രംഗത്ത് ഇന്ദിര കാണിച്ച ഒരു കൂസലില്ലായ്മ മൂന്നാം ലോക രാജ്യങ്ങളുടെ നേതൃസ്ഥാനത്തേക്ക് ഉയരാന്‍ ഇന്ത്യയെ പ്രാപ്തമാക്കി. ആഭ്യന്തര രംഗത്തും വിദേശ നയതന്ത്രരംഗത്തും ഒരുപോലെ ആധികാരികതയും നിശ്ചയദാര്‍ഢ്യവും പുലര്‍ത്താന്‍ ഇന്ദിരയ്ക്ക് കഴിഞ്ഞു. അത് രാജ്യചരിത്രത്തിലെ സുപ്രധാന ഏടാണ്. അതിനെ നിരന്തരം പഠിക്കുകയും വിശകലനം ചെയ്യുകയും വേണം. ഈ ഓര്‍മ്മപുതുക്കല്‍ അതിനുള്ള ഒരു സന്ദര്‍ഭമാകണം.

(2009 ഒക്ടോബര്‍ ലക്കം സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com