എന്തായിരുന്നോ ഇന്ത്യ, ഇന്ത്യ അതല്ലാതായി

എന്തായിരുന്നോ ഇന്ത്യ, ഇന്ത്യ അതല്ലാതായി

അന്നുവരെ എന്തായിരുന്നോ അതില്‍നിന്ന് ഇന്ത്യ തിരുത്താന്‍ കഴിയാത്തവിധം അകന്നുപോയി.


അന്നുവരെ എന്തായിരുന്നോ അതില്‍നിന്ന് ഇന്ത്യ തിരുത്താന്‍ കഴിയാത്തവിധം അകന്നുപോയി. ലക്ഷക്കണക്കിനു ജനങ്ങളെ ആവേശംകൊള്ളിച്ച പരിഷ്‌കൃതവും മാനുഷികവുമായ മൂല്യങ്ങളെപ്പറ്റിയുള്ള മിഥ്യകള്‍, ദേശീയപ്രസ്ഥാനത്തിന്റെ ആറ് ദശാബ്ദങ്ങളിലൂടെ സ്വായത്തമാക്കിയ ഒരുപറ്റം ജനാധിപത്യ മൂല്യങ്ങള്‍, പാര്‍ലമെന്റ് സംവിധാനം, 2500 വര്‍ഷങ്ങളിലൂടെ ഈ ഭൂമിയില്‍ വീണ്ടും അറിഞ്ഞ അഹിംസയെന്നആദര്‍ശം തുടങ്ങിയ എല്ലാം ചരിത്രത്തിന്റെ കുപ്പയിലേക്ക് എറിയപ്പെട്ടു. സദാനന്ദ് മേനോന്‍ എഴുതിയ ലേഖനം

നിര്‍ദ്ദയമായ ആഭ്യന്തര അടിയന്തരാവസ്ഥയുടെ പത്തൊന്‍പത് മാസം, പ്രധാനമന്ത്രിയെന്ന നിലയില്‍ ഇന്ദിരാഗാന്ധിയുടെ 1969 മുതല്‍ 1984 വരെയുള്ള, ഇടയ്ക്ക് മുറിഞ്ഞ, പന്ത്രണ്ട് വര്‍ഷക്കാലയളവില്‍ മായാത്ത കറുത്ത പാടുകള്‍ ശേഷിപ്പിച്ചു. ഇക്കാലയളവില്‍ പരസ്യ, ദൃശ്യ പ്രചരണ വിഭാഗം (ഡി.എ.വി.പി) ആവിഷ്‌കരിച്ച തീര്‍ത്തും അതിശയിപ്പിച്ച മുദ്രാവാക്യ പ്രചാരണങ്ങള്‍ നിര്‍ദ്ദോഷമായ മന്ദഹാസങ്ങളുയര്‍ത്തി. ഇന്ത്യയുടെ മിക്ക മെട്രോകളിലും വലിയ പട്ടണങ്ങളിലും വര്‍ത്തമാന പത്രങ്ങളിലൂടെയും മറ്റും നിസ്സഹായരായ ജനങ്ങളുടെ മസ്തിഷ്‌ക പ്രക്ഷാളനം ലാക്കാക്കി 'കുറച്ചു സംസാരിക്കൂ, കൂടുതല്‍ പണിയെടുക്കൂ', 'സത്യസന്ധതയാണ് മികച്ച നയം', 'കിംവദന്തി പ്രചരിപ്പിക്കുന്നവര്‍ കുറ്റവിചാരണ ചെയ്യപ്പെടും', 'രാഷ്ട്രം മുന്നോട്ട് ചലിക്കുന്നു' തുടങ്ങിയവ പ്രചരിപ്പിച്ചു.
1977-ല്‍ അടിയന്തരാവസ്ഥയുടെ അവസാനനാളില്‍ പ്രചരിച്ചിരുന്ന 'അണ്ടര്‍ഗ്രൗണ്ട്' തമാശകളില്‍ ഒന്ന് ഇങ്ങനെയായിരുന്നു. ചോദ്യം: വിദേശത്തുനിന്ന് മടങ്ങുമ്പോള്‍, മിസിസ് ഗാന്ധിയുടെ വിമാനത്തിന് ഇന്ത്യയില്‍ നിലം തൊടാനായില്ല. എന്തുകൊണ്ട്? ഉത്തരം ഊഹിച്ചതുതന്നെ. 'കാരണം, രാഷ്ട്രം ചലിച്ചുകൊണ്ടിരിക്കുകയായിരുന്നു.' തമാശകള്‍ മാറ്റിവയ്ക്കാം. ആ വരി ഇന്ദിരായുഗത്തില്‍ ഇന്ത്യയില്‍ സംഭവിച്ചിരുന്ന കാര്യങ്ങള്‍ കൃത്യമായി നിര്‍വചിക്കുന്നുണ്ട് എന്നു തോന്നുന്നു. അന്നുവരെ എന്തായിരുന്നോ അതില്‍നിന്ന് ഇന്ത്യ തിരുത്താന്‍ കഴിയാത്തവിധം അകന്നുപോയി. ലക്ഷക്കണക്കിനു ജനങ്ങളെ ആവേശംകൊള്ളിച്ച പരിഷ്‌കൃതവും മാനുഷികവുമായ മൂല്യങ്ങളെപ്പറ്റിയുള്ള മിഥ്യകള്‍, ദേശീയപ്രസ്ഥാനത്തിന്റെ ആറ് ദശാബ്ദങ്ങളിലൂടെ സ്വായത്തമാക്കിയ ഒരുപറ്റം ജനാധിപത്യ മൂല്യങ്ങള്‍, പാര്‍ലമെന്റ് സംവിധാനം, 2500 വര്‍ഷങ്ങളിലൂടെ ഈ ഭൂമിയില്‍ വീണ്ടും അറിഞ്ഞ അഹിംസയെന്നആദര്‍ശം തുടങ്ങിയ എല്ലാം ചരിത്രത്തിന്റെ കുപ്പയിലേക്ക് എറിയപ്പെട്ടു. നെഹ്‌റു വംശതുടര്‍ച്ചയെയും ഗാന്ധി പേരിനെയും മുതലാക്കി, ആജ്ഞാധികാരിയായ ഇന്ദിര ഊഷരമാക്കിയ വ്യക്തിവിഗ്രഹവത്കരണത്തിലൂടെയാണ് ഇതെല്ലാം സാധ്യമായത്. സ്തുതിപാഠകരായ കോണ്‍ഗ്രസ്സുകാര്‍ ഒട്ടും സമയം കളയാതെ 'ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ'പോലുള്ള പ്രയോഗങ്ങള്‍ ചുഴറ്റിയിട്ടു. ഇന്ത്യയെന്നത് ഒരു പാര്‍ലമെന്ററി ജനാധിപത്യമാണ് എന്ന സങ്കല്പത്തെ ഇന്ദിരയുടെ വരവോടെ ആദ്യമായും എന്നത്തേയ്ക്കുമായും സഫലമായ രീതിയില്‍ തകര്‍ക്കപ്പെട്ടു എന്നാണ് എന്റെ വാദം.
തിരിഞ്ഞുനോക്കുമ്പോള്‍, ആ കാലത്തിലേക്ക് തിരിച്ചുവച്ച കണ്ണാടിയിലൂടെ നോക്കുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു ശുഭാപ്തി വിശ്വാസം പുലര്‍ത്തിയ ഇന്ത്യയുടെ 'വിധിയുമായുള്ള സമാഗമം' എന്നതില്‍ അടങ്ങിയിരുന്ന ചില നിര്‍ണ്ണായകവും ചരിത്രപരവും രാഷ്ട്രീയവുമായ ആവിഷ്‌കാരത്തെ സമഗ്രമായി ഹൈജാക്ക് ചെയ്ത് വേര്‍തിരിച്ച് കാണാനാവും.നിസ്സാരമായ കാര്യങ്ങള്‍ മാറ്റിവച്ച്, നമുക്ക് ഇന്ത്യന്‍ രാഷ്ട്രീയ നടപടിക്രമത്തെ ഇന്ദിരയുടെ പൈതൃകം പരിഹരിക്കാനാവാത്തവണ്ണം തകരാറിലാക്കിയ ആറു പ്രധാന പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിക്കാം.
ഒന്ന്, അന്ന് ഏറെക്കുറെ നൂറുവയസ്സ് പിന്നിട്ട കോണ്‍ഗ്രസിന്റെ പാര്‍ട്ടി സംവിധാനത്തെ തകര്‍ക്കുകയും വ്യവസ്ഥാപിതമായി പാര്‍ട്ടിയെ മുഖസ്തുതിക്കാരുടെയും പാദസേവകരുടെയും നിര്‍ജ്ജീവവും നട്ടെല്ലില്ലാത്തതും ജനാധിപത്യവിരുദ്ധവുമായ രൂപമാക്കി മാറ്റുകയും ചെയ്തു. അഴിമതി നടത്താനുള്ള അവരുടെ കഴിവ് സ്വേച്ഛാധിപത്യത്തെ പ്രോത്സാഹിപ്പിക്കാനും പുഷ്ടിപ്പെടുത്താനുമുള്ള പ്രാവീണ്യവുമായി ഒത്തുചേര്‍ന്നു.
രണ്ട്, പുതിയ രാഷ്ട്രത്തില്‍ ഉയര്‍ന്നുവന്നുകൊണ്ടിരുന്ന ബൗദ്ധിക ജീവിതത്തിന് സംഹാരാത്മകമായ പ്രഹരം നല്‍കി. വ്യാജമായ പ്രതീക്ഷകള്‍ മുന്നോട്ടു വച്ചും വ്യാജ ബുദ്ധിജീവികളെ സൃഷ്ടിച്ചും ഒത്തുതീര്‍പ്പുകള്‍ മുന്നോട്ടുവച്ചും മറ്റുമായിരുന്നു അത് സാദ്ധ്യമാക്കിയത്. അത് കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ബൗദ്ധിക വാചകക്കസര്‍ത്തുകള്‍ക്കും ടി.വി. അവതാരകരുടെ വേഷമിട്ട ഒരു കൂട്ടം കപട ബുദ്ധിജീവികളുടെ സംഘത്തെയും സൃഷ്ടിക്കുന്നതിനു കാരണമായി.
മൂന്ന്, ഇടതുപക്ഷ പാര്‍ട്ടികളുടെ 'മരണ'ത്തിന് വഴിയൊരുങ്ങി. തങ്ങള്‍ പറയേണ്ടിയിരുന്ന കാര്യങ്ങള്‍ ഇടതുപക്ഷപാര്‍ട്ടികള്‍ ശ്രീമതി ഗാന്ധിയെ ഏല്പിച്ചുകൊടുക്കുകയും അങ്ങനെ സമകാലിക അപ്രസക്തിയിലേക്ക് ഇടറിവീഴുകയും ചെയ്തു. ആരോഗ്യകരമായ ബൗദ്ധിക പ്രവൃത്തിയുടെ അഭാവത്തില്‍ പതനം അനിവാര്യമായിരുന്നു. ഇത് നക്‌സല്‍ബാരി പ്രസ്ഥാനം എന്നു വിളിക്കപ്പെട്ട പുതിയ ഇടതുപക്ഷ തീവ്രവാദത്തിന് കാരണമാവുകയും ചെയ്തു.
നാല്, ആഭ്യന്തര വിമതശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍, അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍നിന്ന് സിക്ക് തീവ്രവാദികളെ 'പുകച്ചു ചാടിക്കാന്‍' ഉപയോഗിച്ചതുപോലെ സൈന്യത്തെ നിയോഗിക്കുക എന്നത് ന്യായീകരിക്കപ്പെട്ടു. ഇന്ന്കുറഞ്ഞത് പത്തു സംസ്ഥാനങ്ങളിലെങ്കിലും പ്രാദേശിക ജനങ്ങള്‍ക്കെതിരെ സേന യുദ്ധം ചെയ്യുന്നുണ്ട്. രാഷ്ട്രത്തിന്റെ അതിജീവനത്തിന് സൈന്യത്തിന്റെ യുദ്ധം ആവശ്യമാണ് എന്ന തോന്നല്‍ ജനങ്ങളില്‍ ഉണര്‍ത്തിയിരിക്കുന്നു.
അഞ്ച്, സാമൂഹ്യശക്തികളുടെ കൂട്ടായ്മ എന്നതിനുപകരം നിക്ഷിപ്ത താല്പര്യക്കാരുടെ സംഘം എന്ന നിലയിലേക്ക് തെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടി സംവിധാനം തകര്‍ന്നു. പാര്‍ലമെന്ററി നടപടിക്രമം എന്നത് പ്രാഥമികമായി പിടിച്ചെടുക്കലിന്റെയും സംഘം ചേരലിന്റെയും ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനു നേരെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിന്റെയും മാര്‍ഗ്ഗമായി മാറി. അത് രാഷ്ട്രീയ തീവ്രവാദത്തിന്റെ വളര്‍ച്ചയുടെ സൂചനകള്‍ നല്‍കുകയും ചെയ്തു. ഭരണകൂടം പുതിയ നിര്‍ദ്ദയ നിയമങ്ങള്‍ കൊണ്ടുവരികയും ആയുധസംഭരണങ്ങള്‍ക്കായി കൂടുതല്‍ തുക നിക്ഷേപിക്കുന്നതിന് വര്‍ദ്ധിപ്പിച്ച ബജറ്റുകള്‍ ഉണ്ടാക്കുകയും എല്ലാ വിധത്തിലുമുള്ള ജനാധിപത്യ നാട്യങ്ങള്‍ കൈയൊഴിയുകയും ചെയ്തു.
ആറ്, അടിയന്തരാവസ്ഥ ഭരണഘടനയുടെ അപ്രധാന്യത്തെ ഉയര്‍ത്തിക്കാട്ടുകയും രാഷ്ട്രീയ കടല്‍ക്കൊള്ളക്കാര്‍ക്ക് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കു നേരെ ആക്രമണം നടത്തുന്നത് എത്ര അനായാസമാണെന്ന് വ്യക്തമാകുകയും ചെയ്തു. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് ഭരണകൂട സംരക്ഷകര്‍ക്കും വിമര്‍ശകര്‍ക്കും ഭരണഘടനേതരമായ മാര്‍ഗ്ഗങ്ങള്‍ ആശ്രയിക്കുന്നത് സാദ്ധ്യമാണെന്നു തെളിഞ്ഞു.
മുകളില്‍ പറഞ്ഞ വാദങ്ങള്‍ വിശദീകരിക്കാം. ചരിത്രപരമായ ദൗത്യം പൂര്‍ത്തിയാക്കിയതിനാല്‍ പിരിച്ചുവിടണമെന്ന് മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തലേന്ന് പറഞ്ഞപ്പോള്‍ എതിര്‍ത്തകോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ശരിയായ താല്പര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഇരുപതുവര്‍ഷം കൂടി എടുത്തു. ഇന്ദിരാഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ബിസിനസ്സിലെ നെറികെട്ട ചില കഥാപാത്രങ്ങളുടെ അവസാന അഭയകേന്ദ്രമാക്കി പാര്‍ട്ടി മാറ്റപ്പെട്ടു. പരിധിയില്ലാത്ത അധികാരവും അനിയന്ത്രിത കവര്‍ച്ചയും നടപ്പാക്കുന്ന ഒരു മാര്‍ഗ്ഗം മാത്രമായി പാര്‍ട്ടി. ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ മരണത്തോടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടപ്പെട്ട ശ്രീമതി ഗാന്ധിയെ അന്നത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടത് എളുപ്പം കൈകാര്യം ചെയ്യാവുന്ന സ്ത്രീയായിട്ടാണ്. പക്ഷേ, ഇന്ദിര അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അവരെക്കാള്‍ സമര്‍ത്ഥയും കണക്കുകൂട്ടലുള്ളവളുമാണെന്ന് പെട്ടെന്ന് തെളിയിച്ചു. എന്നിരുന്നാലും തന്റെ ആത്യന്തിക വിജയത്തിന് അവര്‍ക്ക് ബോധപൂര്‍വ്വമായിതന്നെ പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യത്തെ തകര്‍ക്കുകയും പാര്‍ട്ടിയെ പിന്നില്‍ക്കൂടി വന്ന ആണ്‍കുട്ടികളും ഒറ്റ മഴയ്ക്കു മുളച്ച സൂത്രശാലികളുമായ ഒരുചെറുസംഘം നയിക്കുന്ന, അരാഷ്ട്രീയവത്കരിച്ച ഒരുപറ്റം സ്തുതിപാഠകരുടെകൂട്ടമായി മാറ്റുകയും ചെയ്യേണ്ടതുണ്ടായിരുന്നു.

പരിഹരിക്കാനാവാത്ത വീഴ്ചകള്‍

ഇന്ദിരയ്ക്കു ശേഷം ഇരുപത്തഞ്ച്‌വര്‍ഷം പിന്നിടുന്ന ഇക്കാലത്ത്, കേന്ദ്രങ്ങളിലും പത്തോളം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മേധാശക്തിയോടെ നിലകൊള്ളുകയാണെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നിരിക്കലും, ആഗോളശക്തിയാകാന്‍ 'വെമ്പുന്ന' സ്വയം പ്രഖ്യാപിത ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ആധിപത്യംചെലുത്തുന്നത് കുറഞ്ഞ ജനാധിപത്യമുള്ള പാര്‍ട്ടികളാണെന്നതാണ് വാസ്തവം. 1969-ല്‍ ജഗ്ജീവന്‍ റാമിനുശേഷം ശങ്കര്‍ദയാല്‍ ശര്‍മ്മ, ഡി.കെ. ബറുവ, സീതാറാം കേസരി തുടങ്ങിയ ചെറിയ കളിക്കാര്‍ ദാദാഭായ് നവറോജി, ഗോപാലകൃഷ്ണ ഗോഖലെ, ഗാന്ധിജി, സരോജിനി നായിഡു, ജവഹര്‍ലാല്‍ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, പട്ടാഭി സീതാരാമയ്യ തുടങ്ങിയ മഹാരഥന്മാര്‍ ഇരുന്ന കോണ്‍ഗ്രസ് പ്രസിഡന്റിന്റെ കസേരയില്‍ ഇരുന്നിട്ടുണ്ട്. 1969-നുശേഷമുള്ള നാല്പത് വര്‍ഷത്തില്‍ ഇരുപത്തിമൂന്ന് വര്‍ഷം കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് പദം ഒരൊറ്റ കുടുംബത്തിന്റെ അധീനതയിലാണ്-ഇന്ദിര, രാജീവ്, സോണിയഗാന്ധി.ഈ പാര്‍ട്ടിയിലെ മനോലോകം ഇങ്ങനെചുരുങ്ങിയതിന്റെ തുടക്കം ഇന്ദിരാഗാന്ധിയില്‍ നിന്നാണ്. അവരാണ് പരസ്യമായ പാദസേവയും മുഖസ്തുതിയും പാര്‍ട്ടിക്കുള്ളില്‍ വ്യവസ്ഥാപിതവും സ്വീകാര്യവുമാക്കിയത്. ഒപ്പം പാര്‍ട്ടിക്കുള്ളിലെ സംവാദങ്ങളെയും ഇല്ലാതാക്കി.
ഈ നിരുന്മേഷം പാര്‍ട്ടിക്കുള്ളില്‍ മാത്രം ഒതുങ്ങിനിന്നില്ല എന്നതാണ് പ്രശ്‌നം. ബഹുവിതാനങ്ങളുള്ള രാഷ്ട്രീയ പാദസേവ പൊതുമണ്ഡലത്തിലെ ബൗദ്ധികജീവിതത്തെയും ബാധിച്ചു. ശ്രീമതി ഗാന്ധിയുടെ പ്രധാനമന്ത്രി പദത്തിന്റെ ആദ്യഘട്ടം മല്‍പ്പിടുത്തം കണക്കുള്ള ഒരു അഭ്യാസമായിരുന്നു. അക്കാലത്തെ ഇടതുപക്ഷ-ലിബറലുകളായ രമേഷ് ഥാപ്പര്‍, രാജ് ഥാപ്പര്‍, രജനി കോത്താരി, എസ്.എ. ഡാങ്കേ, മോഹന്‍ കുമരമംഗലം തുടങ്ങിയവരും മികച്ച പുരോഗമന കലാകാരന്മാരായ ഹബീബ് തന്‍വീര്‍, എം.എസ്. ഹുസൈന്‍ തുടങ്ങിയവരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആ അഭ്യാസത്തിന് പ്രോത്സാഹനം നല്‍കി. ഇന്ദിരയുടെ കാലത്തിന്റെ മറ്റൊരു വ്യതിരിക്തമായ സ്വഭാവവിശേഷം ബൗദ്ധിക വ്യവഹാരത്തിന്റെ തകര്‍ച്ചയായിരുന്നു.
അനിവാര്യമായും ഇതിന്റെ ഫലവും കാരണവും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തകര്‍ച്ചയായിരുന്നു. അതിനകം പ്രത്യയശാസ്ത്ര ഗരിമയെ ബാധിച്ച മൂന്ന് ഘട്ടങ്ങളിലായുള്ള പിളര്‍പ്പുകളിലൂടെ-'64-ല്‍ സി.പി.എമ്മും '68-ല്‍ സി.പി.ഐ(എം.എല്‍)യും ഉള്‍പ്പെടുന്ന-ഇടതുപക്ഷം രാഷ്ട്രീയാധികാരം ട്രേഡ് യൂണിയനുകള്‍ക്കാവണമെന്ന സൈദ്ധാന്തിക ഇടര്‍ച്ചകളിലേക്കും കൗശലപൂര്‍ണ്ണമായ ട്രേഡ് യൂണിയനിസത്തിലുംപെട്ട്, ദുരന്തപൂര്‍ണ്ണമാംവിധം സ്വയം അപ്രസക്തമായി. ബൗദ്ധികമായി പാപ്പരാക്കപ്പെട്ട സി.പി.ഐ തുടര്‍ന്നും ഇന്ദിരയെ പിന്താങ്ങുകയും അവരെ 'സോഷ്യലിസ്റ്റ് പ്രതീക്ഷ'യായി പ്രകീര്‍ത്തിക്കുകയും ചെയ്തു. അത് അടിയന്തരാവസ്ഥയോളമെത്തി. മറ്റ് രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമുള്ള അഖിലേന്ത്യാതലത്തിലുള്ള വിപ്ലവകരമായ സാദ്ധ്യതകളെ നിര്‍വീര്യമാക്കാനുള്ള ചില കൗശലങ്ങളും ഇന്ദിര പ്രയോഗിച്ചു.
സി.പി.എമ്മിനെ ഒരു പാര്‍ലമെന്ററി പങ്ക് വഹിക്കാന്‍ 'അനുവദിച്ചു'കൊണ്ട് മൂന്ന് സംസ്ഥാനങ്ങളിലുള്ള ഒരു പ്രാദേശികകക്ഷിയാക്കി ഒതുക്കി. സി.പി.എമ്മിന്റെ കൂടുതല്‍ സജീവമായ വിഭാഗങ്ങളെ-കര്‍ഷക, ട്രേഡ് യൂണിയന്‍ (സി.ഐ.ടി.യു), വിദ്യാര്‍ത്ഥി (എസ്.എഫ്.ഐ)-സമര്‍ത്ഥമായി നിര്‍ജ്ജീവമാക്കി. പ്രതിസംഘടനകളെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസ് ഇത് സാധിച്ചത്. അവ അധികം വൈകാതെ രാക്ഷസീയഭാവം കൈക്കൊണ്ടു. മുംബൈയ്ക്ക് ചുറ്റുമുള്ള വ്യവസായിക ജില്ലകളിലെ ഇടതുപക്ഷ ട്രേഡ് യൂണിയനുകളെ, ആദ്യം വളര്‍ന്നുവരുന്ന ശിവസേനയെ നിഗൂഢമായി സഹായിച്ചും പിന്നീട് ഒറ്റയാന്‍ ട്രേഡ് യൂണിയന്‍കാരായ ദത്താ സാമന്തിനെപ്പോലുള്ളവരെ സഹായിച്ചും കോണ്‍ഗ്രസ് തകര്‍ത്തു. തുടര്‍ന്നും ഇതുപോലുള്ള കുതന്ത്രങ്ങള്‍ ഇന്ദിരയുടെ കോണ്‍ഗ്രസ് പിന്തുടര്‍ന്നു. വളര്‍ന്നുവരുന്ന ഇടതുപക്ഷത്തെ തകര്‍ക്കാന്‍ പഞ്ചാബ്, ആന്ധ്ര, ബീഹാര്‍, ആസാം എന്നിവിടങ്ങളില്‍ 'സ്വത്വരാഷ്ട്രീ'യത്തെയാണ് ഉപയോഗിച്ചത്. തമിഴ്‌നാട്ടില്‍ ഇടതുപക്ഷത്തെ നിര്‍ജീവമാക്കാന്‍ ഡി.എം.കെ. പയറ്റിയ ചില അടവുകളെ പിന്‍പറ്റിക്കൊണ്ടായിരുന്നു തീര്‍ച്ചയായും കോണ്‍ഗ്രസ് ഇതെല്ലാം ചെയ്തത്.

നിര്‍ജ്ജീവമാക്കപ്പെട്ട ഇടതുപക്ഷം

തീര്‍ച്ചയായും, ഇടതുപക്ഷത്തെ നിര്‍ജീവമാക്കാന്‍ വിവിധ വഴികളിലൂടെ ഇന്ദിരാഗാന്ധി ഉപയോഗിച്ച തന്ത്രങ്ങള്‍ ഫലം കണ്ടതിനെക്കുറിച്ചുള്ള കൂടുതല്‍ സൂക്ഷ്മമായ അന്വേഷണങ്ങള്‍ ഭാവിചരിത്രകാരന്മാരുടെ കടമയാണ്. അതേസമയംതന്നെ, സംഘടിത ഇടതുപക്ഷത്തിന്റെ പരാജയങ്ങള്‍ രണ്ടുതരം പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. അതില്‍ ഒന്ന്, നക്‌സലിസത്തിന്റെ വളര്‍ച്ചയാണ്. രണ്ട്, സര്‍ക്കാരിതര സംഘടന (എന്‍.ജി.ഒ)കളുടെവളര്‍ച്ചയും വ്യാപനവുമാണ്. വിരോധാഭാസമെന്നു പറയട്ടെ, രണ്ടും കേന്ദ്രത്തെ ശക്തിപ്പെടുത്തുന്നതിലേക്കാണ് നയിച്ചത്. ഒന്ന്, ആയുധങ്ങള്‍, പൊലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവയ്ക്കുള്ള അധികചെലവുകള്‍ക്ക് നിയമസാധുത നല്‍കുക വഴിയാണ്. മറ്റേത്, എന്‍.ജി.ഒകള്‍ വഴിയുള്ള വര്‍ദ്ധിച്ച ശക്തമായ നിയന്ത്രണങ്ങളും ജാഗ്രതാപൂര്‍ണ്ണമായ നിരീക്ഷണവും വഴിയും. അവ ഭരണകൂടത്തിന് വിവരങ്ങള്‍ എത്തിക്കാനുള്ള അനായാസമായ വഴിയാണ്. ഈ പൈതൃകം നിലനില്‍ക്കുകയാണ്.

നോക്കുകുത്തിയാകുന്ന ഭരണകൂടസ്ഥാപനങ്ങള്‍

'ചുവന്ന ഇടനാഴി'യെന്ന് വിളിക്കപ്പെടുന്ന ഇന്ത്യയിലെ 180 ജില്ലകളിലെ വര്‍ദ്ധിച്ച മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍, 'ചുവന്ന ഭീഷണി'യെ നേരിടാന്‍ അധികസായുധശേഷിയുടെ ഉപയോഗത്തിനും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള അധിക പൊലീസ് ബജറ്റിലെ വകയിരുത്തലിന് നിയമസാധുത്വം നല്‍കാനേ സഹായകമാവൂ. ഇന്ത്യയിലെ ആദിവാസി മേഖലകളില്‍ അധീശത്വം ഉറപ്പിക്കാനുള്ള മറ്റൊരു വഴി കേന്ദ്രത്തിന് തുറന്നുകൊടുക്കുകയാണിത്. അതുവഴി, വന-ധാതു വിഭവങ്ങള്‍ 'ചൂഷണം' ചെയ്യാനുള്ള തങ്ങളുടെ ധാര്‍മ്മികവും നിയമപരവുമായ അവകാശവാദത്തെ സാധൂകരിക്കാനും അങ്ങനെ ആദിവാസി സമൂഹങ്ങളെ 'ആഭ്യന്തരമായി കുടിയിറക്ക'പ്പെട്ട സമൂഹങ്ങളാക്കി പരിവര്‍ത്തിപ്പിക്കാനും കേന്ദ്രത്തിനു കഴിയുന്നു. ഈ പ്രക്രിയവഴിയാണ് മുഖ്യധാരാ ഇടതുപക്ഷം പ്രാന്തവത്കരിക്കപ്പെട്ട്, കേവലം കാഴ്ചക്കാരാക്കപ്പെട്ടത്.
മാവോയിസ്റ്റ് ആധിക്യത്തെ എതിരിടാനെന്ന പേരില്‍ രാജ്യത്തെ സാധാരണക്കാര്‍ക്കെതിരെ കര-വ്യോമസേനകളെ ഉപയോഗിക്കാനുള്ള ചിദംബരത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പദ്ധതിക്കെതിരെ ഒരു ചെറു മുറവിളിപോലും ഉയരാത്ത വിധത്തില്‍ ആഴങ്ങളിലേക്ക് പതിച്ച അവസ്ഥയിലാണ് ഇന്ന് ജനാധിപത്യത്തിന്റെ സ്ഥിതി. അയല്‍പക്കത്തെ മഹീന്ദ രാജ്പക്‌ഷെയില്‍നിന്ന് സന്തോഷത്തോടെ പഠിച്ചതാണ് പയറ്റാന്‍ പോകുന്ന പുതിയ പാഠം. തീര്‍ച്ചയായും ഈ നടപടികള്‍ ചരിത്രപരമായി, ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെയും അക്രമംനിറഞ്ഞ തിരിച്ചടികള്‍ക്കും ഇന്ദിരാഗാന്ധിയുടെ അവമതിനിറഞ്ഞ മരണത്തിനും ഇടയാക്കിയ സുവര്‍ണ്ണക്ഷേത്രത്തിലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറുമായും തമ്മില്‍ ബന്ധിപ്പിക്കുന്നു. ജര്‍ണയില്‍ സിംഗ് ഭദ്രന്‍വാലെയെ 'പുകച്ചോടിക്കാന്‍' സുവര്‍ണ്ണക്ഷേത്രത്തിലേക്ക് കടന്നുകയറും മുന്‍പ് 'ഹൃദയത്തില്‍ വേദനയും ചുണ്ടുകളില്‍ പ്രാര്‍ത്ഥനയുമായാണ് ഞങ്ങള്‍ വരുന്നതെ'ന്ന് സൈനിക ജനറല്‍ സുന്ദര്‍ജി പറയുന്നു. ഇന്ന് ഭരണകൂട വേഷക്കാരും ബി.ജെ.പി. ക്യാമ്പിലെ പണിയില്ലാത്ത പത്രപ്രവര്‍ത്തകരും മാധ്യമ അവതാരകരുടെ ചോദ്യങ്ങള്‍ക്കുത്തരമായി ക്യാമറയ്ക്ക് നേരെ നക്‌സല്‍ ജില്ലകള്‍ സൈന്യം 'വൃത്തിയാക്കണമെന്നും' 'ശുദ്ധീകരിക്കണ'മെന്നും കുരച്ചുചാടുന്നു. ഇത്തരം അപഹാസ്യമായ സ്വേച്ഛാധിപത്യപരമായ ആശയങ്ങള്‍ക്കുനേരെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയോ ബൗദ്ധിക പ്രതിരോധത്തിന്റെയോ ചെറു പ്രതിഷേധം പോലും കാണാനില്ല.
തനിക്ക് ഒരു താലത്തില്‍ വച്ചു നീട്ടപ്പെട്ട ഭരണസംവിധാനത്തെ ജനാധിപത്യധ്വംസനം നടത്തി കുത്തക മുതലാളിത്തത്തിന്റെ താല്പര്യങ്ങളെ ഇന്ദിരാഗാന്ധി നന്നായി സേവിച്ചു എന്നാണ് തിരിഞ്ഞുനോക്കുമ്പോള്‍ പറയാനാവുക. ഇന്ന് രാജ്യനടത്തിപ്പിന് അടിയന്തരാവസ്ഥയോ, ഭീകരനിയമങ്ങളോ, 'വലിയ സഹോദരന്റെ' അനാവശ്യ കണ്ണുകളോ സെന്‍സര്‍ഷിപ്പോ ആവശ്യമില്ല. ഈ കൃത്യങ്ങളെല്ലാം മാധ്യമങ്ങളുള്‍പ്പെടെയുള്ള വിവിധ ജനാധിപത്യ വിരുദ്ധ സ്ഥാപനങ്ങളിലൂടെ നന്നായി നടപ്പാക്കാനാവും. പാര്‍ട്ടിയും മറ്റ് ഭരണകൂട സ്ഥാപനങ്ങളുമെല്ലാം നോക്കുകുത്തികളായി മാറ്റപ്പെട്ടിരിക്കുന്നു. ഇടതുപക്ഷം ദുര്‍ബലമായി, മാധ്യമങ്ങള്‍ സഹകരിക്കുന്നു. ഭരണഘടനയാകട്ടെ തീര്‍ത്തും വിലകെട്ടതായി മാറുകയും ചെയ്തു.
75 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ വസിക്കുന്ന, മനുഷ്യവികാസസൂചിക അനുസരിച്ച് ലോകത്തില്‍ ഏറ്റവുംമോശമായ 25 രാജ്യങ്ങളില്‍ (ആകെയുള്ള 160 രാജ്യങ്ങളില്‍) ഒന്നായ നമ്മുടെ രാജ്യം മാനുഷികവും പരിഷ്‌കരണപരവുമായ മുന്‍ഗണനകളെപ്പറ്റി ഇനിയെങ്കിലും ചിന്തിക്കേണ്ടതുണ്ട്. ഇന്ദിരാഗാന്ധിയുടെ കാലത്തെ നിഷ്ഠൂരതകളെയും അതിന്റെജീര്‍ണ്ണിച്ച തുടര്‍ച്ചകളെയുംപറ്റി പരിശോധിക്കുകയും പുനര്‍വിചിന്തനം നടത്തുകയും ചെയ്യുക എന്നതാണ് അതിലേക്കുള്ള ആദ്യ ചുവട്.

പരിഭാഷ: ബിജുരാജ്


(2009 ഒക്ടോബര്‍ ലക്കം സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com