പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഞങ്ങള്‍ മിണ്ടാതിരുന്നു; അവര്‍ അണികളിലേക്കിറങ്ങി

ഇ. ചന്ദ്രശേഖരന്‍ നായര്‍ രാഷ്ട്രീയത്തെയും ജീവിതത്തെയും കുറിച്ചു പറഞ്ഞ അഭിമുഖം
പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഞങ്ങള്‍ മിണ്ടാതിരുന്നു; അവര്‍ അണികളിലേക്കിറങ്ങി

ജീവിതത്തെ പഠിക്കുകയും ജാഗ്രതയോടെയിരിക്കുകയും ഇടപെടുകയും ചെയ്ത ഒരു രാഷ്ട്രീയ കാലത്തിന്റെ പ്രതിനിധിയായിരുന്നു ഇ ചന്ദ്രശേഖരന്‍ നായര്‍. ആറു പതിറ്റാണ്ടോളം രാഷ്ട്രീയ നേതൃത്വത്തിലും ഭരണതലത്തിലും സജീവമായി നിന്ന്, സംശുദ്ധ വ്യക്തിത്വം  ബാക്കിയാക്കി മടങ്ങുന്ന ആ വലിയ നേതാവ് രാഷ്ട്രീയത്തെയും ജീവിതത്തെയും കുറിച്ചു പറഞ്ഞ അഭിമുഖം. 2016 നവംബര്‍ ലക്കം സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്.  


ഇ. ചന്ദ്രശേഖരന്‍ നായര്‍/ പി.എസ്. റംഷാദ്

വിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ. നേതാക്കള്‍ ആ പിളര്‍പ്പിനെക്കുറിച്ചു പ്രവര്‍ത്തകരോടു വിശദീകരിച്ചില്ല എന്ന പരാജയത്തെക്കുറിച്ചു പറയാനല്ല ഇ. ചന്ദ്രശേഖരന്‍ നായര്‍ സംസാരിക്കാന്‍ സമയം തന്നത്. ചോദ്യങ്ങള്‍ അവിടെയെത്തിയപ്പോള്‍ ഉള്ളിലുള്ളതു തുറന്നു പറഞ്ഞുവെന്നു മാത്രം. അതും വളരെ സൂക്ഷിച്ച്, കാര്യമാത്രപ്രസക്തമായി: ''ഭിന്നിപ്പു വന്നപ്പോള്‍ പാര്‍ട്ടിയുടെ 'ഇവിടുത്തെ' നേതാക്കള്‍ ആ ഭിന്നിപ്പിനെക്കുറിച്ചു ജനങ്ങളോട് ഒന്നും പറയാന്‍ പോയില്ല. അതേസമയം ഭിന്നിച്ചുപോയവര്‍ പാര്‍ട്ടി അണികളില്‍ നല്ലവണ്ണം പ്രവര്‍ത്തിച്ചു.' അതുമാത്രമല്ല, പലതുമുണ്ടു പറയാനെങ്കിലും ഒന്നും വലിച്ചുനീട്ടി പറയുന്ന രീതി പണ്ടുമില്ല.
എണ്‍പത്തിയേഴ് വയസ്‌സുണ്ട് ഇ. ചന്ദ്രശേഖരന്‍ നായര്‍ക്ക്. 1957-ല്‍, ഐക്യകേരളത്തിന്റെ ഒന്നാം കേരള നിയമസഭയില്‍ അംഗമാകുമ്പോള്‍ വയസ് 28. ഏഴുതവണ നിയമസഭാംഗവും മൂന്നുവട്ടം മന്ത്രിയുമായി. പതിനൊന്നാം നിയമസഭയിലാണ് അവസാനം അംഗമായിരുന്നത്, 1996 മുതല്‍ 2001 വരെ. പിന്നീട് മത്സരിച്ചില്ല. പക്ഷേ, രാഷ്ര്ടീയ വിശ്രമത്തിലുമല്ല. പാര്‍ട്ടിസെല്‍ മുതല്‍ മുകളിലേക്കു പടിപടിയായി വളര്‍ന്നുവന്ന അനുഭവക്കരുത്തുള്ള നേതാക്കളുടെ നിരയില്‍ തലയെടുപ്പോടെയാണ് സ്ഥാനം. കറപുരളാത്ത പൊതുജീവിതം എന്നു പറയുമ്പോള്‍ വാക്കുകള്‍ക്കു നിറം ചേര്‍ക്കേണ്ടതില്ല. വസ്ത്രത്തിലെന്നപോലെ വാക്കിലും പ്രവൃത്തിയിലും വെടിപ്പ്. അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ എഴുകോണ്‍ സെല്‍, കൊട്ടാരക്കര താലൂക്ക് കമ്മിറ്റികളില്‍ തുടക്കം. പിന്നീട് ജില്ലാക്കമ്മിറ്റി അംഗമായി. അതിനപ്പുറത്തേക്ക് അപ്പോള്‍ പോയില്ല. അഭിഭാഷകനായി. പാര്‍ട്ടി പറഞ്ഞപ്പോള്‍ അതുപേക്ഷിച്ചു ജനയുഗത്തിന്റെ മാനേജിംഗ് എഡിറ്ററായി. ഒപ്പം പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിലും എത്തി. തുടര്‍ന്നു സംസ്ഥാന എക്‌സിക്യൂട്ടീവില്‍. കേന്ദ്രനിര്‍വ്വാഹക സമിതി അംഗവുമായി. തിരുവനന്തപുരം കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ വീട്ടിലുണ്ട് അദ്ദേഹം. അതു പക്ഷേ, മൂന്നാം തവണയും ഹൃദയമൊന്നു രോഗാവസ്ഥ കാണിച്ചു താക്കീതു ചെയ്തതുകൊണ്ടുമാത്രം. അടുത്തയിടെ വരെ സി.പി.ഐ. സംസ്ഥാന ആസ്ഥാനമായ എം.എന്‍. സ്മാരകത്തില്‍ ഇടയ്ക്കിടെയെങ്കിലും പോയിരുന്നു. ലോകമെമ്പാടുമുണ്ടാകുന്ന ഓരോ ചലനങ്ങളെയും അറിഞ്ഞും സൂക്ഷ്മമായി മനസ്‌സിലാക്കിയും കൃത്യമായ നിലപാടെടുത്തുമാണ് ഈ വിശ്രമം. അതുകൊണ്ട് ഇതൊരു വെറുതേയിരിപ്പല്ലതാനും. ''പറ്റിയത് എന്താന്നുവച്ചാല്‍, പടികള്‍ കയറാനും ഇറങ്ങാനും വയ്യ. ഇവിടെ മുകളിലെ നിലയില്‍ത്തന്നെയാണ് കഴിയുന്നത്. പാര്‍ട്ടി ഓഫീസില്‍ പോകുന്നതും നിന്നിരിക്കുകയാ. 1953-ല്‍ താലൂക്ക് കമ്മിറ്റി അംഗമായതു മുതല്‍ പാര്‍ട്ടി ഓഫീസുകള്‍ പ്രിയപ്പെട്ട സ്ഥലങ്ങളായിരുന്നു. ഇപ്പോഴും സംസ്ഥാന കൗണ്‍സിലില്‍ ഉണ്ട്. പക്ഷേ, കമ്മിറ്റിക്കും പോകാന്‍ കഴിയുന്നില്ല' എന്നു ചന്ദ്രശേഖരന്‍ നായര്‍. 
കൊല്ലം ജില്ലയിലെ എഴുകോണില്‍നിന്നു സാമുദായിക പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ. ഈശ്വരപിള്ളയുടെയും 'രാഷ്ര്ടീയമൊന്നുമറിയാത്ത' മീനാക്ഷിയമ്മയുടെയും മൂത്ത മകന്‍ തമിഴ്‌നാട്ടിലെ അണ്ണാമലൈ സര്‍വകലാശാലയില്‍ ബിരുദപഠനത്തിനാണ് പോയത്. തിരിച്ചുവന്നതു നല്ല നിലയില്‍ പഠനം പൂര്‍ത്തിയാക്കി മാത്രമല്ല, നല്ല കമ്യൂണിസ്റ്റായിക്കൂടിയാണ്. ''അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്‌സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചാണ് തുടങ്ങിയത്. അന്ന് അവിടെ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്‌സും എ.ഐ.എസ്.എഫും ദ്രാവിഡ വിദ്യാര്‍ത്ഥി സംഘടനയുമാണ് ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്‌സില്‍ ആകൃഷ്ടനായതു ജയപ്രകാശ് നാരായണന്റെ ലൈഫ് ഓഫ് ഫ്രീഡം എന്ന പുസ്തകം വായിച്ചിട്ടാണ്. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതോടെ സോഷ്യലിസ്റ്റുപാത സ്വീകരിച്ച് ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. ഐ.എസ്.പി. പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പി.എസ്.പി.) ആയി. അപ്പോള്‍ ഞാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നു' എന്നു ചന്ദ്രശേഖരന്‍ നായര്‍. 1952-ല്‍ ആണ് പാര്‍ട്ടി അംഗത്വം കിട്ടുന്നത്. ഐ.എസ്.പിയുടെ മൗലിക നിലപാടുകളല്ല പി.എസ്.പി. തുടര്‍ന്നത് എന്നതുകൊണ്ടാണ് വഴി കമ്യൂണിസ്റ്റു പാര്‍ട്ടിയിലേക്കു തിരിഞ്ഞത്. ഇടതുപക്ഷങ്ങള്‍, പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും സോഷ്യലിസ്റ്റു പാര്‍ട്ടിയുമെല്ലാം കൂടി ഒന്നാകുന്ന കാലം വിദൂരമല്ല എന്ന ജയപ്രകാശ് നാരായണന്റെ ശുഭപ്രതീക്ഷയും കൂടെയുണ്ടായിരുന്നു. ''അതില്‍ നിന്നൊക്കെ മാറിയാണ് പി.എസ്.പി. പോയത്. അതു തെറ്റാണെന്ന് എനിക്കു തോന്നി. പി.എസ്.പി. ഒരു വലതുപക്ഷ സ്വഭാവമുള്ള പാര്‍ട്ടിയായിരുന്നു; ഐ.എസ്.പിയുടെ സോഷ്യലിസ്റ്റു ചിന്താഗതി പോയി എന്നു തോന്നി. ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.'
അപ്പോഴേക്കും അവിടുത്തെ വിദ്യാഭ്യാസം കഴിഞ്ഞു നാട്ടിലേക്കു തിരിച്ചുവന്നിരുന്നു. ഇവിടെ നിയമപഠനത്തിനും ചേര്‍ന്നു. അന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി ഒന്നേയുള്ളു. ആ പാര്‍ട്ടിക്ക് ഇന്നത്തെപ്പോലെ എല്ലായിടത്തും കമ്മിറ്റികളോ ഓഫീസുകളോ ഒന്നുമില്ല. എഴുകോണിലെ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ യുവസഖാവിനെ ചെന്നു വിളിച്ചു, നാട്ടിലെ പാര്‍ട്ടിയുടെ ഭാഗമാകാന്‍. അന്നു കൊട്ടാരക്കര താലൂക്ക് കമ്മിറ്റി ഉണ്ടായിട്ടില്ല. ''ഞങ്ങള്‍ കുറേപ്പേര് ചേര്‍ന്നു കൊട്ടാരക്കര ടൗണില്‍ ഒരു ഘടകം രൂപീകരിച്ചു. സെല്‍. സെല്‍ സെക്രട്ടറിയാക്കിയത് എന്നെ. വൈകാതെ അതിനു കീഴില്‍ നിരവധി ബ്രാഞ്ചുകള്‍ രൂപീകരിച്ചു. അതിനു പിന്നാലെയാണ് തിരുക്കൊച്ചി സമ്മേളനം നടക്കുന്നത്. അതു കഴിഞ്ഞു കൊട്ടാരക്കര താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. അതില്‍ ഞാനും അംഗമായിരുന്നു. വെളിയം ഭാര്‍ഗവന്‍ തുടങ്ങിയവരൊക്കെ അന്ന് അതിലുണ്ട്. പില്‍ക്കാലത്തു ചടയമംഗലത്തുനിന്ന് എം.എല്‍.എ. ആയ ആര്‍. ലതാദേവിയുടെ അച്ഛന്‍ സി.എന്‍. രാഘവന്‍ പിള്ളയാണ് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായത്. അദ്ദേഹത്തെ പെരിനാട്ടുനിന്നു കൊണ്ടുവന്നു പാര്‍ട്ടി ചുമതലയേല്പിക്കുകയായിരുന്നു. അതിന്റെ തൊട്ടടുത്ത വര്‍ഷമാണ് പ്രസിദ്ധമായ ട്രാന്‍സ്‌പോര്‍ട്ട് സമരം. അതില്‍ പങ്കെടുത്തതിന് അറസ്റ്റിലായി. കുറച്ചു ദിവസം ജയിലില്‍ കിടന്നു. പക്ഷേ, മര്‍ദനമൊന്നും ഉണ്ടായില്ല. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മര്‍ദനമൊന്നും ഏല്‍ക്കേണ്ടിവന്നിട്ടില്ല.' 

നിയമസഭയിലെ യുവനിര

1957-ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ വക്കീല്‍ പണി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ചന്ദ്രശേഖരന്‍ നായര്‍. കൊട്ടാരക്കരയില്‍നിന്നു ജയിച്ചു. ഐക്യകേരളം ഉണ്ടായ ശേഷം ആദ്യത്തെ തെരഞ്ഞെടുപ്പുമായിരുന്നല്ലോ. ഇ.എം.എസ്‌സിന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍. എം.എല്‍.എ. ഹോസ്റ്റല്‍ പണിതുകൊണ്ടിരിക്കുന്നതേയുള്ളൂ. തോപ്പില്‍ ഭാസിയും വെളിയം ഭാര്‍ഗവനും രാജഗോപാലന്‍ നായരും ചന്ദ്രശേഖരന്‍ നായരും ഒന്നിച്ചാണു താമസം. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ യുവപോരാളികള്‍. അതിന്റെ താഴത്തെ നിലയിലായിരുന്നു പി. ഗോവിന്ദപ്പിള്ള. പ്രതിപക്ഷം വളരെ ശക്തമായിരുന്നു. പി.റ്റി. ചാക്കോ, പട്ടം താണുപിള്ള, കെ.എം. ജോര്‍ജ്ജ്, കെ. നാരായണക്കുറുപ്പ്, സി.എച്ച്. മുഹമ്മദ് കോയ തുടങ്ങിയവരൊക്കെയുണ്ട്. ''ഭരണപക്ഷത്തും നിരവധി മുതിര്‍ന്നവരുണ്ടായിരുന്നെങ്കിലും പാര്‍ട്ടിക്കുവേണ്ടി നിയമസഭയില്‍ പ്രതിരോധിക്കാന്‍ ഞങ്ങള്‍ കുറച്ചു ചെറുപ്പക്കാരെയാണു നിയോഗിച്ചത്' എന്നു പറയുമ്പോള്‍ ഓര്‍മകളുടെ മാത്രമല്ല, അഭിമാനത്തിന്റെയും തിളക്കമുണ്ട് വാക്കുകള്‍ക്ക്. അക്കാലം മന്ത്രി കെ.സി. ജോര്‍ജ്ജിനെതിരെ ആന്ധ്രാ അരി കുംഭകോണം ആരോപണമുണ്ടായി. മുഖ്യമന്ത്രി അപ്പോള്‍ത്തന്നെ ജുഡീഷല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കെ.സി. ജോര്‍ജ്ജ് കുറ്റക്കാരനാണ് എന്ന് അന്വേഷണത്തില്‍ കണ്ടില്ല. പക്ഷേ, ഒഴിവാക്കാമായിരുന്ന നഷ്ടം ഉണ്ടായി എന്നു പറഞ്ഞിരുന്നു. പ്രശ്‌നം നിയമസഭയില്‍ ചര്‍ച്ചയ്ക്കു വന്നു. മന്ത്രിയെ പ്രതിരോധിച്ചു സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ചതു തോപ്പില്‍ ഭാസിയെയും രാജഗോപാലന്‍ നായരെയും ചന്ദ്രശേഖരന്‍ നായരെയുമായിരുന്നു. ഗൗരവമുള്ള ഉത്തരവാദിത്വങ്ങള്‍ വിശ്വസിച്ച് ഏല്പിക്കാന്‍ പറ്റിയവര്‍ എന്നതിന്റെ ഒരു ഉദാഹരണം.
അദ്ദേഹത്തിന്റെതന്നെ വാക്കുകള്‍: കാര്‍ഷിക പരിഷ്‌കരണത്തിന്റെ ആലോചനാ സമിതിയിലും ആ ബില്ല് സഭയില്‍ വന്നപ്പോള്‍ അതിന്റെ ചര്‍ച്ചകളിലും പങ്കെടുക്കാന്‍ കഴിഞ്ഞതു വലിയ അനുഭവമായി. അന്നു നിയമസഭയില്‍ വാദപ്രതിവാദങ്ങളായിരുന്നു കൂടുതലും. ഇടയ്‌ക്കൊക്കെ തോപ്പില്‍ ഭാസിയും ജോസഫ് ചാഴിക്കാടനും തമാശകളൊക്കെ പറയും. കാമ്പുള്ള, രാഷ്ര്ടീയ ചര്‍ച്ചകളായിരുന്നു. ജാതി, മത സംഘടനകളെല്ലാം ചേര്‍ന്നുകൊണ്ടാണല്ലോ ആ സര്‍ക്കാരിനെതിരെ വിമോചനസമരം സംഘടിപ്പിച്ചത്. രണ്ടായിരുന്നു കാരണങ്ങള്‍. ഒന്ന്, ഭൂനയ ബില്ല്. ഭൂമിയിലെ കുടികിടപ്പ് ഒഴിപ്പിക്കല്‍ ഓര്‍ഡിനന്‍സ് ആദ്യമേ കൊണ്ടുവന്നു. ഭൂവുടമകള്‍ എതിരായി. പിന്നാലെ വിദ്യാഭ്യാസ ബില്ല് കൊണ്ടുവന്നു. അപ്പോള്‍ സ്‌കൂള്‍ മാനേജ്‌മെന്റുകളും എതിരായി. തൊഴിലാളികളോടു പ്രത്യേക അനുഭാവമുള്ള സര്‍ക്കാരായിരുന്നതുകൊണ്ടു മുതലാളിമാരും എതിരായി. അവരുടെ രാഷ്ര്ടീയ സമരമായിരുന്നു വിമോചനസമരം. പക്ഷേ, അതു നടത്തിയത് ഈ ജാതിസംഘടനകളൊക്കെക്കൂടിയായിരുന്നു. പാര്‍ട്ടി അത് ഒറ്റക്കെട്ടായി നേരിട്ടു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന അജയഘോഷ് ഇവിടെ വന്നു സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്തു. നിങ്ങള്‍ക്കു സമയമില്ല, അതുകൊണ്ടു ചെയ്യാവുന്നതെല്ലാം ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത്. ആ സര്‍ക്കാരിനെ പിരിച്ചുവിട്ടു. 28 മാസമായിരുന്നു ഭരണം. 

സിപിഐ നേതാക്കളായ വെളിയം ഭാര്‍ഗവനും കെഇ ഇസ്മയിലിനുമൊപ്പം/എക്‌സ്പ്രസ് ഫയല്‍
 

പാര്‍ട്ടിയിലെ പിളര്‍പ്പും കേരള വികസനവും

വിമോചനസമരം കഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പിലും കൊട്ടാരക്കരയില്‍ത്തന്നെ മത്സരിച്ചു. തോറ്റുപോയി. ദാമോദരന്‍ പോറ്റിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. 1964-ല്‍ പാര്‍ട്ടി ഭിന്നിച്ചു. ഭിന്നിപ്പിനോട് യോജിപ്പില്ലായിരുന്നതുകൊണ്ടു ഞാന്‍ പാര്‍ട്ടിയില്‍ത്തന്നെ തുടര്‍ന്നു. 1967-ല്‍ ഇടതുമുന്നണി രൂപീകരിച്ചു വീണ്ടും ഇ.എം.എസ്‌സിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തി. വീണ്ടും കൊട്ടാരക്കരയില്‍നിന്നുതന്നെ ഞാന്‍ നിയമസഭയിലുമെത്തി. വലിയ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും ആ ഗവണ്‍മെന്റു പൊളിഞ്ഞുപോയി. അന്നു സി.പി.എം. മുഖ്യശത്രുവായി കണ്ടത് സി.പി.ഐയെ ആണ്. ഒരു മുന്നണിയൊക്കെ ആയിരുന്നെങ്കിലും അങ്ങനെ ചില കുഴപ്പങ്ങളുണ്ടായിരുന്നു. അതാണ് കാലാവധി തികയ്ക്കാതെ ഗവണ്‍മെന്റ് വീഴാന്‍ കാരണം. സി.പി.ഐയുടെ ഉന്നത നേതാക്കളായിരുന്ന എം. എന്റെയും ടിവിയുടെയും (എം.എന്‍. ഗോവിന്ദന്‍ നായരും ടി.വി. തോമസും) പേരില്‍ അന്വേഷണ ഉത്തരവിട്ടു. ഗവണ്‍മെന്റ് പൊളിഞ്ഞപ്പോള്‍ തല്‍ക്കാലം നില്‍ക്കണമെങ്കില്‍ വേറെ എന്തെങ്കിലും സംവിധാനം ഉണ്ടാക്കിയേ ഒക്കുകയുള്ളുവെന്നു ഞങ്ങള്‍ക്കു തോന്നി. അങ്ങനെ അച്യുതമേനോനെ വിളിച്ചുകൊണ്ടുവന്നു. അദ്ദേഹം അന്നു പാര്‍ലമെന്റിലാണ്. നേരത്തേ കാര്യം പറഞ്ഞിരുന്നില്ല. ഇവിടെ വന്നുകഴിഞ്ഞാണ് പറഞ്ഞത്. പാര്‍ട്ടി പ്രതിസന്ധിയിലാണ്, രക്ഷിക്കണം, മുഖ്യമന്ത്രിയാകണം. ആദ്യമൊക്കെ അച്യുതമേനോന്‍ സമ്മതിച്ചില്ല. ഒടുവില്‍ പാര്‍ട്ടി ഒന്നടങ്കം ആവശ്യപ്പെട്ടപ്പോഴാണ് സമ്മതിച്ചത്. അങ്ങനെയാണ് 1969-ലെ സര്‍ക്കാര്‍ വരുന്നത്.
ഭൂനയ പരിഷ്‌കാരം ഒന്നിച്ചു നടപ്പാക്കാന്‍ ഒക്കില്ലെന്നായിരുന്നു അതുവരെ ധരിച്ചിരുന്നത്. അച്യുതമേനോന്‍ സര്‍ക്കാര്‍ വന്ന് ആദ്യം ചെയ്തത് ഭൂനയ പരിഷ്‌കാരം ഒറ്റയടിക്കു നടപ്പാക്കി. ഇത്രയും കോടതികളൊക്കെ എങ്ങനെ ഉണ്ടാക്കും എന്നാണ് പ്രധാനമായും സംശയമുണ്ടായിരുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ബേ്‌ളാക്ക് ഓഫീസുകളും കോടതിയാക്കി. ബേ്‌ളാക്ക് ഓഫീസര്‍മാരെ ഒന്നിച്ചു വിളിച്ചുവരുത്തി പരിശീലനം കൊടുത്തു. എങ്ങനെയാണ് വിധി പ്രഖ്യാപിക്കേണ്ടത്, ഒത്തുതീര്‍പ്പ് എങ്ങനെ എന്നൊക്കെ. മിക്ക കേസുകളും രാജിയായി. പിന്നെ, ആ ഗവണ്‍മെന്റ് പെട്ടെന്നു മാറി. അന്ന് അച്യുതമേനോന്‍ വന്നപ്പോള്‍, അച്യുതമേനോനു നില്‍ക്കാന്‍, മല്‍സരിക്കാന്‍ ഒരു സ്ഥലം വേണം. ലോക്‌സഭയിലായിരുന്നല്ലോ. ആറു മാസത്തിനകം നിയമസഭാംഗമാകണം. ഞാന്‍ കൊട്ടാരക്കര ഒഴിഞ്ഞുകൊടുത്തു. സ്വയം മാറിക്കൊടുക്കുകയായിരുന്നു. എം.എന്‍. പുനലൂര്‍ എം.എല്‍.എ. ആയിരുന്നു. രാജിവയ്ക്കാം എന്ന് എം.എന്‍. പറഞ്ഞു. അപ്പോ, ഞാന്‍ തന്നെയാ പറഞ്ഞത്, അവിടെ ജയിച്ചുവരുമെന്ന് ഉറപ്പുണ്ടോ. പാര്‍ട്ടി പ്രവര്‍ത്തകരെയൊക്കെ വിളിച്ചു ചോദിച്ചു. ആത്മാര്‍ത്ഥമായിട്ട് പ്രവര്‍ത്തിക്കാം, ജയിക്കുമെന്ന് ഉറപ്പില്ല എന്നാണ് അവര്‍ പറഞ്ഞത്. അന്നേരം അപ്പുറത്തായിരുന്ന ആര്‍. ബാലകൃഷ്ണ പിള്ളയും ഈ മുന്നണിയില്‍ കൂടി. കൊട്ടാരക്കരയിലായാല്‍ എന്തായാലും ജയിക്കുമെന്നു ഞാന്‍ പറഞ്ഞു. അങ്ങനെ അവിടെ മത്സരിച്ചു. 26000 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചു. കോണ്‍ഗ്രസ്‌സിലെ ശങ്കരനാരായണ പിള്ള എന്ന അഡ്വക്കേറ്റ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ആ സര്‍ക്കാര്‍ പെട്ടെന്നുതന്നെ പോയി. അടുത്ത തവണ ഇരിങ്ങാലക്കുടയില്‍നിന്നു ജയിച്ച് അച്യുതമേനോന്‍ വീണ്ടും മുഖ്യമന്ത്രിയായി. 1970 തൊട്ട് 1977 വരെ ആ മന്ത്രിസഭ ഭരിക്കുകയും ചെയ്തു. 
കേരള വികസന മാതൃക എന്നു പറയുന്നത് ഉറപ്പിച്ചത് ആ മന്ത്രിസഭയാണ്. 1957-ല്‍ അതിനൊരു പശ്ചാത്തലം ഉണ്ടായി. പക്ഷേ, ''1970-ലെ മന്ത്രിസഭയാണ് കേരള വികസന മാതൃക ഉറപ്പിക്കുന്ന വിധം പ്രവര്‍ത്തിച്ചത്. കാര്‍ഷിക പരിഷ്‌കാരവും ഭൂ നയവും പൂര്‍ണമായി നടപ്പാക്കി. കാര്‍ഷിക പരിഷ്‌കാരം എന്നു പറഞ്ഞാലെന്താ യഥാര്‍ത്ഥത്തില്‍? അന്നുണ്ടായിരുന്ന പ്രധാന സമ്പത്ത് ഭൂമിയാണല്ലോ. അതിന്റെയൊരു നീതിപൂര്‍വകമായ വിതരണം. സാമ്പത്തികമായിട്ടുള്ള ഉച്ചനീചത്വങ്ങള്‍ വളരെക്കുറഞ്ഞു. പിന്നെ, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, തൊഴിലാളികള്‍ക്കുള്ള വേതനം കൂട്ടിയത്, നിരവധി സ്ഥാപനങ്ങളുണ്ടാക്കി, ശ്രീചിത്തിര തിരുനാള്‍ ആശുപത്രി ഉള്‍െപ്പടെ നിരവധി സ്ഥാപനങ്ങള്‍. ഇങ്ങനെ നിരവധി കാര്യങ്ങള്‍ ചെയ്തു. ഇതിന്റെയെല്ലാം ഫലം എന്തായിരുന്നു എന്നുവച്ചാല്‍ കേരളത്തില്‍ യഥാര്‍ത്ഥ വികസനം അഭിവൃദ്ധിപ്പെട്ടു. വികസനത്തെക്കുറിച്ചു രണ്ടു തര്‍ക്കമുണ്ടല്ലോ. ഒന്ന് ആകെ ആഭ്യന്തര ഉല്പാദനത്തിന്റെ (ജി.ഡി.പി.) വളര്‍ച്ചയാണ്. വേറൊന്ന്, ഇപ്പോള്‍ യു.എന്‍.ഒയും അംഗീകരിച്ചിരിക്കുന്നതു മനുഷ്യജീവിതത്തിന്റെ വികാസമാണ് വികസനം എന്നാണ്. ആയുര്‍ദൈര്‍ഘ്യം, സ്ത്രീ പുരുഷ അനുപാതം തുടങ്ങിയ പല മാനദണ്ഡങ്ങളും അതിനുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തേക്കാള്‍ വളരെ മുന്നില്‍ നില്‍ക്കുകയാണ് കേരളം. വികസിത രാഷ്ര്ടങ്ങളുടെ നിലവാരത്തില്‍. അതിന്റെ ക്രെഡിറ്റ് പ്രധാനമായും അച്യുതമേനോന്‍ സര്‍ക്കാരിനാണ്. 

ആ സര്‍ക്കാരിന്റെ കാലത്തുതന്നെയാണ് അടിയന്തരാവസ്ഥയും ഉണ്ടായത്?

അതെ, ആ സര്‍ക്കാരിന്റെ അവസാന കാലത്ത്. 

അത് ഒരു തിരിച്ചടിയായോ. എന്താ ശരിക്കും പാര്‍ട്ടി വിലയിരുത്തിയത്?

അടിയന്തരാവസ്ഥ വന്നപ്പോള്‍ രാജിവയ്ക്കാന്‍ അച്യുതമേനോന്‍ തയ്യാറായതാണ്. അന്നു പാര്‍ട്ടിയാണ് വേണ്ടെന്നു പറഞ്ഞത്. പക്ഷേ, ഒരു കാര്യമുണ്ട്. അച്യുതമേനോന്റെ ആ ഗവണ്‍മെന്റ് ഇരുന്നതുകൊണ്ട് അടിയന്തരാവസ്ഥയുടെ വലിയ കെടുതികളൊന്നും ഇവിടെ വന്നില്ല. അതുകൊണ്ടാണ് 1977-ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും ഭരണത്തിലേക്കു വന്നത്. അച്യുതമേനോന്‍ മത്സരിച്ചില്ല. അദ്ദേഹം സ്വയം പിന്മാറുകയായിരുന്നു.

അടിയന്തരാവസ്ഥയെ സി.പി.ഐ. അനുകൂലിച്ചു?

എതിര്‍ത്തില്ല എന്നു പറയുന്നതായിരിക്കും ശരി.

അടിയന്തരാവസ്ഥയുടെ കെടുതികള്‍ കേരളത്തില്‍ കുറയാന്‍ കാരണം ആ ഗവണ്‍മെന്റാണെന്നു പറഞ്ഞല്ലോ. പക്ഷേ, രാജന്‍, വര്‍ക്കല വിജയന്‍ തുടങ്ങിയ പലരുടെയും മരണം, പൊലീസ് രാജ് തുടങ്ങിയതൊക്കെ അക്കാലത്തു നടന്നില്ലേ. ഇപ്പോഴും വിമര്‍ശനവിധേയമാണല്ലോ ആ നടപടികള്‍?

അതെ. പക്ഷേ, അത് എല്ലാമൊന്നും മന്ത്രിസഭ അറിഞ്ഞായിരുന്നില്ല ചെയ്തത്. ചില പ്രത്യേക ഉദ്യോഗസ്ഥന്മാരെ വച്ച് ആഭ്യന്തര മന്ത്രി എന്ന നിലയില്‍ കരുണാകരന്‍ ചെയ്യിച്ചതാണ്. പാര്‍ട്ടി അറിഞ്ഞിരുന്നില്ല. ആദ്യമൊന്നും അറിഞ്ഞിരുന്നില്ലല്ലോ. സംഭവങ്ങളൊക്കെ അറിയുന്നതു പിന്നീടാണല്ലോ. മുഖ്യമന്ത്രിപോലും പലതും അറിഞ്ഞില്ല. ആഭ്യന്തരവകുപ്പുവച്ചു കരുണാകരന്‍ ശരിക്കും അധികാരമങ്ങു കൈയാളി. 
പിന്നെ, പാര്‍ട്ടിയിലെ ഭിന്നിപ്പാണ് പാര്‍ട്ടിക്ക് ഒരുപാടു ദോഷം ചെയ്തത്. ഭിന്നിപ്പുണ്ടാകുന്നതിനു മുന്‍പു പാര്‍ലമെന്റിലെ മുഖ്യപ്രതിപക്ഷം കമ്യൂണിസ്റ്റു പാര്‍ട്ടിയായിരുന്നല്ലോ. എ.കെ.ജി. പ്രതിപക്ഷ നേതാവായിരുന്നു. ഭിന്നിപ്പു വന്നതിനുശേഷം, ഇന്നു പാര്‍ലമെന്റിലൊക്കെ ഒരു ചെറിയ ശക്തിയല്ലേ. 1953-ല്‍ ഒക്കെ ഞങ്ങള്‍ ധരിച്ചിരുന്നത് ആദ്യം പാര്‍ട്ടി ഗവണ്‍മെന്റ് രൂപീകരിക്കുന്നത് ആന്ധ്രയിലായിരിക്കും എന്നാണ്. ആന്ധ്രയില്‍ പാര്‍ട്ടി ഭിന്നിച്ചതു മൂന്നായിട്ടാ. സി.പി.ഐ. എം.എല്ലും ഉണ്ടായി. ഇന്ന് അവിടെ ചെറിയ ശക്തിയല്ലേ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു രാഷ്ര്ടീയഘടകമല്ലാതായി, മറ്റുപല സംസ്ഥാനങ്ങളിലും പ്രസക്തിയില്ലാത്ത പ്രസ്ഥാനമായി. പഞ്ചാബിലും യു.പിയിലും ബീഹാറിലുമൊക്കെ പാര്‍ട്ടി കാര്യമായി ഉണ്ടായിരുന്നു. ദേശീയതലത്തില്‍ ഇപ്പോഴും നല്ല ശക്തിയായിരുന്നെങ്കില്‍ ഇപ്പോഴീക്കാണുന്ന ന്യൂനപക്ഷ, ദളിത് പീഡനം പോലുള്ള കാര്യങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. 

പിളര്‍പ്പു മാത്രമാണോ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയത്. അതോ ആശയപരമായ ദൗര്‍ബല്യങ്ങളും കൂടിയാണോ?

ആശയപരമായ പ്രശ്‌നങ്ങളൊക്കെ പോയിക്കഴിഞ്ഞു. ഇനിയിപ്പോള്‍ ഈ രാജ്യത്തെ സാധാരണക്കാരനു രക്ഷപ്പെടണമെങ്കില്‍ കമ്യൂണിസ്റ്റു പാര്‍ട്ടികളും സോഷ്യലിസത്തില്‍ വിശ്വസിക്കുന്നവരും എല്ലാം കൂടിയൊരു മഹാപ്രസ്ഥാനമാകണം. കോണ്‍ഗ്രസ്‌സിതര, ബി.ജെ.പി. ഇതര പ്രസ്ഥാനം. ഇടതുമുന്നേറ്റത്തിലേക്കു മാവോയിസ്റ്റുകളെ അടക്കം കൊണ്ടുവരണം. അവര്‍ സായുധകലാപമൊക്കെ മാറ്റിവച്ചു വരണം. അതാണു സി.പി.ഐയുടെ ആഗ്രഹം. കോണ്‍ഗ്രസ്‌സിലെയും പുരോഗമനവാദികള്‍ക്ക് ഇങ്ങു പോരാം. ഇതെന്താന്നുവച്ചാല്‍, ഇപ്പോള്‍ രാജ്യത്തെ വളരെ പുരാതനമായ സംസ്‌കാരത്തിലേക്കു കൊണ്ടുപോവുകയാണ്. ഒരു ബ്രാഹ്മണിക്കല്‍ സംസ്‌കാരം. ചാതുര്‍വര്‍ണ്യം എങ്ങനെ ഭംഗിയായി വീണ്ടും നടപ്പാക്കാം എന്ന ആലോചന. ഈ ഗോസംരക്ഷണ പ്രസ്ഥാനമെന്നൊക്കെ പറഞ്ഞ് ആളുകളെ തല്ലിക്കൊല്ലുന്നവരൊക്കെ ബി.ജെ.പിയുടെ അവാന്തര വിഭാഗങ്ങളില്‍പ്പെട്ടതാണ്.

1969-ല്‍ കൊട്ടാരക്കരയില്‍നിന്നു രാജിവച്ചശേഷം സജീവ പ്രവര്‍ത്തനത്തിന് ഒരു ഇടവേള വന്നോ?

ഞാന്‍ വീണ്ടും വക്കീല്‍പ്പണി ഗൗരവമായിട്ടു തുടങ്ങി. അതിനിടെ ജനയുഗത്തിന്റെ ജനറല്‍ മാനേജരായിരുന്ന ജോര്‍ജ്ജ് മരിച്ചു. ഒരു ദിവസം രാത്രി എം.എന്നും മറ്റും വീട്ടില്‍ വന്നിട്ടു പറഞ്ഞു: തനിക്കു കുറച്ചുകാലം വിശ്രമം തരാന്‍ പോവുകയാണ്. ജനയുഗം ഏറ്റെടുക്കണം. അതൊരു മുള്‍ക്കിരീടമായിരുന്നു. രണ്ടു വര്‍ഷം കൊണ്ടുനടന്നു. 1970 മുതല്‍ 1972 വരെ. അന്നു പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. ജനയുഗത്തില്‍നിന്നു രാജിവച്ചതു സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടിയായിരുന്നു. അന്നാണ് നിക്ഷേപ സമാഹരണം തുടങ്ങിയത്. ഞാനൊരു പദ്ധതി തയ്യാറാക്കി മുഖ്യമന്ത്രി അച്യുതമേനോന്റെയും സഹകരണമന്ത്രി ബേബി ജോണിന്റെയും കൈയില്‍ കൊടുത്തു. അവര്‍ അംഗീകരിച്ചു. അതനുസരിച്ചു ചില ഘടനാപരമായ മാറ്റങ്ങളൊക്കെ വരുത്തി. ഒത്തിരി അടിസ്ഥാനപരമായ ജോലി ചെയ്തു. അന്നു സഹകരണ സംഘങ്ങള്‍ക്കു ശരാശരി ഉണ്ടായിരുന്ന നിക്ഷേപം 50,000 രൂപയായിരുന്നു. അതുതന്നെ നിക്ഷേപമെന്നു പറയാന്‍ പറ്റില്ല. വായ്പ കൊടുക്കുമ്പോള്‍ നിര്‍ബന്ധമായിട്ടു പിടിക്കുന്ന ഫിക്‌സഡ് ഡെപ്പോസിറ്റായിരുന്നു. 20 കോടി സമാഹരിക്കാനാണ് ലക്ഷ്യം വച്ചത്. കൊല്ലം ജില്ലയിലെ കളിയ്‌ക്കോട് വെച്ചു മുഖ്യമന്ത്രി അച്യുതമേനോനാണ് നിക്ഷേപ സമാഹരണം ഉദ്ഘാടനം ചെയ്തത്. 20 കോടിക്കു പകരം ഒറ്റ മാസംകൊണ്ട് 26 കോടി സമാഹരിച്ചു. പക്ഷേ, ഇന്ന് ഒരു പ്രാഥമിക സഹകരണസംഘത്തിന്റെ നിക്ഷേപം 35 കോടിയൊക്കെയാണ്. പിറകോട്ടു പോയിട്ടില്ല. പിന്നീട് 1980-ലെ ഇ.കെ. നായനാര്‍ സര്‍ക്കാരില്‍ ആദ്യമായിട്ടു മന്ത്രിയാകുന്നതുവരെ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. 

അതിനിടയില്‍ ഒരു കാര്യം. ജനയുഗത്തിലെ രണ്ടു വര്‍ഷം മുള്‍ക്കിരീടമാണെന്നു പറയാനെന്താ കാരണം?

പണമില്ലായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍. ഞാന്‍ രണ്ടു കൊല്ലം ജനയുഗം നടത്തിയപ്പോഴും പാര്‍ട്ടി ഒരു സാമ്പത്തിക സഹായവും ചെയ്തില്ല. പത്രം പക്ഷേ, പുറകോട്ടൊന്നും പോയില്ല. ജനയുഗം വാരികയ്ക്കായിരുന്നു ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷന്‍ ഉണ്ടായിരുന്നത്. ബാലയുഗവും സിനിരമയുമൊക്കെ നന്നായി പോയിരുന്നു.
1980-ല്‍ മന്ത്രിയായത്, എന്റെ തലയില്‍ വച്ചുതരികയായിരുന്നു. ചടയമംഗലത്തുനിന്നാണ് ജയിച്ചത്. 1977-ലും അവിടെനിന്നാണു ജയിച്ചത്. നായനാര്‍ സര്‍ക്കാരില്‍ എനിക്ക് ഭക്ഷ്യവകുപ്പായിരുന്നു. എനിക്കാണെങ്കില്‍ ആ ബിസിനസൊന്നും അറിയുകയുമില്ല. വലിയ ഭയപ്പാടായിരുന്നു. ഞാന്‍ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നപ്പോള്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് ബാങ്ക്‌സിന്റെയും പ്രസിഡന്റായിരുന്നു. അതെല്ലാം രാജിവച്ചു വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താന്‍ തീരുമാനിച്ചു. അക്കാലത്താണ് ഓണച്ചന്തകളും മാവേലി സ്‌റ്റോറുകളും തുടങ്ങിയത്. അതൊരു വലിയ ഇംപാക്ട് ആണ് ഉണ്ടാക്കിയത്. അന്നു തൃശ്ശൂരിലെ വ്യാപാരിവ്യവസായികള്‍ അതിനു ബദലായി വാമനന്‍ സ്‌റ്റോറുണ്ടാക്കി. മാവേലിക്കു പകരം. അതൊക്കെ പോയി. സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നതിന്റെ വലിയ ഒരു ഉദാഹരണമായി മാവേലി മാറി. പക്ഷേ, പിന്നീട് അതേപോലെ കൊണ്ടുപോയിട്ടില്ല. ആ ഗവണ്‍മെന്റ് രണ്ടു വര്‍ഷമാണു നിന്നത്. പിന്നീട് 1987-ലാണു വീണ്ടും ഇടതുമുന്നണി സര്‍ക്കാര്‍ വന്നത്. അന്നേരവും ഞാനായിരുന്നു ഭക്ഷ്യമന്ത്രി. മൃഗസംരക്ഷണവും ഡയറിയും കൂടി ഉണ്ടായിരുന്നു. മാവേലി സ്റ്റോറുകള്‍ പഞ്ചായത്തുകളിലേക്കു വ്യാപിപ്പിച്ചത് അക്കാലത്താണ്. അതിനു മുന്‍പു താലൂക്കു തലത്തില്‍ മാത്രമാണ് ഉണ്ടായിരുന്നത്. 

മാവേലി സ്റ്റോര്‍ സ്വന്തം ആശയം ആയിരുന്നോ?

മാവേലി എന്നു പേരിട്ടതു ഞാനാണ്. ഐഡിയ ഉദ്യോഗസ്ഥന്മാരുള്‍പ്പെടെ ചേര്‍ന്നാണുണ്ടാക്കിയത്. അന്നു സിവില്‍ സപൈ്‌ളസ് കോര്‍പ്പറേഷന്‍ എം.ഡി. കെ.എം. ചന്ദ്രശേഖരനായിരുന്നു. പല പേരുകളും ആലോചിച്ചു. മഹാബലിയുടെ കാലത്തല്ലേ എല്ലാവര്‍ക്കും നീതി കിട്ടിയിരുന്നത്. അതുകൊണ്ട് ആ പേര് ഇടാന്‍ തീരുമാനിച്ചു. ഓണച്ചന്തകളുടെ വിജയമാണ് മാവേലി സ്‌റ്റോറുകള്‍ തുടങ്ങാന്‍ പ്രേരണയായത്. ആദ്യത്തെ മാവേലി സ്റ്റോര്‍ തിരുവനന്തപുരത്തു പഴവങ്ങാടിയില്‍ നായനാരാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് 1987, 1991-ലെ സര്‍ക്കാര്‍ താലൂക്ക് അടിസ്ഥാനത്തില്‍ മാവേലി മെഡിക്കല്‍ സ്‌റ്റോറുകള്‍ തുടങ്ങി. 

ഇടവേളയും തിരിച്ചുവരവും

നായനാരുടെയും ബേബി ജോണിന്റെയും കൂടെ കേന്ദ്രമന്ത്രിമാരെ കാണാന്‍ ഡല്‍ഹിക്കു പോയപ്പോഴായിരുന്നു ആദ്യത്തെ ഹാര്‍ട്ട് അറ്റാക്ക്. ഡോ. വല്യത്താന്‍ ആ വിമാനത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ ക്ഷീണിച്ചു കിടന്നപ്പോള്‍ അദ്ദേഹം വന്നു നോക്കി. അങ്ങനെയാണ് ഹാര്‍ട്ട് അറ്റാക്കാണെന്നു മനസ്‌സിലായത്. വേഗം ഹിന്ദുജ ആശുപത്രിയിലേക്ക് അറിയിപ്പു കൊടുത്തു. വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ഹിന്ദുജയില്‍നിന്നു വാന്‍ വന്നു കാത്തുകിടക്കുന്നുണ്ടായിരുന്നു. അതില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. കുറേ ദിവസം അവിടെ കിടന്നു. അതുകഴിഞ്ഞു സജീവമല്ലായിരുന്നു. ഒരു ടേം തെരഞ്ഞെടുപ്പു രംഗത്തുനിന്നു മാറിനിന്നു. 1991-ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. എന്നെ നോക്കിക്കൊണ്ടിരുന്ന ഡോ. ഗിരിജ ബൈപ്പാസ് സര്‍ജറി വേണമെന്നു പറഞ്ഞു. മദ്രാസില്‍ ഡോ. ചെറിയാന്റെ ആശുപത്രിയിലാണ് സര്‍ജറി നടത്തിയത്. അതിനുശേഷം വീണ്ടും ആക്റ്റീവായി. 1996-ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു. വീണ്ടും നായനാര്‍ സര്‍ക്കാര്‍; ഞാന്‍ മൂന്നാം വട്ടവും മന്ത്രി. അന്നു ഭക്ഷ്യവകുപ്പിനു പുറമേ ടൂറിസവുമുണ്ടായിരുന്നു. അന്നു ടൂറിസം എന്നു പറഞ്ഞാല്‍ ഒരു 'ഗ്രേറ്റ് ട്രയാങ്കിള്‍' ആയിരുന്നു. കശ്മീര്‍, ആഗ്ര, രാജസ്ഥാന്‍. അത്രേയുള്ളായിരുന്നു. കേരളത്തെയും ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ അന്തര്‍ദേശീയ പത്രങ്ങളുടെയൊക്കെ പ്രതിനിധികളെ ഇവിടേക്കു ക്ഷണിച്ചുവരുത്തി ടൂറിസം വകുപ്പിന്റെ അതിഥികളായിട്ടു സ്ഥലങ്ങളൊക്കെ കൊണ്ടു കാണിച്ചു. അതുകഴിഞ്ഞ് അവരുടെയെല്ലാം റിപ്പോര്‍ട്ടുകള്‍ വന്നു. കേരളവും വിനോദസഞ്ചാരികള്‍ കാണേണ്ട സ്ഥലം എന്ന്. അതോടെ കൂടുതല്‍ ടൂറിസ്റ്റുകള്‍ വരാന്‍ തുടങ്ങി. ടൂറിസം മാര്‍ട്ട് ലണ്ടനിലൊക്കെയേ ഉണ്ടായിരുന്നുള്ളു. മാര്‍ട്ടിന് എവിടെയെങ്കിലും പോകണമെന്നു ടൂറിസം സെക്രട്ടറിയായിരുന്ന അമിതാഭ് കാന്ത് പറയുമായിരുന്നു. ഞാന്‍ സജസ്റ്റ് ചെയ്തു, എന്തുകൊണ്ടു സ്വകാര്യ മേഖലയും സര്‍ക്കാരും ചേര്‍ന്നു നമുക്കൊരു ടൂറിസം മാര്‍ട്ട് തുടങ്ങിക്കൂടാ. കൊച്ചിയില്‍ ആദ്യത്തെ കേരള ടൂറിസം മാര്‍ട്ട് തുടങ്ങുകയും ചെയ്തു. നാനൂറോളം പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. അവരെ സ്ഥലങ്ങളൊക്കെ കാണിച്ചു. അതൊരു വലിയ വിജയമായിരുന്നു. പിന്നെ തെന്മല എക്കോ ടൂറിസം, കെ.റ്റി.ഡി.സിയുടെ വകയായി കുമരകത്ത് 40 കോട്ടേജുകള്‍, ഇടുക്കിയില്‍ 42 മുറികളുള്ള ഹോട്ടല്‍, എറണാകുളത്തെ ബോള്‍ഗാട്ടി പാലസ് അഴിച്ചുപണിത് അവിടെ മുറികളും സ്വിമ്മിംഗ് പൂളുമെല്ലാം ഉണ്ടാക്കി, ബേക്കല്‍ ടൂറിസം തുടങ്ങി നിരവധി പദ്ധതികള്‍. സി.കെ. ചന്ദ്രപ്പനായിരുന്നു ഞങ്ങളുടെ കാലത്തു കെ.റ്റി.ഡി.സി. ചെയര്‍മാന്‍. ഞാന്‍ അധികാരത്തില്‍ വരുമ്പോള്‍ കെ.റ്റി.ഡി.സി. കോടികള്‍ നഷ്ടത്തിലായിരുന്നു. അഞ്ചു കൊല്ലംകൊണ്ടു നഷ്ടം നികത്തി ലാഭത്തിലാക്കി. എന്റെ പീരിയഡില്‍ അവസാനത്തെ മൂന്നു വര്‍ഷവും ഏറ്റവും നന്നായി ടൂറിസം പദ്ധതികള്‍ നടപ്പാക്കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിനായിരുന്നു. അക്കാലത്തുതന്നെയാണ് ഉച്ചക്കഞ്ഞി കഴിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിനും റംസാനും ക്രിസ്തുമസ്‌സിനും അഞ്ചു കിലോ വീതം അരി സൗജന്യമായി കൊടുത്തത്. അന്നു കേരളത്തിലെ പാല്‍ ഉല്പാദനം ആവശ്യത്തെക്കാള്‍ കൂടുതലായിരുന്നു. ഗുജറാത്തിലെ അമൂലിന്റെ മേധാവി ഡോ. കുര്യന്‍ ഇവിടെ വന്ന് എന്നെ ക്ഷണിച്ചിരുന്നു. വരാം, പക്ഷേ, കേരളത്തിന് ഒരു പാല്‍പ്പൊടി ഫാക്ടറി തരണം എന്നു ഞാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അതു സമ്മതിച്ചു. ഞാന്‍ പോയി കരാറുണ്ടാക്കി. അങ്ങനെയാണ് അരൂരില്‍ പാല്‍പ്പൊടി ഫാക്ടറി വന്നത്. പാല്‍ ഉല്പാദനം പിന്നെ അതുപോലെ വന്നിട്ടില്ല.

ടൂറിസം മന്ത്രി എന്ന നിലയ്ക്കു വിദേശയാത്രകളൊക്കെ നടത്തിയിട്ടുണ്ടാകുമല്ലോ. എവിടെയൊക്കെ...?

ഞാന്‍ എങ്ങും പോയിട്ടില്ല. പോകാനുള്ള മടികൊണ്ടാണ് ടൂറിസം മാര്‍ട്ട് ഇവിടെ നടത്തിയത്. പൊതുവേ വിദേശയാത്രകളോട് താല്പര്യം കുറവായിരുന്നു. പക്ഷേ, പോകേണ്ടിവന്നിട്ടുണ്ട്. സഹകരണ മേഖലയിലെ ദേശീയ ഭാരവാഹിത്വത്തിന്റെ ഭാഗമായി അന്താരാഷ്ര്ട സഹകരണ സമ്മേളനങ്ങള്‍ക്ക് ലണ്ടന്‍, കോപ്പന്‍ഹേഗന്‍, ബ്രസീലിലെ റയോ ഇവിടെയൊക്കെ പോയി. 

മന്ത്രിയായ മൂന്നു തവണയും ഇ. കെ. നായനാര്‍ ആയിരുന്നല്ലോ മുഖ്യമന്ത്രി. അദ്ദേഹത്തെക്കുറിച്ച് എന്താണ് അഭിപ്രായം?

കൂട്ടുമന്ത്രിസഭ കൊണ്ടുനടക്കാന്‍ പറ്റിയ ആളായിരുന്നു. വ്യത്യസ്ത നിലപാടുകള്‍ ഉള്ളവരെയെല്ലാം യോജിപ്പിച്ചു കൊണ്ടുപോകാന്‍ അദ്ദേഹം സമര്‍ത്ഥനായിരുന്നു. എന്നോട് വലിയ വിശ്വാസമായിരുന്നു, പൂര്‍ണവിശ്വാസം. വേറെ കുഴപ്പത്തിലൊന്നും കൊണ്ടു ചാടിക്കുകേല എന്ന് ഉറപ്പുണ്ടായിരുന്നു അദ്ദേഹത്തിന്. കാബിനറ്റ് ബ്രീഫിങിന് ഞാനുംകൂടി ചെല്ലണം എന്നു നിര്‍ബന്ധമായിരുന്നു. 

മുഖ്യമന്ത്രിക്കു രാഷ്ര്ടീയം പറയാനുള്ള അവസരം കൂടിയായി നായനാര്‍ കാബിനറ്റ് ബ്രീഫിങിനെ നന്നായി ഉപയോഗിച്ചിരുന്നല്ലോ. ഇപ്പോള്‍ ബ്രീഫിങു തന്നെ വേണ്ടെന്നു വച്ചിരിക്കുകയാണ്?

കാബിനറ്റ് ബ്രീഫിങ് വേണ്ട, പക്ഷേ, തീരുമാനങ്ങള്‍ പിന്നെ കൊടുക്കാം എന്നാണല്ലോ പിണറായിയുടെ തീരുമാനം. ഇതും ഒരു പരീക്ഷണമാണ്.

മുന്നണിയായി വീണ്ടും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ശേഷവും സി.പി.ഐയെ ഒന്ന് ഇടിച്ചുതാഴ്ത്തുന്ന രീതിയാണോ സി.പി.എം. ഇപ്പോഴും സ്വീകരിക്കുന്നത്?

ആദ്യം ഉണ്ടായിരുന്നു. അതാണല്ലോ 1967-ലെ ഗവണ്‍മെന്റ് താഴെപ്പോകാന്‍ കാരണം. പക്ഷേ, ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. എന്റെ വിശ്വാസം ഈ ഇടതുപാര്‍ട്ടികള്‍ എല്ലാം കൂടി ഒരു വലിയ പ്രസ്ഥാനമായി മാറണം എന്നാണ്. 

കുടുംബത്തിലെ രാഷ്ര്ടീയം എങ്ങനെയായിരുന്നു?

അച്ഛന്‍ എ. ഈശ്വര പിള്ള ശ്രീമൂലം അസംബ്‌ളി അംഗമായിരുന്നു. ഒരു രൂപ കരംതിരിവുള്ളതുകൊണ്ട്. അന്നു കരം അടയ്ക്കുന്നവരില്‍നിന്നായിരുന്നു ജനപ്രതിനിധികളെ തെരഞ്ഞെടുത്തിരുന്നത്. അതുകഴിഞ്ഞ് ഒരു തവണ ശ്രീചിത്തിര സ്‌റ്റേറ്റ് കൗണ്‍സില്‍ അംഗമായിരുന്നു. അഞ്ചു രൂപ കരംതിരിവ് വോട്ട്. കൊട്ടാരക്കര, പത്തനാപുരം, ചെങ്കോട്ട താലൂക്കുകളെയാണ് പ്രതിനിധീകരിച്ചിരുന്നത്. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള തെരഞ്ഞെടുപ്പില്‍ പട്ടം താണുപിള്ളയൊക്കെ ചേര്‍ന്ന് എന്‍.എസ്.എസ്‌സിന് കോണ്‍ഗ്രസ് എട്ട് സീറ്റ് കൊടുത്തു. അതിലൊന്നു കൊട്ടാരക്കരയായിരുന്നു. അച്ഛന്‍ അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. എതിരുണ്ടായിരുന്നില്ല. 1948 മുതല്‍ 1952 വരെ കൊട്ടാരക്കരയെ പ്രതിനിധീകരിച്ചു. പിന്നീട് മത്സരിച്ചില്ല. അച്ഛന്റെ പ്രതാപവും സ്വാധീനവും എന്റെ പിന്നീടുള്ള വിജയത്തെയൊക്കെ കുറച്ചു സഹായിച്ചുണ്ട്. 

കമ്യൂണിസ്റ്റ് ആയപ്പോള്‍ എന്തായിരുന്നു പ്രതികരണം?

ആദ്യം അറിഞ്ഞുകൂടായിരുന്നു. പിന്നീട് മനസ്‌സിലായപ്പോള്‍ എതിര്‍ത്തിട്ടു കാര്യമില്ലെന്ന് അച്ഛനു മനസ്‌സിലായി. അമ്മ മീനാക്ഷിയമ്മയ്ക്കു രാഷ്ര്ടീയമൊന്നും അറിയില്ലായിരുന്നു. നാലു മക്കളില്‍ മൂത്തതായിരുന്നു ഞാന്‍. നേരേ ഇളയ അനിയന്‍ കൃഷ്ണനുണ്ണി ഇപ്പോഴില്ല. ഇവിടെ നിന്നു ബി.എസ്.സിയും ബോംബെയില്‍നിന്ന് എം.എസ്.സിയും പാസ്‌സായി. ലണ്ടനില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ഒരു വര്‍ഷത്തെ കോഴ്‌സു ചെയ്തു. നാട്ടില്‍ അച്ഛന്‍ തുടങ്ങിയ സ്‌കൂളില്‍ ഹെഡ്മാസ്റ്ററായിരുന്നു. ഇളയ അനിയന്‍ രാജേന്ദ്രന്‍ എം.എല്‍.എയുമൊക്കെ ആയിരുന്നു. അവനും മരിച്ചുപോയി. സഹോദരി നിര്‍മല കൊട്ടാരക്കരയില്‍ കുടുംബസമേതം താമസിക്കുന്നു. ഭര്‍ത്താവ് ജയന്‍ പിള്ള. 

ഒന്നാം നിയമസഭയില്‍ അംഗമായിരുന്നവരില്‍ ഇപ്പോള്‍ കെ.ആര്‍. ഗൗരിയമ്മയുമുണ്ട്?

അതെ, ഗൗരിയമ്മയും ഞാനുമാണുള്ളത്. ഇപ്പോള്‍ തമ്മില്‍ ബന്ധമൊന്നുമില്ല. 1957-ല്‍ നല്ല ബന്ധമായിരുന്നു. അന്ന് അവര്‍ ലാന്‍ഡ് റവന്യു മന്ത്രിയായിരുന്നല്ലോ. 

കേരള കോണ്‍ഗ്രസ്‌സിനെ എല്‍.ഡി.എഫില്‍ എടുക്കേണ്ട എന്നു സി.പി.ഐ. പറഞ്ഞപ്പോള്‍ അവര്‍ പ്രതികരിച്ചത് സി.പി.ഐ. ലോക്‌സഭാ സീറ്റു വിറ്റ പാര്‍ട്ടിയാണ് എന്നാണ്. ആ പേരുദോഷം പാര്‍ട്ടിക്കു വലിയ നാണക്കേടുണ്ടാക്കിയില്ലേ?

ഓ, കാര്യമൊന്നുമില്ല. മാണി എന്തെല്ലാം രാഷ്ര്ടീയ അഭ്യാസങ്ങള്‍ കാണിച്ചിരിക്കുന്നു. അതുകൊണ്ടു സി.പി.ഐ. മാണിയെക്കുറിച്ച് എടുത്ത നിലപാടില്‍ അതിശയമൊന്നുമില്ല. മാണി വലിയ അഴിമതി നടത്തി എന്നാണ് പാര്‍ട്ടി പറഞ്ഞത്. അങ്ങനെയുള്ള ഒരാളിനെ എല്‍.ഡി.എഫില്‍ കൊണ്ടുവരുന്നതു ശരിയല്ല. അതു വളരെ വ്യക്തമായ നിലപാടാണ്. സീറ്റ് വിറ്റു എന്നൊക്കെ പറയുന്നതു വെറുതെയാണ്. അന്ന് ഒരു നാടാര്‍ ക്രിസ്ത്യാനിയെ നിര്‍ത്തിയാല്‍ ജയിക്കും എന്നു വിചാരിച്ചാണ് ബെന്നറ്റ് ഏബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കി ശ്രമിച്ചത്. അതു പരാജയമായി. രാഷ്ര്ടീയ തീരുമാനത്തിന്റെ പരാജയം. അത്രയേ ഉള്ളൂ. ഇയാളായാല്‍ ജയിക്കും എന്നു പറഞ്ഞ് ആ ഇയാളുടെ പേരുംകൊണ്ടു നടന്നവര്‍ക്കെതിരെ അന്വേഷിച്ചു നടപടി എടുത്തതു പാര്‍ട്ടിതന്നെയാണല്ലോ. ചിലരൊക്കെയുണ്ട്. ആ സംഭവം പാര്‍ട്ടിക്കു ശകലം വിഷമമുണ്ടാക്കി. പിന്നെ, മാണിയോട് സി.പി.എം. വലിയ അനുകൂല നിലപാടൊന്നും എടുത്തിട്ടില്ല. എനിക്കു തോന്നുന്നതു തെരഞ്ഞെടുപ്പിനു യോജിക്കാം എന്നല്ല, പ്രശ്‌നാധിഷ്ഠിത യോജിപ്പാകാം എന്നാണ് അവരും പറയുന്നത്. അതുപോലും സി.പി.ഐ. പ്രോത്സാഹിപ്പിക്കുന്നില്ല. അഴിമതിക്കാരനായ ഒരാളുമായി സമരങ്ങളില്‍ സഹകരിക്കുന്നത് എങ്ങനെയാണ്.

എംഎ ബേബിയില്‍നിന്ന് സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് ഏറ്റുവാങ്ങുന്നു/എക്‌സ്പ്രസ് ഫയല്‍
 

രാഷ്ര്ടീയത്തിനപ്പുറം എന്തൊക്കെയായിരുന്നു അഭിരുചികള്‍?

സ്‌കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോള്‍ ഫുട്‌ബോള്‍ കളിക്കാനൊക്കെ പോകുമായിരുന്നു. വായനയുണ്ട്. പുസ്തകങ്ങള്‍ എഴുതി. ഹിന്ദുമതം, ഹിന്ദുത്വം എന്ന പുസ്തകത്തിന് ഇപ്പോള്‍ നാലു പതിപ്പുകളായി. കേരള വികസന മാതൃക ഇനി എങ്ങോട്ട്, ചിതറിയ ചിന്തകള്‍ എന്ന പേരില്‍ ഒരു ലേഖന സമാഹാരം. ഹിന്ദുമതം, ഹിന്ദുത്വം എന്ന പുസ്തകത്തിന് ഇന്നേവരെ ആരും ഒരു വിമര്‍ശനവും ഉന്നയിച്ചിട്ടില്ല; അതില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക്. ബി.ജെ.പിയുടെ രാഷ്ര്ടീയത്തെ ശക്തിയായി എതിര്‍ക്കുന്ന പുസ്തകമാണ് അത്. യഥാര്‍ത്ഥ ഹിന്ദുമതമല്ല ഇവരു പറയുന്ന ഹിന്ദുത്വം. വേദങ്ങളും ഉപനിഷത്തുകളുമൊക്കെ വായിച്ചു മനസ്‌സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അത് എഴുതിയത്. വയലാറിന്റെയും ഒ.എന്‍.വിയുടെയുമൊക്കെ ഗാനങ്ങള്‍, അതില്‍ത്തന്നെ ദേവരാജന്‍ ഈണം നല്‍കിയ ഗാനങ്ങള്‍... അതൊക്കെ ഇഷ്ടമാണു കേള്‍ക്കാന്‍. മുന്‍പു നോവലുകളൊക്കെ വായിച്ചിരുന്നു. ഇപ്പോഴില്ല. രാഷ്ര്ടീയമായ വായന എപ്പോഴുമുണ്ട്. അമര്‍ത്യാസെന്നിന്റെ രണ്ടു പുസ്തകങ്ങളും വായിച്ചു. 

കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ചയെ എങ്ങനെ കാണുന്നു?

അവര് വലിയ ശക്തിയാകുന്നൊന്നുമില്ല കേരളത്തില്‍. നേമത്ത് രാജഗോപാല്‍ ജയിച്ചത് യു.ഡി.എഫുകാര്‍ അവരുടെ സ്ഥാനാര്‍ത്ഥിയെ കാല് വാരിയതുകൊണ്ടാണ്. കോണ്‍ഗ്രസ് ജനതാദളിനു വോട്ടു ചെയ്തില്ല. അതൊരു രാഷ്ര്ടീയ വിജയമല്ല. എന്നു മാത്രമല്ല, ഇടക്കാലത്തു പിന്നാക്ക സമുദായങ്ങളെയും ദളിതരെയുമൊക്കെ അവരുടെ കൂടെ കൊണ്ടുവരാന്‍ ശ്രമിച്ചു കുറച്ചൊക്കെ വിജയിച്ചിരുന്നു. ഇപ്പോള്‍ അതെല്ലാം പോയി. ദളിത് വിരോധികളാണ് ഇവര്‍ എന്നുള്ളതു വ്യക്തമായി. വെള്ളാപ്പള്ളിയെ ഉപയോഗിച്ച് ഈഴവസമുദായത്തെ മാറിച്ചിന്തിപ്പിക്കാന്‍ നടത്തിയ ശ്രമവും വിജയിച്ചില്ല. തെരഞ്ഞെടുപ്പില്‍ അത് കണ്ടല്ലോ. ബി.ജെ.പി. കുറച്ചു വളരും. അത് അവര്‍ക്കു ഗുണം ചെയ്യുന്നതുപോലെ ദോഷവും ചെയ്യും. ബി.ജെ.പിയെ എങ്ങനെയെങ്കിലും തോല്പിക്കണം എന്നു ന്യൂനപക്ഷങ്ങള്‍ വാശി കാണിക്കും. ഇടതുപക്ഷം വഹിക്കേണ്ട റോള്‍ കൂടുതലായി. ഈ വര്‍ഗ്ഗീയ അജന്‍ഡയ്‌ക്കെതിരെ ശക്തമായ മൂവ്‌മെന്റ് ഉണ്ടാക്കണം.

പുതിയ തലമുറയിലെ രാഷ്ര്ടീയക്കാരെക്കുറിച്ച് എന്താണ് അഭിപ്രായം?

വിശാലമായ സോഷ്യലിസ്റ്റു പ്രസ്ഥാനം ഉണ്ടാക്കാന്‍ ശ്രമിക്കണം എന്നാണ് എനിക്കു പറയാനുള്ളത്. നേരത്തേ രാഷ്ര്ടീയത്തില്‍ വ്യക്തിപരമായ സംശുദ്ധിയും ആദര്‍ശവുമൊക്കെ ഉണ്ടായിരുന്നു. ഇടയ്ക്കിടെ വരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റുകളാണ് അത് ഇല്ലാതാക്കിയത്. കഴിഞ്ഞ ഗവണ്‍മെന്റ് എന്തായിരുന്നു. രാഷ്ര്ടീയത്തെ മുഴുവന്‍ അഴിമതിയില്‍ മുക്കി ശരിപ്പെടുത്തി. ഇടതുപക്ഷം അതില്‍നിന്നു മിക്കവാറും മുക്തമാണ്. വല്ല ഒറ്റപ്പെട്ട എതിര്‍ സംഭവങ്ങളുണ്ടാകാം എന്നേയുള്ളു. വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ ഞാനൊക്കെ പഠിച്ചിരുന്ന കാലത്തെക്കാള്‍ ശക്തമാണ് ഇപ്പോള്‍. പക്ഷേ, വ്യക്തമായ ലക്ഷ്യബോധം ഇല്ലാതായിപ്പോകുന്നു.

കേന്ദ്രഭരണം?

അതൊരു ഫ്രോഡ് ഗവണ്‍മെന്റാണ്. ചുമ്മാ പ്രചരണം നടത്തുക, പ്രധാനമന്ത്രി ഊരുചുറ്റുക. ഇന്ത്യയുടെ വികസനത്തെക്കുറിച്ചുള്ള അവരുടെ സങ്കല്പം കോണ്‍ഗ്രസ്‌സിന്റെ അവസാനകാലം പോലെ തന്നെയാണ്. വിദേശത്തുനിന്നു വന്ന് ഇവിടെ വ്യവസായം ഉണ്ടാക്കി വിദേശത്തു വില്‍ക്കുക എന്നതാണ് നയം. നേരേമറിച്ച് ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ ക്രയശേഷി വര്‍ധിക്കുമെങ്കില്‍ ഇന്ത്യ അസാമാന്യ വേഗതയില്‍ വളരും. കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളുമാണ് ഭൂരിപക്ഷവും. അവരുടെ സ്ഥിതി ദയനീയമാണ്. ആത്മഹത്യകളാണ് നടക്കുന്നത്. കാര്‍ഷിക മേഖലയിലാകെ പുനഃസംവിധാനം ആവശ്യമാണ്. പൊതുമേഖല സ്വകാര്യവല്‍ക്കരിക്കുന്നതു ശരിയല്ല.
 
കേരളം കണ്ട മികച്ച ഭരണാധികാരികള്‍ ആരൊക്കെയാണ് അങ്ങയുടെ നിരീക്ഷണത്തില്‍?

ഒന്നാമത് സി. അച്യുതമേനോന്‍ തന്നെ. പിന്നെ ഇ.എം.എസ്., എം.എന്നും ടി.വിയും. നായനാരുമുണ്ട്. ഞങ്ങള്‍ ഒന്നിച്ച് ഉണ്ടായിരുന്നവരാണല്ലോ.

വിഎസ്., പിണറായി?

വി.എസ്‌സിനു വി.എസ്‌സിന്റേതായ പ്രവര്‍ത്തനശൈലി ഉണ്ട്. അതിന്റെ അര്‍ത്ഥം മറ്റുള്ളവരെല്ലാം കുഴപ്പക്കാരാണ് എന്നല്ല. പാര്‍ട്ടി വിട്ടൊന്നും വി.എസ്. പോകില്ല. ഒന്നാം നിയമസഭയില്‍ വി.എസ്. ഇല്ല. 1967-ല്‍ ആണ് അദ്ദേഹം വരുന്നത്. പാര്‍ട്ടി ഒന്നിച്ചായിരുന്നപ്പോഴും ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമില്ല. അതിന് അവസരം ഉണ്ടായിട്ടില്ല. ഞാന്‍ കൊട്ടാരക്കര, കൊല്ലം മേഖലയിലും വി.എസ്. ആലപ്പുഴയിലുമായിരുന്നല്ലോ. പിന്നീടും അടുത്തു ബന്ധമില്ല. സി.പി.എമ്മില്‍ എല്ലാവരുമായും ലോഹ്യമൊക്കെയാണെങ്കിലും പ്രത്യേകിച്ച് അടുപ്പമുള്ള നേതാവ് എന്നു പറയാന്‍ ഒരാളില്ല. പിണറായി വിജയനുമായി നേരത്തേ ലോഹ്യമായിരുന്നു. ഞങ്ങള്‍ ഒരു മന്ത്രിസഭയില്‍ ഉണ്ടായിരുന്നു. 1996-ലെ നായനാര്‍ സര്‍ക്കാരില്‍. നല്ല മന്ത്രിയായിരുന്നു. വൈദ്യുതിയും സഹകരണവുമായിരുന്നല്ലോ വകുപ്പുകള്‍.

ശ്രീകുമാരന്‍ തമ്പി, ഒഎന്‍വി, പെരുമ്പുഴ ഗോപാലകൃഷ്ണന്‍, എംകെ അര്‍ജുനന്‍, ജി വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്തെ വേദിയില്‍/എക്‌സ്പ്രസ് ഫയല്‍
 

പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സി.പി.എം. വളരുകയും സി.പി.ഐയ്ക്കു വേണ്ടത്ര വളര്‍ച്ചയുണ്ടാകാതെ പോവുകയും ചെയ്തതിനെ എങ്ങനെയാണു കാണുന്നത്?

ഭിന്നിപ്പു വന്നപ്പോള്‍ പാര്‍ട്ടിയുടെ 'ഇവിടുത്തെ' നേതാക്കള്‍ ആ ഭിന്നിപ്പിനെക്കുറിച്ച് ജനങ്ങളോട് ഒന്നും പറയാന്‍ പോയില്ല. അതേസമയം ഭിന്നിച്ചവര്‍ പാര്‍ട്ടി അണികളില്‍ നല്ലവണ്ണം പ്രവര്‍ത്തിച്ചു. ഭിന്നിപ്പു വിശദീകരിക്കുന്നതില്‍ പാര്‍ട്ടിക്കു പരാജയമുണ്ടായി. ഭിന്നിപ്പു ശരിയല്ലെന്നു സ്ഥാപിക്കാന്‍ സാധിച്ചില്ല. പക്ഷേ, ഇപ്പോള്‍ സാധിച്ചു. ഭിന്നിച്ചു പോയവര്‍ പശ്ചിമ ബംഗാളില്‍ മാത്രമേ വലിയ പാര്‍ട്ടിയായുളളു, പിന്നെ ഇവിടെയും. ബാക്കിയുള്ളിടത്തൊന്നുമില്ല. 

തല്‍ക്കാലത്തേക്കു പറഞ്ഞ് അവസാനിപ്പിച്ച് ഇ. ചന്ദ്രശേഖരന്‍ നായര്‍ നിശ്ശബ്ദനാകുന്നു. ഇരുപതു വര്‍ഷം മുന്‍പു നാട്ടിലുള്ളതു വിറ്റു കവടിയാര്‍ പണ്ഡിറ്റ് കോളനിയില്‍ വാങ്ങിയ വീട്ടുമുറ്റത്തെ വലിയ മാങ്കൊമ്പിന്റെ തണല്‍വീണ രണ്ടാം നില ബാല്‍ക്കണിയിലെ ചാരുകസേരയില്‍ അദ്ദേഹം വാര്‍ധക്യകാല വിശ്രമത്തിലല്ല; കാലത്തു മുതല്‍ കാര്യങ്ങളോരോന്നും കണ്ടും കേട്ടും നാടിനൊപ്പം സഞ്ചരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com