ഗോഡ്‌സെയുടെ പിസ്റ്റളിന് ഇനിയും ദാഹമടങ്ങിയിട്ടില്ല

വര്‍ഗീയത കൊടികുത്തി വാഴുന്ന ഇക്കാലത്ത് എതിര്‍ത്തുപോയാല്‍ അപ്പോള്‍ അവരുടെ തോക്കിന്‍കുഴലുകള്‍ തീ തുപ്പും
ഗോഡ്‌സെയുടെ പിസ്റ്റളിന് ഇനിയും ദാഹമടങ്ങിയിട്ടില്ല

ശയങ്ങളുടെ പേരില്‍, അക്ഷരങ്ങളുടെ പേരില്‍ കല്‍ബുര്‍ഗി ഹൈന്ദവ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടിട്ട് ആഗസ്റ്റിലാണ് രണ്ടു വര്‍ഷം പൂര്‍ത്തിയായത്. ഇതാ അടുത്തയാള്‍ ഗൗരീ ലങ്കേഷ്... ലങ്കേഷ് പത്രിക എന്ന വീക്കിലി ടാബ്‌ളോയ്ഡ് മാസികയുടെ പത്രാധിപ. കല്‍ബുര്‍ഗിയെ കൊന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്ന ആവശ്യമുന്നയിച്ച് നിരന്തരമായ പോരാട്ടത്തിലായിരുന്നു അവര്‍. രോഹിന്‍ഗ്യകളുടെ വംശഹത്യക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ സജീവ പങ്കാളിയുമായിരുന്നു. അവരുടെ തൂലിക ചലിച്ചതും നാവ് ശബ്ദമുയര്‍ത്തിയതും എപ്പോഴും സംഘപരിവാര രാഷ്ട്രീയത്തിനും (രാഷ്ട്രീയം എന്ന് അതിനെ പറയുന്നത് തന്നെ അക്ഷന്തവ്യമായ തെറ്റാണ്, എങ്കിലും) അവരുടെ വര്‍ഗീയ നിലപാടുകള്‍ക്കും എതിരെയായിരുന്നു. അപ്പോള്‍ ആശയം ഇല്ലാതെ ആയുധമൂര്‍ച്ചയില്‍ അഭിരമിക്കുന്നവര്‍ക്ക്, ഗൗരീ ലങ്കേഷ്  ജീവിക്കാന്‍ അര്‍ഹതയില്ലാത്ത ആളാണ് എന്നതില്‍ സംശയമില്ല. 

'എന്റെ രാജ്യത്തെ ഭരണഘടന എന്നെ പഠിപ്പിക്കുന്നത് മതനിരപേക്ഷത പാലിക്കുന്ന പൗരനാകാനാണ്.. അല്ലാതെ വര്‍ഗീയവാദി ആകാനല്ല. അതുകൊണ്ടുതന്നെ വര്‍ഗീയവാദികളെ എതിര്‍ക്കുക എന്നത് എന്റെ കടമയായി ഞാന്‍ കരുതുന്നു..' എന്ന് പറയാന്‍ അവര്‍ക്ക് ആരെയും ഭയക്കേണ്ട കാര്യമുണ്ടായിരുന്നില്ല. സ്വന്തം ആശയങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടാണ് ഫാസിസത്തെയും വര്‍ഗീയതയും ഹൈന്ദവ ഭീകരതയെയും അവര്‍ നിരന്തരം പ്രതിരോധിച്ചുവന്നത്. അവരുടെ വാക്കുകളിലും എഴുത്തുകളിലും അത് എപ്പോഴും പ്രകടവുമായിരുന്നു. 'തോക്കിന്‍ കുഴലുകളെക്കാള്‍ മൂര്‍ച്ചയുണ്ട് വാക്കുകള്‍ക്ക്' എന്ന് നിരീക്ഷിച്ചത് അനേകം യുദ്ധഭൂമികളില്‍ ചോരച്ചാലുകള്‍ തീര്‍ത്ത നെപ്പോളിയന്‍ ബോണപ്പാര്‍ട് ആണ്.  വാട്ടര്‍ലൂവില്‍ അന്ത്യശ്വാസം വലിക്കുന്നതിന് മുമ്പേ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു ആയുധങ്ങളല്ല ശാശ്വതം, അക്ഷരങ്ങള്‍ ആണെന്ന്. അക്ഷരം എന്ന വാക്കിന് ഒരിക്കലും നശിക്കാത്തത് എന്നാണ് അര്‍ത്ഥമെന്ന് ആരൊക്കെ സംശയിച്ചാലും ഫാസിസ്റ്റുകള്‍ സമ്മതിക്കില്ല. അവര്‍ക്കറിയാം അതിന്റെ യഥാര്‍ത്ഥ ശക്തി. അക്ഷരങ്ങള്‍ക്കുമുന്നില്‍ പിടിച്ചുനില്ക്കാന്‍ തങ്ങളുടെ വികലവും വൃത്തികെട്ടതുമായ ആശയസംഹിതകള്‍ക്ക് കഴിയില്ലെന്ന്. അതുകൊണ്ടാണ് അവര്‍ ആയുധങ്ങളുമായി അക്ഷരങ്ങളെ, അവയുടെ ഉറവിടങ്ങളെ പരതിനടക്കുന്നത്. ഒരു വിമതശബ്ദം ഉയര്‍ന്നയുടന്‍ അങ്ങോട്ടേക്ക് നിറയൊഴിക്കുന്നത്. ഹിറ്റ്‌ലറും മുസോളനിയുമെല്ലാം ചെയ്തുകൂട്ടിയതാണ് ഇപ്പോള്‍ 'ആര്‍ഷഭാരതസംസ്‌കാരത്തി'ല്‍ ഊറ്റം കൊള്ളുന്ന അഭിനവ രാജ്യസ്‌നേഹത്തിനുള്ള താമ്രപത്രത്തിന്റെ വിതരണാവകാശം നേടിയവര്‍ കാണിച്ചുകൂട്ടുന്നത്. അതിന് ഭരണകൂടത്തിന്റെ ഒത്താശ എപ്പോഴുമുണ്ട്..

ആദ്യം അപരവത്ക്കരണം നടത്തുക എന്നതാണ് ഫാസിസ്റ്റുകളുടെ രീതി. ഹൈന്ദവ തീവ്രവാദം, സംഘപരിവാര വര്‍ഗീയത എന്നിവക്കെതിരെ ശബ്ദമുയര്‍ത്തുന്ന എല്ലാവരെയും അവര്‍ ഹിന്ദുവിരോധി എന്ന് മുദ്ര കുത്തും. അത് പിന്നെ ഊട്ടിയുറപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നതിനുള്ള ശ്രമമാവും. അത് പ്രയോഗത്തില്‍ വരുത്തിയശേഷം ഒടുവില്‍ ഉന്മൂലനത്തിന്റെ രാഷ്ട്രീയവുമായി അവരിറങ്ങും. ഹൈന്ദവതീവ്രവാദികളുടെ ആത്യന്തികമായ രാഷ്ട്രീയം ഉന്മൂലനത്തിന്റെ പ്രയോഗമാണ്. അതുകൊണ്ടാണ് കെ പി രാമനുണ്ണി 'ഹിന്ദുത്വവാദികള്‍ പ്രതിനിധാനം ചെയ്യുന്നത് ഭാരതീയയെ അല്ല, സാമ്രാജ്യത്വ ശക്തികളെയാണ്' എന്ന് നിരീക്ഷിച്ചിട്ടുള്ളത്.

'സ്വന്തം ആശയത്തെയും തങ്ങളുടെ നേതാവായ മോദിയെയും എതിര്‍ക്കുന്നവരെ കൊന്നുതള്ളുന്നത് പ്രോത്സാഹിപ്പിക്കുന്ന ഹിന്ദുത്വ ബ്രിഗേഡുകളുടെയും മോദി ഭക്തരുടെയും കര്‍ണാടകയിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. അവര്‍ക്ക് എങ്ങനെയും എന്റെ വായടപ്പിച്ചേ മതിയാവൂ.. എന്നെ  ജയിലിലടക്കാനുള്ള തീരുമാനം അവര്‍ക്ക് സന്തോഷമേകുമായിരിക്കും..' പ്രഹ്ലാദ് ജോഷിയുള്‍പ്പെടെയുള്ള ബിജെപിക്കാരുടെ പരാതിയിന്മേല്‍ അടുത്തിടെ ഗൗരീ ലങ്കേഷ് ശിക്ഷിക്കപ്പെട്ടപ്പോള്‍ പറഞ്ഞ വാക്കുകളാണ്. എന്നാല്‍ അവര്‍ക്ക് ജാമ്യം ലഭിക്കുകയും തന്റെ പ്രവര്‍ത്തനം തുടരുകയുമാണ് ഉണ്ടായത്. ദേശീയ പത്രങ്ങള്‍ ഉള്‍പ്പെടെ കൊടുത്ത വാര്‍ത്തയില്‍ പ്രഹ്ലാദ് ജോഷി ഉള്‍പ്പെടെ ഉള്ളവരുടെ പേരുണ്ടായിരുന്നുവെങ്കിലും അവര്‍ കേസ് ഫയല്‍ ചെയ്തത് ലങ്കേഷ് പത്രികയ്ക്കും ഗൗരീ ലങ്കേഷിനും എതിരെ മാത്രമാണ്. ഫാസിസ്റ്റുകള്‍ അത്രമേല്‍ പേനകൊണ്ടും പ്രവൃത്തികൊണ്ടും തങ്ങളോട് നിരന്തരം കലഹിച്ചിരുന്ന ആ സ്ത്രീയെ ഭയപ്പെട്ടിരുന്നു എന്ന് സുവ്യക്തം. ഹിന്ദുത്വവിരോധി എന്ന് തുല്യം ചാര്‍ത്തി അപരവത്ക്കരണം നടത്തിയപ്പോഴും അവര്‍ ഭയപ്പെട്ടിരുന്നില്ല,

'ഈ പോരാട്ടം ഭരണഘടനയോടുള്ള എന്റെ പോരാട്ടമാണെ'ന്ന് അവര്‍ അടിയുറച്ചു വിശ്വസിച്ചു. ജീവന്‍ അപകടത്തിലാണ് എന്നറിഞ്ഞും അവര്‍ അവരുടെ ആശയങ്ങളെ ഉപേക്ഷിക്കുകയോ മൂടിവയ്ക്കുകയോ ചെയ്തിട്ടില്ല. കാരണം അവര്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ വരട്ടുന്യായങ്ങളെ റദ്ദ് ചെയ്തിരുന്നു.. ഫാസിസ്റ്റുകള്‍ക്കെതിരെ എന്ന് എപ്പോഴും ആര്‍ത്തലയ്ക്കുന്നവര്‍ പലപ്പോഴും പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോഗത്തില്‍ പെട്ട് നിശ്ശബ്ദമാകുകയോ അല്ലെങ്കില്‍ മറ്റൊരു ദുരന്തമായി മാറുകയോ ചെയ്യുന്നു. ടി പി ചന്ദ്രശേഖരന്‍ തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം.

പ്രായോഗിക രാഷ്ട്രീയം അധികാര രാഷ്ട്രീയത്തിന് വേണ്ടിയാകുമ്പോള്‍ അതിന് ഫാസിസത്തെ എതിര്‍ക്കാന്‍ സാധിക്കില്ല. അവരുടെ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് അതിനുള്ള ആവതുണ്ടെങ്കിലും അധികാരം മാത്രമായി മാറി രാഷ്ട്രീയ ദൈനംദിന നടത്തിപ്പുകളില്‍ പ്രത്യയശാസ്ത്രം മറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഫാസിസം അങ്ങനെതന്നെ നിലനില്ക്കും. അവര്‍ യുക്തിചിന്തകരെ 'ബൂര്‍ഷ്വാ യുക്തിവാദികള്‍' എന്ന് വിളക്കും. യുക്തിചിന്ത വളര്‍ത്തുവാനോ പുരോഗമനാശയങ്ങള്‍ നടപ്പിലാക്കാനോ പലപ്പോഴും സാധിച്ചെന്ന് വരില്ല. അവരും മറ്റൊരുതരത്തില്‍ ഫാസിസ്റ്റുകളായി മാറുന്നു.  അധികാരമേറുമ്പോള്‍ പൊലീസ് രാജ് നടപ്പാക്കാന്‍ തത്രപ്പെടുന്നു. വൈപ്പിന്‍ സമരം, നിലമ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍ അങ്ങനെ നമ്മുടെ കേരളത്തിലും അനേകം ഉദാഹരണങ്ങള്‍ ഇങ്ങനെ തെളിഞ്ഞുകിടപ്പുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് പ്രായോഗിക രാഷ്ട്രീയത്തിന്റെ മാറാപ്പ് ചുമക്കാത്ത ചിലര്‍, ഫാസിസ്റ്റുകള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടങ്ങളുമായി പ്രത്യക്ഷപ്പെടുക. വര്‍ഗീയവാദികള്‍ക്കും ഫാസിസ്റ്റുകള്‍ക്കും ഇത്തരക്കാരാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ആശയാടിത്തറ അവരുടെ കൈയില്‍ ഭദ്രമാവുന്നിടത്തോളം അത് തങ്ങള്‍ക്ക് ദോഷകരമാണ് എന്ന് മനസിലാക്കി അവര്‍ ഇത്തരം ആളുകളെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്നു. ഗൗരീ ലങ്കേഷിനുമുമ്പ് അത് കല്‍ബുര്‍ഗിയായിരുന്നു.

ഗൗരീ ലങ്കേഷിനെ കൊന്നതുകൊണ്ട് ആര്‍ക്കാണ് നേട്ടം. കല്‍ബുര്‍ഗിയുടെ കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള തീവ്ര പരിശ്രമത്തിലായിരുന്നു അവര്‍. ഇപ്പോള്‍ ഇല്ലാതായതും അതാണ്. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവര്‍ക്കും സാധിക്കാതെപോയവര്‍ക്കും ആവേശവും ഊര്‍ജ്ജവും നിറച്ച ഗൗരി കൊല്ലപ്പെട്ടതോടുകൂടി അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രതിഷേധാഗ്‌നി കൂടി ഇല്ലാതാവുമെന്ന് ഫാസിസ്റ്റ് ശക്തികള്‍ വിശ്വസിച്ചുപോയാല്‍ തെറ്റ് പറയാനാവില്ല. പക്ഷേ ആ ജ്വാല അണയാതിരിക്കേണ്ടതുണ്ട്. ഈ ഭൂമിയില്‍ നമ്മള്‍ക്ക് ജീവിക്കണം. നമ്മുടെ തലമുറകള്‍ക്ക് ജീവിക്കണം. സ്വതന്ത്ര്യത്തോടുകൂടി. ജനാധിപത്യത്തിന്റെ സുരക്ഷത്തിത്വത്തില്‍. അന്ധവിശ്വാസങ്ങള്‍ നമ്മുടെ സ്വാതന്ത്ര്യം പോലും അര്‍ദ്ധരാത്രിയിലേക്ക് മാറ്റിവച്ച പാരമ്പര്യമല്ല നമുക്ക് വേണ്ടത്. നമുക്ക് കിട്ടിയെന്ന് പറയപ്പെടുന്ന സ്വാതന്ത്ര്യം ഏറ്റവും വലിയ നുണയാണെന്ന് നമ്മള്‍ ഇനിയും മനസിലാക്കിയില്ലെങ്കില്‍ ഈ ഭൂമി ഇരുട്ടിന്റെ ശക്തികള്‍ വിഴുങ്ങിക്കളയും.

സര്‍വം മോഡിഫയ്ഡ് ആകുമ്പോള്‍, യഥാര്‍ത്ഥ ജനാധിപത്യ വിശ്വാസികള്‍ പ്രതിക്കൂട്ടിലാണ്. കാരണം അവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കും. ഭരണകൂട ഭീകരതക്കെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും. 'എന്റെ പിതാവ് പി ലങ്കേഷ്, യു ആര്‍ അനന്തമൂര്‍ത്തി, കല്‍ബുര്‍ഗി തുടങ്ങിയ അനേകര്‍ ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങി ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി തുടങ്ങിയവരെയൊക്കെ ആശയങ്ങള്‍ക്കൊണ്ട് നിശിതമായി വിമര്‍ശിച്ചവരാണ്. പക്ഷേ അവരെ ആരും കൊന്നില്ല, ഉപദ്രവിച്ചിട്ടുമില്ല. എന്നാല്‍ വര്‍ഗീയത കൊടികുത്തി വാഴുന്ന ഇക്കാലത്ത് എതിര്‍ത്തുപോയാല്‍ അപ്പോള്‍ അവരുടെ തോക്കിന്‍കുഴലുകള്‍ തീ തുപ്പും' എന്ന് ഗൗരി എഴുതിയത് ഇപ്പോള്‍ അവരുടെ തന്നെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നു. ഗാന്ധിയെ കൊന്ന ഗോഡ്‌സേയെ ഒരുകാലത്ത് അവര്‍ക്ക് 'സംഘടനയില്‍ നിന്നും ഒഴിവാക്കപ്പെട്ടവന്‍' ആയിരുന്നു. ഇപ്പോള്‍ ആ തീവ്രവാദിയുടെ പേരില്‍ ക്ഷേത്രങ്ങള്‍ വരെ ഉയരുന്നു. ഗോഡ്‌സെയുടെ പിസ്റ്റള്‍ ഇപ്പോഴും വെടിയുതിര്‍ത്തുകൊണ്ടേയിരിക്കുന്നു.. അതിന്റെ ദാഹം അടങ്ങിയിട്ടേയില്ല.. എത്ര ചോര കുടിച്ചാലാവും അതടങ്ങുക...? ധബോല്‍ക്കറെയും പന്‍സാരയെയും കല്‍ബുര്‍ഗിയെയും കടന്ന് ഇതാ ഗൗരിയുടെ ചോരയും കുടിച്ച് അതെങ്ങോ മറഞ്ഞിരിക്കുന്നു. ചുറ്റിലും കണ്ണോടിച്ച് നടക്കുക... ദാഹത്താല്‍ വലഞ്ഞ് ഗോഡ്‌സെയുടെ പിസ്റ്റള്‍ ഏതോ ഒരു കോണില്‍ നിന്ന് ആരുടെയോ നേരെ തിരിയുന്നുണ്ട്. നമ്മള്‍ ഇനിയും മിണ്ടാതിരിക്കണമോ. എത്രകാലം നമ്മള്‍ കുറ്റകരമായ ഈ മൗനം തുടരും. നമ്മുടെ വാതില്‍പ്പടിയില്‍ ഫാസിസം തട്ടിവിളിക്കുംവരെ കാത്തിരിക്കരുത്. അപ്പോള്‍ നമുക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും അവശേഷിക്കുന്നുണ്ടാവില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com