ഇരുട്ടും വെളിച്ചവും- ആനന്ദ് എഴുതുന്നു

ഫാറൂഖിനെ, അദ്ദേഹം ദൈവവിശ്വാസിയല്ലാതിരുന്നതിനാല്‍ ഇസ്‌ലാമിക തീവ്രവാദികള്‍ വധിച്ചു. അദ്ദേഹം ഒരു എഴുത്തുകാരനോ പത്രപ്രവര്‍ത്തകനോ ആയിരുന്നില്ല എന്നതിനാല്‍ അതു വാര്‍ത്തപോലുമായില്ല.
ഇരുട്ടും വെളിച്ചവും- ആനന്ദ് എഴുതുന്നു

ദീര്‍ഘകാലം നിലനിന്ന പ്രതി-ആഭിമുഖ്യങ്ങളെ തഴഞ്ഞുകൊണ്ട് മതബോധവും മതങ്ങള്‍ തന്നെയും തിരിച്ചെത്തിയ ആഘോഷത്തിലാണ് ലോകം. അവിശ്വസനീയമെന്നോ counter intuitive എന്നോ പറയാം, മതാത്മകമായ വിധത്തില്‍ മനുഷ്യരുടെ mind set-നെ പുനര്‍വിന്യസിപ്പിക്കുന്നതില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രത്യക്ഷപ്പെട്ട ഐഡിയോളജികള്‍ക്ക്, അവയില്‍ ദീര്‍ഘകാലം നിലനിന്ന മതവിരുദ്ധമെന്നു കരുതപ്പെടുന്ന കമ്യൂണിസത്തിനു വിശേഷിച്ചും സാരമായ പങ്കുണ്ട്. ചരിത്രദൗത്യം നിര്‍വ്വഹിച്ച് അവയൊക്കെ പിന്‍വാങ്ങിയിരിക്കാം. പക്ഷേ, അവ പുനരധിവസിപ്പിച്ച മതബോധവും മതാത്മകതയും തുടരുന്നു.
മതാത്മക മൈന്‍ഡ് സെറ്റെന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നതു യുക്തിയുടെ പിന്‍ബലമില്ലാത്ത self righteousness, വിപ്രതിപത്തികള്‍, വിദ്വേഷങ്ങള്‍ തുടങ്ങിയവയെയാണ്, ദൈവം, സ്വര്‍ഗ്ഗം, നരകം തുടങ്ങിയ സങ്കല്പങ്ങളേക്കാള്‍ ഉപരിയായി.


എല്ലാ മതങ്ങളും പിറന്നതും പുലര്‍ന്നതും പുഷ്ടിപ്പെട്ടതും വേര്‍തിരിവിനാലും എതിര്‍പ്പിനാലും വൈരത്താലും നിര്‍വ്വചിക്കപ്പെട്ട വിവിധ ഘട്ടങ്ങളിലൂടെയാണ്. ആദ്യത്തേത് അവരുടെ കൂടെ ചേരാതിരുന്ന പേഗനുകളോടുള്ള ശത്രുതയാണ്. പ്രധാന സംഘടിത മതങ്ങളെല്ലാം ഈ ഘട്ടം തൃപ്തികരമായ വിധത്തില്‍ പരിഹരിച്ചുവെന്നു കരുതുന്നവയാണ്. പേഗനിസം ഒരു നല്ല ശതമാനം ഉള്ളില്‍ കൊണ്ടുനടന്നവരായിരുന്നു ഹിന്ദുക്കളും മറ്റു പൗരസ്ത്യ വിശ്വാസങ്ങളും. ചാര്‍വ്വാകനോ ബുദ്ധനോ പണ്ട് വേട്ടയാടപ്പെട്ടിരുന്നില്ല. ആധുനിക കാലത്ത് ഹിന്ദുക്കള്‍ സ്വന്തം രീതിയില്‍ സംഘടിക്കപ്പെട്ടിരിക്കുന്നു. ദളിതനും ആദിവാസിക്കുമടക്കം എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ കാര്‍ഡുകളും നല്‍കപ്പെട്ടിരിക്കുന്നു.


വൈരവും വിപ്രതിപത്തിയും രണ്ടാമത്തെ ഘട്ടത്തില്‍ പ്രകടമാകുന്നതു മറ്റു മതങ്ങളോടാണ്. നമ്മുടെ രാജ്യത്തു തുടര്‍ച്ചയായുള്ള വൈരം അടുത്ത കാലത്തു തീക്ഷ്ണമായത് വിഭജനവും പാകിസ്താനെന്ന മതരാഷ്ട്രത്തിന്റെ പിറവിയും വഴിയാണ്. പശ്ചിമേഷ്യയിലും പശ്ചിമരാജ്യങ്ങളിലും അതുണ്ടായതു വേറൊരു മതരാഷ്ട്രമായ ഇസ്രയേലിന്റെ നിര്‍മ്മാണത്തോടെയും. ആ ശത്രുത ഇന്നും എല്ലായിടത്തും തുടരുന്നു.


മതബോധം ഉണര്‍ത്തുന്ന മൂന്നാമത്തെ ശത്രുത വരുന്നത് അല്പം വൈകിയാണ്. മതങ്ങള്‍ വിട്ടുപോകുന്നവര്‍, മതങ്ങളെത്തന്നെ നിരാകരിക്കുന്നവര്‍, സ്വതന്ത്ര ചിന്തകര്‍, യുക്തിവാദികള്‍ എന്നിവരോട്. പാഷണ്ഡന്മാര്‍, apostalകള്‍, മുര്‍ത്തദുകള്‍, റെനെഗേഡുകള്‍, അരാഷ്ട്രീയ വാദികള്‍ ഇങ്ങനെ ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങളുടെ രീതിയില്‍ അവരെ വിളിക്കും. സവിശേഷ സാഹചര്യങ്ങളിലാണ് ഇവര്‍ മതങ്ങള്‍ക്കു പ്രശ്‌നമാകുന്നത്. സ്വന്തം വിശ്വാസങ്ങള്‍ക്കു കുഞ്ഞാടുകളെ കൂടെ നിര്‍ത്താന്‍ കഴിവില്ലെന്ന വിധം ആത്മവിശ്വാസം കുറയുമ്പോള്‍, അല്ലെങ്കില്‍ മറ്റു വിശ്വാസങ്ങളോടു പൊരുതുമ്പോള്‍ പാളയത്തില്‍ കയറി അവര്‍ തങ്ങളുടെ സന്നാഹങ്ങള്‍ക്കു വിന വരുത്തുന്നുവെന്നു തോന്നുമ്പോള്‍.


നമ്മുടെ നാട്ടിലെ സാഹചര്യത്തില്‍ ഈ ഘട്ടം വന്നുവെന്നു തോന്നുന്നു ഈയടുത്ത കാലത്തു നടന്ന കൊലപാതകങ്ങള്‍ കാണുമ്പോള്‍. കാരണം പൂര്‍ണ്ണമായും വ്യക്തമല്ലെങ്കിലും എല്ലാത്തരം മതവിശ്വാസങ്ങളും നിലനില്‍ക്കുന്ന ഈ രാജ്യത്ത് അതിനു വ്യത്യസ്തമായ ഒരു പ്രസക്തിയുണ്ട്. സ്വതന്ത്ര ചിന്തകള്‍ എല്ലാവരുടേയും ശത്രുവാണ്. അവര്‍ ഉന്മൂലനം ചെയ്യപ്പെടേണ്ടവര്‍ തന്നെ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇസ്‌ലാമില്‍ അതു നിയമം തന്നെയാണ്. അതുകൊണ്ട്, പ്രത്യക്ഷമായല്ലെങ്കില്‍ പരോക്ഷമായി ഒരു നിശ്ശബ്ദ സഖ്യം അവര്‍ക്കിടയില്‍ ഉടലെടുത്തുവെന്നു വരാം. ഉന്മൂലനത്തില്‍ എതിര്‍പ്പിന്റെ ആവശ്യമില്ല എന്ന്. ആരു ചെയ്താലും അതു 'പൊതുനന്മയ്ക്ക്' വേണ്ടിയാണല്ലോ.


ഇത്രയൊക്കെ കഠിനമായ മതവിമര്‍ശന ഗ്രന്ഥങ്ങള്‍ എഴുതിയിട്ടും എങ്ങനെയാണ് നിങ്ങള്‍ ജീവിച്ചിരിക്കുന്നതെന്ന് ഒരിക്കല്‍ ഞാന്‍ ജോസഫ് ഇടമറുകിനോട് ചോദിച്ചു. അന്ന് അദ്ദേഹം പറഞ്ഞു, യുക്തിവാദി എന്ന വിഭാഗത്തിലുള്ളവരെ മതസംഘടനകള്‍ വെറുതെ വിടുകയാണ് പതിവെന്ന്. അവര്‍ ഒരു ഭീഷണിയല്ല, ശല്യം മാത്രമാണെന്ന വിചാരത്തില്‍. കേരളത്തിലാകട്ടെ, യുക്തിവാദത്തിന്റെ നീണ്ട പാരമ്പര്യം തന്നെയുണ്ട്. കോവൂര്‍, എം.സി. ജോസഫ് ഇങ്ങനെ അതിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍. യുക്തിവാദി പത്രങ്ങള്‍ തന്നെ പലതുമുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. തമിഴ്‌നാട്ടിലെ ദ്രാവിഡ പ്രസ്ഥാനം തുടങ്ങിയതു മത-ജാതി വിരുദ്ധ യുക്തിവാദി ആശയങ്ങളുമായാണ്. വികാരങ്ങളെ മുറിപ്പെടുത്തല്‍ എന്ന IPC സെക്ഷനുകള്‍ അവരുടെ നേരെ ആരും ചെലുത്താറില്ല. എന്നാല്‍, ഇന്ന് ആ അവസ്ഥയില്ല. ജനാധിപത്യത്തിന്റെ ഒരു തലതിരിഞ്ഞ വഴിത്തിരിവിലാണ് ഇതൊക്കെ പ്രത്യക്ഷപ്പെട്ടത്.
നാലുകൊല്ലം മുന്‍പ് മുംബൈ നഗരത്തില്‍ ഒരു കുരിശില്‍നിന്നു ജലം ഒഴുകാന്‍ തുടങ്ങിയെന്ന ദിവ്യാദ്ഭുതം അന്വേഷിച്ചു നിജസ്ഥിതി വെളിപ്പെടുത്തിയ സനല്‍ ഇടമറുകിന്റെ പേരില്‍ IPC വിവിധ സെക്ഷനുകള്‍ ചാര്‍ത്തി ഗവണ്‍മെന്റ് കേസുകള്‍ തുടങ്ങി. അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കാന്‍ തന്നെ ഒരുമ്പെട്ടു ക്രൈസ്തവസഭയുടെ സേന. സനലിനു നാടുവിടേണ്ടിവന്നു. മറ്റൊരവസരത്തില്‍
ശ്രീനി പട്ടത്താനത്തെ അറസ്റ്റു ചെയ്യാന്‍ ഗവണ്‍മെന്റ് ഓര്‍ഡര്‍ കൊടുത്തു. ഈയടുത്ത കാലത്ത് കോയമ്പത്തൂരില്‍ ആക്രിക്കച്ചവടം നടത്തിയിരുന്ന ഒരു സാധാരണക്കാരനായിരുന്ന ഫാറൂഖിനെ, അദ്ദേഹം ദൈവവിശ്വാസിയല്ലാതിരുന്നതിനാല്‍ ഇസ്‌ലാമിക തീവ്രവാദികള്‍ വധിച്ചു. അദ്ദേഹം ഒരു എഴുത്തുകാരനോ പത്രപ്രവര്‍ത്തകനോ ആയിരുന്നില്ല എന്നതിനാല്‍ അതു വാര്‍ത്തപോലുമായില്ല. മാരകമായിത്തീര്‍ന്ന യുക്തിവാദിവേട്ട ഇപ്പോള്‍ ദഭോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി വഴി ഗൗരി ലങ്കേഷില്‍ എത്തി നില്‍ക്കുന്നു.


യുക്തിവാദി അല്ലാതിരുന്നിട്ടും മുര്‍ത്തദ് എന്ന പേരില്‍ ഇസ്‌ലാമിസ്റ്റുകള്‍ തന്നെ ചേകന്നൂര്‍ മൗലവിയെ വധിച്ചു. വീണ്ടും, ഒരു യുക്തിവാദിയല്ലാത്ത പ്രൊഫസര്‍ ജോസഫ്, മനഃപൂര്‍വ്വമല്ലാതെ ചെയ്ത നിരുപദ്രവകരമായ കൃത്യത്താല്‍ ഇസ്‌ലാമിസ്റ്റുകളുടെ ക്രോധം വരുത്തിവെച്ചപ്പോള്‍, അവര്‍ അദ്ദേഹത്തിന്റെ കൈകള്‍ വെട്ടിക്കളഞ്ഞു. ക്രൈസ്തവസഭ അവരുടെ പങ്കുചേര്‍ന്ന് അദ്ദേഹത്തെ ജോലി ചെയ്തിരുന്ന കോളേജില്‍നിന്നു പിരിച്ചുവിട്ടു. മതസ്വഭാവം ആര്‍ജ്ജിച്ച അന്നത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു, കൈവെട്ടിയവരെ കണ്ടുപിടിക്കുന്നതിനു മുന്‍പെ!


മതങ്ങളുടെ ഒരു യൂണിയന്‍ അങ്ങനെ ഉടലെടുത്തു വരുന്നുവെന്നു കരുതണം, മാരകമായിത്തന്നെ. ഹിന്ദുക്കളെ പ്രീണിപ്പിക്കുന്നവരും മറ്റുള്ളവരെ പ്രീണിപ്പിക്കുന്നവരുമായ എല്ലാ ഗവണ്‍മെന്റുകളും അതിനു മൗനമായി അംഗീകാരം നല്‍കിയ മട്ടാണ്. ദൈവങ്ങള്‍ക്കൊപ്പം ആള്‍ദൈവങ്ങള്‍ക്കും ഈ യൂണിയനില്‍ അസോസിയേറ്റഡ് മെമ്പര്‍ഷിപ്പുണ്ട്. അവരേയും ക്രിമിനല്‍, സിവില്‍ നിയമങ്ങളില്‍നിന്ന് ഒഴിച്ചുനിര്‍ത്താന്‍ നമ്മുടെ ജനാധിപത്യം തയ്യാറാണ്. രാമന്റേയും റഹീമിന്റേയും നാനാക്കിന്റേയും (യേശു എങ്ങനെയോ രക്ഷപ്പെട്ടു) പേരുകള്‍ അഡോപ്റ്റ് ചെയ്ത്, സര്‍വ്വമത സമഭാവം ആര്‍ജ്ജിച്ച ഒരു റോക്ക്‌സ്റ്റാര്‍ ആള്‍ദൈവമാണല്ലോ ഇപ്പോള്‍ ക്രിമിനാലിറ്റിയില്‍ വലിയ വാര്‍ത്തയായിരിക്കുന്നത്. അദ്ദേഹത്തെ തൊട്ടുവന്ദിച്ചിട്ടില്ലാത്ത രാഷ്ട്രീയ കക്ഷികള്‍ ചുരുക്കം.


സഖ്യം അപ്പോള്‍ കൂടുതല്‍ വിപുലമാണ്. മതങ്ങളില്‍നിന്നു രാഷ്ട്രീയ കക്ഷികളിലേയ്ക്കു അതു വ്യാപിക്കുന്നു. ആള്‍ദൈവങ്ങളില്‍നിന്ന് ആള്‍ രാഷ്ട്രീയത്തിലേയ്ക്കും. രോഷം കൊള്ളാന്‍ എല്ലാവരും തയ്യാര്‍. രോഷത്തിന്റെ ഒരു പ്രളയത്തിലൂടെ വേണം നമുക്കു തുഴയുക. ആരുടേതായാലും രോഷം രോഷം തന്നെ. കലര്‍പ്പ് കൂടുന്തോറും ജലം കൂടുതല്‍ മലിനമാകുന്നു. മതങ്ങള്‍, മതങ്ങളെ അനുകരിക്കുന്ന ഐഡിയോളജികള്‍, ഐഡിയോളജികള്‍ പോലുമില്ലാത്ത രാഷ്ട്രീയ വ്യവസായികള്‍, എല്ലാവരും വിസര്‍ജ്ജിക്കുന്ന രോഷത്തിന്റെ ഓടകള്‍. ഭിന്നാഭിപ്രായക്കാരെയൊക്കെ മുക്കിക്കൊല്ലുന്ന സ്വഭാവമാണ് നമ്മുടെ ജനാധിപത്യത്തില്‍ സ്ഥായിയായി നിലനില്‍ക്കുന്ന തത്വം.
പിന്നെന്തിന് ഗൗരിഹത്യയ്ക്ക് എതിരെ ഇത്രയേറെ പ്രകടനം? ആവശ്യമുണ്ട്. ഈ ഉന്മൂലന സംസ്‌കാരത്തെ നാം നിരാകരിക്കുന്നു എന്നു പറയുവാനാണത്.
തെറ്റിനെ എതിര്‍ക്കണമെങ്കില്‍ ശരികൊണ്ടേ ആകൂ എന്നാണ് നാം കേട്ടു വന്നിട്ടുള്ളത്. ഇരുട്ടിനോട് പൊരുതുവാന്‍ വെളിച്ചത്തിനേ പറ്റൂ. വേറൊരു ഇരുട്ടിന് ആവില്ല. ഉന്മൂലനത്തിന്റെ സംസ്‌കാരത്തെ നിരാകരിച്ചുകൊണ്ടേ ഉന്മൂലനങ്ങളെ എതിര്‍ക്കാനാകൂ.


രണ്ടു ദിവസം മുന്‍പു ഞാന്‍ ഗൗരിഹത്യയുടെ പശ്ചാത്തലത്തില്‍ നടന്ന ചില പ്രകടനങ്ങള്‍ കാണാന്‍ പോയി. എല്ലാ തരത്തിലുമുള്ള സംഘടനകളും കക്ഷികളുമുണ്ടായിരുന്നു, ഉത്കണഠിതരായ വ്യക്തികളും. ഞാന്‍ ആശിച്ച വിധത്തിലുള്ള ഒരു introspection കണ്ടതായി അനുഭവപ്പെട്ടില്ല, കക്ഷികളുടേയോ സംഘടനകളുടേയോ പക്ഷത്തുനിന്ന്. ആചാരപരമായ മുദ്രാവാക്യങ്ങള്‍ കൂടുതലായി കേട്ടു. അതിലൊന്ന് എന്റെ ശ്രദ്ധയാകര്‍ഷിച്ചു- ഇന്‍ക്വിലാബ് സിന്ദാബാദ്.
ജയ് ശ്രീരാം എന്നോ അല്ലാഹു അക്ബര്‍ എന്നോ സത്ശ്രീ അകാല്‍ എന്നോ ഹാലേലൂയാ എന്നോ ഒക്കെപ്പോലെ.
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com