അതുകൊണ്ടൊക്കെയാണ് ശശി തരൂര്‍ ഹിന്ദുവായിരിക്കുന്നത്

ഗാന്ധിജിക്കു കേവലം രണ്ടു പേജും സവര്‍ക്കറിനും ഗോള്‍വാക്കറിനും ദീന്‍ ദയാല്‍ ഉപാധ്യായയ്ക്കും ചേര്‍ത്തു അമ്പതോളം പേജുകളുമാണ് ശശി തരൂരിന്റെ പുസ്തകത്തില്‍ നീക്കിവച്ചിട്ടുള്ളത്. 
അതുകൊണ്ടൊക്കെയാണ് ശശി തരൂര്‍ ഹിന്ദുവായിരിക്കുന്നത്

ശി തരൂരിന്റെ 'Why I am HIndu' എന്ന പുസ്തകം സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടെ വായിക്കപ്പെടുകയാണ്. ഹിന്ദുമതത്തെക്കുറിച്ചും ഹിന്ദുമതം രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക രംഗങ്ങളില്‍ നിക്ഷേപിക്കുന്ന ആശയാധിഷ്ഠിത മൂലധനത്തെക്കുറിച്ചും ഹിന്ദുത്വ ദേശീയതയെക്കുറിച്ചും ഒക്കെ സജീവമായ വ്യവഹാര-വിമര്‍ശനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലത്തിലാണ് ഈ പുസ്തകം വരുന്നത്. വിഷയം 'ഹിന്ദു മതം', കര്‍ത്താവ് 'ശശി തരൂര്‍' പറയുന്നതോ അദ്ദേഹത്തിന് സവിശേഷമായ ഏറ്റവും 'കുലീനം' എന്ന് പറയാവുന്ന ഒരു ഭാഷാരീതിയില്‍. 
പുസ്തകം വായിക്കുന്ന ഒരാള്‍ക്ക് മനസ്സിലാകുന്ന ഒരു കാര്യമുണ്ട്; ഈ പുസ്തകം എഴുതിയ തരൂരും 'India Shastra' എന്ന പുസ്തകം എഴുതിയ തരൂരും രണ്ടു പേരാണ്. അദ്ദേഹം മറ്റൊരാളെക്കൊണ്ട് എഴുതിച്ചു എന്ന അര്‍ത്ഥത്തിലല്ല അത്. ഇന്ത്യാ ശാസ്ത്രയില്‍ തരൂര്‍ വര്‍ത്തമാനകാലത്തെ ചരിത്രത്തിന്റെ പരിപ്രേക്ഷ്യത്തില്‍ വിലയിരുത്താന്‍ ശ്രമിക്കുന്നു. തികച്ചും വസ്തുനിഷ്ഠം എന്ന് പറയാവുന്ന ഭാഷയില്‍ എഴുതിയിരിക്കുന്നു. സങ്കീര്‍ണ്ണമായ ചരിത്ര-സാമ്പത്തിക-രാഷ്ട്രീയ ആശയങ്ങളെ കൈകാര്യം ചെയ്യുന്ന പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഇംഗ്ലീഷ് ഭാഷ പൊതുവെ ക്‌ളേശമുള്ളതാണ്. തരൂരിന്റെ ഭാഷ ട്രോളിനു വിധേയമായിട്ടുണ്ടെന്നുള്ളത് എഴുത്തുകാരന്റെ/രാഷ്ട്രതന്ത്രജ്ഞന്റെ വ്യവഹാരങ്ങള്‍ സമൂഹത്തില്‍ വിവിധ തലങ്ങളില്‍  പ്രവര്‍ത്തിക്കുന്നു എന്നതാണ്.
ഈ പുസ്തകത്തില്‍ ശശി തരൂരിന്റെ ഭാഷ മാറുകയാണ്. എഴുത്തുകാരന്‍ ഭാഷയെ ലളിതവല്‍ക്കരിക്കുന്നു എന്നതിനര്‍ത്ഥം ലളിതമായ ഭാഷയില്‍ മാത്രം പറഞ്ഞാല്‍ മനസ്സിലാകുന്ന ഒരു വായനാ സമൂഹത്തെക്കൂടി മുന്നില്‍ കാണുന്നുണ്ട് എന്ന് സാരം. ഇത് വിഷയം ആവശ്യപ്പെടുന്ന ലാളിത്യം ആണെന്നൊക്കെ വാദിക്കാമെങ്കിലും വിഷയത്തെ പിന്തുടരുന്നവര്‍ എല്ലാം ബൗദ്ധികമായും വസ്തുനിഷ്ഠമായും മാത്രമല്ല പ്രസ്തുത വിഷയത്തെ ഇന്നത്തെ ഇന്ത്യയില്‍ കാണുന്നത് എന്ന മുന്‍വിധി/ധാരണ തീര്‍ച്ചയായും തരൂരിന്റെ ഭാഷാ സ്വീകരണത്തെ നിര്‍ണ്ണയിച്ചിട്ടുണ്ട്. അമീഷിനും ആനന്ദ് നീലകണ്ഠനും ദേവദത്ത പട്ടനായിക്കിനുമൊക്കെ ഇടയില്‍ നില്‍ക്കുന്ന ഒരു ഭാഷയാണ് തരൂര്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരുപക്ഷേ, സമാനമായ ഗവേഷണശൈലിയും. ഇങ്ങനെ പറയാന്‍ കാരണം, ഹിന്ദു മതം എന്തുകൊണ്ട് എന്നല്ല, താന്‍ ഹിന്ദു ആയിരിക്കുന്നത് എന്തുകൊണ്ട് എന്ന് വിശദീകരിക്കാനാണ് തരൂര്‍ ആശയാവതരണ രീതിയില്‍ ശ്രമിക്കുന്നത്. അതായത്, വിഷയം- അതിന്റെ സാമൂഹികമായ സ്വീകാര്യത, സംസ്‌കാരം അതിനു നല്‍കിയിരിക്കുന്ന സാധുത എന്നിവയെ ഒരു എപ്രിയോറി (മുന്‍പേ നിലനില്‍ക്കുന്നതും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തതുമായ ഒന്ന് എന്ന അര്‍ത്ഥത്തില്‍) ആയി കണ്ടാണ് രചന. ഇതാണ് മേല്‍പ്പറഞ്ഞ സാഹിത്യകാരന്മാരുടെയും മിത്തോളജിസ്റ്റുകളുടെയും രചനകളെ ലളിതവും സ്വീകാര്യവുമാക്കുന്നത്. ഈ രചനകളുടെ പ്രശ്‌നം അവ ഏതു വിഷയത്തെയാണോ കൈകാര്യം ചെയ്യുന്നത് അത് എല്ലാത്തരം വിമര്‍ശനങ്ങള്‍ക്കും അതീതമായ ഏകശിലയാണെന്ന ബോധം നിലനിര്‍ത്തുന്നു എന്നതാണ്.

പുരാവൃത്തങ്ങളുടെ പുനരാഖ്യാനങ്ങള്‍

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ദേവദത്ത പട്ടനായിക്കിന്റെ ആറോളം പുസ്തകങ്ങള്‍ വിപണിയിലെത്തി. ഇവയെല്ലാം പുരാവൃത്തങ്ങളുടേയും പുരാണേതിഹാസങ്ങളിലെ കഥകളുടേയും പുനരാഖ്യാനങ്ങളാണ്. അതിനു കാരണമാകുന്നതാകട്ടെ, ഈ കഥകളിലെല്ലാം ഒരു ആന്തരയുക്തി അടങ്ങിയിരിക്കുന്നു, ആ യുക്തി ജീവിതവിജയത്തിന് അടിത്തറയാകുന്നു എന്ന ഉദ്ദേശ്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ചേതന്‍ ഭഗത് സൃഷ്ടിച്ച വായനാ സമൂഹത്തിന് ഹൈന്ദവികമായ ഒരു സാംസ്‌കാരിക അടിത്തറ നല്‍കുന്നു എന്ന ദൗത്യമാണ് ഇത്തരം കൃതികള്‍ ചെയ്യുന്നത്. ആ ഒരു പരിസരത്തിലേക്കാണ് തരൂരിന്റെ പുസ്തകവും വരുന്നത്. ആ പുസ്തകം പറയാന്‍ ശ്രമിക്കുന്നതും ഹിന്ദുമതത്തിനു എത്രവലിയ ശാസ്ത്രീയ മനസ്സിനേയും തൃപ്തിപ്പെടുത്താന്‍ പോന്ന ആന്തരികയുക്തി ഉണ്ടെന്ന കാര്യമാണ്. 
നരേന്ദ്ര മോദി അധികാരത്തില്‍ വന്ന 2014 മുതലാണ് ഇന്ത്യന്‍ പ്രസിദ്ധീകരണരംഗത്ത് തികച്ചും ഹിന്ദുത്വ എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന പുസ്തകങ്ങളുടെ കുത്തൊഴുക്ക് തന്നെയുണ്ടായത്. വഴിയോര പുസ്തകശാലകളിലും റെയില്‍വേ സ്റ്റേഷനുകളിലും വിമാന താവളങ്ങളിലും മുഖ്യധാരാ പുസ്തകശാലകളിലും എല്ലാകാലത്തും കണ്ടിരുന്ന പുസ്തകമാണ് അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥയായ 'മൈന്‍ കാംഫ്' എന്ന പുസ്തകം. എന്നാല്‍, 2014-നുശേഷം ഈ പുസ്തകത്തിന് പുതിയ പതിപ്പുകള്‍ ഏറെ ഉണ്ടായി. ചാണക്യന്‍ എന്ന രാഷ്ട്ര തന്ത്രജ്ഞന്റെ പുസ്തകങ്ങള്‍ക്കും വലിയ പ്രചാരം ഉണ്ടായി. ഇതോടൊപ്പമാണ് ഹിന്ദു മത സംബന്ധിയായ പുസ്തകങ്ങള്‍ പ്രസിദ്ധീകരണ-പുസ്തകശാലകളെ മൂടുന്നത്. അമര്‍ ചിത്രകഥകളുടെ പുതിയ പതിപ്പുകള്‍ മുതല്‍ പുരാണേതിഹാസങ്ങളുടെ പലതരത്തിലുള്ള പുനരാഖ്യാനങ്ങള്‍ ഉണ്ടായി. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പരിവര്‍ത്തനം ചെയ്യണമെന്ന എന്ന ആര്‍.എസ്.എസ് അജണ്ട, പ്രസിദ്ധീകരണത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങളുമായി ചേര്‍ന്നപ്പോഴുണ്ടായ സാംസ്‌കാരിക ബോധത്തിന്റെ ഉപോല്‍പ്പന്നങ്ങളായിരുന്നു ഇത്.
മഹാഭാരതത്തെ അധികരിച്ച് 'The Great Indian Novel' എന്ന നോവല്‍ എഴുതിയിട്ടുള്ള തരൂര്‍ 2018-ല്‍ ഈ പുസ്തകം എഴുതുമ്പോള്‍ അദ്ദേഹത്തിന്റെ രചനാജീവിതത്തിന്റെ ഒരു സ്വാഭാവിക പരിണതിയായി നമുക്ക് തോന്നാം. എന്നാല്‍, ഹിന്ദുമതത്തെ ആസ്പദമാക്കിയ നോവലല്ല ഇത്. മറിച്ച് ഹിന്ദു എന്നത് ഒരു മതമാണെന്നും ആ മതം നല്‍കുന്നത് ഒരു സംസ്‌കാരമാണെന്നും ആ സംസ്‌കാരം ഉദാത്തമാണെന്നും പൂര്‍ണ്ണമായി വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ട് എന്തുകൊണ്ടാണ് താന്‍ ആ മതത്തില്‍ വിശ്വസിക്കുന്നുവെന്നും ആ മതവിശ്വാസിയായിത്തന്നെ തുടരുന്നുവെന്നുമാണ് ഈ പുസ്തകത്തിലൂടെ തരൂര്‍ പറയുന്നത്. ജനാധിപത്യ സംവിധാനത്തില്‍ തരൂരിന് ഇങ്ങനെയൊരു പുസ്തകം എഴുതാനുള്ള അവകാശമുണ്ടെന്നതിനാല്‍ ഇത്തരം ഒരു പുസ്തകം എഴുതാന്‍ പാടില്ലായിരുന്നു എന്ന് നമുക്ക് പറയാന്‍ കഴിയില്ല; എത്രതന്നെ സിനിസിസം നമ്മെ ബാധിച്ചിട്ടുണ്ടെങ്കിലും. പുസ്തകത്തെ അതിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പരിസരങ്ങളില്‍നിന്ന് മാറ്റിനിറുത്തി കേവല ചരിത്ര രചനയായോ നിരീക്ഷണ സമാഹാരമായോ മാത്രം കാണണമെന്നും ആര്‍ക്കും നിര്‍ബന്ധിക്കാന്‍ കഴിയുകയില്ല. അതുകൊണ്ടുതന്നെ തരൂര്‍ വിമര്‍ശിക്കപ്പെടേണ്ടതുണ്ട്. ആ വിമര്‍ശനത്തിന്റെ ആദ്യത്തെ വാചകം തന്നെ ഈ പുസ്തകം എന്നത് അതിന്റെ ആന്തരികമായ ആര്‍ജ്ജിതയുക്തിയില്‍ അടങ്ങിയിരിക്കുന്ന വൈരുധ്യങ്ങള്‍കൊണ്ടും ആ വൈരുദ്ധ്യങ്ങളെ കൈകാര്യം ചെയ്യുന്നതിലുള്ള ദൗര്‍ബല്യങ്ങള്‍കൊണ്ടും സ്വയം തകരുന്ന ഒന്നാണ് എന്നുള്ളതാണ്. ഇത് പിന്നാലെ വിശദീകരിക്കാം.

നിഷ്‌കളങ്കതയിലൂന്നിയ സുവിശേഷം

ഈ പുസ്തകത്തിന്റെ പേര് ശ്രദ്ധിക്കുക: Why I am Hindu എന്നാണ്. അതൊരു ചോദ്യമായി അല്ല പ്രത്യക്ഷപ്പെടുന്നത്. രണ്ടാമതൊന്നുകൂടി നോക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത്, അതൊരു അടിവരയിട്ടു പറയലാണ്, ഒരു ഉറപ്പിക്കലാണ് എന്നതാണ്. 'I Am A Hindu' എന്ന് പറയുന്നതിന് പകരം വിശദീകരണം പിന്തുടരാവുന്ന തരത്തില്‍ 'എന്തു കൊണ്ട് ഞാനൊരു ഹിന്ദുവായിരിക്കുന്നു' എന്ന് തരൂര്‍ ഉറപ്പിച്ചു പറയുകയാണ്. സത്യത്തില്‍ ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തില്‍ ഹിന്ദുമതത്തിന്റെ അടിസ്ഥാനശിലകളായ വേദങ്ങളേയും ഉപനിഷത്തുകളേയും വിശദീകരിക്കുന്ന സന്ദര്‍ഭത്തില്‍, ഹിന്ദുമതം 'നേതി നേതി' എന്നതില്‍ ഊന്നിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് തരൂര്‍ സൂചിപ്പിക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ ആദികാരണങ്ങളെക്കുറിച്ചും ദൈവസങ്കല്പത്തെക്കുറിച്ചും ഒക്കെ പറയുമ്പോള്‍ വേദോപനിഷത്തുകള്‍ സ്വീകരിക്കുന്ന രീതി എന്നത്, 'എന്താണ്' എന്ന് പറയുകയല്ല, മറിച്ച് 'എന്തല്ല' എന്ന് പറയുകയാണ്. 'നമുക്ക് അറിയില്ല, നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല, അങ്ങനെയുള്ള അവനെ എങ്ങിനെ വിശദീകരിക്കും' എന്ന് കേനോപനിഷദില്‍നിന്ന് ഉദ്ധരിച്ചു കൊണ്ട് തരൂര്‍ വ്യക്തമാക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍, പുസ്തകത്തിന്റെ പേര് വേണമെങ്കില്‍ 'എന്തുകൊണ്ട് ഞാന്‍ ഒരു അഹിന്ദു അല്ലാതിരിക്കുന്നു' എന്നാക്കാമായിരുന്നു. കാരണം, ഹിന്ദു ആയിരിക്കുന്ന ഒരാള്‍ക്ക് എന്തുകൊണ്ട് അഹിന്ദു ആകാന്‍ കഴിയില്ല എന്ന് വിശദീകരിക്കാന്‍ ആകും. പക്ഷേ, അവിടെ ഹിന്ദുമതത്തെ ആസ്പദിച്ച് ഒരു പുസ്തകമായിരിക്കില്ല ഉണ്ടായിവരുന്നത്. ഇതര മതങ്ങളില്‍നിന്ന് എങ്ങനെ ഹിന്ദുമതം വ്യത്യസ്തമായിരുന്നു എന്നൊരു താരതമ്യ പഠനമാവുക ഉണ്ടാകുന്നത്. അത്തരമൊരു പഠനം കൊണ്ട് തരൂരിന് വര്‍ത്തമാനകാല രാജ്യ സന്ദര്‍ഭത്തില്‍ യാതൊരു നേട്ടവും ഉണ്ടാകാന്‍ വഴിയില്ല എന്നുമാത്രമല്ല, കോട്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് താനും.
ഇവിടെയാണ്, ഈ പുസ്തകത്തിന്റെ രചനയില്‍ തരൂര്‍ കേവലം ഒരു ചരിത്രകാരന്റെ നിലപാട് മാത്രമല്ല സ്വീകരിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നത്. കാരണം വളരെ നിഷ്‌കളങ്കമായി തോന്നുന്ന ഒരു പുസ്തകം (ആര്‍ക്കും താന്‍ എന്തുകൊണ്ട് ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ സിക്കുകാരനോ ഒക്കെ ആയിരിക്കുന്നു എന്നെഴുതാവുന്നതേയുള്ളൂ) ഉണ്ടായിവന്നിരിക്കുന്ന ചരിത്ര സന്ദര്‍ഭത്തില്‍ എന്നത് ബെട്രാന്‍ഡ് റസ്സലിന്റെ 'Why I am not Chritian' ഡോ. ബി.ആര്‍. അംബേദ്കറിന്റെ 'ഞാനൊരു ഹിന്ദുവായി മരിക്കില്ല' കാഞ്ചാ ഇളയായുടെ 'Why I am not a Hindu' തുടങ്ങിയ പുസ്തകങ്ങള്‍ പശ്ചാത്തലമായി വരുന്നുണ്ട്. അവര്‍ പറയുന്നത് എന്തുകൊണ്ട് തങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ ഭാഗമാകുന്നില്ല എന്നതാണ്. അങ്ങനെ പറയുന്നത് അധികാര-മത കേന്ദ്രീകരണം ശക്തിപ്പെടുന്ന ഏതു സന്ദര്‍ഭത്തിലും പ്രയാസമുള്ള കാര്യമാണ്. റസ്സലിന് താനൊരു ക്രിസ്ത്യാനിയാണെന്നു പറയുന്നതായിരുന്നു എളുപ്പം, അംബേദ്കറിന് താനൊരു ഹിന്ദുവാണ് എന്ന് ഉറപ്പിച്ചു പറയുന്നതായിരുന്നു എളുപ്പം, കാഞ്ചാ ഇളയയ്ക്കും അതുതന്നെ ചെയ്യാമായിരുന്നു. എന്നാല്‍, അവര്‍ ഒരു മതത്തിന് എതിരെ സംസാരിക്കുന്നത് ആ മതത്തിന്റെ ഏറ്റവും മര്‍ദ്ദനാത്മകമായ വശത്തേയും നീതിരഹിതമായ വശങ്ങളേയും അറിഞ്ഞുകൊണ്ടും അനുഭവിച്ചു കൊണ്ടും ആണ്.
ഒരു എഴുത്തുകാരന്‍, ആ മര്‍ദ്ദക സ്വഭാവം ഒരു മതത്തിന്റെ ഉരുത്തിരിയലിലും ഘടനയിലും കാണുന്നില്ല എന്നതിനര്‍ത്ഥം ഒന്നുകില്‍ ആ എഴുത്തുകാരന് കാഴ്ച തീരെ പോരാ എന്നായിരിക്കാം, അല്ലെങ്കില്‍ അയാള്‍ വളരെ പ്രിവിലേജ്ഡ് അഥവാ ആനുകൂല്യങ്ങള്‍ ഉള്ള ഒരു അവസ്ഥയില്‍നിന്നു വരുന്ന ഒരാളായിരിക്കാം. തരൂരിന്റെ കാര്യത്തില്‍ അദ്ദേഹം ഇങ്ങനെയുള്ള അന്ധത ഉള്ള ആളാണ് എന്ന് കരുതുന്നില്ല. വളരെയധികം ജാഗ്രത്തായ ധിഷണ ഉള്ള ഒരാളായാണ് തരൂരിനെ മനസ്സിലാക്കുന്നത്. അപ്പോള്‍ രണ്ടാമത്തെ വാദമാണ് ശരി. ഒരു പ്രിവിലേജ്ഡ് പൊസിഷനില്‍നിന്നുകൊണ്ടാണ് തരൂര്‍ ഈ പുസ്തകം എഴുതിയിരിക്കുന്നത്. ആ പ്രിവിലേജ്ഡ് പൊസിഷനില്‍ മാത്രം സാധ്യമാകുന്ന ഒരു തരം നിഷ്‌കളങ്കത പുസ്തകത്തിന്റെ ആദ്യഭാഗത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ആ നിഷ്‌കളങ്കത തന്നെയാണ് ഒരു തരം സുവിശേഷക സ്വഭാവം പുസ്തകത്തിന്റെ ആദ്യഭാഗത്തിനു നല്‍കിയതും.
ചരിത്രരചന നിഷ്‌കളങ്കമായ ഒരു പ്രക്രിയ അല്ല. ചരിത്രരചനയില്‍ പക്ഷപാതം ഉണ്ട്; പക്ഷപാതങ്ങള്‍ പുരോഗമനാത്മകം ആകുമ്പോള്‍ വസ്തുനിഷ്ഠത ഏറുന്നു. എന്നാല്‍, പക്ഷപാതങ്ങള്‍ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തെ ഊന്നിപ്പറയുവാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെടുന്നതാണെന്നു വരുമ്പോള്‍ ചരിത്രം എന്നത് ഏതോ ഒരു കാലത്തില്‍ ഉറച്ചുപോകുന്നതായ തോന്നല്‍ ഉളവാക്കാന്‍ കഴിയുന്നു. കാലം തെറ്റിയുള്ള എന്തോ ഒന്നാണ് ആ സന്ദര്‍ഭത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എന്ന തോന്നല്‍ ഉളവാക്കുന്നു. ജീവിത പ്രക്രിയയില്‍ ഈ രണ്ടുതരം ചരിത്രബോധങ്ങളും ഏറിയും കുറഞ്ഞും ഉള്ള അളവുകളില്‍ മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, പ്രത്യയശാസ്ത്രത്തിനെ സാധൂകരിക്കാന്‍ വേണ്ടി മാത്രം ഉണ്ടാകുന്ന ചരിത്രങ്ങള്‍ മനുഷ്യനെ നിന്നിടത്തുതന്നെ നിറുത്തുകയും ജീവിതത്തെ തികച്ചും പ്രതിലോമകരമായി വീക്ഷിക്കാനുള്ള ഒരു പ്രവണത ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു. ഈ അര്‍ത്ഥത്തില്‍ മതം ഒരുതരം പ്രത്യയശാസ്ത്രമാണ്. അത് രാഷ്ട്രീയാധികാരത്തിന്റെ സാധൂകരണമായും സ്വയം സാധൂകരണമായും ഒരേ സമയം പ്രവര്‍ത്തിക്കുന്നു. അത്തരം സാധൂകരണങ്ങളില്‍ ഊന്നിയുള്ള ചരിത്രരചന യുക്തിയെ രചനയ്ക്കുള്ളില്‍ത്തന്നെ പരാജയപ്പെടുത്തുന്നു. എന്നാല്‍, ചരിത്രത്തിനു ദൈവശാസ്ത്രത്തിന്റേയും മതത്തിന്റേയും ആദര്‍ശാത്മക ഭാഗങ്ങളെ രാഷ്ട്രീയ നിരപേക്ഷമായി വേര്‍തിരിച്ചെടുക്കാന്‍ കഴിയും. അതിന് കഴിയാത്ത ചരിത്രം ഒരു പരിധിവരെ വിഭാഗീയമാവുകയും പ്രത്യേക മനുഷ്യവര്‍ഗ്ഗങ്ങളെ സുഖിപ്പിച്ചുകൊണ്ട് അതിന്റെ അധീശത്വം നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചരിത്രത്തിനെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുമ്പോഴും നിഷ്‌കളങ്കമായി രചിക്കുമ്പോഴും സംഭവിക്കുന്നത്, കാലം തീര്‍ത്തും തെറ്റി ചില കാര്യങ്ങള്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടും. പക്ഷേ, വിചിത്രമെന്നു പറയട്ടെ, കാലം തേടിയെത്തുന്ന പലതും ഹാസ്യം ഉളവാക്കേണ്ടിടത്ത്, ഇവ ഹാസ്യത്തിന് പകരം ഭീതിയും ഭീഷണിയും ദുരന്തവും സൃഷ്ടിക്കുന്നു. ഉദാഹരണമായി തൊണ്ണൂറുകളുടെ തുടക്കത്തില്‍ അയോധ്യയിലേക്കു ഉരുണ്ട ശീതീകരിണി ഘടിപ്പിച്ച രഥം, നമുക്ക് ചുറ്റും കാണുന്ന പൊങ്കാലകള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍.
പുസ്തകത്തിന്റെ ആദ്യഭാഗം (അതായത് ഹിന്ദുമതത്തിന്റെ നാനാവശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ ആദ്യപകുതി) മുഴുവന്‍ ഈ നിഷ്‌കളങ്കതയില്‍നിന്നാണ് രചിച്ചിരിക്കുന്നത്. ഹിന്ദുമതം ഒരു മതം ആണെന്ന് ആദ്യമേ തന്നെ സമ്മതിച്ചുകൊണ്ട്, വേദങ്ങളും ഉപനിഷത്തുകളും ശ്രുതികളും സ്മൃതികളും ആണെന്ന് ഉറപ്പിച്ചുകൊണ്ട്, തരൂരിനെപ്പോലുള്ള ഒരാള്‍ ചരിത്രരചനയില്‍ സ്വീകരിക്കേണ്ട സംശയവാദങ്ങളെ ഒക്കെ മാറ്റി വെച്ചുകൊണ്ട് പുസ്തകം ആരംഭിക്കുന്നു. അതോടെ പുസ്തകം ഒരു സവിശേഷ ടോണും സ്വീകരിക്കുന്നുണ്ട്. അതായത് ഹിന്ദു സുവിശേഷകരായ ഉദിത് ചൈതന്യയോ സ്വാമി ചിദാനന്ദ പുരിയോ ഒക്കെ എടുക്കുന്ന ഒരു ടോണ്‍ തരൂരും സ്വീകരിക്കുന്നു. ഈ വേദങ്ങളിലും ഉപനിഷത്തുകളിലും ഒക്കെ പറഞ്ഞിരിക്കുന്നത് പൂര്‍ണ്ണമായും ശരിയാണ് എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്നു. അവയുടെ തുടര്‍ച്ചകള്‍ അയ്യായിരം വര്‍ഷങ്ങള്‍ താണ്ടി ഇവിടെ വന്നുനില്‍ക്കുന്നു എന്ന് പറയുന്നതില്‍ തരൂര്‍ അത്ഭുതപ്പെടുന്നു. താന്‍ വന്നു ഭവിക്കാന്‍ കാരണമായ മതം എന്ന നിലയിലാണ് ഹിന്ദുമതത്തെ സ്വീകരിച്ചിരിക്കുന്നതെന്നും പറയുന്നു. അത് മോഹന്‍ ഭാഗവത് പറഞ്ഞില്ലെങ്കിലും ഇന്ത്യയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും ഹൈന്ദവം എന്ന് പറയുന്ന ഒരു സംസ്‌കാരവിശേഷം ഉണ്ടായിരിക്കുന്നുണ്ട് (അത് തോക്കും ലാത്തിയും ചൂണ്ടി സമ്മതിപ്പിക്കുന്ന ഒരു അവസ്ഥയിലാണ് ഹിന്ദുമതത്തിന്റെ അടിസ്ഥാനമായിരിക്കുന്ന വേദോപനിഷത്തുകള്‍ പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നത്). അതുവരെ തരൂര്‍ ശരിയാണ് പറയുന്നത്. നാമൊക്കെ വേദോപനിഷത്തുകളുടെ പഠിതാക്കള്‍ അല്ലെങ്കില്‍പ്പോലും ഏക്നാഥ് ഈശ്വരന്‍ ഒക്കെ പറയുന്നത് പോലുള്ള ഒരു 'സംസ്‌കാരം' (മൂല്യം) നമ്മളില്‍ ഉണ്ട്. ആ സംസ്‌കാരം ഉള്ളതുകൊണ്ടാണ്, നമുക്ക് 'ഇതല്ല മറ്റേതും ആകാം, അതല്ല അതിനപ്പുറത്തുള്ളതും ആകാം, അതുമല്ലെങ്കില്‍ ഇതൊന്നും തന്നെ അല്ലാതേയും ആകാം എന്നൊക്കെയുള്ള ഒരു മാനസികാവസ്ഥ വന്നുചേര്‍ന്നിരിക്കുന്നത്.
'പക്ഷേ, പിന്നീട് തരൂര്‍ ചെയ്യുന്നത്, ഹിന്ദുമതത്തെ 'നാം അംഗീകരിക്കേണ്ട' ഒന്നാണ് എന്ന രീതിയില്‍ അവതരിപ്പിക്കുകയാണ്. ഹിന്ദുമതത്തിന്റെ വിവിധ പിരിവുകളില്‍ - മീമാംസ, ന്യായം, സാംഖ്യം, വൈശേഷികം, ദൈ്വതം, അദൈ്വതം- എങ്ങനെ ഒന്നിനുമേല്‍ മറ്റൊന്ന് മേല്‍ക്കോയ്മ നേടി എന്നും അദൈ്വതം എന്ന തത്ത്വ ചിന്തയെ എങ്ങനെ ഹിന്ദുമതം കേവലം പ്രസംഗിക്കാന്‍ കൊള്ളുന്ന ഒരു സൈദ്ധാന്തിക പദ്ധതിയാക്കി മാറ്റി എന്നും തരൂര്‍ പറയുന്നില്ല. ഇങ്ങനെയൊക്കെ വൈവിധ്യങ്ങള്‍ ഉള്ളതിനാല്‍ ഹിന്ദുമതം മഹത്താണ് എന്ന് പറഞ്ഞുപോവുകയാണ് തരൂര്‍ ചെയ്യുന്നത്. അദൈ്വതം എന്നത് ഹിന്ദുമതത്തിന്റെ ഏതു ഭാഗത്തു വര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കാതിരിക്കുമ്പോള്‍ തന്നെ സനാതന ഹിന്ദുധര്‍മ്മത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. ഏതൊരു സാഹചര്യത്തിലാണ് ബുദ്ധ-ജൈന മതങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായതെന്ന് വിശദീകരിക്കാതെ, ഇവ രണ്ടും ഹിന്ദു മതത്തിന്റെ ഭാഗങ്ങളാണ് എന്നൊരു നിലപാടിലൂടെ ആഖ്യാനത്തെ വികസിപ്പിക്കുകയും ബുദ്ധമതവും ഹിന്ദുമതവും തമ്മില്‍ യാതൊരു സംഘര്‍ഷങ്ങളും ഇല്ലാതിരുന്നു എന്നൊരു തീര്‍പ്പിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരിക്കുന്നു. ബുദ്ധനെ വിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നായി കാണുന്നുവെന്ന് തരൂര്‍ പറയുമ്പോള്‍ അങ്ങനെയൊരു സ്വാംശീകരണത്തിനു കാരണമായ ചരിത്ര-സാമൂഹിക സന്ദര്‍ഭങ്ങളെ അദ്ദേഹം നിശ്ശബ്ദമാക്കുന്നു. ബുദ്ധ-ജൈന മതങ്ങളെ ഹിന്ദുമതത്തിന്റെ ഭാഗമാക്കിയത്, ഹിന്ദുമതത്തിന്റെ വലിയൊരു മഹാമനസ്‌കതയെന്നോണമാണ് തരൂരിന്റെ ആഖ്യാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതുപോലെ തന്നെയാണ് എട്ടാം നൂറ്റാണ്ടു മുതല്‍ ഉടലെടുത്തു 14-15 നൂറ്റാണ്ടുകളില്‍ ഭക്തിപ്രസ്ഥാനം എങ്ങനെ ഉണ്ടായി എന്നും ഹിന്ദുമതത്തിന്റെ അതേ ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഹിന്ദുമതത്തെ എതിര്‍ത്ത ഈ നീക്കങ്ങളെ എങ്ങനെ ഹിന്ദുമതം രാഷ്ട്രീയ-രാജ അധികാരങ്ങള്‍ ഉപയോഗിച്ച് തനിക്കാക്കി വെടക്കാക്കി എന്നും പാര്‍ശ്വവത്കൃത ജനതയുടെ ആചാരാനുഷ്ഠാനങ്ങളേയും ദേവീ ദേവന്മാരേയും എങ്ങനെ വലിയൊരു ഹിന്ദുദൈവ കുടുംബത്തില്‍ ചേര്‍ത്തു എന്നും തരൂര്‍ പറയുന്നില്ല. ഇനി അഥവാ പറയാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴൊക്കെ അത് ഹിന്ദുമതത്തിന്റെ വിശാല മനസ്ഥിതിയെയാണ് സൂചിപ്പിക്കുന്നത് എന്ന് പറഞ്ഞുവെയ്ക്കുന്നു. അതിനെക്കാള്‍ എല്ലാം മേലെ, എന്തുകൊണ്ട് പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ ഹിന്ദുമതത്തില്‍ ഉണ്ടായി എന്ന വിഷയം 'ഹിന്ദു'വായ തരൂര്‍ സ്പര്‍ശിക്കുന്നതേയില്ല.

ജാതിവ്യവസ്ഥ അപചയം മാത്രമല്ല

ഹിന്ദുമതത്തിനുള്ളിലെ ജാതിവ്യവസ്ഥ/വര്‍ണ്ണവ്യവസ്ഥയെക്കുറിച്ചു വളരെ നിഷ്‌കളങ്കമായ, ചരിത്രരഹിത സമീപനമാണ് തരൂര്‍ എടുത്തിട്ടുള്ളത്. ഇതിനെയാണ് ഞാന്‍ ഈ പുസ്തകത്തിന്റെ ആന്തരികയുക്തിയിലെ വൈരുധ്യം എന്ന് തുടക്കത്തില്‍ വിശേഷിപ്പിച്ചത്. ഹിന്ദുമതത്തില്‍ ജാതിയല്ല, മറിച്ച് ജാതിവ്യവസ്ഥയില്‍ ഹിന്ദുമതമാണ് നിലനില്‍ക്കുന്നത് എന്ന നിരീക്ഷണം അംബേദ്കര്‍ ഉള്‍പ്പെടെയുള്ള ദളിത് സൈദ്ധാന്തികര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നാല്‍, അത്തരമൊരു സൈദ്ധാന്തിക പരിസരത്തെ അപ്പാടെ നിരാകരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്തുകൊണ്ട്, ജാതിവ്യവസ്ഥ ഹിന്ദുമതത്തില്‍ ക്രമേണ ഉരുത്തിരിഞ്ഞുവന്ന ഒരു അപചയം ആണ് എന്ന നിലയില്‍ തരൂര്‍ അവതരിപ്പിക്കുന്നു. ഇക്കാര്യത്തില്‍ത്തന്നെ, വളരെ വ്യക്തമായ വൈരുധ്യങ്ങള്‍ തരൂര്‍ പ്രകടിപ്പിക്കുന്നു. ഉദാഹരണത്തിന് പുസ്തകത്തിന്റെ ആദ്യഭാഗത്തിലൊരിടത്ത്, ബ്രിട്ടീഷുകാരുടെ ഭരണത്തിന്റെ ഫലമായിട്ടാണ് ജാതിവ്യവസ്ഥ ഇന്ത്യയില്‍ ശക്തിപ്പെട്ടതെന്നു ഒരു ഒഴുക്കില്‍ അദ്ദേഹം പറയുന്നു. ഹിന്ദുമതം സൃഷ്ടിച്ച ഒരു വ്യവസ്ഥയല്ല ജാതി എന്ന് സ്ഥാപിച്ചെടുക്കാന്‍ തരൂര്‍ വളരെയധികം ഇവിടെ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, ഈ ചരിത്രവിരുദ്ധ വാദത്തിനു അധികം ശക്തിയില്ലെന്നു താമസിയാതെ തരൂരിന് ബോധ്യപ്പെടുന്നു. പുസ്തകത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോഴേയ്ക്കും ഗ്രന്ഥകര്‍ത്താവ് ഹിന്ദു മതത്തിനുള്ളില്‍നിന്ന് രാഷ്ട്രീയ ഉപകരണങ്ങളായി പരിണമിച്ചു വന്ന പ്രായോഗിക ഹിന്ദുത്വ രൂപങ്ങളെ വിമര്‍ശിക്കുന്ന ഒരാളായി മാറുന്നു. അപ്പോള്‍ ജാതിവ്യവസ്ഥയെക്കുറിച്ച് അദ്ദേഹം പറയുന്നത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു ക്രൂര വ്യവസ്ഥിതി എന്നാണ്. പക്ഷേ, എന്തു കൊണ്ടാണ് ഈ ക്രൂര വ്യവസ്ഥിതി ഉണ്ടായത് എന്നതിനെക്കുറിച്ച് ഹിന്ദുമതത്തില്‍നിന്നുതന്നെ ഇഴപിരിച്ചെടുക്കാവുന്ന കാരണങ്ങള്‍ ഒന്നും തന്നെ തരൂര്‍ നിരത്തുന്നില്ല. ഒരു തരത്തിലുള്ള യാന്ത്രിക വിമര്‍ശനരീതി താല്‍ക്കാലികമായി എടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
ഈ പശ്ചാത്തലത്തിലാണ്, 'ഞാന്‍ എന്തുകൊണ്ട് ഹിന്ദുവായിരിക്കുന്നു' എന്ന് തരൂര്‍ ഉറപ്പിക്കുന്നതിനുള്ള കാരണങ്ങള്‍ നാം അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നത്. പുസ്തകം നമുക്ക് വളരെ വ്യക്തമായ സംഭവങ്ങള്‍ വിവരിച്ചു തരുന്നുണ്ട്. തരൂരിന്റെ മാതാപിതാക്കള്‍ ഹിന്ദു മത വിശ്വാസികള്‍ ആയിരുന്നെങ്കിലും പ്രാര്‍ത്ഥനയും ആചാരങ്ങളും ഒക്കെ പിന്തുടര്‍ന്നിരുന്നവര്‍ ആയിരുന്നെങ്കിലും തന്നെ ഒരു 'ജാതി' വ്യവസ്ഥയിലായിരുന്നില്ല വളര്‍ത്തിയിരുന്നതെന്ന് തരൂര്‍ പറയുന്നു. എന്നാല്‍, താനൊരു ഹിന്ദുവാണ്, എങ്കിലും ഹിന്ദുമതം നിഷ്‌കര്‍ഷിക്കുന്ന ഒന്നിനേയും തന്റെ ശരീരത്തിലോ ചിന്തയിലോ ഉള്‍ച്ചേര്‍ക്കാനുള്ള ഗാര്‍ഹിക പ്രേരണകള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സത്യത്തില്‍ കേരളത്തില്‍ തരൂരിന്റെ സമകാലികരായിട്ടുള്ള ഒട്ടനവധി ആളുകളുടെ നേരനുഭവം തന്നെയായിരിക്കാം അത്. എന്നാല്‍, ബോംബെയില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് ഒരു സഹപാഠിയില്‍നിന്ന് ''എന്താണ് നിന്റെ ജാതി'' എന്നൊരു ചോദ്യം തരൂര്‍ നേരിടുന്നു. മാതാപിതാക്കള്‍, താനൊരു ''നായര്‍'' ആണെന്ന് പറയുന്നു. താന്‍ ബ്രാഹ്മണനല്ലാത്തതിനാല്‍ ആ സഹപാഠി പിന്നീടൊരിക്കലും തരൂരിനോട് മിണ്ടിയിട്ടില്ലെന്നും പറയുന്നു. ഇതാണ് 'ജാതി' എന്ന വിഷയത്തില്‍ തരൂര്‍ നേരിടുന്ന ആദ്യ തിരിച്ചടി. എന്നാല്‍ ഇതൊരു തിരിച്ചടിയാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് ജാതിയ്‌ക്കെതിരെ നില്‍ക്കേണ്ടിവരുന്ന ഒരു സാഹചര്യം തരൂരിന് ഉണ്ടാകുന്നില്ല എന്നിടത്താണ് ഹിന്ദുമതത്തെക്കുറിച്ചുള്ള തരൂരിന്റെ നിഷ്‌കളങ്കമായ സമീപനത്തിന്റെ അടിത്തറ നാം കണ്ടെത്തുന്നത്.

രണ്ടനുഭവങ്ങള്‍ രണ്ടു വ്യക്തിത്വങ്ങള്‍

ഒരു ഹിന്ദുവായിട്ടാണ് ജനിച്ചതെങ്കിലും താനൊരു ഹിന്ദുവായി മരിക്കില്ല എന്ന് ഡോ. അംബേദ്കര്‍ പറയുന്നതിനു കാരണം, തത്തുല്യമായ ഒരു അനുഭവത്തില്‍ നിന്നാകാം. എന്നാല്‍ എങ്ങനെയാണ് ആ രണ്ടു അനുഭവങ്ങള്‍ രണ്ടു വ്യക്തികളില്‍ രണ്ടു രീതികളില്‍ പ്രവര്‍ത്തിച്ചതെന്ന് നാം മനസ്സിലാക്കണം. ബ്രിട്ടീഷ് ഭരണം 18-ാം നൂറ്റാണ്ടിനൊടുവിലും 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും സൈന്യത്തില്‍ മഹര്‍ സമുദായക്കാരെ എടുത്തിരുന്നു. അംബേദ്കറിന്റെ മാതാപിതാക്കള്‍ സൈനിക പശ്ചാത്തലം നല്‍കിയ 'മധ്യവര്‍ഗ്ഗ' സ്റ്റാറ്റസില്‍നിന്ന് വന്നവരായിരുന്നു. എന്നാല്‍, ക്രമേണ, 19-ാം നൂറ്റാണ്ടിന്റെ അവസാനമെത്തുമ്പോഴേയ്ക്കും ഉന്നത ജാതികളുടെ ഇടപെടല്‍ മൂലം സൈന്യത്തില്‍ ജാതിവ്യവസ്ഥ കടത്തിവിടാന്‍ ബ്രിട്ടീഷ് ഭരണം പ്രേരിപ്പിക്കപ്പെടുകയാണ് ഉണ്ടായത്. അംബേദ്കര്‍ ഈ ഘട്ടത്തിന്റെ സന്തതിയാണ്. ജാതിയെക്കുറിച്ച് തീവ്രമായ ബോധമില്ലാതിരുന്ന ബാലനായ അംബേദ്കറും സഹോദരങ്ങളും ബോംബെയില്‍ ജോലി ചെയ്തിരുന്ന തങ്ങളുടെ പിതാവിനടുത്തേയ്ക്കുള്ള യാത്രയ്ക്കിടയില്‍ കാളവണ്ടിക്കാരന്റെ പെരുമാറ്റത്തില്‍നിന്നാണ് ജാതിയെക്കുറിച്ചു ബോധവാന്മാരാകുന്നത്. തുടര്‍ന്നുള്ള ജീവിതത്തില്‍ അംബേദ്കറിന് ആ ജാതി ബോധത്തിനെ മറികടന്നുകൊണ്ട് ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ മുന്നോട്ടു പോകാന്‍ കഴിയുകയില്ലായിരുന്നു. അതേ സമയം തരൂരിന് തീര്‍ച്ചയായും അതിനു കഴിയുമായിരുന്നു, കാരണം താന്‍ വന്നിട്ടുള്ള പ്രിവിലേജ്ഡ് പൊസിഷനില്‍ പിന്നീട് ജാതി ഒരു തടസ്സമായി അദ്ദേഹത്തിന്റെ മുന്നില്‍ വരുന്നില്ല എന്നതുതന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഇത്തരം ഒരു ജാതി വ്യവസ്ഥയെ നിലനിര്‍ത്തുന്ന ഹിന്ദുമതം മഹത്തരമാണെന്നും ജാതിവ്യവസ്ഥ ചില യാദൃച്ഛികതകള്‍ മാത്രമാണെന്നും തരൂരിന് പറയാന്‍ കഴിഞ്ഞത്. പുസ്തകത്തില്‍ മൊത്തത്തില്‍ അംബേദ്കറിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ രണ്ടോ മൂന്നോ ഇടങ്ങളില്‍ മാത്രമാണ് ഉണ്ടാകുന്നത് എന്നത് ഇതുമായി ചേര്‍ത്തു വായിക്കണം. അതുപോലെ തന്നെ 294 പുറങ്ങള്‍ ഉള്ള പുസ്തകത്തില്‍ ശ്രീനാരായണഗുരു, അയ്യന്‍കാളി എന്നിവരുടെ പേരുകള്‍ ഒരു പ്രാവശ്യം മാത്രമാണ് തരൂര്‍ പറയുന്നത് എന്നതും യാദൃച്ഛികത അല്ല എന്നു വേണം കരുതാന്‍.

ഒഴിവാക്കപ്പെട്ട അംബേദ്കറും ഗാന്ധിജിയും

ഈ പുസ്തകത്തിനുള്ള ആന്തരികമായ ദൗര്‍ബ്ബല്യം രണ്ടാം ഭാഗത്തേയ്ക്ക് കടക്കുമ്പോള്‍ എന്താണെന്ന് കൃത്യമായി മനസ്സിലാകും. ആദ്യഭാഗത്തില്‍ ഹിന്ദുമതത്തെ വിശ്വാസ സംഹിതയായി അവതരിപ്പിക്കുന്ന തരൂര്‍ രണ്ടാം ഭാഗത്തില്‍ ഹിന്ദുത്വ എന്ന ദേശീയതാ വാദത്തിലേയ്ക്ക് കടക്കുന്നു. അങ്ങനെ കടക്കാതിരിക്കാന്‍ നിവൃത്തിയില്ല എന്ന് ആഖ്യാനത്തിന്റെ ഗതി കാണുമ്പോള്‍ത്തന്നെ അറിയാന്‍കഴിയും. ആദ്യഭാഗത്തെ റദ്ദ് ചെയ്യുകയാണ് രണ്ടാം ഭാഗം ചെയ്യുന്നത്; ഏതൊക്കെ കാര്യങ്ങള്‍ കൊണ്ടാണോ ഹിന്ദുമതം മഹത്തായ ഒന്നാണെന്ന് തരൂര്‍ വാദിക്കുന്നത്, അതേ കാര്യങ്ങള്‍ തന്നെ അവയുടെ പ്രയോഗങ്ങളില്‍ തികച്ചും പ്രതിലോമകരമായി മാറുന്നു എന്ന കാര്യത്തെ കാണാതിരിക്കാന്‍ തരൂരിനു കഴിയുന്നില്ല. എങ്കിലും ദീന്‍ ദയാല്‍ ഉപാധ്യായെ കുറിച്ച് ഇരുപത്തിയഞ്ചോളം പേജുകള്‍ എഴുതുന്ന തരൂര്‍ ഒരു തരത്തില്‍ ഹിന്ദുത്വ മുന്നോട്ടു വെയ്ക്കുന്ന സാംസ്‌കാരിക ദേശീയതയെ സാധൂകരിക്കുകയും അതിനുള്ള രാഷ്ട്രീയ സാധ്യതകളെ തള്ളിക്കളയാതെ ഇരിക്കുകയുമാണ് ചെയ്യുന്നത്. ദീന്‍ ദയാല്‍ ഉപാധ്യായ വീര്‍ സവര്‍ക്കാരില്‍നിന്നും ഗുരുജി ഗോള്‍വാക്കറില്‍നിന്നും എങ്ങനെ വ്യത്യസ്തനായിരുന്നു എന്ന് വിശദീകരിക്കുന്ന തരൂര്‍, അദ്ദേഹത്തെ ഒരു ഹ്യൂമനിസ്റ്റ് എന്ന നിലയിലാണ് വിലയിരുത്തുന്നത്. ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് ഉപയോഗപ്പെട്ടിരിക്കുന്നത് ഉപാധ്യായയുടെ സിദ്ധാന്തങ്ങളാണെന്നു സമര്‍ത്ഥിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ പേരില്‍ ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കിയ ഒട്ടനവധി പദ്ധതികളേയും സ്ഥാപനങ്ങളേയും അക്കമിട്ടു നിരത്തിക്കൊണ്ടു തരൂര്‍ ഉപാധ്യായ എങ്ങനെ ഭരണഘടനയെ മാറ്റിയെഴുതണം എന്ന ആവശ്യം മുന്നോട്ടു വെയ്ക്കുന്നതായി എടുത്തുകാട്ടുന്നു. ഇവിടെ ഭരണഘടനാ എഴുതിയ അംബേദ്കര്‍ റദ്ദു ചെയ്യപ്പെടുന്നത് നമുക്ക് ഒരിക്കല്‍ക്കൂടി കാണാന്‍ കഴിയും. തരൂര്‍ ഇതിനെ അംഗീകരിക്കുന്നു എന്നല്ല ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്, നേരെ മറിച്ച് ഗാന്ധിജിക്കു കേവലം രണ്ടു പേജുകളും സവര്‍ക്കറിനും ഗോള്‍വാക്കറിനും ദീന്‍ ദയാല്‍ ഉപാധ്യായയ്ക്കും ചേര്‍ത്തു അമ്പതോളം പേജുകളും നല്‍കുന്നതിലുള്ള ഒരു 'കുഴപ്പം' ആണ് ഞാന്‍ ചൂണ്ടിക്കാട്ടുന്നത്. ആവേശഭരിതനായി ഒരു ആരാധകന്റെ സ്വരമാണ് ദീന്‍ ദയാല്‍ ഉപാധ്യായെക്കുറിച്ച് എഴുതുമ്പോള്‍ തരൂരില്‍ നാം കേള്‍ക്കുന്നത്.
ദീന്‍ ദയാല്‍ ഉപാധ്യയോടെ ഹിന്ദുത്വത്തെക്കുറിച്ചുള്ള ആരാധനാ സ്വരം അവസാനിക്കുകയും തരൂരിന് വിമര്‍ശന സ്വരം ഏറ്റെടുക്കാതെ വയ്യ എന്നൊരു അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. അയോധ്യയിലെ ബാബ്‌റി മസ്ജിദിന്റെ തകര്‍ക്കള്‍ മുതല്‍ വാജ്‌പേയി സര്‍ക്കാരിലൂടെ കടന്നു മോദിയില്‍ എത്തുമ്പോഴേയ്ക്കും തരൂര്‍ തന്റെ രാഷ്ട്രീയമായ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. കഠിനമായ മോദി വിമര്‍ശനം നമുക്ക് പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ കാണാം. അപ്പോള്‍ തരൂര്‍ പറയുന്ന ഹിന്ദുമതം ഹിന്ദുത്വ അല്ല എന്നുതന്നെ നമുക്ക് ബോധ്യപ്പെടുന്നു. പക്ഷേ, സംശയങ്ങള്‍ അവശേഷിക്കുകയാണ്. എന്തിനാണ് തരൂര്‍ ഇപ്പോള്‍ ഈ ഒരു പുസ്തകം എഴുതിയത്? ഇന്ത്യയില്‍ ഏതെങ്കിലും ഒരു നേതാവിന്റെ ഹിന്ദു മത വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാതെ ഇരുന്നിട്ടുണ്ടെങ്കില്‍ അവരില്‍ ഉള്‍പ്പെടുന്ന ഒരാളാണ് തരൂര്‍ എന്ന് നിസ്സംശയം പറയാം. ആരും 'താന്‍ എത്തരത്തിലുള്ള ഹിന്ദുവാണ്' എന്ന ചോദ്യം ചോദിക്കാത്ത സന്ദര്‍ഭത്തിലാണ്, 'ഞാന്‍ ഹിന്ദു ആയിരിക്കുന്നത് എന്തുകൊണ്ട്' എന്നൊരു പുസ്തകം തരൂര്‍ എഴുതുന്നത്. ഇന്ത്യയില്‍ ഹിന്ദുമതം മരിക്കില്ല എന്നും അതിന് കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നും ഇന്ത്യന്‍ ധര്‍മചിന്ത എന്നത് ഹിന്ദു ധര്‍മചിന്ത ആണെന്നും പൂര്‍ണ്ണമായും വിശ്വസിക്കുന്ന ഒരാള്‍ തന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടി ചെയ്ത ഒരു മുന്‍ തയ്യാറെടുപ്പാണോ ഈ പുസ്തകം? ഇത്തരം ഒരു പുസ്തകം എഴുതാന്‍ തരൂരിനെ പ്രേരിപ്പിച്ചത് എന്തായിരിക്കാം?
തത്കാലം നരേന്ദ്ര മോദിക്കുശേഷം ആര് എന്ന ചോദ്യത്തിന് തല്ക്കാലം പ്രസക്തിയില്ല. എന്നാല്‍, രാഷ്ട്രീയത്തില്‍ ആരും ചോദിക്കാന്‍ ധൈര്യപ്പെടാത്ത ചില ചോദ്യങ്ങള്‍ക്കു ഒളിഞ്ഞും തെളിഞ്ഞും ഉള്ള പ്രസക്തികള്‍ ഉണ്ടായിവരും. അങ്ങനെയൊരു ചോദ്യം ഉണ്ടായാല്‍ ഇന്നത്തെ നിലയില്‍ ആഗോളതലത്തില്‍ രണ്ടാമതൊരു മുഖവുരയുടെ ആവശ്യം വരാത്ത ഒരു രാഷ്ട്രീയ നേതാവാണ് ശശി തരൂര്‍. ഇതിനര്‍ത്ഥം തരൂര്‍ ബി.ജെ.പിയിലേക്ക് പോകുന്നു എന്നോ അദ്ദേഹത്തിന് പ്രധാനമന്ത്രി പദ കാംക്ഷ ഉണ്ടെന്നോ അല്ല. ഇതിനര്‍ത്ഥം പക്ഷേ, ശശി തരൂര്‍ എന്ന വ്യക്തി ഒരു സാധാരണ എം.പി എന്ന നിലയില്‍നിന്നും ഒരു മുന്‍ സഹമന്ത്രി എന്ന നിലയില്‍നിന്നും ഒക്കെ ഉയരാന്‍ ആഗ്രഹിക്കുന്നു എന്നതാണ്. ഐക്യരാഷ്ട്ര സംഘടനയുടെ തലപ്പത്ത് വരേണ്ടിയിരുന്ന ഒരു വ്യക്തി തിരുവനന്തപുരം നിയോജകമണ്ഡലത്തിന്റെ എം.പി മാത്രമായി ഇരിക്കാന്‍ ആഗ്രഹിക്കുകയില്ല. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തരൂരിനെ ഉയര്‍ത്തിക്കാട്ടാനും വഴിയില്ല. അങ്ങനെ വരുമ്പോള്‍ തരൂരിന് ദേശീയ രാഷ്ട്രീയം തന്നെയാണ് ചേരുന്നത്. ആ രാഷ്ട്രീയത്തില്‍ തരൂരിന് എന്താണ് പങ്ക്? തരൂര്‍ ഒരു രാഷ്ട്രീയക്കാരന്‍ എന്നതിനെക്കാളേറെ ഒരു നയതന്ത്രവിദഗ്ദ്ധനാണ്. പ്രത്യയശാസ്ത്ര രാഷ്ട്രീയമല്ല, മറിച്ച് സൈദ്ധാന്തികവും പ്രായോഗികവുമായ നീക്കുപോക്കുകളും ധാരണകളും ആണ് തരൂരിന് കൂടുതല്‍ ഇണങ്ങുന്നത്. അതുകൊണ്ടുതന്നെയാണ് വളരെ സങ്കീര്‍ണ്ണമായ ചില ഗാര്‍ഹിക പ്രശ്‌നങ്ങളില്‍ കടപുഴകാതെ തരൂരിന് നില്‍ക്കാന്‍ കഴിയുന്നതും.
തരൂര്‍ ഒരു കോണ്‍ഗ്രസ്സുകാരനാണ്. അദ്ദേഹം ഒരുപക്ഷേ, കോണ്‍ഗ്രസ്സുകാരന്‍ ആയിത്തന്നെ തുടര്‍ന്നേക്കും. എന്നാല്‍, ഇന്ത്യയിലെ കോണ്‍ഗ്രസ്സ് ഹിന്ദുത്വയുടെ സോഷ്യലിസ്റ്റ് രൂപം മാത്രമാണെന്ന് തരൂര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ്സുകാരന്‍ ആയി നില്‍ക്കുക എന്നതിനര്‍ത്ഥം ഒരു ഹിന്ദു കൂടി ആയിരിക്കുക എന്നതാണെന്ന് ഇപ്പോള്‍ മറനീക്കി പറയേണ്ടത് രാഷ്ട്രീയമായ നിലനില്‍പ്പിനു ആവശ്യമായി വന്നിരിക്കുന്നു. നായര്‍ വോട്ടുകള്‍ ഏറ്റവും അധികമുള്ള തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നിറുത്തുന്ന ഒരു ഹിന്ദുത്വവാദിയെക്കാള്‍ വോട്ടര്‍മാര്‍ താല്‍പ്പര്യപ്പെടുന്നത് സവര്‍ണ്ണ ഹിന്ദുവും ഹിന്ദു മത വിശ്വാസിയും ആധുനികനും ആയ തരൂരിനെ തന്നെയായിരിക്കും. എന്നാല്‍, കേവലം വോട്ട് ഉറപ്പാക്കുക മാത്രമല്ല തരൂരിന്റെ ലക്ഷ്യം എന്ന് വന്നിരിക്കുന്നു. ഇന്ത്യന്‍ ജനതയോട് താനൊരു ഹിന്ദുവാണ് എന്ന് വിളിച്ചുപറയുക വഴി, താന്‍ ആറ്റുകാല്‍ പൊങ്കാലയെ ആദരിക്കുന്നവനാണെന്നും തന്റെ എല്ലാ വീടുകളിലും തനിയ്‌ക്കൊരു പൂജാമുറി ഉണ്ടെന്നും അവിടെ താന്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കാന്‍ ഇരിക്കാറുണ്ടെന്നും തുറന്നു പറയുക വഴി, താന്‍ ഇന്ത്യന്‍ ഹിന്ദുവിന് അനുയോജ്യനായ ഒരു ഭരണാധികാരി ആയിരിക്കും എന്നുകൂടി അര്‍ത്ഥമാക്കുന്നുണ്ട്. ഇന്ത്യയിലെ ഒരു കോണ്‍ഗ്രസ്സുകാരനും ചെയ്യാത്ത ഒരു കാര്യമാണ് തരൂര്‍ ചെയ്തിരിക്കുന്നത്. ഒറ്റയടിക്ക് തരൂര്‍ ഡോക്ടര്‍ എസ്. രാധാകൃഷ്ണനേയും ദീന്‍ ദയാല്‍ ഉപാധ്യായേയും തന്റെ ഹിന്ദു നിരീക്ഷണങ്ങളുടെ മുഖ്യസ്ഥാനത്തു നിര്‍ത്തുന്നു. ഒരാള്‍ ഹിന്ദു തതേത്വചിന്തയുടെ വിശാലതയെ അഭിസംബോധന ചെയ്യവേ മറ്റൊരാള്‍ പ്രായോഗിക രാഷ്ട്രീയത്തിലൂടെ ഒരു ഹിന്ദുമത ഇന്ത്യയെ സ്വപ്നം കാണുകയാണ്. ഇതിനെ രണ്ടിനേയും കാലാനുസൃതം കൂട്ടിച്ചേര്‍ക്കുന്നതോടെ തനിക്കൊരു ഫിലോസഫര്‍ കിംഗ് ആയി ഉയരാന്‍ കഴിയുമെന്ന് തരൂര്‍ മനസ്സിലാക്കിയിരിക്കുന്നു. മോദിക്കും തരൂരിനും ഇടയിലുള്ള ദൂരം വളരെ ചെറുതാണ്. തൂക്കി നോക്കിയാല്‍ തരൂര്‍ തന്നെ ഒരു പണം കൂടുതല്‍ തൂങ്ങും. പക്ഷേ, അതിന് ഒരവസരം വേണം. ആ അവസരം ഹിന്ദുമതത്തിനോട് തനിക്കുള്ള വിശ്വസ്തതയ്ക്കു മാത്രമേ ഉറപ്പിക്കാന്‍ കഴിയൂ എന്ന് തരൂര്‍ വിശ്വസിക്കുന്നു. ആ വിശ്വാസത്തില്‍ ജാതി ഒരു അപചയമാണ്; യാഥാര്‍ത്ഥ്യം അല്ല. അവിടെ മാത്രമാണ് തരൂര്‍ തകരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com