വിദ്യാര്‍ത്ഥിനികളെ അപമാനിക്കാം, അധ്യാപകനെ ശിക്ഷിക്കരുത്

നാട്ടിലെ അമുസ്ലിം സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നതുപോലെ മുസ്ലിം സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നത് ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുമെന്നു ദ്യോതിപ്പിക്കുന്നവര്‍ ഒരേ സമയം മുസ്ലിം സ്ത്രീകളേയും അമുസ്ലിം സ്ത്
വിദ്യാര്‍ത്ഥിനികളെ അപമാനിക്കാം, അധ്യാപകനെ ശിക്ഷിക്കരുത്

ആവലാതി മനഃസ്ഥിതിക്കു പിന്നില്‍ എന്താവാം? സ്വതന്ത്ര ഭാരതത്തില്‍, അതിന്റെ ആരംഭനാളുകള്‍ തൊട്ട് ഉത്തരേന്ത്യയിലെ മുസ്ലിം സംഘടനകള്‍ പരാതിയും പരിഭവവും സാമുദായിക വികാരവും കൂടിക്കലര്‍ന്ന രാഷ്ട്രീയമാണ് പൊതുവില്‍ പിന്തുടര്‍ന്നു പോന്നത്. തങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്നും തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നുമുള്ള ആവലാതി ആ രാഷ്ട്രീയത്തിന്റെ മുഖമുദ്രയായിരുന്നു. ഇന്ത്യന്‍ മതേതരത്വം കപടമാണെന്നും മതേതര ഇന്ത്യയില്‍ സമസ്ത മേഖലകളിലും കൊടികുത്തി വാഴുന്നത് ഹൈന്ദവാധിപത്യമാണെന്നും സിദ്ധാന്തിച്ച സംഘടനകളും അക്കൂട്ടത്തിലുണ്ട്. ചിലര്‍ ഒരു പടികൂടി കടന്നു മതേതരത്വം ഇസ്ലാമിക തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നുവരെ പ്രചരിപ്പിച്ചു പോന്നു.

മുസ്ലിങ്ങളുടെ ഈ ആവലാതി മനോഭാവത്തിനു ചരിത്രപരമായ വല്ല കാരണങ്ങളുമുണ്ടോ? രാജ്യത്തിന്റെ വിഭജനം സൃഷ്ടിച്ച ആഘാതം ഏറ്റവും കൂടുതല്‍ ചെന്നു പതിച്ചത് മുസ്ലിങ്ങളിലാണ്; വിശിഷ്യ ഉത്തരേന്ത്യന്‍ മുസ്ലിങ്ങളിലാണ്. വിഭജനത്തിനു മുന്‍പ് പത്ത് കോടിയോളമായിരുന്നു ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ. പാകിസ്താന്‍ നിലവില്‍ വന്നപ്പോള്‍ ഈ പത്ത് കോടിയില്‍ ആറു കോടി നവരാഷ്ട്രത്തിന്റെ ഭാഗമായിത്തീര്‍ന്നു. വിഭക്ത ഇന്ത്യയില്‍ അവശേഷിച്ചത് നാലുകോടിയോളം മുസ്ലിങ്ങളാണ്. അവരാകട്ടെ, ഏറിയ കൂറും സമൂഹത്തിന്റെ അധോശ്രേണിയില്‍ നില്‍ക്കുന്നവരായിരുന്നു. ഉപരിശ്രേണിയിലുള്ള സമീന്ദാര്‍മാരും വ്യാപാര-വാണിജ്യ പ്രമുഖരും സൈനിക-സൈനികേതര ഉദ്യോഗസ്ഥരുമടങ്ങിയ വരേണ്യവര്‍ഗ്ഗം പാകിസ്താന്‍ ജനതയില്‍, ഒന്നുകില്‍ ഭൂമിശാസ്ത്രപരമായോ അല്ലെങ്കില്‍ കുടിയേറ്റത്തിലൂടെയോ ഉള്‍ച്ചേര്‍ന്നു.

ഉത്തരേന്ത്യയിലെ അവശിഷ്ട മുസ്ലിങ്ങളിലെ മഹാഭൂരിപക്ഷം തങ്ങളുടെ കീഴ്വര്‍ഗ്ഗ പദവി നിമിത്തം ഒട്ടേറെ സാമൂഹിക അവശതകള്‍ക്ക് വിധേയരായിരുന്നു. സാമ്പത്തിക പരാധീനതകള്‍ അവരെ വിദ്യാഭ്യാസരംഗത്തും തൊഴില്‍ തുറകളിലും പിന്നോട്ടടിപ്പിച്ചു. തന്നെയുമല്ല, മറ്റൊരു ന്യൂനപക്ഷത്തിനുമില്ലാത്ത  വേറൊരു പരാധീനതയും അവരെ വേട്ടയാടി. രാജ്യത്തിന്റെ വിഭജനത്തിന് ഉത്തരവാദികളായ സമുദായം എന്ന കരിമുദ്ര പേറേണ്ടിവരിക എന്നതായിരുന്നു അത്. ഈ ദൗര്‍ബ്ബല്യങ്ങളുടെ നടുവില്‍ അവര്‍ക്കിടയില്‍നിന്നുയര്‍ന്നു വന്ന മത, സമുദായ, രാഷ്ട്രീയ നേതൃത്വം മുസ്ലിം ജനസാമാന്യത്തെ അഭ്യസിപ്പിച്ചത് പരാതിബദ്ധ വൈകാരിക രാഷ്ട്രീയമാണ്.

മുസ്ലിം വ്യക്തിനിയമം, ഉറുദു ഭാഷയുടെ പദവി, അലിഗഢ് സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ സ്വഭാവം, സംവരണം തുടങ്ങിയ വിഷയങ്ങളായിരുന്നു മേല്‍ച്ചൊന്ന പരാതിബദ്ധ വൈകാരിക രാഷ്ട്രീയത്തിന്റെ മൂലക്കല്ല്. ഏഴു നൂറ്റാണ്ടുകാലം  മുസ്ലിം സുല്‍ത്താന്മാര്‍ ഭരിച്ച ഉത്തരേന്ത്യയില്‍ വര്‍ഗ്ഗഭേദമെന്യേ മുസ്ലിം സമുദായത്തിനുണ്ടായിരുന്നു എന്നു തങ്ങള്‍ വിശ്വസിച്ച പ്രാധാന്യവും പ്രാമുഖ്യവും പില്‍ക്കാലത്ത് മുസ്ലിങ്ങള്‍ക്ക് കൈമോശം വന്നു എന്ന നിരാശതയും ഈ രാഷ്ട്രീയത്തെ സ്വാധീനിക്കയുണ്ടായി. സൗഭാഗ്യ നഷ്ടം എന്ന (മിഥ്യാ) ബോധവും ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതില്‍ സാരമായ പങ്കുവഹിച്ചു എന്നു ചുരുക്കം.

ഉത്തര ഭാരത മുസ്ലിങ്ങളില്‍നിന്നു പല നിലയ്ക്കും വ്യത്യസ്തത പുലര്‍ത്തിയ ജനവിഭാഗമാണ് കേരളീയ മുസ്ലിങ്ങള്‍. സംസ്‌കാരപരമായി വടക്കേ ഇന്ത്യന്‍ മുസ്ലിങ്ങളില്‍നിന്നു അവര്‍ പ്രകടമാംവിധം വേറിട്ടു നില്‍ക്കുന്നു. അവര്‍ക്ക് അയവിറക്കാന്‍ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന 'സുവര്‍ണ്ണ' സുല്‍ത്താന്‍ ഭരണകാലമൊട്ടില്ല താനും. എന്നുതന്നെയല്ല, വിഭജന  നാളുകളിലെ വര്‍ഗ്ഗീയ ലഹളകളോ നരക്കശാപ്പുകളോ നവരാഷ്ട്രത്തിലേയ്ക്കുള്ള പലായനമോ ഒന്നും അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടുമില്ല. യു.പിയിലേയോ എം.പിയിലേയോ ഡല്‍ഹിയിലേയോ ബംഗാളിലേയോ ബീഹാറിലേയോ ഗുജറാത്തിലേയോ പഞ്ചാബിലേയോ മുസ്ലിങ്ങളുടെ രാഷ്ട്രീയ മനോഭാവത്തെ രൂപപ്പെടുത്തുന്നതിനു പ്രേരകമായ ഘടകങ്ങളില്‍ നിന്നെല്ലാം മുക്തരായിരുന്നു കേരളീയ മുസ്ലിങ്ങള്‍.

പക്ഷേ, അചിരേണ ഉത്തരേന്ത്യന്‍ മുസ്ലിം രാഷ്ട്രീയം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടു. അതില്‍ പ്രമുഖ പങ്കു വഹിച്ചത് അത്ര വലുതല്ലെങ്കിലും അഖിലേന്ത്യാതലത്തില്‍  സാന്നിധ്യമുള്ള ജമാഅത്തെ ഇസ്ലാമിയാണ്. ആ സംഘടനയുടെ ദേശീയ നേതൃത്വം വടക്കേ ഇന്ത്യന്‍ പശ്ചാത്തലത്തില്‍നിന്നുള്ളവരായിരുന്നു. അവരുടെ വിചാരവികാരങ്ങള്‍ കേരളത്തിലെ ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇടംവലം നോക്കാതെ ആന്തരവല്‍ക്കരിച്ചു. അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പോലുള്ള സംഘടനകള്‍ പ്രക്ഷേപിച്ച ആശയങ്ങള്‍ വിമര്‍ശനരഹിതമായി ഉള്‍ക്കൊണ്ട ജമാഅത്തെ ഇസ്ലാമിയെ മുസ്ലിം ലീഗിലെ സുലൈമാന്‍ സേട്ടുവിനെപ്പോലുള്ള നേതാക്കള്‍ തെളിഞ്ഞോ ഒളിഞ്ഞോ പ്രോത്സാഹിപ്പിച്ചപ്പോള്‍ സംസ്ഥാനത്തെ ലീഗിലും വടക്കേ ഇന്ത്യന്‍ മുസ്ലിം വിചാര രീതി സ്വാധീനം നേടി. പില്‍ക്കാലത്ത് പൊങ്ങിവന്ന ഐ.എസ്.എസ്. (പി.ഡി.പി.), എന്‍.ഡി.എഫ് (പോപ്പുലര്‍ ഫ്രന്റ്) എന്നിവയാകട്ടെ, ജമാഅത്തെ ഇസ്ലാമിയെക്കാള്‍ ആക്രാമകമായി ഉത്തരേന്ത്യന്‍ മുസ്ലിം സാമുദായിക വികാരങ്ങള്‍ സംസ്ഥാന മുസ്ലിങ്ങളില്‍ പ്രസരിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
ചുരുക്കിപ്പറഞ്ഞാല്‍, ഉത്തരേന്ത്യയിലെ മുസ്ലിം മത, രാഷ്ട്രീയ നേതൃത്വം ഊതിക്കത്തിച്ച പരാതിബദ്ധ സാമുദായിക വൈകാരികതയുടെ ഇരകളായിത്തീര്‍ന്നു കേരളത്തിലെ മുസ്ലിം മത, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളെല്ലാം. എന്തിനേയും ഏതിനേയും സമുദായവല്‍ക്കരിക്കുകയും വൈകാരികവല്‍ക്കരിക്കുകയും ചെയ്യുകയെന്ന പിഴച്ച ശൈലി ഈ സംഘടനകള്‍ പിന്തുടരാന്‍ തുടങ്ങി. എണ്‍പതുകളിലെ ശരീഅത്ത് വിവാദം തൊട്ട് ഏറ്റവും ഒടുവില്‍ ഫാറൂഖ് ട്രെയിനിംഗ് കോളേജ് അധ്യാപകന്റെ വിവാദ പ്രഭാഷണം വരെയുള്ള വിഷയങ്ങളോട് മലയാളക്കരയിലെ ഇസ്ലാമിക കൂട്ടായ്മകളുടെ അമരത്തിരിക്കുന്നവര്‍ അനുവര്‍ത്തിച്ച സമീപനം അതിന്റെ അനിഷേധ്യ തെളിവാണ്.

വിവാദവിധേയനായ അധ്യാപകന്‍ ഉപബോധകന്‍ (Counsellor) ആണെന്നാണ് അവകാശപ്പെടുന്നത്. കൗണ്‍സലിംഗ് (ഉപബോധനം) നടത്തുന്നവര്‍ ലിംഗപക്ഷപാതിത്വങ്ങളില്‍നിന്നും ആണ്‍കോയ്മാമൂല്യങ്ങളില്‍നിന്നും  മുക്തരായിക്കൊള്ളണമെന്നില്ല. പരാമൃഷ്ട അധ്യാപകന്‍ ഇപ്പറഞ്ഞ രണ്ടു ദൗര്‍ബ്ബല്യങ്ങളില്‍നിന്നും ഒട്ടും മോചിതനല്ല എന്നു വെളിപ്പെടുത്തുന്നതാണ് അദ്ദേഹം നടത്തിയ പ്രഭാഷണം. താന്‍ ജോലി ചെയ്യുന്ന ട്രെയിനിംഗ് കോളേജിലും അതിന്റെ സഹോദരസ്ഥാപനമായ ഫാറൂഖ് കോളേജിലും പഠിക്കുന്നവരില്‍ എണ്‍പത് ശതമാനവും പെണ്‍കുട്ടികളാണെന്നും അവരില്‍ ബഹുഭൂരിപക്ഷവും മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണെന്നും വ്യക്തമാക്കിയ ഉപബോധകന്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ 'പര്‍ദ്ദാഹനന'ത്തിലേയ്ക്കാണ്  കൈചൂണ്ടുന്നത്. പര്‍ദ്ദ പൊക്കിപ്പിടിച്ച് ലെഗിങ്ങ്‌സ് വെളിവാക്കുന്നവരും 'മഫ്താദുര്‍ധാരണം' വഴി മാറിടം അനാവൃതമാക്കുന്നവരും മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്കിടയിലുണ്ടെന്നു  അദ്ദേഹം ആരോപിക്കുന്നു.
'വത്തക്കാ പ്രസംഗം' എന്ന് ഇതിനകം കുപ്രസിദ്ധി നേടിയ ഈ ഉദ്‌ബോധനത്തിലൂടെ പുറത്തു വരുന്നത് സദാചാരം സംബന്ധിച്ച് പ്രഭാഷകന്‍ വെച്ചുപുലര്‍ത്തുന്ന പുരുഷകോയ്മാധിഷ്ഠിത ധാരണകളാണ്. സദാചാര ലംഘനങ്ങള്‍ക്ക് ഹേതുഭൂതര്‍ പെണ്ണുങ്ങളാണെന്ന് അദ്ദേഹം ശക്തമായി ധ്വനിപ്പിക്കുന്നു. സ്ത്രീശരീരം വസ്ത്രങ്ങളില്‍ പൊതിഞ്ഞാല്‍ എല്ലാം മംഗളകരമാകുമെന്നാണ് ഈ കൗണ്‍സലര്‍ ധരിച്ചുവെച്ചിരിക്കുന്നത്. സ്ത്രീ വിചാരിച്ചാല്‍ മാത്രം നടക്കുന്നതല്ല സദാചാര ലംഘനമെന്നും പുരുഷന്‍ കൂടി വിചാരിച്ചാലേ അത് നടക്കൂ എന്നുമുള്ള പച്ചപ്പരമാര്‍ത്ഥം കക്ഷി വിസ്മരിക്കുന്നു. തെറ്റു മുഴുവന്‍ സ്ത്രീകളില്‍ ചാരി പുരുഷന്മാരെ പവിത്രീകരിക്കുക എന്ന ദൗത്യമാണ് അധ്യാപകന്‍ നിര്‍വ്വഹിക്കുന്നത്.
നാട്ടിലെ അമുസ്ലിം സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നതുപോലെ മുസ്ലിം സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നത് ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുമെന്നു ദ്യോതിപ്പിക്കുന്നവര്‍ ഒരേ സമയം മുസ്ലിം സ്ത്രീകളേയും അമുസ്ലിം സ്ത്രീകളേയും അപമാനിക്കുന്നു. ശരീരം ആപാദചൂഢം മറയ്ക്കാതെ നടക്കുന്ന പെണ്ണുങ്ങളെല്ലാം ദുര്‍വൃത്തരാണെന്നും അവരാണ് ആണുങ്ങളെ ലൈംഗിക അതിക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്നുമുള്ള സന്ദേശം നല്‍കുന്നവര്‍ മാന്‍പേടകളെ ഓടിച്ചിട്ട് പിടിച്ച് കൊന്നു തിന്നുന്ന കടുവകളെയാണ് അനുസ്മരിപ്പിക്കുന്നത്. മാന്‍പേടയുടെ ദേഹത്തില്‍ മാംസമുള്ളതു കൊണ്ടാണ്  താനതിനെ പിടിച്ചുകൊന്നു ഭക്ഷിച്ചത് എന്ന കടുവയുടെ ന്യായം തന്നെയാണ് ഇത്തരം കൗണ്‍സലര്‍മാരില്‍നിന്നും പറപ്പെടുന്നത്.

വിവാദ പ്രഭാഷണം നടത്തിയ അധ്യാപകനെപ്പോലുള്ളവര്‍ പാശ്ചാത്യ രാഷ്ട്രങ്ങളിലോ നമ്മുടെ കോവളത്തെങ്കിലുമോ ഒന്നു പോയി നോക്കണം. അവിടങ്ങളളില്‍ ബീച്ചുകളിലും പാര്‍ക്കുകളിലും സ്ത്രീകള്‍ ബ്രായും അണ്ടര്‍പാന്റ്‌സും മാത്രം ധരിച്ച് മണിക്കൂറുകള്‍ ചെലവഴിക്കുന്നത് സര്‍വ്വസാധാരണമാണ്. ഒരു പുരുഷനും അവരെ കാമക്കണ്ണോടെ നോക്കാറില്ല. ലൈംഗിക പേക്കൂത്തുകള്‍ അവിടെ നടക്കുന്നുമില്ല. ശരീരം അനാവൃതമാകുമ്പോളല്ല, ആവൃതമാകുമ്പോളാണ് മിക്കപ്പോഴും കുഴപ്പമുണ്ടാകുന്നത്. മൂടിവെച്ചത് തുറന്നു നോക്കാനുള്ള ജിജ്ഞാസ മനുഷ്യസഹജമാണ്.

ഫാറൂഖ് ട്രെയിനിംഗ് കോളേജ് അധ്യാപകന്‍ മുസ്ലിം സമുദായാംഗമാണ്. അദ്ദേഹത്തിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയും മുസ്ലിം സമുദായാംഗം തന്നെ. പരാതിയുടെ അടിസ്ഥാനത്തില്‍, സ്വാഭാവികമായി അധ്യാപകനെതിരെ അധികൃതര്‍ കേസെടുത്തിട്ടുണ്ട്. തന്റെ ദുര്‍വാക്കുകളിലൂടെ പെണ്‍കുട്ടികളെ അപമാനിച്ച അധ്യാപകന്‍ വാസ്തവത്തില്‍ കുറ്റക്കാരനാണ്. ആ നിലയ്ക്ക് നോക്കുമ്പോള്‍ മുസ്ലിം സംഘടനകള്‍ പെണ്‍വിദ്യാര്‍ത്ഥികളോടൊപ്പമാണ്  നില്‍ക്കേണ്ടത്. ഇവിടെ തിരിച്ചു സംഭവിച്ചിരിക്കുന്നു. സംഘടനകള്‍ അധ്യാപകനോടൊപ്പം നില്‍ക്കുകയും അദ്ദേഹത്തിന്റെ പെണ്‍വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശബ്ദിച്ചവരെ മുസ്ലിം സമുദായത്തിന്റെ ശത്രുപട്ടികയില്‍ ചേര്‍ക്കുകയുമത്രേ അവ ചെയ്തത്. ഏത് വിഷയത്തേയും സമുദായവല്‍ക്കരിക്കുക എന്ന ആ പഴയ തന്ത്രം തുടരുകതന്നെയാണ് മുസ്ലിം കൂട്ടായ്മകള്‍.

മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ അപമാനിക്കപ്പെട്ടാല്‍പ്പോലും മുസ്ലിം അധ്യാപകന്‍ ശിക്ഷിക്കപ്പെട്ടുകൂടാ എന്ന നിലപാടെടുക്കുന്ന മുസ്ലിം കൂട്ടായ്മകള്‍ ഇത്തരം കേസുകളില്‍ മുസ്ലിം പുരുഷന്മാര്‍ മാത്രമാണ് പീഡിപ്പിക്കപ്പെടുന്നത് എന്നു നിരീക്ഷിക്കുകകൂടി ചെയ്തിട്ടുണ്ട്. വസ്തുതാവിരുദ്ധമാണ് ആ നിരീക്ഷണം. പന്തളം എന്‍.എസ്.എസ്. കോളേജില്‍ ഒരു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ മൂന്നു ഹിന്ദു അധ്യാപകര്‍ക്ക് കോടതി ജയില്‍ശിക്ഷ വിധിച്ചത് 2014-ലാണ്. വിദ്യാര്‍ത്ഥിനികളെ അപമാനിച്ചതിന്റെ പേരില്‍ ജെ.എന്‍.യുവിലെ പ്രൊഫ. അതുല്‍ ജോഹ്‌റിയെ പൊലീസ് അറസ്റ്റ് ചെയ്തതാകട്ടെ 2018 മാര്‍ച്ച് 20-നും. എന്നിട്ടും കേരളത്തിലെ മുസ്ലിം സംഘടനകള്‍ പറയുന്നു, ഇസ്ലാമോഫോബിയ കാരണമാണ് ട്രെയിനിംഗ് കോളേജ് അധ്യാപകനെതിരെ കേസെടുത്തതെന്ന്. 'മുസ്ലിം പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരെയുള്ള നടപടി' എന്ന അര്‍ത്ഥം ഇസ്ലാമോഫോബിയ എന്ന പദത്തിന് എന്നാണ് കൈവന്നത്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com