പൂരപ്രേമികളേ, ആനകളുടെ ദുരിതമറിയാന്‍ ഈ ഒറ്റജീവിതം മതി

കൂര്‍ത്ത മുള്ളു തറപ്പിച്ച കുന്തത്തിലും കോര്‍ത്തുവലിക്കുന്ന തോട്ടിയിലും വിറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ആ മൃഗങ്ങള്‍ ഭയന്നുനില്‍ക്കുന്നതാണെന്നും ഇണങ്ങിച്ചേരുന്നതല്ലെന്നും ആരും സമ്മതിക്കുകയുമില്ല
പൂരപ്രേമികളേ, ആനകളുടെ ദുരിതമറിയാന്‍ ഈ ഒറ്റജീവിതം മതി

ദ്യോവിനെ വിറപ്പിക്കും ആ വിളി കേട്ടോ, മണി-
ക്കോവിലില്‍ മയങ്ങുന്ന മാനവരുടെ ദൈവം'

വൈലോപ്പിള്ളി എഴുതിയത് സഹ്യന്റെ മകനെക്കുറിച്ചാണ്. അത് തൃശൂര്‍ പേരാമംഗലത്തെ കെട്ടുതറയില്‍ ആഴ്ചകളായി  നില്‍ക്കുന്ന ആ അന്യസംസ്ഥാനക്കാരനെക്കുറിച്ചല്ല.  ആ ബീഹാറി (അതോ അസമിയോ) യുടെ ഉള്‍ക്കോളില്‍ നിന്നുയര്‍ന്ന  ദ്യോവിനെ(ആകാശത്തെ) വിറപ്പിക്കുന്ന  നിലവിളി മണിക്കോവിലില്‍ മയങ്ങുന്നവരുടെ അടുത്ത് എത്തിയോ എന്നും ഉറപ്പില്ല. 2015 ആഗസ്റ്റ് 14 മുതല്‍ നിന്നനില്‍പ്പില്‍ തന്നെയാണ്.  സെപ്റ്റംബര്‍ 11 വരെ ഒറ്റപ്പാപ്പാനും എത്തിയിട്ടില്ല-ഒന്നഴിച്ചുകെട്ടാനും നടത്തിനിര്‍ത്താനും. 
ആനയുടെ കാര്യം അത്രയേയുള്ളു.  സ്വന്തം ശരീരം പോലും ശരിക്കു കണ്ടിട്ടില്ലാത്ത ഈ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്  വിശ്വാസികളുടെ കണക്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടാന- ഉയരം ഇരിക്കസ്ഥാനത്തുനിന്ന് 317.4 സെന്റീമീറ്റര്‍.  ഏഷ്യയിലെ രണ്ടാമത്തെ പൊക്കക്കാരനെന്ന വിശേഷണം കൂടിയുണ്ട്. ഇതു രണ്ടും രാമചന്ദ്രന്‍ അറിഞ്ഞിട്ടുണ്ടാകില്ല.  രണ്ടരവര്‍ഷം മുന്‍പ് എങ്ങണ്ടിയൂര്‍ മാമ്പുള്ളിക്കാവ് ഉല്‍സവത്തിന് ഒറ്റദിവസത്തെ ഏക്കമായി 2,55,000 രൂപ കിട്ടിയെന്നും ഗുരുവായൂര്‍ പത്മനാഭന്റെ 2,11,000 മറികടന്നെന്നും കഴിഞ്ഞ ഉല്‍സവകാലത്ത് ഏക്കം നാലുലക്ഷം കവിഞ്ഞെന്നും പത്രം വായിച്ചും ടിവി കണ്ടും രാമചന്ദ്രന്‍ ഏതായാലും അറിയില്ല. ആരെങ്കിലും പണ്ട് അക്ഷരം പഠിപ്പിച്ചിരുന്നെങ്കില്‍ പോലും ഇപ്പോള്‍ രാമചന്ദ്രന് അതിനു കഴിയില്ല. എന്നുമാത്രമല്ല, രണ്ടുവര്‍ഷമായി ഒപ്പമുണ്ടായിരുന്ന പാപ്പാന്‍ ആഴ്ചകള്‍ക്കു മുന്‍പു വിഷം കഴിച്ചു വന്നതും മുന്നില്‍ നിന്നതും പിന്നെ മറിഞ്ഞുവീണതും ശരിക്കു കണ്ടിട്ടുമുണ്ടാകില്ല.  കാരണം  വലംകണ്ണില്‍ ഒരു തരിപോലും കാഴ്ചയില്ല. ഇടംകണ്ണിന് പകുതി കാഴ്ചയുമില്ല.   ഒന്നര കാഴ്ചയില്ലാത്ത ഈ വെറും ആനയാണ് ആളനക്കത്തിനൊപ്പം വാലാട്ടി, ചെവിയാട്ടി, തുമ്പിയാട്ടി നില്‍ക്കുമെന്നും കുറുമ്പനാണെങ്കിലും കൂടെക്കൂട്ടാവുന്നവനാണൊന്നും ആരാധകര്‍ ഫഌക്‌സുകളിലൂടെ പറയുന്നത് മലയാളമറിയാവുന്ന മനുഷ്യര്‍ വായിക്കുന്നത്. 
ലോകത്തില്‍ തന്നെ ആദ്യമായി ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു എന്നു പറയുന്ന രാമചന്ദ്രനാന  അവിടെ അങ്ങനെ നില്‍ക്കുന്നുണ്ട്. അടിച്ചു മെരുക്കാന്‍ പറ്റിയ ഒരു പാപ്പാന്‍ രണ്ടും കല്‍പ്പിച്ചു വരുമെന്നുള്ള ആരാധകരുടെ വിശ്വാസം തകരാത്തിടത്തോളം അങ്ങനെ നിന്നേ പറ്റൂ. 
രാമചന്ദ്രന്റെ പാപ്പാന്‍ ഷിബു മരിച്ചത് ചവിട്ടോ കുത്തോ ഏറ്റല്ല. ആനവ്യവഹാരത്തിന്റെ ചവിട്ടില്‍ നെഞ്ചുതകര്‍ന്നു  വീണുപോയതാണ്. ഷിബു എന്ന ഒന്നാം പാപ്പാന്‍ മരിച്ചുപോയെന്നും രണ്ടാം പാപ്പാന്‍ പണി ഉപേക്ഷിച്ചു പോയെന്നും ഇനി വരാന്‍ ഒറ്റപ്പാപ്പാനും ഇതുവരെ തയ്യാറായിട്ടില്ലെന്നും രാമചന്ദ്രനെന്നല്ല കേരളത്തില്‍ ഉള്ള 700 നാട്ടാനകള്‍ക്കും മനസ്‌സിലാകുന്ന കാര്യമല്ല. കൂര്‍ത്ത മുള്ളു തറപ്പിച്ച കുന്തത്തിലും കോര്‍ത്തുവലിക്കുന്ന തോട്ടിയിലും വിറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ആ മൃഗങ്ങള്‍ ഭയന്നുനില്‍ക്കുന്നതാണെന്നും ഇണങ്ങിച്ചേരുന്നതല്ലെന്നും ആരും സമ്മതിക്കുകയുമില്ല. അങ്ങനെ പണ്ടു പറഞ്ഞ വൈലോപ്പിള്ളിയോടും ആരാധകര്‍ ചോദിച്ചിട്ടുണ്ട്- ആന ഇണങ്ങിയതല്ലെന്ന് ഒന്നു തെളിയിക്കാന്‍.

കൂച്ചുചങ്ങല തന്നെ കല്‍ത്തൂണില്‍ തളയ്ക്കട്ടെ
കൂര്‍ത്തതോട്ടി ചാരട്ടെ കൃശഗാത്രനീപ്പാപ്പാന്‍

ഇങ്ങനെ രാമചന്ദ്രനെപ്പോലെ കാഴ്ചയില്ലാത്തവരും കേള്‍വിയില്ലാത്തവരും കടുംകെട്ടില്‍ നിര്‍ത്തിയിരുന്നവരുമായ ആനകളുടെ ആക്രമണത്തിലാണ് ഈ വര്‍ഷം മാത്രം പത്തുപേര്‍ മരിച്ചത്. അഞ്ചു പാപ്പാന്‍മാര്‍, ഒരു ആനയുടമ, ഒരു കാര്‍ഡ്രൈവര്‍, ഒരു പച്ചക്കറിക്കച്ചവടക്കാരന്‍-പിന്നെ ഒരു ആനഡോക്ടറും. പത്തു മനുഷ്യര്‍ ഈ വര്‍ഷം മരിച്ചപ്പോള്‍ അഞ്ചാനകളും ചെരിഞ്ഞു- എരണ്ടകെട്ട് എന്ന ദഹനക്കേടിന്റെ കണക്കില്‍ പെടുത്തിയ അകാലമരണങ്ങള്‍. 
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ കഴുത്തില്‍ മലയാളത്തില്‍ എഴുതിവച്ചിരിക്കുന്ന 'ഏകഛത്രാധിപതി തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍' എന്ന പേര് വായിച്ചറിഞ്ഞോ കേട്ടറിഞ്ഞോ അല്ല തലയുയര്‍ത്തി നില്‍ക്കുന്നത്. തോട്ടികൊണ്ടുള്ള കഴുത്തിലെ തോണ്ടല്‍ ഏതു പൊക്കക്കാരന്‍ ആനയേയും പേടിപ്പിക്കും. ഗുരുവായൂര്‍ ആനക്കോട്ടയിലെ 57 ആനകള്‍ മുതല്‍  കോടനാട്ടേയും കോന്നിയിലേയും കളരികളില്‍ നിന്നിറങ്ങുന്നവര്‍ വരെ അങ്ങനെയാണ്. പേടിയുടെ കൂച്ചുചങ്ങലയില്‍ സ്വാഭാവിക ജീവിതം നഷ്ടമായവര്‍.
ഈ നാട്ടിലെ ആനകള്‍ ഇന്നനുഭവിക്കുന്ന എല്ലാ ദുരന്തങ്ങളും  വിവരിക്കാന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ഒറ്റജീവിതം മതി. ആ ദുരന്തജീവിതത്തിന്റെ ആഴമാണ് സെന്റീമീറ്റര്‍ കണക്കില്‍ ആരാധകര്‍ പറയുന്ന ഉയരേത്തക്കാള്‍ പൊങ്ങിനില്‍ക്കുന്നത്. സഹ്യന്റെ മകനായല്ല ജനിച്ചതെങ്കിലും വരവ് കാടുകളില്‍ നിന്നുതന്നെ-അസമില്‍ നിന്നാണെന്നു മാത്രം.
'ഉന്നിദ്രം തഴയ്ക്കുമീ താഴ്‌വരപോലൊന്നുണ്ടോ തന്നെപ്പോലൊരാനയ്ക്ക് തിരിയാന്‍ വേറിട്ടിടം' എന്ന് വൈലോപ്പിള്ളി എഴുതിയ കാടുകളില്‍  കുഴിച്ച കുഴിയില്‍ നിന്ന്് തോട്ടിമുനയില്‍ ഭയന്ന് ജീവിതത്തിന്റെ തുടക്കം. അന്നത്തെ മനുഷ്യരിട്ട പേര് മോട്ടി പ്രസാദ്. അസമിലെ കാടുകളില്‍നിന്നു പിടിക്കപ്പെടുന്ന ഏതൊരു ആനയേയും പോലെ മോട്ടി പ്രസാദും എത്തി ബീഹാറിലെ സോനാപൂര്‍ മേളയിലേക്ക്. ചന്ദ്രഗുപ്ത മൗര്യന്‍ സൈന്യത്തിലേക്ക് ആനയെ വാങ്ങാന്‍ ആരംഭിച്ച ചന്തയാണെന്നാണ് കഥ. ഇന്നും ദാനത്തിന്റെ പേരില്‍ ആനക്കച്ചവടം നടക്കുന്ന സ്ഥലം. ഗജേന്ദ്രമോക്ഷം കഥയിലെ ആനയ്ക്ക് മുതലയില്‍നിന്നു മോചനം നല്‍കാന്‍ മഹാവിഷ്ണു അവതരിച്ചു എന്നു പറയുന്ന സ്ഥലത്തെ ആ ചന്തയില്‍നിന്നാണ് മോട്ടിപ്രസാദിന്റെയും പ്രയാണം തുടങ്ങുന്നത്. ജനനം 1964-ല്‍ എന്നാണ് അന്നത്തെ കണക്ക്. വാങ്ങിയത് തൃശ്ശൂരിലെ വെങ്കിടാദ്രി. അന്നു വാങ്ങിയ വില ഇന്ന് ആനയുടെ ഒറ്റദിവസത്തെ ഏക്കത്തിന്റെ നാലിലൊന്നേ വരൂ എന്നും കഥയുണ്ട്. വെങ്കിടാദ്രിയുടെ അടുത്തെത്തിയപ്പോള്‍ പേര് മാറി-ഗണേശന്‍. ബീഹാറില്‍ വച്ചാണോ തൃശ്ശൂരില്‍ എത്തിയതിനു ശേഷമാണോ എന്ന് ഇപ്പോഴും തീര്‍പ്പില്ല-ആനയ്ക്ക് വലതുകണ്ണിന് കാഴ്ച പോയി. പാപ്പാന്മാരുടെ തോട്ടികൊണ്ടുള്ള കുത്തില്‍ പൂര്‍ണമായും പോയതാണെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. അതു ചിലപ്പോള്‍ അബദ്ധമാകാനും മതി. കാരണം സാധാരണ ആനയുടെ കാഴ്ച കേരളത്തില്‍ ഇല്ലാതാകുന്നത്  ഇടംകണ്ണിനാണ്(മരുന്നുവച്ച് കാഴ്ച കളയുന്നതാണെന്ന് പതിറ്റാണ്ടുകളായുള്ള ആരോപണമാണ്). മദപ്പാടുള്ള സമയത്ത് കാഴ്ചയില്ലാത്ത ഇടതുവശം ചേര്‍ന്നു നടന്നാല്‍ അങ്ങനെ ഒരാള്‍ നടക്കുന്നത് ആന അറിയുന്നില്ലല്ലോ. വലംകണ്ണിന് കാഴ്ച ആദ്യം പോയ രാമചന്ദ്രന് പിന്നെ ഇടംകണ്ണിനും കുറഞ്ഞു തെളിച്ചം. അതു മരുന്നുവച്ചുള്ള പതിവ് പരിപാടിയാകാമെന്ന് അന്നും ഇന്നും ആരോപണമുണ്ട്. 
അങ്ങനെ അസമിലെ കാട്ടില്‍നിന്നു പേരില്ലാതെ വന്ന് ബീഹാറില്‍ മോട്ടി പ്രസാദായി തൃശ്ശൂരില്‍ ഗണേശനായ ആന 1984-ല്‍ രാമചന്ദ്രനായി. തെച്ചിക്കോട്ട്കാവ് ദേവസ്വം പിരിവെടുത്തു വാങ്ങിയതാണ്. ആ ആനയ്ക്ക് ആദ്യം ഒന്നാം പാപ്പാനായി  വേലായുധന്‍ (പൊലീസ് പ്രതിപ്പട്ടികയിലെ പേര് പോലെ ആനയുടെ ആരാധകര്‍ വിളിക്കുന്നത് കടുവ വേലായുധന്‍). പിന്നെ 16 വര്‍ഷം പാലക്കാട് കുന്നശേ്ശരി മണി. മണി സ്വയം പിരിഞ്ഞുപോയതോടെയാണ് ഇപ്പോള്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ച പാപ്പാന്‍ ഇടുക്കി സ്വദേശി ഷിബു എത്തുന്നത്. രണ്ടു വര്‍ഷം മുന്‍പ്. 

കാല്‍ക്ഷണാലവന്‍ മുന്നോട്ടാഞ്ഞു-പൊട്ടുന്നൂ കാലില്‍
കൂച്ചുചങ്ങല,യല്ല കുടിലം വല്ലീജാലം

നാട്ടിലെ ആനപ്രേമികള്‍ സമ്മതിക്കില്ലെങ്കിലും വൈലോപ്പിള്ളി എഴുതിയത് അങ്ങനെയാണ്- ആനയ്ക്ക് എപ്പോഴും കാടിന്റെ ഓര്‍മകളാണെന്ന്. കാലില്‍ കൂച്ചുചങ്ങല മുറുകുമ്പോള്‍ അതു കാട്ടിലെ വള്ളിക്കെട്ടാണെന്നു കരുതി വലിച്ചുപൊട്ടിക്കാനുള്ള വെപ്രാളം മാത്രമാണ് ആനയുടെ മതിഭ്രമം. 'മുഴുവന്‍ തോര്‍ന്നിട്ടില്ല മുന്‍മദജലം പക്ഷേ, എഴുന്നള്ളത്തില്‍ക്കൂട്ടി എന്തൊരു തലപ്പൊക്കം' എന്ന അവസ്ഥയില്‍ ഉല്‍സവപ്പറമ്പില്‍ എത്തിയപ്പോള്‍ പലപ്പോഴും ക്രൂരത ആരോപിക്കപ്പെട്ടിട്ടുള്ള മൃഗമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ആദ്യം കൂട്ടാനയെ കൊന്നു എന്ന കൊലക്കുറ്റം. തിരുവമ്പാടി ചന്ദ്രശേഖരന്‍ എന്ന ആനയ്ക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കുത്തേറ്റു എന്നത് ഫാന്‍സ് അസോസിയേഷന്‍കാരും സമ്മതിക്കുന്നതാണ്. ഉല്‍സവപ്പറമ്പില്‍ കൂട്ടെഴുന്നള്ളിപ്പിനിടെ ഉണ്ടായ ആ കുത്തുകൊണ്ടാണോ മരണം എന്ന് ഉറപ്പിക്കാന്‍ അന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടൊന്നും ഉണ്ടായിട്ടില്ല. സത്യത്തില്‍ ഓട്ടത്തിനിടെ കാഴ്ചയില്ലാത്ത വലതുഭാഗത്തു നിന്ന ആന കൊമ്പില്‍ കൊരുത്തതോടെ രാമചന്ദ്രന് കൂട്ടാനക്കുത്തിന്റെ പേരു വീണു. അതുപക്ഷേ, ആനയുടെ വിപണി  കൂട്ടാനാണ് ഉപയോഗിക്കപ്പെട്ടത്. 'തെമ്മാടി സ്വരൂപം' എന്നു ചലച്ചിത്രഭാഷ. വിവിധ കണക്കുകളിലായി രാമചന്ദ്രന്റെ പേരില്‍ 11 മനുഷ്യരേയും രണ്ട് ആനകളെയും കൊന്ന തലേലെഴുത്തുണ്ട്. അതില്‍ പെരുമ്പാവൂരിലെ ഉല്‍സവമതില്‍ക്കെട്ടില്‍ മരിച്ച മൂന്നു സ്ത്രീകളും വരും. കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കു  പാപ്പാനെ ഓടിച്ച് കൂടെ ഓടിക്കയറിയവന്‍ എന്നും പെരുമയുണ്ട്. കണ്ണുകാണാന്‍ വയ്യാത്തവന്‍ മലയാണോ കുന്നാണോ കെട്ടിടമാണോ എന്നറിയാതെ പാപ്പാന്റെ മണം മാത്രം പിടിച്ച് ഓടിക്കയറിയതാവാം ഒന്നാം നിലയിലേക്ക് എന്ന സാധ്യത ഒരു ആരാധകവൃന്ദത്തിന്റെ കഥയിലും ഇല്ല.

ഹസ്തകൃഷ്ടമായ് മഹാശാഖകളൊടിയുന്നു;
മസ്തകത്തില്‍ ചെമ്മണ്ണിന്‍ പൂമ്പൊടി പൊഴിയുന്നു

അങ്ങനെ അനേകം ഉല്‍സവങ്ങളിലൂടെ പൂരംകലക്കിയായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ആരെങ്കിലും കൊല്ലാന്‍ ശ്രമിച്ചതാണോ ചോറില്‍ കണ്ടെത്തിയ ആ ബ്‌ളേഡുകള്‍? അത് അങ്ങനെയല്ലെന്നു തറപ്പിച്ചു പറയുകയാണ് ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പി.കെ. വെങ്കിടാചലം. 'ഇത് ആനയെക്കൊല്ലാന്‍ ചെയ്തത് അല്ല എന്നു നൂറുശതമാനം ഉറപ്പാണ്. ആനയുടെ പേരില്‍ ദേവസ്വവും ഫാന്‍സ് അസോസിയേഷനും ആനപ്പാപ്പാന്മാരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ ഇരയാണ് മരിച്ച പാപ്പാന്‍ ഷിബു. ആനച്ചോറില്‍ ബ്‌ളേഡ് കലര്‍ത്തി ആനയെക്കൊല്ലാന്‍ ആകില്ല. പാപ്പാന്‍ തന്നെ കൈകൊണ്ട് ഉടച്ച് ഉരുട്ടിയെടുക്കുന്ന ചോറില്‍ ബ്‌ളേഡ് ഉണ്ടെങ്കില്‍ കയ്യില്‍ തടയും. അതു വായില്‍ക്കിട്ടിയാല്‍ ആന നാവുകൊണ്ടു തുഴഞ്ഞ് പുറത്തുകളയുകയും ചെയ്യും.'
പിന്നെ ഒരു പാപ്പാന്റെ മരണത്തിലേക്കു വരെയെത്തിയ ആ സംഭവത്തിനു പിന്നില്‍ എന്തായിരിക്കണം? ആനയെ വലിയൊരു അപകടത്തില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിച്ചു എന്നു വരുത്തിത്തീര്‍ക്കാന്‍   ഇട്ടതാകണം ബേഌഡ് എന്നാണ് പൊലീസിന്റെയും വനംവകുപ്പിന്റെയും നിഗമനം. ഈ ബ്‌ളേഡിന്റെ കവറുകള്‍ എന്നു സംശയിക്കുന്നവ പിന്നീട് പാപ്പാന്റെ മുറിയില്‍ നിന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. അതുപക്ഷേ ആനയെക്കൊല്ലാനല്ല. മറ്റുചിലര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നു വരുത്തിത്തീര്‍ക്കാന്‍ ചെയ്തതാണെന്നാണ് നിഗമനം. ബ്‌ളേഡ് കണ്ടെത്തിയ ശേഷം പാപ്പാന്‍ നല്‍കിയ മൊഴിയില്‍ 11 പേരെ സംശയിക്കുന്നതായി പറഞ്ഞിരുന്നു. ആദ്യം ഏഴു പേരുടേയും പിന്നീട് നാലു പേരുടേയും പേര് നല്‍കി. ഈ പേരുകളില്‍ കൂടുതല്‍ വിശദീകരണം തേടിയ സമയത്താണ് ഷിബു ആനയുടെ മുന്നിലെത്തുന്നതും ഞാന്‍ കൊല്ലാന്‍ നോക്കില്ലെന്നു പറയുന്നതും കുഴഞ്ഞുവീഴുന്നതും. പിന്നീട് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തു. വിഷം ഉള്ളില്‍ ചെന്നിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 
ഈ പ്രശ്‌നം ഉയര്‍ത്തുന്നത് ആനപ്പണിയുടെ ഇപ്പോഴത്തെ അധികസമ്മര്‍ദമാണെന്ന് വെങ്കിടാചലം പറയുന്നു. ഷിബുവിന് പിന്നാലെ മറ്റൊരു ആനയുടെ പാപ്പാന്‍ കൂടി കഴിഞ്ഞദിവസം മരിച്ചു. പാറമേക്കാവിനു സമീപം പാപ്പാന്‍ വാസുവാണ് ആത്മഹത്യ ചെയ്തത്. 'ദേവസ്വത്തില്‍നിന്ന് ഏക്കത്തിനു വാങ്ങുന്ന ആനയെ എവിടെയൊക്കെ കൊണ്ടുപോകണം എന്നു തീരുമാനിക്കുന്നത് പലപ്പോഴും ഫാന്‍സ് അസോസിയേഷനുകളാണ്. പുറത്തുകയറുന്നതിനും തൊടുന്നതിനും ഫോട്ടോ എടുക്കുന്നതിനുമെല്ലാം ഇവര്‍ പണം വാങ്ങുന്നു. ഇതിന്റെ വിഹിതം പങ്കുവയ്ക്കുന്നതിനെച്ചൊല്ലി പാപ്പാന്മാരും അസോസിയേഷന്‍കാരും ദേവസ്വവും തമ്മില്‍ അഭിപ്രായ വ്യത്യാസം പതിവാണ്. ഇത്തരം അഭിപ്രായവ്യത്യാസങ്ങളാണ് പലപ്പോഴും വലിയ പ്രചാരണങ്ങളിലേക്കും സ്വയംഹത്യകളിലേക്കും വരെ എത്തുന്നത്'-വെങ്കിടാചലം പറയുന്നു.

'ശൃംഖലയറിയാത്ത സഖിതന്‍ കാലില്‍ 
പ്രേമച്ചങ്ങല ബന്ധിച്ചുവോ ചഞ്ചലത്തുമ്പിക്കയ്യാല്‍'

ഇത്തരം അനേകമനേകം സംഭവങ്ങളുണ്ടായിട്ടും മസ്തകത്തില്‍ കാടുമാത്രമുള്ള ആനകളെക്കുറിച്ച് എങ്ങും ചര്‍ച്ചയാകുന്നില്ല.  വൈലോപ്പിള്ളി എഴുതിയത് ഇന്ന് ആധുനിക ശാസ്ത്രത്തില്‍ പറയുന്ന അതേ കാര്യം തന്നെയാണ്. സ്വാഭാവിക പ്രജനന സ്വാതന്ത്ര്യം പോലും ലഭിക്കാതെ കണ്ണുകള്‍ ഇരുട്ടാക്കി കൊണ്ടുനടക്കുന്ന ആനകളുടെ ആ കൊലക്കണക്ക് ഇങ്ങനെയാണ്. 
കേരളത്തില്‍ ഉള്ളത് 700 നാട്ടാനകള്‍ (നാട്ടാനകള്‍ കാട്ടാനകള്‍ തന്നെയാണെന്നു സുപ്രീം കോടതി). 
പാപ്പാന്മാര്‍-2400 പേര്‍
ഇന്ത്യയില്‍ ഓരോ പത്തുവര്‍ഷവും  400 മനുഷ്യര്‍ ആനയുടെ ലഹളയില്‍ മരിക്കുന്നു. 50 ആനകള്‍ വീതം അകാലത്തിലും ചെരിയുന്നു. 
ആന ചെവിയാട്ടുന്നത് അസ്വസ്ഥതകൊണ്ടാണെന്നും പഞ്ചാരി കേട്ടിട്ടല്ലെന്നും  മസ്തകം പൊക്കുന്നത് ഒന്നാമനാകാന്‍ അല്ല തോട്ടികൊണ്ട് കഴുത്തിലും ആണിച്ചെരുപ്പുകൊണ്ട് കാലിലും കുത്തുന്നതുകൊണ്ടാണെന്നും കയറാന്‍ ഇരുന്നുതരുന്നത് ഭയന്നിട്ടാണെന്നും കൊടുക്കുന്നതു കഴിക്കുന്നത് സ്‌നേഹംകൊണ്ടല്ല വിശന്നിട്ടാണെന്നും ദിവസം 250 ലിറ്റര്‍ വെള്ളംകുടിക്കേണ്ട ആനയ്ക്ക് 50 ലിറ്റര്‍ പോലും നല്‍കാത്തത് അതിനെ 'വാട്ടി' നിര്‍ത്താനാണെന്നും മദംപൊട്ടാതിരിക്കാനും പൊട്ടിയാല്‍ പെട്ടെന്ന് ഒലിക്കല്‍ നിര്‍ത്താനും മരുന്നു നല്‍കാറുണ്ടെന്നുമെല്ലാം പറയുന്നവരെ തുമ്പിക്കൈകൊണ്ടു തൂക്കി കൊമ്പില്‍കോര്‍ക്കാന്‍ മാത്രം കരുത്തരാണ് ആരാധകര്‍. അവരുടെ  നടക്കു നില്‍ക്കുമ്പോള്‍ ആനയ്ക്ക് എപ്പോഴും തോന്നുമെന്ന് വൈലോപ്പിള്ളി പറഞ്ഞത് ഇങ്ങനെയാണ്.

ഇരമ്പും മലവെള്ളപ്പൊക്കമോ, കാട്ടാളന്മാരി-
രുഭാഗവും വളഞ്ഞാര്‍ത്തുകാടിളക്കുന്നോ? 

പേടിച്ചിട്ടാണ്,  പേടിച്ചിട്ടു മാത്രമാണ് ആനപ്രേമത്തിന്റെയും ആനയുടേയും സത്യം അറിയാവുന്നവര്‍ ഒന്നും പറയാത്തത്. വിശ്വാസത്തിന്റെ നെറ്റിപ്പട്ടം കെട്ടി ആഡംബരത്തിന്റെ വെണ്‍ചാമരം വീശിനില്‍ക്കുന്ന ആരാധകരെ ധിക്കരിക്കാന്‍ സര്‍ക്കാരിനോ സന്നദ്ധസംഘടനകള്‍ക്കോ കോടതി പറഞ്ഞിട്ടുപോലും കഴിയുന്നില്ല. കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിനും നെയ്തലക്കാവിലെ തിടമ്പേറ്റി തെക്കെ ഗോപുരനട തള്ളിത്തുറന്ന് കണിമംഗലം ശാസ്താവിനു വഴിയൊരുക്കിയ പൊക്കമാണ് പേരാമംഗലത്തെ കെട്ടുതറയില്‍ ഇപ്പോഴും നില്‍ക്കുന്നത്.

(സമകാലിക മലയാളം വാരിക 2015ല്‍ പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com