സംസ്‌കാരവിഹീനതയുടെ പേരോ ഹിന്ദു ഏകത മഞ്ച്?

സകല വാതായനങ്ങളും കൊട്ടിയടച്ച അനുദാര ഹൈന്ദവതയാണ് അവരുടെ ദൃഷ്ടിയില്‍ ഭാരതീയത
സംസ്‌കാരവിഹീനതയുടെ പേരോ ഹിന്ദു ഏകത മഞ്ച്?

ഒരുപക്ഷേ, ചരിത്രത്തില്‍ ഇന്നേവരെ ഒരു കൊച്ചുപെണ്‍കുട്ടിയും അനുഭവിച്ചിരിക്കാനിടയില്ലാത്ത വിധത്തിലുള്ള ക്രൂരാല്‍ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമാണ് കത്തുവയിലെ എട്ടു വയസ്സുകാരി വിധേയയാക്കപ്പെട്ടത്. ആവാസപരിസരത്തില്‍നിന്നു തട്ടിക്കൊണ്ടുപോയി എട്ടു ദിവസം തടവിലിട്ട്, മരുന്നു കൊടുത്തു മയക്കി ഒരു സംഘം കാപാലികര്‍ നിഷ്‌ക്കളങ്കയായ ആ കുട്ടിയെ മാറിമാറി ബലാത്സംഗം ചെയ്യുകയും ഒടുവില്‍ കഴുത്തൊടിച്ച്, കല്ലുകൊണ്ട് തല പൊട്ടിച്ച് കൊല്ലുകയും ചെയ്തു!
ആ കശ്മലരെക്കുറിച്ച് ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞതിങ്ങനെ: ''അവര്‍ മനുഷ്യരല്ല, പിശാചുക്കളാണ്.'' ജീവനകലയുടെ ആചാര്യന്റെ വാക്കുകള്‍ ജമ്മുവിലെ കത്തുവ ജില്ലയില്‍ രസാന എന്ന ഗ്രാമത്തില്‍ അരങ്ങേറിയ പാപിഷ്ഠതയുടെ ആഴവും തീവ്രതയും പ്രതിഫലിപ്പിക്കാന്‍ പര്യാപ്തമാണെന്നു തോന്നുന്നില്ല. എട്ടു വയസ്സുമാത്രം പ്രായമുള്ള കുട്ടിയെ ദിവസങ്ങളോളം കടിച്ചുകീറി കൊന്നുതള്ളിയവര്‍ അനഭ്യസ്തരല്ല. വിരമിച്ച റവന്യു ഉദ്യോഗസ്ഥനും അയാളുടെ ബന്ധുക്കളും നാല് പൊലീസുകാരുമടങ്ങിയ അഭ്യസ്തവിദ്യരാണ് അത്യന്തം ഗര്‍ഹണീയമായ ആ കുറ്റകൃത്യത്തില്‍ ഭാഗഭാക്കായത്. വിദ്യാസമ്പന്നരായിട്ടും ഇമ്മട്ടിലൊരു നികൃഷ്ട കൃത്യം ഒരാഴ്ചക്കാലം തുടര്‍ന്ന ഈ പരമദുഷ്ടര്‍ പിശാചുക്കള്‍ക്കുപോലും സങ്കല്‍പ്പിക്കാനാവാത്ത നിഷ്ഠുരതയും നിര്‍ദ്ദയത്വവുമാണ് കെട്ടഴിച്ചുവിട്ടത്.
കത്തുവ സംഭവത്തിലെ പ്രത്യക്ഷ പ്രതികള്‍ മേല്‍ സൂചിപ്പിച്ചവരാണെങ്കിലും ആ മഹാപാതകത്തില്‍ പരോക്ഷ പ്രതികള്‍ വേറെ ധാരാളമുണ്ട്. ബാലികയെ ബലാത്സംഗം ചെയ്ത് വധിച്ചവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാനൊരുമ്പെട്ട അഭിഭാഷകരും കേസ് ദുര്‍ബ്ബലപ്പെടുത്തുക എന്ന ദുരുദ്ദേശ്യത്തോടെ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ബന്ദ് പ്രഖ്യാപിച്ച ജമ്മു ഹൈക്കോടതി ബാര്‍ അസോസിയേഷനും ആ ഗണത്തില്‍പ്പെടും. ഇരയോടും നീതിക്കുമൊപ്പം നില്‍ക്കേണ്ട അഭിഭാഷകവൃന്ദം വേട്ടക്കാര്‍ക്ക് സഹായകമാകുന്ന നിലപാട് സ്വീകരിക്കുക എന്നതിനര്‍ത്ഥം അവര്‍ കുറ്റകൃത്യങ്ങളെ പരോക്ഷമായി പിന്താങ്ങുക എന്നുതന്നെയാണ്.
പിഞ്ചുബാലികയായ ഇരയ്‌ക്കെതിരെ ക്രൂരഹൃദയരായ കുറ്റവാളികള്‍ക്കനുകൂലമായ സമീപനം കൈക്കൊണ്ടവരുടെ പട്ടിക അവിടെ അവസാനിക്കുന്നില്ല. ജമ്മു-കശ്മീര്‍ ഭരിക്കുന്ന മഹ്ബൂബ മുഫ്തി മന്ത്രിസഭയില്‍ അംഗങ്ങളായ രണ്ടു ബി.ജെ.പി നേതാക്കളും ആ പട്ടികയിലുണ്ട്. പ്രതിഷേധം കത്തിജ്വലിച്ചതിനെത്തുടര്‍ന്ന്  രാജിവെയ്ക്കാന്‍ നിര്‍ബ്ബന്ധിതരായ വനംവകുപ്പു മന്ത്രി ലാല്‍ സിങ്ങും വാണിജ്യവകുപ്പു മന്ത്രി ചന്ദര്‍ പ്രകാശ് ഗംഗഗയുമാണവര്‍. പട്ടികയില്‍ ഇനിയുമുണ്ട് ഒരു പേര്. ആ പേര് ഒരു സംഘടനയുടേതാണ്-ഹിന്ദു ഏകത മഞ്ച്. ബി.ജെ.പി മന്ത്രിമാരുടെ പിന്തുണയോടെയാണ് ഈ സംഘടന പ്രതികള്‍ക്കനുകൂലമായി പ്രശ്‌നത്തില്‍ ഇടപെട്ടത്.
കഴിഞ്ഞ ജനുവരി 10-നാണ് നിര്‍ദ്ദോഷിയായ ബാലികയെ അക്രമികള്‍ തട്ടിക്കൊണ്ടു പോയത്. ഒന്നരമാസം വൈകി പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ഹിന്ദു ഏകത മഞ്ച് രംഗത്തു വന്നു. ബലാത്സംഗ ഭ്രാന്തരായ കൊലയാളികളെ സംരക്ഷിക്കുക എന്നതായിരുന്നു മഞ്ചിന്റെ ലക്ഷ്യം. വധിക്കപ്പെട്ട ബാലികയോ ആ കുട്ടിയുടെ അദമ്യവ്യഥയനുഭവിക്കുന്ന മാതാപിതാക്കളോ ഒന്നും അവരുടെ പരിഗണനാവിഷയമേ ആയില്ല. ബാലിക നേരിട്ട അക്ഷരങ്ങള്‍ക്കതീതമായ മഹാദുരിതങ്ങള്‍ ആ കുട്ടി അര്‍ഹിക്കുന്നു എന്ന മട്ടിലാണ് ഹൈന്ദവ മൗലികവാദത്തില്‍നിന്നു മുളപൊട്ടിയ ഹിന്ദു ഏകത മഞ്ചിന്റെ അമരക്കാരും അണികളും പ്രശ്‌നത്തെ അഭിവീക്ഷിച്ചത്.
നിരപരാധിയായ ബാലികയെ പിച്ചിച്ചീന്തിയെറിഞ്ഞവരോ ആ കാപാലികരെ കൈമെയ് മറന്നു പിന്തുണച്ച അഭിഭാഷകരും മന്ത്രിമാരും ഏകത മഞ്ചുകാരുമടങ്ങിയ കൂട്ടങ്ങളോ ഒന്നും, തങ്ങള്‍ക്കും കൊച്ചുപെണ്‍മക്കളും കൊച്ചുപെങ്ങന്മാരുമുണ്ടാകാമെന്നും രസാന ഗ്രാമത്തിലെ നാടോടി ബാലികയ്ക്ക് വന്നുപെട്ട നാരകീയാവസ്ഥ അവര്‍ക്ക് വന്നുപെട്ടാലുള്ള സ്ഥിതി എന്തായിരിക്കുമെന്നും ആലോചിക്കാന്‍ അരനിമിഷം പോലും ചെലവഴിച്ചില്ല. അവര്‍ക്ക് ആ വീഴ്ച സംഭവിച്ചതിനു മുഖ്യകാരണം ഇതത്രേ: ഇടയജീവിതം നയിക്കുന്ന ബഖര്‍വാല്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി മതതലത്തില്‍ മുസ്ലിമാണ്. മുസ്ലിമോ, എങ്കില്‍ ആ 'ജന്തു'വിനെ എന്തു ചെയ്താലെന്ത് എന്ന അന്ധമായ വര്‍ഗ്ഗീയ വികാരമാണ് മുകളില്‍ പരാമര്‍ശിച്ചവരെ ഭരിച്ചത്.
മതം മാത്രമല്ല, ഭൂമിയും വംശീയോന്മാദവും കൂടി ഈ കഠോരകൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കാണാം. ബഖര്‍വാലകളും ഗുജ്ജാറുകളും പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട മുസ്ലിങ്ങളാണ്. അവര്‍ ജമ്മുവില്‍ ഇടം കണ്ടെത്തുന്നത് ബ്രാഹ്മണ വിഭാഗങ്ങള്‍ക്ക് രുചിക്കുന്നില്ല. രസാനയില്‍ത്തന്നെ ബ്രാഹ്മണ കുടുംബങ്ങള്‍ വസിക്കുന്നിടത്ത് ബഖര്‍വാല്‍ വംശീയ വിഭാഗത്തില്‍പ്പെട്ടവര്‍ താമസമുറപ്പിച്ചതാണ് പെണ്‍കുട്ടിയുടെ ഘാതകരെ പ്രകോപിപ്പിച്ചത്. ബഖര്‍വാലകളെ ഭീഷണിപ്പെടുത്തിയും ഭീതിപ്പെടുത്തിയും ആട്ടിയോടിക്കുക എന്ന നീചതന്ത്രത്തിന്റെ ഭാഗമായിരുന്നു എട്ടും പൊട്ടും തിരിയാത്ത എട്ടു വയസ്സുകാരിക്ക് നേരെയുണ്ടായ മാപ്പര്‍ഹിക്കാത്ത നൃശംസത.
കാമഭ്രാന്തും കുടിലമനസ്സുമുള്ള രക്തദാഹികള്‍ നിരപരാധിയായ ബാലികയ്ക്കു നേരെ ലൈംഗികാതിക്രമങ്ങള്‍ നടത്താന്‍ പ്രദേശത്തെ ക്ഷേത്രത്തിനുള്ളിലെ പ്രാര്‍ത്ഥനാമുറി ഉപയോഗിച്ചു എന്നതും ശ്രദ്ധിക്കപ്പെടണം. സംഭവത്തിന്റെ സൂത്രധാരനും ക്ഷേത്രം നടത്തിപ്പുകാരനുമായ സഞ്ജിറാം എന്ന മുന്‍ റവന്യൂ ഉദ്യോഗസ്ഥനാണ് അതിനുള്ള സൗകര്യങ്ങളെല്ലാം ചെയ്തത്. മത, വംശീയ വികാരങ്ങളാല്‍ പ്രേരിതരായി കണ്ണില്ലാക്രൂരതയിലേര്‍പ്പെടുന്നവര്‍ക്ക്  ദൈവവും പുല്ല് എന്നു വ്യക്തമാക്കുന്നതാണ് ആ നടപടി. എന്നിട്ടും ബി.ജെ.പിക്കാരായ മന്ത്രിമാരും ഹിന്ദു ഏകത മഞ്ചുകാരും ഇച്ചൊന്ന കൊടുംകുറ്റവാളികളെ നിയമഹസ്തങ്ങളില്‍നിന്നു രക്ഷിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിപ്പുറപ്പെട്ടെങ്കില്‍, അതെന്താണ് കാണിക്കുന്നത്? സരസ്വതിയുടെ നഗ്‌നചിത്രം വരച്ചതിനു എം.എഫ്. ഹുസൈനെ നിരന്തരം വേട്ടയാടുകയും 'ദ ഹിന്ദൂസ്: ഏന്‍ ഓള്‍ട്ടര്‍നെറ്റീവ് ഹിസ്റ്ററി' എന്ന ഗ്രന്ഥമെഴുതിയ വെന്‍ഡി ഡോണിഗര്‍ക്കു നേരെ കുരച്ചുചാടുകയും ചെയ്തവരുടെ മതവും ഭക്തിയും നൂറ്റിയൊന്നു ശതമാനം കപടം എന്നുതന്നെ.
ഇത്തരക്കാരുടെ മുഴുനീള കാപട്യം മതത്തിന്റേയും ഭക്തിയുടേയും വിഷയങ്ങളില്‍ ഒതുങ്ങുന്നില്ല. രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ കാര്യത്തില്‍ നിലനില്‍ക്കുന്നതും കറയേശാത്ത കാപട്യം തന്നെയാണ്. പ്രധാനമന്ത്രി മോദിയുടേയും ഭാരതീയ ജനതാ പാര്‍ട്ടിയുടേയും സമീപകാലത്തെ പ്രിയങ്കര മുദ്രാവാക്യം 'ബേട്ടി ബചാവോ, ബേട്ടി പഠാവോ' എന്നതത്രേ. പെണ്‍കുട്ടികളെ രക്ഷിക്കൂ എന്നു വിളിച്ചുപറയുന്നവര്‍ തന്നെയാണ് ജമ്മുവിലെ രസാനയിലും ഉത്തര്‍പ്രദേശിലെ ഉന്നാവിലും നിസ്സഹായരായ പെണ്‍കുട്ടികളെ നിഷ്‌ക്കരുണം പിച്ചിച്ചീന്തിയെറിഞ്ഞത്. ഉന്നാവില്‍ ബി.ജെ.പിക്കാരനായ എം.എല്‍.എ തന്നെയാണ് പ്രതി. പത്ത് മാസത്തിനുശേഷം മാത്രമാണ് മതാചാര്യന്‍ കൂടിയായ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ബലാത്സംഗക്കുറ്റം ആരോപിക്കപ്പെട്ട കുല്‍ദീപ് സിങ്ങ് സെംഗാര്‍ എന്ന നിയമസഭാ സാമാജികനെതിരെ കേസെടുത്തത്. അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടതാകട്ടെ, കുറ്റാരോപിതനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നു അലഹബാദ് ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചതിനുശേഷം മാത്രവും. നീതിനിര്‍വ്വഹണത്തില്‍ യു.പിയിലെ ബി.ജെ.പി ഭരണകൂടം അനുവര്‍ത്തിക്കുന്ന കുറ്റകരമായ അലംഭാവത്തിന്റെ തെളിവാണ് കോടതിയുടെ ചോദ്യം.
കത്വയില്‍ ബഖര്‍വാല്‍ സമുദായത്തില്‍പ്പെട്ടവര്‍ താമസമാക്കിക്കൂട എന്ന ജനാധിപത്യ വിരുദ്ധവും ബഹുസ്വരതാവിരുദ്ധവുമായ ഹൈന്ദവ വലതുപക്ഷ നിലപാടിന്റെ ഉല്‍പ്പന്നമാണ് യഥാര്‍ത്ഥത്തില്‍ കത്തുവ സംഭവം. 'ലോകാ സമസ്ത സുഖിനോ ഭവന്തു' എന്ന് ഉദ്‌ഘോഷിച്ച ഭാരതീയ പാരമ്പര്യത്തിനു തീര്‍ത്തും കടകവിരുദ്ധമാണ് മേല്‍ നിലപാട്. സമസ്ത ജനവിഭാഗങ്ങളുടേയും ക്ഷേമൈശ്വര്യങ്ങളില്‍ അടിവരയിട്ട ഒരു സംസ്‌കൃതിയുടെ പേരില്‍ അഭിമാനിക്കുന്നു എന്നവകാശപ്പെടുന്നവര്‍ പ്രയോഗതലത്തില്‍ ബഹുസ്വരതയുടേയും സാംസ്‌കാരിക വൈജാത്യങ്ങളുടേയും വന്‍ ശത്രുക്കളാകുന്നത് എന്തുകൊണ്ടാണ്?
ഈ ചോദ്യത്തിനുള്ള ഉത്തരം കിടക്കുന്നത് തീവ്രഹൈന്ദവ വലതുപക്ഷം ഭാരതീയ എന്ന പരികല്‍പ്പനയ്ക്ക് നല്‍കുന്ന നിര്‍വ്വചനത്തിലാണ്. ഭാരതീയതയെ അവര്‍ ഹൈന്ദവതയായി ന്യൂനീകരിക്കുന്നു. പ്രസ്തുത ഹൈന്ദവതയെത്തന്നെ ഒരു പടികൂടി കടന്നു അനുദാര (illiberal) ഹൈന്ദവതയായി അവര്‍ വീണ്ടും വെട്ടിച്ചുരുക്കുന്നു. സകല വാതായനങ്ങളും കൊട്ടിയടച്ച അനുദാര ഹൈന്ദവതയാണ് അവരുടെ ദൃഷ്ടിയില്‍ ഭാരതീയത. അവിടെ അഹൈന്ദവതയ്ക്ക് മാത്രമല്ല, ഹൈന്ദവതയുടെത്തന്നെ ഉദാര രൂപങ്ങള്‍ക്കും അശേഷം ഇടമില്ല. ഹൈന്ദവേതരതയെ എന്ന പോലെ ഉദാര ഹൈന്ദവതയേയും അവര്‍ അപരവല്‍ക്കരിക്കുന്നു.
ഇമ്മട്ടിലുള്ള അപരവല്‍ക്കരണം നിമിത്തമാണ് കത്തുവയില്‍ തമ്പടിക്കുന്ന ഇടയ സമുദായമായ ബഖര്‍വാല്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ ആട്ടിയോടിക്കപ്പെടേണ്ടവരോ ഉന്മൂലനം ചെയ്യപ്പെടേണ്ടവരോ ആണെന്ന ദുശ്ചിന്തയ്ക്ക് അവര്‍ വശംവദരാകുന്നത്. ആസിഫയെന്ന കുരുന്നിനോട്  കാണിച്ചതും മനസ്സാക്ഷിയുള്ള ഒരാള്‍ക്കും ഒരളവിലും അംഗീകരിക്കാന്‍ സാധിക്കാത്തതുമായ മഹാപാതകം ചെയ്തവരെ വെള്ളപൂശുന്നവര്‍ ഹൈന്ദവതയുടെ പര്യായമല്ല ഭാരതീയത എന്ന വസ്തുത തിരിച്ചറിയണം. ഹൈന്ദവതയുടേയും അഹൈന്ദവതയുടേയും സമഞ്ജസമേളനമത്രേ ഭാരതീയത. ഈ സാമൂഹിക യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെ, ഒരു പെണ്‍കുഞ്ഞിനെ ഒരാഴ്ചക്കാലം വേദനകളുടെ നെരിപ്പോടിലിട്ട് കൊന്നുതള്ളിയവര്‍ക്കു വേണ്ടി തെരുവിലിറങ്ങിയ ഏകത മഞ്ചുകാരോട് നിഷ്പക്ഷമതികള്‍ ചോദിച്ചുപോകും: ഈ സംസ്‌കാരവിഹീനതയുടെ പേരോ ഹിന്ദു ഏകത മഞ്ച്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com