അഭിമന്യു ഇടതുപക്ഷത്തോട് ചോദിക്കുന്ന അഞ്ചു ചോദ്യങ്ങള്‍

സിമി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ'യുടെ ഔദ്യോഗിക ജിഹ്വയായിരുന്നു 'ഇസ്ലാമിക് മൂവ്‌മെന്റ്.'
അഭിമന്യു ഇടതുപക്ഷത്തോട് ചോദിക്കുന്ന അഞ്ചു ചോദ്യങ്ങള്‍

സിമി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ'യുടെ ഔദ്യോഗിക ജിഹ്വയായിരുന്നു 'ഇസ്ലാമിക് മൂവ്‌മെന്റ്.' ഹിന്ദിയിലും ഉറുദുവിലും പ്രസിദ്ധീകരിക്കപ്പെട്ട ആ മാധ്യമത്തില്‍ 1996 മധ്യത്തിനുശേഷം ഉള്‍പ്പെടുത്തിപ്പോന്ന ഒരു കുറിവാക്യം (epigraph) ഉണ്ട്. ഇസ്ലാമിക് മൂവ്‌മെന്റിനു പുറമെ സിമിയുടെ കലണ്ടര്‍ ഉള്‍പ്പെടെയുള്ള പല പ്രസിദ്ധീകരണങ്ങളിലും അത് ചേര്‍ത്തിരുന്നു. അഞ്ചു വരികളുള്ള ആ കുറിവാക്യം ഇങ്ങനെ വായിക്കാം:

''അല്ലാഹുവാണ് ഞങ്ങളുടെ ഭരണാധികാരി
മുഹമ്മദാണ് ഞങ്ങളുടെ സേനാനായകന്‍
ഖുര്‍ആനാണ് ഞങ്ങളുടെ ഭരണഘടന
ജിഹാദാണ് ഞങ്ങളുടെ മാര്‍ഗ്ഗം
ശഹാദത്ത് (രക്തസാക്ഷിത്വം) ആണ് ഞങ്ങളുടെ അഭിലാഷം''

1977 ഏപ്രിലില്‍ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായാണ് സിമി നിലവില്‍ വന്നത്. ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതില്‍ കുറഞ്ഞ മറ്റൊന്നു കൊണ്ടും മുസ്ലിങ്ങള്‍ തൃപ്തിപ്പെട്ടുകൂടാ എന്ന മൗദൂദിയന്‍ ആശയം ശക്തസ്വരത്തില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച മുസ്ലിം വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനമാണത്. മുകളില്‍ ഉദ്ധരിച്ച അവരുടെ കേന്ദ്രമുദ്രാവാക്യത്തില്‍ കാണുന്ന സൈനിക ഭാഷാ പ്രയോഗം യാദൃച്ഛികമല്ല. ഒരു സൈനികവല്‍കൃത ഇസ്ലാമായിരുന്നു സിമിയുടെ നെഞ്ചകത്തുണ്ടായിരുന്നത്. പ്രവാചകന്‍ മുഹമ്മദിനെ അവര്‍ കണ്ടത് തങ്ങളുടെ സൈനിക മേധാവിയായാണ്. ആ പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ അധ്യക്ഷപദവിയിലിരുന്ന ഖാസിം ഒമര്‍ മുഹമ്മദ് നബിയെ വിശേഷിപ്പിച്ചത്  'യുദ്ധങ്ങളുടെ പ്രവാചകന്‍' (നബിയുല്‍ മലാഹിന്‍) എന്നായിരുന്നു (See Irfan Ahmad, Islamism ad Democracy in India, p-164).

ദേശീയത എന്ന സങ്കല്‍പ്പം നിന്ദാപൂര്‍വ്വം നിരാകരിച്ച സിമി, 1920-കളുടെ ആദ്യത്തില്‍ ചരിത്രത്തില്‍നിന്നു പിന്‍വാങ്ങിയ ഖിലാഫത്ത് (ഖലീഫാ ഭരണം) പുനഃസ്ഥാപിക്കണമെന്ന മുദ്രാവാക്യം മുന്നോട്ടുവച്ചു. ഖുര്‍ആനിലെ 61-ാം അധ്യായത്തിലെ 9-ാം സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് അവര്‍ ഖിലാഫത്തിനുവേണ്ടി വാദിച്ചത്. അല്ലാഹു ഖുര്‍ആന്‍ എന്ന വേദം നല്‍കിയതും മുഹമ്മദിനെ അയച്ചതും മറ്റെല്ലാ മതങ്ങള്‍ക്കും മേല്‍ ഇസ്ലാമിന്റെ മേധാവിത്വം സ്ഥാപിക്കാനാണെന്നു മേല്‍ സൂക്തത്തിന്റെ പിന്‍ബലത്തില്‍ സംഘടന വിശദീകരിച്ചു. 'മതപരമായ ആ കടമ' നിര്‍വ്വഹിക്കാന്‍ ഖിലാഫത്ത് കൂടിയേ തീരൂ എന്നതായിരുന്നു സിമിയുടെ നീക്കുപോക്കില്ലാത്ത നിലപാട്.

ഇതൊന്നും തങ്ങളുടെ കണ്ടുപിടിത്തമല്ലെന്നും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകാചാര്യന്‍ നേരത്തേ വിശദീകരിച്ചതാണെന്നും ചൂണ്ടിക്കാണിച്ച സിമി തങ്ങളുടെ ഭരണഘടനയായി ഖുര്‍ആനിനെ ഉയര്‍ത്തിക്കാട്ടിയതും തങ്ങളുടെ മാര്‍ഗ്ഗമായി ജിഹാദിനെ (മതയുദ്ധത്തെ) അവതരിപ്പിച്ചതും അതേ ആചാര്യന്റെ അധ്യാപനങ്ങളെ അവലംബിച്ചു തന്നെയായിരുന്നു. ആ സിമിയുടെ ഭാഗമായിരുന്നവര്‍ പില്‍ക്കാലത്ത് എന്‍.ഡി.എഫായും പോപ്പുലര്‍ ഫ്രണ്ടായും എസ്.ഡി.പി.ഐയായും കാമ്പസ് ഫ്രണ്ടായുമൊക്കെ മാറി. ലഭ്യമായ വാര്‍ത്തകള്‍ പ്രകാരം അവരത്രേ എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിനെ അരുംകൊല ചെയ്തത്. അഭിമന്യു വധത്തിനു മുന്‍പും പലരേയും അവര്‍ കൊലപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്തിട്ടുണ്ട്. തിരുവില്വാമലയിലെ മുഹമ്മദ് ഫകീര്‍ എന്ന സിദ്ധനും കാസര്‍ഗോട്ടെ ബാലകൃഷ്ണനും പത്തനംതിട്ടയിലെ നൗഷാദും നാദാപുരത്തെ ബിനുവും വടക്കേക്കാട്ടെ മണികണ്ഠനും ഇരുട്ടിയിലെ അശ്വിനികുമാറും കുറ്റിയാടിയിലെ നസറുദ്ദീനും തൊട്ട് പേരാവൂരിലെ ശ്യാമപ്രസാദ് വരെ മുപ്പതിലേറെപ്പേര്‍ അവരുടെ കൊലക്കത്തിക്കിരയായിട്ടുണ്ട്. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ പ്രൊഫസറായിരുന്ന ടി.ജെ. ജോസഫാകട്ടെ, പി.എഫ്.ഐ ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്.

ജമാഅത്തെ ഇസ്ലാമില്‍നിന്നു പൊട്ടിമുളച്ച സിമിയില്‍നിന്നു ജിഹാദിസ്റ്റ് ഊര്‍ജ്ജമുള്‍ക്കൊണ്ട് നിലവില്‍ വന്ന ഈ സംഘത്തിന്റെ ആശയങ്ങളും പ്രവര്‍ത്തനശൈലിയും ലക്ഷണമൊത്ത തീവ്രവാദ കൂട്ടായ്മയുടേതാണെന്ന കാര്യത്തില്‍ വിവേകശാലികള്‍ തര്‍ക്കിക്കുകയില്ല. ഇന്ത്യയ്ക്ക് വെളിയില്‍ പാകിസ്താനും ബംഗ്ലാദേശും അഫ്ഗാനിസ്താനുമുള്‍പ്പെടെ പല രാഷ്ട്രങ്ങളിലും സക്രിയമായ പല ഇസ്ലാമിക തീവ്രവാദ സംഘങ്ങളുടേയും കര്‍മ്മശൈലിയെ അനുസ്മരിപ്പിക്കും വിധമാണ് ഈ കൂട്ടായ്മ രണ്ടര ദശാബ്ദത്തോളമായി ഇവിടെ പ്രവര്‍ത്തിച്ചു പോന്നിട്ടുള്ളത്. മതേതര ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും അവരുടെ വിചാരരീതിയോടോ രാഷ്ട്രീയ നിലപാടുകളോടോ നേരിയ ചായ്വുപോലും പ്രദര്‍ശിപ്പിച്ചു കൂടാത്തതാണ്. ഭൂരിപക്ഷ സമുദായത്തില്‍ പ്രവര്‍ത്തിക്കുന്ന മതമൗലിക, തീവ്രവാദ പ്രസ്ഥാനങ്ങളോട് പുലര്‍ത്തുന്ന അതേ അളവില്‍ അസ്പൃശ്യത ഈ വിഭാഗത്തോടും സെക്യുലര്‍ പാര്‍ട്ടികള്‍ പൊതുവിലും ഇടതുപക്ഷ സെക്യുലര്‍ പാര്‍ട്ടികള്‍ വിശേഷിച്ചും പുലര്‍ത്തേണ്ടതുണ്ട്.

ഇടതു മതേതര പാര്‍ട്ടികള്‍, പ്രത്യേകിച്ച് സി.പി.എം അങ്ങനെ ചെയ്തുവോ? കാമ്പസ് ഫ്രണ്ടിന്റേയും അതിന്റെ രക്ഷാകര്‍ത്തൃ സംഘടനകളുടേയും കാപാലികരാല്‍ കൊല്ലപ്പെട്ട അഭിമന്യു ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളില്‍ ഒന്നാണിത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ എസ്.ഡി.പി.ഐ., വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി തുടങ്ങിയ വര്‍ഗ്ഗീയ, മതമൗലിക സംഘങ്ങളോട് ചിലയിടങ്ങളില്‍ ധാരണയുണ്ടാക്കുകയും അവരെ കൂട്ടി ഭരണം നടത്തുകയും ചെയ്യുമ്പോള്‍ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ വാടുന്നു; മതതീവ്രവാദ മൂല്യങ്ങളാല്‍ നയിക്കപ്പെടുന്ന പാര്‍ട്ടികള്‍ക്ക് പൊതുസമ്മതിയും അംഗീകാരവും കൈവരാന്‍ അത് സഹായകമാവുകയും ചെയ്യുന്നു.

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ മാത്രമല്ല, അസംബ്ലി, ലോകസഭ തെരഞ്ഞെടുപ്പുകളിലും മതമൗലിക-മതതീവ്രവാദ വിഭാഗങ്ങളുടെ വോട്ടുകള്‍ക്കുവേണ്ടി സി.പി.എം. ആദര്‍ശം ബലികഴിച്ച ചരിത്രം കേരളീയരുടെ മുന്‍പാകെയുണ്ട്. 2002-ല്‍ ദേശാഭിമാനി പത്രമായിരുന്നു ഇസ്ലാമിക സേവാസംഘത്തിന്റെ (ഐ.എസ്.എസ്) സ്ഥാപകനായ അബ്ദുന്നാസര്‍ മഅ്ദനിയെ 'ഭീകരതയുടെ കോ-ഓര്‍ഡിനേറ്റര്‍' എന്ന് വിശേഷിപ്പിച്ചത്. സ്വമതമഹിമാ ബോധത്തിലേക്കും തജ്ജന്യമതാഹങ്കാരത്തിലേക്കും സെനഫോബിയയിലേക്കും മുസ്ലിങ്ങളെ നയിക്കാന്‍ അക്ഷീണയത്‌നം നടത്തിയ ആളായിരുന്നു പില്‍ക്കാലത്ത് പി.ഡി.പിയുടെ ചെയര്‍മാനായ മഅ്ദനി. ആ കക്ഷിയെ 2009-ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം. (എല്‍.ഡി.എഫ്) കൂട്ടുപിടിച്ചു. മഅ്ദനി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ പൊന്നാനി മണ്ഡലത്തില്‍ ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കുന്നിടം വരെ അധഃപതിച്ചു ആ ദുരാഷ്ട്രീയ വേഴ്ച. ചേകന്നൂര്‍ മൗലവിയുടെ ഉന്മൂലനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അരമനയില്‍ വോട്ട് ഭിക്ഷ നടത്തുന്ന നാണംകെട്ട പതിവും സി.പി.എം തുടര്‍ന്നു. മാര്‍ക്‌സിയന്‍ മൂല്യങ്ങള്‍ക്കും മതനിരപേക്ഷ തത്ത്വങ്ങള്‍ക്കും നിരക്കാത്ത ഇത്തരം ചെയ്തികളില്‍ ഇടതുപക്ഷം വ്യാപൃതമായതുകൊണ്ടു കൂടിയല്ലേ കേരളത്തില്‍ മതതീവ്രവാദികള്‍ക്ക് ചുവടുറപ്പിക്കാന്‍ സാധിച്ചത്? ഇതാണ് അഭിമന്യു ഉയര്‍ത്തുന്ന രണ്ടാമത്തെ ചോദ്യം.

ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലുമുള്ള മുസ്ലിം സമൂഹത്തില്‍നിന്നു വ്യതിരിക്തത പുലര്‍ത്തുന്ന ഒന്നാണ് കേരളത്തിലെ മുസ്ലിം സമൂഹം. കഴിഞ്ഞ നാലു ദശാബ്ദത്തോളമായി സംസ്ഥാനത്തെ മുസ്ലിങ്ങളില്‍ വലിയ ഒരു വിഭാഗം സാമ്പത്തികമായി വന്‍കുതിപ്പ് നടത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ വിദ്യാഭ്യാസ, സാംസ്‌കാരിക, രാഷ്ട്രീയ, വ്യാവസായിക മണ്ഡലത്തില്‍ മുന്നാക്ക സമുദായങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ വര്‍ത്തമാനകാല മുസ്ലിം സമൂഹം. ഇവിടെ അവര്‍ പീഡിത സമുദായമല്ല. ഇരയവസ്ഥ (victimhood) അവര്‍ക്കില്ല. മാറിമാറി അധികാരത്തിലേറുന്ന മുസ്ലിം രാഷ്ട്രീയപ്പാര്‍ട്ടിയുള്ള കേരളത്തില്‍ സമുദായപരമായ അപരത്വം അവര്‍ അനുഭവിക്കുന്നുമില്ല. എന്നിട്ടും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മുസ്ലിം മതമൗലിക, തീവ്രവാദ പ്രസ്ഥാനങ്ങള്‍ അവരില്‍ ബോധപൂര്‍വ്വം ഇരമനഃസ്ഥിതി വളര്‍ത്തുന്ന ഏര്‍പ്പാട് ചിരകാലമായി തുടരുന്നു. ഉത്തരേന്ത്യയിലോ അന്യരാജ്യങ്ങളിലോ മുസ്ലിങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ആന്തരവല്‍ക്കരിക്കാന്‍ കേരളീയ മുസ്ലിങ്ങളെ അവര്‍ പരിശീലിപ്പിക്കുന്നു. ഇടതുപക്ഷത്ത് നില്‍ക്കുന്ന ചിലര്‍ തന്നെ ആ പ്രക്രിയയില്‍ അഹമഹമികയാ പങ്കെടുക്കുകയും ചെയ്യുന്നു. അടിസ്ഥാനരഹിതവും ആപല്‍ക്കരവുമായ ഇച്ചൊന്ന ഇരമനഃസ്ഥിതിയുടെ ഉല്‍പ്പാദനത്തിനു നേരെ ഇടതുപക്ഷം കണ്ണടച്ചതുകൊണ്ട് കൂടിയല്ലേ മലയാളമണ്ണില്‍ വിദ്യാര്‍ത്ഥികളിലടക്കം മതതീവ്രവാദവിഷം കനത്ത തോതില്‍ കടന്നുചെന്നത്? അഭിമന്യു ഇടതുപക്ഷത്തോട് ഉന്നയിക്കുന്ന മൂന്നാമത്തെ ചോദ്യമാണിത്.

ദേശീയവും അന്തര്‍ദ്ദേശീയവുമായ വിഷയങ്ങളെ സി.പി.എമ്മിനെപ്പോലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിശകലനം ചെയ്യേണ്ടതും ജനസമക്ഷം അവതരിപ്പിക്കേണ്ടതും മാര്‍ക്‌സിയന്‍ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ടാണ്. പലസ്തീന്‍ പ്രശ്‌നമായാലും അമേരിക്കയുടെ ഇറാഖ് അധിനിവേശമായാലും അറബ് വസന്തമായാലും അവയെ എല്ലാം ഇസ്ലാമിക് പരിപ്രേക്ഷ്യത്തില്‍ വിലയിരുത്തുന്ന സംഘടനകളാണ് മുസ്ലിം മതമൗലിക പക്ഷത്തുള്ളത്. മതാത്മക രാഷ്ട്രീയത്തിന്റേയും ജിഹാദിസ്റ്റ് മൂല്യങ്ങളുടേയും നിലപാടുതറയില്‍ നിന്നുകൊണ്ടാണ് ആ സംഘടനകള്‍ സര്‍വ്വ വിഷയങ്ങളേയും അപഗ്രഥിക്കാറ്. കേരളത്തില്‍ മുസ്ലിം വോട്ടുറപ്പിക്കുക എന്ന (കു)തന്ത്രത്തിന്റെ ഭാഗമായി പലപ്പോഴും ഇടതുപക്ഷം ഇസ്ലാമിസ്റ്റ് കാഴ്ചപ്പാടുകളോട് സമരസപ്പെട്ടുപോകുന്ന രീതി ഇത്തരം വിഷയങ്ങളുടെ വിശകലനത്തില്‍ പിന്തുടര്‍ന്നു പോന്നിട്ടുണ്ട്.

മഅ്ദനി
മഅ്ദനി

വസ്തുനിഷ്ഠ വിശകലനങ്ങള്‍ക്കു പകരം മതനിഷ്ഠ വിശകലനങ്ങളിലേക്കുള്ള സി.പി.എമ്മിന്റെ അത്തരം വ്യതിചലനങ്ങള്‍ രാഷ്ട്രീയമായി നേട്ടമുണ്ടാക്കിക്കൊടുത്തത് ഇസ്ലാമിസ്റ്റ് സംഘടനകള്‍ക്കല്ലേ? അഭിമന്യുവില്‍നിന്നു പുറപ്പെടുന്ന നാലാമത്തെ ചോദ്യമാണിത്.

ഇസ്ലാമിസം അഥവാ രാഷ്ട്രീയ ഇസ്ലാം എന്നു വ്യവഹരിക്കപ്പെടുന്ന പ്രത്യയശാസ്ത്രം പിന്‍പറ്റുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ മറ്റു രാഷ്ട്രീയ സംഘടനകളിലേക്കെന്നപോലെ ഇടതുപക്ഷ സംഘടനകളിലേക്കും നുഴഞ്ഞു കയറുന്നുണ്ടെന്ന കാര്യം പലരും നേരത്തേ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. അടുത്തു നടന്ന വാട്‌സാപ്പ് ഹര്‍ത്താല്‍ അതു ശരിവെക്കുകയും ചെയ്യുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി അരങ്ങേറിയ ആ ഹര്‍ത്താലില്‍ ലീഗുകാരും കോണ്‍ഗ്രസ്സുകാരും മാത്രമല്ല, സി.പി.എമ്മുകാരും ഡി.വൈ.എഫ്.ഐക്കാരുമെല്ലാം പങ്കെടുത്തതിന്റെ തെളിവുകള്‍ പുറത്തുവരികയുണ്ടായി. ഇത്തരം നുഴഞ്ഞുകയറ്റം പുരോഗമന കലാസാഹിത്യസംഘം പോലുള്ള ഇടതു സാംസ്‌കാരിക സംഘടനകളിലേക്കും നടക്കുന്നുണ്ട്. മതമൗലിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക വാരികയായ 'പ്രബോധന'ത്തിന്റെ സര്‍ക്കുലേഷന്‍ കാമ്പയ്നില്‍ പു.ക.സയുടെ തലപ്പത്തിരിക്കുന്നവര്‍ പങ്കെടുത്തതിന്റെ സചിത്രവാര്‍ത്ത പ്രബോധനം 2011 ജനുവരിയില്‍ (ഹിജറ വര്‍ഷം 1432 സഫര്‍ 3ന്) പ്രസിദ്ധപ്പെടുത്തിയിരുന്നു. അത്തരക്കാര്‍ ഇപ്പോഴും പു.ക.സയിലും പാര്‍ട്ടിയിലും തുടരുന്നു. ഇത്തരമാളുകളെ പാര്‍ട്ടിയുടെ ബൗദ്ധിക-സാംസ്‌കാരിക വിംഗില്‍ മേയാന്‍ വിട്ടുകൊണ്ട് ഇടതുപക്ഷത്തിനു മതതീവ്രവാദത്തേയും മതമൗലികവാദത്തേയും ഫലപ്രദമായി ചെറുക്കാനാകുമോ? അഭിമന്യുവില്‍ നിന്നുയരുന്ന അഞ്ചാമത്തെ ചോദ്യമാണിത്.

വറുതിയോടും ദുരിതങ്ങളോടും മല്ലടിച്ച് വിദ്യാഭ്യാസരംഗത്തും വിദ്യാര്‍ത്ഥി രാഷ്ട്രീയരംഗത്തും ഒരുപോലെ ശോഭിച്ച, എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൂടിയായ വട്ടവടക്കാരന്‍ അഭിമന്യു ഇടതുപക്ഷത്തിനു മുന്നില്‍ നിരുദ്ധകണ്ഠനായി അവതരിപ്പിക്കുന്ന ആറാമത്തേയും അവസാനത്തേയും ചോദ്യമിതാണ്: ''ഞാന്‍ കൊല്ലപ്പെട്ടത് ജൂലൈ രണ്ടിന്. ദിവസം പന്ത്രണ്ടു കഴിഞ്ഞിട്ടും എന്റെ നെഞ്ചില്‍ കഠാരയിറക്കിയവരെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പൊലീസിനു ഇതുവരെ പിടിക്കാനായില്ല. ഘാതകര്‍ക്ക് വണ്ടികള്‍ നല്‍കിയവരേയും ഒളിത്താവളമൊരുക്കിയവരേയും മാത്രമേ ഇതുവരേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. കലാലയ വളപ്പില്‍ എന്നെ കുത്തിമലര്‍ത്തിയവര്‍ ഇപ്പോഴും വെളിയില്‍ വിരാജിക്കുന്നു. ഇടതുമൂല്യങ്ങള്‍ ഹൃദയത്തില്‍ ആവാഹിക്കുകയും അവയ്ക്കുവേണ്ടി പൊരുതുകയും ചെയ്ത എന്നെക്കാള്‍ വിലപ്പെട്ടവരും വേണ്ടപ്പെട്ടവരുമോ നിങ്ങള്‍ക്ക് എന്നെ ഒറ്റക്കുത്തിന് ഇല്ലാതാക്കിയവര്‍?'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com