അടല്‍ ബിഹാരി വാജ്‌പേയി സ്വന്തം കവിതകളെക്കുറിച്ച്...

അടല്‍ ബിഹാരി വാജ്‌പേയി സ്വന്തം കവിതകളെക്കുറിച്ച്...
അടല്‍ ബിഹാരി വാജ്‌പേയി സ്വന്തം കവിതകളെക്കുറിച്ച്...

'ആളുകള്‍ എന്റെ കവിത പ്രസിദ്ധീകരിക്കുവാന്‍ പറയുന്നു,' പ്രശസ്ത എഴുത്തുകാരനും ബ്യൂറോക്രാറ്റുമായ പവന്‍ കെ വര്‍മ്മ അടല്‍ ബിഹാരി വാജ്‌പേയിയുടെ കവിതകള്‍ തര്‍ജ്ജമ ചെയ്തു 'ഇരുപത്തിയൊന്ന് കവിതകള്‍' എന്നപേരില്‍ ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ പുസ്തകത്തിന്റെ ആമുഖത്തില്‍ വാജ്‌പേയി ഇങ്ങനെ പറയുന്നു. 'ഞാന്‍ ഒരു കവിയോ ബുദ്ധിജീവിയോ അല്ല. ജീവിച്ചിരിക്കുന്ന ഒരാള്‍ തന്റെ ചുറ്റുപാടുകളോട് നടത്തുന്ന പ്രതികരണങ്ങള്‍ ആണ് എന്റെ കവിതകള്‍. എന്റെ കവിതകള്‍ എന്നെ സംബന്ധിച്ചിടത്തോളം പശ്ചാത്താപത്തിന്റെയോ പരാജയത്തിന്റെയോ പ്രകാശനമല്ല. അത് ആത്മ വിശ്വാസത്തിന്റെയും വിജയിക്കാനുള്ള ഇച്ഛാശക്തിയുടെയും പ്രതിഫലനമാണ്. '

ജ്‌പേയിയുടെ പിതാവ് കൃഷ്ണ ബിഹാരി വാജ്‌പേയി ഗ്വാളിയാറില്‍ ഒരു അധ്യാപകനും കവിയുമായി പേരെടുത്തിരുന്നു. അടല്‍ ബിഹാരിയുടെ അപ്പൂപ്പനായ പണ്ഡിറ്റ് ശ്യാമലാല്‍ വാജ്‌പേയി വലിയൊരു സാഹിത്യാസ്വാദകനായിരുന്നു. അടല്‍ ബിഹാരിയുടെ സഹോദരന്‍, പണ്ഡിറ്റ് അവധ് ബിഹാരി വാജ്‌പേയി കവിയായി മാറി. 'ഇവരോടൊപ്പം ഉള്ള ജീവിതം എന്നെയും കവിയാക്കി. ആദ്യകാല കവിതകളില്‍ ഞാന്‍ ഒന്ന് മാത്രമേ ഓര്‍ക്കുന്നുള്ളൂ. അത് താജ്മഹലിനെ കുറിച്ചുള്ളതായിരുന്നു. അതിന്റെ സൗന്ദര്യത്തെയല്ല ഞാന്‍ പാടിപ്പുകഴ്ത്തിയത്. അതിന്റെ നിര്‍മ്മാണത്തിന് പിന്നിലുണ്ടായ മനുഷ്യാധ്വാനത്തെയും അവരുടെ ദുരിതങ്ങളെയും അവരുടെ മേല്‍ നടന്നിരിക്കാവുന്ന ചൂഷണങ്ങളെയും കുറിച്ചായിരുന്നു.' ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്നെങ്കിലും അദ്ദേഹത്തില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉണ്ടായിരുന്നു എന്നുള്ളതിനുള്ള തെളിവായി ഈ പ്രസ്താവനയെ കാണാന്‍ കഴിയും.

'എന്നിലെ കവിയെ രാഷ്ട്രീയം തടസ്സപ്പെടുത്തി. ഞാന്‍ നിയമപഠനം ഉപേക്ഷിച്ചു ലക്‌നൗവില്‍ രാഷ്ട്രധര്‍മ്മം എന്ന മാസികയുടെ പത്രാധിപരായി. സമയം തീരെ കിട്ടാതായി. കവിതയെഴുതാന്‍ അനുയോജ്യമായ പരിസരം വേണം. എനിയ്ക്കു ഡെഡ് ലൈനുകള്‍ മുട്ടിയ്ക്കണമായിരുന്നു. അതിനാല്‍ കവിത ഉപേക്ഷിച്ചു ഞാന്‍ ചെറിയ ലേഖനങ്ങളിലൂടെ ആശയപ്രകാശനം നടത്തി. 1957 ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതോടെ ആത്മപ്രകാശനത്തിനുള്ള ഉപാധി പ്രസംഗം ആയി. 1998 ല്‍ പ്രധാനമന്ത്രി ആയതോടെ കവിതയെഴുതാന്‍ തീരെ സമയമില്ലാതായി. പക്ഷെ രാഷ്ട്രീയക്കാരനായതില്‍ പശ്ചാത്താപമില്ല. ചിലപ്പോള്‍ എല്ലാം ഉപേക്ഷിച്ച് എന്റെ പുസ്തകങ്ങളിലും കവിതകളിലും മനസ്സുറപ്പിക്കണമെന്നു കരുതും. ഏഴു ദശകങ്ങളായി ഞാനീ സന്നിഗ്ധതയെ അഭിമുഖീകരിക്കുന്നു. ഇനിയുള്ള കാലവും അങ്ങിനെ തന്നെ ആയിരിക്കും.....ഇന്ത്യയുടെ നാനാത്വത്തിനു ഇംഗ്ലീഷ് ഭാഷയ്ക്കു വലിയ സംഭാവനകള്‍ നല്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ശരിയായ ആശയ പ്രകാശനം പ്രാദേശിക ഭാഷകളിലാണ് സംഭവിക്കുന്നത്. ഇന്ത്യയിലെ പ്രാദേശിക ഭാഷാ സാഹിത്യത്തെ ഇംഗ്ലീഷിലും ഇതര ലോകഭാഷകളിലും തര്‍ജ്ജമ ചെയ്യുക എന്ന ലക്ഷ്യം ഇനിയും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. '

വാജ്‌പേയിയുടെ ചില കവിതകള്‍ ഭാഗികമായും പൂര്‍ണ്ണമായും താഴെ മൊഴിമാറ്റം ചെയ്തു ചേര്‍ത്തിരിക്കുന്നു:


ദുഃഖം 

ഈ ഏകാന്ത കാരാഗാരം 
ഹൃദയവേദന പെരുക്കുന്നു

പുല്‍ച്ചാടികളുടെ മര്‍മ്മരം 
നെഞ്ചകം കീറിപ്പിളര്‍ക്കുന്നു 

ആകാശത്തെയടച്ചു കളഞ്ഞു 
എന്റെ ശ്വാസം നിലച്ചു പോകുന്നു.

(1942 ല്‍ ജയിലിലായിരിക്കുമ്പോള്‍ എഴുതിയത്)


രണ്ടു ചതുഷ്പദികള്‍ 

അതേ ലക്ഷ്യം 
അതേ മുറി 
അതേ ജാലകം 
അതേ കാവല്‍, ഒന്നും മാറിയിട്ടില്ല.


രാജ്യം മാറിയിരിക്കുന്നു 
കിരീടാവകാശിയും 
സാമൂഹ്യവ്യവസ്ഥയഹോ 
പരമ്പരപ്പടി തുടരുന്നു.


അധികാരം 

അധികാര സിംഹാസനത്തില്‍ 
എത്താന്‍ ശ്രമിക്കുന്നവരോട് 
കുന്നുകൂടിയ കുഞ്ഞുങ്ങളുടെ 
ശവങ്ങള്‍ക്കു മേലെ, യുവതീ
യുവാക്കളുടെ ശവങ്ങള്‍ക്കു മേലെ 
എനിക്കൊരു ചോദ്യം:
മരിച്ചവരോട് നിങ്ങളെ 
വിളക്കി ചേര്‍ക്കുവാന്‍ 
ഒന്നുമില്ലായിരുന്നോ?

അവരുടെ വിശ്വാസങ്ങള്‍ വേറെയായിരുന്നു 
അവരും ഈ ഭൂമിയിലുള്ളവരാണെന്നറിയാന്‍ 
അതുമാത്രം പോരുമായിരുന്നില്ലേ 
'ഈ ഭൂമി അമ്മയാണ്, നമ്മള്‍ അവരുടെ പുത്രരാണ്' 
ഇത് അഥര്‍വ വേദമന്ത്രം 
ഇത് ജീവിക്കാനുള്ളതല്ലേ 
വെറുതെ ജപിക്കാന്‍ വേണ്ടി മാത്രമാണോ?

അഗ്‌നിക്കിരയായ കുഞ്ഞുങ്ങള്‍ 
ആസക്തി പിടിച്ചു കീറിയെറിഞ്ഞ പെണ്ണുങ്ങള്‍ 
ചാരമായിപ്പോയ ഭവനങ്ങള്‍ 
ഇവയൊന്നും സംസ്‌കാരത്തിന്റെ സാക്ഷ്യപത്രങ്ങളോ 
ദേശാഭിമാനത്തിന്റെ ചിഹ്നങ്ങളോ ആകുന്നില്ലല്ലോ.

അവ മൃഗീയതയുടെ തെളിവുകളാണ് 
ജീര്‍ണ്ണതയുടെ മുദ്രകളാണ് 
ഇവയാണ് പുത്രന്മാരുടെ പ്രവൃത്തികളെങ്കില്‍ 
അമ്മമാരേ, പുത്രര്‍ പിറക്കണമെന്ന് ആശിക്കാതിരിക്കിന്‍.

നിഷ്!കളങ്കതയുടെ ചോരപുരണ്ട സിംഹാസനം 
ശ്മശാനത്തിലെ ധൂളിയേക്കാള്‍ അധമമാണ് 
പരമാധികാരത്തിനായുള്ള ആസക്തി 
രക്തദാഹത്തെക്കാള്‍ മോശമാണ്. 


അധികാരം 

അധികാര സിംഹാസനത്തില്‍ 
എത്താന്‍ ശ്രമിക്കുന്നവരോട് 
കുന്നുകൂടിയ കുഞ്ഞുങ്ങളുടെ 
ശവങ്ങള്‍ക്കു മേലെ, യുവതീ
യുവാക്കളുടെ ശവങ്ങള്‍ക്കു മേലെ 
എനിക്കൊരു ചോദ്യം:
മരിച്ചവരോട് നിങ്ങളെ 
വിളക്കി ചേര്‍ക്കുവാന്‍ 
ഒന്നുമില്ലായിരുന്നോ?

അവരുടെ വിശ്വാസങ്ങള്‍ വേറെയായിരുന്നു 
അവരും ഈ ഭൂമിയിലുള്ളവരാണെന്നറിയാന്‍ 
അതുമാത്രം പോരുമായിരുന്നില്ലേ 
'ഈ ഭൂമി അമ്മയാണ്, നമ്മള്‍ അവരുടെ പുത്രരാണ്' 
ഇത് അഥര്‍വ വേദമന്ത്രം 
ഇത് ജീവിക്കാനുള്ളതല്ലേ 
വെറുതെ ജപിക്കാന്‍ വേണ്ടി മാത്രമാണോ?

അഗ്‌നിക്കിരയായ കുഞ്ഞുങ്ങള്‍ 
ആസക്തി പിടിച്ചു കീറിയെറിഞ്ഞ പെണ്ണുങ്ങള്‍ 
ചാരമായിപ്പോയ ഭവനങ്ങള്‍ 
ഇവയൊന്നും സംസ്‌കാരത്തിന്റെ സാക്ഷ്യപത്രങ്ങളോ 
ദേശാഭിമാനത്തിന്റെ ചിഹ്നങ്ങളോ ആകുന്നില്ലല്ലോ.

അവ മൃഗീയതയുടെ തെളിവുകളാണ് 
ജീര്‍ണ്ണതയുടെ മുദ്രകളാണ് 
ഇവയാണ് പുത്രന്മാരുടെ പ്രവൃത്തികളെങ്കില്‍ 
അമ്മമാരേ, പുത്രര്‍ പിറക്കണമെന്ന് ആശിക്കാതിരിക്കിന്‍.

നിഷ്!കളങ്കതയുടെ ചോരപുരണ്ട സിംഹാസനം 
ശ്മശാനത്തിലെ ധൂളിയേക്കാള്‍ അധമമാണ് 
പരമാധികാരത്തിനായുള്ള ആസക്തി 
രക്തദാഹത്തെക്കാള്‍ മോശമാണ്. 


നാമിനി യുദ്ധം അനുവദിക്കില്ല 

നാമിനിയൊരു യുദ്ധം അനുവദിക്കില്ല 
നമ്മള്‍ ശാന്തിയുടെ ഭക്തരാണ് 
നമുക്കിനി യുദ്ധം വേണ്ട 
ഇനിയൊരിക്കലും നമ്മുടെ പാടങ്ങളില്‍ 
ചോരയുടെ ഫലങ്ങള്‍ വിളയില്ല 
ഒരു കൃഷിയിടത്തിലും മരണത്തിന്റെ 
വിളവെടുപ്പ് നടക്കില്ല 

ഒരിക്കലുമിനി ആകാശം 
തീമഴ പെയ്യില്ല 
നാഗസാക്കിയിനി നിന്ന് കത്തില്ല 
നാമിനി സമരം ചെയ്യുന്നത് 
യുദ്ധമില്ലാത്ത ഒരു ലോകത്തിനായി 
നാമിനി യുദ്ധം അനുവദിക്കില്ല.

ആയുധക്കൂനകള്‍ക്ക് മുകളിലിരിക്കുന്നവര്‍ 
വായ കൊണ്ട് സമാധാനം വിളമ്പുന്നു 
ബോംബുകള്‍ ഒളിക്കുന്നു, വ്യാജങ്ങള്‍ മെനയുന്നു 
ശവക്കച്ചകള്‍ വില്‍ക്കുന്നവരോട് നാമിനി പറയണം 
നമുക്ക് നിങ്ങളുടെ കളി മനസ്സിലായി 
ഇനിയിതില്‍ നിങ്ങള്‍ വിജയിക്കില്ല 
നാമിനി യുദ്ധവും അനുവദിക്കില്ല.

നമുക്ക് സമാധാനം വേണം 
ജീവിതം മഹത്തായ സമ്പാദ്യമാണ് 
നമുക്ക് സമാധാനം വേണം 
സൃഷ്ടിയാണ് നമുക്കിനി പ്രധാനം 

നമ്മുടെ യുദ്ധം പട്ടിണിയ്ക്കും രോഗത്തിനുമെതിരെ 
ഓരോ മനുഷ്യനും ഒരു കൈ സഹായിക്കട്ടെ 
നാമിനിയീ ഹരിതസുന്ദര ഭൂമിയില്‍ 
രക്തരേഖകള്‍ വരയ്ക്കില്ല 
നാമിനി യുദ്ധം അനുവദിക്കില്ല 

ഇന്ത്യയും പാകിസ്ഥാനും അയല്‍ക്കാര്‍ 
നമുക്കിനി ഒരുമിച്ചു ജീവിക്കാം 
യുദ്ധമോ പ്രണയമോ, നമുക്കുള്ളതേ നല്‍കാനാവൂ 
നാം മൂന്നു വര്‍ഷങ്ങള്‍ പോരാടി, നാം അതിനു വിലനല്‍കി 
ബോംബുകള്‍ റഷ്യനോ അമേരിക്കനോ ആകട്ടെ 
ചിന്തുന്നത് ഒരേ രക്തം തന്നെ.
നാമേറെ സഹിച്ചു കഴിഞ്ഞു 
നമ്മുടെ കുഞ്ഞുങ്ങളെ 
ഈ വിധിയ്ക്കു നാം വിട്ടു കൊടുക്കില്ല 
നാമിനി ഒരു യുദ്ധം അനുവദിക്കില്ല. 

എനിയ്ക്കിനി പാടുവാനാകില്ല  

മുഖപടങ്ങള്‍ ഊര്‍ന്നു വീണിരിക്കുന്നു 
മുറിപ്പാടുകള്‍ ആഴത്തിലോടുന്നു 
മന്ത്രം മുറിഞ്ഞു ഞാനിതാ 
നിത്യ സത്യത്തിനഭിമുഖം നില്‍ക്കുന്നു 
എനിയ്ക്കിനി പാടുവാനാകില്ല 

പിശാചനേത്രങ്ങളുടെ നോട്ടത്തിനു കീഴെ 
ഈ നഗരം ചിതറിയ കണ്ണാടിയാകുന്നു 
ഉറ്റവര്‍ക്കിടയില്‍ ഉടയോരില്ലാതെ 
ഞാനൊറ്റയ്ക്കു നില്കുന്നു 
എനിയ്ക്കിനി പാടുവാനാകില്ല 

തിങ്കളിപ്പോള്‍ എന്റെ മുതുകിലെയരിവാള് 
അതിരറ്റ ക്രോധമായി നില്‍പ്പാണ് രാഹു 
ഒരു കെണി ഒളിഞ്ഞിരിപ്പുണ്ട് 
മോക്ഷത്തിന്നോരോ കണത്തിലും 
എനിയ്ക്കിനി പാടുവാനാകില്ല. 


പരിഭാഷ: ജോണി എം  എല്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com