'എന്റെ ഉത്കണ്ഠ മനുഷ്യനെക്കുറിച്ചുതന്നെ' ; മാധവ് ഗാഡ്ഗില്‍ സംസാരിക്കുന്നു

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിലൂന്നിയ ദര്‍ശനമാണ് തന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഉള്‍ക്കരുത്തെന്ന് ഗാഡ്ഗില്‍ വ്യക്തമാക്കുന്നു
'എന്റെ ഉത്കണ്ഠ മനുഷ്യനെക്കുറിച്ചുതന്നെ' ; മാധവ് ഗാഡ്ഗില്‍ സംസാരിക്കുന്നു

മാധവ് ഗാഡ്ഗില്‍.  മഹാരാഷ്ട്രയില്‍നിന്നുള്ള വെളുത്തുമെലിഞ്ഞ ഈ മനുഷ്യന്‍ ശാസ്ത്രജ്ഞനും ശാസ്ത്രാധ്യാപകനും പരിസ്ഥിതിവാദിയുമാണ്. എന്നാല്‍ സര്‍ക്കാരുകളും നിക്ഷിപ്ത താല്പര്യക്കാരും ചിത്രീകരിക്കുന്നതില്‍നിന്ന് വിരുദ്ധമായി അദ്ദേഹത്തിന്റെ ഒന്നാമത്തെ ഉത്കണ്ഠ മനുഷ്യന്റെ നിലനില്പ് സംബന്ധിച്ചാണ്. പശ്ചിമഘട്ടത്തെ സംബന്ധിച്ച വിദഗ്ധസമിതിയുടെ തലവന്‍ കൂടിയായ ഗാഡ്ഗില്‍ തന്റെ പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് നിക്ഷിപ്ത താല്പര്യക്കാരും ഗവണ്‍മെന്റുകളും നടത്തുന്ന കുപ്രചാരണങ്ങളില്‍ ഖിന്നനായി കാണപ്പെട്ടു. ഈയിടെ കേരളം സന്ദര്‍ശിച്ച അദ്ദേഹവുമായി സമകാലിക മലയാളം നടത്തിയ കൂടിക്കാഴ്ചയില്‍നിന്ന്. 

താങ്കള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പല കോണുകളില്‍നിന്നും ശക്തമായ എതിര്‍പ്പ് നേരിടുകയുണ്ടായി. ഈ എതിര്‍പ്പുകള്‍ക്ക് പിന്നില്‍ എന്താണ് എന്നാണ് താങ്കള്‍ കരുതുന്നത്? 

നോക്കൂ... ഒന്നാമതായും പ്രധാനമായും നമ്മുടെ സമൂഹം പലതരത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നത് തന്നെയാണ് എനിക്ക് ചൂണ്ടിക്കാട്ടാനുള്ളത്. പ്രത്യേകിച്ചും സാമ്പത്തികതാല്പര്യങ്ങളുടെ കാര്യത്തില്‍. ഒരു മീന്‍പിടിത്തക്കാരനോ, ചെറുകിട കര്‍ഷകനോ ഉള്ള താല്പര്യങ്ങളല്ല, വലിയൊരു വ്യവസായം നടത്തിക്കൊണ്ടുപോകുന്ന ഒരു വ്യക്തിക്കോ ഗ്രൂപ്പിനോ ഉള്ളത്. മീന്‍പിടുത്തം, കാര്‍ഷികവേല, വ്യവസായങ്ങള്‍ ഇവയൊക്കെ നടത്തിക്കൊണ്ടുപോകുന്നവര്‍ക്ക് അത് അവര്‍ക്കും അവരെ ചുറ്റിപ്പറ്റിനില്‍ക്കുന്നവര്‍ക്കും ഉപജീവനമാര്‍ഗമാണ്. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും നാശം മൂലം അത് എന്നെന്നേയ്ക്കുമായി അടഞ്ഞുപോകാന്‍ അവര്‍ ആഗ്രഹിക്കുകയില്ല. എന്നാല്‍ ഇത്രയും കാലം അങ്ങനെയായിരുന്നതുകൊണ്ട് ഇപ്പോഴും അതങ്ങനെത്തന്നെയായിരിക്കുമെന്ന് കരുതാന്‍ നിര്‍വാഹമില്ല. പ്രത്യേകിച്ചും വന്‍കിട വ്യവസായങ്ങളെ സംബന്ധിച്ചിടത്തോളം. പേപ്പര്‍ വ്യവസായം സൃഷ്ടിക്കുന്ന പാരിസ്ഥിതികനാശത്തെയും പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്ന ഉല്പാദനരീതി ഉപേക്ഷിച്ച് മെച്ചപ്പെട്ട മാര്‍ഗങ്ങള്‍ തേടേണ്ടുന്നതിന്റെ ആവശ്യകതയെയും സംബന്ധിച്ച് ഞാന്‍ ഒരു പേപ്പര്‍ വ്യവസായിയോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് താന്‍ കടലാസ്‌സല്ല, കാശാണ് ഉണ്ടാക്കുന്നത് എന്നാണ്. ഇത്തരക്കാര്‍ ഈ രംഗത്തെ വിഭവങ്ങളുടെ പരിപൂര്‍ണ ശോഷണം ഉറപ്പായാല്‍ മാംഗനീസ് ഖനനം പോലുള്ള മറ്റൊരു വഴി തേടും. ഇത്തരത്തില്‍ നിക്ഷിപ്തതാല്പര്യമുള്ള ആളുകളാണ് ഞങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്. 

റിപ്പോര്‍ട്ട് നടപ്പാക്കുന്നത് അപ്രായോഗികമാണെന്നാണ് വലിയ വിമര്‍ശനം. സോണുകളായി തിരിച്ച രീതിയെപ്പറ്റിയും മറ്റും വിമര്‍ശനങ്ങളുണ്ട്. 

ഈ റിപ്പോര്‍ട്ട് ഒരര്‍ഥത്തില്‍ അന്തിമമാണെന്ന് ഞാന്‍ പറയില്ല. റിപ്പോര്‍ട്ട് ഗ്രാമസഭകള്‍ തൊട്ട് മുകളിലേക്കുള്ള ജനാധിപത്യസംവിധാനങ്ങളില്‍ വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കലാണ് അത് നടപ്പാക്കുന്നതിന്റെ ആദ്യപടിയായി ഞങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. 
അങ്ങനെ വരുമ്പോള്‍ എതിരഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉണ്ടാകും. അവ കൂടി കണക്കിലെടുത്തുവേണം തുടര്‍നടപടികളുണ്ടാകാന്‍. നിര്‍ഭാഗ്യവശാല്‍ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാന്‍ ഗവണ്‍മെന്റുകള്‍ മുന്‍കൈയെടുക്കുന്നില്ല. പകരം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഉദാഹരണത്തിന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി നിരവധി അണക്കെട്ടുകള്‍ ഡീ-കമ്മീഷന്‍ ചെയ്യേണ്ടിവരുമെന്ന കെ.എസ്.ഇ.ബിയുടെ വാദം തന്നെ. റിപ്പോര്‍ട്ടിനുശേഷം നടക്കുന്ന ചര്‍ച്ചകളില്‍ എന്നെയും പാനലിനെയും സര്‍ക്കാര്‍ ഒഴിവാക്കി നിര്‍ത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ട് പ്രാദേശിക ഭാഷകളിലേക്ക് തര്‍ജമ ചെയ്ത് ജനങ്ങള്‍ക്കെത്തിക്കണമെന്നതാണ് ഞങ്ങളുടെ താല്പര്യം. റിപ്പോര്‍ട്ടിന് പ്രസക്തിയുള്ള സംസ്ഥാനങ്ങളിലെ ഗവണ്‍മെന്റുകളില്‍ മഹാരാഷ്ട്ര മാത്രമാണ് അത് ചെയ്തത്. മറാഠിയിലുള്ള ആ റിപ്പോര്‍ട്ട് ആകട്ടെ മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ ഒരു കണ്ടുപിടിത്തമാണ്. ഞങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ തെറ്റായ ഒരു വ്യാഖ്യാനമാണ് അത്.  

റിപ്പോര്‍ട്ട് പുനരവലോകനം ചെയ്യുന്നതിനും പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി കസ്തൂരിരംഗനെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുകയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതീക്ഷയുണ്ടോ..? റിപ്പോര്‍ട്ടില്‍ പിഴവുകളുണ്ടായാല്‍ കോടതിയെ സമീപിക്കുമോ?

തുറന്ന മനസേ്‌സാടെയാണ് ഞാന്‍ വരാനിരിക്കുന്ന കാര്യങ്ങളെ കാണാനിഷ്ടപ്പെടുന്നത്. എങ്കിലും ഞാന്‍ മനസ്‌സിലാക്കുന്നത് കസ്തൂരിരംഗന്‍ ജനങ്ങളില്‍നിന്ന് വിശദാംശങ്ങളും അഭിപ്രായങ്ങളും ശേഖരിക്കുന്നില്ല എന്നാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ഫീഡ്ബാക്ക് ശേഖരിച്ചതിന് ശേഷമാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതെങ്കില്‍ മാത്രമായിരിക്കും അത് വസ്തുനിഷ്ഠമായിരിക്കുക. റിപ്പോര്‍ട്ട് സംബന്ധിച്ച് ഞാന്‍ നയിക്കുന്ന പാനലിനെ ഇതുവരെ കസ്തൂരിരംഗന്‍ സമീപിച്ചിട്ടില്ല. ഒരുതരം തൊട്ടുകൂടായ്മയാണ് പാനലിനോട് കസ്തൂരിരംഗന്‍ അനുവര്‍ത്തിക്കുന്നത്.  2000-ല്‍ ഇന്ത്യാഗവണ്‍മെന്റ് നിയോഗിച്ച ഒരു പാനല്‍ രാജ്യത്തെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഏതെന്ന് നിര്‍ണയിക്കണമെന്ന് ആവശ്യപ്പെടുകയും അതിന് ചില മാനദണ്ഡങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തു. നീണ്ട പത്തുവര്‍ഷം ആ ആവശ്യത്തിന് മുകളില്‍ അടയിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ കാലയളവില്‍ കസ്തൂരിരംഗന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാനായിരുന്നു. ഐ.എസ്.ആര്‍.ഒയുടെ കീഴിലാണ് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക തയാറാക്കാന്‍ ഉത്തരവാദിത്വമുള്ള നാഷണല്‍ റിമോട്ട് സെന്‍സിങ് ഏജന്‍സി. ഇക്കാര്യത്തിനായി ഒരു നീക്കവും കസ്തൂരിരംഗന്‍ നടത്തിയില്ല.

എന്റെ പാനല്‍ തയാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അതേപടി സ്വീകരിക്കണമെന്ന് കസ്തൂരിരംഗന്‍ ശുപാര്‍ശ ചെയ്യണമെന്നൊന്നും ഞാന്‍ വാദിക്കുന്നില്ല. പരിസ്ഥിതിവാദികളും മനുഷ്യരാണ്; അവര്‍ക്കും തെറ്റുപറ്റാം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പിഴവുകളുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടേണ്ടത് ജനങ്ങളുടെ കോടതിയിലാണ്. ശക്തമായ ജനാധിപത്യസംവിധാനം നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. പലപ്പോഴും അത് മോബോക്രസിയിലേക്കും മണിയോക്രസിയിലേക്കും വഴിതെറ്റാനുള്ള പ്രവണത കാണിക്കാറുണ്ടെങ്കിലും. 

പശ്ചിമഘട്ട സംരക്ഷണത്തിന് എന്തുകൊണ്ടാണ് പ്രാധാന്യമേറുന്നത്? ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വികസനവിരുദ്ധമാണെന്നും കുടിയേറ്റക്കാരുടെ താല്പര്യങ്ങള്‍ കണക്കിലെടുക്കാതെയുള്ളതാണെന്നുമൊക്കെ ആക്ഷേപമുണ്ടല്ലോ?

ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായ പശ്ചിമഘട്ടമലനിരകള്‍ ഹിമാലയത്തേക്കാള്‍ പഴക്കമുള്ള ഭൂവിഭാഗമാണ്. അത് ലോകപൈതൃകപദ്ധതിയുടെ ഭാഗമായി പരിരക്ഷിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടതുമാണ്. ഈ മലനിരകള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്തിന്റെ പാരിസ്ഥിതികമായ സന്തുലനം നിലനിര്‍ത്തുന്നതിന് പശ്ചിമഘട്ടവനങ്ങളുടെ സംരക്ഷണം അനിവാര്യവുമാണ്. കുടിയേറ്റക്കാരും കൈയേറ്റക്കാരും തമ്മിലുള്ള വ്യത്യാസം കണക്കിലെടുത്തുതന്നെയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പരിസ്ഥിതിലോല പ്രദേശങ്ങളുടെ വര്‍ഗീകരണം അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെ കണക്കിലെടുത്തുതന്നെയാണ് നടത്തിയിട്ടുള്ളത്. ഇതില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം. റിപ്പോര്‍ട്ട് വായിക്കുകപോലും ചെയ്യാതെയാണ് മിക്കവരും അതിനെ വിമര്‍ശിക്കുന്നത്. അതത് പ്രാദേശികഭാഷകളിലേക്ക് പൂര്‍ണമായും മൊഴിമാറ്റം ചെയ്ത് റിപ്പോര്‍ട്ട് ജനങ്ങളിലെത്തിക്കുന്നതില്‍ സര്‍ക്കാരുകള്‍ തീരെ താല്പര്യം കാണിച്ചിട്ടില്ല. റിപ്പോര്‍ട്ട് ഒരര്‍ത്ഥത്തില്‍ അന്തിമമല്ലെന്ന് നേരത്തെ പറഞ്ഞുവല്ലോ. ജനങ്ങളുടെയും ജനസഭകളുടെയും ചര്‍ച്ചകളാണ് റിപ്പോര്‍ട്ടിനെ സമ്പൂര്‍ണമാക്കേണ്ടത്. ചുരുങ്ങിയ കാലപരിധിക്കുള്ളില്‍നിന്നും ലഭ്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുമാണ് അത് തയാറാക്കിയിട്ടുള്ളത്. കൂട്ടിച്ചേര്‍ക്കലുകളും തിരുത്തുകളുമൊക്കെ വേണ്ടിവന്നേക്കാം. പക്ഷേ, അതിന്റെ അന്തസ്‌സത്തയെ ആര്‍ക്കും ചോദ്യം ചെയ്യാനൊക്കില്ല. കസ്തൂരിരംഗന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുനരവലോകനം ചെയ്യുന്നതിന്റെ ഭാഗമായി ഞങ്ങളെ കൂടി കണ്‍സള്‍ട്ട് ചെയ്യേണ്ടിയിരുന്നു. അതുണ്ടായില്ല. ജനങ്ങളില്‍നിന്ന് അത് സംബന്ധിച്ച ഫീഡ്ബാക്കും ഇതുവരെ തേടിയിട്ടില്ല. 

താങ്കള്‍ എപ്പോഴും പ്രകൃതിയെക്കുറിച്ചെന്നതിനേക്കാള്‍ കൂടുതലായി ജനങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്?

തീര്‍ച്ചയായും. ജനാവബോധം പ്രകൃതി സംരക്ഷണത്തില്‍ പ്രാഥമികമായ ഘടകമാണ്. സുശക്തമായ ജനാധിപത്യസംവിധാനവും സമത്വപൂര്‍ണമായ വ്യവസ്ഥിതിയുമാണ് പ്രകൃതിസംരക്ഷണത്തിന്റെ മുന്നുപാധികള്‍. സ്വിറ്റ്‌സര്‍ലന്‍ഡ്, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ നോക്കൂ. അവിടെ ശക്തമായ ജനാധിപത്യസംവിധാനമുണ്ട്. ജനങ്ങളുടെ ഇടപെടലുണ്ട്. ഫിന്‍ലന്‍ഡിലെ തന്നെ ഒരു ഉദാഹരണം പറയാം. 50-കള്‍ തൊട്ട് ഇപ്പോള്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തുള്ള പോലുള്ള കടലാസ് നിര്‍മാണ വ്യവസായ യൂണിറ്റുകള്‍ അവിടെ ധാരാളം ഉണ്ടായിരുന്നു. നമ്മുടേതുപോലെ പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കുന്ന സാങ്കേതികവിദ്യയാണ് അവര്‍ ഉപയോഗിച്ചിരുന്നത്. ജനങ്ങളില്‍നിന്ന് ശക്തമായ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് ഈ വ്യവസായങ്ങള്‍ക്ക് സാങ്കേതികവിദ്യ മെച്ചപ്പെടുത്തേണ്ടിവന്നു. അങ്ങനെ പരിസ്ഥിതിവിനാശം വലിയൊരളവില്‍ ഒഴിവാകുകയും ചെയ്തു. ഇപ്പോള്‍ ഈ വ്യവസായങ്ങള്‍ പേപ്പര്‍ ഉല്പാദനത്തില്‍ മാത്രം ഏര്‍പ്പെടുകയല്ല ചെയ്യുന്നത്. ഈ ടെക്‌നോളജി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കുകയും അതുവഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ജനാവബോധം എങ്ങനെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നുവെന്നതിന് മികച്ച ഒരു ഉദാഹരണമാണത്.

വളര്‍ച്ചയിലധിഷ്ഠിതമായ സാമ്പത്തികക്രമം എന്ന സങ്കല്പം പാരിസ്ഥിതികസന്തുലനത്തെ താളം തെറ്റിക്കുന്നുവെന്ന് കരുതുന്നുണ്ടോ? ആഗോളസമ്പദ്‌വ്യവസ്ഥയുമായുള്ള ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഉദ്ഗ്രഥനം സ്ഥിതിഗതികളെ കൂടുതല്‍ വഷളാക്കിയോ?

കൂടുതല്‍ ഉല്പാദനത്തിനും തൊഴില്‍ സൃഷ്ടിക്കും സാമ്പത്തിക വളര്‍ച്ച കൂടിയേ തീരൂ. പക്ഷേ, ഇവിടെ എന്താണ് സംഭവിക്കുന്നത്? മഹാരാഷ്ട്രയിലെ ഒരു കെമിക്കല്‍ ഫാക്ടറി ചെറിയ ഉദാഹരണം. ഏകദേശം 11,000 പേര്‍ക്ക് ഈ ഫാക്ടറി തൊഴില്‍ പ്രദാനം ചെയ്യുമെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. ഫാക്ടറി മൂലം ധാരാളം പേര്‍ക്ക് കൃഷിയിടങ്ങള്‍ നഷ്ടപ്പെട്ടു. കൃഷിയിറക്കാന്‍ വയ്യാത്തവിധം പാരിസ്ഥിതികനാശമുണ്ടായി. ഇങ്ങനെ കുറേ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ എത്രപേരുടെ ഉപജീവനമാര്‍ഗം ഇല്ലാതായി എന്ന് എനിക്കറിയില്ല. എന്തായാലും അത് ഫാക്ടറി മൂലം തൊഴില്‍ ലഭിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

ഈ വ്യവസായം മൂലം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ എണ്ണം അതേപ്പറ്റി പഠിക്കുന്ന വേളയില്‍ എനിക്ക് കൃത്യമായി കണക്കാക്കാനായി. ഇരുപതിനായിരത്തിലധികം വരുമത്. ഇനി പറയൂ ഈ നിലയ്ക്കാണ് വളര്‍ച്ചയെങ്കില്‍ അതുകൊണ്ട് ആര്‍ക്കുഗുണം? കഌന്റന്റെ കാലത്ത് യു.എസ്. ട്രഷറി സെക്രട്ടറിയായിരുന്ന ലാറി സമ്മേഴ്‌സ് ലോകബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആയിരുന്ന കാലത്തിറക്കിയ വിവാദമായ ടോക്‌സിക് മെമ്മോയെക്കുറിച്ചോര്‍ക്കുക. വിഷലിപ്തവും മാരകവുമായ വ്യവസായങ്ങള്‍ മൂന്നാംലോകത്ത് കേന്ദ്രീകരിക്കണമെന്നാണ് എന്നും വളര്‍ച്ചയുടെ പ്രയോക്താക്കള്‍ ലോകമെമ്പാടും വാദിച്ചുപോന്നിട്ടുള്ളത്. മൂന്നാം ലോകത്തെ പൗരന്മാരെ അവര്‍ വിലകുറഞ്ഞ മനുഷ്യജീവനുകളായാണ് കാണുന്നത്. ലോകബാങ്കിന്റെ മുന്‍ ചീഫ് ഇക്കോണമിസ്റ്റും നൊബേല്‍ സമ്മാന ജേതാവുമായ ജോസഫ് സ്റ്റിഗഌറ്റ്‌സ് തന്റെ പുസ്തകത്തില്‍ വളര്‍ച്ച സമത്വം ഉറപ്പുവരുത്തുന്ന പ്രക്രിയ, ട്രികഌങ് ഡൗണ്‍ ഇഫക്ട്, ഒരു മിത്തുമാത്രമാണെന്ന് സ്ഥാപിക്കുന്നുണ്ട്. ലോകമെമ്പാടും രാഷ്ട്രീയമാണ് കമ്പോളത്തെ നിയന്ത്രിക്കുന്നത്. എന്നാല്‍ ഇന്ന് രാഷ്ട്രീയാധികാരം ആരില്‍ കേന്ദ്രീകരിക്കണമെന്ന് തീരുമാനിക്കുന്നത് കമ്പോളമാണ്. ആഗോളകുത്തകകളാണ്. അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് പറയുമെങ്കിലും അധികാരത്തിന്റെ അമിതമായ കേന്ദ്രീകരണമാണ് സംഭവിക്കുന്നത്. ഈ കേന്ദ്രീകരണം സമ്പത്തിന്റെ കേന്ദ്രീകരണത്തിലേക്കും പ്രകൃതിയെ കൊള്ളയടിക്കുന്നതിലേക്കും നയിക്കുന്നു. മള്‍ട്ടിനാഷണല്‍ കാപ്പിറ്റലിസത്തിന് വേരുപടര്‍ത്താനാണ് ആഗോളവത്കരണം എന്ന പ്രക്രിയ സഹായകമാകുന്നതെങ്കില്‍ അത്തരം പരിഷ്‌കാരങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്. 

അധികാരരാഷ്ട്രീയത്തെക്കുറിച്ച് പരാമര്‍ശിച്ചതുകൊണ്ട് ചോദിക്കുകയാണ്. ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍, രാഷ്ട്രീയപാര്‍ട്ടികള്‍ വികസനമൗലികവാദികളായി തീരുന്നുണ്ടോ? കാര്യങ്ങളെ കൂടുതല്‍ സമഗ്രമായി കാണാന്‍ ബാധ്യസ്ഥമായ ഇടതുപക്ഷ പാര്‍ട്ടികളടക്കം പരിസ്ഥിതി വിരുദ്ധ നിലപാട് കൈക്കൊള്ളുന്നതായി വിമര്‍ശനമുണ്ടല്ലോ?

ആ വിമര്‍ശനം തെറ്റാണെന്ന് ഞാന്‍ പറയില്ല. എന്നാല്‍ ഇന്ന് ഒരൊറ്റ പാര്‍ട്ടിക്കും പരിസ്ഥിതിവിരുദ്ധ നിലപാട് പരസ്യമായി കൈക്കൊള്ളാന്‍ സാധിക്കുകയില്ല. ജനപക്ഷത്തുനിന്നുള്ള ഇടപെടല്‍ തന്നെയാണ് ഇതിന് കാരണം. ഹരിതരാഷ്ട്രീയം പേരിനെങ്കിലും പറയാതെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നോട്ടു പോകാനാകില്ല. 

ഇടതുപക്ഷപാര്‍ട്ടികളുടെ ധാരാളം പ്രവര്‍ത്തകര്‍ ശാസ്ര്തസാഹിത്യപരിഷത്ത് പോലുള്ള പ്രസ്ഥാനങ്ങളില്‍ സജീവമാണെങ്കിലും ഇടതുപക്ഷ പാര്‍ട്ടികളുടെ നിലപാട് നിരാശാജനകമാണ്. അതിരപ്പിള്ളി പോലുള്ള പദ്ധതികള്‍ നടപ്പാക്കാനും ന്യായീകരിക്കാനും ആ പാര്‍ട്ടികളുടെ നേതാക്കള്‍ മുന്നോട്ടുവരുന്നതിലെ യുക്തി മനസ്‌സിലാകാന്‍ ബുദ്ധിമുട്ടുള്ളതാണ്. ബംഗാളിലായാലും കേരളത്തിലായാലും സി.പി.ഐ.എമ്മുപോലുള്ള പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ വലിയ നിരാശയിലാണ്. ഒരു ബദല്‍ അവര്‍ക്ക് കണ്ടെത്താനാകില്ലെന്ന കാരണം കൊണ്ടുമാത്രമായിരിക്കണം അവരിപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകരായി തുടരുന്നത്. 

അതിരപ്പിള്ളി പദ്ധതി ഒരു നിലയ്ക്കും പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ലാത്ത പദ്ധതിയാണ്. കാടരെപ്പോലുള്ള ഗിരിവര്‍ഗജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ടുമാത്രമേ ആ പദ്ധതി നടപ്പാക്കാനാകൂ. പദ്ധതി നടപ്പാക്കാനാവശ്യമായ ജലം പലപ്പോഴും ആ പ്രദേശത്തുണ്ടാകില്ല. ഇപ്പോഴുള്ള ടൂറിസം സാധ്യതകളേയും, പ്രദേശത്തുകാരുടെ കാര്‍ഷികവൃത്തിയേയും അത് ബാധിക്കും. 

ലോകമെമ്പാടും രാഷ്ട്രീയപാര്‍ട്ടികള്‍ പരിസ്ഥിതിയെക്കുറിച്ച് കൂടുതല്‍ അവബോധമുള്ളവരായി മാറുന്നുണ്ടല്ലോ? ഇന്ത്യയിലും ഇത് സാധ്യമല്ലേ?

തീര്‍ച്ചയായും. പക്ഷേ, അതിന് ജനങ്ങളുടെ ഇടപെടല്‍ വര്‍ധിക്കണം. ജര്‍മനിയിലെ കൂട്ടുകക്ഷി സര്‍ക്കാരില്‍ പങ്കാളിയായിരുന്ന ഗ്രീന്‍പാര്‍ട്ടിയില്‍ വലിയൊരു സംവാദം നടക്കുകയുണ്ടായി. ജര്‍മനിക്ക് പാരിസ്ഥിതികമായി ആശാസ്യമല്ലെന്ന് വിലയിരുത്തപ്പെടുന്ന വ്യവസായങ്ങള്‍ മൂന്നാം ലോകരാജ്യങ്ങളിലേക്ക് പറിച്ചുനടുന്നതിലെ ധാര്‍മികതയെ ചൊല്ലിയായിരുന്നു സംവാദം. പാരിസ്ഥിതിക നാശത്തിന്റെ ദുഷ്ഫലങ്ങള്‍ ഒരുരാജ്യത്തെ മാത്രമായല്ല ബാധിക്കുന്നത്. ലോകമെമ്പാടും അത് നാശമുണ്ടാക്കും. കാര്‍ബണ്‍ സാന്നിദ്ധ്യം വര്‍ധിക്കുന്നത് ആഗോളതാപനിലയിലാണ് മാറ്റമുണ്ടാക്കുന്നത്. ഒരു രാജ്യത്തിന്റെ താപനിലയില്‍ മാത്രമല്ല. അതുകൊണ്ട് പാരിസ്ഥിതികാവബോധമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ലോകമെമ്പാടും ദേശഭേദമെന്യേ കൈകോര്‍ക്കുന്നുണ്ട്. ഇല്ലെങ്കില്‍ കൈകോര്‍ക്കേണ്ടിവന്നേക്കും. 

പരിസ്ഥിതി സംരക്ഷണത്തിന് ഇപ്പോഴുള്ള നിയമങ്ങള്‍ മതിയാകുമെന്ന് കരുതുന്നുണ്ടോ? പുതിയ കാലഘട്ടം പുതിയ നിയമങ്ങള്‍ അനിവാര്യമാക്കുന്നുണ്ടോ?

ഇപ്പോഴുള്ള നിയമങ്ങള്‍ തീര്‍ച്ചയായും മതിയാകും. പക്ഷേ, സര്‍ക്കാരുകള്‍ ഇപ്പോഴുള്ള നിയമങ്ങള്‍ നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുന്നില്ല. പരിസ്ഥിതിയെ മാത്രമല്ല, ആദിവാസികള്‍ പോലുള്ള ദുര്‍ബലജനവിഭാഗങ്ങളുടെ അവകാശങ്ങളെയും നിക്ഷിപ്തതാല്പര്യക്കാരുടെ ഇടപെടല്‍ ബാധിക്കുന്നുണ്ട്. ആദിവാസികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിയമങ്ങളെ ലംഘിച്ചാണ് പലപ്പോഴും പശ്ചിമഘട്ടമേഖലയില്‍ ഖനനങ്ങള്‍ നടക്കുന്നത്. നിയമം നടപ്പാക്കേണ്ട സര്‍ക്കാരുകളും രാഷ്ട്രീയപാര്‍ട്ടികളും വ്യവസായികള്‍ നിയമം ലംഘിക്കുമ്പോള്‍ അതിന് കൂട്ടുനില്‍ക്കുകയാണ്. വേലി തന്നെ വിളവുതിന്നുന്ന അവസ്ഥ. ജനങ്ങളുടെ ഇടപെടല്‍ തന്നെയാണ് ഇതിനൊരു പോംവഴി. താരതമ്യേന സുശക്തമായ ത്രിതല പഞ്ചായത്ത് സംവിധാനമുള്ള കേരളത്തില്‍ ഇത് കൂടുതല്‍ എളുപ്പത്തില്‍ സാധ്യമാണ്. പ്രകൃതി സംരക്ഷണത്തിന് നമുക്ക് കല്യാശേ്ശരി മാതൃകയാകാം. 

(2013 മെയ് ലക്കം സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com