മൗദൂദിസ്റ്റ് മഹിളകളുടെ മുസ്ലിം സ്ത്രീ

ശിരോവസ്ത്രത്തെ മുസ്ലിം ഐഡന്റിറ്റിയുമായും സദാചാരബോധവുമായും ബന്ധിപ്പിച്ച്, അത് ധരിക്കാത്തവരെ ഇകഴ്ത്തുന്ന രീതിയും മതസംഘടനകള്‍ക്കകത്ത്  വ്യാപകമായി കണ്ടുവരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശിരോവസ്ത്രത്തെ മുസ്ലിം ഐഡന്റിറ്റിയുമായും സദാചാരബോധവുമായും ബന്ധിപ്പിച്ച്, അത് ധരിക്കാത്തവരെ ഇകഴ്ത്തുന്ന രീതിയും മതസംഘടനകള്‍ക്കകത്ത്  വ്യാപകമായി കണ്ടുവരുന്നു. മുസ്ലിം വിവാഹക്കമ്പോളത്തില്‍ വധുവിന്റെ മുഖ്യയോഗ്യത ശിരോവസ്ത്ര നിഷ്ഠയായി മാറിക്കഴിഞ്ഞിട്ടുമുണ്ടു താനും- ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

രുപതാം നൂറ്റാണ്ടിന്റെ ഒന്നാം അര്‍ധത്തിലാണ് മൗദൂദിയന്‍ ഇസ്ലാം രൂപപ്പെട്ടു വന്നത്. 1941-ല്‍ അതിനു സംഘടിത രൂപം കൈവന്നു. ജമാഅത്തെ ഇസ്ലാമി എന്ന പേരില്‍ അറിയപ്പെട്ട ആ പ്രസ്ഥാനത്തിന്റെ ആചാര്യനായ മൗദൂദിയുടെ മുഖ്യ വേവലാതി മുസ്ലിങ്ങള്‍ ഇസ്ലാമിനു രാഷ്ട്രീയ മുഖം നല്‍കുന്നില്ല എന്നതായിരുന്നു. ഭരണമില്ലാത്ത ഇസ്ലാം സങ്കല്‍പ്പ വീടുപോലെയാണെന്നു അദ്ദേഹം വിധിയെഴുതി. ഭൂമിയില്‍ അല്ലാഹുവിന്റെ ഭരണം സ്ഥാപിക്കണമെങ്കില്‍ ജനാധിപത്യത്തെ ഗളഹസ്തം ചെയ്യണമെന്നു ജമാഅത്ത് ഗുരു തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്തു.

എണ്‍പതുകളുടെ രണ്ടാം പാദം വരെ ഇന്ത്യയില്‍ മതേതര, ബഹുസ്വര ജനാധിപത്യം എന്ന 'പാശ്ചാത്യ തിന്മ'യെ കൊന്നു കുഴിച്ചുമൂടാനുള്ള ആയുധങ്ങള്‍ സ്വരുക്കൂട്ടുന്നതിലായിരുന്നു ജമാഅത്തെ ഇസ്ലാമി മുഴുകിയിരുന്നത്. മന്ദിര്‍-മസ്ജിദ് ഉള്‍പ്പെടെയുള്ള വൈകാരിക വിഷയങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിച്ച് ഹൈന്ദവ വലതുപക്ഷം ശക്തി സമാഹരിക്കാന്‍ തുടങ്ങിയതോടെ മതേതര ജനാധിപത്യത്തോടുള്ള വെറുപ്പും എതിര്‍പ്പും മയപ്പെടുത്തേണ്ടിവന്നു മൗദൂദിസ്റ്റുകള്‍ക്ക്. അപ്പോഴും രാഷ്ട്രീയ ഇസ്ലാം (ഇസ്ലാമിസം) അവരുടെ കക്ഷത്ത് തന്നെയായിരുന്നു.

കേരളത്തില്‍ മറ്റൊരു മുഖം മിനുക്കല്‍ പരിപാടി കൂടി ജമാഅത്തെ ഇസ്ലാമിക്കാര്‍ തങ്ങളുടെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നു ഭിന്നമായി മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്ക് കൂടുതല്‍ വേരോട്ടവും ലിംഗസമത്വവാദത്തിനു കൂടുതല്‍ സ്വീകാര്യതയുമുള്ള ഇവിടെ, തങ്ങളുടെ കുടക്കീഴിലുള്ള സ്ത്രീകളുടെ സമ്മേളനം, ഖുര്‍ആന്‍ പാരായണ മത്സരം, ചിത്രപ്രദര്‍ശനം, നാടകമത്സരം തുടങ്ങിയ ഇനങ്ങളുമായി അടുത്തകാലത്ത് അവര്‍ രംഗത്തിറങ്ങി. തങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ പെണ്‍വിരുദ്ധതയില്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള ഭഗീരഥ ശ്രമങ്ങളുടെ ഭാഗമായിരുന്നു അവയെല്ലാം.

അതോടൊപ്പം സംസ്ഥാനത്തുള്ള മറ്റു മുസ്ലിം സംഘടനക്കാരെപ്പോലെ തങ്ങള്‍ യാഥാസ്ഥിതികരല്ല എന്നു മാലോകരെ ബോധ്യപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളും അവര്‍ നടത്തുന്നുണ്ട്. അതിനോട് ചേര്‍ത്തുവെച്ചുവേണം ജമാഅത്തിന്റെ ഔദ്യോഗിക ജിഹ്വയായ 'പ്രബോധനം' വാരിക (22-12-2017)യില്‍ രണ്ടു മൗദൂദിസ്റ്റ് മഹിളകള്‍ എഴുതിയ ലേഖനങ്ങളെ കാണാന്‍. 'മുസ്ലിം സ്ത്രീ: മതയാഥാസ്ഥിതികത്വത്തിനും മതേതര ലിബറലിസത്തിനും മധ്യേ' എന്ന തലക്കെട്ടിലും 'മുസ്ലിം സ്ത്രീ വിമോചനത്തിന്റെ വേരുകള്‍' എന്ന തലക്കെട്ടിലുമുള്ള ലേഖനങ്ങളില്‍ മുസ്ലിം സ്ത്രീകളുടെ രണ്ടു ശത്രുക്കള്‍ അടയാളപ്പെടുത്തപ്പെടുന്നു. ഒരു ശത്രു മുസ്ലിം മതയാഥാസ്ഥിതിക സംഘടനകളാണെങ്കില്‍ മറ്റേത് മതേതര ലിബറല്‍ ചിന്താഗതിക്കാരാണ്.

രണ്ടാമത്തെ ശത്രുവിനെ ആദ്യമെടുക്കുക. മതേതര ലിബറല്‍ വീക്ഷണക്കാര്‍ക്കെതിരെ മൗദൂദിസ്റ്റ് മഹിളകള്‍ തൊടുക്കുന്ന ആരോപണങ്ങളില്‍ മുഖ്യം മുസ്ലിം പെണ്‍വിദ്യാര്‍ത്ഥികളുടെ ശിരോവസ്ത്രധാരണ സ്വാതന്ത്ര്യത്തോടൊപ്പം അവര്‍ നില്‍ക്കുന്നില്ല എന്നതാണ്. നേരിന്റെ തരിയില്ലാത്തതാണ്  ഈ ആരോപണം. വേണ്ടവര്‍ക്ക് ശിരോവസ്ത്രം അണിയാനും വേണ്ടാത്തവര്‍ക്ക് അത് അണിയാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന പക്ഷത്താണ് സെക്യുലര്‍ ലിബറലുകള്‍ എല്ലായ്പോഴും നിലകൊണ്ടു പോന്നിട്ടുള്ളത്. അതേസമയം, ശിരോവസ്ത്ര നിഷ്ഠയില്‍ കടിച്ചുതൂങ്ങുന്ന മൗദൂദിസ്റ്റുകളടക്കം പല മുസ്ലിം മതവിഭാഗങ്ങളും ശിരോവസ്ത്രം ധരിക്കാത്ത മുസ്ലിം സ്ത്രീകളോട് നിഷേധാത്മക സമീപനം കൈക്കൊണ്ടുവരുന്നു എന്ന കയ്പേറിയ വസ്തുത മറുവശത്തുണ്ട്.

ഈ നിഷേധാത്മക സമീപനം പല രൂപത്തില്‍ പ്രവര്‍ത്തിക്കുന്നു. ഒരുദാഹരണത്തിലേക്ക് കണ്ണ് ചെല്ലിക്കാം. മുസ്ലിം സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള തൊഴിലിടങ്ങളില്‍ ജോലി തേടുന്ന മുസ്ലിം സ്ത്രീകള്‍ ശിരോവസ്ത്രം ധരിച്ചുകൊള്ളണമെന്ന് അലിഖിത നിയമം നിലവിലുണ്ട്. ആ നിയമം പാലിക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് അത്തരം സ്ഥാപനങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകള്‍ ജോലി നല്‍കാന്‍ സന്നദ്ധരാകാറില്ല. മാത്രവുമല്ല, ശിരോവസ്ത്രത്തെ മുസ്ലിം ഐഡന്റിറ്റിയുമായും സദാചാരബോധവുമായും ബന്ധിപ്പിച്ച്, അത് ധരിക്കാത്തവരെ ഇകഴ്ത്തുന്ന രീതിയും മതസംഘടനകള്‍ക്കകത്ത്  വ്യാപകമായി കണ്ടുവരുന്നു. മുസ്ലിം വിവാഹക്കമ്പോളത്തില്‍ വധുവിന്റെ മുഖ്യയോഗ്യത ശിരോവസ്ത്ര നിഷ്ഠയായി മാറിക്കഴിഞ്ഞിട്ടുമുണ്ടു താനും.

ശിരോവസ്ത്രത്തേയും പര്‍ദ്ദയേയും മുസ്ലിം പെണ്‍സ്വത്വത്തിന്റെ ചിഹ്നങ്ങളായി ഇസ്ലാമിക സംഘടനകള്‍ അവതരിപ്പിച്ചു പോരുന്നതിന്റെ ദുരന്തം പേറുന്നത് അഞ്ചും ആറും വയസ്സുള്ള മുസ്ലിം പെണ്‍കുട്ടികളാണ്. സംസ്ഥാനത്ത് പലയിടങ്ങളിലും ഒന്നാം ക്ലാസ്സ് പ്രായമെത്തിയ പെണ്‍കുഞ്ഞുങ്ങള്‍ വരെ പര്‍ദ്ദയിട്ട് വിദ്യാലയങ്ങളില്‍ പോകുന്നത് സര്‍വ്വ സാധാരണമായിരിക്കുന്നു. ജുഗുപ്‌സാവഹമായ ഈ വസ്ത്രശാഠ്യത്തില്‍നിന്നു ജമാഅത്തെ ഇസ്ലാമിക്കാരും മുക്തരല്ല. പോയകാലത്ത് ഇല്ലായിരുന്ന ഈ ഐഡന്റിറ്റി ഭ്രാന്തിനു 'സര്‍ഗ്ഗാത്മക പ്രതിരോധം' എന്നു പേരിടുന്ന മൗദൂദിസ്റ്റ് മഹിളാരത്‌നങ്ങളെക്കുറിച്ച് എന്തു പറയാനാണ്!

പ്രബോധനത്തിലെ മേല്‍ സൂചിപ്പിച്ച ലേഖനങ്ങളില്‍ മുസ്ലിം സ്ത്രീകളുടെ  ശത്രുവായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന മറ്റൊരു ഘടകം മുസ്ലിം യാഥാസ്ഥിതികത്വമാണ്. യാഥാസ്ഥിതികത്വത്തിന്റെ തടവറകള്‍ തകര്‍ത്ത് സാമൂഹിക ജീവിതത്തിന്റെ വ്യത്യസ്ത മേഖലകള്‍ കീഴടക്കാന്‍ മാപ്പിളപ്പെണ്ണിനെ മൗദൂദിസ്റ്റുകളായ തങ്ങള്‍ പ്രാപ്തരാക്കുന്നു എന്നതാണ് ലേഖികമാര്‍ ധ്വനിപ്പിക്കുന്നത്. ഇതുകേട്ടാല്‍ തോന്നുക, ജമാഅത്തെ ഇസ്ലാമി യാഥാസ്ഥിതികത്വത്തിന്റെ  എതിര്‍പക്ഷത്ത്  നില്‍ക്കുന്ന പ്രസ്ഥാനമാണെന്നാണ്. മറ്റു മുസ്ലിം മതസംഘടനകളെപ്പോലെത്തന്നെ കലയും സംഗീതവും നൃത്തവും അഭിനയവും സ്‌പോര്‍ട്ട്‌സുമുള്‍പ്പെടെ സര്‍വ്വ മേഖലകളില്‍നിന്നും സ്ത്രീകളെ അകറ്റിനിര്‍ത്തിയ ചരിത്രം തന്നെയാണ് മൗദൂദിസ്റ്റ് സംഘടനക്കുമുള്ളത്.

എന്നുതന്നെയല്ല, സ്ത്രീ-പുരുഷ സമത്വം എന്ന ആശയത്തെ നഖശിഖാന്തം എതിര്‍ക്കുകയും സാമൂഹിക ജീവിതത്തില്‍ ആണ്‍കോയ്മ അരക്കിട്ടുറപ്പിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ പ്രമുഖനാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗലാന മൗദൂദി. അദ്ദേഹം രചിച്ച 'പര്‍ദ്ദ' എന്ന പുസ്തകം ആണധികാരത്തിന്റേയും പെണ്ണടിമത്ത്വത്തിന്റേയും വേദഗ്രന്ഥം എന്നു വിശേഷിപ്പിക്കപ്പെടാവുന്ന കൃതിയത്രേ. ഉറുദുവില്‍ രചിക്കപ്പെട്ട ആ പുസ്തകം അല്‍ അശ്അരി ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ജമാഅത്തിന്റെ ന്യൂഡല്‍ഹിയിലെ മര്‍കസി മക്തബ ഇസ്ലാമി പബ്ലിഷേഴ്‌സാണ് പ്രസാധകര്‍. 2013 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ പതിപ്പില്‍നിന്നുള്ള ചില ഉദ്ധരണികള്‍ ശ്രദ്ധിക്കാം.

പ്രസവിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനുമാണ് പ്രകൃതി ജൈവശാസ്ത്രപരമായി സ്ത്രീകളെ സംവിധാനം ചെയ്തിരിക്കുന്നതെന്നും സാമ്പത്തിക ജീവിതം ഉള്‍പ്പെടെയുള്ള തുറകളില്‍ സ്ത്രീകള്‍ ഭാഗഭാക്കാകേണ്ടതില്ലെന്നും സമര്‍ത്ഥിച്ചുകൊണ്ട് മൗദൂദി എഴുതുന്നു: ''മനുഷ്യവംശത്തിന്റെ തുടര്‍ച്ച ഉറപ്പാക്കാന്‍ പുരുഷന്‍ ഒന്നേ ചെയ്യേണ്ടൂ-സ്ത്രീയെ ഗര്‍ഭിണിയാക്കുക. അതോടെ അവന്റെ ജോലി കഴിഞ്ഞു. അതേസമയം സ്ത്രീ തുടര്‍ന്നുള്ള ഉത്തരവാദിത്വം മുഴുവന്‍ ഏറ്റെടുക്കേണ്ടതുണ്ട്. ഗര്‍ഭധാരണം തൊട്ട് കുഞ്ഞിനെ വളര്‍ത്തുന്നതടക്കമുള്ള ഉത്തരവാദിത്വം - എന്നിരിക്കെ അവള്‍ സാമ്പത്തിക  മേഖലയില്‍ പണിയെടുത്ത് കുടുംബം പോറ്റണമെന്നു പറയുന്നത് ന്യായമാണോ? രാജ്യരക്ഷയ്ക്ക് പുരുഷനോടൊപ്പം അവളും പൊരുതണമെന്നോ വ്യാപാര-വ്യവസായ തുറകളില്‍ അവളും പ്രവര്‍ത്തിക്കണമെന്നോ പറയുന്നത് നീതിയാണോ? പുരുഷന്‍ ചെയ്യേണ്ട അത്തരം ജോലികള്‍ സ്ത്രീകളെ ഏല്‍പ്പിക്കുന്നത് പ്രകൃതിയുടെ ഇച്ഛയ്ക്ക് വിരുദ്ധമാണ്. (Purdah and the status of Woman in Islam, P-151-153).

മറ്റൊരിടത്ത് ആചാര്യന്‍ വ്യക്തമാക്കുന്നു. '...വീടിനകത്തെ രാജ്ഞിയാണ് സ്ത്രീ. കുടുംബം പോറ്റേണ്ട ബാധ്യത ഭര്‍ത്താവിനാണ്. അയാളുടെ വരുമാനമുപയോഗിച്ച് കുടുംബകാര്യങ്ങള്‍ നിര്‍വ്വഹിക്കല്‍ മാത്രമാണ് സ്ത്രീയുടെ ജോലി... വീടിനു പുറത്തുള്ള എല്ലാ മതകാര്യങ്ങളില്‍നിന്നും അവള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. വെള്ളിയാഴ്ചയിലെ സമൂഹപ്രാര്‍ത്ഥനയില്‍ അവള്‍ പങ്കെടുക്കേണ്ടതില്ല... ശവസംസ്‌കാര പ്രാര്‍ത്ഥനയില്‍നിന്നു കൂടി അവള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്... അടുത്ത പുരുഷബന്ധുവിന്റെ കൂടെയല്ലാതെ യാത്ര ചെയ്യാനുള്ള അനുമതിയും അവള്‍ക്കില്ല.''(Ibid, p.191).

സ്ത്രീയുടെ സാമൂഹിക ചലനങ്ങളില്‍ നിരവധി വിലക്കുകള്‍ ഇസ്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ജമാഅത്ത് ഗുരു ഭരണരംഗം ഉള്‍പ്പെടെയുള്ള മേഖലകളില്‍ പെണ്‍വര്‍ഗ്ഗം ശോഭിക്കുകയില്ലെന്നും വിശദീകരിച്ചിട്ടുണ്ട്. ഭരണം സ്ത്രീകളെ ഏല്പിച്ച ഒരു ദേശവും വിജയിച്ചിട്ടില്ലെന്നും കഴിവുകളില്‍ ആണും പെണ്ണും തുല്യരല്ല എന്നും ചൂണ്ടിക്കാട്ടിയ ശേഷം മൗദൂദി പറയുന്നു: ''സ്ത്രീകള്‍ എത്രതന്നെ കഠിനാധ്വാനം ചെയ്താലും അവരില്‍നിന്നു അരിസ്റ്റോട്ടിലിനെയോ ഇബ്നു സീനയെയോ കാന്റിനെയോ ഹെഗലിനെയോ ഖയ്യാമിനെയോ  ഷെക്സ്പിയറെയോ അലക്‌സാണ്ടറെയോ നെപ്പോളിയനെയോ സലാഹുദ്ദീനെയോ നിസാമുല്‍ മുല്‍ക്ക് തൂസിയെയോ ബിസ്മാര്‍ക്കിനെയോ പോലുള്ള പ്രതിഭകള്‍ ഉണ്ടാവുക സാധ്യമല്ല.'' (Ibid, p.156)

ചുരുക്കിപ്പറഞ്ഞാല്‍, പൊതുജീവിതത്തിന്റെ യാതൊരു തുറകളിലേക്കും സ്ത്രീകള്‍ കടന്നുവരേണ്ടതില്ല എന്നാണ് 'പര്‍ദ്ദ'യില്‍ മൗദൂദി പറഞ്ഞുവെയ്ക്കുന്നത്. മൗദൂദിസ്റ്റ് മഹിളകള്‍ ആരോപിക്കുന്നതുപോലെ, മറ്റു മുസ്ലിം സംഘടനകളുടെ യാഥാസ്ഥിതികത്വം മാത്രമല്ല, മൗദൂദിയന്‍ യാഥാസ്ഥിതികത്വവും മുസ്ലിം സ്ത്രീകളെ മുരടിപ്പിക്കുന്നു. ആചാര്യന്‍ പറയുന്ന കാര്യങ്ങളോട് യോജിപ്പില്ല എന്നാണെങ്കില്‍ പെണ്‍ മൗദൂദിസ്റ്റുകള്‍ തങ്ങളുടെ ആശയലോകത്തില്‍നിന്ന് അദ്ദേഹത്തെ പുറന്തള്ളണം. പക്ഷേ, ആണ്‍ മൗദൂദിസ്റ്റുകള്‍ അതനുവദിക്കുകയില്ല. കാരണം, ഉപ്പില്ലെങ്കില്‍ എന്ത് ഉപ്പുമാങ്ങ എന്നു ചോദിച്ചപോലെ മൗദൂദിയില്ലെങ്കില്‍ പിന്നെ എന്ത് ജമാഅത്തെ ഇസ്ലാമി?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com