ദേശീയദുരന്തം വരുന്ന വഴികള്‍...

ഒരു ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വിധ്വംസക ഫലത്തിലേറെ വിനാശകരമാണ് ഓഖി ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന വാശി.
ദേശീയദുരന്തം വരുന്ന വഴികള്‍...

ഒരു ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വിധ്വംസക ഫലത്തിലേറെ വിനാശകരമാണ് ഓഖി ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന വാശി. സത്യത്തില്‍ ഈ വാശിതന്നെയാണ് സ്വയംകൃതാനര്‍ത്ഥപ്പട്ടികയില്‍ വരുന്ന ഏറ്റവും വലിയ ദേശീയദുരന്തം-  സി. രാധാകൃഷ്ണന്‍ എഴുതുന്നു

നൂറിലേറെപ്പേരുടെ മരണത്തിനും ആയിരക്കണക്കിനു കോടിയുടെ നാശനഷ്ടങ്ങള്‍ക്കും കാരണമായ ചുഴലിയും കടല്‍ക്ഷോഭവും ഒഴിഞ്ഞുപോയി ആഴ്ചകള്‍ കഴിഞ്ഞിട്ടും അതൊരു ദേശീയദുരന്തമായി പ്രഖ്യാപിക്കണോ വേണ്ടയോ എന്ന വാഗ്വാദവും കൊടുക്കില്ല കോങ്കണ്ണിക്കു തേങ്ങാമുറി എന്ന ശാഠ്യവും തുടരുകയാണല്ലോ. ഇതില്‍നിന്ന് ആകെപ്പാടെ തെളിഞ്ഞുവരുന്ന ഒരേ ഒരു കാര്യം ദേശീയദുരന്തം എന്നാല്‍ എന്താണ് എന്ന ചോദ്യത്തിനുള്ള ശരിയുത്തരമല്ലേ?


ദുരന്തങ്ങള്‍ രണ്ടു തരമെന്ന് വിവരമുള്ളവര്‍ പണ്ടേ പറഞ്ഞുതന്നിട്ടുണ്ടല്ലോ. ഒഴിവാക്കാനോ തടുക്കാനോ ആകാത്ത രീതിയില്‍ പ്രകൃതി വരുത്തിവെക്കുന്നത് ഒരു തരം, മനുഷ്യര്‍തന്നെ സ്വയംകൃതാനര്‍ത്ഥങ്ങളായി വരുത്തിവെക്കുന്നത് രണ്ടാമത്തെ ഇനം. രണ്ടും തമ്മിലുള്ള അതിര്‍വരമ്പ് കൃത്യമായി അടയാളപ്പെടുത്താന്‍ പലപ്പോഴും പ്രയാസമാണ്. ഉദാഹരണത്തിന്, തേങ്ങ തലയില്‍ വീണ് ഒരാള്‍ മരിക്കുന്നു എന്നിരിക്കട്ടെ. ആ ഭാഗ്യദോഷിക്ക് തന്റെ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ലേ? വിളഞ്ഞ തേങ്ങയുള്ള തെങ്ങിന്റെ ചുവട്ടില്‍ ചെന്നില്ല എങ്കില്‍ ദുരന്തം സംഭവിക്കുമായിരുന്നില്ല എന്നു നിശ്ചയം. പക്ഷേ, ഇതൊരു നോട്ടപ്പിശകു മാത്രമാണെന്ന ഒഴികഴിവുണ്ട്. പരിസരമലിനീകരണവും മനഃസ്ഥിതിമലിനീകരണവും ആഗോള താപനവും കാരണം ഉണ്ടാകുന്ന മഹാദുരന്തങ്ങള്‍ തീര്‍ത്തും സ്വയംകൃതാനര്‍ത്ഥങ്ങള്‍ തന്നെ. 
ഓഖിപോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ ഇതില്‍ ഏതിനത്തില്‍പ്പെടുന്നു എന്നു നിശ്ചയിക്കാന്‍ പ്രയാസമാണ്. ആലോചിക്കേണ്ട കാര്യവുമാണ്. ഇഴ പിരിച്ചു തരാന്‍ മോഡേണ്‍ സയന്‍സിന് കഴിവും വഴിയറിവുമുണ്ടുതാനും. എങ്കിലോ, പിഴ എന്ന് നന്നായി അറിഞ്ഞുകൊണ്ടു ചെയ്യുന്ന തെറ്റുകള്‍ സ്വയംകൃതാനര്‍ത്ഥങ്ങള്‍ തന്നെ.


മറ്റു മൃഗങ്ങളെപ്പോലെ ഒറ്റയാന്‍ വേട്ടക്കാരനായിരുന്ന മനുഷ്യന്‍ സമൂഹജീവിയാകുന്നത് ദുരന്തനിവാരണവും അഥവാ ദുരന്തങ്ങള്‍ സംഭവിച്ചാല്‍ ദുരിതാശ്വാസവും കൂടുതല്‍ ഫലപ്രദമാക്കാന്‍ സംഘബലം ഉതകുമെന്നു കണ്ടതിനാലാണ്. ഇതര മനുഷ്യരുടെയോ വനജീവികളുടെയോ ആക്രണമുണ്ടായാല്‍ പ്രതിരോധം മുഖ്യം. പ്രളയമോ കൊടുങ്കാറ്റോ ഭൂമികുലുക്കമോ ആണെങ്കില്‍ ദുരിതാശ്വാസം പ്രധാനം. ഈ വഴിയില്‍ പിഴവു പറ്റി പില്‍ക്കാലത്ത് മന്ത്രവും തന്ത്രവും പുരോഹിതരും ചാതുര്‍വര്‍ണ്യവുമൊക്കെ മുളച്ചു വളര്‍ന്ന് വെളുക്കാന്‍ തേച്ചത് പാണ്ടായി കലാശിച്ചതും ചരിത്രം. ഇന്നും ദേശീയത എന്ന വികാരത്തിന്റെ അടിയിലുള്ളത് സ്വയരക്ഷ ലക്ഷ്യംവെച്ചുള്ള കൂട്ടായ്മയിലുള്ള വിശ്വസമാണ്.
ജാതിയോ മതമോ ഭാഷയോ വിധേയത്വമോ നോക്കി മാത്രമേ ദുരിതാശ്വാസമുള്ളൂ എന്നു വരുന്നത് സമൂഹമെന്ന കേവലബോധത്തെ നശിപ്പിക്കാനേ ഉതകൂ. ജാതിയോ മതമോ അടിസ്ഥാനമാക്കി ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നതത്ര തന്നെ വലിയ സമൂഹദ്രോഹമാണ് ഇത്. ഒരു ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വിധ്വംസക ഫലത്തിലേറെ വിനാശകരമാണ് ഓഖി ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന വാശി. സത്യത്തില്‍ ഈ വാശിതന്നെയാണ് സ്വയംകൃതാനര്‍ത്ഥപ്പട്ടികയില്‍ വരുന്ന ഏറ്റവും വലിയ ദേശീയദുരന്തം.


ആളുകളെ അനുനയിപ്പിക്കാന്‍ എല്ലാ ഭരണാധികാരികളും എക്കാലത്തും ശ്രമിക്കാറുണ്ട്. പാരമ്പര്യ ഭരണകര്‍ത്താക്കളുടെ കാലത്തുപോലും ഇതുണ്ടായിരുന്നു. താനൊരു ജനസമ്മതനെന്ന് ആളുകള്‍ പറയുന്നതല്ലെ ആര്‍ക്കും പഥ്യം! ജനായത്തകാലം വന്നപ്പോഴാകട്ടെ, ജനസമ്മതി തന്നെയായി ഏറ്റവും വലിയ കാര്യം. വോട്ടാണല്ലോ അധികാരാടിത്തറ. ജനഹിതം ശരിയായി അറിഞ്ഞും മാനിച്ചും ഭരിച്ചും നാളെയും അങ്ങനെ ഭരിക്കുമെന്നുറപ്പു നല്‍കിയും വോട്ട് പിടിക്കുന്നതാണ് ശരി. അതു പക്ഷേ, നേതൃപാടവവും സ്വഭാവശുദ്ധിയും ഇണങ്ങിയവര്‍ക്കേ പറ്റൂ. ആളുകളെ പ്രീണിപ്പിച്ചും പ്രകോപിപ്പിച്ചും പേടിപ്പിച്ചും പ്രലോഭിപ്പിച്ചും വശത്താക്കുകയാണ് സ്വാര്‍ത്ഥമതികള്‍ക്കും തിരുമാലികള്‍ക്കും അറിയാവുന്ന അടവ്. ഇത്, അധികാരം നേടാനും കിട്ടിയാല്‍ നിലനിര്‍ത്താനും അടുത്ത ഊഴം വരുമ്പോള്‍ വീണ്ടും നേടാനും ഉപയോഗിക്കുന്നു.
എവിടെ എന്തു സംഭവിച്ചാലും അതൊരു മഹാദുരന്തമായാല്‍പ്പോലും, എങ്ങനെ അതിനെ ഒരു വോട്ടുപിടുത്തതന്ത്രമാക്കാമെന്ന ഒരേയൊരു ചിന്ത മാത്രം. ഏതു പുര കത്തിയാലും അതില്‍നിന്ന് രണ്ടു കഴുക്കോലെങ്കിലും ഊരിയെടുക്കാന്‍ എന്തു വഴി എന്നേ ലാക്കുള്ളൂ! ഏറ്റവും കുറഞ്ഞ ശ്രമം, ആ തീയില്‍നിന്ന് ഒരു ബീഡി കത്തക്കാനെങ്കിലുമായിരിക്കും! വല്ലാതെ വേണ്ടാതീനം കാട്ടുന്ന മകനോട് പണ്ട് ഒരമ്മ സഹികെട്ട് ചോദിച്ചത്രെ, കുരുത്തം കെട്ടതേ, എല്ലാം കൊണ്ടും കളിച്ചുകളിച്ച് അവസാനം അച്ഛന്റെ എന്തൊ ഒന്നുണ്ടല്ലോ അതുകൊണ്ടും തുടങ്ങിയോ മുടിയാന്‍ കാലത്തെ നിന്റെ കളി എന്ന്.
ദുരിതമിനിയുമുണ്ടാമിവിടെയെന്നാലതെല്ലാം
അടിമുടിമുതല്‍ മുടിയോളം വോട്ടിനാകട്ടെ തായേ!
എന്ന് ഒരു മഹാകവിതക്ക് പാരഡിയെഴുതാറായിപ്പോയി!
ദുരിതം വോട്ടിനു തികയാതെ വരുമ്പോള്‍ അത് മനഃപൂര്‍വ്വം ഉണ്ടാക്കുന്നുമുണ്ടല്ലോ. വെട്ടും കുത്തും കൊലയും അരങ്ങേറ്റുന്നത് പതിവായതു കാണുന്നില്ലേ? നിങ്ങളെന്തിനു വെട്ടുന്നു എന്ന് ഒരു കക്ഷിയോടു ചോദിച്ചാല്‍ മറ്റെ കക്ഷി വെട്ടുന്നതുകൊണ്ട് എന്നാണ് മറുപടി! വെട്ടുകളുടെ ശത്രുതയില്‍ രണ്ടു കക്ഷികളും ചേരികളുണ്ടാക്കുന്നു. കൊലപ്പകയായതിനാല്‍ ചേരി ഒരിക്കലും ഇടിയുന്ന പ്രശ്‌നമില്ലെന്നു മാത്രമല്ല, എപ്പോഴെങ്കിലും കത്തിവായ്ത്തലയുടെ മൂര്‍ച്ച കുറയുന്നു എങ്കില്‍ കൊലയുടെ ഒരു എപ്പിസോഡുകൂടി ചേര്‍ക്കാന്‍ വിരലൊന്നു ഞൊടിക്കുകയേ വേണ്ടൂ!
കലയേയും സംസ്‌കാരത്തേയുംപോലും പാര്‍ശ്വവര്‍ത്തികളാക്കാന്‍ കക്ഷികള്‍ക്കു വലിയൊരളവോളം സാധിച്ചിരിക്കുന്നു. ഇതിന്റെ വേരോട്ടം എവിടംവരെ എത്തി എന്നതിന് രണ്ടു സൂചനകള്‍കൂടി ഈയിടെ കിട്ടി.


രംഗം ഒന്ന്.
സമസ്തകേരള സാഹിത്യപരിഷത്തിന്റെ നവതിയുടെ സമാപന സമ്മേളനവേദി. മൂന്നു നാളത്തെ ചര്‍ച്ചകളും കലാപരിപാടികളും അവസാനിക്കുന്നു. സുപരിചിതനായ ഒരു മാധ്യമപ്രവര്‍ത്തകനോട് ഞാന്‍ ചോദിച്ചു, സാഹിത്യരംഗത്തെ എല്ലാ ഭിന്നാഭിപ്രായങ്ങള്‍ക്കും ഒരുപോലെ അവസരം ലഭിക്കുകയും കശ്മീര്‍ മുതല്‍ ബീഹാര്‍വരെയുള്ളിടങ്ങളിലെ എഴുത്തുകാര്‍ പങ്കെടുക്കുകയും എല്ലാ സാംസ്‌കാരിക സ്ഥാപനങ്ങളും സഹകരിക്കുകയും ഒരു വലിയ സദസ്സ് എന്നുമുണ്ടാവുകയും ചെയ്തിട്ടും മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് ഈ സംഭവം വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുന്നത്?
പരിഷത്തിന് ജാതിയോ മതമോ കക്ഷിയോ ഇല്ലാത്തതുകൊണ്ട് എന്നായിരുന്നു ഒരു ചെറുചിരിയോടെ മറുപടി. ഇങ്ങനെ ഒരു സംഭവം നന്നായി റിപ്പോര്‍ട്ടു ചെയ്താല്‍ റേറ്റിങ്ങ് കൂടുകയോ ചെയ്യാതിരുന്നാല്‍ റേറ്റിങ് കുറയുകയോ ചെയ്യുമെന്ന് ഒരു മാധ്യമവും കരുതുന്നില്ല. കാരണം, കീഴ്വഴക്കവും താല്പര്യങ്ങളും അങ്ങനെയാണ്. അവഗണിക്കുന്നതുകൊണ്ട് ഒരു കുഴപ്പവും വരാനില്ലെന്നു സാരം! എന്നുവെച്ചാല്‍ നല്ല കാര്യം വാര്‍ത്തയല്ല എന്നുതന്നെ!


രംഗം രണ്ട്.
കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭരണസമിതി യോഗം ചേര്‍ന്നിരിക്കുന്നു. അജന്‍ഡയിലെ ഒരു കാര്യം അടുത്ത അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ആദ്യപടിയായി നാമനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് മൂന്നുപേരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യലാണ്. ഈ ഷോര്‍ട്ട്ലിസ്റ്റില്‍നിന്നു വേണം പുതിയ ജനറല്‍ കൗണ്‍സില്‍ അടുത്ത അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാന്‍. മൊത്തം ആറു പേര്‍ മത്സരരംഗത്തുണ്ട്.
യോഗം തുടങ്ങി അദ്ധ്യക്ഷന്റെ ഉപക്രമം കഴിഞ്ഞ ഉടനെ ഭരണസമിതിയില്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധിയും സാംസ്‌കാരികവകുപ്പിലെ ജോയിന്റ് സെക്രട്ടറിയുമായ മാന്യദേഹം അദ്ധ്യക്ഷസ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടികയില്‍ ഒരു പ്രത്യേക വ്യക്തിയുടെ പേര്‍ ഉണ്ടാകണമെന്ന ആവശ്യം സര്‍ക്കാര്‍ നിര്‍ദ്ദേശമെന്ന നിലയില്‍ അവതരിപ്പിക്കുകയും അക്കാര്യം ഒരു കുറിപ്പായി കൈയില്‍ കരുതിയത് വായിക്കുകയും ചെയ്യുന്നു.
സമിതി വോട്ടിനിട്ടു തീരുമാനിക്കേണ്ട കാര്യമാണ് എന്നും പ്രത്യേകമായി ഒരു ശുപാര്‍ശയും ആര്‍ക്കും നല്‍കാന്‍ കഴിയില്ലെന്നും മറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ധ്യക്ഷന് വിശേഷിച്ച് യോഗ്യതകളൊന്നും അക്കാദമിയുടെ ഭരണഘടനയില്‍ പറയുന്നില്ലെന്നായി അദ്ദേഹം.
ജ്ഞാനപീഠമൊക്കെ ലഭിച്ച മുതിര്‍ന്ന എഴുത്തുകാര്‍ക്കല്ലെ മുന്‍ഗണന വേണ്ടതെന്ന് ആരോ സംശയമുന്നയിച്ചപ്പോള്‍ ജ്ഞാനപീഠമൊന്നും വലിയ സംഗതിയല്ല എന്നുകൂടി വിശദീകരണം!
ഒടുവില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശം വകവെക്കാതെ ഭരണസമിതി വോട്ടിങ്ങിലൂടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയപ്പോള്‍ അദ്ദേഹം യോഗാദ്ധ്യക്ഷന്റെ അനുമതിപോലും വാങ്ങാതെ ഇറങ്ങിപ്പോവുകയും ചെയ്തു.


കേന്ദ്രസ്ഥാപനങ്ങളായ ലളിതകലാ അക്കാദമിയും സംഗീതനാടക അക്കാദമിയും എല്ലാം സാംസ്‌കാരിമന്ത്രാലയം അവയുടെ ഭരണഘടന സസ്പെന്റ് ചെയ്ത് യഥേഷ്ടം നിശ്ചയിച്ച ആളുകളാണ് ഭരിക്കുന്നത്. ഇന്ത്യാമഹാരാജ്യത്ത് അവശേഷിക്കുന്ന ജനായത്തസ്വഭാവമുള്ള ഏക സാംസ്‌കാരിക സ്ഥാപനമാണ് സാഹിത്യ അക്കാദമി എന്നുകൂടി ഓര്‍ത്താലേ വിഭാഗീയതയുടെ ചുഴലിക്കാറ്റ് എല്ലാമെല്ലാം കടപുഴക്കുന്നതെങ്ങനെ എന്നതിന്റെ ചിത്രം പൂര്‍ത്തിയാവൂ.
സ്വയംകൃത മഹാദുരന്തങ്ങളുണ്ടാകുന്നത് മനസ്സില്‍ മുളച്ചാണ്. വ്യക്തിജീവിതത്തിലായാലും ദേശീയതലത്തിലായാലും നിതാന്തജാഗ്രതതന്നെയാണ് ദുരന്തനിവാരണത്തിനുള്ള ഏക പോംവഴി. ദിവസേന ഓരോരുത്തനെ തിന്നുന്ന ബകാസുരന്‍ എന്നെ തിന്നുന്ന ദിവസം വരെ എനിക്കു വിഷമിക്കാനില്ലെന്ന് ഓരോരുത്തനും വിചാരിച്ചതാണ് ആ അസുരനെ ദീര്‍ഘായുസ്സാക്കിയത് എന്ന കഥ ഇനിയെങ്കിലും...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com