ഇപ്പോള്‍ എം.ടിക്കൊപ്പം ആരും നില്‍ക്കാത്തതെന്ത്?

ന്യൂനപക്ഷ മതാന്ധര്‍ ലിബറലുകളെ വേട്ടയാടുമ്പോള്‍ മൗനം വിദ്വാനു ഭൂഷണം എന്നതത്രേ നമ്മുടെ 'ഫാസിസ്റ്റ് വിരുദ്ധരു'ടെ അടിയുറച്ച നിലപാട്! 
എംടി (എക്‌സ്പ്രസ് ഫയല്‍)
എംടി (എക്‌സ്പ്രസ് ഫയല്‍)

നോട്ട് നിരോധനം വന്ന നാളുകളില്‍ എം.ടി. വാസുദേവന്‍ നായര്‍ ആ നടപടിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. കേരളത്തിലെ ബി.ജെ.പി. നേതാക്കളില്‍ ഒരാളായ എ.എന്‍. രാധാകൃഷ്ണന് എം.ടിയുടെ അഭിപ്രായ പ്രകടനം അത്ര രുചിച്ചില്ല. സാഹിത്യകാരനായ വാസുദേവന്‍ നായര്‍ സാമ്പത്തിക വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിലെ 'അനൗചിത്യ'ത്തിലേക്ക് രാധാകൃഷ്ണന്‍ കൈചൂണ്ടി. സാഹിത്യരംഗത്തുള്ളവര്‍ക്കും ധനകാര്യങ്ങളെക്കുറിച്ച് തങ്ങളുടേതായ വീക്ഷണം അവതരിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ ബി.ജെ.പി. വക്താവ് അതിനെതിരെ ശബ്ദിച്ചത് ഒട്ടും ശരിയല്ലാത്ത നടപടിയായിരുന്നു.
ഈ വസ്തുത അക്കാലത്ത് പലരും എടുത്തുകാട്ടി. ചിലരാകട്ടെ, ഒരു പടികൂടി കടന്ന് മലയാളത്തിലെ മഹാസാഹിത്യകാരനു നേരെയുള്ള സംഘപരിവാറിന്റെ കടന്നാക്രമണമായി അതിനെ വിലയിരുത്തി. ഹൈന്ദവ വലതുപക്ഷത്തിന്റെ ഫാസിസ്റ്റ് ഹസ്തം എഴുത്തുകാരുടെ കഴുത്തിലേക്ക് നീളുന്നതിന്റെ സുവ്യക്ത സൂചകമായി രാധാകൃഷ്ണന്റെ വാക്കുകള്‍ ചിത്രീകരിക്കപ്പെട്ടു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടികള്‍ക്ക് ഓശാന പാടാത്തവര്‍ ക്രൂശിക്കപ്പെടുകയാണെന്ന വിധിയെഴുത്തുമുണ്ടായി.
നാട്ടിലെ അറിയപ്പെടുന്ന എഴുത്തുകാരും ചലച്ചിത്ര പ്രവര്‍ത്തകരും മാത്രമല്ല, സി.പി.ഐ.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും അനുബന്ധ സംഘടനകളും എം.ടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നു. സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ 'എം.ടിക്കൊപ്പം' എന്ന പ്രഖ്യാപനവുമായി സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ ഹിന്ദുത്വവാദികളുടെ ജനാധിപത്യഹത്യയ്‌ക്കെതിരെ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ചു. മലയാള സാഹിത്യത്തറവാട്ടിലെ കാരണവരും ഭാരതീയ സാഹിത്യ ചക്രവാളത്തിലെ സൂര്യത്തേജസ്സുകളില്‍ ഒരാളുമായ എം.ടിയുടെ വീക്ഷണ സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ ആ വീറുറ്റ പോരാട്ടം, സംശയമില്ല അഭിനന്ദനീയമായിരുന്നു.

ആ പോരാട്ടം അരങ്ങേറിയിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. ഇപ്പോളിതാ അതേ എം.ടിക്കെതിരെ മറ്റൊരു കോണില്‍നിന്നു കൂടുതല്‍ ശക്തവും രൗദ്രവുമായ ശൈലിയില്‍ കടന്നാക്രമണം നടന്നിരിക്കുന്നു. ഇക്കുറി ഇസ്ലാമിക വലതുപക്ഷത്തില്‍നിന്നാണ്  ജ്ഞാനപീഠ ജേതാവ് കൂടിയായ വാസുദേവന്‍ നായര്‍ക്ക് നേരെ ശകാരാസ്ത്രങ്ങള്‍ തൊടുക്കപ്പെട്ടിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ചാമക്കാല നഹ്ജൂര്‍ റഷാദ് ഇസ്ലാമിക് കോളേജിലെ വിദ്യാര്‍ത്ഥികളുടെ പ്രതിനിധി സാമൂഹിക മാധ്യമം വഴി ''നാലുകെട്ടി'ന്റേയും 'രണ്ടാമൂഴ'ത്തിന്റേയും രചയിതാവിനെ 'കുത്താന്‍ വരുന്ന പോത്തി'നോട് ഉപമിച്ചിരിക്കുന്നു!
ഇസ്ലാമിക പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ഇത്ര പ്രകോപിതരാകാനും എം.ടിക്കെതിരെ അക്ഷര ജിഹാദ് നടത്താനും എന്താണ് കാരണം? വിദ്യാര്‍ത്ഥി പ്രതിനിധിയുടെ എഫ്.ബി. പോസ്റ്റില്‍നിന്നു മനസ്സിലാക്കുന്നത്, മേല്‍ച്ചൊന്ന കോളേജിന്റെ 'അക്ഷരമാല 17' എന്ന ദ്വിദിന ശില്‍പ്പശാലയുടെ മുഖ്യ കാര്യദര്‍ശി പദത്തിലിരിക്കാന്‍ എം.ടി. വിസ്സമ്മതിച്ചതാണ് വിദ്യാര്‍ത്ഥികളെ ക്ഷുഭിതരാക്കിയത് എന്നാണ്. തനിക്ക് ന്യായമെന്നു തോന്നുന്ന കാരണങ്ങളാല്‍ വാസുദേവന്‍ നായര്‍ ഏതെങ്കിലും പദവിയില്‍നിന്നു മാറിയതിന് അദ്ദേഹത്തെ ശകാരിക്കുന്നതിലെ യുക്തിയെന്താണ്?
മേല്‍ സൂചിപ്പിച്ച എഫ്.ബി. പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ മലയാളത്തിന്റെ അഭിമാനമായ എം.ടിയെ ഹിന്ദുത്വക്കാരനും വര്‍ഗ്ഗീയക്കാരനും സംഘിയും സവര്‍ണ്ണ എഴുത്തുകാരനുമായെല്ലാം മുദ്രകുത്തി എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. തന്റെ 'നിര്‍മാല്യം' എന്ന സിനിമയില്‍ ഭഗവതിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന വെളിച്ചപ്പാടിനെ അവതരിപ്പിച്ച ചലച്ചിത്രകാരനെയാണ് മുന്‍പിന്‍ നോട്ടമില്ലാതെ ചിലര്‍ വിഷം ചീറ്റുന്ന സവര്‍ണ്ണ സാഹിത്യത്തമ്പുരാന്‍ എന്നു അധിക്ഷേപിച്ചത്. അങ്ങനെ ചെയ്തവര്‍ ഒരു കാര്യം സൗകര്യപൂര്‍വ്വം ഓര്‍ക്കാതിരുന്നു. എഴുപതുകളുടെ ആരംഭത്തില്‍ നിര്‍മാല്യത്തില്‍ എം.ടിയുടെ കഥാപാത്രം നടത്തിയതുപോലുള്ള 'ഹിന്ദുദൈവ'നിന്ദ ഏതെങ്കിലും എഴുത്തുകാരന്റെ ഏതെങ്കിലും കഥാപാത്രം 'മുസ്ലിം ദൈവ'ത്തോട് കാണിക്കുന്നത് ചിത്രീകരിക്കാവുന്ന സാഹചര്യം അന്നും ഇന്നും നാട്ടിലില്ല എന്നതാണ് അക്കാര്യം.

അതിരിക്കട്ടെ. മതാന്ധരായ അസഹിഷ്ണുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ വാസുദേവന്‍ നായരുടെ മേല്‍ വര്‍ഷിച്ച ശകാരവും ശാപവചനങ്ങളും കണ്ടപ്പോള്‍, അത് നടത്തിയവരെ തുറന്നു കാട്ടാനും എം.ടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും നമ്മുടെ സാംസ്‌കാരിക നായകരും ഇടതുപക്ഷമുള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികളുടെ സാരഥികളും പുരോഗമനപക്ഷത്ത്  നില്‍ക്കുന്ന യുവജന പ്രസ്ഥാനങ്ങളുടെ തേരാളികളും രംഗത്ത് വരുമെന്നു ന്യായമായി പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ബി.ജെ.പി നേതാവിന്റെ എം.ടി. വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഉച്ചത്തില്‍ ശബ്ദിച്ചവര്‍ അതിലേറെ ഉച്ചത്തില്‍ ശബ്ദിക്കേണ്ടിയിരുന്ന അധിക്ഷേപ സുനാമിയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. വിചിത്രമെന്നു പറയണം, ഇപ്പോള്‍ എം.ടിക്കൊപ്പം നില്‍ക്കാനോ ഇസ്ലാമിക വലതുപക്ഷത്തിന്റെ ആക്രാമക അസഹിഷ്ണുതയ്‌ക്കെതിരെ പ്രതിഷേധ സംഗമം നടത്താനോ ആരും മുന്നോട്ടു വരികയുണ്ടായില്ല.

വാസുദേവന്‍ നായര്‍ക്കെതിരെ നടന്ന സൈബര്‍ കടന്നാക്രമണത്തില്‍ മൗനം ദീക്ഷിക്കുന്നവര്‍ എന്തുകൊണ്ട് നിശ്ശബ്ദതാവ്രതം അനുഷ്ഠിക്കുന്നു  എന്നു വ്യക്തമാക്കേണ്ടതുണ്ട്. ഭൂരിപക്ഷ വര്‍ഗ്ഗീയവാദികള്‍ എം.ടിക്കെതിരെയെന്നപോലെ ചലച്ചിത്ര സംവിധായകന്‍ കമലിനെതിരെ രംഗത്ത് വന്ന സന്ദര്‍ഭത്തിലും അതിശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചവരാണ് കേരളത്തിലെ രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍. എന്തുകൊണ്ട് അവര്‍ ഇപ്പോള്‍ മിണ്ടാതിരിക്കുന്നു? ഭൂരിപക്ഷ മതമൗലിക-തീവ്രവാദ പക്ഷത്തിന്റെ അസഹിഷ്ണുത മാത്രം അധിക്ഷേപിക്കപ്പെടേണ്ടതും ന്യൂനപക്ഷ മതമൗലിക - തീവ്രവാദ സ്വരൂപത്തിന്റെ അസഹിഷ്ണുത ആസ്വദിക്കപ്പെടേണ്ടതുമാണെന്നാണോ?

എം.ടിക്കെതിരെ ഇസ്ലാമിക വലതുപക്ഷം നടത്തിയ സൈബര്‍ യുദ്ധത്തില്‍ മാത്രമല്ല ഇമ്മട്ടിലുള്ള ഇരട്ടത്താപ്പ് കാണുന്നത്. മറ്റു സന്ദര്‍ഭങ്ങളിലും അതുണ്ടായിട്ടുണ്ട്. ഏറ്റവും അടുത്ത കാലത്തെ ഉദാഹരണങ്ങളില്‍ ഒന്നിലേക്ക് ചെല്ലാം. ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റിയുടെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളാണ് ജാമിദ ടീച്ചര്‍. മുസ്ലിം വ്യക്തിനിയമ പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യാഥാസ്ഥിതിക പൗരോഹിത്യം അനുവര്‍ത്തിക്കുന്ന പ്രതിലോമ നിലപാടുകള്‍ പൊതുവേദികളില്‍ തുറന്നുകാട്ടി സമീപകാലത്ത് ജനശ്രദ്ധയാകര്‍ഷിച്ച സാമൂഹിക പ്രവര്‍ത്തകയാണവര്‍. കോഴിക്കോട്, കാപ്പാട്ടുള്ള അവരുടെ വസതിക്കു നേരെ ഇക്കഴിഞ്ഞ ഡിസംബറില്‍ രണ്ടു തവണ ആക്രമണമുണ്ടായി.
മുസ്ലിം വലതുപക്ഷക്കാരായിരുന്നു  ആക്രമണകാരികള്‍. മുസ്ലിം സ്ത്രീകള്‍ക്ക് മതദൃഷ്ട്യാ ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ പോലും മതഗ്രന്ഥങ്ങളുടെ ദുര്‍വ്യാഖ്യാനം വഴി അവര്‍ക്ക് നിഷേധിക്കുന്ന മുസ്ലിം മത, രാഷ്ട്രീയ സംഘടനകളേയും അവയുടെ തലപ്പത്തിരിക്കുന്നവരേയും വിമര്‍ശിച്ചതിന്റെ പേരിലാണ്, പ്രായപൂര്‍ത്തിയെത്താത്ത രണ്ടു കുട്ടികളോടൊപ്പം കഴിയുന്ന ജാമിദ ടീച്ചര്‍ കയ്യേറ്റം ചെയ്യപ്പെട്ടത്. ഇമ്മട്ടിലുള്ള നീചകൃത്യം രണ്ടാഴ്ചയ്ക്കകം രണ്ടു പ്രാവശ്യം നടന്നിട്ടും സി.പി.ഐ.എമ്മോ ജനാധിപത്യ മഹിള അസോസിയേഷനോ പുരോഗമന കലാസാഹിത്യ സംഘമോ ഡി.വൈ.എഫ്.ഐയോ മറ്റേതെങ്കിലും ഇടതുപക്ഷ സംഘടനകളോ കോണ്‍ഗ്രസ്സടക്കമുള്ള വലതു മതേതര പ്രസ്ഥാനങ്ങളോ ടീച്ചറുടേയും കുട്ടികളുടേയും നൊമ്പരം കാണുകയോ കേള്‍ക്കുകയോ ചെയ്തില്ല; അവരെ ആശ്വസിപ്പിക്കാനോ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനോ ആരും മുന്നോട്ടു വന്നില്ല.

സമാനതകളുള്ള മറ്റൊരു സംഭവം 2015 ഡിസംബര്‍ 27-ന് തളിപ്പറമ്പില്‍ നടന്നു. അവിടെ സ്റ്റുഡിയോ നടത്തുന്ന റഫീഖ് എന്ന യുക്തിവാദി ഇസ്ലാമിക തീവ്രവാദികളുടെ ഗുണ്ടായിസത്തിനിരയായി. അയാളുടെ 'ഒബ്‌സ്‌ക്യുറ ക്രിയേഷന്‍സ്' എന്ന സ്റ്റുഡിയോ തീവ്രവാദികള്‍ അടിച്ചുതകര്‍ത്തു. ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ റഫീഖ് ഇസ്ലാമിനെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു ഈ വിളയാട്ടം. ഫാസിസ്റ്റ് മനഃസ്ഥിതിയുള്ളവര്‍ക്ക് മാത്രം ചേരുന്ന ആ ഹീനകൃത്യത്തെ അപലപിക്കാനോ സി.പി.ഐ.എം. അനുഭാവികൂടിയായ റഫീഖിന്റെ അഭിപ്രായ സ്വാതന്ത്ര്യാവകാശം ഉയര്‍ത്തിപ്പിടിക്കാനോ ആ നാളുകളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിപോലും തയ്യാറായില്ല.

അക്ഷന്തവ്യമായ ഈ അവഗണനയ്ക്ക് കാരണം ഒന്നേയുള്ളൂ: ജാമിദ ടീച്ചറുടേയും റഫീഖിന്റേയും നേരെ വടിവാളുയര്‍ത്തിയവര്‍ ന്യൂനപക്ഷ തീവ്രവാദികളാണ്. ന്യൂനപക്ഷ മതാന്ധര്‍ ലിബറലുകളെ വേട്ടയാടുമ്പോള്‍ മൗനം വിദ്വാനു ഭൂഷണം എന്നതത്രേ നമ്മുടെ 'ഫാസിസ്റ്റ് വിരുദ്ധരു'ടെ അടിയുറച്ച നിലപാട്! ന്യൂനപക്ഷ തട്ടകത്തില്‍നിന്നു എം.ടി. വാസുദേവന്‍ നായര്‍ക്ക് നേരെ വിഷക്കാറ്റം വീശിയപ്പോഴും ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്  അവര്‍. തലതിരിഞ്ഞ ഈ സമീപനത്തിന്റെ ഗുണഭോക്താക്കള്‍ ഭൂരിപക്ഷ വര്‍ഗ്ഗീയവാദികളല്ലാതെ  മറ്റാരുമല്ല. ഫാസിസ്റ്റ് പ്രവണതകളെ എതിര്‍ക്കുന്നവര്‍ ഫാസിസത്തിന്റെ ന്യൂനപക്ഷ പ്രതിനിധാനങ്ങളെ കണ്ടില്ലെന്നു നടിച്ചാല്‍, അതിനെക്കാള്‍ മികച്ച മറ്റൊരു വളം ഭൂരിപക്ഷ ഫാസിസത്തിന് വേറെ ലഭിക്കാനില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com