തായ്‌മൊഴി: അമ്മയെക്കുറിച്ച് ഒരോര്‍മ്മ

പേരിന്റെ വാലില്‍, ബയോഡാറ്റയില്‍പ്പോലും മക്കത്തായത്തിന്റെ കൊളുത്തുകള്‍ മാത്രം കൊണ്ടുനടക്കുമ്പോള്‍ ഇപ്പുറത്താണല്ലോ വലിയ ചിലതൊക്കെയുള്ളത് എന്ന് ഓര്‍ക്കാതിരിക്കാന്‍ വയ്യ
തായ്‌മൊഴി: അമ്മയെക്കുറിച്ച് ഒരോര്‍മ്മ

'ഉണരുവിന്‍ വേഗമുണരുവിന്‍ സ്വര
ഗുണമേലും ചെറു കിളിക്കിടാങ്ങളേ.
ഉണര്‍ന്നു നോക്കുവിനുലകിതുള്‍ക്കാമ്പില്‍
മണമേലുമോമല്‍മലര്‍മൊട്ടുകളേ
അണയ്ക്കുമമ്മമാരുടെ ചിറകു വി
ട്ടുണര്‍ന്നു വണ്ണാത്തിക്കിളികള്‍ പാടുവിന്‍'

എന്റെ രണ്ടാം ക്ലാസ്സിലെ പാഠപുസ്തകം നോക്കി അമ്മ കുമാരനാശാന്റെ 'പ്രഭാതനക്ഷത്രം' എന്ന കവിത ചൊല്ലുകയാണ്; അമ്മയുടേതു മാത്രമായ ഒരു പ്രത്യേക ഈണത്തില്‍. പൂമൊട്ടുകള്‍ വിടരുന്നതു കണ്ടും കിളികള്‍ പാടുന്നതു കേട്ടും എന്റെയുള്ളിലും ഒരു നക്ഷത്രമുദിച്ചുകാണണം! 

'വിട്ടയയ്ക്കുക കൂട്ടില്‍നിന്നെന്നെ ഞാ
നൊട്ടു വാനില്‍ പറന്നു നടക്കട്ടെ'
എന്നും
'തൊട്ടിലാട്ടും ജനനിയെ പെട്ടെന്നു
തട്ടിനീക്കി രണ്ടോമനക്കൈയുകള്‍
കേട്ടു പിന്നില്‍ നിന്നിക്കിളി വാക്കുകള്‍
കാട്ടുകെന്നുടെ കൊച്ചനിയത്തിയെ'

എന്നും അമ്മ ബാലാമണിയമ്മയുടെ കവിതകള്‍ ചൊല്ലിക്കേട്ടപ്പോള്‍ അതേ നക്ഷത്രം ഒന്നു കണ്ണുചിമ്മുകയോ ഒരു കണ്ണുനീര്‍ത്തുള്ളിപോലെ ഉരുണ്ടുകൂടുകയോ ചെയ്തിട്ടുണ്ടാവും. അന്നറിഞ്ഞില്ലെങ്കിലും അതു കവിതയുടെ നക്ഷത്രമായിരുന്നുവെന്ന് ഇന്നെനിക്കറിയാം. അന്ന് ആ ഈണത്തില്‍ ആ കവിതകള്‍ കേട്ടിരുന്നില്ലെങ്കില്‍ എനിക്കെന്തു കവിത! എന്തു കല!

അമ്മയെക്കുറിച്ചുള്ള ആദ്യത്തെ ഓര്‍മ്മയ്ക്കായി ആവുന്നത്ര പിന്നിലേക്കു പരതിനോക്കി. എളിയിലിരുന്ന് എങ്ങോട്ടോ ഒരു യാത്ര. അപ്പം കായ്ക്കുന്ന മരത്തിന്റേയോ രാജഭണ്ഡാരം മോഷ്ടിച്ച കള്ളന്റേയോ മറ്റോ ചില കഥകള്‍. ഒടുവില്‍ മകന്‍ നന്നാവണം എന്ന ഉദ്ദേശ്യത്തില്‍ ഒരു ഗുണപാഠം. ചെറുപ്പത്തിലെ എന്റെ ഓരോ തോന്ന്യവാസത്തിലും കഥകളൊക്കെ നിഷ്ഫലമായതിന്റെ സങ്കടം. അത്രയൊക്കെ നേരിയ ഓര്‍മ്മയുണ്ട്. അതിനൊക്കെ മുന്‍പായിരുന്നല്ലൊ ഏറ്റവും അമ്മത്തമുള്ള കാലം. എനിക്കുവേണ്ടി ശ്വസിച്ച്, എനിക്കുവേണ്ടി ഭക്ഷിച്ച് അമ്മയും ഞാനും ഒന്നായിരുന്ന ഗര്‍ഭവാസകാലം. പിന്നെ തന്നില്‍നിന്നു വേര്‍പെട്ടപ്പോഴും പാല്‍ തന്നും കൊഞ്ചിച്ചു സംസാരിച്ചു ഭാഷ തന്നും പിച്ചവയ്പിച്ച് ഈ മണ്ണു തന്നും അമ്മ എന്നെ ഞാനാക്കിയതെങ്ങനെ എന്ന ഓര്‍മ്മപോലും എനിക്കില്ലല്ലോ. പിന്നീടൊരു കാലത്ത് സ്വന്തം കുഞ്ഞുങ്ങളെ വളര്‍ത്താന്‍ അച്ഛനുമമ്മയുമാവുമ്പോഴാവും സ്വന്തം മാതാപിതാക്കളെ അറിയുക എന്നതു മറ്റൊരു പ്രകൃതിനിയമം.

അമ്മയ്ക്കു രണ്ടര വയസ്സുള്ളപ്പോഴാണ് അമ്മയുടെ അമ്മ മരിച്ചത്. മുത്തച്ഛന്‍ വീണ്ടും വിവാഹം കഴിച്ചു. ആ മുത്തശ്ശിയാണ് അമ്മയെ വളര്‍ത്തിയത്. പത്താം ക്ലാസ്സ് ജയിച്ചയുടന്‍ വിവാഹം. കഥകളി ചെണ്ട കലാകാരനായ അച്ഛനും സ്ഥിരജോലിയുണ്ടായിരുന്നില്ല. അന്നത്തെ വറുതികള്‍, ഉല്‍ക്കണ്ഠകള്‍. അച്ഛന്‍ പരിപാടിക്കു പോകുമ്പോള്‍  അമ്മയും ഞങ്ങള്‍ കുട്ടികളും തനിച്ചാവുന്നതിന്റെ രാപ്പേടികള്‍. അന്നും തന്റേടിയായിരുന്നില്ല, അമ്മ. എന്നിട്ടും ഓരോ പ്രതിസന്ധികളും അമ്മ അതിജീവിച്ചു. അമ്മ വഴക്കുപറഞ്ഞതായി എനിക്കോര്‍മ്മയില്ല. ജീവിതത്തിലുടനീളം സൗമ്യവും പ്രസന്നവുമായ സാന്നിധ്യമാണ് അമ്മ. എന്റെ വിവാഹമുറപ്പിച്ച സമയത്ത്, വീട്ടില്‍ വന്ന വധുവിന്റെ ബന്ധുക്കള്‍ കളിയായി പറഞ്ഞു: എന്തായാലും അമ്മായിയമ്മപ്പോര് ഉണ്ടാവുകയില്ല! എന്റെ കൂട്ടുകാര്‍ ഇപ്പോഴും പറയാറുണ്ട്: അവിടെ വന്നിരുന്ന് എന്തെങ്കിലും തമാശ പറയുന്നതുതന്നെ മനോജിന്റെ അമ്മയുടെ ചിരി കേള്‍ക്കാനാണ്!

പണ്ടുതന്നെ അമ്മ നന്നായി വായിച്ചിരുന്നു. അന്നൊക്കെ 'മാതൃഭൂമി' വാരികയില്‍ വന്നിരുന്ന ആശാപൂര്‍ണാദേവിയുടെ ബംഗാളിനോവലുകളും ശ്രീകൃഷ്ണ ആലനഹള്ളിയുടെ കന്നട നോവലുകളും മറ്റും ഹരം പിടിച്ചാണ് വായിച്ചത്. മുന്‍വിധികളോ ഭാരങ്ങളോ ഇല്ലാത്ത വായന. കവിതകളും അങ്ങനെതന്നെ. ജീവിതഗന്ധിയായ ഏതു കലയും ഭാഷയും മറ്റു സാങ്കേതികതകള്‍ക്കുമപ്പുറം അമ്മയ്ക്കു വഴങ്ങും. സബ്‌ടൈറ്റില്‍ പോലുമില്ലാത്ത 'പഥേര്‍ പഞ്ചാലി'യുടെ ഒരു സിഡി അമ്മ ആവര്‍ത്തിച്ചു കാണാറുണ്ടായിരുന്നു. എന്റെ കവിതകളുടെ ആദ്യവായനക്കാരി മുന്‍പൊക്കെ അമ്മയായിരുന്നു. ഈയിടെ ഞാനെഴുതിയ നോവല്‍ ഏറ്റവുമധികം തവണ വായിച്ചതും അമ്മതന്നെയാവും. അമ്മ ഇത്രയും തവണ വായിക്കുന്നുവെങ്കില്‍ അതിനെക്കുറിച്ച് എനിക്കൊരു ഉല്‍ക്കണ്ഠയുമില്ല.

എന്റെ അച്ഛനും മുത്തച്ഛനും അറിയപ്പെടുന്ന കലാകാരന്മാരായതുകൊണ്ട് അവരുടെ തുടര്‍ച്ചയായി എന്നെയും പലരും പരിചയപ്പെടുത്താറുണ്ട്. തീര്‍ച്ചയായും കലയുടെ ലോകത്തേക്ക് എന്നെ കൊണ്ടുപോയത് അച്ഛനാണ്. എങ്കിലും പേരിന്റെ വാലില്‍, ബയോഡാറ്റയില്‍പ്പോലും മക്കത്തായത്തിന്റെ കൊളുത്തുകള്‍ മാത്രം കൊണ്ടുനടക്കുമ്പോള്‍ ഇപ്പുറത്താണല്ലോ വലിയ ചിലതൊക്കെയുള്ളത് എന്ന് ഓര്‍ക്കാതിരിക്കാന്‍ വയ്യ. കല്ലില്‍നിന്നാണ് വെള്ളച്ചാട്ടമെന്നു തോന്നും. അതിനും അടിയിലുള്ള ഉറവകള്‍ എങ്ങുനിന്നെന്ന് ആര്‍ക്കറിയാം!

(ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ പ്രസിദ്ധീകരണമായ പ്രിയസഖിയില്‍ എഴുതിയത്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com