പുരോഹിത കുറ്റവാളികളെ സംരക്ഷിക്കുന്നത് വത്തിക്കാൻ

കാനോൻ നിയമത്തിന്റെ ഊരാക്കുടുക്കിൽ പെട്ടു കിടക്കുന്ന കത്തോലിക്കാ പുരോഹിതർക്കെങ്ങനെ, ലൈംഗികകുറ്റകൃത്യങ്ങളെക്കുറിച്ച് പ്രബലമായിക്കൊണ്ടിരിക്കുന്ന പുതിയ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളാനാവും?
പുരോഹിത കുറ്റവാളികളെ സംരക്ഷിക്കുന്നത് വത്തിക്കാൻ



 1990-കൾ മുതൽ യൂറോപ്പിൽ കത്തോലിക്കാസഭയ്ക്കു പീഡനകാലമാണ്. അത് ഏറ്റവും രൂക്ഷമായ ഒരു രാജ്യമാണ് അയർലന്റ്. കത്തോലിക്കാരാജ്യമായ അവിടെ സർക്കാർ ചെലവിൽ നടത്തുന്ന പ്രൈമറി സ്കൂളുകളിൽ 90 ശതമാനവും ധാരാളം ഹോസ്പിറ്റലുകളും സഭയുടെ നിയന്ത്രണത്തിലാണ്. തൊണ്ണൂറുകളുടെ ആരംഭത്തിൽ സഭാസ്ഥാപനങ്ങളിൽനിന്ന് നിരവധി ബാലപീഡനകഥകളാണ് പുറത്തു വന്നത്. അതേക്കുറിച്ച് ഒരു സ്വതന്ത്ര ഏജൻസിയെ കൊണ്ട് സർക്കാർ  നടത്തിയ അന്വേഷണത്തിന് ചെലവായത് 82 ദശലക്ഷം യൂറോ ആണ്. ഇരയാക്കപ്പെട്ട കുട്ടികളുടെ ചികിത്സയ്ക്കും നഷ്ടപരിഹാരത്തിനും മറ്റുമായി അതിലേറെ പണം പൊതുഖജനാവിൽനിന്നു മുടക്കേണ്ടിയും വന്നു. എന്നാൽ ഈ വകയിൽ മൊത്തം ചെലവായതിന്റെ ചെറിയൊരംശം മാത്രമാണ് സഭ നൽകിയത്. ഇതിനെതിരെ ഉയർന്നു വന്ന പ്രതിഷേധങ്ങളുടെ കൂടി ഫലമായി 1993-ൽ, ഭരണഘടനാപരമായി രാഷ്ട്രത്തിന്മേൽ സഭയ്ക്കുണ്ടായിരുന്ന ധാർമ്മിക-രാഷ്ട്രീയാധികാരങ്ങൾ എടുത്തുകളഞ്ഞു.  ഈ പശ്ചാത്തലത്തിലാണ് അടുത്ത മാസം നടക്കാനിരിക്കുന്ന പോപ്പിന്റെ അയർലന്റ് സന്ദർശനം വലിയ വിവാദമായിരിക്കുന്നത്. ‘പോപ്പിനോടു നോ എന്നു പറയുക’ (Say Nope to the Pope) എന്ന പേരിൽ വലിയൊരു കാംപെയിൻതന്നെ അവിടെ ആരംഭിച്ചുകഴിഞ്ഞു.
  

പുരോഹിത കുറ്റവാളികൾക്കായി വത്തിക്കാന് ഏറ്റവുമധികം പണം മുടക്കേണ്ടിവന്നത് അമേരിക്കയിലാണ്. അവടെ ഒറിഗൺ സംസ്ഥാനത്തെ കോടതി, പുരോഹിതരുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ വിചാരണ നേരിടേണ്ടതും പിഴയൊടുക്കേണ്ടതും വത്തിക്കാനാണെന്ന് വിധിച്ചു. ഇതിനെതിരെ വത്തിക്കാൻ അമേരിക്കൻ സുപ്രീം കോടതിയിൽ പോയെങ്കിലും ഫലം കണ്ടില്ല. ആ കോടതി വിധി ഇന്നും നിലനിൽക്കുന്നു.
  

വത്തിക്കാൻ ബാങ്കിൽനിന്നു കൂടതൽ പണച്ചോർച്ച ഉണ്ടാകാതിരിക്കാൻ ഒറ്റ മാർഗമേ ഉണ്ടായിരുന്നുള്ളു, പുരോഹിതകുറ്റകൃത്യങ്ങൾ പരമാവധി മൂടിവയ്ക്കുക. അതിന് റോമൻ കൂരിയായുടെ തലപ്പത്തിരുന്ന് കർദ്ദിനാൾ റാറ്റ്‌സിംഗർ (പോപ്പ് ബെനഡിക്ട് 16-ാമൻ) ഒരു എളുപ്പവഴി കണ്ടുപിടിച്ചു. 2001 മെയ് 18-ന് അദ്ദേഹം ലോകത്തുള്ള ബിഷപ്പുമാർക്കെല്ലാം ഒരു  രഹസ്യ കത്തയച്ചു. പുരോഹിതന്മാർക്കെതിരെയുള്ള ലൈംഗിക കുറ്റാരോപണങ്ങൾ പരമാവധി രഹസ്യമായി (പൊന്തിഫിക്കൽ സീക്രട്ട്) വയ്ക്കണമെന്നും അല്ലാത്ത പക്ഷം കർശനമായ സഭാനടപടികൾ, കുറ്റവാളികളല്ല, മെത്രാന്മാർ  നേരിടേണ്ടി വരും എന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. പ്രസിദ്ധ ദൈവശാസ്ത്രപണ്ഡിതനായ ഹാൻസ് ക്യുങ് ‘ക്യാൻ വി സേവ് ദി ക്യാത്തലിക് ചർച്ച്’ എന്ന പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുള്ളതാണ് ഇക്കാര്യം.  ഇന്നോളം ആ കത്ത് പിൻവലിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. (ഹാൻസ്, പുറം 20). ഈ കത്തയച്ച കാലത്തുതന്നെ വത്തിക്കാനിൽ ലോറൻസ് മർഫി എന്ന പുരോഹിതനെതിരെ വലിയൊരു പരാതിയുയർന്നു. അയാൾ ബധിരരായ 200 കുട്ടികളെ പീഡിപ്പിച്ചെന്ന്. എന്നാൽ, അയാൾക്കെതിരെ യാതൊരു നടപടിയുമെടുക്കാതെ റാറ്റ്‌സിങ്ങർ സ്വയം മെത്രാന്മാർക്കു മാതൃകയായി. (ഹാൻസ്, പുറം 27).


ഇവിടെ ഉയർന്നു വരാവുന്ന ഒരു ചോദ്യമുണ്ട്. വത്തിക്കാന്റെ ഈ തീട്ടൂരത്തിനെതിരെ എന്തുകൊണ്ട് ഇന്നുവരെ ഒരു മെത്രാൻ പോലും രംഗത്തുവന്നില്ല? കാരണമുണ്ട്. കത്തോലിക്കാസഭയുടെ ഭരണഘടനയായ കാനോൻ നിയമത്തിന്റെ സ്പിരിറ്റിനനുകൂലമാണ് ആ കത്ത്. 

കാനോൻനിയമവും പുരോഹിതകറ്റകൃത്യങ്ങളും

പുരോഹിതകുറ്റവാളികളെ കൈകാര്യം ചെയ്യുന്നതിനുള്ള സഭാസംവിധാനമാണ് അരമനക്കോടതികളെന്നു വിളിക്കപ്പെടുന്ന എക്ലീസ്യാസ്റ്റിക്കൽ ട്രിബ്യൂണലുകൾ. കാനോൻ നിയമമനുസരിച്ചാണവ പ്രവർത്തിക്കുന്നത്.  അത്തരമൊരു കോടതിനടപടികളുടെ രേഖകൾ 1999-ൽ ചങ്ങനാശ്ശേരി ആർച്ച്ബിഷപ്പിന്റെ അരമനയിൽനിന്നു പുറത്തുവന്നു. ഒരു വൈദികൻ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി എന്നായിരുന്നു പരാതി. പെൺകുട്ടിയുടെ അപ്പനാണു പരാതി നൽകിയത്. എന്നാൽ അരമനക്കോടതിയിൽ അയാൾക്കു പകരം വാദിയായി രംഗപ്രവേശം ചെയ്തത് ‘പ്രമോട്ടർ ഓഫ് ജസ്റ്റിസ്’ എന്ന സ്ഥാനപ്പേരിൽ മറ്റൊരു വൈദികനാണ്. കേസിലെ മൂന്നാം കക്ഷി മാത്രമായിരുന്നു ഇരയാക്കപ്പെട്ട പെൺകുട്ടി. ഒടുവിൽ മൂന്നു പുരോഹിത ജഡ്ജിമാർ ചേർന്ന് വിധി പ്രസ്താവിച്ചു. ലൈംഗിക ദുർവൃത്തിയിലൂടെ പ്രതി സഭയുടെ നിയമങ്ങൾ ലംഘിച്ചെന്നും ഇതു വിശ്വാസികളുടെ ആത്മീയപോഷണത്തിനു ഹാനി വരുത്തിയെന്നും കോടതി കണ്ടെത്തി. ശിക്ഷാനടപടികളായി പ്രതിയെ ഇടയശുശ്രൂഷകളിൽനിന്ന് നീക്കണമെന്നും അയാളെ സ്ഥലംമാറ്റണമെന്നും സ്വകാര്യമായി കുർബാന ചൊല്ലാൻ അനുവദിക്കണമെന്നും അയാൾക്കു  ജീവനാംശം കൊടുക്കണമെന്നും വിധിക്കപ്പെട്ടു. പ്രതിയുടെ പീഡനത്താൽ ഗർഭിണിയായ, പ്രായപൂർത്തിയാകാത്ത, പെൺകുട്ടിക്കു പ്രതി ‘അനുയോജ്യവും  നീതിയുക്തവുമായ പ്രതിഫലം (remuneration) നൽകണം’ എന്നുമുണ്ടായിരുന്നു വിധിയെഴുത്തിൽ. കുറ്റവാളിയിൽനിന്ന് അവൾക്കുണ്ടായ പെൺകുഞ്ഞിനെക്കുറിച്ച് അതിലൊരു വാക്കുമുണ്ടായിരുന്നുമില്ല. 


സത്യത്തിൽ ഈ പുരോഹിത ന്യായാധിപർ കാനോൻ നിയമനുസരിച്ചു പ്രവർത്തിക്കുക മാത്രമാണു ചെയ്തത്. കോടതിവിചാരണയുടെ രേഖകളിൽ 15 വകുപ്പുകളാണ് കാനോൻ നിയമത്തിൽ നിന്നുദ്ധരിക്കുന്നത്. അതിൽ 373-ാം വകുപ്പ് സ്ഥാപിക്കുന്നത് വൈദികകന്യാത്തം ഏറ്റവും വിലമതിക്കപ്പെടേണ്ടതാണെന്നാണ്. ഒരു വൈദികൻ അതിനെതിരെ ‘പരസ്യമായി പാപം ചെയ്ത്’ (publicly sinning against chastity) സ്ഥിരമായി ഉതപ്പുണ്ടാക്കിക്കൊണ്ടിരുന്നാൽ' അയാളെ  സസ്‌പെന്റ് ചെയ്യണമെന്നും കുറ്റകൃത്യങ്ങൾ തുടർന്നാൽ വൈദികവൃത്തിയിൽ നിന്നു നീക്കുന്നതടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും വകുപ്പ് 1453(1) അനുശാസിക്കുന്നു. 

ഒരു പുരോഹിതൻ ആർക്കെതിരെ എന്തു ലൈംഗികകുറ്റകൃത്യം ചെയ്താലും പരിശുദ്ധകാനോന(വകുപ്പ്)കളനുസരിച്ച് അത് അയാളുടെ കന്യാത്തത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. അതിന്നിരയാക്കപ്പെടുന്ന സ്ത്രീയോടോ പെൺകുട്ടിയോടോ ആൺകുട്ടിയോടോ നീതി പുലർത്തുന്ന യാതൊരു പരാമർശവും കാനോനകളിലില്ല. ആരെ പീഡിപ്പിച്ചു എന്നതല്ല, പീഡിപ്പിച്ച ആളിന് എന്തു സംഭവിച്ചു എന്നുള്ളതാണ് പരമപ്രധാനം. പീഡിപ്പിച്ചത് ഒരു വൈദികനാണെങ്കിൽ അയാളുടെ കന്യാത്തത്തിന് അയാൾ കളങ്കമേൽപ്പിച്ചിരിക്കുന്നു. ഇതാണ് അയാളുടെമേൽ ആരോപിക്കാവുന്ന ഏറ്റവും വലിയ കുറ്റം.


ഈ കാനോൻ നിയമത്തിന്റെ ഊരാക്കുടുക്കിൽ പെട്ടു കിടക്കുന്ന കത്തോലിക്കാ പുരോഹിതർക്കെങ്ങനെ, ലൈംഗികകുറ്റകൃത്യങ്ങളെക്കുറിച്ച് പ്രബലമായിക്കൊണ്ടിരിക്കുന്ന പുതിയ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളാനാവും? അതുൾക്കൊണ്ടാൽത്തന്നെ അവർകൂടിയുൾപ്പെട്ട സഭയുടെ അധികാര ശ്രേണി അവരെ നിശ്ശബ്ദരാക്കും എന്നുള്ളതാണു മറ്റൊരു പരമാർത്ഥം. 

സഭയുടെ അധികാരശ്രേണിയും വിധേയത്വവും

കാനോൻ നിയമം 43-ാം വകുപ്പ്  പോപ്പിനു നൽകുന്നത് ‘പരമോന്നതവും പൂർണവും നേരിട്ടുള്ളതും സാർവത്രികവുമായ അധികാര’മാണ്. ഈ അധികാരം അദ്ദേഹത്തിന് എല്ലായ്‌പ്പോഴും സ്വതന്ത്രമായി വിനിയോഗിക്കാവുന്നതുമാണ്' വകുപ്പ് 7(2) പ്രകാരം പോപ്പ് തന്റെ സമഗ്രാധിപത്യം നടപ്പാക്കുന്നത് മെത്രാന്മാരിലൂടെയാണ്, വൈദികർ അവരുടെ മേൽനോട്ടക്കാരും. പോപ്പു മുതൽ ഇടവകപ്പട്ടക്കാർ വരെയുള്ള ഈ അധികാരശ്രേണിയാണ് സഭയെ ഭരിക്കുന്ന ‘ഇടയന്മാർ.’ മഹാഭൂരിപക്ഷം വരുന്ന ശേഷം കുഞ്ഞാടുകൾ, വകുപ്പ്  15(1) അനുസരിച്ച് ‘ഇടയന്മാർ പ്രഖ്യാപിക്കുന്നതോ തീരുമാനിക്കുന്നതോ ആയ കാര്യങ്ങളോട് ക്രിസ്തീയമായ അനുസരണം കാണിക്കുവാൻ’ കടപ്പെട്ടവരുമാണ്. 
 

1918-ൽ  ‘കത്തോലിക്കാ മഹാജനസഭ’ എന്ന പേരിൽ തെള്ളിയിൽ മാത്തൂച്ചൻ എന്നയാളുടെ നേതൃത്വത്തിൽ കേരളത്തിൽ ഒരു അത്മായസംഘടന രൂപംകൊണ്ടു. അതിന് അംഗീകാരം കിട്ടുന്നതിനായ് അദ്ദേഹം   ബിഷപ് പഴേപറമ്പിലിനെ സമീപിച്ചു. ഒരുപാടു നേരം അദ്ദേഹത്തെ മുട്ടിന്മേൽ നിർത്തിയിട്ടാണ് രണ്ടു വ്യവസ്ഥകൾക്കു വിധേയമായി ബിഷപ്പ് അനുവാദം കൊടുത്തത്. ഒന്ന്: സഭയുടെയോ വൈദികരുടെയോ കാര്യങ്ങളിൽ സംഘടന ഇടപെടരുത്. രണ്ട്:  സംഘടനയുടെ അധ്യക്ഷൻ ബിഷപ്പ്തന്നെ ആയിരിക്കും (‘അൽമായ ദൈവശാസ്ത്രത്തിനൊരു ആമുഖം’, പ്രൊഫ. കെ.റ്റി. സെബാസ്റ്റ്യൻ). പ്രസ്തുതസംഘടനയുടെ വർത്തമാന രൂപമാണ് കത്തോലിക്കാ കോൺഗ്രസ്. കഴിഞ്ഞദിവസം ചങ്ങനാശേരിയിൽ കൂടിയ അവരുടെ സമ്മേളനം കലിതുള്ളിയത് പുരോഹിത കുറ്റവാളികൾക്കെതിരെയല്ല, അവരെ താറടിച്ചുകാണിക്കുന്ന മാധ്യമ ഫാസിസത്തിനെതിരെയാണ്. (ദീപിക, 11-7-2018).   
 

കാനോൻവകുപ്പുകളിലൂടെ കടന്നുപോകുന്ന ആർക്കും എളുപ്പം ബോധ്യമാകുന്ന ഒന്നുണ്ട്. സഭയുടെ ഈ കുത്തനെയുള്ള അധികാരഘടനയിൽ പെട്ട ഒരാൾക്കും തന്റെ മേൽത്തട്ടിലുള്ളവരെ ചോദ്യം ചെയ്യാൻ യാതൊരവകാശവുമില്ല. ഇടയന്മാരെന്ന അധികാരശ്രേണിയിലൂടെ സൃഷ്ടിക്കപ്പെടുന്ന വിധേയത്വമാണ് സഭയെ നിലനിർത്തുന്നത്. 

കാനോൻ ലഹരി സഭാധികാരികളെ എത്ര ആഴത്തിൽ ബാധിച്ചിരിക്കുന്നു എന്നതിനു തെളിവാണ് ഭൂമി ഇടപാടു കേസിൽ കർദ്ദിനാൾ ആലഞ്ചേരി ഹൈക്കോടതിയിലുന്നയിച്ച വാദം. തന്നെ വിചാരണചെയ്യാൻ കോടതിക്കധികാരമില്ല എന്നു പറഞ്ഞതു വെറുതെയല്ല. കാനോൻ 1060-ാം വകുപ്പ് ആർക്കൊക്കെ എതിരെയാണ് പോപ്പിനുമാത്രം വിധിയെഴുതാൻ കഴിയുന്നത് എന്നു ലിസ്റ്റ് ചെയ്തിട്ടുണ്ട്.  അതിൽ മേജർ ആർച്ച്ബിഷപ്പുമുണ്ട്. അതാണല്ലോ അദ്ദേഹം. പ്രസ്തുത ലിസ്റ്റിൽ മൂന്നാമത്തെ ഐറ്റം രസകരമാണ്, ‘രാജ്യത്തെ ഏറ്റവും ഉയർന്ന സിവിൽ അധികാരികൾ.’ ലോകം മുഴുവൻ ഒരൊറ്റ ഇടയനും കുഞ്ഞാടുകളുമാകുന്ന കാലം വരെ ഇതു നടപ്പിലാവില്ലെന്നു പ്രത്യാശിക്കാം. 

എന്താണൊരു പ്രതിവിധി

തികച്ചും ജനാധിപത്യവിരുദ്ധമായ ഈ സഭാഘടനയ്ക്കുള്ളിൽ ഏറ്റവുമധികം വീർപ്പുമുട്ടലനുഭവിക്കുന്നതും ചൂഷണം ചെയ്യപ്പെടുന്നതും കുഞ്ഞാടുകളെന്ന അൽമേനിവിഭാഗമാണ്. ആഗോളതലത്തിൽത്തന്നെ അവരുടെ ഉയിർത്തെഴുന്നേൽപിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. കേരളത്തിൽ ഈ രംഗത്തു വഴികാട്ടിയായി മുന്നേ നടന്നയാളാണ് പ്രൊഫ. ജോസഫ് പുലിക്കുന്നേൽ. അദ്ദേഹത്തിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായി കേരളസർക്കാർ സഭയുടെ ഭൗതികസ്വത്തുക്കൾ ഭരിക്കുന്നതിന് ഒരു സിവിൽ നിയമം നിർദ്ദേശിക്കുന്നതിനായി ഒരു സമിതിയെ നിയമിച്ചു. ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ അദ്ധ്യക്ഷനായ സമിതി സമർപ്പിച്ച കരട്ബില്ലാണ് ചർച്ച് ആക്ട് എന്നറിയപ്പെടുന്നത്. ഇതു നടപ്പിലായാൽ കേരളസഭയിലെങ്കിലും കാനോൻനിയമത്തിന്റെ കാണാച്ചരുകളിൽ നിന്ന്  അത്മായസമൂഹം മോചിതരാകും. അതോടെ മെത്രാസനങ്ങളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയക്കളികൾക്കന്ത്യം വരും. ഇതിനുള്ള ചങ്കൂറ്റം കേരളസർക്കാർ കാണിക്കുമോ എന്നതാണു പ്രശ്നം. വ്യക്തമായ തെളിവുകളുണ്ടായിട്ടുപോലും പുരോഹിത കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് മടിക്കുന്നതെന്തുകൊണ്ട്?. 

എന്നാൽ കത്തോലിക്കാരാജ്യങ്ങളിൽ പോലും ഇതല്ല സ്ഥിതി. അയർലന്റിലെ കാര്യം നാം കണ്ടതാണല്ലോ. ബെൽജിയവും ഒരു കത്തോലിക്കാ രാജ്യമാണ്. അവിടെ 2010-ൽ ഒരു മെത്രാൻ തന്റെ സഹോദരീപുത്രനെ ലൈംഗികമായി പീഡിപ്പിച്ചു. സഭ കാനോൻനിയമപ്രകാരം നടപടിയെടുത്തു. അയാളെ സ്ഥാനഭ്രഷ്ടനാക്കി പ്രശ്നം ഒതുക്കത്തിൽ പരിഹരിച്ചു. പക്ഷേ, കേസ് സിവിൽ കോടതിയിലെത്തി. കുറ്റവാളിയെയും അയാളെ സംരക്ഷിക്കുന്നവരെയും കസ്റ്റഡിയിലെടുക്കാൻ കോടതി ഉത്തരവിട്ടു. പൊലീസു ചെന്നപ്പോൾ ബ്രസ്സൽസിൽ മെത്രാൻസമിതിയുടെ യോഗം നടക്കുകയായിരുന്നു. അതിൽ പങ്കെടുത്തുകൊണ്ടിരുന്ന വത്തിക്കാൻ പ്രതിനിധിയടക്കമുള്ള മുഴുവൻ മെത്രാന്മാരെയും പൊലീസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തു (ഹാൻസ്, പുറം 25). അങ്ങനെയൊരു കാര്യം ഈ മതേതരരാജ്യത്ത് സങ്കൽപിക്കാനാകുമോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com